x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

ദൈവരാജ്യം: യേശുവിന്‍റെ സന്ദേശം

Authored by : Mar Joseph Pamplany On 27-Jan-2021

ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ മനുഷ്യവ്യക്തിയുടെയും സമൂഹത്തിന്‍റെയും ജീവിതത്തിന്‍റെ ഭാഗമാണ്. വിശുദ്ധഗ്രന്ഥം ഇതിനു സാക്ഷ്യം നല്കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, സ്നേഹം, നീതി, സമാധാനം എന്നീ മൂല്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതു കാണാന്‍ കാത്തിരിക്കുന്ന ജനസമൂഹത്തെക്കുറിച്ചാണ് പഴയനിയമം പറയുന്നത്. അതേസമയംതന്നെ, ഇവയെല്ലാം കേവലം ജനത്തിന്‍റെ ആഗ്രഹങ്ങളായിട്ടല്ല, പ്രത്യുത, ദൈവം മനുഷ്യനുവച്ചുനീട്ടുന്ന വാഗ്ദാനങ്ങളുടെ ഭാഗമായിട്ടാണ് വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. ദൈവത്തിന്‍റെ ഛായാചിത്രംതന്നെ ഈ നന്മകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് വിശുദ്ധഗ്രന്ഥം വരച്ചുകാട്ടുന്നത്.

 വിമോചനത്തിന്‍റെ ദൈവം

മര്‍ദ്ദിതര്‍ക്ക് നീതിനടത്തിക്കൊടുക്കുകയും ബന്ധിതരെ മോചിപ്പിക്കുകയും അനാഥരെ സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വിശുദ്ധഗ്രന്ഥം പറയുന്നത്. ദൈവത്തിന്‍റെ രാജത്വവും ആധിപത്യവും നന്മയുടെ സ്രോതസ്സായി സങ്കീര്‍ത്തനങ്ങള്‍ വര്‍ണ്ണിക്കുന്നതു ശ്രദ്ധേയമാണ്.

അവിടുത്തെ രാജത്വം ശാശ്വതമാണ്;

അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു;

കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തനും

പ്രവര്‍ത്തികളില്‍ കാരുണ്യവാനുമാണ്.

കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു,

നിലംപറ്റിയവരെ എഴുന്നേല്‍പ്പിക്കുന്നു.   (സങ്കീ 145:13-14)

 

മര്‍ദ്ദിതര്‍ക്ക് അവിടുന്ന് നീതിനടത്തിക്കൊടുക്കുന്നു,

വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്കുന്നു.

കര്‍ത്താവ് ബന്ധിതരെ മോചിപ്പിക്കുന്നു

കര്‍ത്താവ് അന്ധരുടെ കണ്ണുകള്‍ തുറക്കുന്നു;

അവിടുന്ന് നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു;

അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.

കര്‍ത്താവ് പരദേശികളെ പരിപാലിക്കുന്നു;

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;

                                                                           (സങ്കീ 146:7-9)

 

അവിടുന്ന് ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തു

കയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു

കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു

                                                                           (സങ്കീ 147:3-5)

 

ആദര്‍ശ ലോകവും യഥാര്‍ത്ഥലോകവും തമ്മിലുള്ള അന്തരം വിശുദ്ധഗ്രന്ഥത്തിന്‍റെ പ്രത്യേക വിഷയമായിരുന്നു. ഈ ലോകം ആയിരിക്കേണ്ടതു പോലെയല്ല എന്നതു ബൈബിള്‍ അംഗീകരിച്ച് പറയുന്നു. ദൈവംതന്നെ ഈ അന്തരം ഇല്ലാതാക്കാന്‍ ചരിത്രത്തില്‍ ഇടപെടുന്നു എന്നതാണ് രക്ഷാകര സംഭവങ്ങള്‍ തെളിയിക്കുന്നത്. അനീതിയും അടിമത്തവും വാഴുന്നിടത്തു ദൈവം ഇടപെട്ടു നീതി നടപ്പാക്കുന്നു  എന്നതാണ് ഇസ്രയേല്‍ ജനത്തിന്‍റെ ഈജിപ്തില്‍നിന്നുള്ള വിമോചനവും ഉടമ്പടിയും അര്‍ത്ഥമാക്കുന്നത്. ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ ഇടപെടലില്‍ മാത്രമേ ഭാവിയില്‍ സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ തിന്മകള്‍ക്കും അന്ത്യമുള്ളു എന്നതത്രേ പഴയനിയമത്തിലെ ഉറച്ചവിശ്വാസം. മാര്‍ട്ടിന്‍ ബൂബര്‍ പറയുന്നതുപോലെ ദൈവത്തിന്‍റെ സാര്‍വ്വത്രികമായ ഭരണത്തിന്‍റെ സാക്ഷാത്കാരമായിരുന്നു ഇസ്രായേലിന്‍റെ പ്രതീക്ഷയുടെ ഉള്ളടക്കം. ദൈവം ഭരിക്കുന്നിടത്ത് എല്ലാവര്‍ക്കും സമാധാനവും ഐശ്യര്യവും കൈവരുന്നു എന്നതാണ് ബൈബിള്‍ ദര്‍ശനം. ഏശയ്യാ, ജറമിയ പ്രവാചകരിലൂടെ ഇത് ഏറ്റം വ്യക്തമായി കാണാം. ഇസ്രായേല്‍ സമൂഹത്തിന്‍റെ അതിര്‍ത്തിവരമ്പുകള്‍ക്കപ്പുറം പോകുന്ന, എല്ലാ ജനസമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു "പുതിയ ആകാശവും പുതിയ ഭൂമിയും" (ഏശ 65:17) സൃഷ്ടിക്കുന്ന ദൈവത്തെക്കുറിച്ചാണ് പ്രവാചകസന്ദേശം. ദരിദ്രരും പീഡിതരും ദുഃഖിതരും ഇല്ലാത്ത നല്ലനാളിലേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് പ്രവചനങ്ങളെല്ലാം അവസാനിക്കുന്നത്.

 യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണം

വിശുദ്ധ മര്‍ക്കോസ് സുവിശേഷകന്‍ യേശുവിന്‍റെ സുവിശേഷ പ്രഘോഷണത്തെ ഒറ്റവാക്യത്തില്‍ സമാഹരിക്കുന്നതിങ്ങനെയാണ്: "സമയം സമാഗതമായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു. പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1:15). സമവീക്ഷണ സുവിശേഷങ്ങളിലാണ് "ദൈവരാജ്യം" എന്ന പദപ്രയോഗം ഏറ്റവും കൂടുതല്‍ കാണുന്നത്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ പതിനാലു പ്രാവശ്യവും ലൂക്കായുടെ സുവിശേഷത്തില്‍ മുപ്പതു പ്രാവശ്യവും "ദൈവരാജ്യം" എന്ന പദപ്രയോഗം കാണാം. മത്തായിയുടെ സുവിശേഷത്തില്‍ അധികവും "സ്വര്‍ഗ്ഗരാജ്യം" എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. മൂന്നുപ്രാവശ്യം മാത്രമേ അവിടെ ദൈവരാജ്യം എന്ന പദപ്രയോഗം കാണുന്നുള്ളു. യഹൂദപാരമ്പര്യത്തില്‍ ദൈവരാജ്യത്തോടടുത്തുള്ള ബഹുമാനമാണ് ദൈവരാജ്യത്തിനു പകരം "സ്വര്‍ഗ്ഗരാജ്യം" എന്നു പ്രയോഗിക്കാന് വിശുദ്ധ മത്തായിയെ പ്രേരിപ്പിച്ചത്.

യോഹന്നാന്‍റെ സുവിശേത്തിലും പൗലോസിന്‍റെ ലേഖനങ്ങളിലും അധികവും ദൈവരാജ്യത്തിന്‍റെ ആശയം  മറ്റു വാക്കുകളില്‍ നല്കുവാനാണ് ശ്രമിച്ചിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തില്‍, ആകെ രണ്ടുപ്രാവശ്യം മാത്രമേ "ദൈവരാജ്യം" എന്ന പ്രയോഗം കാണുകയുള്ളു. പൗലോസിന്‍റെ ലേഖനങ്ങളില്‍ ആകെ ക്കൂടി പത്തുപ്രാവശ്യവും. 'പുതിയ സൃഷ്ടി', 'അരൂപിയിലുള്ള ജീവിതം' 'വരുവാനിരിക്കുന്ന യുഗം' 'നിത്യജീവന്‍' "പുതിയ ആകാശം പുതിയ ഭൂമി" തുടങ്ങിയ പ്രയോഗങ്ങളാണ് സമാന്തരസുവിശേങ്ങള്‍ക്കു പുറമേയുള്ള പുതിയനിയമഗ്രന്ഥങ്ങളില്‍ നാം കാണുന്നത്. "നിത്യജീവന്‍" യോഹന്നാന്‍റെ ഏറ്റം ഇഷ്ടപ്പെട്ട പ്രയോഗമാണ്. പതിനേഴുപ്രാവശ്യം സുവിശേഷത്തിലും ആറുപ്രാവശ്യം ലേഖനത്തിലും ഈ പ്രയോഗം കാണാം.

 വിമോചനത്തിന്‍റെ സദ്വാര്‍ത്ത

"ദൈവരാജ്യം സമാഗതമായി" എന്നു പ്രഖ്യാപിച്ചപ്പോള്‍ യേശുവിന്‍റെ ശ്രോതാക്കളായ പലസ്തീന്‍ നിവാസികള്‍ക്ക് അതിന്‍റെ അര്‍ത്ഥം വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. സകല മനുഷ്യര്‍ക്കും സന്തോഷവും സമാധാനവും വാഗ്ദാനംചെയ്യുന്ന തന്‍റെ പദ്ധതി ദൈവം നടപ്പില്‍വരുത്തുന്നു എന്നാണത് അര്‍ത്ഥമാക്കിയതത്. ഇന്നു നാം ഉപയോഗിക്കുന്ന "ദൈവരാജ്യം": എന്ന മലയാളപദവും "Kingdom" എന്ന ഇംഗ്ലീഷ് പദവും തെറ്റിദ്ധാരണയ്ക്ക് എളുപ്പം ഇടനല്കുന്നതാണ്. "രാജ്യം" (Kingdom) എന്ന പദം രാജാവ് ഭരണം നടത്തുന്ന പ്രദേശമാണ് അര്‍ത്ഥമാക്കുന്നത്. ഈ അര്‍ത്ഥത്തിലല്ല "ദൈവരാജ്യം" എന്ന പദം ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കു ഭാഷയിലെ "Basileia" എന്ന പദവും ഹീബ്രു ഭാഷയിലെ :Malkuth" എന്ന പദവും അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്തെയല്ല ദൈവത്തിന്‍റെ ഭരണത്തെ അഥവാ രാജത്വത്തെയാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ബൈബിളില്‍ "ദൈവരാജ്യം" എന്നു കാണുമ്പോള്‍ ദൈവത്തിന്‍റെ ഭരണവും അതുവഴി സംജാതമാകുന്ന അവസ്ഥാവിശേഷവുമാണ് നാം മനസ്സിലാക്കേണ്ടത്.

