x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

അപ്രമാണികഗ്രന്ഥങ്ങളിലെ മറിയം

Authored by : ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍ , ഡോ. ജേക്കബ് വെള്ളിയാന്‍ On 30-Jan-2021

ന്നു കാനോനികമായി സഭ അംഗീകരിക്കുന്ന വി. ഗ്രന്ഥത്തിലെ 73 ഗ്രന്ഥങ്ങള്‍ കൂടാതെ, ഇസ്രായേലിന്‍റെ ചരിത്രവും ജീവിതരീതികളും, മിശിഹായുടെ ജനനവും ജീവിതവും മരണവും ഉത്ഥാനവും ആദ്യകാലസഭയിലെ പാരമ്പര്യങ്ങളും ആരാധനരീതികളും മറ്റും വിവരിക്കുന്ന ഗ്രന്ഥങ്ങളാണ് അപ്രമാണികഗ്രന്ഥങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പൊതുവെ ഇവയെല്ലാംതന്നെ ബി. സി. രണ്ടാം നൂറ്റാണ്ടിനു ശേഷവും എ. ഡി. രണ്ടാംനൂറ്റാണ്ടിനു മുമ്പുമായി എഴുതപ്പെട്ടതാണ്. പുതിയനിയമ അപ്രമാണികരേഖകള്‍ പലതും സുവിശേഷങ്ങളെക്കാള്‍ പുരാതനമാണ്. ഗ്രീക്കിലും സുറിയാനിയിലും എഴുതപ്പെട്ട ഈ രേഖകളില്‍ അധികവും ഐതിഹ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. എന്നാല്‍ കാനോനിക സമുച്ചയത്തിനും ആദ്യകാലസഭാവിശ്വാസവും ആചാരമര്യാദകളും ജീവിതരീതികളും പാരമ്പര്യങ്ങളും മറ്റും മനസ്സിലാക്കുന്നതിനും ഈ രേഖകള്‍ ഉപകരിക്കുന്നവയാണ്. സഭ ഇന്ന് അംഗീകരിച്ചു വിശ്വസിച്ചുപോരുന്ന പല വിശ്വാസസത്യങ്ങള്‍ക്കുമെതിരായ ചിന്തകളും ഈ രേഖകളിലുണ്ട് എന്നതും ഇവിടെ വിസ്മരിക്കുന്നില്ല. ഇവ വിശ്വസിച്ചു പഠിപ്പിച്ചതുകൊണ്ടു ചില സഭാപിതാക്കന്മാര്‍പോലും അംഗീകരിക്കപ്പെടാതെ പോയിട്ടുണ്ട്. പരിശുദ്ധകന്യകാമറിയത്തെക്കുറിച്ചു പ്രത്യേകമായിട്ടു പരാമര്‍ശിക്കുന്ന ഇത്തരത്തിലുള്ള രേഖകളും അവയിലെ പ്രധാനാശയങ്ങളുമാണ് ഈ ഭാഗത്തെ പ്രതിപാദ്യം. അപ്രമാണികഗ്രന്ഥസമുച്ചയം പ്രധാനമായും രണ്ടുഗണങ്ങളായി തിരിച്ചിരിക്കുന്നു.

  1. യഹൂദക്രിസ്തീയ അപ്രമാണികഗ്രന്ഥങ്ങള്‍

യഹൂദരുടെ ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ പുതിയനിയമചരിത്രത്തെയും വ്യക്തികളെയും ആലങ്കാരികമായും അതിശയോക്തിനിറഞ്ഞതുമായ രീതിയില്‍ ഈ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു.

നസറായന്‍റെ സുവിശേഷം (Gospel of the Nazaaraeans)

ഇതില്‍ രക്ഷകന്‍റെ അമ്മയും അവന്‍റെ സഹോദരന്മാരുമാണു മറിയവുമായി ബന്ധപ്പെട്ട പരാമര്‍ശം. സ്നാപകന്‍റെ പാപമോചനത്തിനുള്ള മാമ്മോദീസ സ്വീകരിക്കുന്നതിനായി നമുക്കു പോകാമെന്ന് അവന്‍റെ സഹോദരന്മാര്‍ പറയുന്നു. അതിന് ഈശോ ഇങ്ങനെ മറുപടി പറയുന്നു. "പാപം ചെയ്യാത്ത ഞാന്‍ എന്തിനു പാപമോചനത്തിനുള്ള മാമ്മോദീസ സ്വീകരിക്കാന്‍ പോകണം?"

എബിയോണൈറ്റ്സിന്‍റെ സുവിശേഷം

നിരവധി പാഷണ്ഡചിന്താഗതികള്‍ നിറഞ്ഞതാണ് ഈ രേഖ. ഇതില്‍ പ്രധാനപ്പെട്ടത് ഈശോയുടെ സഹോദരന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും മിശിഹാ ദൈവത്തിന്‍റെ ദത്തുപുത്രനാണെന്നുള്ള ആശയവുമാണ്.

പത്രോസിന്‍റെ സുവിശേഷം

ഇതില്‍ യൗസേപ്പ് നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു എന്നും അദ്ദേഹത്തിന്‍റെ പുത്രന്മാരെയാണ് ഈശോയുടെ സഹോദരന്മാര്‍ എന്നു വിളിച്ചിരുന്നതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. പീഡാനുഭവത്തെയും ഉത്ഥാനത്തെയുംകുറിച്ചുള്ള പത്രോസിന്‍റെ സുവിശേഷത്തില്‍ (Gospel of Peter on the Passion and Resurrection) കന്യകമറിയം കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നതായി പറയുന്നില്ല.

പാത്രീയര്‍ക്കുമാരുടെ ഉടമ്പടി (Testaments of the Twelve Patriarchs)

കന്യകമറിയവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ഭാഗം 19-ാമത്തെ അദ്ധ്യായത്തിലെ 8-ാമത്തെ വാചകമാണ്. ഇത് യൗസേപ്പിന്‍റെ ഒരു ദര്‍ശനമാണ്. ദൈവീകശക്തിയാല്‍ അലംകൃതവും കന്യകയുമായ ഒരു യുവതിയെക്കുറിച്ചുള്ള യൗസേപ്പിന്‍റെ ദര്‍ശനമാണിവിടെ വിവരിച്ചിരിക്കുന്നത്.

ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന "വിവിധ വര്‍ണ്ണശബളമായ മേലങ്കിയണിഞ്ഞവള്‍" എന്ന പരാമര്‍ശം വെളിപാട് 19,8, സങ്കീര്‍ത്തനം 44,14 എന്നിവയുടെ പശ്ചാത്തലത്തില്‍ വിരചിതമാണെന്നാണു പണ്ഡിതമതം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അലംകൃതയായ ഈ കന്യക മിശിഹായുടെ വധുവായ സഭയാണ്. മറിയം സഭയുടെ പ്രതിരൂപം എന്ന വര്‍ണ്ണന സഭാപിതാക്കന്മാര്‍ നല്കിയിരിക്കുന്നത് ഒരുപക്ഷെ ഈ അപ്രമാണികരേഖയുടെ അടിസ്ഥാനത്തിലായിരിക്കാം.

ഏശയ്യായുടെ കരേറ്റം (Ascension of Isaiah)

ഈശോയുടെ അദ്ഭുതകരമായ ജനനത്തെക്കുറിച്ച് ഇതില്‍പരാമര്‍ശിക്കുന്നു. മറിയം കന്യകയായിരിക്കെത്തന്നെ പ്രസവവേദനകൂടാതെ പുത്രനു ജന്മം നല്കുന്നു. എന്നാല്‍ അവന്‍ മറ്റു കുട്ടികളെപ്പോലെതന്നെയായിരുന്നു. മറിയം പരിപൂര്‍ണ്ണ കന്യകയായിരുന്നു (Parthenos agne) എന്നു വി. ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നതാണെന്നാണു (ഉല്പ 4,1; ഏശയ്യ 7,14) പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നത്. സോളമന്‍റെ ഗീതങ്ങളിലെ (Odes of Solomon) 19-ാം ഗീതം ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവരിച്ചതാകാം എന്നും പഠിപ്പിക്കുന്നു. അതോടൊപ്പംതന്നെ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യശക്തി വെളിപ്പെടുത്തുന്ന ഭാഗങ്ങളും ഈ രേഖയില്‍ കാണാം.

  1. മനുഷ്യാവതാരവും ബാല്യകാലവും വിശദീകരിക്കുന്ന സുവിശേഷങ്ങളിലെ മറിയം (Mary in the Nativity and Infancy Gospel)

 മറിയത്തിന്‍റെ ജനനം (The Nativity of Mary)

യാക്കോബിന്‍റെ സുവിശേഷം അല്ലെങ്കില്‍ പ്രോട്ടോഎവന്‍ഗേലിയോന്‍ എന്നതിന്‍റെ ആദ്യനാമം മറിയത്തിന്‍റെ ജനനം എന്നതായിരുന്നു.  പരിശുദ്ധ കന്യകമറിയത്തിന്‍റെ മാതാപിതാക്കളെക്കുറിച്ചും മറിയത്തിന്‍റെ അമലോദ്ഭവത്തെക്കുറിച്ചും അവളുടെ കന്യകാത്വത്തെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. മറിയവുമായി ബന്ധപ്പെട്ട, അവളുടെ ഗര്‍ഭധാരണം, ജനനം, ദൈവാലയത്തിലെ കാഴ്ചവയ്ക്കല്‍ എന്നീ മൂന്നുപ്രധാന തിരുന്നാളുകളെക്കുറിച്ചുള്ള പരാമര്‍ശം ഈ രേഖയില്‍ കാണാവുന്നതാണ്. സഭയിലെ ഈ തിരുന്നാളുകളെയും മരിയശാസ്ത്രത്തെയും പൗരസ്ത്യസഭകളിലെ മരിയന്‍ പാരമ്പര്യത്തെയും ഈ ഗ്രന്ഥം സ്വാധീനിച്ചിട്ടുണ്ട്.

ബാല്യകാലത്തെക്കുറിച്ചുള്ള അറബിക്സുവിശേഷം (Arabic Gospel of the Infancy)

ഇതില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ താല്‍പര്യത്തില്‍ ശിശുവായ ഈശോ രണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യത്തെക്കുറിച്ചുള്ള പാരമ്പര്യവും ഇതിന്‍റെ സവിശേഷതയാണ്.

തോമ്മായുടെ സുവിശേഷം (Gospel of Thomas)

ഈശോയുടെ ബാല്യകാലവും മറിയത്തിന്‍റെ മാതൃത്വവും മാദ്ധ്യസ്ഥ്യശക്തിയും വിവരിക്കുന്ന ഈ ഗ്രന്ഥത്തില്‍ പ്രാര്‍ത്ഥിക്കുന്ന മറിയത്തെക്കുറിച്ചുള്ള വിവരണവുമുണ്ട്. ഇതിന്‍റെ ഫലമായി മറിയം പുത്രനെ ദൈവാലയത്തില്‍ കണ്ടതു വിവരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം അവസാനിക്കുന്നത്.

തച്ചനായ യൗസേപ്പിന്‍റെ ചരിത്രം (History of Joseph the Carpenter; TR.B.H. Cowper)

ഈജിപ്തില്‍ ഏതാണ്ട് 7-ാം നൂറ്റാണ്ടില്‍ വിരചിതമായ ഈ ഗ്രന്ഥം പൊതുവെ രണ്ടു ഭാഗങ്ങളായി (1 മുതല്‍ 11 വരെയും, 12 മുതല്‍ 32 വരെയുമുള്ള അദ്ധ്യായങ്ങളായി) തിരിച്ചിരിക്കുന്നു. ഇതിലെ ആദ്യഭാഗത്ത് യൗസേപ്പിന്‍റെ രണ്ടാംവിവാഹത്തെക്കുറിച്ചും പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി അദ്ഭുതകരമായി ജനിച്ച മിശിഹായെക്കുറിച്ചും ഈജിപ്തിലെക്കുള്ള പലായനത്തെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. 40 വയസ്സുള്ളപ്പോള്‍ വിവാഹിതനായ യൗസേപ്പ് 49 വര്‍ഷം ഭാര്യയൊത്തുജീവിച്ചു. അതില്‍ നാലു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ദൈവനിയോഗപ്രകാരം 12 വയസ്സുള്ള മേരിയെ വിവാഹം കഴിച്ചത്. ഇതിനു രണ്ടു വര്‍ഷത്തിനു ശേഷമാണ് ഈശോയുടെ ജനനം. യൗസേപ്പിന്‍റെ മരണസമയത്ത് ഇളയപുത്രനായ യാക്കോബിനെയാണു മറിയത്തെ ഏല്പിച്ചത്. സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന മംഗലവാര്‍ത്തയെക്കുറിച്ചോ മറിയം ഏലീശ്ബായെ സന്ദര്‍ശിച്ചതിനെക്കുറിച്ചോ ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ചോ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നില്ല.

