We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Mathai Kadavil OIC On 05-Feb-2021
ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ വിവിധ സംസ്കാരങ്ങളില്‍ രൂപം പ്രാപിച്ചതിന്‍റെ പ്രതിഫലനമാണ് വ്യക്തിഗത സഭകള്‍. ഈയര്‍ത്ഥത്തില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ ഭാരതീയ ഭാവമാണ് കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍. ഇന്ത്യയിലെ ബഹുമത സാഹചര്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ ക്രൈസ്തവ വിശ്വാസം ഭാരതത്തില്‍ വളര്‍ന്നു വന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലപ്പോഴായി കേരളത്തിലെത്തിയ ക്രൈസ്തവ സാമൂഹങ്ങളുമായുള്ള ബന്ധത്തിലൂടെ പുത്തന്‍ രീതികള്‍ സ്വീകരിച്ചുകൊണ്ടു ഭാരത സഭ വളര്‍ന്നു വന്നു. മൂന്നാം നൂറ്റാണ്ടിലാരംഭിച്ച സിറിയന്‍ കുടിയേറ്റം ഭാരത സഭയെ സുറിയാനി രീതികളോട് ചേര്‍ന്നു വളരുന്നതിനിടയാക്കി. തുടര്‍ന്നു വന്ന പോര്‍ച്ചുഗീസു ബന്ധവും ആംഗ്ലിക്കന്‍ ബന്ധവും കേരളത്തിലെ സഭയില്‍ ഏറെ സ്വാധീനം ചെലുത്തി. വിവിധ ക്രൈസ്തവ സംസ്കാരങ്ങളുമായുള്ള ബന്ധം ആരാധനാരീതിയെ സ്വാധീനിച്ചതോടൊപ്പം വിശ്വാസ സംഹിതകള്‍ നിര്‍ണ്ണയിക്കുന്നതിനും കാരണമായിട്ടുണ്ട്. മലങ്കര സഭയുടെ വിശ്വാസം അടിസ്ഥാനപരമായി അന്ത്യോക്യന്‍ സഭയുടെ വിശ്വാസ ആചാരങ്ങളോട് ചേര്‍ന്നാണ് രൂപം പ്രാപിച്ചത്. അതേസമയം, ഭാരതീയ സംസ്കാരത്തിന്‍റെ സ്വാധീനം വഴിയും മറ്റ് ക്രൈസ്തവ സംസ്കാരങ്ങളുമായുള്ള ഇടപെടലുകള്‍ വഴിയായും വളര്‍ന്നു വികാസം പ്രാപിച്ച മലങ്കര സഭയുടെ വിശ്വാസജീവിതം അന്ത്യോക്യന്‍ വിശ്വാസത്തിന്‍റെ ഭാരതീയ ഭാവമായി നിലകൊളളുന്നു.
വിശ്വാസ സംഹിതകള്‍
കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, വിശ്വസിക്കുന്നത് പ്രാര്‍ത്ഥിക്കുന്നു എന്ന അടിസ്ഥാനത്തില്‍ മലങ്കരസഭയുടെ ആരാധനാ ഗ്രന്ഥങ്ങളില്‍ കാണുന്ന വിശ്വാസ സംഹിതകളാണ് മലങ്കര സഭയുടെ വിശ്വാസ സംഹിതകള്‍. മലങ്കര സഭയുടെ ആരാധനാ ക്രമങ്ങള്‍ പ്രധാനമായും അന്ത്യോക്യന്‍ സുറിയാനി ആരാധനാക്രമം തന്നെയാണ്. 1665 മുതലുളള അന്ത്യോക്യന്‍ ബന്ധത്തിലൂടെയാണ് ക്രമാനുഗതമായി അന്ത്യോക്യന്‍ ആരാധനാ രീതി മലങ്കരസഭയില്‍ വ്യാപിച്ചത്. ആരംഭത്തില്‍ പ്രധാനമായും വി.കുര്‍ബാനയാണ് ഇവിടെ പ്രചരിച്ചത്. തുടര്‍ന്ന് മറ്റ് കൂദാശാനുഷ്ഠാനങ്ങളും. യാമമനുസരിച്ചുളള പ്രാര്‍ത്ഥനാരീതികള്‍ 19-ാം നൂറ്റാണ്ടുമുതലാണ് പ്രധാനമായും കേരളത്തില്‍ പ്രചരിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ വിശ്വാസപരമായ കാര്യങ്ങളില്‍ കത്തോലിക്കാ സഭയുടെ അടിസ്ഥാനവിശ്വാസങ്ങള്‍ തന്നെയാണ് അന്ത്യോക്യന്‍ ആരാധന ക്രമത്തിലും നിലനില്ക്കുന്നത്. മദ്ധ്യ പൂര്‍വ്വേഷ്യന്‍ പ്രദേശത്തുളള സുറിയാനി സഭയുമായും, മലങ്കര സഭയുമായും കത്തോലിക്കാസഭ സംസര്‍ഗത്തിലേക്ക് കടന്നുവന്നപ്പോള്‍ ആരാധനാക്രമത്തില്‍ വിശ്വാസ വിരുദ്ധമായ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയുണ്ടായി. പ്രസ്തുത പഠനങ്ങളുടെ ഭാഗമായി വിശ്വാസപരമായ കാര്യങ്ങളില്‍ സഭകള്‍ തമ്മില്‍ സാരമായ വ്യത്യാസം കണ്ടെത്താനായില്ല. 451 ലെ കല്‍ക്കദോസിയാ (Chalcedom) സൂന്നഹദോസു മുതല്‍ അന്ത്യോക്യന്‍ സുറിയാനി സഭ കത്തോലിക്കാ സഭയില്‍ നിന്നുമുളള സംസര്‍ഗ്ഗത്തില്‍ നിന്നും വേറിട്ടാണ് വളര്‍ന്ന് വന്നതെങ്കിലും സഭകളുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ അതിനകം തീര്‍പ്പ് കല്പിച്ചിരുന്നതിനാല്‍ രണ്ടു സഭകളും തമ്മില്‍ വിശ്വാസ വിരുദ്ധ ആശയങ്ങള്‍ വളര്‍ന്നില്ല. കല്‍ക്കദോനിയാ സൂനഹദോസിലെ വേര്‍തിരിവ് സഭയുടെ അടിസ്ഥാന പ്രമാണങ്ങളിലെ വ്യത്യാസത്തെക്കാള്‍ ഗ്രീക്ക് സുറിയാനി സംസ്കാരങ്ങളില്‍ നിന്ന് നടത്തിയ ആശയ സംവേദനത്തെ വേണ്ട വിധത്തില്‍ പരസ്പരം മനസിലാക്കാത്തതു കൊണ്ടായിരുന്നുവെന്ന സമീപകാല കണ്ടെത്തലുകള്‍ വിശ്വാസ ഐക്യത്തിന് കൂടുതല്‍ ബലം നല്കുന്നു.
കര്‍ക്കദോനിയാ സൂനഹദോസിന് ശേഷം കത്തോലിക്കാ സഭയില്‍ നടന്ന സൂനഹദോസുകളും തീരുമാനങ്ങളും മുന്‍ തീരുമാനങ്ങളുടെ കാലാനുസൃതമായ വിശദീകരണങ്ങളോ കൂട്ടിചേര്‍ക്കലുകളോ എന്നയര്‍ത്ഥത്തില്‍ അന്ത്യോക്യന്‍ സഭയുടെ വിശ്വാസത്തിന് വിരുദ്ധമല്ലായെന്ന കാരണത്താലും അന്ത്യോക്യന്‍ സഭയില്‍ രൂപം പ്രാപിച്ച ആരാധനാ രീതിയില്‍ വിശ്വാസ വിരുദ്ധമായി ഒന്നുമില്ല. അന്ത്യോക്യന്‍ ക്രമം കേരളത്തില്‍ ശക്തിപെട്ടുവരുന്ന കാലയളവില്‍ ആംഗ്ലിക്കന്‍ സ്വാധീനം നിമിത്തം പരിശുദ്ധ ദൈവമാതാവിനോടും വിശുദ്ധരോടുമുളള വണക്കത്തിലും പരേതര്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥനയിലും മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രമങ്ങള്‍ നടന്നു. 1836-ലെ മാവേലിക്കര സൂനഹദോസിലൂടെ മലങ്കര ആരാധനയുടെ പ്രൊട്ടസ്റ്റന്‍റ് വല്കരണത്തെ പ്രതിരോധിച്ച മലങ്കര സഭ പരിശുദ്ധ ദൈവമാതാവിനോടും വിശുദ്ധരോടുമുളള ബഹുമാനം പ്രഘോഷിക്കാനും പരേത സ്മരണകളെ ഉറപ്പിക്കാനും സഹായകമായ മൂന്നു പ്രാര്‍ത്ഥനകള്‍ (പരി. ദൈവമാതാവിനോടും വിശുദ്ധരോടുമുളള കുക്കിലിയോനുകള്‍, മരിച്ചു പോയവര്‍ക്ക് വേണ്ടിയുളള കുക്കിലിയോന്‍) വി.കുര്‍ബാനയില്‍ ഉള്‍ച്ചേര്‍ത്തു. ഇത് മലങ്കര സഭയുടെ പ്രത്യേകതയാണ്.
ആരാധനയുടെ ഭാഗമായി കേരളത്തിലെ സാമൂഹിക-സാംസ്കാരിക അടിസ്ഥാനത്തില്‍ ചിട്ടപെടുത്തിയ ആചാരങ്ങള്‍, തിരുനാളുകളോടനുബന്ധിച്ച് നടത്തുന്ന പ്രദക്ഷിണങ്ങളും മറ്റനുഷ്ഠാനങ്ങളും, ദൈവാലയ ശിലാ സ്ഥാപനങ്ങളെ ആഘോഷപൂര്‍വ്വം ആചരിക്കുന്ന "കല്ലിട്ട പെരുന്നാള്‍" തുടങ്ങിയ ആചാരരീതികളും ദേവാലയ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുളള കേരളീയ തച്ചു ശാസ്ത്രരീതിയും, സഭയിലെ വിവിധ കലാ രൂപങ്ങളും പഠനവിഷയമാക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ പ്രകടമാകുന്ന ദൈവശാസ്ത്ര ചിന്തകളും മലങ്കര ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാന ഘടകമാണ്.
വേദപഠന രീതിയിലും ചില പ്രത്യേകതകള്‍ ഉണ്ട്. അന്ത്യോക്യന്‍ വേദപഠനരീതിയനുസരിച്ച് അര്‍ത്ഥങ്ങളിലൂടെയും പ്രതീകങ്ങളിയൂടെയും ദൈവീക രഹസ്യങ്ങളെ തിരിച്ചറിയുന്ന രീതി നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. വേദപുസ്തകത്തിലെ വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചുളള പരാമര്‍ശങ്ങളിലൂടെയും വര്‍ണ്ണനകളിലൂടെയും പുഷ്കലമായ സുറിയാനി ആരാധനാ രീതി വേദപഠനത്തിന് ഏറെ സഹായകമാണ്. ഇതിലൂടെ വേദപുസ്തകത്തെ പരിചയപ്പെടുന്നതോടൊപ്പം സഭാപിതാക്കന്മാരുടെ വേദവ്യാഖ്യാനങ്ങള്‍ മനസ്സിലാക്കാനും സാധിക്കുന്നു. ആരാധനയിലെ ഇത്തരം പരാമര്‍ശങ്ങളിലൂടെ ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നതോടൊപ്പം വിശ്വാസ പ്രബോധനവും നടക്കുന്നുവെന്നത് ഇതര സുറിയാനി സഭകളെപോലെ തന്നെ മലങ്കര സഭയുടെയും പ്രത്യേകതയാണ്.
മലങ്കരയില്‍ പ്രാബല്യത്തില്‍ വന്ന ധ്യാനയോഗങ്ങളിലൂടെയും കണ്‍വെന്‍ഷനുകളിലൂടെയും വേദപുസ്തകത്തിലെ പ്രബോധനങ്ങളും സംഭവങ്ങളും ആരാധനക്രമത്തിലൂടെ ഏറ്റു പറയുന്ന ദൈവീക രഹസ്യങ്ങളും വ്യാഖ്യാനിക്കുന്ന രീതി മലങ്കരയുടെ മറ്റൊരു പ്രത്യേകതയാണ്.
ദൈവീക വെളിപാടിന്‍റെ പ്രധാന സ്രോതസ്സുകളിലൊന്നായി പാരമ്പര്യത്തെ വെളിപ്പെടുത്താന്‍ കഴിയുന്ന തരത്തിലുളള സഭാപിതാക്കന്മാരുടെ രചനകള്‍ ചൂണ്ടികാണിക്കാന്‍ ഭാരതീയ സഭയ്ക്ക് കഴിയുന്നില്ലായെന്നത് വസ്തുതയാണ്. എങ്കിലും കേരളീയ സംസ്കാരത്തില്‍ നിന്നും ക്രൈസ്തവ സഭ സ്വീകരിച്ച ആചാരാനുഷ്ഠാനങ്ങളുണ്ട്. ഇത്തരം ആചാരങ്ങള്‍ ക്രൈസ്തവ സംസ്കാരത്തിന് നല്കിയ പൂര്‍വ്വപിതാക്കന്‍മാരുടെ സംഭാവനകള്‍ പഠനവിഷയമാകേണ്ടിയിരിക്കുന്നു. അതുപോലെതന്നെ വിവിധ മതസംസ്കാരാനുഷ്ഠാനങ്ങളുമായി സഹവര്‍ത്തിത്വത്തില്‍ കഴിയുവാന്‍ സഹായകമായ ദര്‍ശനങ്ങളും പഠനവിഷയമാകണം. മദ്ധ്യപൂര്‍വ്വ പ്രദേശങ്ങളില്‍ നിന്നും യൂറോപ്പില്‍ നിന്നും കേരളത്തിലേക്ക് വന്ന വിവിധ ക്രൈസ്തവ സമൂഹങ്ങളെ സ്വീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് കേരള ക്രൈസ്വ നേതൃത്വം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗോത്രസംസ്കൃതിയില്‍ നിന്നുവേണം ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപെടേണ്ടത് ഇവിടെ വ്യക്തികളുടെ കാഴ്ചപ്പാടുകളെക്കാള്‍ ഒരു സമൂഹത്തിന്‍റെ കാഴ്ചപ്പാടാണ് പ്രതിഫലിക്കുന്നത്. ഭാരതീയ ക്രൈസ്തവ സമൂഹത്തിന്‍റെ പാരമ്പര്യം ഈ വിധത്തില്‍ പഠനവിഷയമാകേണ്ടിയിരിക്കുന്നു.
ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ മുതല്‍ കേരള ക്രൈസ്തവരുടെ വിശ്വാസം വിശദീകരിക്കുന്നിടത്തെല്ലാം ത്രിത്വത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൂനഹദോസുകള്‍ അംഗീകരിച്ചുട്ടുള്ള വിശ്വാസ പ്രമാണങ്ങളുടെ വിശദീകരണം എന്നയര്‍ത്ഥത്തില്‍ മാത്രമെ ഇത്തരം രചനകളെ കാണാന്‍ കഴിയൂ. ത്രിത്വത്തെ വിശദീകരിക്കുവാനായി ഉപയോഗിച്ചിട്ടുളള ഭാഷകള്‍ നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഉദാഹരണത്തിന് ഉദയം പോരൂര്‍ സൂനഹദോസ് ത്രിത്വത്തെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. "വാവായും പുത്രനും റുഹക്കൂദശായും മൂവര്‍ ഒരുകാതെല്‍ തമ്പുരാന്‍ എന്നും ഈതംപുരാന ആദിയും അറുതിയും ഇല്ലാത്തവന്‍ വശനം കൊണ്ടു പറഞ്ഞാല്‍ ഒപ്പിച്ചു കൂടാത്തവന്‍ എന്നും പകര്‍ച്ച ബുദ്ധി വിസ്ഥാരം കൊണ്ട ഒളളനിരുപണയില്‍ അടക്കി കൂടാത്തവന്‍ പകര്‍ച്ച ഒണ്ടായി കൂടാത്തവന്‍ എന്നും സര്‍വവും ആകുന്നവന്‍ ഒരുവന്‍ തമ്പുരാന്‍ എന്നും വിശ്വസിക്കുന്നെന്‍" (see next 3 pages) (സ്കറിയ സഖറിയാ, ഉദയമ്പേരൂര്‍ സൂനഹദോസിന്‍റെ കാനോനകള്‍ 122. മലങ്കരക്കാരുടെ വിശ്വാസക്രമത്തെ പുകടിയില്‍ ഇട്ടൂപ്പ് റൈറ്ററുടെ വിശദീകരണം.)
ശുദ്ധമാകപ്പെട്ടതും സൃഷ്ടിക്കപെടാത്തതും കാതലിന് അടുത്തതും കാതല്‍ത്വത്തിലും വര്‍ഗ്ഗത്തിലും ബഹുമാനത്തിലും മുഷ്കതത്വത്തിലും ഇഷ്ടത്തിലും കര്‍ത്തവ്യത്തിലും ശരിയാക്കപ്പെട്ടതും ആദിയും അറുതിയില്ലാത്തതുമായ ബാവായും പുത്രനും ശുദ്ധമാക്കപ്പെട്ട റൂഹായും ആകുന്ന മൂന്മത്വത്തില്‍ സ്തുതിക്ക് യോഗ്യമാക സുറിയാനിക്കാര്‍ പകര്‍പ്പ് കൂടാതെ വിശ്വസിക്കുന്നു. (പുകടിയില്‍ ഇട്ടൂപ്പ് റൈറ്റര്‍ മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം പേജ്-89) വിശേഷിച്ചും മൂന്ന് ക്നൂമ്മാകളുടെ സ്വരൂപമായ മൂന്ന് സ്വകാര്യങ്ങള്‍ കൊണ്ട് ത്രിത്വം തിരിച്ച് അറിയപ്പെടുത്തുന്നു (പേജ്-89).
മലങ്കര സഭയുടെ ആരാധനാ ക്രമത്തിലേക്ക് കടന്നുവരുമ്പോള്‍ ത്രിത്വാരാധനയുടെ സവിശേഷതകള്‍ കാണാന്‍ കഴിയും. സഭാ തലത്തിലുളള ഏത് കൂടിവരവും ത്രിത്വസ്തുതി തന്നെയായ കൗമ്മയോടെ ആരംഭിച്ച് ത്രിത്വനാമത്തലൂടെ സമാപന ആശീര്‍വ്വാദത്തോടെയാണ് സമാപിക്കുന്നത്. വി.കുര്‍ബാനയില്‍ ത്രിത്വനാമത്തില്‍ നടത്തുന്ന ആശീര്‍വ്വാദങ്ങളും ഓരോ പ്രാര്‍ത്ഥനകളും ത്രിത്വനാമത്തിലുളള സ്തുതിപ്പുകളോടും അവസാനിപ്പിക്കുന്നതില്‍ നിന്നും ത്രിത്വത്തിന് മലങ്കര സഭ നല്കുന്ന പ്രാധാന്യത്തെ മനസ്സലാക്കാന്‍ കഴിയും. ദനഹാ തിരുന്നാള്‍ പ്രധാനമായും ത്രിത്വത്തിന്‍റെ തിരുന്നാള്‍ തന്നെയാണ്.
ഭാരതത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ക്രൈസ്തവ വിശ്വാസത്തെ യേശു മാര്‍ഗ്ഗത്തോടാണ് ഉപമിച്ചിരിക്കുന്നത്. അതനുസരിച്ച് യേശുവിന്‍റെ മാര്‍ഗത്തെ അനുധാവനം ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍. യേശുവിന്‍റെ അതുല്ല്യതയെ പ്രഘോഷിക്കുന്നതിനൊപ്പം ബഹുസ്വരതയെ അംഗീകരിക്കുകയും ചെയ്യുന്നു.
കല്പനാലംഘനത്തോടെ മനുഷ്യന്‍റെ ദൈവഛായക്ക് മങ്ങലേറ്റു. തങ്ങള്‍ക്ക് ലഭിച്ച ദൈവീകസ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗം നിമിത്തമാണ് ഇത് സംഭവിച്ചത്. നഷ്ടപ്പെട്ടുപോയ പ്രതിഛായ വീണ്ടെടുക്കുവാന്‍ മനുഷ്യനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ദൈവം നിയോഗിച്ച പിതാക്കന്മാരും ന്യായാധിപന്മാരും രാജാക്കന്മാരും പ്രവാചകന്മാരും നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ദൈവ പുത്രനായ യേശു മനുഷ്യാവതാരം ചെയ്തത്. യേശു തന്‍റെ തിരുവിലാവില്‍ നിന്നും പുറപ്പെട്ട രക്തവും വെള്ളവുമുപയോഗിച്ച് മനുഷ്യനെ വെടിപ്പാക്കി തന്‍റെ പ്രതിഛായയെ വീണ്ടെടുത്തു. വി. കുര്‍ബാനയിലൂടെയും ഇതര കൂദാശകളിലൂടെയും വീണ്ടെടുപ്പ്പ്രക്രിയ തുടരുന്നു. അതിനാല്‍ മാമ്മോദീസായിലൂടെ രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരുന്ന ഓരോ വിശ്വാസിയും ദൈവത്തിന്‍റെ പ്രതിനിധിക്കടുത്തവിധം ലോകത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു.
