We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Thomas Poovathanikkunnel On 03-Feb-2021
വിശിഷ്ടമായ വഹനം, ഒരിക്കലും ഉപേക്ഷിക്കാന്‍ വയ്യാത്ത വഹനം എന്ന അര്‍ത്ഥമാണ് വിവാഹം എന്ന പദത്തിനുള്ളത്. ഇസ്രായേല്‍ ജനതയുമായി നടത്തിയ ഉടമ്പടിപ്രകാരം അവര്‍ അത്യധികം അവിശ്വസ്തത കാട്ടിയപ്പോഴും ഉപേക്ഷിക്കാത്ത സ്നേഹത്തോടെ അവരെ പരിപാലിക്കുകയും അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയും ചെയ്ത ദൈവത്തിന്‍റെ പഴയനിയമചിത്രം വിവാഹബന്ധത്തിന്‍റെ പ്രതീകമാണ്. ഇസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തം ജനമായി തീര്‍ന്ന ഉടമ്പടിയാണ് പഴയനിയമത്തില്‍ കാണുക. ഈ ബന്ധത്തെ പലപ്പോഴും വൈവാഹികബന്ധത്തോട് താരതമ്യം ചെയ്യുന്നതായും കാണാവുന്നതാണ്. ദൈവം ഇസ്രായേലിനെ വിശിഷ്ടമാംവിധം വഹിക്കുന്നു: "പെറ്റമ്മ തന്‍റെ കുഞ്ഞിനെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല; നിന്നെ എന്‍റെ ഉള്ളം കയ്യില്‍ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നു" (ഏശ 49:15). നിരവധി വചനഭാഗങ്ങള്‍ ഇസ്രായേലിനെ സ്നേഹപൂര്‍വ്വം നയിക്കുന്ന, വഹിക്കുന്ന ദൈവത്തിന്‍റെ ചിത്രം വരച്ചുകാട്ടുന്നുണ്ട്. "കഴുകന്മാരുടെ ചിറുകളില്‍ സംവഹിച്ചു നിങ്ങളെ എന്‍റെ അടുക്കലേക്കുകൊണ്ടുവന്നു" (പുറ 19:4).
മനുഷ്യവംശത്തിന്‍റെ ചരിത്രവും രക്ഷയുടെ ചരിത്രവും വിവാഹബന്ധത്തില്‍ കേന്ദ്രീകൃതമായ കുടുംബത്തിന്‍റെ ചരിത്രമാണെന്നു കാണാം. മനുഷ്യരാശിയെ സംബന്ധിച്ച് ഇന്നുള്ള ഏറ്റവും പ്രധാനവും ശക്തവുമായ കൂട്ടായ്മ കുടുംബത്തിലാണ്. സമൂഹം മുഴുവന്‍ ഈ കൂട്ടായ്മയോട് ഏതെങ്കിലും വിധത്തില്‍ കടപ്പെട്ടിരിക്കുന്നു. സഭയുടെയും സമൂഹത്തിന്‍റെയും അടിത്തറയാണ് "ഗാര്‍ഹികസഭ" എന്നു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശേഷിപ്പിക്കുന്ന കുടുംബം. ദൈവകൃപയ്ക്ക് പാത്രവും ദൈവസ്നേഹാനുഭവത്തിന്‍റെ ഉറവിടവുമായ കുടുംബം "വിവാഹം" എന്ന കൂദാശയാല്‍ സ്ഥാപിതമാണെന്നു സഭ പഠിപ്പിക്കുന്നു.
എല്ലാ സമൂഹങ്ങളിലും, ജാതിമത വര്‍ഗ്ഗവര്‍ണ്ണഭേദമെന്യേ വിവാഹം നിലനില്ക്കുന്നു. ഇതു സ്നേഹത്തില്‍ അധിഷ്ഠിതവും ഭൗതികനേട്ടങ്ങള്‍ക്കു നിദാനവും വ്യക്തികളുടെ സംരക്ഷണം ഉറപ്പുനല്കുന്നതുമാണ്. ഇതു മനുഷ്യനു സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ബന്ധമാണ്. എല്ലാ സമൂഹങ്ങള്‍ക്കിടയിലും മതപരവും അലൗകികവുമായ ഒരു മാനവും ഇതിനു കല്പിക്കുന്നുണ്ട്. കത്തോലിക്കാസഭ ഒരു കൗദാശികരഹസ്യമായി കാണുന്ന വിവാഹത്തിന്‍റെ വേദിയിലേക്ക് ഏറെ പ്രതീക്ഷയോടെ ഒരുക്കിയാണ് തന്‍റെ മക്കളെ ആനയിക്കുക. വിവാഹജീവിതത്തിലേയ്ക്ക് കടന്നുവരുന്നവര്‍ക്കായി ആരാധനക്രമത്തിന്‍റെ ആഘോഷത്തിലൂടെ പ്രത്യേകം കൃപാവരം മിശിഹാ ചൊരിയുന്നു. വിവാഹം സ്നേഹസമര്‍പ്പണമാണ്. സ്ത്രീപുരുഷന്മാര്‍ പരസ്പരം അര്‍പ്പിക്കുന്ന ബലിവേദിയാണ് വിവാഹം. കുടുംബത്തിന്‍റെ പശ്ചാത്തലത്തില്‍ വിവാഹത്തിന്‍റെ പരിപാവനമായ വേദിയില്‍ അവര്‍ ജീവിതപങ്കാളിക്കായി സ്വയം ദാനം ചെയ്യുന്നു.
വിവാഹം എന്ന കൂദാശ
ഒരു സ്ത്രീയും ഒരു പുരുഷനും തമ്മില്‍ മരണം വരെ വേര്‍പിരിയുവാന്‍ പാടില്ലാത്ത വിശുദ്ധമായ ഐക്യം ഉളവാക്കുന്നതിനും പരസ്പരം സ്നേഹിക്കുന്നതിനും സന്താനങ്ങളെ ദൈവമക്കളായി വളര്‍ത്തുന്നതിനും ആവശ്യമായ കൃപാവരം അവര്‍ക്കു നല്കുന്ന കൂദാശയാണ് ക്രിസ്തീയ വിവാഹം.
വിവാഹഉടമ്പടി സ്രഷ്ടാവായ ദൈവത്താല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളാല്‍ നിയന്ത്രിതവുമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള പിന്‍വലിക്കാന്‍ പാടില്ലാത്ത വ്യക്തിഗതമായ സമ്മതത്താലുള്ള സമ്പൂര്‍ണ്ണജീവിതകൂട്ടായ്മയാണു വിവാഹം. ഈ കൂട്ടായ്മ ദമ്പതികളുടെ നന്മയ്ക്കും സന്താനോത്പാദനത്തിനും മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്തിരിക്കുന്നു.
മിശിഹായുടെ സഭയുമായുള്ള സ്നേഹബന്ധത്തില്‍ അടിസ്ഥാനമായുള്ളതാണ് വിവാഹമെന്നതിനാല്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം ഒരു കൂദാശയാണ്. ഭാര്യഭര്‍ത്തൃസ്നേഹം സഭയും മിശിഹായും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രതീകമാണ്. അവര്‍ മിശിഹായുടെ സ്നേഹത്തെ പ്രകാശിപ്പിക്കുന്നു. മിശിഹാ സഭയ്ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചതുപോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സമര്‍പ്പിക്കുന്നു. ജീവന്‍ നല്കി സഭയെ വീണ്ടെടുത്ത മിശിഹായെപ്പോലെ സ്വയം ത്യജിച്ച് അവര്‍ പരസ്പരം രക്ഷിതാക്കളായി വര്‍ത്തിക്കുന്നു.
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മാനുഷികപ്രക്രിയ വഴി ദൈവികനിശ്ചയം അനുസരിച്ച് സമൂഹത്തിനുമുമ്പില്‍ സുദൃഢമായ ഒരു ജീവിതസ്ഥിതിയാണിത്. വിവാഹ ഉടമ്പടി വഴിയായി പുരുഷനും സ്ത്രീയും "രണ്ടല്ല, ഒരൊറ്റ ശരീരമാണ്" (മത്താ 16:6). അവര്‍ തങ്ങളുടെ വ്യക്തിപരവും പ്രവര്‍ത്തനപരവുമായ ഗാഢബന്ധം വഴി അന്യോന്യം സഹായവും സേവനവും പ്രദാനം ചെയ്യുന്നു. ദൈവികസ്നേഹത്തിന്‍റെ സ്രോതസ്സില്‍ നിന്ന് ഉത്ഭവിക്കുന്നതും തിരുസ്സഭയുമായുള്ള ഈശോയുടെ ഐക്യത്തിന്‍റെ മാതൃകയില്‍ സംവിധാനം ചെയ്തിരിക്കുന്നതുമായ ഒരു ബഹുമുഖസ്നേഹമാണ് വിവാഹം.
"വിവാഹം എന്ന കൂദാശ മിശിഹായും സഭയും തമ്മിലുളള ഐക്യം സൂചിപ്പിക്കുന്നു. സഭയെ മിശിഹാ സ്നേഹിച്ച സ്നേഹത്താല്‍ ദമ്പതികള്‍ക്ക് പരസ്പരം സ്നേഹിക്കുവാന്‍ ഇതു ശക്തി നല്കുന്നു. കൂദാശയുടെ അനുഗ്രഹം അവരുടെ സ്വാഭാവികസ്നേഹത്തെ പരിപൂര്‍ണ്ണതയിലേക്ക് നയിക്കുകയും അവരുടെ അഖണ്ഡമായ ഐക്യത്തെ ശക്തിപ്പെടുത്തുകയും നിത്യജീവിതത്തിലേയ്ക്കുള്ള യാത്രയില്‍ വിശുദ്ധീകരിക്കുകയും ചെയ്യുന്നു" (CCC 1661). ദൈവികസ്നേഹത്തിന്‍റെ സ്രോതസ്സില്‍ നിന്നുത്ഭവിക്കുന്നതും തിരുസ്സഭയുമായുള്ള മിശിഹായുടെ ഐക്യത്തിന്‍റെ മാതൃകയില്‍ സംവിധാനം ചെയ്തിരിക്കുന്നതുമായ ഈ ബഹുമുഖ സ്നേഹത്തെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു (GS 48).
നൈസര്‍ഗ്ഗികമായ ഒരു ആഗ്രഹത്തിലും വികാരത്തിലും ആരംഭിച്ച് വ്യക്തമായ ഒരു തിരഞ്ഞെടുപ്പില്‍ എത്തി വ്യക്തവും നിലനില്ക്കുന്നതുമായ സ്നേഹത്താല്‍ നിയന്ത്രിതമായ ഒരു ഉടമ്പടിയാണ് വിവാഹം.
വൈവാഹികബന്ധം അതില്‍ തന്നെ സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം അടുത്തറിയുന്നതാണ്. പഴയനിയമപശ്ചാത്തലത്തില്‍ അറിയുക എന്നാല്‍ അനുഭവത്തിന്‍റെയും സഹവാസത്തിന്‍റെയും ലൈംഗികവേഴ്ചയുടെയും ഫലമായ വ്യക്തിപരമായ ഒരു അറിവാണ്. ഇത്തരത്തില്‍ ലൈംഗികബന്ധമെന്നത് പരസ്പരം അറിയുന്നതിന്‍റെ ഏറ്റവും ദൃഢമായ ഭാവമാണ്. അതു പരസ്പരബന്ധത്തിന്‍റെ ഏറ്റവും ഉന്നതവും അവസാനത്തേതുമായ പ്രവൃത്തിയാണ്. ഇതിലൂടെ അവര്‍ ഏക ശരീരമായി തീരുന്നു. ജീവശാസ്ത്രപരമായി പറഞ്ഞാല്‍ അവര്‍ ഒരു ജീവനായി തീരുന്നു. അതിനാല്‍ ലൈംഗികബന്ധം ഈ അറിവിന്‍റെയും സ്നേഹത്തിന്‍റെയും പശ്ചാത്തലത്തിലല്ലായെങ്കില്‍ അതു ക്രമരഹിതമായ പ്രവൃത്തിയാണ്. രണ്ടു ജീവിതങ്ങള്‍ വിശ്വസ്തമായ മാനുഷിക സ്നേഹത്താല്‍ വിവാഹത്തില്‍ ഒന്നായിത്തീരുന്നു. ഈ സ്നേഹം പരസ്പരസഹായത്തിലും സഹകരണത്തിലും അഭിനിവേശത്തിലും പ്രകടമാകുന്നു.
ഇപ്രകാരമുള്ള വിവാഹബന്ധത്തെ പഴയനിയമത്തില്‍ സ്നേഹത്തിന്‍റെ ഉടമ്പടി വ്യക്തമാക്കുവാന്‍ ഉപയോഗിച്ചിരുന്നു.
