x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

വിവാഹം: അര്‍ത്ഥവും ലക്ഷ്യവും

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

വിവാഹജീവിതത്തിന്‍റെയും ദാമ്പത്യബന്ധത്തിന്‍റെയും അടിസ്ഥാനത്തിലാണ് മനുഷ്യജീവന്‍ ആരംഭത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ തെറ്റാണെന്ന് പറയുന്നത്.

  1. വിവാഹജീവിതം (Conjugal Life)

സ്ത്രീയും പുരുഷനും ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് അഗാധമായ സൗഹൃദമുള്ള, ജീവിതാവസാനംവരെ ഐക്യത്തില്‍ നിലനില്‍ക്കുന്ന, ജീവനും സ്നേഹവും പ്രദാനം ചെയ്യുക എന്ന അര്‍ത്ഥത്തോടെ നടത്തുന്ന ഒരു വിശുദ്ധ ഉടമ്പടിയാണ് വിവാഹം. മാമ്മോദീസാ സ്വീകരിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈ ഉടമ്പടി ഒരു കൂദാശയാണ്. സഭയില്‍ പരസ്യമായി ഈ സമ്മതം കൊടുത്തുകഴിയുമ്പോള്‍ വിവാഹജീവിതം ആരംഭിക്കുകയായി. മറ്റു ജീവിതാന്തസ്സുകളില്‍നിന്നും വിവാഹത്തെ വേര്‍പ്പെടുത്തി നിര്‍ത്തുന്നത് ജീവദായകം, സ്നേഹദായകം എന്ന അര്‍ത്ഥം ഈ ബന്ധത്തിലുള്ളതുകൊണ്ടാണ്.

ഒരുമിച്ചുള്ള ജീവിതം, ഒരാള്‍ മറ്റൊരു വ്യക്തിക്കു വേണ്ടി ജീവിക്കുന്നത്, തമ്മിലുള്ള ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നത്, പരസ്പര സംസാരം, ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കുന്നത്, പൊതു പദ്ധതികള്‍, ജോലി, കുട്ടികളെ വളര്‍ത്തുന്നത്, സുഹൃത്തുക്കളെ സ്വീകരിക്കുന്നത്, നിശ്ശബ്ദത, സ്നേഹപ്രകടനങ്ങള്‍, ദാമ്പത്യബന്ധം എന്നിവയാണ് സാധാരണയായി വിവാഹജീവിതത്തില്‍ ഉള്ളത്. സഭാപിതാവായ തെര്‍ത്തുല്യന്‍ തന്‍റെ ഭാര്യയ്ക്കെഴുതിയ  "AD Uxorem' എന്ന കത്തില്‍ പറയുന്നത് ഒരു പ്രതീക്ഷയോടെ, ഒരു ആഗ്രഹത്തോടെ, ഒരു വഴിയിലൂടെ, ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന, ആരാധിക്കുന്ന, ഉപവസിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ദാനംചെയ്യുന്ന, ഒരു ശരീരമായിത്തീരുന്ന ഈ വിവാഹജീവിതം മനോഹരമാണെന്നാണ്.

മേല്‍പ്പറഞ്ഞവയില്‍നിന്നും വിവാഹജീവിതത്തിന് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത് എന്ന് മനസ്സിലാക്കാം. വിവാഹജീവിതത്തിന്‍റെ എല്ലാ പ്രവൃത്തികളും ഈ ലക്ഷ്യത്തിലേക്കാണ് കൊണ്ടുവരുന്നത്. അതായത് വിവാഹജീവിതത്തിന് ഏറ്റവും അടുത്ത (proximate) ലക്ഷ്യവും ആത്യന്തിക (final/ ultimate) ലക്ഷ്യവും ഉണ്ട്. ദമ്പതികള്‍ തമ്മിലുള്ള ഐക്യം (Communion of Couples)  വിവാഹജീവിതത്തിന്‍റെ അടുത്ത ലക്ഷ്യവും ഇതുവഴി ദൈവവുമായി ഐക്യത്തിലായിരിക്കുന്നത് (Communion with God) ആത്യന്തിക ലക്ഷ്യവുമായിരിക്കുന്നു.

