We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
മതത്തെ അന്ധവിശ്വാസമോ അനാചാരമോ അല്പ ജ്ഞാനമോ ആയികരുതുന്ന മാര്‍ക്സിയന്‍ ചിന്താസരണിയില്‍ യാഥാസ്ഥിതികതയുടെ കാവലാളുകളും നവോത്ഥാന ചിന്തകള്‍ക്കു വഴിമുടക്കുന്ന ദുശ്ശകുനങ്ങളും സാമൂഹിക പരിഷ്കരണങ്ങളുടെ പ്രതിലോമശക്തികളുമായാണ് മതം വിലയിരുത്തപ്പെടുന്നത്. ഈ മാര്‍ക്സിയന്‍ വീക്ഷണത്തെ സാധൂകരിക്കാന്‍ കേരളത്തിന്‍റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ധാര്‍മ്മിക മണ്ഡലങ്ങളില്‍ മതങ്ങള്‍ നടത്തിയ സര്‍ഗ്ഗാത്മകമായ ഇടപെടലുകളെ തമസ്കരണത്തിലൂടെ അപ്രസക്തമാക്കാനോ തിരസ്കരണത്തിലൂടെ നിര്‍വീര്യമാക്കാനോ ഉള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മാര്‍ക്സിയന്‍ അച്ചില്‍വാര്‍ത്തെടുത്ത മലയാള ചരിത്രഗ്രന്ഥങ്ങളില്‍ പ്രകടമാണ്. ഉദാഹരണമായി ബി. രാജീവന്‍റെ "വാക്കുകളും വസ്തുക്കളും" നടത്തുന്ന നിരീക്ഷണം ശ്രദ്ധിക്കുക:
"ഇന്നു കാണുന്ന ജാതികളുടെയും മതവിശ്വാസങ്ങളുടെയും ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍, ബ്രിട്ടീഷ് കാലഘട്ടത്തിനുമുമ്പ് വമ്പിച്ച ബഹുജന സംഘങ്ങളെന്ന നിലയില്‍ മതങ്ങള്‍ക്കു കീഴില്‍ ഇന്ത്യന്‍ ജനത സംഘടിച്ചിരുന്നില്ല എന്നു കാണാന്‍ കഴിയും. ഈ യാഥാര്‍ത്ഥ്യം കാണാതെ ഇന്ത്യയുടെ ചരിത്രത്തെ മതസമൂഹവിഭാഗങ്ങളുടെ ചരിത്രമായി ചിത്രീകരിച്ചു എന്നതാണ് പാശ്ചാത്യരുടെ ചരിത്രവീക്ഷണത്തിന്‍റെ മറ്റൊരു വശം. സമൂഹജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കുന്ന മനുഷ്യരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദുമതമോ ബുദ്ധമതമോ ഇസ്ലാംമതമോ ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പ് ഉണ്ടാവുക സാധ്യമല്ല"1 മതത്തെ കൊളോണിയലിസത്തിന്‍റെയോ സാമ്രാജ്യത്വ അധിനിവേശത്തിന്‍റെയോ ഉപോല്‍പന്നമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്ഇവിടെ ബി. രാജീവന്‍ നടത്തുന്നത്. മതത്തെ നിയതമായ ചട്ടക്കൂടുമാത്രമായി മനസ്സിലാക്കുന്നു എന്നതിനാലാണ് മാര്‍ക്സിസത്തിന് ഈ അബദ്ധം പിണയുന്നത്. വ്യക്തിയുടെ ആന്തരികതയിലെ ദൈവികവും ആത്മീകവുമായ ആഭിമുഖ്യത്തില്‍നിന്നാണ് മതാത്മകത ജനിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ വേദങ്ങള്‍ക്കും വേദാന്തങ്ങള്‍ക്കും പിന്നിലെ മതാത്മകതയെ ആര്‍ക്കും നിഷേധിക്കാനാവില്ല. ആന്തരികതയെ തമസ്കരിച്ച സാമൂഹിക ചട്ടക്കൂടിന്‍റെ കെട്ടുറപ്പുമാത്രമായി മതത്തെ മാറ്റുന്നത് മാര്‍ക്സിയന്‍ മതനിന്ദയുടെ ഭാഗമാണ്.
കേരളീയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍
കേരളം ഭാരതത്തിന്‍റെ ഭാഗമാണെങ്കിലും ഭാരതത്തിനു പൊതുവില്‍ പറയുന്ന പലതില്‍ നിന്നും വ്യതിരിക്തമായ സാമൂഹിക യാഥാര്‍ത്ഥ്യമാണ് കേരളത്തില്‍ എക്കാലവും നിലനിന്നിരുന്നത്. ഇ. എം. എസ് (Kerala Society and Politics), പി. കെ. ബാലകൃഷ്ണന്‍ (ജാതിവ്യവസ്ഥിതിയും കേരളചരിത്രവും) ഡി. ഡി. കോസംബി (Introduction to the Study of Indian History), ബി. രാജീവന്‍ (വാക്കുകളും വസ്തുക്കളും) എന്നീ ചരിത്രഗ്രന്ഥങ്ങള്‍ ഈ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ മാര്‍ക്സിയന്‍ പരിപ്രേക്ഷ്യത്തില്‍ അപഗ്രഥിക്കുന്നുണ്ട്. അവയില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളും ഈ ഗോത്രവിശുദ്ധിയുടെ തടവറയില്‍നിന്ന് പൂര്‍ണ്ണമായും മോചിതരായിരുന്നില്ല എന്നു വേണം കരുതാന്‍. തീണ്ടല്‍, അയിത്തം തുടങ്ങിയവ ക്രൈസ്തവരുടെയിടയില്‍ ഇല്ലായിരുന്നെങ്കിലും വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹബന്ധങ്ങള്‍ അപൂര്‍വ്വമായിരുന്നു എന്നതും വിവിധഗോത്രങ്ങളില്‍ നിന്നു "മാര്‍ഗ്ഗം" സ്വീകരിച്ചുവന്നവര്‍ ദേവാലയങ്ങളില്‍ പോലും നിയതമായ സ്ഥാനനിര്‍ണ്ണയം ആവശ്യപ്പെട്ടിരുന്നു എന്നതും ഇതിന്‍റെ തെളിവാണ്.
മാര്‍ക്സിനെയോ ഏംഗല്‍സിനെയോ മാര്‍ക്സിസത്തെയോകുറിച്ച് കേട്ടുകേള്‍വിപോലുമില്ലാത്ത കാലത്തുനടന്ന സാമൂഹികപരിവര്‍ത്തനത്തിനുപോലും മാര്‍ക്സിയന്‍ പൈതൃകം തേടുന്നത് വിചിത്രമാണ്. മാര്‍ക്സിയന്‍ വീക്ഷണത്തിലെ കുടുംബരഹിത വ്യവസ്ഥിതിയിലേക്കുള്ള വളര്‍ച്ചയുടെ പടിയായി കേരളത്തിലെ ബഹുഭാര്യാഭര്‍തൃ സമ്പ്രദായത്തെ വിശദീകരിക്കാന്‍ അപാരമായ ആന്ധ്യം ആവശ്യമുണ്ട്. ഏകഭാര്യാത്വം, ഏകഭര്‍തൃത്വം എന്ന ജീവിതക്രമം മാതൃകാപരമായി ജീവിച്ചുകാണിക്കുന്ന ഒരു സമൂഹത്തിന്‍റെ (ക്രൈസ്തവരുടെ) സാന്നിധ്യമോ സ്വാധീനമോ തമസ്കരിക്കാനും ഇതേ അന്ധത അനിവാര്യമാണ്.
ക്രൈസ്തവരും കേരള നവോത്ഥാനവും
കേരളചരിത്രം രചിച്ച ചരിത്രകാരന്മാരില്‍ പലരും ക്രൈസ്തവര്‍ നാടിന്‍റെ നന്മക്കുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുകയാണു ചെയ്തത്. എന്നാല്‍, ചാതുര്‍വര്‍ണ്യവ്യവസ്ഥിതി, അടിമക്കച്ചവടം, സ്ത്രീവിവേചനം, സതി തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ മണ്ണില്‍നിന്ന് തുടച്ചുനീക്കാനായത് ക്രിസ്ത്യന്‍ മിഷണറിമാരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണ്.
ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ആനുകൂല്യം പറ്റിയിരുന്നത് സവര്‍ണ്ണ ബ്രാഹ്മണരും അധികാരം കയ്യാളിയിരുന്ന ക്ഷത്രിയരും ആയുധപരിശീലനം സിദ്ധിച്ച നായന്മാരുമായിരുന്നു. അധഃകൃതരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളെ (ഉദാ: പുലയര്‍, പറയര്‍, വേടര്‍) കന്നുകാലികളെപ്പോലെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. പൊതുവഴികള്‍ ഉപയോഗിക്കാനോ, സ്കൂളിലോ ആശുപത്രിയിലോ പോകാനോ ക്ഷേത്രങ്ങളുടെ പരിസരത്തുപോലും കടന്നുചെല്ലാനോ ഇക്കൂട്ടര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയെ എതിര്‍ത്ത് സാമൂഹികസമത്വം എന്ന മഹനീയമായ സുവിശേഷദര്‍ശനം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരായിരുന്നു. മിഷനറിമാര്‍ ആരംഭിച്ച പള്ളിക്കൂടങ്ങളിലൂടെയാണ് പ്രധാനമായും ഈ വിപ്ലവകരമായ ആശയം കൈമാറ്റം ചെയ്യപ്പെട്ടത്.
"ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും" എന്ന ഗ്രന്ഥത്തില്‍ ശ്രീ ജോണ്‍ കച്ചറമറ്റം ക്രൈസ്തമിഷനറിമാരുടെ സംഭാവനകളെക്കുറിച്ചുള്ള വിഖ്യാതരുടെ വലയിരുത്തലുകള്‍ രേഖപ്പെടുത്തുന്നുണ്ട്.5 തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ വി. നാഗയ്യ ഇപ്രകാരം എഴുതിയിരിക്കുന്നു: "ഈ ക്രിസ്തീയ മിഷനറിമാര്‍ ഇല്ലായിരുന്നുവെങ്കില്‍ ഹൈന്ദവ സമുദായത്തിലെ താണ പടിയില്‍പ്പെട്ട ഇവര്‍ എന്നും ഇങ്ങനെ ഉദ്ധരിക്കപ്പെടാതെ കിടക്കുമായിരുന്നു. അവരുടെ വാസസ്ഥലങ്ങളില്‍ പോയി, ഉത്തമമാംവിധം ഈ ലോകത്തില്‍ ജീവിക്കുന്നതിനുള്ള ഒരു ബോധം അവരില്‍ ഉല്‍ഭൂതമാക്കിയെന്നുള്ള മേന്മയ്ക്ക് ക്രൈസ്തവ മിഷനറിമാരാണ് അവകാശികള്‍. മിഷനറിമാരുടെ ഈ പ്രവൃത്തി കേവലം പ്രാചീനചരിത്രത്തിന്‍റെ ഒരു നവീകരണം-നിലവിലിരിക്കുന്ന മാതൃകയുടെ ഒരു മിനുസപ്പെടുത്തല്‍ അഥവാ പരിഷ്കരണം ആയിരുന്നില്ല. പ്രസ്തുത പ്രശംസനീയമായ ശുഷ്കാന്തിയോടും, പലപ്പോഴും എതിര്‍പ്പിനെയും മതപീഡനത്തെയും അവഗണിച്ചും അവര്‍ നടപ്പില്‍ വരുത്തിയ പൂര്‍ണ്ണമായി നവീനവും ആദൃഷ്ടപൂര്‍വ്വവ്വും ആയ ഒരു ആശയമായിരുന്നു."
തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന്‍റെ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എന്‍. കുഞ്ഞന്‍പിള്ള 1931-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "തങ്ങളുടെ ദയനീയമായ നിലയെയും, അതിനെ അഭിവൃദ്ധിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെയുംപറ്റി ഈ അധഃകൃതര്‍ക്ക് ഒരു ബോധമുണ്ടാക്കിക്കൊടുത്തത് ഈ മിഷനറിമാരാകുന്നു. സമുദായത്തിലെ താണപടിയിലുള്ള തങ്ങളുടെ നിര്‍ഭാഗ്യരായ സഹോദരന്മാരെ കഴിഞ്ഞ കാലങ്ങളില്‍ അവഗണിച്ചിരുന്നതിന്‍റെ ദുരന്തഫലങ്ങള്‍ ഉന്നതജാതികള്‍ക്കു മനസ്സിലാക്കിക്കൊടുത്തതും ഈ മിഷനറിമാരുടെ സേവനങ്ങളാണ്."
