x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ രാഷ്ട്രീയ ദൈവശാസ്ത്രം

വിമോചനസമരവും വിപ്ലവത്തില്‍നിന്നുള്ള വിമോചനവും

Authored by : Mar Joseph Pamplany On 27-Jan-2021

ഐക്യ കേരളത്തിന്‍റെ ചരിത്രത്തിലെ പ്രഥമ ജനകീയ പ്രക്ഷോഭമെന്ന ഖ്യാതി എന്തുകൊണ്ടും വിമോചന സമരത്തിനര്‍ഹമാണ്. പ്രസ്തുതസമരത്തിന്‍റെ ന്യായാന്യായങ്ങളും ജയാപജയങ്ങളും തലനാരിഴകീറി പരിശോധനതുടങ്ങിയതിന്‍റെ അര്‍ദ്ധശതാബ്ദി ആഘോഷിച്ചിട്ടും വിമോചനസമരചരിത്രത്തോളം തമസ്കരിക്കപ്പെടുകയോ വ്യഭിചരിക്കപ്പെടുകയോ ചെയ്ത മറ്റൊരു സമരചരിത്രവും ഐക്യകേരളചരിത്രത്തിലില്ല എന്നത് സത്യമാണ്. വിമോചനസമരത്തിന്‍റെ കാര്യകാരണങ്ങള്‍ ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെട്ടതാണെങ്കിലും അവയെല്ലാം കമ്മ്യൂണിസ്റ്റു പക്ഷത്തുനിന്നുമാത്രമുള്ള വായനയും പുനര്‍വായനയുമായിരുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റുകണ്ണട കൂടാതെ വിമോചനസമരചരിത്രം വായിച്ചാല്‍ പുനരുക്തിയെക്കുറിച്ചുള്ള ആശങ്കയ്ക്കിടമുണ്ടാവുകയില്ല. രാഷ്ട്രീയത്തിന്‍റെ ചുവപ്പുകണ്ണടയില്‍ തെളിയാതെപോയ പാഠങ്ങളെ ചരിത്രത്തിന്‍റെ നേര്‍വരയില്‍ വായിച്ചെടുക്കേണ്ടതുണ്ട്.

1957 ഏപ്രില്‍ 5-10-ാം തിയതി അധികാരമേറ്റ ലോകത്തെ ആദ്യത്തെ ജനാധിപത്യ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന് അധികാരകസേരയില്‍ 848 ദിവസങ്ങളേ കഴിയാനായുള്ളു എന്നതിന് ജനധിപത്യവും കമ്യൂണിസവും തമ്മിലുള്ള വൈരുദ്ധാത്മകതയില്‍ മാത്രമാണ് അര്‍ത്ഥം തേടേണ്ടത്. കമ്യൂണിസവും പാര്‍ലമെന്‍ററി ജനാധിപത്യവും ഒരുമിച്ച് ചേര്‍ത്തതാണ് ഇന്ത്യന്‍ കമ്മ്യൂണിസത്തിലെ വൈരുദ്ധ്യാത്മികത. ഈ വൈരുധ്യത്തിന്‍റെ പൊയ്ക്കാലുകളിലൂന്നിനിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന ട്രിപ്പീസുകളിയില്‍ നിലനില്പിന്‍റെ സന്തുലനം നഷ്ടപ്പെട്ട് കാലിടറി വീണതിന്‍റെ ചരിത്രം വിമോചനസമരത്തിലാരംഭിച്ച് ആണവക്കരാര്‍ വിഷയത്തിലെ വീഴ്ച്ചവരെയെത്തി നില്‍ക്കുന്നു.

