We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021
ആമുഖം
തത്വചിന്തകനായ അരിസ്റ്റോട്ടില്‍ മനുഷ്യനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അവന്‍ ഒരു സമൂഹജീവിയാണ് എന്നാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "സമൂഹമായി ജീവിക്കാത്തവന്‍ ഒന്നുകില്‍ ഒരു മൃഗമായിരിക്കും അല്ലെങ്കില്‍ ദൈവമായിരിക്കും" എന്ന്. ഇതില്‍നിന്നും ഓരോ മനുഷ്യനും സമൂഹവുമായി എത്ര അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം.
സമൂഹജീവിയായ മനുഷ്യന്‍
അലഞ്ഞു തിരിഞ്ഞിരുന്നവനായ ആദിമ മനുഷ്യന്‍ തന്‍റെതന്നെ നിലനില്പിനുവേണ്ടി, ചരിത്രത്തിന്‍റെ നിയോഗമെന്നവണ്ണം സമൂഹമായി ജീവിക്കാനാരംഭിച്ചു. കരുത്തേറിയവര്‍ ശക്തി കുറഞ്ഞവരെ അക്രമിക്കാന്‍ ആരംഭിച്ചപ്പോള്‍ തങ്ങളുടെ സുരക്ഷക്കായി അവര്‍ സംഘടിക്കുകയും പിന്നീട് ഇത് സമൂഹജീവിതത്തിന് വഴിതെളിക്കുകയും ചെയ്തു. മാത്രമല്ല, പ്രകൃതിശക്തികളോടുള്ള പോരാട്ടത്തില്‍ പരസഹായം ആവശ്യമാണെന്നു മനസ്സിലാക്കിയ ആദിമ മനുഷ്യന്‍ സംഘം ചേര്‍ന്നു ജീവിക്കാന്‍ ആരംഭിച്ചതോടെ ചെറിയ സമൂഹങ്ങള്‍ രൂപപ്പെട്ടുതുടങ്ങി. അനേകം അംഗങ്ങളുള്ള കുടുംബങ്ങള്‍ ഒരു നേതാവിന്‍റെ കീഴില്‍ ഒന്നിച്ചു താമസിക്കാന്‍ ആരംഭിച്ചതോടെ സമൂഹത്തിന് ഒരു സ്ഥായിഭാവം കൈവന്നു. സാമൂഹ്യശാസ്ത്രജ്ഞനായ സര്‍ഹെന്‍ട്രി മാനിന്‍റെ അഭിപ്രായത്തില്‍ കുടുംബത്തിന്‍റെ വ്യാപനം തന്നെയാണ് ആദ്യകാല സമൂഹങ്ങളെല്ലാം. അതുകൊണ്ടുതന്നെ ഒരു വ്യക്തി ഒരേ സമയം ഒരു കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാഗമായി വളരാന്‍ തുടങ്ങി.
സമൂഹം എന്നത് ഒരു വംശമോ, ഗോത്രമോ, ഗ്രാമമോ അല്ലെങ്കില്‍ ഒരു രാജ്യമോ അങ്ങനെ എന്തുവേണമെങ്കിലും ആകാം. ഒരു സമൂഹം തന്നെ ജാതിയുടെയോ, മതത്തിന്‍റെയോ, വര്‍ണ്ണത്തിന്‍റേയോ, അതിര്‍ത്തിയുടേയോ അടിസ്ഥാനത്തില്‍ വീണ്ടും മറ്റു സമൂഹങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒന്നിലധികം സമൂഹങ്ങളുടെ ഭാഗമായിത്തീരുന്നു. ഒരു ഗ്രാമത്തിന്‍റേയോ, ഒരു മതത്തിന്‍റേയോ, ഒരു സമുദായത്തിന്‍റേയോ ഇതൊന്നുമല്ലെങ്കില്‍ ഒരു രാജ്യത്തിന്‍റേയോ അംഗത്വം ഓരോ മനുഷ്യനും അവകാശമായി ലഭിക്കുന്നു. തുടര്‍ന്നങ്ങോട്ടുള്ള ജീവിത വളര്‍ച്ചയില്‍, ഈ സമൂഹങ്ങളുടെ സ്വാധീനം, പ്രത്യക്ഷമായോ പരോക്ഷമായോ അവനെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സമൂഹം എന്ന വ്യവസ്ഥിതി വ്യക്തിജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം.
