x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം

വിധി

Authored by : Mar Joseph Pamplany On 27-Jan-2021

മരണം മനുഷ്യന്‍റെ അന്ത്യമല്ലെന്നും മരണത്തിനപ്പുറമൊരു ജീവിതമുണ്ടെന്നും മാനവരാശി വിശ്വസിക്കുന്നതായി നാം കണ്ടുകഴിഞ്ഞു. മരണാനന്തര ജീവിതത്തോടു അഭേദ്യം ബന്ധപ്പെട്ട ഒന്നാണ് മനുഷ്യന്‍റെ ധാര്‍മ്മിക നിയമങ്ങളെല്ലാം തന്നെ. മരണാനന്തര ജീവിതത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് മനുഷ്യന്‍ വ്യത്യസ്ത ചിന്താഗതികളാണ് വച്ചുപുലര്‍ത്തുന്നതെങ്കിലും ലോകജീവിതത്തിന് മരണാനന്തര ജീവിതത്തിന്മേലുള്ള നിര്‍ണ്ണായക ശക്തി എല്ലാവരുംതന്നെ അംഗീകരിക്കുന്നു. മറ്റുവാക്കില്‍ മരണാനന്തര ജീവിതത്തെ സംബന്ധിച്ച വിധിതീര്‍പ്പ്, മരണത്തോടെ അവസാനിക്കുന്ന ഈലോക ജീവിതകാലത്തുതന്നെ നടക്കുന്നു എന്ന വിശ്വാസം തര്‍ക്കമറ്റതാണ്.

മരണാനന്തരമുള്ള വിധി എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ കടന്നു വരിക സമാന്തര സുവിശേഷങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അന്ത്യവിധിയെ സംബന്ധിച്ച ചിത്രങ്ങളാണ് (മത്തായി 25) ചെങ്കോലുമേന്തി സിംഹാസനാരൂഢനായിരിക്കുന്ന വിധികര്‍ത്താവായ ക്രിസ്തു. ലോകത്തിന്‍റെ നാലു ഭാഗങ്ങളിലുംനിന്ന് അവിടുത്തെ ന്യായാസനത്തിനു മുമ്പിലേക്ക് ദുഷ്ടന്മാരും ശിഷ്ടന്മാരും മാലാഖാമാരാല്‍ ആനീതരാകുന്നു. അവിടെ അവരുടെ ചെയ്തികള്‍ വിലയിരുത്തുന്നു. നല്ലവര്‍ നിത്യഭാഗ്യത്തിനായി ക്ഷണിക്കപ്പെടുന്നു. ദുഷ്ടന്മാര്‍ നിത്യനരകത്തിനായി ശിക്ഷിക്കപ്പെടുന്നു. കോടതിയും കേസ്സുവിസ്താരവും നമുക്കു പരിചിതമാകയാല്‍, മരണാനന്തരവിധിയും അത്തരമൊരു നീതിന്യായ കോടതിയുടെ ചിത്രം നമ്മിലേക്ക് കൊണ്ടുവരുന്നതില്‍ അത്ഭുതമില്ല. കുറ്റാരോപണം, വാദങ്ങള്‍, എതിര്‍വാദങ്ങള്‍, വിധിപ്രസ്താവന എന്നിങ്ങനെ കേവലം നൈയാമികമായ ഒരു പ്രവൃത്തിയാണോ ദൈവിക വിധി? മനുഷ്യാന്ത്യങ്ങളായി നാം സാധാരണ പറയാറ് മരണം, വിധി, സ്വര്‍ഗ്ഗം, നരകം എന്നിവയാണ്. എന്നാല്‍ മനുഷ്യനു ഏക അന്ത്യമേ ഉള്ളൂ - സ്വര്‍ഗ്ഗം. സ്വര്‍ഗ്ഗപ്രാപ്തിക്കു മുമ്പായി മരണവും വിധിയും നടക്കുന്നു. മരണത്തെക്കുറിച്ച് വിശദമായി നാം ചര്‍ച്ച ചെയ്യുകയുണ്ടായി, ഈ അധ്യായത്തില്‍ വിധിയെപ്പറ്റി പരിചിന്തിക്കാം.

'വിധി' എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പന, ആജ്ഞ, കോടതി ഉത്തരവ്, തീര്‍പ്പ്, നിര്‍മ്മാണം, സൃഷ്ടി എന്നെല്ലാമാണ്. വിരുദ്ധാഭിപ്രായങ്ങളില്‍ നിജസ്ഥിതി നിര്‍ണ്ണയിക്കലാണ് വിധി. മരണാനന്തര ജീവിതത്തെ പരാമര്‍ശിക്കുമ്പോഴും മനുഷ്യന്‍ നേരിടേണ്ട 'വിധി' സുപ്രധാനമായൊരു ഘടകമാണ്. മനുഷ്യന്‍റെ നല്ലതും ചീത്തയുമായ എല്ലാ പ്രവൃത്തികളും അവയുടെ നന്മതിന്മകളെ ആധാരമാക്കി വിധിക്കപ്പെടണമെന്നും നന്മയ്ക്ക് പ്രതിസമ്മാനവും തിന്മയ്ക്ക് ശിക്ഷയും ലഭിക്കണമെന്നുള്ള തികച്ചും സ്വാഭാവികമായ ധാര്‍മ്മിക നിയമത്തില്‍നിന്നാണ് ഇത്തരമൊരു വിധി ആവശ്യമായി വരുന്നത്. ഭൂമിയില്‍ മനുഷ്യന്‍റെ വിധികള്‍ പരിമിതങ്ങളും അപക്വങ്ങളും പലപ്പോഴും സത്യവിരുദ്ധങ്ങളുമാണ്. മാത്രവുമല്ല, മനുഷ്യന്‍റെ എല്ലാ പ്രവൃത്തികള്‍ക്കും തക്ക പ്രതിഫലം ഈ ലോകത്തുവച്ചു ലഭിക്കുന്നില്ല. അതിനാല്‍ മരണാനന്തര ജീവിതത്തില്‍ വസ്തുനിഷ്ഠമായൊരു വിധിയെ ആധാരമാക്കി സമഗ്രവും സമ്പൂര്‍ണ്ണവുമായ പ്രതിഫലം ലഭിക്കുക നീതി പൂര്‍വ്വകമാണ്.

ദൈവികവിധി : നിര്‍വ്വചനം

പ്രകൃതിയിലൂടെയും പ്രസാദവരത്തിലൂടെയും ദൈവം നല്കുന്ന സ്നേഹപൂര്‍ണ്ണങ്ങളായ പ്രചോദനങ്ങളോട് ദൈവത്തിന്‍റെ സൃഷ്ടികള്‍ നടത്തുന്ന സ്വതന്ത്രമായ പ്രതികരണത്തിനനുരൂപമായി, തന്‍റെ സൃഷ്ടിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയെയാണ് ദൈവിക വിധി എന്നു പറയുന്നത്. വെളിപാടിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍, ഈ ദൈവിക പ്രവൃത്തിയില്‍ നാലു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം. (1) നശീകരണം: നശീകരണമെന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് വ്യക്തി പൂര്‍ണ്ണമായും ഇല്ലാതാകുന്നു എന്നല്ല. ദൈവത്തിന്‍റെ വിധിയില്‍ നടക്കുന്ന നശീകരണം, ക്രിയാത്മകമാണ്. ഇവിടെ നശിപ്പിക്കുന്നത് ദൈവിക പ്രചോദനത്തെ നിരാകരിച്ച മനുഷ്യന്‍റെ പാപമയമായ പ്രതികരണത്തെയാണ്. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ ശക്തി വഴി ഇതിനെ ദൈവത്തിന്‍റെ സ്നേഹനിര്‍ഭരമായ പദ്ധതിക്കനുയുക്തമാക്കിത്തീര്‍ക്കുന്നു. (2) വിശുദ്ധീകരണം:  സൃഷ്ടിയിലുള്ള അസ്വീകാര്യങ്ങളായ ഘടകങ്ങളെ ഇല്ലായ്മ ചെയ്യുന്ന ശുദ്ധീകരണം ഭാഗികമായ നശീകരണമാണ്. സ്വാര്‍ത്ഥതയും സ്വാതന്ത്ര്യത്തിന്‍റെ ദുരുപയോഗവും സൃഷ്ടിച്ച അസന്തുലിതാവസ്ഥ അതിന്‍റെ തിന്മയായ ഫലങ്ങള്‍ പ്രാപിക്കുന്നതില്‍ നിന്നൊഴിവാക്കപ്പെടുന്നു. വേദനാപൂര്‍ണ്ണമാണ് ഈ ശുദ്ധീകരണപ്രക്രിയ. (3) വേര്‍തിരിക്കല്‍: ദൈവത്തെ സ്വീകരിക്കുന്നവരെയും നിരാകരിക്കുന്നവരെയും തമ്മില്‍ വേര്‍തിരിക്കയാണീ പ്രവൃത്തി. (4) പൂര്‍ത്തീകരിക്കല്‍: വിധിക്കപ്പെടുന്ന വ്യക്തിയില്‍ - അയാളിലും-അയാളിലൂടെയും-തന്‍റെ പദ്ധതി പൂര്‍ണ്ണമായും ഫലമണിയാന്‍ ദൈവം ഇടവരുത്തുന്നു. ദൈവിക വിധിയില്‍ ഈ നാലു ഘടകങ്ങളും ഒരേ സമയം അടങ്ങിയിരിക്കുന്നു.

വിധിയുടെ ത്രിമാന സ്വഭാവം

കാലാനുസൃതമാനങ്ങള്‍

വിധിയുടെ സമയാനുസൃതമായ ത്രിമാന സ്വഭാവം വി. ഗ്രന്ഥത്തില്‍ ദര്‍ശിക്കാനാവും.

വിധി ഭൂതകാലത്തില്‍ - ക്രിസ്തുവിന്‍റെ പെസഹാരഹസ്യം:

പെസഹാരഹസ്യമാണ് ദൈവത്തിന്‍റെ വിധിയുടെ കേന്ദ്രം. ക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പും വഴി ലോകം വിധിക്കപ്പെട്ടിരിക്കുന്നു. പെസഹാരഹസ്യം വഴി ക്രിസ്തു ലോകത്തിന്‍റെ വിധിയാളനായിത്തീര്‍ന്നു. വിശുദ്ധ യോഹന്നാന്‍റെ കാഴ്ചപ്പാടില്‍, ലോകത്തിലേക്കു വന്ന, ദൈവത്തിന്‍റെ പ്രകാശവുമായി, അവതരിച്ച വചനവുമായി, വ്യക്തിപരമായി അഭിമുഖീകരിക്കലാണ് വിധി (യോഹ. 3:19). ഈ പ്രകാശത്തെ സ്വീകരിക്കുക രക്ഷയും, തിരസ്ക്കരിക്കുക നാശവും ഒരുവനു പ്രദാനം ചെയ്യുന്നു. ലോകത്തിന്‍റെ അധികാരി ക്രിസ്തുവിനാല്‍ വിധിക്കപ്പെട്ടുകഴിഞ്ഞു (യോഹ. 12:31).  പെസഹാരഹസ്യത്തിന്‍റെ ഉച്ചകോടിയായ കുരിശിലാണ് ക്രിസ്തു യഥാര്‍ത്ഥ വിധിയാളനാവുന്നത്. ക്രിസ്തുവിന്‍റെ ജീവദായക ശക്തിയും വിധിയും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. വിധിക്കുവാനും ജീവന്‍ നല്കുവാനുമുള്ള അധികാരം അവിടുത്തേക്കു സദാ ഉണ്ടായിരുന്നെങ്കിലും അവിടുത്തെ ഉയിര്‍പ്പില്‍ ഈ കഴിവ് അതിന്‍റെ പൂര്‍ണ്ണതയിലെത്തുന്നു. ഉത്ഥിതനായ ക്രിസ്തു ലോകത്തിന്‍റെ വിധിയാളനാണ് (റോമ. 1:4).

ക്രിസ്തുവിന്‍റെ നൈയാമികവും ക്രിയാത്മകവുമായ പ്രവൃത്തിയാണ് ഈ വിധി. ഉച്ചരിക്കലും നടപ്പിലാക്കലും ഒരേ സമയം നടക്കുന്നിവിടെ. ദൈവസ്നേഹത്തിന്‍റെ അത്യുദാത്തമായ പ്രകടനവുമാണിത്. പിതാവായ ദൈവം ക്രിസ്തുവിന്‍റെ പീഡാസഹനത്തിലൂടെ പാപത്തെ വിധിക്കയും ശിക്ഷിക്കയും ചെയ്തു (2കൊറി. 5: 21) വെങ്കിലും ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്ക് ശിക്ഷാവിധിയില്ല (റോമ. 8:1).

വിധി : വര്‍ത്തമാന കാലത്തില്‍ - ക്രിസ്തീയ ജീവിതം:

പെസഹാരഹസ്യത്തില്‍ അധിഷ്ഠിതമായതും അന്തിമ പ്രത്യക്ഷീകരണത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നതുമായ ദൈവിക വിധി, വ്യക്തികളുടെയും രാജ്യങ്ങളുടെയും ജീവിതത്തില്‍ അനുനിമിഷം അനുവര്‍ത്തിക്കപ്പെടുന്ന ഒന്നുകൂടിയാണ്. മൂന്നു രൂപങ്ങളില്‍ ഈ വിധിയെ നമുക്ക് ദര്‍ശിക്കാം.

കൂദാശകള്‍: ഉത്ഥിതനായ ക്രിസ്തുവിന്‍റെ ക്രിയാത്മക പ്രവര്‍ത്തനത്തില്‍ സഭയിലൂടെ ഭാഗഭാക്കാവുന്ന, ദൈവമനുഷ്യ സംഗമത്തിന്‍റെ വേദികളാണു കൂദാശകള്‍. അന്തിമവിധിയില്‍ സമ്പൂര്‍ണ്ണമാക്കപ്പെടുന്ന ദൈവികപ്രവര്‍ത്തനത്തിന്‍റെ കാലികമായ പ്രകടനമാണ് കൂദാശകളിലൂടെ സാധിക്കുന്നത്. എല്ലാ കൂദാശകളും ഈ ദൈവിക വിധിയുടെ മുന്‍ രൂപങ്ങളാണ്. എങ്കിലും മാമ്മോദീസാ, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളില്‍ ഇതു സ്പഷ്ടമായി ദൃശ്യമാണ്.

മാമ്മോദീസ: മാമ്മോദീസായില്‍ ഒരുവന്‍ ദൈവത്തിനായി നിത്യമായി മുദ്രിതമാക്കപ്പെടുന്നു. ഈ കൂദാശയാല്‍ മുദ്രിതരാക്കപ്പെട്ടവര്‍ അന്തിമനാളില്‍ നീതീകരിക്കപ്പെട്ടവരായി പ്രസ്താവിക്കപ്പെടും. മത്തായി. 19: 28ല്‍ വിധിയേയും പ്രത്യക്ഷീകരണത്തേയും ദ്യോതിപ്പിക്കാന്‍ ഉപയോഗിച്ചിരുക്കുന്ന 'പുതുജന്മം' (loutron =bath) എന്ന പദം തന്നെയാണ് വിശുദ്ധ പൗലോസ് മാമ്മോദീസായെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും (തെത്തോ. 3:6) ഉപയോഗിക്കുന്നത് എന്നു വി. ഗ്രന്ഥവ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആകയാല്‍ മാമ്മോദീസ ഒരുവനെ അന്ധകാര ശക്തികളില്‍നിന്ന് പ്രകാശത്തിലേക്കും ദൈവരാജ്യത്തിലേക്കും കൊണ്ടുവരുന്നതോടൊപ്പം (കൊളോ. 1:13) അവനില്‍, അന്തിമ വിധിയില്‍ വെളിപ്പെടുവാനിരിക്കുന്ന ആന്തരിക പുതുജന്മം സാധിതമാക്കുകയും ചെയ്യുന്നു. പ്രകാശത്തില്‍ നടക്കുന്ന വിധി, വി. യോഹന്നാന്‍റെ സുവിശേഷത്തിലെ സുപ്രധാനമൊയൊരു വിഷയമാണ്. ക്രിസ്തുവാണ് ലോകത്തിന്‍റെ പ്രകാശം. "തിന്മ പ്രവര്‍ത്തിക്കുന്നവര്‍ പ്രകാശത്തെ വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കാന്‍ അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്ക് വരുന്നു. അങ്ങനെ അവന്‍റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു" (യോഹ. 3:20-21). ക്രിസ്തു അന്ധകാരശക്തികളെ പരാജയപ്പെടുത്തി. തന്‍റെ പീഡാസഹനത്തിലൂടെയും ഉയിര്‍പ്പിലൂടെയും അവിടുന്ന് തിന്മയുടെമേല്‍ വിജയം കൈവരിച്ചു. അതിനാല്‍ സര്‍വ്വമനുഷ്യരും ക്രിസ്തുവെന്ന പ്രകാശത്തിന് അഭിമുഖീഭവിക്കേണ്ടതായിവരുന്നു. ക്രിസ്തുവെന്ന പ്രകാശത്തില്‍ ഓരോരുത്തനും തന്‍റെ അന്തര്‍ഗതം സ്വയം വെളിപ്പെടുന്നു. ഒരുവന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അവന്‍റെ തിരഞ്ഞെടുപ്പ് ക്രിസ്തുവെന്ന പ്രകാശത്തില്‍ വെളിപ്പെടുത്തപ്പെടുന്നു.    