പെരുന്നാളുകളില്‍ ദനഹായും കൂദാശകളില്‍ മാമ്മോദീസയും മലങ്കര സഭയുടെ മനുഷ്യസങ്കല്‍പത്തെക്കുറിച്ചുളള ചിന്തകള്‍ക്ക് മിഴിവ് നല്കുന്നു. സുറിയാനി സഭകള്‍ പൊതുവെ വിശ്വസിച്ച് ആരാധിക്കുന്ന ഈ മനുഷ്യ സങ്കല്പമാണ് മാനവീകതയ്ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുവാന്‍ മാര്‍ ഈവാനിയോസ്, മാര്‍ ഗ്രിഗോറിയോസ്, മാര്‍ ബസ്സേലിയോസ് തുടങ്ങിയവരുടെ നേതൃത്തിലുളള മലങ്കര സഭയ്ക്ക് കഴിഞ്ഞത്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ ദൈവത്തിന്‍റെ സര്‍വ്വസൃഷ്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ മലങ്കര സഭ പ്രതിജ്ഞാബദ്ധമാണ്.
ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിലും ഈ ദര്‍ശനത്തിന്‍റെ പ്രതിഫലനം കാണാം. കിഴക്ക്-പടിഞ്ഞാറായിട്ടാണ് ദേവാലയം പണിയുന്നത്. ഉദയ സൂര്യന്‍റെ ദിക്കായ കിഴക്കുനിന്നും പടിഞ്ഞാറോട്ട് പായുന്ന മിന്നല്‍ പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍റെ രണ്ടാം വരവ് (മത്താ 24:41) എന്ന വേദവാക്യമുള്‍പ്പെടെ കിഴക്കിനെ പറുദീസായുടെ/ദൈവരാജ്യത്തിന്‍റെ പ്രഭവസ്ഥലമായി കാണുന്ന സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നുമാണ് ഈ ദര്‍ശനം രൂപപ്പെട്ടിരിക്കുന്നത്. ദേവാലയത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് വിശ്വാസികള്‍ നില്കുന്നത്; അതിനെ ഭൂമിയായി സങ്കല്പിക്കുമ്പോള്‍ കിഴക്കേ ഭാഗത്തായി പണിയുന്ന മദ്ബഹായെ സ്വര്‍ഗ്ഗമായി സങ്കല്പിക്കുന്നു. ദേവാലയത്തിന്‍റെ ഇതര ഭാഗത്തുനിന്നും ഉയര്‍ന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിനു രണ്ടിനുമിടയില്‍ പണിയുന്ന അഴിയിട്ട് വേര്‍തിരിച്ച ഭാഗം ദൈവരാജ്യത്തില്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന മാലാഖമാരുടെയും വിശുദ്ധരുടെയും സ്ഥലമായി വിവക്ഷിക്കപെടുന്നു. ചുരുക്കത്തില്‍ ദേവാലയ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഈ ദര്‍ശനം മനുഷ്യ ജീവിതത്തെ ദൈവരാജ്യത്തിലേക്ക് ലക്ഷ്യം വച്ചുളള യാത്രയായി കാണുവാന്‍ വിശ്വാസികളെ സഹായിക്കുന്നു.
ആരാധനാ ക്രമത്തിന്‍റെ ക്രമീകരണങ്ങളിലും ഈ ദര്‍ശനത്തെ നിരീക്ഷിക്കാനാകും. ദിനചക്രത്തിന്‍റെ അവസാന യാമങ്ങളിലെ പ്രാര്‍ത്ഥനകള്‍ പരേതരെ സ്മരിക്കുന്നതിനായി പ്രത്യേകം നീക്കി വച്ചിരിക്കുന്നു. അതുപോലെ വാരചക്രത്തിന്‍റെ അവസാന ദിവസമായ ശനിയാഴ്ചയും വര്‍ഷചക്രത്തിലെ സമാപന കാലങ്ങളായ തേജസ്മരണ കാലവും സ്ലീബാക്കാലവും പരേതസ്മരണകളിലും ദൈവരാജ്യചിന്തകളിലും നിറഞ്ഞ് നില്ക്കുന്നു. ആരാധനയിലെ ഇത്തരം ക്രമീകരണങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായി ദൈവത്തെയും അവിടുത്തെ രാജ്യത്തെയുംകുറിച്ച് ചിന്തിക്കുവാന്‍ നമ്മെ സഹായിക്കുന്നു.
ശവസംസ്കാര ശുശ്രൂഷയുടെ ക്രമം കൂദാശക്രമത്തിന്‍റെ ഭാഗമായിട്ടാണ് മലങ്കരയില്‍ പ്രചരിച്ചിരിക്കുന്നത്. ജനനം മുതല്‍ മരണം വരെയുളള ഒരോ ശുശ്രൂഷകളെയും വിശുദ്ധീകരണത്തിന്‍റെ ഭാഗമായി കാണുന്ന മതസംസ്കാരങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ കാണേണ്ടത്. പരേതാത്മാക്കളെ സ്വര്‍ഗ്ഗോന്മുഖയാത്രയില്‍ അനുധാവനം ചെയ്യുന്നതിന് സഹായകമായ വിധത്തിലാണ് ഈ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.
കേരളീയ സംസ്കാരത്തില്‍ നിന്നും സ്വീകരിച്ചിട്ടുളള നിരവധിയാചാരങ്ങള്‍ നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കത്തോലിക്കാ സഭയില്‍ നിന്നും വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളില്‍നിന്നും പ്രത്യേകിച്ച് ആംഗ്ലിക്കന്‍ സഭയില്‍ നിന്നുമുളള മിഷനറിമാരുടെ ഇടപെടല്‍ നിമിത്തം നമ്മുടെ പൂര്‍വ്വീകര്‍ അനുഷ്ഠിച്ചിരുന്ന നിരവധിയാചാരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിദേശ ഇടപെടലുകളെ പ്രതിരോധിക്കുന്നതിന് ശ്രമിച്ച മലങ്കര സഭ സാമൂഹികമായി നിരവധി ആചാരങ്ങള്‍ ഇന്നും തുടര്‍ന്ന് വരുന്നു. പുലയാചാരങ്ങളും മരണവീട്ടില്‍ നടത്തുന്ന പല പ്രത്യേക ചടങ്ങുകളെയും ഇതിന്‍റെ ഭാഗമായി കാണാന്‍ കഴിയും.
പരി.ദൈവമാതാവിന്‍റെ ബഹുമാനാര്‍ത്ഥം സുറിയാനി സഭയില്‍ ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെയുളള ദിവസങ്ങളില്‍ പതിനഞ്ചുനോമ്പ് ആചരിച്ചു വരുന്നു. പരി.ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണപെരുന്നാളിന് ഒരുക്കമായിട്ടാണ് ഇത് നടത്തി വരുന്നത്. ഈ നോമ്പാചരണത്തിന് ഗൗരവമായ പ്രാധാന്യം സാധാരണ ജനങ്ങളില്‍ കാണാറില്ല. എങ്കിലും പതിനഞ്ചുനോമ്പാചരണത്തോടനുബന്ധിച്ചു വരുന്ന സ്വര്‍ഗ്ഗാരോപണ പെരുന്നാള്‍ ആഡംബര പൂര്‍വ്വം നടത്തിവരുന്നു. മാതാവിന്‍റെ ജനന പെരുന്നാളിനോടനുബന്ധിച്ച് (സെപ്റ്റംബര്‍ 1-8) നടത്തിവരുന്ന എട്ടുനോമ്പിന് മലങ്കര സഭാവിശ്വാസികള്‍ വലിയ പ്രാധാന്യം നല്കുന്നു. 9-ാം നൂറ്റാണ്ടുമുതല്‍ മലങ്കരയില്‍ ഈ നോമ്പ് ആചരിച്ചുവരുന്നതായി കരുതപ്പെടുന്നു. എട്ടുനോമ്പിനോടനുബന്ധിച്ച് പരി ദൈവമാതാവിന്‍റെ നാമത്തിലുളള പളളികളില്‍ ഭജനയിരുന്ന് പ്രാര്‍ത്ഥിക്കുന്ന രീതി സ്ത്രീകളുടെയിടയില്‍ കാണാന്‍ കഴിയും.
പരിശുദ്ധ ദൈവമാതാവിനെ പ്രത്യേകം അനുസ്മരിക്കുന്ന ബുധനാഴ്ച ദിവസങ്ങളില്‍ മാതാവിനോടുളള ബഹുമാനസൂചകമായി ഉപവാസത്തോടും പ്രത്യേക പ്രാര്‍ത്ഥനകളോടും കൂടി നോമ്പാചരിക്കുന്നു. വളരെയധികം സ്ത്രീകള്‍ ഇതാചരിച്ചു വരുന്നു. പരി.ദൈവമാതാവിന്‍റെ ബഹുമാനാര്‍ത്ഥം ഏഴു പെരുന്നാളുകള്‍ മലങ്കരയില്‍ ആചരിക്കുന്നു.
ഇവ കൂടാതെ അമലോത്ഭവ തിരുന്നാള്‍ (ഡിസംബര്‍-8) പല സ്ഥലങ്ങളിലും ആചരിച്ചു വരുന്നു. പരി.ദൈവമാതാവിനോടുളള മദ്ധ്യസ്ഥ പ്രാര്‍ത്ഥന മലങ്കരയുടെ മറ്റൊരു പ്രത്യേകതയാണ്. നാം നേരത്തെ കണ്ടത് പോലെ പരി.ദൈവമാതാവിനോടുളള കുക്കിലിയോന്‍ പ്രാര്‍ത്ഥന മരങ്കരയുടെ മറ്റൊരു സവിശേഷതയാണ്. വി.കുര്‍ബാനയുടെ അവസരത്തിലും, ആഘോഷമായ സന്ധ്യാപ്രാര്‍ത്ഥനയുടെ അവസരങ്ങളിലും ഇത് നടത്തി വരുന്നു.
പാശ്ചാത്യ സഭയിലെ പോലെ എതെങ്കിലും വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന രീതി പൗരസ്ത്യസഭകളില്‍ പൊതുവെ കാണാറില്ല. എന്നാല്‍ വിശുദ്ധരെന്ന് സാധാരണക്കാര്‍ കരുതുന്നവരുടെ കുഴിമാടങ്ങളില്‍ തിരി തെളിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന രീതിയാണ് സാധാരണ നടന്നു വരുന്നത്. ആളുകളുടെയിടയില്‍ ലഭിക്കുന്ന സ്വീകാര്യത സഭയുടെ സ്വീകാര്യതയായി ഉയരുന്നു.
അപ്പസ്തോലന്മാര്‍ക്ക് അന്ത്യോക്യന്‍ സഭ വലിയ പ്രാധാന്യമാണ് നല്കുന്നത്. അവരുടെ സ്തുതിയ്ക്കും മഹത്വത്തിനുമായി ജൂണ്‍ 16 മുതല്‍ 29 വരെ ദിവസങ്ങളില്‍ ശ്ലീഹാ നോമ്പ് എന്ന പേരില്‍ പതിമൂന്നുനോമ്പ് ആചരിക്കുന്നു. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാളിന് ഒരുക്കമായാണ് ഇത് നടത്തിവരുന്നത്. ഭാരത സഭയുടെ അപ്പസ്തോലന്‍ എന്ന നിലയില്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ജൂലൈ മൂന്നിന് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. മെത്രാന്‍ സ്ഥാനത്തെ സാധാരണയായി വിശുദ്ധിയുടെ പടിയായിട്ടാണ് സഭ കാണുന്നത്. അതിനാലാണ് പേരിനോട് ചേര്‍ന്ന് 'മാര്‍' എന്ന പദം ഉപയോഗിച്ചുവരുന്നത്. പിതാക്കന്മാരുടെ കാലശേഷം അവരെ അടക്കം ചെയ്ത സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനപൂര്‍വ്വം കടന്നു വരികയും പ്രാര്‍ത്ഥിക്കുയും ചെയ്യുന്നത് മലങ്കരയുടെ ഒരു പ്രത്യേകതയാണ്.
സഭയുടെ പ്രബോധനാധികാരം പരി.സൂനഹദോസുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സൂനഹദോസുകളിലൂടെ സഭാ പിതാക്കന്‍മാര്‍ കൂട്ടുത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്നു. വിശ്വാസവിഷയങ്ങളെ നിയമത്തിന്‍റെ ചട്ടക്കൂട്ടില്‍ തളച്ചിടാതെ അജപാലന സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ദൈവമനുഷ്യ ബന്ധത്തിന്‍റെ ഊഷ്മളതയെ പരിപോഷിപ്പിക്കുന്ന രീതി പൗരസ്ത്യ സഭകളുടെ പ്രത്യേകതയാണ്.
ആരാധനയെ സംബന്ധിച്ച പഠനങ്ങള്‍ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പ്പെടുന്നു. ഒന്നാമതായി ആരാധനയുടെ ദൈവശാസ്ത്രം (theology of liturgy) ആരാധനയുടെ അര്‍ത്ഥം, അതിന്‍റെ സാംഗത്യം തുടങ്ങിയ സത്താപരമായ വിഷയങ്ങള്‍ ഇതിന്‍റെ പരിധിയില്‍പ്പെടുന്നു. മതങ്ങളുടെ അടിസ്ഥന ഘടകങ്ങളില്‍ അതി പ്രധാനമായ ആരാധനയുടെ ഭാവങ്ങള്‍ മലങ്കരക്കാരുടെ ജീവിതത്തില്‍ ഇഴുകിചേര്‍ന്നിട്ടുണ്ട്. ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളെയും ദൈവത്തോട് ചേര്‍ത്ത് അനുവര്‍ത്തിക്കുന്ന സെമിറ്റിക് ഇന്ത്യന്‍ പാരമ്പര്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാന്‍ മലങ്കര സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
രണ്ടാമത്തെ വിഭാഗം ആരാധനയില്‍ നിന്നുമുള്ള ദൈവശാസ്ത്രമാണ് (Thwology from liturgy) വിശ്വസിക്കുന്നത് ആരാധിക്കുന്നുവെന്ന സൂക്തം ഇതരപൗരസ്ത്യ സഭകളെപ്പോലെ മലങ്കരസഭയുടെയും അടിസ്ഥാനദര്‍ശനത്തില്‍പ്പെടുന്നു. വിവിധ യാമങ്ങളിലായി നടത്തുന്ന പ്രാര്‍ത്ഥനകളിലും, കാലാനുസൃതം നടത്തിവരുന്ന പെരുന്നാള്‍ ക്രമങ്ങളിലും, മനുഷ്യജീവിതത്തിന്‍റെ അവിസ്മരണീയ നിമിഷങ്ങളെ ദൈവത്തോട് ചേര്‍ക്കുന്നതിന്‍റെ ഭാഗമായി നടത്തപ്പെടുന്ന കൂദാശക്രമങ്ങളിലും വിശിഷ്യ വിശ്വാസജീവിതത്തിന്‍റെ കേന്ദ്രമായ വി. കുര്‍ബാനയിലും ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളില്‍ മലങ്കര സഭയുടെ വിശ്വാസം അടങ്ങിയിരിക്കുന്നു. മദ്ധ്യ-പൂര്‍വ്വേഷ്യന്‍ പ്രദേശങ്ങളില്‍ 1-13 നൂറ്റാണ്ടുകളില്‍ വിരചിതമായ പ്രാര്‍ത്ഥനകള്‍ ആണ് പ്രധാനമായും മലങ്കരസഭയില്‍ ഉപയോഗത്തിലിരിക്കുന്നത്. സഭയുടെ അടിസ്ഥാന തത്വങ്ങള്‍ കാലദേശാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തതിനാല്‍ ഇത് ഒരു പരിമിതിയായി കാണേണ്ടതില്ല. മാത്രവുമല്ല കാല-ദേശങ്ങള്‍ക്കനുസരിച്ച് ഈ പ്രാര്‍ത്ഥനകളുടെ ഉപയോഗത്തില്‍ പ്രാധാന്യം കുറയുകയും കൂടുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ചില കാലങ്ങളില്‍ ചില സ്ഥലങ്ങളില്‍ ആഘോഷ പൂര്‍വ്വം നടത്തിയിരുന്ന ആചാരങ്ങള്‍ വേറെ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മാറ്റത്തിന് വിധേയമായിട്ടുണ്ട്. കൂടാതെ പുതിയ പ്രാര്‍ത്ഥനാരീതികള്‍ സഭയുടെ ആരാധനാ ക്രമത്തിന് സമാന്തരമായി വളര്‍ന്ന് വരികയും ചെയ്യുന്നു. ഇവിടെ ആരാധനയെ കേവലം എഴുതിവച്ച പ്രാര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല പഠന വിധേയമാക്കേണ്ടത്. മറിച്ച്, ആരാധനയെ സാമൂഹിക പശ്ചാത്തലത്തില്‍ കൂടി വേണം പഠനവിധേയമാക്കേണ്ടത്. ഈ വിധത്തില്‍ മലങ്കരയിലെ ആരാധനാ രീതികള്‍ സുറിയാനി ആരാധനയില്‍ നിന്ന് വേറിട്ട് നില്ക്കുന്നു.
മൂന്നാമതായി ആരാധനാനുഭവത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന ദൈവശാസ്ത്രം (Liturgical theology) പ്രാര്‍ത്ഥനയുടെ മനുഷ്യര്‍ തങ്ങളുടെ ദൈവാനുഭവത്തില്‍ നിന്നും രൂപപ്പെടുത്തുന്ന ദൈവശാസ്ത്രമായി ഇതിനെ കാണാം. കേവലം ബൗദ്ധീക തലത്തില്‍ നടത്താവുന്ന ഒരു പ്രക്രിയയല്ല പൗരസ്ത്യ സഭകളെ സംബന്ധിച്ചിടത്തോളം ദൈവശാസ്ത്ര പഠനങ്ങള്‍. മറിച്ച്, ആത്മീയാനുഭവങ്ങളുടെ തലത്തിലാണ് ഇത് ശക്തിപെടേണ്ടത്. ഉദ്ദാഹരണത്തിന് മാര്‍ ഇവാനിയോസ് തിരുമേനിയുടെ പവിത്രമായ ദൈവശാസ്ത്ര രചനകള്‍ കല്‍ക്കത്തായിലും റാന്നി-മുണ്ടന്‍ മലയിലുമായി വളര്‍ന്നു വന്ന ബഥനിയുടെ മിസ്റ്റിക് അനുഭവത്തിലാണ് വളര്‍ന്നു വികാസം പ്രാപിച്ചത്. സഭകളുടെ ഐക്യവും മതങ്ങള്‍ തമ്മിലുള്ള സൗഹൃദവും, സഭയുടെ പ്രേഷിത ദൗത്യവും തന്‍റെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനഭാവമായി അംഗീകരിക്കപ്പെട്ടത് ദൈവസന്നിധിയിലെ സാധനകളുടെ ഫലമായിട്ടാണ്.
ഇക്കാരണത്താല്‍ തന്നെ മലങ്കര സഭയുടെ ആരാധയെ സംബന്ധിച്ചുള്ള പഠനങ്ങള്‍ കേവലം ആരാധനക്രമ പുസ്തകങ്ങളെ സംബന്ധിച്ച പ്രതിപാദനത്തില്‍ ഒതുക്കിനിര്‍ത്തുന്നത് അഭികാമ്യമല്ല. എങ്കിലും സ്ഥല-സമയ പരിമിതിമൂലം മലങ്കര സഭയിലെ ആരാധന രീതികളെ ഹ്രസ്വമായി പരിചയപെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. അക്കാരണത്താല്‍ തന്നെ സു റിയാനി സഭയില്‍ രൂപപ്പെട്ട ആരാധനാ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങളാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. കേരളീയ സംസ്കാരത്തില്‍ നിന്നും സ്വീകരിച്ചതും, പോര്‍ച്ചുഗീസ്-പേര്‍ഷ്യന്‍ അധിനിവേശത്തിലൂടെ വളരെയേറെ നഷ്ടപെട്ടെങ്കിലും ഇന്നും കാത്തുസൂക്ഷിക്കുന്ന ആരാധനയുടെ സാമൂഹികവശങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇതിലുള്‍പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ഓരോ ദിവസത്തിലും വിവിധ യാമങ്ങളിലായി പ്രതിദിന പ്രാര്‍ത്ഥനകള്‍ (Daily Cycle - ദിനചക്രമനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍) നടത്തുന്നു. സൂര്യാസ്തമയത്തോടെ ദിവസം ആരംഭിക്കുന്നുവെന്ന സങ്കല്പത്തിലാണ് ആരാധനയുടെ സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. ഒരു ദിവസത്തെ ഏഴുയാമങ്ങളായി ക്രമീകരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയാണ് സുറിയാനി ക്രമമനുസരിച്ച് മലങ്കര സഭയില്‍ അംഗികരിച്ചിട്ടുള്ളത്. ഏഴുയാമങ്ങളും യേശുവിന്‍റെ പീഢാനുഭവസംഭവത്തിലെ പ്രധാനപ്പെട്ട ഏഴു സംഭവങ്ങളോട് ബന്ധപ്പെടുത്തിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഓരോ ദിവസത്തിനും അതതിന്‍റേതായ വിഷയങ്ങളുണ്ട്. ആ വിഷയം ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകളില്‍ പ്രതിഫലിക്കുന്നുവെങ്കിലും ഓരോ യാമവും ഓരോ പ്രത്യേകം വിഷയങ്ങള്‍ ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
സന്ധ്യാ പ്രാര്‍ത്ഥന
സെഹിയോന്‍ മാളികയില്‍ യേശു അപ്പസ്തോലന്മാരോടു കുടി ആചരിച്ച അന്ത്യഅത്താഴത്തോടാണ് സന്ധ്യാപ്രാര്‍ത്ഥനയെ ഉപമിച്ചിരിക്കുന്നത്. അതാത് ദിവസത്തെ വിഷയങ്ങളോടൊപ്പം വ്യത്യസ്ത വിഷയങ്ങളും സന്ധ്യാപ്രാര്‍ത്ഥനയില്‍ അനുസ്മരണാ വിഷയമാകുന്നുണ്ട്.