വ്യക്തിയും സമൂഹവും
"സമൂഹം എന്നത് വ്യക്തികളുടെ കൂട്ടമാണ്" . ഓരോ വ്യക്തിയും അവന്‍റെ സത്തയുടെ ആത്മാവിഷ്ക്കാരം കണ്ടെത്തുന്നത് ഒരു സമൂഹത്തിലാണ്. ഇപ്രകാരം സമൂഹം, അവനു നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയായി മാറുന്നു. ഓരോ മനുഷ്യന്‍റെയും ആവശ്യങ്ങളുടെ പൂര്‍ത്തീകരണം നടക്കുന്നത് ഒരു സമൂഹത്തിലാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സമൂഹത്തിലെ അംഗമായിത്തീരുക എന്നത് മനുഷ്യന്‍റെ അനിവാര്യതയായി മാറുന്നു. സമൂഹം മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കാവശ്യമായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. അതിനാല്‍ വ്യക്തികളില്ലാതെ സമൂഹത്തിന്‍റെ നിലനില്പ് സാധ്യമല്ല എന്നതുപോലെതന്നെ സമൂഹമില്ലാതെ വ്യക്തികളുടെയും നിലനില്പ് സാധ്യമാകാതെ വരുന്നു. അതുകൊണ്ടാണ് മക്ളര്‍ ഇപ്രകാരം പറഞ്ഞത് "ഒരു മനുഷ്യനും പരിപൂര്‍ണ്ണമായി വ്യക്തിമാഹാത്മ്യവാദിയോ സമൂഹമാഹാത്മ്യവാദിയോ ആകുക സാധ്യമല്ല. കാരണം വ്യക്തിയും സമൂഹവും പരസ്പരാശ്രയത്വത്തിലാണ് നിലകൊള്ളുന്നത് എന്ന്. ഇതിനാല്‍ വ്യക്തിയും സമൂഹവും പരസ്പരപൂരകവുംഅനുബന്ധകവുമായ രണ്ടു ഘടകങ്ങള്‍ ആണെന്നു വ്യക്തമാണ്. പരസ്പരം വേര്‍പെടുത്താനാകാത്ത അന്യോന്യബന്ധങ്ങള്‍ വ്യക്തിയേയും സമൂഹത്തേയും ചേര്‍ത്തു നിറുത്തുന്നു.
മാനുഷികബന്ധങ്ങള്‍
മറ്റു ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തമായി, മനുഷ്യന്‍റെ സമൂഹ ജീവിതത്തിന്‍റെ പ്രത്യേകതയാണ് അവന്‍റെ ബന്ധങ്ങള്‍. ഒരു മനുഷ്യവ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഈ ബന്ധങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. മറ്റുള്ളവരിലേക്ക് ചാഞ്ഞിരിക്കുന്നവനാണ് മനുഷ്യന്‍. അപരനിലേക്കുള്ള തുറവിയുടെ അളവനുസരിച്ചാണ് ഒരുവന്‍റെ വ്യക്തിത്വം വളരുന്നത്. ഗ്രീക്ക് തത്വചിന്തകനായ പ്ലേറ്റോ ഒരു ഗുഹാമനുഷ്യന്‍റെ കഥ പറയുന്നുണ്ട്. ഗുഹാമനുഷ്യന്‍ അവന്‍റെ നിഴലുകളോട് സംസാരിക്കുന്നു. ബന്ധങ്ങളില്ലാത്ത മനുഷ്യന്‍റെ ഏകാന്തതയാണ് ഇവിടെ നമുക്ക് കാണാനാവുക. ഒരു സമൂഹത്തില്‍ ഒരു മനുഷ്യന്‍റെ സ്ഥാനം നിര്‍ണ്ണയിക്കപ്പെടുന്നത് അവന്‍റെ സാമൂഹികബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.
മനുഷ്യന്‍റെ സാമൂഹിക ബന്ധങ്ങളുടെ സാക്ഷാത്കാരത്തിനായി അവന്‍ തന്‍റെ സമൂഹത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഒരുവന്‍റെ സമൂഹജീവിതത്തിന്‍റെ മുഖ്യഭാഗവും ഇത്തരത്തിലുള്ള 'സമൂഹികസംഘ'ങ്ങളില്‍ ആയിരിക്കും. ഈ ഗ്രൂപ്പുകളാണ് ഒരു വ്യക്തിയെ സമൂഹത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
സോഷ്യല്‍ ഗ്രൂപ്പ്
പാസ്കല്‍ ഗിസ്ബര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ ഒരു ഗ്രൂപ്പ് എന്നത് "നിയതമായ ഘടനയോടുകൂടിയതും പരസ്പരം സഹവര്‍ത്തിക്കുന്നതുമായ വ്യക്തികളുടെ സമാഹാരം" ആണ്. മനുഷ്യന്‍റെ അനുദിന ബാഹ്യകര്‍മ്മങ്ങളെല്ലാം പലപ്പോഴും ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ്. സൂസന്‍ എ. വില്‍മാന്‍റെ അഭിപ്രായത്തില്‍ നമ്മുടെ ചിന്തകളേയും പ്രവര്‍ത്തികളേയും സ്വാധീനിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ഗ്രൂപ്പ്. അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുവാന്‍ സാധിക്കാത്തവിധം അവ ഒരുവന്‍റെ വ്യക്തിജീവിതവുമായി ഇടകലര്‍ന്നിരിക്കുന്നു. മനുഷ്യന്‍റെ വിവിധ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഗ്രൂപ്പുകള്‍ ആരംഭിച്ചത്. ഒരു ശിശുവിന് മറ്റുള്ളവരുടെ സഹായമില്ലാതെ വളരുക സാധ്യമല്ല. ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവന്‍റെ വളര്‍ച്ചയെ സഹായിക്കുന്ന ഗ്രൂപ്പാണ് കുടുംബം. ഇതുപോലെ ഗ്രൂപ്പുകള്‍ ഒരു വ്യക്തിക്ക് വളരുന്നതിനാവശ്യമായ നിരവധി സാദ്ധ്യതകളും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു ഗ്രൂപ്പിലെ അംഗമാവുക എന്നതും ആ ഗ്രൂപ്പിലുള്ളവര്‍ തന്നെ അംഗീകരിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇപ്രകാരം ഗ്രൂപ്പ് ഒരു വ്യക്തിക്ക് സുരക്ഷിതത്വബോധം നല്കുന്നതോടൊപ്പം അവനു സഹവര്‍ത്തിത്വത്തിനുള്ള സാഹചര്യങ്ങള്‍ ഉറപ്പു നല്കുകയും ചെയ്യുന്നു.
