We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Noble Thomas Parackal On 25-May-2021
ആരാധനാക്രമം, യാമപ്രാര്‍ത്ഥനകള്‍, ആത്മീയവളര്‍ച്ച
എന്താണ് ആരാധനാക്രമം?
ലളിതമായൊരു നിര്‍വ്വചനത്തില്‍ ഒതുങ്ങുന്ന ഉത്തരം ഈ ചോദ്യത്തിന് നല്കാനാവില്ല. എന്നാല്‍ വത്തിക്കാന്‍ സൂനഹദോസിന്‍റെ ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രബോധനരേഖയും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും ചാക്രികലേഖനങ്ങളും ആരാധനാക്രമത്തെ വിശദീകരിക്കുന്നുണ്ട്. ദൈവത്തിന്‍റെ രക്ഷാപദ്ധതിയെന്ന ദിവ്യരഹസ്യത്തിന്‍റെ ആഘോഷമാണ് ആരാധനാക്രമം. അതിനാല്‍ അത് ദൈവത്തിന്‍റെ രക്ഷാപദ്ധതിയിലുള്ള വിശ്വാസത്തിന്‍റെ ആഘോഷമാണ്. വിശ്വാസത്തെ ആഘോഷിക്കുന്ന അവസരം എന്ന നിലയില്‍ ആരാധനാക്രമം തിരുസ്സഭാജീവിതത്തിന്‍റെ ശക്തിയുടെ ഉറവിടവും തിരുസ്സഭ എത്തിച്ചേരേണ്ട പരമമായ അവസ്ഥയുമാണ്.
ആരാധനാക്രമത്തിന്‍റെ കേന്ദ്രബിന്ദു വിശുദ്ധ കുര്‍ബാനയാണ്. മറ്റു കുദാശകളും യാമപ്രാര്‍ത്ഥനകളും കൂദാശാനുകരണങ്ങളും ആരാധനാക്രമവത്സരത്തിലെ ആചരണങ്ങളും ആരാധനാക്രമത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയിലൂടെയെല്ലാം ദൈവോന്മുഖമായി ജീവിക്കുന്നതിനെയാണ് ഒരാളുടെ ആത്മീയത എന്ന് പറയുന്നത്.
ഇവിടെ ആരാധനാക്രമത്തെ ആത്മീയതയുമായി ബന്ധപ്പെടുത്തുമ്പോള്‍ നാം മനസ്സിലാക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. സഭയുടെ പൊതുവായ ജീവിതത്തില്‍ ആരാധനാക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഒന്നുചേര്‍ന്ന് ബലിയര്‍പ്പിക്കുന്നതിലൂടെയും തിരുനാളുകള്‍ നടത്തുന്നതിലൂടെയുമെല്ലാം ആരാധനാക്രമത്തിന്‍റെ ഭാഗമാകാന്‍ ദൈവജനത്തിന് സാധിക്കുന്നുമുണ്ട്. എന്നാല്‍ വ്യക്തിപരമായ ജീവിതത്തിലേക്ക് വരുമ്പോള്‍ പലരുടെയും ആത്മീയത ആരാധനാക്രമപരമല്ല, മറിച്ച്, അത് ഭക്തകൃത്യങ്ങളില്‍ അധിഷ്ഠിതമാണ്. ജപമാല പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ചൊല്ലുന്നതിലൂടെയും കുരിശിന്‍റെ വഴി എത്തിക്കുന്നതിലൂടെയും നൊവേനകളില്‍ പങ്കെടുക്കുന്നതിലൂടെയും ഉപവാസമനുഷ്ഠിക്കുന്നതിലൂടെയുമെല്ലാം തങ്ങള്‍ ആത്മീയതയില്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നു കരുതുന്നവരാണ് നമുക്കു ചുറ്റും, നമ്മോടൊപ്പവും ഉള്ളവരില്‍ ഭൂരിഭാഗവും.
എന്നാല്‍, ഇവയെല്ലാം ആരാധനാക്രപരമായ ആത്മീയതയിലേക്ക് എത്തിച്ചേരാനുള്ള ചവിട്ടുപടികള്‍ മാത്രമാണ്. വിശുദ്ധ കുര്‍ബാനയിലൂടെ അനുദിനം നമ്മുടെ ശരീരത്തിന്‍റെ ഭാഗമായിത്തീരുന്ന ഈശോയെ നാം അനുഭവിക്കുകയാണ്. അപ്രകാരം വിശ്വാസികളിലേക്ക് മുഴുവന്‍ വ്യാപിക്കുന്ന മിശിഹായുടെ തിരുശ്ശരീരത്തെയാണ് വിശ്വാസികളുടെ കൂട്ടായ്മയായ സഭയില്‍ നാം കണ്ടെത്തുന്നത്. തിരുസ്സഭ മിശിഹായുടെ ശരീരമാകുന്നത് അങ്ങനെയാണ്. ഈശോയുടെ ശരീരമാകുന്ന വിശ്വാസികളുടെ കൂട്ടായ്മയായ സഭയുടെ ആരാധനയാണ് ആരാധനാക്രമം എന്ന് നമ്മള്‍ ആദ്യം കണ്ടു.
