x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ രാഷ്ട്രീയ ദൈവശാസ്ത്രം

കേരള ക്രൈസ്തവരും ദേശീയതയും

Authored by : Mar Joseph Pamplany On 27-Jan-2021

ഭാരതജനസംഖ്യയില്‍ കേവലം രണ്ടരശതമാനം മാത്രം വരുന്ന ക്രൈസ്തവര്‍ മാതൃരാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ മാതൃകാപരമാണ്. എന്നാല്‍ ഭാരതക്രൈസ്തവര്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ ദല്ലാളുകളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന ദുരാരോപണം മതമൗലികവാദികളും നിരീശ്വരവാദികളും ചേര്‍ന്ന് പലപ്പോഴും ഉന്നയിക്കാറുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ജീവനെപ്പോലും തൃണവല്‍ഗണിച്ച് ധീരനേതൃത്വം കൊടുത്ത  ക്രൈസ്തവരായ ദേശാഭിമാനികളുടെ പേരുപോലും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് വെട്ടിനീക്കിക്കൊണ്ടിരിക്കുകയാണ്.

പാശ്ചാത്യര്‍ ക്രൈസ്തവരായിരുന്നതിനാല്‍  തദ്ദേശീയക്രൈസ്തവര്‍ വിദേശ ശക്തികളെ സ്വാഗതം ചെയ്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിദേശക്രൈസ്തവ മേധാവിത്വത്തിനെതിരെ ആദ്യത്തെ പ്രതിഷേധം കേരളത്തിലെ ക്രൈസ്തവരുടെ ഭാഗത്തുനിന്നാണ് ഉയര്‍ന്നത്. 1653 ജനുവരി 3-ാം തീയതി മട്ടാഞ്ചേരിയിലെ ദൈവമാതാവിന്‍റെ പള്ളിയങ്കണത്തില്‍ കുരിശില്‍ ആലാത്തു കെട്ടി അതില്‍തൊട്ട് തദ്ദേശീയ ക്രൈസ്തവര്‍ സത്യംചെയ്തു ഞങ്ങളും "ഞങ്ങളുടെ സന്തതികളും ഉള്ളിടത്തോളംകാലം വിദേശമേല്‍ക്കോയ്മ അംഗീകരിക്കില്ല". ഭാരത സ്വാതന്ത്ര്യസമരചരിത്രത്തിനു തുടക്കംകുറിച്ച ഐതിഹാസിക സംഭവമായിരുന്നിട്ടും കൂനന്‍ കുരിശുസത്യത്തെ ഇന്ത്യന്‍ ചരിത്രകാരന്മാര്‍  കണ്ടില്ലെന്നു നടിച്ചു.

ജോണ്‍ കച്ചിറമറ്റം ചൂണ്ടിക്കാട്ടിയതുപോലെ, ഇന്ത്യന്‍ ദേശീയ നവോത്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് അധ്വാനിച്ച രാജാ റാം മോഹൻറോയിയും സ്വാമി ദയാനന്ദസരസ്വതിയും അവര്‍ സ്ഥാപിച്ച ബ്രഹ്മസമാജവും ആര്യസമാജവും ക്രൈസ്തവ വീക്ഷണത്തിന്  ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചത്. വിദേശ ക്രൈസ്തവ മിഷനറിമാര്‍ ഇവിടെ ഏര്‍പ്പെടുത്തിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഭാരതീയര്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു. അടിമവ്യാപാരം നിര്‍ത്തലാക്കുന്നതിനും സതി, നരബലി, ശിശുവിവാഹം മുതലായ സാമൂഹ്യദുരാചാരങ്ങള്‍ ഇല്ലാതാക്കുന്നതിനും പരിശ്രമിക്കുവാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഭാരതീയര്‍ തയ്യാറായി മുന്നോട്ടുവന്നു.

 വര്‍ത്തമാനപുസ്തകം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നാഴികക്കല്ലായ മറ്റൊരു സംഭവം "വര്‍ത്തമാനപുസ്തക"ത്തിന്‍റെ പ്രസിദ്ധീകരണമായിരുന്നു. 605 നാട്ടുരാജ്യങ്ങളായി ഭിന്നിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന ഭാരതീയരില്‍ "ഇന്ത്യ" എന്ന മാതൃരാജ്യവികാരം ആദ്യമായി ഉണര്‍ത്തിയത് മലയാളത്തിലെ ആദ്യത്തെ യാത്രാ വിവരണഗ്രന്ഥം കൂടിയായ വര്‍ത്തമാനപുസ്തകമായിരുന്നു. പാറേമ്മാക്കല്‍ തോമാകത്തനാര്‍ രചിച്ച ഈ ഗ്രന്ഥത്തിലാണ് "സ്വയം ഭരണം" എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വിദേശ മേധാവിത്വത്തിനെതിരെ ഭാരതത്തില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമായ വര്‍ത്തമാനപുസ്തകങ്ങളെക്കുറിച്ച് പ്രൊഫ. മീനാക്ഷി അമ്മയുടെ നിരൂപണം ശ്രദ്ധേയമാണ്.