ഗ്രൂപ്പുകള്‍, അവയുടെ ലക്ഷ്യം, അടുപ്പം, സങ്കീര്‍ണ്ണത എന്നിവയുടെ അടിസ്ഥാനത്തിലെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. പരസ്പരം പുലര്‍ത്തുന്ന വൈകാരിക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹികശാസ്ത്രജ്ഞനായ സി.എച്ച്.കൂലി ഗ്രൂപ്പുകളെ രണ്ടായി തിരിച്ചു: പ്രൈമറി ഗ്രൂപ്പുകളും സെക്കന്‍ററി ഗ്രൂപ്പുകളും.
"താരതമ്യേന ചെറുതും അംഗങ്ങള്‍ തമ്മില്‍ വ്യക്തിപരമായ ബന്ധവും സ്നേഹവും സൗഹാര്‍ദ്ദവും പുലര്‍ത്തുന്ന ഗണങ്ങളാണ് പ്രൈമറി ഗ്രൂപ്പ്" എന്നാണ് സി.എച്ച്.കൂലി പ്രൈമറി ഗ്രൂപ്പിനെ നിര്‍വ്വചിച്ചത്. ശാരീരികവും മാനസികവുമായ അടുപ്പവും, സഹവാസവും, സഹവര്‍ത്തിത്വവും, സഹകരണവുമെല്ലാം പ്രൈമറി ഗ്രൂപ്പിന്‍റെ മുഖമുദ്രകളാണ്. ഒരു വ്യക്തിയുടെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം പ്രൈമറി ഗ്രൂപ്പിനാണ്. സ്ഥിരസ്വഭാവമുള്ള ഇത്തരം ഗ്രൂപ്പുകള്‍ ഒരു വ്യക്തിയുടെ ആന്തരികവും മാനസികവുമായ വ്യാപാരങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. കുടുംബമാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. 'നമ്മള്‍ ഒന്നാണ്' എന്ന വികാരത്തോടു കൂടിയ പ്രൈമറി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ഒരു വ്യക്തിക്ക് വേണ്ട ആത്മവിശ്വാസവും ധൈര്യവും പ്രദാനം ചെയ്യുന്നു. വിശാലാര്‍ത്ഥത്തില്‍, സ്നേഹബന്ധത്തിലും രക്തബന്ധത്തിലും അധിഷ്ഠിത മാണ് പ്രൈമറി ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍.
പ്രൈമറി ഗ്രൂപ്പിനെ ഒരു വൃക്ഷത്തിന്‍റെ വേരിനോടുപമിക്കാമെങ്കില്‍ അതിന്‍റെ ശിഖരങ്ങളായിരിക്കും സെക്കന്‍ററി ഗ്രൂപ്പ്. ഒരു വ്യക്തിയില്‍ ഇവയുടെ സ്വാധീനം പ്രൈമറി ഗ്രൂപ്പിനെ അപേക്ഷിച്ച് കുറവാണ്. ഇവയിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തിപരം എന്നതിലുപരി ഔപചാരികമായിരിക്കും. ഒരു നിശ്ചിത ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടിയായിരിക്കും പ്രധാനമായും ഇത്തരം ഗ്രൂപ്പുകള്‍ക്ക് രൂപം നല്കുന്നത്. ഒരു ക്ലബ്ബോ, രാഷ്ട്രീയ പാര്‍ട്ടിയോ, തൊഴിലാളി സംഘടനയോ സെക്കന്‍ററി ഗ്രൂപ്പില്‍ ഉള്‍പ്പെടാം. സ്നേഹബന്ധത്തേക്കാളുപരി നിയമങ്ങളായിരിക്കും ഇത്തരം ഗ്രൂപ്പിനെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക. ഉദാഹരണത്തിന് ഒരു ഫാക്ടറിയിലെ മാനേജരും തൊഴിലാളിയും തമ്മിലുള്ള ബന്ധം വ്യക്തിപരം എന്നതിലുപരി ഔപചാരികമായിരിക്കും. പ്രവര്‍ത്തി സമയത്തിനപ്പുറത്തേക്ക് ഇവര്‍ തമ്മിലുള്ള ബന്ധം നീണ്ടുപോകണമെന്നുമില്ല.