പാപമോചനം: പാപമോചനം എന്ന കൂദാശ, സഭയിലൂടെ നിവര്‍ത്തിതമാകുന്ന അന്തിമവിധിയുടെ മുന്നാസ്വാദനമാണ്. പാപങ്ങള്‍ മോചിക്കാനും, മോചിക്കാതിരിക്കുവാനുമുള്ള അധികാരം 'കെട്ടുക' 'അഴിക്കുക' എന്ന സംജ്ഞകളിലൂടെ പ്രതീകാത്മകമായി വി. യോഹന്നാന്‍ ചിത്രീകരിക്കുന്നു (യോഹ. 20:22f). ക്രിസ്തുവിന്‍റെ നിത്യമായ വിജയത്തിന്‍റെയും തന്മൂലമുള്ള കാരുണ്യത്തിന്‍റെയും പ്രവര്‍ത്തനമാണ് കുമ്പസാരം. ഈ കൂദാശ വഴി ക്രിസ്തുവില്‍ ഭാഗഭാക്കാവുന്നതോടൊപ്പം അവന്‍റെ പ്രവൃത്തികള്‍ക്ക് നൈയാമികമായ വിധി ഏറ്റുവാങ്ങുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യങ്ങളിലൂടെ പാപവിമോചിതനാക്കപ്പെട്ടതിനാല്‍ ഈ കൂദാശ സ്വീകരിക്കുന്ന വ്യക്തി, ഇതിന്‍റെ സ്വീകരണത്തിലൂടെ, തന്‍റെ നിത്യമായ വിധിയും സ്വീകരിക്കുന്നു.

ദിവ്യകാരുണ്യം: വി. കുര്‍ബാന അതില്‍തന്നെ ജീവദായകമായ കൂദാശയാണെങ്കില്‍ ശിക്ഷാവിധിയും ഇതുവഴി ഒരുവനു വന്നു ഭവിക്കാം. വി. പൗലോസ് കൊറീന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ ഇതു വ്യക്തമാക്കുന്നു (1 കൊറി. 11:29). പൗലോസിന്‍റെ പദപ്രയോഗംതന്നെ (1 കൊറി. 11:27f) 'തെറ്റുകാരന്‍', 'ആത്മശോധന', 'ശിക്ഷാവിധി' തുടങ്ങിയവ വിധിയെ അനുസ്മരിപ്പിക്കുന്നു. അന്തിമ ദിവസത്തില്‍ മഹത്വത്തോടെ വരുവാനിരിക്കുന്ന ക്രിസ്തുവുമായുള്ള ഗാഢബന്ധമാണ് വിശ്വാസത്തോടെ വി. കുര്‍ബാന സ്വീകരിക്കുമ്പോള്‍ നടക്കുന്നത്.

വിശ്വാസവും പ്രവൃത്തികളും: മനുഷ്യന്‍ വിശ്വാസംകൊണ്ടു നീതീകരിക്കപ്പെടുന്നു (റോമ.3:38). എന്നാല്‍ ഈ വിശ്വാസം പ്രവൃത്തികളിലൂടെയാണ് വെളിപ്പെടുന്നത് (ഗലാ. 5:16 ff). ക്രിസ്തുവിലുള്ള വിശ്വാസംവഴി മനുഷ്യന്‍ ദൈവത്തിന്‍റെ വിധിക്ക് സ്വയം സമര്‍പ്പിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കയും അവിടുത്തേക്കു സ്വയം സമര്‍പ്പിക്കുകയും ചെയ്യുക രക്ഷാകരമായ പ്രവൃത്തിയാണ്. "അവിടുന്നില്‍ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല" (യോഹ. 3:18). "പ്രത്യുത അവന്‍ മരണത്തില്‍നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു" (യോഹ. 3:24). ക്രിസ്തുവിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ഒരുവന്‍റെ രക്ഷയോ ശിക്ഷയോ സ്വീകരിക്കല്‍ തന്നെയാണ്. ഇന്ന് ഓരോരുത്തനും നടത്തുന്ന തിരഞ്ഞെടുപ്പിന്‍റെ പ്രകടനം മാത്രമാണ് അന്ത്യവിധി. വിശ്വാസത്തിലെന്നപോലെ പ്രവൃത്തിയിലും മനുഷ്യന്‍ ദൈവത്തെ അഭിമുഖീകരിക്കുന്നു. ബോധപൂര്‍വ്വകമല്ലെങ്കില്‍ തന്നെയും അനുദിന ജീവിതത്തിലെ നിസ്സാര പ്രവൃത്തികള്‍പോലും ഒരുവന്‍റെ നിത്യമായ വിധിയെ നിശ്ചയിക്കാന്‍ പോരുന്നതാണ് (മത്താ. 25:37-44).

മനഃസാക്ഷി: ക്രിസ്തുവിനെ അറിയാത്തവരും നിയമത്തെക്കുറിച്ച് കേള്‍ക്കാത്തവരും 'വിജാതിയരും' തങ്ങളുടെ മനഃസാക്ഷിയില്‍ വിധിക്കപ്പെടുന്നുവെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നുണ്ട് (റോമ. 2:14-16). തങ്ങളുടെ മനഃസാക്ഷിയുടെ സ്വരത്തിനു അവര്‍ നല്കുന്ന പ്രതികരണമനുസരിച്ച് ദൈവത്തിന്‍റെ ശിക്ഷയ്ക്കോ രക്ഷയ്ക്കോ അവര്‍ പാത്രമാകുന്നു. ദൈവത്തെ അറിയാത്തവരും ഒരുപക്ഷേ ദൈവത്തെ നിഷേധിക്കുന്നവര്‍പോലും എപ്രകാരം മനഃസാക്ഷിയാല്‍ വിധിയ്ക്കപ്പെടുമെന്ന് വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നുണ്ട് (L.G.n. 16).

വിധി: ഭാവികാലത്തില്‍ - ക്രിസ്തുവിന്‍റെ പരൂസിയ:

ദൈവികവിധിയുടെ ഭാവ്യന്മുഖ സ്വഭാവം, ലോകാവസാനത്തില്‍ സംഭവിക്കുവാനിരിക്കുന്ന ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണ ആവിഷ്കരണത്തെ സംബന്ധിച്ച സുവിശേഷ വിവരണങ്ങളില്‍നിന്ന് വ്യക്തമാണ്. സമാന്തര സുവിശേഷങ്ങളില്‍ ഈ അന്ത്യവിധിയെക്കുറിച്ച് സുദീര്‍ഘമായ വിവരണങ്ങളുണ്ട് (മത്താ. 25ഉം സമാന്തരഭാഗങ്ങളും). അപ്പോക്കാലിപ്റ്റിക് സാഹിത്യ ശൈലിയിലുള്ള ഈ വിവരണങ്ങള്‍ ക്രിസ്തുവിന്‍റെ കാലഘട്ടത്തെ യഹൂദചിന്ത വ്യക്തമാക്കാന്‍ പോരുന്നതാണ്. ക്രിസ്തുരഹസ്യത്തിന്‍റെ പൂര്‍ണ്ണിമയാണ് ലോകാന്ത്യത്തില്‍ സംഭവിക്കുക. അപ്പോള്‍ ജീവിതകാലത്തു രഹസ്യമായി നടന്ന വിധി പരസ്യമാക്കപ്പെടുന്നു.

സ്വഭാവാനുസൃത മാനങ്ങള്‍:

വിധിയുടെ സ്വഭാവമനുസരിച്ച് മൂന്നു തരത്തിലുള്ള വിധികള്‍ നമുക്ക് കാണാവുന്നതാണ്.

നിരന്തരമായ വിധി - ജീവിതത്തില്‍:

ദൈവത്തിന്‍റെ വിധി, അനുദിന ജീവിതത്തിന്‍റെ ഓരോ നിമിഷവും അനുഭവിച്ചിരുന്നതായി യഹൂദര്‍ വിശ്വസിച്ചിരുന്നു എന്നു പഴയനിയമത്തില്‍ നാം കാണുന്നു. തങ്ങളുടെ പ്രവൃത്തികളെല്ലാം ശ്രദ്ധാപൂര്‍വ്വം കാണുന്ന ദൈവം ഈ ജീവിതകാലത്തു തന്നെ അവിടുത്തെ വിധിയും പ്രതിഫലവും നല്കിപ്പോന്നിരുന്നതായി അവര്‍ വിശ്വസിച്ചു. ഐശ്വര്യവും സമൃദ്ധിയും ദൈവത്തിന്‍റെ നല്ല വിധിയുടെയും, ദുഃഖങ്ങളും പ്രതിസന്ധികളും വേദനകളുമെല്ലാം ദൈവകോപത്തിന്‍റെയും അടയാളമായി അവര്‍ കരുതി. വിധികള്‍ ദൈവിക മാര്‍ഗ്ഗത്തിലേക്ക് പിന്തിരിയുവാനുള്ള ആഹ്വാനങ്ങള്‍ കൂടിയായിരുന്നു. തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുവാനും നന്മയിലേക്കു പിന്തിരിയുവാനും അതവര്‍ക്ക് പ്രചോദനമരുളി.

പുതിയനിയമത്തിലും ദൈവത്തിന്‍റെ നിരന്തരമായ വിധിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എല്ലാവരും ദൈവത്തിന്‍റെ വിധിക്കടിമകളാണ്. എല്ലാ സംഭവങ്ങളും ദൈവിക വിധിയുടെ ഫലങ്ങളത്രേ. ലോകത്തിലാഗതനായ, സത്യവെളിച്ചമായ ക്രിസ്തുവിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണിത്. അവസാന വിധിദിവസത്തിലാണ് ഈ നിരന്തരവിധി പൂര്‍ണ്ണമായും വെളിപ്പെടുക. ദൈവത്തിന്‍റെ സ്നേഹപൂര്‍ണ്ണങ്ങളായ പ്രചോദനങ്ങള്‍ക്ക് മനുഷ്യന്‍ നല്കുന്ന സ്വതന്ത്രമായ ഓരോ പ്രതികരണവും ദൈവത്താല്‍ വിധിക്കപ്പെടുകയും അവിടുത്തെ പദ്ധതിയോട് ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്‍റെ തിരഞ്ഞെടുപ്പുകള്‍ തിരുത്തപ്പെടുവാന്‍ സാധിക്കുന്നവയാണ്. അതിനാല്‍ ഈ വിധിയും തിരുത്തപ്പെടാം. മനസ്താപത്തിനുള്ള ആഹ്വാനവും ദൈവികജീവനില്‍ പങ്കുചേരുവാനുള്ള നിരന്തര ക്ഷണവുമാണ് ഈ വിധി.

വൈയക്തികവും സാമൂഹികവുമാണ് ഈ വിധി. വ്യക്തികളില്‍ ഇതു വ്യത്യസ്തമായ നാലു മാനങ്ങളില്‍ ദൃശ്യമാണ്.

പശ്ചാത്തപിക്കുന്ന പാപികളുടെമേലുള്ള ദൈവത്തിന്‍റെ വിധി: പാപത്തെ ഇല്ലായ്മ ചെയ്യുന്ന, ദൈവത്തിന്‍റെ കരുണയുടെയും സ്നേഹത്തിന്‍റെയും പ്രകടനമാണിത്. ആന്തരിക മാനസാന്തരത്തിനുതകുന്ന ഈ വിധി വസ്തുനിഷ്ഠമായി "നാം പാപികളായിരിക്കേ ക്രിസ്തു നമുക്കുവേണ്ടി മരിക്കുക വഴി" (റോമ. 5:8-9) നടന്നു കഴിഞ്ഞു. വ്യക്തിപരമായി ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടം പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ ഈ വിധി നടക്കുന്നു. നീതിരഹിതനെ നീതിമാനും ശത്രുവിനെ മിത്രവുമാക്കുന്ന ഈ വിധിയെ നീതീകരണം എന്നു വിളിക്കുന്നു. മനുഷ്യന്‍റെ നേട്ടമല്ല. ദൈവത്തിന്‍റെ ദാനമാണ് നീതീകരണം. വി. പൗലോസ് തന്‍റെ ലേഖനങ്ങളില്‍ വിശേഷിച്ച് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ നീതീകരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. മാമ്മോദീസായില്‍ ക്രിസ്തുവിനോടുകൂടി കുരിശില്‍ മരിച്ച് ഉത്ഥിതജീവിതം നയിക്കുന്ന ഒരുവന്‍ നീതീകരണത്തിന് അര്‍ഹനായിത്തീര്‍ന്നിരിക്കുന്നു.

പശ്ചാത്തപിക്കാത്ത പാപികളുടെ മേലുള്ള ദൈവിക വിധി: ദൈവികപ്രകാശത്തെ നിരാകരിക്കുന്ന വ്യക്തിയില്‍ നിന്ന് തന്‍റെ അനുഗ്രഹങ്ങള്‍ പിന്‍വലിക്കുന്ന ദൈവിക പ്രവൃത്തിയാണിത്. തന്‍റെ അപര്യാപ്തതയെയും ഇല്ലായ്മയെയും കുറിച്ചു പാപിയെ ബോധവാനാക്കുകയും അതുവഴി അവനു ദൈവത്തിലേക്കു പിന്‍തിരിയുവാന്‍ ഇടയാക്കുകയും ചെയ്യുകയാണ് ഈ വിധിയുടെ ലക്ഷ്യം. ഇവിടെയും തന്‍റെ സ്വാതന്ത്ര്യമുപയോഗിച്ച് ഈ വിധിയെ അംഗീകരിക്കയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാന്‍ പാപിക്കു കഴിയും. അംഗീകരിച്ചു പശ്ചാത്തപിക്കാത്തപക്ഷം അത് അവന്‍റെ പൂര്‍ണ്ണമായ നാശത്തിനിടയാക്കുന്നു.

നീതിമാന്മാരുടെ മേലുള്ള വിധി:

ഈ വിധി നീതിമാന്മാരെ ഉപര്യുപരി വിശുദ്ധീകരിക്കുന്നു. ദൈവവുമായി (ത്രിത്വവുമായി) കൂടുതല്‍ ഗാഢമായ മൈത്രി പുലര്‍ത്താന്‍ ഇവരെ ഒരുക്കുകയാണിവിടെ. ഫലം തരുന്ന ശാഖകളെ വെട്ടിയൊരുക്കുന്ന (യോഹ. 15:2) ഈ പ്രവൃത്തി വേദനാപൂര്‍ണ്ണമാണ്. ഈ വിധിയും, ദൈവത്തിന്‍റെ കരുണയും നീതിയും ഒന്നു ചേര്‍ന്നതാണ്.

പാപത്തിലേക്കു വീണ്ടും പിന്തിരിയുന്നവരിലുള്ള വിധി: ശ്രദ്ധയില്ലാത്തവനെ അവന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ചു ബോധവാനാക്കുകയാണിത്. അതുവഴി അവന്‍ തന്‍റെ ജീവിതത്തെ ദൈവം അഭിലഷിക്കുന്നതുപോലെ തിരിച്ചുകൊണ്ടുവരുന്നു. ദൈവികവിധിയുടെ പൊതുവായ നാല് പ്രവൃത്തികളാണ് ഈ വിധികളിലൂടെ നടക്കുന്നത്.

വ്യക്തികളെപ്പോലെ സമൂഹങ്ങളും ദൈവത്തിന്‍റെ നിരന്തരവിധിക്ക് അടിപ്പെടുന്നു. വ്യക്തികളുടെ പ്രവര്‍ത്തനം സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ പോന്നവയാണ്. അതിനാല്‍ ദൈവിക വിധിക്കു സാമൂഹികമായൊരു മാനവും കൈവരുന്നു. ഇപ്രകാരം ദൈവത്താല്‍ വിധിക്കപ്പെടുന്ന സമൂഹത്തെ മൂന്നു വ്യത്യസ്ത ശീര്‍ഷകങ്ങളില്‍ കാണാം.

(1) സഭ: ക്രിസ്തുവിന്‍റെ പിന്തുടര്‍ച്ചയും പ്രവര്‍ത്തനവുമായ സഭ എങ്ങിനെ വിധിക്കപ്പെടുന്നുവെന്നു നോക്കാം. സഭ ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണെങ്കിലും മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെയാണ് ക്രിസ്തു ഇന്നു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇവിടെ സഭാതനയരുടെ കൂട്ടായ പ്രവര്‍ത്തനം ദൈവത്താല്‍ വിധിക്കപ്പെടുന്നു. ദൈവജനം ഒന്നാകെ, ക്രിസ്തുവിന്‍റെ രക്തത്താല്‍ മുദ്രിതമാക്കപ്പെട്ട ദൈവിക ഉടമ്പടിയോടുള്ള തങ്ങളുടെ വിധേയത്വം, വിശ്വസ്തത തുടങ്ങിയവ തെളിയിക്കുവാന്‍ ദൈവം ആവശ്യപ്പെടുന്നു.

(2) രാഷ്ട്രസമൂഹം: ദൈവിക പദ്ധതിയുടെ സമ്പൂര്‍ണ്ണ ആവിഷ്ക്കരണത്തിനുള്ള മാര്‍ഗ്ഗമാണ് രാഷ്ട്രസമൂഹവും. രാഷ്ട്രസമൂഹത്തിലെ സമാധാനവും സുരക്ഷിതത്വവും ഐശ്വര്യവും ദൈവിക പ്രചോദനങ്ങളോടുള്ള നല്ല പ്രതികരണത്തിന്‍റെ ഫലമായും, പ്രകൃതിക്ഷോഭം, അക്രമവാസന, പട്ടിണി തുടങ്ങിയവയൊക്കെ ദൈവകോപത്തിന്‍റെ ഫലമായും ചിത്രീകരിക്കുന്നവരുണ്ട്. ആത്യന്തികമായി വിലയിരുത്തിയാല്‍ ഇവിടെ വിധി നിര്‍ണ്ണയിക്കുന്നതു മനുഷ്യന്‍ തന്നെയാണെന്നും ദൈവം ഈ വിധി ശരിവയ്ക്കുകയേ ചെയ്യുന്നുള്ളുവെന്നും കാണാനാവും. 