ക്രൈസ്തവ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് അധഃകൃതരുടെ സാമൂഹിക നവോത്ഥാനത്തിന് കാരണമായതെന്ന് പ്രമുഖചരിത്രകാരനായ കെ. പി. പദ്മനാഭമേനോന്‍ "കൊച്ചി രാജ്യചരിത്രം" എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നു:
"ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. അവരുടെ സ്തുത്യര്‍ഹമായ ഈ ഔദാര്യ പ്രവൃത്തികൊണ്ട് ചെറുമകളുടെയും പുലയരുടെയും അവസ്ഥ നന്നായി വന്നിട്ടുണ്ട്. രാജ്യത്തെ ഓരോ തൊഴിലുകളുടെ നടത്തിപ്പിന് പണ്ടുപണ്ടേ വച്ചിട്ടുള്ള ഏര്‍പ്പാടുകളെ മാറ്റിക്കളയുന്നതായ പാതിരിമാരുടെ ഈ പ്രവൃത്തിയെ കാലഗതിക്ക് ഒരു വിധത്തിലും തടുക്കത്തക്കതല്ല. അവര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് ഈ അമൂല്യമായ വിദ്യാധനം നല്‍കുകയും സാമുദായികാവസ്ഥയില്‍ അവരെ ഉയര്‍ത്തുകയും ചെയ്തതുകൊണ്ട് പൊതുജനാഭിവൃദ്ധിക്കുണ്ടായിട്ടുള്ള സഹായത്തെ ചിന്തിച്ച് നാം അവരെ അഭിനന്ദിക്കേണ്ടതാണ്. താഴ്ന്ന ജാതിക്കാര്‍ സദാ അഭിവൃദ്ധിയെ അഭിഗമിക്കുന്നു എന്നുള്ളത് ചാരിതാര്‍ത്ഥ്യജനകമായിരുന്നു. പുലയര്‍ മുതലായവരുടെ സ്ഥിതിയും നന്നായിവരുന്നുണ്ട്. വഴിമാറുന്നതിനുള്ള അസഹ്യതയേയും വേലനടത്തിപ്പിനുള്ള ഉപദ്രവത്തെയും വിചാരിച്ചും പ്രദേശത്ത് പാടത്തു പണിയെടുക്കുന്ന പുലയര്‍ ഈവക നിവൃത്തിക്കായി കാലത്തുമുതല്‍ സന്ധ്യയാവുന്നതുവരെ കഴുത്തില്‍ പഴയകൂറ് ക്രിസ്ത്യാനികളുടെ അടയാളമായ വെന്തീങ്ങാ ധരിക്കുന്നതായി അറിയുന്നു."
മതനിഷിദ്ധ നവോത്ഥാനം
കേരളത്തിലെ നവോത്ഥാന ശ്രമങ്ങളത്രെയും മതനിഷിദ്ധ വ്യവസ്ഥിതിയില്‍ നിന്നു രൂപം കൊണ്ടതാണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലൂടെ കമ്യൂണിസത്തിന്‍റെ വരവിനും മുമ്പേ കേരളം കമ്യൂണിസ്റ്റ് ചിന്താഗതിക്കുവേണ്ടി പാകപ്പെടുത്തപ്പെട്ട മണ്ണായിരുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. കേരള നവോത്ഥാനത്തിന്‍റെ നായകനായി ശ്രീനാരായണഗുരുവിനെ പ്രതിഷ്ഠിക്കുന്നതും അരുവിപ്പുറം പ്രതിഷ്ഠയെ കേരള നവോത്ഥാനത്തിന്‍റെ ശിലാസ്ഥാപനകര്‍മ്മമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതിലൂടെ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ ഇപ്രകാരമൊരു വഴിയൊരുക്കലാണു നടത്തുന്നത്. ശ്രീനാരായണഗുരുവിന്‍റെ ആത്മതേജസ്സിനെ അവഗണിച്ച് അദ്ദേഹത്തിന്‍റെ സമൂഹപരിഷ്കരണാംശത്തെ പുകഴ്ത്തുന്നതിലൂടെ ശ്രീനാരായണഗുരുവിനെ എ. കെ. ജിക്കും ഇ. എം. എസിനുമൊപ്പം സാമൂഹിക പരിഷ്കര്‍ത്താവായി മാത്രം ഒതുക്കാനാണ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ശ്രമിച്ചത്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു അരിവാളും ചുറ്റികയുമല്ല പരമശിവ പ്രതിഷ്ഠയാണ് നടത്തിയത് എന്ന വസ്തുത മാര്‍ക്സിയന്‍ ചരിത്രകാരന്മാര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. ജാതിഭേതം മതദ്വേഷം, ഏതുമില്ലാതെ സര്‍വ്വരും, സോദരദ്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത് എന്ന ഗുരുസൂക്തത്തെ കമ്യൂണിസ്റ്റ്മതനിരാസവുമായി താരതമ്യപ്പെടുത്തുന്ന സാഹസികകര്‍മ്മവും ഈ ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. ശ്രീനാരായണഗുരു മലയാളത്തിന്‍റെ ഏറ്റവും മഹാനായ സന്താനമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സന്ദേഹമില്ല. എന്നാല്‍ അദ്ദേഹത്തെ ചെങ്കൊടി പുതപ്പിക്കാനുള്ള ശ്രമം അദ്ദേഹത്തെ കാവിയുടുപ്പിക്കാന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്ന സംഘപരിവാറിന്‍റെ ശ്രമങ്ങളേക്കാളും ഒട്ടും ശ്രേഷ്ഠമല്ല എന്നു ചൂണ്ടിക്കാട്ടാനാണ് ഇത്രയും പറഞ്ഞത്.