പ്രൈമറി ഗ്രൂപ്പുകളും സെക്കന്‍ററി ഗ്രൂപ്പുകളും ഒരു വ്യക്തിയുടെ സാമൂഹികജീവിതത്തിനുള്ള വേദിയൊരുക്കിക്കൊടുക്കുന്നു. ഒരുവനെ ഒരു സമൂഹത്തിലെ അംഗമാക്കി മാറ്റുന്നത് ഇത്തരം ഗ്രൂപ്പുകളിലൂടെയാണ്. ഒരു സമൂഹത്തിലുള്ള അംഗത്വമാകട്ടെ, അവന്‍റെ ശാരീരികവും മാനസികവുമായ ആവശ്യങ്ങളുടെ സാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്നു.
കുടുംബം
പ്രൈമറി ഗ്രൂപ്പിന് ഏറ്റവും നല്ല ഉദാഹരണമാണ് കുടുംബം. ഒരു മനുഷ്യന്‍റെ ജീവിതം ആരംഭിക്കുന്നത് കുടുംബത്തില്‍നിന്നാണ്. 'ഫാമിലി' എന്ന ഇംഗ്ലീഷ് പദം ഫാമുലൂസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. 'സേവകന്‍' എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.
മറ്റു ജീവജാലങ്ങളില്‍നിന്നും വ്യത്യസ്തമായി ദൈര്‍ഘ്യമേറിയ ഒരു കുട്ടിക്കാലമാണ് മനുഷ്യനുള്ളത്. ജനിച്ചു വീഴുന്ന ശിശുവിന് പരാശ്രയം കൂടാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ കുടുംബം മനുഷ്യജീവിതത്തിന് അനിവാര്യമാണ്. "പ്രത്യുല്‍പാദത്തിനും കുട്ടികളുടെ വളര്‍ച്ചയ്ക്കും സഹായമായി താരതമ്യേന ചെറുതും ലൈംഗിക ബന്ധത്തിലൂന്നിയതുമായ സമൂഹമാണ് കുടുംബം" എന്നാണ് മക്ളര്‍ പറഞ്ഞുവയ്ക്കുന്നത്. സാധാരണയായി കുടുംബങ്ങള്‍ വിവാഹം എന്ന ചടങ്ങിനാല്‍ (കിശെേൗശേേീി) ബന്ധിതമാണ്.
വ്യക്തിബന്ധത്തിലും രക്തബന്ധത്തിലും അധിഷ്ഠിതമാണ് കുടുംബം. എലിയട്ടിന്‍റെ അഭിപ്രായത്തില്‍ ഭാര്യയും ഭര്‍ത്താവും മക്കളുമുള്ള ജീവപരവും സാമൂഹ്യപരവുമായ കൂട്ടായ്മയാണ് കുടുംബം. മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിന്‍റെ ആദ്യപടി കുടുംബമാണ്. ഒരു മനുഷ്യനെ അവന്‍റെ സമൂഹത്തിനുമുന്നില്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നത് കുടുംബമാണ്. പ്രൈമറി ഗ്രൂപ്പിന്‍റെ സവിശേഷതകളായ സ്ഥിരതയും വൈകാരിക അടുപ്പവും കൂട്ടായ്മ മനോഭാവവുമെല്ലാം ഏറ്റവും ശക്തമായി കാണപ്പെടുന്നത് കുടുംബത്തിലാണ്.
കുടുംബജീവിതത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് വിവിധ മതങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. നരവംശശാസ്ത്രത്തിന്‍റെ വീക്ഷണത്തില്‍ സ്ഥായിഭാവത്തോടെയല്ലെങ്കില്‍പ്പോലും മനുഷ്യന്‍റെ ഉത്ഭവത്തിന്‍റെ ആദ്യകാലങ്ങളില്‍തന്നെ കുടുംബങ്ങളും രൂപപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. ഇന്ന് മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിന്‍റെ അടിസ്ഥാനം കുടുംബമാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനുമുള്ള അവന്‍റെ അഭിലാഷത്തിന്‍റെ സാക്ഷാത്കാരം കൈവരുന്നത് കുടുംബങ്ങളിലൂടെയാണ്. മനുഷ്യന്‍റെ മതവിശ്വാസത്തിന്‍റേയും ധാര്‍മ്മിക മൂല്യങ്ങളുടേയും ആദ്യ പരിശീലനക്കളരി കൂടിയാണ് കുടുംബം.