എന്താണ് ഈ ആരാധന? ഈ ആരാധന, ഈശോ പൂര്‍ത്തിയാക്കിയ രക്ഷരഹസ്യങ്ങളുടെ അനുസ്മരണമാണ്, അല്ലെങ്കില്‍ ആഘോഷമാണ്. മിശിഹായുടെ ശരീരത്തിന്‍റെ ഭാഗമായിരുന്നുകൊണ്ട് അവിടുന്ന് പൂര്‍ത്തിയാക്കിയ രക്ഷാരഹസ്യങ്ങളെ അനുസ്മരിക്കുമ്പോള്‍ ആ രക്ഷയില്‍ നാം വലിയ അളവില്‍ ഭാഗഭാക്കാവുകയാണ്. അതിനാലാണ് വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ഉറവയില്‍ നിന്നെന്ന പോലെ നമ്മിലേക്ക് കൃപാവരങ്ങള്‍ പ്രവഹിക്കുന്നുവെന്ന് പറയുന്നത് (ആരാധനാക്രമം 10). അവിടെ നമ്മുടെ പരിത്രാണകര്‍മ്മം (രക്ഷ) സാധിക്കപ്പെടുന്നുവെന്ന് പറയുന്നത്.
ഈ പശ്ചാത്തലത്തിലാണ് യാമപ്രാര്‍ത്ഥനകളെയും നാം കണ്ടെത്തേണ്ടത്. തിരുസ്സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനകളാണ് യാമപ്രാര്‍ത്ഥനകള്‍. ദിവസത്തിന്‍റെ വിവിധ യാമങ്ങളില്‍ ഈശോയുടെ രക്ഷാരഹസ്യങ്ങളെ തിരുസ്സഭാഗാത്രത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് നാം അനുസ്മരിക്കുന്നതാണ് യാമപ്രാര്‍ത്ഥനകള്‍. ശിരസ്സായ മിശിഹായോട് ചേര്‍ന്ന് മൗതികശരീരമായ സഭ പിതാവിനര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയെന്നാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇതിനെ വിശേഷിപ്പിക്കുന്നത് (ആരാധനാക്രമം 84). വിശുദ്ധ കുര്‍ബാനയുടെ ചൈതന്യം വിവിധ യാമങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ദൈവസ്തുതികള്‍ ആലപിച്ച് ദിനരാത്രങ്ങളെ വിശുദ്ധീകരിക്കുകയാണ് യാമപ്രാര്‍ത്ഥനകളുടെ ഉദ്ദേശം.
വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തോടൊപ്പം യാമപ്രാര്‍ത്ഥനകള്‍ സമയാസമയങ്ങളില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്നത് ആരാധനാക്രമപരമായ ആത്മീയതയില്‍ വളരാന്‍ ഏറെ സഹായകമാണ്. ജപമാല പ്രാര്‍ത്ഥനയില്‍ മിശിഹാരഹസ്യങ്ങള്‍ അനുസ്മരിക്കപ്പെടുന്നില്ല എന്നര്‍ത്ഥമില്ല. എന്നാല്‍ തിരുസ്സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനയെന്ന നിലയിലും ആരാധനാക്രമവത്സരത്തോടും ദിവസങ്ങളുടെയും തിരുനാളുകളുടെയും ചൈതന്യത്തോടും ചേര്‍ന്നു പോകുന്നതുമായ പ്രാര്‍ത്ഥന എന്ന നിലയിലും യാമപ്രാര്‍ത്ഥനകള്‍ക്ക് പകരമായി ജപമാല ചൊല്ലുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. ഗൗരവബുദ്ധിയോടെ മിശിഹാരഹസ്യത്തെ അവിടുത്തെ തിരുസ്സഭയുടെ ഭാഗമായി നിന്ന് ധ്യാനിക്കുകയും അതിനോട് ചേര്‍ന്ന് ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകള്‍ ഇന്ന് എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ വേര്‍ഷനുകളില്‍ ഏഴുനേരത്തേയും യാമപ്രാര്‍ത്ഥനകള്‍ വളരെ സൗകര്യപ്രദമാം വിധം ക്രമീകരിച്ചിട്ടുണ്ട്. കൂട്ടായ്മകളിലാണ് യാമപ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ജീവിതസാഹചര്യങ്ങള്‍ പരിഗണിച്ച് നമ്മുടെ യാത്രകളിലും ജോലികള്‍ക്കിടയിലുമെല്ലാം ഫോണില്‍ ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലാവുന്നതാണ്. അതിന് സഹായകമാകുന്ന രീതിയില്‍ നമ്മുടെ ഫോണുകളില്‍ റിമൈന്‍ഡറുകള്‍ ക്രമീകരിക്കുന്നതും നല്ലതാണ്. സാങ്കേതികവിദ്യ വഴിതെറ്റിക്കുക മാത്രമല്ല, വഴിനടത്തുകയും വിശുദ്ധീകരിക്കുകയും കൂടെ ചെയ്യുന്നതാണെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും.
liturgy liturgy of hours spiritual life Noble Thomas Parackal Noble Parackal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206