കേരള നവോത്ഥാനത്തിന്‍റെ ഊടും പാവും നെയ്തിരിക്കുന്നത് മലയാളക്കരയുടെ മതാത്മകതയിലാണ്. അതിനെ തമസ്ക്കരിക്കാന്‍ ആരെല്ലാം ശ്രമിച്ചാലും അനിഷേധ്യമായ ചരിത്രവസ്തുതകള്‍ എതിര്‍സാക്ഷികളായി രംഗത്തു നിറയും. മത നവീകരണ പ്രസ്ഥാനങ്ങളെ മത നിരാസന പ്രസ്ഥാനങ്ങളോ നിരീശ്വരവാദ പ്രസ്ഥാനങ്ങളോ ആയി പുനസൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് വഴിതെറ്റിത്തുടങ്ങിയത്. കേരള നവോത്ഥാന സംരംഭങ്ങളെല്ലാം മതവിശ്വാസത്തിന്‍റെ ചൂടും ശരിയായ ഈശ്വര ഭക്തിയുടെ പ്രകാശവും പേറുന്നവയായിരുന്നു. 1888-ല്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠയും തുടര്‍ന്ന് ഈഴവ സമുദായത്തിന്‍റെ സമഗ്രവളര്‍ച്ചയ്ക്കുവേണ്ടി 1903-ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനസംഘത്തിന്‍റെ സ്ഥാപനവും മതവിശ്വാസവും ഈശ്വരഭക്തിയും ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളായിരുന്നല്ലോ. സാമൂഹിക നവോത്ഥാന നായകരില്‍ പ്രമുഖനായ മറ്റൊരു നേതാവ് ചട്ടമ്പിസ്വാമികളായിരുന്നു. ജാതിവ്യവസ്ഥിതിയില്‍ ബ്രാഹ്മണരുടെ ദാസ്യവൃത്തി ശ്രേഷ്ഠമായി കരുതിയിരുന്ന നായന്മാരെ ആത്മാഭിമാനമുള്ളവരാക്കാന്‍ സ്വാമികള്‍ സര്‍വ്വതാ പരിശ്രമിച്ചു. അദ്ദേഹം രചിച്ച "പ്രാചീന മലയാളം" എന്ന കൃതിയില്‍ നായര്‍ സമുദായം അഭിമാനപ്രതീകമായി കരുതുയിരുന്ന ബ്രാഹ്മണ സംബന്ധത്തെ നായര്‍ സമുദായത്തിന്‍റെ ആത്മാവു നശിപ്പിച്ച പ്രവൃത്തിയായി സ്വാമികള്‍ വിവരിച്ചു. ക്രിസ്ത്യന്‍ മിഷനറിമാരുമായി വാദപ്രതിവാദത്തിലേര്‍പ്പെടുക എന്നതും ഹിന്ദുമതം ക്രിസ്തുമതത്തേക്കാള്‍ ശ്രേഷ്ഠമാണെന്നു സ്ഥാപിക്കുക എന്നതും സ്വാമികളുടെ പ്രധാന ദൗത്യങ്ങളായിരുന്നു. ഈഴവര്‍ കൂട്ടത്തോടെ ക്രിസ്തുമതം ആശ്ലേഷിക്കാനുള്ള നീക്കമുണ്ടായപ്പോള്‍ അതിനെ ഫലപ്രദമായി തടഞ്ഞതും ചട്ടമ്പിസ്വാമികളായിരുന്നു. 1924-ല്‍ സ്വാമികള്‍ പന്മനയില്‍ സമാധിയടഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ അദ്ദേഹത്തിനായി ക്ഷേത്രം പണിത് അദ്ദേഹത്തിന്‍റെ ചൈതന്യം അവിടെ കുടിയിരുത്തി. ചുരുക്കിപ്പറഞ്ഞാല്‍ ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനവും നവോത്ഥാന നീക്കങ്ങളും പൂര്‍ണ്ണമായും മതാധിഷ്ഠിതമായിരുന്നു.6