കുടുംബങ്ങള്‍ അവയുടെ വലുപ്പമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കെല്ലറിന്‍റെ അഭിപ്രായത്തില്‍ കുടുംബം എന്നത് "ചുരുങ്ങിയത് രണ്ടു തലമുറയിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അവര്‍ തമ്മില്‍ രക്തബന്ധം പുലര്‍ത്തുന്നതുമായ ചെറിയ സംഘം" തന്നെയാണ്. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാത്രം സ്ഥിതിചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് കൂട്ടുകുടുംബങ്ങള്‍ . മൂന്നും നാലും തലമുറയിലെ അംഗങ്ങള്‍വരെ ഇത്തരം കുടുംബങ്ങളില്‍ ഉണ്ടാകും. എന്നാല്‍ ഇന്ന് കുടുംബങ്ങളിലെ അംഗസംഖ്യ കുറഞ്ഞ് അവ മൂന്നും നാലും പേര്‍ മാത്രമുള്ള 'അണു' കുടുംബങ്ങളായി പരിണമിച്ചിരിക്കുന്നു. ഈ വ്യതിയാനം അത്തരം കുടുംബങ്ങളില്‍ വളര്‍ന്നു വരുന്നവരുടെ വ്യക്തിത്വത്തെ വികലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.
വ്യക്തിത്വം സമൂഹസൃഷ്ടി
ജനിച്ചു വീഴുന്ന കുഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുശേഷം അമ്മയെ നോക്കി ചിരിക്കാന്‍ ആരംഭിക്കുന്നു. ഒറ്റപ്പെടുമ്പോള്‍ അത് കരയുന്നു. കുറച്ചുകൂടി പ്രായം ചെല്ലുമ്പോള്‍ സമപ്രായക്കാരോടൊപ്പം കളിക്കാന്‍ കൂടുന്നു, സ്കൂളില്‍ പഠിക്കാന്‍ പോകുന്നു, അങ്ങനെ സാവകാശം അവന്‍ ഒരു സമൂഹത്തിലെ അംഗമായിത്തീരുന്നു. താനായിരിക്കുന്ന സമൂഹത്തിലെ നന്മയും തിന്മയുമായ ഘടകങ്ങള്‍ അവന്‍റെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. അങ്ങനെ സമൂഹത്തില്‍നിന്നു കിട്ടുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ അവന്‍ സ്വയം രൂപപ്പെട്ടുവരുന്നു. അവന്‍ നില്ക്കുന്ന സമൂഹം ഏതുമായിക്കൊള്ളട്ടെ, ഒരുപക്ഷേ ഒരു ക്ലാസ്സോ ഗ്രൂപ്പോ അല്ലെങ്കില്‍ സ്വന്തം കുടുംബമോ അങ്ങനെ ഏതും അവന്‍റെ ചിന്തകള്‍ക്ക് ചിറകും ഭാവനകള്‍ക്ക് വര്‍ണ്ണവും ആശയങ്ങള്‍ക്ക് വ്യക്തതയും അനുഭവങ്ങള്‍ക്ക് ദൃഢതയും നല്കുന്നു.
ഒരു വ്യക്തിയുടെ ധാര്‍മ്മിക മനോഭാവവും വിശ്വാസജീവിതവും ലക്ഷ്യബോധവുമെല്ലാം മെനഞ്ഞെടുക്കുന്നത് സമൂഹമാണ്. ഇപ്രകാരം അവന്‍റെ ശാരീരിക വളര്‍ച്ചയോടൊപ്പം മനുഷ്യന് ബൗദ്ധികവും മാനസികവും വൈകാരികവുമായ പക്വത നേടിക്കൊടുക്കുന്നതിന് സമൂഹം മുഖ്യ പങ്കു വഹിക്കുന്നു. സമൂഹത്തിന്‍റെ അഭാവമാകട്ടെ, അവന്‍റെ വളര്‍ച്ചയെ മുരടിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു മനുഷ്യന്‍ സമൂഹത്തിലെ അംഗമായി വളരുക എന്നത് അവനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.