യേശു ദൈവരാജ്യം പ്രഘോഷിച്ചപ്പോള്‍ വിമോചനത്തിന്‍റെയും വിജയത്തിന്‍റെയും ആവേശമാണ് അത് ജനങ്ങള്‍ക്കു പകര്‍ന്നു കൊടുത്തത്. അടിമത്തത്തിന്‍റെയും അനീതിയുടെയും കാലഘട്ടത്തിനു തിരശ്ശീല വീഴുന്നതായും നീതിയുടെയും സമാധാനത്തിന്‍റെയും പുതിയൊരു യുഗം ഉദയംചെയ്യുന്നതായും അതിന്‍റെ പ്രഖ്യാപനം അവരെ വിളിച്ചറിയിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളില്‍  സമൂലപരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒരു വിപ്ലവത്തിന്‍റെ കാഹളമായിരുന്നു, "ദൈവരാജ്യം സമാഗതമായിരിക്കുന്നു" എന്ന് യേശു പ്രസംഗിച്ചപ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കിയത്. ദൈവരാജ്യത്തിന്‍റെ അര്‍ത്ഥം ആധുനിക മനുഷ്യന്‍റെ ഭാഷയിലേക്കു തര്‍ജ്ജിമ ചെയ്താല്‍ അതിനെ "ദൈവത്തിന്‍റെ വിപ്ലവം" (God's Revolition) അഥവാ "ദൈവത്തിന്‍റെ വിമോചന പ്രസ്ഥാനം" (God;s Liberation) എന്നു വിളിക്കേണ്ടിയിരിക്കുന്നു. ഈ വിപ്ലവത്തിന്‍റെ പ്രഘോഷണം ആയിരങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നു സുവിശേഷങ്ങള്‍ അതു വ്യക്തമാക്കുന്നുണ്ട് (മര്‍ക്കോ 1:12; മത്താ 7:28-29; ലൂക്കാ 4:32; യോഹ 7:16). യേശുവിന്‍റെ സന്ദേശത്തിന്‍റെ ആകര്‍ഷിണീയതയ്ക്കു കാരണം യേശു ദൈവരാജ്യം പ്രസംഗിച്ചതായിരുന്നു. സമകാലികരായിരുന്ന റബ്ബിമാരും നിയമജ്ഞരും ദൈവരാജ്യം എന്ന പ്രയോഗം പ്രഭാഷണങ്ങളില്‍നിന്ന് ഒഴിവാക്കുകയാണു ചെയ്തത്. യേശുവിന്‍റെ സവിശേഷതയായ ദൈവരാജ്യപ്രഘോഷണം അര്‍ത്ഥമാക്കിയതെന്താണെന്നു നോക്കാം. പ്രധാനമായി നാലു വസ്തുതകള്‍ ദൈവരാജ്യത്തിന്‍റെ അര്‍ത്ഥം എന്തെന്നു ചര്‍ച്ചചെയ്യുമ്പോള്‍ പരിഗണിക്കേണ്ടതായിട്ടുണ്ട്.

1) ദൈവിക-മാനുഷിക മാനങ്ങള്‍. 2) ഐഹിക-പാരത്രിക തലങ്ങള്‍.

3) വൈയക്തിത-സാമൂഹിക വശങ്ങള്‍. 4) വര്‍ത്തമാന-ഭാവി സവിശേഷതകള്‍.

