We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Antony Thoppil On 05-Feb-2021
കുരിശടയാളവും അഭിവാദനവും
ലത്തീന്‍ കുര്‍ബ്ബാനക്രമത്തില്‍ പ്രവേശനഗാനത്തിനുശേഷം കാര്‍മ്മികന്‍ അദ്ധ്യക്ഷപീഠത്തില്‍നിന്ന് സമൂഹവുമായി ചേര്‍ന്ന് കുരിശടയാളം വരച്ചുകൊണ്ട് ആശീര്‍വാദം സ്വീകരിക്കുന്നു. ക്രിസ്തീയ പ്രാര്‍ത്ഥനകളുടെ തനതായ രീതിയാണ് കുരിശടയാളത്തോടെ ആരംഭിക്കുക എന്നത്. മാത്രമല്ല സമൂഹത്തെ പരി. ത്രിത്വത്തിന്‍റെ കീഴില്‍ തിരുകര്‍മ്മാനുഷ്ഠാനത്തിനു വേണ്ടി ഒന്നാക്കുന്നു. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും ക്രിസ്തീയസമൂഹത്തില്‍ വിളിച്ചോതുന്നു (മത്താ 18,20). കുരിശിലെ ബലിയുടെ പുനരാവിഷ്ക്കാരമാണിവിടെ നടക്കാന്‍ പോകുന്നത്. നമ്മുടെതന്നെ ജ്ഞാനസ്നാനത്തെയും ഈ കുരിശടയാളം അനുസ്മരിപ്പിക്കുന്നു. നമ്മുടെ രക്ഷയുടെ അടയാളം കുരിശാണ് (1 കോറി 1,18).
പുരോഹിതന്‍ "കര്‍ത്താവു നിങ്ങളോടുകൂടെ" എന്നു പറഞ്ഞുകൊണ്ട് സമൂഹത്തില്‍ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ അവബോധം പ്രകടമാക്കുന്നു. ഏറ്റവും ലളിതമായ ബൈബിള്‍പരമായ അഭിവാദനമാണത്. റൂത്ത് 2,4; ലൂക്കാ 1,28 എന്നീ വചനഭാഗങ്ങളില്‍നിന്ന് എടുത്തിട്ടുള്ളതാണത്. ബൈബിളില്‍ അധിഷ്ഠിതമായ പ്രത്യേകിച്ച് പൗലോസിന്‍റെ ലേഖനങ്ങളില്‍നിന്നുള്ള അഭിവാദനവാക്യങ്ങളും ഉപയോഗിക്കാവുന്നതാണ്. അതായത് "നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു..." (2 കോറി 13,13), "നമ്മുടെ പിതാവായ..." (റോമാ 1,7; ഗലാ 1,3). ഇതിനുത്തരമായി "നമ്മുടെ കര്‍ത്താവായ....വാഴ്ത്തപ്പെടട്ടെ" എന്നു പറയാവുന്നതാണ്. അല്ലെങ്കില്‍ പതിവുള്ള "അങ്ങയോടുംകൂടെ" എന്നും പ്രത്യുത്തരിക്കാം. മെത്രാന്‍ മുഖ്യകാര്‍മ്മികനാണെങ്കില്‍ "നിങ്ങള്‍ക്കു സമാധാനം" എന്ന് അഭിവാദ്യം ചെയ്യാം. പെസഹാകാലത്തെ അഭിവാദനമാണിത്, ഉത്ഥിതനായ കര്‍ത്താവ് ശിഷ്യരെ അഭിവാദനം ചെയ്തതിനെ ഇത് അനുസ്മരിപ്പിക്കുന്നു (യോഹ 20,19,21,26). ഈ അഭിവാദനവും ജനങ്ങളുടെ പ്രത്യുത്തരവും അവിടെ ഒന്നിച്ചുകൂടിയിരിക്കുന്ന സഭയുടെ രഹസ്യമാണ് പ്രകടമാക്കുന്നത്.
അഭിവാദനത്തിനുശേഷം കാര്‍മ്മികനോ, ഡീക്കനോ, അല്ലെങ്കില്‍ ഒരു ശുശ്രൂഷകനോ ആ ദിനത്തിന്‍റെ കുര്‍ബ്ബാനയ്ക്ക് അല്ലെങ്കില്‍ തിരുക്കര്‍മ്മകാലത്തിനോ, അന്നത്തെ വചനഭാഗങ്ങള്‍ക്കോ ആമുഖമായി ചുരുക്കം ചില വാക്കുകള്‍ പറയാവുന്നതാണ്.
അനുതാപകര്‍മ്മം
അതിനുശേഷം കാര്‍മ്മികന്‍ എല്ലാവരെയും അനുതാപകര്‍മ്മത്തിലേക്ക് ക്ഷണിക്കുന്നു. ഈ അനുതാപകര്‍മ്മം കാലത്തിനനുസരിച്ച് നടത്താവുന്നതാണ്. അല്പ സമയത്തെ മൗനപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും പൊതുവായ അനുതാപത്തിന്‍റെ പ്രാര്‍ത്ഥന "സര്‍വ്വശക്തനായ ദൈവത്തോടും...." ചൊല്ലുന്നു. ഇതിന്‍റെ അവസാനം പുരോഹിതന്‍ പാപമോചനാശീര്‍വാദം നല്കുന്നു. പക്ഷേ, ഈ ആശീര്‍വാദത്തിന് കുമ്പസാരമെന്ന കൂദാശയുടെ ഫലദായകത്വം ഇല്ല.
ഞായറാഴ്ചകളില്‍, പ്രത്യേകിച്ച് ഉയിര്‍പ്പുകാലത്തില്‍, ഈ അനുതാപകര്‍മ്മത്തിനു പകരമായി ജലാശീര്‍വാദവും തളിക്കലും നടത്താവുന്നതാണ്. നാം സ്വീകരിച്ച മാമോദീസയെ ഇത് അനുസ്മരിപ്പിക്കുന്നു.
"കര്‍ത്താവേ കനിയണമേ"
"കര്‍ത്താവേ കനിയണമേ" (Kyrie) ആണ് അടുത്തത്. ഇത് അനുതാപകര്‍മ്മമായി ചേര്‍ത്തില്ലായെങ്കില്‍ ഈ ഭാഗത്ത് ചൊല്ലുന്നു. കര്‍ത്താവിനെ സ്തുതിക്കുകയും അവിടുത്തെ കാരുണ്യം യാചിക്കുകയും ചെയ്യുന്ന ഈ പ്രഘോഷണം എല്ലാവരും ചേര്‍ന്നോ, ജനങ്ങളും ഗായകസംഘമോ അല്ലെങ്കില്‍ ഗായകനോ മാറിമാറി നടത്തുന്നു. ഓരോ അപേക്ഷയും രണ്ടു പ്രാവശ്യമായി ചൊല്ലുന്നു. അതേസമയം ഭാഷ, സംഗീതം, മറ്റു സാഹചര്യങ്ങള്‍ മുതലായവ പരിഗണിച്ച് അത് കൂട്ടുകയോ ചെറിയവാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
"അത്യുന്നതങ്ങളില്‍"
"അത്യുന്നതങ്ങളില്‍" (Gloria) ആണ് അടുത്തഭാഗം. പ. ആത്മാവില്‍ കുടിയിരിക്കുന്ന സഭ പിതാവായ ദൈവത്തെയും അവിടുത്തെ വലതുവശത്തിരിക്കുന്ന ദൈവകുഞ്ഞാടിനെയും (ക്രിസ്തുവിനെയും) സ്തുതിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പുരാതനവും ആദരണീയവുമായ കീര്‍ത്തനമാണിത്. ഇതിനെ ബൈബിളിലില്ലാത്ത സങ്കീര്‍ത്തനങ്ങളില്‍ ഒന്നായി പരിഗണിക്കുന്നു (npn-Biblical psalms). പുതിയ നിയമ കീര്‍ത്തനങ്ങളുടെ രീതിയിലാണ് അവയെ നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ത്താവിന്‍റെ പിറവിത്തിരുനാളില്‍ മാലാഖമാര്‍ ആലപിച്ച കീര്‍ത്തനമാണിതിന്‍റെ അടിസ്ഥാനം (ലൂക്കാ 2,14). ഗ്ലോറിയ പാടുന്നത് ആഘോഷത്തിന്‍റെ അടയാളമായിട്ടാണിപ്പോള്‍.
ആഗമനകാലത്തിനും നോമ്പുകാലത്തിനും പുറമെയുള്ള ഞായറായ്ചകളിലും മഹോത്സവങ്ങളിലും തിരുനാളുകളിലും പ്രത്യേകാഘോഷാവസരങ്ങളിലും "അത്യുന്നതങ്ങളില്‍" ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നു.
സമിതി പ്രാര്‍ത്ഥന (Collet or Openig prayer)
കാര്‍മ്മികന്‍ തുടര്‍ന്ന് ജനങ്ങളെ "നമുക്കു പ്രാര്‍ത്ഥിക്കാം" എന്നു പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ ക്ഷണിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം കൊടുത്തുകൊണ്ട് എല്ലാവരും അല്പനിമിഷം മൗനമായി പ്രാര്‍ത്ഥിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ സ്വരൂപിച്ചുകൊണ്ട് കാര്‍മ്മികന്‍ അനന്തരം സമിതിപ്രാര്‍ത്ഥന ചൊല്ലുന്നു. ഈ പ്രാര്‍ത്ഥന ഈ തിരുക്കര്‍മ്മത്തിന്‍റെ സ്വഭാവം പ്രകടമാക്കുന്നു. ഇത് ദിവ്യബലിയിലെ ആദ്യത്തെ അദ്ധ്യക്ഷപ്രാര്‍ത്ഥനയാണ്. സഭാപാരമ്പര്യമനുസരിച്ച് ഈ പ്രാര്‍ത്ഥന പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് ക്രിസ്തുവിലൂടെ പ. ആത്മാവില്‍ അര്‍പ്പിക്കുന്ന ഒന്നാണ്. ഈ പ്രാര്‍ത്ഥനയുടെ അവസാനഭാഗം സുദീര്‍ഘമായ വാക്യമുപയോഗിച്ച് ("അങ്ങയോടുകൂടെ...." എന്നു പറഞ്ഞുകൊണ്ട്) പ. ത്രിത്വത്തില്‍ സമര്‍പ്പിക്കുന്നു. മറ്റുള്ള പ്രാര്‍ത്ഥനകളുടെ (നൈവേദ്യപ്രാര്‍ത്ഥന, ദിവ്യഭോജനപ്രാര്‍ത്ഥന) എന്നിവയുടെ അവസാനം ചെറിയവാക്യമാണ് ("കര്‍ത്താവായ ക്രിസ്തുവഴി...") ഉപയോഗിക്കുന്നത്. ജനങ്ങള്‍ ഈ പ്രാര്‍ത്ഥന തങ്ങളുടേതായി അംഗീകരിച്ചുകൊണ്ട് "ആമ്മേന്‍" എന്നു പറഞ്ഞ് പ്രത്യുത്തിരിക്കുന്നു. അങ്ങനെ പ്രാരംഭകര്‍മ്മങ്ങള്‍ സമിതിപ്രാര്‍ത്ഥനയോടെ തീരുന്നു. വചനകര്‍മ്മത്തിലേക്കുള്ള കടക്കലിനുവേണ്ടിയാണീ പ്രാര്‍ത്ഥന.