ഈ കൃതിയില്‍ ഏതുഭാഗവും മുന്നിട്ടുനില്‍ക്കുന്നത് മല്പാന്‍റെ രാജ്യാഭിമാനവും ദേശസ്നേഹവും വര്‍ഗ്ഗാഭിമാനവും ഭാഷാസ്നേഹവുമാണ്. സൂക്ഷ്മ ചിന്തകനും നീതിജ്ഞനുമായ കത്തനാര്‍ ഓരോ സന്ദര്‍ഭത്തിലും തന്‍റെ അനുഭവങ്ങള്‍ പകര്‍ത്തിയിട്ട് വിചാരപരമായ ഒരു തത്വനിരൂപണം നടത്തിയിട്ടുള്ളത് വായിക്കുമ്പോഴാണ് ഈ മനോഭാവങ്ങളുടെ മാഹാത്മ്യം മനസ്സിലാകുന്നത്. ഗര്‍വ്വിഷ്ഠന്മാരായ വിദേശികള്‍ മല്പാനോടും മറ്റും വീരപാണ്ടിദേശത്തു വച്ച് ബഹുമാനം കാണിക്കാത്തതില്‍ അവിടെയുള്ള നാടന്‍ ക്രിസ്ത്യാനികള്‍ക്ക് വിഷമമുണ്ടായതിനെപ്പറ്റി കത്തനാര്‍ വര്‍ത്തമാനപുസ്തകത്തില്‍ ഇങ്ങനെ പറയുന്നു ഇത് എന്തുകൊണ്ട്? പക്ഷെ മുന്‍പില്‍ ഞങ്ങളുമായിട്ടുള്ള കണ്ടറിവുകൊണ്ടോ, ഞങ്ങള്‍ ഏതാനും മനോഗുണം അവര്‍ക്കു ചെയ്തതുകൊണ്ടോ ആയത് ഒന്നുകൊണ്ടുമല്ല പിന്നെയോ നാമെല്ലാവരും ഒരു ജാതി അതായത് ഇന്ത്യാക്കാരായതുകൊണ്ട് വര്‍ഗ്ഗത്തിനടുത്ത ഈ സ്നേഹം അവരുടെ ഹൃദയങ്ങളെ ഇളക്കിയതുകൊണ്ടത്രെ .

ഇന്നത്തെ ഭാരതീയര്‍ക്കുപോലും ഭാവിക്കാന്‍ കഴിയാത്ത ഒരു സ്വയാഭിമാനമല്ലേ ഗ്രന്ഥകര്‍ത്താവിന്‍റെ ശക്തിയേറിയ വാക്കുകളില്‍ നാം കാണുന്നത്. ഇന്ത്യന്‍ ജനത അറുനൂറില്‍പരം നാട്ടുരാജ്യങ്ങളായി വിഭജിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ്, പഞ്ചാബിയെന്നും മലയാളിയെന്നും ബംഗാളിയെന്നും പറയുകയും അങ്ങനെ ഹ്രസ്വമായി ചിന്തിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് തോമാക്കത്തനാര്‍ നാം ഭാരതീയരെന്ന് ഉറക്കെ പ്രഖ്യാപിച്ചത്.

പാറേമ്മാക്കല്‍ തോമാക്കത്തനാരും  കരിയാറ്റി ജോസഫ് മല്പാനും റോമിലേക്കു നടത്തിയ യാത്രയുടെ വിവരണമായി മാത്രം വര്‍ത്തമാനപുസ്തകത്തെ കാണരുത്. മറിച്ച് സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമുള്ള അഗ്നിസ്പുലിംഗങ്ങള്‍ ഭാരതീയന്‍റെ മനസ്സില്‍ ആദ്യമായി ഉണര്‍ത്തിയ മഹത്തായ ഗ്രന്ഥമായിരുന്നു വര്‍ത്തമാനപുസ്തകം.

 അങ്കമാലി പടിയോലയും ദീപികയും

1787 ഫെബ്രുവരി ഒന്നാം തിയതി പ്രസിദ്ധീകരിച്ച "അങ്കമാലിപടിയോല" സ്വാതന്ത്ര്യസമരചരിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക ചുവടുവെപ്പായിരുന്നു. പാറേമ്മാക്കല്‍ തോമാക്കത്തനാരെ സ്വയംഭരണാവകാശമുള്ള മെത്രാപ്പോലീത്തയായി അംഗീകരിച്ചില്ലെങ്കില്‍ പോര്‍ച്ചുഗീസു രാജ്ഞിയുടെ അധികാരം കേരള ക്രൈസ്തവര്‍ അംഗീകരിക്കില്ല എന്നതായിരുന്നു അങ്കമാലിപടിയോലയുടെ ഉള്ളടക്കം.

മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ  സ്വയം ഭരണത്തിനുള്ള ആഗ്രഹമാണ് ഈ പടിയോലയില്‍ ദര്‍ശിക്കുക. മാര്‍ കരിയാറ്റിയും  പാറേമ്മാക്കല്‍ തോമാക്കത്തനാരും തച്ചില്‍ മാത്തുതരകനും പൂനത്തില്‍ ഇട്ടിക്കുരുവിള തരകനും ഒക്കെകൂടി നയിച്ച സഭയിലെ ഈ സ്വാതന്ത്ര്യസമരം 20-ാം നൂറ്റാണ്ടില്‍ നടക്കാനിരിക്കുന്ന സംഘടിതമായ രാഷ്ട്രീയ വിമോചന പ്രസ്ഥാനത്തിന്‍റെ മുന്നോടിയായിരുന്നുവെന്ന് തറപ്പിച്ചു പറയാന്‍ സാധിക്കും.

1887 ല്‍ ഏപ്രില്‍ 15 ന് മാന്നാനത്തുനിന്ന് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക പുറത്തിറങ്ങി. കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങലെ മൂല്യാധിഷ്ഠിതമായി രൂപീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് കേരള നവോത്ഥാനത്തിന് നെടുനായകത്വം വഹിച്ചത് ദീപികയാണ്. അയിത്തോച്ചാടനം, അധകൃതരുടെ ഉന്നമനം, ക്ഷേത്ര പ്രവേശനസ്വാതന്ത്ര്യം, പൗരാവകാശ സമത്വം, വിദ്യാഭ്യാസ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹിക വിഷയങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ഈ പത്രം മുന്‍പന്തിയിലുണ്ടായിരുന്നു. കൂടാതെ സ്വതന്ത്രഭാരതം എന്ന സുന്ദരസ്വപ്നത്തെ മലയാളിയുടെ മനസ്സില്‍ വിരിയിച്ചെടുക്കാനും സ്വാതന്ത്ര്യസമരാഗ്നി നാടെങ്ങും ആളിപ്പടര്‍ത്താനും ദീപിക പത്രത്തിനു കഴിഞ്ഞു. ദേശീയ അവബോധം സൃഷ്ടിക്കാന്‍ ദിനപത്രത്തോളം ശ്രേഷ്ഠമായി മറ്റൊന്നുമില്ല എന്നു കണ്ടെത്തി അതിനായി അത്യധ്വാനം ചെയ്ത ക്രൈസ്തവനേതാക്കളുടെ ക്രാന്തദര്‍ശനം അത്ഭുതാവഹമാണ്.

 വൈക്കം സത്യാഗ്രഹവും ക്രൈസ്തവരും

താഴ്ന്ന ജാതിക്കാര്‍ക്ക് വൈക്കം ക്ഷേത്രത്തിനു സമീപമുള്ള വഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് വൈക്കത്ത് നടന്ന 603 ദിവസങ്ങള്‍ നീണ്ട സമരമാണ് വൈക്കം സത്യാഗ്രഹമെന്ന പേരില്‍ അറിയപ്പെടുന്നത്. "വൈക്കം സത്യാഗ്രഹത്തിലെ പുലയപങ്കാളിത്തം" എന്ന വ്യഖ്യാത ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ മുന്‍മന്ത്രി പി.കെ രാഘവന്‍ എഴുതിയ വരികള്‍ ഈസമരത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു:

