We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. George Karukapparampil, Dr.Jacobe Velliyan On 30-Jan-2021
ആരാധനക്രമവത്സരത്തിനു നല്കുന്ന പ്രാധാന്യത്തിന്‍റെ വെളിച്ചത്തില്‍ ആഴ്ചകളുടെ പ്രാധാന്യം എടുത്തുപറയേണ്ട ഒന്നാണ്. ആഴ്ചയിലെ ഏറ്റവും പ്രധാനദിവസം ഞായറാഴ്ചയാണ്. ആദ്യകാലം മുതല്‍ ഇന്നുവരെ അതിനു പ്രാധാന്യം നല്കി ആഘോഷിച്ചുവരുന്നു. രക്ഷകന്‍റെ ഉയിര്‍പ്പിന്‍റെ അനുസ്മരണദിവസമായതുകൊണ്ട് ആ ദിവസം ഉപവാസവും മാംസവര്‍ജ്ജനവും നിയമപരമായി നിരോധിച്ചിരുന്നു. ആഴ്ചയിലെ ഉയിര്‍പ്പായിട്ടാണു വി. അഗസ്തിനോസ് ഞായറാഴ്ചയെ ദര്‍ശിക്കുന്നത്.
ഞായറാഴ്ച കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യം കൊടുത്ത് ആചരിച്ചിരുന്ന ദിവസങ്ങളാണു ബുധനാഴ്ചയും വെള്ളിയാഴ്ചയും (ഡിഡാക്കേ 8, 1). ഈ രണ്ടു ദിവസങ്ങളും ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെടുത്തി ഉപവാസദിനങ്ങളായിട്ടാണ് ആചരിച്ചിരുന്നത് (ഡിഡസ്ക്കാലിയ 2, 1; അദ്ദായിയുടെ സിദ്ധാന്തം 2, 2-4). തുടര്‍ന്ന് ഹെര്‍മസിലെ ഇടയന്‍ എന്ന രേഖയും അലക്സാണ്ട്രിയായിലെ ക്ലെമന്‍റ്, തെര്‍ത്തുല്യന്‍ എന്നീ സഭാപിതാക്കന്മാരും ഇവ പ്രായശ്ചിത്തദിനങ്ങളായും ഉപവാസദിനങ്ങളായും പഠിപ്പിച്ചു. ആദ്യനൂറ്റാണ്ടുകളില്‍ പശ്ചാത്യ പൗരസ്ത്യവ്യത്യാസം കൂടാതെ ഈ ദിവസങ്ങള്‍ ആരാധനക്രമപരമായും ആദ്ധ്യാത്മിക ജീവിതമായി ബന്ധപ്പെടുത്തിയും ആചരണ ദിനങ്ങളായി അനുഷ്ഠിച്ചു പോന്നു. പിന്നീട്, റോമാസഭ അതോടൊപ്പം ശനിയാഴ്ചയും കൂട്ടിച്ചേര്‍ത്തു. ഇതോടെ ഏതാണ്ടു 10-ാം നൂറ്റാണ്ടോടുകൂടി ബുധനാഴ്ചയുടെ പ്രാധാന്യം കുറഞ്ഞുവന്നു. എങ്കിലും, മൂന്നുമാസം കൂടുമ്പോളുണ്ടാകുന്ന നോമ്പുദിവസങ്ങളില്‍ (Ember days ) ബുധനാഴ്ചയ്ക്ക് അര്‍ഹമായ പ്രാധാന്യം പശ്ചാത്യസഭയില്‍ നല്കിയിരുന്നു. എന്നാല്‍ ബുധനാഴ്ചയിലെയും വെള്ളിയാഴ്ചയിലെയും ആരാധനരീതി മറ്റൊരുകാര്യം വ്യക്തമാക്കുന്നു. ആ ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ പൊതുവായിട്ടുള്ളതായിരുന്നു. പ്രാര്‍ത്ഥനകളില്‍ വി. ഗ്രന്ഥവായന നടത്തുകയും പൊതുവെ വ്യാഖ്യാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ആ ദിവസം (ഞായറാഴ്ചകളില്‍നിന്നു വ്യത്യസ്തമായി) കാഴ്ചസമര്‍പ്പണം ഒഴികെ മറ്റെല്ലാം നടത്തിയിരുന്നു എന്നാണ് ഈ ദിവസങ്ങളിലെ പ്രാര്‍ത്ഥന കൂട്ടായ്മയെക്കുറിച്ചു (ആരാധനസമ്മേളനങ്ങള്‍) അലക്സാണ്ട്രിയന്‍ സഭകളിലെ രേഖകള്‍ സൂചിപ്പിക്കുന്നത്. സഭാചരിത്രകാരനായ സൊക്രാട്ടസ്, ഇത്തരത്തിലുള്ള ആരാധനാ കൂട്ടായ്മകളെക്കുറിച്ച് നടത്തിയ പഠനത്തെക്കുറിച്ചു പരാമര്‍ശം നടത്തുന്നുണ്ട് Socrates, Historica Ecclesiastica 5,22(PG 67, 63637)പ. മഹാനായ വി. ലെയോയുടെ കാലത്തും ഇത്തരത്തിലുള്ള രീതികള്‍ നിലനിന്നിരുന്നതായി പറയപ്പെട്ടു വരുന്നു.
കാപ്പദോഷ്യന്‍, ആഫ്രിക്കന്‍, ജറുസലെം സഭകളില്‍ ഈ ദിനങ്ങളില്‍ ബലിയര്‍പ്പണവും നടത്തിയിരുന്നു. 12-ാം നൂറ്റാണ്ടുവരെ പ്രത്യേക വായനകളോടുകൂടി ബുധനാഴ്ചയും വെള്ളിയാഴ്ചയും പശ്ചാത്യസഭയിലും പ്രത്യേകിച്ച്, ഫ്രാന്‍സിലും ബലിയര്‍പ്പണം നടത്തിയിരുന്നു.
"അപ്പസ്തോലന്മാരുടെ പ്രബോധനത്തില്‍" (Teaching of the Apostles) വി. എപ്പിഫാനസ് ( 413) എന്തുകൊണ്ട് ബുധനാഴ്ചയ്ക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നു എന്നു രേഖപ്പെടുത്തുന്നു. "ഒമ്പതാംമണിക്കൂര്‍വരെ ബുധനാഴ്ചയും വെള്ളിയാഴ്ചയും ഉപവസിച്ചിരുന്നു. കാരണം, ബുധനാഴ്ചയാണ് ഈശോയെ ബന്ധനസ്ഥനാക്കിയത്. വെള്ളിയാഴ്ചയാണ് അവിടുത്തെ കുരിശിലേറ്റിയത് St. Epiphanius, De Fide 22, ed. K. Holl (GCS 37) 522. see i bid p. 26പ. പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേം ബുധനാഴ്ചയുടെ പ്രാധാന്യം മറ്റൊരു രീതിയില്‍ ഈശോയുമായി ബന്ധപ്പെടുത്തിയാണു കാണുന്നത്. വിശുദ്ധന്‍റെ കണക്കു കൂട്ടലില്‍ ബുധനാഴ്ചയാണു മംഗലവാര്‍ത്ത നടന്നതും ഈശോ ബത്ലഹേമില്‍ ജനിച്ചതും ഈശോയെ ഒറ്റിക്കൊടുക്കുവാന്‍ യൂദാസ് പ്രധാനപുരോഹിതരുമായി കരാറുണ്ടാക്കിയതും.
സീറോമലബാര്‍സഭയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ ബുധനാഴ്ചയെക്കുറിച്ച് ഉദയംപേരൂര്‍ സൂനഹദോസ് (1599) നടത്തിയ പഠനം ഇവിടെ ശ്രദ്ധേയമാണ്. സൂനഹദോസ് സാര്‍വ്വത്രികസഭയുടെ പതിവനുസരിച്ചു മലബാര്‍ സഭയിലും ശനിയാഴ്ച മാംസം ഭക്ഷിക്കരുത് എന്നു കല്പിച്ചു, എന്നാല്‍ മാതാവിന്‍റെ ബഹുമാനാര്‍ത്ഥം ബുധനാഴ്ച സീറോമലബാര്‍ സഭാതനയര്‍ മാംസവര്‍ജനം നടത്തിയിരുന്നു.
