x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

വിവാഹം

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 17-Aug-2022

വിവാഹം

252. ക്രൈസ്തവസഭയുടെ ആരംഭകാലം മുതൽ വിവാഹത്തെ സ്ത്രീയും പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന സ്നേഹാധിഷ്ഠിതമായ ദൈവിക ഉടമ്പടിയായിട്ടാണ് കണ്ടിരുന്നത് (മത്താ 19:3-12). പരസ്പരസ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും ജീവിക്കാനും, പരിശുദ്ധമായ സൃഷ്ടികർമ്മത്തിൽ ദൈവത്തോട് സഹകരിക്കാനും, സന്താനങ്ങളെ ദൈവത്തിന് പ്രീതികരമായവിധം വളർത്താനും ആവശ്യകമായ കൃപാവരം നല്കുന്ന കൂദാശയാണ് വിവാഹം. ഇത് ദൈവത്താൽ സ്ഥാപിക്കപ്പെട്ടതും അവിടത്തെ നിയമങ്ങളാൽ നിയന്ത്രിതവുമാണ്. സ്ത്രീയും പുരുഷനും തമ്മിൽ പിൻവലിക്കാൻ പാടില്ലാത്തതും വ്യക്തിഗതവുമായ സമ്മതം വഴി സ്ഥാപിക്കപ്പെടുന്നതാണ് ഈ കൂദാശ. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഈ കൂട്ടായ്മ, ദമ്പതികളുടെയും, മക്കളുടെയും, സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. മാമ്മോദീസ മുങ്ങിയവർതമ്മിലുള്ള സാധുവായ വിവാഹം അതിനാൽത്തന്നെ ഒരു കൂദാശയാണ്. മിശിഹായും സഭയും തമ്മിലുള്ള അനന്യമായ ഐക്യത്തിന്റെ പ്രതിരൂപമായി ദമ്പതികൾ ദൈവത്താൽ സംയോജിപ്പിക്കപ്പെടുകയും കൗദാശികവരപ്രസാദത്താൽ വിശുദ്ധീകരിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു (എഫേ 5 :22-33).

പഴയനിയമത്തിൽ യാഹ്വയും ഇസ്രായേലും തമ്മിലുള്ള ബന്ധം എടുത്തുകാട്ടാൻ വിവാഹബന്ധമാണ് മുഖ്യമായും ഉപയോഗിച്ചിരുന്നത്. യാഹ്വയുടെ കരുണാർദ്രസ്നേഹമാണ് അതുവഴി വെളിപ്പെടുന്നത് (മലാ 2:14; എസെ 16:18; ഹോസി 2:19). ഇസ്രായേലുമായി വൈയക്തികബന്ധം സ്ഥാപിക്കാൻ തുടക്കംകുറിക്കുന്നതും അവളെ അതിനായി ക്ഷണിക്കുന്നതും യാഹ്വയാണ്. ദൈവത്തിന്റെ മുൻകൈ എടുക്കലിന് പ്രത്യുത്തരം നല്കാൻ ഇസ്രായേൽ ക്ഷണിക്കപ്പെടുന്നു (ഹോസി 11:1). പുതിയനിയമത്തിൽ മിശിഹായും സഭയും തമ്മിലുള്ള ബന്ധത്തെ വൈവാഹിക ബന്ധത്തോടാണ് സാമ്യപ്പെടുത്തിയിരിക്കുന്നത് (1 പത്രോ 3:4; 4:1; എഫേ 5:21-33).

ദൈവത്തിനു തന്റെ ജനത്തോടുള്ള രക്ഷാകരവും ഉടമ്പടിപരവുമായ ബന്ധത്തിന്റെ അടയാളമാണ് ക്രൈസ്തവവിവാഹം. തന്റെ വധുവായ സഭയോടുള്ള മിശിഹായുടെ രക്ഷാകരവും ഉടമ്പടിക്കനുസൃതവുമായ സ്നേഹത്തിൽ ക്രൈസ്തവദമ്പതികൾ ജീവിക്കണമെന്നതാണ് അതിന്റെ സന്ദേശം. മിശിഹായെയും സഭയെയും ഐക്യപ്പെടുത്തുന്ന സ്നേഹത്തിലുള്ള പങ്കാളിത്തമാണ് വിവാഹത്തിലെ കൃപ. ഇത് സ്വാഭാവികസ്നേഹത്തെ പൂർണമാക്കുന്നതും അവിഭാജ്യമായ ഐക്യം സംജാതമാക്കുന്നതും അതിനെ ദൈവിക തലത്തിലേക്ക് ഉയർത്തുന്നതും ദമ്പതികളെ വിശുദ്ധീകരിക്കുന്നതുമാണ്. മണവാളനായ മിശിഹായ്ക്ക് തന്റെ വധുവായ സഭയോടുള്ള ആത്മാർപ്പണത്തിലാണ് ദമ്പതികളുടെ സ്നേഹം അഗാധമായ അർത്ഥം കണ്ടെത്തുന്നത്.

I വിവാഹം സീറോമലബാർ സഭയിൽ

253. പതിനാറാം നൂറ്റാണ്ടിന്റെ അവസാനം വരെ സീറോമലബാർ സഭയുടെ വിവാഹ പരികർമ്മം പൗരസ്ത്യസുറിയാനി ആരാധനക്രമപാരമ്പര്യത്തിലധിഷ്ഠിതമായിരുന്നു. അതേസമയം അതിൽ നിർണ്ണായകമായ സാംസ്കാരികാനുരൂപണം നടന്നിട്ടുണ്ട്. മിഷനറിമാരുടെ സ്വാധീനത്തിൽ വിവാഹാഘോഷത്തിൽ ലത്തീൻ ക്രമത്തിന്റെ സ്വാധീനവും ഉണ്ടായി. പിന്നീട് 1965 -ൽ റോമിൽ നിന്ന് നല്കിയ കൂദാശകളുടെ ഡ്രാഫ്റ്റിനെ അടിസ്ഥാനപ്പെടുത്തി സീറോമലബാർ ലിറ്റർജിക്കൽ കമ്മിറ്റി തയ്യാറാക്കിയ കൂദാശകളുടെ ക്രമം 1968-ൽ പ്രസിദ്ധീകരിച്ചു. ആ ക്രമമാണ് തുടർന്നുള്ള വർഷങ്ങളിൽ ഉപയോഗിച്ചു പോന്നത്. 2004 ജൂൺ 22-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയം അംഗീകരിച്ചു നല്കിയ വിവാഹകർമ്മക്രമമാണ് ഇപ്പോൾ സീറോമലബാർ സഭയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി പൗരസ്ത്യസുറിയാനി പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുന്നതാണെങ്കിലും ഈ വിവാഹക്രമത്തിൽ ലത്തീൻ ക്രമത്തിൽനിന്നുള്ള ചില പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും നിലനിർത്തിയിട്ടുണ്ട്.

