We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : editor On 30-Jan-2021
തിരുസഭയെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ (Lumen Genitium) "ദൈവമാതാവായ ഭാഗ്യപ്പെട്ട കന്യകാമറിയം മിശിഹാ രഹസ്യത്തിലും സഭാരഹസ്യത്തിലും" എന്ന 8-ാം അദ്ധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ.കന്യകാമറിയത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും അജപാലനപരവും പക്വതയാര്‍ന്നതുമായ പഠനമാണിത്. ക്രിസ്തുശാസ്ത്രത്തിന്റെയും സഭാശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ മരിയശാസ്ത്രം വിവരിക്കുന്ന ഭാഗമാണിത് (LG 5269).
പരമ്പരാഗതമായി മറിയത്തെക്കുറിച്ചു സഭ വിശ്വസിച്ചുപോന്ന എല്ലാ കാര്യങ്ങളും കൗണ്‍സില്‍ ഇവിടെ അംഗീകരിച്ചു പഠിപ്പിക്കുന്നു.
കൗണ്‍സിന്റെ മരിയശാസ്ത്രം വിശദീകരിക്കുമ്പോള്‍ ഏതാനും ചില ദൈവശാസ്ത്ര ചിന്തകള്‍ അടിസ്ഥാനമായി സ്വീകരിച്ചിട്ടുണ്ട്.
സഭയും മറിയവും തമ്മിലുള്ള ബന്ധം കൗണ്‍സില്‍ വളരെ വ്യക്തമായി വിശദീകരിച്ചു. ക്രിസ്തു തന്റെ മൗതിക ശരീരത്തിന്റെ ശിരസ്സാണ്. മറിയം ഈ ശരീരത്തിലെ സവിശേഷാംഗവും മാതാവും മാതൃകയുമാണ്. സഭയെന്നതു രക്ഷിക്കപ്പെട്ട കുടുംബമാണ്. ഇതില്‍ മിശിഹാ ശിരസ്സും മറിയം മാതാവുമാണ്. മറ്റെല്ലാ അംഗങ്ങളും ആ കുടുംബത്തിലെ അംഗങ്ങളാണ്. മറിയത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഉരുവാക്കപ്പെട്ടതു പോലെ സഭാതനയര്‍, ആത്മാവിലൂടെ സഭയില്‍ ജനിക്കുന്നു. ഇങ്ങനെ തന്നെയായിരുന്നു മറിയത്തിന്റെ ജനനവും. എന്നാല്‍ മറിയത്തിലുള്ള പ്രത്യേകത, സഭയിലെ മറ്റംഗങ്ങള്‍ മാമ്മോദീസായില്‍ പരിശുദ്ധാത്മാവിലൂടെ വുശുദ്ധീകരിക്കപ്പെടുന്നുവെങ്കില്, മറിയം മാതാവിന്റെ ഉദരത്തില്‍ ഉരുവാക്കപ്പെട്ടതോടെ വിശുദ്ധീകരിച്ചു. മറിയത്തിന്റെ സവിശേഷ തെരഞ്ഞെടുപ്പും അമലോദ്ഭവവുമാണ് ഇവിടെ കൗണ്‍സില്‍ വിവക്ഷിക്കുത്. വിശുദ്ധിയില്‍ ദൈവപുത്രന് ജനിക്കുന്നതിനു, പാപം ചെയ്യുന്നതിനുമുമ്പുള്ള പരിശുദ്ധിയാല്‍ നിറഞ്ഞ ആദ്യ ഹവ്വയുടെ സ്ഥാനമാണു മറിയത്തിനുള്ളത്.