തിരുവചനകര്‍മ്മം
ആരാധനാക്രമത്തില്‍ വചനപ്രഘോഷണത്തിനും വചനം പങ്കുവയ്ക്കലിനും സുപ്രധാനമായ സ്ഥാനമാണുള്ളത്. തിരുവചനശുശ്രൂഷയില്ലാതെ ഒരു ആരാധനാക്രമവുമില്ല. വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു "ദൈവവചനത്തിന്‍റെ മേശയില്‍നിന്നു പോഷകപ്രദങ്ങളായ വിഷയങ്ങള്‍ ധാരാളമായി ലഭിക്കാന്‍വേണ്ടി വിശുദ്ധ ഗ്രന്ഥത്തിലടങ്ങിയിരിക്കുന്ന നിക്ഷേപങ്ങള്‍ വിശ്വാസികള്‍ക്കു പ്രദാനം ചെയ്യണം. ഇതിനുവേണ്ടി ഒരു നിശ്ചിത കാലയളവിനുള്ളില്‍ വിശുദ്ധഗ്രന്ഥത്തില്‍നിന്ന് മുഖ്യഭാഗവും അവര്‍ക്ക് വായിച്ചുകൊടുക്കണം". (sacrosanctum Couucilium 51) ദിവ്യബലിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഗ്രന്ഥവായനകളും സങ്കീര്‍ത്തനങ്ങലും മാത്രമല്ല, എല്ലാ പ്രാര്‍ത്ഥനകളും തിരുകര്‍മ്മഗീതങ്ങളും ബൈബിള്‍ അധിഷ്ഠിതമാണ്.
റോമന്‍ ദിവ്യപൂജാഗ്രന്ഥത്തിന്‍റെ പൊതുനിര്‍ദ്ദേശത്തില്‍ പറയുന്നു: വായനകളിലൂടെയും പ്രസംഗത്തിലുള്ള അവയുടെ വിശദീകരണത്തിലൂടെയും ദൈവം തന്‍റെ ജനത്തോടു പരിത്രാണത്തെയും വീണ്ടെടുപ്പിനെയുംപറ്റി സംസാരിക്കുകയും (SC 33) അവരുടെ ആദ്ധ്യാത്മിക ചൈതന്യം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തു തന്‍റെ വചനത്തിലൂടെ വിശ്വാസികളുടെ മദ്ധ്യേ സന്നിഹിതനാണ് (SC 7).
ആരാധനാക്രമം സംബന്ധിച്ച പ്രമാണരേഖ 34,1-ല്‍ പറയുന്നതുപോലെ തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധഗ്രന്ഥത്തില്‍നിന്ന് വൈവിധ്യമാര്‍ന്നതും അവസരോചിതവുമായ കൂടുതല്‍ വായനകള്‍ ഉണ്ടാവണം എന്ന ആശയം സ്വീകരിച്ചുകൊണ്ടാണ് പുതിയ വേദപാഠകം (Lectionary) തയ്യാറാക്കിയിട്ടുള്ളത്.
ഞായറാഴ്ചകളിലെയും കടപ്പെട്ട തിരുനാളുകളിലെയും വേദപാഠകങ്ങള്‍
ഞായറാഴ്ചകളിലെയും കടമുള്ള തിരുനാളുകളിലെയും വായനകള്‍ക്ക് താഴെപ്പറയുന്ന പ്രത്യേകതകളുണ്ട്.
1) എല്ലാ ദിവ്യബലിയ്ക്കും മൂന്ന് വായനകളുണ്ട്. ആദ്യത്തേത് പഴയ നിയമത്തില്‍നിന്നായിരിക്കും. രണ്ടാമത്തേത് അപ്പോസ്തലന്മാരുടെ ലേഖനങ്ങളില്‍നിന്നോ വെളിപാടിന്‍റെ പുസ്തകത്തില്‍നിന്നോ (ആരാധനാക്രമവര്‍ഷത്തിന്‍റെ കാലക്രമം ദീക്ഷിക്കണം) ആയിരിക്കും. മൂന്നാമത്തേത് സുവിശേഷങ്ങളില്‍നിന്നായിരിക്കും. അങ്ങനെ പുതിയ ക്രമം പുതിയ നിയമത്തിന്‍റെയും അടിസ്ഥാനപരമായ ഐക്യത്തെയും ക്രിസ്തു കേന്ദ്രീകൃതമായ രക്ഷാകരചരിത്രത്തെയും സമ്യക്കായി വെളിവാക്കുന്നു.
2) ഓരോ വര്‍ഷത്തിനും A,B,C എന്നു പേരിട്ടിരിക്കുന്നു. മൂന്നുകൊണ്ട് വിഭജിക്കാവുന്ന അക്കമുള്ള വര്‍ഷം C ആയി പരിഗണിക്കുന്നു.
3) കടമുള്ള ദിവസങ്ങളിലെ വായനകള്‍ രണ്ട് പ്രധാന ആശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. (1) പ്രമേയപൊരുത്തം (2) ഏകദേശ തുടര്‍വായന. ഇവിടെ ആരാധനാക്രമവര്‍ഷത്തിന്‍റെ കാല (Season) മാണ് മാനദണ്ഡമാക്കേണ്ടത്.
4) പുതിയനിയമ വായനകളുമായുള്ള പ്രത്യേകിച്ച് സുവിശേഷ വായനയുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് പഴയനിയമ വായനകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ആഗമനകാലം, നോമ്പുകാലം, ഉയിര്‍പ്പുകാലം എന്നിവയ്ക്കുള്ള വായനയ്ക്ക് പൊതുവായ പ്രമേയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ആണ്ടുവട്ടത്തിലെ ഞായറാഴ്ച വായനകള്‍ക്ക് പൊതുവായ പ്രമേയങ്ങള്‍ നിര്‍ബന്ധിതമാക്കുന്നില്ല. സുവിശേഷവും ലേഖനവും ഏകദേശ തുടര്‍വായനക്രമത്തിലുള്ളതായിരിക്കും. സുവിശേഷത്തോടുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് പഴയനിയമഭാഗങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
വായനകളുടെ ക്രമീകരണത്തില്‍ സ്വീകരിച്ചിരിക്കുന്ന മറ്റു മാനദണ്ഡങ്ങള്‍
പാഠകങ്ങളുടെ പ്രധാന ആശയത്തിന്‍റെയും, ആരാധനക്രമ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചില വേദപാഠകങ്ങള്‍ ചില പ്രത്യേക കാലങ്ങളിലേക്ക് മാറ്റിവച്ചിരിക്കുന്നു. പാശ്വാത്യ പൗരസ്ത്യ പാരമ്പര്യങ്ങളില്‍ പൊതുവെ ഉയിര്‍പ്പുകാലത്തില്‍ അപ്പസ്തോലന്മാരുടെ നടപടിയാണ് വായിച്ചുപോരുന്നത്. ക്രിസ്തുവിന്‍റെ പെസഹാ രഹസ്യത്തില്‍ നിന്നാണ് തിരുസഭ ഉടലെടുക്കുന്നതും ജീവന്‍ പ്രാപിക്കുന്നതും എന്നസത്യം ഇതിലൂടെ നിതരാം വ്യക്തമാകുന്നു.
നോമ്പുകാലത്തിലെ അവസാന ആഴ്ചകളിലും ഉയിര്‍പ്പുകാലം മുഴുവനും യോഹന്നാന്‍റ സുവിശേഷം ക്രിസ്തു രഹസ്യം കൂടുതല്‍ ആഴത്തില്‍ പ്രതിപാദിക്കുന്ന ആദ്ധ്യാത്മിക സുവിശേഷമാണ്.
ഇസയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുള്ള വായന, പ്രത്യേകിച്ച് ആദ്യഭാഗം, ആഗമനകാലത്താണ് പരമ്പരാഗതമായി വായിക്കാറുള്ളത്. ഈ പുസ്തകത്തില്‍ നിന്നുള്ള വായനകള്‍ യോഹന്നാന്‍റെ ഒന്നാമത്തെ ലേഖനത്തോടൊപ്പം, ക്രിസ്തുമസ് കാലത്തും വായിക്കുന്നു.
വായനകള്‍ക്കിടയിലെ ഗീതകങ്ങള്‍ (Chants)
റോമന്‍ പൂജാഗ്രന്ഥത്തിന്‍റെ പൊതുനിര്‍ദ്ദേശപ്രകാരം (General Instruction of the Roman Missal 3640), A) ഓരോ വായനയ്ക്കുശേഷവും ഒരു ഗീതകമുണ്ടായിരിക്കും. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യവായനയ്ക്ക് ശേഷമുള്ള സങ്കീര്‍ത്തനമാണ്. വിശുദ്ധരുടെ തിരുനാളിന്‍റെയും, കര്‍മ്മാനുഷ്ഠാന പൂജയുടെയും (Ritual Masses) ഭക്തിപൂജകളുടെയും (Votive Masses) വിവിധ സന്ദര്‍ഭങ്ങളിലുള്ള പൂജകളുടെയും പാഠകങ്ങളൊഴിച്ച്, സാധാരണഗതിയില്‍, വായനയോട് ബന്ധപ്പെട്ട കീര്‍ത്തനമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
സങ്കീര്‍ത്തനം ആലപിക്കുന്നതില്‍ ജനങ്ങള്‍ക്ക് സുഗമമായി പങ്കുചേരുന്നതിനുവേണ്ടി, ആരാധനാക്രമവര്‍ഷത്തിന്‍റെ വിവിധ അവസരങ്ങളിലും, വിശുദ്ധരുടെ തിരുനാളിലും തിരഞ്ഞെടുത്ത കുറച്ച് പാഠകങ്ങളും പ്രതിവചനങ്ങളും സ്വീകരിക്കാവുന്നതാണ്.
രണ്ടാമത്തെ വായനയ്ക്കും സുവിശേഷത്തിനുമിടയ്ക്കുള്ള ഗീതകം (പ്രഭണിതം) ദിവ്യബലിക്ക് പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ളതോ സുവിശേഷവുമായി ബന്ധമുള്ളതോ ആയിരിക്കും. അതുമല്ലെങ്കില്‍ പ്രത്യേക കാലത്തിലോ പൊതുവായ ആഘോഷങ്ങളിലോ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പാഠകങ്ങളുടെ ഗണത്തില്‍നിന്നായിരിക്കും.