സാമൂഹ്യവത്ക്കരണം
ഒരു വ്യക്തിയെ സമൂഹത്തിന്‍റെ ഭാഗമാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തനത്തെയാണ് സാമാന്യേന സാമൂഹ്യവത്ക്കരണം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഒരു കുട്ടി ജനിച്ചു വീഴുന്നത് തികച്ചും അജ്ഞാതമായ ഒരു സാഹചര്യത്തിലാണ്. അതിനെ അതായിരിക്കുന്ന സാഹചര്യവുമായി പൊരുത്തപ്പെടുത്തിയെടുക്കുക അത്യന്താപേക്ഷിതമാണ്. ഇതിനുള്ള ശ്രമങ്ങളാണ് പ്രധാനമായും സാമൂഹ്യവത്ക്കരണത്തിലൂടെ നടക്കുന്നത്. "ഒരു വ്യക്തിയെ അവന്‍റെ സാമൂഹികവും സാംസ്ക്കാരികവുമായ ലോകത്തിലേക്ക് പ്രവേശിപ്പിക്കുകയും ഒപ്പം അവന് ഒരു സമൂഹത്തിന്‍റെയും അതിലെ വിവിധ ഗ്രൂപ്പുകളിലെയും അംഗത്വം നല്കുകയും ചെയ്യുന്ന പ്രക്രിയയാണ് സാമൂഹ്യവത്ക്കരണം" എന്നാണ് കിംബാള്‍ യുഗ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ പറയുന്നത്. ഇത് ഒരുവന്‍ സ്വയം ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അല്ലാതെ പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടുന്ന ഒന്നല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തില്‍, ഒരുവന്‍ വസിക്കുന്ന സമൂഹമാണ് അവനാരായിത്തീരണം എന്നു തീരുമാനിക്കുന്നത്. ഇപ്രകാരം ഒരു മനുഷ്യജീവിയെ അതിന്‍റെ എല്ലാ ഗുണ സവിശേഷതകളോടും കൂടിയ വ്യക്തിത്വമാക്കി വളര്‍ത്തുന്നത് ഈ സാമൂഹ്യവത്ക്കരണമാണ്. 'ചെന്നായ വളര്‍ത്തിയ കുട്ടി' എന്നതുപോലുള്ള ചില 'വന്യ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് സമൂഹത്തിന്‍റെ അഭാവം മനുഷ്യനെ മൃഗതുല്യനാക്കുന്നു എന്നതാണ്.
മനുഷ്യനും സാമൂഹികപ്രശ്നങ്ങളും
സമൂഹം ഒരു വ്യക്തിയെ സഹായിക്കുന്നതുപോലെതന്നെ ചിലപ്പോള്‍ ഉപദ്രവവും ഏല്പിച്ചേക്കാം. ഈ ഉപദ്രവങ്ങളാകട്ടെ, കൂടുതല്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കു വഴിതെളിക്കുന്നു. ചെറുതോ വലുതോ ആയ ഏതൊരു സമൂഹത്തിനും അതിന്‍റേതായ പ്രശ്നങ്ങളുണ്ടായിരിക്കും. ഗ്രീനിന്‍റെ അഭിപ്രായത്തില്‍ സാമൂഹികപ്രശ്നങ്ങള്‍ എന്നാല്‍ "ഒരു സമൂഹത്തിലെ ഭൂരിപക്ഷംപേരും ധാര്‍മ്മിക തിന്മയായി കരുതിയിട്ടുള്ള ഒരു കൂട്ടം നിബന്ധനകളാണ്." ഇത്തരം ധാര്‍മ്മികപ്രശ്നങ്ങള്‍ ഒരുപക്ഷേ ഒരു വ്യക്തിയുടേയോ അല്ലെങ്കില്‍ ഒരുകൂട്ടം വ്യക്തികളുടേയോ ഭാഗത്തു നിന്നുമാകാം. ഏതൊരു സാമൂഹികപ്രശ്നവും സാധാരണയായി നിലവിലുള്ള വ്യവസ്ഥിതിയുടെ മാറ്റത്തിനുവേണ്ടിയുള്ള മുറവിളിയായി വേണം കണക്കാക്കാന്‍. ജനപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം, യുദ്ധം ഇതെല്ലാം ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങളാണ്.
ദാരിദ്ര്യം
ഇന്ത്യയെപ്പോലുള്ള പല രാജ്യങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ദാരിദ്ര്യം. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ നാല്പത് ശതമാനത്തോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് എന്നാണ്. ഒരു വ്യക്തിക്ക് അവന്‍റെ അതിജീവനത്തിന് ആവശ്യമായ വസ്തുക്കളുടെ അപര്യാപ്തതയാണ് ദാരിദ്ര്യം കൊണ്ടുദ്ദേശിക്കുന്നത്. സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ തന്നെയാണ് ഒരു വിഭാഗം ജനത്തെ ആഡംബരജീവിതത്തിലേക്കും മറ്റൊരു വിഭാഗത്തെ ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നത്. ഹെന്‍ട്രി ജോര്‍ജ്ജിന്‍റെ അഭിപ്രായത്തില്‍ സ്വകാര്യസ്വത്തവകാശവും ഏകാധിപത്യവുമാണ് ദാരിദ്ര്യത്തിനുള്ള മുഖ്യകാരണങ്ങള്‍. പരമ്പരാഗത വിഭവശേഷിയുടെ അപര്യാപ്തത പലപ്പോഴും ഒരു രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. കൃഷിയെ മുഖ്യമായി ആശ്രയിച്ചിരിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സമയം തെറ്റി പെയ്യുന്ന മണ്‍സൂണ്‍ മഴപോലും ഒരു വലിയ വിഭാഗം ജനത്തെ പട്ടിണിയിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. ഇതു ഒരു ആഗോള പ്രശ്നം തന്നെയാണ്. കാരണം അമേരിക്കപോലുള്ള സമ്പന്നരാജ്യങ്ങളില്‍പോലും വലിയ ഒരു വിഭാഗം ദരിദ്രരായി തുടരുന്നു എന്നത് വാസ്തവമാണ്.
