We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jose Kochuparambil On 21-Sep-2022
ഈശോമിശിഹായുടെ പരസ്യശുശ്രൂഷയുടെ ഓർമയാചരണമാണ് ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകൾ. ഈശോയ്ക്ക് നിസ്തുല സാക്ഷ്യംവഹിച്ച രക്തസാക്ഷികളെയും വിശുദ്ധരെയും സവിശേഷമായി ഈ വെള്ളിയാഴ്ചകളില്‍ അനുസ്മരിക്കുന്നു. ഇതനുസരിച്ച് ദനഹാ അഞ്ചാം വെള്ളിയാഴ്ച “ഗ്രീക്ക് സഭാപിതാക്കന്മാരുടെ' ഓർമയാചരണമായിട്ടാണ് 1959ൽ റോമിൽ നിന്ന് സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ചു നൽകിയ "ഓർദോ"യിൽ കാണുന്നത്. എന്നാൽ 1301ൽ കൊടുങ്ങല്ലൂരിൽ വച്ച് എഴുതപ്പെട്ട ശ്ലീഹാ പഞ്ചാംഗത്തിൽ (Vat.Syr.22) ഗ്രീക്ക് മല്പ്പാന്മാരുടെ ഓർമ (അതായത് മാർ ഡിയദോറിന്റെയും മാർ തെയദോറിന്റെയും മാർ നെസ്തോറിയസിന്റെയും) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇവർ ഗ്രീക്ക് മല്പ്പാന്മാരല്ല. അന്നത്തെ അംഗീകൃത ദൈവശാസ്ത്രഭാഷയായ ഗ്രീക്കിൽ സത്യവിശ്വാസത്തെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും സഭയെ നയിക്കുകയും ചെയ്ത അന്ത്യോക്യൻ മല്പാന്മാരാണ് അവർ.
നിഖ്യാവിശ്വാസപ്രമാണത്തിന്റെ വക്താവും പ്രചാരകനുമായിരുന്ന താർസസിലെ ഡിയദോർ (+390) ആണ് ഇതിൽ ഒന്നാമൻ. അന്ത്യോക്യൻ വേദാധ്യായന സർവകലാശാലയിലെ പ്രധാന ഗുരുവായ അദ്ദേഹത്തിന്റെ കീഴിലാണ് മൊപ്സുവെസ്തിയായിലെ തെയദോർ ദൈവശാസ്ത്രം അഭ്യസിച്ചത്. ആര്യൻ അബദ്ധസിദ്ധാന്തങ്ങൾക്കെതിരേ സത്യവിശ്വാസരഹസ്യങ്ങൾ പ്രഘോഷിക്കുന്ന "പ്രത്യുത്തരഗീതങ്ങൾ" (Antiphones) ആരാധനക്രമങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ സംഭാവനയാണ്. വേദപുസ്തകത്തിലെ ചരിത്രപരമായ അംശത്തിനു ഊന്നൽ കൊടുത്തുകൊണ്ടുള്ള അന്ത്യോക്യൻ ബൈബിൾ വ്യാഖ്യാന രീതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ചരിത്രപരതയ്ക്ക് കൊടുക്കുന്ന ഈ പ്രാമുഖ്യം വഴി മനുഷ്യാവതാരം ചെയ്ത മിശിഹായുടെ മനുഷ്യത്വത്തിനു ഊന്നൽ കൊടുത്തുകൊണ്ടുള്ള ചിന്താസരണികളും അദ്ദേഹം വെട്ടിത്തുറന്നു. ആര്യൻ-അപ്പോളിനാരിയൻ പാഷണ്ഡതകൾക്കെതിരെ നിലയുറപ്പിച്ച അദ്ദേഹം നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ(381) സുപ്രധാന പങ്കു വഹിച്ചു. "വിശ്വാസത്തിന്റെ ജേതാവ്" എന്നാണ് തിയോഡേഷ്യസ് ചക്രവർത്തി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ പിൽക്കാലത്ത് ഉണ്ടായ സഭാതർക്കവിതർക്കങ്ങളിൽ അദ്ദേഹം ചില സഭകളിൽ അനഭിമതനായിത്തീർന്നുവെങ്കിലും പൗരസ്ത്യ സുറിയാനി സഭ അദ്ദേഹത്തെ ഒരു വിശുദ്ധനായി വണങ്ങിപ്പോന്നു.