പഴയനിയമത്തില്‍
സൃഷ്ടികര്‍മ്മത്തില്‍ തന്നെ സ്ത്രീപുരുഷബന്ധത്തിന്‍റെ അടിസ്ഥാനം വിവരിക്കുന്നു. പുരുഷനില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന സ്ത്രീ. അവരുടെ ബന്ധത്തിന്‍റെ ഉറവിടം ഈ സൃഷ്ടി തന്നെ. ഇതിന്‍റെ വെളിച്ചത്തില്‍ വചനം പറയുന്നു: "അതിനാല്‍, പുരുഷന്‍ മാതാപിതാക്കന്മാരെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റശരീരമായിത്തീരും" (ഉല്‍പ 2:24). ഈ വചനഭാഗം വിവാഹത്തെക്കുറിച്ചുള്ള പുതിയനിയമകാഴ്ചപ്പാടുകളില്‍ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്നു. വൈവാഹികബന്ധം മനുഷ്യസൃഷ്ടിയല്ല എന്നും അതിന്‍റെ ഉറവിടം ദൈവമാകുന്നുവെന്നും ഇതു വ്യക്തമാക്കുന്നു.
പഴയനിയമത്തില്‍ പല വിവാഹത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഇസഹാക്കിനു റബേക്കായെ കണ്ടെത്തുന്നതും യാക്കോബ് ലാബാന്‍റെ മകളെ സ്വീകരിക്കുന്നതും ഉദാഹരണങ്ങളാണ്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ജീവിതസഖിയെ പ്രത്യേകം ദൈവം കണ്ടെത്തി നല്കുന്നതായും ദൈവികപരിപാലന വിവാഹത്തില്‍ പ്രവര്‍ത്തിക്കുന്നതായും വിശുദ്ധ ഗ്രന്ഥത്തില്‍ തെളിയുന്നു.
ദൈവജനത്തിന് വിവാഹജീവിതം ദൈവികപദ്ധതിയില്‍ സംലഭ്യമാകുന്നതാണ്. തോബിയാസ് വിവാഹരാത്രിയില്‍ പ്രാര്‍ത്ഥിക്കുന്നു: "കര്‍ത്താവേ ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്കളങ്കമായ പ്രേമത്താലാണ്" (തോബിത്ത് 8:7). ഈ ദര്‍ശനമാണു വിവാഹത്തെക്കുറിച്ച് പഴയനിയമം നല്കുക. നിഷ്കളങ്കപ്രേമം എന്നതു ദൈവികഭാവമാണ,് ദൈവികതയാണ്. ഉത്തമഗീതം ഈ പ്രേമത്തെ അതായതു ദൈവമനുഷ്യസ്നേഹത്തെ അവതരിപ്പിക്കുന്നത് ഈ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണല്ലോ.
ദൈവം സൃഷ്ടിയില്‍ ആരംഭം കുറിച്ചതും മാനുഷികതലത്തില്‍ നിറഞ്ഞുനില്ക്കുന്നതും മനുഷ്യസഹജവുമായ വിവാഹബന്ധത്തെ തനിക്ക് മനുഷ്യനോടുള്ള ബന്ധത്തെ വ്യക്തമാക്കുവാനുള്ള ഉപാധിയാക്കി തിരഞ്ഞെടുത്തു. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളും വസ്തുക്കളുമെല്ലാം വേര്‍തിരിക്കപ്പെടുകയും പവിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ആകയാല്‍ വിവാഹബന്ധവും ദൈവികമായ ഒരു ബന്ധമായിത്തീരുന്നു.
അബ്രാഹവുമായി ദൈവം ഉടമ്പടി ചെയ്തു. "ഞാന്‍ എന്നേയ്ക്കും നിനക്കും നിന്‍റെ സന്തതികള്‍ക്കും ദൈവമായിരിക്കും" (ഉല്‍പ. 17:7). വീണ്ടും സീനായ് ഉടമ്പടിയില്‍ ദൈവം അരുള്‍ചെയ്തു: "നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും; .... നിങ്ങള്‍ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധ ജനവുമായിരിക്കും" ( പുറ 19:5). ഇപ്രകാരം ദൈവം സ്വന്തമാക്കിയ ജനത്തെ അവിടുന്ന് എപ്പോഴും തന്നോടുകൂടെയായിരിക്കുവാന്‍ ക്ഷണിച്ചു. ഇസ്രായേല്‍ ജനതയും ദൈവവും ഒന്നുചേര്‍ന്നുള്ള ജീവിതത്തിന്‍റെ പ്രതീകമായി പഴയനിയമം വിവാഹത്തെ സൂചിപ്പിക്കുന്നു. പ്രവാചകഗ്രന്ഥങ്ങളില്‍ ഇസ്രായേലിന്‍റെ അവിശ്വസ്തതയെ വേശ്യാവൃത്തിയോടും അവിശ്വസ്തഭാര്യയുടെ അവസ്ഥയോടും ഉപമിച്ചിരിക്കുന്നത് ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
ഇസ്രായേലും ദൈവവും തമ്മിലുള്ള ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ വിവാഹത്തെയും ദര്‍ശിച്ചിരുന്നു. തദനുസാരം വൈവാഹികസ്നേഹവും വിശ്വസ്തതയും രണ്ടു പങ്കാളികള്‍ തമ്മിലുള്ള ഐക്യത്തെയും സംവാദത്തെയും സൂചിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിതപങ്കാളികളാണ്. ആരും ആര്‍ക്കും അടിമയല്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള ആവശ്യവും ആകര്‍ഷകത്വവും അവരുടെ പാരസ്പര്യവും ദൈവത്തിന്‍റെ സൃഷ്ടിയാണ്. സ്ത്രീപുരുഷലൈംഗിക ബന്ധം പരിശുദ്ധമാണ്. ഈ ബന്ധത്തിലൂടെയുള്ള സൃഷ്ടികര്‍മ്മത്തില്‍ അവര്‍ സ്രഷ്ടവായ ദൈവത്തോട് അടുക്കുന്നു. ദൈവഹിതത്തിനു സ്വയം വിധേയപ്പെടുത്തുകയാണ് ഈ ബന്ധത്തിലൂടെ അവര്‍ ചെയ്യുന്നത്.
മനുഷ്യന്‍റെ ദൈവത്തോടുള്ള ബന്ധവും ദൈവത്തിന്‍റെ മനുഷ്യനിലുള്ള സര്‍വ്വാതിശായകവും സ്വതന്ത്രവുമായ രക്ഷാകരപ്രവൃത്തിയും വിവാഹം വ്യക്തമാക്കുന്നുണ്ട്. ലൗകികവും മാനുഷികവുമായ മാറ്റങ്ങള്‍ വിവാഹബന്ധത്തിലൂടെ വ്യക്തികള്‍ക്ക് ഉണ്ടാകുന്നു. വിവാഹം ഒരു ഉടമ്പടി മാത്രമല്ല, മനുഷ്യന്‍റെ ദൈവവുമായുള്ള കൂട്ടായ്മയിലുള്ള ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവത്കരണമാണ്. സ്ത്രീപുരുഷകൂട്ടായ്മയായ വിവാഹത്തില്‍ മനുഷ്യനു ദൈവവുമായുള്ള ഐക്യം സാധ്യമാകുന്നു. കാരണം ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വ്യക്തികള്‍ ദൈവികമായ സ്നേഹത്തില്‍ ദൈവികപ്രചോദനത്തില്‍ ഒന്നായിത്തീരുമ്പോള്‍ അതു ദൈവവുമായുള്ള ഐക്യം തന്നെ. സ്നേഹിക്കുന്നവര്‍ ദൈവമക്കളാണ്. കാരണം ദൈവം സ്നേഹമാകുന്നു. സഹോദരനെ സ്നേഹിക്കുന്നവന്‍ ദൈവത്തെയാണ് സ്നേഹിക്കുകയെന്ന് യോഹന്നാന്‍ ശ്ലീഹാ പഠിപ്പിക്കുന്നു. സ്നേഹക്കൂട്ടായ്മയില്‍ അവിടുത്തെ സാന്നിദ്ധ്യവും കൃപാവരവും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. വിവാഹത്തില്‍ രണ്ടുവ്യക്തികള്‍ ഒരു ശരീരമായിത്തീരുന്ന കൂട്ടായ്മയാണുള്ളത്. മാനുഷികസ്നേഹത്തിന്‍റെ ഏറ്റവും തീവ്രവും ദൃഢവുമായ ഭാവങ്ങള്‍ വിവാഹത്തിലുണ്ട്. പഴയനിയമത്തില്‍ ദൈവമനുഷ്യബന്ധം, ഭാര്യഭര്‍ത്തൃബന്ധത്തെ വ്യക്തമാക്കുകയല്ല, പ്രത്യുത ഭാര്യഭര്‍ത്തൃബന്ധത്തിന്‍റെ വെളിച്ചത്തില്‍ ദൈവമനുഷ്യബന്ധം വിശദമാക്കപ്പെടുകയാണ്.
ദൈവം ഏകനാണ്. ദൈവജനം ഏകദൈവവിശ്വാസത്തില്‍ വളരുന്നതോടൊപ്പം വൈവാഹികബന്ധത്തിലും "ഏകത്വം" വെളിപ്പെട്ടു. അഭേദ്യമായ ദൈവത്തിന്‍റെ ഉടമ്പടിയും ബന്ധവും വിവാഹത്തിന്‍റെ "അവിഭാജ്യതയ്ക്കും" നിദാനമായി. ഇസ്രായേലിന്‍റെ ഏകകര്‍ത്താവായ ദൈവത്തെ വിട്ട് മറ്റു ദേവന്മാരെ ആരാധിക്കുക ശിക്ഷാര്‍ഹമാണെന്നു വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു. ഈ അവിഭാജ്യവും ഏകവുമായ ബന്ധത്തിന്‍റെ പ്രകാശനമായ വിവാഹബന്ധവും അപ്രകാരമായിരിക്കണം (പുറ 20:1-7). പഴയനിയമഉടമ്പടിക്കടിസ്ഥാനം വിശ്വസ്തതയും ദൈവത്തിന്‍റെ സ്വയം ദാനവുമാണ്. ഇതുതന്നെ ദൈവജനത്തില്‍നിന്നും ദൈവം പ്രതീക്ഷിക്കുന്നു. ആമോസ് (2:7, 4:1-2), ജറമിയ (3:1-25; 5:1-11; 11:9-17). എസക്കിയേല്‍ (16:1), മലാക്കി (2:15-16) എന്നീ പ്രവാചകന്മാരുടെ ഇസ്രായേലിനോടുള്ള വാക്കുകള്‍ വിവാഹബന്ധത്തിന്‍റെ പ്രതീകങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ളതാണ്.1 യാഹ്വേയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുവാന്‍ വിശുദ്ധ ഗ്രന്ഥം ഉപയോഗിക്കുന്ന വിവാഹബന്ധം പ്രധാനമായും യാഹ്വേയുടെ കരുണാദ്രസ്നേഹമാണ് വെളിപ്പെടുത്തുന്നത് (മലാ 2:14, എസെ 16:18, ഹോസി 2:18, സുഭാ 2:17).
പുതിയനിയമത്തില്‍
പുതിയനിയമത്തില്‍ വിവാഹത്തിനു കൂടുതല്‍ പ്രതീകാത്മകത കൈവന്നു. യുഗാന്ത്യമുള്ള സ്വര്‍ഗ്ഗീയമഹത്ത്വത്തിന്‍റെ സന്തോഷത്തെ സൂചിപ്പിക്കുവാന്‍ വിവാഹവിരുന്നിനെ ഉപയോഗിക്കുന്നു. സ്വര്‍ഗ്ഗീയസൗഭാഗ്യം ഈ പ്രതീകത്തില്‍ അനാവൃതമാക്കപ്പെടുന്നു. "തന്‍റെ പുത്രന്‍റെ വിവാഹത്തിനു വിരുന്നു തയ്യാറാക്കിയ ഒരു രാജാവിനു സദൃശ്യമാണ് സ്വര്‍ഗ്ഗരാജ്യം" (മത്താ 22:2). "മണവാളനെ എതിരേല്ക്കുവാന്‍ വിളക്കുകളുമേന്തി പുറപ്പെട്ട കന്യകകള്‍ക്കു സമാനമാണ് സ്വര്‍ഗ്ഗരാജ്യം" (മത്താ 25:1). ഇവിടെയും വിവാഹത്തിലെ മണവാളന്‍റെ പ്രതീകാത്മകതയിലാണ് സ്വര്‍ഗ്ഗരാജ്യരഹസ്യങ്ങള്‍ ഈശോ അനാവരണം ചെയ്യുന്നത്. ഉപവാസത്തെക്കുറിച്ചുള്ള പ്രതിപാദനത്തില്‍ മണവാളന്‍റെ പ്രതീകം കടന്നുവരുന്നു. "മണവാളന്‍ കൂടെയുള്ളപ്പോള്‍ വിവാഹാതിഥികള്‍ക്ക് ദുഃഖമാചരിക്കാന്‍ സാധിക്കുമോ?" (മത്താ 9:15). ഇവിടെയെല്ലാം വിവാഹവും വിവാഹാഘോഷവും ദൈവികരഹസ്യങ്ങളുടെ പ്രതീകങ്ങളായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
കാനായിലെ കല്യാണത്തിലുള്ള ഈശോയുടെ സാന്നിദ്ധ്യവും മാതാവിന്‍റെ മാധ്യസ്ഥതയും ഒരു സാധാരണ വിവാഹത്തെ ദൈവികമാക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ദൈവരാജ്യത്തിലുള്ള സന്തോഷത്തിന്‍റെ ഈ ലോകത്തിലെ പൂര്‍ത്തീകരണമാണിവിടെ സംഭവിച്ചത്. വിവാഹബന്ധത്തിന്‍റെ പൂര്‍ണ്ണത ദൈവികസാന്നിദ്ധ്യത്തിലാണ് ഉണ്ടാവുക. ദൈവികമായ മനുഷ്യസ്നേഹത്താലുള്ള വിവാഹത്തില്‍ ദൈവികസാന്നിദ്ധ്യം അവിഭാജ്യമായിട്ടും ഉണ്ടാകുന്നു.