വസ്തുത എന്തുതന്നെയായാലും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സംഭവമായിരുന്നു. അക്കാലത്തെ അധ:സ്ഥിതരുടെ സ്ഥിതി പുതിയ തലമുറയ്ക്ക് ഉള്‍കൊള്ളാനോ സങ്കല്‍പ്പിക്കാനോ കഴിയുകയില്ല. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലുടനീളം അവര്‍ണ്ണന്‍റെ നില അതായിരുന്നു. ജാതി അതിന്‍റെ എല്ലാ ക്രൂരതകളോടും കൂടി അഴിഞ്ഞാടിയകാലമായിരുന്നു അത്. ഇവിടെ ശ്രീനാരായണഗുരുവും ഭാരതം ദര്‍ശിച്ച സാമൂഹ്യ വിപ്ലവകാരികളിലെ മുന്‍നിരക്കാരനായ ശ്രീ. അയ്യന്‍കാളിയുമെല്ലാം നടത്തിയ ധീരമായ പോരാട്ടങ്ങളെ ആ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. പൊതുവഴിയെ നടക്കാന്‍, മാറുമറയ്ക്കാന്‍ കല്ലുമാല മാറ്റാന്‍, അക്ഷരം പഠിക്കാന്‍ അധസ്ഥിതത്വം അവസാനിപ്പിക്കാന്‍ ഒക്കെയായിരുന്നു ആ പോരാട്ടങ്ങള്‍. സംഘബലം സ്വരൂപിച്ചായിരുന്നു അവര്‍ ആ പോര് സംഘടിപ്പിച്ചത്. രൂപത്തിലും ഭാവത്തിലും വിദ്യയിലും സ്വത്തിലും ശുചിത്വത്തിലും ജാതിഹിന്ദുക്കള്‍ക്ക് സമന്മാരായിട്ടും എന്‍റെ ഈഴവര്‍ അയിത്തക്കാരായി എന്ന് ഗാന്ധിജി സമ്മേളനത്തില്‍ ഉറക്കെചോദിച്ചതും, ഇവിടമാണ് ജാതിയുടെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പ്രവചിച്ചതും അക്കാലത്തായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്‍റെ പുറത്തുള്ളവരെല്ലാം ഇവിടെ വഞ്ചകരും അതുകൊണ്ട് തന്നെ ഹീനരും മ്ലേച്ഛരും ചണ്ഡാലന്മാരുമൊക്കെയായിരുന്നു. അവരെ തല്ലാനും കൊല്ലാനും വില്‍ക്കാനും വിലയ്ക്കുവാങ്ങാനും ജാതിശ്രേണിയില്‍പ്പെട്ടവര്‍ക്കും അവകാശമുണ്ടായിരുന്നു.

1923 ല്‍ മൗലാനാ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ കാക്കിനാടയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം അയിത്തോച്ഛാടന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ തീരുമാനിച്ചു. ഈ തീരുമാനപ്രകാരം 1924 മാര്‍ച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു. തിരിവിതാംകൂര്‍ പ്രജാസഭയില്‍ വൈക്കം സത്യാഗ്രഹത്തിന് പിന്തുണനല്‍കി വീറോടെവാദിച്തും ഫാ. ജോസഫ് വെട്ടിക്കാപ്പിള്ളി, ശ്രീ. പോള്‍ വി. ഡാനിയേല്‍, ശ്രീ. ജോണ്‍ നിധീരി, ഷെവലിയാര്‍ ഇലഞ്ഞിക്കല്‍ തര്യതുതൊമ്മന്‍, കെ.സി മാമ്മന്‍ മാപ്പിള തുടങ്ങിയവരായിരുന്നു. ശ്രീമതി ആനിബസന്‍റിന്‍റെ ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജജ് ജോസഫ് കൂടി എത്തിയതോടെ സത്യാഗ്രഹം ജനശ്രദ്ധനേടി. സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ ക്രിസ്ത്യാനികളില്‍ ജോര്‍ജ്ജ് ജോസഫ് ഭജേതരം മാത്തുണ്ണിയും കുരുവിള മാത്യുവും പൂവത്തുംമൂട്ടില്‍ സെബാസ്റ്റ്യനും ഉള്‍പ്പെടുന്നു. സഞ്ചാരസ്വാതന്ത്ര്യം പൗരാവകാശമാണെന്ന് സ്ഥാപിച്ച് ശ്രീ. എം. എം. വര്‍ക്കി തയ്യാറാക്കിയ ലേഖനങ്ങള്‍ ജനമനസാക്ഷി ഉണര്‍ത്തി.

സത്യാഗ്രഹ പന്തല്‍ സന്ദര്‍ശിച്ച മഹാത്മാഗാന്ധി അഹിന്ദുക്കള്‍ സമരത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതിനാല്‍ പ്രത്യക്ഷസമരരംഗത്തുനിന്ന് ക്രൈസ്തവര്‍ മാറിനില്‍ക്കേണ്ടി വന്നു. എന്നാല്‍, തമിഴ്നാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പഞ്ചാബില്‍നിന്ന് 15 അംഗ സിക്ക പ്രതിനിധി സംഘത്തെയും  വൈക്കത്ത് എത്തിക്കുന്നതിനും സത്യാഗ്രഹികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫിന്‍റെ സ്വാധീനം ശക്തമായിരുന്നു. ക്രൈസ്തവരുടെ ശക്തമായ നേതൃത്വവും പിന്തുണയും മൂലമാണ് വൈക്കം സത്യാഗ്രഹം വിജയം കണ്ടതെന്ന് സാരം.

 മലയാളി മെമ്മോറിയലും പൗരസമത്വവും

തിരുവിതാംകൂറില്‍ നടന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ഏറ്റവും പ്രസക്തമായത് മലയാളി മെമ്മോറിയലാണ്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ മനസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന രാമയ്യന്‍ എന്ന തമിഴ്ബ്പാഹ്മണന്‍രെ സ്വാധീനത്തില്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളത്രെയും പരദേശികളായ തമിഴ് ബ്രാഹ്മണര്‍ക്കു ലഭിച്ചുതുടങ്ങി. പരദേശ ബ്രാഹ്മണരുടെ പ്രാമാണ്യം ഉച്ചാവസ്ഥയിലെത്തിയത് ദിവാന്‍ ടി. മാധവറാവുവിന്‍റെ കാലത്താണ്.