മറിയത്തിന്‍റെ ബഹുമാനത്തിനു സുറിയാനി സഭകള്‍ പ്രത്യേകം നിയോഗിച്ചിരിക്കുന്നതു ബുധനാഴ്ചയാണ്. അന്നത്തെ യാമപ്രാര്‍ത്ഥനയില്‍ ഇതു വളരെ വ്യക്തമാണ്. ഞായറാഴ്ച കര്‍ത്താവിന്‍റെ ദിവസമായും പരിശുദ്ധ കുര്‍ബാന പരികര്‍മ്മം ചെയ്യാനുള്ള ദിവസമായും നിശ്ചയിച്ചു. വെള്ളിയാഴ്ചകള്‍ കര്‍ത്താവിന്‍റെ മരണത്തിരുന്നാളും അതോടൊപ്പം രക്തസാക്ഷികളുടെ അനുസ്മരണവും അനുഷ്ഠിച്ചു പോന്നു. ഇടദിവസങ്ങളില്‍ മറ്റൊന്നു മതാത്മകമാക്കി മാറ്റിയതു ബുധനാഴ്ചയായിരുന്നു. "നിങ്ങള്‍ മറ്റുള്ളവരെപ്പോലെ (യഹൂദര്‍) തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉപവസിക്കരുത്"; മറിച്ച് നിങ്ങള്‍ ബുധനാഴ്ചയും വെള്ളിയാഴ്ചയും ഉപവസിക്കുക (ഡിഡാക്കേ 8, 1).
മറിയത്തെ മംഗലവാര്‍ത്ത അറിയിച്ചതും ഈശോ ജനിച്ചതും ബുധനാഴ്ചയായിരുന്നുവെന്നും ഒരു പാരമ്പര്യമുണ്ടായിരുന്നു (ദാനിയേല്‍ പ്രവാചകനെപ്പറ്റി ഹിപ്പോളിറ്റസിന്‍റെ വ്യാഖ്യാനം). സൂര്യന്‍ ദക്ഷിണായന രേഖ കടക്കുന്ന ഏപ്രില്‍ 25 നാണു മംഗലവാര്‍ത്ത. ദൈവം ആകാശത്തിലെ രണ്ടു ഗോളങ്ങളെ, സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചത് ബുധനാഴ്ചയാണ്. അതുകൊണ്ടു സൃഷ്ടിയുടെ പൗര്‍ണ്ണമിയുടെ വാര്‍ഷികമായ ബുധനാഴ്ചതന്നെ വേണം പെസഹാ ആഘോഷിക്കേണ്ടത്. അക്കാരണത്താല്‍ ബുധനാഴ്ച ഒരു പ്രധാന ദിവസമാണ്. ഇത് ആഘോഷിക്കാനുള്ള ദിവസമാണ്. മറിയത്തോടുള്ള ഭക്തി വര്‍ദ്ധിച്ചുവന്നപ്പോള്‍ അതു സ്പഷ്ടമായി ആചരിക്കാന്‍ സ്വാഭാവികമായി ബുധനാഴ്ച തെരഞ്ഞെടുത്തതാകാം.
ബുധനാഴ്ച യാമപ്രാര്‍ത്ഥന: സീറോമലബാര്‍ റീത്തില്‍
വിശുദ്ധഗ്രന്ഥത്തിലും പാരമ്പര്യത്തിലും പടുത്തുയര്‍ത്തിയ ആദ്ധ്യാത്മിക കളരിയാണു യാമപ്രാര്‍ത്ഥന. ശിരസ്സായ ക്രിസ്തുവിനോടു ചേര്‍ന്നു മൗതികശരീരമായ സഭ, പരിശുദ്ധാരൂപിയുടെ ഐക്യത്തില്‍ പിതാവിനര്‍പ്പിക്കുന്ന അതിശ്രേഷ്ഠമായ പ്രാര്‍ത്ഥനയെന്നാണു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യാമപ്രാര്‍ത്ഥനയെ വിശേഷിപ്പിക്കുന്നത്. സഭ യാമപ്രാര്‍ത്ഥനകള്‍വഴി ദൈവസ്തുതികള്‍ ആലപിച്ചു ദിനരാത്രങ്ങള്‍ വിശുദ്ധീകരിക്കുകയും മിശിഹാ രഹസ്യത്തിന്‍റെ ആഴങ്ങളിലേക്കു കടന്നു ദൈവാനുഭവം സ്വന്തമാക്കുകയും ചെയ്യുന്നു. മിശിഹാരഹസ്യത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പൗരസ്ത്യസുറിയാനി ആരാധനാവത്സരത്തില്‍ വിവിധകാലങ്ങളുടെ ചൈതന്യം യാമപ്രാര്‍ത്ഥനയിലൂടെ പ്രകടമാകുന്നു.
മിശിഹാരഹസ്യത്തില്‍ മറിയത്തിനുള്ള സ്ഥാനം വ്യക്തമാക്കിക്കൊണ്ട്, ആദിമനൂറ്റാണ്ടു മുതല്‍ പൗരസ്ത്യസുറിയാനി ആരാധനവത്സരത്തിലെ ബുധനാഴ്ചദിവസങ്ങളില്‍ മറിയത്തിന്‍റെ ഓര്‍മ്മ ആചരിക്കാന്‍ കടപ്പെടുത്തിയിരുന്നു. രക്ഷാകരചരിത്രത്തിന്‍റെ ആരംഭം മുതല്‍ മറിയത്തെ കണ്ടുമുട്ടുന്ന സഭാപിതാക്കന്മാരുടെ, പ്രത്യേകിച്ച് സുറിയാനിസഭാപിതാവായ വി. എഫ്രേമിന്‍റെ ചിന്താധാരകളാണു ബുധനാഴ്ച യാമപ്രാര്‍ത്ഥനകളില്‍ നിറഞ്ഞു നില്ക്കുന്നത്. പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള വിവിധ പ്രതീകങ്ങളിലൂടെ മറിയത്തിനു മിശിഹാ രഹസ്യത്തിലും സഭാ രഹസ്യത്തിലുമുള്ള പങ്കാളിത്തം ബുധനാഴ്ച യാമപ്രാര്‍ത്ഥനകള്‍ അനാവരണം ചെയ്യുന്നു.
മറിയം: പഴയനിയമ പ്രതീകങ്ങളില്‍
പഴയനിയമത്തില്‍ രക്ഷകനായ മിശിഹായെ പ്രതിപാദിക്കുന്നിടത്തെല്ലാം തന്നെ രക്ഷകന്‍റെ അമ്മയെയും പരാമര്‍ശിക്കുന്നുണ്ട്. യാമപ്രാര്‍ത്ഥനയില്‍ മറിയത്തെ പഴയനിയമ പ്രതീകങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത് ഇത്തരത്തിലാണ്.
1. മറിയം: രണ്ടാംഹവ്വാ
ബുധനാഴ്ച യാമപ്രാര്‍ത്ഥനകളില്‍ മറിയത്തിനു രണ്ടാമത്തെ ഹവ്വാ, പുതിയ ഹവ്വാ എന്നീ പേരുകള്‍ നല്‍കി പ്രകീര്‍ത്തിക്കുന്നു. ആദിമാതാവായ ഹവ്വാ മൂലമുണ്ടായ ശാപം നീക്കി മനുഷ്യവര്‍ഗ്ഗത്തിനു പ്രത്യാശയുടെയും രക്ഷയുടെയുംവഴി തുറന്നുകൊടുത്ത രണ്ടാമത്തെ ഹവ്വായാണു മറിയം (ശ്ലീഹ-കാറോസൂസ, പള്ളിക്കൂദാശ-തേശ്ബോഹ്ത്ത) "ഹവ്വാ സര്‍പ്പം ഉച്ചരിച്ച ചതിയുടെ പാഴ്മൊഴിക്കു ചെവികൊടുത്തു. എന്നാല്‍ മറിയം ദൈവദൂതന്‍റെ രക്ഷാവചനത്തിനു ചെവികൊടുത്തു". (കൈത്ത-ഒനീസാ ദ്-മൗത്വ). "ഹവ്വ കയ്പു നിറഞ്ഞ മരണത്തിന്‍റെ ഫലം മാനവര്‍ക്കു നല്കിയപ്പോള്‍ മറിയം മധുരമുള്ള ജീവന്‍റെ ഫലം മാനവ മക്കള്‍ക്കു നല്കി" (കൈത്ത, ഓനീസാ ദ്ക്കദം). "ആദ്യ പറുദീസാ നഷ്ടപ്പെടുവാന്‍ ഹവ്വാ കാരണമായി. എന്നാല്‍ മറിയം മരണത്തിന്‍റെ ശാപത്തില്‍നിന്നും മാനവകുലത്തെ രക്ഷിച്ചു" (നോമ്പ്, ഒനീസാ ദ്ക്കദം). "ഹവ്വാ മാനവകുലത്തെ മുഴുവനും പാപത്തിന്‍റെ ചെളിക്കുണ്ടിലേയ്ക്കു വലിച്ചെറിഞ്ഞപ്പോള്‍ മറിയം മനുഷ്യവര്‍ഗ്ഗത്തെ രക്ഷയിലേയ്ക്കു കൈപിടിച്ചുയര്‍ത്തി" (ഏലിയ, ഒനീസാ ദ് മൗത്വാ) "ഹവ്വാ വഴി അടച്ചിട്ട ജീവന്‍റെ കവാടം മറിയം വഴി നരനു തുറന്നു കിട്ടി" (ഉയിര്‍പ്പ്, ഒനിസാ ദ് ക്കദം). ഇങ്ങനെ ഹവ്വാ ഈ ലോകത്തില്‍ മരണത്തിന്‍റെ മാതാവായി, മറിയമാകട്ടെ ജീവന്‍റെ മാതാവായിത്തീര്‍ന്നു.