  1. ദൈവിക-മാനുഷിക മാനങ്ങള്‍: യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണത്തില്‍ മുഴങ്ങിക്കേട്ടത് പരിവര്‍ത്തനത്തിലേയ്ക്കുള്ള വിളിയാണ്. "ദൈവരാജ്യം സമീപിച്ചിരിക്കുന്നു, പശ്ചാത്തപിക്കുവിൻ" (മര്‍ക്കോ 1:15). ദൈവത്തിന്‍റെ സനേഹജന്യമായ പ്രവര്‍ത്തനത്തിന് മനുഷ്യന്‍ വാതില്‍ തുറന്നിടണം. ദൈവത്തിന്‍റെ വിളിയും മനുഷ്യന്‍റെ പ്രത്യുത്തരവുമുണ്ടിവിടെ. ഹൃദയപരിവര്‍ത്തനവും ജീവിതനവീകരണവും കൂടാതെ ദൈവരാജ്യത്തിനുവേണ്ടി നിലകൊള്ളാന്‍ മനുഷ്യര്‍ക്കു സാധിക്കുകയില്ല. അഹങ്കാരത്തില്‍നിന്നും സ്വാര്‍ത്ഥതാത്പര്യത്തില്‍നിന്നും വിമോചിതരായി ദൈവികപദ്ധതിയ്ക്കുള്ള സമര്‍പ്പണം ആവശ്യമാണെന്ന് യേശു പഠിപ്പിച്ചു. സുവിശേങ്ങള്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ നല്കുന്നുണ്ട്. ഹൃദയപരിവര്‍ത്തനത്തിനു വിധേയമായി പിതാവിന്‍റെ ഭവനത്തിലേയ്ക്കു മടങ്ങിവരുന്ന ധൂര്‍ത്തപുത്രനും (ലൂക്കാ 15:11 -32) പശ്ചാത്താപപൂര്‍ണ്ണമായ മനസ്സോടെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചുങ്കക്കാരനും (ലൂക്കാ 18:10-14) കണ്ണീരൊഴുക്കി മാപ്പപേക്ഷിക്കുന്ന പാപിനിയായ സ്ത്രീയും (ലൂക്കാ 7:36-50) മാനസാന്തരപ്പെട്ട് പരസ്നേഹത്തിന്‍റെ ജീവിതത്തിന് തുടക്കമിടുന്ന സക്കേവൂസും (ലൂക്ക 19:1-10) ഇതിനുദാഹരണങ്ങളാണ്.                                                                                                              
  2. ഐഹിക-പാരത്രിക മാനങ്ങള്‍: യേശുവിന്‍റെ ദൈവരാജ്യദര്‍ശനത്തെ പലരും ആത്മീയവത്കരിച്ച് അതിനെ ലൗകികമാനത്തെ തികച്ചും ശുഷ്ക്കമാക്കാറുണ്ട്. സ്വര്‍ഗ്ഗീയ ഭൗമിക യാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്നതാണ് യേശുവിന്‍റെ വീക്ഷണം. ദൈവം എല്ലാറ്റിലും എല്ലാമാകുന്ന സ്ഥിതിവിശേഷമാണ് ദൈവരാജ്യം (1 കൊറി 15:28). മനുഷ്യന്‍റെ ലൗകികജീവിതത്തിന്‍റെ എല്ലാ വശങ്ങളെയും അതു രൂപാന്തരപ്പെടുത്തുന്നു. രാഷ്ട്രീയസംവിധാനങ്ങളെയും സാമ്പത്തികക്രമത്തെയും അതു നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു.

ദൈവരാജ്യത്തിനുവേണ്ടി എടുക്കുന്ന നിര്‍ണ്ണായകമായ തീരുമാനം ലൗകിക ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒരുവനേയും പിന്തിരിപ്പിക്കുന്നില്ല. അതു ലോകത്തെയും മനുഷ്യസമൂഹത്തെയും ഒരു പുതിയ കാഴ്ചപ്പാടില്‍ കാണുവാനും അതിന്‍റെ വെളിച്ചത്തില്‍ പുതിയൊരു പ്രവര്‍ത്തനശൈലി സ്വീകരിക്കുവാനുമാണ് പ്രേരിപ്പിക്കുന്നത്. ആശ്രമഭിത്തികള്‍ക്കുള്ളില്‍ അഭയം തേടുവാനോ ജീവിതത്തിന്‍റെ ലൗകിക വശങ്ങള്‍ നിഷേധിക്കുവാനോ അല്ല യേശു ആവിശ്യപ്പെട്ടതെന്നു സുവിശേഷങ്ങളില്‍നിന്നു വ്യക്തമാണ്. യേശുവിന്‍റെ കാലത്തുതന്നെ ലോകത്തിന്‍റെ തിന്മകളില്‍നിന്ന് ഓടി ഒളിക്കുവാന്‍ ശ്രമിച്ചിരുന്ന "ആത്മീയസമൂഹങ്ങള്‍" ഉണ്ടായിരുന്നു. അവയുടെ മാതൃകയില്‍ ദൈവരാജ്യത്തിനുവേണ്ടി സമര്‍പ്പിക്കുവാന്‍ യേശു ആരെയും ഉപദേശിച്ചില്ല. നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും അരൂപിയില്‍ ലോകത്തെ അഭിമുഖീകരിക്കുവാനാണ് യേശു ആവശ്യപ്പെട്ടത്.

