x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ മരിയവിജ്ഞാനീയം

മരിയവിജ്ഞാനീയം: പാശ്ചാത്യ സുറിയാനി സഭയില്‍

Authored by : Dr. Geevarghese Panicker On 30-Jan-2021

കാല്‍സിഡോണ്‍ സൂനഹദോസിനെ എതിര്‍ത്തു വിഘടിച്ചുനിന്ന ഏകസ്വഭാവവാദികളും അവരില്‍നിന്നു കത്തോലിക്കസഭയിലേക്കു തിരിച്ചുവന്നവരും ഉള്‍പ്പെടുന്നവരാണു പാശ്ചാത്യസുറിയാനിസഭ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇങ്ങനെ തിരിച്ചുവന്നവര്‍ കാല്‍സിഡോന്‍ സിനഡ് അംഗീകരിച്ചുകൊണ്ടു ദൈവമാതൃത്വം ഏറ്റുപറഞ്ഞു മറിയത്തിനു ദൈവമാതാവെന്ന സംജ്ഞ നല്കി വണങ്ങി വരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദൈവമാതാവായ മറിയത്തോടു പുത്രിസഹജമായ സ്നേഹവും ഭക്തിയും പുലര്‍ത്തുന്ന സഭയാണിത്. ആരാധനക്രമത്തില്‍ പൗരസ്ത്യ സുറിയാനി സഭയിലെന്നപോലെ സൂവാറക്കാലം (മംഗല വാര്‍ത്തക്കാലം) ഈ സഭയില്‍ മറിയത്തിനു പ്രാധാന്യം നല്കി ആഘോഷിച്ചു വരുന്നു. മാതാവിനുള്ള അനുമോദനത്തിരുനാള്‍ (ഡിസംബര്‍ 26), കൃഷിയുമായിബന്ധപ്പെട്ട മൂന്നു തിരുനാളുകള്‍ (വിത്തുകളുടെ, കതിരുകളുടെ, മുന്തിരിയുടെ) ബൈസന്‍റയില്‍ റീത്തിലുള്ളതുപോലെ മാതാവിന്‍റെ ബാല്യകാലം (മാതാവിനു അന്നാ ഉമ്മ ജന്മം നല്‍കിയതും ദൈവാലയത്തില്‍ സമര്‍പ്പിച്ചതും) മാര്‍ച്ച് 25ലെ മംഗലവാര്‍ത്ത തിരുന്നാള്‍, ഏറ്റം വലിയ തിരുനാളായ സ്വര്‍ഗ്ഗാരോപണം (വാങ്ങിപ്പ്) ഇവയൊക്കെയും ഈ സഭ ആഘോഷിക്കുന്നു. ബുധനാഴ്ച മറിയത്തിന്‍റെ അനുസ്മരണാദിനമാണ്. ലത്തീന്‍ റീത്തില്‍നിന്നും ചില തിരുനാളുകളും ഈ സഭ സ്വീകരിച്ചിട്ടുമുണ്ട്.