സൂത്താറ അഥവാ ഏഴരയുടെ പ്രാര്‍ത്ഥന
യേശുവിന്‍റെ ഗത്സമേനിലെ പ്രാര്‍ത്ഥനാനിമിഷങ്ങളോടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. ഇത് മലങ്കരയില്‍ വളരെ പ്രാധന്യത്തോടെ ഓര്‍ക്കുന്ന ഒരു സങ്കല്പമാണ്. ഗത്സമേനില്‍ പ്രാര്‍ത്ഥിക്കുന്ന യേശുവിന്‍റെ ചിത്രം മിക്ക ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്ന രീതി വ്യാപകമാണ്. അനുതാപ ചിന്തകള്‍ക്കാണ് സൂത്താറ പ്രാര്‍ത്ഥനയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
രാത്രി പ്രാര്‍ത്ഥന
കയ്യാപ്പാസിന്‍റെയും, അന്നാസിന്‍റെയും പീലത്തോസിന്‍റെയും മുമ്പില്‍വച്ച് നടത്തപ്പെട്ട വിചാരണകളോടാണ് രാത്രി പ്രാര്‍ത്ഥനയെ ഉപമിച്ചിരിക്കുന്നത്. രാത്രി പ്രാര്‍ത്ഥനയ്ക്ക് നാലു ഭാഗങ്ങളാണുള്ളത്(നാലു കൗമ്മകള്‍). രാത്രി പ്രാര്‍ത്ഥനയുടെ ഒന്ന് രണ്ട് മൂന്ന് കൗമ്മാകളില്‍ യഥാക്രമം പരിശുദ്ധ ദൈവമാതാവിനെയും, വിശുദ്ധരെയും സകല പരേതരെയും പ്രത്യേകമായി അനുസ്മരിക്കുന്നു. നാലാം കൗമ്മായില്‍ പൊതു അനുസ്മരണയാണ് നടത്തുന്നത്.
പ്രഭാത പ്രാര്‍ത്ഥന
പ്രഭാത പ്രാര്‍ത്ഥനയെ പീലാത്തോസിന്‍റെ വിധി പ്രഖ്യാപനത്തോടുപമിച്ചിരിക്കുന്നു. സന്ധ്യാ പ്രാര്‍ത്ഥനയിലേതുപോലെ ത്തന്നെ ഓരോ ദിവസത്തെയും പ്രത്യേക സ്മരണകളോടൊപ്പം വ്യത്യസ്ത ആദര്‍ശങ്ങള്‍ ഉള്‍ചേര്‍ന്നാണ് പ്രഭാത പ്രാര്‍ത്ഥനയെ ചിട്ടപെടുത്തിയിരിക്കുന്നത്.
മൂന്നാം മണി
ഗോഗുല്‍ത്തായിലേക്ക് കുരിശും വഹിച്ചുകൊണ്ട് യേശു നടത്തിയ യാത്രയോടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. ഓരോ ദിവസത്തിന്‍റെതുമായ പ്രത്യേക വിഷയമാണ് പ്രധാനമായും മൂന്നാം മണി പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കുന്നത്.
ആറാം മണി
യേശുവിനെ കുരിശില്‍ തറയ്ക്കുന്ന സംഭവത്തോട് ഇതിനെ ഉപമിച്ചിരിക്കുന്നു. പൊതുവായ ചിന്തകളാണ് ആറാം മണിയുടെ പ്രാര്‍ത്ഥനകളില്‍ കാണുന്നത്.
ഒമ്പതാം മണി
യേശുവിന്‍റെ മരണത്തോടും സംസ്കാരത്തോടും ഇതിനെ ഉപമിച്ചിരിക്കുന്നു. മരിച്ചു പോയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കാണ് ഒമ്പതാം മണിയുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേക പ്രാധാന്യം നല്കിയിരിക്കുന്നത്.
സാധാരണഗതിയില്‍ ഏഴു യാമങ്ങളിലായി നടത്തി വരുന്ന ദിന പ്രാര്‍ത്ഥന സന്ന്യാസഭവനങ്ങളിലും, സെമിനാരികളിലും, വൈദികര്‍ ഒരുമിച്ച് താമസിക്കുന്നയിടങ്ങളിലുമാണ് ആഘോഷമായി നടത്തിവരുന്നത്. ഇത്തരം അവസരങ്ങളിലും ഏഴു യാമങ്ങളിലെ പ്രാര്‍ത്ഥനകള്‍ നാലു സമയങ്ങളിലായി ക്രമീകരിച്ച് നടത്തി വരുന്ന രീതിയാണ് പ്രധാനമായും കണ്ട് വരുന്നത്. അതനുസരിച്ച് സന്ധ്യാ പ്രാര്‍ത്ഥനയും സൂത്താറ പ്രാര്‍ത്ഥനയും ഒരുമിച്ചും, രാത്രി പ്രാര്‍ത്ഥനകള്‍ പ്രത്യേകമായും, പ്രഭാത-മൂന്നാംമണി ഒന്നിച്ചും, ആറാം മണിയുടെയും ഒമ്പതാം മണിയുടെയും ഒരുമിച്ചും നടത്തിവരുന്നു. കേരളീയ പശ്ചാതലത്തില്‍ ദിന പ്രാര്‍ത്ഥനകളുടെ ഭാഗമായി നടക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദീപം തെളിക്കലാണ്. പോര്‍ച്ചുഗീസ്, ആംഗ്ലിക്കന്‍ സ്വാധീനം വളരെ കുറവായിരുന്ന വടക്കന്‍ പ്രദേശങ്ങളിലെ ദേവാലയങ്ങളിലും കുരിശടികളിലും സന്ധ്യാസമയത്ത് കുളികഴിഞ്ഞ് സ്ത്രീകളും കുട്ടികളും മെഴുകുതിരിയോ എണ്ണത്തിരിയോ കത്തിക്കുന്ന രീതി വളരെ വ്യാപകമാണ്. ഇടവകകളില്‍ ശുശ്രൂഷകര്‍ ഈ സമയത്ത് ദേവാലയത്തിന്‍റെ വാതില്‍ തുറക്കുന്ന രീതിയും ആചരിച്ചു വരുന്നു. തിരുന്നാള്‍ ദിവസങ്ങളിലും കടമുള്ള മറ്റ് ദിവസങ്ങളിലും വിശ്വാസികള്‍ ഒരുമിച്ച് ദേവാലയങ്ങളില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തുന്ന രീതിയും കാണാന്‍ കഴിയും. ദേവാലയങ്ങളിലെ തിരിതെളിക്കുന്നത് പോലെ തന്നെ കുടുംബങ്ങളിലും പ്രാര്‍ത്ഥനസ്ഥലത്ത് തിരിതെളിക്കുന്ന രീതിയും പ്രാധാന്യത്തോടെ അനുഷ്ഠിച്ച് വരുന്നു. കേരള സംസ്കാരത്തില്‍ വ്യാപകമായി നടത്തിവന്നിരുന്ന ആചാരത്തിന്‍റെ തുടര്‍ച്ചയായി നമുക്കിതിനെ കാണാന്‍ കഴിയും സുറിയാനി ക്രമമനുസരിച്ച് ക്രമപ്പെടുത്തിയിട്ടുള്ള പ്രാര്‍ത്ഥനകളോടൊപ്പം ചില പ്രാര്‍ത്ഥനകള്‍ കാലോചിതമായി ചേര്‍ത്തിട്ടുണ്ട്. സന്ധ്യക്ക് നടത്തിവരുന്ന സ്തോത്രപ്രാര്‍ത്ഥനയും, പ്രഭാതത്തില്‍ ചൊല്ലുന്ന ദിനപ്രതിഷ്ഠയും ഇതിനുദാഹരണങ്ങളാണ്. നോമ്പുകാലങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയോടും പ്രഭാത പ്രാര്‍ത്ഥനയോടും അനുബന്ധിച്ച് അതത് നോമ്പുകളും ഭക്തിപ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനകളും നടത്തിവരുന്നു.
ആഘോഷമായി നടത്തിവരുന്ന പ്രതിദിന പ്രാര്‍ത്ഥനകള്‍ക്ക് ശ്ഹീമ്മോ നമസ്കാരമാണ് ഉപയോഗിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ശ്ഹീമ്മോ നമസ്കാരം ഒന്നിടവിട്ടുള്ള ആഴ്ചകളില്‍ മാറി മാറിയാണ് നടത്തുക. സങ്കീര്‍ത്തന വായനകളും സുവിശേഷ വായനകളും ദിനപ്രാര്‍ത്ഥനകളോടനുബന്ധിച്ച് നടത്തിവരുന്നു. സങ്കീര്‍ത്തനങ്ങള്‍ മാറി ചൊല്ലുന്ന രീതി മുണ്ടന്‍മലയിലെ ബഥനിയില്‍ ആരംഭിച്ചത് പല സ്ഥലങ്ങളിലും ഇന്നും തുടര്‍ന്നു വരുന്നു. വിവിധ സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നത് വഴി വചനത്തോടുള്ള പൊതു ആഭിമുഖ്യം വളര്‍ത്തുന്നതിന് സഹായിക്കുന്നു. പ്രാര്‍ത്ഥനകള്‍ പ്രധാനമായും സുറിയാനി പിതാക്കന്മാരായ വി. എഫ്രേം, സാറൂഗിലെ വി. യാക്കോബ്, മാബൂര്‍ഗിലെ പീലക്സിനോസ്, മഹാനായ വി. ബാലായി എന്നിവരുടെ പദ്യങ്ങള്‍ ക്രോഡീകരിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഇത് കൂടതെ സാധാരണ വിശ്വാസികള്‍ക്ക് ഉപയോഗിക്കാവുന്ന ഗദ്യരൂപത്തിലുള്ള ചെറിയ ക്രമം 19-ാം നൂറ്റാണ്ടു മുതല്‍ മലങ്കരയില്‍ പ്രാബല്യത്തിലുണ്ട്. കുടുംബങ്ങളില്‍ ഈ പ്രാര്‍ത്ഥനാ ക്രമമാണ് ഉപയോഗിക്കുന്നത്.
II ആഴ്ചവട്ടത്തിലെ പ്രത്യേക അനുസ്മരണങ്ങള്‍
ഞായറാഴ്ച യേശുവിന്‍റെ ഉയിര്‍പ്പും സൃഷ്ടിയുടെ രക്ഷയും പ്രത്യേകമായി അനുസ്മരിക്കുന്നു. ഒരോ ഞായറാഴ്ചകളും ഓരോ പ്രത്യേക നിയോഗത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഞായറാഴ്ചകളുടെ പൊതു അനുസ്മരണമായ ഉയിര്‍പ്പും, രക്ഷയും അനുസ്മരണ വിഷയമാക്കുന്നതോടൊപ്പം അതാത് ഞായറാഴ്ചകളുടെ പ്രത്യേക വിഷയവും അനുസ്മരണാ വിഷയമാകുന്നു.
തിങ്കള്‍
ദൈവരാജ്യം സമീച്ചിരിക്കുന്നുവെന്ന സന്ദേശവുമായി യേശുവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ വന്ന സ്നാപക യോഹന്നാനെ പ്രത്യേകമായി അനുസ്മരിക്കുന്നു. മാനസാന്തരത്തിനുള്ള സ്നാപക യോഹന്നാന്‍റെ ആഹ്വാനത്തിന്‍റെയടിസ്ഥാനത്തില്‍ അനുതാപ ചിന്തകള്‍ക്കാണ് തിങ്കള്‍ ദിവസങ്ങളിലെ പ്രാര്‍ത്ഥനകളില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്.
ചൊവ്വ
അനുതപിക്കുവിന്‍; ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന ആഹ്വാനത്തേടെ യേശു ആരംഭിച്ച സുവിശേഷ പ്രഘോഷണത്തെ (മര്‍: 4/17) പ്രധാനമായും അനുസ്മരിക്കുന്നു. അനുതാപ ചിന്തകളാണ് ചൊവ്വാഴ്ചത്തെ പ്രാര്‍ത്ഥനകളിലെയും പ്രധാന പ്രമേയമെങ്കിലും അത് യേശുവിന്‍റെ ആഹ്വാനത്തോട് ചേര്‍ന്നു നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്.
ബുധന്‍
പരിശുദ്ധ ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ദിവസമാണ് ബുധന്‍. പെന്തിക്കൊസ്തിയെ തുര്‍ന്ന് വന്ന ബുധനാഴ്ച യോഹന്നാന്‍ ശ്ലീഹ പരി.ദൈവമാതാവിന് മാമ്മോദീസ നല്കിയെന്ന വിശ്വാസമാണ് ബുധനാഴ്ച ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ടതിന്‍റെ കാരണമെന്ന് വിശ്വസിക്കപെടുന്നു. ബുധനാഴ്ച ദിവസത്തെ നോമ്പ്, ഉപവാസം തുടങ്ങിയവ വ്രതങ്ങളോടെ ആചരിക്കുന്ന രീതി മലങ്കരയിലെ സ്ത്രീകളുടെയിടയില്‍ ധാരാളമായി കണ്ടുവരുന്നു. കേരളീയ സംസ്കാരത്തില്‍ സ്ത്രീകള്‍ നടത്തിവരുന്ന ചില പ്രത്യേക വ്രതാനുഷ്ഠാനങ്ങളോട് സമാനത പുലര്‍ത്തുന്നയാചാരം വിദേശ മിഷനറിമാരുടെ ഇടപെടല്‍ വഴി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും വടക്കന്‍ പ്രദേശങ്ങളില്‍ ഇത് പ്രത്യേകമായി ആചരിച്ചു വരുന്നു.
വ്യാഴം
പ്രവാചകരെയും, അപ്പസ്തോലന്മാരെയും, രക്തസാക്ഷികളെയും, വിശുദ്ധരെയും പ്രത്യേകമായി അനുസ്മരിക്കുന്നു. കേവലം അനുസ്മരണം എന്നതിലുപരി വിശുദ്ധരോടുകൂടി പ്രാര്‍ത്ഥനകള്‍ നടത്തുന്നുവെന്ന ചിന്തയ്ക്കാണ് പ്രാധാന്യം.
വെള്ളി
കുരിശിന്‍റെ ദിവസമായി ആചരിക്കുന്ന വെള്ളിയാഴ്ച യേശുവിന്‍റെ കുരിശുമരണത്തെക്കാളുപരി കുരിശിന്‍റെ മഹത്വമാണ് പ്രത്യേകമായി ആഘോഷിക്കുന്നത്. സന്ധ്യാപ്രാര്‍ത്ഥനയോട് ചേര്‍ന്ന് സ്ലീബായെ (കുരിശിനെ) മഹത്വപ്പെടുത്തികൊണ്ടുള്ള പ്രത്യേക കുക്കിലിയോന്‍ പ്രാര്‍ത്ഥന നടത്തുന്നു. വി. കുര്‍ബാനയിലെ ഹുസോയോ (സമാപന) പ്രാര്‍ത്ഥനയിലും കുരിശിന്‍റെ മഹത്വവും മാദ്ധ്യസ്ഥവും പ്രകടിപ്പിക്കുന്ന ഗീതങ്ങളാണ് സാധാരണ ചൊല്ലുന്നത്.
ശനി
മരിച്ചു പോയവരെ പ്രത്യേകമായി അനുസ്മരിക്കുന്നു. സന്ധ്യാപ്രാര്‍ത്ഥനയില്‍ മരിച്ചുപോയ വിശ്വാസികളെയും ആചാര്യന്‍മാരെയും അനുസ്മരിച്ചു കൊണ്ട് പ്രത്യേക കുക്കിലിയോന്‍ പ്രാര്‍ത്ഥനകളും നടത്തി വരുന്നു. വിശുദ്ധരുടെ കാര്യത്തില്‍ സൂചിപ്പിച്ചത് പോലെ പരേതാത്മാക്കളും വിശ്വാസികളോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന സങ്കല്പത്തിന് മലങ്കര സഭ ഇതര സുറിയാനി സഭകളെ പോലെ പ്രാധാന്യം നല്കുന്നു.
III. ആരാധന ക്രമവത്സരം
യേശുവിന്‍റെ രക്ഷാകര ജീവിതത്തെ മുഴുവന്‍ അനുസ്മരിക്കതക്ക രീതിയിലാണ് ആരാധന ക്രമവത്സരത്തെ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരു വര്‍ഷത്തെ ഏഴു കാലങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ഓരോ കാലത്തിലും വരുന്ന ഞായറാഴ്ചകള്‍ ചില പ്രത്യേക വിഷയത്തിന്‍റെ അടിസ്ഥാനത്തിലാണ് ചിട്ടപെടുത്തിയിരിക്കുന്നത്. അതനുസരിച്ചുള്ള വേദവായനകളാണ് സന്ധ്യാപ്രാര്‍ത്ഥനയ്ക്കും (ശനിയാഴ്ച വൈകിട്ട്) കുര്‍ബാനയ്ക്കും ഉപയോഗിക്കുന്നത്. ഓരോ ദിവസത്തിന്‍റെയും ചിന്താവിഷയമനുസരിച്ചുള്ള വേദവായനകളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൂര്‍ണ്ണമായും ഇതനുസരിച്ചുള്ള പ്രാര്‍ത്ഥനകള്‍ മലങ്കരയില്‍ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് നടക്കുന്നത്. പെങ്കീസാ ക്രമമെന്ന പേരിലറിയപ്പെടുന്ന ഈ പ്രാര്‍ത്ഥനാക്രമം പൂര്‍ണ്ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. കുരിശുമലയില്‍ നിന്നും ഫ്രാന്‍സീസ് ആചാര്യയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇംഗ്ലീഷ് വിവര്‍ത്തനമാണ് സുറിയാനി ഭാഷയില്‍ പ്രാവീണ്യമില്ലാത്തവര്‍ക്ക് ആശ്രയിക്കാവുന്ന ഏകഗ്രന്ഥം. ഇംഗ്ലീഷ് വിവര്‍ത്തനം മൂലരൂപത്തില്‍ നിന്നു വ്യത്യസ്തമാണ് എന്ന് സുറിയാനി പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരോ ഞായറാഴ്ചകളിലും പ്രുമിയോന്‍ സെദ്റാകള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുളളത് ആഘോഷമായ പ്രാര്‍ത്ഥനാവസരങ്ങളില്‍ ഉപയോഗിച്ചു വരുന്നു.
ആരാധനക്രമ വത്സരം ഔപചാരികമായി ആരംഭിക്കുന്നതിന് മുമ്പ് സഭയുടെ വിശുദ്ധീകരണത്തിന്‍റെയും (കൂദോസ് ഈത്തോ) സഭയുടെ നവീകരണത്തിന്‍റെയും (ഹുദോസ് ഈത്തോ) തിരുന്നാളുകള്‍ ആഘോഷിക്കുന്നു. "നീ ജീവനുളള ദൈവത്തിന്‍റെ പുത്രനായ മിശിഹായാകുന്നു," എന്ന പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തെ തുടര്‍ന്ന് പത്രോസാകുന്ന പാറമേല്‍ സഭ സ്ഥാപിക്കപെട്ട സംഭവമാണ് സഭയുടെ വിശുദ്ധീകരണ പെരുന്നാളില്‍ പ്രത്യേകമായും അനുസ്മരിക്കുന്നത്. വിശ്വാസികളുടെ ജിവിതത്തില്‍ നടക്കേണ്ട പവിത്രീകരണത്തെ സഭയുടെ നവീകരണ തിരുന്നാളില്‍ പ്രത്യേകമായി നാമനുസ്മരിക്കുന്നു. ഒക്ടോബര്‍ മാസത്തിന്‍റെ അന്ത്യത്തിലോ നവംബര്‍ മാസത്തിന്‍റെ ആരംഭത്തിലോ ആയിട്ടാണ് ഈ തിരുന്നാളുകള്‍ ആചരിക്കപ്പെടുന്നത്.
ക്രിസ്തുമസ്സിനുളള ഒരുക്കം വിശാലമായ അര്‍ത്ഥത്തില്‍ ഹൂദോശ് ഈത്തോ പെരുന്നാള്‍ മുതല്‍ ആരംഭിക്കുന്നു. യേശുവിന്‍റെ മനുഷ്യാവതാരവുമായി ബന്ധപ്പെട്ടിട്ടുളള വിവിധ സംഭവങ്ങള്‍ ഇക്കാലയളവില്‍ അനുസ്മരിക്കുന്നു. സക്കറിയാ പുരോഹിതനോടും പരി.ദൈവമാതാവിനോടുമുളള അറിയിപ്പുകള്‍, മാതാവ് ഏലിശുബായെ സന്ദര്‍ശിക്കുന്ന സംഭവം, സ്നാപക യോഹന്നാന്‍റെ ജനനം, യൗസേഫ് പിതാവിനുണ്ടായ ദര്‍ശനം എന്നിവയാണ് പ്രധാനമായും വചനിപ്പ് കാലത്ത് അനുസ്മരിക്കുന്നത്. യേശുവിന്‍റെ മനുഷ്യാവതാരത്തിലുളള ദൈവിക പദ്ധതി ഇവിടെ പ്രധാനമായും ചിന്താവിഷയമാകുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ 25 വരെ നടത്തുന്ന 25 നോമ്പ് വചനിപ്പ് കാല ചിന്തകളെ ശക്തിപ്പെടുത്തുന്നു.
ഡിസംബര്‍ 25-ന് ആചരിക്കുന്ന യേശുവിന്‍റെ ജനനപ്പെരുന്നാളിനോടും (യല്‍ദാ പെരുന്നാള്‍) ജനുവരി 6-ന് അനുസ്മരിക്കുന്ന യേശുവിന്‍റെ മാമ്മോദീസയോടും (ദനഹാ പെരുന്നാള്‍) ചേര്‍ന്നു വരുന്ന ദിവസങ്ങളാണ് യല്‍ദാ-ദനഹാക്കാലമായി ആചരിക്കുന്നത്. യേശുവിന്‍റെ പരസ്യജീവിതവുമായി ബന്ധപ്പെട്ട പൊതു ചിന്തകളാണ് ഇക്കാലയളവില്‍ പ്രത്യേകമായി അനുസ്മരിക്കുന്നത്.
