x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

വിമോചനദൈവശാസ്ത്രത്തിലെ യേശുക്രിസ്തു

Authored by : Jobin Valiyaparambil On 29-May-2021

പട്ടിണിയും ദാരിദ്ര്യവും അനീതിയും അക്രമങ്ങളും നിലനില്ക്കുന്ന ഒരു സമൂഹത്തില്‍ ദൈവശാസ്ത്രത്തിന്‍റെ പ്രാധാന്യമെന്ത് എന്ന അന്വേഷണമാണ് വിമോചനദൈവശാസ്ത്രം നടത്തുന്നത്. ആധുനിക ദൈവശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ശാഖയായ വിമോചനദൈവശാസ്ത്രം ലാറ്റിനമേരിക്കന്‍ പശ്ചാത്തലത്തില്‍ ആരംഭിച്ച് കൊടുങ്കാറ്റുപോലെ മറ്റു ഭൂഖണ്ഡങ്ങളിലേക്ക് പടര്‍ന്നുപന്തലിക്കുകയാണ് ചെയ്തത്. അതിന്‍റെ സ്വാധീനത്താലെന്നവണ്ണം പാരമ്പര്യങ്ങള്‍ പലതും മാറ്റിമറിച്ചുകൊണ്ട് ഇരുപതാംനൂറ്റാണ്ടില്‍ സഭ ഇതരമതങ്ങളിലേക്കും സാമൂഹികയാഥാര്‍ത്ഥ്യങ്ങളിലേക്കും തന്‍റെ വാതായനങ്ങള്‍ തുറന്നു. ആയിരത്തിത്തൊള്ളായിരത്തിയറുപതുകളില്‍ ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട ഈ ദൈവശാസ്ത്രശാഖയുടെ സ്വാധീനങ്ങള്‍ കേരളത്തിന്‍റെ മത, ധാര്‍മ്മിക ചിന്താധാരകളില്‍പ്പോലും വളരെ ശക്തമായി. വിമോചനദൈവശാസ്ത്രത്തെ മാര്‍ക്സിസവുമായി ബന്ധപ്പെടുത്തി നിരവധി പുസ്തകങ്ങളും പുനര്‍വായനകളും മലയാളത്തിലുണ്ടായി. അവ തമ്മിലുള്ള സാദൃശ്യങ്ങളും സാധര്‍മ്മ്യങ്ങളും പരിഗണിച്ച് യേശുക്രിസ്തുവിനെ ഒരു പഴയകാല മാര്‍ക്സിസ്റ്റ് സഖാവായിക്കാണ്ടവരും കേരളത്തിലുണ്ടായിരുന്നു.

തിന്മയെ പ്രതിരോധിച്ചും നന്മയെ പരിപോഷിപ്പിച്ചും പ്രസ്ഥാനങ്ങളും പ്രവര്‍ത്തനപരിപാടികളും സംഘടിപ്പിക്കുന്നത് വിമോചനദൈവശാസ്ത്രത്തിന്‍റെ പ്രത്യേകതയാണ്. ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി സ്ഥാപിച്ചുകിട്ടുന്നതിനും അവരുടെ അവകാശങ്ങള്‍ നേടയെടുക്കുന്നതിനുമായി നിരവധി സാമൂഹികപ്രസ്ഥാനങ്ങള്‍ ഇത്തരുണത്തില്‍ ഇന്ന് സമൂഹത്തിലുണ്ട്. "മനുഷ്യരുടെ സമഗ്രവിമോചനത്തിന്‍റെ സന്ദേശം ആവഹിക്കുന്ന മതത്തിനും അത് വ്യാഖ്യാനിക്കുന്ന ദൈവശാസ്ത്രത്തിനും ഇത്തരം ജനകീയ പ്രസ്ഥാനങ്ങള്‍ അന്യമല്ല. ക്രിസ്തീയതയുടെ അടിസ്ഥാനസ്രോതസ്സായ ബൈബിള്‍ പുറപ്പാടിന്‍റെ പുസ്തകത്തിലൂടെ അനാവരണംചെയ്യുന്നത് അടിച്ചമര്‍ത്തപ്പെട്ട ഒരുവിഭാഗം ജനത്തിന്‍റ വിമോചനമാണ്. ദൈവത്തിന്‍റേയും മനുഷ്യരുടേയും സംയുക്തസംരംഭമായിട്ടാണ് വിമോചനത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത്. സമത്വവും സ്വാതന്ത്രവും നഷ്ടപ്പെട്ട ജനത്തിന് അവ പുനസ്ഥാപിച്ച് നല്കാന്‍ ദൈവം ആഗ്രഹിക്കുന്നതും അതിനായി മര്‍ദ്ദിതസമൂഹത്തെതന്നെ ശക്തിപ്പെടുത്തി സജ്ജമാക്കുന്നതും ശ്രദ്ധേയമാണ്"[1].