രണ്ടാമത്തെ മല്പ്പാൻ മൊപ്സുവെസ്തിയായിലെ (Cilicila) മാർ തെയദോർ ആണ്(+428). അന്ത്യോക്യൻ ദൈവശാസ്ത്ര സ്കൂളിന്റെ ഏറ്റവും ശക്തനായ വക്താവാണ് അദ്ദേഹം. വേദഗ്രന്ഥവ്യാഖ്യാതാവ്, ആരാധനക്രമ കൂദാശകളുടെ വ്യാഖ്യാതാവ് എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ അദ്ദേഹത്തിന്റെ ചിന്തകൾ എദേസായിലെയും തുടർന്ന് നിസിബിസിലെയും പൗരസ്ത്യ സുറിയാനി സർവകലാശാലകളിൽ സമാദരണീയമായിത്തീർന്നു. ഇവിടങ്ങളിൽ മാർ അപ്രേമിന്റെ ദൈവശാസ്ത്ര ചിന്താശൈലികൾക്കുമേൽ തെയദോറിയൻ ആശയ പ്രപഞ്ചം മേൽകൈ നേടി എന്നതാണ് ചരിത്രം. വിശുദ്ധ വേദപണ്ഡിതനായി ജീവിച്ചു മരിച്ച അദ്ദേഹത്തെ, 125 വർഷങ്ങൾക്കുശേഷം 553ല്‍ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വച്ച് വേദവിപരീതിയായി മുദ്രകുത്തി. സത്യവിശ്വാസത്തിൽ മരിച്ച ഒരാളെ ആനുകാലിക സഭാ സംഭവങ്ങളുടെ പേരിൽ ഇങ്ങനെ മുദ്രകുത്തിയത് ശരിയല്ല എന്ന് വാദിച്ച വിജിലിയൂസ് മാർപാപ്പയെ ജസ്റ്റീനിയൻ ചക്രവർത്തി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിൽ തടവിൽ പാർപ്പിച്ചാണ് ഇതിന് ആധാരമായ അംഗീകാരത്തിന് ഒപ്പുവയ്പ്പിച്ചത് എന്നാണ് ചരിത്രം. റോമാസാമ്രാജ്യത്തിലെ സഭ എടുത്ത ഈ നിലപാടിന്റെ പ്രതികരണമായിട്ടുവേണം പേർഷ്യയിലെ പൗരസ്ത്യ സുറിയാനി സഭയിൽ മാർ ഈശോയാബ് രണ്ടാമന്റെ സിനഡിൽ വച്ച് (585) മാർ തെയഡോറിനെ "വിശുദ്ധവ്യാഖ്യാതാവ്" എന്ന് പ്രഖ്യാപിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് കാതോലിക്കോസ് മാർ ആബായും അദ്ദേഹത്തിന്റെ സഹായി മാർ തോമായും കോൺസ്റ്റാന്റിനോപ്പിൾ സന്ദർശനത്തിനുശേഷം (540-552) വിരചിച്ച പൗരസ്ത്യ സുറിയാനി അനാഫൊറക്ക് മാർ തെയദോറിന്റെ കൂദാശ എന്ന് നാമകരണം ചെയ്തതും. ഗ്രീക്കിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ മൂലകൃതികളെല്ലാം നശിപ്പിക്കപ്പെട്ടുവെങ്കിലും എദേസ്സൻ-നിസിബിസ് സ്കൂളുകളിൽ വച്ചു പല കൃതികളും സുറിയാനിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് ഭാഗ്യമായി. യൂറോപ്യൻ സർവക ലാശാലകൾ സഭാപിതാക്കന്മാരുടെ കൃതികളുടെ ഗണത്തിൽ അവ എഡിറ്റ് ചെയ്തു പുനഃപ്രസിദ്ധീകരണം ചെയ്തിട്ടുമുണ്ട്. രണ്ടാം വത്തിക്കാൻ പ്രമാണരേഖയായ "ദൈവാവിഷ്കരണം" 16ന്റെ 30-ാം അടിക്കുറിപ്പിൽ മാർ തെയദോറിന്റെ പേരും ആധികാരിക സഭാപിതാക്കന്മാരോടൊപ്പം പരാമർശിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
