x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

സഭയുടെ മാതൃകകള്‍

Authored by : Mar Joseph Pamplany On 26-Jan-2021

           സഭയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്ന ധാരാളം അടയാളങ്ങളും, പ്രതീകങ്ങളും, പ്രതിഛായകളും പ്രതിരൂപങ്ങളും ആദ്യകാലം മുതലേ സഭയില്‍ നിലവിലുണ്ടായിരുന്നു. സഭയാകുന്ന രഹസ്യത്തെ വിവിധ ദിശകളില്‍ നിന്നുകൊണ്ട് അനാവരണം ചെയ്യാനാണ് ഇത്തരം പ്രതിഛായകള്‍ ഉപയോഗപ്പെടുത്തുന്നത്. ഈശോ തന്നെയും സഭയെക്കുറിച്ച് പഠിപ്പിക്കുവാന്‍ വിവിധങ്ങളായ ഉപമകളും പ്രതിരൂപങ്ങളും ഉപയോഗിച്ചിരുന്നതായി സുവിശേഷങ്ങളില്‍ നമുക്ക് കാണാവുന്നതാണ്. പുതിയ നിയമത്തിന്‍റെ ചുവട് പിടിച്ച് സഭാപിതാക്കന്മാരും സഭയെക്കുറിച്ച് പഠിപ്പിച്ചപ്പോള്‍ വിവിധ സാദൃശ്യങ്ങളും പ്രതിഛായകളും ഉപയോഗപ്പെടുത്തി.

20-ാം നൂറ്റാണ്ടിലെ പ്രശസ്തനായ സഭാശാസ്ത്രജ്ഞനായ അവരി ഡള്ളസ് 1974-ല്‍ പുറത്തിറക്കിയ " Models of the Church"എന്ന പുസ്തകത്തില്‍ സഭയുടെ സ്വഭാവം വിവിധ 'മാതൃക'കളിലൂടെ (Model) വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സഭാ വിജ്ഞാനീയരംഗത്ത് വിപ്ലവാത്മകമായ ചലനം സൃഷ്ടിക്കാന്‍ ഈ സഭാമാതൃകകള്‍ക്ക് (Church Models) സാധിച്ചു. ഈ പുസ്തകത്തിന്‍റെ 1987 ല്‍ പുറത്തിറങ്ങിയ Expanded Edition ല്‍ 6-ാമത്തെ മാതൃകയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സഭാ മാതൃകകളുടെ സവിശേഷതകളും അവയിലൂടെ വ്യക്തമാക്കുന്ന സഭയുടെ പ്രകൃതവുമാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്.

 പുതിയ നിയമത്തിലെ സഭയുടെ പ്രതിഛായകള്‍

ഏകദേശം എണ്‍പതില്‍പരം പ്രതിഛായകള്‍ സഭയെക്കുറിച്ച് പ്രതിപാദിക്കാന്‍ പുതിയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് Paul S. Minear എന്ന ദൈവശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നത്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലും ഏതാനും ചില പുതിയനിയമ സഭാസാദൃശ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. "പഴയ ഉടമ്പടിയില്‍ ദൈവരാജ്യം പലവിധ ഉപമകളിലൂടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നതുപോലെ വിവിധ പ്രതിരൂപങ്ങളിലൂടെയാണ് സഭയുടെ ആന്തരികസ്വഭാവം ഇന്ന് നാം മനസ്സിലാക്കേണ്ടത്"(LG No.6). മനുഷ്യരുടെ സാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് ഈ പ്രതിരൂപങ്ങള്‍ രൂപംകൊള്ളുന്നത്. ഉദാ: ആടുമേയ്ക്കല്‍, കാര്‍ഷികവൃത്തി, ഭവനനിര്‍മ്മാണം, കുടുംബജീവിതം, ഭാര്യാഭര്‍ത്തൃബന്ധം. അതുകൊണ്ടുതന്നെ ഈ പ്രതിരൂപങ്ങളിലൂടെ വെളിവാക്കപ്പെടുന്ന സഭയുടെ ആന്തരികാര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധാരണക്കാര്‍ക്ക് എളുപ്പമായിരുന്നു.