പ്രാരംഭഗീതം

254. മഹത്തായ ഈ രഹസ്യം പരികർമ്മം ചെയ്യുന്ന സമയത്ത് ദൈവജനം മാലാഖവൃന്ദത്തോടുചേർന്ന് വിശ്വസ്തതയിലും സ്നേഹത്തിലും ഒന്നാകാൻ വധുവരന്മാർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. പഴയനിയമത്തിൽ സീനായ് ഉടമ്പടിയിലൂടെ ദൈവത്തിന്റെ വധുവായിത്തീർന്ന് ഇസ്രായേൽ ജനത്തെപ്പോലെ ജീവിതകാലം മുഴുവനും ദൈവകൃപയിൽ വളരാനും പുതിയ ഉടമ്പടിയിലൂടെ മിശിഹായുടെ മണവാട്ടിയായിത്തീർന്ന തിരുസഭയെപ്പോലെ സ്നേഹത്തിന്റെ കൂദാശയാകാനും നവദമ്പതികളെ പ്രാരംഭഗീതം ആഹ്വാനം ചെയ്യുന്നു ( പുറ 19:1-25, എഫേ 5:22-32).

പ്രാരംഭപ്രാർത്ഥന (സ്ലോസ)

255. ദൈവമഹത്ത്വത്തിനും മനുഷ്യകുലത്തിന്റെ നന്മയ്ക്കും വേണ്ടി വിവാഹകൂദാശ യോഗ്യതയോടെ പരികർമ്മം ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി ആദ്യത്തെ സ്ലോസായിൽ കാർമ്മികൻ പ്രാർത്ഥിക്കുന്നു. വിവാഹത്താൽ ബന്ധിതരായി ഹൃദയൈക്യത്തിൽ ജീവിക്കാൻ വധൂവരന്മാരെ വിളിച്ചതിന് അദ്ദേഹം ദൈവത്തിന് നന്ദി പറയുന്നു. വിവാഹം ദൈവത്തിന്റെ വിളിയാണ് എന്ന കാര്യം ഇവിടെ അനുസ്മരിക്കുന്നു. വിവാഹജീവിതം അതിനായി വരം ലഭിച്ചവർക്കുള്ളതാണ് (മത്താ 19:11). ദമ്പതിമാരെ സ്വർഗീയവരങ്ങളാൽ സമ്പന്നരാക്കണമെന്നും മാതൃകാപരമായി കുടുംബജീവിതം നയിക്കാൻ സഹായിക്കണമെന്നും കാർമ്മികൻ ദൈവത്തോട് യാചിക്കുന്നു.

സങ്കീർത്തനങ്ങൾ

256. രാജാവിന്റെ വിവാഹത്തോടനുബന്ധിച്ച് ആലപിക്കാൻ രചിച്ച 45-ാം സങ്കീർത്തനത്തിന്റെയും ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്ന 128-ാം സങ്കീർത്തനത്തിന്റെയും ഭാഗങ്ങളാണ് തുടർന്നുവരുന്നത്.യാഹ്വയും ഇസ്രായേലും തമ്മിലുള്ള സ്നേഹബന്ധമായാണ് 45-ാം സങ്കീർത്തനം വ്യാഖ്യാനിക്കപ്പെടുന്നത്. ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധത്തെ വിവാഹത്തോടാണല്ലോ പ്രവാചകന്മാർ ഉപമിച്ചിരിക്കുന്നത് (ഹോസി 1, 2, 3; ജറെ 2:2, 3:20; 22:20, 22, എസെ 16:1-8, 23; ഏശ 54:4; 62:4).

ഉത്തമകുടുംബത്തിന്റെ ചിത്രമാണ് 128-ാം സങ്കീർത്തനം നല്കുന്നത്. കുടുംബത്തിന്റെ അടിസ്ഥാനഘടകങ്ങളായ ഭാര്യയും ഭർത്താവും മക്കളും എങ്ങനെയായിരിക്കണമെന്ന് ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. മൂവർക്കും അവരുടേതായ കടമകളും ദൗത്യങ്ങളും ഉണ്ട്. അവ മനസ്സിലാക്കി സഭയോടും സമൂഹത്തോടും ബന്ധപ്പെട്ട് ജീവിക്കുന്നതിനനുസരിച്ച് കുടുംബം ഐശ്വര്യപൂർണ്ണമാകും.

ദീപം തെളിക്കൽ

257. "ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുകയില്ല' (യോഹ 8:12) എന്ന തിരുവചനം ഉച്ചരിച്ച് കാർമ്മികൻ ദീപം തെളിക്കുന്നു. നിത്യപ്രകാശമായ ഈശോ നവദമ്പതികളുടെ കുടുംബജീവിതത്തിൽ പ്രകാശമായി നിലനിന്ന് വഴിനടത്തുന്നുവെന്നാണ് ഈ കർമ്മം സൂചിപ്പിക്കുന്നത്.

വചനശുശ്രൂഷ

258. വിവാഹത്തിന്റെ ദൈവികമായ അടിസ്ഥാനം വ്യക്തമാക്കുന്നതും വിവാഹജീവിതത്തിന്റെ പരമമായ ലക്ഷ്യവും സവിശേഷതകളും സ്പഷ്ടമായി പ്രതിപാദിക്കുന്നതുമായ വായനകളാണ് വചനശുശ്രൂഷയിലുള്ളത്.