ഹാവായൊരുനാള്‍ ലോകത്തില്‍
മൃതിയും രോഗവുമുളവാക്കി
ഭീതിവളര്‍ത്തും മരണത്തില്‍
മാതാവായവള്‍ തീര്‍ന്നെങ്കില്‍
മറിയത്തിന്‍ പ്രിയ സുതനോതന്‍
മര്‍ത്യസ്വഭാവം വഴി നൂനം
സഹനം ചുമലിലെടുത്തിളയില്‍
മനുജനു നല്‍കീ നവജീവന്‍
(ഉയിര്‍പ്പ്, ഓനീസാ ദ് റംശ)
മാര്‍ അപ്രേം മിശിഹായുടെ ജനനത്തെ ധ്യാനിച്ചു പാടുന്ന കീര്‍ത്തന (Nativity Hymns1, 29) ഭാഗമാണു മുകളില്‍ കൊടുത്തിരിക്കുന്നത്. രക്ഷാകര സംഭവത്തില്‍ മറിയത്തിന്‍റെ സ്ഥാനം വ്യക്തമാക്കുവാന്‍ വിശ്വാസികളുടെ ചിന്തകള്‍ രക്ഷാകരചരിത്രത്തിന്‍റെ ആരംഭത്തിലേയ്ക്കു നയിക്കുകയാണ്. അവിടെ ആദ്യത്തെ ഹവായില്‍ രണ്ടാമത്തെ ഹവ്വായായ മറിയത്തെ കണ്ടുമുട്ടുന്നു. മാര്‍ അപ്രേമിന്‍റെ കീര്‍ത്തനങ്ങള്‍ ഏറ്റുപാടി യാമപ്രാര്‍ത്ഥനകള്‍ മറിയത്തെ പുകഴ്ത്തുന്നു.
2.മറിയം: എരിയാത്ത മുള്‍പ്പടര്‍പ്പ്
ഹൊറീബ് മലയില്‍ കത്തിജ്വലിക്കുന്ന അഗ്നിയില്‍ ദഹിക്കാതെ നിലകൊണ്ട മുള്‍പ്പടര്‍പ്പായിട്ടു (പുറ 3, 2) മറിയത്തെ ചിത്രീകരിച്ചിരിക്കുന്നു.
"കര്‍ത്താവിന്‍ ഗിരിശൃംഗത്തില്‍
അഗ്നിജ്വാലകള്‍ തന്‍ നടുവില്‍
കത്തിയെരിഞ്ഞു ദഹിക്കാതെ
നിലകൊണ്ടൊരുമുള്‍പ്പടലം നീ"
(ശ്ലീഹാക്കാലം-ഓനീസാ ദ് മൗത്വാ)
കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പില്‍നിന്നും ഇസ്രായേലിന്‍റെ വിമോചകനാകാനുള്ള ദൈവത്തിന്‍റെ വിളി ശ്രവിച്ച മോശയ്ക്ക് മുള്‍പ്പടര്‍പ്പു സമീപിക്കാന്‍പോലും സാധിച്ചില്ല (പുറ 3, 4-5). എന്നാല്‍ രക്ഷകന്‍റെ അമ്മയാകാനുള്ള വിളിക്കു പ്രത്യുത്തരം നല്‍കിയ മറിയത്തില്‍ പരിശുദ്ധാത്മാവായ അത്യുന്നതന്‍റെ ശക്തി ഇറങ്ങി വസിച്ചിട്ടും (ലൂക്കാ 1, 35) അവള്‍ എരിയുകയോ ദഹിക്കുകയോ ചെയ്തില്ല.
"കന്യകയില്‍ വിരവോടഗ്നിജ്വലിക്കുകിലും
ഇല്ലദഹിച്ചില്ല-ജ്വാലയിലവള്‍തെല്ലും"
(മംഗള, ഓനീസാ ദ് വാസര്‍)
"പാവകനവളിലെരിഞ്ഞിട്ടും
ഇല്ലദഹിച്ചില്ലവളൊട്ടും"
(ദനഹ, ഒനിദസാ ദ് സപ്ര)
ജ്വലിക്കുന്ന അഗ്നിയിലും ദഹിക്കാത്ത മുള്‍പ്പടര്‍പ്പായി മറിയത്തെ കണ്ടു മാര്‍ അപ്രേം പാടുന്ന കീര്‍ത്തനത്തില്‍ (Epiphany Hymns 4, 3) മറിയത്തിന്‍റെ പരിശുദ്ധി വെളിവാക്കുന്നു. പച്ചകെടാതെ നില്‍ക്കുന്ന, ഹാനി സംഭവിക്കാത്ത, മറിയത്തിന്‍റെ കന്യാത്വപരിശുദ്ധി ഈ രൂപകത്തിന്‍റെ വെളിച്ചത്തില്‍ ഏറ്റുപറഞ്ഞു സദാ മറിയത്തെ പ്രകീര്‍ത്തിക്കുന്നു.
3.മറിയം: വെണ്‍മേഘം
ഇസ്രായേല്‍ ജനത്തിനു മരുഭൂമിയില്‍ ദൈവസാന്നിധ്യത്തിന്‍റെ പ്രതീകമായിരുന്ന വെണ്‍മേഘത്തോടു (പുറ 40,37) മറിയത്തെ ഉപമിക്കുന്നു. ഇസ്രായേലിനു തണല്‍ നല്‍കി അവരോടൊത്തുവസിച്ച വെണ്‍മേഘം പോലെ മറിയം തിരുസഭയില്‍ ദൈവജനത്തിനു തണലായി വര്‍ത്തിക്കുന്നുവെന്നു മാര്‍ അപ്രേം ഉള്‍ക്കണ്ണാല്‍ കാണുന്നു (Hymns on Faith 81,4):
"മധുരം നിറയും മലരിനുതുല്യം
തിരുവുദരത്തില്‍ നാഥനുമോദാല്‍
വാസം നല്‍കിയ മറിയംപാരില്‍
സഭയുടെ ശോഭന പ്രതിരൂപം താന്‍
ഇസ്രായേലിനു വെണ്‍മേഘത്തില്‍
ദൈവത്തിന്‍ തിരുസാന്നിധ്യംപോല്‍"
(പള്ളിക്കൂദാശ, ഓനീസാ ദ് വാസര്‍; നോമ്പു, ഓനീസാ ദ്സപ്ര)
നീതിസൂര്യനായ മിശിഹായെ വഹിക്കുന്ന വെണ്‍മേഘമായും മറിയത്തെ പ്രകീര്‍ത്തിക്കുന്നു. "വെണ്‍മേഘത്തിന്‍റെ ഉള്ളറയില്‍ സൂര്യന്‍ ഒതുങ്ങി വസിക്കുന്നതുപോലെ കന്യകയുടെ ഉദരത്തില്‍ സര്‍വ്വേശ്വരന്‍ വസിച്ചു" (ശ്ലീഹ, ഒനീസാ ദ് വാസര്‍) പാപാന്ധകാരം നിറഞ്ഞ ലോകത്തിനുപ്രത്യാശയുടെ കിരണമായി പ്രകാശിക്കുന്ന ഉദയസൂര്യനായ മിശിഹാ (ലൂക്ക 1, 78-79)യുടെ മാതാവിനെ ശ്ലീഹാക്കാലത്തു സഭ പ്രകീര്‍ത്തിക്കുന്നത് (ശ്ലീഹാകാലം, ഓനീസാ ദ്റാസെ) ഇത്തരത്തിലുള്ള ഉപമകളിലൂടെയാണ്.