സഭ ഒരു അജഗണമാണ് (യോഹ 10:1-11); സഭ ദൈവത്തിന്‍റെ കൃഷിഭൂമിയാണ് (1 കോറി 3:9); സഭ ദൈവഭവനമാകുന്നു (1 കോറി 3:10); സഭ സ്വര്‍ഗ്ഗീയ ഓറശ്ലം (ഗലാ 4:26); ആകുന്നു; സഭ കളങ്കമില്ലാത്ത ദിവ്യ ചെമ്മരിയാട്ടിന്‍ കുട്ടിയുടെ നിര്‍മ്മല മണവാട്ടിയാകുന്നു (വെളി 19:7;21:2-9); എന്നിങ്ങനെ വിവിധതരത്തില്‍ സഭയാകുന്ന രഹസ്യത്തെ പുതിയ നിയമത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സഭ ക്രിസ്തുവിന്‍റെ മൗതീകശരീരമാകുന്നു എന്നത് പൗലോസ് ശ്ലീഹായുടെ ശക്തമായ ഒരു പ്രബോധനമാണ് (1 കോറി 10:17; 12:13; റോമ 6:4-5; 12:5). 1943-ല്‍ പ്രസിദ്ധീകരിച്ച Mystici Corporis Christi എന്ന 12-ാം പിയൂസ് മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിലെ പ്രബോധന വിഷയവും ഇതുതന്നെയാണ്. സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയും വിശ്വാസസമൂഹം പരസ്പരമുള്ള ഗാഢമായ ബന്ധത്തെയും ശക്തമായ രീതിയില്‍ അവതരിപ്പിക്കുവാന്‍ ഈ പ്രതിഛായക്ക് സാധിച്ചു. സഭ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് എന്ന പ്രബോധനവും പുതിയനിയമത്തിന്‍റെ വെളിച്ചത്തില്‍ സഭയില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഛായയാണ്. "പരിശുദ്ധാത്മാവ്" ഒരു ആലയത്തിലെന്നപോലെ തിരുസഭയിലും വിശ്വാസികളുടെ ഹൃദയത്തിലും കുടികൊള്ളുന്നു (1 കോറി 3:16;6:19).

"സഭ ദൈവജനമാകുന്നു" എന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഊന്നല്‍ നല്കിയ ഒരു സഭാപ്രതിഛായയാണ്. പുതിയ നിയമത്തില്‍ മാത്രമല്ല പഴയനിയമത്തിലും സഭയുടെ സാന്നിദ്ധ്യം വെളിവാക്കുന്ന ഒരു പ്രതിരൂപമാണിത്. "സഭ തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പൗരോഹിത്യഗണവും, വിശുദ്ധീകരിക്കപ്പെട്ട ജനപദവും, ദൈവം തനിക്കായി നേടിയെടുത്ത ജനതയും... ആദ്യം ഒരു ജനമല്ലായിരുന്നു. എങ്കിലും ഇപ്പോള്‍ ദൈവത്തിന്‍റെ ജനവും" (1 പത്രോ 2:9-10). സഭാവിജ്ഞാനീയത്തില്‍ വിപ്ലവകരമായ ചുവടുവെപ്പിന് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് സാധിച്ചത് സഭ ദൈവജനമാകുന്നു എന്ന ചിന്തയ്ക്ക് ഊന്നല്‍ നല്കിയതുകൊണ്ടാണ്.

 എന്തുകൊണ്ട് സഭാസാദൃശ്യങ്ങള്‍ (Image) അല്ലെങ്കില്‍ മാതൃകകള്‍ (Models)?

എന്തുകൊണ്ടാണ് ദൈവശാസ്ത്രത്തില്‍ പൊതുവായും സഭാ ദൈവശാസ്ത്രത്തില്‍ പ്രത്യേകമായും വിവിധ മാതൃകകളിലൂടെ (Models) യുള്ള പഠനരീതി അവലംബിച്ചിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതാണ്. അടുത്ത കാലത്തായി ദൈവശാസ്ത്രപഠനങ്ങളില്‍ കടന്നുവന്ന ഈ പഠനരീതി (model Methodology) ദൈവശാസ്ത്രത്തെ ആഴത്തില്‍ മനസിലാക്കുവാനും, ഗവേഷണ പഠനങ്ങളെ ത്വരിതപ്പെടുത്തുവാനും വളരെയേറെ സഹായിച്ചിട്ടുണ്ട്.