ഇടദിവസങ്ങളിലെ വായനകള്‍
പ്രത്യേക കാലങ്ങളില്‍
ആഗമനകാലത്തില്‍ പ്രത്യേകിച്ച് ഡിസംബര്‍ 16 വരെ ഇസയാസ് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് സന്തോഷപ്രദവും പ്രതീക്ഷാനിര്‍ഭരവുമായ പ്രവചനങ്ങള്‍ ഏതാണ്ട് തുടര്‍വായനയായി വായിക്കുന്നു. ആഗമനകാലത്തിന്‍റെ ആരംഭദിനങ്ങളില്‍ ഇസയാസിന്‍റെ പ്രവചനങ്ങളുമായുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് സുവിശേഷഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. 2-ാം ആഴ്ചയിലെ വ്യാഴാഴ്ചയോടെ സ്നാപകയോഹന്നാന്‍റെ ദൗത്യത്തെ വിളിച്ചോതുന്ന ഭാഗങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു.
ക്രിസ്തുമസ് കാലത്തിലെ ഇടദിവസങ്ങളില്‍ യോഹന്നാന്‍റെ 1-ാം ലേഖനത്തില്‍നിന്നാണ് വായിക്കുന്നത്. പ്രത്യക്ഷീകരണത്തിരുനാള്‍വരെ, യേശുവിന്‍റെ പരസ്യജീവിതാരംഭത്തിലെ വിവിധ വെളിപ്പടുത്തലിനെ പ്രതിപാദിക്കുന്ന സുവിശേഷഭാഗങ്ങളാണ് എടുത്തിരിക്കുന്നത്.
നോമ്പുകാലത്തില്‍, ആദ്യവായന പഴയനിയമത്തില്‍നിന്നായിരിക്കും. ഈ കാലയളവില്‍ ഒന്നാമത്തെ വായനയും സുവിശേഷവുമെല്ലാം നോമ്പുകാലത്തിലെ പ്രധാനാശയങ്ങളായ മാനസാന്തരത്തിലേക്കുള്ള വിളിയും അനുതാപവും പ്രതിപാദിക്കുന്ന ഭാഗങ്ങളാണ് എടുത്തിരിക്കുന്നത്. മൂന്നാം ആഴ്ചവരെ സമാന്തര സുവിശേഷങ്ങളില്‍നിന്നാണ് വായിക്കുന്നത്. നാലാം ആഴ്ചമുതല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍നിന്നുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഉയിര്‍പ്പുകാലത്തില്‍, അപ്പോസ്തലന്മാരുടെ നടപടിയില്‍നിന്നാണ് ആദ്യവായന വായിക്കുന്നത്. ഉയിര്‍പ്പ് അഷ്ഠദിനങ്ങളില്‍ (Easter Ovctave) ഉത്ഥിതനായ ക്രിസ്തുനാഥന്‍റെ പ്രത്യക്ഷപ്പെടലിനെ പരാമര്‍ശിക്കുന്ന സുവിശേഷഭാഗങ്ങളാണ് വായിക്കുന്നത്. അതിനുശേഷം, യോഹന്നാന്‍റെ സുവിശേഷത്തില്‍നിന്നും അതായത് നോമ്പുകാലത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പെസഹാസന്തോഷം പ്രഖ്യാപിക്കുന്ന ഭാഗങ്ങളായ ആറാം അദ്ധ്യായവും പൗരോഹിത്യ പ്രാര്‍ത്ഥനയും ഏതാണ്ട് ഒരു തുടര്‍വായനയായി വായിക്കുന്നു.
ആണ്ടുവട്ടത്തില്‍ (Ordinary time)
ആണ്ടുവട്ടത്തില്‍ (Ordinary tim) സുവിശേഷഭാഗങ്ങള്‍ ഏതാണ്ട് സ്ഥിരമാണ്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്ന് 1 മുതല്‍ 9 വരെയുള്ള ആഴ്ചകളിലും, മത്തായിയുടേതില്‍നിന്ന് 10 മുതല്‍ 21 വരെയുള്ള ആഴ്ചകളിലും ലൂക്കായുടേതില്‍നിന്ന് 22 മുതല്‍ 34 വരെയുള്ള ആഴ്ചകളിലും വായിക്കുന്നു. ആദ്യവായന ഒറ്റ, ഇരട്ട വര്‍ഷമനുസരിച്ച് മാറിമാറിക്കൊണ്ടിരിക്കും. ഓരോ വര്‍ഷവും പഴയ നിയമവും പുതിയ നിയമവും മാറിമാറി വായിക്കുന്നു. ക്രിസ്തുവിന്‍റെ വരവിനു മുമ്പുള്ള, രക്ഷാകരചരിത്രത്തിന്‍റെ ഒരു പൊതുവായ രൂപം കിട്ടത്തക്കവിധത്തിലാണ് പഴയനിയമവായനകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
സുവിശേഷപ്രഭാഷണം (Homily)
സുവിശേഷപ്രഘോഷണത്തിനുശേഷം സ്വാഭാവികമായി വരുന്ന ഭാഗമാണിത്. സുവിശേഷപ്രഭാഷണം ദിവ്യബലിയിലെ അവിഭാജ്യഘടകവും ക്രിസ്തീയ ജീവിത പോഷണത്തിന് അത്യാവശ്യ ഉറവിടവുമാണ്. മുഖ്യ കാര്‍മ്മികനും ഏതെങ്കിലും സഹകാര്‍മ്മികനും ഈ പ്രഭാഷണം നല്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഡീക്കനും സുവിശേഷ പ്രഭാഷണം നടത്താവുന്നതാണ്. പ്രഘോഷിച്ച വചനത്തെ അവിടെ കൂടിയിരിക്കുന്ന വിശ്വാസികള്‍ക്ക് അവരുടെ ജീവിതപശ്ചാത്തലത്തില്‍ വിവരിച്ചു കൊടുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അതുകൊണ്ട്, അത് വായനകളിലെ ഏതെങ്കിലും പ്രധാന ആശയമോ, ദിവ്യപൂജയിലെ ഏതെങ്കിലും ഭാഗമോ, ആ ദിവസത്തെ ദിവ്യബലിയിലെ പ്രാര്‍ത്ഥനകളോ, അവിടെ അനുസ്മരിക്കുന്ന ദിവ്യരഹസ്യമോ വിശുദ്ധീകരിക്കുന്നതായിരിക്കണം.
ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും ജനങ്ങള്‍ ധാരാളമായി അണയുന്ന തിരുനാള്‍ ദിനങ്ങളിലും മറ്റു ദിവസങ്ങളിലും പ്രത്യേകിച്ച് ആഗമനകാലം, നോമ്പുകാലം, പെസഹാക്കാലം എന്നിവയിലെ ഇടദിവസങ്ങളിലും ഇത് നടത്തേണ്ടതാണ്.
വിശ്വാസപ്രഖ്യാപനം (Credo)
പ്രഘോഷിക്കപ്പെട്ടതും വിശദീകരിക്കപ്പെട്ടതുമായ വചനത്തിനുള്ള വിശ്വാസികള്‍ ഒരുമിച്ച് നല്കുന്ന പ്രത്യുത്തരവും അംഗീകാരവുമാണ് ഈ പ്രഖ്യാപനം. ആരംഭകാലത്ത് ഇത് ക്രിസ്തീയ ഉപക്രമത്തിന്‍റെ (പ്രത്യേകിച്ച് മാമോദീസായുടെ) ഭാഗമായിരുന്നു. നൈസിയന്‍ കൗണ്‍സിലും (321), ഒന്നാമത്തെ കോണ്‍സ്റ്റന്‍റ് നോപ്പിള്‍ കൗണ്‍സിലും (381), നിര്‍ദ്ദേശിച്ചതും പ്രഖ്യാപിച്ചതും പിന്നീട് കാല്‍സിദോനിയന്‍ കൗണ്‍സിലില്‍ (451) സ്ഥിരീകരിച്ചതുമായ വിശ്വാസപ്രമാണത്തിന്‍റെ രൂപമാണ് കുര്‍ബാനയില്‍ ഉപയോഗിക്കുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ ഇത് കുര്‍ബാനയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും പതിനൊന്നാം നൂറ്റാണ്ടുമുതലാണ് സഭയിലാകമാനം ഔദ്യോഗികമായ ദിവ്യബലിയില്‍ ഉപയോഗിച്ചുതുടങ്ങിയത്. ഇപ്പോള്‍, ഞായറാഴ്ചകളിലും മഹോത്സവങ്ങളിലും (Solemnities), പ്രാദേശികമായ തിരുനാള്‍ ആഘോഷാവസരത്തിലും ഇത് പാടുകയോ ചൊല്ലുകയോ ചെയ്യേണ്ടതാണ്. കുട്ടികള്‍ക്കായുള്ള കുര്‍ബാനയില്‍ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം (Aposties' Creed) ഉപയോഗിക്കാവുന്നതാണ്. പെസഹാജാഗരത്തിലും, ജ്ഞാനസ്നാനത്തോടെയുള്ള കുര്‍ബ്ബാനയിലും ചോദ്യോത്തര രൂപത്തിലുള്ള വിശ്വാസപ്രമാണം ഉപയോഗിക്കുന്നു.
വിശ്വാസികളുടെ പ്രാര്‍ത്ഥന (General Intercessions or Prayer of the Faithful)
വചനശുശ്രൂഷയിലെ അവസാനഭാഗവും, സ്തോത്രയാഗ ശുശ്രൂഷയിലേക്കുള്ള കവാടവുമാണിത്. വചനം പ്രഘോഷിക്കുകയും അതിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷം വിശ്വാസികള്‍ അവരുടെ ജ്ഞാനസ്നാന പൗരോഹിത്യ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ മനുഷ്യകുലം മുഴുവനുവേണ്ടിയും പ്രാര്‍ത്ഥിക്കുകയാണിവിടെ. അതുകൊണ്ട് ആദ്യകാലങ്ങളില്‍ ഈ പ്രാര്‍ത്ഥനയില്‍ അവിശ്വാസികളെയും ജ്ഞാനസ്നാനാര്‍ത്ഥികളെയും പങ്കെടുപ്പിച്ചിരുന്നില്ല. വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ ക്രമം ഇപ്രകാരമാണ്:-
തിരുസഭയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി, രാഷ്ട്രഭരണാധികാരികള്‍ക്കും ലോകരക്ഷയ്ക്കും വേണ്ടി, വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി, ആ സ്ഥലത്തെ സമൂഹത്തിനുവേണ്ടി.
മുഖ്യകാര്‍മ്മികന്‍ ഈ പ്രാര്‍ത്ഥനയുടെ ആരംഭവും അവസാനവും നിര്‍വ്വഹിക്കുന്നു. നിയോഗങ്ങള്‍ ഡീക്കനോ അല്ലെങ്കില്‍ ഒരു ശുശ്രൂഷിയോ അതുമല്ലെങ്കില്‍ സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്തിയോ സമര്‍പ്പിക്കുന്നു. ഓരോ നിയോഗത്തിന്‍റെയും അവസാനം എല്ലാവരും ഒരു പൊതുവായ പ്രതിവചനം ചൊല്ലുകയോ, അല്ലെങ്കില്‍ മൗനമായി പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നു.