4.മറിയം: മോഹനമായ മണിദീപം
ദൈവം നിശ്ചയിച്ച രീതിയില്‍ ഉണ്ടാക്കിയ ഏഴുതിരിയുള്ള മണിദീപത്തോടു (പുറ 25, 31-40) മറിയത്തെ ഉപമിക്കുന്നു. ഏഴുതിരികള്‍ ഒരുമിച്ചു കത്തിക്കാവുന്ന വിളക്ക് ഇസ്രായേലിന്‍റെ തനിമ സൂചിപ്പിക്കുന്നു. ലോകത്തിന്‍റെ പ്രകാശമായ മിശിഹായെ സംവഹിച്ച മറിയത്തെ മനോഹരമായ മണിദീപമായിക്കണ്ടു പ്രകീര്‍ത്തിക്കുന്നു (ദനഹ, ഒനിസാദ്ക്കദം). ശ്ലീഹാക്കാലത്തെ ലെലിയായില്‍, ദിവ്യതേജസ്സായ മിശിഹായെ ഉദരത്തില്‍ വഹിച്ച മറിയം ഭാഗ്യം നിറഞ്ഞവളായതുകൊണ്ട് അവളുടെ പ്രാര്‍ത്ഥനകള്‍ യാചിക്കുന്നു (ശ്ലീഹാ ഒനിസാ, ദ്മൗത്വ, തേശ്ബോഹ്ത്ത).
5.മറിയം: വാഗ്ദാനപേടകം, ദൈവാലയം
ദൈവകല്പനകള്‍ പൊതിയുന്ന വാഗ്ദാന പേടകവും അതു സ്ഥാപിച്ചിരുന്ന ദൈവാലയവും ഇസ്രായേല്‍ ജനത്തിനു ദൈവസാന്നിധ്യത്തിന്‍റെ പ്രതീകമായിരുന്നു (പുറ 25, 22). ദൈവമനുഷ്യസംഗമത്തിന്‍റെ വേദിയും ദൈവാനുഗ്രഹത്തിന്‍റെ സങ്കേതവുമായിരുന്നു മറിയം. ദൈവവചനം ഉദരത്തില്‍ വഹിച്ച മറിയത്തെ ദൈവകല്പനകള്‍ സൂക്ഷിച്ചിരുന്ന വാഗ്ദാനപേടകത്തോട് ഉപമിച്ചുകൊണ്ടു യാമപ്രാര്‍ത്ഥനയില്‍ പ്രകീര്‍ത്തിക്കുന്നു:
ഈശന്‍ സദയം നല്കിയ ഫലകം
പെട്ടകമൊന്നിലടയ്ക്കുകിലും
മഹിയില്‍ നൂനമതില്‍നിന്നും
മഹിമാകാന്തിപരന്നെങ്ങും
ഈ ദൃശ്യമെന്നും വിനയത്തില്‍
മറയില്‍ മറിയം കഴിയുകിലും
അവള്‍ വഴി ധരയില്‍ സുവിശേഷം
സുവിദിതമാക്കിയ കര്‍ത്താവിന്‍
കൃപയെ വാഴ്ത്തുന്നേന്‍
(മംഗളവാര്‍ത്ത, ഓനീസാ ദ് മൗത്വ)
സീറോമലബാര്‍ സഭയിലെ പള്ളിക്കൂദാശാക്കാലത്തെ സായാഹ്നപ്രാര്‍ത്ഥനയില്‍, സൃഷ്ടികളുടെ നാഥനായ ദൈവപുത്രനെ ഉദരത്തില്‍ സംവഹിച്ച മറിയത്തെ ദൈവത്തിന്‍റെ ആലയമായി-ദൈവാലയമായി പുകഴ്ത്തുന്നു.
"അഖിലാണ്ഡത്തെ നയിച്ചീടും
നാഥനു വാസം നല്‍കുകയാല്‍
അവളൊരുദൈവാലയമാണെ
ന്നറിവൂനാമിന്നകതാരില്‍"
(പള്ളിക്കൂദാശ, ഓനീസാ ദ്റംശ)
പഴയനിയമവും പുതിയനിയമവും മറിയമാകുന്ന ദൈവാലയത്തില്‍ സംയോജിക്കുന്നു. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് ദൈവാലയത്തിലേയ്ക്കു പ്രവേശിച്ച കവാടമായും മറിയത്തെ ഉപമിക്കുന്നു.
"വാതിലിതിങ്ങനെ നിലനില്ക്കും
ഇസ്രായേലിന്‍ കര്‍ത്താവീ
വാതിലിലൂടവിടെത്തീടും
നിവ്യകണ്ടോരീവാതില്‍
മറിയത്തിന്‍ പ്രതിരൂപം താന്‍"
(ശ്ലീഹാക്കാലം, ഓനീസാ ദ്സപ്രാ)
കന്യാത്വകവാടഭേദനമില്ലാതെ ദൈവത്തെ ഉള്‍ക്കൊണ്ടവളായി മറിയത്തെ എസക്കിയേല്‍ പ്രവാചകന്‍ ദര്‍ശിച്ചു "ഈ കവാടം എപ്പോഴും അടച്ചിരിക്കും. അതു തുറക്കപ്പെടുകയില്ല. എന്തെന്നാല്‍, ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു" (എസക്കിയേല്‍ 44, 2). ശ്ലീഹാക്കാലത്തെ പ്രഭാതപ്രാര്‍ത്ഥനയില്‍ മറിയത്തെ പ്രവാചകന്‍റെ കണ്ണുകളിലൂടെ ദര്‍ശിച്ചു പ്രകീര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.
ദര്‍ശനവേളയിലൊരുവാതില്‍
ഭദ്രമടഞ്ഞുകിടന്നപ്പോള്‍
നിവ്യാകേട്ടിദമാത്മാവില്‍
"വാതിലിതിങ്ങനെ നിലനില്ക്കും;
ഇസ്രായേലിന്‍ കര്‍ത്താവീ
വാതിലിലൂടിവിടെത്തീടും".
നിവ്യാകേട്ടോരീവാതില്‍
മറിയത്തിന്‍ പ്രതിരൂപം താന്‍
(ശ്ലീഹാക്കാലം, ഓനീസാ ദ്സപ്ര)
മറിയത്തിന്‍റെ നിത്യകന്യാത്വം പ്രകീര്‍ത്തിക്കുവാന്‍, മറിയത്തെ അഹറോന്‍റെ പുഷ്പിച്ച വടിയായും യാമപ്രാര്‍ത്ഥനയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മണ്ണും ജലവും കൂടാതെ അഹറോന്‍റെ വടി തളിര്‍ത്തു ഫലം ചൂടിയതുപോലെ (സംഖ്യ 17, 8) ജഡസംവേശം കൂടാതെ പരിശുദ്ധാത്മശക്തിയാല്‍ മറിയം കന്യാത്വത്തിന്‍റെ മുടിചൂടി (മംഗളവാര്‍ത്ത, ഓനീസാ ദ്മൗത്വ). നിത്യം നിര്‍മ്മലയായ കന്യകയെ, നന്മ തളിര്‍ത്തു നില്ക്കുന്ന പൂവനമായും (ശ്ലീഹാക്കാലം, ഓനീസാ ദ്മൗത്വ) ഉദ്യാനമായും (കൈത്ത, ഒനിസാ ദ്മൗത്വ) കണ്ടു സഭ പ്രകീര്‍ത്തിക്കുകയും വണങ്ങുകയും ചെയ്യുന്നു.
ഈശോയുടെ അമ്മയായ മറിയത്തെ പുതിയ നിയമത്തില്‍, വിശിഷ്യ സുവിശേഷങ്ങളിലും അപ്പസ്തോലപ്രവര്‍ത്തനങ്ങളിലും വെളിപാട് ഗ്രന്ഥത്തിലും പരാമര്‍ശിക്കുന്നു. സ്രഷ്ടാവിന്‍റെ സൃഷ്ടി ഉദരത്തില്‍ സംവഹിക്കുന്ന അദ്ഭുതാവാഹവും നിഗൂഢവുമായ ദിവ്യരഹസ്യം; ഈ ദിവ്യരഹസ്യം ധ്യാനിച്ചു കൊണ്ടു ബുധനാഴ്ച യാമപ്രാര്‍ത്ഥനകള്‍ മറിയത്തെ പുകഴ്ത്തുന്നു. മിശിഹായുടെ മാതാവ് (നോമ്പ്, ഒനീസ ദ്വാസര്‍, ഏലിയ്, ഒനീസ ദ്സപ്ര) രക്ഷകന്‍റെ മാതാവ് (മംഗള-കാറോസൂസ), സര്‍വ്വേശ്വരന്‍റെ മാതാവ് (മംഗള, ഒനീസ ദ്മൗത്വ, ഒനീസ ദ് സപ്ര; നോമ്പ്-തേശ് ബോഹ്ത്ത, ശ്ലീഹാ-ഒനീസ ദ് വാസര്‍) സ്രഷ്ടാവിന്‍റെ മാതാവ് (മംഗള, തേശ ബോഹ് ത്ത, ശ്ലീഹാ-ഒനീസ ദ് വാസര്‍) സ്വര്‍ഗ്ഗത്തിന്‍റെ രാജ്ഞി (ദനഹാ, ഒനീസ ദ് റംശ) തുടങ്ങി മാതൃത്വത്തിന്‍റെ മഹനീയപദവികള്‍ സുവ്യക്തമാക്കുന്ന പേരുകള്‍ നല്‍കി മറിയത്തെ യാമപ്രാര്‍ത്ഥനയില്‍ പുകഴ്ത്തുന്നു. ഏതു പേരുവിളിച്ചു മറിയത്തെ പ്രകീര്‍ത്തിക്കും എന്ന അദ്ഭുതചിന്തയും ദനഹാക്കാലത്തെ പ്രഭാതപ്രാര്‍ത്ഥനയില്‍ മുഴങ്ങിനില്ക്കുന്നു.