  1. ദാമ്പത്യബന്ധം (Conjugal Act)

വിവാഹജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ് ദാമ്പത്യബന്ധം. ഇത് എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്? ഇതിന് ഏകസ്വഭാവമാണുള്ളത്. രണ്ട് വ്യക്തികളുടെ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഒരുമിച്ചുള്ള പ്രവൃത്തിയാണ്. വീണ്ടും ഇത് സ്വതന്ത്രമായിട്ടുള്ള, പരസ്പരം ദാനം ചെയ്യുന്ന, ഒരുമിച്ചു പങ്കുപറ്റുന്ന, ഒരേ ലക്ഷ്യത്തോടെയുള്ള പ്രവൃത്തിയാണ്.

ദമ്പതികളില്‍ ഈ ബന്ധം എപ്പോള്‍ എങ്ങനെ നടക്കുമെന്ന് ഒരിക്കലും പ്രവചിക്കുവാന്‍ സാധിക്കുകയില്ല. വിവാഹമെന്ന കൂദാശ സ്വീകരിക്കുന്ന നിമിഷം മുതല്‍ ഇതിന് തുടക്കം കുറിക്കുന്നു. ദമ്പതികളുടെ ആഗ്രഹമാണ് ഈ ബന്ധത്തിലേക്ക് നയിക്കുന്നത്. വിവാഹബന്ധത്തില്‍ ഈ  ലൈംഗിക ബന്ധം സ്വീകാര്യമാണ്. കാരണം വിവാഹമെന്ന കൂദാശയില്‍ ദമ്പതികള്‍ പരസ്പരം പൂര്‍ണ്ണമായി അവരുടെ ശരീരത്തെയും മനസ്സിനെയും സമര്‍പ്പിച്ചിരിക്കുന്നു. അതുകൊണ്ട് വിവേകത്താല്‍ നയിക്കപ്പെട്ട് ഈ ലൈംഗികബന്ധം ഏതു സമയവും എപ്പോള്‍ വേണമെങ്കിലും നടക്കാം.

ദാമ്പത്യബന്ധം സന്തോഷം നല്‍കുന്ന അനുഭവവും അതോടൊപ്പം ജീവനെ പ്രദാനം ചെയ്യുന്നതുമാണ്. ദാമ്പത്യബന്ധത്തില്‍ ഇവയിലേതെങ്കിലും ഒന്നില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയുകയില്ല. ഈ രണ്ടു പ്രവര്‍ത്തനവും ഉള്‍ക്കൊണ്ടിരിക്കണം. കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്നത് ദൈവത്തിന്‍റെ പദ്ധതിയെയും ശാരീരിക കാരണങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.

ദാമ്പത്യബന്ധത്തിന് എപ്പോഴും പ്രത്യുല്‍പാദനപരമായ അര്‍ത്ഥവും സ്നേഹത്തില്‍ ഒന്നാവുക എന്ന അര്‍ത്ഥവുമാണ് ഉള്ളത്. ദാമ്പത്യബന്ധത്തിന്‍റെ നൈസര്‍ഗ്ഗിക പ്രവര്‍ത്തനത്തില്‍ നിന്നുമല്ല ഇതിന്‍റെ അര്‍ത്ഥം മനസ്സിലാക്കേണ്ടത്. ദാമ്പത്യബന്ധത്തിന് അതില്‍തന്നെയും അതില്‍നിന്നും ഒരു മൂല്യം ഉണ്ട്. ഈ മൂല്യം ഈ പ്രവൃത്തിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് ജീവദായകവും സ്നേഹദായകവുമെന്ന അര്‍ത്ഥം വഴിയാണ്. കത്തോലിക്കാ സഭയുടെ ധാര്‍മ്മിക പഠനമനുസരിച്ച് ചില പ്രവൃത്തികള്‍ ഉദ്ദേശ്യങ്ങളെയും സാഹചര്യങ്ങളെയും ആശ്രയിക്കാതെ അതില്‍തന്നെ ഗൗരവമായ തിന്മയാണ്. അതില്‍തന്നെ അതിന് ഒരു അര്‍ത്ഥമുണ്ട്. അതുകൊണ്ട് ദാമ്പത്യ ബന്ധത്തിന് ജീവദായകം, സ്നേഹദായകം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്.