ഈ ഗ്രന്ഥത്തിലെ രണ്ടാം ഭാഗം 111-ാം വയസ്സില്‍ യൗസേപ്പു മരിക്കുന്നതിനെക്കുറിച്ചാണു പ്രധാനമായും വിവരിക്കുന്നത്.

മറിയത്തിന്‍റെ പൂര്‍ണ്ണകന്യകത്വത്തെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. ഇതു യൗസേപ്പു തന്നെ അംഗീകരിക്കുന്നതായിട്ടാണ് ഇതില്‍ വിവരിച്ചിരിക്കുന്നത് (അദ്ധ്യായം 17). മറിയം ദൈവമാതാവാണെന്ന് ഈ ഗ്രന്ഥത്തില്‍ സംബോധന ചെയ്തിട്ടില്ലെങ്കിലും, യൗസേപ്പ് ഈശോയെ "എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" യെന്നും, "എന്‍റെ രക്ഷകനായ ദൈവപുത്രനെന്നും" വിളിച്ചു കാണുന്നതു മറിയത്തിന്‍റെ ദൈവമാതൃത്വത്തെ യൗസേപ്പ് അംഗീകരിക്കുന്നതിനു തെളിവാണ്.

ബര്‍ത്തലോമിയോയുടെ സുവിശേഷം (Gosper of Barthalomeo)

മരിയഭക്തി കുറെയൊക്കെ വളര്‍ന്നുവന്ന ഒരു കാലഘട്ടത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടതെന്നാണ് അനുമാനം. കാരണം ഈ ഗ്രന്ഥത്തിലാണു മറിയത്തിന്‍റെ വിശേഷതരത്തിലുള്ള ചില സംബോധനകളായ മറിയം ഏറ്റവും അംഗീകരിക്കപ്പെട്ടവള്‍ (Kechariotomene), അത്യുന്നതന്‍റെ കൂടാരം (സക്രാരി), ലോകത്തിന്‍റെ രക്ഷ, മാതാവ്, രാജ്ഞി, ശുശ്രൂഷ, സ്വര്‍ഗ്ഗീയ രാജാവിന്‍റെ മാതാവ് തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നതായി കാണുന്നത്.

ശ്ലീഹന്മാര്‍ തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറിയത്തോട് അപേക്ഷിക്കുന്നതും മറിയം ശിഷ്യരുടെ സംശയം ദൂരീകരിക്കുന്നതിനായി മംഗലവാര്‍ത്ത സംഭവം വിശദീകരിച്ചുകൊടുക്കുന്നതും ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണ്.

നിക്കോദേമൂസിന്‍റെ സുവിശേഷം (Gospel pf Nicodemos)

പീലാത്തോസിന്‍റെ നടപടി (Acts of Pilate) എന്നപേരിലും ഈ ഗ്രന്ഥം അറിയപ്പെട്ടുവരുന്നു. ഇതിലെ, മറിയവുമായ ബന്ധപ്പെട്ട പരാമര്‍ശം, അവളുടെ കുരിശിന്‍ചുവട്ടിലെ വേദന നിറഞ്ഞ വാക്കുകളാണ്.

വെളിപാടുകളും നടപടികളും (Act and Apocalypses)

രണ്ടാംനൂറ്റാണ്ടിന്‍റെ (160-170) എഴുതിയ പൗലോസിന്‍റെ നടപടികള്‍ (Acts of Paul) എന്ന ഗ്രന്ഥത്തിന്‍റെ മറിയത്തിന്‍റെ പൂര്‍ണ്ണകന്യകത്വത്തെക്കുറിച്ചു പരാമര്‍ശിക്കുന്നു.

പത്രോസിന്‍റെ നടപടികള്‍ (Acts of Peter)

എ.ഡി. 150നും 200നുമിടയില്‍ ഏഷ്യാമൈനറില്‍ വച്ച് രചിച്ചതാണ് ഈ രേഖ. ഏശയ്യ 7,14; 53,8, ദാനിയേന്‍റെ 2, 34; ലൂക്കാ 1, 34-35; മത്തായി 1,18-19; യോഹന്നാന്‍ 3,13 എന്നീ വി. ഗ്രന്ഥഭാഗങ്ങളുടെ അടിസ്ഥാനത്തിന്‍റെ മറിയത്തിന്‍റെ കന്യകാമാതൃത്വത്തെക്കുറിച്ച് ഈ രേഖയില്‍ ദീര്‍ഘമായ പരാമര്‍ശങ്ങളുണ്ട്. അന്നു സഭയില്‍ ഉണ്ടായ ഡോസെറ്റിസം (ഈശോ യഥാര്‍ത്ഥത്തില്‍ മനുഷ്യനല്ല, മനുഷ്യനെപ്പോലെ കാണപ്പെടുന്നതേയുള്ളു എന്ന പാഷണ്ഡതയാണിത്. ഇതുവഴി ഇക്കൂട്ടര്‍ മനുഷ്യാവതാരവും പ. ത്രിത്വവും കുരിശുമരണവും നിഷേധിക്കുന്നു) എന്ന പാഷണ്ഡതയ്ക്കെതിരെയുള്ള പഠനമാണ് ഈ രേഖയില്‍ പ്രധാനമായും കാണുന്നത്. എ.ഡി. 431 ലെ കൗണ്‍സിലും മറിയം ദൈവമാതാവാണെന്ന പ്രഖ്യാപനവും ഈ രേഖയുടെ സ്വാധീനമാകാമെന്ന ചിന്ത നിലനില്ക്കുന്നു.

അന്ത്രയോസിന്‍റെ പീഡാനുഭവങ്ങള്‍, ബര്‍ത്തലോമിയോയുടെ പീഡാനുഭവങ്ങള്‍ (Passion of St. Andrew, Passion of Bartholomeo)

കലര്‍പ്പില്ലാത്തതും കറയില്ലാത്തതുമായ മണ്ണില്‍ നിന്നുള്ള മറിയത്തിന്‍റെ ജനനം എന്ന പിതാക്കന്മാരുടെ മരിയചിന്തകളുടെ ചുവടുപിടിച്ചു മറിയത്തിന്‍റെ കന്യത്വം നിര്‍വചിക്കുന്ന രണ്ടു പ്രധാന രേഖകളാണിവ.