പഴയനിയമവായനകൾ

259. ദാമ്പത്യത്തെക്കുറിച്ചുള്ള ദൈവികദർശനമാണ് ഉത്പത്തി ഗ്രന്ഥത്തിൽനിന്നുള്ള വായനകളിൽ പ്രസ്പഷ്ടമാകുന്നത്. ഉത്പ 1:26- 28, മനുഷ്യനിലുള്ള ദൈവികഛായ സാദൃശ്യം എന്നിവയെയും സന്താനോത്പാദനലക്ഷ്യത്തെയും ദമ്പതികളെ അനുസ്മരിപ്പിക്കുന്നു; ഉത് 2:18-24, ദമ്പതിമാരുടെ പാരസ്പര്യത്തിനും ബന്ധത്തിനുമുള്ള ദൃഢതയും ആഴവും വെളിവാക്കുന്നു; വിവാഹബന്ധത്തിലൂടെ സ്ത്രീപുരുഷൻമാർ ഒന്നായിത്തീരുന്നുവെന്നതിന് ഈ വായന ഊന്നൽ നല്കുന്നു.

ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ അഗാധതയെയും ഊഷ്മളതയെയും പ്രതീകാത്മകമായി ചിത്രീകരിക്കാൻ വധൂവരന്മാരുടെ പ്രതീകങ്ങളാണ് ബൈബിൾരചയിതാക്കൾ ഉപയോഗിച്ചിരിക്കുന്നത്. (ഏശ 61:10-11; സുഭാ 31:10-11; പ്രഭാ 26:1-4,13-17). ദൈവത്തെ വരനായും ഇസ്രായേലിനെ വധുവായും ചിത്രീകരിക്കുന്നത് ബൈബിളിൽ സാധാരണമാണ്. അവരുടെ ആനന്ദത്തിന്റെ തീക്ഷ്ണതയോടാണ് ദൈവത്തിൽ ആനന്ദിക്കുന്ന തന്റെ ആത്മാവിന്റെ ആനന്ദത്തെ പ്രവാചകൻ ഉപമിച്ചിരിക്കുന്നത്. അതുകൊണ്ട്, അവരുടെ ആനന്ദം ദൈവികവും ദൈവത്തിൽനിന്നുള്ളതുമാണെന്ന് വിശുദ്ധഗ്രന്ഥം അടിവരയിട്ടു പറയുന്നു. തങ്ങളെ പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ച് ഈ ലോക-പരലോകയാഥാർത്ഥ്യങ്ങളെ കൂട്ടിയോജിപ്പിക്കുന്ന വിവാഹബന്ധം രക്ഷയുടെ അടയാളവും കൂദാശയുമാണ്.

സ്ത്രീയെക്കുറിച്ച്, പ്രത്യേകിച്ച്, ഭാര്യയെന്ന അവളുടെ സ്ഥാനത്തെയും ദൗത്യത്തെയും കുറിച്ച് സുഭാഷിതങ്ങളുടെ പുസ്തകം വ്യക്തമായി പ്രതിപാദിക്കുന്നു. ഉത്തമയായ ഭാര്യ, ബാഹ്യഗുണങ്ങളെക്കാൾ ആന്തരികഗുണങ്ങളാൽ അലംകൃതയാണെന്ന വസ്തുതയ്ക്കാണ് സുഭാഷിതങ്ങളിൽ നിന്നുള്ള വായന ഊന്നൽ നല്കുന്നത്.

ഉത്തമയായ ഭാര്യയെക്കുറിച്ചും, അവൾമൂലം ഭർത്താവിനുണ്ടാകുന്ന സൗഭാഗ്യത്തെക്കുറിച്ചുമാണ് പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള വായന നമ്മെ ഓർമ്മിപ്പിക്കുന്നത്. ഉത്തമയായ ഭാര്യയെ കർത്താവിന്റെ മഹത്തായ അനുഗ്രഹമായും, കർത്താവിനെ ഭയപ്പെടുന്നവർക്കു ലഭിക്കുന്ന ദാനങ്ങളിൽ ഒന്നായും പ്രഭാഷകഗ്രന്ഥം വാഴ്ത്തുന്നു.

ലേഖനവായന

260. ദമ്പതിമാരുടെ പരസ്പരബന്ധത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും മിശിഹായോടും സഭയോടും ബന്ധപ്പെടുത്തിയാണ് പൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നത്. അവിടുന്ന് സഭയെ സ്നേഹിക്കുകയും അവൾക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്തു. ഈ സ്നേഹത്തിലേക്കു വളരാൻ മിശിഹായോടുള്ള ബഹുമാനത്തെപ്രതി അവർ പരസ്പരം വിധേയരായിരിക്കണമെന്ന് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. പരസ്പരം ഒന്നാകുന്ന ഭാര്യാ-ഭർതൃബന്ധത്തെ മിശിഹായും സഭയുമായുള്ള ബന്ധത്തിന്റെ അടയാളവും വലിയ രഹസ്യവുമായിട്ടാണ് പൗലോസ് ശ്ലീഹാ ചിത്രീകരിക്കുന്നത്. ദമ്പതിമാരുടെ ഐക്യം മിശിഹായോടുള്ള ഐക്യം വഴി പൂർണ്ണമാക്കപ്പെടുകയും മിശിഹാരഹസ്യത്തിന്റെ പ്രകാശനമായി അവർ മാറുകയും ചെയ്യുന്നു. ഭാര്യാഭർത്താക്കന്മാർ പരസ്പരസ്നേഹത്തോടും വിധേയത്വത്തോടും കൂടെ ജീവിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ളതാണ് പത്രോസീഹായുടെ ലേഖനത്തിൽനിന്നുള്ള വായന (1 പത്രോ 3:1-7).

സുവിശേഷവായന

261. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, ഈശോ ആദ്യമായി പ്രവർത്തിച്ച അടയാളമാണ് കാനായിലെ വിവാഹവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കിയ സംഭവം (യോഹ 2:1-11). വിവാഹജീവിതത്തിന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ദൈവം കൂടെയുണ്ടെന്ന് ദമ്പതിമാരെ ഓർമ്മിപ്പിക്കുന്ന സുവിശേഷഭാഗമാണിത്. ഭാര്യാഭർത്തൃബന്ധത്തിന്റെ അഭേദ്യതയെപ്പറ്റിയാണ് വിശുദ്ധ മർക്കോസ് സുവിശേഷകൻ (മർക്കോ 10:2-9) അനുസ്മരിപ്പിക്കുന്നത്. സൃഷ്ടിയിൽത്തന്നെ ദൈവം പദ്ധതിയിട്ട വൈവാഹിക ജീവിതത്തിലെ ഗാഢസൗഹൃദവും സ്നേഹവും അവഗണിക്കാൻ മാനുഷികനിയമങ്ങൾക്കു കഴിയില്ല എന്ന് ഈശോ ഉറപ്പിച്ചു പറയുന്നു.