(3) കുടുംബം: കുടുംബത്തിലും ദൈവത്തിന്‍റെ വിധി ദൃശ്യമാണ്. കേവലം ബാഹ്യമാത്രമായ സമൃദ്ധിയെ ആശ്രയിച്ചല്ല ഇതു നിലകൊള്ളുന്നത്. നിസ്വാര്‍ത്ഥ സ്നേഹത്തോടെയും, വിശ്വസ്തതയോടെയും, കൃതജ്ഞതയോടെയുമുള്ള ദൈവാരാധാനയുള്ളിടത്ത് ദൈവം അനുഗ്രഹങ്ങള്‍ ചൊരിയാതിരിക്കില്ല.

എല്ലാ സാമൂഹിക ഘടകങ്ങളിലും ഇത്തരത്തിലുള്ള ദൈവിക വിധി ദൃശ്യമാണ്. നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന സമൂഹങ്ങള്‍ നിലനില്‍ക്കും. സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി നിലനില്ക്കുന്നവ നശിക്കും. ഭൗമിക സമൂഹങ്ങള്‍ കേവലം താല്ക്കാലികങ്ങളായതിനാല്‍ ഇവയിലെ വിധിയും ശാശ്വതമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് സാമൂഹിക വിധിക്കുപരി, നിത്യമായ വിധി മരണത്തില്‍ ലഭിക്കുന്നു.

പ്രത്യേകവിധി (തനതുവിധി) - മരണത്തില്‍:

വിധിയെന്നാല്‍, തന്‍റെ സ്നേഹനിര്‍ഭരമായ പ്രചോദനങ്ങളോടു സൃഷ്ടികള്‍ കാണിക്കുന്ന സ്വതന്ത്രമായ പ്രതികരണത്തിലൂടെ തന്‍റെ ലക്ഷ്യം സാധിക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയാകയാല്‍, ഈ പ്രവര്‍ത്തനം വിശേഷവിധിയായി സംഭവിക്കുന്ന രണ്ടവസരങ്ങള്‍ കൂടിയുണ്ട്. ഇവയില്‍ ആദ്യത്തേതു മനുഷ്യന്‍റെ പ്രതികരണം സമ്പൂര്‍ണ്ണവും സമഗ്രവും സുനിശ്ചിതവുമാകുന്ന മരണ നിമിഷവും, രണ്ടാമത്തേതു ദൈവിക പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനവും (Parousia). ദ്വിതീയാഗമനം എന്ന സംജ്ഞ ശരിയാകുമെന്നു തോന്നുന്നില്ല. ക്രിസ്തുവിന്‍റെ ഏക ആഗമനം മനുഷ്യാവതാരമാണ്. മനുഷ്യനെ പാപത്തിന്‍റെയും മരണത്തിന്‍റെയും ദാസ്യത്തില്‍നിന്ന് സമ്പൂര്‍ണ്ണമായി വിമോചിപ്പിക്കുന്ന രക്ഷാകരപദ്ധതി പൂര്‍ത്തിയാകുന്നത്ക്രിസ്തു മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോഴാണ്. ആകയാല്‍ പരൂസിയ ദൈവിക പദ്ധതിയുടെ സമ്പൂര്‍ണ്ണാവിഷ്കാരമാണ്-മരണനിമിഷത്തിലെ വിധിയെ പ്രത്യേകവിധി (തനതുവിധി) എന്നു പറയുന്നു. മരണത്തിലൂടെ ഓരോരുത്തനും തന്‍റെ ജീവിതകാലത്തെ തെരഞ്ഞെടുപ്പുകള്‍ക്കനുസൃതമായി, നിത്യസൗഭാഗ്യത്തിലോ, നിത്യശിക്ഷയിലോ, ശുദ്ധീകരണ സ്ഥലത്തിലോ പ്രവേശിക്കും എന്ന വിശ്വാസത്തില്‍നിന്നുത്ഭവിക്കുന്നൊരു സത്യമാണിത്. ഈ വിധിയെക്കുറിച്ചോ ഇതിന്‍റെ സ്വഭാവത്തെക്കുറിച്ചോ വി. ഗ്രന്ഥത്തില്‍ സ്പഷ്ടമായ പ്രതിപാദനങ്ങളൊന്നുമില്ലെങ്കിലും പരോക്ഷമായി ധാരാളം പഠനങ്ങള്‍ ഇതു സംബന്ധിച്ചിട്ടുണ്ട്.

വി. ഗ്രന്ഥത്തില്‍

വി. ഗ്രന്ഥത്തില്‍, വിശേഷിച്ച് പഴയനിയമത്തില്‍, പ്രത്യേക വിധിയെ സംബന്ധിച്ച പരാമര്‍ശം പ്രകടമല്ല. മരണശേഷം നടക്കുന്ന ഒരു വിധിയെക്കുറിച്ച് പഴയനിയമം ഒന്നുംതന്നെ പറയുന്നില്ല. വ്യക്തിയുടെ ജീവിതത്തിനനുസരിച്ച് ഈ ലോകത്തില്‍വെച്ചുതന്നെ സമ്പല്‍സമൃദ്ധി, സന്താനലാഭം, ദീര്‍ഘായുസ്സ് തുടങ്ങിയവവഴി ദൈവം മനുഷ്യന്‍റെ നന്മപ്രവൃത്തികള്‍ക്ക് പ്രതിഫലം നല്കുന്നു എന്ന വിശ്വാസമാണ് ആദികാല യഹൂദചിന്തയില്‍ മുറ്റിനില്ക്കുന്നത്. ദുഷിച്ച ജീവിതം നയിക്കുന്നവര്‍ക്ക് മേല്‍ പ്രസ്താവിച്ച നന്മകള്‍ക്ക് വിരുദ്ധമായ തിന്മകളും ലഭിക്കുന്നുവെന്നു യഹൂദര്‍ വിശ്വസിച്ചു. ആകയാല്‍ ദൈവികവിധി ഈ ലോകത്തില്‍വെച്ചു തന്നെ അനുഭവിക്കേണ്ട ഒരു പ്രതിഭാസമാണ്. എന്നാല്‍ പഴയനിയമകാലഘട്ടത്തിന്‍റെ അന്ത്യത്തിലെ അപ്പൊക്കാലിപ്റ്റിക്ക് സാഹിത്യരൂപങ്ങളില്‍ പ്രത്യേക വിധിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. ദൈവത്തിന്‍റെ നീതി ഈ ലോകജീവിതത്തില്‍ പൂര്‍ണ്ണമായും പ്രകടമാകാതിരിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ചിന്ത രൂപം കൊള്ളുന്നത്. മരണശേഷം അനശ്വരമായ സമ്മാനമോ ശിക്ഷയോ ഉള്ളതായി ഇവിടെ നാം കാണുന്നു.

പഴയനിയമത്തില്‍, വിധിയെ പരാമര്‍ശിക്കുന്ന മറ്റു ചിന്തകളും കാണാവുന്നതാണ്. ഉദാഹരണത്തിന്, ദൈവമായ യഹോവയുടെ പ്രത്യേക അവകാശമാണ് വിധി. ഈ വിധി സാര്‍വ്വലൗകികമാണ്. ദൈവത്തിന്‍റെ വിധിയില്‍നിന്ന് ആര്‍ക്കും മോചനമില്ല. കാരണം ദൈവം ന്യായമായി വിധിക്കുന്നു (ദാനിയേല്‍ 3:29, തോബി. 3:25). ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കനുസരിച്ച് വിധിക്കപ്പെടും (വിജ്ഞാ.3:10).

പുതിയ നിയമത്തിലും പ്രത്യേക വിധിയെക്കുറിച്ചു നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒന്നുമില്ല. എങ്കിലും പ്രത്യേക വിധിയെ പരോക്ഷമായി സൂചിപ്പിക്കുന്ന പഠനങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ (ലൂക്കാ 16:19-31) മരണശേഷം ഉടനെയുള്ള വിധിയെ സൂചിപ്പിക്കുന്നു. യേശു നല്ല കള്ളനു കൊടുക്കുന്ന മറുപടിയും - നീ ഇന്ന് എന്നോടുകൂടി പറുദീസായിലായിരിക്കും. (ലൂക്കാ 23:43) - പ്രത്യേക വിധിയെയാണ് വ്യക്തമാക്കുന്നത് എന്നു ചിലര്‍ ചൂണ്ടികാണിക്കുന്നു. വിധിയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ പ്രായശ്ചിത്തത്തിനും സത്ക്കര്‍മ്മത്തിനുമുള്ള ആഹ്വാനമാണ് നല്‍കുന്നത്. യഥാര്‍ത്ഥമായ പശ്ചാത്താപം മാത്രമേ ഒരുവനെ രക്ഷിക്കൂ. ദൈവത്തിന്‍റെ ഭയാനകമായ വിധിയെ ഒഴിവാക്കുവാന്‍ ഏതു ത്യാഗം സഹിക്കാനും ഒരുവന്‍ തയ്യാറാകണം. വി. പൗലോസിന്‍റെ ലേഖനങ്ങളിലും പ്രത്യേക വിധിയെപ്പറ്റി നേരിട്ടു പ്രതിപാദനങ്ങളില്ല. എങ്കിലും മരണത്തോടെ ഒരുവന്‍റെ വിധി നിശ്ചയിക്കപ്പെടുന്നെന്നും, അതോടെ നല്ലവരും തിന്മ ചെയ്തവരും വേര്‍തിരിക്കപ്പെടുന്നെന്നും പഠിപ്പിക്കുന്ന അനേകം വാക്യങ്ങള്‍ പൗലോസിന്‍റെ ലേഖനങ്ങളില്‍ കാണാം. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്നും അതിനുശേഷം "ഓരോരുത്തരും തങ്ങളുടെ ശരീരത്തില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്ക് പ്രതിഫലം സ്വീകരിക്കുന്നതിനു ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും" നാമിവിടെ വായിക്കുന്നു (2 കൊറി. 5:10).

ആദിമ സഭയുടെ വിശ്വാസത്തിലും പ്രത്യേക വിധിയെക്കുറിച്ച് പറയുന്നുണ്ട്. എങ്കിലും ആദിമകാല ചിന്താഗതി ഊന്നല്‍ കൊടുക്കുന്നത് പൊതുവിധിയിലാണ്. ക്രിസോസ്റ്റോം, ജറോം, അഗസ്റ്റിന്‍ തുടങ്ങിയ സഭാപിതാക്കന്മാര്‍ പ്രത്യേക വിധിയെ  പരാമര്‍ശിക്കുന്നുണ്ട്. സുവിശേഷത്തിലെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമ ഉദ്ധരിച്ചുകൊണ്ട് വി. അഗസ്റ്റിന്‍, മരണശേഷം ഉടന്‍ സംഭവിക്കുന്ന വിധിയെക്കുറിച്ച് പഠിപ്പിക്കുന്നു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ജസ്റ്റിന്‍, മരണത്തില്‍ നല്ല മനുഷ്യരുടെ ആത്മാക്കള്‍ ശരീരത്തില്‍നിന്നു വേര്‍പെട്ടു നിത്യഭാഗ്യം അനുഭവിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. മരണശേഷം നല്ലവരുടെയും ദുഷ്ടന്മാരുടെയും ആത്മാക്കള്‍ക്ക് വ്യത്യസ്തസ്ഥലങ്ങള്‍ നല്കപ്പെടുന്നു. നല്ലവര്‍ക്കുള്ള സ്ഥലം ദുഷ്ടന്മാരുടേതിനെക്കാള്‍ മെച്ചമാണ്. ഇവിടെ അവര്‍ വിധി കാത്തിരിക്കുന്നു. ജസ്റ്റിന്‍റെ സമകാലികനായിരുന്ന താസിയന്‍ (Tatian), ദുഷ്ടന്മാരുടെ ആത്മാക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന് തികച്ചും വ്യത്യസ്തമായ ഒരു അഭിപ്രായമാണ് നല്കുന്നത്. പാപികളുടെ ആത്മാക്കള്‍ ശരീരത്തില്‍നിന്നു വേര്‍പിരിയുന്നതോടെ പൂര്‍ണ്ണമായും നശിക്കുന്നു. അവസാനനാളിലെ ഉയിര്‍പ്പില്‍ ശിക്ഷയുടെ വിധിക്കായി അവ ഉയിര്‍ക്കപ്പെടും എന്ന് താസിയന്‍ പഠിപ്പിച്ചു. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തെര്‍ത്തുല്യന്‍റെ അഭിപ്രായത്തിലാകട്ടെ, രക്തസാക്ഷികളുടെ ആത്മാക്കള്‍ നേരിട്ടു പറുദീസായിലെത്തുന്നു. മറ്റുള്ളവരുടെ ആത്മാക്കള്‍ പാതാളത്തിലേക്കു പോകുന്നു. പക്ഷേ അവിടെ നല്ലവര്‍ സുഖവും ആശ്വാസവും അനുഭവിക്കുന്നു; ദുഷ്ടന്മാര്‍ വേദനയും ശിക്ഷയും. ഇതിനാല്‍ ഇതു വരുവാനിരിക്കുന്ന വിധിയുടെ മുന്‍രൂപം തന്നെ.

സഭാപഠനങ്ങളിലും പ്രത്യേക വിധിയെക്കുറിച്ചുള്ള ചുരുങ്ങിയ പരാമര്‍ശങ്ങള്‍ നമുക്കു കാണാം. ഇവയില്‍ പ്രധാനപ്പെട്ടവയാണ് രണ്ടാം ലിയോണ്‍സ് (1274) ഫ്ളോറന്‍സ് (1439) തുടങ്ങിയ സൂനഹദോസുകളുടെ പ്രഖ്യാപനങ്ങളും പന്ത്രണ്ടാം ബനഡിക്റ്റ് മാര്‍പാപ്പയുടെ 'ബനദിക്ത്തൂസ് ദേവൂസ്' എന്ന പ്രമാണരേഖയും. ഈ പഠനങ്ങളില്‍, നീതിമാന്മാരായിരിക്കെ മരിക്കുന്നവര്‍ക്ക് തല്‍ക്ഷണം ദൈവദര്‍ശനം സാദ്ധ്യമാകുന്നെന്നും മാരകപാപത്തില്‍ മരിക്കുന്നവര്‍ക്കു തല്‍ക്ഷണം നരകശിക്ഷ ലഭിക്കുന്നുവെന്നും വ്യക്തമാക്കുന്നു. മരണസമയത്തെ പ്രത്യേക വിധിയെയാണ് ഇതു സൂചിപ്പിക്കുന്നത്.

പ്രത്യേകവിധി (തനതുവിധി) യുടെ സ്വഭാവം

പ്രത്യേകവിധി, ദൈവത്തിന്‍റെ മനസ്സിന്‍റെയും ബുദ്ധിയുടെയും ശക്തിയാല്‍ വ്യക്തിയില്‍ നടക്കുന്ന പ്രക്രിയയാണ്. ഇതു വ്യക്തമായും ക്രിയാത്മകമായും മനുഷ്യന്‍റെ അന്തിമ തീരുമാനങ്ങളെ അവയുടെ ലക്ഷ്യപൂര്‍ണ്ണിമയുമായി സംയോജിപ്പിക്കുന്നു. ജീവിതകാലത്തു നടത്തിയ സ്വതന്ത്രതീരുമാനങ്ങളുടെ ആകെത്തുകയാണല്ലോ മരണനിമിഷത്തിലെ ഒരുവന്‍റെ തിരഞ്ഞെടുപ്പ്. മരണത്തോടെ അവന്‍ സ്വതന്ത്രമായി ദൈവത്തോടും ഇതര സൃഷ്ടികളോടും തനതായ ഒരു ബന്ധം സ്ഥാപിക്കുന്നതിനാല്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ നിശ്ചിതമായൊരു സ്ഥാനം സ്വീകരിക്കാന്‍ തയ്യാറാകുന്നു. വിധിയിലൂടെ ദൈവിക പദ്ധതിയില്‍ തനിക്കുള്ളസ്ഥാനം വ്യക്തമാവുകയും അവന്‍ അതു സ്വീകരിക്കുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ വിധി ഓരോ വ്യക്തിയും സ്വയം നടത്തുന്ന ഒന്നാണ്. 

മരണാവസരത്തിലെ ഈ പ്രത്യേകവിധി നിശ്ചിതവും അചഞ്ചലവുമാണ്. ജീവിതകാലത്തെ, ദൈവത്തിന്‍റെ നിരന്തര വിധിയെ ഇതു ശരിവയ്ക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. മരണശേഷം ഒരുവനു പുണ്യം സമ്പാദിക്കുവാനാവില്ല. കാരണം പുണ്യസമ്പാദനത്തിനു ശാരീരിക പ്രകൃതി കൂടിയേ തീരൂ. എങ്കില്‍ മാത്രമേ നന്മയ്ക്കും തിന്മയ്ക്കുമിടയില്‍ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുപ്പു നടത്തുവാന്‍ കഴിയൂ.