ചരിത്രം കണ്ട എക്കാലത്തേയും വലിയ വിപ്ലവകാരിയും സാമൂഹികപരിഷ്കര്‍ത്താവും മാത്രമാണോ യേശുക്രിസ്തു? വിമോചനദൈവശാസ്ത്രം വരയ്ക്കുന്ന യേശുക്രിസ്തുവിന്‍റെ ചിത്രം പൂര്‍ണ്ണമാണോ? എല്ലാ വ്യവസ്ഥാപിതനിയമങ്ങളേയും തച്ചുതകര്‍ക്കാന്‍ വന്നവനാണോ ക്രിസ്തു? പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും വേണ്ടി മാത്രമാണോ ക്രിസ്തു മനുഷ്യനായി അവതരിച്ചത്? ക്രിസ്തുവിഞ്ജാനീയത്തില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വഴിവെച്ച വിമോചനദൈവശാസ്ത്രത്തിലെ ക്രിസ്തുദര്‍ശനമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

1. ചരിത്രപുരുഷനായ ക്രിസ്തു                                                                                                                                                                                                
വിമോചനം പ്രദാനം ചെയ്യുന്ന ചരിത്രപുരുഷനായ യേശുക്രിസ്തുവിനാണ് വിമോചനദൈവശാസ്ത്രം ഊന്നല്‍ നല്‍കുന്നത്. പാവപ്പെട്ടവരില്‍ ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കുക എന്ന ചിന്തയിലാണ് ഈ ദൈവശാസ്ത്രം അടിസ്ഥാനമിട്ടിരിക്കുന്നത്. "ലോകം കണ്ട ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിന്‍റെ സ്ഥാപകന്‍ എന്നതിലുപരി ക്രിസ്തുവെന്ന ചരിത്രപുരുഷനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. ക്രിസ്തീയതയ്ക്കും മുകളിലാണ് അവന്‍റെ സ്ഥാനം. എല്ലാ മനുഷ്യരിലും അവന്‍ ഇന്നും ജീവിക്കുന്നു. ഉറച്ച ബോധ്യങ്ങളുള്ള വ്യക്തിത്വത്തിനുടമയായിരുന്നു ക്രിസ്തു."[2] തന്‍റെ ഐഹികകാലത്ത് അവന്‍ ആരെയും ജ്ഞാനസ്നാനപ്പെടുത്തിയില്ല പകരം ഇസ്രായേല്‍ ഭവനത്തില്‍ നിന്നു നഷ്ടപ്പെട്ട ആടുകളെ അന്വേഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. പാവപ്പെട്ടവരെയും എളിയവരെയും അമ്പേഷിച്ച് അവന്‍ കാലിത്തൊഴുത്തില്‍ ജനിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. ജനക്കൂട്ടത്തിന്‍റെ ഒപ്പം അവരില്‍ ഒരാളായി സഞ്ചരിച്ചു. അവന്‍റെ പ്രവൃത്തിയും ഉപമകളുമെല്ലാം സാധാരണക്കാര്‍ക്കുപോലും ഗ്രഹിക്കാനാകുംവിധം ലളിതമായിരുന്നു. അവന്‍ ജീവിച്ച കാലഘട്ടത്തിലെ എല്ലാ സാമൂഹികപ്രശ്നങ്ങളിലും അവന്‍ ധീരമായി ഇടപെട്ടു. വിപ്ലവങ്ങള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ അവന്‍ പ്രാധാന്യം കൊടുത്തില്ല. മരണത്തിനുശേഷവും അവന്‍റെ പിന്‍ഗാമികള്‍ക്ക് അവന്‍ നേതാവും പ്രചോദനവുമായി.

ക്രിസ്തുവിന്‍റെ ലളിതമായ സംസാരവും പഠനവുമെല്ലാം അപഗ്രഥിച്ച് അതിനെ സങ്കീര്‍ണ്ണമാക്കുന്നത് വിശ്വാസികളാണെന്ന ആരോപണം വിമോചനദൈവശാസ്ത്രം മുന്നോട്ടുവച്ചു. നമ്മെപ്പോലെ മറ്റുള്ളവരുടെ വേദനകളെ നിസ്സംഗതയോടെ നോക്കിയവനല്ല ക്രിസ്തു. അവരുടെ വ്യഥകളും വേദനയും സ്വന്തം ജീവിതത്തില്‍ അനുഭവിച്ചവനാണ് അവിടുന്ന്. "എന്നാല്‍ അവന്‍റെ സ്പര്‍ശനം ഏറ്റവര്‍ സൗഖ്യം പ്രാപിച്ചു. കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെട്ടു, തളര്‍വാതരോഗികള്‍ എഴുന്നേറ്റു നടന്നു. കുരുടര്‍ക്ക് കാഴ്ചയും ചെകിടര്‍ക്ക് കേള്‍വിയും ഊമര്‍ക്ക് സംസാരശക്തിയും അവന്‍ പ്രദാനം ചെയ്തു. യേശുവിനെ കണ്ടുമുട്ടിയവര്‍ പുതിയ വ്യക്തികളായി മാറി."[3]