ഫിലിപ്പോസിന്‍റെ സുവിശേഷം (Gospel of Philip)

ഈ രേഖയില്‍ കന്യാമറിയത്തെ ഒരു വലിയ ശക്തിയായിട്ടാണു ചിത്രീകരിക്കുന്നത്. അതു പരിശുദ്ധ റൂഹായാണ്. മറിയത്തിന്‍റെ കന്യാത്വം ഈ രേഖയില്‍ അംഗീകരിച്ച് ഏറ്റുപറയുകയും, ഈശോയുടെ യഥാര്‍ത്ഥ പിതാവ് സ്വര്‍ഗ്ഗത്തിലുള്ള പിതാവാണെന്ന് അംഗീകരിച്ചു പറയുകയും ചെയ്യുന്നു.

തോമ്മായുടെ സുവിശേഷം (Gospel of Thomas)

114 ഉദ്ധരണികളുടെ (Sayings, Logia) ഒരു സമുച്ചയമാണ് ഈ രേഖ. 79, 99, 101, 114 എന്നീ ഉദീരണങ്ങള്‍ മറിയത്തിന്‍റെ അപദാനങ്ങള്‍ കീര്‍ത്തിക്കുന്നതും അവളുടെ കന്യാത്വത്തെ പ്രകീര്‍ത്തിക്കുന്നതുമാണ്.

മേല്‍പ്പറഞ്ഞ അപ്രമാണികരേഖകള്‍ കൂടാതെ പരിശുദ്ധ കന്യക മറിയത്തെ പരോക്ഷമായി പ്രതിപാദിക്കുന്നതും മറിയത്തെക്കുറിച്ചും തിരുക്കുടുംബത്തെക്കുറിച്ചുമുള്ള ഐതിഹ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ മറ്റുനിരവധി രേഖകള്‍ ലഭ്യമാണ്. ഇവയും ഇവയുടെ പഠനങ്ങളും മരിയശാസ്ത്രത്തിനും ദൈവശാസ്ത്രത്തിന് പൊതുവെയും മുതല്‍ക്കൂട്ടാണ്.

 യാക്കോബിന്‍റെ സുവിശേഷം

രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ അപ്രമാണികഗ്രന്ഥം വി. ഗ്രന്ഥത്തില്‍ നിന്നു വിരചിതമായ മറിയത്തിന്‍റെ ദൈവമാതൃത്വം, അമലോദ്ഭവം, കന്യാത്വം തുടങ്ങിയ മരിയന്‍ വിശ്വാസ സത്യങ്ങള്‍ക്കു ആഴം നല്കുന്നതാണ്. അതോടൊപ്പം വി. ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത, മറിയത്തിന്‍റെ ജീവിതത്തിലെ മറ്റു പല സംഭവങ്ങളും രംഗങ്ങളും, ഭാവനാത്മകമായി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിശ്വാസികളുടെ ജിജ്ഞാസയുടെ പ്രതിഫലനവും അവളിലുള്ള വിശ്വാസവുമാണ് ഈ ഗ്രന്ഥം എന്നു പറയാം. ഈശോയുടെ ജനനം മറിയത്തിന്‍റെ അവിഹിതബന്ധത്തില്‍ നിന്നുള്ളതാണെന്ന യഹൂദന്മാരുടെ കുപ്രചരണം നേരിടാനുള്ള ഒരു യജ്ഞംകൂടിയായി ഈ ഗ്രന്ഥത്തിലെ പഠനങ്ങളെ വിലയിരുത്താം.

പ്രസക്തമായ ആശയങ്ങള്‍

ധനികരും ദൈവഭക്തരുമായ യൊവാക്കിം, അന്ന ദമ്പതിമാര്‍ സന്താനരഹിതരായിരുന്നു. മക്കളെ ജനിപ്പിക്കാത്തവര്‍ ബലിയര്‍പ്പിക്കുന്നതു ശരിയല്ലെന്നു ചിലര്‍ യൊവാക്കിമിനോടു പറഞ്ഞു. യൊവാക്കിം ഇസ്രായേല്‍ ചരിത്രം പരിശോധിച്ചപ്പോള്‍ വൃദ്ധനായ അബ്രഹാമിന് ഇസഹാക്ക് എന്ന സന്താനത്തെ ദൈവം നല്‍കിയതായി കണ്ടെത്തി. യൊവാക്കിം ദുഃഖിതനായി മരുഭൂമിയില്‍ കൂടാരമടിച്ചു 40 രാവും 40 പകലും ഉപവസിച്ചു. "ദൈവം എന്നെ സന്ദര്‍ശിക്കുന്നതുവരെ എന്‍റെ ഭക്ഷണവും പാനീയവും പ്രാര്‍ത്ഥനമാത്രം ആയിരിക്കും" എന്നദ്ദേഹം ശഠിച്ചു. സന്താന ഭാഗ്യത്തിനായി പ്രാര്‍ത്ഥിച്ചു.

അന്നയുടെ ഗര്‍ഭധാരണം

വൃദ്ധയായ അന്ന തന്‍റെ വിവാഹ വസ്ത്രമണിഞ്ഞ് ഉദ്യാനത്തില്‍ ഒരു പൂചെടിയുടെ ചുവട്ടിലിരുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു. "ഞങ്ങളുടെ അമ്മയായ സാറായുടെ ഉദരം അനുഗ്രഹിച്ച് ഇസഹാക്ക് എന്ന പുത്രനെ നല്‍കിയ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ, എന്നെ അനുഗ്രഹിക്കുകയും എന്‍റെ പ്രാര്‍ത്ഥനശ്രവിക്കുകയും ചെയ്യണമെ", ഇസ്രായേല്‍ മക്കളുടെ ഇടയില്‍ താനൊരു ശാപമാണെന്ന് അവള്‍ വിലപിച്ചു. ആകാശത്തിലെ പറവകള്‍ക്കും ചിന്താശക്തിയില്ലാത്ത മൃഗങ്ങള്‍ക്കും സന്താനപുഷ്ടി നല്‍കുന്ന ദൈവത്തോടവള്‍ പ്രാര്‍ത്ഥിച്ചു. ആ സമയത്ത് ഒരു മാലാഖ അവള്‍ക്കു പ്രത്യക്ഷപ്പെട്ട് "അന്ന, അന്ന, ദൈവം നിന്‍റെ പ്രാര്‍ത്ഥന ശ്രവിച്ചിരിക്കുന്നു. നീ ഗര്‍ഭം ധരിച്ചു പ്രസവിക്കും". അന്നാ ദൈവത്തോടു വാഗ്ദാനം ചെയ്തു. "എന്‍റെ ദൈവമായ കര്‍ത്താവിനു സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ ഗര്‍ഭം ധരിക്കുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ദൈവമായ കര്‍ത്താവിനു കാഴ്ചയായി സമര്‍പ്പിക്കും". അപ്പോള്‍ രണ്ടു ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ട് അന്നായെ അറിയിച്ചു. "ദൈവം യൊവാക്കിമിന്‍റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അവന്‍ ഇതാ ആട്ടിന്‍പറ്റവുമായി വീട്ടിലേക്കു മടങ്ങുന്നു". യൊവാക്കിം പത്ത് ആട്ടിന്‍കുട്ടികളെ കര്‍ത്താവിനു ബലിയായി നല്‍കുകയും പന്ത്രണ്ടു പശുക്കിടാങ്ങളെ പുരോഹിതന്മാര്‍ക്കു നല്‍കുകയും 100 കോലാട്ടിന്‍ കുട്ടികളെ ജനങ്ങള്‍ക്കായി മാറ്റി നിറുത്തുകയും ചെയ്തു. അന്നാ തിടുക്കത്തില്‍ ഓടി യൊവാക്കിമിനെ ചുംബിച്ചു സ്വീകരിച്ചു.