ദൈവം രഹസ്യമായിരിക്കുന്നതുപോലതന്നെ സഭയും ഒരു രഹസ്യമാകുന്നു. രഹസ്യമായിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പൂര്‍ണ്ണമായും വ്യക്തതയോടെ പ്രതിപാദിക്കുക ക്ലേശകരമാണ്. അഥവാ അതിന് പരിശ്രമിക്കുമ്പോള്‍ സാധാരണമായ ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങളും ഉപമകളും മാതൃകകളും ഉപയോഗിക്കേണ്ടിവന്നേക്കാം. എന്നാലും ഒരൊറ്റ മാതൃകകൊണ്ട് സഭയുടെ അന്തസത്ത മുഴുവനായും വെളിപ്പെടുത്തുക സാധ്യമല്ല. ഡള്ളസ് ഉപയോഗിക്കുന്ന വിവിധ മാതൃകകള്‍ ഓരോന്നും സഭയുടെ വ്യത്യസ്തങ്ങളായ സ്വഭാവങ്ങള്‍ അനാവരണം ചെയ്യുന്നു. ഓരോ മാതൃകയും സഭയുടെ ഓരോ സ്വഭാവത്തിന് ഊന്നല്‍ നല്കുന്നു. അതുകൊണ്ടുതന്നെ സഭയെ ശരിയായി മനസ്സിലാക്കുവാന്‍ ധാരാളം മാതൃകകള്‍ അനിവാര്യമാകുന്നു. ഏതെങ്കിലും ഒരു മാതൃക മറ്റൊന്നിനെ നിരാകരിക്കുന്നില്ല. ഒരു മാതൃകയെമാത്രം ആശ്രയിച്ച് സഭയുടെ യഥാര്‍ത്ഥ സ്വഭാവത്തെ മനസ്സിലാക്കുക സാധ്യവുമല്ല. വിവിധ മാതൃകകളെ സമഗ്രമായി സമന്വയിപ്പിച്ചാലെ സഭാവിജ്ഞാനിയത്തിന്‍റെ ആഴങ്ങളിലേയ്ക്ക് പോകുവാന്‍ സാധ്യമാകൂ എന്നാണ് ഡള്ളസ് അഭിപ്രായപ്പെടുന്നതും.

അവരി ഡള്ളസിന്‍റെ അഭിപ്രായത്തില്‍ ഒരു പ്രതിഛായ (Image) കൂടുതല്‍ വിമര്‍ശനാത്മകവും ധ്യാനാത്മകവുമായ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ താത്വികമായ പഠനത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ അതിനെ മോഡല്‍ (Model) എന്ന് വിളിക്കാവുന്നതാണ്. ദൈവശാസ്ത്ര മോഡല്‍ എന്ന് ഡള്ളസ് ഒരു കാമഴല-നെ വിളിക്കുമ്പോള്‍ അത് ഒരു യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു എന്നോ വെളിവാക്കുന്നു എന്നോ അര്‍ത്ഥമാക്കേണ്ടതില്ല. മറിച്ച് ഒരു മാതൃക ഏതൊരു യാഥാര്‍ത്ഥ്യത്തെ ഉദ്ദേശിച്ച് പറയുന്നുവോ അതിനെക്കുറിച്ചുള്ള ആഴമേറിയ പഠനത്തിലേക്കും വിവിധ സാധ്യതകളിലേയ്ക്കും തുറവിയുള്ളതാകുന്നു. അതേസമയം ഓരോ മാതൃകയ്ക്കും അതിന്‍റേതായ നേട്ടവും കോട്ടവുമുണ്ട്. വ്യത്യസ്ത മാതൃകകളെ ഒന്നിപ്പിച്ച് ഏകമാതൃകയിലേക്ക് ഒരുക്കുക എന്ന് പറയുന്നതും സഭയുടെ യഥാര്‍ത്ഥ പ്രകൃതിയെ മനസിലാക്കുന്നതിന് കോട്ടം വരുത്തുന്നതായിരിക്കും. അതുതന്നെയാണ് വിവിധ സഭാ മാതൃകകളുടെ സവിശേഷതയും.