ജീവിതകാലത്ത് പരി. ആത്മാവിനാല്‍ നയിക്കപ്പെട്ടിരുന്നവരും (റോമ. 8:14) പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ച് പ്രായശ്ചിത്തം ചെയ്തവരും തങ്ങളുടെ മരണംവഴി ക്രിസ്തുവിന്‍റെ മരണത്തില്‍ പങ്കാളികളാവുകയും അവിടുന്നുമായി അപ്രകാരം താദാത്മ്യപ്പെടുകയും ചെയ്തവര്‍ക്ക് പ്രത്യേകവിധി, ദൈവിക പ്രവര്‍ത്തനം തങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടുകയും പൂര്‍ണ്ണമാക്കപ്പെടുകയും ചെയ്യുന്നതിന്‍റെ അനുഭവം ഉളവാക്കുന്നു. രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ ആത്യന്തിക കാരണം തന്നെയായ ദൈവം ഇവിടെ സൃഷ്ടിയെ ആന്തരിക ദര്‍ശനത്തിലും കറ പുരളാത്ത സ്നേഹത്തിലും നിസ്വാര്‍ത്ഥ സന്തോഷത്തിലും തന്നോടുതന്നെ അന്തിമമായി ഒന്നിച്ചുചേര്‍ക്കുന്നു; ദൈവരാജ്യത്തിലേക്ക് സമ്പൂര്‍ണ്ണമായി പ്രവേശിപ്പിക്കുന്നു. ഒരുവന്‍റെ അടിസ്ഥാനമനോഭാവം ദൈവസ്നേഹാന്വിതമാണെങ്കിലും ലഘുപാപങ്ങളുടെ കറകള്‍ ഉണ്ടായിരിക്കുകയും, തന്‍റെ ക്ഷമിക്കപ്പെട്ട പാപങ്ങള്‍ക്ക് ക്രിസ്തുവിനോടുചേര്‍ന്നു സമ്പൂര്‍ണ്ണമായ പ്രായശ്ചിത്തം ചെയ്തു ദൈവകൃപയോടു ശരിയായ പ്രതികരണം സാധിക്കാതിരിക്കും ചെയ്യുമ്പോള്‍ ഈ പ്രത്യേകവിധി ആത്മശുദ്ധീകരണ പ്രക്രിയയായിത്തീരുന്നു. 'ശുദ്ധീകരണവും' പ്രത്യേകവിധിയും വ്യത്യസ്തമെങ്കിലും അവിച്ഛിന്നങ്ങളാണ്. 'ശുദ്ധീകരണം' മനുഷ്യനെ സ്വര്‍ഗ്ഗപ്രാപ്തിക്കായി ഒരുക്കുവാന്‍ പ്രസാദവരപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തിയാണ്. ഇവിടെ ആത്യന്തികമായ ശുദ്ധീകരണശക്തി ഒരുവന്‍റെ മേലുള്ള ദൈവത്തിന്‍റെ വിധിതന്നെ.

ശുദ്ധീകരണത്തോടൊപ്പം ദൈവസ്നേഹത്തിന്‍റെ അപാരതയും ഒരുവന്‍ അനുഭവിക്കുന്നു. തന്‍റെ സര്‍വ്വ സ്വാര്‍ത്ഥതയും കൈവെടിഞ്ഞ്, അനന്ത സൗഭാഗ്യത്തിനു ഒരുക്കുന്ന പ്രവര്‍ത്തനത്തിനു സമാധാനത്തോടെയും സമ്പൂര്‍ണ്ണമനസ്സോടെയും കീഴടങ്ങാന്‍ അയാള്‍ ക്ഷണിക്കപ്പെടുകയാണിവിടെ.

അന്ത്യംവരെ ദൈവത്തിന്‍റെ കരുണയെയും പശ്ചാത്താപത്തിനായുള്ള ആഹ്വാനത്തെയും നിരാകരിക്കയും പാപത്തോടെ മരിക്കുകയും ചെയ്യുന്ന വ്യക്തിക്ക് പ്രത്യേകവിധിയില്‍ ദൈവതിരസ്ക്കരണമാണ് അനുഭവപ്പെടുക. കാരണം പാപത്തിലൂടെ അവന്‍തന്നെ ദൈവത്തെ തിരസ്ക്കരിച്ചു കഴിഞ്ഞു. ഇവിടെ, പ്രത്യേകവിധി ഒരുവന്‍ കാത്തുസൂക്ഷിച്ചിരുന്ന സ്വാര്‍ത്ഥമോഹങ്ങളെ നിശൂന്യമാക്കുന്ന നശീകരണ ശക്തിയായി മാറുന്നു. ഇത്തരം ഒരു വിധിക്കു പൂര്‍ണ്ണ ഉത്തരവാദി ഈ വ്യക്തി തന്നെ. കാരണം ദൈവിക പ്രവര്‍ത്തനത്തിന്‍റെ അഭാവമല്ല, വ്യക്തിയുടെ പ്രതികരണത്തിന്‍റെ ദൂഷ്യമാണിതിനു കാരണം. ദൈവത്തിന്‍റെ പദ്ധതിയോടു ഭാവാത്മകമായി പ്രതികരിക്കാതിരുന്നതുമൂലം മനുഷ്യന്‍ കേവലം ഒരു വസ്തുവിന്‍റെ നിലയിലേക്ക് താഴ്ത്തപ്പെടുന്നു. ഒരു വ്യക്തി എന്ന നിലയില്‍ തനിക്കുണ്ടായിരുന്ന പ്രത്യേക മാഹാത്മ്യം സ്വതന്ത്രമായ തിരഞ്ഞെടുപ്പുവഴി അയാള്‍ നഷ്ടപ്പെടുത്തുന്നു. ദൈവത്തില്‍നിന്നും സമസൃഷ്ടങ്ങളില്‍നിന്നും നിത്യമായി വേര്‍തിരിക്കപ്പെട്ട അവസ്ഥയാണിത്. ദൈവം സര്‍വ്വനന്മകളുടെയും ഉറവിടമാണ് എന്നതിന്‍റെ നിത്യമായ അടയാളമായി ഈ വൈരുദ്ധ്യാത്മകത നിലകൊള്ളുന്നു. ദൈവത്തെ സ്നേഹിക്കേണ്ടതിന്‍റെ അതിമഹത്തായ ആവശ്യകതയ്ക്കും നശിച്ച വ്യക്തി, സാക്ഷ്യം നല്കുന്നു. കാരണം സ്വതന്ത്രമായി ദൈവസ്നേഹത്തെ തിരസ്കരിക്കുന്നപക്ഷം നീതിയുക്തമായും സ്വന്ത തീരുമാനമനുസരിച്ചും അയാള്‍ നിത്യമായ ദുഃഖത്തിലമരുന്നു.  

സ്ഥലവും സമയവും

മരണത്തോടെ മനുഷ്യന്‍റെ സ്ഥലകാല സ്വഭാവങ്ങള്‍ ഇല്ലാതാവുന്നതിനാല്‍ വിധിക്കു സ്ഥലകാല ബദ്ധമായ രൂപം നല്കുക ശരിയല്ല. മരണനിമിഷത്തിലെ വിധിയോടെ മനുഷ്യന്‍ നവ്യമായ ഒരവസ്ഥയിലെത്തുന്നതിനാല്‍ ഇവിടെ സ്ഥലം അപ്രസക്തമാണ്.

ചുരുക്കത്തില്‍, മരണത്തില്‍ ഓരോ മനുഷ്യനും ദൈവത്തിന്‍റെ പ്രത്യേകവിധിക്ക് അര്‍ഹനാകുന്നുവെന്നതു നിസ്തര്‍ക്കമായ വസ്തുതയാണ്. എന്നാല്‍ ഇതു സഭയുടെ ഔദ്യോഗിക വിശ്വാസസത്യങ്ങളില്‍പ്പെട്ട ഒന്നല്ല. കാരണം സഭാപ്രബോധനങ്ങളില്‍ സുദൃഢമായി വ്യക്തമാക്കിയിട്ടുള്ളൊരു വിശ്വാസസത്യമല്ലിത്. വിവിധ സഭാപഠനങ്ങളില്‍നിന്നും, വി. ഗ്രന്ഥത്തില്‍നിന്നും, ആദിമ സഭാപാരമ്പര്യങ്ങളില്‍നിന്നും ദൈവശാസ്ത്രപരമായി അനുമാനിക്കപ്പെട്ടിട്ടുള്ള സത്യമാണിത്. എന്നിരുന്നാലും പൊതുവില്‍, ദൈവശാസ്ത്രജ്ഞന്മാരെല്ലാംതന്നെ ഇതു ശരിയായ ഒരു പഠനമായി പരിഗണിക്കുന്നു.

 പൊതുവിധി - ലോകാന്ത്യത്തില്‍:

നിരന്തര വിധിയുടെയും പ്രത്യേക വിധിയുടെയും സമ്പൂര്‍ണ്ണമായ വെളിപ്പെടലാണ് പൊതുവിധി. മനുഷ്യവര്‍ഗ്ഗത്തെ മുഴുവനായി ദൈവം ക്രിസ്തുവില്‍ വിധിക്കുന്ന സംഭവമാണിത്. രക്ഷാകര പ്രവൃത്തിയുടെ കാലിക പൂര്‍ത്തീകരണമാണിത്. ഈ അര്‍ത്ഥത്തില്‍ പൊതുവിധിയും അവസാന വിധിയും ഒന്നുതന്നെ. വിധിയുടെ സാമൂഹിക സ്വഭാവമാണ് പൊതുവിധി കൊണ്ടര്‍ത്ഥമാക്കുന്നത്. ദൈവത്തോടും മനുഷ്യസമൂഹത്തോടും നിത്യമായ സ്നേഹത്തിലും, ജ്ഞാനത്തിലും, സന്തോഷത്തിലും ഐക്യപ്പെട്ട സ്വര്‍ഗ്ഗീയ സമൂഹത്തിന്‍റെ സ്ഥാപനമാണിത്. മനുഷ്യന്‍റെ വ്യക്തിപരവും സമൂഹപരവുമായ അസ്തിത്വമാണ് പ്രത്യേക വിധിയും പൊതുവിധിയും ആവശ്യമാക്കുന്നത്. ഒരുവന്‍റെ പ്രവൃത്തികള്‍ സമൂഹത്തിലെ ഇതര വ്യക്തികളെയും സ്വാധീനിക്കാനിടയുള്ളതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളിലും അവനു പരോക്ഷമായി പങ്കുണ്ടാകുന്നു. അതിനാലാണ് മനുഷ്യകുലത്തെ ഒന്നായി വിധിക്കുന്ന പൊതുവിധി ആവശ്യമായിത്തീരുന്നത്. വി. തോമസ് അക്വിനാസിന്‍റെ അഭിപ്രായത്തില്‍, മിക്കവരുംതന്നെ സത്യവിരുദ്ധമായാണ് ഈ ലോകത്തില്‍ വിധിക്കപ്പെടുന്നത്. എന്നാല്‍ പൊതുവിധിയില്‍ എല്ലാവര്‍ക്കും സത്യം വെളിപ്പെടും. ശരീരംകൂടി പ്രതിഫലമോ ശിക്ഷയോ ആവശ്യപ്പെടുന്നതിനാല്‍ ശരീരങ്ങളുടെ ഉയിര്‍പ്പിനുശേഷം പൊതുവിധി കൂടിയേതീരൂ.

പഴയ നിയമത്തില്‍

വിധിക്കുവാന്‍ പ്രത്യക്ഷനാകുന്ന ദൈവത്തിന്‍റെ ചിത്രം പഴയനിയമത്തില്‍ വ്യക്തമാണ്. പ്രവാചകന്മാര്‍ കര്‍ത്താവിന്‍റെ ദിവസം എന്നു വിശേഷിപ്പിച്ചിരുന്നത് ഈ ആഗമനത്തെയാണ്. സങ്കീര്‍ത്തകന്‍ യാഹ്വേയെ ലോകത്തിന്‍റെ വിധിയാളനായി ദര്‍ശിക്കുന്നു. സ്വര്‍ഗ്ഗത്തിലെ നീതിന്യായ കോടതിയെ സംബന്ധിച്ച ദാനിയേലിന്‍റെ വിവരണവും ശ്രദ്ധേയമാണ്. സിംഹാസനങ്ങളും അതില്‍ പരിവാരസമേതം ആരൂഢനായിരിക്കുന്ന വിധിയാളനും വിധിപ്രസ്താവിക്കുന്ന കോടതിയും വിധിക്കുപയോഗിക്കുന്ന പുസ്തകവുമെല്ലാം തികച്ചും നൈയാമികമായ വിധിയുടെ ചിത്രം നല്‍കുന്നു(ദാനി.7:9-10). ജോയേല്‍ പ്രവാചകന്‍ വിധി നടത്തുന്ന സ്ഥലത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ജോസഫാത്തിന്‍റെ താഴ്വരയില്‍ (Jehoshaphat Valley) ദൈവം വിധിക്കാന്‍ ഇരിക്കുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പിൽകാലത്ത് ചിലര്‍ ഈ സ്ഥലം കെദ്രോന്‍ താഴ്വരയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി അതു ശരിയല്ല. ക്രിസ്തുവിന്‍റെ പീഡാസഹനത്തെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു അനുമാനം ചിലര്‍ കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ ഈ സ്ഥലം കേവലം പ്രതീകാത്മകം മാത്രമാണെന്നാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത്. 

പുതിയ നിയമത്തില്‍       

പുതിയനിയമം വിധിയെ ചരിത്രപരമായ ഒന്നായും, യുഗാന്ത്യത്തിലുള്ള ഒന്നായും കാണുന്നു. സമാന്തര സുവിശേഷങ്ങളില്‍ പൊതുവിധിയെ സൂചിപ്പിക്കുന്ന അനേകം ഉപമകള്‍ കാണാം. കളകള്‍, നിധി, രത്നം, വല തുടങ്ങിയവയുടെ ഉപമകളില്‍ (മത്താ. 13:24-52) പൊതുവിധിയുടെ സ്വഭാവം വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. നന്മയും തിന്മയും തമ്മില്‍, നല്ലതും ചീത്തയും, തമ്മില്‍ വേര്‍തിരിക്കുകയും നല്ലതിനെ സ്വീകരിച്ച് ചീത്തയെ ഉപേക്ഷിക്കുകയുമാണ് വിധി ദിവസത്തില്‍ നടക്കുന്നത് എന്ന് ഈ ഉപമകള്‍ വ്യക്തമാക്കുന്നു.

സമാന്തര സുവിശേഷങ്ങളില്‍ വിധി എന്നതുകൊണ്ട് പ്രധാനമായും 'ശിക്ഷാവിധി'യെയാണര്‍ത്ഥമാക്കുന്നത്. സുവിശേഷകന്മാരായ മത്തായിയും ലൂക്കായും വിധിദിവസത്തെക്കുറിച്ച് പ്രഖ്യാപിക്കുന്നുണ്ട്. ഓരോരുത്തനും ഇതരരെ വിധിക്കുന്നതിനനുസരിച്ചായിരിക്കും "വിധിക്കപ്പെടുക എന്നും ഇവിടെ വ്യക്തമാക്കുന്നു. വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്" (മത്താ 7:1-2). മറ്റുള്ളവരോട് കാണിച്ച സ്നേഹവും വിധിക്കാധാരമാണ് (മത്താ. 25:31ള). നല്ലവരെയും ചീത്തയാളുകളെയും വേര്‍തിരിക്കലാണു പൊതുവിധിയുടെ സ്വഭാവം.

വി. പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പൊതുവിധിയെക്കുറിച്ച് വ്യത്യസ്തമായൊരു വീക്ഷണം തരുന്നു. പാപംമൂലം സകലരും ശിക്ഷയ്ക്കായി വിധിക്കപ്പെട്ടു (റോമ. 5:10ള). ക്രിസ്തുവിന്‍റെ അനുസരണം ശിക്ഷിക്കപ്പെട്ടിരുന്ന മനുഷ്യനെ രക്ഷയിലേക്ക് നയിച്ചു. അന്ത്യനാളിലെ നൈയാമിക തീരുമാനത്തെക്കുറിച്ച് വി. പൗലോസ് പ്രതിപാദിക്കുന്നുണ്ട്. "ദൈവത്തിന്‍റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന കോപത്തിന്‍റെ ദിവസത്തില്‍... ഓരോരുത്തരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്ന് പ്രതിഫലം നല്കും. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തിലാണീ വിധി നടക്കുക. പൗലോസിന്‍റെ വീക്ഷണത്തില്‍ യഹൂദര്‍ മോശയുടെ നിയമപ്രകാരവും, വിജാതീയര്‍ പ്രകൃതിനിയമത്തിനുസരിച്ചും വിധിക്കപ്പെടുന്നു (റോമ. 2:12ff). സുവിശേഷം സ്വീകരിച്ച ക്രൈസ്തവരാകട്ടെ സ്വാതന്ത്ര്യത്തിന്‍റെ നിയമത്താല്‍ വിധിക്കപ്പെടുന്നു. അയല്‍ക്കാരനെ വിധിക്കുന്നവന്‍ അതേ മാനദണ്ഡത്താല്‍ വിധിക്കപ്പെടുമെന്ന സമാന്തര സുവിശേഷങ്ങളിലെ ചിന്താഗതി വി. പൗലോസും പ്രകടമാക്കുന്നുണ്ട്. ദൂഷണം (റോമ. 3:8), അര്‍പ്പിത ജീവിതത്തിലെ അവിശ്വസ്തത (1തിമ. 5:15) എന്നിവ ശിക്ഷാവിധി അര്‍ഹിക്കുന്നു. സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിക്കുകയും, അധികാരത്തെ എതിര്‍ക്കുന്നവരും (റോമ. 13:2) കഠിനഹൃദയരും, അനുതപിക്കാത്തവരും എന്നല്ല തിന്മ പ്രവൃത്തിക്കുന്ന സര്‍വ്വരും ദൈവത്തിന്‍റെ ശിക്ഷാവിധിക്കര്‍ഹരാകും.

യോഹന്നാന്‍റെ സുവിശേഷത്തില്‍ വര്‍ത്തമാനകാലത്തെ വിധിക്കാണ് കൂടുതല്‍ പ്രാധാന്യമെങ്കിലും അന്ത്യവിധിയെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. അനുനിമിഷം നടക്കുന്ന വിധിയുടെ പൂര്‍ത്തീകരണമാണ് പൊതുവിധി. ക്രിസ്തുവിനോടുള്ള ഒരുവന്‍റെ പ്രതികരണമാണ് വിധിയുടെ മാനദണ്ഡം. 'എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്ക്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികര്‍ത്താവുണ്ട്. ഞാന്‍ ഉച്ചരിച്ച വചനം തന്നെ അന്ത്യദിനത്തില്‍ അവനെ വിധിക്കും' (യോഹ. 12:48). യോഹ. 5:26-29 വരെയുള്ള വാക്യങ്ങളിലും ഉയിര്‍പ്പിനെയും അന്ത്യവിധിയേയുംകുറിച്ചു പരാമര്‍ശങ്ങളുണ്ട്.