നിയതമായ അര്‍ത്ഥത്തില്‍ ഈസ്റ്ററിന് 50 ദിവസം മുമ്പാണ് 50 നോമ്പ് എന്നയര്‍ത്ഥത്തില്‍ നോമ്പ് കാലം അനുസ്മരിക്കുന്നത്. എന്നാല്‍ 50 നോമ്പിന് 18 ദിവസം മുമ്പ് ആചരിക്കുന്ന മൂന്ന് നോമ്പ് മുതല്‍ നോമ്പാചരണത്തിന്‍റേതായ അനുഭവത്തിലേക്ക് വിശ്വാസികള്‍ കടന്ന് വരുന്നു. മൂന്നു നോമ്പിനെ തുടര്‍ന്ന് വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ഒന്നാമത്തെ ആഴ്ച പരേതരായ ആചാര്യന്മാരെയും (കൊഹനെ ഞായര്‍) രണ്ടാമത്തെ ആഴ്ച പരേതരായ വിശ്വാസി കളെയും (ആനീദേ ഞായര്‍) അനുസ്മരിക്കുന്നതു വഴി മരിച്ചവരെ ക്കൂടി അനുസ്മരിച്ചുകൊണ്ട് നാം നോമ്പാചരണത്തിലേക്ക് പ്രവേശിക്കുന്നു. സുറിയാനി രീതിയനുസരിച്ച് 40 ദിവസത്തെ നോമ്പാചരണമാണ് നടത്തുന്നത്. മോശയും, ഏലിയായും, സ്നാപക യോഹന്നാനും, യേശുവും നാല്പത് ദിവസത്തെ നോമ്പാചരണത്തിലൂടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളെത്തന്നെ ശക്തരാക്കിയ സംഭവമാണ് നാമിതിലൂടെ അനുസ്മരിക്കുന്നത്. ഈ ദിവസങ്ങളില്‍ ദൈവത്തോട് കരുണയാചിച്ചുകൊണ്ട് നാല്പതു കുമ്പിടീലും നടത്തുന്നു.
ഈസ്റ്ററിന് 49 ദിവസം മുമ്പ് വരുന്ന തിങ്കളാഴ്ച നടത്തുന്ന ശുബുക്കോനോ (അനുരഞ്ജനം) ശുശ്രൂഷയിലൂടെയാണ് വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നത്. ഇതിലൂടെ അനുരഞ്ജനമില്ലാത്ത നോമ്പ് ഫലശൂന്യമെന്ന് സഭ പരസ്യമായി പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. അനുരഞ്ജന ശുശ്രൂഷ പ്രധാനമായും സന്ന്യാസഭവനങ്ങളിലും സെമിനാരികളിലും ചുരുക്കം പ്രധാന ഇടവകകളിലും നടത്തിവരുന്നു. ഓശാന മുതല്‍ ഈസ്റ്റര്‍ വരെയുളള ആഴ്ച പീഢാനുഭവ വാരം (ഹാശായാഴ്ച) ആയി ആചരിക്കുന്നു. സാധാരണ ഗതിയില്‍ ഹാശാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ ഏഴു യാമങ്ങളിലായി നടത്തി വരുന്നു.
ഈസ്റ്റര്‍ മുതല്‍ പെന്തിക്കോസ്തി വരെയുളള 50 ദിവസങ്ങളാണ് കൃംതാക്കാലമായി ആചരിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ യേശു അപ്പസ്തോലന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ ഇക്കാലയളവില്‍ അനുസ്മരിക്കുന്നു. സന്തോഷത്തിന്‍റെ ഈക്കാലയളവില്‍ പ്രാര്‍ത്ഥനകളോടനുബന്ധിച്ചുളള കുമ്പിടീല്‍ നടത്താറില്ല.
പെന്തിക്കൊസ്തി പെരുന്നാള്‍ മുതല്‍ ആഗസ്റ്റ് 6-ാം തീയതി ആഘോഷിക്കുന്ന തേജസ്കരണ പെരുന്നാള്‍ വരെയുളള കാലഘട്ടം പെന്തിക്കൊസ്തിക്കാലമായി ആചരിക്കുന്നു. സഭയുടെ പ്രേഷിത ദൗത്യത്തെ കുറിച്ചുളള ചിന്തകള്‍ക്കാണ് ഇക്കാലയളവില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കോസ്തി വരെയുളള പത്തു ദിവസങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനുളള ഒരുക്കത്തിന്‍റെ കാലഘട്ടമായും ആചരിക്കുന്നു.
ആഗസ്റ്റ് 6-ന് ആചരിക്കുന്ന തേജസ്കരണ പെരുന്നാള്‍ മുതല്‍ സെപ്റ്റംബര്‍ 14-ന് ആചരിക്കുന്ന സ്ലീബാ പെരുന്നാള്‍ വരെയുള്ള കാലഘട്ടമാണ് തേജസ്കരണ കാലം. താബോര്‍ മലയില്‍ വച്ച് യേശുവിനുണ്ടായ രൂപാന്തരീകരണം മുഖ്യപ്രമേയമായ ഇക്കാലയളവില്‍ ദൈവരാജ്യത്തിന്‍റെ മഹത്ത്വത്തെ കുറിച്ചുള്ള ചിന്തകള്‍ക്കാണ് പ്രാധാന്യം.
സെപ്റ്റംബര്‍ 14-ാം തീയതി മുതല്‍ ആരാധനാക്രമവത്സരത്തിന് ആരംഭം കുറിക്കുന്ന കൂദോശ് ഈത്തോ (സഭയുടെ വിശുദ്ധീകരണം) പെരുന്നാള്‍ വരെയുളള ദിവസങ്ങളാണ് സ്ലീബാക്കാലമായി ആചരിക്കുന്നത്. രക്ഷയെ കുറിച്ചും അന്ത്യവിധിയെ കുറിച്ചുമുള്ള ചിന്തകള്‍ക്കാണ് ഇക്കാലയളവില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. ചുരുക്കത്തില്‍ ആരാധന ക്രമവത്സരത്തിലെ ഏഴുകാലങ്ങളിലൂടെ യേശുവിന്‍റെ രക്ഷാകര ജീവിതത്തെ സഭ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.
IV. പെരുന്നാളുകള്‍
മലങ്കര സഭയില്‍ ആചരിക്കപ്പെടുന്ന തിരുന്നാളുകള്‍ പ്രധാനമായും രണ്ടുതരത്തില്‍പ്പെടുന്നു. ഒന്നാമത്തേത് യേശുവിന്‍റെ രക്ഷാകര സംഭവത്തിന്‍റ അനുസ്മരണയുമായി ബന്ധപ്പെട്ട മാറാനായ പെരുന്നാളുകള്‍. രണ്ടാമത്തേത്, പരിശുദ്ധ ദൈവമാതാവിന്‍റെയും അപ്പസ്തോലന്മാരുടെയും ഓര്‍മ്മകള്‍ ആചരിക്കുന്ന (ദുക്റോനോ) തിരുനാളുകള്‍. മാറാനായ തിരുന്നാളുകള്‍ തന്നെ രണ്ടു വിഭാഗത്തില്‍പ്പെടുത്താം: സൂര്യവര്‍ഷമനുസരിച്ച് നിശ്ചിത തീയതികളില്‍ ആചരിക്കുന്ന തിരുന്നാളുകള്‍.
വചനിപ്പ് പെരുന്നാള്‍ - മാര്‍ച്ച് 25
ജനന പെരുന്നാള്‍ - ഡിസംബര്‍ 25
ചേലാകര്‍മ്മം (കര്‍ത്താവിന്‍റെ നാമകരണം) - ജനുവരി 1
മായല്‍ത്തോ (കര്‍ത്താവിന്‍റെ ദൈവാലയ പ്രവേശനം) - ഫെബ്രുവരി 2
ദനഹാ (കര്‍ത്താവിന്‍റെ മാമ്മോദീസ) - ജനുവരി 6
തേജസ്കരണം (മറുരൂപ പെരുന്നാള്‍) - ആഗസ്റ്റ് 6
രണ്ടാമത്തേത്, ചന്ദ്രവര്‍ഷം അനുസരിച്ച് കാലാനുസൃതം അനുസ്മരിക്കുന്ന തിരുന്നാളുകളാണ്. യേശുവിന്‍റെ മരണം, ഉയിര്‍പ്പ്, സ്വര്‍ഗ്ഗാരോഹണം, പെന്തിക്കൊസ്തി തുടങ്ങിയവ ഈ വിഭാഗത്തില്‍പെടുന്നു. ഉയിര്‍പ്പ് തിരുന്നാളിന്‍റെ തീയ്യതിയനുസരിച്ചാണ് ഈ ആചാരങ്ങള്‍ നടത്തുന്നത്. നിഖ്യാസൂനഹദോസിന്‍റെ നിശ്ചയപ്രകാരം വസന്തകാലത്ത് സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്ന ദിവസത്തിന് ശേഷം വരുന്ന പൂര്‍ണ്ണ ചന്ദ്രനെ (പെസഹാ ചന്ദ്രന്‍) തുടര്‍ന്നുള്ള ഞായറാഴ്ചയാണ് ഉയിര്‍പ്പ് തിരുന്നാള്‍ ആചരിക്കുന്നത്. ദുക്റോനോ (ഓര്‍മ്മ) തിരുന്നാളുകളുടെ ഗണത്തില്‍ മാറാനായ തിരുന്നാളുകള്‍ പോലെ അനുസ്മരിക്കുന്ന തിരുനാളുകള്‍ പ്രധാനമായും മൂന്നെണ്ണമാണ്.
പരി.ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം - ആഗസ്റ്റ് 15
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാള്‍ - ജൂണ്‍ 29
തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ - ജൂലൈ 3
V. നോമ്പും ഇതര ഭക്താനുഷ്ഠാനങ്ങളും
മലങ്കര സഭ നോമ്പനുഷ്ഠാനത്തിന് ഏറെ പ്രാധാന്യം നല്കുന്നു. സെമറ്റിക്, ഇന്ത്യന്‍ സംസ്കാരത്തില്‍ നോമ്പനുഷ്ഠാനങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു പരിധിവരെ ഇതിന് കാരണമായിട്ടുണ്ട്. ഇരുപത്തിയഞ്ച് നോമ്പ്, മൂന്ന് നോമ്പ്, വലിയ നോമ്പ് എന്നീ മൂന്ന് നോമ്പുകള്‍ എല്ലാവിശ്വാസികളും ആചരിക്കണമെന്ന് സഭ നിഷ്കര്‍ഷിച്ചിരിക്കുന്നു. ഒന്നാമത്തേതും മൂന്നാമത്തേതും യഥാക്രമം യേശുവിന്‍റെ ജനന-മരണ സ്മരണകളുടെ ഒരുക്കമായിട്ടാണ് നടത്തുന്നത്. മൂന്ന് നോമ്പ് നിനവേക്കാരുടെ മാനസാന്തത്തിന് വേണ്ടി നിയോഗിക്കപ്പെട്ട യോനാ മൂന്നു ദിവസം തിമിംഗലത്തിന്‍റെ വയറ്റിലകപ്പെട്ട സംഭവത്തെ അനുസ്മരിച്ചുകൊണ്ട് അനുതാപചിന്തകള്‍ക്ക് പ്രാധാന്യം നല്കി ആചരിച്ചു വരുന്നു. സുറിയാനി സഭയില്‍ പെതുവെയും, മലങ്കര സഭയില്‍ പ്രത്യേകമായും വളരെ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്ന നോമ്പുകളിലൊന്നാണ് മൂന്നു നോമ്പ്
നിയമപരമായി കടപ്പെടുത്തപെട്ടിട്ടില്ലായെങ്കിലും ഭക്തിപരമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രണ്ട് നോമ്പുകളാണ് ശ്ലീഹാ നോമ്പും (ജൂണ്‍ 16-29) പതിനഞ്ചു നോമ്പും (ആഗസ്റ്റ് 1-15). ഒന്നാമത്തേത്, പദം സൂചിപ്പിക്കുന്നത് പോലെ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുന്നാളിനും തുടര്‍ന്ന് വരുന്ന സകല അപ്പസ്തോലന്മാരുടെ തിരുന്നാളിനും (ജൂണ്‍ 29,30) ഒരുക്കമായാണ് നടത്തുന്നത്. പതിനഞ്ച് നോമ്പ് പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന് ഒരുക്കമായി നടത്തുന്നു. എന്നാല്‍ സുറിയാനി പാരമ്പര്യമനുസരിച്ച് നിഷ്കര്‍ഷിക്കപ്പെടുകയോ, നിദ്ദേശിക്കപെടുകയോ ചെയ്തിട്ടില്ലായെങ്കിലും വിശ്വാസികള്‍ വളരെ താല്പര്യത്തോടെ അനുഷ്ഠിക്കുന്ന നോമ്പുകളിലൊന്നാണ് എട്ടുനോമ്പ്. പരി. ദൈവമാതാവിന്‍റെ ജനനത്തിരുന്നാളിന് (സെപ്റ്റംബര്‍ 8) ഒരുക്കമായി 1 മുതല്‍ 8 വരെ തീയതികളിലാണിത് ആചരിക്കുന്നത്.
ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും നോമ്പനുഷ്ഠിക്കുന്ന രീതിയും മലങ്കരയില്‍ നിലനില്‍ക്കുന്നു. ഇത് വ്യക്തികള്‍ ചില പ്രത്യേക നിയോഗത്തോടെ സ്വയം ഏറ്റെടുത്ത് നടത്തുന്ന നോമ്പുകളാണ്. കൂടാതെ ചില പ്രത്യേക തീര്‍ത്ഥാടനങ്ങളോട് അനുബന്ധിച്ച് ഓരോരുത്തരും തങ്ങളുടെ സൗകര്യംപോലെ നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കുന്ന പതിവും കാണുവാന്‍ കഴിയും.
മലങ്കരയിലെ തനത് ഭക്താഭ്യാസങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന. കേരളത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലുള്ള മലങ്കരക്കാരുടെയിടയിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത്. വി. കുര്‍ബാനയുടെ അവസരത്തില്‍ വി.കുര്‍ബാന സ്വീകരണത്തിന് മുമ്പുളള സമയത്താണ് ഇത് നടത്തുന്നത്. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരു നേര്‍ച്ചയായി നടത്താന്‍ തീരുമാനിച്ചിട്ടുളളവര്‍ മദ്ബഹയുടെ മുമ്പില്‍ കത്തിച്ച മെഴുക് തിരിയുമായി ഈ പ്രാര്‍ത്ഥനയില്‍ പങ്കുച്ചേരുന്നു. പുരോഹിതനും ഇതര വിശ്വാസികളും അവരോട് ചേര്‍ന്ന് പരി. ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുന്നു. ഒരു പ്രത്യേക നിയോഗത്തോടെ 3, 5, 7, 9 ദിവസങ്ങളില്‍ തുടര്‍ച്ചയായി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്ന രീതി പലയിടത്തും കണ്ടു വരുന്നു.
കുട്ടികളെ അടിമ വയ്ക്കുന്ന രീതിയും വി. കുര്‍ബാനയെത്തുടര്‍ന്ന് പുരോഹിതന്‍ അഭിഷിക്തകരങ്ങള്‍ ശിരസില്‍ വച്ച് പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുന്ന രീതിയും പല സ്ഥലങ്ങളിലും നടന്നുവരുന്നു. പരി. പിതാക്കന്‍മാര്‍ കബറടങ്ങിയിരിക്കുന്ന സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന രീതിയും പുണ്യസ്ഥലങ്ങളില്‍ ഭജനയിരിക്കുന്ന രീതിയും കേരളത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതലായി കാണുവാന്‍ കഴിയും. ഭജന നടത്തുവാന്‍ ദേവാലയത്തില്‍ വന്നു ചേരുന്ന ഭക്തജനങ്ങള്‍ കീര്‍ത്തനങ്ങള്‍ പാടി ദൈവത്തെ സ്തുതിക്കുകയും സങ്കീര്‍ത്തനങ്ങളും വേദപുസ്തകത്തിലെ ഇതര വായനകളും ധ്യാന പൂര്‍വ്വം വായിച്ച് ദേവാലയത്തില്‍ ചിലവഴിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ ഉപവാസത്തോടു കൂടിയാണ് ഭജന നടത്തുക. ഉണങ്ങിയ അപ്പകഷ്ണങ്ങളും മലരും ലഘു ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. കേരളീയ സംസ്കാരത്തില്‍ നിന്നു സ്വീകരിച്ചിട്ടുളള ആചരണങ്ങളില്‍ ഇന്നും തുടരുന്ന ഒന്നായി ഇതിനെ കാണുവാന്‍ കഴിയും. ചോറ്റാനിക്കര, ഗുരുവായൂര്‍ തുടങ്ങിയ അമ്പലങ്ങളില്‍ ആചരിച്ചുവരുന്ന ഭജനകളില്‍ നിന്ന് പ്രചോദനം സ്വീകരിച്ചായിരിക്കണം ഇതു രൂപം പ്രാപിച്ചതെന്നു വേണം കരുതാന്‍.
സംസ്കാരികാനുരൂപണം
നേരത്തെ സൂചിപ്പിച്ചതുപോലെ ആരാധനയുടെ സാമൂഹികാനുഷ്ഠാനങ്ങളില്‍ കേരളീയ സംസ്കാരത്തിന്‍റെ സ്വാധീനം വളരെ പ്രകടമാണ്. പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ഭാഗമായി കത്തോലിക്കാ പ്രൊട്ടസ്റ്റന്‍റ് മിഷനറിമാര്‍ പല ആചാരങ്ങളും നിര്‍ത്തല്‍ ചെയ്തു. 1598-ലെ ഉദയംപേരൂര്‍ സൂനഹദോസിന്‍റെ കാനോനാകളും 1818-ലെ മാവേലിക്കര യോഗതീരുമാനങ്ങളും സഭയില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ നിര്‍ത്തല്‍ ചെയ്യുന്നതിനുളള വേദികളായി മാറി. എന്നാല്‍, പാശ്ചാത്യ അധിനിവേശങ്ങളെ ഒരു പരിധിവരെ പ്രതിരോധിച്ച വടക്കന്‍ പ്രദേശങ്ങളില്‍ കേരള സഭയുടെ തനത് ആചാരാനുഷ്ഠാനങ്ങള്‍ ഒരു പരിധി വരെ പരിരക്ഷിക്കപ്പെട്ടു. എന്നാല്‍ അമിതമായ അന്ത്യോക്യന്‍ ഭ്രമവും ഭാരതീയവത്കരണത്തിലെ ചില തെറ്റായ സമീപനങ്ങളും ദ്രാവിഡസംസ്കാരത്തിന്‍റെ ഭാഗമായ പ്രാചീന കേരളീയ സംസ്കാരത്തില്‍ വളര്‍ന്നുവന്ന ആചാരാനുഷ്ഠാനങ്ങള്‍ നഷ്ടപ്പെടുന്നതിന് ഇടയായിട്ടുണ്ട്. പ്രഥമ ക്രൈസ്തവ ആശ്രമ പ്രസ്ഥാനമായ ബഥനിയിലൂടെ മാര്‍ ഈവാനിയോസ് പിതാവ് ഉയര്‍ത്തിക്കാണിച്ച ദേശീയ സംസ്കാരത്തോട് ചേര്‍ന്ന ക്രൈസ്തവ സങ്കല്പം മലങ്കരസഭയുടെ ശക്തിയാണ്. കേരളത്തിന്‍റെ തെക്കന്‍പ്രദേശങ്ങളിലും തമിഴ്നാട്ടിലെ കന്യാകുമാരി പ്രദേശത്തുമായി അധിവസിക്കുന്ന മലങ്കരക്കാര്‍ക്ക് അവരുടെ സാമൂഹികാചാരങ്ങളോട് ചേര്‍ന്ന് തങ്ങളുടെ ക്രൈസ്തവവിശ്വാസത്തെ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കിയ മാര്‍ ഈവാനിയോസ് തിരുമേനി സംസ്കാരികാനുരൂപണത്തിന്‍റെ പ്രവാചകശബ്ദവുമാണ്.
കൂദാശകള്‍
മലങ്കര സഭയുടെ കൗദാശിക ദൈവശാസ്ത്രം സുറിയാനി സഭയുടെ കൗദാശിക ദൈവശാസ്ത്രത്തിലധിഷ്ഠിതമാണ്. സുറിയാനി പാരമ്പര്യത്തില്‍ 'റോസോ' എന്ന പദമാണ് കൂദാശകള്‍ക്കായി ആരംഭം മുതല്‍ ഉപയോഗിച്ചിരുന്നത്. റോസോ എന്നാല്‍ രഹസ്യം എന്നാണര്‍ത്ഥം ക്രൈസ്തവ പശ്ചാത്തലത്തില്‍ ദൈവിക രഹസ്യം, രക്ഷാകര രഹസ്യം എന്നൊക്കെ അര്‍ത്ഥം വരത്തക്കരീതിയില്‍ ഈ പദത്തെ ഉപയോഗിക്കുന്നു. ദൈവിക രഹസ്യം പരികര്‍മ്മം ചെയ്യുന്ന ശുശ്രൂഷകള്‍ എന്ന അര്‍ത്ഥത്തിലാണ് കൂദാശകളെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിച്ചു വന്നത്. ആരംഭത്തില്‍ വി.കുര്‍ബാനയ്ക്കും, മാമ്മോദീസയ്ക്കുമായിരുന്നു ഇതുപയോഗിച്ചിരുന്നതെങ്കിലും പില്കാലത്ത് വിവിധ ആരാധന ശുശ്രൂഷകള്‍ക്കും ഈ പദം ഉപയോഗിച്ചു വന്നു. മലങ്കരയില്‍ പൊതുവെ ഉപയോഗിക്കുന്ന പദം കൂദാശയെന്നാണ്.