ആരാധനാപൈതൃകം

പാശ്ചാത്യസുറിയാനിപൈതൃകം കൊണ്ടു വിവക്ഷിക്കുന്നത് അന്ത്യോക്ക്യന്‍ സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ക്രിസ്ത്യാനികള്‍ക്കുള്ള അതേ പൈതൃകമാണ്. അതായത്, യാക്കോബായ, സുറിയാനി ഓര്‍ത്തഡോക്സ്, മലങ്കരസുറിയാനി കത്തോലിക്കര്‍ എന്നീ ക്രിസ്തീയവിഭാഗങ്ങള്‍ പാലിച്ചു വരുന്ന ആരാധനാപാരമ്പര്യം. എല്ലാ പൗരസ്ത്യ സഭാവിഭാഗങ്ങളിലുമെന്നപോലെ മാതാവിനോടുള്ള ഭക്തി, ആരാധനക്രമത്തിന്‍റെ ഭാഗമായിട്ടാണു പാശ്ചാത്യസുറിയാനി സഭകളിലും നിലകൊള്ളുന്നത്. പാശ്ചാത്യസഭയിലെപോലെ ആരാധനക്രമത്തിനു പുറമെയുള്ള ഒരു ഭക്താചാരം (devotion) ആയിട്ടല്ല മാതൃഭക്തി ഈ സഭകള്‍ കാണുന്നത്. ജപമാല, വ്യാകുലമാതാവിനോടുള്ള ഭക്തി, ഫാത്തിമാ മാതാവിനോടുള്ള ഭക്തി എന്നിവപോലുള്ള ആചാരങ്ങള്‍ പാശ്ചാത്യസുറിയാനി സഭയുടെ പൈതൃകത്തിന്‍റെ ഭാഗമായിത്തീര്‍ന്നിട്ടില്ല. "രക്ഷകനെ ഗര്‍ഭംധരിച്ചു പ്രസവിച്ചു" എന്നതിന്‍റെ അടിസ്ഥാനത്തിലുള്ള സുവിശേഷഭാഗങ്ങളാണു മാതാവിനോടുള്ള ഭക്തിയുടെ അടിസ്ഥാനം. ഈ വിശുദ്ധഗ്രന്ഥഭാഗങ്ങളിലാണ് ആദിമക്രിസ്ത്യാനികളും പിതാക്കന്മാരും മറിയത്തിന്‍റെ മഹിമ ദര്‍ശിച്ചത്. കൃപനിറഞ്ഞവളായ മറിയം എല്ലാ സൃഷ്ടികളെയുംകാള്‍ വലുതായ ഒരു സ്വഭാവാതീത മഹിമയ്ക്ക് അര്‍ഹയായിത്തീര്‍ന്നു. അഞ്ചാം നൂറ്റാണ്ടിലുണ്ടായ ക്രിസ്തു വിജ്ഞാനീയ സംബന്ധിയായ ചര്‍ച്ചകള്‍ ക്രിസ്തുവിന്‍റെ ആളത്തത്തെക്കുറിച്ചു മാത്രമല്ല പ്രകാശം നല്കിയത്; ഈശോയുടെ മാതാവിനെക്കുറിച്ചും കൂടുതല്‍ അറിവു നല്കി. നസ്രത്തിലെ എളിയ കന്യക "യോല്‍ദാസ് ആലോഹാ" (ദൈവത്തിന്‍റെ മാതാവ്) എന്ന അതുല്യവും പ്രഭാപൂരിതവുമായ സ്ഥാനമഹിമയുള്ളവളായിത്തീര്‍ന്നു. കന്യക ഉപദേശങ്ങളുടെയും ഭക്തിയുടെയും കേന്ദ്രമാണ്; സുറിയാനി സഭകളില്‍ മാതാവിനെ മകനില്‍നിന്നോ മകനെ മാതാവില്‍നിന്നോ വേര്‍പെടുത്തി കാണാറില്ല.

അന്ത്യോക്യന്‍ സുറിയാനിസഭാപാരമ്പര്യത്തില്‍ "യോല്‍ദാസ് ആലോഹോ"യ്ക്ക് അതായത്, ദൈവമാതാവിനു കൊടുക്കുന്ന വിധത്തിലുള്ള ബഹുമാനവും പുകഴ്ചയും മറ്റൊരു സൃഷ്ടിക്കും നല്കുന്നില്ല. ആ സഭയിലെ മല്പാന്മാരുടെ പൈതൃകത്തില്‍ സഭ അഭിമാനിക്കുന്നു. "പെര്‍ഷ്യായിലെ മഹര്‍ഷി" എന്നു വിളിക്കപ്പെടുന്ന അഫ്രാറ്റസിന്‍റെയും (260-345) "പരിശുദ്ധാത്മാവിന്‍റെ വീണ" എന്നറിയപ്പെടുന്ന അപ്രേമിന്‍റെയും (306-373) അപ്രേമിന്‍റെ ശിഷ്യനായ സിറിലോണായുടെയും, ബെറേയെയുടെ കോറെപ്പിസ്കോപ്പാ ആയ ബാലായിയുടെയും (460) എഡേസ്സായുടെ മെത്രാനും ദൈവമാതൃത്വത്തിന്‍റെ ധീരസംരക്ഷകനുമായ റബൂളായുടെയും (435) "സഭയുടെ വീണ" എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന സാറൂഗിലെ യാക്കോബിന്‍റെയും പ്രസംഗങ്ങളും പ്രാര്‍ത്ഥനകളും ഗീതങ്ങളും അതുല്യമായ വിധത്തില്‍ കന്യകാമറിയത്തിന്‍റെ മഹത്വവും സ്ഥാനമഹിമയും പുകഴ്ത്തുന്നവയാണ്. ഇവരുടെ ഗീതങ്ങളും പ്രാര്‍ത്ഥനകളും ഈ സഭകളുടെ ആരാധനക്രമത്തിന്‍റെ ഭാഗങ്ങളായിത്തീര്‍ന്നിട്ടുണ്ട്.