അവിഭാജ്യവും ഏകവുമായ ദൈവമനുഷ്യബന്ധത്തിന്‍റെ പ്രതീകമായി തീര്‍ന്നിരുന്ന വിവാഹം പഴയനിയമത്തില്‍ ജനത്തിന്‍റെ ഹൃദയകാഠിന്യം നിമിത്തം മോചിക്കപ്പെടാവുന്ന ബന്ധമായിത്തീരുന്നുണ്ട് (നിയ 24:1-4, മത്താ 19:1-9). എന്നാല്‍ ഈശോ ആ പവിത്രബന്ധത്തിന്‍റെ അവിഭാജ്യത ഊന്നല്‍ നല്കി പഠിപ്പിച്ചു. ആദിയില്‍ സ്രഷ്ടാവ് പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിച്ചപ്പോഴുണ്ടായ സ്നേഹബന്ധത്തിന്‍റെ ഭാവങ്ങള്‍ അവിടുന്ന് പുനഃസ്ഥാപിച്ചു.
കുരിശിലെ ആത്മബലിയിലൂടെ മിശിഹാ സഭാമണവാട്ടിയുമായി ഒന്നായി. ആദത്തിന്‍റെ പാര്‍ശ്വത്തില്‍നിന്ന് എടുക്കപ്പെട്ട ഹവ്വ ആദവുമായി ഒന്നായതുപോലെ മിശിഹായുടെ പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തില്‍നിന്നും ഒഴുകിയ ജലത്തിലും രക്തത്തിലുംകൂടി സഭ മിശിഹായില്‍ ഏകശരീരമായി. മിശിഹായുടെയും സഭയുടെയും ഐക്യത്തിന്‍റെ അടയാളമാണ് വിവാഹം.
വിശുദ്ധ പൗലോസ് ശ്ലീഹായുടെ എഫേസൂസിലെ സഭയ്ക്കുള്ള ലേഖനം 5:21-33 ആണ് സഭയുടെ വിവാഹമെന്ന കൂദാശയ്ക്കുള്ള ദൈവശാസ്ത്ര അടിസ്ഥാനം. ഇതേക്കുറിച്ചു ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഭാഗ്യസ്മരണാര്‍ഹനായ മാര്‍ തിമോത്തി രണ്ടാമന്‍ പാത്രിയാര്‍ക്കീസ്2 വിവാഹത്തെപ്പറ്റി ഇപ്രകാരം പഠിപ്പിക്കുന്നു.
"ദൃശ്യമായ ഈ ലോകത്തില്‍ ഇന്ദ്രിയങ്ങള്‍ക്കു ഗോചരീഭവിക്കുന്നവയെല്ലാം ഇന്ദ്രിയഗോചരമല്ലാത്ത ലോകത്തിന്‍റെ സാദൃശ്യവും നിഴലുമാണെന്ന് മഹാനായ ഡയനീഷ്യസ് പറയുന്നതുപോലെ നാമും പറയുന്നു. തന്നിമിത്തം നാം ഇവിടെ ഇന്ദ്രിയഗോചരമായ വിധത്തില്‍ ചിത്രീകരിക്കുന്നവയെല്ലാം നാം പ്രതീക്ഷിക്കുന്ന മറ്റു യാഥാര്‍ത്ഥ്യങ്ങളുടെ സാദൃശ്യമാണ്. ആദ്ധ്യാത്മികമായി നാം പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ അടയാളമാണ് അവ. ഈ വിവാഹത്തിലെ ഇന്ദ്രിയഗോചരമായ ശാരീരികബന്ധം ആദ്ധ്യാത്മിക ബന്ധത്തിന്‍റെ സാദൃശ്യമാണ്. തന്നിമിത്തം വി. പൗലോസ് എഫേസൂസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ നമ്മെ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു. "ഭര്‍ത്താവു ഭാര്യയുടെ ശിരസ്സാണ്..."
വിവാഹത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പൗലോസ്ശ്ലീഹാ എഫേ 5:32 ല്‍ "ഇത് ഒരു മഹാരഹസ്യമാണ്" എന്നു വിശേഷിപ്പിക്കുന്നു. ഉല്‍പ 2:24 അന്വര്‍ത്ഥമാക്കിക്കൊണ്ട് അവര്‍ ഒറ്റശരീരമായിത്തീരുന്നു എന്നതിനാലാവാം ഇപ്രകാരം സൂചിപ്പിക്കുക. രഹസ്യം എന്നതുവഴി പൗലോസ് ശ്ലീഹാ അര്‍ത്ഥമാക്കുന്നത് എന്ത് എന്ന് അറിയുമ്പോഴാണ് ഇതിന്‍റെ ആന്തരികത വ്യക്തമാകുന്നത്. രക്ഷാകരചരിത്രത്തില്‍ ദൈവം വെളിപ്പെടുത്തിയ ഒരു വസ്തുതയാണ് രഹസ്യം. ഒരു കണ്ണാടിയിലെന്നപോലെ അപൂര്‍ണ്ണമായി വെളിവാക്കപ്പെട്ടതും ആഴമായ അര്‍ത്ഥങ്ങളിലേക്ക് എത്തിക്കുന്നതുമായ ഒന്നാണ് രഹസ്യം. "ഒരു വലിയ രഹസ്യം" എന്ന പ്രയോഗത്തിലൂടെ ആഴമായ ആന്തരികതയുള്ള ഒരു യാഥാര്‍ത്ഥ്യമാണ് വിവാഹം എന്ന് ശ്ലീഹാ സൂചിപ്പിക്കുന്നു. ഒരു ശരീരമായിത്തീരുന്നുവെന്ന യാഥാര്‍ത്ഥ്യം വലിയ സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. മിശിഹായും മണവാട്ടിയായ സഭയും ഒറ്റശരീരമാകുന്നുവെന്ന സത്യം വലിയ ഒരു രഹസ്യമാണ്. ഈ രഹസ്യമാണ് സ്ത്രീപുരുഷബന്ധത്തില്‍ അനാവരണം ചെയ്യപ്പെടുക.
സഭയെ മിശിഹായുടെ ശരീരമെന്നും ഭാര്യയെ ഭര്‍ത്താവിന്‍റെ ശരീരമെന്നും ഇവിടെ വിശേഷിപ്പിക്കുന്നു. മിശിഹായും സഭയും തമ്മിലുള്ള ബന്ധം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സ്നേഹത്തില്‍ പ്രകാശിതമാകുന്നു. "മിശിഹാ നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി സുരഭിലമായ ഒരു കാഴ്ചയും ബലിയുമായി സ്വയം ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്തു. അതുപോലെ നിങ്ങളും സ്നേഹത്തില്‍ വ്യാപരിക്കുവിന്‍" (എഫേ 5:2). ഇതു വിവാഹമെന്ന പ്രതീകത്തിലൂടെ വ്യാഖ്യാനിക്കുകയാണ് 21-33. ڇമിശിഹാ സഭയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുവിന്‍ڈ (5:25).4
വിവാഹത്തിന്‍റെ കൗദാശികത
വിവാഹബന്ധത്തിന്‍റെ ഇതുവരെ വിശദമാക്കിയ പ്രതീകാത്മകതയും (എഫേ 5:21-33) ഇതേക്കുറിച്ചുള്ള മിശിഹായുടെ പ്രബോധനവുമാണ് (മത്താ 19:3-9) വിവാഹത്തിന്‍റെ കൗദാശികതയ്ക്ക് അടിസ്ഥാനം. ഒരു അപ്പമെടുത്ത് ഇതെന്‍റെ ശരീരമാകുന്നുവെന്നു പറഞ്ഞ് അതിനെ സ്വശരീരമാക്കി രൂപാന്തരപ്പെടുത്തുവാന്‍ കഴിയുന്ന ദൈവവചനമാണ് ഭാര്യഭര്‍ത്തൃബന്ധത്തെ ദൈവികസ്നേഹത്തിന്‍റെ പ്രതീകമെന്നു വിളിക്കുന്നത്. വചനത്തിന്‍റെ ശക്തിയാല്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ദൈവത്തിന്‍റെ ശക്തിയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. "എന്നെ അനുഗമിക്കുക" എന്ന ആഹ്വാനത്തിനുമുമ്പില്‍ സര്‍വ്വവും ഉപേക്ഷിച്ച് പൂര്‍ണ്ണമായി അര്‍പ്പിക്കാന്‍ ശിഷ്യരെ "നിര്‍ബന്ധിച്ച" അതേ ദൈവികാഹ്വാനം വിവാഹത്തിലൂടെ ദൈവികസ്നേഹത്തിന്‍റെ സജീവപ്രതീകമാകാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നു.
വലിയ ഒരു ലോഹത്തകിടില്‍നിന്നും ഒരു ഭാഗം മുറിച്ചുമാറ്റി അതിനെ ഒരു സ്ഥാപനത്തിന്‍റെ അടയാളമായി സ്ഥാപിച്ചാല്‍ ആ ഭാഗം മറ്റുള്ളവയില്‍നിന്നും വ്യത്യസ്തമാകുന്നു. സാധാരണ മനുഷ്യര്‍ക്ക് ഇപ്രകാരം വസ്തുക്കളെ തങ്ങളുടെ അടയാളമാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ ദൈവത്തിന് മനുഷ്യരെ തന്‍റെ പ്രതീകമാക്കുവാനും (പൗരോഹിത്യം) സ്ത്രീപുരുഷബന്ധത്തെ ദൈവജനത്തോടുള്ള തന്‍റെ സ്നേഹത്തിന്‍റെ പ്രതീകമാക്കുവാനും (വിവാഹം) കഴിയുമെന്നതിനു സംശയം വേണ്ട.
അതുവരെ നിലനിന്നിരുന്ന വിവാഹത്തെ ഈശോ രൂപാന്തരപ്പെടുത്തി. വിവാഹത്തെക്കുറിച്ച് ഭാവാത്മകമായി ഈശോ പഠിപ്പിച്ചു. അതിന്‍റെ ഐക്യവും അവിഭാജ്യതയും വെളിപ്പെടുത്തികൊണ്ട് വിവാഹത്തിന്‍റെ ആദിമപൂര്‍ണ്ണത വീണ്ടെടുത്തു. വിവാഹമോചനത്തെക്കുറിച്ച് അവിടുന്നു പഠിപ്പിച്ചു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു, ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. പരസംഗം മൂലമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം ചെയ്യുന്നവള്‍ വ്യഭിചാരം ചെയ്യുന്നു. ഇവ ഒന്നിച്ചു വായിക്കുമ്പോള്‍ ഒന്നു വ്യക്തമാണ്; വിവാഹബന്ധം അവിഭാജ്യമാണ്.
കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും വിലക്കിക്കൊണ്ട് ലൈംഗികധാര്‍മ്മികതയെ ഉന്നതമാക്കി (മത്താ 5:27). വിവാഹം ശ്രേഷ്ഠമെങ്കിലും വിളിക്കപ്പെട്ടവര്‍ക്ക് ദൈവരാജ്യത്തെപ്രതി അവിവാഹിതരായിരിക്കുന്നത് നല്ലതാണ് (മത്താ 19:12). കൂടാതെ ദൈവരാജ്യം അന്വേഷിക്കുന്നതില്‍ നിന്ന് ഒരുവനെ പിന്‍തിരിപ്പിക്കുന്ന പക്ഷം വിവാഹം തിന്മയായി ഭവിക്കുന്നു (ലൂക്കാ 14:20). എദേനില്‍ ദൈവം ആദ്യകുടുംബത്തെ ഒരുക്കി അനുഗ്രഹിച്ചതുപോലെ സഭയില്‍ പുതിയ ഒരു കുടുംബത്തെ അനുഗ്രഹിക്കുന്ന നിമിഷങ്ങളാണ് വിവാഹമെന്ന കൂദാശയുടെ ആഘോഷം.