പുതിയ നിയമത്തിലെ ഇതര ഗ്രന്ഥങ്ങളും പൊതുവിധിയെക്കുറിച്ചു പഠിപ്പിക്കുന്നുണ്ട്. വെളിപാടിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു: 'മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും സിംഹാസനത്തിനുമുമ്പില്‍ നില്ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു... ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം മരിച്ചവര്‍ വിധിക്കപ്പെട്ടു! (വെളി. 20:12). വി. പത്രോസിന്‍റെ ലേഖനങ്ങളിലും വിധിയെക്കുറിച്ചുള്ള പഠനങ്ങളുണ്ട് (2 പത്രോ. 2:7). ഹെബ്രായര്‍ 6:12-ല്‍ നിത്യവിധിയെക്കുറിച്ചു നാം വായിക്കുന്നു.

ആദിമസഭയില്‍ അന്ത്യവിധിയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങളുണ്ടായിരുന്നു. തെര്‍ത്തുല്യന്‍, ഹിപ്പോളിറ്റസ്, സിപ്രിയാന്‍, ബെയ്സിന്‍, ക്രിസോസ്റ്റോം, ഗ്രിഗറി നിസയാന്‍സന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ വിധിയെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. വി. അഗസ്റ്റിന്‍റെ വാക്കുകളില്‍ "ദൈവത്തിന്‍റെ വിധി ചരിത്രത്തിലെ സ്ഥായിയായ ഒരു പ്രത്യേകതയാണ്. എങ്കിലും ഇതു മിക്കപ്പോഴും പ്രത്യക്ഷമല്ലാത്തതിനാല്‍ അവിടുത്തെ ബുദ്ധിയും നീതീകരണവും സമന്വിതമായി സര്‍വ്വര്‍ക്കും മുമ്പില്‍ പ്രകടിതമാക്കുന്ന ഒരു ദിവസം കൂടിയേ തീരൂ.

 വിധിയാളനും വിധിക്കപ്പെടുന്നവരും

സമാന്തര സുവിശേഷങ്ങളില്‍ ക്രിസ്തുവാണ് വിധിയാളന്‍. വിധിയാളന്‍ ആരാണെന്നതിനെ സംബന്ധിച്ച് വി. പൗലോസിന്‍റെ ലേഖനങ്ങളിലും വി. യോഹന്നാന്‍റെ സുവിശേഷത്തിലും വ്യത്യസ്തമായ ചിന്തകള്‍ കാണാം. ക്രിസ്തുവിലൂടെയും അവിടുന്നു വഴിയും വിധി നടക്കുന്നു എന്ന നിഗമനമാണ് ഈ വ്യത്യസ്ത വിവരണങ്ങള്‍ വഴി നമുക്ക് ലഭിക്കുന്നത്. ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്നു (റോമ. 2:16). പൊതുവിധിയില്‍ എല്ലാവരും വിധിക്കപ്പെടും. മനുഷ്യരും മാലാഖാമാരും വിധിക്കപ്പെടുന്നതായി വി. പൗലോസ് പഠിപ്പിക്കുന്നു (1കൊറി. 2:6). പുതിയ നിയമം സാര്‍വ്വലൗകികമായ വിധിയെക്കുറിച്ച് ഉറപ്പായി പഠിപ്പിക്കുന്നു. ക്രിസ്തു വിധിയാളനും അതേ സമയം വിധിയുടെ മാനദണ്ഡവുമാണ്. ദൈവത്തോടും ക്രിസ്തുവിനോടുമുള്ള സ്നേഹവും ക്രിസ്തുവില്‍ സഹജീവികളോടുള്ള സ്നേഹവും ഒരുവനെ ശിക്ഷാവിധിയില്‍നിന്നു രക്ഷിക്കുന്നു.

വിധി നടക്കുന്ന സ്ഥലത്തെ സംബന്ധിച്ചും വ്യക്തമായ പഠനങ്ങളൊന്നുമില്ല. അതു ഭൂമിയില്‍ ഏതോ ഒരിടത്താണ് എന്നു വാദിക്കുന്നവര്‍ കുറവല്ല.

 പൊതുവിധി അപ്രസക്തമോ?

പൊതുവിധി ആവശ്യമോ? ദൈവശാസ്ത്രപരമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതായി കാണാം. പ്രത്യേക വിധിയില്‍ ഒരുവന്‍, സമൂഹത്തിലെ അംഗമെന്ന പരിഗണനയില്ലാതെ കേവലം ഒരു വ്യക്തി എന്ന നിലയില്‍ മാത്രമാണ് വിധിക്കപ്പെടുന്നത്. പൊതുവിധിയില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനും സമനിഷ്ഠനിഷ്ഠമായി ദൈവത്തിന്‍റെ വിധിക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാല്‍ മനുഷ്യകുലത്തിന്‍റെ സാമൂഹിക സ്വഭാവത്തില്‍നിന്ന് പൊതുവിധി ആവശ്യമായി വരുന്നെന്നു കാള്‍ റാനര്‍ വാദിക്കുന്നു. ദൈവനീതിയുടെയും ക്രിസ്തുവിന്‍റെ വിജയത്തിന്‍റെയും തുറന്ന പ്രകടനമെന്ന നിലയില്‍ പൊതുവിധി അത്യാവശ്യമാണ്. മനുഷ്യന്‍റെ ഓരോ പ്രവൃത്തിക്കും ദൂരവ്യാപകമായ ഫലങ്ങള്‍ ഉള്ളതിനാല്‍ പ്രത്യേക വിധിക്കു പുറമേ പൊതുവിധിയും കൂടിയേ തീരൂ. ക്രിസ്തുവിന്‍റെ രക്ഷാകരദൗത്യം പൂര്‍ത്തിയാക്കപ്പെടുന്ന നിമിഷമാണ് പൊതുവിധി.

പ്രത്യേക വിധിക്കും പൊതുവിധിക്കുമിടയിലുള്ള സമയത്തെക്കുറിച്ചും കാര്യമാത്രമായി പ്രസ്താവിക്കുക പ്രയാസമാണ്. റാനരുടെ അഭിപ്രായത്തില്‍ ഇതു ഒരു 'ഭൗതിക സമയ'മായി പരിഗണിക്കുക ദുരൂഹമാണ്. എങ്കിലും പ്രത്യേക വിധിയും പൊതുവിധിയും തമ്മില്‍ മാനുഷികമായി ചിന്തിക്കുമ്പോള്‍ 'സമയവ്യത്യാസം' ഉണ്ട് എന്നതും സുവ്യക്തമാണ്.

  വിധിയും പരൂസിയായും

മനുഷ്യകുലത്തെ അതിന്‍റെ പ്രവൃത്തിക്കനുസൃതമായി വിധിക്കാന്‍ ലോകാന്ത്യത്തില്‍ ക്രിസ്തു മഹത്വത്തോടെ വരുമെന്നത് ഒരു വിശ്വാസസത്യമാണ്. ലോകാന്ത്യത്തില്‍ ക്രിസ്തു ആഗതനാകും. അപ്പോള്‍ അവിടുന്നു മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും വിധിക്കുകയും ചെയ്യും. 'ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി അവിടുന്നു പ്രതിഫലം നല്കും' എന്നു നാലാം ലാറ്ററന്‍ സൂനഹദോസ് പഠിപ്പിക്കുന്നു. സഭയുടെ വിശ്വാസ പ്രമാണങ്ങളില്‍ ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

ലോകചരിത്രത്തിന്‍റെയും, ക്രിസ്തുവില്‍ പൂര്‍ണ്ണമാക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യപ്പെട്ട രക്ഷാകര പ്രവൃത്തിയുടെയും അന്ത്യം കുറിക്കുന്ന സ്ഥിരവും മഹത്വപൂര്‍ണ്ണവുമായ ദൈവസാന്നിദ്ധ്യമാണ് ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണം. മഹത്വീകരിക്കപ്പെട്ട ക്രിസ്തുവിന്‍റെ മനുഷ്യ പ്രകൃതിയോടൊത്ത് മനുഷ്യകുലത്തിന്‍റെയും, ലോകത്തിന്‍റെയും അന്ത്യം കുറിക്കുന്ന സംഭവമാണിത്. യേശുവിന്‍റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും അരൂപിയുടെ ദാനവും ഈ രക്ഷാകരാനുഭവത്തിനു തുടക്കം കുറിച്ചിരിക്കുന്നു. മനുഷ്യനു അഗ്രാഹ്യമായ, ദൈവത്തിന്‍റെ സ്വതന്ത്രമായ രക്ഷാകര പ്രവൃത്തിയുടെ പൂര്‍ത്തീകരണമാണ് ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനം. ഭൗതിക സമയത്തിന്‍റെ മാനങ്ങളില്‍ കാലദൈര്‍ഘ്യം നിശ്ചയിക്കാന്‍ സാദ്ധ്യമല്ലാത്ത ഒരു പ്രക്രിയയാണിത്.

അല്പം വിശദീകരണം

'പരൂസിയ (Parousia) എന്ന ഗ്രീക്ക് മൂലപദത്തില്‍ നിന്നാണ് ക്രിസ്തുവിന്‍റെ ആഗമനത്തെ സൂചിപ്പിക്കുന്ന സംജ്ഞകള്‍ ഉത്ഭവിച്ചിട്ടുള്ളത്. പരൂസിയ എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം സാന്നിദ്ധ്യം, ആഗമനം എന്നൊക്കെയാണ്. ഗ്രീക്ക് സംസ്ക്കാരത്തില്‍, രണ്ടര്‍ത്ഥത്തില്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നതായി കാണാം. ഒന്നാമത്, അധികാരികളുടെയും രാജാക്കന്മാരുടെയും മറ്റും സാഘോഷമുള്ള പൊതു സന്ദര്‍ശനം. റോമന്‍ സംസ്ക്കാരത്തിലും ഇതേ അര്‍ത്ഥത്തില്‍ ഈ വാക്ക് കാണുന്നു. റോമന്‍ ചക്രവര്‍ത്തി കിഴക്കന്‍ പ്രവിശ്യകളില്‍ സന്ദര്‍ശനം നടത്തുക പതിവായിരുന്നു. ഇത്തരം അവസരങ്ങളില്‍ വഴികള്‍ അലങ്കരിച്ച് പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ഉത്സാഹത്തോടെ ജനങ്ങള്‍ ചക്രവര്‍ത്തിയെ കാണാന്‍ ഓടിക്കൂടുക സാധാരണയായിരുന്നു. കാഹളങ്ങളും കരഘോഷങ്ങളും ഈ സന്ദര്‍ഭത്തിന്‍റെ മാറ്റുകൂട്ടുന്നു. സന്തോഷംനിറഞ്ഞ ആഘോഷത്തിന്‍റെ ഈ അവസരത്തില്‍ രാജാവു പ്രജകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുകയും പതിവായിരുന്നു. രാജാവിന്‍റെ സന്ദര്‍ശനം നവമായ ഒരു കാലഘട്ടത്തിന്‍റെ, പുതുയുഗപ്പിറവിയുടെ തന്നെ അനുഭവം പ്രജകള്‍ക്കു നല്‍കിയിരുന്നതായി കാണാം. ഇതിനുപുറമെ പ്രവൃത്തികളിലൂടെയോ, ആരാധനാകര്‍മ്മങ്ങളിലൂടെയോ ഉള്ള ദേവന്മാരുടെ സാന്നിദ്ധ്യത്തെ ദ്യോതിപ്പിക്കുന്നതിനും പരൂസിയ എന്ന പദം ഉപയോഗിക്കുന്നതായിക്കാണാം. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തെ സംബന്ധിച്ച ആദിമ സഭയുടെ പഠനം ഈ രണ്ടു ഭാഷ്യങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കുവാന്‍.

രക്ഷാകരചരിത്രത്തിന്‍റെ അന്ത്യം കുറിക്കുന്ന, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ സാന്നിദ്ധ്യമാണ് പരൂസിയ എന്നതുകൊണ്ട് ആദിമ സഭ മനസ്സിലാക്കിയിരുന്നത്. വി. പൗലോസിന്‍റെ തെസലോനിക്കാക്കാര്‍ക്കുള്ള ലേഖനത്തില്‍ ഈ അര്‍ത്ഥം നമുക്ക് കാണാം. കാതോലിക ലേഖനങ്ങളില്‍ പരൂസിയ എന്നതിനു പകരം പ്രത്യക്ഷീകരണം എന്നര്‍ത്ഥമുള്ള 'എപ്പിഫനി' (Epiphany) എന്ന പദമാണ് നാം കാണുന്നത്. എന്നാല്‍ പലപ്പോഴും എപ്പിഫനി ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ ആഗമനവും മനുഷ്യാവതാരവും തമ്മില്‍ വ്യത്യാസം ദര്‍ശിക്കുന്നില്ല. 

പഴയ നിയമത്തില്‍

വിധിക്കായുള്ള ദൈവത്തിന്‍റെ ആഗമനത്തെ കര്‍ത്താവിന്‍റെ ദിനമായി യഹൂദര്‍ പരിഗണിച്ചിരുന്നു. മനുഷ്യപുത്രന്‍റെ ആഗമനം എന്ന ആശയവും യഹൂദ വിശ്വാസത്തില്‍ കാണാം. ചരിത്രത്തിലെ, ദൈവത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ഇടപെടലാണ് കര്‍ത്താവിന്‍റെ ദിനം. ദൈവം തന്‍റെ മഹിമയും ശക്തിയും പ്രകടമാക്കുന്ന അന്ന് അവിടുത്തെ ശത്രുക്കള്‍ നശിപ്പിക്കപ്പെടും. ആദിമകാല യഹൂദ പഠനങ്ങളില്‍ നന്മയുടെയും സമൃദ്ധിയുടെയും ദിനമായി പരിഗണിക്കപ്പെട്ടിരുന്ന കര്‍ത്താവിന്‍റെ ദിനം പില്ക്കാല ചിന്തയില്‍ നാശത്തിന്‍റെയും ഭീകരമായ ശിക്ഷയുടെയും ദിനമായി പരിഗണിക്കപ്പെട്ടു തുടങ്ങി. ആമോസ് തുടങ്ങിയ പ്രവാചകന്മാരാണ് ഈ വ്യത്യസ്തമായ ചിന്താധാരയ്ക്കു തുടക്കമിട്ടത്. മനുഷ്യപുത്രന്‍റെ ആഗമനത്തെ സംബന്ധിച്ച, ദാനിയേലിന്‍റെ പുസ്തകത്തിലെ പ്രതിപാദനമാണ് ക്രിസ്തുവിന്‍റെ പരൂസിയായെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് അടിസ്ഥാനമായ മറ്റൊന്ന്. ദൈവരാജ്യസ്ഥാപനത്തിനായി മഹാശക്തിയോടെ അന്ത്യനാളില്‍ പ്രത്യക്ഷപ്പെടുന്ന അതിമാനുഷനായ ഒരാളുടെ ചിത്രമാണ് ദാനിയേലിന്‍റെ മനുഷ്യപുത്രനെ സംബന്ധിച്ച വിവരണങ്ങളിലുള്ളത്. ഒരു നിര്‍ദ്ദിഷ്ട വ്യക്തിയുടെ ആഗമനം എന്നതിലേറെ ഒരു രാജ്യത്തിന്‍റെ സ്ഥാപനം എന്ന അര്‍ത്ഥമാണ് ഈ വിവരണങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പുതിയ നിയമത്തില്‍

പുതിയ നിയമത്തില്‍ പരൂസിയായെ സംബന്ധിച്ച് വ്യത്യസ്ത ആശയങ്ങളാണുള്ളത്. ഉടനടി സംഭവിക്കാനിരിക്കുന്ന പ്രത്യക്ഷീകരണത്തെക്കുറിച്ച് വി. പൗലോസിന്‍റെ തെസലോനിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദിമസഭയുടെ വിശ്വാസമായിവേണം ഇതിനെ കണക്കാക്കാന്‍. എന്നാല്‍ പരൂസിയ വൈകുന്നത് സഭാസമൂഹത്തില്‍ ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം തെസലോനിക്കാക്കാര്‍ക്കുള്ള രണ്ടാം ലേഖനം നാം മനസ്സിലാക്കാന്‍.

സമാന്തര സുവിശേഷങ്ങളില്‍ മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചും കര്‍ത്താവിന്‍റെ ദിനത്തെക്കുറിച്ചും സുദീര്‍ഘമായ വിവരണങ്ങളുണ്ട്. ഇവ പ്രധാനമായും യുഗാന്ത്യത്തെ സംബന്ധിച്ച പ്രതിപാദനങ്ങളാണ്.  അടുത്തു സംഭവിക്കാനിരിക്കുന്ന ജറുസലേമിന്‍റെ നാശത്തെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഇവിടെ ഒന്നുചേര്‍ന്നു പ്രത്യക്ഷമാകുന്നു. 'യേശുവിന്‍റെ വചനങ്ങളും ഇസ്രായേല്യരുടെ അപ്പോക്കാലിപ്റ്റിക് പാരമ്പര്യങ്ങളും സുവിശേഷകന്മാരുടെ സ്വന്തമായ അനുബന്ധങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നതുമാണ്' ഈ വിവരണങ്ങള്‍. ജറുസലേമിന്‍റെ പതനത്തോടെ യുഗാന്ത്യം സംഭവിക്കുമെന്ന ധാരണ തെറ്റാണെന്ന് സുവിശേഷകന്‍ എടുത്തു കാണിക്കുന്നു. 'ഇതൊക്കെ സംഭവിക്കും എന്നാല്‍ അന്ത്യം ഇനിയും ആയിട്ടില്ല'. യുഗാന്ത്യത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സുവിശേഷകന്മാര്‍ വിവരിക്കുന്നു: മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് കഠിനമായ വേദനകളും പരീക്ഷണങ്ങളും ദുരിതങ്ങളും ഉണ്ടാകും (മര്‍ക്കോ. 13). ഈ ആഗമനം അജ്ഞാതമായ സമയത്തായിരിക്കും. 'മനുഷ്യപുത്രന്‍ കള്ളനെപ്പോലെ വരും' (മത്താ. 24:43). സദാ ജാഗരൂകത പാലിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ് സുവിശേഷം സര്‍വ്വജനതകളോടും പ്രസംഗിക്കപ്പെടണം. മനുഷ്യപുത്രന്‍ വരുന്നതിനുമുമ്പ് ഇസ്രായേല്‍ മാനസാന്തരപ്പെട്ട് ദൈവത്തിന്‍റെ പക്കലേക്ക് തിരിയും. വലിയ ദൈവനിഷേധവും വിശ്വാസരാഹിത്യവും അന്ത്യദിനത്തിനുമുമ്പ് സംഭവിക്കും. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തിനുമുമ്പ് അന്തിക്രിസ്തു പ്രത്യക്ഷപ്പെടേണ്ടിയിരിക്കുന്നു.