 സഭാമാതൃകകള്‍

  1. സഭ ഒരു സ്ഥാപനമാകുന്നു (Indstitution)

  ഒരു കാലത്ത് സഭയെ ഒരു പൂര്‍ണ്ണസമൂഹമായി (Perfect society) വിശദീകരിച്ചിരുന്നു. കാര്‍ഡിനല്‍ റോബര്‍ട്ട് ബെല്ലര്‍മിന്‍ ആയിരുന്നു ഈ ചിന്തയുടെ ഉപജ്ഞാതാവ്. ഇതിലൂടെ ഇദ്ദേഹം സഭയെ ബാഹ്യമായി കെട്ടുറപ്പുള്ള സമൂഹമായി അവതരിപ്പിക്കുവാന്‍ ശ്രമിച്ചു. Kingdom of France പോലെ കെട്ടുറപ്പും സ്വയംഭരണാവകാശവുമുള്ള ഒരു സമൂഹമാണ് സഭ എന്ന് ബെല്ലര്‍മിന്‍ സഭയെ നിര്‍വ്വചിച്ചു. ഈ ആശയംകൊണ്ട് ബല്ലര്‍മിന്‍ ലക്ഷ്യംവച്ചത് സഭയുടെ ഘടനാപരമായ കെട്ടുറപ്പിന് ഊന്നല്‍ നല്‍കുക എന്നുള്ളതായിരുന്നു. 1550 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തില്‍ സഭയുടെ ഘടനാപരമായ വശത്തിന് വളരെയേറെ പ്രാധാന്യം കൈവന്നു. എങ്കിലും ചില ദോഷങ്ങള്‍ക്കും അത് കാരണമായിട്ടുണ്ട്. സഭയുടെ സ്ഥാപനപരമായ വശങ്ങള്‍ (Institutional Elements) ചിലപ്പോഴെങ്കിലും സ്ഥാപനവത്ക്കരണത്തിലേയ്ക്ക് സഭയെകൊണ്ടെത്തിച്ചു. സഭയിലെ അംഗത്വംകൊണ്ടുമാത്രം തൃപ്തിപ്പെടുകയും ആന്തരികജീവിതത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്യാന്‍ ഈ മാതൃക ഒരു പരിധിവരെ കാരണമായി. സഭയുടെ ചട്ടക്കൂടിന് പ്രാധാന്യമുണ്ടെങ്കിലും പരിധിവിട്ട അതിന്‍റെ പ്രാധാന്യത്തെ ഡള്ളസ് എതിര്‍ക്കുന്നു.

  1. സഭ ഒരു മൗതിക കൂട്ടായ്മയാകുന്നു (Mystical communion)

19-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടം തുടങ്ങി സഭ ക്രിസ്തുവിന്‍റെ മൗതിക ശരീരമാകുന്നു എന്ന പ്രതിഛായക്ക് പ്രാധാന്യം വര്‍ദ്ധിക്കുവാന്‍ തുടങ്ങി. 20-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയുടെ ആരംഭത്തില്‍ തന്നെ സഭ ദൈവജനമാകുന്നു എന്ന ചിന്തയ്ക്ക് പ്രാധാന്യം  ലഭിക്കുവാന്‍ തുടങ്ങി. Yves Congar നെപോലെയുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ ഈ ആശയത്തെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പരിശ്രമിച്ചവരാണ്. തല്‍ഫലമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ "ജനതകളുടെ പ്രകാശം" എന്ന പ്രമാണരേഖയില്‍ "സഭ ദൈവജനമാകുന്നു" എന്ന നിര്‍വ്വചനത്തിന് പരമപ്രാധാന്യം ലഭിച്ചു.

വിശുദ്ധ ഗ്രന്ഥത്തില്‍ അടിസ്ഥാനമിട്ടിരിക്കുന്ന ഈ രണ്ട് പ്രതിഛായകളെ ഒന്നിപ്പിച്ചു കൊണ്ടാണ് ഡള്ളസ് സഭ ഒരു മൗതീക കൂട്ടായ്മയാകുന്നു എന്ന് വിശദീകരിച്ചത്. ഈ കാഴ്ചപ്പാടിലൂടെ സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം ലഭിക്കുന്നു. സഭ കൂട്ടായ്മയാകുന്നു എന്ന് പറയുമ്പോള്‍ അത് വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്, ദൈവവുമായിട്ടുള്ള ബന്ധത്തിനും തുല്യപ്രാധാന്യമുണ്ട്. കൂദാശകളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഈ ബന്ധത്തെ നിലനിര്‍ത്തുമ്പോഴാണ് സഭയുടെ യഥാര്‍ത്ഥ കൂട്ടായ്മ അനുഭവവേദ്യമാകുന്നത്.