ഗ്രീക്കുഭാഷയില്‍ സ്നേഹത്തെ സൂചിപ്പിക്കുന്നതിന് നാലു പദങ്ങളാണ് ഉപയോഗിക്കുന്നത്. ഈറോസ് (eros) ലൈംഗിക സ്നേഹത്തെ സൂചിപ്പിക്കുന്നു. ഫീലിയ (philia) ബുദ്ധിയുടെ തലത്തിലുള്ള സ്നേഹമാണ് (ഉദാ. ഗുരുശിഷ്യബന്ധം). സ്തോര്‍ഗേ (storge) എന്ന പദം പിതൃപുത്രസ്നേഹത്തെ സൂചിപ്പിക്കുന്നു. അഗാപ്പേ (agape) എന്ന പദം ദൈവസ്നേഹത്തെ സൂചിപ്പിക്കുന്നു. മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ദൈവസ്നേഹം അനാവരണം ചെയ്യപ്പെടുന്ന പരിശുദ്ധ കുര്‍ബാന അഗാപ്പേ എന്നറിയപ്പെടുന്നു. ഭാര്യാഭര്‍ത്തൃബന്ധത്തെ സൂചിപ്പിക്കുവാന്‍ "അഗാപ്പേ" എന്ന പദമാണ് വി.പൗലോസ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്രകാരം ലൗകികസ്നേഹത്തിനും മാനുഷികസ്നേഹത്തിനുമപ്പുറം ദൈവസ്നേഹത്തിന്‍റെ തലത്തില്‍ നില്ക്കുന്ന ഒന്നാണ് വൈവാഹികസ്നേഹം. ഇതു വ്യവസ്ഥയില്ലാത്ത നിരുപാധിക സ്നേഹമാണ്. സ്വയം ബലിയായിത്തീരുന്ന സ്നേഹം.
ദൈവത്തിന്‍റെ അനന്തമായ സ്നേഹവും സമ്പൂര്‍ണ്ണമായ സ്വയം ദാനവും മിശിഹായ്ക്ക് സഭയോടുള്ള സ്നേഹത്തിലൂടെ പ്രകാശിതമാവുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ പരസ്പരസ്നേഹവും സ്വയം ദാനവും മിശിഹായ്ക്ക് സഭയോടുള്ള സ്നേഹത്തെയും സ്വയം ദാനത്തെയും പ്രതിഫലിപ്പിക്കുന്നു. മിശിഹായും സഭയും തമ്മിലുള്ള ബന്ധം അനശ്വരവും അമൂല്യവുമാണ്. അതുപോലെ പരിശുദ്ധത്രിത്വത്തിലെ മൂന്നാളുകള്‍ തമ്മിലുള്ള അനശ്വരവും അമൂല്യവുമായ ഐക്യത്തില്‍ അധിഷ്ഠിതമാണ് ഭാര്യാഭര്‍ത്തൃബന്ധം. സ്നേഹവും ഐക്യവും അസാദ്ധ്യമാകുന്ന അവസരത്തില്‍ വിവാഹമോചനം അനുവദിക്കുന്ന സമൂഹങ്ങള്‍പോലും വിവാഹമോചനം ആദര്‍ശപരമായ ഒരു കാര്യമായി പരിഗണിക്കാത്തതിന്‍റെ കാരണവും ഇതുതന്നെ. മിശിഹായും സഭയും തമ്മിലുള്ള ബന്ധം അഭേദ്യമായിരിക്കുന്നതുപോലെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധവും അഭേദ്യമായിരിക്കണം.
മിശിഹായും സഭയും തമ്മിലുള്ള സ്നേഹബന്ധത്തെ പ്രകാശിതമാക്കുന്ന വിവാഹബന്ധം മിശിഹായും സഭയുടെ ആദ്യനേതൃത്വത്തില്‍ അവിടുന്ന് അവരോധിച്ച പത്രോസുമായുള്ള ബന്ധത്തില്‍ (യോഹ 21:15-19) വ്യക്തമാക്കപ്പെടുന്നുണ്ട്.
ഈശോ ശിമയോന്‍ പത്രോസിനോട് ചോദിച്ചു: "യോഹന്നാന്‍റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാളധികമായി എന്നെ സ്നേഹിക്കുന്നുവോ?" ശ്ലീഹാ പറഞ്ഞു: "ഉവ്വ് കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നുവെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ". ഈശോ പത്രോസിനോടു പ്രസ്തുത ചോദ്യം മൂന്നുതവണ ചോദിക്കുന്നു. ഓരോ ചോദ്യത്തിനും പത്രോസ് ഏതാണ്ട് ഒരേ ഉത്തരം തന്നെ നല്കുന്നു. അതിനു മറുപടിയായി തന്‍റെ ആടുകളെ, കുഞ്ഞാടുകളെ, മേയിക്കുന്നതിന് ഈശോ പത്രോസിനെ ചുമതലപ്പെടുത്തുന്നു.
ഈശോയെ മറ്റെല്ലാറ്റിനെയുംകാള്‍ മറ്റെല്ലാരെയുംകാള്‍ സ്നേഹിക്കണം. ആ സ്നേഹബബന്ധം പത്രോസ് വാക്കുകളില്‍ വിവരിക്കുന്നില്ല. താന്‍ ഈശോയെ സ്നേഹിക്കുന്നുവെന്ന് ഈശോയ്ക്ക് അറിയാം എന്നു പത്രോസിന് ഉറപ്പാണ്. തന്‍റെ സ്നേഹം പ്രകടമാക്കുന്ന ജീവിതമായിരുന്നു പത്രോസിന്‍റെത്. ആ സ്നേഹബന്ധമാണ് പത്രോസിനെ അജപാലകനായി നിയോഗിക്കുന്നതിന് ഈശോ അടിസ്ഥാനമാക്കുന്നത്.
ഈശോ ആടുകളെ പത്രോസിനെ ഭരമേല്പിക്കുന്നു. ഈ അജഗണമാകട്ടെ ഈശോയുടെ ജീവന്‍ നല്കി അവിടുന്ന് നേടിയെടുത്തതാണ്. ആടുകള്‍ക്കു വേണ്ടി ജീവനര്‍പ്പിച്ചവനാണവിടുന്ന്. ഒരുവന്‍ പോലും നഷ്ടപ്പെട്ടുപോവാതെ, പിതാവു തന്നെ ഏല്പിച്ച അജഗണത്തെ പോറ്റിയവനും തന്‍റെ അമൂല്യരക്തത്താല്‍ അവയുടെ ദാഹം തീര്‍ത്തവനുമാണ് ഈശോ. "നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് വെള്ളിയോ സ്വര്‍ണ്ണമോപോലുള്ള നശ്വരവസ്തുക്കള്‍ കൊണ്ടല്ല, പ്രത്യുത മിശിഹാ എന്ന കറയും കളങ്കവുമില്ലാത്ത കുഞ്ഞാടിന്‍റെ വിലയേറിയ രക്തം കൊണ്ടാകുന്നു" (1 പത്രോ 1:19). പത്രോസിന്‍റെ ഈ വാക്കുകളില്‍ ഈശോയും ആടുകളും തമ്മിലുള്ള ബന്ധം വ്യക്തമാണ്.
ഇപ്രകാരം സ്വജീവന്‍ നല്കി നേടിയെടുത്ത, തന്‍റെ ജീവന്‍റെ ഭാഗമായ അജഗണത്തെയാണ് പത്രോസിന്‍റെ പാലനത്തിന് ഈശോ ഏല്പിച്ചുകൊടുക്കുക. മറ്റുവാക്കുകളില്‍, മറ്റാരെയുംകാള്‍ കൂടുതല്‍ തന്നെ സ്നേഹിക്കുന്ന പത്രോസിന് ഈശോ തന്നെത്തന്നെ പരിപൂര്‍ണ്ണമായി നല്കുകയാണ്.
വിവാഹബന്ധം ഇപ്രകാരം സ്നേഹിക്കുവാനും സ്നേഹിക്കുന്ന ജീവിതപങ്കാളിയ്ക്കായി സ്വയം സമര്‍പ്പിക്കുവാനുമുള്ള വിളിയാണ്. ജീവിതപങ്കാളികള്‍ക്ക് പരസ്പരം "നിന്നെ മറ്റാരെയുംകാള്‍ ഞാന്‍ സ്നേഹിക്കുന്നു" എന്നു അനുഭവവേദ്യമാക്കാനാവണം. സ്നേഹത്തിലൂടെ വിവാഹത്തില്‍ ഒന്നുചേരുന്നവര്‍ക്ക്, പരസ്പരം പരിപൂര്‍ണ്ണമായി, തങ്ങള്‍ വിലനല്കി നേടിയെടുത്തവയോടൊപ്പം, സ്വജീവനെതന്നെ നല്കുവാന്‍ കഴിയണം.
വിവാഹത്തിന്‍റെ ആഘോഷവേളയില്‍ വധൂവരന്മാര്‍ സമൂഹമധ്യേ, പത്രോസ് ശ്ലീഹായെപ്പോലെ, സനേഹിക്കുവാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയും സമര്‍പ്പണം നടത്തുകയും ആ വാഗ്ദാനമനുസരിച്ച് ജീവിക്കുന്നതിനുള്ള കൃപാവരം സ്വീകരിക്കുകയും ചെയ്യുകയാണ്. ആത്മാര്‍ത്ഥമായി, നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നു പറയുവാനും അതു നിനക്ക് അറിയാമല്ലോ എന്നു പറയുവാന്‍ തക്കവണ്ണം തുടര്‍ന്നു ജീവിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്കുമാത്രമേ വിവാഹമെന്ന കൂദാശയില്‍ കൃപാവരം സംലഭ്യമാകൂ. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സ്നേഹം വ്യക്തമാക്കുവാന്‍ കഴിയണം. തിരശ്ശീലകളില്‍ പ്രത്യക്ഷപ്പെടുന്ന സ്നേഹഭാജനങ്ങളുടെ വാഗ്വിലാസത്തില്‍ പ്രകടിതമാകുന്ന സ്നേഹമല്ല വിവാഹം. സ്നേഹം ജീവിതത്തിലാണ്. അതിനു വാക്കുകള്‍ ആവശ്യമില്ല. സ്നേഹമുള്ളിടത്തേ സമര്‍പ്പണവും സ്വയം ദാനവും സാധ്യമാകൂ. സ്നേഹരഹിത ജീവിതവും ശാരീരിക സമര്‍പ്പണവും ഒന്നുചേര്‍ന്ന ജീവിതങ്ങള്‍ ഇന്ന് ഏറെയുണ്ട്. അത് കൗദാശികമെന്നു പറയുവാനാവില്ല.
വിവാഹാഘോഷവേളയില്‍ ആലപിക്കുന്ന രാജകീയസങ്കീര്‍ത്തനം എന്നറിയപ്പെടുന്ന 45-ാം സങ്കീര്‍ത്തനഭാഗമാണ്: "എന്‍റെ പുത്രീ ശ്രദ്ധിച്ചു കേള്‍ക്കുക. നിന്‍റെ ജനത്തെയും പിതൃഗൃഹത്തെയും നീ മറന്നുകളയുക". ഇപ്രകാരം നീ ചെയ്യുമ്പോള്‍ "നിന്‍റെ അഴകില്‍ രാജാവു സംപ്രീതനാകും".
മുകളില്‍ വിവരിച്ച പ്രകാരമുള്ള സമ്പൂര്‍ണ്ണസമര്‍പ്പണസ്നേഹബന്ധത്തിലേക്ക് കടന്നുവരുവാന്‍ ദമ്പതികള്‍ തങ്ങളുടെ സ്വന്തം ജീവിതത്തില്‍ പലതും ത്യജിക്കേണ്ടതുണ്ട്. ദൈവം അബ്രാഹത്തെ വിളിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: "നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക (ഉല്‍പ 12:1).
അബ്രാഹത്തിനു ലഭിച്ചതുപോലുള്ള ഒരു വിളിയാണ് വിവാഹം. ദേശം, ബന്ധുക്കള്‍, ഭവനം, ഇവ ഒരു മനുഷ്യന്‍റെ അടിസ്ഥാനസുരക്ഷിതത്വങ്ങളാണ്. ഇവയെല്ലാം ഉപേക്ഷിക്കുവാനുള്ള ആഹ്വാനമാണ് അവിടുന്ന് നല്കുന്നത്. വിവാഹത്തില്‍ വധൂവരന്മാര്‍ തങ്ങള്‍ക്കതുവരെയുമുണ്ടായിരുന്ന പല സുരക്ഷിതമേഖലകളും വിട്ട് ജീവിതപങ്കാളിയോട് ചേരുന്നു(മത്താ 19:5). പിതൃഭവനങ്ങള്‍ വിട്ട് സ്ത്രീയും പുരുഷനും പുതിയൊരു കുടുംബം സ്ഥാപിക്കുന്നു.
ഏതൊരാള്‍ക്കും പിതൃഭവനത്തിലും സ്വദേശത്തും ആയിരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. അവിടെനിന്ന് അകന്നിരിക്കുക പലപ്പോഴും വേദനാജനകവുമാണ്. എന്നാല്‍ ചില വ്യക്തികളാകട്ടെ ഇത്തരം അനുഭവങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുക്കാറുണ്ട്. തങ്ങളുടെ ജോലി, സുഹൃത്തുക്കള്‍, വിനോദങ്ങള്‍, മത്സരങ്ങള്‍, കലാവേദികള്‍ തുടങ്ങിയ ചില മേഖലകളില്‍ വ്യക്തികള്‍ സ്വയം മറന്ന് സന്തോഷിക്കാറുണ്ട്. അവര്‍ക്ക് ഇതൊക്കെയാണ് പിതൃഭവനാനുഭവം നല്കുന്നതും. എന്നാല്‍ വിവാഹബന്ധത്തിലേക്ക് കടന്നുവരുന്നതോടെ ഇപ്രകാരമുള്ള എല്ലാവിധ പിതൃഭവനങ്ങളെയും വിട്ട് ദൈവം കാട്ടിത്തരുന്ന ഇടത്തേക്ക് പോവണം. ദൈവം നല്കുന്ന ജീവിതപങ്കാളിയോടൊത്ത് ഈ പിതൃഭവനാനുഭവഭാവം രൂപപ്പെടുത്തണം. ഇപ്രകാരം ഉപേക്ഷിക്കുവാനും, ദൈവഹിതത്തിന് സ്വയം അര്‍പ്പിക്കുവാനും കഴിയുന്നവരിലാണ് യഥാര്‍ത്ഥ മിശിഹാ അനുയായികളെ നാം കണ്ടെത്തുക.