മറിയത്തിന്‍റെ ജനനം

അന്നാ ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ദിവസങ്ങള്‍ തികഞ്ഞപ്പോള്‍ ശുദ്ധീകരണ കര്‍മ്മം നടത്തുകയും കുഞ്ഞിനു മറിയം എന്നു പേരിടുകയും ചെയ്തു. ആറുമാസമായ കുഞ്ഞിനെ അമ്മ നിലത്തു നിറുത്തിയപ്പോള്‍ കുഞ്ഞ് ഏഴുചുവടുവച്ച് അമ്മയുടെ മടിയിലെത്തി. അവള്‍ കുഞ്ഞിനെ കൈയിലെടുത്തു പറഞ്ഞു: "കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ നിന്നെ കൊണ്ടുചെല്ലുവോളം നീ ഈ മണ്ണില്‍ ഇനി കാലുകുത്തുകയില്ല". കുഞ്ഞിനെ കിടക്കയില്‍ വയ്ക്കുകയും യഹൂദ കന്യകകളെ വിളിച്ചു മറിയത്തിന്‍റെ ഉല്ലാസത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു.

കുട്ടിയുടെ ഒന്നാംജന്മദിനത്തില്‍ എല്ലാ മഹാപുരോഹിതന്മാരെയും നിയമജ്ഞരെയും മൂപ്പന്മാരെയും വിളിച്ച് ഒരു വിരുന്നൊരുക്കി. പുരോഹിതന്മാര്‍ കുഞ്ഞിനെ അനുഗ്രഹിച്ചു. അന്നാ കുഞ്ഞിനെ കിടക്കയില്‍ സജ്ജീകരിച്ച അള്‍ത്താരയില്‍ കിടത്തുകയും ദൈവത്തിനു സ്തോത്രം ആലപിക്കുകയും ചെയ്തു.

ദൈവാലയത്തില്‍ സമര്‍പ്പണം

മറിയത്തിനു മൂന്നു വയസ്സായപ്പോള്‍ അവളെ ദൈവാലയത്തില്‍ പുരോഹിതന്മാരെ ഏല്പിച്ചു. പുരോഹിതന്‍ ശിശുവിനെ ചുംബിച്ച ശേഷം അനുഗ്രഹിച്ചു. സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവളിലൂടെ ദൈവം ഇസ്രായേല്‍ മക്കള്‍ക്കു രക്ഷ വെളിപ്പെടുത്തും എന്നു പറഞ്ഞു. ശിശുവിനെ അള്‍ത്താരയുടെ മൂന്നാം പടിയില്‍ കിടത്തുകയും അവള്‍ എഴുന്നേറ്റു സന്തോഷം കൊണ്ടു നൃത്തം ചെയ്യുകയും ചെയ്തു. മാലാഖമാരില്‍ നിന്നു ഭക്ഷണം സ്വീകരിച്ച് ഒരു പ്രാവിനെപ്പോലെ മറിയം ദൈവാലയത്തില്‍ വളര്‍ന്നു.

മറിയത്തിന്‍റെ വിവാഹം

മറിയത്തിനു പന്ത്രണ്ടു വയസ്സായപ്പോള്‍ അവളുടെ ഭാവി നിശ്ചയിക്കാന്‍ മഹാപുരോഹിതന്‍ തിരുവസ്ത്രങ്ങളണിഞ്ഞു അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു പ്രാര്‍ത്ഥിച്ചു. പെട്ടെന്നു കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "ജനങ്ങള്‍ക്കിടയിലെ വിഭാര്യന്മാരെ വിളിച്ചു കൂട്ടുക. അവര്‍ ഓരോ വടിയും കൈയിലെടുക്കട്ടെ. ദൈവം അവരില്‍ ആര്‍ക്കെങ്കിലും ഒരടയാളം കാണിച്ചാല്‍ അയാള്‍ക്കു മറിയം ഭാര്യയായിരിക്കും". പ്രധാന പുരോഹിതന്‍റെ അടുത്ത് അവര്‍ എത്തിയപ്പോള്‍ അവരുടെ വടികള്‍ അദ്ദേഹം സ്വീകരിച്ചു പ്രാര്‍ത്ഥിക്കുകയും അവരവരുടെ വടികള്‍ തിരിച്ചുകൊടുക്കുകയും ചെയ്തു. യൗസേപ്പിന്‍റെ വടിയില്‍ നിന്ന് ഒരു പ്രാവ് പുറത്തുവന്നു യൗസേപ്പിന്‍റെ ശിരസ്സില്‍ വന്നിരുന്നു. പുരോഹിതന്‍ യൗസേപ്പിനോടു പറഞ്ഞു: "നിനക്കാണു കര്‍ത്താവിന്‍റെ കന്യകയെ സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. നീ അവളുടെ സംരക്ഷണം ഏറ്റെടുക്കുക. യൗസേപ്പിന്‍റെ വടിയില്‍ നിന്നു പ്രാവു പറക്കുകയല്ല, വടി തളിര്‍ത്തുപൂക്കുകയാണു ചെയ്തതെന്നും മറ്റൊരു ഐതിഹ്യത്തില്‍ കാണുന്നുണ്ട്. വയസ്സായ തനിക്കു രണ്ടു പുത്രന്മാരുണ്ടെന്നും മറിയം ബാലികയായതിനാല്‍  താനൊരു പരിഹാസപാത്രമായി തീരുമെന്നും യൗസേപ്പു പറഞ്ഞു. എങ്കിലും, ദൈവനിശ്ചയം നടക്കട്ടെ എന്നു പുരോഹിതന്മാരുടെ മുന്നില്‍ യൗസേപ്പുസമ്മതം നല്കി.