 മനംമടുപ്പിച്ച സെല്‍ഭരണം

അധികാരത്തിന്‍റെ ദണ്ഡു കയ്യിലേന്തിയാല്‍ ഞാഞ്ഞൂലും വാലുയര്‍ത്തുന്ന നാട്ടില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിച്ചപ്പോള്‍ കേരളത്തിലുടനീളം പാര്‍ട്ടിയുടെ സെല്‍ഭരണമാരംഭിച്ചു. കേവലം 35.28% മാത്രം വോട്ടുലഭിച്ച് ഭരണത്തിലേറിയ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ബ്രാഞ്ചുസെക്രട്ടറി മുതല്‍ അധികാരത്തിന്‍റെ ഗുണഭോക്താക്കളായി. ജനാധിപത്യത്തില്‍ ക്രമസമാധാന പാലനത്തിനുള്ള വ്യവസ്ഥാപിതമാര്‍ഗ്ഗമായ പോലീസ് സേനയുടെ നിയന്ത്രണം നാട്ടിലെ സഖാക്കള്‍ കയ്യടക്കി. ചെങ്കൊടിക്കു വിപ്ലവാഭിവാദ്യമര്‍പ്പിക്കാത്തവനു നാട്ടില്‍ ജീവിക്കാനാവാത്ത അവസ്ഥയുണ്ടായി. വീണ്ടുവിചാരമില്ലാതെ തടവുകാരെ മുഴുവന്‍ വിട്ടയയ്ക്കുകയും കേസുകള്‍ പിന്‍വലിക്കുകയും ചെയ്തു. കൊലപാതകവും മോഷണവും നിത്യ സംഭവങ്ങളായി. പാര്‍ട്ടിക്കാരല്ലാത്തവരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതായി. ഈ കാലഘട്ടത്തെക്കുറിച്ച് സമകാലികനായ ഒരു ചരിത്രകാരന്‍ നല്‍കുന്ന വിവരണം ഉദ്ധരണീയമാണ്: "28 മാസത്തെ ഭരണത്തിനിടയില്‍ 7 വെടിവെയ്പ് നടത്തുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 757 തൊഴില്‍ സമരങ്ങള്‍ ഉണ്ടാവുകയും 87 വ്യവസായ ശാലകള്‍ പൂട്ടിയിടുകയും 16735 ആളുകള്‍ തൊഴില്‍രഹിതരായിത്തീരുകയും ചെയ്തു.നാലായിരം കുടുംബങ്ങളിലായി അധിവസിക്കുന്ന ഏതാണ്ട് ഇരുപതിനായിരത്തില്‍ പരം കര്‍ഷകരെ കുടിയിറക്ക് നടപടിക്ക് വിധേയരാക്കി. കമ്മ്യൂണിസ്റ്റുകാരുടെ ഭൂമി കൈയ്യേറ്റങ്ങള്‍ ആയിരത്തിലധികമാണ്. കമ്മ്യൂണിസ്റ്റുകാരുടെ പേരിലുണ്ടായിരുന്ന 2050-ല്‍ പരം ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കപ്പെടുകയും  രാജ്യത്ത് അസമാധാനം അഴിച്ചുവിടുകയും ചെയ്തു. 523 കൊലപാതകങ്ങളും 3913 ഭവനഭേദങ്ങളും നടന്നു. ഇത് മുന്‍വര്‍ഷത്തിന് 50%വരെ കൂടുതലാണ്. രാഷ്ട്രീയ പകമൂലം 196 പേരെ കൊലപ്പെടുത്തി. രാഷ്ട്രീയവധശ്രമങ്ങളും കൈയ്യേറ്റങ്ങളും 193 ആണ്. 326 പ്രാവിശ്യം ലാത്തിച്ചാര്‍ജ്ജ് നടത്തുകയും 149847 പേരെ അറസ്റ്റ് ചെയ്ത് ഇരുമ്പഴികള്‍ക്കുള്ളില്‍ അടയ്ക്കുകയും ചെയ്തു. 60000-ല്‍ പരം സ്ത്രീകളെ അറസ്റ്റുചെയ്തു. സ്വന്തക്കാര്‍ക്കായി 300 രൂപയ്ക്കുമേല്‍ 255 ഉദ്യോഗങ്ങള്‍ സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയമിച്ച കമ്മറ്റികളിലെ മൊത്തം എണ്ണം 9000 ആയിരുന്നു. അതില്‍ 7013 പേര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു".

ജനവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ജനവികാരത്തെ കേവലം വിദ്യാഭ്യാസ ബില്ലിനോടുള്ള എതിര്‍പ്പുമാത്രമായി ചിത്രീകരിക്കുന്നത് ചരിത്രവഞ്ചനയാണ്. വിദ്യാഭ്യാസബില്ല് എരിതീയില്‍ എണ്ണയൊഴിച്ച സംഭവമായിരുന്നു. സര്‍ക്കാരിനെതിരെയുള്ള ബഹുജനവിരോധം മറനീക്കി പുറത്തുവരാന്‍ വിദ്യാഭ്യാസബില്ലിനെതിരെയുള്ള സമരം നിമിത്തമായി എന്നുകരുതുന്നതാണു സത്യം. മന്നത്തു പദ്മനാഭന്‍റെ നേതൃത്വത്തില്‍ എന്‍. എസ്. എസും. ആര്‍. ശങ്കറിന്‍റെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പിയും സി. എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മുസ്ലീംലീഗും കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളൊന്നടങ്കവും കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരേ നിലകൊണ്ട, കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തെ കേവലം പള്ളിമണിയടിച്ച് ആളെക്കൂട്ടിയ സമരമായി  ചെറുതാക്കാന്‍ ഇവിടുത്തെ ചരിത്രകാരന്മാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.    

 മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ല്

1957 ജൂലൈ 7 നാണ് മുണ്ടശ്ശേരി വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചത്. കേരളത്തിന്‍റെ വിദ്യാഭ്യാസമണ്ഡലത്തില്‍ നിലനിന്നിരുന്ന ചില അധിനിവേശങ്ങളെ ചെറുക്കുകയായിരുന്നു ഈ ബില്ലിന്‍റെ ലക്ഷ്യം.  അന്നു കേരളത്തിലുണ്ടായിരുന്ന പതിനായിരത്തോളം സ്കൂളുകളില്‍ ഏഴായിരത്തില്‍ പരവും സ്വകാര്യ സ്കൂളുകളായിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുക്കുന്ന പരിമിതമായ ഫീസുകൊണ്ടു മാത്രമാണ് ഈ സ്കൂളുകള്‍ മുന്നോട്ടുപോയിരുന്നത്. ശമ്പളമായോ ഗ്രാന്‍റ് ആയോ സര്‍ക്കാര്‍വക സഹായങ്ങളൊന്നും സ്വകാര്യവിദ്യാഭ്യാസമേഖലയ്ക്കു ലഭിച്ചിരുന്നില്ല. എന്നാല്‍ സ്കൂളുകളുടെ, സ്ഥാപനവും പ്രവേശനവും നിയമനവും നടത്തിപ്പുമുള്‍പ്പടെ മാനേജ്മെന്‍റുകള്‍ക്ക് സമ്പൂര്‍ണ്ണ അധികാരമുണ്ടായിരുന്നു. ഈ സ്വകാര്യ സ്കൂളുകളെ ദേശസാല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബില്ല് അവതരിപ്പിച്ചത്. പതിനാലു വയസ്സുവരെയുള്ളവര്‍ക്കു വിദ്യാഭ്യാസം സൗജന്യമാക്കുക, വിദ്യാഭ്യാസം നല്കുക എന്നത് സര്‍ക്കാരിന്‍റെ കടമയായതിനാല്‍  അധ്യാപകര്‍ക്കുള്ള  ശമ്പളം സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ഭാവാത്മക നടപടിക്രമങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍  അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്ചയി ക്കുന്ന പാനലില്‍നിന്നു മാത്രമേ പാടുള്ളു എന്നും വിദ്യാലയങ്ങള്‍ സര്‍ക്കാരിലേയ്ക്കു കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നുമുള്ള വ്യവസ്ഥകളിലൂടെ ബില്ല് മാനേജ്മെന്‍റുകളുടെ രോഷം ജ്വലിപ്പിച്ചു. ചുരുക്കം ചില മുട്ടാളന്‍മാരായ മാനേജര്‍മാരെ നിലയ്ക്കുനിര്‍ത്താനുള്ള വഴി തേടുന്നതിനു പകരം സകല മാനേജര്‍മാരെയും ബൂര്‍ഷ്വാകളായും അധ്യാപകരെ തൊഴിലാളി വര്‍ഗ്ഗമായും കരുതുന്ന കമ്മ്യൂണിസ്റ്റ് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്കുന്ന ആര്‍ട്ടിക്കിള്‍ 30 ലെ 1,2 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് പുതിയ ബില്ല് എന്ന സത്യം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. വിദ്യാഭ്യാസ ബില്ലില്‍ പ്രത്യക്ഷത്തിലുണ്ടായിരുന്ന ഇത്തരം പ്രശ്നങ്ങളേക്കുറിച്ചും നയവൈകല്യങ്ങളേക്കുറിച്ചും ചുവപ്പുകോട്ടിട്ട പില്ക്കാല ചരിത്രപണ്ഡിതര്‍ മൗനം ദീക്ഷിക്കുന്നു.