  1. സഭ ഒരു കൂദാശയാകുന്നു (Sacrament)

  സഭാപിതാക്കന്മാരായ വി. സിപ്രിയാന്‍, വി. അഗസ്റ്റിന്‍ എന്നിവര്‍ സഭ ഒരു കൂദാശയാകുന്നു എന്ന് പഠിപ്പിച്ചിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരായ Heni de Lubac, Karl Rahner, Otto Semmelroth, Edward Schillebeeckx, Yves എന്നിവരും ഈ ആശയത്തെ ഉയര്‍ത്തിപ്പിടിച്ചവരാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസും സഭയെ ഒരു കൂദാശയായും ഒരു അടയാളമായും മനുഷ്യരെ തമ്മിലും മനുഷ്യനും ദൈവവും തമ്മിലും ഒന്നിപ്പിക്കുന്ന വരപ്രസാദത്തിന്‍റെ ഉപകരണമായും ചിത്രീകരിച്ചു (LG 1,9,49, GS 45).

പ്രധാനമായും രണ്ട് ആശയങ്ങളാണ് "സഭ കൂദാശയാകുന്നു" എന്ന് പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്. ഒന്ന്, ക്രിസ്തു, ദൈവത്തിന്‍റെ കൂദാശയാകുന്നു. രണ്ട്, തിരുസഭ ക്രിസ്തുവിന്‍റെ കൂദാശയാകുന്നു. ക്രിസ്തു ദൈവത്തെ പൂര്‍ണ്ണമായും ഈ ലോകത്തിന് സ്പര്‍ശവേദ്യമാക്കി. ക്രിസ്തുവിലൂടെ ഈ ലോകത്തിന് പൂര്‍ണ്ണമായും ദൈവത്തെ കാണുവാനും കേള്‍ക്കുവാനും, തൊടുവാനും സാധ്യമായി. അങ്ങനെ ക്രിസ്തു ദൈവത്തിന്‍റെ കൂദാശയായി. സഭ ക്രിസ്തുവിന്‍റെ കൂദാശയാകുന്നത് സഭയില്‍ ക്രിസ്തുവിനെ പൂര്‍ണ്ണമായും കാണുവാനും, കേള്‍ക്കുവാനും, തൊടുവാനും സാധിക്കുമ്പോഴാണ്. അതാണ് സഭയുടെ ദൗത്യവും.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ സഭ, ക്രിസ്തുവിനെ പൂര്‍ണ്ണമായും നല്കുന്ന ഭൂമിയിലെ അടയാളമാകുന്നു. ഈ സഭയ്ക്ക് ബാഹ്യവും ആന്തരികവുമായ വശങ്ങള്‍ ഉണ്ട്. ഇവ രണ്ടും ആവശ്യവുമാണ്. സഭയുടെ ഘടനാപരമായ (Institutional or Structural) വശങ്ങളിലൂടെയാണ് ആന്തരീകജീവന്‍ പ്രകടമാകുന്നത്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ സഭയുടെ ഘടനാപരമായ സവിശേഷതകളിലൂടെ പ്രകടമാകേണ്ടത് വിശ്വാസം, ശരണം, ഉപവി എന്നീ പുണ്യങ്ങളാണ്. അല്ലാത്തപക്ഷം സഭ ജീവനുള്ള സമൂഹം എന്നതിനുപകരം വെറും മൃതശരീരമായി മാറും.