അബ്രാഹത്തെ വിളിച്ച ദൈവം അദ്ദേഹത്തോട് പറയുന്നു, നിന്‍റെ ദേശത്തെ വിടുക. ഞാന്‍ കാട്ടിതരുന്ന നാട്ടിലേക്ക് പോവുക. നിന്‍റെ ബന്ധുക്കളെ വിടുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്‍റെ പിതൃഭവനം വിടുക. ഞാന്‍ നിന്നെ അനുഗ്രഹിക്കും.
നിന്‍റെ (അബ്രാഹത്തിന്‍റെ) ഹിതങ്ങള്‍ മാറ്റി ഞാന്‍ (ദൈവം) കാട്ടിത്തരുന്നവ സ്വീകരിക്കുക. വിവാഹജീവിതത്തില്‍ ഇത്തരത്തിലുള്ള പരിവര്‍ത്തനം ആവശ്യമാണ്. ദൈവഹിതം അറിയുകയും അതിനു സ്വയം സമര്‍പ്പിക്കുകയും ചെയ്യുക. വിവാഹജീവിതത്തെയും പങ്കാളിയെയും ദൈവദാനമായി സ്വീകരിക്കുവാന്‍ കഴിയണം. ഇപ്രകാരമുള്ള കുടുംബജീവിതത്തെ ദൈവം അനുഗ്രഹിക്കും. ആ കുടുംബത്തെ ദൈവം മഹത്വമുള്ളതാക്കും. അങ്ങനെ അവര്‍ ഒരു അനുഗ്രഹമായിരിക്കും (ഉല്‍പ 12:2).
വിവാഹജീവിതത്തിലൂടെ ജനിക്കുന്ന മക്കളിലൂടെ വലിയൊരു ജനതയായി വിവാഹിതര്‍ രൂപാന്തരപ്പെടുന്നു. അവര്‍ തലമുറകളിലൂടെ ജീവിക്കുന്നു. അവര്‍ ദൈവാനുഗ്രഹത്തിന് പാത്രിഭൂതരാവുകയും ചെയ്യുന്നു.
മിശിഹായും സഭയുമായുള്ള സ്നേഹത്തിന്‍റെ പ്രതീകങ്ങളായി ദൈവവിളി ശ്രവിച്ച് ദൈവം കാട്ടിത്തരുന്ന കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികള്‍ ലോകത്തിന്‍റെ പ്രകാശമായ മിശിഹായെ അനുഗമിക്കുവാന്‍ വിളിക്കപ്പെടുകയാണ്.
വിവാഹാഘോഷവേളയില്‍ വൈദികന്‍ ദീപം തെളിച്ചുകൊണ്ട് ഇക്കാര്യം അനുസ്മരിപ്പിക്കുന്നു. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു; എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശം ലഭിക്കും" (യോഹ 8:12).
എണ്ണയും തിരിയും, മെഴുകും തിരിയും ഒന്നുചേരുമ്പോള്‍ അവയ്ക്ക് പ്രകാശം ചൊരിയുവാന്‍ കഴിയുന്നു. ഇവ വേര്‍പ്പെട്ടിരുന്നാല്‍ ജ്വലിക്കുകയില്ല എന്നു മാത്രമല്ല, തിരി അതിവേഗം കത്തിതീരുകയും പുക പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും പരസ്പരം സ്നേഹത്തില്‍ ഒന്നാകുമ്പോള്‍ സമൂഹത്തിന് പ്രകാശം ചൊരിയുന്ന ദീപങ്ങളായി പ്രശോഭിക്കും. ജലാംശം ചേര്‍ന്ന എണ്ണയും മെഴുകും തിരിയോട് ചേര്‍ത്താല്‍ ദീപം സുഗമമായി പ്രകാശിക്കുകയില്ല. അത്തരത്തിലുള്ളവ പുറത്തേയ്ക്കു വലിച്ചെറിയപ്പെടും. ഭാര്യാഭര്‍തൃബന്ധത്തില്‍ മാലിന്യം കലരുവാന്‍ അനുവദിക്കരുത്. മൂന്നാമതൊരു വ്യക്തിയോ, മാലിന്യമോ അവരുടെ ജീവിതത്തില്‍ കടന്നുവന്നാല്‍ ആ ബന്ധങ്ങള്‍ തകരുകയും പുറത്താക്കപ്പെടുകയും ചെയ്യും.
സ്ത്രീപുരുഷന്മാര്‍ വിവാഹബന്ധത്തിലൂടെ സ്നേഹത്തില്‍ ഒന്നാകുന്നതുവഴി തങ്ങള്‍ക്ക് സ്വയം ചൊരിയുവാന്‍ കഴിയുന്ന പ്രകാശമേ സമൂഹത്തിന് നല്കുവാനാകു. ഒന്നായിരിക്കുന്ന മാതാപിതാക്കന്മാര്‍ക്കേ മക്കളെ പ്രകാശത്തില്‍ നയിക്കാനാവൂ.
പരസ്പരം സ്വീകരിച്ചുകൊണ്ട് ഒന്നുചേര്‍ന്ന് പ്രകാശിതരാകുവാന്‍ വിളിക്കപ്പെടുന്നവരാണ് വധൂവരന്മാര്‍. സ്ത്രീയും പുരുഷനും വിവാഹത്തില്‍ പരസ്പരം സ്വീകരിക്കുന്നതിന് ചില അടിസ്ഥാനവ്യവസ്ഥകള്‍ സഭ നിര്‍ദ്ദേശിക്കുന്നു.
ഇവയ്ക്കു വിരുദ്ധങ്ങളായ വിവാഹം സാധുവായിരിക്കുകയില്ല.
പഴയനിയമത്തില്‍ ഇസ്രായേലും ദൈവവും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഭാഗത്ത് ദൈവം ഏശയ്യാപ്രവാചകനിലൂടെ അരുള്‍ചെയ്യുന്നു. "എന്‍റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും" (ഏശ 41:10). ഇതേ ബന്ധത്തിലേക്കാണ് ഭാര്യയും ഭര്‍ത്താവും വിവാഹത്തിലൂടെ പ്രവേശിക്കുക.
വിവാഹവേളയില്‍ വധൂവരന്മാര്‍ പരസ്പരം വലതുകരം പിടിക്കുമ്പോള്‍ പ്രഖ്യാപിക്കുന്നത് ഇസ്രായേലും ദൈവവും തമ്മിലുള്ള പ്രസ്തുത ബന്ധമാണ്. "അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ" എന്ന ആശംസയും അപ്പോള്‍ വൈദികന്‍ നല്കുന്നു.
പെറ്റമ്മ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. എന്‍റെ ഉള്ളംകയ്യില്‍ നിന്നെ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (ഏശ 49:15) എന്ന ദൈവവചനം ദൈവപരിപാലനയുടെ സന്ദേശമാണ് നല്കുക. വധൂവരന്മാര്‍ പരസ്പരം സംരക്ഷിക്കുന്നു. അവര്‍ വഴിതെറ്റിയലയാതെ പരസ്പരം കൈപിടിച്ചു നടത്തുന്നു. "ഭാര്യമാരെ നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്കു കഴിയും" (1 പത്രോ 3:1). ഇപ്രകാരം നയിക്കുവാന്‍ അവര്‍ ഇവിടെ പ്രതിജ്ഞ ചെയ്യുന്നു.
പുതിയനിയമത്തില്‍ ഇരുന്നൂരില്‍പരം പ്രാവശ്യം കൈ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പരിപാലനയുടെയും സംരക്ഷണത്തിന്‍റെയും സൂചനയായി ڇകൈڈ ഉപയോഗിക്കുന്നു (മത്താ 4:6, മര്‍ക്കോ 1:31, 5:23). അനുഗ്രഹത്തെ സൂചിപ്പിക്കുവാന്‍, കൈ വയ്ക്കുക എന്ന പ്രയോഗമാണ് കാണുന്നത് (മത്തായി 19:13-15). കൈ പിടിക്കുക എന്നത് ബലപ്പെടുത്തുക, മുന്നേറുവാന്‍ പ്രാപ്തനാക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ നല്കുന്നു (മത്താ 9:25). "കൂട്ടായ്മയുടെ വലതുകരം" (ഗലാ 2:9) എന്ന ശ്ലീഹായുടെ പ്രയോഗവും ശ്രദ്ധേയമാണ്. കരം പ്രവര്‍ത്തനത്തിന്‍റെയും ശക്തിയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമാണ്.
"കരങ്ങളിലെടുത്തു" (ഹേസി 11:3), "എന്‍റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും" (ഏശ 41:10), "ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു" (ഏശ 41:13) എന്നിങ്ങനെ ആവര്‍ത്തിച്ചുള്ള പഴയനിയമവചനങ്ങള്‍ കരംപിടിക്കുന്നതിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നുണ്ട്.
പരസ്പരമുള്ള ഉടമ്പടിയുടെ ഉറപ്പ് വ്യക്തമാക്കുവാന്‍ ഉടമ്പടി ചെയ്യുന്നവര്‍ പരസ്പരം ഹസ്തദാനം ചെയ്യുന്ന പതിവും നമ്മുടെയിടയിലുണ്ട്.
നിന്‍റെ ദുഃഖങ്ങളില്‍ നിന്നെ ആശ്വസിപ്പിക്കുവാന്‍ ഈ കരങ്ങള്‍ ഉണ്ടാകും. നീ വീഴുമ്പോഴും തളരുമ്പോഴും താങ്ങുവാന്‍ ഇതാ കരങ്ങള്‍, വധൂവരന്‍മാര്‍ തമ്മിലുള്ള പരസ്പര സഹകരണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും സ്നേഹബന്ധത്തെ പ്രഘോഷിക്കുകയാണ് കരം പിടിക്കുന്ന കര്‍മ്മത്തിലൂടെ. ഈശോമിശിഹാ ദമ്പതികളുടെമേല്‍ ചൊരിയുന്ന കൃപയുടെ അടയാളമായി അവരുടെമേല്‍ വിശുദ്ധജലം തളിക്കുകയും ചെയ്യുന്നു.
വിവാഹത്തിന്‍റെ സര്‍വ്വപ്രധാനകര്‍മ്മമായി സുറിയാനി ക്രിസ്ത്യാനികള്‍ കരുതുന്ന ഒന്നാണ് താലികെട്ട്. കുമ്പളത്താലി, മിന്ന് എന്നീ പേരുകളും താലിക്കുണ്ട്. ഭാരതീയ സംസ്കാരത്തില്‍ നിന്ന് രൂപമെടുത്ത ഒന്നാണ് താലി. ബ്രാഹ്മണര്‍ ഉപയോഗിക്കുന്ന അരയാലിന്‍റെ ഇലയുടെ ആകൃതിയിലുള്ള താലിയോട് ഏറെ സാമ്യമുള്ളതാണ് ക്രൈസ്തവതാലി. ഹൈന്ദവവിശ്വാസത്തില്‍ വിശാലമായി വളര്‍ന്ന് പക്ഷിമൃഗാദികള്‍ക്കും മനുഷ്യനും തണുപ്പും സംരക്ഷണവും നല്കുന്ന ആല്‍മരം നിത്യതയെയും ഐക്യത്തെയും സൂചിപ്പിക്കുന്നു. അത്തരത്തില്‍ താലി സന്തോഷപ്രദമായ ദീര്‍ഘമായ വിവാഹജീവിത്തിന്‍റെ പ്രതീകമാണ്. സുരക്ഷിതവും സൗഭാഗ്യദായകവുമായി കുട്ടികള്‍ക്കു വളരാനുള്ള ഇടവുമാണ് കുടുംബം. ഏഴോ, ഏഴിന്‍റെ ഗുണിതങ്ങളോ അടങ്ങിയ മുകുളങ്ങള്‍ (അരിമ്പ്) കൊണ്ട് ക്രൈസ്തവതാലിയില്‍ കുരിശ് രേഖപ്പെടുത്തിയിരിക്കുന്നു. മന്ത്രകോടിയില്‍ നിന്നുള്ള ഏഴ് നൂലുകള്‍ എടുത്ത് പിരിച്ച് മൂന്നായി മടക്കി അതിലാണ് താലികെട്ടുക. ഈ താലി ഭാര്യയുടെ കഴുത്തില്‍നിന്നും മരണപര്യന്തം അഴിച്ചുമാറ്റുകയില്ല. അവളുടെ മരണശേഷം അത് ദൈവാലയഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നു.