കൂദാശയെന്നാല്‍ വിശുദ്ധീകരിക്കുകയെന്നാണര്‍ത്ഥം. മനുഷ്യ ജീവിതത്തിലെ പ്രാധാനസംഭവങ്ങളെ ദൈവസാന്നിദ്ധ്യത്തില്‍ വിശുദ്ധീകരിക്കുന്ന രഹസ്യപൂര്‍ണ്ണമായ ശുശ്രൂഷ എന്നയര്‍ത്ഥത്തില്‍ വി.കൂദാശകളെ കാണാവുന്നതാണ്. കൂദാശകള്‍ ഏഴ് എണ്ണം എന്ന നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്ന രീതി സുറിയാനി സഭകളില്‍ ഇല്ലായിരുന്നു. എന്നാല്‍ മറ്റ് സഭകളുമായുള്ള ബന്ധത്തിലൂടെ ഏവര്‍ക്കും സ്വീകാര്യമായ വിധത്തില്‍ കൂദാശകളെ ഏഴെണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട്. മലങ്കര സഭയില്‍ ശവസംസ്കാര ശുശ്രൂഷയെ കൂദാശ ക്രമത്തിന്‍റെ പുസ്തകത്തിലാണ് പ്രസിദ്ധീകരിച്ചു കാണുന്നത്. ശവസംസ്കാര ശുശ്രൂഷയും ഒരു വിശുദ്ധീകരണ ശുശ്രൂഷയായി കാണുന്നതിനാലായിരിക്കണം ഇത് സംഭവിച്ചത് എന്ന് വേണം കരുതാന്‍. ദേവാലയ കൂദാശയും വീട്ടുകൂദാശയും മുതല്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന വിവിധ വസ്തുവകകളും കൂദാശയിലൂടെ വിശുദ്ധീകരിക്കുന്ന രീതി വ്യാപകമാണ്. ഇടവക തിരുന്നാളിനോടനുബന്ധിച്ചു നടത്തിവരുന്ന 'റാസാ' ഒരു പ്രദേശത്തെ തന്നെ വിശുദ്ധീകരിക്കുന്ന ശുശ്രൂഷയായി മാറുന്നു. ചുരുക്കത്തില്‍, മലങ്കര സഭയുടെ വിശ്വാസവും ആചാര രീതികളുമനുസരിച്ച് ജീവിതത്തിന്‍റെ സമസ്തമേഖലകളിലും വ്യാപിച്ച് നില്ക്കുന്ന ദൈവസാന്നിദ്ധ്യ ഭാവത്തെ ഉണര്‍ത്തുന്ന തരത്തില്‍ വിപുലമായ അര്‍ത്ഥത്തിലാണ് റാസാ എന്ന പദം ഉപയോഗിക്കുന്നത്. അതേ സമയം തന്നെ തെന്ത്രോസ് സുന്നഹദോസു മുതല്‍ കത്തോലിക്കാസഭ ഔദ്യോഗികമായി പഠിപ്പിക്കുന്ന ഏഴു കൂദാശകളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ അനുഷ്ഠിച്ചു വരുന്നു.
പ്രാരംഭ കൂദാശകള്‍
മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുര്‍ബാന എന്നീ മൂന്ന് കൂദാശകളും പ്രാരംഭകൂദാശകള്‍ എന്ന പേരില്‍ ഒരുമിച്ചാണ് നല്കുന്നത്. കൂദാശാ ക്രമത്തില്‍ ഒറ്റ ശുശ്രൂഷയായിട്ടാണ് ഇതിനെ വിഭാവന ചെയ്തിരിക്കുന്നത്. 13-ാം നൂറ്റാണ്ടില്‍ ബാര്‍ എസ്രായ ക്രോഡീകരിച്ച മാമ്മോദീസ ക്രമമാണ് മലങ്കര സഭകളില്‍ പൊതുവെ ഉപയോഗിച്ചു വരുന്നത്.
ജനനത്തിന്‍റെ എട്ടാം ദിവസം ആണ്‍കുട്ടികള്‍ക്കും പതിനഞ്ചാം ദിവസം പെണ്‍കുട്ടികള്‍ക്കും മാമ്മോദീസ നല്കുന്ന രീതിയായിരുന്നു നേരത്തെ സഭയിലുണ്ടായിരുന്നത്. എന്നാല്‍, ആളുകളുടെ സൗകര്യമനുസരിച്ച് മാമ്മോദീസ നടത്തുന്ന രീതി ഇന്ന് പൊതുവെ അംഗീകരിക്കപെട്ടിരിക്കുന്നു. ഒന്നിലധികം കുട്ടികളെ ഒരുമിച്ച് മാമ്മോദീസ മുക്കുന്നയവസരത്തില്‍ കുട്ടികളുടെ മൂപ്പ് മുറയനുസരിച്ചാണ് സാധാരണയായി മാമ്മോദീസ നടത്തുന്നത്. ഒരുമിച്ച് മാമ്മോദീസ നടത്തുന്ന രീതിയെ സഭ പ്രോത്സാഹിപ്പിക്കുന്നു. ആരാധനക്രമവത്സരത്തിന് ആരംഭം കുറിക്കുന്ന സഭയുടെ വിശുദ്ധീകരണ തിരുന്നാള്‍ (കൂദോശ് ഈത്തോ), യേശുവിന്‍റെ മാമ്മോദീസ അനുസ്മരിക്കുന്ന ദനഹാതിരുന്നാള്‍, ഉയിര്‍പ്പുതിരുന്നാള്‍, പെന്തിക്കോസ്തി തിരുനാള്‍ തുടങ്ങിയ നാലവസരങ്ങളിലായി മാമ്മോദീസ നടത്തുന്നത് അഭികാമ്യമായിരിക്കും എന്ന് മാര്‍ ഈവാനിയോസ് തിരുമേനി നിര്‍ദ്ദേശിക്കുന്നു. സാധാരണഗതിയില്‍ വി. കുര്‍ബാനയ്ക്ക് ശേഷമാണ് മാമ്മോദീസ നടത്തിവരുന്നത്. എന്നാല്‍ മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് വി.കുര്‍ബാന കൊടുക്കത്തക്കവിധത്തില്‍ വി. കുര്‍ബാനയ്ക്ക് മുമ്പായും മാമ്മോദീസ നല്കാവുന്നതാണ്. ദേവാലയത്തോടനുബന്ധിച്ച് മാമ്മോദീസ നടത്തുന്നതിന് പ്രത്യേക മുറികള്‍ ഉണ്ടെങ്കില്‍ അവിടെയും അല്ലാത്ത പക്ഷം ദേവാലയത്തില്‍ നമസ്കാര മേശയുടെ തെക്കുവശത്തായി ക്രമീകരിച്ചിരിക്കുന്ന മാമ്മോദീസാ തൊട്ടിയുടെ സമീപത്തുമായിട്ടാണ് ശുശ്രൂഷ നടത്തുന്നത്. പ്രാരംഭകൂദാശയ്ക്ക് പ്രധാനമായും നാലു ഭാഗങ്ങളാണുള്ളത്.
തുടര്‍ന്ന് മൂറോന്‍ തൈലം ജലത്തില്‍ കുരിശാകൃതിയില്‍ വീഴ്ത്തുന്നു. ഇതിനെ തുടര്‍ന്ന് പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാര്‍ത്ഥന നടത്തുന്നു. മലങ്കര സഭയിലെ എല്ലാ കൂദാശാചരണങ്ങളിലും പരിശുദ്ധാത്മാവിന്‍റെ ആവസിപ്പിനുളള പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമുണ്ട്. അതിലൂടെയാണ് കൂദാശയുടെ ശുശ്രൂഷകള്‍ പൂര്‍ത്തികരിക്കപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയെ മാമ്മോദീസാ തൊട്ടിയില്‍ നിര്‍ത്തിക്കൊണ്ട് മൂന്ന് പ്രാവശ്യം ശിരസ്സില്‍ ആശീര്‍വദിച്ച ജലം ഒഴിച്ച് ത്രിത്വനാമത്തില്‍ സ്നാനപ്പെടുത്തുന്നു. കുട്ടിക്ക് വേണ്ടി പിശാചിനെ ബഹിഷ്കരിക്കുന്നതും വിശ്വാസം ഏറ്റു പറയുന്നതും തലതൊട്ടപ്പനും തലതൊട്ടമ്മയുമാണ്. മാമ്മോദീസായെ തുടര്‍ന്ന് കുട്ടിയെ ഇവരെയാണ് ഭരമേല്പിക്കുന്നത്. പ്രാര്‍ത്ഥന ക്രമമനുസരിച്ച് തലതൊട്ടപ്പനും തലതൊട്ടമ്മയും സഭയുടെ തന്നെ പ്രതിനിധികളാണ്. ഈയര്‍ത്ഥത്തില്‍ കുട്ടിയുടെ വിശ്വാസ പരിശീലനം സഭയ്ക്ക് വേണ്ടി ഇവരെ ഏല്പിക്കുന്നു.
അനുതാപചിന്തകള്‍ക്കും ദൈവത്തോടും, മനുഷ്യരോടും, പ്രകൃതിയോടുമുളള അനുരഞ്ജനത്തിനും വലിയ പ്രാധാന്യമാണ് മലങ്കര സഭ നല്കിയിരിക്കുന്നത്. മലങ്കര ക്രമമനുസരിച്ച് നടത്തപ്പെടുന്ന യാമപ്രാര്‍ത്ഥകളും ഇതര ശുശ്രൂഷകളും ആരംഭിക്കുന്നത് കൗമ്മാ പ്രാര്‍ത്ഥനയ്ക്കുശേഷം ചൊല്ലുന്ന 51-ാം സങ്കീര്‍ത്തന ത്തോടെയാണ്. ദാവീദ് രാജാവ് തന്‍റെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ച് ആലപിച്ച സങ്കീര്‍ത്തനം ചൊല്ലുന്നതിലൂടെ അനുതാപ ചിന്തകളിലൂടെ മനസിനെയും ഹൃദയത്തെയും വിശുദ്ധീകരിച്ചുകൊണ്ട് ശുശ്രൂഷകളിലേക്ക് പ്രവേശിക്കുവാന്‍ നമ്മെ സഹായിക്കുന്നു. പാപത്തില്‍ നിന്നും അനുതാപത്തിലൂടെ വിശുദ്ധീകരിക്കപെട്ടവരിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത്.
പാപപരിഹാരത്തിനു വേണ്ടിയുളള അനുരഞ്ജന കൂദാശകളെക്കുറിച്ചുളള ചിന്തകള്‍ സുറിയാനി സഭാപിതാക്കന്മാരായ അഫ്രഹാത്ത്, എഫ്രേം എന്നിവരുടെ രചനകള്‍ മുതല്‍ കാണാന്‍ കഴിയും. പാപമോചനത്തെ കുറിച്ചുളള ഇവരുടെ ചിന്തകളില്‍ അനുതാപത്തിന് വലിയ പ്രാധാന്യം നല്കിയിരിക്കുന്നു. മാമ്മോദീസായ്ക്ക് ശേഷം പാപം വഴി നഷ്ടപ്പെട്ട ദൈവകൃപയെ വീണ്ടെടുക്കുവാന്‍ അനുരഞ്ജന കൂദാശ നമ്മെ സഹായിക്കുന്നുവെന്ന് നിനിവേയിലെ വി.ഐസക്ക് സാക്ഷിക്കുന്നു. എഡേസ്സായിലെ വി. യാക്കോബും അനുതാപത്തിനും അനുരഞ്ജനത്തിനും വലിയ പ്രാധാന്യമാണ് നല്കുന്നത്.
ആരംഭകാലങ്ങളില്‍ സമൂഹമായിട്ടാണ് അനുരഞ്ജന ശുശ്രൂഷകള്‍ നടത്തിയിരുന്നത്. പരസ്യമായി പ്രായശ്ചിത്തമനുഷ്ഠിക്കുന്ന പതിവ് 9-ാം നൂറ്റാണ്ടിനു മുമ്പേതന്നെ നിര്‍ത്തല്‍ ചെയ്തുവെന്ന് കരുതപ്പെടുന്നു. മോശ ബര്‍കീഫാ (9-ാം നൂറ്റാണ്ട്) ബര്‍ സ്ലീബി (12-ാം നൂറ്റാണ്ട്) എന്നിവരുടെ രചനകളില്‍ ഇതിന്‍റെ സൂചനകള്‍ കാണാന്‍ കഴിയും. അനുരഞ്ജന കൂദാശയ്ക്ക് ശേഷം വി. കുര്‍ബാന എന്ന ചിന്ത 15-ാം നൂറ്റാണ്ടു മുതല്‍ വ്യാപകമായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇതിന് സഹായകമായ വിധത്തില്‍ ബര്‍ സ്ലീബിയുടെ രചനകളുടെ അടിസ്ഥാനത്തില്‍ ഒരു അനുഷ്ഠാനക്രമവും 15-ാം നൂറ്റാണ്ടു മുതല്‍ നിലനിന്നിരുന്നു.
മലങ്കര ക്രമമനുസരിച്ച് പാപമോചനത്തിനുളള രണ്ടു ആശിര്‍വാദങ്ങളുണ്ട്. പാപമോചനം കര്‍മ്മണി പ്രയോഗത്തിലാണ് (Passive voice) നടത്തുന്നത്. ദൈവം തന്നെയാണ് പാപമോചനം നല്കുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. പൂര്‍വ്വകാലങ്ങളില്‍ ആദികുര്‍ബ്ബാന സ്വീകരണമെന്ന ചടങ്ങ് മലങ്കരയില്‍ പ്രാബല്യത്തിലില്ലായിരുന്നു. മാമ്മോദീസയുടെ അവസരത്തില്‍ തന്നെ വി.കുര്‍ബാന നല്കുന്നതിനാല്‍ ആദികുര്‍ബാന സ്വീകരണം അപ്രസക്തമായിരുന്നു. എന്നാല്‍ തിരിച്ചറിവ് കൈവന്നശേഷം ഒരു വ്യക്തി ബോധപൂര്‍വ്വം വി. കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ആരംഭിക്കുന്നുവെന്ന അര്‍ത്ഥത്തില്‍ മലങ്കരയിലെ വിവിധ സഭാ വിഭാഗങ്ങള്‍ ഈ രീതി നടത്തി വരുന്നു.
അനുരഞ്ജന കൂദാശ കൂടെ കൂടെ സ്വീകരിക്കുന്ന പതിവ് മലങ്കരയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. മാര്‍ ഈവാനിയോസ് തിരുമേനി ബഥനി പ്രസ്ഥാനത്തിലൂടെ ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് കൂടെ കൂടെയുളള അനുരഞ്ജന കൂദാശ സ്വീകരണം മലങ്കരയില്‍ പ്രാബല്യത്തില്‍ വന്നത്. 40 ദിവസത്തിലൊരിക്കലെങ്കിലും വി. കുമ്പസാരം നടത്തണമെന്ന് പിതാവ് നിര്‍ദ്ദേശിച്ചിരുന്നു. വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് പ്രത്യേകമായും നിഷ്കര്‍ഷിച്ചു. വിവാഹം പോലെയുളള കൂദാശകള്‍ക്ക് ഒരുക്കമായി വി.കുമ്പസാരം സ്വീകരിക്കണമെന്നും പിതാവ് നിര്‍ദേശിച്ചു.
ഔപചാരികമായ വി. കുമ്പസാരം കൂടാതെ അനുരഞ്ജനത്തിന്‍റെയനുഭവം പങ്കുവയ്ക്കുന്ന വിവിധ ശുശ്രൂഷകളും മലങ്കരയില്‍ ആചരിച്ചു വരുന്നു. വി. കുര്‍ബാനയുടെയവസരത്തില്‍ സുവിശേഷവായനയെത്തുടര്‍ന്ന് പാപപരിഹാരത്തിനുവേണ്ടിയുളള ഹൂസോയോ പ്രാര്‍ത്ഥന നടത്തുന്നു. പുരോഹിതന്‍ തനിക്കു വേണ്ടിയും ബലിയില്‍ സംബന്ധിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കു വേണ്ടിയും പാപപ്പരിഹാര പ്രാര്‍ത്ഥന നടത്തുന്നു. കൂടാതെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ അവസരത്തില്‍ ഖണ്ഡിപ്പിന്‍റെ ശുശ്രൂഷയ്ക്കു മുമ്പായി പാപമോചനം നല്കിക്കൊണ്ടുള്ള പ്രാര്‍ത്ഥനയും നടത്തുന്നു. ഇതിലൂടെ വിശ്വാസികളുടെ ലഘുവായ തെറ്റുകുറ്റങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. അമ്പതുനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് നടത്തുന്ന അനുരഞ്ജന ശുശ്രൂഷ പാപമോചന ശുശ്രൂഷ തന്നെയാണ്. അതുപോലെത്തന്നെ തൈലാഭിഷേക ശുശ്രൂഷയുടെ ഭാഗമായി നടത്തപ്പെടുന്ന ശുശ്രൂഷകളിലും പാപമോചനം നല്കുന്ന രീതി മലങ്കര സഭയില്‍ അനുഷ്ഠിച്ചു വരുന്നു.
രോഗികളുടെ തൈലാഭിഷേകം
ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും തൈലാഭിഷേകം നടത്തുകയും ചെയ്തിരുന്നു. തൈലാഭിഷേകത്തിന് പ്രാധാനമായും ഒലിവെണ്ണയാണ് ഉപയോഗിച്ചിരുന്നത്. രോഗികള്‍ക്ക് സൗഖ്യം നല്കുന്നതോടൊപ്പം ഇതിലൂടെ പാപമോചനവും നല്കപ്പെട്ടിരുന്നതായി അഫ്രഹാത്ത് സാക്ഷിക്കുന്നു. അന്ത്യോക്യയിലെ സേവേറിയോസും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്. ചുരുക്കത്തില്‍, അപ്പസ്തോല കാലഘട്ടം മുതല്‍ രോഗസൗഖ്യത്തിനും പാപമോചനത്തിനുമായി തൈലാഭിഷേകം നടത്തിയിരുന്നതിന്‍റെ സൂചനകള്‍ സഭാ പിതാക്കന്‍മാരുടെ രചനകളില്‍ കാണാന്‍ കഴിയും. മോശബര്‍കീപ്പായുടെയും ബാര്‍ സ്ലീബിയുടെയും രചനകള്‍ നല്കുന്ന സൂചനയനുസരിച്ച് മദ്ധ്യ ശതകങ്ങള്‍ മുതല്‍ രോഗികളുടെ തൈലാഭിഷേകത്തിനായി പ്രത്യേക ശുശ്രൂഷകള്‍ നിലവിലുണ്ടായിരുന്നു.
മലങ്കര സഭയില്‍ രോഗികളുടെ തൈലാഭിഷേകത്തിനായി രണ്ടു ശുശ്രൂകള്‍ നിലവിലുണ്ട്: സാധാരണ ക്രമവും, കന്തീലാശുശ്രൂഷയും.
രോഗികളുടെ തൈലാഭിഷേക ക്രമത്തിലൂടെ പാപമോചനത്തിനും രോഗിയുടെ സൗഖ്യത്തിനും വേണ്ടിയാണ് പ്രധാനമായും പ്രാര്‍ത്ഥിക്കുന്നത്. അതോടൊപ്പം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തെ അനുസ്മരിപ്പിക്കുന്ന പ്രാര്‍ത്ഥനകളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. അതുവഴി മരണഭയം ഒഴിവായി ദൈവസംസര്‍ഗചിന്തകള്‍ ഉണര്‍ത്തുന്നതിന് സഹായിക്കുന്നു.
വിവാഹം
സുറിയാനി സഭയിലെ വിവാഹകൂദാശയുടെ ശുശ്രൂഷക്രമം എസേസ്റ്റായിലെ വി.യാക്കോബ് രചിച്ചതാണെന്ന് കരുതപ്പെടുന്നു. മോശേബര്‍കേഫാ മറ്റ് ശുശ്രൂഷ ക്രമങ്ങളുടെ സഹായത്തോടെ 9-ാം നൂറ്റാണ്ടില്‍ ഇതു ക്രോഡീകരിക്കുകയുണ്ടായി. ഈ ക്രമമാണ് മലങ്കരസഭയില്‍ ഉപയോഗത്തിലിരിക്കുന്നത്. വിവാഹ ശുശ്രൂഷയില്‍ പ്രാധാനമായും രണ്ട് ക്രമങ്ങളാണുള്ളത്. മോതിരം വാഴ്വിന്‍റെ ക്രമവും കിരീടം വാഴ്വിന്‍റെ ക്രമവും.
തുടര്‍ന്ന് സമാപനാശീര്‍വാദത്തിനു മുമ്പായി കാര്‍മ്മികന്‍ ദമ്പതിമാരെയും ശുശ്രൂഷയില്‍ സംബന്ധിക്കുന്ന എല്ലാവരെയും വിവാഹബന്ധത്തിന്‍റെ പവിത്രതയെകുറിച്ചും അവിഭാജ്യതയെക്കുറിച്ചും ഉപദേശിക്കുന്നു. വിവാഹത്തിലും വിവിധ പട്ടംകൊട ശുശ്രൂഷകളിലും (ശെമ്മാശ്ശ പട്ടം, വൈദിക പട്ടം, സന്ന്യാസ പട്ടം (വ്രത വാഗ്ദാന ശുശ്രൂഷ), മെത്രാന്‍ പട്ടം) ഇത്തരം ഉപദേശം നല്കുന്ന രീതി മലങ്കര സുറിയാനി രീതിയില്‍ കാണാന്‍ കഴിയും.