"ഏതൊരു നാമം, നാഥാ, ഞാന്‍
നല്‍കും നിന്‍ ജനനിക്കീമന്നില്‍"
(ദനഹ, ഒനിസാ ദ്സപ്ര), (ചമശ്ശേ്യേ ഒ്യാിെ കക,1)
6.മറിയം: കൃപയുടെ നിറകുടം
മംഗളവാര്‍ത്തയില്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത് "ദൈവകൃപ നിറഞ്ഞവള്‍" എന്ന പ്രശംസാവാക്കുപയോഗിച്ചു (ലൂക്ക 1, 28) കൊണ്ടാണ്. മറിയത്തെ ഏറ്റവും കൂടുതല്‍ പ്രകീര്‍ത്തിക്കുന്ന മംഗളവാര്‍ത്താക്കാലത്തെ ബുധനാഴ്ച (ലെലിയ-തേശ് ബോഹ്ത്ത) ഏഴു വിശേഷണങ്ങള്‍ നല്‍കി മറിയത്തെ കൃപയുടെ നിറകുടമായി ആവര്‍ത്തിച്ചു പ്രകീര്‍ത്തിക്കുന്നു. സര്‍വ്വേശ്വരന്‍റെ മാതാവ്, രക്ഷകന്‍റെ അമ്മ, നിത്യവചനത്തിന്‍റെ വസതി, മനുഷ്യന്‍റെ പ്രത്യാശയുടെ മാതാവ്, ദിവ്യസൂര്യന് ഉദയം നല്‍കിയവള്‍, പ്രവാചകവചനങ്ങള്‍ ചെന്നു നിലച്ച തുറമുഖം, വിണ്‍ മഞ്ഞുതുള്ളി ഉറഞ്ഞുരുവായ നീരുറവ-എന്നീ വിശേഷണങ്ങളാല്‍ സഭ മറിയത്തെ ബഹുമാനിക്കുകയും അവളില്‍ അദ്ഭുതം കാണുകയും ചെയ്യുന്നു.
"നാരീമണി നീ ലോകത്തില്‍
പാരമൊരത്ഭുതമാണെന്നും
നിഖിലേശന്‍ തന്‍ മാതാവേ,
സ്വസ്തി-കൃപയുടെ നിറകുടമേ"
(മംഗള, തേശ്ബോഹ്ത്ത)
ദൈവം മറിയത്തിനു നല്‍കിയ കൃപയെ ഭൂവാസികള്‍ ഒന്നുചേര്‍ന്നു വാഴ്ത്തി പുകഴ്ത്തുന്നു. ശ്ലീഹാക്കാലത്തെ സായാഹ്നപ്രാര്‍ത്ഥനയില്‍, കൃപയുടെ നിറകുടമായ മറിയത്തിന്‍റെ മഹിമ പ്രകീര്‍ത്തിക്കുവാന്‍ സഭ അശക്തയാണെന്ന് ഏറ്റുപറയുന്നു (ശ്ലീഹാ, ഓനീസാദ്ക്കദം).
7.മറിയം: കര്‍ത്താവിന്‍റെ അമ്മ
മറിയത്തിന്‍റെ വരവില്‍ ഏലീശ്ബായുടെ അദ്ഭുതം ഇങ്ങനെ ആയിരുന്നു: "എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്കെവിടെനിന്ന്?" (ലൂക്ക 1, 43). മറിയത്തിന്‍റെ സാന്നിധ്യം ഇളയമ്മയായ എലിസബത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ആത്മാവില്‍ പ്രചോദിതയായി അവള്‍ അദ്ഭുതസ്തബ്ധയായി. മറിയത്തെ ആദ്യമായി കര്‍ത്താവിന്‍റെ അമ്മ" എന്നു വിളിച്ച് അവള്‍ ഉദ്ഘോഷിച്ചു. മറിയത്തിന്‍റെ ഓര്‍മ്മ സഭയില്‍ ആനന്ദത്തിന്‍റെയും അദ്ഭുതത്തിന്‍റെയും അലകളുയര്‍ത്തി പാടുന്നു.
"കര്‍ത്താവേ, നിന്‍മാതാവെന്നും
ഞങ്ങളിലദ്ഭുതമുളവാക്കീടുന്നു
അവളിലനാദ്യന്‍നീകുടികൊണ്ടു"
(എഫ്രേം, ചമശ്ശേ്യേ ഒ്യാിെ 11, 6)
"മഹിയില്‍ ദാസപദംകൈകൊണ്ടു
നിഖിലം പോറ്റിവളര്‍ത്തും നിന്നെ
മന്നില്‍ പോറ്റിയതവളാണല്ലോ"
(ദനഹാ, ഒനിസാദ്വാസര്‍)
മിശിഹായുടെ ജനനത്തെ ധ്യാനിച്ചു കൊണ്ടു മാര്‍ അപ്രേം എഴുതിയ ഈ കീര്‍ത്തനത്തില്‍ നിത്യകന്യത്വത്തെയും കന്യകയില്‍നിന്നുള്ള മനുഷ്യാവതാരത്തെയും വ്യക്തമാക്കുന്നു. ഭൂസ്വര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചവന്‍ ഒരു കന്യകയില്‍നിന്നും ജനിച്ചു (നോമ്പ്-തേശ്ബോഹ്ത്ത). ഭൂസ്വര്‍ഗ്ഗങ്ങള്‍ നിറഞ്ഞുനില്ക്കുന്നവന്‍ ഒരു കന്യകാസുതനായി (ശ്ലീഹ, ഒനീസാ ദ് വാസര്‍). മറിയം നിത്യവും ഒരദ്ഭുതമായി ലോകത്തില്‍ നിലകൊള്ളുന്നു (മംഗള, ഒനീസാ ദ് മൗത്വ).
8.മറിയം: സഭയുടെ മാതൃകയും പ്രതിരൂപവും
രക്ഷകന്‍റെ അമ്മയായി ദൈവം തെരഞ്ഞെടുത്ത മറിയം രക്ഷിക്കപ്പെട്ടവരില്‍ പ്രഥമസ്ഥാനീയയാണ്. മിശിഹായുടെ മനുഷ്യാവതാരരഹസ്യത്തില്‍ സഹകാരിണിയായ മറിയം സഭയുടെ മാതൃകയാണ് (മംഗള-കാറോസൂസ). ജീവദായകവചനത്തിന് ഉദരത്തില്‍ വാസം നല്‍കിയ മറിയം സഭയുടെ പ്രതിരൂപമാണ് (പള്ളിക്കൂദാശ, ഓനീസാ ദ് വാസര്‍). പള്ളിക്കൂദാശക്കാലത്തിലെ ബുധനാഴ്ച യാമപ്രാര്‍ത്ഥനകള്‍ സഭയെയും മറിയത്തെയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെടുത്തി, മറിയത്തെ സഭയുടെ പ്രതിരൂപമായി പ്രകീര്‍ത്തിക്കുന്നു.