യുദ്ധം
മനുഷ്യന്‍റെ സാമൂഹിക ജീവിതത്തിനു വെല്ലുവിളിയാകുന്ന ഒരു പ്രധാന പ്രശ്നമാണ് യുദ്ധം. സാമ്പത്തികവും രാഷ്ട്രീയവും ആയ കാരണങ്ങളായിരിക്കും പലപ്പോഴും യുദ്ധങ്ങള്‍ക്കു പിന്നിലുണ്ടാവുക. നിരപരാധികള്‍ വധിക്കപ്പെടുന്നതാണ് യുദ്ധത്തിന്‍റെ ഏറ്റവും വലിയ ദൂഷ്യഫലം. ഭരണാധിപന്മാരുടെ അധികാരമോഹങ്ങളുടെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടെയും പൂര്‍ത്തീകരണത്തിന് ബലിയാടാകേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. രണ്ടു ലോകമഹായുദ്ധങ്ങള്‍ ഏല്പിച്ച ക്ഷതങ്ങളില്‍നിന്ന് ലോകം ഇതുവരെ വിമുക്തി നേടിയിട്ടില്ല. തങ്ങള്‍ക്ക് വഴങ്ങാത്ത മൂന്നാം ലോകരാഷ്ട്രങ്ങളില്‍ സാമ്രാജ്യശക്തികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരപരാധികളായ അനേകരുടെ ജീവന്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ ജീവഹാനി കൂടാതെതന്നെ യുദ്ധം അനേകം നാശനഷ്ടങ്ങള്‍ക്കു വഴിതെളിക്കുന്നു. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ അതു തകര്‍ക്കുകയും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്യുന്നു. ക്ഷാമവും, പട്ടിണിയും, എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളുമാണ് യുദ്ധങ്ങളുടെ പരിണിതഫലങ്ങള്‍.
ജനപ്പെരുപ്പം
മനുഷ്യസമൂഹം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണ് ജനസംക്യാവര്‍ദ്ധനവ്. ലോകജനസംഖ്യ ഇന്ന് 650 കോടി കടന്നിരിക്കുന്നു. ഇന്ത്യയിലാകട്ടെ 100 കോടി കഴിഞ്ഞിരിക്കുന്നു. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവുമെല്ലാം എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങളാണ്. ജനസംഖ്യാവര്‍ദ്ധനവിനനുസരിച്ച് ജനങ്ങള്‍ക്കെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ ഗവണ്‍മെന്‍റുകള്‍ ബാദ്ധ്യസ്ഥരാണ്. പക്ഷെ സാമ്പത്തിക പരാധീനതമൂലം ഗവണ്‍മെന്‍റുകള്‍ ഇക്കാര്യത്തില്‍ പലപ്പോഴും പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ ജനനനിയന്ത്രണത്തിനായി ഗവണ്‍മെന്‍റുകള്‍ മുന്നോട്ടു വന്നിരിക്കുകയാണ്. അനുയോജ്യമായ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള പലായനം ജനപ്പെരുപ്പത്തിന്‍റെ അനന്തരഫലംതന്നെയാണ്. ക്രമാതീതമായ ജനസംഖ്യാവര്‍ദ്ധനവ് ഒരു കൂട്ടം ജനങ്ങളെ തൊഴിലില്ലായ്മയിലേക്ക് നയിക്കും. ഇന്ന് ജനസംഖ്യയേ റിയ, ഇന്ത്യയും ചൈനയുംപോലുള്ള രാജ്യങ്ങളുടെ മുഖ്യപ്രശ്നം തൊഴിലില്ലായ്മ തന്നെയാണ്.
ജാതി വ്യവസ്ഥ
ഇന്ത്യയില്‍മാത്രം കണ്ടുവരുന്ന ഒരു സാമൂഹ്യപ്രശ്നമാണ് ജാതിവ്യവസ്ഥ. ഹിന്ദുമത വിശ്വാസവുമായി കൂടിക്കലര്‍ന്നു കിടക്കുന്ന ഈ വ്യവസ്ഥിതി സമൂഹത്തെ മേല്‍ജാതിയും കീഴ്ജാതിയുമായി വേര്‍തിരിക്കുന്നു. ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും തമ്മിലുള്ള തൊട്ടുകൂടായ്മയും മറ്റു വേര്‍തിരിവുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും ജാതിചിന്ത ഇപ്പോഴും ജനമനസ്സുകളെ ഭരിക്കുന്നു. താഴ്ന്ന ജാതികളുടെ അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനുംവേണ്ടി ഭരണഘടന പല ആനുകൂല്യങ്ങളും, എല്ലാ മേഖലകളിലും, പ്രത്യേകിച്ച്, വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും അനുവദിച്ചുകൊടുത്തിട്ടുണ്ട് എന്നുള്ളത് ഏറെ ആശ്വാസപ്രദമാണ്.
