We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Thomas Srampickal On 06-Feb-2021
വിശ്വാസജീവിതത്തെപ്പറ്റി അഥവാ വിശ്വാസം ജീവിതത്തിലേക്കും പ്രവൃത്തിയിലേക്കും പകര്‍ത്തുന്നതിനെപ്പറ്റി ശാസ്ത്രീയമായി പ്രതിപാദിക്കുകയാണ് ധാര്‍മ്മിക ദൈവവിജ്ഞാനീയത്തിന്‍റെ ദൗത്യം. അടിസ്ഥാന ധാര്‍മ്മികനിയമമായ സ്നേഹത്തിന്‍റെ മൂര്‍ത്ത ആവിഷ്ക്കാരങ്ങളായ ധാര്‍മ്മിക നിയമങ്ങള്‍ ക്രിസ്തീയ ജീവിതത്തിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പക്ഷേ, നിയമങ്ങള്‍ നല്കപ്പെട്ടിരിക്കു ന്നുവെന്നതുകൊണ്ടുമാത്രം ആരും അവ അനുസരിക്കാറില്ല. അനുസരണത്തിന് മനഃസാക്ഷിയുടെ പ്രേരണ ആവശ്യമാണ്. വ്യക്തിനിഷ്ഠമായ ധാര്‍മ്മികാനുഭവത്തിന്‍റെ സ്രോതസ്സാണ് മനഃസാക്ഷി. വസ്തുനിഷ്ഠമായ കടമകളെ വ്യക്തിനിഷ്ഠങ്ങളാക്കി, അവയെ അനുസരിക്കാന്‍ വ്യക്തിയെ കടപ്പെടുത്തുന്നത് മനഃസാക്ഷിയാണ്. അതുകൊണ്ട്, നിയമം, ധാര്‍മ്മികതയുടെ വസ്തുനിഷ്ഠമായ മാനദണ്ഡമായും മനസ്സാക്ഷി വ്യക്തിനിഷ്ഠമായ മാനദണ്ഡമായും പരമ്പരാഗതമായി കരുതപ്പെടുന്നു. ധാര്‍മ്മിക ജീവിതത്തിന്‍റെ അച്ചുതണ്ടാണ് മനഃസ്സാക്ഷിയെന്ന് പറയാം. അഥവാ, മനഃസാക്ഷി 'ചലിക്കുന്നില്ലെ'ങ്കില്‍ ധാര്‍മ്മിക ജീവിതത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് പറയാവുന്നതാണ്.
ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാകുന്ന 'ധാര്‍മ്മിക ധീരന്മാര്‍' മുതല്‍ നിലനില്പിനു വേണ്ടി ഏതു മൂല്യവും ആദര്‍ശവും ബലികഴിക്കുവാന്‍ സന്നദ്ധരായ 'ധാര്‍മ്മിക പാപ്പരന്മാര്‍' വരെയുള്ള വിവിധ ഗണങ്ങളില്‍പ്പെടുന്നവരാണ് മനുഷ്യര്‍. എന്നിരുന്നാലും, തങ്ങളെ നയിക്കുന്നത് തങ്ങളുടെ ആന്തരിക ശബ്ദമാണ് എന്ന് എല്ലാവരും ഏറെക്കുറെ അവകാശപ്പെടുന്നു. എല്ലാവരിലും മനഃസാക്ഷിയുടെ സാന്നിദ്ധ്യമുണ്ടെന്നത് ഇത് സൂചിപ്പിക്കുന്നു. മനഃസാക്ഷിയെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ സാര്‍വ്വത്രികതയിലേക്കും വൈവിധ്യത്തിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
മനുഷ്യജീവിതത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും ഒരു കേന്ദ്രഘടകമെന്ന നിലയില്‍ മനഃസ്സാക്ഷിയെ നിര്‍വ്വചിക്കാന്‍ വിവിധ ശാസ്ത്രശാഖകള്‍ പരിശ്രമിച്ചിട്ടുണ്ട്. ധാരാളം മനഃശാസ്ത്രജ്ഞന്മാര്‍, പ്രത്യേകിച്ച് ഫ്രോയിഡിന്‍റെ പാരമ്പര്യക്കാര്‍, മനഃസാക്ഷി 'സൂപ്പര്‍ ഈഗോ' ആണെന്ന് വാദിക്കുന്നു. വ്യക്തിത്വത്തിന്‍റെ മൂന്നു ഘടകങ്ങളിലൊന്നായ സൂപ്പര്‍ ഈഗോയെ വ്യക്തിയിലെ ധാര്‍മ്മികാധികാരിയായി അവര്‍ കരുതുന്നു. ഒരു ശിശു തന്‍റെ സംസ്കാരത്തിലെ മൂല്യങ്ങളും നിയമങ്ങളും സ്വായത്തമാക്കുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. ഒരിക്കല്‍ രൂപീകൃതമായിക്കഴിഞ്ഞാല്‍ ഇത് വ്യക്തിയുടെ മേലുള്ള ധാര്‍മ്മിക നിയന്ത്രണം ഏറ്റെടുക്കുന്നു. ശിശു മാതാപിതാക്കളോട് താദാത്മ്യപ്പെടുമ്പോഴാണ് മൂല്യങ്ങള്‍ സ്വായത്തമാക്കുന്നത്. ഈ താദാത്മ്യപ്പെടലാകട്ടെ മുഖ്യമായും നടക്കുന്നത് വളര്‍ച്ചയിലെ പ്രക്ഷുബ്ധമായ ഈഡിപ്പല്‍ ഘട്ടത്തില്‍ ആണ്. ബോധപൂര്‍വ്വകമോ യുക്തിസഹമോ അല്ലാത്ത പ്രതിരോധപരമായ ഒരു പ്രക്രിയയാണ് ഈ താദാത്മ്യപ്പെടല്‍. ഇത്തരത്തില്‍ രൂപപ്പെടുന്ന സൂപ്പര്‍ ഈഗോയില്‍നിന്ന്, പക്വമായ ഒരു മനഃസാക്ഷിയില്‍നിന്ന് പ്രതീക്ഷിക്കുന്ന വിവേചനശക്തി, യുക്തിസഹമായ വിധിതീര്‍പ്പ്, തുടങ്ങിയവ ഉയിര്‍ക്കൊള്ളുമെന്ന് മനസ്സിലാക്കുക അസാദ്ധ്യമാണ്. അതിനാല്‍ പക്വമായ മനഃസ്സാക്ഷിയെ സൂപ്പര്‍ ഈഗോയായി തുല്യപ്പെടുത്താനാവില്ല. എന്നാല്‍, അപക്വമായ മനഃസാക്ഷി സൂപ്പര്‍ ഈഗോയുടെ പല ലക്ഷണങ്ങളും - യുക്തിരാഹിത്യം, അമിത കുറ്റബോധം, വൈകാരികാധിപത്യം മുതലായവ പ്രദര്‍ശിപ്പിച്ചേക്കാം. ഫ്രോയിഡിന്‍റെ സിദ്ധാന്തത്തിലെ 'ആത്മാദര്‍ശം' (ego ideal) കൂറേക്കൂടെ മെച്ചമായി മനഃസാക്ഷി എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നുവെന്ന് തോന്നുന്നു.
സമ്മാനത്തിന്‍റെയും ശിക്ഷയുടെയും തുടര്‍ച്ചയായ അനുഭവങ്ങള്‍ രൂപം കൊടുക്കുന്ന പ്രതികരണ സിദ്ധിയായിട്ടാണ് ബിഹേവിയറിസം മനഃസാക്ഷിയെ കാണുന്നത്. ഈ സിദ്ധാന്തം മനഃസാക്ഷിയെ ഭയവികാരാദികളുടെ ഉല്പന്നവും ഒപ്പം പ്രയോക്താവുമാക്കി തരം താഴ്ത്തുന്നു. സ്വയനിര്‍ണ്ണയത്തിനുള്ള കഴിവും, യുക്തിയും തുലോം തുച്ഛമാണ് ഇത്തരത്തിലുള്ള മനഃസാക്ഷിയില്‍.
മനഃസാക്ഷിയുടെ ലളിതമായ, വിശ്വാസാധിഷ്ഠിതമായ, ഒരു നിര്‍വ്വചനം "ദൈവത്തിന്‍റെ സ്വരം" എന്നതാണ്. വിശേഷണരഹിതമായി ഈ നിര്‍വ്വചനത്തെ സ്വീകരിക്കാന്‍ സാധിക്കുകയില്ല. കാരണം, ധാര്‍മ്മിക പ്രാധാന്യമുള്ള പല പ്രശ്നങ്ങള്‍ക്കും വിവിധ ആളുകള്‍ വിവിധ തീര്‍പ്പുകളാണ് കല്പിക്കുന്നത്. ഒരേ കാര്യത്തെപ്പറ്റിയുള്ള ദൈവസ്വരത്തിന് ഇങ്ങനെ വ്യത്യസ്തമായിരിക്കുവാന്‍ സാധിക്കുമോ? എല്ലാ നന്മകളുടെയും ഉറവിടമായ ദൈവത്തിന്‍റെ സ്വരം മനഃസാക്ഷിയില്‍ പ്രതിധ്വനിക്കുന്നുണ്ടാകും. എന്നാല്‍ മാതാപിതാക്കള്‍, അദ്ധ്യാപകര്‍, മറ്റ് പ്രധാന വ്യക്തികള്‍ മുതലായവരുടെ സ്വരങ്ങളിലൂടെയായിരിക്കണം അതിന് മൂര്‍ത്തരൂപം കൈവരുന്നത്.