3. വൈയക്തിക-സാമൂഹിക തലങ്ങള്‍: ദൈവരാജ്യത്തിനു വൈയക്തികവും-സാമൂഹികവുമായ മാനങ്ങളുണ്ട്. വ്യക്തിയെയും സമൂഹത്തെയും ഒപ്പം ഉന്നംവയ്ക്കുന്നതാണ് ദൈവരാജ്യത്തിന്‍റെ നവീകരണപദ്ധതി. ലോകം നന്നാവാന്‍ വ്യക്തിയില്‍ തുടങ്ങണമോ സമൂഹത്തില്‍ തുടങ്ങണമോ എന്ന പ്രശ്നത്തിന് യേശുവിന്‍റെ ഉത്തരം വ്യക്തിയും സമൂഹവും ഒപ്പം നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ്. പല വിപ്ലവപ്രസ്ഥാനങ്ങളും എന്നപോലെ യേശുവിന്‍റെ കാലത്തെ യഹൂദ തീവ്രവാദികളുടെ (Zealots) വിപ്ലവവും സമൂഹത്തിന്‍റെ ഘടനയെ അഥവാ രാഷ്ട്രീയസംവിധാനത്തെ മാത്രം ഉന്നംവയ്ക്കുന്നതായിരുന്നു. വ്യക്തിയുടെ ആന്തരികതലത്തില്‍ പരിവര്‍ത്തനമുളവാക്കാത്ത സാമൂഹ്യപരിഷ്കാരങ്ങള്‍ സ്ഥായിയായ ഫലങ്ങളുളവാക്കുകയില്ല. ഇതു മനസ്സിലാക്കിക്കൊണ്ടാണ് യേശുവിന്‍റെ ദൈവരാജ്യപ്രസ്ഥാനം വ്യക്തികളുടെ നവീകരണത്തിന് പ്രാധാന്യം നല്കുന്നത്. പക്ഷെ ഇത് സമൂഹത്തിന്‍റെ രൂപാന്തരീകരണവും ഒപ്പം സാധ്യമാക്കിയിരുന്നു. യേശുവിന്‍റെ സമീപനരീതി തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ മറിച്ചുകടക്കുന്നതായിരുന്നു. യേശു എല്ലാവരെയും വിളിച്ചു. സമൂഹത്തിലെ മേല്‍നിരക്കാരെ മാത്രം പരിഗണിക്കുന്ന സ്വഭാവം യേശുവിനില്ലായിരുന്നു. ചുങ്കക്കാരും പാപികളും യഹൂദേതരും- എല്ലാവരും യേശുവിന്‍റെ സാര്‍വ്വത്രികാഹ്വാനത്തിനു പാത്രമായി. മുഖംനോക്കാത്തതും, അതേ സമയം ദരിദ്രരോടും ദു:ഖിതരോടും പ്രത്യേക പരിഗണനയുള്ളതുമായ ഈ സമീപനം സമൂഹത്തിന്‍റെ ഘടനയില്‍ത്തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുന്നവയായിരുന്നു. സമൂഹത്തിന്‍റെ താഴേക്കിടയിലുള്ളവരെ അതുയര്‍ത്തി എളിയവരും പരിത്യക്തരുമായവരെ പ്രത്യേകം പരിഗണിച്ചു. മറിയത്തിന്‍റെ കീര്‍ത്തനത്തില്‍ പരയുന്നതുപോലെ ഹൃദയസങ്കല്പങ്ങളില്‍ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചു. ബലവാന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്നു താഴെയിറക്കി. വിനീതഹൃദയരെ അവിടുന്നുയര്‍ത്തി. വിശക്കുന്നവരെ അവിടുന്നു സദ്വിഭങ്ങള്‍കൊണ്ടു നിറച്ചു. സമ്പന്നരെ വെറുംകൈയായി പറഞ്ഞയച്ചു (ലൂക്കാ 1:51-53).

യേശു ആഗ്രഹിച്ച സാഹോദര്യം വലുപ്പചെറുപ്പവ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ഒരു മേശയ്ക്കുചുറ്റും കൊണ്ടു വരുന്നതായിരുന്നു (മര്‍ക്കോ 2:15-17). വിലയില്ലാത്ത മനുഷ്യര്‍ക്കു വിലനല്കുന്ന യേശുവിന്‍റെ സമീപനം സുവിശേഷത്തിലുടനീളം കാണാം. ദരിദ്രരും വികലാംഗരും കുരുടരും മുടന്തരുമായവര്‍ക്ക് യേശുവിന്‍റെ പഠനങ്ങളില്‍ പ്രഥമസ്ഥാനമുണ്ട് (ലൂക്കാ 14:13,21). നീതിമാന്‍, പാപി, യഹൂദര്‍, വിജാതീയര്‍ തുടങ്ങിയ സാമൂഹ്യവേര്‍തിരിവുകളെ യേശു നിരസിച്ചു. മനുഷ്യനായി ജനിച്ച എല്ലാവരുടെയും അന്തസ്സ് അംഗീകരിക്കുന്ന വീക്ഷണമാണ് യേശുവില്‍ തെളിഞ്ഞുനിന്നത്. യഹൂദര്‍ പരമോന്നത മൂല്യമായിക്കണ്ട ദൈവസ്നേഹത്തോട് പരസ്നേഹത്തെ ബന്ധിക്കുകയാണ് യേശു ചെയ്തത് (മര്‍ക്കോ 12:28-34). സഹജീവകള്‍ക്കുവേണ്ടി സ്വജീവിതം സമര്‍പ്പിക്കുന്നതിലാണ് വ്യക്തിയുടെ ജീവിതസാഫല്യം എന്ന ഉന്നതദര്‍ശനം യേശു നല്കി (യോഹ 15:13).