മംഗലവാര്‍ത്ത

മറിയം കുടവുമായി വെള്ളം കോരാന്‍ പോയപ്പോള്‍ അവള്‍ ഒരു അശരീരിവാക്കു കേട്ടു. "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ, നീ സ്ത്രീകളില്‍ അനുഗ്രഹീതയാകുന്നു". മറിയം ഭയചകിതയായി വീട്ടിലെത്തി കുടം വച്ചിട്ടു തുന്നല്‍പ്പണി ആരംഭിച്ചു. അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: "മറിയമേ, നീ ഭയപ്പെടേണ്ട, നീ സര്‍വ്വശക്തന്‍റെ മുമ്പില്‍ കൃപ കണ്ടെത്തിയിരിക്കുന്നു; അവന്‍റെ വചനത്താല്‍ നീ ഗര്‍ഭം ധരിക്കും; അവള്‍ ചോദിച്ചു: "ഞാന്‍ ദൈവത്തില്‍നിന്നു ഗര്‍ഭംധരിക്കുമെന്നോ?" ദൂതന്‍ പറഞ്ഞു: "അങ്ങനെയല്ല, കര്‍ത്താവിന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. അതുകൊണ്ടു നിന്നില്‍നിന്നു ജനിക്കാനിരിക്കുന്നവന്‍ അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. നീ അവന് ഈശോ എന്നു പേരിടണം. അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കും." മറിയം പറഞ്ഞു: "ഇതാ കര്‍ത്താവിന്‍റെ ദാസി നിന്‍റെ വചനംപോലെ എന്നില്‍ഭവിക്കട്ടെ."

എലിസബത്തിനെ സന്ദര്‍ശിക്കുന്നു:

മറിയം തന്‍റെ മാതൃ സഹോദരിയായ എലിസബത്തിനെ കാണുവാന്‍ പോയി. അപ്പോള്‍ എലിസബത്തു പറഞ്ഞു: "കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്‍റെ ഉദരഫലം തുള്ളിച്ചാടി എന്നെ അനുഗ്രഹിക്കുന്നു. മറിയം മൂന്നു മാസക്കാലം അവിടെ താമസിച്ചശേഷം തിരിച്ചുപോയി. അപ്പോള്‍ അവള്‍ക്കു പതിനാറു വയസ്സായിരുന്നു. അവള്‍ ഗര്‍ഭിണിയാണെന്നു കാണപ്പെടുകയും ചെയ്തിരുന്നു.

യൗസേപ്പിന്‍റെ സംശയം:

അവള്‍ക്ക് ആറുമാസമായപ്പോള്‍ യൗസേപ്പ് പണിസ്ഥലത്തു നിന്നും തിരിച്ചു വന്നു. ഗര്‍ഭിണിയായ മറിയത്തെയാണ് അദ്ദേഹം കണ്ടത്. അയാള്‍ തന്‍റെ മുഖത്തടിച്ചു ചാക്കുവസ്ത്രം ധരിച്ചു കരഞ്ഞു പറഞ്ഞു. "കര്‍ത്താവിന്‍റെ ആലയത്തില്‍നിന്നും കന്യകയായിട്ടാണ് അവളെ സ്വീകരിച്ചത്. അവളെ കന്യകയായി സംരക്ഷിക്കുവാന്‍ എനിക്കുകഴിഞ്ഞില്ല. ആരാണെന്നെ വഞ്ചിച്ചത്?". മറിയത്തോട് അയാള്‍ ചോദിച്ചു. "കര്‍ത്താവിനെ മറന്ന് എന്തുകൊണ്ടാണ് നീ ഇങ്ങനെ ചെയ്തത്? മാലാഖയുടെ കരങ്ങളില്‍നിന്നും ഭക്ഷണം സ്വീകരിക്കുകയും വിശുദ്ധസ്ഥലത്തു വളര്‍ന്നുവരികയും ചെയ്ത നീ എന്തുകൊണ്ടാണു നിന്‍റെ ആത്മാവിനെ ഇപ്രകാരം അപമാനിച്ചത്?". ഇതെങ്ങനെ സംഭവിച്ചു എന്നു തനിക്കറിയില്ലെന്നു മറിയം പറഞ്ഞു. മറിയത്തെ എന്താണു ചെയ്യേണ്ടതെന്നു യൗസേപ്പു ചിന്തിച്ചു. അവളുടെ തിന്മമറച്ചുവച്ചാല്‍ താന്‍ ദൈവത്തിന്‍റെ നിയമത്തോടു മറുതലിക്കുകയായിരിക്കും. മാലാഖമാരില്‍ നിന്നാണവള്‍ ഗര്‍ഭം ധരിച്ചതെങ്കില്‍ ഇസ്രായേല്‍ മക്കളോടു വെളിപ്പെടുത്തിയാല്‍ കളങ്കമറ്റ രക്തം ചിന്തി അവള്‍ വധിക്കപ്പെടും; അതിന്‍റെ കുറ്റം തന്‍റെമേല്‍ പതിക്കുകയും ചെയ്യും. രാത്രിയില്‍ മാലാഖ യൗസേപ്പിനു പ്രത്യക്ഷപ്പെട്ടു പരിശുദ്ധാത്മാവുവഴിയാണു മറിയം ഗര്‍ഭം ധരിച്ചതെന്നും കുഞ്ഞിന് "ഈശോ" എന്നു പേരിടണമെന്നും അറിയിച്ചു. യൗസേപ്പ് മറിയത്തെ തുടര്‍ന്നു സംരക്ഷിച്ചു.

ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍:

നിയമജ്ഞനായ അന്നാസ് യൗസേപ്പിനെ സന്ദര്‍ശിച്ചപ്പോള്‍ ഗര്‍ഭിണിയായ മറിയത്തെ കാണുകയും പ്രധാനപുരോഹിതന്‍റെ അടുത്തു ചെന്നു യൗസേപ്പ് കന്യകയായ മറിയത്തെ കളങ്കപ്പെടുത്തിയെന്നും അവള്‍ ഗര്‍ഭിണിയാണെന്നും അറിയിച്ചു. മറിയം ന്യായാധിപസംഘത്തിന്‍റെ മുമ്പിലേക്ക് ആനയിക്കപ്പെട്ടു. ചോദ്യങ്ങള്‍ക്കു മറുപടിയായി "ഞാന്‍ നിര്‍മ്മലയാണ്, ഞാന്‍ പുരുഷനെ അറിയുന്നില്ല" എന്ന് മറിയം പറഞ്ഞു. താന്‍ നിര്‍മ്മലനാണെന്നു യൗസേപ്പും പറഞ്ഞു. പ്രധാനപുരോഹിതന്‍ "കര്‍ത്താവിന്‍റെ വിധിയുടെ ജലം" യൗസേപ്പിനു നല്‍കുകയും അതു തെറ്റുകള്‍ യൗസേപ്പിനു വെളിപ്പെടുത്തുമെന്നു പറയുകയും ചെയ്തു. അതു കുടിച്ചശേഷം മലമ്പ്രദേശത്തുള്ള വിജനസ്ഥലത്തേയ്ക്കു പറഞ്ഞയച്ചു. അയാള്‍ ആരോഗ്യവാനായി തിരിച്ചുവന്നു. മറിയത്തിനും അതു നല്കി. അവളും ആരോഗ്യവതിയായിത്തന്നെയിരുന്നു. പാപമൊന്നും വെളിപ്പെട്ടുമില്ല. മറിയത്തെയും കൂട്ടി യൗസേപ്പ് സ്വഭവനത്തിലേയ്ക്കുപോയി.

ഈശോയുടെ അദ്ഭുതകരമായ ജനനം:

യഹൂദരായിട്ടുള്ളവരെല്ലാം പേരെഴുതിക്കണമെന്ന് അഗസ്റ്റസ് രാജാവിന്‍റെ കല്പനയുണ്ടായി. മറിയത്തെ ഭാര്യയോ മക്കളോ ആയി ചേര്‍ക്കുവാന്‍ യൗസേപ്പിനു ഭയമായിരുന്നു. ദൈവം വെളിപ്പെടുത്തുമെന്ന രീതിയില്‍ മറിയവുമൊത്തു ബെദ്ലഹേമിലേയ്ക്കു കഴുതപ്പുറത്തു യാത്രയായി. യൗസേപ്പിന്‍റെ രണ്ടു പുത്രന്മാരും അനുഗമിച്ചിരുന്നു. മറിയത്തിനു പ്രസവത്തിനുള്ള സമയമായപ്പോള്‍ അവളെ ഒരു ഗുഹയില്‍ ആക്കിയശേഷം യൗസേപ്പ് ഒരു സൂതികര്‍മ്മിണിയെ അന്വേഷിച്ചുകൊണ്ടു വന്നു. സൂതികര്‍മ്മിണി ഗുഹയില്‍ എത്തിയപ്പോള്‍ ഒരു മേഘം വലയം ചെയ്തു. അദ്ഭുതകരമായ കാഴ്ച കണ്ട് അവള്‍ ദൈവത്തെ മഹത്വപ്പെടുത്തി. ഗുഹയില്‍ വലിയ ഒരു പ്രകാശം ദൃശ്യമായി. അല്പസമയത്തിനുശേഷം ശിശു പ്രത്യക്ഷപ്പെടുകയും പ്രകാശം അപ്രത്യക്ഷമാവുകയും ചെയ്തു. നവ്യമായ ഈ കാഴ്ചകണ്ട ദിവസം എത്ര ശ്രേഷ്ഠമെന്നവള്‍ പറഞ്ഞു. അസ്വാഭാവികമായ രീതിയില്‍ ഒരു കന്യക പ്രസവിച്ചിരിക്കുന്നു എന്ന് അവള്‍ പരസ്യപ്പെടുത്തി. ഇത് ഒരു വിവാദ വിഷയമായി. സലോമി എന്നൊരു സ്ത്രീ നേരില്‍ക്കണ്ട് ഈ സംഭവം സാക്ഷ്യപ്പെടുത്തി എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

പൂജരാജാക്കന്മാരുടെ സന്ദര്‍ശനം:

പൂജരാജാക്കള്‍ നവജാതനായ രാജാവിനെ കാണുവാന്‍ അദ്ഭുതനക്ഷ്ത്രത്താല്‍ ആനീതരായി. പൊന്നുംമീറയും കുന്തിരിക്കവും സമര്‍പ്പിച്ചു. പൂജരാജാക്കള്‍ വേറെവഴി പോയതിനാല്‍ തന്നെ വഞ്ചിച്ചു എന്നു മനസ്സിലാക്കിയ ഹേറോദേസ് സഖറിയായോട് യോഹന്നാനോ രാജാവെന്നു വിളിച്ചു ചോദിച്ചു. കള്ളം പറഞ്ഞെന്നു കരുതി സഖറിയായെ രാജാവു വധിച്ചു. പകരം കുറിയിട്ടെടുത്തതു ശിമയോനെയാണ്. മിശിഹായെ കാണുന്നതുവരെ മരിക്കില്ലെന്നു പരിശുദ്ധാത്മാവു വെളിപ്പെടുത്തിയത് ഈ ശെമയോനാണ്.

(ഈ ഗ്രന്ഥത്തില്‍ അന്ത്യത്തില്‍ ഗ്രന്ഥ കര്‍ത്താവ് സ്വയം പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്. "ഹേറോദേസിന്‍റെ മരണത്തെത്തുടര്‍ന്ന് ഉണ്ടായ ലഹളയുടെ സമയം മുഴുവനും വിജനപ്രദേശത്തു പോയി വസിച്ച യാക്കോബാണു ഞാന്‍").

 മറിയത്തിന്‍റെ മരണം

മറിയം മരിച്ചില്ല എന്നും അവള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്നും ഒരു പാരമ്പര്യം നിലനിന്നിരുന്നു. മറിയത്തിന്‍റെ ഈ "കടന്നുപോകലി"നു മുമ്പു യോഹന്നാന്‍ ഒഴികെ എല്ലാ ശ്ലീഹന്മാരും രക്തസാക്ഷികളായി. യോഹന്നാന്‍ ഏറ്റവും പ്രായം കുറഞ്ഞ ശ്ലീഹാ ആയിരുന്നതു കൊണ്ടാവാം ഇങ്ങനെയൊരു വിശ്വാസം നിലനിന്നത്. മറ്റു ശ്ലീഹന്മാരെല്ലാവരും വിദൂരങ്ങളില്‍ സുവിശേഷ ദൗത്യവുമായി പോവുകയും അവിടെ തന്നെ രക്തസാക്ഷികളാവുകയും ചെയ്തു.