"മധുരം നിറയും മലരിനുതുല്യം
തിരുവുദരത്തില്‍ നാഥനുമോദാല്‍
വാസം നിന്നില്‍ മറിയം പാരില്‍
സഭയുടെ ശോഭന പ്രതിരൂപം താന്‍"
(പള്ളിക്കൂദാശ, ഒനിസാ ദ്വാസര്‍)
"ദൈവം നിന്നില്‍ വസിച്ചതുപോല്‍
സഭയിലുമന്‍പോടുവാഴുകയാല്‍
കന്യാംബിക നീ തിരുസഭയില്‍
മോഹനമായൊരു പ്രതിരൂപം"
(പള്ളിക്കൂദാശ, ഒനിസാ ദ്മൗത്വ)
നിശാപ്രാര്‍ത്ഥനയില്‍ (പള്ളിക്കൂദാശ, തേശ്ബോഹ്ത്ത) മറിയത്തെ വിശുദ്ധരുടെ പട്ടണമായും ദൈവകുമാരന്‍റെ പാര്‍പ്പിടമായും ഭൂമിയിലെ സ്വര്‍ഗ്ഗമായും മിശിഹാരാജന്‍റെ ഭൂമിയിലെ സിംഹാസനമായും പ്രകീര്‍ത്തിക്കുന്നു. ഈ ലോകമാകുന്ന സാഗരത്തില്‍ യാത്ര ചെയ്യുന്ന സഭയാകുന്ന കപ്പലിന് അഭയം നല്‍കുന്ന തുറമുഖമാണു മറിയം (ദനഹ, ഒനിസാ ദ്സപ്ര).
സഭ കൈവരിക്കാനിരിക്കുന്ന ഭാവിമഹത്വം മറിയത്തിന്‍റെ ജീവിതത്തില്‍ സഭ ദര്‍ശിക്കുകയാണ്. ദനഹാക്കാലത്തെ സായാഹ്നപ്രാര്‍ത്ഥനയില്‍ സഭയുടെ ഈ പ്രത്യാശ പ്രകടമാകുന്നുണ്ട്.
"സ്വയമീധരയില്‍ സുതനേകാന്‍
സിംഹാസനമായ്തീര്‍ന്നൊരാ
മറിയത്തെ സകലേശസുതന്‍
സ്വര്‍ഗ്ഗകിരീടം ചൂടിച്ചു".
(ദനഹാ, ഒനിസാ ദ്റംശ)
രക്ഷകന്‍റെ ജനനത്തെക്കുറിച്ചുപാടുന്ന കീര്‍ത്തനത്തില്‍ (Nativity Hymns 2, 5) മാര്‍ അപ്രേം മറിയത്തിന്‍റെ സ്വര്‍ഗ്ഗപ്രവേശവും രാജ്ഞീപദവും ധ്യാനിച്ചുകൊണ്ടു പാടുന്നു. മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണവും കിരീടധാരണവും സഭയുടെ പാരമ്പര്യത്തിലും ആദ്യകാലം മുതലുള്ള ആരാധനക്രമത്തിലും ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ് ഈ കീര്‍ത്തനം.
9.മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം സഭയില്‍
മിശിഹായുടെ രക്ഷാകരരഹസ്യത്തില്‍ സജീവമായി പങ്കെടുത്ത മറിയം മൗതികശരീരമായ സഭയുടെ രക്ഷാകരരഹസ്യത്തിലും പങ്കുചേരുന്നു. ഏകമധ്യസ്ഥനായ മിശിഹായോട് (1 തിമോ 2, 5) ചേര്‍ന്നു മറിയം കാനായില്‍വച്ചു നടത്തിയ മാധ്യസ്ഥ്യം (യോഹ 2, 3) ഇന്നും സഭയില്‍ തുടരുകയാണ് (ദനഹ, ഒനീസാ ദ് മൗത്വാ). മറിയത്തിന്‍റെ ശക്തിയേറിയ മാധ്യസ്ഥ്യം അയോഗ്യരായ നമ്മുടെ പ്രാര്‍ത്ഥനകള്‍ മിശിഹായുടെ സന്നിധിയില്‍ കൊണ്ടുചെന്നെത്തിക്കുന്നു (നോമ്പ്, ഒനീസാ ദ് റംശ). മറിയത്തിന്‍റെ പ്രാര്‍ത്ഥന ദൈവജനത്തിന് അഭയം നല്‍കുകയും (ശ്ലീഹാ, തേശ് ബോഹ്ത്ത; ഉയിര്‍പ്പ്, ഒനീസാ ദ് റംശ) സഭയെ താങ്ങി നിറുത്തുകയും (ഉയിര്‍പ്പ്, തേശ് ബോഹ്ത്ത) ചെയ്യുന്നു. അതിനാല്‍, മറിയത്തിന്‍റെ പ്രാര്‍ത്ഥനയാകുന്ന ചിറകില്‍ (കൈത്ത, ഒനീസാ ദ് റംശ; ഏലിയ, ഓനിസാ ദ്ക്കദം) സഭ പ്രത്യാശയര്‍പ്പിക്കുന്നു (ഏലിയ, ഒനീസാ ദ്ക്കദം).
സാത്താന്‍റെ കെണിയില്‍നിന്നും എല്ലാവിധ അപകടങ്ങളില്‍നിന്നും വിമുക്തരാകുന്നതിനും (ഏലിയ, ഒനീസാ ദ്ക്കദം, പള്ളി. തേശ്ബോഹ്ത്ത) നിത്യമരണത്തിലകപ്പെടാതെ തിരുസുതനോടൊത്തു നിത്യസൗഭാഗ്യത്തില്‍ എത്തിച്ചേരുന്ന തിരുസഭ മറിയത്തിന്‍റെ മാധ്യസ്ഥ്യം യാചിക്കുന്നു (പള്ളി, ഒനീസാ ദ്റംശ; ഏലിയ, ഒനീസാ ദ്റംശ, തേശ്ബോഹ്ത്ത).
ഇപ്രകാരം ആരാധനാവത്സരത്തിലെ എല്ലാ കാലങ്ങളിലെയും ബുധനാഴ്ചയിലെ യാമപ്രാര്‍ത്ഥനകളില്‍ മറിയത്തിന്‍റെ മാധ്യസ്ഥ്യം യാചിച്ചു പ്രാര്‍ത്ഥിക്കുന്നതു സുറിയാനി സഭയുടെ സവിശേഷതയാണ്. ബുധനാഴ്ച സായാഹ്നപ്രാര്‍ത്ഥനയില്‍, ഒനീസാ ദ്റംശയ്ക്കുശേഷം വരുന്ന സ്ലോസാ മറിയത്തിന്‍റെ മാധ്യസ്ഥ്യപ്രാര്‍ത്ഥനയുടെ അന്തസത്ത വ്യക്തമാക്കുന്നു. "ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, നിന്‍റെ അനുഗൃഹീതയായ മാതാവ് പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രാര്‍ത്ഥനയാല്‍ ഞങ്ങള്‍ക്ക് ആത്മീയവും ശാരീരികവുമായ സഹായവും സംരക്ഷണവും പ്രദാനം ചെയ്യണമേ. നിന്‍റെ രാജ്യത്തിലെ നിത്യവിരുന്നില്‍ അവളോടു കൂടെ ഞങ്ങളെയും പങ്കാളികളാക്കണമേ".
സഭയുടെ ആദ്ധ്യാത്മിക കളരിയായ യാമപ്രാര്‍ത്ഥനയില്‍ മറിയം പ്രധാനാദ്ധ്യാപികയാണ്. ബുധനാഴ്ച ദിവസങ്ങളില്‍ സഭ ഈ അദ്ധ്യാപികയുടെതന്നെ സ്തോത്രഗീതം ആലപിച്ച് അവളെ പ്രകീര്‍ത്തിക്കുന്നു. രക്ഷാകരചരിത്രത്തില്‍ ദൈവം മറിയത്തില്‍ ചൊരിഞ്ഞ വന്‍കൃപകള്‍ മറിയത്തോടൊപ്പം ഏറ്റുപാടി ദൈവത്തെ സ്തുതിക്കുകയും മറിയത്തിന്‍റെ വ്യക്തിത്വസവിശേഷതകളിലേയ്ക്കു കടന്നുചെന്ന് അവളെ പുകഴ്ത്തുകയും ചെയ്യുന്നു. മണ്ണും വിണ്ണും കൂട്ടിയിണക്കുന്ന സ്വര്‍ണ്ണക്കണ്ണിയാണു മറിയം (കൈത്ത, തേശ്ബോഹ്ത്ത). യാമപ്രാര്‍ത്ഥനയില്‍ സഭയോടുചേര്‍ന്നു ദൈവസ്തുതികള്‍ ആലപിക്കുകയും അമ്മയും ഗുരുനാഥയുമായി മിശിഹാരഹസ്യം ജീവിക്കാന്‍ ദൈവാനുഭവത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കു നയിക്കുകയും ചെയ്യുന്നു.