ധാര്‍മ്മിക ദൈവശാസ്ത്രം പരമ്പരാഗതമായി മനഃസാക്ഷിയെ നിര്‍വ്വചിക്കുന്നത് ഒരാളുടെ പ്രവൃത്തിയുടെ ധാര്‍മ്മികതയെക്കുറിച്ചുള്ള പ്രായോഗിക ബുദ്ധിയുടെ വിധിനിര്‍ണ്ണയം എന്നാണ്. ഇതനുസരിച്ച്, മനഃസാക്ഷി അടിസ്ഥാനപരമായി ഒരു വിധിതീര്‍പ്പാണ് (judgement), യുക്തിഭദ്രമായ ഒരു പ്രവൃത്തിയാണത്. പ്രായോഗിക ബുദ്ധിയുടെ വിധിതീര്‍പ്പ് പ്രവൃത്ത്യുന്മുഖമാണ്. അതായത്, വിധിക്കുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതോ, ഉള്‍പ്പെടാന്‍ പോകുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയെക്കുറിച്ചായിരിക്കണം വിധി നിര്‍ണ്ണയം. അല്ലെങ്കില്‍, വിധി സൈദ്ധാന്തികം മാത്രമായിരിക്കും. കൂടാതെ, വിധിതീര്‍പ്പ് പ്രവൃത്തിയുടെ ധാര്‍മ്മികതയെക്കുറിച്ച്, അതായത് അതിന്‍റെ നന്മതിന്മയെക്കുറിച്ച്, ആയിരിക്കണം. ഉദാഹരണത്തിന്, യുദ്ധത്തിന് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന രണ്ട് സൈനികര്‍ ആണവയുദ്ധത്തിന്‍റെ നന്മ-തിന്മയെക്കുറിച്ച് ചര്‍ച്ച ചെയ്ത് വിധിതീര്‍പ്പിലെത്തിയാല്‍ (ശരിയെന്നോ തെറ്റെന്നോ ആയിക്കൊള്ളട്ടെ) അത് മനഃസാക്ഷിയുടെ പ്രവൃത്തിയാണ്. നേരെ മറിച്ച്, ഇതേ പ്രശ്നത്തെക്കുറിച്ച്, രണ്ട് ധാര്‍മ്മികദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ തത്വാധിഷ്ഠിതമായി ചര്‍ച്ചചെയ്ത് (ശരിയെന്നോ തെറ്റെന്നോ) വിധിച്ചാല്‍ അത് വെറും സൈദ്ധാന്തിക വിധിയായിരിക്കും. കാരണം, അവര്‍ യുദ്ധത്തില്‍ പ്രായോഗികമായി ഇടപെടാന്‍ പോകുന്നില്ല. മനഃസാക്ഷിയുടെ വിധിനിര്‍ണ്ണയം അവനവന്‍റെ പ്രവൃത്തിയെക്കുറിച്ചാണെന്നും, മറ്റുള്ളവരുടെ പ്രവൃത്തിയെക്കുറിച്ചുള്ളതല്ലെന്നും, ഇത്തരുണത്തില്‍ ഒര്‍ത്തിരിക്കേണ്ടതാണ്. എങ്കിലും, സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സൈദ്ധാന്തികം ധാര്‍മ്മിക അറിവിന്‍റെ തലവും മറ്റത് പ്രായോഗത്തിന്‍റെ തലവുമാണ്; ആദ്യത്തേത് രണ്ടാമത്തേതിന് വഴിയൊരുക്കുന്നു.
മുകളില്‍ നാം കണ്ട മനഃസാക്ഷിയുടെ പരമ്പരാഗത നിര്‍വ്വചനം കൃത്യതയുള്ളതും ശരിയായതുമാണ്; എങ്കിലും അതിബൗദ്ധികമായിപ്പോയി എന്ന് പറയാം. കാരണം, വ്യക്തിപരമായ ധാര്‍മ്മികാനുഭവത്തിന്‍റെ സ്രോതസ്സ് എന്ന നിലയില്‍ വിധിനിര്‍ണ്ണയത്തിന് പുറമെ ചുമതലബോധവും, സന്തോഷം, ഭയം, ലജ്ജ, കുറ്റബോധം തുടങ്ങിയ ധാര്‍മ്മിക വികാരങ്ങളും മനഃസാക്ഷി ഉള്‍ക്കൊള്ളുന്നു എന്ന് സാധാരണ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ധാര്‍മ്മിക മനശാസ്ത്രം മനഃസാക്ഷിയുടെ പ്രവര്‍ത്തനത്തിലെ ത്രിവിധമാനങ്ങളെപ്പറ്റി പറയുന്നുണ്ട്. ധാര്‍മ്മിക ചിന്ത, വിധിനിര്‍ണ്ണയം എന്നിവയടങ്ങുന്ന അറിവിന്‍റെ മാനം, മുകളില്‍ സൂചിപ്പിച്ച വിവിധ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈകാരികമാനം, വിധിനിര്‍ണ്ണയത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രത്യക്ഷത്തില്‍ ചെയ്യുന്ന വിവിധ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്ന 'പെരുമാറ്റത്തിന്‍റെ മാനം' എന്നിവയാണവ. ചുരുക്കത്തില്‍, തന്‍റെ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും വെളിച്ചത്തില്‍ ചിന്തിക്കുവാനും പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും മനുഷ്യനെ സജ്ജമാക്കുന്ന മാനസിക - ആത്മീയ കഴിവാണ് മനഃസാക്ഷി എന്നു പറയാം.
പഴയനിയമം:- ധാര്‍മ്മിക മനഃസാക്ഷിയെ സൂചിപ്പിക്കുന്ന കൃത്യമായ ഒരു പദം പഴയ നിയമത്തിലോ ഹീബ്രൂഭാഷയിലോ ഇല്ല. എന്നിരുന്നാലും മനഃസാക്ഷിയെന്ന യാഥാര്‍ത്ഥ്യം പഴയ നിയമപുസ്തകങ്ങളിലുടനീളം പ്രകാശിതമാകുന്നുണ്ട്. ഇതിനെ സൂചിപ്പിക്കുവാന്‍ മറ്റു പല പദങ്ങളും, പ്രത്യേകിച്ച് 'ഹൃദയം' എന്ന പദം, ഉപയോഗിക്കുന്നു. ഉദാഹരണമായി 'യൂദായുടെ പാപം അവരുടെ ഹൃദയഭിത്തികളില്‍ കൊത്തിവച്ചിരിക്കുന്നു'വെന്ന് ജറെ. 17, 1 ല്‍ പറയുന്നു. ജോബ് 27,6; ജെറെ. 23,9-10; സങ്കീ. 26 എന്നിവിടങ്ങളിലും ഇതേ അര്‍ത്ഥത്തില്‍ 'ഹൃദയം' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇത്തരം പ്രയോഗങ്ങളില്‍ 'ഹൃദയ'ത്തിനു പകരം 'മനഃസാക്ഷി' ഉപയോഗിച്ചാലും ഇന്ന് അര്‍ത്ഥവ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. ധാര്‍മിക വേലിയേറ്റിറക്കങ്ങളെ സൂചിപ്പിക്കുന്ന മനഃസാക്ഷിയെന്ന യാഥാര്‍ത്ഥ്യത്തെക്കുറിക്കുവാന്‍ ലളിതമായ ഹീബ്രുഭാഷ വികാരങ്ങളുടെയും ഭാവങ്ങളുടെയും ഇരിപ്പിടമായ 'ഹൃദയ'ത്തെ ഉപയോഗിച്ചതില്‍ അതിശയോക്തിയൊന്നുമില്ല. എങ്കിലും, പഴയ നിയമത്തില്‍ ഒരിടത്ത് 'മനഃസാക്ഷി' എന്ന് അര്‍ത്ഥമുള്ള ഗ്രീക്ക് പദം - Syneidesis ഉപയോഗിച്ചിട്ടുണ്ട്. 'തിന്മ ഭീരുത്വം നിറഞ്ഞതാണ്; അത് തന്നെത്തന്നെ ശിക്ഷിക്കുന്നു. മനഃസാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അത് പ്രതിബന്ധങ്ങളെ പര്‍വ്വതീകരിക്കുന്നു' (വിജ്ഞ. 17, 11). വിജ്ഞാനത്തിന്‍റെ പുസ്തകം ഗ്രീക്ക് ഭാഷയില്‍ എഴുതപ്പെട്ടതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.
പഴയനിയമം മനഃസാക്ഷിയെ സൂചിപ്പിക്കുമ്പോള്‍ ഒരു പ്രവൃത്തിയെത്തുടര്‍ന്നുണ്ടാകുന്ന വികാരങ്ങള്‍ക്കാണ് (ഭയം, കുറ്റബോധം, ലജ്ജ മുതലായവ) പ്രാധാന്യം കൊടുക്കുന്നത്; മനഃസാക്ഷിയുടെ 'മാര്‍ഗ്ഗനിര്‍ദ്ദേശക' സ്വഭാവത്തിന് തക്ക പ്രാധാന്യം നല്കുന്നില്ല.
പുതിയ നിയമം: - മനഃസാക്ഷി എന്ന പ്രയോഗം സുവിശേഷങ്ങളില്‍ കാണുന്നില്ല. എന്നാല്‍, അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍, പ്രത്യേകിച്ച് വി. പൗലോസിന്‍റെ ലേഖനങ്ങള്‍, എന്നിവിടങ്ങളില്‍ 'സിനൈദേസിസ്' (മനഃസാക്ഷി) വളരെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പുരാതന ഗ്രീക്ക് ഭാഷയില്‍ സിനൈദേസിസ് എന്ന പദത്തിന്‍റെ മുഖ്യാര്‍ത്ഥം 'മാനസികാവബോധം' (Consciousness) എന്നതായിരുന്നു. ക്രമേണയാണ് ഈ വാക്കിന് ധാര്‍മ്മിക മനസ്സാക്ഷി (Conscience) എന്ന അര്‍ത്ഥം കൈവന്നത്.