മറിയത്തോടുള്ള ഭക്തി ആരാധനാക്രമത്തിന്‍റെ ഭാഗമാണെന്നാണ് ഈ സഭകളുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍നിന്നും വി. കുര്‍ബാനക്രമത്തില്‍നിന്നും പ്രാര്‍ത്ഥനാക്രമത്തില്‍നിന്നും നമുക്കു മനസ്സിലാക്കാവുന്നത്. പാശ്ചാത്യസുറിയാനിപാരമ്പര്യമനുസരിച്ച് മാതാവിന്‍റെ ബഹുമാനാര്‍ത്ഥം താഴെപ്പറയുന്ന തിരുന്നാളുകള്‍ ആഘോഷിക്കുന്നു.

പട്ടക്കാരന്‍ വി. കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പ്രാര്‍ത്ഥനകളില്‍ മാതാവിനു പ്രത്യേകമായ സ്ഥാനമുണ്ട്. കുര്‍ബാനയുടെ ആദ്യഭാഗത്തുള്ള ഗീതങ്ങളില്‍ മാതാവിന്‍റെ കന്യത്വത്തെക്കുറിച്ചു പാടാറുണ്ട്. വി. കുര്‍ബാന പരസ്യമായി ആരംഭിക്കുന്നതു ദൈവമാതാവിന്‍റെ അതുല്യസ്ഥാനം അറിയിച്ചുകൊണ്ടാണ്. സുവിശേഷം വായിക്കുന്നതിനുമുമ്പു ദൈവമാതാവില്‍നിന്നു അശരീരിയായ വചനമുണ്ടായെന്നു പ്രസ്താവിക്കുന്നു. സുവിശേഷ വായനയ്ക്കുശേഷമുള്ള ഗീതങ്ങളില്‍ ചിലതു മാതാവിനെക്കുറിച്ചുള്ളവയാണ്. വിശുദ്ധ കുര്‍ബാനയിലെ പരിഹാരശുശ്രൂഷാസമയത്തുള്ള മാറിമാറി വരുന്ന സെദറാ (ദീര്‍ഘമായ ഒരു പ്രാര്‍ത്ഥന)യില്‍ മാതാവും ഈശോയുമായുള്ള ബന്ധത്തെക്കുറിച്ചു പലപ്പോഴും സ്മരിക്കാറുണ്ട്. മദ്ധ്യസ്ഥപ്രാര്‍ത്ഥനകളില്‍ ഒന്നു മാതാവിനെയും പരിശുദ്ധന്മാരെയും ഓര്‍ക്കുന്നതിനുവേണ്ടിയുള്ളതാണ്.

കുര്‍ബാനസ്വീകരണത്തിനുമുമ്പുള്ള പ്രാര്‍ത്ഥനകള്‍ പുണ്യവാന്മാരുടെ ഒരുമ്പാടിനെക്കുറിച്ചുള്ളതാണ് (ഇവ ഗീതങ്ങളായിട്ടാണ് ആലപിക്കാറുള്ളത്). ഈ ഗീതകങ്ങളില്‍ പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നതു മാതാവിനോടുള്ള ഗീതങ്ങള്‍ക്കാണ്. ത്രിത്വം കഴിഞ്ഞാല്‍ മാതാവാണു ദൈവകൂട്ടായ്മയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് ഇതു പ്രകാശിപ്പിക്കുന്നു. മാതാവിന്‍റെ പെരുന്നാള്‍ ദിവസങ്ങളില്‍ പട്ടക്കാരന്‍ കുര്‍ബാനയുടെ അവസാനം ആലപിക്കുന്ന ഗീതം (ഹുത്തോമ്മാ) മാതാവിനോടുള്ള മാദ്ധ്യസ്ഥ്യം യാചിക്കുന്നതാണ്. ഈശോമിശിഹായോടുള്ള കൂട്ടായ്മയിലും മാതാവിനുള്ള പങ്കും നമുക്കു മാതാവിനോടുള്ള ബന്ധവും വി. കുര്‍ബാനയുടെ പ്രാര്‍ത്ഥനകളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.