കാറോസൂസാ

262. ദൈവപ്രമാണങ്ങൾ പാലിച്ചുകൊണ്ട് പരസ്പരസ്നേഹത്തിലും ഐക്യത്തിലും ഉറച്ച ത്യാഗപൂർണവും മാതൃകാപരവുമായ കുടുംബജീവിതത്തിനുവേണ്ടി ആരാധനാസമൂഹം വധൂവരന്മാർക്കായി പ്രാർത്ഥിക്കുന്നു. അവർ പരസ്പരവിശ്വസ്തതയിലും ചാരിത്രശുദ്ധിയിലും നിലനിന്ന് ദാമ്പത്യജീവിതം സന്തോഷപ്രദമാക്കാൻ വേണ്ട അനുഗ്രഹത്തിനായും പ്രാർത്ഥിക്കുന്നു.

കാർമ്മികൻ തനിക്കുവേണ്ടിത്തന്നെ പ്രാർത്ഥിക്കുന്നു.

263. വിവാഹമെന്ന കൂദാശയുടെ മർമ്മപ്രധാനമായ ഉടമ്പടി പരികർമ്മം ചെയ്യുന്നതിനൊരുക്കമായി കാർമ്മികൻ തനിക്കുവേണ്ടിത്തന്നെ പ്രാർത്ഥിക്കുന്നു. വിവാഹമെന്ന കൂദാശയുടെ കാർമ്മികൻ പുരോഹിതനാണെന്ന വസ്തുത ഈ പ്രാർത്ഥന നമ്മെ അനുസ്മരിപ്പിക്കുന്നു. വിവാഹാഘോഷത്തിൽ പുരോഹിതനുള്ള വലിയ പങ്കിനെക്കുറിച്ച് പൗരസ്ത്യ സുറിയാനി ആരാധനക്രമവ്യാഖ്യാതാവായ നർസായി പഠിപ്പിക്കുന്നതിങ്ങനെയാണ്: "പുരോഹിതനെക്കൂടാതെ പുരുഷനുമായി വിവാഹനിശ്ചയം നടത്തുന്നില്ല; പുരോഹിനെക്കൂടാതെ അവരുടെ വിവാഹാഘോഷവും നടത്തപ്പെടുന്നില്ല".

പ്രബോധനഗീതം

264. വിവാഹ ഉടമ്പടിക്ക് ഒരുക്കമായി ഈ കൂദാശയുടെ അർത്ഥം വ്യക്തമാക്കുന്ന ഗീതമാണ് തുടർന്നുവരുന്നത്. കുരിശിലെ ബലിവഴി തന്റെ ശരീരരക്തങ്ങൾ സ്ത്രീധനമായി നല്കി മിശിഹാ സഭയെ മണവാട്ടിയായി സ്വീകരിച്ചു. ഈശോയുടെ ഈ മാതൃകയനുസരിച്ച് അർപ്പണമനോഭാവത്തോടെ ജീവിക്കാനുള്ള സന്നദ്ധതയാണ് വധു വരന്മാർ വിവാഹഉടമ്പടിയിലൂടെ പ്രഖ്യാപിക്കുന്നത്. ആദത്തിന് ജീവിതസഖിയെ നല്കി (ഉത്പ 2:18-25) വിവാഹബന്ധത്തിന് ദൈവം അടിസ്ഥാനമിട്ടു. ജഡികാസക്തിയാലല്ല, മറിച്ച് നിർമ്മലമായ സ്നേഹത്താൽ സാറായെ വധുവായി സ്വീകരിച്ച തോബിയാസിന്റെ മാതൃകയും (തോബി 8:7) ഈ ഗീതത്തിലൂടെ അനുസ്മരിപ്പിക്കുന്നു.

വിവാഹ ഉടമ്പടി

265. വിവാഹമെന്ന കൂദാശയുടെ കാർമ്മികനും സഭയുടെ ഔദ്യോഗികപ്രതിനിധിയുമായ പുരോഹിതൻ തന്റെ മുമ്പിൽ വച്ച് സാക്ഷികളുടെ സാന്നിധ്യത്തിൽ വധൂവരന്മാർ നടത്തുന്ന വിവാഹസമ്മതം സ്വീകരിച്ചുകൊണ്ട് നല്കുന്ന ആശീർവാദമാണ് അടുത്ത കർമ്മം. അവർ നടത്തുന്ന വിവാഹസമ്മതം സ്വതന്ത്രമായ മനസ്സോടും പൂർണ്ണമായ സമ്മതത്തോടും കൂടെയായിരിക്കണം എന്നു സഭ അനുശാസിക്കുന്നു. ഈ വസ്തുത ഉറപ്പുവരുത്തുതിനുവേണ്ടിയാണ് സഭ അവരുടെ സമ്മതം പരസ്യമായി ചോദിക്കുന്നത്. തങ്ങൾ നല്കുന്ന സ്വതന്ത്രവും പൂർണ്ണവുമായ സമ്മതത്തിന്റെയും പരസ്പരസ്വീകരണത്തിന്റെയും ബാഹ്യമായ അടയാളമായിട്ടാണ് വധൂവരന്മാർ വലത്തുകരം ചേർത്തുപിടിക്കുന്നത്. ദമ്പതികൾക്ക് തുല്യപങ്കാളിത്തമാണെന്നും അവർ ഇരുവരും വിവാഹത്തിലൂടെ ഒരു ശരീരമായിത്തീരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു. ദൈവമാണ് വിവാഹത്തിൽ ദമ്പതികളെ യോജിപ്പിച്ച് ഒന്നാക്കിത്തീർക്കുന്നതെന്ന യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നതാണ് വിവാഹ ഉടമ്പടിയെത്തുടർന്നുവരുന്ന ആശീർവാദപ്രാർത്ഥന. ഈ ആശീർവാദംവഴി ദമ്പതികളെ ഈശോ ആശീർവദിച്ചനുഗ്രഹിക്കുകയും അഭേദ്യമായി യോജിപ്പിക്കുകയും വിവാഹജീവിതത്തിന്റെ കടമകൾ നിർവഹിക്കുതിനാവശ്യകമായ കൃപാവരം നല്കി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മിശിഹാ അവരുടെമേൽ ചൊരിഞ്ഞ കൃപയുടെ അടയാളമായി കാർമ്മികൻ വിശുദ്ധജലം തളിക്കുന്നു.