താലി ആശീര്‍വ്വദിച്ചുകൊണ്ട് ചൊല്ലുന്ന പ്രാര്‍ത്ഥന താലിയുടെ അര്‍ത്ഥം വ്യക്തമാക്കുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുരിശ്, കുരിശുമരണം വഴി തിരുസ്സഭയെ വധുവായി സ്വീകരിച്ച മിശിഹായെ സൂചിപ്പിക്കുന്നു. വിവാഹജീവിതത്തില്‍ കുരിശിനുള്ള പ്രാധാന്യവും വിവാഹജീവിതം ആവശ്യപ്പെടുന്ന ത്യാഗവും ഈ പ്രാര്‍ത്ഥന സൂചിപ്പിക്കുന്നു. വിശ്വാസത്തിലും സ്നേഹത്തിലും വധൂവരന്മാരെ ബന്ധിക്കുന്നതാണ് കുരിശ്. ദൈവമനുഷ്യബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടത് മിശിഹായുടെ ആത്മബലിയിലൂടെയാണ്. ഈ ബലിയുടെ പ്രതീകമാണ് കുരിശ്. വധൂവരന്മാര്‍ ഒന്നായിതീരുന്നതും ഈ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഇത്തരത്തില്‍ താലി ഐക്യത്തിന്‍റെ പ്രതീകമാണ്. ജീവിതത്തില്‍ ഉണ്ടാകുന്ന ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാനും ദൈവത്തിന്‍റെ ഇഷ്ടമനുസരിച്ച് പരിശുദ്ധരായി ജീവിക്കുവാനും ഈ കുരിശ് ദമ്പതികള്‍ക്ക് ശക്തിനല്കുന്നു.
"താലി കെട്ടുക" എന്നതിന് വധുവിനെ കെട്ടിയിടുക എന്ന അര്‍ത്ഥമില്ല, ഐക്യപ്പെടുത്തുക, സ്നേഹത്തില്‍ ഒന്നിപ്പിക്കുക എന്നാണര്‍ത്ഥം. ഹോസിയ 11:1 മുതലുള്ള വാക്യങ്ങള്‍ ദൈവം ഇസ്രായേലിനെ സ്നേഹത്തിന്‍റെ നൂല്‍കൊണ്ട് കെട്ടുന്നതിനെക്കുറിച്ച് പറയുന്നു. ജനം അകന്നുപോകാതിരിക്കാന്‍, തന്നോടുചേര്‍ത്തു നിറുത്താനുള്ള ദൈവസ്നേഹത്തിന്‍റെ ബന്ധത്തെയാണ് ഇവിടെ സൂചിപ്പിക്കുക. താലി കെട്ടും ഇതാണ് വ്യക്തമാക്കുന്നത്.
ഭാരതീയ സംസ്ക്കാര പശ്ചാത്തലത്തില്‍നിന്നും ക്രൈസ്തവവിവാഹാഘോഷത്തിലേക്ക് കടന്നുവന്ന മറ്റൊരു പ്രതീകമാണ് പുടവയണിയിക്കുന്ന കര്‍മ്മം. പുടവ അഥവാ മന്ത്രകോടി ആശീര്‍വ്വദിക്കുന്ന പ്രാര്‍ത്ഥന അതിന്‍റെ അര്‍ത്ഥം വ്യക്തമാക്കുന്നു.
കൃപാവരത്തിന്‍റെ അനശ്വരവസ്ത്രത്താല്‍ മനുഷ്യാത്മാവിനെ അലങ്കരിക്കുന്ന കര്‍ത്താവിനെ വിളിച്ചാണ് ഇവിടെ പ്രാര്‍ത്ഥിക്കുക. വരന്‍ വധുവിനെ അണിയിക്കുന്ന മന്ത്രകോടി, മിശിഹാ തന്‍റെ കൃപാവരത്താല്‍ മനുഷ്യരെ ആശീര്‍വ്വദിക്കുന്നതിന്‍റെ സൂചന നല്കുന്നുണ്ട്.
പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തിന്‍റെയും, പരസ്പരസ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ കര്‍മ്മം. വധുവിന് നല്കുന്ന പുടവയോടൊപ്പം വരന്‍ തന്നെത്തന്നെ അവള്‍ക്കായി സമര്‍പ്പിക്കുന്നു. വരന്‍ സമ്മാനിക്കുന്ന മന്ത്രകോടി സ്വീകരിക്കുന്ന വധു സ്വയം വരന് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഭാര്യയുടെ സംരക്ഷണം ഇവിടെ ഭര്‍ത്താവ് ഏറ്റെടുക്കുന്നു. ഭാര്യ ഭര്‍ത്താവിനോട് സ്നേഹത്തില്‍ ഒന്നായിത്തീരുന്നു. ഇപ്രകാരം ഭാര്യാഭര്‍ത്താക്കന്മാര്‍ സമര്‍പ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുവഴി അവര്‍ മിശിഹായെ ധരിക്കുകയാണ്. വിശുദ്ധമായ വസ്ത്രം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്ന അവര്‍ നിഷ്കളങ്കജീവിതം നയിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തുന്നു. വിവാഹജീവിതത്തില്‍ നിഷ്കളങ്കമായി ജീവിക്കുന്നതുവഴി സ്വര്‍ഗ്ഗത്തില്‍ മഹത്വത്തിന്‍റെ വസ്ത്രമണിയുവാന്‍ അവര്‍ പ്രാപ്തരാവുകയും ചെയ്യുന്നു. മണവാട്ടിയെ വിശിഷ്ടവസ്ത്ര വിഭൂഷിതയായിട്ടാണ് വെളിപാട് ഗ്രന്ഥം വിവരിക്കുന്നത്. വെളി. 19:5 മുതലുള്ള വാക്യങ്ങളും 21:9 മുതലുള്ള ഭാഗത്തും ഇപ്രകാരം ലഭിക്കുന്ന വസ്ത്രം ഒരു ഭാഗ്യമായിട്ടാണ് കാണുന്നത്.
മിശിഹാ വാഗ്ദാനം ചെയ്തിരിക്കുന്ന യുഗാന്ത്യോന്മുഖ ആനന്ദത്തോടാണ് ദാമ്പത്യസംസ്സര്‍ഗ്ഗത്തെ മൊപ്സുയേസ്തിയായിലെ തിയദോറും നര്‍സായും താരതമ്യം ചെയ്തിരിക്കുന്നത്. പൗരസ്ത്യസുറിയാനി സഭയിലെ മണവറ വെഞ്ചരിപ്പും വിവാഹത്തിന്‍റെ സ്വര്‍ഗ്ഗീയോന്മുഖതയെ സൂചിപ്പിക്കുന്നു. മന്ത്രകോടി ആശീര്‍വ്വദിക്കുമ്പോള്‍ മഹത്വത്തിന്‍റെയും നിത്യജീവനിലേക്കു നയിക്കുന്ന കൃപാവരത്തിന്‍റെ വസ്ത്രത്തിന്‍റെയും സൂചനയാണല്ലോ നല്കുക.
വിവാഹപ്രതിജ്ഞ വിവാഹത്തിന്‍റെ ഏകത്വവും അവിഭാജ്യതയും ഏറ്റുപറയുന്നു. പ്രതിജ്ഞ ചെയ്യുന്നത് ദമ്പതികള്‍ സുവിശേഷത്തില്‍ വലതുകരം വച്ചുകൊണ്ടാണ്. സുവിശേഷം ഈശോയുടെ പ്രതീകമാണല്ലോ. അതായത് വിവാഹ ഉടമ്പടി ചെയ്യുന്നത് ഈശോയെ സാക്ഷിയാക്കികൊണ്ടും ഈശോയോടുള്ള ബ്ധത്തിലായിരുന്നുകൊണ്ടുമാണ്. ഉടമ്പടികളെല്ലാം ഉറപ്പിക്കപ്പെടുന്നത് പ്രതിജ്ഞയോടെയാണ്. ഉടമ്പടിയില്‍ ദൈവത്തിന്‍റെ സ്നേഹവും വിശ്വസ്തതയും കരുണയും അഭംഗമായിരിക്കുമെന്ന് ദൈവം പ്രതിജ്ഞ ചെയ്തിട്ടുണ്ട് (ഹോസി 2:19; 11:8; ജറെ 31:31-34). വിവാഹ പ്രതിജ്ഞയിലൂടെ ദമ്പതികള്‍ അഭംഗുരമായ ഐക്യത്തിലേക്ക് പ്രവേശിക്കുന്നു.
വൈവാഹിക ഐക്യത്തിന്‍റെ പ്രകാശനവും അതിന്‍റെ മഹനീയ മാതൃകയുമാണ് പരിശുദ്ധ കുര്‍ബാന. മിശിഹായുടെയും സഭയുടെയും വിവാഹാഘോഷത്തിന്‍റെ സ്വര്‍ഗ്ഗീയ വിരുന്നാണത്. പാലസ്തീനായിലെ വിവാഹാഘോഷത്തിന്‍റ പ്രധാനപാനീയം വീഞ്ഞായിരുന്നെങ്കില്‍ ഇവിടെ വിരുന്നിന്‍റെ പ്രധാന പാനീയം മിശിഹായുടെ തിരുരക്തമാണ്. അവിടുത്തെ തിരുരക്തത്താല്‍ വധുവരന്മാര്‍ കൂദാശ ചെയ്യപ്പെടുന്നു (വിശുദ്ധീകരിക്കപ്പെടുന്നു). സുറിയാനി സഭാപിതാവായ മാര്‍ അപ്രേം പരിശുദ്ധ കുര്‍ബാനയുടെ, അവിടുത്തെ തിരുരക്തത്തിന്‍റെ ഫലത്തെ സൂചിപ്പിക്കുവാന്‍ ശവ്ത്താപൂസ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഈ വാക്കിനര്‍ത്ഥം കൂട്ടായ്മ, പങ്കുചേരല്‍ എന്നെല്ലാമാണ് (കുര്‍ബാന ഉള്‍ക്കൊള്ളുന്നതിന് ഒീഹ്യ രീാാൗിശശീി എന്നാണല്ലോ സാധാരണ പറയുന്നത്). ശവ്ത്താപൂസ എന്ന പദം തന്നെയാണ് വിവാഹത്തെയും ലൈംഗിക കര്‍മ്മത്തെയും സൂചിപ്പിക്കുവാന്‍ സുറിയാനിയില്‍ ഉപയോഗിക്കുന്നത്. പരിശുദ്ധ കുര്‍ബാനയിലൂടെ ഉളവാകുന്ന കൂട്ടായ്മ വിവാഹജീവിതത്തില്‍ തുടരുകയും ഫലദായകമാക്കുകയും ചെയ്യുന്നു.
മാര്‍ അപ്രേമിന്‍റെ ദര്‍ശനത്തില്‍ സഭയും മിശിഹായും (മണവാട്ടിയും മണവാളനും) തമ്മിലുള്ള ഏറ്റയും ഗാഢമായ ഐക്യത്തിന്‍റെ പ്രതീകമാണ് പരിശുദ്ധ കുര്‍ബാന. മണവാട്ടിയായ സഭയ്ക്ക് മണവാളനായ മിശിഹാ സ്ത്രീധനമായി നല്കുന്നത് തന്‍റെ ശരീരരക്തങ്ങളാണ്. വിവാഹത്തിന്‍റെ ആഘോഷത്തില്‍ നാമിപ്രകാരം ആലപിക്കുന്നു:
ആനന്ദിക്കുക പ്രിയ പുത്രീ
ആത്മവിഭൂതിഷ മണവാട്ടീ
നിന്നെയിതാ തിരുമണവാളന്‍
മണവറയിങ്കല്‍ നയിച്ചല്ലോ
തന്‍തിരു രക്തശരീരങ്ങള്‍
സ്ത്രീധനമായി നിനക്കേകി
നിന്നെ ലഭിക്കാന്‍ സ്വയമേവം
കുരിശില്‍ പാവന ബലിയായി
മിശിഹായുടെ ആത്മദാനമാണല്ലോ പരിശുദ്ധ കുര്‍ബാന. വിവാഹത്തിലുണ്ടായിരിക്കേണ്ട ഐക്യത്തിന്‍റെ യഥാര്‍ത്ഥരൂപമാണ് പരിശുദ്ധ കുര്‍ബാന. പരിശുദ്ധ കുര്‍ബാനസ്വീകരണംവഴി നാം ഈശോയിലും ഈശോ നമ്മിലും ആയിത്തീരുന്നു. വി. യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷസക്ഷ്യത്തില്‍ നാം കാണുന്ന ഈ ഐക്യം തന്നെയാണ് ദമ്പതികളിലും ഉണ്ടാവേണ്ടത്.
മാര്‍ അപ്രേമിന്‍റെ കാഴ്ചപ്പാടില്‍ ഈശോയുടെ മാമ്മോദീസ സഭയുമായുള്ള വിവാഹ വാഗ്ദാനവും കുരിശിലെ ആത്മബലി സഭയുമായുള്ള വിവാഹവുമാണ്. ക്രൈസ്തവന്‍റെ മാമ്മോദീസയെ വിവാഹത്തിന് ഒരുക്കമായുള്ള വിശുദ്ധീകരണത്തിന്‍റെ കുളിയായും അതുവഴി അവിടുത്തെ രക്ഷാകര രഹസ്യത്തിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടുന്നതായും സുറിയാനി പാരമ്പര്യം വ്യക്തമാക്കുന്നു. എഫേസൂസുകാര്‍ക്കുള്ള ലേഖനത്തില്‍ ശ്ലീഹ ഇതാണ് സൂചിപ്പിക്കുന്നത് ڇഅവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിന് ജലംകൊണ്ട് കഴുകി (മാമ്മോദീസാ) വചനത്താല്‍ വെണ്മയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാതെ മഹത്വപൂര്‍ണ്ണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനുവേണ്ടിയാണ്" തുടര്‍ന്ന് ശ്ലീഹാ പറയുന്നു. "അതുപോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്വന്തം ശരീരത്തെ എന്നപോലെ സ്നേഹിക്കണം".