  1. സഭ സന്ദേശവാഹകയാകുന്നു (Herald)

  ഹെറാള്‍ഡ് (Herald) എന്നാല്‍ ഔദ്യോഗികമായ സന്ദേശവാഹകന്‍ എന്നാണര്‍ത്ഥം. രാജാക്കന്മാരുടെ കല്പനകള്‍ ഔദ്യോഗികമായി ജനമദ്ധ്യത്തില്‍ പ്രഘോഷിക്കുന്നവനാണ് 'ഹെറാള്‍ഡ്'. ഈ മാതൃകയിലൂടെ സഭ ക്രിസ്തുവിന്‍റെ ഔദ്യോഗിക സന്ദേശവാഹകയാണ്. വചനം മാംസം ധരിച്ച് ഭൂമിയില്‍ അവതരിച്ച ക്രിസ്തുവാകുന്ന വചനത്തെ കേന്ദ്രീകരിച്ചാണ് ഈ മാതൃക അവതരിപ്പിക്കപ്പെടുന്നത്. ഇത് "കരിസ്മാറ്റിക്" മോഡല്‍ എന്നും അറിയപ്പെടുന്നുണ്ട്. പ്രേഷിതയായ സഭയുടെ പ്രവാചക ദൗത്യമാണ് ദൈവവചനപ്രഘോഷണമെന്ന് ഈ മാതൃക വ്യക്തമാക്കുന്നു.

  1. സഭ ശുശ്രൂഷകയാകുന്നു

  രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷം സഭയുടെ ശുശ്രൂഷാ മനോഭാവത്തെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ ശക്തമാക്കുവാന്‍ വിവിധ തലങ്ങളില്‍ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1960 കളില്‍ സഭ ഈ ലോകത്തെ സേവിക്കുവാന്‍ നിയോഗിക്കപ്പെട്ടവളാണ് എന്ന ചിന്ത ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ പ്രബലമായിട്ടുണ്ട്. 1966 ല്‍ ബോസ്റ്റണ്‍ രൂപതയുടെ മെത്രാനായിരുന്ന കാര്‍ഡിനല്‍ കുഷിങ്ങ് "The Servant Church"എന്ന പേരില്‍ ഇറക്കിയ ഇടയലേഖനം ഈ ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഇദ്ദേഹത്തിന് പുറമെ Teilhard de Chardin, Dietrich Bonhoeffer എന്നിവരും ഈ മാതൃക പ്രബലമാക്കുവാന്‍ ഇടയാക്കിവരാണ്.

സഭയ്ക്ക് മതേതര ലോകത്തുള്ള സ്ഥാനവും കടമയുമാണ് ഈ മാതൃക സൂചിപ്പിക്കുന്നത്. സത്യവും നീതിയും സമാധാനവും സ്നേഹവും സൗഹൃദവും ഈ ലോകത്ത് സംജാതമാക്കുവാനുള്ള സഭയുടെ എല്ലാ പരിശ്രമങ്ങളും ദൈവരാജ്യ സംസ്ഥാപനത്തിനുള്ള അവളുടെ കടമകളായിട്ടാണ് സഭ എന്നും കരുതിപോന്നിരുന്നത്. അതുകൊണ്ടുതന്നെ മാനുഷികവും ദൈവീകവുമായ മൂല്യങ്ങളെ പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഈ ഭൂമിയിലെ ശുശ്രൂഷാസമൂഹമാണ് സഭ. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഭ ലോകത്തിലെ എല്ലാ സേവനരംഗങ്ങളിലേക്കും അതിലൂടെ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലേക്കും എത്തി നില്ക്കുന്നു.

  1. സഭ ശിഷ്യന്മാരുടെ സമൂഹമാകുന്നു (Community of disciples)

  ഈ മാതൃകയില്‍ സഭയും ക്രിസ്തുവും തമ്മിലുള്ള തുടര്‍ച്ചയായ ബന്ധത്തിനാണ് പ്രാധാന്യം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ആദ്യത്തെ ചാക്രിക ലേഖനത്തില്‍ "സഭ ശിഷ്യന്മാരുടെ സമൂഹമാകുന്നു" (Redempter Hominis, No. 21) എന്ന പരാമര്‍ശമാണ് ഈ മാതൃകയ്ക്ക് ആധാരം.