മറിയത്തെക്കുറിച്ചുള്ള കൗണ്‍സിലിന്റെ പഠനം മരിയശാസ്ത്രത്തിന്റെ വിപ്ലവാത്മകമായ വ്യതിയാനമാണു വരുത്തിയത്. കൗണ്‍സിലിനു മുമ്പും അതിനുശേഷവും ഉണ്ടായ മരിയശാസ്ത്ര പഠനങ്ങള്‍ ദൈവശാസ്ത്രപരമായി വളരെ വ്യത്യസ്തമാണ്. തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖ പ്രഖ്യാപിച്ചുകൊണ്ട് 1964 നവംബര്‍ 21-ന് പോള്‍ 6-ാംമന്‍ മാര്‍പാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു. സഭാമക്കളും ഇടയന്മാരും ഉള്‍ക്കൊള്ളുന്ന ദൈവമക്കളുടെ സമൂഹമാകുന്ന സഭ മറിയത്തെ സഭയുടെ മാതാവ് എന്നാണു വിളിക്കുന്നത്.
മറിയത്തെ പൂര്‍ണ്ണമായി മനസ്സിലാകുന്നതു ദൈവപുത്രനായ ക്രിസ്തു വഴിയാണ്. ക്രിസ്തു ശിരസ്സായ ദൈവമക്കളുടെ കുടുംബമായി സഭയെ നിര്‍വചിച്ചുകൊണ്ടു മറിയത്തെ സഭയിലൂടെ മനസ്സിലാക്കണമെന്നും അവള് സഭയുടെ മാതാവാണെന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചു. മിശിഹാ - സഭ - മറിയം ബന്ധത്തിനു ദൈവശസ്ത്രപരമായ മാനം നല്കി കൗണ്‍സില്‍ മരിയശാസ്ത്രത്തിനു പുതിയ ഒരു അടിത്തറയിട്ടു. കൗണ്‍സിലിന്റെ മരിയശാസ്ത്രം പ്രധാനമായും വിശദീകരിക്കുന്നതിന് അടിസ്ഥാനമായിട്ടുള്ളത്.
ജനതകളുടെ പ്രകാശത്തിലെ 8-ാംമത്തെ അദ്ധ്യായം (52-69) 29വിശുദ്ധഗ്രന്ഥ ഉദ്ധരണികള്കൊണ്ടു നിറഞ്ഞതാണ്. അതില്‍ 22 എണ്ണം പൂര്‍ണ്ണമായി ഉദ്ധരിച്ചിട്ടുള്ളതുമാണ്. പൗരസത്യവും പാശ്ചാത്യവുമായ സഭാപിതാക്കന്മാരുടെ 22 ഉദ്ധരണികള്‍കൊണ്ട് അലംകൃതമാണ് ഈ പഠനംഭാഗം. ഇതിലെ പ്രധാനപഠനങ്ങള് താഴെ ചേര്‍ത്തിരിക്കുന്നു.
LG 5254: ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതിയില് മറിയത്തിനുള്ള പ്രധാനസ്ഥാനമാണ് ഇതിലെ പ്രതിപാദ്യവിഷയം. സഭാരഹസ്യത്തിലും മിശിഹാ രഹസ്യത്തിലും മറിയവും അവളുടെ നാമവും അവഗണിക്കാനാവാത്ത വിധം ചേര്‍ക്കപ്പെട്ടിരിക്കുന്നു. ശിരസ്സായ ക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള് സകല അംഗങ്ങളുടെയും മാതാവത്രേ! തന്മൂലം സഭയിലെ അതി ശ്രേഷ്ഠവും അതുല്യവുമായ അംഗവും സ്നേഹത്തിലും വിശ്വാസത്തിലും തിരുസഭയുടെ അതി വിശിഷ്ടമായ പ്രതിരൂപവും മഹനീയമായ മാതൃകയുമാണവള്.
LG 55: രക്ഷകന്റെ വരവിനായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവളും ഒരുക്കപ്പെട്ടവളുമാണ് മറിയം. പഴയ പുതിയനിയമങ്ങളും സഭാപിതാക്കന്മാരും രക്ഷാപദ്ധതിയില്‍ മറിയത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നു.