മാമ്മോദീസ സ്വീകരിച്ചവര്‍ വിവാഹിതരാകുമ്പോള്‍ മിശിഹായുടെ ഈ രക്ഷാരഹസ്യത്തില്‍ പങ്കുചേരുന്നു. അതിനാലാണ് ഈ ബന്ധം ഒരു കൂദാശയായി പരിണമിക്കുന്നത്.
വിവാഹത്തിന്‍റെ സവിശേഷതകള്‍
വിവാഹത്തിന്‍റെ സത്താപരമായ സവിശേഷതകളാണ് അതിന്‍റെ ഏകത്വവും അവിഭാജ്യതയും. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള വിവാഹം കൂദാശ എന്ന നിലയില്‍ ഇവയ്ക്ക് ദൃഢത കൈവരുത്തുന്നു (കാനാന്‍ നിയമം 776).
പരിശുദ്ധവും പരിപാവനവുമായ വിവാഹകൂട്ടായ്മ സൃഷ്ടികര്‍ത്താവിനാല്‍ സ്ഥാപിതമാണ്. ഈ കൂട്ടായ്മയില്‍ പുരുഷനും സ്ത്രീയും ഒന്നായിത്തീരുന്നു. ഇവരുടെ കൂട്ടായ്മ വ്യക്തിപരവും സ്വതന്ത്രവുമാണ്. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് വിവാഹം. വിവാഹമെന്ന കൂദാശയില്‍ ബഹുഭാര്യാത്വമോ ബഹുഭര്‍തൃത്വമോ സ്വീകാര്യമല്ല. വിവാഹത്തിന്‍റെ ഏകത്വത്തിന് വിരുദ്ധമായവ പഴയനിയമത്തില്‍ കാണുന്നുണ്ട്. എന്നാല്‍ മിശിഹാ വിവാഹത്തിന്‍റെ ആദിമപരിശുദ്ധിയും ഏകത്വവും പുനഃസ്ഥാപിച്ചു. വിവാഹം മിശിഹായ്ക്ക് തന്‍റെ ഏക വധുവായ സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകമാണ്. മക്കളുടെ നന്മയ്ക്ക് വിവാഹത്തിന്‍റെ ഏകത്വം ആവശ്യമാണ്. അതിലുപരി വിവാഹത്തിന്‍റെ സ്വഭാവം തന്നെ ഒരു സ്നേഹകൂട്ടായ്മ എന്നതാണ്. ഈ കൂട്ടായ്മ പൂര്‍ണ്ണവും സത്യസന്ധവും അനന്യവുമായ സമര്‍പ്പണം ഭാര്യാഭര്‍ത്താക്കന്മാരോട് ആവശ്യപ്പെടുന്നു
വിവാഹബന്ധം ജീവിതാവസാനം വരെയുള്ളതാണ്. കൗദാശിക വിവാഹബന്ധം മനുഷ്യന് വേര്‍പെടുത്താനാവില്ല. മത്തായി സുവിശേഷകന്‍ 19:16ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒരു കൂദാശ എന്ന നിലയില്‍ വിവാഹം ഏകവും അവിഭാജ്യവുമാണ്. കാരണം വിവാഹം വെറും ഈലോകയാഥാര്‍ത്ഥ്യമല്ല. അതില്‍ അഭൗമികമായ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കപ്പെടുന്നു. ദമ്പതിമാര്‍ ഈ ബന്ധത്തിലൂടെ രക്ഷാകരപ്രവൃത്തിയില്‍ ഭാഗഭാക്കുകളായിത്തീരുന്നു. ഇതിനു വിരുദ്ധമായ നിയമം മോശ നല്കിയത് ഇസ്രായേല്‍ക്കാരുടെ ഹൃദയകാഠിന്യം മൂലം മാത്രമാണ്. ആദിമുതല്‍ അങ്ങനെ ആയിരുന്നില്ല. സംയോഗം വഴി പൂര്‍ണ്ണത കൈവരാത്ത കൗദാശികവിവാഹബന്ധം ഗൗരവമായ കാരണങ്ങള്‍ ഉള്ളപ്പോള്‍ സഭാധികാരികള്‍ക്ക് വേര്‍പെടു ത്താവുന്നതാണ്. ഇവിടെ വിവാഹബന്ധം വേര്‍പ്പെടുത്തുകയല്ല പ്രത്യുത, നിയമപരമായും സത്താപരമായും സംഭവിച്ചിരിക്കുന്ന അവാസ്തവികത പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുക.
വിവാഹം സ്നേഹത്തിന്‍റെ ബന്ധമാണ്. അങ്ങനെയെങ്കില്‍ സ്നേഹമില്ലാതെ വിവാഹബന്ധത്തില്‍ കഴിയുന്ന നിരവധി ദമ്പതിമാര്‍ക്ക് വേര്‍പ്പെടുവാനാവില്ലേ? ഇല്ല. കാരണം, വിവാഹബന്ധം ഓരോ ദിവസവും അഥവാ ഓരോ അവസരത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ അനുഭവിക്കുന്ന സ്നേഹബന്ധത്തില്‍ ആശ്രയിച്ചല്ല നിലനില്ക്കുന്നത്. പ്രത്യുത അവര്‍ വിവാഹം ചെയ്തപ്പോള്‍ എടുത്ത തീരുമാനവും, അവര്‍ക്കുണ്ടായിരുന്ന ആഗ്രഹവും അതിന്‍റെ വെളിച്ചത്തില്‍ അവര്‍ നടത്തിയ സ്നേഹപ്രതിജ്ഞയുമാണ് കൗദാശികതയ്ക്ക് അടിസ്ഥാനം. പിന്നീടുള്ള ജീവിതത്തില്‍ ഏതെങ്കിലും ചില അവസരങ്ങളില്‍ ഇതിനു കുറവുവന്നാല്‍ വിവാഹം ഇല്ലാതാവുകയില്ല. മാനുഷികപശ്ചാത്തലത്തില്‍, ഈ സ്നേഹാനുഭവത്തിനും അതിന്‍റെ അവതരണത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. വിവാഹത്തില്‍ ലഭിച്ച കൃപാവരത്തിന്‍റെ ശക്തിയില്‍ സ്നേഹത്തിലേയ്ക്ക് തിരിച്ചുവരുവാന്‍ ദമ്പതികള്‍ക്ക് സാധ്യമാകും. അവര്‍ ദൈവകൃപാവരത്തോട് സഹകരിക്കണം എന്നുമാത്രം. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം ഇസ്രായേലിനോട് ചെയ്ത ഉടമ്പടിയുടെ പ്രതീകമായ വിവാഹവും നിലനില്ക്കുന്ന ഉടമ്പടിയാണ്.
വിവാഹത്തെ ഒരു ഉടമ്പടിയായി കാണുന്നുണ്ട്. നൈയാമികമായ ഒരു കാഴ്ചപ്പാടാണിത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിനാലാണിത്. എന്നാല്‍ ദൈവമനുഷ്യബന്ധം നൈയാമിക തലത്തിലുള്ള ഉടമ്പടി എന്നതിനേക്കാള്‍ ഒരു കൂട്ടായ്മയാണ്. പരിശുദ്ധ ത്രിത്വമാകുന്ന ദൈവികകൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ പകര്‍പ്പുകളാണ് നാമീലോകത്തില്‍ കാണുക. ദൈവമനുഷ്യബന്ധം ത്രിത്വൈകകൂട്ടായ്മയിലുള്ള മനുഷ്യന്‍റെ പങ്കുചേരലാണ്. വിവാഹവും ഒരു ഉടമ്പടിയെന്നതിനെക്കാള്‍ ഒരു കൂട്ടായ്മയാണ്. ഇവിടെ നിയമങ്ങളല്ല, ഹൃദയത്തിന്‍റെ ഐക്യമാണ് ദമ്പതികളെ നയിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ ദൈവികകൂട്ടായ്മയുടെ ഈ ലോകപ്രതീകമാണ് വിവാഹത്തിലെ കൂട്ടായ്മ. പിതാവും പുത്രനും അവരുടെ സ്നേഹമാകുന്ന പരിശുദ്ധാത്മാവുമാകുന്ന ത്രിത്വൈകകൂട്ടായ്മാനുഭവം വിവാഹത്തിലും നിറയുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം സ്നേഹിക്കുകയും ആ സ്നേഹത്തില്‍ ദൈവികസാന്നിദ്ധ്യം സംലഭ്യമാവുകയും ചെയ്യുന്നു. വിവാഹത്തിലും ത്രിത്വൈകകൂട്ടായ്മയുണ്ട്. ഭാര്യയും ഭര്‍ത്താവും കര്‍ത്താവും ഒന്നുചേരുന്നതാണത്. വിവാഹമെന്ന കൂട്ടായ്മ ത്രിത്വൈകകൂട്ടായ്മ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ്. വിവാഹത്തിലും ഭാര്യാഭര്‍ത്തൃകൂട്ടായ്മയാല്‍ പുതിയ സൃഷ്ടി രൂപമെടുക്കുന്നു.
ത്രിത്വൈകകൂട്ടായ്മ നിത്യമായ ഒരു ഭാവമാണ്. അവിടെ കാലഗണനകളോ, ഭാവവ്യത്യാസങ്ങളോ ഇതിന് തടസ്സമാവില്ല. പുത്രന്‍ മനുഷ്യാവതാരം ചെയ്ത് പരിമിതികളില്‍ സ്വയം ഉള്‍ചേര്‍ത്തപ്പോഴും പിതാവിനോടും പരിശുദ്ധാത്മാവിനോടും ഐക്യത്തിലായിരുന്നതുപോലെ ഭാര്യഭര്‍ത്തൃബന്ധം സ്ഥിരമായ ഒരു കൂട്ടായ്മയാണ്. അത് സ്ഥലകാല സാഹചര്യങ്ങള്‍ക്കപ്പുറം നിലനില്ക്കുന്ന സ്ഥിരബന്ധമാണ്. കൂദാശയുടെ ആഘോഷാവസരത്തില്‍ മാത്രം നിലനില്ക്കുന്ന ഒരു കൂട്ടായ്മയല്ലത്. മറിച്ച്, ജീവിതാവസാനം വരെ നിലകൊള്ളുന്ന ഐക്യമാണത്.
ദൈവികകൂട്ടായ്മയുടെ സാദൃശ്യമായ വിവാഹം ദൈവികകൂട്ടായ്മ സ്ഥിരമായി ഒന്നായിരിക്കുന്നതുപോലെ സ്ഥിരമായ ഒന്നാണ്. സഭയ്ക്ക് മിശിഹായുമായുള്ള ബന്ധത്തിന്‍റെ പ്രതീകമാണ് വിവാഹം. ഈ ബന്ധമാകട്ടെ പൂര്‍ണ്ണവും, രക്ഷാകരവും, ഫലദായകവും സ്ഥിരവുമായ ഒന്നാണ്. ആകയാല്‍ ഇതിന്‍റെ പ്രതീകമായ വിവാഹബന്ധവും പൂര്‍ണ്ണവും രക്ഷാകരവും, ഫലദായകവും സ്ഥിരവുമായ ഒന്നായിരിക്കണം.
വിവാഹം രക്ഷാകരചരിത്രത്തിന്‍റെ തന്നെ ഭാഗമാണ്. വിവാഹിതരായവരുടെ രക്ഷ സാധിതമാവുക ഈ കൂദാശാജീവിതത്തിലൂടെയാണ്. രക്ഷാകരപ്രവര്‍ത്തനം നിത്യമായി നിലനില്ക്കുന്ന ഒന്നാണ് എന്നതിനാല്‍ വിവാഹവും സ്ഥിരമായ ഒന്നാണ്.
വിവാഹം ലക്ഷ്യം വയ്ക്കുന്ന ദമ്പതിമാരുടെ സ്നേഹത്തെയും ഐക്യത്തെയും വിവാഹമോചനം നശിപ്പിക്കുകയും അവരുടെ സുഗമമായ അഭിവൃദ്ധിക്ക് ആവശ്യമായ പരസ്പരസഹായം ഇല്ലാതാക്കുകയും ചെയ്യുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല (ഉല്‍പ 2:18).