സ്തോത്രയാഗകര്‍മ്മം
ദിവ്യബലിയിലെ രണ്ടാമത്തെ പ്രധാനഘടകമാണിത്. മുഴുവന്‍ തിരുക്കര്‍മ്മത്തിന്‍റെയും ഉറവിടവും ഉച്ചിയുമാണ് ഈ ഭാഗം, പ്രത്യേകിച്ച് സ്തോത്രയാഗപ്രാര്‍ത്ഥന (Eucharistic Prayar). ക്രിസ്തുനാഥന്‍ അന്ത്യ അത്താഴസമയത്ത് പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ കാര്യങ്ങളാണ് ഈ ഭാഗത്തു അനുസ്മരിക്കുന്നത്. അവിടുന്ന് അപ്പമെടുത്ത് പറഞ്ഞു: "വാങ്ങി ഭക്ഷിക്കുവിന്‍; ഇതെന്‍റെ ശരീരമാകുന്നു." പാനപാത്രമെടുത്തു പറഞ്ഞു: "വാങ്ങി കുടിക്കുവിന്‍; ഇതെന്‍റെ രക്തമാകുന്നു. ഇതെന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍." പിന്നീട് അവിടുന്ന് അവ ശിഷ്യന്മാര്‍ക്കു നല്കി. ഈ സ്തോത്രയാഗകര്‍മ്മത്തില്‍ പ്രധാനമായും മൂന്നു ഘടകങ്ങളുണ്ട്.
കാഴ്ചദ്രവ്യങ്ങള്‍ തയ്യാറാക്കല്‍
ഈ ഭാഗത്തോടുകൂടിയാണ് കുര്‍ബാനയുടെ പ്രധാനപ്പെട്ട രണ്ടാം ഭാഗത്തേക്കു കടക്കുന്നത്. കുറേ വര്‍ഷങ്ങളോളം ഈ ഭാഗത്തെ കാഴ്ചവയ്പ്പ് (offertory) എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ നല്കപ്പെട്ടിരിക്കുന്ന ഈ പദമാണ് ഇതിന്‍റെ ലക്ഷ്യത്തോട് കൂടുതല്‍ അടുത്തിരിക്കുന്നത്.
ഈ കര്‍മ്മത്തിന്‍റെ ആരംഭത്തില്‍ കാഴ്ചദ്രവ്യങ്ങളായ അപ്പവും വീഞ്ഞും വെള്ളവും അള്‍ത്താരയിലേക്ക് കൊണ്ടുവരുന്നു. ഇവ തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്ന വിശ്വാസികളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ കാഴ്ചദ്രവ്യങ്ങള്‍ ബലിപീഠത്തില്‍ സമര്‍പ്പിക്കുന്നതുവഴി അവര്‍ തങ്ങളെത്തന്നെയാണ് ക്രിസ്തുവിന്‍റെ ബലിയോട് ചേര്‍ത്ത് ദൈവത്തിന് സമര്‍പ്പിക്കുന്നത്. ഇതിന് മുന്നോടിയായി കര്‍ത്താവിന്‍റെ വിരുന്നുമേശയായ അള്‍ത്താര ഒരുക്കുന്നു; കൃതജ്ഞതാബലിയുടെ കേന്ദ്രസ്ഥലമാണ് അള്‍ത്താര. തിരശ്ശീല (Corporal), മാര്‍ജ്ജനശീല (purificator). കാസ, ദിവ്യപൂജാഗ്രന്ഥം എന്നിവ ബലിപീഠത്തിന്മേല്‍ അവയുടെ ഉപയോഗമനുസരിച്ച് വയ്ക്കുന്നു. അതിനുശേഷം കാഴ്ചദ്രവ്യങ്ങളായ അപ്പവും, വെള്ളംകലര്‍ത്തിയ വീഞ്ഞും തിരശ്ശീലയില്‍ വയ്ക്കുന്നു. അപ്പവും വീഞ്ഞും വിശ്വാസികള്‍ കൊണ്ടുവരുന്നത് അഭിലഷണീയമാണ്. വലിയ ആഘോഷവേളയില്‍ വിശ്വാസികള്‍ കാഴ്ചവയ്പ്പു പ്രദക്ഷിണം നടത്തുന്നു. ദിവ്യപൂജയ്ക്കുള്ള കാഴ്ചവസ്തുക്കള്‍ക്കു പുറമെ ദൈവാലയ നടത്തിപ്പിനും പാവപ്പെട്ടവര്‍ക്കും ആവശ്യമായ പണമോ മറ്റു വസ്തുക്കളോ പ്രദക്ഷിണമായി കൊണ്ടുവരുന്നു. അവ ഉചിതമായ സ്ഥലത്തു വയ്ക്കുന്നു (അള്‍ത്താരയിലല്ല).
കാഴ്ചവെച്ചു പ്രദക്ഷിണസമയത്താണ് കാഴ്ചവയ്പു ഗാനം ഗായകസംഘത്തോടൊപ്പം ജനങ്ങളെല്ലാവരും ആലപിക്കുന്നത്. മറ്റു പ്രദക്ഷിണഗാനങ്ങള്‍പോലെ ഈ ഗാനവും പ്രദക്ഷിണം ആരംഭിക്കുമ്പോള്‍ നടത്തുകയും പ്രദക്ഷിണം അവസാനിക്കുമ്പോള്‍ തീരുകയും ചെയ്യുന്നു. സമര്‍പ്പണത്തിന്‍റെ ഗാനമായിരിക്കണം (presentation song) ഇവിടെ ആലപിക്കുന്നത്.
വൈദികന്‍ അപ്പമെടുത്ത് ഉയര്‍ത്തി കൃതജ്ഞതാപ്രാര്‍ത്ഥന - "എല്ലാ നന്മകളുടെയും ദാതാവായ ദൈവമേ..." പതിഞ്ഞ സ്വരത്തില്‍ ചൊല്ലുന്നു. അതുപോലെതന്നെ വെള്ളം കലര്‍ത്തിയ വീഞ്ഞും ഉയര്‍ത്തി കൃതജ്ഞതാ പ്രാര്‍ത്ഥന ചൊല്ലുന്നു. പ്രപഞ്ചസൃഷ്ടിക്കും പ്രത്യേകിച്ച് ഈ അപ്പവും വീഞ്ഞിനും മാത്രമല്ല ഭൂമിയിലെ എല്ലാഫലങ്ങള്‍ക്കും നന്ദിപറയുന്ന ഈ പ്രാര്‍ത്ഥനകള്‍ യഹൂദരുടെ കൃതജ്ഞതാപ്രാര്‍ത്ഥനയുടെ (berakoth) രൂപത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വെള്ളവും വീഞ്ഞും കലര്‍ത്തുന്ന അവസരത്തില്‍ ഡീക്കനോ അല്ലെങ്കില്‍ വൈദികനോ വെള്ളവും വീഞ്ഞും സൂചിപ്പിക്കുന്ന ദിവ്യരഹസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. അവ ഒന്നാകുന്നതുപോലെ നമ്മളും ക്രിസ്തുവില്‍ ഒന്നാകുന്നതിനെ അതു സൂചിപ്പിക്കുന്നു. മാത്രമല്ല നമ്മുടെ പ്രകൃതിയില്‍ പങ്കാളിയായ ക്രിസ്തു നമ്മെ എല്ലാവരെയും അവിടുത്തെ ദൈവികപ്രകൃതിയിലും പങ്കാളിയാക്കുന്നതിനും വേണ്ടിയുള്ള കര്‍മ്മമാണത്.
ധൂപം ഉപയോഗിക്കുന്ന അവസരത്തില്‍ കാഴ്ചദ്രവ്യങ്ങളെയും ബലിപീഠത്തെയും കുരിശിനെയും വൈദികന്‍ ധൂപിക്കുന്നു. അതിനുശേഷം ഡീക്കനോ, മറ്റു ശുശ്രൂഷകനോ പുരോഹിതനെയും ജനത്തെയും ധൂപിക്കുന്നു. ദൈവജനത്തിന്‍റെ കാഴ്ചകളും പ്രാര്‍ത്ഥനകളും ധൂപശകലങ്ങള്‍ ഉയരുന്നതുപോലെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുവാന്‍ വേണ്ടിയാണിത്. മാത്രമല്ല, കുര്‍ബാനയുടെ പ്രധാനഭാഗമായ സ്തോത്രയാഗകര്‍മ്മത്തിലേക്ക് കടക്കുന്നതിനാവശ്യമായ ആന്തരികശുദ്ധീകരണത്തെയും അത് പ്രതിനിധാനം ചെയ്യുന്നു. കൂടാതെ, പുരോഹിതന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ "കര്‍ത്താവേ പശ്ചാത്തപിക്കുന്ന..." എന്ന പ്രാര്‍ത്ഥനയും കൈകഴുകുമ്പോള്‍ ചൊല്ലുന്ന "കര്‍ത്താവേ, എന്‍റെ മാലിന്യ..." പ്രാര്‍ത്ഥനയും (സങ്കീ 51,2) കാര്‍മ്മികന്‍റെ ആന്തരികവിശുദ്ധീകരണത്തെയും ഒരുക്കത്തെയുമാണ് സൂചിപ്പിക്കുന്നത്.
തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ കാര്‍മ്മികന്‍ "പ്രിയ സഹോദരരേ.." എന്നു പറഞ്ഞുകൊണ്ട് എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാവരും ചേര്‍ന്നര്‍പ്പിക്കുന്ന ഈ സ്ത്രോത്രയാഗം ദൈവത്തിനു പ്രീതികരമായിത്തീരുന്നതിനുവേണ്ടിയുള്ള ആഹ്വാനമാണത്. ഇവിടെ "എന്‍റെയും നിങ്ങളുടെയും ബലി" എന്നുള്ളത് ശുശ്രൂഷാ പൗരോഹിത്യത്തെയും വിശ്വാസികളുടെ പൊതു (രാജകീയ) പൗരോഹിത്യത്തെയും സൂചിപ്പിക്കുന്നു.
കര്‍ത്താവിന്‍റെ മഹത്വത്തിനും സഭയാകമാനമുള്ള നന്മയ്ക്കും കര്‍ത്തൃ പ്രതിനിധിയായ കാര്‍മ്മികനിലൂടെ ദൈവത്തിന് സ്വീകാര്യമായിത്തീരട്ടെയെന്ന് ജനം പ്രത്യുത്തരിക്കുന്നു.