മനഃസാക്ഷിയുടെ ധാര്‍മ്മികാര്‍ത്ഥത്തിന് പ്രചാരം സിദ്ധിച്ചത് വി. പൗലോസ് വഴിയാണെന്നാണ് പണ്ഡിതമതം. അദ്ദേഹം മനഃസാക്ഷിയെക്കുറിച്ച് പൊതുവായിട്ട് മാത്രമല്ല, 'നല്ല മനഃസാക്ഷി' (1 തിമോ. 1, 5) ദുര്‍ബ്ബലമനഃസാക്ഷി (1 കൊറി. 8, 7), തെറ്റായ മനഃസാക്ഷി (തിത്തോ. 1, 15), ശുദ്ധമനഃസാക്ഷി (1 തിമോ. 3, 9) എന്നിവയെക്കുറിച്ചും സംസാരിക്കുന്നുണ്ട്. മനഃസാക്ഷിയുടെ സാര്‍വ്വത്രികതയെയും (റോമ. 2, 14), ആന്തരിക പ്രേരക സ്വഭാവത്തെയും (റോമ. 13, 5) അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. പൗലോസിന് ഹീബ്രു - ഗ്രീക്ക് ഭാഷകളില്‍ ഉണ്ടായിരുന്ന അറിവും യഹൂദപാരമ്പര്യത്തില്‍ സ്വന്തമായിരുന്ന അവഗാഹവും ക്രൈസ്തവ വിശ്വാസത്തില്‍ ലഭിച്ച ആഴവും തീക്ഷ്ണതയും മനഃസാക്ഷിയുടെ ഉപയോഗത്തെ സമ്പന്നമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍:- കൗണ്‍സില്‍ വളരെ ലളിതവും അജപാലനപരവുമായ വിവരണമാണ് മനഃസാക്ഷിയെക്കുറിച്ച് നല്കുന്നത്. ഒരു മനുഷ്യവ്യക്തിയുടെ 'അകക്കാമ്പും വിശുദ്ധ കൂടാരവുമാണ് മനഃസാക്ഷി. എല്ലാറ്റിനുമുപരിയായി ദൈവത്തെയും മനുഷ്യനെയും സ്നേഹിച്ചുകൊണ്ട്, തിന്മയെ ഒഴിവാക്കി നന്മ ചെയ്യുവാന്‍ ക്ഷണം നല്കുന്ന ദൈവസ്വരം ഇവിടെ പ്രതിധ്വനിക്കുന്നു. അങ്ങനെ ദൈവത്തെ കണ്ടുമുട്ടി സംവദിക്കുന്നതിനും ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയുന്നതിനുമുള്ള ആന്തരിക വേദിയാകുന്നു മനഃസാക്ഷി. സത്യം അന്വേഷിച്ചറിഞ്ഞ് ശരിയായ മനഃസാക്ഷി രൂപീകരിക്കാനുള്ള ഗൗരവമായ കടമയെയും കൗണ്‍സില്‍ അനുസ്മരിപ്പിക്കുന്നു. ജാഗ്രതയോടെ സത്യം അന്വേഷിക്കുന്ന മനുഷ്യരുടെ പരിശ്രമത്തെ, അവര്‍ അത് പെട്ടെന്ന് കണ്ടെത്തുന്നില്ലെങ്കില്‍ കൂടി, പ്രത്യേകം അംഗീകരിക്കുകയും ചെയ്യുന്നു (സഭ ആധുനിക ലോകത്തില്‍ 16).
മനഃസാക്ഷി 'ഏക'മാണെങ്കിലും (ഒരാള്‍ക്ക് ഒരു മനഃസാക്ഷി) വൈവിധ്യങ്ങള്‍ അതില്‍ കുടികൊള്ളുന്നു. ഈ വൈവിധ്യത്തിന്‍റെ വെളിച്ചത്തില്‍ പലതരം മനഃസാക്ഷികളെക്കുറിച്ച് പ്രതിപാദിക്കാറുണ്ട്. അടിസ്ഥാന മനഃസാക്ഷിയും പ്രായോഗിക മനഃസാക്ഷിയുമാണ് ഒരു പ്രാഥമിക വിഭജനം. ഇതില്‍ ആദ്യത്തേത് മനുഷ്യന്‍റെ അടിസ്ഥാന ധാര്‍മ്മിക കഴിവിനെ സൂചിപ്പിക്കുന്നു. നന്മ അറിയാനും, അറിയുന്ന നന്മയെ ആശ്ലേഷിക്കാനുമുള്ള കഴിവും, ഒപ്പം നന്മ ചെയ്യണമെന്നും തിന്മ ഒഴിവാക്കണമെന്നുമുള്ള കടപ്പാടിന്‍റെ അവബോധവും ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ കഴിവ് ജീവിതാനുഭവങ്ങളിലൂടെയും, സാഹചര്യ സമ്പര്‍ക്കങ്ങളിലൂടെയും യാഥാര്‍ത്ഥ്യമായിത്തീരുന്നതാണ് പ്രായോഗിക മനഃസാക്ഷി. പ്രായോഗിക ബുദ്ധിയുടെ വിധിതീര്‍പ്പ് എന്ന് നേരത്തെ നിര്‍വ്വചിച്ചത് സന്മാര്‍ഗ്ഗ വഴികാട്ടിയായ ഈ മനഃസാക്ഷിയെയാണ്.
അടിസ്ഥാന മനഃസാക്ഷിയില്‍നിന്ന് പ്രായോഗിക മനഃസാക്ഷി വികസിക്കുന്നത് മണ്ണില്‍ വിതച്ച വിത്ത് പൊട്ടി മുളച്ച് വളരുന്നതിനോട് ഉപമിക്കാം. ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മണ്ണിന്‍റെ ഗുണം നിര്‍ണ്ണായകമായിരിക്കുന്നതുപോലെ പക്വമായ മനഃസാക്ഷി രൂപീകരണത്തിന് സാമൂഹ്യ - ധാര്‍മ്മിക സാഹചര്യങ്ങളും അനുഭവങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. താഴെ വിവരിക്കുന്ന പ്രായോഗിക മനഃസാക്ഷിയുടെ വിവിധ തരങ്ങളെ രൂപീകരിക്കുന്നതില്‍ പ്രസ്തുത സാഹചര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഓരോ മനഃസാക്ഷിയുടെയും സവിശേഷമായ പ്രതികരണ രീതിയുടെ അടിസ്ഥാനത്തിലാണ് അതിനെ നിര്‍വ്വചിക്കുന്നതും തിരിച്ചറിയുന്നതും.
മൃദുലവും അയഞ്ഞതും (tender - lax) സന്മാര്‍ഗ്ഗ നിയമങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ഈ രണ്ടു മനഃസാക്ഷികള്‍ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. മൃദുലമനഃസാക്ഷി ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടും കൃത്യതയോടും കൂടി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ആത്മാര്‍ത്ഥമായ മനഃസാക്ഷിയാണ്. അയഞ്ഞ മനഃസാക്ഷി ഇതിന്‍റെ വിപരീതവും; ഉത്തരവാദിത്വങ്ങളെക്കുറിച്ച് ശ്രദ്ധയില്ലെന്ന് മാത്രമല്ല, അത് ലംഘിക്കുന്നതില്‍ വിഷമവുമില്ല. ഈ രണ്ടു മനഃസാക്ഷികളും വ്യത്യസ്ത വ്യക്തികളില്‍ വ്യത്യസ്ത തോതില്‍ പ്രകടമാകുക സ്വാഭാവികമാണ്. ഒപ്പം, രണ്ടും ധാര്‍മ്മികതയുടെ ഏതെങ്കിലും ഒന്നോ രണ്ടോ കല്പനകളെ കേന്ദ്രീകരിച്ചുകൊണ്ട് ഭാഗികമോ, എല്ലാ കല്പനകളെയും കേന്ദ്രീകരിച്ചുകൊണ്ട് പൂര്‍ണ്ണമോ ആകാം. മൃദുല മനഃസാക്ഷി വ്യക്തിയെ സസൂക്ഷ്മം ധാര്‍മ്മിക പാതയിലൂടെ നയിക്കുമെങ്കിലും അമിത മൃദുലത അസ്വസ്ഥതയുളവാക്കാം. സ്വന്തം ധാര്‍മ്മിക ജീവിതത്തിന്‍റെ ഗുണനിലവാരം, പോരായ്മകള്‍, വീഴ്ചകള്‍, മുതലായവ ചിന്തയ്ക്കും ഉത്ക്കണ്ഠയ്ക്കും കാരണമാകാം. ആത്മീയ ഉപദേശവും കൗണ്‍സിലിംഗും വഴി ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അയഞ്ഞ മനഃസാക്ഷിക്കാരന്‍ സമൂഹത്തിന് ഭാരവും ഉപദ്രവവും ആകും. സ്വയം തിരുത്താനുള്ള കടമ ആ വ്യക്തിക്കുണ്ട്; ഒപ്പം, ചുമതലപ്പെട്ടവര്‍ (മാതാപിതാക്കള്‍, വൈദികര്‍ ) ആവശ്യമായ മാനസിക - ആത്മീയ സഹായത്താല്‍ അത്തരക്കാരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
ചഞ്ചലവും സംശയവും (perplexed - scrupulous) ഇവ രണ്ടും അസ്വസ്ഥ മനഃസാക്ഷികളാണ്. ധാര്‍മ്മിക കടമയോട് വിശ്വസ്തത പുലര്‍ത്തുന്നതില്‍ ഓരോന്നും അതതിന്‍റെ വഴിയേ പോകുന്നു. ആദ്യത്തേത് ഒരു കാര്യത്തിന്‍റെ ഇരുവശത്തും തിന്മ കാണുന്നതിനാല്‍ സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെടുന്നു. "ചെകുത്താനും കടലിനും നടുക്ക്" എന്ന് പറഞ്ഞതുപോലെ. ഉദാഹരണം, യുവതിയായ ഒരമ്മ രോഗിയായ കൊച്ചിനെ പരിചരിച്ച് വീട്ടില്‍ ഇരിക്കണമോ അതോ കൊച്ചിനെ മൂത്തകൂട്ടിയെ ഏല്പിച്ചിട്ട് ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകണമോ എന്ന് തീരുമാനിക്കാന്‍ സാധിക്കാതെ ഉഴലുന്നു. സാധാരണ ആളുകള്‍ക്ക് ഇത്തരം ഉത്തരവാദിത്വങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകാറില്ല. എന്നാല്‍ ചഞ്ചല മനഃസാക്ഷിക്കാര്‍ക്ക് ഇത് ദുഷ്ക്കരമാണ്. ആത്മവിശ്വാസക്കുറവിന്‍റെ, പ്രതിഫലനമാണിത്. "ഇന്നത് ചെയ്യുക" എന്ന് ആധികാരികതയുള്ള ആരെങ്കിലും പറഞ്ഞാല്‍ ബുദ്ധിമുട്ടു കൂടാതെ അവരത് ചെയ്യുകയും ചെയ്യും. അങ്ങനെ ഓരോ പ്രാവശ്യവും "കല്പനകള്‍" കൊടുക്കാതെ ആത്മീയ വൈകാരിക തലത്തില്‍ അവരെ ശക്തിപ്പെടുത്തുന്ന സഹായങ്ങള്‍ (spiritualguidance & counselling) നല്കുകയാണ് ഉത്തമം. ചഞ്ചല മനഃസാക്ഷിയെക്കാള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതാണ് സംശയമനഃസാക്ഷി. അമിതമായ ആശങ്ക, തന്‍റെ ധാര്‍മ്മികാവസ്ഥയെക്കുറിച്ചുള്ള സംശയം, എവിടെയും പാപം കാണാനുള്ള പ്രവണത, കുറ്റബോധം മുതലായവയാല്‍ മര്‍ദ്ദിക്കപ്പെടുന്ന മനഃസാക്ഷിയാണ് സംശയമനഃസ്സാക്ഷി. അതുകൊണ്ട് തന്നെ ആവര്‍ത്തിച്ചുള്ള കുമ്പസാരം, പ്രായശ്ചിത്തം, പ്രാര്‍ത്ഥന എന്നിവയിലൂടെ സ്വയം ശുദ്ധീകരിച്ചുകൊണ്ടിരിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം തന്‍റെ അവസ്ഥയെ ഒരു ധാര്‍മ്മിക പ്രശ്നമായിട്ടാണ് മനസ്സിലാക്കുന്നതെങ്കിലും വാസ്തവത്തില്‍ അത് ഒരു വൈകാരിക പ്രശ്നമാണ്. 'ഒബ്സസീവ് കമ്പല്‍സീവ്' എന്ന മാനസികാസ്വസ്ഥതയുടെ ഒരു പ്രതിഫലനമാണിത്.