താലി വെഞ്ചെരിപ്പ്

266. ഭാരത സംസ്കാരത്തിൽനിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികൾ സ്വീകരിച്ച കർമ്മമാണ് താലികെട്ട്. താലിയിൽ കുരിശ് അടയാളപ്പടൂത്തിക്കൊണ്ടാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ താലികെട്ട് അനുരൂപപ്പെടുത്തിയത്. താലികെട്ടാനുള്ള ചരട് മന്ത്രകോടിയിൽ നിന്നുള്ള നൂലുകൾ ഉപയോഗിച്ചാണ് പിരിച്ചെടുക്കുന്നത്. ദൈവം സ്ത്രീപുരുഷൻമാരെ സ്നേഹത്തിൽ ഒന്നിപ്പിക്കുന്ന, സ്നേഹത്തിലും വിശ്വസ്തതയിലും ബന്ധിപ്പിക്കുന്ന കർമ്മമാണ് താലികെട്ടെന്ന് താലി വെഞ്ചരിപ്പിന്റെ പ്രാർത്ഥന വെളിപ്പെടുത്തുന്നു. ഈ പ്രാർത്ഥനയുടെ ആരംഭത്തിലുള്ള 'കുരിശുമരണം വഴി തിരുസഭയെ വധുവായി സ്വീകരിച്ച കർത്താവേ' എന്ന ഭാഗം വിവാഹജീവിതത്തിൽ കുരിശിനുള്ള പ്രാധാന്യവും വൈവാഹികസ്നേഹം ആവശ്യപ്പെടുന്ന ത്യാഗവും ദമ്പതികളെ അനുസ്മരിപ്പിക്കുന്നു. മിശിഹായുടെ പെസഹാരഹസ്യമാണ് എല്ലാ കൂദാശകൾക്കും ആധാരമായി നിലകൊള്ളുന്നത്. കർത്താവിന്റെ കുരിശിലെ ബലി മിശിഹായും സഭയും തമ്മിലുള്ള വിവാഹത്തിന് അടിസ്ഥാനമായിത്തീർന്നതുപോലെ, കർത്താവിന്റെ കുരിശിന്റെ രഹസ്യത്തിലുള്ള പങ്കുചേരൽ ക്രൈസ്തവവിവാഹത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നു. ദമ്പതികളെ ദൈവം ഒന്നാക്കിത്തീർക്കുന്നതിന്റെ പ്രതീകാത്മകാനുഷ്ഠാനമായിട്ടാണ് താലികെട്ടിനെ മനസ്സിലാക്കേണ്ടത്.

മോതിരം വെഞ്ചെരിപ്പ്

267. ദമ്പതിമാരുടെ പരസ്പരസ്നേഹത്തിന്റെയും വിശ്വസ്തതയുടെയും അടയാളമായിട്ടാണ് മോതിരങ്ങൾ ആശീർവദിക്കുന്നതും പരസ്പരം അണിയിക്കുന്നതും. പാശ്ചാത്യ പാരമ്പര്യത്തിലും പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുമുള്ള മോതിരം അണിയിക്കൽകർമ്മം ഇന്ന് സീറോമലബാർ വിവാഹകർമ്മക്രമത്തിൽ ഐച്ഛികമായി ചേർത്തിട്ടുണ്ട്.

മന്ത്രകോടി വെഞ്ചെരിപ്പ്

268. ഭാരത സംസ്കാരത്തിലുള്ള പുടവനല്കൽ ചടങ്ങിനോട് സാമ്യമുള്ളതാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലുള്ള മന്ത്രകോടി നല്കുന്ന അനുഷ്ഠാനം. വിവാഹവസ്ത്രം ആശീർവദിച്ചു നല്കുക എന്നത് പൗരസ്ത്യസുറിയാനി പാരമ്പര്യത്തിൽ വളരെ പ്രാധാന്യമുള്ള കർമ്മമാണ്. കൃപാവരത്തിന്റെ അനശ്വരവസ്ത്രത്താൽ മനുഷ്യാത്മാവിനെ ദൈവം അലങ്കരിക്കുന്നതിന്റെ അടയാളമായിട്ടാണ് സീറോമലബാർ ക്രമത്തിൽ മന്ത്രകോടി ആശീർവദിച്ച് നല്കുന്നത്. ദമ്പതികൾ പരസ്പരം സംരക്ഷിച്ചും പരിപാലിച്ചും ജീവിച്ച്, സ്വർഗത്തിൽ മഹത്ത്വത്തിന്റെ വസ്ത്രമണിയാൻ വിളിക്കപ്പെട്ടവരാണെന്ന സത്യം അനുസ്മരിപ്പിക്കുന്നതുകൂടിയാണ് ഈ കർമ്മം.

പ്രതിജ്ഞ

269. ദൈവത്താൽ ഒന്നിപ്പിക്കപ്പെട്ട ദമ്പതിമാർ ജീവിതകാലം മുഴുവൻ എല്ലാ സാഹചര്യങ്ങളിലും സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ ജീവിച്ചുകൊള്ളാമെന്ന് കർത്താവിനോട് ചെയ്യുന്ന വാഗ്ദാനമാണ് ഈ പ്രതിജ്ഞ. ഈ പ്രതിജ്ഞയിൽ നിലനില്ക്കാനുള്ള അനുഗ്രഹത്തിനായി ദമ്പതികൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. വിവാഹത്തിന്റെ ഏകത്വവും അവിഭാജ്യതയും അവർ ഏറ്റുപറയുന്നു. സുവിശേഷ പ്രഘോഷണ ഗ്രന്ഥത്തിൽ കൈകൾ വച്ചുകൊണ്ടാണ് ദമ്പതികൾ പ്രതിജ്ഞ ചെയ്യുന്നത്. സുവിശേഷം ഈശോയെയാണ് പ്രതിനിധാനം ചെയ്യുന്നത്. തന്റെ കരുണാർദ്രമായ സ്നേഹവും വിശ്വസ്തതയും അഭംഗുരമായിരിക്കുമെന്നതാണ് ദൈവത്തിന്റെ പ്രതിജ്ഞ (ജറെ 31:31-34). വിവാഹത്തിൽ ദമ്പതികൾതമ്മിലുള്ള ഐക്യത്തിൽ അന്തർലീനമായിരിക്കുന്ന കടമകളുടെ നിർവഹണമാണ് പ്രതിജ്ഞയിലൂടെ ഉദ്ദേശിക്കുന്നത്.