4. വര്‍ത്തമാന-ഭാവി സവിശേഷതകള്‍: ദൈവരാജ്യം എവിടെ? എപ്പോള്‍? എന്ന ചോദ്യങ്ങള്‍ക്കു യേശു വ്യക്തമായ ഉത്തരം നല്കുന്നുണ്ട്. "ഇതാ ഇപ്പോള്‍ ദൈവരാജ്യം നിങ്ങളോടൊപ്പമുണ്ട്". എന്നാല്‍ യേശു കൂട്ടിച്ചേര്‍ത്തു: "ദൈവരാജ്യത്തിന്‍റെ വരവിനായി പ്രാര്‍ത്ഥിക്കണം" (മത്താ 6:10; ലൂക്കാ 11:20; 11:2). യേശുവിന്‍റെ സുവിശേഷപ്രഘോഷണത്തിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമായത് ദൈവരാജ്യത്തിന്‍റെ സാന്നിദ്ധ്യമാണ്. തിന്മയുടെ ആധിപത്യം അവസാനിച്ചു; നന്മയുടെ സാര്‍വ്വത്രികമായ വ്യാപനം ആരംഭിച്ചു എന്ന് ഏശയ്യാപ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേശു പ്രഖ്യാപിച്ചു. "കര്‍ത്താവിന്‍റെ ആത്മാവ് എന്നിലുണ്ട്. അവിടുന്ന് എന്നെ അഭിഷേചിച്ചിരിക്കുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാനും ഹൃദയവ്യഥ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാനും കുരുടര്‍ക്കു കാഴ്ചനല്കുവാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുവാനും കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുവാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നുڈ (ലൂക്കാ 4:18-19). യേശുവിലൂടെ സംഭവിച്ചതിന് സുവിശേഷങ്ങള്‍ സാക്ഷ്യം നല്കുന്നുണ്ട്: "കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുന്നു; ദരിദ്രര്‍ക്കു സുവിശേഷം അറിയിക്കപ്പെടുന്നു" (മത്താ 11:4-5; ലൂക്കാ 7:22). യേശു പ്രവര്‍ത്തിച്ചതെല്ലാം, പ്രത്യേകിച്ച് അത്ഭുതങ്ങള്‍ ദൈവരാജ്യത്തിന്‍റെ സാന്നിദ്ധ്യത്തിനു സാക്ഷ്യം വഹിക്കുന്ന അടയാളങ്ങളായിരുന്നു. ഈജിപ്തിലെ അടിമത്തില്‍നിന്ന് ഇസ്രായേല്‍ ജനത്തെ മോചിപ്പിച്ച ദൈവം അവസാനമായി എല്ലാ തിന്മകളുടെയും ബന്ധനങ്ങളില്‍നിന്നും മോചിപ്പിച്ച് ദൈവത്തിന്‍റെ ഭരണം ശാശ്വതമായി സ്ഥാപിക്കുന്നു എന്നതിന്‍റെ സുവ്യക്തമായ ലക്ഷണങ്ങളായിരുന്നു സുവിശേഷങ്ങളിലെ അത്ഭുതങ്ങള്‍.

യേശുവില്‍ ദൈവരാജ്യത്തിന്‍റെ ദാനം തിരിച്ചറിഞ്ഞ് അത് സ്വീകരിക്കുന്നവര്‍ അതിന്‍റെ ഭാഗമായിത്തീരുകയാണ്. യേശു പഠിപ്പിച്ചതെല്ലാം ഉള്‍ക്കൊള്ളുകയും അവ ജീവിക്കുകയും ചെയ്യുന്നവര്‍ ദൈവരാജ്യത്തിന്‍റെ മനുഷ്യരാകുന്നു. അതുകൊണ്ടാണ്, യേശു പറഞ്ഞത് ദൈവരാജ്യം നിങ്ങള്‍ക്കിടയിലുണ്ട് എന്ന്. പക്ഷെ ദൈവരാജ്യത്തിന്‍റെ വളര്‍ച്ച ഇനിയും പൂര്‍ണ്ണമായിട്ടില്ല. സുവിശേഷങ്ങളിലെ ഉപമകളെല്ലാം ദൈവരാജ്യത്തിന്‍റെ സാന്നിദ്ധ്യവും അതിന്‍റെ വരാനിരിക്കുന്ന ഭാവിപൂര്‍ണ്ണതയും വ്യക്തമാക്കുന്നതാണ്. ഈ ഭൂമിയില്‍ ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ മനുഷ്യര്‍ ദൈവത്തോടൊപ്പം കര്‍മ്മരംഗത്തിറങ്ങണം. ഇതാണ് ദൈവരാജ്യം മനുഷ്യരുടെ മുമ്പില്‍വയ്ക്കുന്ന വെല്ലുവിളി.  

 ദൈവരാജ്യത്തിന്‍റെ പ്രകടനപത്രിക

ദൈവരാജ്യത്തിന്‍റെ ദൗത്യവാഹകര്‍ എന്തുപറയണം? എങ്ങനെ പ്രവര്‍ത്തിക്കണം? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഗിരിപ്രഭാഷണത്തിലൂടെ യേശു നല്കി (മത്താ 5:3-10). ഇവിടെ പ്രശസ്തമായ അഷ്ടഭാഗ്യങ്ങളാണ് നമ്മുടെ സവിശേഷമായ പരിഗണനയ്ക്കു വിധേയമാകേണ്ടത്. അഷ്ടഭാഗ്യങ്ങളുടെ വിപുലീകരണമാണ് സുവിശേഷത്തില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍തന്നെ. അഷ്ടഭാഗ്യങ്ങളെ എട്ടുവിധ ഭാഗ്യങ്ങളായി കാണരുത്. ഒരേയൊരു ദൈവരാജ്യസിദ്ധിയുടെ എട്ടുസവിശേഷതകളാണവ. സ്വര്‍ഗ്ഗരാജ്യാവകാശികളുടെ മുഖമുദ്രയാണ് അതില്‍ ഓരോന്നും. ആദ്യത്തേതിനോടും അവസാനത്തേതിനോടും ചേര്‍ത്ത് യേശു പറഞ്ഞു: "സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു" (മത്താ 5:3,10). അഷ്ടസൗഭാഗ്യങ്ങളെ ഇവിടെ ഹ്രസ്വമായി അവലോകനം ചെയ്യാം.