തന്‍റെ ഐഹിക ജീവിതകാലം അവന്‍ ചിലവഴിച്ചതത്രയും പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടിയാണ്. "എല്ലാവര്‍ക്കും ഇടമുള്ള - അതിര്‍ത്തികളോടു ചേര്‍ന്നുകിടക്കുന്ന, നീതി വാഴുന്ന - പാവപ്പെട്ടവനോടു പക്ഷം ചേരുന്നതാകണം സഭ"[4] എന്ന തിരിച്ചറിവിന് ചരിത്രത്തിലെ യേശുക്രിസ്തു വഴിതെളിച്ചു. പലസ്തീനായുടെ പശ്ചാത്തലത്തില്‍ നസ്രത്തിലെ യേശുവിനെ മനസ്സിലാക്കാനാണ് വിമോചനദൈവശാസ്ത്രക്കാര്‍ ശ്രമിച്ചത്. യഥാര്‍ത്ഥ ക്രിസ്ത്യാനി ചരിത്രത്തിലെ ഈ ക്രിസ്തുവിനെ അനുകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. "പഠനങ്ങളിലോ പാഠപുസ്തകങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ആളല്ല അവന്‍. വിമോചനദൈവശാസ്ത്രം ഊന്നല്‍ കൊടുക്കുന്നത് യേശുവിന്‍റെ പാതകള്‍ പിന്തുടരുക എന്ന ആശയത്തിനാണ്."[5]

2. ക്രിസ്തുവിന്‍റെ സുവിശേഷം                                                                                                                                                               
സുവിശേഷം കേവലമൊരു സന്ദേശമല്ല മറിച്ച് അതൊരു വ്യക്തിതന്നെയാണ്. മനുഷ്യാവതാരം ചെയ്ത ക്രിസ്തുതന്നെയാണ് സുവിശേഷം. അവന്‍ ഓരോരുത്തരുടെയും സാഹചര്യങ്ങളില്‍ അവര്‍ക്കാവശ്യമായത് പ്രദാനം ചെയ്തു. "പത്രോസ് അവന്‍റെ ദിവ്യത്വം തിരിച്ചറിഞ്ഞത് അവിടുത്തെ വാഗ്വിലാസത്തില്‍ ആകൃഷ്ടനായിട്ടാണെങ്കില്‍ ഉത്ഥിതന്‍റെ സ്നേഹശാസനത്തിലൂടെയാണ് തോമസ് യേശുവിന്‍റെ ദൈവികത തിരിച്ചറിയുന്നത്. അന്ധനായിരുന്നവന്‍ തനിക്ക് കാഴ്ച കൈവന്നപ്പോള്‍ യേശു ദൈവപുത്രനാണെന്ന് വിളിച്ചുപറഞ്ഞു. കുഷ്ഠരോഗിക്ക് വചനത്തേക്കാള്‍ രോഗസൗഖ്യമാണ് ആവശ്യമെന്ന് അവനറിയാമായിരുന്നു."[6] സുവിശേഷവത്കരണത്തെ കേവലം വചനപ്രഘോഷണത്തില്‍ അവന്‍ ഒതുക്കി നിര്‍ത്തിയില്ല. ബധിരന്‍റെ കാതും ഊമന്‍റെ വായും കുരുടന്‍റെ കണ്ണും തുറന്നപ്പോഴും മരവിച്ച മൃതശരീരത്തിന് ജീവന്‍ കൊടുത്തപ്പോഴും അവന്‍ തന്നെത്തന്നെ സുവിശേഷമായി അവതരിക്കുകയായിരുന്നു. വിശക്കുന്നവന്‍റെ മുമ്പില്‍ അപ്പമായി പ്രത്യക്ഷപ്പെടുന്നവനുമാത്രമേ ആ വ്യക്തിയെ നേടാന്‍ സാധിക്കൂ എന്ന് ക്രിസ്തുവിന് അറിയാമായിരുന്നു.

എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനായിരുന്നു ക്രിസ്തുവിന്‍റെ ആഹ്വാനം. "സുവിശേഷം എത്തേണ്ട ലോകത്തിന് അവന്‍ അതിര്‍ത്തിക്കല്ലുകള്‍ ഇട്ടില്ല. എന്നാല്‍ സുവിശേഷപ്രവര്‍ത്തകര്‍ സുവിശേഷം എത്തേണ്ട ലോകത്തെ പലതരത്തില്‍ നിര്‍ണ്ണയിച്ചു. ചിലര്‍ കോളനിവാഴ്ചക്കാരുടെ കപ്പല്‍ ചാലുകള്‍ പിന്തുടര്‍ന്നു. ചിലര്‍ സാമ്രാജ്യങ്ങളുടെ അകത്തും പുറത്തും എന്ന നിര്‍ണ്ണയങ്ങള്‍ നടത്തി. വേറേ ചിലര്‍ വൈജ്ഞാനികലോകത്തിലേക്ക് സുവിശേഷവുമായി കടന്നു. മതേതരജനാധിപത്യ രാജ്യത്തിന്‍റെ സൗകര്യങ്ങള്‍ അനുഭവിച്ച് സുവിശേഷം അറിയിക്കുന്നവരുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയാക്കി സുവിശേഷപ്രഘോഷണം ആരംഭിച്ചപ്പോഴാണ് മനസ്സിലായത് ഇനിയും സുവിശേഷം കടന്നുചെല്ലാത്ത കടന്നുചെല്ലാന്‍ സാധ്യതയില്ലാത്ത, സര്‍ക്കാരിന്‍റെയോ പൊതുസമൂഹത്തിന്‍റെയോ കണക്കെടുപ്പുകളില്‍ വരാത്ത ഒരു ലോകമുണ്ട് എന്ന്. സന്ധ്യക്ക് ഉണരുകയും പ്രഭാതത്തില്‍ മയങ്ങുകയും ചെയ്യുന്ന ഒരു തലതിരിഞ്ഞലോകം. അധോലോകങ്ങളില്‍ കണക്കെടുപ്പുകള്‍ക്ക് സ്ഥാനമില്ല. നഷ്ടപ്പെട്ട ആടുകളെ തേടിപ്പിടിക്കാനാണ് ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നത്. വേശ്യകളും കള്ളന്മാരും കൊള്ളക്കാരും ലഹരിവസ്തു വില്പനക്കാരും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ലോകം നമ്മുടെ അടുത്തുതന്നെയുണ്ട്."[7]
സുവിശേഷപ്രഘോഷണം പ്രസംഗപീഠങ്ങളില്‍ ഒതുക്കിനിര്‍ത്താതെ സകലമനുഷ്യരെയും ഉള്‍ക്കൊള്ളുന്നതാക്കിത്തീര്‍ക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്.
പുരാതനറോമാസാമ്രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ ഇങ്ങനെ എഴുതിവച്ചിരുന്നു: "ഇതിനപ്പുറത്തേക്ക് സിംഹങ്ങളുണ്ട്". തങ്ങള്‍ക്കറിഞ്ഞുകൂടാത്ത ലോകത്തെ ഭീകരമായി ചിത്രീകരിക്കുകയല്ല വേണ്ടത്, മറിച്ച് അവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് സംവദിക്കാവുന്ന തരത്തില്‍ യേശുവിന്‍റെ സുവിശേഷം അവര്‍ക്ക് സമീപസ്ഥമാക്കാന്‍ വിമോചനദൈവശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. പരമ്പരാഗത ധാരണകളുടെ കെട്ടുപാടുകളെ ഉല്ലംഘിച്ച് അജ്ഞാതമായ ഒരു ലോകത്തേക്ക് കടന്നുചെന്ന് സുവിശേഷം പ്രഘോഷിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. യേശു വിഭാവനം ചെയ്ത വിമോചനം സാധ്യമാകണമെങ്കില്‍ എല്ലാ ജനതകളും അവന്‍റെ സുവിശേഷം അറിയേണ്ടതുണ്ട്.

1971-ല്‍ റോമില്‍ നടന്ന മെത്രാന്മാരുടെ സിനഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രമാണരേഖയില്‍ സുവിശേഷത്തിന്‍റെ സൃഷ്ടിപരവും ദൈവരാജ്യത്തിന്‍റെ വര്‍ത്തമാനകാലപരവുമായ മാനത്തിന് പ്രാധാന്യം നല്കിയിട്ടുണ്ട്. "നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സുവിശേഷവത്കരണത്തിന്‍റെ സര്‍ഗ്ഗാത്മകവശങ്ങളാണ്. എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുന്നതിലൂടെയാണ് ഈ സുവിശേഷം ജീവദായകമാകുന്നത്."[8]

3. ദരിദ്രരും ക്രിസ്തുവും                                                                                                                                                                                  
വി. ഗ്രന്ഥത്തില്‍ ദരിദ്രരെക്കുറിച്ച് വളരെയേറെക്കാര്യങ്ങള്‍ പറയുന്നതിനാല്‍ ബാക്കിയെല്ലാവരും പൂര്‍ണ്ണമായി വിസ്മരിക്കപ്പെടുകയാണോ എന്നുപോലും നമുക്കു തോന്നാം. "യേശു തന്നെ പറഞ്ഞിട്ടുണ്ട് താന്‍ ദരിദ്രരോട് സുവിശേഷം പ്രസംഗിക്കാന്‍ അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് (ലൂക്കാ 4,18). താന്‍ ലക്ഷ്യമാക്കുന്ന ദരിദ്ര വിഭാഗങ്ങളുടെ പട്ടികയും വ്യത്യസ്ത സാഹചര്യങ്ങളിലായി ക്രിസ്തു തന്നെ വ്യക്തമാക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍, അന്ധര്‍, മുടന്തര്‍, കുഷ്ഠരോഗികള്‍, തളര്‍വാതരോഗികള്‍, ഊമര്‍, ബധിരര്‍, ചുങ്കക്കാര്‍, വിജാതീയര്‍, വേശ്യകള്‍ തുടങ്ങിയവര്‍. യേശുവിന്‍റെ വീക്ഷണത്തില്‍ ദാരിദ്ര്യം കേവലം സാമ്പത്തികമല്ലെന്നു നമുക്കനുമാനിക്കാം. സ്വന്തമായി മേല്‍വിലാസമില്ലാത്തവരും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരുമാണ് ഇക്കൂട്ടര്‍. ആത്മീയമോ, മാനസികമോ, ശാരീരികമോ ആയ രക്ഷ തേടുന്നവരെല്ലാം ദരിദ്രരാണ്."[9] സകലജാതികളോടും സുവിശേഷം പ്രഘോഷിക്കാന്‍ ക്രിസ്തു ആജ്ഞാപിക്കുന്നതിന്‍റെ (മത്താ. 28,19; മര്‍ക്കോ. 16, 15), രഹസ്യവും ഇതുതന്നെയാണ്.