LG 58: മംഗലവാര്‍ത്തയില്‍ മറിയം സമ്മതം നല്‍കുന്നതിലൂടെയാണു പുതിയ നിയമം ആരംഭിക്കുന്നത്. മറിയത്തിന്റെ വിശ്വാസവും സമര്‍പ്പണവും കന്യാത്വവും അമലോത്ഭവവും ഇതിന്റെ അടിസ്ഥാനവും കേന്ദ്രബിന്ദുക്കളുമാണ്.
LG 57-59: ക്രിസതുവിന്റെ രക്ഷാകരപ്രവര്‍ത്തനത്തില്‍ അവള് അനന്യമായും പൂര്‍ണ്ണമായും പങ്കുചേര്‍ന്നു. നസ്രത്തില്‍ അമ്മയായിരുന്ന അവള് കാനാമുതല് കാല്‍വരിവരെ ഒരു വിശ്വസ്ത ശിഷ്യയെപ്പോലെ പിന്തുടര്ന്നു, പുത്രനു ക്തി പകരുകയും രക്ഷാകരപ്രവര്‍ത്തനത്തിന്റെ പങ്കു കൊള്ളുകയും ചെയ്തു. അതിന്റെ ഫലമായി അവള് രക്ഷിക്കപ്പെട്ട സമൂഹത്തിന്റെ അമ്മയായ രണ്ടാമത്തെ ഹവ്വയായി തെരെഞ്ഞടുക്കപ്പെട്ടു.
LG 60-62: ഇവിടെ ഈ അദ്ധ്യായത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുകയാണ്. മറിയവും സഭയും തമ്മിലുള്ള ബന്ധമാണു പ്രധാന പഠനവിഷയം. സഭയുടെ ജീവിതത്തില്‍ മറിയത്തിനു രണ്ടാം സ്ഥാനമാണ്. 60-62 വരെയുള്ള ഖണ്ഡികയിലെ പ്രധാന പഠനം അവള് സഭാ മക്കള്‍ക്കു ദൈവത്തിനു മുമ്പില്‍ മദ്ധ്യസ്ഥ്യയാണ് എന്നതാണ്. എന്നാല്‍ മറിയത്തിന്റെ ഈ മാദ്ധ്യസ്ഥ്യം മിശിഹായുടെ "ഏകമദ്ധ്യസ്ഥന്‍" (1 തിമോ 2,5) എന്ന സ്ഥാനത്തിനു കുറവു വരുത്തുന്നില്ല.
LG 63-65: "ദൈവജനനി സഭയുടെ മാതൃക" യാണെന്ന വി.അബ്രോംസിന്റെ പഠനം ഉദ്ധരിച്ചുകൊണ്ടു (ലൂക്കായുടെ സുവിശേഷവ്യാഖ്യാനം എഎ, 7) മറിയം സഭയുടെ പ്രതിരൂപമാണെന്നു സുനഹദോസ് പഠിപ്പിക്കുന്നു. ഇതിനുള്ള ദൈവശാസ്ത്രാടിസ്ഥാനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
LG 66-67:ദൈവമാതാവും ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങളില്‍ പങ്കുകാരിയുമായി സഭ മറിയത്തെ പ്രത്യേകവിധം ബഹുമാനിക്കുന്നതു യുക്തമാണെന്ന ആഹ്വാനത്തോടെ മറിയത്തോടുള്ള ഭക്തി എപ്രകാരമുള്ളതായിരിക്കണമെന്ന് ഈ ഭാഗത്തു വിശദീകരിച്ചു പഠിപ്പിക്കുന്നു. ക്രിസ്തുവിനു കൊടുക്കുന്ന ബഹുമാനത്തെ മരിയഭക്തിയെക്കാള് കൂടുതലാകരുത്. മറിയത്തോടുള്ള ബഹുമാനം ഭക്തിയുടെ വികാരം മാത്രം ഉള്ക്കൊള്ളുന്നതുമാകരുത്. അതോടൊപ്പം തിരുക്കര്‍മ്മങ്ങളിലൂടെ മറിയത്തോടുള്ള ഭക്തി ഔദാര്യപൂര്ണ്ണം വര്ദ്ധിപ്പിച്ചുകൊണ്ടുവരണമെന്നു കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു.