  1. "ആത്മനാ ദരിദ്രര്‍".... ഈ വാക്യത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു കാര്യം തീര്‍ച്ച, ദരിദ്രരെ പാരത്രികവാഗ്ദാനങ്ങളില്‍ മയക്കി ദാരിദ്ര്യത്തില്‍ തളച്ചിടുകയല്ല യേശുവിന്‍റെ ലക്ഷ്യം. ദാരിദ്ര്യത്തിന്‍റെ അര്‍ത്ഥം യേശുവിന്‍റെ ജീവിതത്തില്‍നിന്നും വ്യക്തമാണ്. യേശു തന്‍റെ പരസ്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. നാടും-ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചിട്ടാണ്. യേശുവിന്‍റെ ഈ പുറപ്പാടിനുള്ള ലക്ഷ്യം പാവപ്പെട്ടവനില്‍-ദരിദ്രനില്‍-ഒരുവനാവുക എന്നതായിരുന്നു. അങ്ങനെ ആയിത്തീര്‍ന്നതുകൊണ്ട് അവരുടെ വിമോചനത്തിനായി സ്വയം അര്‍പ്പിക്കുകയായിരുന്നു യേശു ചെയ്തത്. ഇതിന്‍റെ അനിവാര്യഭാഗമായിരുന്നു സഹനം. നീതിക്കുവേണ്ടി സഹിക്കുന്നവരോടൊപ്പം (മത്താ 5:10) യേശുവിന്‍റെ സാന്നിദ്ധ്യമുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും ദൈവത്തെ അറിയുവാനോ സമാധാനം കണ്ടെത്തുവാനോ സാധിക്കയില്ല.                                                                                                                                          
  2. വിലപിക്കുന്നവര്‍.... ലൗകികജീവിതത്തിലെ സാധാരണയുള്ള ബുദ്ധിമുട്ടുകളുടെ ഫലമായി വിലപിക്കുന്നവരല്ല, ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം തെറ്റുകളെയും സമൂഹത്തിന്‍റെ സംഘാതമായ തിന്മകളെയും ഓര്‍ത്തുള്ള സങ്കടമാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിലെ തെറ്റുകളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും സങ്കടപ്പെട്ടു കരഞ്ഞ്, നീതിയുടെയും സ്നേഹത്തിന്‍റെയും മാര്‍ഗ്ഗത്തിലേക്കു വരുന്നവരാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.                                  
  3. ശാന്തശീലര്‍..... ഒന്നും ചെയ്യാതെ നിഷ്ക്രീയരായി നിലകൊള്ളുന്നവര്‍ എന്ന അര്‍ത്ഥത്തിലല്ല ശാന്തശീലരെക്കുറിച്ച് സുവിശേഷം പറയുന്നത്. ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും സമചിത്തതയോടെ യേശുവിന്‍റെ പിന്‍ഗാമികളായി സധൈര്യം മുമ്പോട്ടുപോകുന്നവരെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്.                                                                                                                                                         
  4. നീതിതേടുന്നവര്‍..... ദൈവത്തോടും സഹജീവികളോടും കുറ്റമറ്റ ബന്ധത്തിന്‍റെ ഉടമകളാണ് "നീതി"യുള്ള മനുഷ്യരായി ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ദൈവം ആഗ്രഹിക്കുന്ന ക്രമം ലോകത്തില്‍ നടപ്പില്‍ വരുന്നതിനായി സേവനം കാഴ്ചവയ്ക്കുന്നവരാണ് നീതിതേടുന്നവര്‍.                                                                                                                                                                  
  5. കരുണാര്‍ദ്രര്‍....... ദൈവംതന്നെ മനുഷ്യരോടു കാണിക്കുന്ന കാരുണ്യം, മനുഷ്യര്‍ തമ്മില്‍തമ്മിലും പ്രയോഗത്തില്‍ വരുത്തണം. ദൈവകൃപ സ്വീകരിക്കുന്നവന്‍റെ ജീവിതത്തിലെ ഉത്തരവാദിത്വമാണ് അപരനു കൃപകാണിക്കുകയെന്നത്. "ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ". ഇതാണു ശരിയായ അപേക്ഷ. പ്രതികാരചിന്തയ്ക്കു ദൈവസ്നേഹിയില്‍ യാതൊരു സ്ഥാനവുമില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കാന്‍ അവന്‍ വിളിക്കപ്പെട്ടവനാണ് (മത്താ 5:39,47).                                                                                                                    
  6. ഹൃദയശുദ്ധിയിള്ളവര്‍..... ബാഹ്യമായ ശുദ്ധിയില്‍മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഫരിസയരെ യേശു വിമര്‍ശിച്ചത് സുവിശേഷത്തില്‍നിന്നും വ്യക്തമാണ്. ചിന്തകളും  ആഗ്രഹങ്ങളും വാക്കുകളും പ്രവര്‍ത്തികളും ശുദ്ധമാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരുവന്‍ ദൈവസന്നിദ്ധിയില്‍ സ്വീകാര്യനാവുക. ആചാരാനുഷ്ഠാനങ്ങളുടെ ബാഹുല്യമല്ല ആത്മാര്‍ത്ഥതയുള്ള ഹൃദയമാണ് ദൈവസന്നിധിയില്‍ നില്ക്കുന്ന മനുഷ്യനാവശ്യം.                                                                                                     
  7. സമാധാനസംസ്ഥാപകര്‍........ എല്ലാവരും ആഗ്രഹിക്കുന്നതാണ് സമാധാനം. സംഘര്‍ഷവും വൈര്യവും നീക്കാതെ സമാധാനം സ്ഥാപിക്കാനാവില്ല. എങ്കിലും ഇവ നീക്കിയാല്‍മാത്രം സമാധാനം ഉണ്ടാവില്ല. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വളര്‍ച്ചയിലൂടെ മാത്രമേ സമാധാനം വളര്‍ത്തിയെടുക്കാനാവൂ.                                                                                 
  8. നീതിക്കുവേണ്ടി സഹിക്കുന്നവര്‍...... നീതിക്കുവേണ്ടിയുള്ള ഏതു പരിശ്രമവും സഹനം അനിവാര്യമാക്കുന്നു. ദൈവരാജ്യത്തിന്‍റെ വിരോധികള്‍ യേശുവിന്‍റെ അനുഗാമിയുടെ മുമ്പില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും; പീഡനങ്ങള്‍ അഴിച്ചുവിടും. ഇവയെല്ലാം അവഗണിച്ച് മുമ്പോട്ടുപോകുന്നവരാണ് ദൈവരാജ്യത്തിനു യോജിച്ചവന്‍.