ആത്മാവില്‍ ദരിദ്രരായവര്‍ക്കും ജീവിതത്തിന്‍റെ കിടമത്സരങ്ങളില്‍ ബഹുദൂരം പിന്നിലായിപ്പോയവര്‍ക്കും വേണ്ടിയാണ് ക്രിസ്തു ജീവിച്ചതും മരിച്ചതും. അവന്‍റെ നിലപാടുകളൊന്നുംതന്നെ ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കും വേണ്ടിയായിരുന്നില്ല. കാരണം, "താന്‍ രക്ഷിക്കപ്പെടേണ്ടവനാണെന്നതാണ് ദരിദ്രന്‍റെ സഹജാവബോധം. ഇതിനു വിരുദ്ധമായി തങ്ങളില്‍ തന്നെ രക്ഷ കണ്ടെത്തിയവരായിരുന്നു നിയമജ്ഞരും ഫരിസേയരും."[10] അവന്‍റെ വാക്കിലും പ്രവൃത്തിയിലും ദരിദ്രരുമായുള്ള സഖിത്വം എപ്പോഴും പ്രകടമായിരുന്നു. കാലിത്തൊഴുത്തിലെ ജനനം മുതല്‍ ദാരിദ്ര്യത്തെ ആഞ്ഞു പുല്‍കിയ അവന്‍ ജീവിതത്തിലുടനീളം ദരിദ്രനായിത്തന്നെ തുടര്‍ന്നു. ചൂണ്ടിക്കാണിക്കാനൊരു വീടോ അനുഗാമികള്‍ക്കായി മോഹന വാഗ്ദാനങ്ങളോ അവന്‍ നല്‍കിയില്ല. ദാരിദ്ര്യം എന്നത് അവന്‍റെ ജീവിതത്തെ ആകെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു വസ്തുതയാണ്. അതിനാലാണ് വിമോചകനായ ക്രിസ്തു ആദ്യം രക്ഷിക്കുന്നത് അടിച്ചമര്‍ത്തപ്പെട്ടവരെയായിരിക്കുമെന്ന ചിന്ത ശക്തമാകുന്നത്. കാരണം "യേശുവിന്‍റെ മതാത്മകതയുടെ കേന്ദ്രബിന്ദു മനുഷ്യനായിരുന്നു."[11] ദരിദ്രര്‍ക്ക് ക്രിസ്തു ഒരു സഹോദരനായിരുന്നു. ദരിദ്രരോടുള്ള അവന്‍റെ സ്നേഹത്തിന്‍റെ മൂര്‍ത്തിമത്ഭാവമാണ് കുരിശില്‍ നാം ദര്‍ശിക്കുന്നത്.

4. ദൈവരാജ്യവും ക്രിസ്തുവും                                                                                                                                                                                              
ദൈവരാജ്യമായിരുന്നു യേശുവിന്‍റെ പ്രഘോഷണങ്ങളുടെയെല്ലാം അടിസ്ഥാനം. "ദൈവം നല്‍കുന്ന രക്ഷ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അവിടെ വേര്‍തിരിവുകള്‍ക്ക് സ്ഥാനമില്ല. ദൈവരാജ്യത്തെപ്പറ്റിയുള്ള പ്രബോധനമാണ് അവന്‍റെ പ്രഘോഷണങ്ങളിലെല്ലാം തെളിഞ്ഞു നില്‍ക്കുന്നത്."[12] ഉച്ചനീചത്വങ്ങള്‍ക്കും ചൂഷണത്തിനും സ്ഥാനമില്ലാത്ത നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ഇടമാണ് ദൈവരാജ്യം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. ഈ സത്യത്തില്‍ അടിസ്ഥാനമാക്കിയാണ് യേശു അനുഗ്രഹീതര്‍, ഭാഗ്യവാന്മാര്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത്. സമ്പന്നരും ദരിദ്രരും, സുഖിക്കുന്നവരും സഹിക്കുന്നവരും എന്നിങ്ങനെയുള്ള വൈരുദ്ധ്യം സമൂഹത്തില്‍ ഉണ്ടാകരുതെന്നുള്ളതാണ് പ്രവാചകദര്‍ശനം. സത്യവും നീതിയും സ്നേഹവും ആദര്‍ശമായുള്ള സമൂഹത്തെയാണ് യേശു പ്രഖ്യാപിച്ച ദൈവരാജ്യം വിഭാവനം ചെയ്യുന്നത്. "ദൈവരാജ്യം എന്നത് ഇനിയും വരാനിരിക്കുന്ന ഒന്നായി തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് ഭാവികാലത്തിന് നാം പ്രാധാന്യം കൊടുക്കുകയും വര്‍ത്തമാനകാലസത്യം എന്ന വസ്തുത വിസ്മരിക്കുകയും ചെയ്യുന്നത്. ദൈവരാജ്യം ഈ ലോകത്തില്‍ ആരംഭിച്ചു കഴിഞ്ഞെങ്കില്‍ ദൈവരാജ്യവ്യവസ്ഥിതിക്കെതിരായി നിലവിലുള്ള എല്ലാ അക്രമങ്ങളും അനീതിയും തിന്മയാണ്. അവയ്ക്കെതിരേ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച് അതിനെ പരാജയപ്പെടുത്തുക നമ്മുടെ ദൗത്യമാണ്."[13]