കൈവയ്‌പുപ്രാർത്ഥന

270. ദമ്പതികൾ ചെയ്ത പ്രതിജ്ഞ പാലിച്ച് ജീവിക്കുന്നതിനാവശ്യകമായ അനുഗ്രഹവും കൃപകളും അവർക്കു ലഭിക്കുന്നതിനുവേണ്ടി കാർമ്മികൻ വലത്തുകരം നീട്ടി പ്രാർത്ഥിക്കുന്നു. തിരുസഭയുടെ ശിരസ്സായ മിശിഹാ എപ്പോഴും അവരുടെ ഭരണകർത്താവും സംരക്ഷകനുമായിരിക്കട്ടെയെന്നാണ് കാർമ്മികൻ പ്രാർത്ഥിക്കുന്നത്.

സമാപന പ്രാർത്ഥനകൾ

271. ഒന്നാമത്തെ കൃതജ്ഞതാപ്രാർത്ഥനയിൽ, ദൈവം, അബ്രാഹത്തെയും സാറയെയും അനുഗ്രഹിച്ചതുപോലെ, ഈ ദമ്പതിമാരെയും അനുഗ്രഹിക്കണമെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു; രണ്ടാമത്തെ പ്രാർത്ഥനയിൽ, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധ യൗസേപ്പിന്റെയും സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നു.

വിവാഹമെന്ന കൂദാശയിലൂടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ദമ്പതികളെ ആശീർവദിക്കുന്നതാണ് സമാപനപ്രാർത്ഥന. കുടുംബജീവിതത്തിനാവശ്യമായ എല്ലാ അനുഗ്രഹങ്ങളും കൃപകളും അവർക്കുവേണ്ടി കാർമ്മികൻ പ്രാർത്ഥിക്കുന്നു. സ്വർഗീയസൗഭാഗ്യം ലക്ഷ്യമാക്കി പരിശുദ്ധമായ വിവാഹജീവിതം നയിക്കാൻ സഭയുടെ നാമത്തിൽ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുന്നു. അനുഗ്രഹപൂർണമായ വിവാഹജീവിതത്തിലൂടെ സ്വർഗീയമഹത്ത്വം പ്രാപിച്ച് ദൈവത്തെ നിരന്തരം മഹത്ത്വപ്പെടുത്താൻ ദമ്പതികൾക്കിടയാകട്ടെ എന്ന് കാർമ്മികൻ പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു.

II വിവാഹത്തിന്റെ ദൈവശാസ്ത്രം

272. കൂട്ടായ്മയുടെ ജീവിതമായാണ് പൗരസ്ത്യസുറിയാനിപാരമ്പര്യം വിവാഹത്തെ കാണുന്നത്. അതിന്റെ മാതൃക ത്രിത്വാത്മകകൂട്ടായ്മയും മിശിഹായും സഭയും തമ്മിലുള്ള കൂട്ടായ്മയുമാണ്. വിവാഹത്തെ മിശിഹാരഹസ്യത്തോടു ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിന് പൗരസ്ത്യ സുറിയാനി പാരമ്പര്യം എപ്പോഴും ഊന്നൽ കൊടുത്തിരുന്നു. സഭയോടും മിശിഹായോടും ബന്ധപ്പെടുത്തി വിവാഹം ഒരു വലിയ രഹസ്യമാണെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ (എഫേ 5:32) അതിന് പ്രചോദനവും നല്കുന്നു. അതിനാൽ, മിശിഹായും സഭയും തമ്മിലുള്ള ബന്ധമെന്ന രഹസ്യത്തിന്റെയും ദമ്പതികൾ തമ്മിലുള്ള ഐക്യമെന്ന രഹസ്യത്തിന്റെയും സംഘാതമായ ആഘോഷമാണ് വിവാഹം.

കുരിശിലെ ആത്മബലിയിലൂടെയാണ് മിശിഹാ സഭയുമായി ഒന്നാകുന്നത്. ആദത്തിന്റെ പാർശ്വത്തിൽനിന്ന് ഉരുവായ ഹവ്വാ, ആദവുമായി ഒരു ശരീരമായി തീർന്നു (ഉത്പ 2:24). മിശിഹായുടെ പിളർക്കപ്പെട്ട പാർശ്വത്തിൽ നിന്നൊഴുകിയ രക്തത്തിലൂടെയും ജലത്തിലൂടെയുമാണ് സഭ ജന്മമെടുത്തതും മിശിഹായിൽ ഏകശരീരമായിത്തീർന്നതും. അങ്ങനെ, പെസഹാരഹസ്യമാണ് മിശിഹായുടെയും സഭയുടെയും ഒന്നായിത്തീരലായ വിവാഹത്തിന് ആധാരമായി ഭവിച്ചത്. മിശിഹാരഹസ്യത്തിൽ അധിഷ്ഠിതമായതുകൊണ്ടു ക്രൈസ്തവവിവാഹവും ഒരു ദിവ്യരഹസ്യമാണ്. ഭൗമികയാഥാർത്ഥ്യമായ വിവാഹം മിശിഹായിൽ ആദ്ധ്യാത്മിക യാഥാർത്ഥ്യമായി. അത് മിശിഹായുടെയും സഭയുടെയും ഐക്യത്തിന്റെ ദൃശ്യഅടയാളമായിത്തീർന്നു.

ബലിയാൽ മുദ്രവയ്ക്കപ്പെടുന്ന ഉടമ്പടിയാണ് വിവാഹം. പങ്കാളിയോടുകൂടെയുള്ള പുതിയ ജീവിതത്തിന്റെ പൂർണതയിലേക്ക് വളരാൻ ദമ്പതികൾ നിരന്തരം ആത്മാർപ്പണം ചെയ്യുന്നതിന്റെ ആവശ്യകത ഈ ഉടമ്പടി അവരെ ഓർമ്മിപ്പിക്കുന്നു. ത്യാഗവും പരസ്പരസമർപ്പണവും വഴി പരസ്പരം പോഷിപ്പിക്കാൻ ദമ്പതികൾക്ക് ഇടയാക്കണമെന്ന് വിവാഹതിരുക്കർമ്മത്തിൽ പ്രാർത്ഥിക്കുന്നു.