ഇംഗ്ലീഷിലുള്ള ഉയര്‍ന്ന വിദ്യാഭ്യാസം സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കുള്ള പ്രവേശനത്തിന്‍റെ മുഖ്യമാനദണ്ഡമായതോടുകൂടി പരദേശബ്രാഹ്മണരുടെ മുന്നേറ്റം അപ്രതിരോദ്ധ്യമായിത്തീര്‍ന്നു. 1890 ല്‍ മുന്‍ദിവാന്‍ ടി.ധവറാവുവിന്‍റെ ബന്ധുവായ ടി. രാമറാവു ദിവാന്‍ജിയായി.  അന്നത്തെ നാലു ദിവാന്‍പേഷ്കാരന്മാരില്‍ മൂന്നുപേരും ബിരുധദാരികളായ പരദേശബ്രാഹ്മണരായിരുന്നു. ഹൈക്കോടതകളിലേയും ജില്ലാക്കോടതികളിലേയും പതിനെട്ട് ജഡ്ജിമാരുടെ സ്ഥാനങ്ങളും അവരാണ് വഹിച്ചിരുന്നത്. ലൈസന്‍സുള്ള 231 വക്കീലന്മാരും പ്ലീഡന്മാരില്‍ 145 പേരും മറ്റാരുമായിരുന്നില്ല. ഇരുപത്തിയൊന്‍പത് തഹസില്‍ദാര്‍മാരില്‍ പതിനഞ്ച് പേരും മുപ്പത് ഇംഗ്ലീഷ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ പതിനേഴ് പേരും പരദേശബ്രാഹ്മണന്മാരായിരുന്നു.  

തൊഴില്‍പരമായ ഈ സാമൂഹിക അനീതിക്കെതിരെ സമരം നടത്തിയവരില്‍ പ്രമുഖന്‍ നിധീരിക്കല്‍ മാണിക്കത്തനാറായിരുന്നു. തൊഴില്‍ മേഖലകളില്‍ തദ്ദേശീയര്‍ക്ക് പ്രാമുഖ്യം വേണം എന്ന് ആവശ്യപ്പെടുന്ന ഭീമഹര്‍ജിയില്‍. 10037 പേര്‍ ഒപ്പിട്ടു. മെമ്മോറിയല്‍ സമര്‍പ്പണത്തെക്കുറിച്ച് ഉയര്‍ന്ന സാമുദായിക തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചത് മാണിക്കത്തനാരുടെ സന്ദര്‍ഭോജിതമായ ഇടപെടലിലൂടെയായിരുന്നു. മലയാളിമെമ്മോറയല്‍ സമര്‍പ്പണത്തില്‍ ദീപിക ദിനപ്പത്രവും സര്‍വ്വവിധ പിന്തുണയും നല്‍കിയിരുന്നു. രാജഭരണകാലത്ത് ദിവാന്‍റെ നയങ്ങള്‍ക്കെതിരെ നിലകൊള്ളുക ആത്മഹത്യാപരമായിരുന്നിട്ടും അതിനായി ധീരമായി നിലകൊള്ളുകയും നനാജാതി മതസ്ഥരായ കേരളീയര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ക്രിസ്തീയ സമൂഹം വഹിച്ച പങ്ക് നിസ്തുലമാണ്.

 നിവര്‍ത്തനപ്രക്ഷോപം

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മണസഭ ആരംഭിച്ചത് തിരുവിതാംകൂറില്‍ ആയിരുന്നു.1888 ല്‍ ആരംഭിച്ച നിയമനിര്‍മ്മാണസഭയില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഇല്ലായിരുന്നു. സവര്‍ണ്ണവിഭാഗങ്ങള മാത്രം ജനപ്രതിനിധികളാകുന്ന സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. നികുതി നല്‍കുന്നവര്‍ക്കു മാത്രമായി വോട്ടവകാശം നിജപ്പെടുത്തിയതിനാല്‍ ദരിദ്രരും അധഃസ്ഥിത വിഭാഗവും ജനപ്രതിനിധി സഭയും നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്നു.