പല കാരണങ്ങള്‍ ഒരാളെ സംശയമനഃസാക്ഷിയിലേക്ക് നയിക്കാമെങ്കിലും, അന്തര്‍മുഖതയും, കുട്ടിക്കാലത്തെ കര്‍ക്കശമായ വളര്‍ത്തലും, വ്യക്തമായ ധാര്‍മ്മിക അറിവിന്‍റെ കുറവും പ്രധാനപ്പെട്ട കാരണങ്ങളാണ്. സംശയ മനഃസാക്ഷി ഭാഗികവും പൂര്‍ണ്ണവും ആകാം. ഒന്നോ രണ്ടോ ധാര്‍മ്മിക പ്രമാണങ്ങളെക്കുറിച്ച് മാത്രം "സംശയപ്രശ്നം" ഉള്ളവരാണ് ആദ്യത്തേത്. എല്ലാ പ്രമാണങ്ങളെയും കുറിച്ച് "സംശയപ്രശ്നം" ഉള്ളവരാണ് രണ്ടാമത്തേത്. രണ്ടാമത്തെ കൂട്ടരാണ് കൂടുതല്‍ അസ്വസ്ഥതയും വ്യഥയും അനുഭവിക്കുന്നതെന്ന് വ്യക്തമാണല്ലോ. സംശയ മനഃസാക്ഷിക്കാര്‍ ഏറെയില്ലെങ്കിലും ഉള്ളവര്‍ അജപാലകരില്‍നിന്ന് പ്രത്യേകം ശ്രദ്ധയും പരിഗണനയും ഉപദേശവും അര്‍ഹിക്കുന്നു. ചിലര്‍ക്ക് ഈ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ വിദഗ്ദ്ധമായ കൗണ്‍സലിംഗ് സഹായവും വേണ്ടിവരും.
ശരിയായതും തെറ്റായതും (right and erroneous): ശരിയായ ധാര്‍മ്മിക പാതയിലൂടെ ഒരുവനെ നയിക്കുകയെന്നതാണ് മനഃസാക്ഷിയുടെ പ്രധാന ദൗത്യം. അതിന് ഓരോ അവസരത്തിലും തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ച് കൃത്യമായ വിധിനിര്‍ണ്ണയം നടത്താന്‍ മനഃസാക്ഷിക്ക് സാധിക്കണം. എങ്കിലും സാധാരണ അനുഭവത്തില്‍ നാം കാണാറുള്ളതുപോലെ ധാര്‍മ്മിക വിധി നിര്‍ണ്ണയം ചിലപ്പോള്‍ തെറ്റിപ്പോകാം. ശരിയായ മനഃസാക്ഷി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വസ്തുനിഷ്ഠമായ ധാര്‍മ്മിക നിയമങ്ങള്‍ക്കനുസരിച്ചുള്ള വിധി നിര്‍ണ്ണയമാണ്. ധാര്‍മ്മികനിയമങ്ങള്‍ക്ക് ചേരാത്ത വിധിതീര്‍പ്പാണ് തെറ്റായ മനസ്സാക്ഷി. അതായത്, ശരിയായ മനഃസാക്ഷിയുടെ മാനദണ്ഡം വിധിയും വ്യക്തിയുടെ അറിവും തമ്മിലുള്ള പൊരുത്തമല്ല; പിന്നെയോ, വിധിയും ധാര്‍മ്മിക നിയമത്തിന്‍റെ അനുശാസനവും തമ്മിലുള്ള പൊരുത്തമാണ്. അതുകൊണ്ട് തെറ്റായ അറിവിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന വിധിനിര്‍ണ്ണയം ശരിയായ മനഃസാക്ഷി ആകില്ല. ഒരാള്‍ ഉത്തമ ബോധ്യത്തിലാണ് അപ്രകാരം ചെയ്യുന്നതെങ്കിലും, ആ മനഃസാക്ഷി തെറ്റായ മനഃസാക്ഷിതന്നെ; ഉത്തമബോധ്യം മൂലം അയാളില്‍ കുറ്റം ആരോപിക്കപ്പെടുകയില്ല എന്നുമാത്രം.
തീര്‍ച്ചയായതും സന്ദിഗ്ദ്ധവും (certain and doubtful): തന്‍റെ വിധി ശരിയാണെന്ന് സാമാന്യ ഉറപ്പ് (moral certainty) എങ്കിലും ഉള്ള മനഃസാക്ഷിയാണ് തീര്‍ച്ചയായ മനഃസാക്ഷി. തന്‍റെ വിധിക്ക് വിപരീതമായ ഒന്ന് സംഭവിക്കുമെന്ന യുക്തിസഹമായ ഭയം ഇവിടെയില്ല. ഒരു രോഗി ഡോക്ടറെ വിശ്വസിക്കുന്നതും, യാത്രക്കാര്‍ ഡ്രൈവറെ വിശ്വസിക്കുന്നതും, അയല്‍ക്കാര്‍ പരസ്പരം വിശ്വസിക്കുന്നതും അങ്ങനെ അനുദിന ജീവിതത്തിലെ ഒട്ടേറെക്കാര്യങ്ങള്‍ ഇതിനുദാഹരണമാണ്. സാമാന്യമായ ഈ ഉറപ്പാണ് അനുദിന ജീവിതത്തില്‍ ഓരോ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായ സംശയവും അന്വേഷണവുമില്ലാതെ ജീവിതത്തെ സുഗമമാക്കി മുമ്പോട്ട് നയിക്കുന്നത്. ഈ ഉറപ്പ് എങ്കിലും ഇല്ലാത്ത മനഃസാക്ഷി സന്ദിഗ്ദ്ധ മനഃസാക്ഷിയാണ്. കാരണം, വിപരീതമായത് സംഭവിക്കാമെന്ന ന്യായമായ ഭയം ഇതിലുണ്ട്.
കടപ്പെടുത്തുന്ന മനഃസാക്ഷി (Binding Conscience): അനുസരിക്കാന്‍ ~ഒരു വ്യക്തിയെ കടപ്പെടുത്തുന്ന മനഃസാക്ഷിയാണിത്. അല്ലെങ്കില്‍, ഒരാള്‍ അനുസരിക്കാന്‍ കടപ്പെട്ട മനഃസാക്ഷി. ഇതിനെതിരെ പോകുന്നത് മനഃസാക്ഷിയുടെ ലംഘനവും പാപവുമാകും. നന്മ ചെയ്യാനും (command) തിന്മ വര്‍ജ്ജിക്കാനു (prohibition) മാണ് മനഃസാക്ഷി കല്പിക്കുന്നത്. സാമാന്യ തീര്‍ച്ചയോടെ മനഃസാക്ഷി ഒരു കല്പനയോ വിലക്കോ നല്കിയാല്‍ അത് പാലിക്കാന്‍ ഒരുവന്‍ കടപ്പെട്ടവനാണ്. അതുകൊണ്ട് തീര്‍ച്ചയായ മനഃസാക്ഷി തന്നെയാണ് കടപ്പെടുത്തുന്ന മനഃസാക്ഷി. അതേ സമയം നന്മയോ തിന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യാന്‍ മനഃസാക്ഷി ഒരുവനെ അനുവദിക്കുകയും ചെയ്യുന്നു. ഉദാ: വ്യായാമത്തിന് നടപ്പോ, കളിയോ, നീന്തലോ എന്ത് വേണമെന്ന് ഒരാള്‍ക്ക് ഇഷ്ടംപോലെ നിശ്ചയിക്കാമല്ലോ.
തീര്‍ച്ചയായ മനഃസാക്ഷി എപ്പോഴും വസ്തുനിഷ്ഠമായി ശരിയായിരിക്കണമെന്നില്ല. ശരിയാണെന്ന ഉറപ്പില്‍ ചെയ്ത കാര്യം തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കിയ അവസരങ്ങള്‍ എല്ലാവര്‍ക്കും തന്നെ ഉണ്ടായിരിക്കും. അതുകൊണ്ട്, തീര്‍ച്ചയായ മനഃസാക്ഷി തെറ്റുപറ്റാന്‍ പാടില്ലാത്തതല്ലെങ്കിലും കടപ്പെടുത്തുന്നതാണ് (a certain conscience is binding, though not infallible).
തത്വത്തിന്‍റെ സൂചിതാര്‍ത്ഥങ്ങള്‍ (implication): മുകളില്‍ പറഞ്ഞ തത്വത്തിന്‍റെ മൂന്ന് പ്രധാനപ്പെട്ട സൂചിതാര്‍ത്ഥങ്ങള്‍ താഴെ വിശദീകരിക്കുന്നു.