മരിച്ചവരുടെ ഉയിര്‍പ്പും അന്ത്യവിധിയും കര്‍ത്താവിന്‍റെ ദിവസം സംഭവിക്കുമെന്ന് സുവിശേഷങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. വിധി ദിവസത്തില്‍ നീതിനിഷ്ഠര്‍ക്ക് സമ്മാനവും ദുഷ്ടര്‍ക്ക് ശിക്ഷയും ലഭിക്കും. പ്രാപഞ്ചികവും സാര്‍വ്വലൗകികവുമായ പുതുക്കലിനെക്കുറിച്ചുള്ള സൂചനകളും സുവിശേഷങ്ങളിലുണ്ട്. കര്‍ത്താവിന്‍റെ ആഗമനം സന്തോഷത്തിന്‍റെ ദിനമായാണ് ആദിമ ക്രൈസ്തവര്‍ കരുതിയിരുന്നത്. തങ്ങളെയും ക്രിസ്തുവിന്‍റെ രാജ്യത്തിലേക്ക് അവിടുന്നു കൊണ്ടുപോകുന്ന ദിനത്തിനായി ആകാംക്ഷാഭരിതരായി അവര്‍ കാത്തിരുന്നു. അവിടുത്തെ ആഗമനത്തിനു മുമ്പുണ്ടാകുന്ന പീഡകള്‍ തികച്ചും നിസ്സാരമായവര്‍ പരിഗണിച്ചു. "നമുക്കു വെളിപ്പെടുവാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണ്" (റോമ. 8:18) എന്നവര്‍ വിശ്വസിച്ചു. എന്നാല്‍ ആദിമകാല യഹൂദ ചിന്തയില്‍ സന്തോഷദ്യോതകമായിരുന്ന കര്‍ത്താവിന്‍റെ ദിനം പില്ക്കാലത്തു ഭയത്തിന്‍റെ ദിനമായിത്തീര്‍ന്നതുപോലെ ആദിമ ക്രൈസ്തവ ചിന്തയ്ക്കും കാലക്രമേണ മാറ്റം വന്നു. കര്‍ത്താവിന്‍റെ ആഗമനം ഭയത്തിന്‍റെയും വിലാപത്തിന്‍റെയും ദിനമായി ചിത്രീകരിക്കപ്പെടുന്നതാണ് പില്ക്കാലങ്ങളില്‍ നാം കാണുക. മദ്ധ്യദശകങ്ങളില്‍ ഇതു ഏറ്റവും പ്രകടമാകുന്നു. ഇക്കാലത്തു വിരചിതമായ സുപ്രസിദ്ധ 'ദീയസ്ഈറേ' - ക്രോധത്തിന്‍റെ ദിനം - എന്ന ഗീതം ഇതു വ്യക്തമാക്കും. ലത്തീന്‍ കവിതകളില്‍ അദ്വിതീയസ്ഥാനമലങ്കരിക്കുന്ന ഈ ഗീതത്തില്‍ നാമിങ്ങനെ കാണു    ന്നു. "ക്രോധത്തിന്‍റെ ദിനം, വിലാപത്തിന്‍റെ ദിനം, പ്രവാചക വചസ്സുകള്‍ പൂര്‍ത്തിയായിരിക്കുന്നു, ഭൂസ്വര്‍ഗ്ഗങ്ങളിതാ അഗ്നിയിലെരിയുന്നു. ഹ! മര്‍ത്ത്യനെത്ര ഭയപ്പെടേണ്ടു -  കൃത്യമായെല്ലാമെഴുതിച്ചേര്‍ത്ത പുസ്തകം. അതില്‍നിന്നുരുവിടുന്ന വിധിവാചകം. വിധിക്കായി അവിടുന്നു ആസനസ്ഥനാകുമ്പോള്‍ പ്രവൃത്തികളെല്ലാം പ്രതിഫലം വാങ്ങാനായി ഭക്ത്യാദരവോടെ വന്നു നില്ക്കുന്നു. വ്രണിതനായ ഞാന്‍ എന്തു ചോദിക്കേണ്ടു? സാധുപോലും ദയയ്ക്കായി കേഴുമ്പോള്‍ എനിക്കായി ആര് ഒരു വാക്കുരചെയ്യും. ശിക്ഷയുടെ അഗ്നി ആളിപ്പടരുന്നു. ഞാനിതാ വിനയാന്വിതനായി മുട്ടില്‍ നില്ക്കുന്നു. മെഴുകു സമാനമായിരിക്കുന്നു എന്‍റെ പശ്ചാത്താപം. ഹാ കണ്ണുനീരിന്‍റെയും വിലാപത്തിന്‍റെയും ദിനം... ഇങ്ങനെപോകുന്നു. ആ ഗീതത്തിന്‍റെ ആശയം".

പരൂസിയയെ സംബന്ധിച്ച പുതിയ നിയമ പഠനങ്ങള്‍ ഒന്നാകെ വിലയിരുത്തിയാല്‍ ചില വസ്തുതകള്‍ വ്യക്തമാകും. യുഗാന്ത്യത്തെക്കുറിച്ചും പരൂസിയായെക്കുറിച്ചുമുള്ള സുവിശേഷ വിവരണങ്ങള്‍ ഏകതാനമായ ഒരു പഠനം നല്കുന്നില്ല. പരൂസിയ ഉടനെ സംഭവിക്കുമെന്നും, ഇല്ലെന്നും നാമിവിടെ കാണുന്നു. ജറുസലേമിന്‍റെ നാശത്തോടെ അന്ത്യമാകും എന്ന വിശ്വാസം യഹൂദരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഈ വിശ്വാസത്തിന്‍റെ സ്വാധീനം മൂലമാകാം മനുഷ്യപുത്രന്‍റെ ആഗമനവും ആസന്നമാണെന്ന ധാരണ സുവിശേഷങ്ങളില്‍ നിഴലിക്കുന്നത്. പരൂസിയായുടെ യഥാര്‍ത്ഥസമയം അജ്ഞാതമാണെന്ന് പുതിയ നിയമം തറപ്പിച്ചു പറയുന്നു. എന്നാല്‍ അതു അപ്രതീക്ഷിതമായ സമയത്തു സംഭവിക്കും. പരൂസിയായ്ക്കുമുമ്പ് വിവിധ അടയാളങ്ങള്‍ ദൃശ്യമാകേണ്ടതുണ്ട്. പുതിയ ആകാശത്തിന്‍റെയും പുതിയ ഭൂമിയുടെയും തുടക്കമാണ് പരൂസിയ എന്നും പുതിയ നിയമം പഠിപ്പിക്കുന്നു.

ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണമോ, മഹത്വപൂര്‍ണ്ണമായ പ്രത്യക്ഷീകരണമോ കേവലം കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്ന തരം ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കുള്ള ചലനമായി, മാറ്റമായി, ചിന്തിക്കാനാവില്ല. ക്രിസ്തു തന്‍റെ മഹത്വത്തിലേക്കു പ്രവേശിച്ചുകൊണ്ട് മരിച്ചവരില്‍നിന്നുയിര്‍ത്ത്, പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ തന്‍റെ മഹത്വത്തില്‍ പൂര്‍ണ്ണമായി നിറഞ്ഞുകൊണ്ട് സര്‍വ്വ സൃഷ്ടങ്ങളിലുള്ള ദൈവത്തിന്‍റെ പരമാധികാരത്തില്‍ മനുഷ്യനെന്നനിലയില്‍ ഉള്‍ച്ചേര്‍ന്നുകൊണ്ട് സ്വര്‍ഗ്ഗത്തിലേയ്ക്ക് 'ആരോഹണം' ചെയ്തു. ദൈവമെന്ന നിലയില്‍ തന്‍റെ ശക്തിയുടെ തികവില്‍ ലോകത്തെ രൂപാന്തരപ്പെടുത്തുകയും ആത്യന്തിക പൂര്‍ണ്ണതയുടെ അവസ്ഥയിലേക്ക് കൊണ്ടുവരികയും ചെയ്യുമ്പോള്‍ അവിടുന്നു 'വീണ്ടും വരും'. യുഗപൂര്‍ത്തീകരണമാണ് രക്ഷാകര പ്രവര്‍ത്തനത്തിന്‍റെ അന്ത്യം. പരൂസിയ, സാര്‍വ്വത്രിക ഉയിര്‍പ്പ്, വിധി ഇവ മനുഷ്യന്‍റെ ഇടയിലൂടെയുള്ള ദൈവത്തിന്‍റെ 'കടന്നു' പോകലിന്‍റെ അന്ത്യം കുറിയ്ക്കുന്ന ഒരനര്‍ഘനിമിഷമാണ്. ഓരോരുത്തരുടെയും ഹൃദയത്തില്‍ ഉച്ചരിക്കപ്പെട്ട വിധിയുടെ പൂര്‍ത്തീകരണവുമാണിത്.

ക്രിസ്തുവിന്‍റെ ഉയിര്‍പ്പും, സ്വര്‍ഗ്ഗാരോഹണവും അരൂപിദാനവും വഴി തുടങ്ങിയ രക്ഷാകര ചരിത്രത്തിന്‍റെ നവ്യമായ പ്രക്രിയ പരിപൂര്‍ത്തി കുറിക്കുന്ന നിമിഷമാണല്ലോ പ്രത്യക്ഷീകരണം. ദൈവത്തിന്‍റെ സ്വതന്ത്രവും അജ്ഞാതവുമായ പ്രവൃത്തി എന്ന നിലയില്‍ ഈ പ്രക്രിയയുടെ പരിപൂര്‍ത്തി സമയത്തിന്‍റെ മാനങ്ങളില്‍ മനസ്സിലാക്കാനാവില്ല. "ആ ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലുള്ള മാലാഖാമാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മര്‍ക്കോ. 13:32). ചരിത്രത്തിന്‍റെ വിധി നിര്‍ണ്ണയിക്കുന്ന ഈ പ്രത്യക്ഷീകരണത്തില്‍ ചരിത്രം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്നും ക്രിസ്തു കേന്ദ്രീകൃതമാണതിന്‍റെ ലക്ഷ്യമെന്നും വെളിപ്പെടും. ചരിത്രത്തിന്‍റെ കേവലം സ്വാഭാവികമായ പരിപൂര്‍ത്തിയല്ലിത്. ചരിത്രത്തിന്‍റെ ആരംഭം മുതല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ്ണതയുമല്ല. പ്രത്യുത ദൈവത്തിന്‍റെ സ്വതന്ത്ര നിശ്ചയത്തിന്‍റെ ഫലമാണ്. ഇതിനാലാണ് ഇതിനെ വിധി എന്നു വിളിക്കുന്നത്.

 പരൂസിയായും ദൈവരാജ്യസ്ഥാപനവും

ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തിലൂടെ ദൈവരാജ്യം സമാഗതമാകുന്നു. ദൈവരാജ്യത്തെ സ്ഥലകാല നിബന്ധമായ ഒന്നായി കണക്കാക്കാനാവില്ല. എന്നാല്‍ വെളി. 20:1-6നെ അടിസ്ഥാനപ്പെടുത്തി അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരുമൊത്തുള്ള ക്രിസ്തുവിന്‍റെ ആയിരം വര്‍ഷത്തെ ഭരണം പ്രത്യക്ഷീകരണത്തെ തുടര്‍ന്നുണ്ടാകുമെന്നു ചില ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തോടും തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉയിര്‍പ്പോടുംകൂടി ആരംഭിക്കുന്ന ഭരണം സാര്‍വ്വത്രിക ഉയിര്‍പ്പിലും പൊതുവിധിയിലും അവസാനിക്കും. ക്രിസ്തുവിന്‍റെ അന്തിമവിജയവും പ്രപഞ്ചത്തിന്‍റെ പരിണാമോന്മുഖമായ മഹത്വീകരണവുമാണ് ഈ പഠനത്തില്‍ പ്രകടമാകുന്നത്. ഉയിര്‍പ്പിനെയും വിധിയേയും സംബന്ധിച്ച വി. ഗ്രന്ഥപഠനങ്ങള്‍ ഈ നിഗമനവുമായി ഒത്തുപോകുന്നില്ല. അക്കാരണത്താല്‍ സഭ ഇതിനെ അബദ്ധപഠനമായിട്ടാണ് പരിഗണിക്കുന്നത് (വെളി 20:1-6). ക്രിസ്തു ഭരണത്തിന്‍റെ അനന്തസ്വഭാവം പ്രതീകാത്മകമായി വ്യക്തമാക്കുക മാത്രമേ ഇത് ചെയ്യുന്നുള്ളു.

രക്ഷാകര പ്രവര്‍ത്തനത്തിന്‍റെ പൂര്‍ത്തീകരണമായ പ്രത്യക്ഷീകരണം ഇപ്പോള്‍തന്നെ ഭാഗികമായി നടന്നുകഴിഞ്ഞിരിക്കുന്നു. ദൈവരാജ്യം ഇന്നു ക്രിസ്തുവിന്‍റെ രക്ഷാകര പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കുകളാകുന്നവരില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മാമ്മോദീസായിലൂടെ ക്രിസ്തുവില്‍ മരിച്ചുയര്‍ക്കുന്ന ക്രിസ്തുശിഷ്യരില്‍തന്നെ അന്ത്യവിധിയുടെ മുന്നനുഭവം ആരംഭിച്ചുകഴിഞ്ഞു. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിലൂടെ മാനവരക്ഷ ചരിത്രത്തില്‍ യാഥാര്‍ത്ഥീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ രക്ഷ അന്തിമ പ്രത്യക്ഷീകരണത്തില്‍ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തപ്പെടുവാനിരിക്കുന്നു. കൂദാശകളുടെ സ്വീകരണം ക്രിസ്തുവിന്‍റെ ഈ ആഗമനത്തെ ദ്യോതിപ്പിക്കുന്നവയാണ്. ചരിത്രത്തെ സ്മരിച്ചുകൊണ്ടും ഭാവിയെ പ്രതീക്ഷിച്ചുകൊണ്ടും ഇന്നില്‍ ജീവിക്കുവാനുള്ള ആഹ്വാനവും അവസരവുമാണവ. (വി. കുര്‍ബാനസ്വീകരണം, ജ്ഞാനസ്നാനം, കുമ്പസാരം, ഇവ എങ്ങനെ വിധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു മുമ്പ് പറയുകയുണ്ടായി). പരൂസിയായുടെയും ലോകാന്ത്യത്തിന്‍റെയും സമയം മനുഷ്യന് അജ്ഞാതമാണ്. ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ അന്തിമ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള പ്രതീക്ഷ മാനവചരിത്രത്തിനു അര്‍ത്ഥം നല്കുന്നു.

 വിധിയും സ്വാതന്ത്ര്യവും

മനുഷ്യന്‍റെ സ്വതന്ത്ര പ്രവൃത്തികള്‍ക്ക് ദൈവിക വിലയിരുത്തലാണ് വിധിയെന്നു നാം കണ്ടു. വിധിയിലൂടെ മനുഷ്യന്‍റെ ആത്യന്തികമായ ഭാവിയുടെ സ്വഭാവം നിശ്ചയിക്കപ്പെടുകയാണ്. മനുഷ്യനു സ്വതന്ത്രപ്രവൃത്തി സാദ്ധ്യമോ എന്ന പ്രശ്നം ദാര്‍ശനികരെയും ദൈവശാസ്ത്രജ്ഞരേയും കുഴക്കിയിട്ടുള്ള ഒന്നാണ്. ദൈവത്തിന്‍റെ നിത്യജ്ഞാനവും ദൈവികജ്ഞാനത്തിന്‍റെ അലംഘ്യതയും നിര്‍ണ്ണയ സിദ്ധാന്തത്തിലേയ്ക്കും (geterminism) തന്മൂലം ഉത്തരവാദിത്വരാഹിത്യത്തിലേക്കും ഊന്നല്‍ കൊടുത്തു ചിന്തിക്കുവാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ട്.

മനുഷ്യന്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ കഴിവുറ്റവനാണോ? അല്ലെങ്കില്‍ അവന്‍റെ പ്രവൃത്തിയുടെ ഉത്തരവാദിത്വം എത്രമാത്രം അവനെ ഏല്പിക്കാനാവും? ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികള്‍ക്കനുസൃതമായി നിത്യവും നിലനില്‍ക്കുന്നൊരു വിധി എങ്ങിനെ നീതിപൂര്‍വ്വകമാകും? സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായി അപഗ്രഥിക്കാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവില്ല.