തീവ്രവാദം
സമൂഹത്തിലെ ചെറുപ്പക്കാരെ എളുപ്പം വഴിതെറ്റിക്കുന്നവയാണ് തീവ്രവാദപ്രസ്ഥാനങ്ങള്‍. മതത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും പേരു പറഞ്ഞ് തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി നടത്തുന്ന കൂട്ടക്കുരുതികളെ ഇവര്‍ ന്യായീകരിക്കുന്നു. മനുഷ്യന്‍റെ നന്മയ്ക്കായി രൂപപ്പെട്ട മതങ്ങളുടെപേരില്‍ നടക്കുന്ന കൊള്ളയും മനുഷ്യക്കുരുതിയും തികച്ചും അപലപനീയമാണ്. അമേരിക്കയില്‍ ബിന്‍ലാദന്‍റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണവും കാശ്മീരില്‍ നടക്കുന്ന നുഴഞ്ഞുകയറ്റവുമെല്ലാം തീവ്രവാദത്തിന്‍റെ വ്യത്യസ്ത മുഖങ്ങളാണ് വെളിപ്പെടുത്തുന്നത്.
സമൂഹത്തില്‍ പൊതുവായി കാണുന്ന ഇത്തരം പ്രശ്നങ്ങള്‍ക്കു പുറമേ ഓരോ സമൂഹത്തിനും അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ആഫ്രിക്കന്‍ നാടുകളില്‍ നിലനിന്നിരുന്ന 'വര്‍ണ്ണവിവേചനം' പല മുസ്ലിം നാടുകളിലും കാണപ്പെടുന്ന 'ലിംഗവിവേചനം' എന്നിവയെല്ലാം ഇതിന് ചില ഉദാഹരണങ്ങളാണ്.
പരിഹാര മാര്‍ഗ്ഗങ്ങള്‍
ആദ്യകാല മനുഷ്യര്‍ എല്ലാ സാമൂഹ്യപ്രശ്നങ്ങള്‍ക്കും പരിഹാരത്തിനായി അതീന്ദ്രിയ ശക്തികളുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇന്ന് കുറച്ചുംകൂടി പ്രായോഗിക മാര്‍ഗ്ഗങ്ങളാണ് മനുഷ്യര്‍ തേടുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി പ്രധാനമായും രണ്ട് മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്: പ്രത്യുപായമാര്‍ഗ്ഗവുംനിവാരണ മാര്‍ഗ്ഗവും സാമൂഹ്യപ്രശ്നങ്ങള്‍ മൂലമുണ്ടായ അനന്തരഫലങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദ്ദേശിക്കുകയാണ് പ്രത്യുപായമാര്‍ഗ്ഗത്തിലൂടെ ചെയ്യുന്നത്.യുദ്ധത്തിന്‍റെ പരിണാമംമൂലം നാശം നേരിട്ട നഗരങ്ങളുടെ പുനരുദ്ധാരണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നത് ഈ രീതിക്ക് ഉദാഹരണമാണ്. എന്നാല്‍ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാവുന്ന സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് അവയെ പ്രതിരോധിച്ച് നിര്‍ത്തുവാന്‍ നിവാരണമാര്‍ഗ്ഗം സഹായിക്കുന്നു. അതായത് യുദ്ധത്തിലേയ്ക്ക് നയിക്കാവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അവയെ ഇല്ലാതാക്കുവാനും അങ്ങനെ യുദ്ധം ഒഴിവാക്കുവാനും സഹായിക്കുന്നു. ഈ രീതിയാണ് കുറെക്കൂടി ഉല്‍കൃഷ്ടം എങ്കിലും പലപ്പോഴും പ്രത്യുപായമാര്‍ഗ്ഗമാണ് ഇന്ന് സമൂഹം ഉപയോഗിച്ചുവരുന്നത്.
ഉപസംഹാരം
അതുല്യ പ്രതിഭാസമായ മനുഷ്യനെ മറ്റു ജീവികളില്‍നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അവന്‍റെ സാമൂഹ്യബോധമാണ്. സമൂഹത്തിന്‍റെ അഭാവമാകട്ടെ അവന്‍റെ വ്യക്തിജീവിതത്തേയും വ്യക്തിത്വത്തേയും വികലമായി ബാധിക്കും എന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് കാള്‍ യുങ് ഇപ്രകാരം പറഞ്ഞത് "സമൂഹമില്ലെങ്കില്‍ മനുഷ്യനില്ല" എന്ന്. ഒരു മനുഷ്യനും ഒരു ദ്വീപല്ല . മറിച്ച്, പരസ്പരാശ്രയത്വത്തിലും സഹവര്‍ത്തിത്വത്തിലുമാണ് മനുഷ്യജീവിതം മുന്നോട്ടു നീങ്ങുന്നത്.
Man: A sociological philosophy catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206