തീര്‍ച്ചയില്ലാത്തപ്പോള്‍: ഒരു കാര്യത്തെക്കുറിച്ച് സാമാന്യ ഉറപ്പുള്ള വിധിനിര്‍ണ്ണയം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് സന്ദിഗ്ദ്ധ മനഃസാക്ഷി (doubtful conscience) ആണല്ലോ. സന്ദിഗ്ദ്ധ മനഃസ്സാക്ഷിയെ ധാര്‍മ്മിക പാതയിലെ "ചുവന്ന വിളക്ക്" (red light) എന്നാണ് വിളിക്കുന്നത്. കാരണം, ഇത് തിന്മചെയ്യാനുള്ള അപകട സാദ്ധ്യതയെ ചൂണ്ടിക്കാണിക്കുന്നു. സന്ദിഗ്ദ്ധ മനഃസാക്ഷിയുടെ സൂചനകള്‍ കണക്കിലെടുക്കാത്ത പ്രവര്‍ത്തനങ്ങള്‍ "സാധിക്കു ന്നത്ര തിന്മ ഒഴിവാക്കുക" എന്ന അടിസ്ഥാന ധാര്‍മ്മിക പ്രമാണത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, മുമ്പോട്ടു പോകുന്നതിന് മുമ്പ് ലഭ്യമായ ഇടങ്ങളില്‍ നിന്ന് അറിവും വിവരവും നേടി സംശയം ദൂരീകരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇപ്രകാരമുള്ള സംശയദൂരീകരണത്തെ "പ്രത്യക്ഷമായ പരിഹാരം" (direct solution) എന്ന് വിളിക്കുന്നു. പക്ഷെ, പ്രത്യക്ഷ പരിഹാരം എപ്പോഴും സാധിച്ചുവെന്ന് വരില്ല. ഉദാ. ആവശ്യമായ അറിവിന്‍റെ ഉറവിടം ലഭ്യമല്ലാതെ വരാം. ഇത്തരം അവസരങ്ങളില്‍ സാധ്യമെങ്കില്‍ സ്വച്ഛതാ തത്ത്വങ്ങള്‍ (reflex principles) ഉള്‍ക്കൊള്ളുന്ന പരോക്ഷമായ പരിഹാരം പ്രയോഗിക്കാവുന്നതാണ്. ഈ തത്വങ്ങളാകട്ടെ ധാര്‍മ്മിക- നൈയാമിക പാരമ്പര്യങ്ങളില്‍ അംഗീകാരം നേടിയ യുക്തി ഭദ്രങ്ങളായ പ്രമാണങ്ങളാണ്. ഈ തത്വങ്ങള്‍ സന്ദേഹമുള്ള അവസരങ്ങളില്‍ ഉറപ്പ് (certainty) തരുന്നവയല്ലെങ്കിലും, ശരിയാകാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളതും അതിനാല്‍ കൂടുതല്‍ സുരക്ഷിതവുമായ പ്രവൃത്തി ഏതെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രധാനപ്പെട്ട സ്വച്ഛതാ തത്വങ്ങള്‍
ഒരു വസ്തുതയെക്കുറിച്ചോ ഒരു നിയമത്തെക്കുറിച്ചോ ഉള്ള സന്ദേഹം മൂലം മനഃസാക്ഷി സന്ദിഗ്ദ്ധമാകാം. വസ്തുതയെക്കുറിച്ചുള്ള സംശയത്തില്‍, ഒരാള്‍ക്ക് നിലവിലുള്ള നിയമത്തെക്കുറിച്ച് ഉറപ്പുണ്ട്. (ഉദാ. ഒരു വസ്തു അതിന്‍റെ ഉടമസ്ഥന് തിരികെ കൊടുക്കണം). എന്നാല്‍, യഥാര്‍ത്ഥ ഉടമ ആരെന്ന് അറിയില്ല. അല്ലെങ്കില്‍, ഒരു കുറ്റത്തിനുള്ള ശിക്ഷ എന്തെന്ന് അറിയാം. പക്ഷെ, ആള്‍ കുറ്റവാളിയാണോ എന്നറിയില്ല. മുകളില്‍ പറഞ്ഞ സ്വച്ഛതാ തത്വങ്ങള്‍ എല്ലാം ഒരു വസ്തുതയെക്കുറിച്ചുള്ള സംശയനിവാരണത്തിനുള്ളവയാണെന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്.
ഒരു പ്രത്യേക നിയമം നിലവിലുണ്ടോ എന്ന സന്ദേഹമാണ് 'നിയമത്തെക്കുറിച്ചുള്ള സംശയംچ കൊണ്ടുദ്ദേശിക്കുന്നത്. ഉദാ. ഒരു പ്രത്യേക തിരുനാള്‍ കടമുള്ളതാണോ? ഒരു പ്രത്യേക ദിവസം ഉപവസിക്കാന്‍ കടമയുണ്ടോ? മുതലായവ. നിയമത്തെക്കുറിച്ചുള്ള സംശയം പൊതുവായ സംശയമല്ലെങ്കില്‍ അതിന് നിലനില്പില്ലല്ലോ. നിയമത്തെക്കുറിച്ചുള്ള സംശയഘട്ടത്തില്‍ പ്രയോഗിക്കുന്ന സ്വച്ഛതാ തത്വമാണ് 'സംശയകരമായ നിയമം അനുസരിക്കാന്‍ കടമയില്ല' എന്നത്. മനുഷ്യന്‍ പ്രകൃത്യാ സ്വതന്ത്രനാണ്, ഒപ്പം നിയമരൂപേണ നല്കപ്പെടുന്ന ധാര്‍മ്മിക ഉത്തരവാദിത്വവും അവനുണ്ട്. അതിനാല്‍, നിയമത്തിന്‍റെ അസ്തിത്വം തീര്‍ച്ചയില്ലെങ്കില്‍ അതനുസരിക്കാന്‍ ഒരുവന് കടമയില്ല എന്നതാണ് പ്രസ്തുത തത്വത്തിന്‍റെ സാരം. അപ്പോള്‍ തന്‍റെ സ്വാതന്ത്ര്യമനുസരിച്ച് ഒരുവന് പ്രവര്‍ത്തിക്കാം.
എങ്കിലും, ഈ തത്വത്തിന്‍റെ പ്രയോഗം അത്ര ലഘുവായിരുന്നില്ല. ധാര്‍മ്മിക ദൈവവിജ്ഞാനീയത്തിന്‍റെ ചരിത്രത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയതാണ് ഈ തത്വം. ഒരുവന് ഇഷ്ടാനുസരണം പെരുമാറാന്‍ നിയമത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് എത്രമാത്രം സംശയമുണ്ടായിരിക്കണം എന്നതായിരുന്നു വിവാദത്തിന്‍റെ കേന്ദ്രബിന്ദു. ഈ ചോദ്യത്തിന് 5 ഉത്തരങ്ങള്‍ ഉണ്ട്, ധാര്‍മ്മിക വ്യവസ്ഥിതികള്‍ (moral systems) എന്ന് അവ അറിയപ്പെട്ടു പോന്നു. ഇവ രണ്ട് ചേരികളിലായി നിലകൊള്ളുന്നുവെന്ന് പറയാം. "നിയമം നിലവിലില്ല" എന്നതിന് ഏറെ സാധ്യതയുണ്ടെങ്കിലേ "സംശയകരമായ നിയമം" എന്ന് പറയുവാന്‍ പറ്റൂ എന്ന് ശഠിക്കുന്ന കര്‍ക്കശവാദവും (rigorism) "നിയമം നിലവിലില്ല" എന്നതിന് ചെറിയ സാധ്യതയെങ്കിലുമുണ്ടെങ്കില്‍ അതിന് സംശയകരമായ നിയമമായി കരുതാമെന്ന് വാദിക്കുന്ന 'അയഞ്ഞ വാദവും' (laxism) രണ്ടറ്റങ്ങളിലായി സ്ഥിതിചെയ്യുന്നു. എന്നാല്‍, തീവ്രസ്വഭാവമുള്ള (extremes) ഈ രണ്ടു നിലപാടുകളെയും സഭ തിരസ്കരിച്ചിരിക്കുകയാണ്.
ഈ രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ മറ്റ് മൂന്ന് നിലപാടുകള്‍ കൂടിയുണ്ട്. 1. Probabiliorism- നിയമം സംശയകരമാണെങ്കില്‍, നിയമമുണ്ട് എന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത നിയമമില്ല എന്നതിന് വേണം. 2. EDquiprobabilism - നിയമമുണ്ട് എന്നതിനും 'ഇല്ല' എന്നതിനും തുല്യസാധ്യതയുണ്ടെങ്കിലേ നിയമം സംശയകരമാവുകയുള്ളൂ. 3. Probabilism- എന്നിവയാണവ. ഇവയില്‍ സജീവമായതും ഇന്ന് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതും സംഭവ്യതാവാദ (Probabilism) മാണ്.
സംഭവ്യതാവാദം. ഒരു നിയമത്തിന്‍റെ അസ്തിത്വം, വ്യാപ്തി, സാധ്യത എന്നിവയ്ക്കെതിരെ പ്രബലമായ ഒരു വാദഗതിയുണ്ടെങ്കില്‍ പ്രസ്തുത നിയമം സംശയകരമായ നിയമമായി കരുതാമെന്നും, വ്യക്തിക്ക് സ്വാതന്ത്ര്യമനുസരിച്ച് പെരുമാറാമെന്നും സംഭവ്യതാവാദം പഠിപ്പിക്കുന്നു. പ്രബലമായ വാദം (solid argument) ഉന്നയിക്കേണ്ടത് സാന്മാര്‍ഗ്ഗിക വിഷയത്തില്‍ പ്രാവീണ്യമുള്ളവരാണ്. നിയമം തീര്‍ച്ചയില്ലെങ്കില്‍ പണ്ഡിതരുടെ പ്രബലമായ അഭിപ്രായമനുസരിച്ച് പെരുമാറാമെന്ന് സാരം.
നിയതമായ ധാര്‍മ്മിക നിയമം നല്‍കപ്പെട്ടിട്ടില്ലാത്ത അല്ലെങ്കില്‍ വ്യക്തമല്ലാത്ത പ്രവൃത്തികള്‍ക്കാണ് സംഭവ്യതാവാദം പ്രയോഗിക്കാവുന്നത്. അതിവേഗം പുരോഗമിക്കുകയും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്ത് ധാര്‍മ്മിക സന്ദേഹങ്ങളും പ്രശ്നങ്ങളും കൂടുതല്‍ ഉണ്ടാകാം. ക്ലോണിങ്ങ്, ജീനിക ചികിത്സ, മൂലകോശ ഗവേഷണം, ജിനോം പദ്ധതി മുതലായവ ഉള്‍ക്കൊള്ളുന്ന ജൈവ സാങ്കേതിക വിദ്യയുടെ മേഖല നല്ലൊരുദാഹരണമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ സഭ ധാര്‍മ്മിക നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ടെങ്കിലും ചിലപ്പോള്‍ കാലതാമസവും അകൃത്യതയും ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ സമാന വിഷയത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം, സ്വാഭാവിക നിയമം, സാഹചര്യ യാഥാര്‍ത്ഥ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ പ്രബലമായ അല്ലെങ്കില്‍ സ്വീകാര്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. വിവിധ ദൈവശാസ്ത്രജ്ഞന്മാരുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളും ഉണ്ടാകാം. ഇതിന് കാരണം വ്യത്യസ്ത വീക്ഷണങ്ങളും ന്യായീകരിക്കാവുന്ന സാഹചര്യങ്ങളുമാണ്. ഇവയെ ധാര്‍മ്മിക വിവേചന പ്രക്രിയയുടെയും വളര്‍ച്ചയുടെയും ഭാഗമായി കണക്കാക്കാവുന്നതേയുള്ളൂ.