നൈവേദ്യപ്രാര്‍ത്ഥന (Prayar over the gifts)
പ്രവേശന പ്രദക്ഷിണവും പ്രാരംഭകര്‍മ്മവും സമിതിപ്രാര്‍ത്ഥനയോടെ അവസാനിക്കുന്നതുപോലെ, ദിവ്യകാരുണ്യപ്രദക്ഷിണവും സ്വീകരണവും ദിവ്യഭോജനപ്രാര്‍ത്ഥനയോടെ അവസാനിക്കുന്നതുപോലെ, കാഴ്ചവെയ്പുപ്രദക്ഷിണവും കാഴ്ചവെയ്പും നൈവേദ്യപ്രാര്‍ത്ഥനയോടെ അവസാനിക്കുന്നു. അതിന്‍റെ ഉള്ളടക്കം പ്രധാനമായും കാഴ്ചദ്രവ്യങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുക, അവ സ്വീകരിക്കണമെന്ന് യാചിക്കുക മുതലായവയാണ്. ക്രിസ്തുവിലൂടെയാണ് ഈ പ്രാര്‍ത്ഥന ദൈവത്തിന് സമര്‍പ്പിക്കുന്നത് (theough Christ our Lord). ജനങ്ങള്‍ "ആമ്മേന്‍" എന്നു പ്രത്യുത്തരമായി പറഞ്ഞുകൊണ്ട് ആ പ്രാര്‍ത്ഥന അംഗീകരിച്ചുകൊണ്ട് വൈദികനോടൊപ്പം ദൈവത്തിന് സമര്‍പ്പിക്കുന്നു.
സ്തോത്രയാഗപ്രാര്‍ത്ഥന (Eucharistic Prayar)
തിരുകര്‍മ്മങ്ങളുടെ കേന്ദ്രസ്ഥാനവും ഉച്ചിയുമാണത്. കൃതജ്ഞതാ പ്രകടനത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും പ്രാര്‍ത്ഥനയാണത്. പ്രാരംഭസംഭാഷണത്തിലൂടെ, "ഹൃദയം കര്‍ത്താവിലേക്ക്", കാര്‍മ്മികന്‍ ജനങ്ങളുടെ ഹൃദയങ്ങള്‍ പ്രാര്‍ത്ഥനയിലും നന്ദിപ്രകാശനത്തിലും ദൈവത്തിലേക്ക് ഉയര്‍ത്തുവാന്‍ ക്ഷണിക്കുന്നു. ജനങ്ങളുടെ നാമത്തില്‍ ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന് കാര്‍മ്മികന്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണത്. ദൈവത്തിന്‍റെ രക്ഷാകരപ്രവൃത്തികളെ നന്ദിനിറഞ്ഞ ഹൃദയത്തോടെ അനുസ്മരിക്കുന്നതിനും കൃതജ്ഞതാബലി അര്‍പ്പിക്കുന്നതിനുമുള്ള സമയമാണത്.
എല്ലാ സ്തോത്രയാഗപ്രാര്‍ത്ഥനകളുടെയും പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.
ആമുഖഗീതി (Preface)
ആമുഖഗീതിക്ക് രണ്ട് ഭാഗങ്ങളുണ്ട്: a. പ്രാരംഭസംഭാഷണം, b. കൃതജ്ഞാതാഗീതം
പ്രാരംഭസംഭാഷണം (Initial dialogue)
ക്രിസ്തീയ പാരമ്പര്യത്തിന്‍റെ ആരംഭംമുതല്‍തന്നെ എല്ലാ സ്തോത്രയാഗപ്രാര്‍ത്ഥനകളും ഈ സംഭാഷണത്തോടെയാണ് ആരംഭിക്കുന്നത്. യഹൂദ ആചാരമാണിതിന്‍റെ അടിസ്ഥാനം. കാര്‍മ്മികനും വിശ്വാസികളും തമ്മിലുള്ള ഈ സംവാദം "കര്‍ത്താവ് നിങ്ങളോടുകൂടെ" എന്ന അഭിവാദനത്തോടെയാണ് ആരംഭിക്കുന്നത്. കര്‍ത്താവിന്‍റെ സജീവസാന്നിദ്ധ്യം തിരുകര്‍മ്മത്തിലുടനീളവും പ്രത്യേകമായി ദൈവജനത്തിലും അനുസ്മരിക്കുകയാണിവിടെ. തുടര്‍ന്ന് കാര്‍മ്മികന്‍ പ്രധാനപ്പെട്ട ഭാഗമായ സ്തോത്രയാഗപ്രാര്‍ത്ഥനയ്ക്കുചിതമായ ഒരുക്കുന്നതിനുള്ള ഹൃദയഭാവം (ആന്തരികഭാവം) സ്വീകരിക്കാന്‍ "ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍..." എന്ന ആഹ്വാനത്തിലൂടെ (വിലാ 3,41) എല്ലാവരും ക്ഷണിക്കുന്നു. "ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍" എന്ന പൗലോസിന്‍റെ ആഹ്വാനവും (1 കോറി 3,1-2) ഇവിടെ പ്രസക്തമാണ്. ജനത്തിന്‍റെ സന്നദ്ധത ഒന്നായ് പ്രഘോഷിച്ചതിനുശേഷം പുരോഹിതന്‍ സ്തോത്രയാഗം ചെയ്യുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു. " നമ്മുടെ കര്‍ത്താവായ..."
കൃതജ്ഞതാഗീതം (Preface Proper)
കൃതജ്ഞതാഗീതത്തിന് സ്തോത്രയാഗപ്രാര്‍ത്ഥനയുടെ ഭാഗം തന്നെയാണ്. ക്രിസ്തുവില്‍ പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ മനുഷ്യനുവേണ്ടിയുള്ള അത്ഭുതകൃത്യങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ദൈവത്തിന് കൃതജ്ഞത പറയുന്ന ഭാഗമാണിത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു പ്രശംസ (സ്തുതി - Eulogy) ആണ്.
കൃതജ്ഞതാഗീതത്തിന് മൂന്നു ഭാഗങ്ങളുണ്ട്: പ്രോട്ടോകോള്‍ (Protocol), എംബോളിസം (embolism), പ്രോട്ടോകോളില്‍ (Protocol) കര്‍ത്താവായ ക്രിസ്തുവഴി ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നു. എംബോളിസം (embolism-CS-bnA വരുന്നതും മാറ്റം വരുന്നതുമായ ഭാഗം എന്ന് വാച്യാര്‍ത്ഥം). ആരാധനാക്രമകാലങ്ങളെക്കുറിച്ചും കര്‍ത്താവിന്‍റെയും കന്യകാമാതാവിന്‍റെയും വിശുദ്ധരുടെയും തിരുനാളുകളനുസരിച്ചും ഇത് മാറിക്കൊണ്ടിരിക്കും. മൂന്നാമത്തെ ഘടകമായ എക്സോകോളില്‍ സ്വര്‍ഗ്ഗനിവാസികളായ മാലാഖമാരോടൊപ്പം അവരുടെ എല്ലാ ഗണങ്ങളോടുംകൂടി ദൈവത്തെ പാടിപ്പുകഴ്ത്തുവാന്‍ ഭൂവാസികളെയും സജ്ജമാക്കുന്നു. പുതിയ ദിവ്യപൂജാഗ്രന്ഥത്തില്‍ ഏതാണ്ട് 98 ആമുഖഗീതികള്‍ ഉണ്ട്.
പരിശുദ്ധന്‍ (Sanctus)
സ്തോത്രയാഗപ്രാര്‍ത്ഥനയുടെ ആദ്യരൂപങ്ങളില്‍ "പരിശുദ്ധന്‍" ഉടലെടുക്കുന്നത് ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നാണ് (ഏശ 6,3; വെളി 4,8-1). ഇതിന്‍റെ രണ്ടാം പാദം "കര്‍ത്താവിന്‍റെ നാമത്തില്‍..." മത്താ 21,8-9 ല്‍ നിന്നും എടുത്തിട്ടുള്ളതാണ്. സങ്കീ 11,8,26-ലും ഇത് കാണാവുന്നതാണ്. "പരിശുദ്ധന്‍" ഭൗമിക ആരാധനയെയും സ്വര്‍ഗ്ഗീയ ആരാധനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. കുര്‍ബാനയിലെ പരമപ്രധാനമായ നിമിഷങ്ങളില്‍ സ്വര്‍ഗ്ഗനിവാസികളുടെ നരന്തരമായ സ്തുതിഘോഷം പ്രത്യേകിച്ച് അനുഭവപ്പെടുന്നു എന്നത് നിസ്തര്‍ക്കമാണ്.
ഒന്നാം സ്തോത്രയാഗപ്രാര്‍ത്ഥന (Roman Canon)
1970-ലെ പുതിയ ദിവ്യപൂജാഗ്രന്ഥം വരുന്നതുവെരെ ലത്തീന്‍ റീത്തില്‍ ഈ സ്തോത്രയാഗപ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുപറയുമ്പോള്‍ അതിനുള്ള പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ. ഇന്നത്തെ രൂപത്തില്‍ ഈ അനാഫറ രൂപപ്പെട്ടത് 4-ാം നൂറ്റാണ്ടിനും 7-ാം നൂറ്റാണ്ടിനുമിടയ്ക്കാണ്. ബലിസ്വീകരണത്തിന്‍റെയും പ്രാദേശിക സമൂഹത്തിന്‍റെയും നമുക്കു മുമ്പേ കടന്നുപോയവരുടെയും ഐക്യത്തിന്‍റെയുമായ ദൈവശാസ്ത്രം നമുക്ക് പകര്‍ന്നുതരുന്നത് എന്നതാണ് അതിന്‍റെ വൈശിഷ്ട്യത. പൊതുവെ പറഞ്ഞാല്‍ പല പ്രാര്‍ത്ഥനായൂണിറ്റുകളും ഒന്നിച്ചു തുന്നിച്ചേര്‍ത്തിരിക്കുന്നതുപോലെ തോന്നും. ഈ കാനോന്‍ ഏതാണ്ട് അപ്രകാരമുള്ള എന്നാല്‍ത്തന്നെ പൂര്‍ണ്ണമായ 14 പ്രാര്‍ത്ഥനായൂണിറ്റുകളുടെ സമുച്ചയമാണ്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശുദ്ധര്‍ റോമില്‍ വണങ്ങപ്പെട്ടിരുന്നവരാണ്. പൗരസ്ത്യ അനാഫറകളില്‍നിന്ന് വ്യത്യസ്തമായി പ.ആത്മാവിന്‍റെ പരാമര്‍ശം ഡോക്സോളജി (doxology) മാത്രമേ സൂചിപ്പിച്ചുട്ടുള്ളൂ.
മറ്റു സ്തോത്രയാഗപ്രാര്‍ത്ഥനകള്‍
1968, മെയ് 23 നാണ് പോള്‍ 6-ാമന്‍ മാര്‍പാപ്പ അനാഫറകള്‍ അംഗീകരിച്ചത്.