വിദ്യാഭ്യാസ ബില്ല് അവതരിപ്പിച്ച ഉടനെ കത്തോലിക്കാ സഭ വിമോചന സമരം പ്രഖ്യാപിച്ചു എന്ന വാദവും അടിസ്ഥാന രഹിതമാണ്. 1957 ഏപ്രില്‍ മുതല്‍ 1959 ജൂണ്‍ മാസം വരെ സാധ്യമായ സകല മാര്‍ഗ്ഗങ്ങളിലൂടെയും ബില്ലിലെ ന്യൂനത ചൂണ്ടിക്കാണിക്കാന്‍ സഭ പരിശ്രമിച്ചിരുന്നു. 10 ലക്ഷം പേര്‍ ഒപ്പിട്ട സങ്കട ഹര്‍ജി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതും കേരള കത്തോലിക്കാ ബിഷപ്പുമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തക സമിതി (KCBEAC), ക്രിസ്ത്യന്‍ വിദ്യാഭ്യാസ പ്രവര്‍ത്തക സമിതി (CEAC), സ്വകാര്യ സ്കൂള്‍ അവകാശ സംരക്ഷണ സമിതി (PSRPC), അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (AKCC) എന്നീ സമിതികളുടെ പ്രതിനിധികള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല; നടത്തിയ ചര്‍ച്ചകളാകട്ടെ ഭരണകൂടത്തിന്‍റെ ധാര്‍ഷ്ട്യം മൂലം നിഷ്പ്രയോജനകരവുമായിരുന്നു.

എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ പാഠപുസ്തക പരിഷ്കരണവും സര്‍ക്കാര്‍ നടപ്പിലാക്കി. 1957 നവംബര്‍ 21 ന് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി രൂപം കൊടുത്ത സിലബസ് കമ്മറ്റി പടച്ചെടുത്ത പുസ്തകങ്ങളത്രെയും കമ്യൂണിസത്തിന്‍റെ "ദിഗ്വിജയം" പ്രഘോഷിക്കുന്നവയായിരുന്നു. റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവും സുദീര്‍ഘാ പ്രതിപാദിച്ച പ്രസ്തുത പാഠപുസ്തകങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തമസ്കരിച്ചു. "ബൂര്‍ഷ്വാ" "പിന്‍തിരിപ്പന്‍"  ഇന്‍ങ്ക്വിലാബ് സിന്ദാബാദ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് പദങ്ങളുടെ ആവിഷ്കാര വേദിയായി ടെക്സ്റ്റ് ബുക്കുകള്‍ മാറ്റപ്പെട്ടു. വിദ്യാഭ്യാസ രംഗമാകെ ചുവപ്പണിയിക്കാന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ശ്രമത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് പാഠപുസ്തക നവീകരണത്തെ കേരള ജനത വിലയിരുത്തിയത്. വിമോചനസമരത്തിന്‍റെ ന്യായാന്യായങ്ങള്‍ വിലയിരുത്തിയവര്‍ പാഠപുസ്തകങ്ങളെ ചുവപ്പിക്കാനുള്ള ശ്രമത്തെ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.

കുട്ടികള്‍ മാതാപിതാക്കളുടെതല്ല രാഷ്ട്രത്തിന്‍റെതാണെന്നും അവര്‍ എന്തു പഠിക്കണം എവിടെ പഠിക്കണം എന്നിവ തീരുമാനിക്കേണ്ടത് സ്റ്റേറ്റാണ് എന്നുമുള്ള കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്‍റെആവിഷ്കാരമാണ് വിദ്യാഭ്യാസ ബില്ലിലൂടെയും പാഠപുസ്തക പരിഷ്കരണത്തിലൂടെയും ഇ.എം.എസ് മന്ത്രിസഭ നടപ്പിലാക്കാന്‍ ശ്രമിച്ചത്. കേരളത്തിലെ പാഠപുസ്തകങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാഠ്യപദ്ധതിയനുസരിച്ച് ക്രമീകരിച്ചതാണ് എന്ന്  "ഇന്ത്യന്‍ എക്സ്പ്രസ്" പത്രം Catch Them Young എന്ന മുഖപ്രസംഗത്തിലൂടെ   ചൂണ്ടിക്കാണിച്ചതും  വിമോചനസമരത്തിനുള്ള ഏറ്റവും അടുത്ത കാരണമായിരുന്നു. 