ഉത്തരകേരളത്തില്‍ ജാതിചിന്തയ്ക്കെതിരെയും മദ്യവര്‍ജ്ജനത്തിനുവേണ്ടിയും ആത്മവിദ്യാസംഘം സ്ഥാപിച്ചു പൊരുതിയ വാഗ് ഭടാനന്ദനും (1885-1939). മേല്‍മുണ്ടു സമരത്തിലൂടെ തെക്കന്‍ കേരളത്തില്‍ ശക്തമായ സാമൂഹിക സാന്നിധ്യം അറിയിക്കുകയും "സമത്വസമാജം" എന്ന പേരില്‍ കേരളത്തില്‍ ആദ്യത്തെ സാമൂഹിക സംഘടന സ്ഥാപിക്കുകയും ചെയ്ത വൈകുണ്ഠസ്വാമിയും (1809-1851) മതനിഷേധത്തിലൂടെയല്ല മതവിശ്വാസത്തിലൂടെയാണ് സാമൂഹികപരിഷ്കരണം സാധിച്ചത്. മുസ്ലിം സമുദായ സമുദ്ധാരണത്തിനായി യത്നിച്ച വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും (1873-1932) മതവിശ്വാസത്തെ പ്രാണവായുവാക്കി സാമൂഹിക പരിഷ്കരണത്തിനു തിരിതെളിയിച്ച വ്യക്തിയാണ്.
വ്യക്തികള്‍ മാത്രമല്ല സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളും യഥാര്‍ത്ഥ മതവിശ്വാസത്തെ പോഷിപ്പിക്കാനും മതത്തിന്‍റെ പേരിലുള്ള അനാചാരങ്ങളെ എതിര്‍ക്കാനുംവേണ്ടി സ്ഥാപിക്കപ്പെട്ടവയായിരുന്നു. 1903- മെയ് 15-ന് സ്ഥാപിതമായ ശ്രീനാരായണ ധര്‍മ്മ പരിപാലനസംഘവും 1914-ഒക്ടോബര്‍ 31-ന് മന്നത്ത്പദ്മനാഭന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ച നായര്‍ സര്‍വ്വീസ് സൊസൈറ്റിയും തികച്ചും മതസമുദായാധിഷ്ഠിത നവീകരണ പ്രസ്ഥാനങ്ങളായിരുന്നു. 1908-ല്‍ വി.ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ബ്രാഹ്മണരുടെ സമുദ്ധാരണത്തിനായി ആരംഭിച്ച യോഗക്ഷേമസഭയും ഈശ്വരവിശ്വാസത്തെപ്രതി സാമൂഹികപരിഷ്കരണം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ച സംഘടനയായിരുന്നു. 1907-ല്‍ അയ്യന്‍കാളിയുടെ (1866-1941) നേതൃത്വത്തില്‍ ഹരിജനസമുദ്ധാരണത്തിനായി ആരംഭിച്ച "സാധുജനപരിപാലനയോഗ"വും ദൈവവിശ്വാസവും മതാത്മകതയും പുലര്‍ത്തിയസംഘടനയായിരുന്നു. കേരളനവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളെല്ലാംതന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ടവയാണ്. വൈക്കം സത്യാഗ്രഹം (1924 -1925), ഗുരുവായൂര്‍ സത്യാഗ്രഹം (1931-1932), ശ്രീചിത്തിരതിരുന്നാളിന്‍റെ ക്ഷേത്രപ്രവേശനവിളംബരം (1936, നവംബര്‍ 12) തുടങ്ങിയവയെല്ലാം മതപക്ഷത്തുനിന്നാരംഭിച്ച സാമൂഹിക ഇടപെടലുകളായിരുന്നു. ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതില്‍നിന്നും തികച്ചും വിഭിന്നമായി മതനിരാസത്തിലും ഈശ്വരനിഷേധത്തിലും ഊന്നിയശ്രമങ്ങളല്ല മറിച്ച് മതവിശ്വാസത്തിന്‍റെ സര്‍ഗ്ഗാത്മക ഇടപെടലുകളാണ് കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിന്‍റെ കാതല്‍ എന്ന് മനസ്സിലാക്കാനാകും.
അടിക്കുറിപ്പുകള്‍
Kerala Renaissance and Religions the church kerala catholic church Mar Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206