അബദ്ധ പഠനങ്ങള്‍

മനുഷ്യന്‍ സ്വതന്ത്രനല്ല എന്നുവാദിക്കുന്നവര്‍ നിര്‍ണ്ണയ സിദ്ധാന്തവും മുന്‍നിശ്ചയ (Pre-fdestination) സിദ്ധാന്തവും പിന്തുടരുന്നു. പ്രകൃതിനിയമങ്ങള്‍ക്കും ചുറ്റുപാടുകളുടെ സ്വാധീനത്തിനും (മാനുഷിക നിയമങ്ങള്‍ക്കുപോലും) അടിമയാണു മനുഷ്യനെന്നാണ് നിര്‍ണ്ണയ സിദ്ധാന്തക്കാര്‍ വാദിക്കുക. ഈ നിഗമനം അംഗീകരിക്കുന്നപക്ഷം മനുഷ്യന്‍റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളെല്ലാം-ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍, സംസ്ക്കാരം തുടങ്ങിയവയൊക്കെ യാദൃച്ഛികം കേവലം മാത്രമാണെന്ന് അംഗീകരിക്കുകയാവും ചെയ്യുക. ചുറ്റുപാടുകളെയും സ്വാഭാവിക നിയമങ്ങളെയും മറികടക്കാനുള്ള കഴിവിനെ നിഷേധിക്കലാണത്.

മുന്‍നിശ്ചയ സിദ്ധാന്തം കൂടുതല്‍ ദൈവശാസ്ത്രപരമാണ്. ക്രിസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതുമൂലം ഒരുവന്‍ രക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന ചിന്താഗതി സഭാപിതാക്കന്മാരുടെ പഠനങ്ങളില്‍ കാണാം. രക്ഷയ്ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവരെ സംബന്ധിച്ച പുതിയനിയമ പരാമര്‍ശത്തെ അധികരിച്ച് (റോമ 8:30, വെളി 7:36) തിരഞ്ഞെടുക്കപ്പെട്ട ഏതാനും ആളുകള്‍ മാത്രമേ രക്ഷപെടൂ എന്ന് കാല്‍വിന്‍ തുടങ്ങിയ പ്രോട്ടസ്റ്റന്‍റു നേതാക്കന്മാര്‍ പഠിപ്പിക്കുന്നു. ഈ തിരഞ്ഞെടുപ്പും ആദിപാപവുമായി ബന്ധമൊന്നു മില്ല. ദൈവത്തിന്‍റെ സ്വതന്ത്രമായ ഇഷ്ടം മാത്രമാണിവിടെ മാനദണ്ഡം.

ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ മുന്‍നിശ്ചയമെന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, "ഓരോ വ്യക്തിയുടെയും അതിസ്വാഭാവിക ലക്ഷ്യത്തെക്കുറിച്ച് അതിന്‍റെ അന്ത്യവും, അതു തീരുമാനിക്കുന്ന അവന്‍റെ ചരിത്രത്തിലെ സംഭവങ്ങളും-കേവലം അഭികാമ്യമായ ഒന്നെന്നനിലയില്‍ മാത്രമല്ല, ഒരുവന്‍ നിശ്ചയമായി പ്രാപിക്കേണ്ട ഒന്നെന്നനിലയില്‍, സമ്പൂര്‍ണ്ണമായി ദൈവനിശ്ചിതമായിരിക്കുന്ന നിത്യമായ ദൈവികപദ്ധതി എന്നാണ്". ദൈവത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പ്രത്യക്ഷീഭാവമാണിത്. അതായത് മുന്‍നിശ്ചയം സദാ അതിസ്വഭാവിക ലക്ഷ്യത്തെ പരാമര്‍ശിക്കുന്നതാണ്. ഈ ലക്ഷ്യവും അതിന് അവനെ സജ്ജമാക്കുന്ന ചുറ്റുപാടുകളും ദൈവികപദ്ധതിയില്‍ ഉള്‍പ്പെടുന്നവ തന്നെ. ഈ ലക്ഷ്യം സാധിക്കുക എന്നത് മനുഷ്യന്‍റെ അസ്തിത്വപൂര്‍ത്തീകരണമെന്ന നിലയില്‍ ഓരോരുത്തനും അവശ്യം കൂടിയേ തീരൂ. കാള്‍റാനറുടെ അഭിപ്രായത്തില്‍ മുന്‍നിശ്ചയത്തിന്‍റെ ഏക കാരണം ദൈവത്തിന്‍റെ സ്നേഹമാണ്. ഈ സ്നേഹമാകട്ടെ മനുഷ്യരക്ഷയാണഭിലഷിക്കുന്നത്. മഹത്വത്തിനായുള്ള മുന്‍നിശ്ചയത്തിന്‍റെ സമ്പൂര്‍ണ്ണരൂപം ക്രിസ്തുവില്‍ ദൃശ്യമാകുന്നു. ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്‍റെ പരിമിതിമൂലം ഈ പദ്ധതി പ്രകടമല്ല; പ്രാര്‍ത്ഥനയിലൂടെയും പ്രതീക്ഷയിലൂടെയും അവനിതു സാധിച്ചെടുക്കണം. ദൈവിക മുന്‍നിശ്ചയം ഒരിക്കലും മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കയോ ഉത്തരവാദിത്വത്തെ ഒഴിവാക്കുകയോ ചെയ്യുന്നില്ല; മറിച്ച് അത് സ്ഥാപിക്കയാണ് ചെയ്യുന്നത്.

എന്താണ് സ്വാതന്ത്ര്യം?

മനുഷ്യനിലുള്ള ദൈവീക ഛായയുടെ അന്യാദൃശ്യമായൊരു അടയാളമായാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മനുഷ്യ സ്വാതന്ത്യത്തെ കാണുന്നത്. മനുഷ്യന്‍ സ്വതന്ത്രനാണ്. സ്വാതന്ത്ര്യം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എന്തും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല. സ്രഷ്ടാവിനെ സ്വമേധയാ അന്വേഷിക്കാനും അവിടുത്തോടുള്ള സ്നേഹം ഭക്തികളിലൂടെ കേവലവും പരമാനന്ദ നിര്‍ഭരവുമായ പൂര്‍ണ്ണതയില്‍ എത്തിച്ചേരുവാനുള്ള മനുഷ്യന്‍റെ ശക്തിയാണിത്. ഓരോരുത്തനും അവനവന്‍ ചെയ്യുന്ന ധര്‍മ്മാധര്‍മ്മ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളാണ്.

സ്വാതന്ത്ര്യം കേവലം നിര്‍ദ്ദിഷ്ടതയില്‍നിന്നും നിശ്ചിതതയില്‍  നിന്നുമുള്ള വിമുക്തി മാത്രമല്ല. ഈ നിഷേധാത്മക വശത്തേക്കാളുപരി "നമ്മുടെ ആഗ്രഹങ്ങളെ നമ്മുടെ ഇച്ഛാശക്തിക്കനുസരണമായി നിയന്ത്രിക്കുവാനും ഭൗതിക ലോകത്തെയും ആദ്ധ്യാത്മിക ലോകത്തെയും ബാന്ധവം കൂടാതെ ആസ്വദിക്കുവാനുള്ള കഴിവിലാണ് സ്വാതന്ത്ര്യമടങ്ങിയിരിക്കുന്നത്". നന്മയെ (നന്മയായി കാണപ്പെടുന്നതിനെ) തിരഞ്ഞെടുക്കുന്നതില്‍ മനുഷ്യ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നു. മറ്റു വാക്കില്‍ നന്മയ്ക്കായുള്ള ഒരു ചലനാത്മക ശക്തിയാണ് സ്വാതന്ത്ര്യം.

ദൈവശാസ്ത്രപരമായി വീക്ഷിച്ചാല്‍, നന്മയോ തിന്മയോ തിരഞ്ഞെടുക്കുന്ന പ്രവൃത്തി എന്നതിലേറെ നല്ലതോ ചീത്തയോ ആയിത്തീരാനുള്ള ആത്യന്തികമായ കഴിവാണ് സ്വാതന്ത്ര്യം എന്ന് കാള്‍ റാനര്‍ അഭിപ്രായപ്പെടുന്നു. ഇതിനാലാണ് മനുഷ്യനെ നിര്‍വ്വചിക്കാന്‍ സാധിക്കയില്ലാത്തത്. നമ്മോടുതന്നെയും ദൈവത്തോടും ലോകത്തോടുമുള്ള ബന്ധത്തില്‍ തന്‍റെ സമ്പൂര്‍ണ്ണത നിര്‍ണ്ണയിക്കാന്‍, തന്നോടുതന്നെ അതെ എന്നോ അല്ല എന്നോ പറയാന്‍, തനിക്കുതന്നെ അനുകൂലമായോ, പ്രതികൂലമായോ തീരുമാനിക്കുവാന്‍ ഉള്ള സാദ്ധ്യതയാണ്. ദൈവശാസ്ത്ര അര്‍ത്ഥത്തിലാകട്ടെ ഒരുവന്‍ തന്‍റെ സാകല്യതയില്‍ ദൈവത്തിനെതിരായോ അനുകൂലമായോ, തന്നെക്കുറിച്ചുതന്നെ സമര്‍പ്പിക്കയും ചെയ്യുന്ന പ്രവൃത്തിയാണിത്. (ദൈവത്തിന്‍റെ സ്വയ നിര്‍ണ്ണയ പ്രകൃതിയില്‍ പങ്കുപറ്റുന്നവനാണ് മനുഷ്യന്‍). തിന്മയെന്നാല്‍ ദൈവത്തിന്‍റെ മുമ്പിലുള്ള അടിസ്ഥാനപരമായ ആത്മനിഷേധവും തന്മൂലം പാരതന്ത്ര്യവുമാണ്.

സ്വാതന്ത്ര്യവും ഉത്തരവാദിത്വവും

മനുഷ്യനെക്കുറിച്ചുതന്നെ സംപൂര്‍ണ്ണമായും വിധിതീര്‍പ്പുകല്പിക്കാന്‍ പ്രായോഗികമായി മിക്കപ്പോഴും കഴിയാത്തതുകൊണ്ട് പാപത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മനുഷ്യനെ ഏല്പിക്കാമോ? "ധാര്‍മ്മികമായി മനുഷ്യന്‍ കുറ്റക്കാരനോ നീതിമാനോ ആയി കാണപ്പെടുന്നത് അവന്‍റെ പ്രവൃത്തികളെ ആശ്രയിച്ചാണ്. ദൈവവുമായി സംയോജിച്ചു ആത്മസിദ്ധി നേടുന്നതിനു ദൈവദാനവും കരുണയും കൃപയും മനുഷ്യമനസ്സിനോടിണങ്ങി പ്രവര്‍ത്തിക്കണം. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തിനു വശംവദനാവുക എന്നതു തന്നെയാണവന്‍റെ ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വം ഉപേക്ഷിക്കലാണ് പാപം. അതിനാല്‍ പാപം മനുഷ്യന്‍റെ സ്വതന്ത്രപ്രവൃത്തി തന്നെയാണെന്നു കാണാവുന്നതാണ്. എങ്കിലും മാനുഷിക മാനങ്ങള്‍ക്കൊണ്ട് പാപത്തെക്കുറിച്ച് വിധി കല്പിക്കാനാവില്ല. ഒരുവന്‍റെ പ്രവൃത്തി വസ്തുനിഷ്ഠമായി നന്മയാണെന്നിരിക്കലും ആന്തരികമായി അവന്‍ ദൈവത്തോടു ഐക്യപ്പെട്ടാണോ ഇരിക്കുന്നതെന്ന് എന്ന് അറിയാനാവില്ല. ഇവിടെ നാം ലക്ഷ്യവും പ്രവൃത്തിയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട്.

മനുഷ്യവ്യക്തിയെ മാത്രം സ്പര്‍ശിക്കുന്ന മാനങ്ങളുടെ പരിധിയിലല്ല സ്വതന്ത്രമായ തീരുമാനം എടുക്കപ്പെടുക. കാരണം ആദിപാപം വഴി മനുഷ്യന്‍റെ പ്രകൃതി ദുഷ്പ്രവൃത്തികളുടെ സ്വാധീനത്തില്‍നിന്ന് വിമുക്തമല്ല. മനുഷ്യന്‍ ലോകബദ്ധനായിരിക്കയാല്‍ വസ്തുനിഷ്ഠമായ തീരുമാനങ്ങളെടുക്കുമ്പോള്‍ വൈയക്തിക സ്വാധീനവും അതു അവശ്യം ഉളവാക്കുന്ന വേദനയും സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ ദൈവികശിക്ഷ മനുഷ്യന്‍റെ പാപത്തിന്‍റെ സ്വാഭാവിക ഫലമാണ്; ദൈവത്തിന്‍റെ ഒരു പ്രത്യേക പ്രവൃത്തിയല്ല. ലോകത്തിന്‍റെയും മനുഷ്യന്‍റെയും വസ്തുനിഷ്ഠമായ ഘടകങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ദൈവം പാപത്തിന്‍റെ ശിക്ഷാദായകനാകുന്നത്. ഈയര്‍ത്ഥത്തില്‍ ദൈവികവിധി മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കയല്ല കൂടുതല്‍ പ്രകടമാക്കുകയാണ് ചെയ്യുന്നത് എന്നു കാണാം. 

 വിധിയും നീതീകരണവും

വിധിയും നീതീകരണവും ദൈവശാസ്ത്രപരമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നു കാണാം. എങ്കിലും ഇവ രണ്ടും ഒരേ അര്‍ത്ഥമല്ല ധ്വനിപ്പിക്കുന്നത്. നീതീകരണത്തെക്കുറിച്ച് വി. ഗ്രന്ഥത്തെ ആധാരമാക്കിയുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ വിവിധ അഭിപ്രായങ്ങള്‍ നല്‍കുന്നുണ്ട്. പാപിയായ മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനമാണ് 'നീതീകരണം' എന്ന് ഏവരും അംഗീകരിക്കുന്നു. എന്നാല്‍ നീതീകരണത്തിന്‍റെ നിയമസ്വഭാത്തെയും മാനദണ്ഡത്തെയുംകുറിച്ച് ക്രൈസ്തവ വിചിന്തകരുടെയിടയില്‍ വിഭിന്ന അഭിപ്രായങ്ങളുണ്ട്.

മോശയുടെ നിയമം അനുസരിക്കുന്നവര്‍ നീതീകരിക്കപ്പെടുന്നുവെന്ന് യഹൂദര്‍ വിശ്വസിച്ച് തങ്ങളുടെ പൂര്‍വ്വകാല ജീവിതത്തെ നല്ലതെന്നോ ചീത്തയെന്നോ ദൈവം വിധിക്കുന്നതാണ് യഹൂദ നീതികരണം. കേവലം നൈയാമികമായ ഒരു പ്രവൃത്തിയാണിത്. ഭാവിയില്‍ സംഭവിക്കേണ്ട ഒരു പ്രവൃത്തിയാണിത്.

ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ ഇതിനു നവമായ ഒരര്‍ത്ഥം നല്കപ്പെടുന്നു. വി. പൗലോസിന്‍റെ ലേഖനങ്ങളില്‍, പ്രത്യേകിച്ച് റോമാക്കാര്‍ക്കുള്ള ലേഖനത്തിലാണ് നീതീകരണത്തെ സംബന്ധിച്ച പഠനങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണുന്നത്. ദൈവം മനുഷ്യനെ വരപ്രസാദപൂരിതനാക്കുന്ന പ്രവൃത്തിയാണിത്. പൗലോസിനെ സംബന്ധിച്ചിടത്തോളം നീതീകരണം ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒന്നല്ല, മറിച്ച് വസ്തുനിഷ്ഠമായി സംഭവിച്ചു കഴിഞ്ഞ ഒന്നിന്‍റെ വ്യക്തിപരമായ ദൈനംദിനാനുഭവമാണ്. ഭാവ്യോന്മുഖമായ നീതീകരണത്തിന്‍റെ അച്ചാരവുമാണത്; ഇപ്പോള്‍ അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ദൈവകോപത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ (റോമ 5:9). നീതീകരണം നീതിമാനെയല്ല പാപിയെയത്രേ പരാമര്‍ശിക്കുന്നത് (റോമ 4:5). ഇവിടെ നീതീകരണത്തിന്‍റെ മാനദണ്ഡം നിയമാനുഷ്ഠാനമല്ല, നമ്മുടെ നീതീകരണവും വിശുദ്ധിയും രക്ഷയുമായിത്തീര്‍ന്ന ക്രിസ്തുവാണ്. ദൈവവും മനുഷ്യനും തമ്മില്‍ നവമായൊരു ബന്ധം സ്ഥാപിക്കുന്ന പ്രവൃത്തിയാണിത്. ഇതുവഴി ഒരുവന്‍ ദൈവത്തെ സ്വീകരിക്കുന്നതിനു യോഗ്യനാവുകയും അതിനായി നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഈ പുതിയ ആഭിമുഖ്യം അവന്‍റെ സമഗ്രവ്യതിയാനം ഉള്‍ക്കൊള്ളുന്നതാണ്.

നീതീകരണം അടിസ്ഥാനപരമായി ദൈവത്തിന്‍റെ പ്രവൃത്തിയാണ്. ക്രിസ്തുവിന്‍റെ രക്ഷാകരപ്രവൃത്തികളിലൂടെ മനുഷ്യകുലം നീതീകരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലുള്ള ക്രിയാത്മകമായ വിശ്വാസത്തിലൂടെയാണ് നീതീകരണത്തിന് ഒരുവന്‍ അര്‍ഹനാകുന്നത്. ഈ വിശ്വാസം കേവലം ബൗദ്ധികം മാത്രമല്ല. ചരിത്രപരമോ വസ്തുനിഷ്ഠമോ ആയ സത്യങ്ങള്‍ അംഗീകരിക്കലുമല്ല, മറിച്ച് ദൈവത്തിന്‍റെ ചരിത്രത്തിലെ വ്യക്തിപരമായ ഇടപെടല്‍ അംഗീകരിക്കയും, സ്വയം നീതീകരണം അസാദ്ധ്യമെന്നു സമ്മതിക്കുകയുമാണ്.