അന്നത്തെ സമ്മതിദാന യോഗ്യതയും നിയോജകമണ്ഡല വിഭജനവും പൊതുവെ വളരെ തുച്ഛമായ ഒരു ചെറിയവിഭാഗത്തിനു മാത്രം പൗരാവകാശം ലഭിക്കത്തക്കതായിരുന്നുവെന്നതിനും പുറമെ ആ ചെറിയവിഭാഗം തന്നെ സാമുദായികമായി സവര്‍ണ്ണഹിന്ദുക്കളില്‍ മാത്രം ഉള്‍പ്പെടുന്നവരുമായിരുന്നു. 1922-ലെ തിരഞ്ഞെടുപ്പില്‍ 13.47 ലക്ഷം ജനസംഖ്യയുള്ള നായന്മാര്‍ക്കും സവര്‍ണ്ണഹിന്ദുക്കള്‍ക്കും കൂടി 16 സീറ്റ് ലഭിച്ചപ്പോള്‍ 16.04 ലക്ഷം ജനസംഖ്യയുള്ള ക്രൈസ്തവര്‍ക്ക് 7 സീറ്റും 8.69 ലക്ഷം ജനസംഖ്യയുള്ള ഈഴവര്‍ക്കും 3. 53 ലക്ഷം ജനസംഖ്യയുള്ള മുസ്ലീംങ്ങള്‍ക്കും പൂജ്യം സീറ്റുവീതമാണ് ലഭിച്ചത്. 1925-ലെ തിരഞ്ഞെടുപ്പില്‍ സവര്‍ണ്ണ-നായര്‍ ഹിന്ദുകകള്‍ക്ക് 17 സീറ്റ് ലഭിച്ചപ്പോള്‍ ക്രൈസ്തവര്‍ക്ക് വെറും 7 സീറ്റും 1928-ലെ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ക്ക് 16 സീറ്റ് ലഭിച്ചപ്പോള്‍ ക്രൈസ്തവര്‍ക്ക് വെറും 4 സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ നാല് തെരഞ്ഞെടുപ്പുകളിലും 8.69 ലക്ഷം ജനസംഖ്യയുള്ള ഈഴവര്‍ക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. 1928 തിരഞ്ഞെടുപ്പില്‍ മാത്രം മുസ്ലീങ്ങള്‍ക്കും 1931-ലെ തിരഞ്ഞെടുപ്പില്‍ മാത്രം അവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ഓരോ സീറ്റ് മാത്രം ലഭിച്ചു. അന്നത്തെ നിയോജകമണ്ഡല വിഭജനവും വോട്ടവകാശരീതിയും നായന്മാര്‍ക്കും സവര്‍ണ്ണഹിന്ദുക്കള്‍ക്കും മാത്രം പ്രവേശനം ലഭിക്കുന്ന രീതിയിലായിരുന്നു.5

ഈഴവര്‍, മുസ്ലീംങ്ങള്‍ എന്നിവര്‍ ജനപ്രതിനിധിസഭയില്‍ നിന്ന് സമ്പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടതിനെതിരെയും ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കാതിരുന്തിനെതിരേയും ക്രൈസ്തവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പ്രക്ഷോപമാണ് നിവര്‍ത്തനപ്രക്ഷോഭം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. നിവേദനങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. 1932 ഒക്ടോബര്‍ 15-ന് ശ്രീചിത്തിരത്തിരുന്നാള്‍ബാലരാമവര്‍മ്മ രാജാവിനു സമര്‍പ്പിച്ച നിവേദനത്തില്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ സമുദായങ്ങള്‍ക്കും  ലഭ്യമാകണമെന്ന് ക്രൈസ്തവര്‍ ആവശ്യപ്പെട്ടു. ഇതരസമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയും എക്കാലവും കേരളക്രൈസ്തവര്‍ നിലകൊണ്ടിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് നിവര്‍ത്തനപ്രക്ഷോഭം. ശ്രീ. ജോണ്‍ നിധീരി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്, കെ.റ്റി. തോമസ്, ഇലഞ്ഞിക്കല്‍ ജോണ്‍, എന്‍. വി. ജോസഫ് തുടങ്ങിയ ക്രൈസ്തവ പ്രമുഖര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ചവരാണ്. എന്നാല്‍ പില്‍ക്കാലചരിത്രഗരന്ഥങ്ങളെല്ലാം നിവര്‍ത്തനപ്രക്ഷോഭചരിത്രം അവതരിപ്പിച്ചപ്പോള്‍ ഈ നായകരെ വിസ്മരിച്ചു.

നിവര്‍ത്തനപ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് വൈസ്രോയിയായ വെല്ലിംഗ്ടണ്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിക്കുന്നത്. 1933 -ല്‍ കൊല്ലത്തുവന്ന വൈസ്രോയിയെ നിവര്‍ത്തനപ്രക്ഷോഭകരുടെ ആവശ്യം ബോധ്യപ്പെടുത്താന്‍ ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്. എം. എം. വര്‍ക്കി തുടങ്ങിയവരുടെ ഇടപെടലിലൂടെ സാധ്യമായി. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി. പി രാമസ്വാമി അയ്യര്‍ ഉരുക്കുമുഷ്ടികൊണ്ട് നിവര്‍ത്തനപ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടു. സര്‍ക്കാരിന്‍റെ നിരോധനാജ്ഞ ലംഘിച്ച് 1935 മെയ് 13-ന് കോട്ടയത്തുനടന്ന സമ്മേളനത്തിന്‍റെ അധ്യക്ഷനായിരുന്ന സി. കേശവന്‍ ജയിലിലടക്കപ്പെട്ടു. ഇതോടെ ടി. എം വറുഗീസിന്‍റെ നേതൃത്വത്തില്‍ നിവര്‍ത്തനപ്രക്ഷോഭം തിരുവിതാംകൂറില്‍ ആളിപ്പടര്‍ന്നു. 1936 ആഗസ്ത് 16-ന് നിവര്‍ത്തനപ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.