രണ്ടാം സ്തോത്രയാഗപ്രാര്‍ത്ഥന
ഇത് പുതിയ അനാഫറയല്ല. മൂന്നു കൂട്ടിച്ചേര്‍ക്കലൊഴിച്ചാല്‍ ഇത് മൂന്നാം നൂറ്റാണ്ടിലെ ഹിപ്പോളിറ്റസിന്‍റെ "അപ്പസ്തോലിക് ട്രഡീഷന്‍" (Apostolic Tradition) - ലുള്ള അനാഫറ ആണെന്നു മനസ്സിലാക്കാം. "പരിശുദ്ധന്‍" "പരിശുദ്ധന്‍" കഴിഞ്ഞിട്ടുള്ള പ. ആത്മാവിന്‍റെ ആവാഹനം, മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ എന്നിവയാണ് കൂട്ടിച്ചേര്‍ത്തവ. അങ്ങനെ നോക്കുമ്പോള്‍ ഈ സ്തോത്രയാഗപ്രാര്‍ത്ഥ നമുക്കു കിട്ടിയിരിക്കുന്നതില്‍ വച്ച് ഏറ്റം പഴക്കം ചെന്നതാണ്. ഈ അനാഫറ പൊതുവെ സാധാരണദിവസങ്ങളിലാണ് (ordinary week days) ഉപയോഗിക്കുന്നത്.
മൂന്നാം സ്തോത്രയാഗപ്രാര്‍ത്ഥന
ഈ സ്തോത്രയാഗപ്രാര്‍ത്ഥന തിരുനാളിലെ ഉപയോഗത്തിനായാണ് പ്രധാനമായും നിശ്ചയിച്ചിരിക്കുന്നത്. മറ്റവസരങ്ങളിലും ഇതുപയോഗിക്കാം. ഈ പ്രാര്‍ത്ഥനയെ യാഗപരമായ അനാഫറയെന്നു (sacrificial canon) വിളിക്കുന്നു. കാരണം ഈ കാനന്‍റെ ഏകദേശം എല്ലാ ഭാഗങ്ങളിലും ബലിയുടെ പ്രമേയം കാണുവാന്‍ സാധിക്കും. നാലാം സ്തോത്രയാഗപ്രാര്‍ത്ഥനപോലെ, ഈ സ്തോത്രയാഗപ്രാര്‍ത്ഥനയും വത്തിക്കാന്‍ II ന്‍റെ നവീകരണത്തിന്‍റെ ഫലം എന്നാണ് കണക്കാക്കുന്നത്. ഘടനയില്‍ വ്യക്തതയും ഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധമുള്ളതും ആയ അത്ര വലിപ്പമില്ലാത്ത അനാഫറ ഉണ്ടാക്കണം എന്ന ഉദ്ദേശത്തിന്‍റെ പരിണിതഫലമാണ് ഈ അനാഫറ.
"പരിശുദ്ധ"നു ശേഷമുള്ള പ്രാര്‍ത്ഥന വിശുദ്ധീകരണ എപ്പിക്ലേസിലേക്കുള്ള സ്വാഭാവികപ്രയാണത്തിനുവേണ്ടിയാണ്. ഇതില്‍ രക്ഷാകരചരിത്രം മുഴുവന്‍ പൊതുവായ ഭാഷയില്‍ സംഗ്രഹിച്ചിരിക്കുന്നു. പ. ആത്മാവിന്‍റെ വിശുദ്ധീകരണകര്‍മ്മത്തെക്കുറിച്ചും അത് പ്രതിപാദിക്കുന്നു. ദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി സഭയെ ഒന്നാക്കിച്ചേര്‍ക്കുക എന്ന ദൗത്യവും ഈ ആത്മാവിന്‍റേതാണെന്ന് ഇവിടെ അനുസ്മരിക്കുന്നു.
കാഴ്ചയര്‍പ്പണത്തിന്‍റെ ബലിദായകമായ സ്വാഭാവത്തെക്കുറിച്ച് ഈ കനാന്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു. നാം ദൈവത്തിന് അര്‍പ്പിക്കുന്നത് ആത്യന്തികമായി ക്രിസ്തുവിനെത്തന്നെയാണ്. ഈ ക്രിസ്തുസമര്‍പ്പണത്തില്‍ വിശ്വാസികളുടെ ആത്മസമര്‍പ്പണവും ഉള്‍കൊള്ളുന്നു.
ഈ കാഴ്ചയര്‍പ്പണം സ്വീകരിക്കണമെന്നും അതുവഴി പരിപൂര്‍ണ്ണമായ ഐക്യവും കൂട്ടായ്മയും ഉണ്ടാകണമെന്നും ഇവിടെ പ്രാര്‍ത്ഥിക്കുന്നു.
സ്വര്‍ഗ്ഗത്തില്‍ വിശുദ്ധരുമൊത്ത് സൗഭാഗ്യത്തില്‍ പങ്കുചേരുമെന്ന പ്രത്യാശയോടെയാണ് വിശുദ്ധരെ നാം ഇവിടെ അനുസ്മരിക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയും കുര്‍ബാന പ്രത്യേകമായി ആര്‍ക്കുവേണ്ടി അര്‍പ്പിക്കുന്നുവോ ആ മരിച്ചവര്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ ഈ ഭാഗത്തു ചേര്‍ത്തിരിക്കുന്നു. സാര്‍വ്വത്രികഭാവത്തോടെയാണ് ഈ പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദൈവവുമായി സമാധാനത്തില്‍ മരിച്ച എല്ലാ വിശ്വാസികളെയുമാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ അര്‍പ്പിക്കുന്നത്. വത്തിക്കാന്‍ II ന്‍റെ വീക്ഷണമാണിവിടെ കാണുക. മറ്റു മദ്ധ്യസ്ഥപ്രാര്‍ത്ഥനകളില്‍ ദൈവവുമായുള്ള അനുരഞ്ജനം, സമസ്തലോകത്തിനും രക്ഷ, വിശ്വാസം, സ്നേഹം എന്നിവയുടെ വര്‍ദ്ധനയും ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
നാലാം സ്തോത്രയാഗപ്രാര്‍ത്ഥന
അനാഫറകളില്‍ ദൈവശാസ്ത്രപരമായി മികച്ചു നില്‍ക്കുന്ന അനാഫറയാണിത്. റോമന്‍ പാരമ്പര്യത്തില്‍ നിലനിന്നുകൊണ്ട് മറ്റുള്ള സ്തോത്രയാഗപ്രാര്‍ത്ഥനകളെക്കാള്‍ കൂടുതല്‍ വിശാലമായി പരിത്രാണരഹസ്യം പരിപൂര്‍ണ്ണമായി ഭംഗിയായി അനുസ്മരിക്കുന്ന ഒരു പ്രാര്‍ത്ഥന ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണിത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ആമുഖഗീതിക്ക് മുമ്പ് മാത്രമല്ല അതിനുശേഷവും പരിത്രാണപദ്ധതി അനുസ്മരിക്കപ്പെടുന്നു. പെന്തക്കൊസ്ത സംഭവത്തെയും സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമുള്ള പരിശുദ്ധാത്മാവിന്‍റെ വിശുദ്ധീകരണ പ്രവര്‍ത്തനത്തെയും വ്യക്തമായിവിടെ പരാമര്‍ശിച്ചിരിക്കുന്നു.
ആമുഖഗീതിയില്‍ പൊതുവായി സൃഷ്ടികര്‍മ്മത്തിന് ദൈവത്തിന് നല്കുന്ന നന്ദിയെയും സ്തുതിപ്പിനെയുംപറ്റി പറയുന്നു "പരിശുദ്ധന്" ശേഷവും മനുഷ്യസൃഷ്ടി മുതലുള്ള രക്ഷാകരപദ്ധതി തുടരുന്നു. അതുകൊണ്ട് ഈ അനാഫറയുടെ ആമുഖരീതി മാറ്റാവുന്നതല്ല. ആയതിനാല്‍ ഈ പ്രാര്‍ത്ഥന, തനതായ ആമുഖഗീതികളുള്ള കുര്‍ബാനകളില്‍ ഉപയോഗിക്കാവുന്നതല്ല. രൂപങ്ങളിലും ഭാഷയിലും ഇത് കൂടുതല്‍ ദൈവശാസ്ത്രപരമാണ്. ഈ സ്തോത്രയാഗപ്രാര്‍ത്ഥന യഹൂദരുടെ ആശീര്‍വാദപ്രാര്‍ത്ഥനയുമായി കൂടുതല്‍ അടുത്തു നില്ക്കുന്നു.
ദിവ്യകാരുണ്യസ്വീകരണ കര്‍മ്മം
സ്തോത്രയാഗപ്രാര്‍ത്ഥന അവസാനിച്ചാല്‍ തിരുക്കര്‍മ്മം അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നത് കര്‍ത്താവിന്‍റെ ശരീരരക്തങ്ങളുടെ സ്വീകരണകര്‍മ്മത്തോടെയാണ്. ഈ ഭാഗത്ത് ഒരുക്കത്തിന്‍റെ കര്‍മ്മവും അപ്പം മുറിക്കലുമുണ്ട്. കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ തക്കതായ ഒരുക്കത്തോടെയും ഭക്തിയോടെയും സ്വീകരിക്കുന്നതിന് വിശ്വാസികളെ സജ്ജമാക്കുക എന്നതാണിവയുടെ ലക്ഷ്യം.
i. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ"
ആദ്യകാലങ്ങളില്‍ അപ്പം മുറിക്കല്‍ കര്‍മ്മത്തിനുശേഷമാണ് കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലിയിരുന്നത്. ഈ പ്രാര്‍ത്ഥന ഇവിടെ ചേര്‍ത്തിരിക്കുന്നത് ദിവ്യകാരുണ്യസ്വീകരണത്തിന്‍റെ ഒരുക്കമായിട്ടാണ്. സഭാപിതാക്കന്മാരുടെ ഭാഷയില്‍ "അന്നന്നുവേണ്ട ആഹാരം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ ദിവ്യകാരുണ്യം തന്നെയാണ്. കാരണം ഇതാണ് ആത്മാവിനെ പരിപുഷ്ടിപ്പെടുത്തുന്ന യഥാര്‍ത്ഥ ഭക്ഷണം.