LG 68-69: മറിയത്തിന്റെ മാദ്ധ്യസ്ഥതയുടെ പ്രത്യേകത എടുത്തു പറഞ്ഞുകൊണ്ടു സഭൈക്യത്തില്‍ ഇതു സഹായകമായ ഒരു ഘടകമാകുമെന്നു കൗണ്‍സില്‍ പ്രത്യാശിക്കുന്നു. കര്‍ത്താവിന്റെ മഹത്വത്തില്‍ സഭ ഒന്നായിത്തീരുന്നതുവരെ "മറിയം ഭൂമുഖത്തു തൂര്ത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിക്കുന്നവളാണ്" എന്നു കൗണ്‍സില്‍ പഠിപ്പിക്കുന്നു.
മറ്റു പ്രമാണരേഖകള്‍
1.ആരാധനക്രമം (Sacrosanctum Concilium 103)
ഇവിടെ സഭയും മറിയവും തമ്മിലുള്ള പ്രത്യേക ബന്ധമാണു വ്യക്തമാക്കുന്നത്. "ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങള്‍ ആരാധനാക്രമത്തിലെ ഒരു വര്‍ഷത്തില്‍ ആഘോഷിക്കുന്നതോടുകൂടി ദൈവമാതാവായ പരിശുദ്ധ മറിയത്തെയും തിരുസഭ പ്രത്യേക സ്നേഹത്തോടെ ബഹുമാനിക്കുന്നു. സ്വപുത്രന്റെ രക്ഷാകരകൃത്യങ്ങളോട് അഭേദ്യമായ ബന്ധം അവള്ക്കുണ്ടായല്ലോ. രക്ഷയുടെ അതിവിശിഷ്ടമായ ഫലം സഭ അവളില്‍ കാണുകയും അതില്‍ വിസ്മയഭരിതയാവുകയും ചെയ്യുന്നു. മാത്രമല്ല, സഭ സ്വയം എന്തായിരിക്കുവാന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവോ അതിന്റെ അവികലമായ ഒരു മാതൃകയായി അവളെത്തന്നെ കരുതുകയും ചെയ്യുന്നു".
"ഇത്തരം ആദ്ധ്യാത്മിക ജീവിതത്തിന്റെയും പ്രേഷിത പ്രവൃത്തിയുടെയും ഉത്തമ മാതൃകയാണു ശ്ലീഹന്മാരുടെ റാണിയായ പരി.കന്യകമറിയം. മറ്റ് ആരേയും പോലെ അവളും ഈ ലോകത്തില്‍ ജീവിച്ചു. അവള്‍ക്കും ഉണ്ടായിരുന്നു കുടുംബത്തിലെ ചുമതലകളും വിഷമതകളും. എന്നാല്‍, അവള് തന്റെ ദിവ്യ പുത്രനോടു ഗാഢ ബന്ധത്തില്‍ ഐക്യപ്പെട്ടിരുന്നു. അങ്ങനെ, അവള് രക്ഷണീയകൃത്യത്തില് അതുല്യമായ പങ്കു വഹിച്ചു. സ്വര്‍ഗ്ഗാരോപിതയായ അവള് തന്റെ പുത്രന്റെ സഹോദരന്മാരും സഹോദരികളുമായ നമ്മെ നിത്യ സൗഭാഗ്യത്തിലെത്തുന്നതുവരെ മാതൃസഹജമായ സ്നേഹത്തോടെ പരിരക്ഷിക്കുന്നു. കാരണം, നാം ഇപ്പോഴും ഈ ലോകത്തിന്റെ യാത്രക്കാരാണ്. അപകടങ്ങളും ആകുലചിന്തകളും നമ്മെ ആവരണം ചെയ്തിരിക്കുന്നു. എല്ലാവരും ഈ നാഥയെ ഭക്തിപുരസരം വണങ്ങുകയും തങ്ങളുടെ ജീവിതവും പ്രേഷിതത്വവും അവളുടെ മാതൃസഹജമായ സംരക്ഷണത്തില്‍ സമര്‍പ്പിക്കുകയും വേണം".