ചിലപ്പോള്‍, സഭയുടെ ആധികാരിക പഠനങ്ങളെക്കുറിച്ചുള്ള ദൈവശാസ്ത്ര ചര്‍ച്ചകള്‍ (ഉദാ. കൃത്രിമജനന നിയന്ത്രണം, ഭ്രൂണഹത്യ) വിവാദങ്ങള്‍ ഉയര്‍ത്താറുണ്ട്. അങ്ങനെ പ്രസ്തുത പഠനം ചോദ്യം ചെയ്യപ്പെട്ട പഠനവും തീര്‍ച്ചയില്ലാത്ത നിയമവും (uncertain law) ആയി പ്രത്യക്ഷപ്പെടുകയും അവിടെ സംഭവ്യതാവാദം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, സഭ സംശയകരമായ നിയമമല്ല ആധികാരികമായ നിയമമാണ് നല്‍കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മുകളില്‍പറഞ്ഞ സാഹചര്യത്തില്‍ സംഭവ്യതാവാദം പ്രയോഗിക്കുന്നത് ശരിയല്ല. സഭയുടെ പഠനങ്ങളെ ഗവേഷണത്തിലൂടെയും ക്രിയാത്മക വിമര്‍ശനത്തിലൂടെയും വികസിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുക ദൈവശാസ്ത്രജ്ഞന്മാരുടെ ദൗത്യമാണ്. എന്നാല്‍ വിവാദത്തിലും വിമര്‍ശനത്തിലും സഭയുടെ പ്രബോധനത്തെ കേവലമൊരു ദൈവശാസ്ത്ര അഭിപ്രായമായി തരംതാഴ്ത്താതെയും സഭയുടെ ആധികാരികതയെ ആദരിച്ചുകൊണ്ടും വേണം അങ്ങനെ ചെയ്യാന്‍.
അവസാനമായി വസ്തുതയെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ഉള്ള സംശയം പ്രത്യക്ഷമായോ പരോക്ഷമായോ പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരുവന്‍ "കുറഞ്ഞ തിന്മ" (lesser evil) തിരഞ്ഞെടുക്കേണ്ടതാണ്. അതിന് ഒരു വ്യക്തി സന്ദേഹസാഹചര്യത്തില്‍ തന്‍റെ മുമ്പിലുള്ള പ്രവര്‍ത്തന സാദ്ധ്യതകള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന നന്മയും തിന്മയും വിലയിരുത്തി തിന്മയെ കഴിവതും ഒഴിവാക്കാനുള്ള അവസാന പരിശ്രമം എന്ന നിലയില്‍ കുറഞ്ഞ തിന്മയായതിനെ തിരഞ്ഞെടുക്കണം.
പക്വമായ ക്രിസ്തീയ മനഃസാക്ഷിയുടെ സവിശേഷതകളും രൂപീകരണവും മനഃസാക്ഷിയെക്കുറിച്ചുള്ള ചര്‍ച്ചയിലെ ഒരു പ്രധാനപ്പെട്ട പരിഗണനയാണ്. പക്വമായ മനഃസാക്ഷിയുടെ നിരവധി സവിശേഷതകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കും. ഒപ്പം അവയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളെയും. എങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്.
4.1 നിയമങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള ശരിയായ അറിവ്.
ഒരുവന്‍റെ ശരിയായ ധാര്‍മ്മിക തീരുമാനത്തിനും ജീവിതത്തിനും വഴികാട്ടിയാകുക എന്നതാണ് മനഃസാക്ഷിയുടെ അടിസ്ഥാന ധര്‍മ്മം. ഇതിന് ആവശ്യകമായ ഒരു പ്രധാന കാര്യം ധാര്‍മ്മിക നിയമത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ശരിയായ അറിവാണ്.
അറിവ് വ്യത്യസ്ത തരത്തിലും ആഴത്തിലുമുള്ളതാകാം. ഉദാഹരണത്തിന് വാചികമായ അറിവ്, ആശയപരമായ അറിവ്, മൂല്യാധിഷ്ഠിത അറിവ.് 'കള്ളം പറയരുത്' 'കട്ടെടുക്കരുത്' എന്നൊക്കെ കൊച്ചു കുട്ടികള്‍ മനഃപാഠമാക്കി വച്ചിരിക്കുന്ന ഉപരിപ്ലവമായ അറിവാണ് ആദ്യത്തേത്. നിയമത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച് കുറച്ചൊക്കെ ഗ്രാഹ്യമുള്ളതാണ് രണ്ടാമത്തേത്. കൗമാരഘട്ടത്തിന് മുമ്പുള്ളവര്‍ പ്രകടിപ്പിക്കുന്ന അറിവാണിത്. ധാര്‍മ്മിക നിയമത്തില്‍ അടങ്ങിയിരിക്കുന്ന മൂല്യത്തെ കേന്ദ്രീകരിച്ച് ചിന്തിക്കാനും വിലയിരുത്താനുമുള്ള കഴിവ് ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തേത്. അമൂര്‍ത്തമായി ചിന്തിക്കാനുള്ള കഴിവ്, കാര്യകാരണബദ്ധമായ ചിന്ത, യുക്തിപരത എന്നിവ ഈ അറിവിന്‍റെ സവിശേഷതകളാണ്. സാധാരണയായി ഈ അറിവ് കൗമാരാന്ത്യത്തില്‍ പ്രകടമാകുകയും ക്രമേണ ആഴപ്പെടുകയും ചെയ്യുന്നു. പക്വമായ മനഃസാക്ഷിക്ക് മൂല്യാധിഷ്ഠിത അറിവ് ആവശ്യമാണ്.
ആരും മൂല്യാധിഷ്ഠിത അറിവ് ഒരു ദിവസംകൊണ്ട് നേടിയെടുക്കുന്നില്ല. പ്രാഥമികഘട്ടങ്ങളിലൂടെ കടന്ന് ക്രമേണയേ അവിടെ എത്തുകയുള്ളൂ. ഇതു സൂചിപ്പിക്കുന്നത് പക്വമായ മനഃസാക്ഷി രൂപീകരണത്തിന് അതിന്‍റേതായ സമയം വേണമെന്നാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന കുട്ടിക്ക് അവന്‍റെ ഗ്രഹണശക്തിക്കനുസരിച്ച് ധാര്‍മ്മിക അറിവ് പകര്‍ന്നുകൊടുക്കേണ്ടിയിരിക്കുന്നു. ക്രമേണ കുട്ടികള്‍ക്ക് നിയമത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനും മൂല്യങ്ങള്‍ സ്വാംശീകരിക്കാനും കൂടുതല്‍ അവസരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്കേണ്ടതാണ്. സാധാരണ പറയാറുള്ളതുപോലെ 'മൂല്യങ്ങള്‍ പഠിപ്പിക്കപ്പെടുന്നതിനേക്കാള്‍ പിടിച്ചെടുക്കപ്പെടുകയാണ്' (values are caught then taught). അതിനാവശ്യമായ സാഹചര്യങ്ങളും സഹായങ്ങളുമുണ്ടാകണം.
അറിവ് പകര്‍ന്നുകൊടുക്കുന്നതോടൊപ്പം, നിയമത്തിന്‍റെ ലക്ഷ്യവും വ്യക്തമാക്കപ്പെടണം. വ്യക്തിയുടെയും സമൂഹത്തിന്‍റെയും സമഗ്രമായ നന്മയാണ് ഈ ലക്ഷ്യം. നിയമങ്ങള്‍ അതിനുള്ള സഹായികളാണ്. യേശു പഠിപ്പിച്ചതുപോലെ 'സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ ശാബത്തിനുവേണ്ടിയല്ല' (മര്‍ക്കോ.2,27). നിയമത്തിന്‍റെ അന്തഃസത്തയെ മറന്ന് ബാഹ്യമായ പ്രകടനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന നൈയാമിക മനോഭാവത്തെ നിയന്ത്രിക്കാനും ഇതാവശ്യമാണ്. കൂടാതെ, ഒരു വ്യക്തി സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും അനുസരിച്ച് ജീവിക്കുമ്പോഴല്ല, മറിച്ച് ദൈവദത്തമായ ധാര്‍മ്മിക നിയമങ്ങള്‍ മാനിച്ച് ജീവിക്കുമ്പോഴാണ് യാഥാര്‍ത്ഥമായ നന്മ നേടിയെടുക്കുന്നത് എന്നും പ്രസ്തുത വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. സാബത്ത് മനുഷ്യനുവേണ്ടിയാണ് എന്ന് പറയുമ്പോള്‍ സാബത്തിനെ അവഗണിച്ചു കൊള്ളാനല്ല, അര്‍ത്ഥം മനസ്സിലാക്കി അനുസരിക്കാനാണ് യേശു പറയുന്നത്. നിത്യജീവന്‍ അന്വേഷിച്ചു വന്ന യുവാവിനോടും കല്പനകള്‍ പാലിക്കാനാണ് യേശു ആവശ്യപ്പെടുന്നത് (മത്താ.19,16).
4.2 സ്വതന്ത്രമായ, സ്വന്തമായ പ്രേരകം
മനഃസാക്ഷിയുടെ പ്രേരക (motive) മാണ് പക്വതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം. ധാര്‍മ്മിക വ്യവഹാരത്തിന് വിഷയവും പ്രേരകവും ഉണ്ട്- എന്ത് ചെയ്യുന്നു; എന്തിന് ചെയ്യുന്നു? ഭയം മൂലം മോഷ്ടിക്കാതിരിക്കുന്നവനും അപരന്‍റെ അവകാശത്തെ മാനിച്ച് മോഷ്ടിക്കാതിരിക്കുന്നവനും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നത് നാമെല്ലാവരും അംഗീകരിക്കുമല്ലോ. ഇതില്‍ രണ്ടാമത്തേതാണ് ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ പക്വവും വിശ്വസനീയവും. അറിവ് വിഷയത്തെ സൂചിപ്പിക്കുമ്പോള്‍ പ്രേരകം കാരണം വ്യക്തമാക്കുന്നു. ഇതില്‍ രണ്ടാമത്തേത് ധാര്‍മ്മിക മനഃശാസ്ത്രത്തിന്‍റെ വിഷയമാണ്. ധാര്‍മ്മിക പ്രേരകങ്ങളെക്കുറിച്ച് വളരെ സംക്ഷിപ്തമായ ഒരു അവതരണമേ ഇവിടെ സാധിക്കൂ.