 ഭൂപരിഷ്കരണ നിയമം

വിമോചനസമരം പ്രത്യക്ഷത്തില്‍ വിദ്യാഭ്യാസ സമരമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും അതിന്‍റെ പിന്നിലെ അത്ഭുതകരമായ ജനപിന്തുണയ്ക്ക് 1957 ഡിസംബര്‍ 18 ന് നിയമസഭയില്‍ അവതരിപ്പിക്കുകയും 1959 ജൂണ്‍ 10 ന് പാസ്സാക്കുകയും ചെയ്ത ഭൂപരിഷ്കരണ നിയമവും കാരണമായിട്ടുണ്ട്. കേരളത്തിലെ ഭൂരഹിതരും കുടികിടപ്പുകാരുമായ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും തിരുവതാംകൂറില്‍ നിന്നും മറ്റും മലബാറിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറി പാര്‍ത്ത് ജന്മിമാരില്‍ നിന്നു ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു വന്നിരുന്ന കുടിയേറ്റ കര്‍ഷകര്‍ക്കും  ഭൂമിയുടെമേല്‍ അവകാശം അനുവദിച്ച് നല്‍കിയ ഐതിഹാസികമായ ബില്ലായിരുന്നു ഇത്.സാമൂഹികനീതിയുടെ നടത്തിപ്പിനായി കേരള നിയമസഭ പാസ്സാക്കിയതില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായ ബില്ല് ഇതാണ്. ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷത്തിനും സഭാനേതൃത്വത്തിനും ഈ ബില്ലിനോട് അനുകൂല നിലപാടായിരുന്നു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായതിനാല്‍ ഈ ബില്ലിനേചൊല്ലി സഭാ നേതൃത്വം ഉള്ളാലേ സന്തോഷിച്ചിരുന്നു എന്നതാണ് സത്യം. എന്നാല്‍ ഭൂപരിഷ്കരണനിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തിരുന്ന മന്നത്തിന്‍റെ പിന്തുണ വിദ്യാഭ്യാ സസമരത്തിന് ഉറപ്പുവരുത്താനായി ഭൂപരിഷ്കരണനിയമത്തെയും സഭാനേതൃത്വത്തിന് തള്ളിപ്പറയേണ്ടിവന്നു.അവസരവാദ രാഷ്ട്രീയത്തിന്‍റെ വഴിയേ നടക്കാന്‍ അന്നു സഭയും നിര്‍ബന്ധിതമായി. സാമൂഹ്യനീതിയുടെ ആദ്യാക്ഷരങ്ങളെപ്പോലും അവഗണിച്ച ഈ ആദാനപ്രദാന പ്രക്രിയയുടെ അന്തിമാര്‍ത്ഥത്തില്‍ നഷ്ടം സഭാനേതൃത്വത്തിനു തന്നെയായിരുന്നു. സഭ പാവങ്ങളുടെ പക്ഷത്തല്ല എന്നും ഭൂവുടമകളായ സമ്പന്നരുടെ താല്പര്യമാണ് സഭയ്ക്കു വലുത് എന്നുമുള്ള തെറ്റിദ്ധാരണ സാമാന്യ ജനത്തിനിടയില്‍ പ്രചരിപ്പിക്കാന്‍ ഈ നിലപാടുമാറ്റം കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവസരമൊരുക്കി. നാളിതുവരെയും പാവങ്ങളുടെ പരിരക്ഷകയായിരുന്ന സഭയെ ബൂര്‍ഷ്വാപക്ഷത്തു തളക്കാന്‍ ഈ സമരത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞു. അധ്വാനിക്കുന്നവന്‍റെ അവസാന അത്താണിയായിപ്പോലും സഭയ്ക്കു സ്ഥാനമില്ലെന്നും അവരുടെ ആദ്യത്തെയും അവസാനത്തേയും അത്താണി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെന്നുമുള്ള അവസ്ഥ കേരളരാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കു നേടിക്കൊടുത്ത സ്വീകാര്യത, വിശേഷിച്ചും പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍, അത്ഭുതാവഹമായിരുന്നു. വിമോചനസമരത്തിലൂടെ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സഭയുടെ യഥാര്‍ത്ഥ സമ്പത്തായ പാവങ്ങള്‍ സഭയുടെ ശത്രുപക്ഷത്തായി എന്ന ദുരന്തം സംഭവിച്ചു.