"ദൈവമാതാവായ പരി.കന്യകമറിയത്തിന്റെ മാദ്ധ്യസ്ഥ്യത്താല്‍ അനുദിനം അവര്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചുവരുകയും രക്ഷയുടെ ഫലങ്ങള്‍ ധാരാളമായി പുറപ്പെടുവിക്കുകയും ചെയ്യും. ദൈവമാതാവിന്റെ ജീവിതം എല്ലാവര്ക്കും ഒരു ജീവിതപ്രമാണംതന്നെ ആയിരുന്നല്ലോ" (Ambrosius, De Virginitate 15).
പുത്രസഹജമായ മനോഭാവത്തോടെ പരി.കന്യകമറിയത്തെ വൈദികാര്‍ത്ഥികള്‍ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യേണ്ടതാണ്. കുരിശില്‍ കിടന്നുകൊണ്ടു മറിയത്തെയാണു മിശിഹാ തന്റെ ശിഷ്യനു മാതാവായി നല്‍കിയത്.
ഇപ്രകാരമുള്ള സാക്ഷീകരണത്തിന് അത്ഭുതകരമായ ഒരു മാതൃക മറിയത്തില്‍ എന്നും ദര്‍ശിക്കാം. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട അവള് മാനവരക്ഷയുടെ രഹസ്യത്തിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചു. ഉന്നതനും നിത്യനുമായ പുരോഹിതന്റെ മാതാവും അപ്പസ്തോലന്മാരുടെ രാജ്ഞിയും സംരക്ഷകയുമായ മറിയത്തെ വൈദികര്‍ പുത്രസഹജമായ ഭക്ത്യാദരങ്ങളോടെ വണങ്ങുകയും സ്നേഹിക്കുകയും വേണം
അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം പന്തക്കുസ്താദിനത്തില്‍ സമാരംഭിച്ചു. പരിശുദ്ധാരൂപി കന്യകാമറിയത്തിന്റെ മേല്‍ ആവസിച്ചതോടെ അവള് ദൈവപുത്രനെ ഗര്‍ഭം ധരിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ മേല്‍ ആ അരൂപി ആവസിച്ചപ്പോള്‍ അവിടുന്നു തന്റെ ശുശ്രൂഷാദൗത്യത്തിന് ഇറങ്ങിപുറപ്പെടുകയും ചെയ്തു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചതുപോലെ കൗണ്‍സിലിനു ശേഷമുള്ള ദൈവശാസ്ത്രപരമായ ചിന്തയുടെ ഒന്നാമത്തെ അച്ചുതണ്ടു സഭയുടെ നവീകരണത്തിന്റെ വിഷയമാണ്. എന്നാല്‍, കൗണ്സിലിനുശേഷമുണ്ടായ ഗ്രന്ഥങ്ങളില്‍, മറിയം സഭയുടെ മാതൃക എന്നുള്ള സഭാപിതാക്കന്മാരുടെ പ്രബോധനത്തിനു വേണ്ടത്ര പരിഗണന നല്കപ്പെട്ടില്ല എന്നതു വിസ്മയനീയമാണ്. ബൈബിള്സംബന്ധമായ ദൈവശാസ്ത്രത്തിന്റെ മണ്ഡലം സംബന്ധിച്ചും ഇതു വാസ്തവമാണ്. കാരണം, നാലാം സുവിശേഷത്തിലെ മരിയന്ഭാഗങ്ങളെയും വെളിപാട് 12-ലെ സ്ത്രീയെയും സഭാപരമായ വീക്ഷണത്തോടെ വ്യാഖ്യാനിക്കുന്ന വളരെ കുറച്ചു പഠനങ്ങളേ ഉണ്ടായിട്ടുള്ളൂ. എന്നാലും മറിയത്തെക്കുറിച്ചുള്ള സഭാശാസ്ത്രപരമായ വ്യാഖ്യാനം സംബന്ധിച്ചിടത്തോളം കൗണ്‍സിലിന്റെ അരൂപി ഉള്‍ക്കൊണ്ടു ഗ്രന്ഥങ്ങള്‍ രചിച്ച ചില ഗ്രന്ഥകര്‍ത്താക്കളെ പൂര്‍ണ്ണമായി അവഗണിക്കാന്‍ സാധ്യമല്ല. ഈ പ്രബന്ധ വിഷയപാശ്ചാത്തലത്തില് അതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ മാത്രം ഇവിടെ പ്രതിപാദിക്കുന്നു.