ദൈവവുമായുള്ള യുഗാന്ത ഐക്യത്തിലേക്ക് തീർത്ഥാടനം ചെയ്യുന്നതാണ് ക്രൈസ്തവജീവിതം. മരണാനന്തരമുള്ള ഉയിർപ്പ് നീതിമാന്മാരോടൊന്നിച്ചുള്ള ജീവിതം എന്നിവ നമ്മുടെ ആരാധനക്രമത്തിൽ ആവർത്തിക്കുന്ന പ്രാർത്ഥനാ വിഷയങ്ങളാണ്. മൊപ്സുവേസ്തിയായിലെ തെയദോറും നർസായിയും ദാമ്പത്യ സംയോഗത്തെ സ്വർഗീയമണവാളനായ മിശിഹാ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗീയാനന്ദത്തോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. മെർവിലെ ഈശോദാദ് വിവാഹരഹസ്യത്തെ ഉത്ഥാനവുമായി സാദ്യശ്യപ്പെടുത്തിയിരിക്കുന്നു.

273. പൗരസ്ത്യ സുറിയാനി പിതാക്കന്മാരുടെ പ്രസംഗങ്ങളിലും വിശുദ്ധ ഗ്രന്ഥഭാഗങ്ങളുടെ വ്യാഖ്യാനങ്ങളിലുമാണ് വിവാഹത്തെക്കുറിച്ചുളള വീക്ഷണം കാണുന്നത്. പാത്രിയർക്കീസ് തിമോത്തി രണ്ടാമനാണ് (+1332) ആദ്യമായി വിവാഹത്തെ ഏഴ് കൂദാശകളിൽ ഒന്നായി ദിവ്യരഹസ്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ വിവരിക്കുന്നത്. പുരുഷനെയും സ്ത്രീയെയും ദൈവം ഒന്നാക്കുന്ന വലിയ രഹസ്യമാണ് വിവാഹം.

III വിവാഹത്തിന്റെ സ്വഭാവസവിശേഷതകൾ

274. ഏകത്വം: ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ബന്ധമാണ് വിവാഹം (മത്താ 19:5-6). ബഹുഭാര്യാത്വം, ബഹുഭർതൃത്വം, കൂടിത്താമസം, വ്യഭിചാരം തുടങ്ങിയവ ഈ ഏകത്വത്തിന് എതിരായ തിന്മകളാണ്.

275. അവിഭാജ്യത: മരണംവരെ നിലനില്ക്കുന്ന ബന്ധമാണിത്. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെയെന്ന് ദൈവവചനം അനുശാസിക്കുന്നു (മത്താ 19:6). ഉപേക്ഷാപത്രം കൊടുത്തു ഭാര്യയെ പറഞ്ഞുവിടാൻ മോശ അനുവദിച്ചത് (നിയമാ 24:1) പുരുഷൻ ഹൃദയകാഠിന്യം കൊണ്ട് ഭാര്യയെ കൊല്ലാതിരിക്കാൻ വേണ്ടിയാണെന്ന് തെയദോർ വിശദീകരിക്കുന്നു.

IV വിവാഹത്തിന്റെ ലക്ഷ്യങ്ങൾ

276. വിവാഹത്തിന്റെ ലക്ഷ്യം ദൈവികനിയമങ്ങൾക്കനുസൃതമായ ദമ്പതികളുടെ സ്നേഹത്തിലുള്ള ഐക്യവും സന്താനോത്പാദനവും ആണ്. ദൈവം അവരെ യോജിപ്പിക്കുന്നു. ദമ്പതികൾ തങ്ങളുടെ ആത്മികവും ശാരീരികവുമായ ഒന്നാകലിലൂടെ സൃഷ്ടിയിലുള്ള ദൈവികപദ്ധതിയെ പൂർത്തീകരിക്കുന്നു. ദൈവികപദ്ധതിയിൽ സ്ത്രീ, പുരുഷന്റെ ഭാഗമായിരുന്നതിനാൽ ഭർത്താവ് ഭാര്യയെ സ്വന്തം ശരീരമെന്നപോലെ സ്നേഹിക്കണം (ഉത്പ 2:24),

ദൈവം സ്ത്രീപുരുഷന്മാരെ, അവരുടെ ഐക്യം ലക്ഷ്യമാക്കി, തുല്യരും പരസ്പരപൂരകങ്ങളുമായാണ് സൃഷ്ടിച്ചത്. സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും തുല്യമായി അവകാശപ്പെട്ടിരിക്കുന്നു. ഇരുവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വളരെ സന്തുലിതമായ കാഴ്ചപ്പാടാണിത്. ശാരീരികമായും മാനസികമായും ഒന്നാകാനുള്ള ഉന്മുഖത സ്ത്രീപുരുഷന്മാരുടെ പ്രകൃതിയിൽ ദൈവം ആലേഖനം ചെയ്തിരിക്കുന്നു.

ദമ്പതികളുടെ സ്നേഹം ഉത്കൃഷ്ടമാംവിധം പ്രകടമാകുന്നത് അവരുടെ ലൈംഗികൈക്യത്തിലാണ്. അവരുടെ പരസ്പരമുള്ള ആത്മാർത്ഥത നിറഞ്ഞ ആത്മദാനം ഗാഢമായ ഐക്യം സ്ഥാപിക്കുകയും ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുന്നു. പുതിയ ജീവന്റെ ജനനത്തിന് അവർ കാരണക്കാരാകുന്നു. അങ്ങനെ, മനുഷ്യവർഗത്തിന്റെ നിലനിൽപ് ഉറപ്പാക്കുകയും ചെയ്യുന്നു. തന്മൂലം, ഗർഭച്ഛിദ്രം, വന്ധ്യംകരണം, ഗർഭനിരോധനം എന്നിവ വിവാഹലക്ഷ്യങ്ങൾക്കെതിരായ തിന്മകളാണ്.