തുടര്‍ന്ന് വധൂവരന്മാരെ പരസ്പരം ഭരമേല്പിക്കുകയും പരസ്പരം കരുതുന്നതിനായി ഉപദേശിക്കുകയും ചെയ്യുന്നു. സമാപനാശീര്‍വ്വാദത്തോടെ ദേവാലയത്തില്‍ വച്ചുള്ള വിവാഹ ശുശ്രൂഷ അവസാനിക്കുന്നു. ദേവാലയത്തിന് പുറത്ത് വിവാഹ ശുശ്രൂഷയ്ക്കു മുമ്പും പിമ്പുമായി വളരെയേറെ ചടങ്ങുകള്‍ നടത്തപ്പെടാറുണ്ട്. കേരളീയ സംസ്കാരത്തില്‍ നടത്തി വരുന്ന ഇത്തരം ആചാരങ്ങള്‍ വിവാഹശുശ്രൂഷയുടെ അവിഭാജ്യ ഘടകമായിരുന്നു. എന്നാല്‍ മിഷനറിമാരിലൂടെ വൈദേശിക ആരാധന രീതി കടന്നു വന്നതോടെ ഇത്തരം ആചരണങ്ങള്‍ ദേവാലയത്തിന് പുറത്ത് വിവാഹത്തിനു മുമ്പും പിമ്പുമായി നടത്തിവരുന്ന രീതി നിലവില്‍ വന്നു. ഔദ്യോഗികമായി വിവാഹമെന്ന കൂദാശാനുഷ്ഠാനത്തിന്‍റെ ഭാഗമല്ലായെങ്കിലും വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന ഇത്തരം സാമൂഹികാചാരങ്ങള്‍ കേരളസഭയില്‍ അനുസ്യൂതം തുടരുന്ന ചടങ്ങുകളായി പരിരക്ഷിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പ്രബലമായി ക്കൊണ്ടിരിക്കുന്നു.
തിരുപ്പട്ടം
സഭാശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവരെ അഭിഷേചിച്ച് നേതൃസ്ഥാനത്ത് അവരോധിക്കുന്ന രീതി അപ്പസ്തോലിക കാലഘട്ടം മുതല്‍ നടപ്പില്‍ വന്നു. സുറിയാനി രീതിയനുസരിച്ച് പൗരോഹിത്യത്തില്‍ വിവിധ നിരകളെ കാണാന്‍ കഴിയും. ഇവയില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളായ മൗദ്യോനോ, മ്സമ്റോനേ, കോറൂയോ സ്ഥാനങ്ങള്‍ മലങ്കര കത്തോലിക്കാ സഭയില്‍ ഒരുമിച്ചാണ് സാധാരണ നല്കുന്നത്. കോറുയോ പട്ടത്തിന്‍റെ ഭാഗമായി നല്കുന്ന ഉറാറ വെള്ള കുപ്പായ (ആല്‍ബ) ത്തിന് മുകളില്‍ കുരിശാകൃതിയില്‍ ധരിക്കുന്നു. ഇവരുടെ ചുമതലകള്‍ യഥാക്രമം ആചാര്യന്‍മാരുടെ സഹായി, ഗായക സംഘത്തിന് നേതൃത്വം വഹിക്കുക, വായനക്കാരന്‍ എന്നിവയാണ്. എന്നാല്‍, ഇപ്പോള്‍ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന്‍റെ ഓരോ ഘട്ടവും പൂര്‍ത്തിയാകുന്നതനുസരിച്ച് ഇത് നല്കി വരുന്നു. ആദ്യത്തെ മൂന്നുഘട്ടങ്ങളെത്തുടര്‍ന്ന് സൗകര്യംപോലെ ഹെവുപ്പദിയാക്കോനോപട്ടം നല്കുന്നു. ഹെവുപ്പദിയാക്കോനോ പട്ടം (Sub-deacon) പദവി ലഭിക്കുന്നവര്‍ ഊറാറ ത്രികോണാകൃതിയിലാണ് ധരിക്കുന്നത്. ദേവാലയത്തിന്‍റെ വാതില്‍ കാവല്‍ക്കാരന്‍ എന്ന ചുമതല ഇവര്‍ക്കായിരുന്നു. ആരാധനയ്ക്കായി ദൈവാലയം സജ്ജമാക്കുക, ശുശ്രൂഷകള്‍ക്ക് തിരി പിടിക്കുക തുടങ്ങിയവ ഇവരുടെ ദൗത്യമായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരിശീലനത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഈ പട്ടം നല്കുന്നു. പണ്ടുകാലങ്ങളില്‍ ദേവാലയ ശുശ്രൂഷയ്ക്കായി കടന്നു വന്നിരുന്ന ആളുകള്‍ക്ക് ആവശ്യമനുസരിച്ചും അവരുടെ യോഗ്യതകള്‍ പരിഗണിച്ചും ഇത്തരം സ്ഥാനങ്ങള്‍ നല്കിയിരുന്നു. പാശ്ചാത്യരീതിയില്‍ ചിട്ടയായ വൈദിക പരിശീലനം ആരംഭിക്കുന്നതിനുമുമ്പുള്ള കാലയളവില്‍ മല്പാന്മാരുടെ സഹായികളായി കൂടിയിരുന്നവര്‍ക്ക് ഇത്തരം സ്ഥാനമാനങ്ങള്‍ നല്കുന്ന പാരമ്പര്യം മലങ്കരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മലങ്കര കത്തോലിക്കാ സഭയില്‍ ദൈവശാസ്ത്ര പഠനത്തിന്‍റെയവസരത്തില്‍ ക്രമമായി ഇത് നല്കി വരുന്നു.
മേല്‍പറഞ്ഞ നാലു സ്ഥാനങ്ങള്‍ക്കു പുറമെ ശെമ്മാശപട്ടം, വൈദിക (കശ്ശീശ്ശാ) പട്ടം, എപ്പിസ്ക്കോപ്പാ (മെത്രാന്‍) പട്ടം എന്നിവ പൗരോഹിത്യ ഗണത്തില്‍പ്പെടുന്നതും കൗദാശികമായി നല്കുന്നതുമായ പട്ടങ്ങളാണ്. ശെമ്മാശ പട്ടം ദേവാലയ കര്‍മ്മങ്ങള്‍ക്കുള്ള ഔദ്യോഗിക ശുശ്രൂഷകര്‍ക്ക് നല്കുന്ന പൗരോഹിത്യ സ്ഥാനമാണ്. ശെമ്മാശ പട്ടത്തിന്‍റെ ഭാഗമായി അര്‍ത്ഥിക്ക് ഊറാറയും ധൂപക്കുറ്റിയും വാഴ്ത്തി നല്കുന്നു. ഊറാറ ഇടത്തെ തോളില്‍ മദ്ധ്യഭാഗത്ത് കുരിശോടുകൂടി മുമ്പിലും പിന്‍പിലും വരത്തക്ക വിധത്തിലാണ് അണിയുന്നത്. പൂര്‍വ്വകാലത്ത് ശെമ്മാശ പട്ടം സ്വീകരിച്ചവര്‍ സഭയില്‍ ധാരാളമുണ്ടായിരുന്നു. പിന്നീട് കശ്ശീശ്ശാ (വൈദിക) പട്ടം സ്വീകരിക്കുന്നതിന് മുമ്പുള്ള ഒരു ഘട്ടത്തിലെ ചുമതല എന്ന വിധത്തില്‍ ശെമ്മാശ പട്ടത്തെ കണ്ടിരുന്നു. മലങ്കര കത്തോലിക്കാസഭയുടെ 2008 ഒക്ടോബറില്‍ ചേര്‍ന്ന പരിശുദ്ധ സൂന്നഹദോസ് സ്ഥിരം ശെമ്മാശ്ശന്മാരെ വാഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ശെമ്മാശപട്ടം സ്വീകരിച്ച് സഭയില്‍ ശുശ്രൂഷ ചെയ്യാവുന്നതാണ്.
കശ്ശീശ്ശാ പട്ടം (വൈദിക പട്ടം) സ്വീകരിക്കുന്നതോടെയാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനുള്ള അവകാശം ഒരു വ്യക്തിക്ക് നല്കുന്നത്. ഇടവകയ്ക്ക് വേണ്ടി ഇടവക ദേശകുറി വഴി ആവശ്യപ്പെടുന്നതനുസരിച്ച് മലങ്കര മെത്രാപ്പോലീത്തയാണ് പൂര്‍വ്വകാലങ്ങളില്‍ വൈദികപട്ടം നല്കിയിരുന്നത്. പാശ്ചാത്യരീതിയിലുള്ള സെമിനാരി സ്ഥാപനത്തോടെ വൈദിക പട്ടം ആഗ്രഹിക്കുന്നവരെ യോഗ്യരെന്ന് കണ്ടാല്‍ സെമിനാരിയില്‍ സ്വീകരിക്കുന്ന പതിവ് ആരംഭിച്ചു. കാലാന്തരത്തില്‍ ഇടവകയ്ക്കുവേണ്ടി പട്ടം സ്വീകരിക്കുന്ന പതിവ് നിര്‍ത്തി രൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിക്കുന്ന രീതി നിലവില്‍ വന്നു. തിരുപ്പട്ടം ഒഴികെ എല്ലാ കൂദാശകളും പരികര്‍മ്മം ചെയ്യുന്നതിന് പുരോഹിതന് അവകാശമുണ്ട്.
എപ്പിസ്ക്കോപ്പോ (പ്രധാനാചാര്യന്‍)
പൗരോഹിത്യത്തിന്‍റെ പൂര്‍ണ്ണതയായിട്ടാണ് 7-ാം പട്ടമായ എപ്പിസ്കോപ്പാസ്ഥാനത്തെ കാണുന്നത്. മൂന്നു എപ്പിസ്ക്കോപ്പാമാര്‍ ചേര്‍ന്നാണ് ഒരു വൈദികനെ മെത്രാന്‍ സ്ഥാനത്തേക്ക് വാഴിക്കുന്നത്. ദൈവജനത്തിന്‍റെ ശുശ്രൂഷയ്ക്കടുത്ത സ്ഥാനചിഹ്നങ്ങള്‍ ശുശ്രൂഷയുടെ അവസരത്തില്‍ പുതിയതായി അഭിഷേകം ചെയ്യപ്പെട്ട എപ്പിസ്ക്കോപ്പായെ അണിയിക്കുന്നു.
ദൈവജനത്തോടു ചേര്‍ന്നാണ് എപ്പിസ്കോപ്പ തന്‍റെ ശുശ്രൂഷ നിര്‍വഹിക്കേണ്ടത്. മെത്രാന്‍ പട്ടം കൊടുക്കുന്നതിന് മുന്നോടിയായി റമ്പാന്‍ (സന്ന്യാസ) പട്ടം കൊടുക്കുന്ന രീതി മലങ്കരസഭയിലുണ്ട്. പൂര്‍വ്വകാലങ്ങളില്‍ സന്ന്യാസികളെയായിരുന്നു മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നത്. പില്‍ക്കാലത്ത് സന്ന്യാസികളല്ലാത്തവരെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തപ്പോള്‍ സന്ന്യാസപരമായ തപോജീവിതത്തിലേക്ക് ആനയിക്കത്തക്കവിധം റമ്പാന്‍ പട്ടം നല്‍കുന്ന രീതിയും ആരംഭിച്ചു.
പൗരോഹിത്യ സ്ഥാനങ്ങള്‍
മേല്‍പറഞ്ഞ പട്ടങ്ങള്‍ കൂടാതെ പുരോഹിത ഗണത്തില്‍പ്പെട്ടവര്‍ക്ക് ചില സ്ഥാനങ്ങള്‍ നല്കുന്ന സുറിയാനി രീതി ചില പ്രത്യേകതകളോടെ മലങ്കരയിലും നല്കി വരുന്നു.
അര്‍ക്കദിയാക്കോന്‍: മലങ്കര സഭയില്‍ മെത്രാന്‍ വാഴ്ച ആരംഭിക്കുന്നതിനുമുമ്പുള്ള കാലയളവില്‍ സഭാനേതൃത്വം അര്‍ക്കദിയാക്കോനില്‍ (ആര്‍ച്ച് ഡീക്കന്‍) നിഷിപ്തമായിരുന്നു. സുറിയാനി സഭയില്‍ നിലനിന്നിരുന്ന ആര്‍ച്ച് ഡീക്കന്‍ സ്ഥാനിയുടെ ഭാരതീയ രൂപമായി ഇതിനെ കാണാം. സുറിയാനി സഭയില്‍ ഭദ്രാസന ദേവായത്തിലെ പ്രാധാന ശുശ്രൂഷിക്കായിരുന്നു ഈ സ്ഥാനം നല്കിയിരുന്നത്. പിതാക്കന്മാരുടെ അംശവടി പിടിക്കുക, സ്തൗമന്‍ കാലൊസ് (നാമെല്ലാവരും നേരെ നില്ക്കുകയെന്ന പ്രഖ്യാപനം) മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലുക എന്നിവ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്ത്വത്തില്‍പ്പെടുന്നു. മലങ്കരയെ സുറിയാനി സഭയുടെ ഒരു ഭദ്രാസനമായി കണ്ട് സുറിയാനി സഭയില്‍ നിന്നും മലങ്കരയിലെത്തുന്ന പിതാക്കന്മാരുടെ പ്രാധാന സഹായിയെന്ന വിധത്തില്‍ അര്‍ക്കദിയാക്കോന്‍റെ സ്ഥാനത്തെ സുറിയാനി സഭ കണ്ടിരുന്നിരിക്കണം. എന്നാല്‍ സുറിയാനി സഭയില്‍ നിന്ന് വ്യത്യസ്തമായി മലങ്കര ഇടവകകളുടെ വസ്തുവകകളുടെ സംരക്ഷകനും മേല്‍നോട്ടക്കാരനുമെന്ന ചുമതലകൂടി മലങ്കരയില്‍ അര്‍ക്കദിയാക്കോന്മാര്‍ വഹിച്ചിരുന്നിരിക്കണം. കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് അര്‍ക്കദിയാക്കോന്‍ മെത്രാന്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടതോടെ മലങ്കരയില്‍ ആര്‍ച്ച് ഡീക്കന്‍ സ്ഥാനം നിലച്ചു.
കോര്‍ എപ്പിസ്ക്കോപ്പ: സുറിയാനി സഭയില്‍ മെത്രാന്‍റെ പ്രതിനിധിയെന്ന നിലയില്‍ ഗ്രാമപ്രദേശങ്ങളിലെ സഭയ്ക്ക് മെത്രാനടുത്ത വിധത്തില്‍ നേതൃത്വം നല്കാനായി നിയമിക്കപ്പെട്ടവരാണ് കോര്‍ എപ്പിസ്ക്കോപ്പാമാര്‍. യാത്രാസൗകര്യം പരിമിതമായിരുന്നതിനാലും മെത്രാന്മാരുടെ എണ്ണം കുറവായിരുന്നതിനാലും ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമായിരുന്നു. ഇപ്പോള്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളില്‍ വിവാഹിതരായ വൈദികര്‍ക്ക് നല്കി വരുന്ന ഒരു അംഗീകാരമായി ഇതിനെ കാണാം. ഇത് ഒരു പൗരോഹിത്യ പദവി എന്നതിനെക്കാള്‍ പുരോഹിതര്‍ക്ക് നല്കുന്ന ഒരു അംഗീകാരമാണ്. കോര്‍ എപ്പിസ്ക്കോപ്പസ്ഥാനികള്‍ക്ക് സഭയിലെ പ്രത്യേകമായ കടമകളും ഉത്തരവാദിത്ത്വങ്ങളും നല്കാവുന്നതാണ്. റീശ് എപ്പിസ്ക്കോപ്പാ (ആര്‍ച്ച് ബിഷപ്പ്), കാതോലിക്കോസ്, പാത്രിയര്‍ക്കീസ് തുടങ്ങിയ സ്ഥാനങ്ങള്‍ സഭയുടെ നേതൃത്വ ശുശ്രൂഷയുടെ ഭംഗിയായ നടത്തിപ്പിന് വേണ്ടി ക്രമീകരിക്കപ്പെട്ടിട്ടുള്ള സംവിധാനങ്ങളാണ്. ഓരോസ്ഥാനത്തേയ്ക്കും ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് യോജിച്ച വിധത്തില്‍ സ്ഥാനാരോഹണ ശുശ്രൂഷയോടെ തിരഞ്ഞെടുക്കപ്പെട്ടവരെ അതാതു സ്ഥാനത്തേക്ക് അവരോധിക്കുന്നു. ഓരോ സ്ഥാനത്തേക്കും ഉയര്‍ത്തപ്പെടുന്നവര്‍ തങ്ങളുടെ സ്ഥാനത്തിനു യോജിച്ച ശുശ്രൂഷയിലൂടെ സഭയെ മുന്നോട്ട് നയിക്കുന്നു. വ്യക്തിഗത സഭകളുടെ പ്രധാനനേതൃത്വം വഹിക്കുന്ന മേല്‍ സ്ഥാനികള്‍ തങ്ങളുടെ സഭാസമൂഹത്തെ അതിന്‍റെ വ്യക്തിത്വത്തോടെ നയിക്കുന്നു.
മൂറോന്‍ കൂദാശ
ഏഴു കൂദാശകളില്‍ രണ്ടാമത്തേതായ സ്ഥൈര്യലേപനത്തിന് മൂറോന്‍ അഭിഷേകം എന്നും പറയാറുണ്ട്. എന്നാല്‍ മൂറോന്‍ കൂദാശയ്ക്ക് വിപുലമായ അര്‍ത്ഥങ്ങളാണുള്ളത്. മൂറോന്‍ കൂദാശ ചെയ്യുക എന്നതുകൊണ്ട് വിവിധ കൂദാശകളില്‍ ഉപയോഗിക്കുന്ന മൂറോന്‍ തൈലം കൂദാശ ചെയ്യുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അതോടൊപ്പം കൂദാശ ചെയ്യപ്പെട്ട മൂറോന്‍ തൈലം ഉപയോഗിച്ച് വ്യക്തിയെയോ, ദേവാലയം പോലുള്ള വിശുദ്ധസ്ഥലത്തൊയോ കൂദാശ ചെയ്യുമ്പോഴും മൂറോന്‍ കൊണ്ടു കൂദാശ ചെയ്യുന്നുവെന്ന അര്‍ത്ഥത്തില്‍ മൂറോന്‍ കൂദാശ എന്നു പറയാറുണ്ട്. അന്ത്യോക്യന്‍ സഭ മൂറോന്‍ കൂദാശയ്ക്ക് വലിയ പ്രാധാന്യമാണ് നല്കുന്നത്. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബര്‍ സ്ലീബിയുടെ അഭിപ്രായത്തില്‍ പെന്തിക്കൊസ്തിക്ക് ശേഷം വന്ന തിങ്കളാഴ്ച തന്നെ അപ്പസ്തോലന്മാര്‍ മൂറോന്‍ കൂദാശ നടത്തിയെന്ന് പറയുന്നു. ഇത് കാല്പനിക സ്വഭാവത്തോടെ എഴുതപ്പെട്ടതായിരിക്കാം. എങ്കിലും മൂറോന്‍ കൂദാശയ്ക്കു നല്കപ്പെടുന്ന പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നു. സഭയുടെ തലവനായ പാത്രിയര്‍ക്കീസോ ഇതര സ്ഥാനികളോ സഭയിലെ മുഴുവന്‍ മെത്രാന്‍മാരുടെയും സാന്നിദ്ധ്യത്തിലാണ് മൂറോന്‍ നടത്തുന്നത്. കൂദാശയെ തുടര്‍ന്ന് ഓരോ രൂപതകള്‍ക്കുമുള്ള മൂറോന്‍ തൈലം പങ്കുവയ്ക്കുന്നു. രൂപതാ കേന്ദ്രങ്ങില്‍ നിന്ന് ഇടവകകള്‍ക്ക് നല്‍കുന്നു.
രണ്ടു ദിവസമായിട്ടാണ് മൂറോന്‍ കൂദാശ നടത്തുക. സഭാതലവനായ പ്രധാന കാര്‍മ്മികനും സഹകാര്‍മ്മികരും ഉപവാസവുംപ്രാര്‍ത്ഥനയും വഴി ഈ ശുശ്രൂഷ നിര്‍വഹിക്കുന്നു. ശുശ്രൂഷകളില്‍ സഹായികളായി വര്‍ത്തിക്കുന്ന പന്ത്രണ്ടു വൈദികരിലൊരാള്‍ വേദപുസ്തകവും മറ്റൊരാള്‍ കുരിശും മൂന്നാമതൊരാള്‍ അംശവടിയും വഹിക്കുന്നു. പന്ത്രണ്ടു ശെമ്മാശന്മാര്‍ ധൂപക്കുറ്റിയും പന്ത്രണ്ട് ഹെവുപ്പദിയാക്കോന്മാര്‍ മറുബഹാസായും പന്ത്രണ്ടു കോറൂയോമാര്‍ കത്തിച്ച മെഴുകുതിരികളുമായും ശുശ്രൂഷയില്‍ അണിച്ചേരുന്നു. ഒന്നാം ദിവസത്തെ ശുശ്രൂഷ പ്രധാനമായും സങ്കീര്‍ത്തനാലാപനങ്ങളോടും വേദവായനകളോടും കൂടിയ പ്രാര്‍ത്ഥനകളാണ്. ഈയവസരത്തില്‍ വി. മൂറോനിലടങ്ങുന്ന വിവിധ തൈലങ്ങളും സുഗന്ധകൂട്ടുകളും കൂട്ടിച്ചേര്‍ക്കുന്നു. രണ്ടാംദിവസം ആമുഖപ്രാര്‍ത്ഥനയ്ക്കും വേദവായനകള്‍ക്കുംശേഷം മൂറോന്‍തൈലം ആശീര്‍വദിക്കുന്നു. വി. കുര്‍ബാനയിലെ അന്നാഫുറ പ്രാര്‍ത്ഥനയുടെ ശൈലിയിലാണ് ആശീര്‍വാദശുശ്രൂഷ ക്രമപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് പ്രധാന കാര്‍മ്മികന്‍ ആശീര്‍വദിക്കപ്പെട്ട മൂറോനുപയോഗിച്ച് സ്ലീബാആഘോഷം നടത്തുന്നു.