കൗണ്‍സിലിന്റെ കാലഘട്ടത്തില്‍ത്തന്നെ വി. ഗ്രന്ഥാധിഷ്ഠിതമായ ദൈവശാസ്ത്രത്തിന്റെ മണ്ഡലത്തിലുണ്ടായ അവിസ്മരണീയമായ ഒരു ലഘുഗ്രന്ഥത്തെപ്പറ്റി ഇവിടെ സൂചിപ്പിക്കേണ്ടിയിരുക്കുന്നു. മാക്സ്തൂരിയന് (Max Turian 1921-1996) എഴുതിയ Mary Mother of Lard, Figure of Church എന്നഗ്രന്ഥമാണിത്. അദ്ദേഹം എഴുതുന്നു: "മറിയത്തെയും സഭയെയും വേര്‍തിരിച്ചു നിര്‍ത്താന്‍ സുവിശേഷത്തിനോ ഭൂതകാല ക്രൈസ്തവ പാരമ്പര്യത്തിനോ കഴിഞ്ഞിട്ടില്ല. മറിയത്തെപ്പറ്റിപ്പറയുക എന്നതിനര്‍ത്ഥം സഭയെപ്പറ്റി പറയുക എന്നതാണ്. രണ്ടും മൗലികമായ ഒറ്റ ദൗത്യത്തില്‍ - മാതൃത്വത്തില്‍ - ഒന്നിപ്പിക്കപ്പെട്ടിരിക്കുന്നു". കര്‍ത്താവിന്റെ അമ്മയായ മറിയം സഭയുടെ പ്രതിരൂപമാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു. സുവിശേഷങ്ങളില്‍ മറിയത്തെയും വെളിപാട് 12-ലെ സ്ത്രീയെയും പറ്റി കാണുന്ന ഭാഗങ്ങള്‍ സംബന്ധിച്ച ദൈവശാസ്ത്രപരമായ ചിന്തയിലൂടെയാണ് അങ്ങനെചെയ്യുന്നത്. മറിയത്തിന്റെ ജീവിതവിളിയെപ്പറ്റിയുള്ള ചിന്ത ഒരേസമയത്തു സഭയുടെ ജീവിതവിളിയെപ്പറ്റിയുള്ള ചിന്തതന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യോഹന്നാന്റെ സുവിശേഷത്തില്‍ മറിയത്തെപ്പറ്റി പറയുന്ന ഭാഗങ്ങള്‍, വെളിപാട് 12-ലെ സ്ത്രീ എന്നിവയെപ്പറ്റി എ. ഫ്യൂലെറ്റ് ധാരാളം എഴുതിയിട്ടുണ്ട്. ഈശോയുടെ അമ്മ ശ്രേഷ്ഠശിഷ്യന്റെ അമ്മയായിത്തീരുന്ന ഈ ചരിത്രം പഴയനിയമത്തിലെ രണ്ടു പ്രമേയങ്ങള്‍ മിശിഹായുഗത്തിലെ പുതിയ ജനത്തിനു ജന്മം നല്കുന്ന സ്ത്രീ "സീയോന്" എന്ന പ്രമേയവും ഓര്‍മ്മിപ്പിക്കുന്നു. യോഹന്നാന്റെ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനങ്ങള്‍ ഈ വസ്തുതയുടെ സൂചന നല്കുന്നു. കാനായിലെ മറിയത്തിന്റെ (യോഹ 2, 1-12) സ്ത്രൈണ പ്രതീകത്തെപ്പറ്റി ഫ്യൂലൈറ്റിന്റെ രീതിയില്‍ത്തന്നെ ആര്.ഇ. ബ്രൗണ്‍ (E. R. Brown) പഠനം നടത്തി. വെളിപാട് 12-ലെ ആശയം സ്വീകരിച്ചുകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. അദ്ദേഹം അതേ നിഗമനത്തില്‍ത്തന്നെ എത്തുകയും ചെയ്തു.