1959 മെയ് 1 ാം തിയതി ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന സമരസമിതിയാണ് വിമോചനസമരപ്രഖ്യാപനം നടത്തിയത്. അതുവരെയും വിവാദബില്ലുകള്‍ പിന്‍വലിക്കുക എന്ന ആവശ്യം മാത്രം ഉന്നയിച്ച സമരക്കാരില്‍നിന്നു ഭിന്നമായി മന്നത്തു പത്മനാഭന്‍ പ്രഖ്യാപിച്ചു: "ഗവണ്‍മെന്‍റിനെ താഴെയിറക്കുക എന്നതാണ് സമരത്തിന്‍റെ ലക്ഷ്യം"195. ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍ അങ്കമാലിയില്‍ ഏഴുപേരെ വെടിവെച്ചുകൊന്നുകൊണ്ട് സര്‍ക്കാര്‍ സമരത്തെ നേരിട്ടു. ജൂണ്‍ 13 മുതല്‍ ജൂലൈ 31 വരെ കേരളമാകെ സമരാഗ്നി ആളിക്കത്തി. ഭരണകൂട ഭീകരത കമ്മ്യൂണിസത്തിന്‍റെ കരിനിഴലില്‍ എത്രകണ്ടു ബീഭത്സമാകും എന്നതിന്‍റെ തെളിവായിരുന്നു ഈ ഒന്നരമാസക്കാലം. 17 പേര്‍ പോലീസ് വെടിവെയ്പില്‍ മരിച്ചു. കൂടാതെ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ കാലയളവില്‍ നടന്നു.139 സ്ഥലങ്ങളില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പതിനായിരത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. "കേരള മെയില്" ദിനപത്രം മുഖക്കുറിപ്പില്‍ അന്ന് എഴുതിയത് സത്യമാണ്: "സ്വാതന്ത്ര്യ സമരകാലത്തുപോലും ഇത്രയും കൊടിയ ഭരണകൂടഭീകരത നടമാടിയിരുന്നില്ല". ഒന്നരലക്ഷത്തോളം പേര്‍ തടവിലാക്കപ്പെട്ടു അതില്‍ മൂന്നിലൊരുഭാഗമെങ്കിലും സ്ത്രീകളായിരുന്നു. ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ സമര്‍പ്പിച്ച റിപ്പോട്ടിന്‍റെ പിന്‍ബലത്തിലും പ്രധാനമന്ത്രി നെഹ്റു നേരിട്ടു തിരുവനന്തപുരത്തെത്തി നിരീക്ഷിച്ചു ബോധ്യമായതിന്‍റെ വെളിച്ചത്തിലും 1959 ജൂലായ് 31 ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. ഇന്നാട്ടിലെ ചരിത്രകാരന്മാര്‍ ആക്ഷേപിക്കും പോലെ സംഘടിതരായ ന്യൂനപക്ഷം ഭൂരിപക്ഷത്തിനെതിരെ നടത്തിയ സമരമായിരുന്നു വിമോചനസമരമെങ്കില്‍ തുടര്‍ന്നു നടന്ന തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷപിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമേറേണ്ടതായിരുന്നില്ലേ. പക്ഷെ സംഭവിച്ചതു മറിച്ചല്ലേ. ഭാവനാ കല്പിത കഥകളും ചരിത്രവും തമ്മില്‍ വ്യത്യാസമില്ലെന്നു കരുതുന്ന കമ്മ്യൂണിസ്റ്റ് ചരിത്രവീക്ഷണത്തില്‍ യുക്തിപരത അവലക്ഷണമായതിനാല്‍ ചരിത്രത്തില്‍നിന്ന് യുക്തിരഹിതമായ നിഗമനങ്ങളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.

 രക്തസാക്ഷികള്‍

രക്തസാക്ഷികള്‍ക്കു സാമ്പത്തികസഹായം നല്‍കിയില്ലെന്നും സഭ അങ്കമാലികല്ലറകളെ മറന്നെന്നുമാണ് മാതൃഭൂമി വാരികയിലൂടെ എ. ജയശങ്കര്‍ വിലപിക്കുന്നത്.അങ്കമാലിയിലെ കള്ളുഷാപ്പുസമരവുമായി ബന്ധപ്പെട്ടാണെന്നു ജയശങ്കറും സമാധാനപരമായി നടത്തിയ സമരത്തെ അക്രമ സമരമെന്ന് പോലീസ് തെറ്റിദ്ധരിച്ചതിനാല്‍ പറ്റിയ അബദ്ധമാണ് അങ്കമാലി വെടിവെയ്പ്പെന്ന് മലയാളം വാരികയില്‍ കെ.സി. കിടങ്ങൂരും, ബേബി ആന്‍റണിയും പറയുന്നുണ്ട്. എന്നാല്‍ രക്തസാക്ഷികളുടെ മരണത്തിന്‍റെ വിദൂര ഉത്തരവാദിത്വം പോലും പോലീസിനോ ഭരണകൂടത്തിനോ ഉള്ളതായി ഈ ڇമഹാജ്ഞാനികള്‍ڈ സമ്മതിക്കില്ല. മരിച്ചത് ക്രിസ്ത്യാനികളായതിനാല്‍  ഉത്തരവാദികള്‍ പള്ളീലച്ചന്മാരാണെന്നു സ്ഥാപിക്കാന്‍ ഇവര്‍ക്കു പുനരാലോചന ആവശ്യമില്ല.