ആശീര്‍വദിക്കപ്പെട്ട മൂറോന്‍തൈലം മാമോദീസായ്ക്കും, സ്ഥൈര്യലേപനത്തിനും, ദൈവാലയത്തില്‍ വി. കുര്‍ബാനയര്‍പ്പിക്കുന്ന ബലിപീഠത്തില്‍ സ്ഥാപിക്കുന്ന തബ്ലീത്താ (ചെറിയ ത്രോണോസ്) വാഴ്ത്തുന്നതിനും ആഘോഷമായ ദൈവാലയ കൂദാശയ്ക്കുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വി. കുര്‍ബാന
മലങ്കര സഭ അന്ത്യോക്യന്‍ ക്രമത്തിലുള്ള വി.കുര്‍ബാനയാണ് അര്‍പ്പിക്കുന്നത്. വി. യാക്കോബിന്‍റെ പേരിലുള്ള അന്നാഫുറായും അതിനെ അനുകരിച്ച് വിവിധ കാലങ്ങളില്‍ എഴുതപ്പെട്ട അന്നാഫുറാകളില്‍ ഏതെങ്കിലും ഒന്നാണ് വി. കുര്‍ബാനയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. വി. കുര്‍ബാനയില്‍ പ്രധാനമായും നാലു ഭാഗങ്ങളാണുള്ളത്.
പ്രാഭാത പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ പുരോഹിതന്‍ മദ്ബഹായില്‍ പ്രവേശിച്ച് ഒരുക്ക ശുശ്രൂഷ നടത്തുന്നു. ഈയവസരത്തില്‍ വിശ്വാസികള്‍ പ്രാഭാത പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി, പഴയ നിയമത്തില്‍ നിന്നുള്ള വേദവായനകള്‍ ശ്രവിച്ച്, ഒരുക്ക ശുശ്രൂഷയ്ക്ക് അനുയോജ്യമായ ആരാധനാഗാനങ്ങള്‍ ആലപിക്കുന്നു. ഒരുക്ക ശുശ്രൂഷയ്ക്കായി മദ്ബഹായില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പുരോഹിതന്‍ ജനങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ട് കൈകള്‍ വിരിച്ചു തലവണങ്ങി പ്രാര്‍ത്ഥനാ സഹായം യാചിക്കുന്നു. ജീവപ്രദമായ വി.ബലി വിശ്വാസികള്‍ക്കുവേണ്ടി അര്‍പ്പിക്കുവാനുള്ള യോഗ്യതയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം ഈയവസരത്തില്‍ അപേക്ഷിക്കുന്നു. ഒരുക്ക ശുശ്രൂഷയില്‍ പ്രധാനമായും രണ്ടു ക്രമങ്ങളാണുള്ളത്.
1-1. മല്‍ക്കിസദേക്കിന്‍റെ ക്രമം:- 51-ാം സങ്കീര്‍ത്തനവും അനുബന്ധപ്രാര്‍ത്ഥനകളും ചൊല്ലി ഹൃദയ വിശുദ്ധികരണത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഈ ശുശ്രൂഷ നടത്തുന്നത്. പുരോഹിത പരമ്പരയില്‍ ആദ്യത്തേതായി വേദപുസ്തകത്തില്‍ പരാമര്‍ശിക്കുന്ന മല്‍ക്കിസദേക്കിന്‍റെ (ഉല്പത്തി - 14:17-20; ഹെബ്രാ-6-20) ക്രമ പ്രകാരം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ശുശ്രൂഷയിലൂടെ മനുഷ്യരിലെ ആരാധനയിലേക്കുള്ള സ്വാഭാവിക പ്രവണതയെ തന്നെ സൂചിപ്പിക്കുന്നു. ഈ സ്വഭാവിക ആരാധനാഭാവമാണ് പിന്നീട് ജറുസലേം ദേവാലയ കേന്ദ്രീകൃതമായും, തുടര്‍ന്ന് യേശുവിന്‍റെ ബലിയിലുള്ള പങ്കു ചേരലുമായി രൂപപ്പെട്ടത്. ഈ ശുശ്രൂഷയുടെ അവസരത്തില്‍ വി.കുര്‍ബാനയ്ക്ക് ആവശ്യമായ അപ്പവും വീഞ്ഞും ഒരുക്കുന്നു.
1-2.അഹറോന്‍റെ ക്രമം:- രണ്ടാം ശുശ്രൂഷയില്‍ പുരോഹിതന്‍ കൈകള്‍ കഴുകി വി. ബലിയ്ക്കുള്ള അംശവസ്ത്രങ്ങള്‍ ധരിക്കുന്നു. തുടര്‍ന്ന് മദ്ബഹയുടെ മുമ്പില്‍ മുട്ടുകുത്തി യേശുവിലൂടെ പൂര്‍ത്തീകരിച്ച രക്ഷാകര ബലിയുടെ അനുസ്മരണം നടക്കുന്നതായ ഈ ബലി പൂര്‍ത്തിയാകുവാന്‍ സഹായിക്കണമെന്ന് യാചിച്ചുകൊണ്ട് പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് കാഴ്ച വയ്പും ധൂപാര്‍പ്പണവും നടത്തുന്നു. മലങ്കരക്രമമനുസരിച്ച് വി.ബലിയുടെ ആരംഭത്തില്‍ തന്നെ കാഴ്ചയര്‍പ്പണവും നടത്തുന്നു. "ദൈവമേ നീ കുര്‍ബാനയാകുന്നു. കുര്‍ബാന നിനക്കര്‍പ്പിക്കപ്പെടുന്നു. ........ (ആ ദിവസത്തെ പ്രത്യേക നിയോഗം) യ്ക്കുവേണ്ടി ബലഹീനവും പാപപങ്കിലവുമായ എന്‍റെ കൈകളില്‍ നിന്ന് ഈകുര്‍ബാന നീ സ്വീകരിക്കണമെ." എന്ന പ്രാര്‍ത്ഥനയോടെയാണ് കാഴ്ചയര്‍പ്പണം പൂര്‍ത്തിയാകുന്നത്. അതോടൊപ്പം തന്നെ വി.ബലിയില്‍ സന്നിഹിതരായിരിക്കുന്നവരെയും പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ടവരെയും, പ്രാര്‍ത്ഥന ആവശ്യമായിരിക്കുന്ന സകലജനപദങ്ങളെയും അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന്, വി.വസ്തുക്കളുടെ മേല്‍ ധൂപാര്‍പ്പണം നടത്തുന്നു. അഹറോന്‍ ജനങ്ങള്‍ക്ക് വേണ്ടി അര്‍പ്പിച്ച ധൂപാര്‍പ്പണത്തെയാണ് (സംഖ്യ-116:47) ഇവിടെ അനുസ്മരിക്കുന്നത്. വി.ബലിക്കു വരുന്ന വിശ്വാസികള്‍ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് ആദ്യഫലങ്ങളും, നിലവിളക്കില്‍ ഒഴിക്കുന്നതിനുള്ള എണ്ണ, തിരി, പൂക്കള്‍ തുടങ്ങിയ സാധനങ്ങള്‍ കൊണ്ടു വരികയും തങ്ങളുടെ തന്നെ നിവേദ്യങ്ങളായി സമര്‍പ്പിക്കുകയും ചെയ്തിരുന്ന രീതി കുറഞ്ഞുവെങ്കിലും ചില പ്രദേശങ്ങളില്‍ ഇന്നും തുടര്‍ന്നുവരുന്നു. ഇതിലൂടെ കാഴ്ചയര്‍പ്പണത്തില്‍ വിശ്വാസികളും തങ്ങളുടെതായ രീതിയില്‍ പങ്കുചേരുന്നു.
കാഴ്ചവയ്പിന്‍റെ സമയത്ത് വിശ്വാസികള്‍ ചൊല്ലുന്ന ഗാനങ്ങളിലൂടെ രക്ഷാകരസംഭവത്തെ തന്നെ പൊതുവായി അനുസ്മരിക്കുന്നു. പരി. ദൈവമാതാവിനെയും, വിശുദ്ധരെയും, രക്തസാക്ഷികളെയും അനുസ്മരിക്കുന്നുണ്ട്. ഇതുവഴി വി.ബലിയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഭൂവാസികളും സ്വര്‍ഗവാസികളും പങ്കു ചേരുന്നു.
ഒരുക്ക ശുശ്രൂഷയില്‍ പഴയനിയമ സംഭവങ്ങളുടെ അനുസ്മരണമാണ് പ്രധാനമായും നടക്കുന്നത്. പരസ്യശുശ്രൂഷയോടെ പുതിയ നിയമ സംഭവങ്ങളുടെ അനുസ്മരണകളിലേക്ക് പ്രവേശിക്കുന്നു. മദ്ബഹയെ ദേവാലയത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നു വേര്‍തിരിക്കുന്ന മറനീക്കികൊണ്ടാണ് പരസ്യശുശ്രൂഷയുടെ ആരംഭം. ഈയവസരത്തില്‍ പുരോഹിതന്‍ മദ്ബഹയില്‍ ധൂപമര്‍പ്പിക്കുന്നു. പ്രധാന ശുശ്രൂഷകന്‍ കത്തിച്ച മെഴുക് തിരിയും മറ്റ് ശുശ്രൂഷകര്‍ മറുബഹാസയും കിലുക്ക് മണികളും താളത്തില്‍ ചലിപ്പിച്ചുകൊണ്ടാണ് യേശുവിന്‍റെ രംഗപ്രവേശം അവതരിപ്പിക്കുന്നത്. ആഘോഷമായ കുര്‍ബാനാവസരങ്ങളില്‍ ത്രോണോസിന് ചുറ്റും പ്രദക്ഷിണം നടത്തുകയും ചെയ്യുന്നു. കര്‍ത്താവേ നിന്നെ പ്രസവിച്ച മറിയാമും നിനക്ക് മാമ്മോദീസ നല്കിയ യോഹന്നാനും ഞങ്ങള്‍ക്ക് വേണ്ടി നിന്നോടപേക്ഷിക്കുന്നു. എന്നു പറഞ്ഞുകൊണ്ടാണ് ശുശ്രൂഷ ആരംഭിക്കുന്നത്. ഇത് വഴി യേശുവിന്‍റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തെ ജനനവുമായി ബന്ധപ്പിച്ച് അനുസ്മരിക്കുന്നു.
ഇതിനെതുടര്‍ന്ന് വിശ്വസികള്‍ അന്ത്യോക്യായിലെ സേവേറിയോസ് രചിച്ച 'സ്വഭാവ പ്രകാരം മരണമില്ലാത്തവനും..........' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. യേശുരഹസ്യങ്ങളുടെ സുന്ദരമായ വര്‍ണ്ണനയായി ഈ പ്രാര്‍ത്ഥനയെ കാണാന്‍ കഴിയും. ദൈവവും മനുഷ്യനുമായ യേശുവിന്‍റെ ദൈവികരഹസ്യങ്ങള്‍ പ്രഘോഷിക്കുന്ന ഒരവസരമായും ഇതിനെ കാണാന്‍ കഴിയും. എന്നാല്‍, യേശുവിന്‍റെ മനുഷ്യാവതാരത്തെ ഇവിടെ പ്രത്യേകമായി പ്രകീര്‍ത്തിക്കുന്നു. ഇതേതുടര്‍ന്ന് ത്രിശുദ്ധ കീര്‍ത്തനം (Trisagion) ആലപിക്കുന്നു. ദൈവമെ നീ പരിശുദ്ധനാകുന്നു........ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ചൊല്ലുന്നു. അടിസ്ഥാന പരമായി ത്രത്വത്തിന്‍റെ പരിശുദ്ധിയെ പ്രഘോഷിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. എന്നാല്‍ ഞങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പട്ടവനെ... എന്ന സമാപന പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തല്‍ ഇത് ക്രിസ്തുകേന്ദ്രീകൃതമെന്ന് വാദിക്കുന്നവരുമുണ്ട്. ഈ കൂട്ടിചേര്‍ക്കല്‍ കാലാന്തരത്തില്‍ സംഭവിച്ചതാണ്. എന്ന് കരുതപ്പെടുന്നു. പരിശുദ്ധന്‍ എന്ന് ആവര്‍ത്തിച്ച് പ്രകീര്‍ത്തിക്കുന്നതു വഴി യഹോവായെ പരിശുദ്ധന്‍... എന്ന് പാടി പുകഴ്ത്തിയ മാലാഖമാരോട് ചേര്‍ന്ന് (ഐസ-6) ദൈവത്തിന്‍റെ പരിശുദ്ധിയെയാണ് നാം പാടി പുകഴ്ത്തുന്നത്. തുടര്‍ന്ന് കര്‍ത്താവേ ഞങ്ങളോട് കരുണ ചെയ്യണമെ എന്നയര്‍ത്ഥത്തില്‍ കുറിയേലായിസ്സോന്‍ മൂന്നു പ്രാവശ്യം ആലപിച്ചുകൊണ്ട് ഈ പ്രാര്‍ത്ഥന സമാപിക്കുന്നു.
തുടര്‍ന്ന് വചന ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. കാഴ്ചവയ്പ്പിന്‍റെയവസരത്തില്‍ പഴയ നിയമ വായനകള്‍ (സാധാരണയായി മൂന്നു വായനകള്‍ (ചരിത്രപരം, പ്രവചനപരം, പ്രബോധനപരം) ആണ് പഴയ നിയമത്തില്‍ നിന്നും നടത്തുന്നത്). നടത്തിയതിനാല്‍ പുതിയ നിയമ വായനകളാണ് ഇവിടെ നടത്തുന്നത്. സാധാരണഗതിയില്‍ പുതിയ നിയമത്തില്‍ നിന്നു മൂന്നു വായനകളാണ് നടത്തുക. ഒന്നാമത്തെവായന അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ നിന്നോ, കാതോലിക ലേഖനങ്ങളില്‍ നിന്നോ നടത്തുന്നു. രണ്ടാമത്തെ വായന പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ നിന്നുമാണ്. മൂന്നാമത്തേത് സുവിശേഷ വായനയും. കാലാനുസൃതം ചിട്ടപ്പെടുത്തിയ വായനകളാണ് പൊതുവെ ഉപയോഗിക്കുന്നത്. വേദവായനകളെ ദൈവം നമ്മോടു നേരിട്ടു സംസാരിക്കുന്നുവെന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് സാധാരണഗതിയില്‍ വചന പ്രഘോഷണവും നടത്തുന്നു.
തുടര്‍ന്ന് അന്നാഫുറയ്ക്ക് ഒരുക്കമായുള്ള പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടത്തുന്നു. പ്രുമിയോന്‍ (ആമുഖം), സെദ്റാ (പ്രാര്‍ത്ഥനാശൃംഖല) പ്രാര്‍ത്ഥനകളോടെയാണ് ഇതാരംഭിക്കുന്നത്. പ്രുമിയോന്‍-സെദ്റാ പ്രാര്‍ത്ഥനകള്‍ സാധാരണഗതിയില്‍ എല്ലാ പ്രധാന ശുശ്രൂഷകളിലുമുണ്ട്. ഓരോ സന്ദര്‍ഭത്തിനും യോജിച്ച വിധത്തിലാണ് ഈ പ്രാര്‍ത്ഥനകളെ ക്രമീകരിച്ചിരിക്കുന്നത്. വി.കുര്‍ബാനയില്‍ ഉപയോഗിക്കുന്ന പ്രുമിയോന്‍-സെദറാ പ്രാര്‍ത്ഥനകള്‍ ഓരോ ദിവസത്തിനും അനുയോജ്യമായത് തിരഞ്ഞെടുത്ത് നടത്താവുന്നതാണ്. പാപപരിഹാര പ്രാര്‍ത്ഥന (ഹൂസോയോ) പ്രുമിയോന്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് സെദ്റാ പ്രാര്‍ത്ഥനയ്ക്ക് മുമ്പായി നടത്തുന്നു. വി.ബലിയില്‍ സംബന്ധിക്കുന്ന എല്ലാവരെയും തങ്ങളുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് ഈ ബലിയില്‍ പങ്കുചേരുവാന്‍ സഹായിക്കുന്നു.
തുടര്‍ന്ന് ധൂപക്കുറ്റി വാഴ്വിന്‍റെ ശുശ്രൂഷ നടത്തുന്നു. ത്രിത്വനാമത്തില്‍ ധൂപക്കുറ്റി ആശീര്‍വദിക്കുന്നത് വഴി ത്രിത്വത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും അതാഘോഷിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ പുരോഹിതന്‍ രണ്ടാം പ്രാവശ്യം ധൂപാര്‍പ്പണം നടത്തി കാഴ്ച വസ്തുക്കളെയും ബലിപീഠത്തെയും ധൂപാര്‍പ്പണത്തിലൂടെ പവിത്രീകരിക്കുന്നു. തുടര്‍ന്ന് നിഖ്യാ വിശ്വാസ പ്രമാണം ചൊല്ലുന്നു. പ്രാര്‍ത്ഥനകളുടെയും വി.കുര്‍ബാനയുള്‍പ്പെടെയുള്ള ആരാധനകളുടെയും അവസരത്തില്‍ വിശ്വാസ പ്രമാണം ചെല്ലുന്നതിലൂടെ സഭാംഗങ്ങള്‍ തങ്ങളുടെ സത്യവിശ്വാസത്തെയാണ് പ്രഘോഷിക്കുന്നത്. വിശ്വാസ പ്രമാണത്തിന്‍റെയവസരത്തില്‍ പുരോഹിതന്‍ തുടര്‍ന്ന് വരുന്ന അന്നാഫുറായ്ക്കായി ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ഒന്നാമതായി കൈകള്‍ കഴുകുന്നു. തുടര്‍ന്ന് രണ്ടാം പ്രാവശ്യം പ്രാര്‍ത്ഥനാസഹായം യാചിക്കുന്നു. അതിനു ശേഷം മുട്ടുകുത്തി സാഷ്ടാംഗം വണങ്ങി പാപങ്ങളുടെ മോചനത്തിനും കൃപകള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം, അന്നത്തെ കുര്‍ബാനയില്‍ അനുസ്മരിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള മരിച്ചുപോയവരുടെ പേരുപറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. ഈ മൂന്നു ശുശ്രൂഷകളിലൂടെയും വി.കുര്‍ബാനയുടെ പരമപ്രധാനമായ ഭാഗത്തേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സ്വയവിശുദ്ധീകരണത്തിലൂടെ പുരോഹിതന്‍ വിശ്വാസികളോടൊത്ത് പ്രവേശിക്കുന്നു. തുടര്‍ന്ന് പ്രധാന ശുശ്രൂഷകന്‍ നമുക്ക് നന്നായി എഴുന്നേറ്റ് നില്ക്കാം എന്നര്‍ത്ഥം വരുന്ന സ്തൗമന്‍കാലോസ് എന്ന് പ്രഖ്യാപിക്കുകയും വിശ്വാസികള്‍ കര്‍ത്താവേ ഞങ്ങളോട് കരുണചെയ്യണമെ എന്നര്‍ത്ഥം വരുന്ന കുറിയേലായിസ്സോന്‍ എന്ന് ചൊല്ലുകയും ചെയ്യുന്നു. വചന പ്രഘോഷണത്തെ തുടര്‍ന്നും ഇത് നടത്തുന്നുണ്ട.് വി.കുര്‍ബാനയുടെ പ്രധാന ഘട്ടങ്ങളിലേക്ക് പ്രവേശിക്കുന്നയവസരത്തില്‍ വിശ്വാസികളെ പ്രാര്‍ത്ഥനയുടെ ആഴമായ അനുഭവത്തിലേക്കാനയിക്കുവാന്‍ ഈ ആഹ്വാനം സഹായിക്കുന്നു.