മറിയത്തിന്റെ വിശ്വാസം ക്രമേണയാണു വികസിച്ചു വന്നത് എന്ന ധാരണയോടെയാണു പല ഗ്രന്ഥകര്‍ത്താക്കളും കാനായിലെ സംഭവത്തെ സമീപിക്കുന്നത്. അതേസമയം, ചുരുക്കം ചിലര്‍ മറിയത്തിന്റെ വിശ്വാസത്തിലേക്ക് ആ സംഭവം ശ്രദ്ധ ക്ഷണിക്കുന്നുഎന്ന് ഉറപ്പിച്ചു പറയുന്നു. ജെ. മാക്ഹഗ്ഗ് (J. Mchugh), എഫ്. ജെ. മൊളോനി (F.J. Moloney), പി. ബേര്കിലി (P. Berkeley), ആര്.ഇ. ബ്രൗണ്‍ (E.R. Brown) മുതലായ ഗ്രന്ഥകാരന്മാര് മറിയത്തെ വിശ്വാസത്തിന്റെയും ശിഷ്യത്വത്തിന്റെയും മാതൃകയായി അവതരിപ്പിക്കുന്നു.
മറിയത്തെപ്പറ്റിയുള്ള യോഹന്നാന്റെ പാഠങ്ങള്‍ക്കു വ്യാഖ്യാനങ്ങള്‍ നല്കിയ എ.എം.സേറ,(A.M Serra)എ. ദെലാപൊത്തരി (A.Della Potherie) തുടങ്ങിയ വി.ഗ്രന്ഥ വ്യാഖ്യാതാക്കളെ ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. എ.എം. സേറയുടെ പഠനം, കാനായിലെ സംഭവത്തിന്റെ ഉടമ്പടിപരമായ പശ്ചാത്തലം വെളിച്ചത്തു കൊണ്ടുവരുന്ന. "യാഹ്വെ പറഞ്ഞതെല്ലാം ഞങ്ങള്‍ ചെയ്യും" (പുറ 19, 8; 24, 3-7; ജോഷ്വ 24, 24; നെഹെ 5, 12) എന്ന ഉടമ്പടിയിലെ വാക്യവും കാനായിലെ വേലക്കാരോടു മറിയം പറഞ്ഞ വാക്കുകളും തമ്മില്‍ സമാന്തരതയുണ്ടെന്ന് അദ്ദേഹം ശരിയായിത്തന്നെ വീക്ഷിച്ചു. "അവന് പറയുന്നതെല്ലാം ചെയ്യുക" (യോഹ 2,5) എന്നാണു മറിയം പറഞ്ഞത്. മറിയം അവസാനം പറഞ്ഞ വാക്കുകളില്‍ ഉടമ്പടിയുടെ സൂത്രവാക്യം പ്രയോഗിക്കുന്നുവെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുന്നു. അങ്ങനെ, മറിയം ഉടമ്പടിയുടെ സാഹചര്യത്തില്‍ ഒരു സവിശേഷ രീതിയില്‍ ഇസ്രായേല്‍ജനത്തിന്റെ മൂര്ത്തീഭാവമായിത്തീരുന്നു.