അങ്ങനെ കര്‍ത്തൃപ്രാര്‍ത്തന സ്തോത്രപ്രാര്‍ത്ഥനയും ദിവ്യകാരുണ്യസ്വീകരണവും കൂട്ടിയോജിപ്പിക്കുന്ന കണ്ണിപോലെയാണ്. തന്നോടൊപ്പം കര്‍ത്തൃപ്രാര്‍ത്ഥന ആലപിക്കുന്നതിനോ, ചൊല്ലുന്നതിനോ ആയി കാര്‍മ്മികന്‍ എല്ലാവരെയും ക്ഷണിക്കുന്നു. തുടര്‍ന്ന് ഒരുമിച്ച് കര്‍ത്തൃപ്രാര്‍ത്ഥന ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നു.
ii "സ്വര്‍ഗ്ഗസ്ഥനായ" കഴിഞ്ഞുള്ള പ്രാര്‍ത്ഥന
ഈ പ്രാര്‍ത്ഥനയെ "എമ്പോളിസം" (Embolisam)എന്നു വിളിക്കുന്നു. കര്‍ത്തൃപ്രാര്‍ത്ഥനയുടെ ഒരു തുടര്‍ച്ചയാണിത്. ഈ പ്രാര്‍ത്ഥനയുടെ ഉത്ഭവം മഹാനായ വി. ഗ്രിഗറിയുടെ കാലത്താണ് (7-ാം നൂറ്റാണ്ടില്‍) ഉണ്ടായിട്ടുള്ളത്. തിന്മയില്‍നിന്നുള്ള മോചനം, ഈ കാലയളവില്‍ സമാധാനം എന്നിവയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണത്. ഈ പ്രാര്‍ത്ഥനയുടെ അവസാനം വരുംലോകത്തിലേക്കുള്ള പ്രത്യാശയെപ്പറ്റി പ്രതിപാദിക്കുന്നു, ഠശൗേെ 2,13-ല്‍ യേശുവിന്‍റെ മഹത്വത്തില്‍ കൈവരാനിരിക്കുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കണമെന്ന് അപ്പസ്തോലന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ പ്രാര്‍ത്ഥന നടത്തുന്നത്.
ഈ പ്രാര്‍ത്ഥനയ്ക്ക് പ്രത്യുത്തരമായി ജനങ്ങള്‍ പറയുന്നത് "എന്തുകൊണ്ടെന്നാല്‍...". വളരെ പുരാതനഗ്രന്ഥമായ "ഡിഡാക്കേ" (Didache- 1-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിലോ 2-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലോ എഴുതപ്പെട്ടത്) ല്‍ നിന്നാണ് ഇത് എടുത്തിട്ടുള്ളത്. സകല പ്രതാപവും ഐശ്വര്യങ്ങളും കര്‍ത്താവില്‍നിന്നുമാണ് എന്ന സത്യം ഇവിടെ പ്രഖ്യാപിക്കുന്നു.
iii. സമാധാനകര്‍മ്മം
ഒരേ അപ്പത്തില്‍നിന്നും ഒരേ പാനപാത്രത്തില്‍നിന്നും ഭാഗഭാക്കുകളാകുന്നതിനുമുമ്പ് വിശ്വാസികള്‍ സ്നേഹവും ഐക്യവും പ്രകടിപ്പിക്കുകയും തിരുസ്സഭയിലും മാനവരാശി മുഴുവനിലും സമാധാനവും ഐക്യവും പുലരുന്നതിനുവേണ്ടി യാചിക്കുകയും ചെയ്യുകയാണിവിടെ. യോഹ 14,27-ലെ വാക്യത്താല്‍ പ്രചോദിതരായാണ് ഈ യാചന നടത്തുന്നത്. കര്‍ത്തൃപ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിച്ച "ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ" എന്ന യാചന അന്വര്‍ത്ഥമാക്കുമാറാണ് ഈ സമാധാനകര്‍മ്മം നടത്തപ്പെടുന്നത്. സഹോദരനോട് ഐക്യത്തിലായാല്‍ മാത്രമേ, നമുക്ക് ബലിയര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളു. അപ്പോള്‍ മാത്രമേ ദൈവം ആ ബലി സ്വീകരിക്കുകയുള്ളൂ (മത്താ 5,23-24).
"അന്ത്യദാനമായി സമാധാനം" എന്ന പ്രാര്‍ത്ഥന 9-ാം നൂറ്റാണ്ടിലാണ് ഉടലെടുത്തത്. ഇതിന്‍റെ പ്രത്യേകത ഈ പ്രാര്‍ത്ഥന കര്‍ത്താവായ യേശുക്രിസ്തുവിനോടാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ചുരുക്കം ചില പ്രാര്‍ത്ഥനകള്‍ മാത്രമേ ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാ പ്രാര്‍ത്ഥനകളും പിതാവായ ദൈവത്തെയാണ് അഭിസംബോധന ചെയ്യുന്നത്.
iv. അപ്പം മുറിക്കല്‍
അന്ത്യഅത്താഴവേളയിലെ യേശുനാഥന്‍റെ ഈ സുപ്രധാന പ്രവൃത്തിമൂലമാണ് കുര്‍ബാനയ്ക്ക് ആദ്യകാലം മുതല്‍തന്നെ "അപ്പം മുറിക്കല്‍ ശുശ്രൂഷ" എന്ന പേരുലഭിച്ചത്. വിശ്വാസികള്‍ക്ക് സ്വീകരിക്കുന്നതിനുവേണ്ടി അപ്പം മുറിക്കേണ്ടത് പ്രായോഗികമായ ആവശ്യമാണ്. എന്നാല്‍ ഇതിനെക്കാളുപരി, ഈ ദിവ്യകാരുണ്യസ്വീകരണംവഴി പലരായ നാം ജിവിന്‍റ അപ്പമായ ക്രിസ്തുവില്‍ ഒരു ശരീരമായിത്തീരുകയാണ് (1 കോറി 10,17).
അപ്പം മുറിക്കല്‍ കര്‍മ്മം നടക്കുന്ന സമയത്ത് ഗായകനോ അല്ലെങ്കില്‍ സമൂഹംമുഴുവനുമായോ "ലോകത്തില്‍ പാപങ്ങള്‍" (Agnus Dei) ആലപിക്കുകയോ ചൊല്ലുകയോ ചെയ്യുന്നു. ഈ ഗാനം 7-ാം നൂറ്റാണ്ടില്‍ ഉടലെടുത്തതാണ്. ഈ കര്‍മ്മത്തിന് രണ്ടു അര്‍ത്ഥതലങ്ങള്‍ കൈവന്നിരിക്കുന്നു.
v. സമ്മിശ്രണകര്‍മ്മം
ആ സമയത്തുതന്നെ കര്‍മ്മികന്‍ തിരുവോസ്തിയുടെ ഒരു ചെറിയഭാഗം കാസയില്‍ ഇട്ടുകൊണ്ട് "നമ്മുടെ കര്‍ത്താവായ ..." താഴ്ന്ന സ്വരത്തില്‍ ചൊല്ലുന്നു. ഇതിനെ സമ്മിശ്രണകര്‍മ്മം (rite of Commingling) പല അര്‍ത്ഥങ്ങളാണ് ഈ കര്‍മ്മത്തിന് കൊടുക്കുന്നത്. അതില്‍ പ്രധാന രണ്ടു അര്‍ത്ഥങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
a. "പുളിപ്പ്" (fermentum): ഇത് റോമിലെ പുരാതന പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. റോമില്‍ ഞായറാഴ്ചകളില്‍ വൈദികര്‍ക്ക് അവരുടെ ജനങ്ങള്‍ക്കുവേണ്ടി പള്ളികളില്‍ കുര്‍ബാന ചൊല്ലണമായിരുന്നു. ആ ദിവസങ്ങളില്‍ അവര്‍ക്ക് പോപ്പിന്‍റെ വളരെ ആഘോഷമായ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല. റോമാബിഷപ്പും വൈദികരും തമ്മിലുള്ള ഐക്യം ഉറപ്പിക്കുന്നതിനായി ഒരു പ്രത്യക കര്‍മ്മം നടത്തുമായിരുന്നു.
പേപ്പല്‍ കുര്‍ബാനയിലെ "അപ്പം മുറക്കല്‍" കര്‍മ്മത്തിന്‍റെ അവസരത്തില്‍ അള്‍ത്താരശുശ്രൂഷികള്‍ (Acolytes) തിരുവോസ്തിയുടെ ഒരു ഭാഗം എടുത്ത് ഭക്തിയോടെ ഇടവക പള്ളികളില്‍ വൈദികരുടെ അടുത്തെത്തിക്കും. അങ്ങനെ അവര്‍ ഒറ്റപ്പെടുമെന്ന ചിന്തകളെ മാറ്റി മാര്‍പാപ്പയുമായി ഐക്യബന്ധത്തിലാണെന്ന് പ്രകടിപ്പിക്കാനത് സഹായിച്ചിരുന്നു. അങ്ങനെ വിശ്വാസികളുടെ ഐക്യത്തെയാണ് പ്രത്യേകിച്ച് മെത്രാന്മാരും വൈദികരും വിശ്വാസികളും തമ്മിലുള്ള ഐക്യത്തെയാണ് ഈ കര്‍മ്മം സൂചിപ്പിക്കുന്നത്.
b. ഉയിര്‍പ്പിന്‍റെ അടയാളം പൂര്‍വ്വിക പാരമ്പര്യമനുസരിച്ച്, അന്ത്യഅത്താഴത്തില്‍വച്ച് വെവ്വേറെ തന്‍റെ ശരീരവും രക്തവും ശിഷ്യര്‍ക്ക് നല്കിയത് അവിടുത്തെ മരണത്തെയാണ് സൂചിപ്പിച്ചത്. അതിനാല്‍ കര്‍ത്താവ് നിത്യം ജീവിക്കുന്നു എന്ന സത്യം ദ്യോതിപ്പിക്കുവാനാണ് തിരുവോസ്തിയും തിരുവീഞ്ഞും വീണ്ടും സംയോജിപ്പിക്കുന്നത്. പല സഭാപിതാക്കന്മാരും ഇപ്രകാരമാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതുമാത്രമല്ല, അവിടുത്തെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് നിത്യജീവന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവിടുത്തെ സ്വീകരിക്കുന്നവരും എന്നും ജീവിക്കുന്നു. ആയതിനാല്‍ ഈ സമയത്തെ കാര്‍മ്മികന്‍റെ വ്യക്തിപരമായ പ്രാര്‍ത്ഥന കര്‍ത്താവിന്‍റെ ശരീരരക്തങ്ങളെ സ്വീകരിക്കുന്ന നമുക്ക് നിത്യജീവന്‍ പ്രദാനം ചെയ്യട്ടെ എന്നത് അന്വര്‍ത്ഥമാകുന്നു.