ഇതേ സമുദായങ്ങളുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ ത്തിച്ച സാമൂഹികാസമത്വങ്ങള്‍ തുടച്ചുനീക്കുന്നതില്‍ ക്രൈസ്തവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

കുമ്പളത്തു ശങ്കുപ്പിള്ള തന്‍റെ ആത്മകഥയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. "നിവര്‍ത്തനപ്രക്ഷോണ കാലം മുതല്‍ ഇവിടുത്തെ ക്രിസ്തീയ സമുദായങ്ങള്‍ രാഷ്ട്രീയ പ്രക്ഷോഭണങ്ങള്‍ വഴി നിര്‍വ്വഹിച്ച പങ്ക് മറ്റ് ഏതു സമൂദായത്തെ അപേക്ഷിച്ചു നോക്കിയാലും പിന്നിലല്ലായിരുന്നു. രാഷ്ട്രീയമായ പ്രക്ഷോഭണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും കൈയയച്ചു സംഭാവന ചെയ്യുന്ന കാര്യത്തിലും അവര്‍ മുന്നോക്കമായിരുന്നു."

 ക്രൈസ്തവര്‍ വര്‍ഗ്ഗീയതയ്ക്കെതിരെ

ക്രൈസ്തവസമൂഹം എക്കാലത്തും വര്‍ഗ്ഗീയപരമായ നിലപാടുകള്‍ക്കെതിരെ നിലയുറപ്പിച്ചിരുന്നു. റീജന്‍റ് മഹാറാണിയുടെ ഭരണകാലത്ത് ദിവാന്‍ രാഘവയ്യായുടെ ഏപിന്‍ഗാമിയായി നിഷ്പക്ഷമതിയും സമര്‍ത്ഥനുമായ വ്യക്തി എന്ന നിലയില്‍ ഇംഗ്ലണ്ട് വക്കീലായിരുന്ന ലെഫ്റ്റന്‍റ് കേണല്‍ മോറിസ്. ഇ. വാട്സിനെ നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ക്രിസ്ത്യാനി ആണ് എന്ന കാരണത്താല്‍ നിയമനത്തിനെതിരെ വര്‍ഗ്ഗീയ വികാരം ഉണര്‍ത്തി വിട്ടുകൊണ്ട് പട്ടം താണുപിള്ള, വി. അച്ചുതമേനോന്‍, പി. കെ. നാരായണപ്പിള്ള തുടങ്ങിയ പൗരപ്രമുഖര്‍ രംഗത്തുവന്നത് ക്രൈസ്തവരെ അക്ഷരാര്‍തത്ഥത്തില്‍ ഞെട്ടിച്ചു. സര്‍വ്വസമുദായമൈത്രിയുടെ വക്താക്കളായി നാളിതുവരെ നിലകൊണ്ട ഇവരുടെ വര്‍ഗ്ഗീയ ചായ്വ് ക്രിസ്ത്യാനികലെ ഏറെ വേദനിപ്പിച്ചു എങ്കിലും ക്രൈസ്തവ സമീപനം പാലിച്ചു.

നിവര്‍ത്തനപ്രക്ഷോഭത്തിലൂടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന തത്വം അംഗീകരിക്കപ്പെട്ടപ്പോള്‍ ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യരും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ക്രൈസ്തവര്‍ക്കെതിരായിരുന്നു. എന്നാല്‍ 1937 ല്‍ തിരഞ്ഞെടുപ്പു വന്നപ്പോള്‍ ക്രിസ്ത്യന്‍ - നായര്‍ കൂട്ടുകെട്ടിലൂടെ മൃഗീയ ഭൂരിപക്ഷം നേടാമെന്ന ആശയവുമായി എന്‍. എസ്. എസ്. മുന്നോട്ടു വന്നു. ഇതരസമുദായങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിക്കുന്ന തരത്തിലുള്ള മുന്നണിബന്ധം ശരിയല്ലെന്നു വാദിച്ച്  ക്രിസ്ത്യന്‍ നേതാക്കളായ ഇ. ജെ. ജോണും എ.എ പോളും ഈ നീക്കത്തെ എതിര്‍ത്തു. സാമുദായികവും രാഷ്ട്രീയപരവുമായി ചിന്തിക്കുമ്പോള്‍ ക്രൈസ്തവ സമുദായത്തിന് വന്‍ നേട്ടം ലഭിക്കാമായിരുന്ന രാഷ്ട്രീയ കൂട്ടുകെട്ട് ഉപേക്ഷിച്ചതിലൂടെ വര്‍ഗ്ഗീയതയ്ക്കെതിരെ ധീരമായ നിലപാടാണ് ക്രൈസ്തവ നേതൃത്വം കൈകൊണ്ടത്.