2.1. ജീവദായകം

ദാമ്പത്യബന്ധത്തില്‍ ജീവദായകമെന്ന അര്‍ത്ഥം ബൈബിള്‍ അധിഷ്ഠിതമാണ് (ഉല്പ 4,1; 1 സാമു 1,5-13). ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അബ്രാഹത്തിന്‍റെ സന്താനപരമ്പര വര്‍ദ്ധിപ്പിക്കുമെന്നത് (ഉല്പ 15,5) ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ശരീരത്തെ പൂര്‍ണ്ണമായി ദാമ്പത്യ ബന്ധത്തില്‍ കൊടുത്തുകഴിയുമ്പോള്‍ മനുഷ്യജീവനുണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. ഒരാളുടെ ജനനം എന്നു പറയുന്നത് ഒരു മനുഷ്യപ്രവൃത്തിയാണ്. ഇത് പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടുംകൂടെ നടക്കേണ്ടതാണ്. ശാരീരികമായ പരിണിതഫലത്തെ മാത്രം ആശ്രയിച്ചല്ല ഒരാളുടെ ജനനം അടങ്ങിയിരിക്കുന്നത്. ദമ്പതികള്‍ തിരഞ്ഞെടുത്ത ഒരു പ്രവൃത്തിയുടെ ഫലമാണ് ജനനം. ദമ്പതികള്‍ ആദ്യം ചെയ്യുന്നത് സ്വന്തം ശരീരം പരസ്പരം കൊടുക്കുന്നതാണ്. ഈ കൊടുക്കലില്‍ ദമ്പതികളുടെ മനഃസാക്ഷിക്ക് അറിവും ഈ പ്രവൃത്തിക്ക് അതില്‍തന്നെയും അതില്‍നിന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുവാനുള്ള ഒരു അര്‍ത്ഥവും ഉണ്ട്. അതുകൊണ്ട് ജനനം എപ്പോഴും സ്വയം ദാനം ചെയ്യുന്നതില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്നതാണ്. മാതാവും പിതാവും ആവുക എന്നുള്ളത് ദാമ്പത്യബന്ധത്തില്‍ അതിന്‍റെ സ്വാഭാവികതയില്‍ ഉള്ളതാണ്. സ്വയം ദാനം ചെയ്യുന്നതിലൂടെ ദമ്പതികളുടെ ശരീരം ദൈവത്തിന്‍റെ ആലയങ്ങളായിത്തീരുന്നു. അവിടെ ദൈവം സൃഷ്ടികര്‍മ്മത്തിന്‍റെ ആരാധന നടത്തുന്നു. ദമ്പതികളുടെ ഈ സ്നേഹത്തില്‍ നിന്നും കുഞ്ഞു ജനിക്കുന്നു. എന്നാല്‍ എപ്പോഴും ഈ ഫലം ഉണ്ടാകണമെന്നില്ല. പക്ഷേ ജീവദായകമെന്ന അര്‍ത്ഥം എപ്പോഴും ഉണ്ട്.