വിവാഹത്തിന്‍റെ ഫലമാണ് കുട്ടികളുടെ നന്മ. എന്നാല്‍, വിവാഹമോചനം മൂലം ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നത് കുട്ടികളാണ്. മാതാപിതാക്കന്മാരുടെ കൂട്ടായ്മയില്‍നിന്ന് അവര്‍ക്ക് അവകാശമായി ലഭിക്കേണ്ട എല്ലാ നന്മകളും നഷ്ടമാകുന്നു. "പിതാക്കന്മാരെ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുത്. മറിച്ച് അവരെ കര്‍ത്താവിന്‍റെ ചൈതന്യത്തിനൊത്ത ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍ (എഫേ 6:4). അതോടൊപ്പം മക്കള്‍ക്കുള്ള ഉപദേശം പൂര്‍ത്തിയാക്കുവാനും മാതാപിതാക്കന്മാര്‍ സ്നേഹബന്ധത്തില്‍ ഒന്നിച്ചായിരിക്കണം. " മക്കളെ കര്‍ത്താവില്‍ നിങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുവിന്‍. ഇതു നിങ്ങളുടെ കടമയാണ്ڈ. നിങ്ങളുടെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക; വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ പ്രമാണമാണത്. അപ്പോള്‍ നിനക്ക് ശ്രേയസ്സ് ഉണ്ടാവുകയും നീ ഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിക്കുകയും ചെയ്യും" (എഫേ 6:1-3). ഈ വലിയ അനുഗ്രഹം മക്കള്‍ക്ക് സംലഭ്യമാക്കുവാന്‍ മാതാപിതാക്കന്മാര്‍ ഇടയാക്കണം.
വിവാഹത്തിന്‍റെ സാമൂഹികമാനം ഉള്‍ക്കൊള്ളുന്നതാണ് അതു സമൂഹത്തിന്‍റെ നന്മയ്ക്കുപകരിക്കും എന്ന യാഥാര്‍ത്ഥ്യം. സമൂഹം നിലനില്ക്കണമെങ്കില്‍ അതിന്‍റെ അടിസ്ഥാനകൂട്ടായ്മയായ കുടുംബങ്ങള്‍ നിലനില്ക്കണം. അടുത്ത തലമുറയുടെ ശിക്ഷണവും പുരോഗമനവും ഉറപ്പുള്ള കുടുംബങ്ങളെ ആശ്രയിച്ചിരിക്കുന്നു. മൂല്യങ്ങള്‍ കൈമാറ്റപ്പെടുന്നതും സാമൂഹികവത്ക്കരണം സാധിക്കുന്നതും കുടുംബത്തിലാണ്. കുടുംബത്തകര്‍ച്ച സമൂഹത്തിന്‍റെ നാശത്തിലേക്ക് വഴി തുറക്കുന്നു.
ത്രിത്വൈകകൂട്ടായ്മയാകുന്ന ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന് വിവാഹത്തിലൂടെ സ്രഷ്ടാവായ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തിലും ഭാഗഭാഗിത്വം ലഭിച്ചിരിക്കുന്നു. ദൈവം ആരംഭിച്ച സൃഷ്ടികര്‍മ്മം ഇന്ന് തുടര്‍ന്നുകൊണ്ടുപോകുന്നത് മനുഷ്യരിലൂടെയാണ്. മനുഷ്യസൃഷ്ടിയെന്ന വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് വിവാഹത്തിലൂടെ ദമ്പതിമാര്‍ വിളിക്കപ്പെടുന്നു. ദൈവികസ്നേഹം സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതുമാണ്. ദാമ്പത്യകൂട്ടായ്മയില്‍ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്നു. ആ കൂട്ടായ്മയില്‍ അവര്‍ വളരുന്നു.
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുക എന്നത് വിവാഹം എന്ന കൂദാശയുടെ ഭാഗമാണ്. അത് കൗദാശികതയ്ക്കപ്പുറത്തുനിന്നും കൂട്ടിചേര്‍ക്കുന്ന ഒന്നല്ല. വിവാഹത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണ് കുഞ്ഞുങ്ങള്‍. ബോധപൂര്‍വ്വം ഇത് മാറ്റിവയ്ക്കുന്നതും ഉപേക്ഷിക്കുന്നതും വിവാഹത്തിന്‍റെ കൗദാശികതയ്ക്കു തന്നെ എതിരാണ്. പ്രത്യുല്പാദനത്തിലേയ്ക്ക് തുറന്നിരിക്കുന്ന സ്നേഹകൂട്ടായ്മയും അതില്‍നിന്നുരുത്തിരിയുന്ന സംയോഗവുമാണ് വിശുദ്ധമായ വിവാഹബന്ധം.
ഭാര്യാഭര്‍തൃഹൃദയങ്ങളില്‍, അവരുടെ സ്നേഹത്തില്‍, രൂപമെടുക്കുന്ന കുഞ്ഞുങ്ങള്‍ സംയോഗത്തിലൂടെ ഉദരത്തില്‍ ഉരുവാകുകയും അവരുടെ കൂട്ടായ്മയില്‍ വളര്‍ത്തപ്പെടുകയും ചെയ്യണം. ഇതിന് എവിടെയെങ്കിലും ഭംഗം വന്നാല്‍ അത് മക്കളുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. മൃഗങ്ങളുടെ ലൈംഗികവേഴ്ചപോലെയല്ല മാനുഷികബന്ധങ്ങള്‍. പരിശുദ്ധവും പരിപാവനുമായ വിവാഹമെന്ന കൂദാശയുടെ ഭാഗമായി അവര്‍ ഒന്നുചേരുന്നു. മക്കള്‍ അവിടെ ജന്മമെടുക്കുകയും ചെയ്യുന്നു.
ശാസ്ത്രപുരോഗതിയില്‍ ഇന്ന് മക്കള്‍ക്ക് ജന്മം കൊടുക്കാതിരിക്കുവാനും, ദാമ്പത്യബന്ധത്തിനപ്പുറത്ത് കുഞ്ഞുങ്ങളെ ജനിപ്പിക്കുവാനും മനുഷ്യന് സാധ്യമാകുന്നുണ്ട്. മനുഷ്യമക്കള്‍ ഒരു വില്പനവസ്തുവായി അധഃപതിക്കുന്ന അവസ്ഥ. എന്നാല്‍ വിവാഹമെന്ന കൂദാശയുടെ ചൈതന്യത്തില്‍ ഇത്തരം പ്രവണതകളെ അംഗീകരിക്കുവാന്‍ സാധിക്കില്ല. കൃത്രിമജനനനിയന്ത്രണങ്ങളും ഭ്രൂണഹത്യയും ടെസ്റ്റ്ട്യൂബ് ശിശുക്കളും വാടകഗര്‍ഭപാത്രങ്ങളും ക്ലോണിങ്ങുമെല്ലാം തകര്‍ന്നടിഞ്ഞ ദാമ്പത്യജീവിതത്തിന്‍റെയും വിശ്വാസമില്ലാത്ത തലമുറകളുടെയും വ്യത്യസ്തവികലപ്രവണതകള്‍ മാത്രം. ഇതിന്‍റെ ഫലമായി ഇന്ന് അനുഭവിക്കുന്ന ദുഃഖദുരിതങ്ങള്‍ നമ്മുടെ മനസ്സാക്ഷിയെ ഉണര്‍ത്തുകയും പ്രവര്‍ത്തനശൈലിയെ രൂപപ്പെടുത്തുവാന്‍ ഉപകരിക്കുകയും വേണം. ചുരുക്കത്തില്‍ വിവാഹത്തിന്‍റെ മൂന്നുലക്ഷ്യങ്ങളായ വിശ്വസ്തത (സ്നേഹം), സൃഷ്ടികര്‍മ്മം, കൗദാശികത (അവിഭാജ്യത) ഇവ സാക്ഷാത്കരിക്കപ്പെടണം.
വിവാഹത്തിന്‍റെ ഫലങ്ങള്‍
വിവാഹത്തില്‍ വധൂവരന്മാരുടെ പരസ്പര സമര്‍പ്പണത്തിലൂടെ അവര്‍ തമ്മില്‍ പവിത്രമായ ഒരു ബന്ധം സംജാതമാകുന്നു. ഈ ബന്ധം ദൈവത്താല്‍ ആശീര്‍വ്വദിക്കപ്പെട്ടതും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടതുമാണ്. വിവാഹജീവിതത്തിനാവശ്യമായ പ്രത്യേക കൗദാശികാനുഗ്രഹങ്ങളും പ്രദാനം ചെയ്യപ്പെടുന്നു. മക്കളെ ദൈവമക്കളെന്ന നിലയില്‍ വളര്‍ത്തുന്നതിനാവശ്യമായ കൃപാവരവും സംലഭ്യമാകുന്നു
വിവാഹം ഒരു കൂദാശയാണ്, ഇത് ഒരു ദൈവവിളിയുമാണ്. ആകയാല്‍ ദൈവികവും സഭാത്മകവും സാമൂഹികവുമായ ത്രിവിധതലങ്ങള്‍ വിവാഹജീവിതത്തിനുണ്ട്. വിവാഹം ദൈവിക നിയമത്താല്‍ നിയന്ത്രിതമാണെന്നു നാം കണ്ടു. സഭാമക്കളുടെ ഉടമ്പടി എന്നനിലയില്‍ വിവാഹം സഭാത്മകമായ ഒരു പ്രവൃത്തിയാണ്. ഒരു കൂദാശയെന്ന നിലയില്‍ അതിന്‍റെ അന്തഃസത്തയില്‍ തന്നെ സഭാത്മകമാണ്. കാരണം കൂദാശകള്‍ സഭയുടെ പ്രവൃത്തികളാണ്. അതിനാല്‍ ഇത് സഭാനിയമത്തിന് വിധേയവുമാണ്.
വിവാഹം സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബത്തിന് അടിത്തറയിടുന്നു. സമൂഹത്തിന്‍റെ അംഗങ്ങള്‍ എന്ന നിലയില്‍ ദമ്പതിമാര്‍ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അതിനാല്‍ സമൂഹത്തിന്‍റെ നിയമത്താല്‍ നിയന്ത്രിതവുമാണ് വിവാഹം. ഈ മൂന്നു തലങ്ങളിലും ദമ്പതിമാര്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളും കൈവരുന്നു. ഇവ നിര്‍വ്വഹിക്കുന്നതിനാവശ്യമായ കൃപാവരം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ഈ കൂദാശയില്‍നിന്നും ലഭിക്കുന്നു.
ഒരു ദൈവവിളിയെന്ന നിലയില്‍ വിവാഹമെന്ന കൂദാശയിലൂടെ ഉന്നതശുശ്രൂഷകള്‍ക്കായി ദമ്പതിമാര്‍ നിയോഗിക്കപ്പെടുകയും അതിനായി അവര്‍ പ്രാപ്തരാക്കപ്പെടുകയും ചെയ്യുന്നു. വിവാഹത്തിലൂടെ പ്രഥമവും പ്രധാനവുമായി സ്ത്രീയും പുരുഷനുമായുള്ള നിത്യവും ദൃഢവുമായ സൗഹൃദബന്ധം സ്ഥാപിക്കുവാനുള്ള വിളി ലഭിക്കുന്നു. വിവാഹം സ്വതന്ത്രമായും സമ്പൂര്‍ണ്ണമായും സമര്‍പ്പിക്കുവാനുള്ള വിളിയാണ്. കൂടാതെ സ്നേഹവും സമര്‍പ്പണവും വഴി പരസ്പരം വളര്‍ത്തുവാനും മക്കളെ ദൈവമക്കളായി വളര്‍ത്തുവാനും ജീവിതത്തികവില്‍ എത്തുവാനുമുള്ള ദൈവവിളിയാണിത്.
വിവാഹമെന്ന കൂദാശയിലും ദൈവവിളിയിലും അടിസ്ഥാനമായിട്ടുള്ള കുടുംബത്തെ ഗാര്‍ഹികസഭയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മതബോധനഗ്രന്ഥം വിവാഹത്തെ കുറിച്ചുള്ള പഠനം സമാപിപ്പിക്കുക. സഭ ദൈവത്തിന്‍റെ ഭവനമാണ്. ഓരോ കുടുംബവും ദൈവം വസിക്കുന്ന ഇടമാണ്. രണ്ടോ മൂന്നോ പേര്‍ അവിടുത്തെ നാമത്തില്‍ ഒന്നുചേരുമ്പോള്‍ അവിടെ തന്‍റെ സാന്നിദ്ധ്യം കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നതിനാല്‍ വിവാഹമെന്ന കൂദാശയില്‍ രൂപം കൊള്ളുന്ന കുടുംബം യഥാര്‍ത്ഥദൈവികസന്നിധ്യമുള്ള ഇടമായിരിക്കും. അലക്സാണ്ട്രിയായിലെ വി. ക്ലെമന്‍റ് എഴുതുന്നു: "രണ്ടോ മൂന്നോ പേര്‍ മിശിഹായുടെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മധ്യേ ഞാനുണ്ട്" എന്നു പറഞ്ഞിരിക്കുന്നത് ആരെപ്പറ്റിയാണ്? പുരുഷനും സ്ത്രീയും ശിശുവും അല്ലേ അവര്‍? കാരണം പുരുഷനേയും സ്ത്രീയേയും യോജിപ്പിക്കുന്നത് ദൈവമാണ് (സ്ത്രോമാത്ത 3, 10, 68) ദൈവികസ്നേഹം സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതുമാണ്. അതുപോലെ കുടുംബവും സൃഷ്ടികര്‍മ്മത്തിന്‍റെയും പരിപാലനയുടെയും വേദിയാണ്.
ഡോ. തോമസ് പൂവത്താനിക്കുന്നേല്‍
marriage catholic malayalam theology Dr. Thomas Poovathanikkunnel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206