വിശാലാര്‍ത്ഥത്തില്‍ മൂന്നുതരത്തിലുള്ള പ്രേരകങ്ങളുണ്ട്. പൂര്‍വ്വ-സാമാന്യം (preconventional) സാമാന്യം (conventional) ഉപരി സാമാന്യം (post conventional). ഇതില്‍ ഒന്നാംതലം, ഏറെക്കുറെ ഏഴ് വയസ്സുവരെയും, രണ്ടാമത്തേത് ഏഴു മുതല്‍ പതിനഞ്ച് വരെയും മൂന്നാംതരം പ്രായപൂര്‍ത്തിയാകുന്നതുവരെയും നീണ്ടുനില്‍ക്കുന്നു. ഘട്ടംഘട്ടമായുള്ള വികാസം, അതിനാവശ്യമായ സാഹചര്യങ്ങളുടെ സംലഭ്യതയെ ആശ്രയിച്ചിരിക്കും. അതിനാല്‍, പ്രായവും ധാര്‍മ്മികതലവും തമ്മില്‍ കൃത്യമായ ബന്ധം ഉണ്ടാകണമെന്നില്ല. കാരണം, ഓരോഘട്ടത്തിന്‍റെയും വികാസത്തിന് ആവശ്യമായ സാഹചര്യം അപ്പഴപ്പോള്‍ കിട്ടികൊള്ളണമെന്നില്ലല്ലോ.
ഒന്നാംതലത്തിന്‍റെ പ്രധാന പ്രേരകഘടകം ശിക്ഷയോടുള്ള ഭയം, ശിക്ഷ ഒഴിവാക്കല്‍, ആവശ്യപൂര്‍ത്തീകരണം (പ്രതിഫലേച്ഛ, വൈകാരികസംതൃപ്തി, മുതിര്‍ന്നവരെ പ്രീതിപ്പെടുത്തുക) എന്നിങ്ങനെയുള്ള സ്വാര്‍ത്ഥപരമായ ചിന്തകളാണ്. അപരനോടുള്ള പ്രതിബദ്ധതയോ പരിഗണനയോ ഇല്ല. അതുകൊണ്ട് യഥാര്‍ത്ഥ ധാര്‍മ്മികതയുടെ ഗുണവിശേഷം ഇതിനില്ല. എങ്കിലും പ്രേരകം പക്വത പ്രാപിക്കുന്നത് സ്വാര്‍ത്ഥപരമായ ഈ പാതയിലൂടെ നീങ്ങിക്കൊണ്ടാണ്. പാരസ്പര്യം, നിയമത്തിന്‍റെയും അധികാരിയുടെയും നിര്‍ദ്ദേശങ്ങള്‍, സാമൂഹിക വിശ്വാസങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാം തലം നിലകൊള്ളുന്നത്. ആദ്യത്തെ തലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം ഘട്ടം കൂടുതല്‍ നിസ്വാര്‍ത്ഥമാണ്. എങ്കിലും മറ്റുള്ളവരുടെ (ഉദാ. അധികാരി, നിയമം) സ്വാധീനത്തിന് ഏറെ വിധേയമാണ് ഈ തലം. അപരന്‍റെ നന്മ ആത്മാര്‍ത്ഥമായി കാംക്ഷിക്കുകയും അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ തലം; മൂന്നില്‍ ഏറ്റം പക്വമായതും ഇതുതന്നെ. അപരനോടുള്ള ആദരവും ശ്രദ്ധയും ഇവിടെ സ്വായത്തമാക്കപ്പെടുന്നു. അതുകൊണ്ട്, ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വളരെ സ്വതന്ത്രമാണ്. ഒപ്പം ഈ ധാര്‍മ്മികത സാര്‍വ്വത്രികമായ തത്വങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതവുമാണ്.
ഈ തലത്തില്‍ ഒരുവനെ നയിക്കുന്ന കാഴ്ചപ്പാട് നീതിയാകാം. എല്ലാവരും മനുഷ്യവ്യക്തികളെന്ന നിലയ്ക്ക് തുല്യരാണ്; എല്ലാവരുടെയും അവകാശങ്ങള്‍ മാനിക്കപ്പെടണം എന്ന ചിന്ത അല്ലെങ്കില്‍ അപരനോടുള്ള കരുതല്‍ ആകാം - പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളായും, പരിഗണന അര്‍ഹിക്കുന്നവരായും എല്ലാവരെയും കാണാനുള്ള മനോഭാവം. ഇതോടൊപ്പം ക്രൈസ്തവ വിശ്വാസവും കാഴ്ചപ്പാടും എല്ലാവരെയും, ഓരോ വ്യക്തിയെയും, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരായി കാണാന്‍ പഠിപ്പിക്കുന്നു. ആകയാല്‍, അവര്‍ ഏറെ ആദരവും നിസ്വാര്‍ത്ഥമായ സ്നേഹവും അര്‍ഹിക്കുന്നു.
പ്രേരകങ്ങളുടെ വളര്‍ച്ച ഏറിയപങ്കും ആശ്രയിച്ചിരിക്കുന്നത് പക്വമായ പ്രേരകങ്ങളെക്കുറിച്ചും സാമൂഹ്യധാര്‍മ്മിക വ്യവഹാരങ്ങളെക്കുറിച്ചും അറിവും അനുഭവവും ലഭിക്കുന്നതിനെയാണ്. ഉദാഹരണത്തിന്, എല്ലാറ്റിനും ശിക്ഷിക്കുന്ന മാതാപിതാക്കള്‍ അവരുടെ മക്കളെ ഒന്നാമത്തെ ഘട്ടത്തില്‍ത്തന്നെ തളച്ചിടാനാണ് സാദ്ധ്യത. ഈ കുട്ടികള്‍ പ്രായത്തില്‍ വളര്‍ന്നാലും ധാര്‍മ്മിക കാഴ്ചപ്പാടില്‍ പ്രഥമഘട്ടത്തില്‍ തന്നെയായിരിക്കും നിലകൊള്ളുന്നത്. മാതാപിതാക്കളെ അമിതമായി ആശ്രയിക്കുന്ന കുട്ടികള്‍, അവരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് വളരേണ്ടിവരുന്നതിനാല്‍, വൈകാരിക ധാര്‍മ്മികതയുടെ മുകളിലേക്ക് വളരുക പ്രയാസമാണ്. നിയമത്തിന്‍റെയും അനുസരണത്തിന്‍റെയും കണിശതയില്‍ വളര്‍ത്തപ്പെട്ട കുട്ടി നിയമാധിഷ്ഠിത ധാര്‍മ്മികത ആര്‍ജ്ജിക്കും. സാമൂഹ്യസമ്പര്‍ക്കം, ജീവിതാനുഭവം, വ്യക്തിപരമായ വിചിന്തനം, സ്വന്തതീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങള്‍, ആവശ്യമായ ഉപദേശ - നിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭിക്കുന്നവര്‍ക്ക് പക്വമായ തലത്തിലേക്ക് വളരാന്‍ എളുപ്പമാകും. ഇത്തരുണത്തില്‍, ക്രൈസ്തവവിശ്വാസം ആഴപ്പെടുത്തിക്കൊണ്ടും സുവിശേഷ മൂല്യങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടും ക്രൈസ്തവ പ്രേരകത്തിന്‍റെ വളര്‍ച്ച സുഗമമാക്കേണ്ടതാണ്.
സ്വാഭാവിക മാനുഷിക പ്രവണതകളോടും ഇഷ്ടാനിഷ്ടങ്ങളോടും ചേര്‍ന്നുപോകുന്ന പ്രഥമതലത്തിലെ വളര്‍ച്ച വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. എന്നാല്‍, കൂടുതല്‍ പക്വവും നിസ്വാര്‍ത്ഥവുമായ മറ്റു തലങ്ങളിലെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സശ്രദ്ധം ലഭ്യമാക്കേണ്ടതാണ്. മാതാപിതാക്കന്മാര്‍, ഗുരുഭൂതര്‍, ആത്മീയപാലകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. തങ്ങളുടെ ആവശ്യങ്ങളൊക്കെ പൂര്‍ത്തീകരിക്കപ്പെട്ട്, ഇഛാഭംഗങ്ങള്‍ ഒന്നും തന്നെയില്ലാതെ, മാതാപിതാക്കളോട് ഒട്ടി വളരുന്ന ഇന്നത്തെ കുട്ടികളില്‍ څവൈകാരിക പ്രേരകംچ പ്രബലമായി നില്ക്കാന്‍ ഏറെ സാദ്ധ്യതയുണ്ട്.
ധാര്‍മ്മിക പ്രേരകത്തെക്കുറിച്ച് മുകളില്‍ പറഞ്ഞതിലപ്പുറം പ്രതിപാദിക്കാന്‍ സ്ഥലപരിമിതി, അനുവദിക്കുന്നില്ല. എങ്കിലും ഈ വിശകലനം മനഃസാക്ഷിയുടെ പ്രവര്‍ത്തനത്തില്‍ പ്രേരകത്തിനുള്ള പ്രാധാന്യത്തെയും അതിന്‍റെ രൂപീകരണത്തില്‍ വ്യക്തിക്കു ലഭിക്കുന്ന സാമൂഹ്യ-ധാര്‍മ്മിക അനുഭവങ്ങളുടെ പ്രസക്തിയെയും പ്രകടമാക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ വളരെ വിലമതിക്കുകയും, അധികാരത്തിന്‍റെ ശക്തി ക്ഷയിക്കുകയും ചെയ്യുന്ന ഇന്നത്തെ സംസ്കാരത്തില്‍ പക്വവും സ്വയശിക്ഷിതവുമായ മനഃസാക്ഷി രൂപപ്പെടേണ്ടത് സന്മാര്‍ഗ്ഗ ജീവിതത്തിന്‍റെ ഉറപ്പിന് അത്യന്താപേക്ഷിതമാണ്.