5. പക്ഷം ചേരുന്ന ക്രിസ്തു                                                                                                                                                                             
"ദൈവം എല്ലാവരുടേയും ദൈവമാണെന്നാണ് ബാല്യംമുതല്‍ നാം പഠിക്കുന്നത്. എന്നാല്‍, വിശുദ്ധഗ്രന്ഥത്തില്‍ നാം കണ്ടുമുട്ടുന്ന ദൈവം കക്ഷിചേരുന്നവനും പക്ഷംചേരുന്നവനുമാണ്. രാജാക്കന്‍മാരും അടിമകളും തമ്മില്‍, മര്‍ദ്ദകരും മര്‍ദ്ദിതരും തമ്മില്‍, ഉടമയും അടിമയും തമ്മില്‍. ഇങ്ങനെ പോരാട്ടത്തിന്‍റെ ചരിത്രം വിശുദ്ധ ഗ്രന്ഥത്തില്‍ ആരംഭിക്കുന്നു."[14] ദരിദ്രനും മര്‍ദ്ദിതനും നിരാലംബനും വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനും അവരുടെ ദയനീയാവസ്ഥയില്‍ ഹൃദയംനൊന്ത് സഹതപിക്കുന്നവനുമാണ് ദൈവമെന്ന് ബൈബിള്‍ അടിവരയിട്ട് പ്രഖ്യാപിക്കുന്നു. യേശുക്രിസ്തുവിന്‍റെ ജീവിതത്തിലും ഈ ചിന്താഗതി വളരെ പ്രകടമാണ്. വിമോചനദൈവശാസ്ത്രത്തിന് അടിസ്ഥാനമാകുന്നതും യേശുവിന്‍റെ ഈ ജീവിതശൈലിയാണ്. നിഷ്പക്ഷനായ ഒരു യേശുവിനെയല്ല, മറിച്ച് പാപികളോടും വേശ്യകളോടും രോഗികളോടും കരുണകാണിക്കുകയും പക്ഷം ചേരുകയും ചെയ്യുന്ന ഒരു ദൈവത്തിന്‍റെ ചിത്രമാണ് വിമോചനദൈവശാസ്ത്രം അവതരിപ്പിക്കുന്നത്.

"പാവങ്ങളുടെ പക്ഷം ചേരല്‍ എന്ന പദത്തിന്‍റെ ഉപജ്ഞാതാവ് വിമോചനദൈവശാസ്ത്രമാണെങ്കിലും ഈ ആശയത്തിന് സുവിശേഷത്തോളം പഴക്കമുണ്ട്."[15] പഴയനിയമത്തിന്‍റെ താളുകളിലുടനീളം അനീതി കൊടിയ തിന്‍മയാണെന്ന സന്ദേശം നിറഞ്ഞുനില്ക്കുന്നു. സാമൂഹ്യനീതിയുടെ പ്രവാചകനായ ആമോസിന്‍റെ പുസ്തകത്തിലാണ് ഈ പക്ഷംചേരലിന്‍റെ ആദിമരൂപം നാം ദര്‍ശിക്കുന്നത്. ദരിദ്രനെ ചവിട്ടിയരയ്ക്കുകയും അവനില്‍ നിന്ന് അന്യായമായി ഗോതമ്പ് ഈടാക്കുകയും ചെയ്ത നിങ്ങള്‍, ചെത്തി യൊരുക്കിയ കല്ലുകൊണ്ട് മാളിക പണിയുന്നു: എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞ് നിങ്ങള്‍ കുടിക്കുകയില്ല (ആമോ 5,11-13). പുതിയനിയമത്തിന്‍റെ താളുകളില്‍ അടിമകളുടേയും അനാഥരുടേയും അനാലംബരുടേയും ആശാകേന്ദ്രമായി ക്രിസ്തു നിലകൊള്ളുന്നു. "ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവരോട് പക്ഷം ചേരുന്നവനായിരുന്നു യഥാര്‍ത്ഥക്രിസ്തു എന്ന് വിമോചനദൈവശാസ്ത്രം ഓര്‍മ്മിപ്പിക്കുന്നു."[16]

6. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയും വിമോചനദൗത്യവും                                                                                                                                                                    
യേശുവിന്‍റെ പ്രാര്‍ത്ഥനയെപ്പറ്റി വി. ഗ്രന്ഥം വിവരിക്കുന്നുണ്ട്. അവന്‍റെ പ്രാര്‍ത്ഥനകളത്രയും പരമ്പരാഗത ശൈലിയുള്ള പ്രാര്‍ത്ഥനയെ അതിലംഘിക്കുന്നവയായിരുന്നു. ഫരിസേയരുടെ കപടമായ പ്രാര്‍ത്ഥനയെ നിശിതമായി വിമര്‍ശിക്കുന്ന ക്രിസ്തു പ്രാര്‍ത്ഥനകളെക്കാളധികം വ്യക്തികളുടെ മനസ്സുകാണുന്നവനാണ്. പ്രാര്‍ത്ഥിക്കുന്നവന്‍റെ അന്തരംഗത്തെയാണ് ക്രിസ്തു നോക്കുന്നത്. തന്നെത്തന്നെ ന്യായീകരിക്കുന്നവര്‍ക്കോ അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കോ ദൈവസന്നിധിയില്‍ ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാനാവില്ല. "സമാന്തരസുവിശേഷങ്ങളിലുടനീളം പ്രാര്‍ത്ഥിക്കുന്ന, പ്രാര്‍ത്ഥനയെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു യേശുവിനെയാണ് നാം കണ്ടുമുട്ടുന്നത്. ഏതൊരത്ഭുതം പ്രവര്‍ത്തിക്കുന്നതിനു മുമ്പും ശേഷവും അവന്‍ പിതാവിനോട് ഗാഢമായി പ്രാര്‍ത്ഥിച്ചിരുന്നു."[17] അവന്‍റെ ജീവിതം മുഴുവന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായിരുന്നു. മരണവേദനയിലും എല്ലാം പൂര്‍ത്തിയായിരിക്കുന്നു എന്നു പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ മാത്രം ഹൃദയ തുറവിയുള്ള വ്യക്തിയായിരുന്നു യേശു.

സ്നേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളായിരുന്നു യേശുവിന്‍റെ പ്രാര്‍ത്ഥനയായത്. അതുകൊണ്ട് പ്രാര്‍ത്ഥന എന്നാല്‍ ധ്യാനാത്മകമായ ഒരു മനോഭാവം മാത്രമല്ല, ദൈവഹിതം തിരിച്ചറിയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന. ദൈവത്തെ ആരാധിക്കുന്നത് മാത്രമല്ല പ്രാര്‍ത്ഥന. നമുക്കു ചുറ്റുമുള്ള അശരണരെയും പാവപ്പെട്ടവരെയും സ്നേഹിക്കുക വഴി ദൈവവുമായി ഒരു സുഹൃദ്ബന്ധം നമുക്കു സ്ഥാപിക്കാനാകും. ദരിദ്രരെയും സഹായമാവശ്യമുള്ളവരെയും കണ്ടില്ലെന്നു നടിച്ച് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ആദ്ധ്യാത്മികതയുടെ പൊള്ളത്തരമാണെന്ന് ക്രിസ്തു വിലയിരുത്തുന്നു. അര്‍ഹതയുള്ളവനെയും ദരിദ്രനെയും പരിഗണിക്കുന്നതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പ്രാര്‍ത്ഥന. സഹോദരനെ കരുതലോടെ കാക്കുന്ന ഒരു ഹൃദയമായിരുന്നു ദൈവം മനുഷ്യനുവേണ്ടി കരുതിവച്ച പ്രാര്‍ത്ഥന. ദൈവാലയങ്ങളില്‍ സുഗന്ധദ്രവ്യമായി പുകഞ്ഞ് അത്യുന്നതങ്ങളിലേക്ക് ഉയരേണ്ടത് കരുതലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പ്രാര്‍ത്ഥനകളാണ്. ദൈവസന്നിധിയില്‍ ഇടം കണ്ടെത്താന്‍ ഈ പ്രാര്‍ത്ഥനക്കെ കഴിയൂ കാരണം ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനകള്‍ പ്രവര്‍ത്തനങ്ങളായിരുന്നു, പ്രവര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളും.

ഉപസംഹാരം: സമഗ്രവിമോചകനായ യേശുക്രിസ്തു                                                                                                                                
വിമോചനദൈവശാസ്ത്രത്തിന്‍റെ ഏറ്റവും കാതലായ സങ്കല്പമാണ് സമഗ്രവിമോചകനായ യേശുക്രിസ്തു എന്നത്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യതാളുകള്‍ മുതല്‍ ഉയര്‍ന്നുനില്‍ക്കുന്ന വിമോചകനായ ദൈവത്തിന്‍റെ പുതിയനിയമരൂപമാണ് യേശുക്രിസ്തു. ഈ ലോകത്തില്‍ തന്‍റെ ദൗത്യമെന്താണെന്ന് അവന് പൂര്‍ണ്ണമായ ബോദ്ധ്യമുണ്ടായിരുന്നു. യേശു മനുഷ്യവര്‍ഗ്ഗത്തിന്‍റെ സമഗ്രവിമോചകനാണ് (ലൂക്ക 4,18-19). ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് വഴിനടത്തുന്ന യഹോവതന്നെയാണ് പുതിയ നിയമത്തില്‍ ക്രിസ്തുവായി രൂപാന്തരപ്പെടുന്നത്. പാലസ്തീനായിലും പരിസരപ്രദേശങ്ങളിലും ചുറ്റിസഞ്ചരിച്ച് മരിച്ചവരെ ഉയിര്‍പ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും വിശക്കുന്നവര്‍ക്ക് അപ്പം വര്‍ദ്ധിപ്പിച്ച് നല്‍കുകയും ചെയ്ത ക്രിസ്തു എല്ലാവിധത്തിലും സമഗ്രവിമോചകന്‍ തന്നെയായിരുന്നു.