സേറ ചെയ്യുന്നതുപോലെ ഐ. ദെ ലാ പോത്തെരി മറിയമെന്ന രഹസ്യത്തെ വി. ഗ്രന്ഥത്തിലെ "സീയോന് പുത്രി" എന്ന പേരിന്റെ വെളിച്ചത്തില്‍ പരിശോധിക്കുന്നു. ഈ പേര് മറിയത്തിനു സഭയുടെ പ്രബോധനാധികാരം എന്നതുമായി ബന്ധപ്പെടുത്തി "ജനതകളുടെ പ്രകാശം" (Lumen Genitium) എന്ന പ്രമാണരേഖയില്‍ ആദ്യമായി കൗണ്‍സില്‍ നല്കുന്നു. മാനവകുലത്തിന്റെ രക്ഷയുടെ ചരിത്രത്തില്‍ മറിയത്തിനുള്ള ധര്‍മ്മം അതുവഴി ഇവിടെ പരാമര്‍ശിക്കുന്നു.
കൗണ്‍സിലിന്റെ മരിയശാസ്ത്രം ദൈവശാസ്ത്രത്തിലും സഭാചരിത്രത്തിലും ഒരു വിപ്ലവമായിരുന്നു.
കൗണ്‍സിലില്‍ മരിയശാസ്ത്രത്തിന്റെ പ്രത്യേകതകള്‍:
ഈ പ്രത്യേകതകള്‍ മരിയശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പുതിയ വഴിത്തിരിവായി. മരിയ ശാസ്ത്രം ആഴമേറിയ പഠനങ്ങള്‍ക്കു തുടക്കം കുറിച്ചു. സഭൈക്യ ചര്‍ച്ചകളില്‍ മറിയത്തിനു പ്രധാന സ്ഥാനവും നല്‍കിത്തുടങ്ങി. രക്ഷകന്റെ അമ്മയോടുള്ള ബഹുമാനം വര്‍ദ്ധമാനമായി. ഇതിന്റെ തെളിവാണ് Christi Matri(സെപ്റ്റം 15, 1966, പോള്‍ ആറാമന്‍) Signum Magnum (മെയ് 13, 1967, പോള്‍ ആറാമന്‍). മരിയാലിസ് കുള്‍ത്തൂസ് (ഫെബ്രു 2, 1974, പോള്‍ ആറാമന്‍) എന്നീ സഭാരേഖകള്‍. 1987 മാര്‍ച്ച് 25-ന് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പാ പ്രസിദ്ധപ്പെടുത്തിയ (രക്ഷകന്റെ മാതാവ്) എന്ന ചാക്രിക ലേഖനം ഈ പഠനങ്ങളുടെയെല്ലാം ഒരു സമുച്ചയമായി കാണാവുന്നതാണ്. കൗണ്‍സിലിനു ശേഷമുള്ള മരിയശാസ്ത്രത്തില് പ്രധാനമായും നാലുമാനങ്ങള് പ്രതിഫലിക്കുന്നുണ്ട്.
മറിയത്തെ ത്രിത്വൈക ദൈവശാസ്ത്രത്തിന്റെയും തുടരുന്ന രക്ഷാകര കര്‍മ്മത്തിന്റെയും വെളിച്ചത്തിലാണു കാണേണ്ടത്. അവള് പിതാവായ ദൈവത്തിന്റെ പുത്രിയാണ്, പുത്രന്റെ മാതാവാണ്, പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ,് രക്ഷിക്കപ്പെട്ടവളാണ്, പുത്രന്റെ പെസഹാ രഹസ്യത്തിന്റെ ഫലം പൂര്‍ണ്ണമായും സ്വന്തമാക്കിയവളാണ്, സഭയിലെ പ്രഥമാംഗമാണ്.
ഡോ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
ഡോ. ജേക്കബ് വെള്ളിയാന്‍
mariology marianology--from-the-point-of-view-of-the-vatican-synod mariology in vatican synod mary in history mariology view point of church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