 ദൈവരാജ്യത്തിന്‍റെ ശിഷ്യസമൂഹം

യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്‍റെ വളര്‍ച്ച സാധിക്കുന്നത് ചരിത്രത്തിലൂടെയാണ്. ദൈവരാജ്യത്തിന്‍റെ ആരംഭവും പൂര്‍ണ്ണതയ്ക്കുമിടയില്‍ സഭ നിലകൊള്ളുന്നു. ക്രിസ്തുവിനെ സ്വീകരിച്ചവരുടെ സമൂഹമാണ് സഭ. സഭമുഴുവനും വിളിക്കപ്പെട്ടിരിക്കുന്നത് ഒരു ദൗത്യനിര്‍വ്വഹണത്തിനാണ്. സഭ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന "Ekklesia"എന്ന ഗ്രീക്കുപദത്തിന്‍റെ വിവക്ഷതന്നെ വിളിക്കപ്പെട്ടവരുടെ സമൂഹം എന്നാണല്ലോ. ക്രിസ്തുവിലൂടെ ലോകത്തില്‍ പ്രത്യക്ഷമായ ദൈവത്തിന്‍റെ ഭരണം പ്രഘോഷിക്കുകയും അതിനോട് സദാ-ആഭിമുഖ്യം പുലര്‍ത്തുകയുമാണ് സഭയുടെ ദൗത്യം. ആ നിലയില്‍ ദൈവരാജ്യത്തിന്‍റെ ശിഷ്യസമൂഹമാണ് സഭ. തിരുസ്സഭയെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സിലിന്‍റെ  പ്രമാണരേഖ ഇതു വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്: "തന്നെ സ്ഥാപിച്ചവന്‍റെ ദാനങ്ങളാല്‍ അലംകൃതയായ സഭ അവിടുത്തെ കല്പനകള്‍ സ്നേഹത്തിന്‍റെയും വിനയത്തിന്‍റെയും ആത്മത്യാഗത്തിന്‍റെയും കല്പനകള്‍- വിശ്വസ്തതയോടെ പാലിക്കുകയും ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും രാജ്യം പ്രസംഗിക്കാനും എല്ലാ ജനപദങ്ങളിലും അവ സ്ഥാപിക്കാനുമുള്ള ദൗത്യം ശിരസ്സാവഹിക്കുകയും ചെയ്തു".

ദൈവരാജ്യത്തിന്‍റെ ആരംഭത്തിനും അതിന്‍റെ പൂര്‍ണ്ണതയ്ക്കും മദ്ധ്യേയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്ന സഭ ദൈവരാജ്യത്തെ അതിന്‍റെ ആരംഭദിശയില്‍നിന്നും ക്രമേണ പൂര്‍ണ്ണതയിലേക്ക് വളരുന്നതിന് സഹായിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സഭയുടെ ദൗത്യം ദൈവരാജ്യത്തിന്‍റെ ശുശ്രൂഷി എന്ന നിലയിലാണ് മനസ്സിലാക്കേണ്ടത്. വചനത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും ദൈവരാജ്യത്തിന്‍റെ സന്ദേശത്തിന് സദാ സാക്ഷിയായിരിക്കുക എന്നതാണ് സഭ ഭരമേറ്റിരിക്കുന്ന ഉത്തരവാദിത്വം.

 

God's Kingdom: Jesus' Message Mar Joseph Pamplany the church christ kingdom of god kingdom of heaven growth of the kingdom of heaven goodnews of liberation proclamation of the the kingdom of heaven The Beatitudes Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message