അന്നാഫുറാ എന്നാല്‍ കൊണ്ടുവരിക, സമര്‍പ്പിക്കുക എന്നൊക്കെയാണര്‍ത്ഥം. ഇത് വി.കുര്‍ബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. വി.യാക്കോബിന്‍റെ മാതൃകയനുസരിച്ച് പല പേരുകളിലായി ധാരാളം അന്നാഫുറാകള്‍ ഇന്ന് നിലവിലുണ്ട്. അന്നാഫുറാകളില്‍ 33 പ്രാര്‍ത്ഥനകളാണുള്ളത്. ഇത് ഓരോ അന്നാഫുറകളിലും വ്യത്യസ്തങ്ങളാണ്. ഇത് കൂടാതെ എല്ലാ അന്നാഫുറയിലും മാറ്റമില്ലാതെ ഉപയോഗിക്കുന്ന 33 പ്രാര്‍ത്ഥനകള്‍ വേറെയുണ്ട്. 33 മനുഷ്യാവതാരകാലത്തെ യേശുവിന്‍റെ ദൈവസ്വഭാവത്തെയും മനുഷ്യസ്വഭാവത്തെയും സൂചിപ്പിക്കുന്നുവെന്നും പറയുന്നവരുണ്ട്. ഇത്തരം ക്രമീകരണങ്ങള്‍ ഏത് കാലഘട്ടത്തില്‍ ആരംഭിച്ചുവെന്ന് കൃത്യമായി പറയാന്‍ കഴിയുകയില്ല. വി.കുര്‍ബാനയുടെ ഏത് ഭാഗം മുതലാണ് അന്നാഫുറ ആരംഭിക്കുന്നത് എന്നതിനെക്കുറിച്ചും പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
പരസ്പരം സമാധാന ചുംബനം നല്കിക്കൊണ്ടാണ് അന്നാഫുറ ആരംഭിക്കുക. ദൈവസ്നേഹത്തോടൊപ്പം സഹോദരസ്നേഹത്തിന്‍റെയും നിറവില്‍ വി.ബലിയിലേക്ക് കടന്നുവരാന്‍ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ന്ന് ശുശ്രൂഷകന്‍ നടത്തുന്ന പ്രഖ്യാപനങ്ങളിലൂടെയും അതിന് വിശ്വാസികള്‍ നല്കുന്ന പ്രതിവചനങ്ങളിലൂടെയും വിശ്വാസികളുടെ ശ്രദ്ധ കുര്‍ബാനയുടെ രഹസ്യാത്മകതയിലേക്ക് ഒട്ടിച്ച് ചേര്‍ക്കുന്നു. ഒരു സംഭാഷണ രീതിയിലാണ് പലപ്പോഴും വി.കുര്‍ബാന പുരോഗമിക്കുന്നത്. സമാധാന പ്രാര്‍ത്ഥനയ്ക്ക് ശേഷം ആശീര്‍വ്വാദത്തിന്‍റെയും സമര്‍പ്പണത്തിന്‍റേതുമായ പ്രാര്‍ത്ഥനകള്‍ പുരോഹിതര്‍ ചെല്ലുന്നു. ത്രിത്വനാമത്തില്‍ ഒന്നാമത്തെ ആശീര്‍വ്വാദം നല്കുന്നു. ആശീര്‍വ്വാദത്തിലൂടെ കുര്‍ബാനയുടെ പരമ പ്രധാനഭാഗത്തേക്ക് വിശ്വാസികള്‍ പ്രവേശിക്കുന്നുവെന്ന അര്‍ത്ഥത്തില്‍ ഇതിനെ അനാഫുറയുടെ ആരംഭമായി കാണുന്നവരുണ്ട്. 2കോറി.13:14 വേദവാക്യങ്ങളാണ് ഈ ആശീര്‍വാദത്തിനുപയോഗിച്ചിരുന്നത്. ത്രിത്വനാമത്തില്‍ ദൈവികരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യുന്നതിനായി ഇതിലൂടെ വിശ്വാസികള്‍ യോഗ്യരാകുന്നു. ഈ ആശീര്‍വ്വാദത്തിനുതൊട്ടു മുമ്പായിട്ടാണ് രഹസ്യങ്ങളുടെ ആവരണമായ ശോശാപ്പ (കാസായും പീലാസായും മൂടുന്ന വിരി) എടുത്തു മാറ്റുന്നത്. കാഴ്ചവയ്പ്പിന്‍റെ സമയത്ത് ശോശാപ്പാകൊണ്ടു മറച്ച കാഴ്ച വസ്തുക്കള്‍ അനാവരണം ചെയ്യുന്നതിലൂടെ പിതാവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സാന്നിദ്ധ്യത്തില്‍ അപ്പ-വീഞ്ഞുകള്‍ യേശുവിന്‍റെ തിരുശരീര രക്തങ്ങളായി മാറുന്നുവെന്നതിന്‍റെ സൂചനയാണ് നല്കുന്നത്. ശോശാപ്പായെ രഹസ്യങ്ങള്‍ ആവരണം ചെയ്ത പാറയോടാണ് ഉപമിച്ചിരിക്കുന്നത്. ശോശാപ്പ ഉയര്‍ത്തുന്നയവസരത്തില്‍ പുരോഹിതന്‍ ചൊല്ലുന്ന രഹസ്യ പ്രാര്‍ത്ഥനയില്‍ ഇത് വ്യക്തമാണ്. "ഇസ്രായേലിന്‍റെ പന്ത്രണ്ടുഗോത്രങ്ങള്‍ക്ക് പന്ത്രണ്ട് നീരുറവകള്‍ ഒഴുക്കിക്കൊടുത്ത തീക്കല്‍പ്പാറ നീയാകുന്നു. ഞങ്ങളുടെ രക്ഷകന്‍റെ കബറിങ്കല്‍ വയ്ക്കപ്പെട്ട തീക്കല്‍പ്പാറയും നീ തന്നെയാകുന്നു." തുടര്‍ന്ന് പുരോഹിതനും വിശ്വാസികളും ഒരു സംഭാഷണത്തിലൂടെ ഹൃദയ വിചാരങ്ങള്‍ ദൈവത്തിലേക്കുയര്‍ത്തുകയും സ്വര്‍ഗനിവാസികള്‍ ആരധനയിലേക്കിറങ്ങി വരികയും ചെയ്യുന്ന പ്രതീതി ജനിപ്പിക്കുന്നു. ഇവിടെ സ്വര്‍ഗ്ഗവാസികളും ഭൂവാസികളും ഒരുമിച്ച് ദൈവത്തെ പരിശുദ്ധന്‍ എന്ന് പാടി സ്തുതിക്കുന്നു. തുടര്‍ന്ന് കുര്‍ബാനയിലെ മര്‍മ്മ പ്രധാന ഭാഗമെന്ന് കരുതാവുന്ന കൂദാശ വചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് യേശുവിന്‍റെ ബലിയെ പുനരവതരിപ്പിക്കുന്നു. സമാന്തര സുവിശേഷങ്ങളിലും 1 കോറി.11:23 ലും സൂചിപ്പിക്കുന്ന യേശു മൊഴികളാണ് ഇവിടെ അനുസ്മരിക്കുന്നത്. ഈ ഭാഗം വ്യത്യസ്തങ്ങളായ രീതിയിലാണ് വിവിധ അന്നാഫുറാകളില്‍ പ്രതിപാദിക്കുന്നത്. സാധാരണഗതിയില്‍ കടങ്ങളുടെ പരിഹാരത്തിനും, പാപങ്ങളുടെ മോചനത്തിനും നിത്യജീവനുമായി നല്കപ്പെടുന്നുവെന്ന വിശേഷണത്തോടെയാണ് കൂദാശ വചനങ്ങള്‍ അവസാനിപ്പിക്കുന്നത്. ഇത് വഴി വി.കുര്‍ബാന പാപപരിഹാര ബലിയാണ് എന്ന് സങ്കല്പത്തെ ഉറപ്പിക്കുന്നു. കൂദാശവചനങ്ങള്‍ ഉച്ചരിക്കുന്നതോടെ വി. കുര്‍ബാനയില്‍ വസ്തുഭേദം സംഭവിക്കുന്നോ, ഇല്ലയോ എന്ന തര്‍ക്കം മലങ്കരയില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല, മറിച്ച്, ഈ സമയത്തെ പ്രാര്‍ത്ഥനകളെ മുഴുവന്‍ അതിന്‍റെ സമഗ്രതതയില്‍ കാണുന്ന രീതിയാണ് നിലവിലുള്ളത്. കൂദാശ വചനങ്ങളുടെ പ്രഘോഷണത്തെ തുടര്‍ന്ന് തന്‍റെ ഓര്‍മ്മക്കായി വി.കുര്‍ബാനയനുഷ്ഠിക്കുവാന്‍ ആവശ്യപ്പെട്ട യേശുവിനെ പ്രത്യേകമായി അനുസ്മരിക്കുന്നു. കൂടാതെ, യേശു തന്‍റെ രണ്ടാമത്തെ വരവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും നാമനുസ്മരിക്കുന്നു. ഈ സമയത്ത് പുരോഹിതന്‍ ഇടത്തുവശത്തിരിക്കുന്ന സ്പൂണ്‍ എടുത്ത് ഉയിര്‍ത്തികാണിച്ച ശേഷം വലതു വശത്ത് വയ്ക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് മിന്നല്‍ പിണര്‍പോലെ പായുന്ന മനുഷ്യ പുത്രന്‍റെ രണ്ടാമത്തെ വരവിനെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത് എന്നു പറയപ്പെടുന്നു. ഏതായാലും വിശ്വാസത്തിലൂടെ യേശുവിന്‍റെ രക്ഷാകര പദ്ധതിയില്‍ പങ്കുചേരുന്നത് വഴി ലഭിക്കുന്ന ന്യായവിധിയെ ഇതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
അനുസ്മരണശുശ്രൂഷയെ തുടര്‍ന്ന് പരിശുദ്ധാത്മാവിന്‍റെ കടന്നു വരവിനെ ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി ശുശ്രൂഷകന്‍ പരിശുദ്ധാത്മാഭിഷേകത്തിനുള്ള സമയമായതിനാല്‍ ഭയഭക്തിയോടെ നില്ക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഇതിനോട് അനുഭാവ പൂര്‍വ്വം വിശ്വാസികള്‍ പ്രത്യുത്തരം നല്കുകയും ചെയ്യുന്നു. പുരോഹിതന്‍ രഹസ്യങ്ങളെ പൂര്‍ത്തിയാക്കുന്ന പരിശുദ്ധാത്മാവിനെ തന്നിലും ബലിവസ്തുക്കളിലും അയച്ചുതരണെ എന്ന് പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് കൃപക്കായി പുരോഹിതനും വിശ്വാസികളും പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആവസിപ്പാല്‍ അപ്പത്തെ ശരീരമാക്കട്ടെയെന്നും, കാസായിലെ മിശ്രിതത്തെ രക്തമാക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. വി.കുര്‍ബാനയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ യേശുവിന്‍റെ ശരീരരക്തങ്ങള്‍ എന്ന പ്രയോഗമാണ് കാണുന്നത്.
പരിശുദ്ധാത്മാഭിഷേകത്തെ തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തുന്നു. ഇപ്പോള്‍ സാധാരണയായി ആറ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളാണുള്ളത്. ആദ്യത്തെ മൂന്നും ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയും തുടര്‍ന്ന് വരുന്ന മൂന്നും പരേതരെ അനുസ്മരിച്ചുമാണ് നടത്തുന്നത്. ഒന്നാമത്തേതില്‍ സഭാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന പിതാക്കന്‍മാരെയും, വൈദികരെയും, സന്ന്യാസികളെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. രണ്ടാമതായി വിശ്വാസികളെ മുഴുവനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. മൂന്നാമത്തെതില്‍ ഭരണ കര്‍ത്താക്കളെ സമര്‍പ്പിക്കുകയും നീതിപൂര്‍വ്വകമായ ഭരണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നാലും, അഞ്ചും, ആറും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെ യഥാക്രമം പരിശുദ്ധ ദൈവമാതാവിനെയും രക്തസാക്ഷികളെയും വിശുദ്ധരെയും സത്യവിശ്വാസം പഠിപ്പിച്ച സഭാപിതാക്കന്മാരെയും മരിച്ചുപോയ സകല വിശ്വാസികളെയും അനുസ്മരിക്കുന്നു. സാധാരണഗതിയില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ മാറ്റം വരുത്താറില്ലായെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകളില്‍ സഹായം അപേഷിച്ചിട്ടുള്ളവരെ മൂന്നു പ്രാര്‍ത്ഥനകളിലൂടെയാണെങ്കിലും വിശ്വാസികള്‍ അനുസ്മരിക്കുന്നു.
മദ്ധ്യസ്ഥപ്രാര്‍ത്ഥയെത്തുടര്‍ന്ന് നടത്തുന്ന പ്രാര്‍ത്ഥന പാപമോചനത്തിന്‍റെ തന്നെ ശുശ്രൂഷയാണ്. ആറാം മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി പരേതാത്മാക്കളെ അനുസ്മരിച്ചശേഷം അവരും ഞങ്ങളും ചെയ്തു പോയിട്ടുള്ള പിഴകള്‍ക്ക് മോചനം അപേക്ഷിക്കുന്നു. ഈയവസരത്തില്‍ പുരോഹിതന്‍ ചൊല്ലുന്ന രഹസ്യ പ്രാര്‍ത്ഥനയിലൂടെയും തുടര്‍ന്ന് ഉച്ചത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയിലൂടെയും പാപമോചനം അപേക്ഷിക്കുന്നു. തുടര്‍ന്ന് രണ്ടാമത്തെ ആശീര്‍വാദം നല്കുന്നു. യേശുവിന്‍റെ നാമത്തിലാണ് ഈ ആശീര്‍വാദം. പാപമോചനത്തിനുള്ള അപേക്ഷയെത്തുടര്‍ന്ന് യേശു മിശിഹായുടെ കൃപ ആശംസിച്ചുകൊണ്ട് നല്കുന്നതായ ആശീര്‍വാദം ഒരു വിധത്തില്‍ പാപമോചനത്തിന്‍റെയനുഭവം തന്നെയാണ് നല്കുന്നത്.
തുടര്‍ന്ന് അപ്പം മുറിക്കുന്ന ശുശ്രൂഷ നടത്തുന്നു. യേശുവിന്‍റെ മരണസമയത്തെയാണ് ഇവിടെ പ്രത്യേകമായും ഓര്‍ക്കുന്നത്. യേശുവിന്‍റെ തിരുവിലാവില്‍ നിന്നും ഒഴുക്കിയരക്തവും വെള്ളവും വഴി ഞങ്ങളുടെ പാപങ്ങള്‍ കഴുകിവെടിപ്പാക്കണമേയെന്ന് പ്രത്യേകമായി അപേക്ഷിക്കുന്നു. ഈയവസരത്തില്‍ മറയിടുന്നു. ഇത് യേശുവിന്‍റെ മരണ നിമിഷങ്ങളില്‍ ലോകത്തില്‍ വ്യാപിച്ച അന്ധകാരത്തെ സൂചിപ്പിക്കാനാണ് എന്നു പറയപ്പെടുന്നു. ഈ ശുശ്രൂഷയിലൂടെ വി.കുര്‍ബാന സ്വീകരിക്കാനുള്ള അകന്ന ഒരുക്കങ്ങള്‍ ആരംഭിക്കുന്നു.
അപ്പം മുറിക്കല്‍ ശുശ്രൂഷയെ തുടര്‍ന്ന് കര്‍തൃപ്രാര്‍ത്ഥനയിലൂടെ വി. കുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. നിയതമായ അര്‍ത്ഥത്തില്‍ അനാഫുറായുടെ ഭാഗം തന്നെയാണ് തുടര്‍ന്ന് വരുന്ന ശുശ്രൂഷകള്‍. എന്നാല്‍ ആശയതലത്തില്‍ വി.കുര്‍ബാന സ്വീകരണത്തിന് തയ്യാറെടുക്കുവാന്‍ സഹായിക്കുന്ന സംഭാഷണങ്ങളാണ് തുടര്‍ന്നുള്ള പ്രാര്‍ത്ഥനകളില്‍ കാണുന്നത്. കര്‍തൃപ്രാര്‍ത്ഥനയെ തുടര്‍ന്ന് ശുശ്രൂഷകന്‍ വിശുദ്ധരഹസ്യങ്ങളെ സ്വീകരിക്കുന്നതിന് മുമ്പു കരുണാമയനായ കര്‍ത്താവിന്‍റെ മുമ്പാകെ തലകുനിക്കാന്‍ ആഹ്വാനം ചെയ്യുന്നു. പ്രത്യുത്തരത്തിലൂടെയും പ്രവൃത്തിയിലൂടെയും ഇത് പ്രകടിപ്പിക്കുന്ന ജനത്തെ പുരോഹിതന്‍ ആശീര്‍വദിക്കുന്നു. തുടര്‍ന്ന് മൂന്നാമത്തെ ആശീര്‍വ്വാദം നല്കുന്നു. ത്രിത്വനാമത്തിലാണ് ഈ ആശീര്‍വാദം നല്കുന്നത്. വി.കുര്‍ബാന സ്വീകരിക്കാനായി ജനത്തെ ആശീര്‍വദിച്ച് ആനയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തുടര്‍ന്ന് വിശുദ്ധ വസ്തുക്കള്‍ ഉയര്‍ത്തി കുര്‍ബാന സ്വീകരണത്തിനായി വിശ്വാസികളെ ക്ഷണിക്കുന്നു. വി.കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു. എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധിയോടെ ഇതില്‍ പങ്കുചേരുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. തിരുശരീരരക്തങ്ങള്‍ ഉയര്‍ത്തുന്ന ശുശ്രൂഷയിലൂടെ യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തെ അനുസ്മരിക്കുന്നുവെന്നും പറയപ്പെടുന്നു. തുടര്‍ന്ന് കാസായും പീലാസയും കുരിശാകൃതിയില്‍ പിടിച്ചുകൊണ്ട് ത്രിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ത്രിത്വത്തിന്‍റെ സാമീപ്യം അറിയിച്ചുകൊണ്ടുമുള്ള പ്രാര്‍ത്ഥന നടത്തുന്നു.
കാസാ, പീലാസ ഉയര്‍ത്തി വി. കുര്‍ബാന സ്വീകരണത്തിനുള്ള പ്രാരംഭ ഒരുക്കത്തെ തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിനോടും വിശുദ്ധരോടും പരേതാത്മാക്കള്‍ക്കും വേണ്ടിയുള്ള കുക്കിലിയോന്‍ പ്രാര്‍ത്ഥന നടത്തുന്നു. ഇത് വി. കുര്‍ബാനയുടെ അവിഭാജ്യഘടകമായിരുന്നില്ല. മലങ്കരയില്‍ പ്രൊട്ടസ്റ്റന്‍റ് ആശയം പ്രചരിച്ചു വന്ന കാലയളവില്‍ അതിനെ പ്രതിരോധിക്കാനായി, പരിശുദ്ധ ദൈവമാതാവിനോടും വിശുദ്ധരോടുമുള്ള ഭക്തി പ്രകടിപ്പിക്കാനും മരിച്ചുപോയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യം കാണിയ്ക്കാനുമായി ഇത് കൂടുതലായി പ്രചരിപ്പിച്ചു. കുക്കിലിയോന്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം വിശുദ്ധ വസ്തുക്കളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടത്തുന്നു. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. വി.കുര്‍ബാന സ്വീകരണത്തിനു മുമ്പും പിമ്പുമായി ഇത് ക്രമീകരിച്ചിരുന്നു. യേശുവിന്‍റെ രണ്ടാമത്തെ വരവിനെയാണ് ഇത് പ്രധാനമായും ഓര്‍മ്മിപ്പിക്കുന്നത്. യേശുവിന്‍റെ തിരുശരീരരക്തങ്ങളില്‍ പങ്കുചേരുന്നവര്‍ക്ക് ലഭിക്കുന്ന രക്ഷയെ ഇത് സൂചിപ്പിക്കുന്നു.
വി. കുര്‍ബാന സ്വീകരണത്തിനും, ആഘോഷമായ പ്രദക്ഷിണ ത്തിനും ശേഷം വി. കുര്‍ബാനയുടെ സമാപനഭാഗത്തിലേക്ക് വരുന്നു. ഇതിന്‍റെ ഭാഗമായി, കൃതജ്ഞത പ്രാര്‍ത്ഥനയും വി. ബലിയില്‍ സംബന്ധിച്ചവരെ ആശീര്‍വദിച്ചുമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നു. തുടര്‍ന്ന് ഉപസംഹാരം എന്നര്‍ത്ഥം വരുന്ന ഹൂത്തോമ്മോ ഗീതം ചൊല്ലുന്നു. ഓരോ ദിവസത്തിന്‍റെയും പ്രത്യേകതയനുസരിച്ച് വിവിധ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന ധാരാളം ഗീതങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു. അതാത് ദിവസത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് ഉചിതമായ പ്രാര്‍ത്ഥന ഇവിടെ നടത്തുന്നു. തുടര്‍ന്ന് സമാപന ആശീര്‍വ്വാദമാണ്. മൂന്ന് പ്രാര്‍ത്ഥനകളാണ് ഇതിലടങ്ങിയിരിക്കുന്നത്. വിശ്വാസികളെ അനുഗ്രഹിച്ചയക്കുന്നതോടൊപ്പം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുരോഹിതന്‍ വിശ്വാസികളോടഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിശ്വാസികള്‍ സമാപനഗാനം ആലപിക്കുന്നു. പുരോഹിതന്‍ മദ്ബഹായില്‍ സമാപനശുശ്രൂഷകള്‍ നടത്തുന്നു. അവസാനം സ്ലീവാമുത്തി അനുഗ്രഹം പ്രാപിച്ച ശേഷമാണ് വിശ്വാസികള്‍ പിരിഞ്ഞു പോകുന്നത്.
ചുരുക്കത്തില്‍ വി. കുര്‍ബാന മനുഷ്യരുടെ ജന്മസിദ്ധമായ ആരാധനാഭാവത്തിന്‍റെ ദൈവമനുഷ്യബന്ധത്തിന്‍റെ ആഘോഷമാണ്. ഈ ആഘോഷം യേശുവിന്‍റെ രക്ഷാകരപദ്ധതിയോട് ചേര്‍ത്ത് വി.കുര്‍ബാനയിലൂടെ അവതരിപ്പിക്കുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലുമായി വെളിപ്പെടുത്തപ്പെട്ടിട്ടുള്ള രക്ഷാകര പദ്ധതിയുടെ പുനരവതരണമാണ് വി. കുര്‍ബാനയിലൂടെ നടത്തുന്നത്. വി.ബലിയില്‍ പങ്കുചേരുന്ന ഓരോരുത്തരും അപ്പ-വീഞ്ഞുകള്‍ യേശുവിന്‍റെ തിരുശരീരരക്തങ്ങളായി മാറുന്നതുപോലെ സ്വയ വിശുദ്ധീകരണത്തിലൂടെ ദൈവികതയിലേക്കുയരുന്നു. ഈ ദൈവികഭാവം സ്വീകരിച്ച വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിലൂടെ യേശുവിന് സാക്ഷികളായി സമൂഹത്തില്‍ ജീവിക്കുന്നു. ഈയര്‍ത്ഥത്തില്‍ ഓരോ കുര്‍ബാനയും യേശുവിന്‍റെ കാല്‍വരി ബലിയുടെ തുടര്‍ച്ചയാണ്.
ഡോ. മത്തായി കടവില്‍ OIC
Malankara Liturgy catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206