2.2. സ്നേഹദായകം

ദാമ്പത്യബന്ധത്തിലെ സ്നേഹദായകമെന്ന അര്‍ത്ഥം ബൈബിള്‍ അധിഷ്ഠിതമാണ് (ഉല്പ 2,24; 1 സാമു 1,58; ഉല്പ 29,20; ഉത്ത 5,8). ദമ്പതികള്‍ ഒറ്റ ശരീരമായിത്തീരുമ്പോള്‍ ബാഹ്യവും ആന്തരികവുമായി ഒന്നും മറച്ചുവയ്ക്കാനില്ല. മനസ്സിന്‍റെയും ആത്മാവിന്‍റെയും സമ്പൂര്‍ണ്ണതുറവിയാണ് ഇവിടെ നടക്കുന്നത്. ശരീരത്തിന്‍റെ സ്വയം കൊടുക്കല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യത്തിലാണ് എത്തിനില്‍ക്കുന്നത്. ശരീരത്തിന്‍റെ കൊടുക്കല്‍ വ്യക്തിയെ മുഴുവനായി സമര്‍പ്പിക്കുകയാണ്. ശരീരം ആത്മാവിനെ വഹിക്കുന്നു. അതുകൊണ്ട് ശരീരത്തിന്‍റെ ഈ സമര്‍പ്പണം ഏറ്റവും വലിയ സ്നേഹത്തിന്‍റെ പ്രകടനമാണ്. കാരണം ശരീരത്തിന് സ്നേഹത്തെ പ്രകടിപ്പിക്കുവാന്‍ സാധിക്കും. ഈ സ്നേഹം ദമ്പതികളുടെ പരസ്പരമുള്ള സമ്മാനമാണ് (Pope John Paul II ,General Audience of 01-16-1980). അതുകൊണ്ട് ദാമ്പത്യബന്ധത്തില്‍ സ്നേഹദായകമെന്ന അര്‍ത്ഥം അതില്‍തന്നെ ഉണ്ട്.

2.3. ജീവദായകം സ്നേഹദായകം: അവിഭക്തബന്ധം

ജീവദായകവും സ്നേഹദായകവുമെന്ന അര്‍ത്ഥം ദാമ്പത്യബന്ധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒന്ന് മറ്റൊന്നാല്‍ മാറ്റപ്പെടുക സാധ്യമല്ല. രണ്ടിനും തുല്യപ്രാധാന്യമാണുള്ളത് (സഭ ആധുനിക ലോകത്തില്‍ 51). പോള്‍ ആറാമന്‍ മാര്‍പ്പാപ്പ മനുഷ്യജീവന്‍ എന്ന ചാക്രികലേഖനത്തില്‍ ഊന്നിപ്പറയുന്നു: "സഭയുടെ പഠനം അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത് ദാമ്പത്യകര്‍മ്മത്തിന്‍റെ രണ്ട് അര്‍ത്ഥങ്ങള്‍ തമ്മിലുള്ള അവിഭക്തമായ ബന്ധത്തിലാണ്. ആ ബന്ധം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതും മനുഷ്യന് സ്വയം മുന്‍കൈയെടുത്ത് തകര്‍ക്കാന്‍ പാടില്ലാത്തതുമാണ്." ഒരു പ്രവൃത്തിയുടെ അര്‍ത്ഥം മാറ്റുമ്പോള്‍ സ്വാഭാവികമായി ആ പ്രവൃത്തിയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അര്‍ത്ഥത്തെയാണ് മാറ്റുന്നത്. ചുരുക്കത്തില്‍ അര്‍ത്ഥം മാറ്റുന്നതുവഴി ആ പ്രവൃത്തിയെത്തന്നെയാണ് മാറ്റുന്നത്. പ്രവൃത്തി മാറ്റാതെ അര്‍ത്ഥവും മാറുന്നില്ല. ദാമ്പത്യബന്ധത്തിന്‍റെ ഈ അര്‍ത്ഥങ്ങളും അവ തമ്മിലുള്ള ബന്ധവും സത്താപരമാണ്.ദൈവമാണ് ദാമ്പത്യബന്ധത്തിന് ഈ അര്‍ത്ഥം, മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചതുവഴി, കൊടുത്തിരിക്കുന്നത് (ഉല്പ 2,4-25).