യാമപ്രാര്‍ത്ഥനയില്‍

ഈ പ്രാര്‍ത്ഥനക്രമംകൊണ്ട് ഉദ്ദേശിക്കുന്നതു യാമപ്രാര്‍ത്ഥനകളുടെ (ഏഴുനേരം) ക്രമമാണ്. പെരുന്നാള്‍ അനുസരിച്ചുള്ള ക്രമമുണ്ട്-, സാധാരണദിവസക്രമവുമുണ്ട്-. സാധാരണ പ്രാര്‍ത്ഥനാക്രമത്തെക്കുറിച്ചു (ശ്നീമ്മ) ചുരുക്കമായി ഇവിടെ പ്രതിപാദിക്കാം. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ പെരുന്നാളുകള്‍ അല്ലാത്തപ്പോള്‍ ഉപയോഗിക്കുന്ന പ്രാര്‍ത്ഥനാക്രമത്തെയാണു സാധാരണ പ്രാര്‍ത്ഥനക്രമം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്. ആഴ്ചയില്‍ മേല്‍പ്പറഞ്ഞ ഓരോ ദിവസത്തേയ്ക്കും സമാന്തരമായ രണ്ടു ഭാഗങ്ങളാണു പ്രാര്‍ത്ഥനാക്രമത്തിലുള്ളത്. ഒന്ന് ശൂബഹോ വിഭാഗം, രണ്ടാമത്തേതു മെനോലം വിഭാഗം. ഓരോ ആഴ്ചയിലും ഈ വിഭാഗങ്ങള്‍ മാറി മാറി ചൊല്ലാവുന്നതാണ്. പ്രാര്‍ത്ഥനയുടെ പൊതുവായ ഘടന ഒന്നുതന്നെയാണ്. പ്രാര്‍ത്ഥന ആഴ്ചയിലെ ദിവസമനുസരിച്ചു ചൊല്ലുന്നു. സാധാരണയായി പ്രാര്‍ത്ഥന ആരംഭിക്കുന്നതു കൗമാപ്രാര്‍ത്ഥനയോടുകൂടിയാണ്. കൗമാപ്രാര്‍ത്ഥനയുടെ അവസാനം ചൊല്ലുന്നതാണു "കൃപനിറഞ്ഞ മറിയമേ" എന്നുള്ള പ്രാര്‍ത്ഥന. ബുധനാഴ്ച ദിവസം മാതാവിന്‍റെ ഓര്‍മ്മയ്ക്കായും സ്തുതിക്കായും ഉള്ള ദിവസമാണ്. അന്നേദിവസം മാതാവിന്‍റെ ബഹുമാനാര്‍ത്ഥം ഉപവസിക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ അതനുസരിച്ചാണു ക്രമപ്പെടുത്തിയിരിക്കുന്നത്. മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെ ഘടനാപരമായസ്ഥാനം മനസ്സിലാക്കുവാന്‍ ചില ഗീതകങ്ങളുടെ പേരുകള്‍ ഓര്‍ക്കേണ്ടതുണ്ട്.

1.എനിയോനോ (പ്രതിവാക്യം)

2.ക്സോ (ഒറ്റയായി വരുന്ന ഒരു ഗീതഭാഗം)

3. കോലോകള്‍ (ദീര്‍ഘമായ പ്രാര്‍ത്ഥനകളാകുന്ന പ്രമിയോഓന്‍ കഴിഞ്ഞും എത്രോ (ധൂപപ്രാര്‍ത്ഥന) വരുന്ന ഗാനങ്ങള്‍ സാധാരണ                                നമസ്കാരത്തില്‍ സന്ധ്യയിലും പ്രഭാതത്തിലും രണ്ടു സെറ്റുകോലോകള്‍ വീതം ഉണ്ടായിരിക്കും. ധൂപഗീതങ്ങളും ധൂപാനന്തരഗീതങ്ങളും                      ആലപിക്കാം.

4.ബോവൂസാ (മാര്‍ ബലായി, മാര്‍ യൗക്കൂബ്, മാര്‍ അപ്രേം എന്നിവരില്‍ ആരെങ്കിലും രചിച്ചതായിരിക്കും ബോവുസാ അപേക്ഷഗീതം)

5.സൂഗൂസാ-കൂട്ടിച്ചേര്‍ക്കപ്പെട്ടവ (additional) എന്നര്‍ത്ഥം. ഉപദേശത്തിന്‍റെയോ പുകഴ്ചയുടെയോ രീതിയില്‍ ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നവയാണ്        ഇവ.

6.മദറശ്ത്താ (ഉപദേശം) ദൈവശാസ്ത്രപരമായ തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗീതങ്ങള്‍.

7.മവുര്‍ബോ രാത്രി പ്രാര്‍ത്ഥനയില്‍ കന്യകാ മറിയാമിന്‍റെ പാട്ടു (magnificat) കഴിഞ്ഞു ചൊല്ലുന്ന ഗീതസമൂഹം. എട്ടു ഗ്രൂപ്പുകള്‍ ഉണ്ട്. ഓരോ ഗ്രൂപ്പിലും ദൈവമാതാവ്, വിശുദ്ധന്മാര്‍, മരിച്ചവര്‍ എന്ന വിഷയങ്ങള്‍ അനുസരിച്ചുള്ള ഉള്‍പ്പിരിവുകളുണ്ട്.

               പ്രാര്‍ത്ഥന ഏഴു യാമങ്ങളിലായിട്ടാണു നടത്തുന്നത്.