പുരോഹിതന്‍റെ ദിവ്യകാരുണ്യസ്വീകരണത്തിനായുള്ള വ്യക്തിപരമായ ഒരുക്കമാണ് അടുത്തത്. അതിന് രണ്ടു പ്രാര്‍ത്ഥനകളില്‍ ഒന്ന് എടുക്കാവുന്നതാണ്. അത് വൈദികന്‍ താഴ്ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ഇതിലെ ആദ്യത്തേതും അല്പം വലുതുമായ പ്രാര്‍ത്ഥന "കര്‍ത്താവായ യേശുക്രിസ്തുവേ, ജീവസ്വരൂപനായ ദൈവത്തിന്‍റെ പുത്രാ..." 9-ാം നൂറ്റാണ്ടിലാണ് ഉടലെടുത്തത്. രണ്ടാമത്തേത് പത്താം നൂറ്റാണ്ടിലും. ഈ പ്രാര്‍ത്ഥനകളും "അപ്പോളജിയ" (Apologia) എന്ന ഗ്രൂപ്പിലേതാണ്. ആദ്യം അവ ജനങ്ങളുടെ എല്ലാവരുടെയും ഉപയോഗത്തിനായിരുന്നു ചേര്‍ത്തിരുന്നത്. ഈ അവസരത്തില്‍ ജനങ്ങളും മൗനപ്രാര്‍ത്ഥനയിലൂടെ തങ്ങളെത്തന്നെ ഒരുക്കുന്നു.
vi. ദിവ്യകാരുണ്യസ്വീകരണം
അതിനുശേഷം പുരോഹിതന്‍ തിരുവോസ്തിയെ മലേി-ന്‍റെ മുകളിലോ ചഷകത്തിന്‍റെ മുകളിലോ ജനങ്ങള്‍ക്ക് ദൃശ്യമാകുന്നവിധത്തില്‍ പിടിച്ചുകൊണ്ട് ദിവ്യകുഞ്ഞാടിന്‍റെ വിരുന്നിലേക്ക് "ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്..." എന്നു പറഞ്ഞുകൊണ്ട് എല്ലാവരെയും ക്ഷണിക്കുന്നു. ഈ പ്രാര്‍ത്ഥന യോഹ 1,29; വെളി 19,9 എന്നീ തിരുവചനങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ത്താവിനെ സ്വീകരിക്കുവാന്‍ ആര്‍ക്കും യോഗ്യതയില്ല (മത്താ 8,8) എന്ന് പറഞ്ഞുകൊണ്ട് വൈദികനും ജനങ്ങളും ഒരുമിച്ച് പ്രത്യുത്തരിക്കുന്നു.
ദിവ്യബലിയുടെ പരിസമാപ്തിയായിട്ടാണ് ദിവ്യകാരുണ്യസ്വീകരണം നടത്തപ്പെടുന്നത്. കാര്‍മ്മികനും (ഒരുങ്ങിയ) ജനങ്ങളും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. "ക്രിസ്തുവിന്‍റെ തിരുശരീരം" എന്നു പറഞ്ഞുകൊണ്ട് കാര്‍മ്മികന്‍ തിരുവോസ്തി ജനങ്ങള്‍ക്ക് കൊടുക്കുന്നു. അവര്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് "ആമ്മേന്‍" എന്നു പ്രത്യുത്തരമായി പറഞ്ഞ് ഭക്തിയോടെ, ആദരവോടെ (വായിലോ കൈയിലോ) സ്വീകരിക്കുന്നു.
വൈദികന്‍റെയും തുടര്‍ന്ന് ജനങ്ങളുടെയും ദിവ്യാകാരുണ്യസ്വീകരണനേരത്ത് ദിവ്യകാരുണ്യസ്വീകരണഗാനം ആലപിക്കപ്പെടുന്നു. ജനങ്ങള്‍ (ഗായകസംഘത്തോടൊപ്പം) ഒന്നായിപ്പാടുന്നതുവഴി അവരുടെ ആന്തിരിക ഐക്യവും പ്രകടമാകന്നു. കര്‍ത്താവിനെ സ്വീകരിക്കുന്നതിന് നന്ദിസൂചകമായുള്ള ഗാനമായതുകൊണ്ട് എല്ലാവുടെയും ഹൃദയാനന്ദത്തെ അതു വിളച്ചോതുന്നു.
ദിവ്യകാരുണ്യസ്വീകരണഗാനമില്ലെങ്കില്‍ ദിവ്യകാരുണ്യസ്വീകരണ പ്രഭണിതം ജനങ്ങള്‍ എല്ലാവരും ചേര്‍ന്നോ, അവരില്‍ ഏതാനുംപേര്‍ മാത്രമായോ, അല്ലെങ്കില്‍ വായനക്കാരന്‍ (reader) തനിച്ചോ അതുമല്ലെങ്കില്‍ വൈദികന്‍ തന്‍റെ ദിവ്യകാരുണ്യത്തിനു ശേഷം ജനങ്ങള്‍ ദിവ്യകാരുണ്യം കൊടുക്കുന്നതിന് മുമ്പായി ചൊല്ലുന്നു.
ദിവ്യകാരുണ്യസ്വീകരണഗാനത്തിനുശേഷം വൈദികനും ജനങ്ങളും അല്പനിമിഷം മൗനമായി പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണ്. ഈ കര്‍മ്മത്തിലൂടെ ലഭിച്ച സ്വര്‍ഗ്ഗീയ ദാനങ്ങള്‍ക്ക് നന്ദി പറയുന്ന അവസരമാണിത്. വേണമെങ്കില്‍ ഭക്തി ഗീതമോ സങ്കീര്‍ത്തനമോ മറ്റേതെങ്കിലും സ്തുതിഗീതമോ എല്ലാവരുമൊന്നിച്ച് ആലപിക്കാവുന്നതാണ്.
vii. ദിവ്യഭോജനപ്രാര്‍ത്ഥന
"നമുക്ക് പ്രാര്‍ത്ഥിക്കാം" എന്ന് കാര്‍മ്മികന്‍ പറഞ്ഞുകൊണ്ട് ജനങ്ങളെ പ്രാര്‍ത്ഥനയ്ക്കായി എഴുന്നേറ്റുനിന്ന് ക്ഷണിച്ചുകൊണ്ട് ദിവ്യഭോജന പ്രാര്‍ത്ഥന ചൊല്ലുന്നു. ഈ മൂന്നാമത്തെ അദ്ധ്യക്ഷപ്രാര്‍ത്ഥനയില്‍ അവിടെ അനുഷ്ഠിച്ച ദിവ്യരഹസ്യങ്ങളുടെ ഫലങ്ങള്‍ക്ക് കാര്‍മ്മികന്‍ ദൈവത്തിന് ജനങ്ങളുടെ നാമത്തില്‍ നന്ദി പറയുന്നു. ഈ ദിവ്യ രഹസ്യങ്ങളുടെ ഫലങ്ങള്‍ അനുദിനജീവിതത്തില്‍ പകര്‍ത്തുവാനും ഈ തിരുകര്‍മ്മത്തിലൂടെ നിത്യജീവന്‍റെ അച്ചാരമായിത്തീരുവാനും അനുഗ്രഹിക്കണമെന്ന് ഇവിടെ പ്രാര്‍ത്ഥിക്കുന്നു. ജനങ്ങള്‍ "ആമ്മേന്‍" എന്ന പ്രത്യുത്തരത്തിലൂടെ അത് അവരുടെ സ്വന്തമാകുകയും അംഗീകരിക്കുകയും ചെയ്തു.
സമാപനകര്‍മ്മങ്ങള്‍
ഇതിനുശേഷം അറിയിപ്പുകളുണ്ടെങ്കില്‍ പറയാവുന്നതാണ്. തുടര്‍ന്ന് ഈ സമാപന കര്‍മ്മത്തില്‍ കാര്‍മ്മികന്‍റെ അഭിവാദ്യവും ആശീര്‍വാദവും പ്രധാനം. വിശേഷാല്‍ ദിവസങ്ങളില്‍ ആഘോഷമായ നീണ്ട ആശീര്‍വാദവും ചില പ്രത്യേക ദിവസങ്ങളില്‍ ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥനയും (Prayer over the people) ഉണ്ടായിരിക്കും. ഈ നേരത്ത് ജനം തലകുനിച്ചുകൊണ്ട് (കുരിശുവരച്ച്) ആശീര്‍വാദം സ്വീകരിക്കുന്നു. "ക്രിസ്തുവിന്‍റെ സമാധാനത്തില്‍ പോകുവിന്‍" അല്ലെങ്കില്‍ ഉചിതമായ മറ്റേതെങ്കിലും വാക്യങ്ങളിലോ ഡീക്കനോ അല്ലെങ്കില്‍ കാര്‍മ്മികന്‍ തന്നെയോ അടയാളങ്ങളിലൂടെ അനുഷ്ഠിച്ച ദിവ്യരഹസ്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ജനങ്ങളെ പറഞ്ഞയക്കുന്നു. തുടര്‍ന്ന് വൈദികനും ഡീക്കനും അള്‍ത്താരയെ ചുംബിച്ചുകൊണ്ടും മറ്റനുചരന്മാരോടൊപ്പം വണങ്ങിക്കൊണ്ടും സമാപനകര്‍മ്മം പൂര്‍ത്തിയാക്കുന്നു. സമാപനഗാനമായി, അനുഷ്ഠിച്ച ദിവ്യരഹസ്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനായി പോകുന്നു എന്നു ധ്വനിപ്പിക്കുന്നവ പാടാവുന്നതാണ്. അല്ലെങ്കില്‍ ഒരു മരിയന്‍ ഗീതമോ വിശുദ്ധരുടെ തിരുനാളാണെങ്കില്‍ ആ വിശുദ്ധനെപ്പറ്റിയുള്ള ഗീതമോ ആലപിക്കാവുന്നതാണ്.
സമാപനം
കര്‍ത്താവിന്‍റെ വചനത്താലും ശരീരരക്തങ്ങളാലും പരിപോഷിതരായി ക്രിസ്തുവില്‍ ഒന്നായി വിശ്വാസികള്‍ ഈ ലോകത്തില്‍ ദൈവം കല്പിച്ചു നല്കിയിരിക്കുന്ന കടമകള്‍ നിറവേറ്റാനായി ദേവാലയത്തില്‍നിന്ന് പിരിഞ്ഞുപോകുന്നു. കുര്‍ബാനയിലെ ബലിയിലെ തുടര്‍ച്ചയായിട്ടാണ് അവര്‍ ലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തുവിന് സജീവ സാക്ഷികളായിത്തീരുന്നത്. അതുകൊണ്ട് കുര്‍ബാനയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും സജീവമായും ഫലപ്രദമായും ഭക്തിയോടും ഒരുക്കത്തോടും ബോധ്യത്തോടും പങ്കെടുക്കേണ്ടത് ആവശ്യമാണ്. ദിവ്യബലിയില്‍ ഓരോ വ്യക്തിക്കും അതാത് ധര്‍മ്മം ഉണ്ട്. അതു നിവര്‍ത്തിക്കുവാന്‍ പരിശ്രമിച്ചെങ്കിലേ ഓരോ കുര്‍ബാനയര്‍പ്പണവും ദിവ്യാനുഭവമാക്കിത്തീര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ദിവ്യകാരുണ്യാധിഷ്ഠിതമായ ക്രൈസ്തവ സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ ദിവ്യകാരുണ്യനാഥനോട് നിരന്തരം നമുക്കു പ്രാര്‍ത്ഥിക്കാം.
ഡോ. ആന്‍റണി തോപ്പില്‍
Latin liturgy catholic malayalam liturgy Dr. Antony Thoppil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206