അപ്രമാണിക ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ചു യോഹന്നാന്‍ ശ്ലീഹ മാത്രമാണു മറിയത്തിന്‍റെ "മരണ" സമയത്ത് അടുത്തുണ്ടായിരുന്നത്. എന്നാല്‍, ഈ സമയത്തു ദൈവത്തിന്‍റെ പ്രത്യേക ശക്തിയാല്‍ മറ്റെല്ലാ ശ്ലീഹന്മാരും അവിടെ എത്തിയെന്നും മറിയത്തിന്‍റെ സ്വര്‍ഗത്തിലേയ്ക്കുള്ള കടന്നുപോകലിനു സാക്ഷികളായി എന്നും പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു.

എഫേസൂഫിലെ, മറിയത്തിന്‍റെ ഭക്തനും ധന്യനുമായ അന്ന കാതറിന്‍ എമറിക്കിനു (Anne Catherine Emmreich 1774-1824), മറിയത്തിന്‍റെ മരണത്തെക്കുറിച്ചു ലഭിച്ച വെളിപാടില്‍ ഈ മൃതസംസ്കാരത്തിലെ സംഭവങ്ങള്‍ വിവരിക്കുന്നു. എന്നാല്‍ അവസാനം എല്ലാ ശ്ലീഹന്മാരും നോക്കിനില്ക്കെ അവള്‍ സ്വര്‍ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്നു വിവരിക്കുന്നു.

മറിയം മരിച്ചില്ലെന്നും തന്‍റെ പുത്രനു സമാനമാകാന്‍ മരിച്ചെന്നും രണ്ടു സിദ്ധാന്തങ്ങള്‍ നിലനിന്നിരുന്നു.

  1. ദൈവം തീരുമാനിച്ച അവളുടെ അന്ത്യദിനത്തില്‍ സ്വര്‍ഗ ത്തിലേയ്ക്ക് മറിയം എടുക്കപ്പെട്ടു എന്നതാണ് ആദ്യ സിദ്ധാന്തം. മരണം പാപത്തിന്‍റെ ഫലമാകയാല്‍ പാപരഹിതമായ മറിയം മരിക്കേണ്ടിയിരുന്നില്ല. ആ കാരണത്താല്‍ അവളുടെ സരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുകയും നിത്യമഹത്വ മണിഞ്ഞ അവളെ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടേയും റാണിയാക്കു കയും ചെയ്തു.                                                                                                                                                
  2. പൊതുവായ അഭിപ്രായം മറിയം മരിച്ചു എന്നതാണ്. അവള്‍ തന്‍റെ പുത്രനെപ്പോലെ മരിച്ച് അടക്കപ്പെട്ടു. ജീര്‍ണ്ണിക്കാതെ മൂന്നാംദിവസം ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലെയ്ക്കെടുക്കപ്പെട്ടു. മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള 12-ാം പീയൂസ് മാര്‍പാപ്പയുടെ വിശ്വാസസത്യ പ്രഖ്യാപനം ഈ രണ്ട് അഭിപ്രായങ്ങളിലുള്ള വ്യത്യാസം പരാമര്‍ശിച്ചിട്ടില്ല. വി.ജോണ്‍ ഡമിഷനാണ് ഈ രണ്ടാം സിദ്ധാന്തത്തിന്‍റെ പ്രയോക്താവ്.

മരണവേളയില്‍ തോമ്മാശ്ലീഹാ ഒഴിച്ച് എല്ലാ ശിഷ്യരും അത്ഭുതകരമാംവിധം മറിയത്തിന്‍റെ മരണക്കിടയ്ക്കക്കടുത്ത് എത്തിച്ചേര്‍ന്നു. സമാധാനത്തില്‍ വേദന കൂടാതെ മരിച്ചെന്നും അവര്‍ അവളെ കബറടക്കം ചെയ്തെന്നും വിവരിക്കുന്നു. അഭൗമികമായ സുഗന്ധം പരക്കവെ മാലാഖമാരുടെ ഗാനം അവളുടെ കബറിടത്തില്‍ കേള്‍ക്കാമായിരുന്നു. മൂന്നാം ദിവസം തോമ്മാശ്ലീഹാ വന്നു നിര്‍ബന്ധപൂര്‍വ്വം ശവകുടീരം തുറപ്പിച്ചു എന്നും പറയുന്നു. അപ്പോള്‍ ശൂന്യമായ കബറിടമാണ് കണ്ടത്. അവളെ സ്വര്‍ഗത്തിലേയ്ക്കു സംവഹിച്ച കര്‍ത്താവിനെ അവര്‍ സ്തുതിച്ചു. വി. ഗ്രന്ഥത്തില്‍ ഈ വിഷയം പരാമര്‍ശിക്കു ന്നില്ലെങ്കിലും അതു പാരമ്പര്യം വഴി "ദൈവികവെളിപാടാ"ണെന്നും വിശ്വാസപ്രഖ്യാപനരേഖ പ്രസ്താവിക്കുന്നു. കാരണം

  1. മറിയത്തിന്‍റെ ശരീരം ഉത്ഭവപാവമില്ലാതെ സൃഷ്ടിക്കപ്പെട്ടതാണ്.
  2. അവള്‍ കര്‍മ്മപാപരഹിതയായിരുന്നു
  3. അവള്‍ ജീവിതം മുഴുവനും നിത്യകന്യകയായിരുന്നു

4) ദൈവപുത്രനു ശരീരം നല്‍കിയ അവള്‍ ജീര്‍ണ്ണിക്കുന്നതു യുക്തമല്ല.

12ാം പീയൂസ് മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ മറിയത്തിന്‍റെ സ്വര്‍ഗാരോപണം കത്തോലിക്കരുടെ വിശ്വാസവും ഭക്തിയും കേന്ദ്രീകരിച്ചുള്ള ഒരു വിഷയമായി മാറി. നിഷ്കൃഷ്ടമായ ഒരു വേദപുസ്തക തെളിവിനേക്കാള്‍ സഭയുടെ വിശ്വാസം ഇതിന് ആധാരമായി 12ാം പീയൂസ് മാര്‍പാപ്പ കണക്കിലെടുത്തു.

1950 നവംബര്‍ 1-ാം മുന്‍ഫിച്ചെന്തീസിമൂസ് ദേയൂസ് (Munificentisimus) എന്ന അപ്പസ്തോലിക ലേഖനം വഴി മാതാവിന്‍റെ സ്വര്‍ഗാരോപണം 12-ാം പീയൂസ് മാര്‍പാപ്പ വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

 

 

ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍

ഡോ. ജേക്കബ് വെള്ളിയാന്‍

mary-in-apocryphal-scriptures Life Of Mary Mary Life History Mary Mother Of Jesus mary outside the bible mary's history Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message