ഒന്നാമതായി, ദാമ്പത്യബന്ധത്തിന് ജീവദായകം, സ്നേഹദായകം എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. ശരീരത്തെ പൂര്‍ണ്ണമായി കൊടുക്കുമ്പോള്‍, ജീവനെ പ്രദാനം ചെയ്യുവാനുള്ള അര്‍ത്ഥം സ്വാഭാവികമായി അന്തര്‍ലീനമായിട്ടുണ്ട്. എന്നാല്‍ ഈ പ്രവൃത്തിയുടെ ഫലമായി എപ്പോഴും ജീവന്‍ ഉണ്ടാകണമെന്ന ലക്ഷ്യവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതല്ല. കുഞ്ഞുങ്ങളെ ലഭിച്ചില്ലെങ്കിലും ഈ പ്രവൃത്തിക്ക് ജീവദായകമെന്ന അര്‍ത്ഥം ഉണ്ട്.

രണ്ടാമതായി, ദാമ്പത്യബന്ധം ദമ്പതികളുടെ മനപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാണ്. ഒരു കാര്യം ആഗ്രഹിക്കുക എന്നത് സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പെരുമാറ്റരീതിയാണ്. മനസ്സിന്‍റെ നന്മയില്‍നിന്നുമാണ് ഈ ആഗ്രഹം വരുന്നത്. അതു നമ്മെ ധാര്‍മ്മികമായി പൂര്‍ണ്ണരാക്കുന്നു (സത്യത്തിന്‍റെ പ്രഭ 78). ദമ്പതികളുടെ ശരീരത്തെ പൂര്‍ണ്ണമായി കൊടുക്കുവാനുള്ള ഈ തിരഞ്ഞെടുപ്പില്‍ ഉദ്ദേശ്യവും സാഹചര്യങ്ങളും പ്രവൃത്തിയും നല്ലതാണ്.

മൂന്നാമതായി, വിവാഹജീവിതത്തിനും ദാമ്പത്യബന്ധത്തിനും അടുത്തലക്ഷ്യവും ആത്യന്തിക ലക്ഷ്യവുമുണ്ട്. ദാമ്പത്യബന്ധത്തിന്‍റെ അടുത്ത ലക്ഷ്യം ദമ്പതികള്‍ തമ്മിലുള്ള ഐക്യമാണ്. ഇത് സാധ്യമാകുന്നത് ശരീരം കൊടുക്കുമ്പോഴാണ്. ആദ്യം ശരീരം കൊടുക്കുന്നു. അതുവഴി ദമ്പതികള്‍ തമ്മില്‍ ഐക്യത്തിലാകുന്നു. ദാമ്പത്യബന്ധത്തിലെ ദമ്പതികള്‍ തമ്മിലുള്ള ഐക്യം വിവാഹജീവിതത്തിന്‍റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. അതായത് അവര്‍ ദൈവവുമായി ഐക്യത്തിലാകുന്നു.

ചുരുക്കത്തില്‍, വിവാഹജീവിതത്തിന്‍റെയും ലൈംഗിക ബന്ധത്തിന്‍റെയും ലക്ഷ്യം വ്യക്തമാക്കുന്നത് കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍, കൃത്രിമ വന്ധ്യതാപരിഹാരമാര്‍ഗ്ഗങ്ങള്‍, ക്ലോണിംഗ്, സ്കാനിംഗ്, ഗര്‍ഭച്ഛിദ്രം എന്നിവ തിന്മയാണെന്നാണ്.

Marriage: Meaning and purpose Rev. Dr. Scaria Kanyakonil catholic malayalam marriage purpose mananthavady diocese marriage marriage meaning Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message