ലോകത്തിന്‍റെ മുഴുവന്‍ വിശുദ്ധീകരണത്തിനായി ഈശോ ചെറിയ സമൂഹത്തെ തിരഞ്ഞെടുത്ത് പ്രത്യേകം പഠിപ്പിച്ചും, പരിശീലിപ്പിച്ചും വളര്‍ത്തിയിരുന്നു എന്ന വസ്തുത സുവിശേഷങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഈ കൊച്ചു സമൂഹത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ സഭ. അതുകൊണ്ടുതന്നെ ഈ അപ്പസ്തോലിക സമൂഹത്തിന്‍റെ സവിശേഷതകള്‍ എല്ലാം ഉള്‍ക്കൊണ്ട് ജീവിക്കുവാന്‍ ഇന്നത്തെ സഭയ്ക്ക് കടമയുണ്ട്. ആദിമ ക്രൈസ്തവസമൂഹം യേശുവിന്‍റെ ശിഷ്യത്വം ജീവിച്ചതുപോലെ ഇന്നത്തെ സഭാവിശ്വാസികള്‍ ഈ ശിഷ്യത്വത്തിന് ലോകത്തില്‍ സാക്ഷികളാകേണ്ടവരാണ്. ഇങ്ങനെയുള്ള സഭയുടെ ഏകത്വം എന്ന് പറയുന്നത് ഭൗതികമായ ഐക്യത്തേക്കാളുപരി ആന്തരികമായി ഉപവി പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ ഒരു സൗഹൃദത്തിന്‍റെ കൂട്ടായ്മയാണ്. സഭ പരിശുദ്ധയാകുന്നുവെന്ന് പറയുമ്പോള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ആഴമേറിയ ബന്ധത്തില്‍നിന്നും ഉളവാകുന്ന വിശുദ്ധിയാണ് അര്‍ത്ഥമാക്കുന്നത്. സഭയുടെ സാര്‍വ്വത്രികത എന്നാല്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതും അനേകംപേരുടെ അംഗത്വവും സ്വന്തമായുള്ള സഭ ആരെയും ഒഴിവാക്കാതെ എല്ലാവരിലേയ്ക്കും എത്തിനില്ക്കുന്ന ദൈവസ്നേഹത്തിന്‍റെ കൂട്ടായ്മയാകുന്നു എന്നാണ്. അപ്പസ്തോലികമായ സഭ എന്നുപറയുമ്പോള്‍ ഈ മാതൃക ഉദ്ദേശിക്കുന്നത് പൗരോഹിത്യത്തിന്‍റെ പിന്‍തുടര്‍ച്ച എന്നതിനേക്കാള്‍ ആദിമസഭയെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ച ഇന്നും സഭയിലൂടെ തുടരുന്നു എന്നാണ്. ഇങ്ങനെ ശിഷ്യത്വത്തിന്‍റെ വി. ഗ്രന്ഥാടിസ്ഥാനത്തിലുള്ള മൂല്യങ്ങളിലേയ്ക്ക് സഭയുടെ പരമ്പരാഗതമായ സവിശേഷതകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഈ മാതൃകകൊണ്ട് സാധിക്കുന്നത്.

ഉപസംഹാരം

ഡള്ളസിന്‍റെ മോഡല്‍ പഠനരീതി ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ സഭാവിജ്ഞാനീയത്തിന് ഏറെ സ്വീകാര്യത കൈവരിക്കാന്‍ സഹായിച്ചു. സഭയാകുന്ന രഹസ്യത്തെ നാനാമുഖങ്ങളില്‍ നിന്ന് നോക്കിക്കാണുവാനും സഭയുടെ വളര്‍ച്ചയെ വിലയിരുത്തുവാനും ഈ പഠനരീതി സഹായിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മാതൃക മാത്രം ഒരു സമയത്ത് പരിഗണിക്കുന്നത് സഭയുടെ സ്വഭാവത്തിന്‍റെ സമഗ്രതയെ ബാധിക്കുവാന്‍ സാധ്യതയുണ്ട്. എത്രയധികം മാതൃകകളിലൂടെ സഭയെ വിശദീകരിക്കാമോ അത്രയധികം ആഴത്തിലും വ്യാപ്തിയിലും സഭയുടെ സ്വഭാവത്തെയും സവിശേഷതകളെയും മനസിലാക്കുവാന്‍ സാധിക്കുന്നതാണ്.

 

Models of the Church the church Mar Joseph Pamplany theology church as an institute mystical communion church as a sacrament church as a herald church as a servant community of disciples Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message