4.3 സമന്വയം (integration)
ധാര്‍മ്മിക അറിവിന്‍റെയും, വികാരങ്ങളുടെയും (ധാര്‍മ്മിക സംതൃപ്തി, സന്തോഷം, കുറ്റബോധം, ഭയം ലജ്ജ...) ബാഹ്യപെരുമാറ്റങ്ങളുടെയും തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മനഃസാക്ഷി. ഇവ മൂന്നിന്‍റെയും പൊരുത്തമാണ് സമന്വയം കൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി നന്മതിന്മകളെ നന്നായി വിവേചിച്ച്, കടമകളെ മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നു. തത്ഫലമായി അദ്ദേഹം സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു. നേരെ മറിച്ച്, ഒരുവന്‍ നന്നായി കടമയെ മനസ്സിലാക്കുകയും എന്നാല്‍ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ പൊരുത്തക്കേട് പ്രകടമാകുന്നു. തെറ്റ് ചെയ്യുകയും എന്നാല്‍ കുറ്റബോധം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതും പൊരുത്തക്കേടുതന്നെ. നിസ്സാരതെറ്റിന് വലിയ കുറ്റബോധം ഉണ്ടാകുന്നതും ശരിയല്ല. തിന്മ പരിവര്‍ജ്ജിച്ചതുമൂലം കൈവിട്ടുപോയ ലാഭം, സന്തോഷം എന്നിത്യാദികളെപ്പറ്റി സങ്കടപ്പെടുന്നതും, സമന്വയത്തിന്‍റെ പോരായ്മയാണ്. ഉദാഹരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടു കാര്യമില്ലല്ലോ. മനഃസാക്ഷിയുടെ പ്രവര്‍ത്തന ഘടകങ്ങള്‍ തമ്മിലൂള്ള ചേര്‍ച്ച (harmony) ആണ് സമന്വയം. ധാര്‍മ്മിക നിയമങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചുമുള്ള ശരിയായ അറിവ്, അവയോടുള്ള ആദരവ്, പാലിക്കാനുള്ള ക്രിയാത്മകമായ പ്രചോദനം, ലംഘനങ്ങളെ നിരുത്സാഹപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്തുലിതമായ പരിശീലനം മനസ്സാക്ഷിയുടെ സമന്വയനത്തിന് സഹായകരമാണ്.
4.4 വിവേകവും തുറവും
ഈ രണ്ടു ഘടകങ്ങളും ധാര്‍മ്മിക ദൈവശാസ്ത്രപാരമ്പര്യത്തില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പ്രസക്തമായ ഘടകങ്ങളെയൊക്കെ കണക്കിലെടുത്തുകൊണ്ട്, ഓരോ അവസരത്തിലും ഒരുവന്‍റെ കടമയെ കൃത്യമായി ബോധ്യപ്പെടുത്തുകയാണ് വിവേകം ചെയ്യുന്നത്. ഈ കഴിവ് പുസ്തകത്തില്‍ നിന്ന് തന്നെ ലഭിക്കുകയില്ല. ജീവിതാനുഭവവും, അനുഭവത്തില്‍ നിന്ന് പഠിക്കാനുള്ള കഴിവും, ആ അറിവ് അവസരത്തിനൊത്ത് ഉപയോഗിക്കാനുള്ള പാടവവും ആവശ്യമാണ്. ഇത് ഒരു സ്വാഭാവിക പുണ്യമാണ്; നാല് മുഖ്യ (cardinal) പുണ്യങ്ങളിലൊന്നും. ഒപ്പം, പരിശുദ്ധാത്മാവിന്‍റെ ദാനമായ ആലോചന (counsel) യുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വവും പ്രാര്‍ത്ഥനയും പക്വമായ ക്രിസ്തീയ മനഃസാക്ഷി രൂപീകരണത്തിന് അത്യാവശ്യമാണ്.
തുറവ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സത്യത്തോടുള്ള ആത്മാര്‍ത്ഥമായ തുറവാണ്. സത്യത്തെക്കുറിച്ച് പൂര്‍ണ്ണ അറിവ് ആര്‍ക്കും ഇല്ലല്ലോ. സത്യം അന്വേഷിക്കുക, കണ്ടുമുട്ടുന്ന സത്യത്തെ അംഗീകരിക്കുക, സ്വയം വിമര്‍ശനത്തിന് സന്നദ്ധനാകുക, അപരരെ ശ്രവിക്കുക എന്നിവ തുറവിന്‍റെ ലക്ഷണങ്ങളാണ്. അതിനാല്‍ പക്വമായ മനസ്സാക്ഷിയും പക്വമായിക്കൊണ്ടിരിക്കുന്ന മനസ്സാക്ഷിയും സ്വന്തം ഉള്‍പ്രേരണകള്‍ മാത്രം ശ്രവിച്ചാല്‍ പോര, മറ്റുള്ളവരെയും ശ്രവിക്കണം. വിശ്വാസത്തെയും വിശ്വാസജീവിതത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ അവയെക്കുറിച്ച് ആധികാരികമായി പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സഭയെ ശ്രവിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്. അതുകൊണ്ട് സഭാപ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുവേണം ക്രിസ്തീയ മനഃസാക്ഷി രൂപീകരിക്കാന്‍.
4.5 മനഃസാക്ഷി സംഘട്ടനം
ഒരുവശത്ത്, വ്യക്തി സ്വന്തം മനഃസാക്ഷിയാല്‍ നയിക്കപ്പെടേണ്ടിയിരിക്കുന്നു; മറുവശത്ത്, അയാള്‍ സഭയെയോ മറ്റ് അധികാരികളെയോ അനുസരിക്കാനും കടപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ വ്യക്തിയും അധികാരിയും തമ്മില്‍ പൊരുത്തക്കേടുണ്ടാകാം. അപ്പോള്‍ എന്തുചെയ്യണമെന്നതാണ് ഇവിടുത്തെ പ്രശ്നം. ഒരു സമൂഹത്തില്‍ പരസ്പര സംഭാഷണത്തിനുള്ള അന്തരീക്ഷമുണ്ടെങ്കില്‍ ഗൗരവമായ അഭിപ്രായ വ്യത്യാസത്തിനുള്ള അവസരം ചുരുക്കമേ ഉണ്ടാകൂ. ഉണ്ടായാല്‍ത്തന്നെ, പരസ്പരമുള്ള സന്മനസ്സി ന്‍റെയും സഹകരണത്തിന്‍റെയും ബലത്തില്‍ ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാനും സാധിക്കും. ഇത്തരം പ്രശ്നം ഒരു സമൂഹത്തില്‍ സംജാതമായാല്‍ നാം നേരത്തെ കണ്ടതുപോലെ അധികാരിയെ അംഗീകരിച്ച് (reflex principle) പ്രവര്‍ത്തിക്കണം. നയവ്യത്യാസങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയൊന്നും അതില്‍ തന്നെ മനഃസാക്ഷി സംഘട്ടനങ്ങളല്ല.
തന്‍റെ മനഃസാക്ഷി നല്കുന്ന തീര്‍ച്ചയായ വിധിയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് അധികാരിയുടെ കല്പന അനുസരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ് മനഃസാക്ഷി സംഘട്ടനം (conflict conscience). അധികാരിയാകട്ടെ, സ്വന്തം മനസ്സാക്ഷിയുടെ സ്വരമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനുമാകുന്നു. രണ്ട് ആത്മാര്‍ത്ഥമായ, തീര്‍ച്ചയായ, മനഃസാക്ഷികള്‍ പരസ്പരം അംഗീകരിക്കാനാവാതെ ഏറ്റുമുട്ടുന്ന അവസ്ഥ. ഇത് സാധാരണ സംഭവമല്ലെങ്കിലും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഗൗരവമായ ഒരു കാര്യമാണ്.
മനഃസാക്ഷി സംഘട്ടനത്തില്‍, താഴെപ്പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട്, ഒരാള്‍ സ്വന്തം മനസ്സാക്ഷിയെ അനുസരിക്കേണ്ടിയിരിക്കുന്നു. 1) വിയോജിപ്പ് തികഞ്ഞ ബോദ്ധ്യത്തില്‍ നിന്ന് വരുന്നതായിരിക്കണം. അധികാരിയോട് വിയോജിക്കുന്നതിനുമുമ്പ് വിഷയത്തിന്‍റെ ഗൗരവമനുസരിച്ച് അതെക്കുറിച്ച് പഠിക്കുകയും ഉപദേശം തേടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം. 2) ഭവിഷ്യത്തുകള്‍ക്ക് അദ്ദേഹം തന്നെ ഉത്തരവാദിയായിരിക്കും. പൊതുനന്മ സംരക്ഷിക്കേണ്ടവനും സ്വന്തം മനസ്സാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവനുമായ അധികാരി, വിയോജിക്കുന്ന വ്യക്തിക്കെതിരെ നടപടിയെടുത്താല്‍, അത് സ്വീകരിക്കേണ്ടി വരും. ഒരുവന്‍ സ്വന്തം മനഃസാക്ഷിയുടെ വിലയും മഹത്വവും കാത്തു സൂക്ഷിക്കുന്നതിന് നല്കുന്ന വിലയായി ഇതിനെ കരുതാവുന്നതാണ്. 3) വിയോജിപ്പ് ഇല്ലാത്ത എല്ലാക്കാര്യങ്ങളിലും അധികാരിയെ അനുസരിക്കുകയും അദ്ദേഹത്തോട് സഹകരിക്കുകയും വേണം (ഈ അധികാരിയുടെ തന്നെ കീഴില്‍ തുടരുന്ന പക്ഷം). 4) രണ്ട് വ്യക്തികളും പരസ്പരം ബഹുമാനത്തോടെ പെരുമാറണം. സ്വന്തം മനഃസാക്ഷിയനുസരിച്ച് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്ന കാരണത്താല്‍ ഒരു വ്യക്തിയോടും അനുചിതമായി പെരുമാറരുത്. കാരണം, മനഃസാക്ഷിയനുസരിച്ച് പെരുമാറുകയെന്നത് ഓരോ വ്യക്തിയുടെയും (അധികാരിയുടെയും കീഴ്പ്പെട്ടവന്‍റെയും) കടമയും അവകാശവുമാണ്.
ഗ്രന്ഥസൂചി
ഡോ. തോമസ് സ്രാമ്പിക്കല്‍
Moral conscience catholic malayalam Dr.Thomas srampickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206