1             സന്ധ്യ

2             സുത്താറ (ശയന നമസ്ക്കാരം)

3             രാത്രി (മൂന്നു കൗമ്മാകള്‍, .............)

4             പ്രഭാതം

5             മൂന്നാംമണി

6             മദ്ധ്യാഹ്നം

7             ഒമ്പതാംമണി

               എല്ലാ യാമപ്രാര്‍ത്ഥനയും തുടങ്ങുന്നതു കൗമ്മാപ്രാര്‍ത്ഥനയോടുകൂടിയാണ്. അതില്‍ കൃപനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥനയാണ് ആരംഭത്തില്‍. അതൊഴിച്ചാല്‍ സൂത്താറ പ്രാര്‍ത്ഥനയിലും ഒമ്പതാംമണിക്കുള്ള പ്രാര്‍ത്ഥനയിലും ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലെ മൂന്നാംമണിക്കുള്ള പ്രാര്‍ത്ഥനയിലും മാതാവിനോടുള്ള പ്രാര്‍ത്ഥനകളൊന്നും ചൊല്ലാറില്ല; വെള്ളിയാഴ്ച പാതിരാത്രി നമസ്കാരത്തിലും (മൗര്‍ബോ ഒഴിച്ചാല്‍) മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലാറില്ല. മറ്റെല്ലാ യാമപ്രാര്‍ത്ഥനകളുടെയും ഘടനയില്‍ എനിയോനോ, എക്ബോ, കോലോ, ബോവൂസോ, സുഗീസോ, മദറ്ശത്താ, മാവൂര്‍ബോ എന്നിവയില്‍ ഏതെങ്കിലും ഒരുവിധത്തിലോ പലവിധത്തിലോ മാതാവിന്‍റെ സ്മരണയ്ക്കായുള്ള ഗാനങ്ങള്‍ ഉണ്ടാകും. വെള്ളിയാഴ്ചയൊഴിച്ചുള്ള ദിവസങ്ങളിലെ രാത്രി പ്രാര്‍ത്ഥനയുടെ ഒന്നാം കൗമ്മാ (First noturn) മാതാവിന്‍റെ അനുസ്മരണാ ഗാനങ്ങളും പ്രാര്‍ത്ഥന (പ്രുമിയോന്‍, സെദറാ)കളുമാണ്. സാധാരണയായി സന്ധ്യാപ്രാര്‍ത്ഥനയിലും പ്രഭാതപ്രാര്‍ത്ഥനയിലും കോലോ ആണു ദീര്‍ഘമായ ഗാനം. അതിന്‍റെ ഗാനഘടന താഴെപ്പറയുന്ന വിധത്തിലാണ്.

1             ദൈവത്തോട്

2             ദൈവമാതാവിനെക്കുറിച്ച്

3             പരിശുദ്ധന്മാരെക്കുറിച്ച്

4             സഭയെക്കുറിച്ച്

5             അനുതാപത്തെക്കുറിച്ച്

6             പരേതരെക്കുറിച്ച്

               ദൈവത്തോടുള്ള പ്രാര്‍ത്ഥന കഴിഞ്ഞാല്‍ ഉടനെ എല്ലായ്പ്പോഴും ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കുന്നു എന്നുള്ളതു ശ്രദ്ധേയമാണ്.

               ഈ പൈതൃകത്തിലെ പ്രാര്‍ത്ഥനകളും ഗാനങ്ങളും പരിശോധിച്ചാല്‍ മാതാവിനോടുള്ള ഭക്തി കേവലം യാചനാരൂപത്തിലുള്ള പ്രാര്‍ത്ഥനകള്‍ മാത്രമല്ലെന്നും അതിലുപരിയായി രക്ഷാകരചരിത്രത്തില്‍ മനുഷ്യാവതാരത്തിനും ദൈവമാതൃത്വത്തിനുമുള്ള പങ്കിന്‍റെ ദൈവവിജ്ഞാനീയരൂപത്തിലുള്ള പ്രാര്‍ത്ഥനകളും ഗാനങ്ങളുമാണെന്നും കാണാവുന്നതാണ്. ധ്യാനാത്മകമായ വിധത്തില്‍ അഗാധമായ വിധത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും സ്തുതിക്കുന്നതിനും സഹായകവുമാണ് ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍.

               താഴെപ്പറയുന്ന വിശ്വാസസത്യങ്ങള്‍ പ്രാര്‍ത്ഥനാദ്യോതകങ്ങളായ പ്രതിരൂപങ്ങളിലും സാദൃശ്യങ്ങളിലും കവിതാത്മകമായ വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും തെളിവായി കാണാവുന്നതാണ്.