ശനിയാഴ്ച: മരിയഭക്തി
ആരാധനക്രമവത്സരാനുഷ്ഠാനവുമായി ബന്ധപ്പെടുത്തിത്തന്നെ ആഴ്ചയിലെ ചിലദിവസങ്ങള്‍ ചില നിയോഗങ്ങളില്‍ ആഘോഷിക്കുന്ന പതിവു പാശ്ചാത്യപൗരസ്ത്യസഭകളില്‍ കാണാവുന്നതാണ്. പൗരസ്ത്യസഭകളില്‍ ബുധനാഴ്ചയാണു മറിയത്തിനു പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്ന ദിവസം. പാശ്ചാത്യസഭയില്‍ ശനിയാഴ്ചയാണു മറിയത്തിന്‍റെ ദിനമായി ആചരിച്ചു വരുന്നത്. അതിന്‍റെ തുടര്‍ച്ചയായി മറിയത്തിന്‍റെ വിമലഹൃദയ ഭക്തിയും ഫാത്തിമയിലെ ദര്‍ശനത്തിന്‍റെ ശനിയാഴ്ച ഭക്തിയും പാശ്ചാത്യസഭയില്‍ വളര്‍ന്നു വന്നിട്ടുണ്ട്.
ശനിയാഴ്ചയുടെ തുടക്കമായി റോമില്‍ നിലനിന്നിരുന്ന ഒരു പാരമ്പര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. വലിയ ശനിയാഴ്ച രാത്രിയില്‍ മാമ്മോദീസ സ്വീകരിച്ചവര്‍ എട്ടാംനാള്‍ വെള്ള വസ്ത്രം ധരിച്ചു ലാറ്ററന്‍ ബസിലിക്കയില്‍നിന്നു മേരിമേജര്‍ ബസിലിക്കയിലേയ്ക്കു പ്രദക്ഷിണം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മറിയത്തിന്‍റെ സന്നിധിയിലേയ്ക്ക് എന്ന ചിന്ത ശനിയാഴ്ച അനുഷ്ഠാനത്തില്‍ സംജാതമാകുന്നതിനും, അന്നു മറിയത്തെ പ്രത്യേകമായി ഓര്‍ക്കുന്നതിനും കാരണമായി എന്നു വിശ്വസിച്ചുപോരുന്നു. പൗരസ്ത്യപിതാക്കന്മാരില്‍ ഏറ്റവും അവസാനത്തേതായി കരുതുന്ന ദമാസ്ക്കസിലെ യോഹന്നാന്‍ (787) മറിയത്തെ ബഹുമാനിച്ചു പ്രാര്‍ത്ഥന നടത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ കൃതികളില്‍ സൂചനകളുണ്ട്.
മധ്യയുഗത്തിലെ ആരാധനക്രമപണ്ഡിതനായിരുന്ന വിശുദ്ധ ആല്‍ക്വിന്‍ (Alcunin 735-804) എന്ന ബനഡിക്ടൈന്‍ സന്ന്യാസിയാണു ശനിയാഴ്ച മരിയഭക്തി സഭയില്‍ ഔദ്യോഗികമായി തുടങ്ങിയത്. ആഴ്ചയിലെ എല്ലാ ദിവസത്തെയും ബലിയര്‍പ്പണത്തില്‍ അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമപ്പെടുത്തി. പ്രത്യേകമായി മറിയത്തിന്‍റെ മഹത്വത്തിനുവേണ്ടിയുള്ള ശനിയാഴ്ച മറിയത്തിനായി നീക്കി വയ്ക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിന് അദ്ദേഹം പ്രത്യേകമായി കാരണങ്ങളൊന്നും നല്കിയില്ല. എന്നാല്‍, പിന്നീടു ദൈവശാസ്ത്രജ്ഞന്മാര്‍ വി. ഗ്രന്ഥത്തിന്‍റെയും രക്ഷാകരചരിത്രത്തിന്‍റെയും വെളിച്ചത്തില്‍ ശനിയാഴ്ചമരിയഭക്തിക്ക് അടിസ്ഥാനം നല്‍കി. 13-ാം നൂറ്റാണ്ടില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ നല്കിയ കാരണങ്ങള്‍ ഇവയൊക്കെയാണ്:
1 ശനിയാഴ്ച ദൈവം അനുഗ്രഹിച്ച ദിവസമാണ് (ഉല്പ. 2, 3). മറിയമാണു "സ്ത്രീകളില്‍ അനുഗൃഹീത" (ലൂക്ക 1, 42) അത്യുന്നതന്‍റെ അനുഗ്രഹീതയ്ക്ക് ഈ ശനിയാഴ്ച യോജിച്ചതാണ്.
2 ശനിയാഴ്ച ദൈവം വിശുദ്ധീകരിച്ച ദിവസമാണ്. മറിയം നന്മ നിറഞ്ഞവളാണ് (ലൂക്ക 1, 28)
3 സൃഷ്ടികര്‍മ്മത്തിനുശേഷം ദൈവം വിശ്രമിച്ച ദിവസമാണത് (ഉല്പ 2, 2)'എന്നെ സൃഷ്ടിച്ചവന്‍ എന്‍റെ കൂടാരത്തില്‍ വിശ്രമിച്ചു" (പ്രഭാഷകന്‍ 24, 8) എന്നതു മറിയത്തിലുള്ള ഈശോയുടെ വാസം സൂചിപ്പിക്കുന്നു.
4 ഞായറാഴ്ചയുടെ കവാടമാണു ശനിയാഴ്ച. മിശിഹാ ലോകത്തിലേയ്ക്കു പ്രവേശിച്ച കവാടമാണു മറിയം.
5 വെള്ളിയാഴ്ചയ്ക്കും (ദുഃഖം) ഞായറാഴ്ചയ്ക്കും (സന്തോഷം) ഇടയ്ക്കുള്ള ദിവസമാണ് ശനിയാഴ്ച. ദുഃഖത്തില്‍നിന്നും സന്തോഷത്തിലേയ്ക്ക് അതിലൂടെയേ കടക്കാനാവൂ-കണ്ണീരിന്‍റെ ഈ താഴ്വരയ്ക്കും സ്വര്‍ഗ്ഗസൗഭാഗ്യമായ ക്രിസ്തുവിനും ഇടയ്ക്കുള്ള മധ്യവര്‍ത്തിയാണു മറിയം.
6 ദുഃഖശനിയാഴ്ച ഈശോയുടെ മൃതശരീരം കബറിടത്തിങ്കലായിരിക്കെ യഹൂദന്മാരെ ഭയപ്പെട്ട് അവിശ്വാസികളായ ശിഷ്യന്മാര്‍ ഒളിച്ചിരിക്കുകയായിരുന്നു (യോഹ 20, 19). തത്സമയം സഭയുടെ വിശ്വാസം മറിയത്തില്‍ സ്പഷ്ടമായിരുന്നു. വിശ്വസിക്കുകയും പുത്രന്‍റെ ഉത്ഥാനം കാത്തിരിക്കുകയും ചെയ്ത മറിയത്തിന്‍റെ ഓര്‍മ്മ ശനിയാഴ്ച നടത്തുന്നത് ഉചിതമാണ്.
7 കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ബ്ലാക്കേര്‍ണെ ദൈവാലയത്തില്‍ പരിശുദ്ധ അമ്മ ശനിയാഴ്ചയോടുള്ള പ്രതിപത്തി അദ്ഭുതകരമായി കാണിച്ചു വന്നിരുന്നു. ദൈവമാതാവിന്‍റെ ഐക്കണ്‍ മറച്ചിരുന്ന വിരി വെള്ളിയാഴ്ച വൈകുന്നേരം മനുഷ്യന്‍റെ ഇടപെടല്‍ കൂടാതെ തനിയെ ഉയര്‍ന്നു നില്‍ക്കുകയും ശനിയാഴ്ച മൂന്നുമണിവരെ ആ നില തുടരുകയും ചെയ്തിരുന്നു. വിശദീകരണങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാവുന്നവയത്രേ. മറിയംവഴി ഈശോയിലേയ്ക്ക് എന്ന മരിയ ശാസ്ത്രജ്ഞരുടെ പഠനം 16-ാം നൂറ്റാണ്ടു മുതല്‍ കൂടുതല്‍ ആഴപ്പെട്ടു. ഈ ചിന്തയും ശനിയാഴ്ച ഭക്തിക്കു കൂടുതല്‍ ശക്തി പകര്‍ന്നു. ആഴ്ചയിലെ ഉയിര്‍പ്പായ ഞായറാഴ്ച (അഗസ്തീനോസ്)യിലേയ്ക്കുള്ള പ്രവേശനം മറിയത്തിലൂടെ എന്ന ആത്മീയചിന്ത വളര്‍ന്നുവന്നതും ശനിയാഴ്ചഭക്തി വളരുവാന്‍ കാരണമായി. ശനിയാഴ്ച ഞായറാഴ്ചയ്ക്കുള്ള ഒരുക്കമാണ്. അതു മറിയത്തിന്‍റെ വിശ്വാസപ്രകാശന ദിനമായി പരിഗണിക്കുന്നതില്‍ തെറ്റില്ല .