V വിവാഹവും വിശുദ്ധ കുർബാനയും

277. വിശുദ്ധ കുർബാനയോടുകൂടിയാണ് സാധാരണമായി വിവാഹം ആശീർവദിക്കുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ, പ്രത്യേകിച്ച് വിശുദ്ധ അപ്രേമിന്റെ കാഴ്ചപ്പാടിൽ, വിശുദ്ധ കുർബാന മിശിഹായുടെയും സഭയുടെയും വിവാഹാഘോഷത്തിന്റെ വിരുന്നാണ്. മിശിഹായുടെ തിരുരക്തമാണ് അവിടത്തെ വിവാഹവിരുന്നിലെ യഥാർത്ഥ പാനീയം. വിശുദ്ധ കുർബാനയിലെ തിരുരക്തം ഉളവാക്കുന്ന ഫലത്തെ സൂചിപ്പിക്കാൻ വിശുദ്ധ അപ്രേം ഉപയോഗിക്കുന്ന "ശവ്ത്താപൂസാ" (കൂട്ടായ്മ, പങ്കുചേരൽ, ഒന്നാകൽ) എന്ന അതേ പദംതന്നെ സുറിയാനി ഭാഷയിൽ വിവാഹത്തെയും ലൈംഗികകർമ്മത്തെയും സൂചിപ്പിക്കാനുപയോഗിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന കൂട്ടായ്മയുടെ (മിശിഹായോടും മിശിഹായിലൂടെ ദൈവത്തോടും ഉണ്ടാകുന്ന കൂട്ടായ്മയുടെ) തുടർച്ചയും പ്രകാശനവുമായി ലൈംഗികൈക്യത്തെ കാണാമെന്നർത്ഥം. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ വിവാഹാഘോഷക്രമത്തിൽ കാസയുടെ ആശീർവാദത്തിനും കാസയിൽ നിന്നുള്ള പാനം ചെയ്യലിനും വളരെ പ്രാധാന്യം നല്കിയിരിക്കുന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ അർത്ഥവത്താകുന്നു. വിശുദ്ധ കുർബാനയിലെ ആശീർവാദപ്രാർത്ഥനയുടെ മാതൃകയിലാണ് പൗരസ്ത്യ സുറിയാനി ക്രമത്തിൽ വിവാഹ ശുശ്രൂഷയിലെ കാസയുടെ ആശീർവാദം.

വിശുദ്ധ അപ്രേമിന്റെ അഭിപ്രായത്തിൽ വിവാഹത്തിന്റെ പരിശുദ്ധി വിശുദ്ധ കുർബാനയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. കാരണം, വിശുദ്ധ കുർബാനയിലാണ് സഭയും മിശിഹായും തമ്മിലുള്ള ഏറ്റവും ഗാഢമായ ഐക്യത്തിന്റെ ആഘോഷം നടക്കുന്നത്. മണവാട്ടിയായ സഭയ്ക്ക് മണവാളനായ മിശിഹാ തന്റെ ശരീരരക്തങ്ങളാണ് സ്ത്രീധനമായി നല്കുന്നത്. വിവാഹാഘോഷത്തിലെ പ്രാർത്ഥനകൾ ഇക്കാര്യം വ്യക്തമാക്കുന്നു. വിശുദ്ധ കുർബാനയിൽ മിശിഹായും സഭയും തമ്മിലുള്ള വിവാഹത്തിലെ സാക്ഷാത്കാരം കൗദാശികുമായി നടക്കുന്നു. മിശിഹായുടെ ആത്മദാനമാണ് അവിടെ സാക്ഷാത്കരിക്കപ്പെടുന്നത്.

278. വിവാഹത്തെ വിശുദ്ധ കുർബാനയോടു ചേർത്തു കാണുന്നതിന്റെ ഫലങ്ങൾ ഇവയാണ്. ഒന്നാമതായി വിവാഹത്തിലുണ്ടായിരിക്കേണ്ട ഐക്യത്തിന്റെ അഥവാ ഒന്നായിത്തീരലിന്റെ യഥാർത്ഥ മാതൃക വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന ഐക്യമാണ്. മിശിഹായെ സ്വീകരിക്കുന്ന വ്യക്തി മിശിഹായുമായി ഒരു ശരീരമാകണം. അതുപോലെ, വിവാഹം ഒരു സ്ത്രീയെയും ഒരു പുരുഷനെയും ഏകശരീരമെന്ന ഐക്യത്തിലേക്കും നയിക്കണം. അതു ദൈവവുമായുള്ള ഐക്യത്തിന്റെ ഫലമാണ്; അതു വിവാഹത്തിന് ദൈവികമാനം നല്കുന്നു. രണ്ടാമതായി വിശുദ്ധ കുർബാനയിൽ മിശിഹായുടെ ആത്മബലിയിലൂടെയാണ് സഭയുമായുള്ള കൂട്ടായ്മ സാക്ഷാത്കൃതമാകുന്നത്. വിവാഹത്തിലും ദൈവികമണവാളന്റെ കുരിശിലെ ആത്മദാനരഹസ്യത്തിൽ പങ്കുചേരുക ആവശ്യമാണ്. അതിനാൽ, സ്ലീവാരഹസ്യത്തിന് വിവാഹാഘോഷത്തിൽ വലിയ പങ്കുണ്ട്. സീറോമലബാർ പാരമ്പര്യത്തിലെ താലി യഥാർത്ഥത്തിൽ കുരിശിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.

279. വിവാഹത്തിലൂടെ ദമ്പതികൾ മിശിഹായുടെ ഉടമ്പടിയിലേക്കും അവിടത്തെ രക്ഷാകരരഹസ്യത്തിലേക്കും കൂട്ടിച്ചേർക്കപ്പെടുന്നു. കർത്താവിന്റെ പെസഹാരഹസ്യത്തിലും ഉടമ്പടിയിലുമുള്ള ദമ്പതികളുടെ ആഴമേറിയ പങ്കുചേരലാണ് വിവാഹത്തെ കൂദാശയാക്കുന്നത്.

അടിക്കുറിപ്പുകൾ

1. Syro Malabar Sabhayude Kudasakal (Mal.), Mount St. Thomas, Kochi 2007.

2. Narsai, "Exposition of the Mysteries", The Liturgical Homilies of Narsai, R.H. Connolly, Cambridge 1909.

3. Timothy II, Book of Seven Causes of the Mysteries of the Church by Catholicos Patriarch Timothy II (1318-1332), Rome.

4. Ephrem, Sermones III, CSCO 321, Louvain 1972.

5. Ephrem, Hymns on Virginity, E. Beck, Hymnen de Virginitate, Louvain 1962.

വിവാഹം സിറോമലബാർ സഭയിലെ വിവാഹക്രമം സിറോമലബാർ സഭയിലെ വിവാഹച്ചടങ്ങുകളുടെ അർത്ഥങ്ങൾ വിവാഹത്തിന്റെ ദൈവശാസ്ത്രം വിവാഹത്തിന്റെ ലക്ഷ്യങ്ങൾ വിവാഹവും വിശുദ്ധകുർബാനയും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message