1             ദൈവമാതാവ് (യോല്‍ദാസ് ആലോഹോ)

2             മദ്ധ്യസ്ഥ

3             കറയില്ലാത്ത മാതാവ് (അമലോത്ഭവ)

4             കൃപനിറഞ്ഞവള്‍

5             നിത്യകന്യക

6             രണ്ടാമത്തെ ഹവ്വാ

7             സ്വര്‍ഗ്ഗാരോപണം

               മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില ഗീതങ്ങളും പ്രാര്‍ത്ഥനകളും താഴെ കൊടുക്കുന്നു:

വിമലേ-കന്യകയേ

ദൈവസുതന്‍ തിരുമാതാവേ

കാരുണ്യം ചെയ്യാന്‍

സുതനോടര്‍ത്ഥിക്കിവര്‍

പേര്‍ക്കായ് (തിങ്കള്‍ സന്ധ്യ)

 

സര്‍വ്വത്തിന്‍ രക്ഷകനാകും മിശിഹാ

തന്നെപ്പെറ്റാള്‍ കന്യകയാം

ദൈവ-ജനനിക്കെന്നേക്കും-

നല്ലോരോര്‍മ്മ (തിങ്കള്‍ സന്ധ്യ)

 

അവള്‍ പ്രാര്‍ത്ഥന നമ്മള്‍ക്കെന്നും

ഹാലേലുയ്യാ തുണയാകട്ടെ

കബറീന്നെന്നെ-സ്ഥികളാര്‍ക്കും

കന്യകദൈവത്തെപ്പെറ്റാള്‍

സന്ദേഹിച്ചീടില്‍

സത്യമതിന്നന്യന്‍ (തിങ്കള്‍ സന്ധ്യ)

 

ചിന്തയതില്‍ സംശയമേറില്‍

യൂ-ദാ-പോല്‍ നരകം പൂകും.

രണ്ടാം സ്വര്‍ഗ്ഗമതാവളുരേ നാഥന്‍ വാണു.

ഭൂവീന്നിരുളിനെ നീക്കാനവളിന്നുദയം ചെയ്താന്‍

ദൈവാത്മജ മാതാവായ് തീര്‍ന്നു-നിര്‍ദ്ധന പുത്രി

                                                                   (തിങ്കള്‍സന്ധ്യ)

 

നിര്‍ദ്ധനഭൂമിക്കേകി ധനമവള്‍-ജീവന്‍ നേടാന്‍

ദൈവാംബികയേ-ധന്യേ കന്യേ

നിന്‍മഹിമാചരിതം ചൊല്ലീടാന്‍

എന്നുടെ വായ്മതിയാവില്ല

ദൈവജനനീ മറിയാമേ, കന്യേ

ക്രോബേന്മാര്‍ പേറും രഥമോ

നിന്നോടുപമിപ്പാന്‍ പോരാ (ചൊവ്വ സന്ധ്യ)

കന്യകമറിയാമേ, നിന്നുടെ

ചരിതമവര്‍ണ്ണ്യമതല്ലോ-

സൃഷ്ടികള്‍ തന്‍

ഉടയവനുടെ മാതാവായ് നീ (ചൊവ്വ സന്ധ്യ)

 

കന്യക വിളിചെയ്വൂ

നിന്‍ ചരിതമുരപ്പാന്‍

വിസ്മീതനായ് ഞാന്‍

ദൈവസുതാ നീ നല്‍കുക വചനം

കൃപയാല്‍ നിറവാക്കെന്നുടെ വീണ

നന്മകള്‍ നിറയുന്ന

നിന്നുടെ മാതാവേ (ചൊവ്വ സന്ധ്യ)

 

വര്‍ണ്ണിപ്പാനായ്

സര്‍വ്വേ-ശാംബേ

രാജാധിരാജന്‍ സവിധേ

യര്‍ത്ഥന ചെയ്യണമടിയാര്‍ക്കായ്

ദൈവാംബിക കന്യാ-

മറിയാമ്മിനായ്

പരിമളധൂപത്താല്‍-

കീര്‍ത്തി ഭവിക്കട്ടെ (ബുധന്‍ സന്ധ്യ)

 

ഭാഗ്യം ശുദ്ധിവെടിപ്പെഴുംമംബേ

കന്മഷമറ്റൊരു

മുത്തേ ഭാഗ്യം നിന്നോടുകൂടെന്നും

ഭാഗ്യം-സകലചരാവാഹകനെപ്പെറ്റം

ബേതേയ-തിഭാഗ്യം (ബുധന്‍ പ്രഭാതം)

 