മൂന്നാമത്തെ മല്പ്പാൻ മാർ നെസ്തോറിയസ് ആണ്. അന്ത്യോക്യൻ സ്കൂളിൽ വിദ്യാഭ്യാസം സിദ്ധിച്ച പ്രഭാഷകനും ദൈവശാസ്ത്രചിന്തകനുമായ അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കിസ് ആകുവാൻ ചക്രവർത്തി ക്ഷണിച്ചുകൊണ്ട് പോവുകയാണുണ്ടായത്. എന്നാൽ അന്ത്യോക്യൻ അലക്സാണ്ട്രിയൻ സ്കൂളുകളിൽ ഉപയോഗിച്ചുവന്ന ദൈവശാസ്ത്രസംജ്ഞകൾ പരസ്പരം ഉൾക്കൊള്ളാനാവാത്തതിനാൽ നെസ്തോറിയസിൽ പാഷണ്ഡത ആരോപിക്കപ്പെടുകയും അദ്ദേഹം തന്നെ ആവശ്യപ്പെട്ടു വിളിച്ചുചേർത്ത എഫേസൂസ് സൂനഹദോസിൽ വച്ചു (430) തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം നിഷേധിക്കപ്പെട്ട് ഒരു പാഷണ്ഡിയായി മുദ്രകുത്തപ്പെടുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂലകൃതികൾ എല്ലാം നശിപ്പിക്കപ്പെട്ടെങ്കിലും വിപ്രവാസകാലത്ത് എഴുതിയ Bazaar of Heracleides എന്ന ഗ്രന്ഥവും മറ്റ് എഴുത്തുകുത്തുകളുമെല്ലാം പരിഗണിച്ച്, അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട "മിശിഹായിൽ രണ്ടു വ്യക്തിത്വങ്ങൾ ഉണ്ട്" എന്ന"നെസ്തോറിയൻ പാഷണ്ഡത" വാസ്തവമല്ല എന്നാണ് ആധുനിക ദൈവശാസ്ത്രപഠനങ്ങൾ വ്യക്തമാക്കുന്നത്. ദൈവ ശാസ്ത്രജ്ഞൻമാരായ കാർഡിനൽ ഗ്രിൽമേയർ, ആൻഡ്രേ ദേഹാലോ, ലൂയിസെ അബ്രഹാമോസ്കി, സെബാസ്റ്റ്യൻ ബ്രോക്ക് തുടങ്ങിയവർ ഇത് ശരിവയ്ക്കുന്നു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും കിഴക്കിന്റെ സഭയുടെ തലവനായ മാർ ദിനഹാ നാലാമനും 1994ൽ പുറപ്പെടുവിച്ച സംയുക്ത ക്രിസ്തുവിജ്ഞാനീയപ്രഖ്യാപനത്തിലും വ്യത്യസ്ത പദപ്രയോഗങ്ങൾ പിന്തുടരുമ്പോഴും ഒരേ ക്രിസ്തുവിശ്വാസം ഞങ്ങൾ പങ്കുവെയ്ക്കുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ സഭയിലെയോ രാജ്യത്തിലെയോ പാത്രിയാർക്കീസോ, മെത്രാനോ അല്ലായിരുന്നെങ്കിൽ പോലും മാർ നെസ്തോറിയസ് തങ്ങളുടെ അന്ത്യോക്യൻ ദൈവശാസ്ത്രവീക്ഷണങ്ങളുടെ പേരിൽ ബലിയാടായിത്തീർന്നു എന്ന വികാരമാണ് പേർഷ്യാസാമ്രാജ്യത്തിലെ കിഴക്കിന്റെ സഭയിലുണ്ടായിരുന്നത്. അതുകൊണ്ടാണ് ഈ സഭയിലെ ഏറ്റവും വികസിതമായ അനാഫൊറയ്ക്ക് "മാർ നെസ്തോറിയസിന്റെ കൂദാശ" എന്ന് നാമകരണം ചെയ്തതും അത് ചൊല്ലേണ്ട ആണ്ടുവട്ടത്തിലെ അഞ്ച് അവസരങ്ങളിൽ ഒന്ന് ഗ്രീക്ക് മല്പാന്മാരുടെ ഓർമദിനത്തിൽ എന്ന് നിജപ്പെടുത്തിയതും. വിയന്ന കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രോ-ഓറിയന്റെ, സുറിയാനി സഭകൾ തമ്മിലുള്ള അനൗദ്യോഗിക സംവാദങ്ങളിൽ ഈ വിശുദ്ധമല്പ്പാന്മാരുടെ മേൽ ഏർപ്പെടുത്തിയ വിലക്കു നീക്കുന്നതു സംബന്ധിച്ചുള്ള ദൈവശാസ്ത്രപഠനങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നത് ശുഭോദർക്കമാണ് (Syr.Dial.Vol.1998).
church fathers greek fathers greek church fathers Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206