വര്‍ഗ്ഗീയ നലപാടുകള്‍ക്കെതിരെ ക്രൈസ്തവ സമൂഹം സ്വീകരിച്ച നിലപാട് മാതൃകാപരമായിരുന്നു. സ്വന്തമായി സാമുദായിക രാഷ്ട്രീയസംഘടന സ്ഥാപിക്കാതെ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ക്രൈസ്തവര്‍ തീരുമാനിച്ചത്. തിരുവിതാംകൂറിലെ കോണ്‍ഗ്രസ് സംഘടനയെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘടന എന്ന് സര്‍ സി. പി യും എന്‍. എസ്. എസും അക്ഷേപിച്ചിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ജില്ലാതല നിയമലംഘനയോഗങ്ങളില്‍ പങ്കെടുത്തവരില്‍ നിന്ന് ഈഴവരെയും മുസ്ലീംങ്ങളെയും ഒഴിവാക്കി ക്രൈസ്തവരെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്ത് മര്‍ദ്ദിക്കാന്‍ ദിവാന്‍ ഉത്തരവിട്ടു. സമുദായങ്ങളില്‍ ഭിന്നത വളര്‍ത്തുക ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തുക എന്നിവയായിരുന്നു ദിവാന്‍റെ ലക്ഷ്യം. എസ്. എന്‍. ഡി. പി. എന്‍. എസ്. എസ്. തുടങ്ങിയ സമുദായ സംഘടനകളെ ക്രൈസ്തവര്‍ക്കെതിരെ തിരിക്കുന്നതിനായി സര്‍. സി. പി. വിദഗ്ധമയ കരുക്കള്‍ നീക്കിയിരുന്നു. 1944 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളില്‍ പെടാത്തവരുടെയും സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പത്രികകള്‍ തള്ളിക്കളഞ്ഞുകൊണ്ട് നായര്‍ - ഈഴവ കൂട്ടുകെട്ടിന് വന്‍ ഭൂരിപക്ഷം നേടാന്‍ സര്‍. സി. പി. കളമൊരുക്കി.

കേരളചരിത്രം പരിശോധിച്ചാല്‍ വര്‍ഗ്ഗീയധ്രുവീകരണത്തിന്‍റെ സാധ്യതകള്‍ തെളിഞ്ഞുവന്ന സര്‍വ്വസാഹചര്യങ്ങളിലും മതസാഹോദര്യത്തിന്‍റെ ദീപനാളം അണയാതെ കാത്തുസൂക്ഷിക്കാന്‍ ക്രൈസ്തവസഭ പ്രതിബദ്ധമായിരുന്നു എന്ന് വ്യക്തമാകും. ക്രൈസ്തവസഭയില്‍ അനേകം സാമുദായിക സംഘടനകള്‍ ഉണ്ടായിരുന്നിട്ടും, കേഡര്‍ പാര്‍ട്ടികളെ വെല്ലുന്ന കെട്ടുറപ്പ് കൈമുതലായി ഉണ്ടായിരുന്നിട്ടും അവയിലൊന്നുപോലും രാഷ്ട്രീയമുതലെടുപ്പിന് രംഗത്തിറങ്ങിയിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. കാലാകാലങ്ങളില്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗ്ഗീയതയെ ഊതിക്കത്തിച്ചവര്‍ പ്രസ്തുതപാപഭാരത്തിന്‍റെ പങ്കാളിത്തം ക്രൈസ്തവസഭകളുടെമേല്‍ ആരോപിക്കുന്നത് ചരിത്രത്തിലുള്ള അജ്ഞതകൊണ്ടോ പ്രത്യയശാസ്ത്ര അന്ധതകൊണ്ടോ ആണ്.

 

അടിക്കുറിപ്പുകള്‍

  1. ജോണ്‍ കച്ചിറമറ്റം, ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, p. 89.
  2. lbid., p. 98
  3. പി.കെ രാഘവന്‍, വൈക്കം സത്യാഗ്രഹത്തിലെ പുലയപങ്കാളിത്തം, p.4.
  4. ജോണ്‍ കച്ചിറമറ്റം, ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, p. 124.
  5. lbid., p. 181182..

Kerala Christians and Nationalism kerala catholic church theology Mar Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message