അനുദിനമഖിലകുലങ്ങളുമങ്ങെക്കോ

തുന്നു വികലഗാനാലാപം

സംയോഗമതെന്യേ ശുദ്ധിയില്‍ ദൈവത്തില്‍

മാതാവായൊരു ധന്യേ,

നിന്നോര്‍മ്മയതിങ്കല്‍

മൃതരായോര്‍ക്കാശ്വാസം

ജീവിപ്പോര്‍ക്കായ്

ശരണവുമുണ്ടായിടുവാനാ-

യര്‍ത്ഥിക്കണമെ. (വ്യാഴം സന്ധ്യ)

നിതിഷ്ടന്‍ പുത്രി

ദൈവജനനീതേഭാഗ്യം, കൃപയാലെ

ദൈവത്തെ ഗര്‍ഭേ

പേറി നിന്നോര്‍മ്മ വാനം ഭൂവിവയില്‍

ഹാലേലുയ്യാ ഹാലേലുയ്യാ താന്‍

ശ്രേഷ്ഠമതാക്കി (വെള്ളി സന്ധ്യ)

 

പ്രസവിച്ചാള്‍ മറിയാം ദൈവത്തെ

എന്നേല്‍ക്കാത്തോന്‍ ശാപാര്‍ഹാന്‍

അവനീശന്‍-ഈശന്നാന്മജനും

എന്നേറ്റരുളാത്തോരെല്ലാം

വേദവിരോധികളാകുന്നു

താതന്‍ മറിയാമിവരില്‍ നി-

ന്നാദിയതില്ലാതിഹകാലെ

വന്നൊരു വന്ദ്യന്‍ സുതനൊന്നെ

ന്നേല്‍ക്കാതുള്ളോന്‍ ശാപാര്‍ഹന്‍

(സ്ലീവാ നമസ്കാരം പ്രഭാതം അല്ലെങ്കില്‍

ബുധന്‍ പ്രഭാതം)

 

മുള്‍മരമെരിയാരിതീതന്‍ നടുവില്‍-

കണ്ടതുപോല്‍

ചിന്മയനാമ്മറിയാമില്‍ വസിച്ചു ശരീരം പൂണ്ടു.

അതിനാല്‍ ഭംഗവുമാക്കന്യാ

വ്രതമുദ്രയ്ക്കനമതെന്യേ

(തിങ്കള്‍ പ്രഭാതം)

 

നിര്‍മ്മലകന്യേ! നിന്‍തിരുജനനം

ആമോസിന്‍ തനയന്‍

ഏശായാനിബിയുദ്ഘോഷിച്ചു

തലമുറ പൂര്‍വ്വികനാം ആമ്മനുവേല

നരനായ്ത്തീര്‍ന്നൊരു ദൈവത്തെ

പ്രസവിച്ചാള്‍

കന്യാവ്രതയാം നീ (ചൊവ്വ സന്ധ്യ)

കന്യകമറിയാമേ മോശമുള്‍ച്ചെടിയാലും

ബന്ധിതമായ കവാടത്താല്‍

ഹസ്ക്കീയേല്‍താനും

ഉപമിച്ചതിനുള്‍ നാഥന്‍ പൂകിയപോലെ

വചനേശന്‍ ജഡമേല്ക്കാനും തിരുവു

ള്ളമായ് നിന്നില്‍ (ചൊവ്വ രാത്രി)

 

വാനവദൂതന്‍

കന്യകതന്നോടായ്

സ്വസ്തി പറഞ്ഞേവം

നിന്നില്‍ വാഴും രാജേശന്‍

കന്യകയായ് നീ പ്രസവിക്കും

സൃഷ്ടികളെ ദ്യോതിപ്പിക്കും

കതിരവനേ പെറ്റൊരു കന്യേ,

മാതാവേ, നീതാന്‍ ഭാഗ്യവതി

ദൈവത്തില്‍ തിരുസുത മാതാവേ

മറിയാമേ, നീ ഭാഗ്യവതി!

വണിഗീശന്‍ വന്നു വസിച്ചവളാം

മഹിമയെഴും പടവേ സ്വസ്തി

അരചാലയമേ വന്‍ ഭാഗ്യം

നിന്‍വ്രതഹാനിഭവിക്കാതെ

വാനവശില്പിയെ നീ പേറി

പുനരപി നിര്‍മ്മല നിയമ്മേ

നിന്‍ സുതനഭിവന്ദ്യന്‍തന്നെ (ബുധന്‍ പ്രഭാതം)

 

ജീവന്‍റെ ഉറവയും രക്ഷയുടെ ഉദ്ഭവസ്ഥാനവും വാഴ്ത്തപ്പെട്ട വയലും സ്വര്‍ഗ്ഗത്തിലേയ്ക്കു കരേറ്റുന്ന ഗോവണിയുമായി നിന്നെ ഞങ്ങള്‍ അറിയുന്നു. (ബുധന്‍, സന്ധ്യയുടെ സെദറാ)