പാപം മൂലം ദൈവത്തില്‍നിന്നകലുകയും അവിടുത്തെ ദാനങ്ങള്‍ക്ക് അനര്‍ഹനാവുകയും ചെയ്ത മനുഷ്യനെ സ്നേഹനിധിയായ ദൈവം തന്‍റെ പുത്രന്‍റെ രക്ഷാകരമായ കുരിശുമരണംവഴി നീതീകരിക്കയും നവസൃഷ്ടിയും ദത്തുപുത്രനുമായി പുതുജന്മം നല്‍കുകയും-അവനില്‍ തന്‍റെ അരൂപിയെ ആവസിപ്പിക്കുകയും ചെയ്തു. വസ്തുനിഷ്ഠമായ ഈ രക്ഷ ശരീരത്തിന്‍റെ ഉയിര്‍പ്പോടുകൂടി നേടേണ്ട നിത്യജീവന്‍റെ തുടക്കവുമാണ്.

നീതീകരണം ഒരേ സമയം ദൈവത്തിന്‍റെ രക്ഷാകര ദാനങ്ങളും രക്ഷാകര പ്രവര്‍ത്തനങ്ങളുമാണ്. ഇതു പൂര്‍ണ്ണമായ ദാനമാകയാല്‍ മനുഷ്യന്‍ നിഷ്ക്രിയനായിരിക്കണമെന്നര്‍ത്ഥമില്ല. നീതീകരണം എന്ന ദാനം സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുള്ള വ്യക്തിക്കാണല്ലോ നല്‍കപ്പെടുന്നത്. ഇക്കാരണത്താല്‍ ദൈവത്തിന്‍റെ ക്രിയാത്മക വചനത്തിന്‍റെ സ്വതന്ത്രസ്വീകരണവും, അതിനോടുള്ള അനുസരണവും വിധേയത്വവും നീതീകരണത്തിനാവശ്യമാണ്. ഈ ആശയമാണ് (റോമ 1:17ല്‍ വിശ്വാസത്തിലൂടെ നാം നീതീകരിക്കപ്പെടുന്നു എന്നതുകൊണ്ട് പൗലോസ് ശ്ലീഹാ അര്‍ത്ഥമാക്കുന്നത്.

ക്രിയാത്മകവിധി എന്ന അര്‍ത്ഥത്തില്‍, നീതീകരണത്തില്‍ പാപവിമോചനവും പുതുസൃഷ്ടിയും നടക്കുന്നു. പാപത്തെക്കുറിച്ചുള്ള അവബോധത്തില്‍നിന്നേ നീതീകരണത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാനാവൂ.  പാപം മനുഷ്യന്‍റെ ദൈവോന്മുഖപ്രയാണത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം ശക്തികൊണ്ട് ദൈവസായൂജ്യം സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. എങ്കിലും ദൈവത്തെ പ്രാപിക്കുക എന്ന ലക്ഷ്യം മനുഷ്യനില്‍ രൂഢമൂലമാണ്.

നീതീകരണം പ്രോട്ടസ്റ്റന്‍റു വ്യാഖ്യാനം

നീതീകരണത്തിന്‍റെ സ്വഭാവത്തെ സംബന്ധിച്ചും മാനദണ്ഡത്തെസംബന്ധിച്ചും കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരും പ്രോട്ടസ്റ്റന്‍റു ദൈവശാസ്ത്രജ്ഞന്മാരും വ്യത്യസ്താഭിപ്രായക്കാരാണ്. നമ്മുടെ പ്രവൃത്തിവഴിയല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസം വഴിയാണു നാം നീതീകരിക്കപ്പെടുന്നതെന്ന് പൗലോസ്ശ്ലീഹാ വ്യക്തമായി പറയുന്നു. റോമ1:16-17ല്‍ ഇതു വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്. 1:18-4:25ല്‍ വളരെ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. ലൂഥര്‍, കാല്‍വിന്‍ തുടങ്ങിയവര്‍ പൗലോസിന്‍റെ മേല്‍ പ്രസ്താവിച്ച പഠനത്തെ (റോമ 1:17) വിശ്വാസത്തിലൂടെ മാത്രം (sola fide) രക്ഷിക്കപ്പെടുന്നുവെന്നു വ്യാഖ്യാനിക്കുന്നു. നീതീകരിക്കപ്പെട്ട മനുഷ്യര്‍ ഒരേ സമയം പാപിയും വിശുദ്ധീകരിക്കപ്പെട്ടവനുമാണെന്നു ലൂഥര്‍ പഠിപ്പിക്കുന്നു. അവന്‍ ആന്തരികമായി പാപിയായിത്തന്നെ നിലകൊള്ളുന്നു. എങ്കിലും ക്രിസ്തുവിന്‍റെ രക്ഷയെന്ന ദാനം അവനും ലഭിച്ചിരിക്കുന്നതിനാല്‍, അതുമൂലം അവന്‍റെ പാപം ദൈവദൃഷ്ടിയില്‍ നിന്നു മറയ്ക്കപ്പെടുകയും അവന്‍ നീതിമാനായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്‍റെ നീതീകരണം അവന്‍റെ പ്രവൃത്തികളെ (നന്മയോ തിന്മയോ) ആശ്രയിച്ചല്ല നിലകൊള്ളുന്നത്. ക്രിസ്തുവിലുള്ള വിശ്വാസമാണ് ഒരുവന്‍റെ നീതീകരണത്തിന്‍റെ ഏക കാരണം. ഇത് സമ്പൂര്‍ണ്ണമായി ആശ്രയിക്കുന്ന വിശ്വാസമാണ്. (Fidueial Faith) വിശ്വാസംകൊണ്ടു ലൂഥര്‍ അര്‍ത്ഥമാക്കുന്നത്, ദൈവകരങ്ങളില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന മനസ്സിന്‍റെ പ്രവൃത്തിയെയാണ്. ഇതിന്‍റെ ഫലമാകട്ടെ തന്‍റെ രക്ഷയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ഉറപ്പും. നീതീകരണത്തില്‍ ദൈവം ഒരുവനെ പരിശുദ്ധന്‍ (Justified) എന്നു പ്രഖ്യാപിക്കുന്നു. അതേസമയം അവന്‍ ആന്തരികമായി തെറ്റുകാരനായി നിലകൊള്ളുന്നു എന്നാണ് ലൂഥറുടെ നിലപാട്.

ആദിപാപം മൂലം മനുഷ്യപ്രകൃതിതന്നെ പാപമയമായിത്തീര്‍ന്നു എന്നതാണ് ലൂഥറിന്‍റെ അടിസ്ഥാനപ്രമാണം. പാപമയമായ പ്രകൃതിയുള്ള മനുഷ്യനു സ്വയം നന്മചെയ്യാനാവില്ല. അവന്‍റെ ഓരോ പ്രവൃത്തിയും പാപമാണ്. ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടാല്‍ തന്നെയും ലൗകിക ദുരാശകള്‍ അവനെ വലയം ചെയ്തിരിക്കുന്നതിനാല്‍ പാപം ഒഴിവാക്കുവാന്‍ അവനു കഴിയുകയില്ല. ദൈവകൃപമാത്രമാണവനാശ്രയം. എങ്കിലും തന്‍റെ നീതീകരണത്തിന്‍റെ ബാഹ്യപ്രകടനമെന്ന നിലയില്‍ അവന്‍ നന്മപ്രവൃത്തികള്‍ ചെയ്യാന്‍ കടപ്പെട്ടവനായിത്തീരുന്നു. പക്ഷേ, ഈ നന്മകള്‍ അവനു ദൈവിക വരപ്രസാദത്തില്‍  വളരാന്‍ ഉപകരിക്കുന്നില്ല.

നീതീകരണം ക്രൈസ്തവ ഭാഷ്യം

ട്രെന്‍റ് കൗണ്‍സില്‍ ലൂഥറിന്‍റെ പഠനങ്ങളെ ഖണ്ഡിക്കുന്നു. നീതീകരണം കേവലം നൈയാമികമോ ബാഹ്യമാത്രമോ ആയ വിധി പ്രസ്താവനമല്ല. നീതീകരണത്തിലൂടെ ഒരുവന്‍ ആന്തരികമായ പുതുജന്മം പ്രാപിക്കുകയും സമഗ്ര വ്യതിയാനത്തിനു വിധേയനാവുകയും ചെയ്യുന്നു. (C.F. 1932). ക്രിസ്തുവിന്‍റെ രക്ഷാകരപ്രവൃത്തിയാല്‍ രക്ഷിക്കപ്പെട്ട മനുഷ്യന്‍ ദൈവത്തിന്‍റെ പുത്രനും പരിശുദ്ധാത്മാവിന്‍റെ ആലയവുമായിത്തീരുന്നു. ഈ പുതുജീവനില്‍ വളരുകയാണ് ക്രൈസ്തവ ജീവിതത്തിലെ ലക്ഷ്യം. നീതീകരിക്കപ്പെട്ട മനുഷ്യനും സല്‍പ്രവര്‍ത്തികള്‍വഴി ക്രിസ്തുവുമായുള്ള ഐക്യം കൂടുതല്‍ സുദൃഢമാക്കാം. വിശ്വാസത്തിലൂടെ സ്വീകരിക്കുന്ന നീതീകരണം മാമ്മോദീസായിലൂടെ ഒരുവനു ലഭിക്കുന്നു. എങ്കിലും ഇതു ഒരിക്കലും രക്ഷാപൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നില്ല. വിശ്വാസം കൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത് കേവലം ബൗദ്ധികമായ വിശ്വാസമല്ല. പ്രവൃത്തികളിലൂടെ പ്രകടമാകേണ്ട സജീവ വിശ്വാസമാണിത്.

ഒരുവനു ഒരേ സമയം പാപിയും നീതിമാനുമായിരിക്കാന്‍ ആവില്ല. രക്ഷാകരപ്രവൃത്തിയിലെ ഒരു സംഭവമെന്ന നിലയില്‍ നീതീകരണം നവ്യമായൊരു സൃഷ്ടി നടത്തുന്നു. ഇവിടെ പഴയതിന് (പാപത്തിന്) സ്ഥാനമില്ല. മനുഷ്യന്‍റെ കഴിവുകളോ അനുഭവമോ, വിശ്വാസമോ എന്നതിലേറെ ദൈവത്തിന്‍റെ പ്രവൃത്തിയാണ് നീതികരണത്തിനടിസ്ഥാനമെന്ന് കാള്‍റാനര്‍ അഭിപ്രായപ്പെടുന്നു.

ദൈവികപ്രവര്‍ത്തനമായ നീതീകരണം മനുഷ്യനെ അവന്‍റെ സത്തയുടെ അഗാധങ്ങളില്‍ തന്നെ രൂപാന്തരപ്പെടുത്തുന്നു. അതു അവനെ ദൈവികനാക്കുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെ നീതീകരിക്കപ്പെട്ടയാള്‍ക്ക് ഒരേ സമയം പാപിയും വിശുദ്ധനുമായിരിക്കാനാവില്ല. താന്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീക്ഷയിലാണ് ക്രൈസ്തവന്‍ ജീവിക്കുന്നത്.

നീതീകരണത്തിന്‍റെ ഭാവ്യന്മുഖ രൂപമാണ് വിധി. ദൈവത്തിന്‍റെ നീതീകരണത്തിന്‍റെ പ്രകടനമാണത്. വസ്തുനിഷ്ഠമായി ക്രിസ്തുവഴി ലഭിച്ച നീതീകരണത്തോടു ഓരോരുത്തരും സജീവ വിശ്വാസംവഴി  കാണിച്ച പ്രതികരണമാണ്, വിധിയില്‍ പ്രകടമാക്കപ്പെടുന്നത്. എല്ലാവരും നീതീകരിക്കപ്പെട്ടവരെങ്കിലും ഓരോരുത്തന്‍റെയും പ്രവൃത്തികള്‍ നീതികരണത്തിന്‍റെ ഫലം പ്രകടമാക്കുന്നവയായിരുന്നോ എന്നു വിധിയില്‍ പരിശോധിക്കപ്പെടുന്നു. ക്രിസ്തുവാണ് വിധിയാളനും വിധിയുടെ മാനദണ്ഡവും. ക്രിസ്തുവിലുള്ള വിശ്വാസം ഒരുത്തന് നിത്യരക്ഷ കൈവരുത്തുന്നു. ഈയര്‍ത്ഥത്തില്‍ 'വിധി' നീതീകരണത്തിന്‍റെ യൗഗാന്തികഭാവം മാത്രമാണ്, പരിപൂര്‍ത്തി മാത്രമാണ്.

 ഉപസംഹാരം

ചരിത്രത്തിലെ രക്ഷാകരമായ ദൈവത്തിന്‍റെ ഇടപെടലിനെയാണ് വിധി, കര്‍ത്താവിന്‍റെ ദിനം, മനുഷ്യപുത്രന്‍റെ ആഗമനം, ദൈവരാജ്യം, പുതിയ ജറുസലേം, ഉയിര്‍പ്പ് എന്നിവകൊണ്ടെല്ലാം അര്‍ത്ഥമാക്കുന്നത്. സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും വിജയത്തിന്‍റെയും ദിനമായി ആദ്യകാലങ്ങളില്‍ ഇത് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ പില്ക്കാല യഹൂദ ചിന്തയില്‍ വിശേഷിച്ച്, പ്രവാചക പ്രബോധനങ്ങളില്‍ ഇതു അന്ധകാരത്തിന്‍റെയും അസ്വസ്ഥതയുടെയും ദിനമായി ചിത്രീകരിക്കപ്പെട്ടു. നീതി പുനഃസ്ഥാപിക്കാനും രക്ഷ കൈവരുത്താനുമായി ചരിത്രത്തില്‍ ദൈവം ഇടപെടുന്ന ദിനത്തെ ദൈവരാജ്യസ്ഥാപനമായി യഹൂദര്‍ പരിഗണിച്ചു. ഇങ്ങനെ ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ കഴിഞ്ഞിരുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ദൈവരാജ്യം വന്നുകഴിഞ്ഞു എന്ന പ്രബോധനവുമായി ക്രിസ്തു വരുന്നത്. ക്രിസ്തുവിന്‍റെ ആഗമനത്തോടെ വിധിയെ സംബന്ധിച്ച പരമ്പരാഗതമായ ചിന്തയില്‍ സാരമായ മാറ്റം വരുന്നതായി നമുക്കു കാണാം. പഴയനിയമത്തില്‍, മനുഷ്യര്‍ വിധിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം ദൈവവുമായി തങ്ങള്‍ക്കുള്ള ബന്ധമായിരുന്നു. അവരുടെ, ഉടമ്പടിയോടുള്ള വിശ്വസ്തതയും ഹൃദയനൈര്‍മ്മല്യവും നിയമത്തോടുള്ള വിധേയത്വവുമായിരുന്നവിടെ പ്രധാനം. പുതിയ നിയമത്തിലാകട്ടെ ഒരുവന്‍ ക്രിസ്തുവിനോടുള്ള തന്‍റെ മനോഭാവത്തിനനുരൂപമായി വിധിക്കപ്പെടുന്നു. ക്രിസ്തു തന്നെയാണിവിടെ മാനദണ്ഡം. പരസ്നേഹത്തിന്‍റെ പ്രാധാന്യം ക്രിസ്തു ഊന്നിപ്പറയുന്നു. ഈ എളിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തത് (മത്താ 25). ഇതു കേവലം മാനവിക സ്നേഹമല്ല. (Philanthrophy). വിശ്വാസാധിഷ്ഠിതമായ ജീവിത നിയമമാണ്.

പഴയനിയമത്തിലെ യഹൂദ വിശ്വാസങ്ങളുടെ പശ്ചാത്തലത്തിലാണ് വിധിയെ സംബന്ധിച്ച ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ ഉയിര്‍പ്പ്, മനുഷ്യപുത്രന്‍റെ ആഗമനം, ദുഷ്ടരെ വേര്‍തിരിക്കല്‍, നരകാഗ്നി, ദൈവരാജ്യത്തിലെ നിത്യജീവിതം എന്നിവ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. രക്ഷ ഇസ്രായേലില്‍മാത്രം ഒതുങ്ങിനില്ക്കുന്നുവെന്നും ഭൗതിക സമൃദ്ധിയിലൂടെയാണ് രക്ഷ പ്രകടമാക്കപ്പെടുന്നതെന്നുള്ള ആശയങ്ങള്‍ ക്രിസ്തു ഉപേക്ഷിക്കുന്നതായി കാണാം. ദൈവികരക്ഷയുടെ ആന്തരിക സ്വഭാവത്തിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ചുരുക്കത്തില്‍, ചരിത്രത്തിനര്‍ത്ഥമുണ്ടെന്നും ചരിത്രം ദൈവാഭിമുഖ്യത്തിനായി മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണെന്നും വി. ഗ്രന്ഥം പ്രഘോഷിക്കുന്നു. ദൈവത്തിന്‍റെ വിധി അവിടുത്തെ വിശുദ്ധ ജനത്തിനു ജന്മം നല്‍കും. വിധിയുടെ സ്വഭാവത്തെക്കുറിച്ചു പ്രതിപാദിക്കാനെന്നതിലേറെ വി. ഗ്രന്ഥം ശ്രദ്ധ ചെലുത്തുന്നത് വിശ്വാസത്തിലൂടെയുള്ള മനഃപരിവര്‍ത്തനത്തിനു ആഹ്വാനം ചെയ്യുവാനാണ്. ഇതിനായി ഓരോ നിമിഷത്തിന്‍റെയും യൗഗാന്തിക പ്രസക്തിയെപ്പറ്റി ഇവിടെ കൂടുതല്‍ പ്രസ്താവനകള്‍ നല്കപ്പെടുന്നു. സദാ ഭാവ്യുന്മുഖമായ ക്രൈസ്തവ ജീവിതമാണ് വിധിയെ സംബന്ധിച്ച പരിചിന്തകളുടെ സാരസര്‍വ്വം.

 കടപ്പാട്

ബിഷപ് ബോസ്കോ പുത്തൂര്‍ (എഡി.) മരണവും മരണാനന്തര ജീവിതവും (ആലുവാ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, 1981)

final judgment after death the church Mar Joseph Pamplany catholic malayalam catholic apologetics particular judgment judgment in the bible parousia Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message