ക്രിസ്തീയ വിശ്വാസത്തില്‍ രക്തസാക്ഷിത്വത്തിനു ക്രിസ്തുവിന്‍റെ ബലിയോളം വിലയുണ്ട്. രാഷ്ട്രീയക്കാരെപ്പോലെ തലയെണ്ണി വിലയുറപ്പിച്ചു ചാവേറുകളാകുന്നവരല്ല ക്രിസ്ത്യന്‍ രക്തസാക്ഷികള്‍.  രക്തസാക്ഷികള്‍ക്കു വിലപറയുന്ന പാര്‍ട്ടി സംസ്കാരത്തില്‍ വളര്‍ന്നവര്‍ക്ക് വിമോചനസമരത്തിലെ രക്തസാക്ഷികളെ മനസ്സിലക്കാനാവാതെപോയത് സ്വാഭാവികം. ജീവനേക്കാളും വിശ്വാസത്തെ സ്നേഹിച്ചവര്‍ സ്വര്‍ഗ്ഗത്തിനായി സ്വന്തമായതെല്ലാം ഉപേക്ഷിച്ചതാണ് രക്തസാക്ഷിത്വം. അതിനു വിലനിശ്ചയിക്കുന്നതിനു പകരം അവരുടെ ചോരയില്‍നിന്നും വിശ്വാസത്തിന്‍റെ ദീപനാളങ്ങള്‍ ഉയരുകയാണ് ചെയ്തത്. ആ ദീപനാളങ്ങളുടെ ജാജ്വല്യ ശോഭയിലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കടപുഴകി വീണത്. കമ്മ്യൂണിസ്റ്റ് നിരീശ്വരവാദവുമായുള്ള സന്ധിയില്ലാസമരമാണ് വിമോചനസമരത്തിലെ രക്തസാക്ഷികള്‍ക്കു നല്കാവുന്ന അംഗീകാരം. സര്‍ക്കാര്‍ നല്‍കിയ മൂവായിരം രൂപയുടെ സഹായധനം വേണ്ടെന്നുവച്ച ആ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ ക്രിസ്തീയ രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥമറിഞ്ഞവരാണ്.    

എന്നാല്‍ സഭയാകട്ടെ വിമോചനസമരത്തിന്‍റെ ആലസ്യത്തില്‍ മതികെട്ടുറങ്ങാന്‍ ഇടവന്നു. സഭാനേതൃത്വവും വിശ്വാസികളും തമ്മിലുള്ള വര്‍ഗ്ഗസമരം കരുപ്പിടിപ്പിക്കാന്‍ വിപ്ലവകാരികള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളെ കാണാതിരിക്കാനോ കണ്ടില്ലെന്നു നടിക്കാനോ ഇടവന്നു. ഒരിക്കല്‍ പരാജയപ്പെടുത്തിയവര്‍ നിത്യകാലവും അധീനരായിരിക്കും എന്ന "ബൂര്‍ഷ്വ മൗഢ്യം" സഭയേയും ബാധിച്ചു. നിരീശ്വരവാദത്തിനെതിരെ കുരിശുയുദ്ധം നടത്താനൊരുക്കിയ കവചകുണ്ടലങ്ങളഴിച്ചുവച്ച് ആവനാഴിയില്‍ മയില്‍പ്പീലിയും വെഞ്ചാമരവുമൊരുക്കാന്‍ പലരും വ്യഗ്രതപ്പെട്ടു. കമ്മ്യൂണിസവും സഭയും തമ്മില്‍ പഴയ അകലം ഇപ്പോഴില്ല എന്ന ഔദ്യോഗികഭാഷ്യം ഇതിനെ അടിവരയിട്ട അനുബന്ധമായി. വിശ്വാസത്തില്‍ നിന്ന് അവിശ്വാസത്തിലേക്കുള്ള ദൂരം ചുരുങ്ങുന്നത് കാണാനോ പള്ളിഭരണസമിതിയിലെ ഭൂരിപക്ഷവും അവിശ്വാസികളാകുന്ന വൈരുദ്ധ്യാത്മകത സഭയില്‍ വളരുന്നത് കാണാനോ ഈ ആലസ്യം മൂലം സഭയ്ക്കു കഴിഞ്ഞില്ല. ശത്രുവിന്‍റെ ദ്രംഷ്ട കഴുത്തിലിറങ്ങിത്തുടങ്ങിയപ്പോള്‍ പേടിച്ചരണ്ടവന്‍റെ പേക്കിനാവുമാത്രമായി  രണ്ടാം വിമോചനസമരത്തിന്‍റെ സ്വപ്നമുറങ്ങാനാണ് സാധ്യത.