ദാവീദിന്‍റെ പുത്രിയായ പരിശുദ്ധ കന്യകമറിയാമിനെ പൂര്‍വ്വനീതിമാന്മാര്‍ മോഹനീയവും സുന്ദരവുമായ പേരുകള്‍ വിളിച്ചു. പ്രവാസപുത്രനായ ഹസ്ക്കിയേല്‍ അവളെ 'അടയ്ക്കപ്പെട്ട വാതില്‍' എന്നു വിളിച്ചു. ശ്ലേമ്മോന്‍ അവളെ 'സംരക്ഷിത തോട്ടമെന്നും' 'മു ദ്രിത ഉറവയെന്നും', ദാവീദ് അവളെ 'കീര്‍ത്തിപ്പെട്ട പട്ടണമെന്നും' പേര്‍ വിളിച്ചു. മിശിഹാ, അവളില്‍നിന്നും 'വിത്തുകൂടാതെ മുളച്ചചെടിയും' 'ജാതികള്‍ക്കു ഭക്ഷണവുമായി' തീര്‍ന്നവനുമാകുന്നു. അവളുടെ ഓര്‍മ്മ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ശ്രേഷ്ഠമാക്കപ്പെട്ടിരിക്കുന്നു (ബുധന്‍ രാത്രി, ഒന്നാം കൗമ്മാകോല).

ഭൂവാനങ്ങള്‍ വഹിപ്പോനാം ശക്തിയെയേറ്റാള്‍

കന്യക, വിശ്വാസത്താലെ

കേഴുന്നേരം പാപികള്‍ പേര്‍ക്കര്‍ത്ഥിക്കുന്നു.

അവള്‍ പ്രാര്‍ത്ഥന നമ്മള്‍ക്കെന്നും

 

                              ഹാലേലുയ്യാ-തുണയാകട്ടെ (തിങ്കള്‍ പ്രഭാതം)

                              സര്‍വ്വത്തില്‍ രക്ഷകനാകും മ്ശിഹാരാജാ

                              തന്നെപ്പെറ്റാള്‍ കന്യകയാം

                              ദൈവ-ജനതിക്കെന്നേക്കും നല്ലോരോര്‍മ്മ,

                              അവള്‍ പ്രാര്‍ത്ഥന നമ്മള്‍ക്കെന്നും

                              ഹാലേലുയ്യാ-തുണയാകട്ടെ (തിങ്കള്‍ പ്രഭാതം)

                              നാഥാ നിന്‍ സ്തുതിപാടും

                              മറിയാമ്മിന്‍ വായ്ശ്രേഷ്ഠം

                              ഹാലേലുയ്യാ അവള്‍

                              പ്രാര്‍ത്ഥനയഭയം (തിങ്കള്‍ പ്രഭാതം)

 

കൃപയാല്‍ ഞങ്ങളുടെ

കടപത്രം നീക്കി

ശിക്ഷാവിധി പോക്കാന്‍ രണ്ടാം വരവിങ്കല്‍

ധന്യേ മാതാവേ,

നിന്‍ സുതനുടെ പക്കല്‍

മദ്ധ്യസ്ഥത ചെയ്യാന്‍ കേഴുന്നടിയങ്ങള്‍

ഹാലേലുയ്യാ-ഹാലേലുയ്യാ

നിന്‍പ്രാര്‍ത്ഥന ഞങ്ങള്‍ക്കഭയം കോട്ടയുമാം

                                                                           (ചൊവ്വ പ്രഭാതം)

                             

                              വാഴ്ത്തപ്പെട്ടവളായൊരു കന്യേ

                              പ്രാര്‍ത്ഥന-ചെയ്തീടണമേ

                              നാഥന്‍ ഞങ്ങളുടെമേല്‍ കൃപ ചെയ്തീടാന്‍

                              (യാക്കോബിന്‍റെ ബോവൂസാ)

                              മാതാവാം മറിയവും-സ്നാപകയു-ഹാനോനും

               ഇവര്‍ ഞങ്ങള്‍ക്കായര്‍ത്ഥിക്കും നാഥാ കൃപ തോന്നീടണം

(കുര്‍ബാന പരസ്യമായി ആരംഭിക്കുമ്പോഴും ബുധനാഴ്ച പ്രഭാതപ്രാര്‍ത്ഥനയിലും ഉപയോഗിക്കുന്ന എക്ബാ)

ഡോ. ഗീവര്‍ഗീസ് പണിക്കര്‍

Dr. Geevarghese Panicker mariology catholic malayalam marian history mary mary in church history mary in church Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message