അടിച്ചമര്‍ത്തലും അനീതിയും വിശപ്പും പീഡനവും നിലവിലിരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ സമഗ്രവിമോചകനായ യേശുക്രിസ്തു എന്ന യാഥാര്‍ത്ഥ്യത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ബൈബിള്‍ പഠനത്തിലും ദൈവശാസ്ത്രചിന്തകളിലും സമഗ്രവിമോചനം എന്ന ആശയത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്. "സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഗളഹസ്തം ചെയ്യപ്പെട്ടവര്‍ക്കുള്ള അവകാശവും അവസരങ്ങളും പുനസ്ഥാപിക്കാന്‍ യേശു യത്നിച്ചു."[18] വരാനിരുന്ന വിമോചകന്‍ താന്‍തന്നെയായിരുന്നുവെന്ന് തന്‍റെ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അവന്‍ തെളിയിച്ചു.
വിമോചനക്രിസ്തുവിജ്ഞാനീയം യേശുവാണ് ക്രിസ്തുവെന്ന് ഉദ്ബോധിപ്പിക്കുന്നു. യേശുവാണ് യഥാര്‍ത്ഥ ദൈവമെന്ന് പ്രഖ്യാപിക്കുന്നതാവണം ദൈവശാസ്ത്രം. ദൈവം ആരെന്നുള്ള നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ആത്യന്തികമായ ഉത്തരമാണ് യേശു. യേശുവിന്‍റെ മാനുഷിക തലങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് താഴെത്തട്ടില്‍ നിന്നാരംഭിക്കുന്ന ക്രിസ്തുവിജ്ഞാനീയമാണ് വിമോചനദൈവശാസ്ത്രത്തിന്‍റെ പ്രത്യേകത. വിമോചകനായ യേശുക്രിസ്തുവിന് പ്രാധാന്യം നല്‍കുന്നതാണ് വിമോചനദൈവശാസ്ത്രത്തിന്‍റെ മുഖമുദ്ര. ചരിത്രത്തിലെ യേശുക്രിസ്തുവിനാണ് ഇവിടെ കൂടുതല്‍ ഊന്നല്‍ ലഭിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്ന പാവങ്ങളില്‍ നിന്നാണ് ഈ ക്രിസ്തുവിജ്ഞാനീയം ആരംഭിക്കുന്നതും. അങ്ങനെ വിമോചനദൈവശാസ്ത്രത്തിലെ യേശുക്രിസ്തു സാധാരണക്കാരനോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു ദൈവമാണെന്ന തിരിച്ചറിവ് നമുക്ക് ലഭ്യമാകുന്നു.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

Notes
1 മതവും ചിന്തയും, ജനകീയപ്രസ്ഥാനങ്ങള്‍ (മെയ്-ജൂണ്‍ 2002) 3.
2 A. Nolen, Jesus bfore Christianity- the Gospel of Liberation(London,1987)3
3 മൈക്കിള്‍ കാരിമറ്റം, നസ്രത്തില്‍ നിന്ന് ഒരു പ്രവാചകന്‍, 30.
4 തിയോ മനുഷ്യസ്നേഹി, (ആലപ്പുഴ: മെയ്, 2013) 12.
5 Sebastian chalackal, An introduction to Christology9Kottayam:2011), 118-119
6 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം - കേരളസഭയും പ്രത്യയശാസ്ത്രങ്ങളും, (തലശ്ശേരി) 88.
7 മാത്യു ഇല്ലത്തുപറമ്പില്‍, നാട്ടുവെളിച്ചം - സാമൂഹികനന്മയുടെ വേദപ്രകാശം (കൊച്ചി: 2010) 105.
8 Declaration of bishops Synod , Rome, 1971.
9 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം, 87.
10 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം, 87.
11 എസ്. പൈനാടത്ത്, നവചേതന, 6.
12 മതവും ചിന്തയും ഭാരതീയ വിജ്ഞാനീയം (മെയ്-ജൂണ്‍ 2012) 22.
13 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം, 88.
14 മാത്യു വാര്യാമറ്റം സി.എസ്.ടി., പക്ഷം ചേരുന്ന ദൈവം, (ആലുവ: 2005) 11-16.
15 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം, 86.
16 ആല്‍ഫാ, രാഷ്ട്രീയദൈവശാസ്ത്രം, 86.
17 J Sobrino., Christology at the Cross Roads, 152.
18 ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ദൈവശാസ്ത്രം, 90

christ in liberation theology liberation theology jobin valiyaparambil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message