 സംസ്കാരവും സമുദായവും

സംസ്കാരം രൂപീകരിക്കപ്പെടുന്ന സാമൂഹികതയുടെ അനിവാര്യഭാഗമാണ് സാമുദായികത. ഭിന്നതകളെ തമസ്ക്കരിക്കുന്ന മാക്സിയന്‍ ഉട്ടോപ്യയില്‍ സമുദായം പ്രതിലോമശക്തിയായി വ്യവഹരിക്കപ്പെടുന്നത് സ്വഭാവികമാണ്. സാമുദായികതയുടെ ഭാവാത്മകതകളെപ്പോലും നിര്‍വ്വീര്യമാക്കാനുള്ള ശ്രമം നിസ്തന്ദ്രമായി തുടരുമ്പോള്‍ സാമുദായികതയുടെ ഋണാത്മകവും ഇരുണ്ടതുമായ മുഖങ്ങള്‍ പ്രത്യക്ഷമാകുന്നു. വര്‍ഗ്ഗീയതയുടെയും വര്‍ഗ്ഗസമരത്തിന്‍റെയും മനശാസ്ത്രം അടിസ്ഥാനപരമായി ഒന്നായിരിക്കുന്നതിന്‍റെ കാരണം ഇതാണ്.  സമുദായവും സമൂഹവും തമ്മിലുള്ള സങ്കീര്‍ണ്ണമായ സങ്കലനത്തെ വര്‍ഗ്ഗീയതയുടെ കണ്ണിലൂടെ മാത്രം വായിച്ചെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കമ്മ്യൂണിസത്തിന്‍റെ പരാജയം, കഥകളും ഐതിഹ്യങ്ങളും വിശ്വാസസംഹിതകളും പാരമ്പര്യങ്ങളും ഇഴചേര്‍ന്നു നില്‍ക്കുന്ന സമുദായികതയുടെ വിഹായസിലാണ് ഒരുവന്‍റെ ധാര്‍മ്മികതയുടെ ചക്രവാളം വിടരുന്നത് എന്ന് ഹാവര്‍വാസിനെപ്പോലുള്ള ധര്‍മ്മജ്ഞര്‍ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

രാഷ്ട്രിയവും മതവും തമ്മിലുള്ള സമ്പൂര്‍ണ്ണ വിഭാഗീകരണത്തെ സ്വപ്നം കാണുന്നത് മൗഢ്യമാണ്, വിശേഷിച്ചും മഹാഭൂരിപക്ഷവും മതവിശ്വാസികളായ ഭാരതത്തില്‍. ഗാന്ധിയെപ്പോലെ മതത്തെ രാഷ്ട്രത്തിന്‍റെ ആത്മാവായി സന്നിവേശിപ്പിക്കാന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ-മതനേതൃത്വമാണിവിടെ ആവിശ്യമായിട്ടുള്ളത്. മലയും മനുഷ്യനുമുള്ള കാലത്തോളം മതവുമുണ്ടാകും. മതത്തെ തമസ്കരിച്ചു ഗളഹസ്തം ചെയ്യാനുള്ള പരിശ്രമമെല്ലാം പാഴ്വേലയായിരുന്നെന്ന് റഷ്യയും ചൈനയും ക്യൂബയും പോളണ്ടുമൊക്കെ സാക്ഷ്യപ്പെടുത്തുന്നത് കമ്മ്യൂണിസം മറക്കരുത്. കാര്യലാഭത്തിനുള്ള ആള്‍ക്കൂട്ടമായി മാത്രം അനുയായികളെ പരിഗണിക്കുന്ന പ്രവണത മതങ്ങളും അവസാനിപ്പിക്കണം. അപ്പോള്‍ യഥാര്‍ത്ഥ വിമോചനത്തിന്‍റെ പ്രകാശം അങ്കമാലി കല്ലറമേലും വീഴും. 

Liberation struggle and liberation from revolution kerala catholic church theology Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message