ശനിയാഴ്ചയാചരണത്തിന്‍റെ തുടര്‍ച്ചയായി സ്വര്‍ണ്ണ വെള്ളികള്‍ എന്ന പേരില്‍ മിഖായേല്‍ മാലാഖയുടെ തിരുന്നാളിനുശേഷം വരുന്ന മൂന്നുശനിയാഴ്ചകള്‍ മറിയത്തിന്‍റെ ദര്‍ശനപ്രകാരമെന്നു പറഞ്ഞു ലത്തീന്‍സഭയില്‍ ആചരിച്ചു. തുടര്‍ന്നു, ശനിയാഴ്ചകളില്‍ മറിയത്തിന്‍റെ വിമലഹൃദയശനി, ജപമാല ശനിയാഴ്ചഭക്തി, 15 ശനിയാഴ്ചകളില്‍ ജപമാല ചൊല്ലുന്ന പതിവ് എന്നിവ ഇന്നും തുടര്‍ന്നുവരുന്നു.
ആദ്യശനി
ശനിയാഴ്ച ഭക്തിയുടെ തുടര്‍ച്ചയായിട്ടാണ് ആദ്യശനിയാഴ്ച ഭക്തി ആരംഭിച്ചത്. വി. തോമസ് അക്വീനാസ്, വി. ബര്‍ണാര്‍ദ് എന്നിവര്‍ ശനിയാഴ്ചഭക്തി പ്രോത്സാഹിപ്പിച്ചവരാണ്. വലിയ ശനിയാഴ്ച കര്‍ത്താവിന്‍റെ ശരീരം കബറിടത്തിലായിരുന്നു. സ്നേഹിതരും ശിഷ്യന്മാര്‍പോലും ഭയംമൂലം ഒളിച്ചിരുന്ന ദിവസമായിരുന്നു അത്. എന്നാല്‍ മറിയംമാത്രം പ്രതീക്ഷയോടെ കര്‍ത്താവിന്‍റെ ഉയിര്‍പ്പു പ്രതീക്ഷിച്ചിരുന്നു. മൂന്നാംദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രവചനത്തിലുള്ള പ്രതീക്ഷയാണ് ഇതിനു കാരണം. അതുകൊണ്ടു മറിയത്തെ പ്രത്യേകമായി ശനിയാഴ്ച ഓര്‍ക്കുന്നത് ഉചിതമാണെന്നാണു ഈ വിശുദ്ധര്‍ പഠിപ്പിക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ Congregation for Divine Worship and the discipline of the Sacraments, പ്രസിദ്ധപ്പെടുത്തിയ Directory on Populsar Piety and the Liturgy (2001) എന്ന രേഖയില്‍ മറിയം വലിയ ശനിയാഴ്ച മാതൃസഹജമായ സ്നേഹത്തോടും ശിഷ്യനടുത്ത പ്രതീക്ഷയോടും ഉയിര്‍പ്പ് പ്രതീക്ഷിച്ചിരുന്നു എന്നു രേഖപ്പെടുത്തുന്നു. ഇതു സഭയില്‍ അവളുടെ സാന്നിധ്യത്തിന്‍റെയും പ്രവര്‍ത്തനങ്ങളുടെയും അടയാളമാണ്. അതുകൊണ്ടു ശനിയാഴ്ച മറിയത്തിനായി നീക്കിവയ്ക്കുന്നത് ഉചിതമാണെന്നു പഠിപ്പിക്കുന്നു.
ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പാപ്പ, (1088-1099) കര്‍ദ്ദിനാള്‍ പീറ്റര്‍ ഡാമിയന്‍, (1072) ഫ്രാന്‍സിസ്കന്‍ സന്ന്യാസസമൂഹം, പരോക്ഷമായി രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ ശനിയാഴ്ച ഭക്തി പ്രോത്സാഹിപ്പിക്കുന്നു. ഈ ശനിയാഴ്ച ഭക്തിയില്‍നിന്നു വളര്‍ന്നു വന്ന മറ്റൊരു ഭക്തിരൂപമാണു വിമലഹൃദയഭക്തിയും ആദ്യ ശനിയാഴ്ച ഭക്തിയും. ഈ ഭക്തി മറിയത്തിന്‍റെ ഫാത്തിമയിലെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ടാണു പ്രചരിച്ചു വന്നത്.
മറിയത്തിന്‍റെ വിമലഹൃദയത്തോടുള്ള ഭക്തി 17-ാം നൂറ്റാണ്ടില്‍ വി. ജോണ്‍ എയുഡ്സ് (1601-70) ആണ് ആരംഭിച്ചത്. The Admirable Heart of Mary എന്ന ഗ്രന്ഥത്തിലൂടെ ഈ ഭക്തിയ്ക്ക് അദ്ദേഹം പ്രചാരം കൊടുത്തു. ഈശോയുടെ തിരുഹൃദയത്തിരുന്നാളിനുശേഷം വരുന്ന ആദ്യശനിയാഴ്ചയാണു വിമലഹൃദയത്തിരുന്നാള്‍ ആചരിച്ചിരുന്നത്. വി. പത്താംപീയൂസ് ഈ വിമലഹൃദയഭക്തിക്ക് അംഗീകാരം നല്കുകയും ആദ്യശനിയാഴ്ച മറിയത്തിന്‍റെ വിമലഹൃദയത്തിനു പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ദിവസമായി ആചരിക്കണമെന്നു നിഷ്കര്‍ഷിക്കുകയും ചെയ്തു. 1912 ജൂണ്‍ 13ന് ആദ്യശനിയാഴ്ച ആദരവോടും ഭക്തിയോടും ആചരിക്കുന്നവര്‍ക്കു പൂര്‍ണ്ണദണ്ഡ വിമോചനവും പ്രഖ്യാപിച്ചു. പാപസങ്കീര്‍ത്തനം നടത്തി, വി. കുര്‍ബാന സ്വീകരിച്ചു പരി. പിതാവിന്‍റെ നിയോഗത്തില്‍ ഈ ദിവസം പ്രാര്‍ത്ഥിക്കുന്നവര്‍ക്കാണു ദണ്ഡവിമോചനം പ്രഖ്യാപിച്ചത്.
1920 നവംബര്‍ 13ന് ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ ഈ ഭക്തിക്കു കൂടുതല്‍ പ്രചാരം നല്കി. സഭയുടെ ഈ ആഗ്രഹം മാര്‍പാപ്പമാര്‍ പഠിപ്പിച്ചതിന് മറിയംതന്നെ 1925 ഡിസംബര്‍ 10ന് അംഗീകരിച്ച് പുതിയ നിഷ്ക്കര്‍ഷ നല്കി എന്നു വിശ്വസിച്ചുവരുന്നു. ഈ ദിവസം മറിയംതന്നെ പുത്രനോടൊപ്പം പൊന്തവേദ്ര (Pontevedra)യിലെ ഒരു സന്ന്യാസഭവനത്തില്‍ സിസ്റ്റര്‍ ലൂസിക്കു പ്രത്യക്ഷപ്പെട്ടു വെളിപാടു നല്കി. ആദ്യശനിയാഴ്ച ഭക്തിയോടെ ആചരിക്കുന്നവര്‍ക്കു മരണസമയത്ത് അവളുടെ സഹായം ലഭിക്കുമെന്നു വാഗ്ദാനം ചെയ്തു. അതിനായി നിഷ്കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍
1 തുടര്‍ച്ചയായി ആദ്യശനിയാഴ്ചകളില്‍
2 കുമ്പസാരിച്ചു
3 പരി. കുര്‍ബാന സ്വീകരിച്ച്
4 ജപമാലയുടെ രഹസ്യങ്ങള്‍ ചൊല്ലി
5 പതിനഞ്ചു മിനിറ്റെങ്കിലും ജപമാല രഹസ്യത്തെക്കുറിച്ച് ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക
ഇതിന്‍റെ അടിസ്ഥാനത്തില്‍ പശ്ചാത്യ സഭയില്‍ മാസത്തിലെ ആദ്യശനിയാഴ്ച മറിയത്തിന്‍റെ ദിനമായി ആചരിച്ചുവരുന്നു.
ഡോ. ജേക്കബ് വെള്ളിയാന്‍
ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
ഡോ. സി. ഗ്രേയ്സ് കൊച്ചുപാലിയത്തില്‍
Dr. George Karukapparampil mariology-in-the-eastern-syrian-church mariology mary catholic malayalam mariology in church mary in history Dr.Jacobe Velliyan Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206