x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ക്രിസ്തുവിജ്ഞാനീയം

യേശുക്രിസ്തു:ഭാരതീയ സ്ത്രീപക്ഷ കാഴ്ചപ്പാട്

Authored by : Kochurani Joseph On 29-May-2021

ആഗോളക്രൈസ്തവസഭയോളം തന്നെ ചരിത്രമുള്ള ഭാരതസഭയ്ക്ക് ഭാരതജനതയുടെ സംസ്കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുവാന്‍ സാധിച്ചിട്ടുണ്ട്. ക്രിസ്തുവിജ്ഞാനീയം ഭാരതമണ്ണിലേക്ക് സാംസ്കാരികനുരൂപണത്തിലൂടെ സന്നിവേശിക്കപ്പെടുകയും തിരിച്ച് ഭാരതീയദര്‍ശനങ്ങള്‍ ക്രൈസ്തവജീവിതചര്യയുടെ ഭാഗമാവുകയും ചെയ്തപ്പോള്‍ വിശ്വമാനവികതയുടെ സ്നേഹസന്ദേശം പടര്‍ത്താന്‍ ഭാരതസഭയ്ക്ക് കഴിഞ്ഞു. ഈ രണ്ടു പ്രക്രിയയിലൂടെയും ഭാരതീയ സ്ത്രീത്വത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടായി. ഒപ്പം ഭാരതീയസ്ത്രീത്വത്തിന് ഇനിയും മോചനം നേടേണ്ട വിവിധമേഖലകള്‍ ശക്തമായി ക്രൈസ്തനവമനസാക്ഷിയെ ഉലയ്ക്കുന്നുമുണ്ട്. ഭാരതീയസ്ത്രീത്വത്തിന്‍റെ ക്രൈസ്തവനേര്‍ക്കാഴ്ചകളും, ക്രിസ്തുവിനോടുള്ള ഭാരതീയ സ്ത്രീകളുടെ നിലപാടുകളും, ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പുതിയ ജീവിതക്രമവുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

1. പാരമ്പര്യവും മാനവികതയും                                                                                                                                                                 
പാരമ്പര്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും ആധുനികസ്വരവൈവിധ്യങ്ങള്‍ക്ക് കാതോര്‍ക്കാന്‍ സാധിക്കുക ശ്രേഷ്ഠകരമാണ്. അതനുസരിച്ചുള്ള നിലപാടുകളിലേക്കും കര്‍മ്മപദ്ധതികളിലേക്കും മനുഷ്യനെ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക എന്നത് ഉദാത്തമായ പ്രവൃത്തിയാണ്; അതുതന്നെയാണ് സ്ത്രീവിമോചനവുമായി ബന്ധപ്പെട്ട് ക്രിസ്തു ചെയ്തത്. സ്ത്രീയായി ജനിക്കാത്തതിന് ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടിരുന്ന യഹൂദപാരമ്പര്യത്തിന്‍ നിന്ന് മാറി തന്‍റെ പാദത്തിങ്കലിരുന്ന് വചനം പഠിച്ചുകൊണ്ടിരുന്നവളെ ശ്രേഷ്ഠമായ തിരഞ്ഞെടുപ്പ് നടത്തിയവളായി കണ്ട മനുഷ്യപുത്രനാണ് സ്ത്രീശാക്തീകരണത്തിന്‍റെ ഏറ്റവും വലിയ വക്താവ്[1]. ക്രിസ്തുവിന്‍റെ അടുത്തേയ്ക്ക് വന്ന ഏതൊരു സ്ത്രീയ്ക്കും തന്‍റെ അസ്തിത്വത്തിന്‍റെ മാറ്റ് കൂട്ടുവാനുതകത്തക്കവിധത്തിലുള്ള ഇടപെടലാണ് അവിടുന്നു നടത്തിയത്. സമരിയാക്കാരി സ്ത്രീയും, മഗ്ദലനാമറിയവും, മര്‍ത്തായും, മേരിയും എല്ലാം ഇതിന് ഉത്തമോദാഹരണങ്ങളാണ്. സഭ പഠിപ്പിക്കുന്നതുപോലെ ഒരു ഭാഗത്ത് മനുഷ്യവ്യക്തികള്‍ എന്ന നിലയ്ക്ക് അവര്‍ പൂര്‍ണ്ണസമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളില്‍ അവര്‍ സ്ത്രീയും പുരുഷനുമാകുന്നു. പുരുഷന്‍ ആയിരിക്കുന്നതും സ്ത്രീ ആയിരിക്കുന്നതും നല്ലതും ദൈവനിശ്ചിതവുമാകുന്നു. പുരുഷനും സ്ത്രീയും എടുത്തുമാറ്റാനാവാത്ത മാഹാത്മ്യത്തിന്‍റെ ഉടമകളാണ്. ഈ മാഹാത്മ്യം സ്രഷ്ടാവായ ദൈവത്തില്‍ നിന്നും അവര്‍ക്ക് നേരിട്ടു ലഭിക്കുന്നതാണ്[2].

2. സ്ത്രീവിരുദ്ധ വ്യാഖ്യാനങ്ങള്‍                                                                                                                                                                  
എല്ലാ മതഗ്രന്ഥങ്ങളിലും സ്ത്രീയെ ആദരപൂര്‍വം പരിഗണിക്കുന്ന വാക്യങ്ങളുണ്ട്. എന്നാല്‍ വ്യാഖ്യാതാക്കള്‍ അത് വളച്ചൊടിച്ച് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ചു. വേദങ്ങളില്‍ സ്ത്രീയ്ക്ക് നല്‍കപ്പെട്ടിരുന്ന സ്ഥാനം വളരെ വലുതാണ്. 'യത്ര നാരസ്തു പൂജ്യന്തേ, രമന്തേ തത്ര ദവതാ' എന്നു പറഞ്ഞുകൊണ്ട് സ്ത്രീയെ ഉയര്‍ത്തുന്ന അതേ സംസ്കാരത്തില്‍ തന്നെയാണ് സതി പോലുള്ള ആചാരങ്ങള്‍ ഉടലെടുത്തത് എന്ന് നമുക്കറിയാം. ബാല്യത്തില്‍ പിതാവിനാലും വാര്‍ദ്ധ്യക്യത്തില്‍ മകനാലും സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന മനുവാക്യം സ്ത്രീയ്ക്ക് നല്‍കേണ്ട ഏറ്റവും വലിയ പരിഗണനയുടേയും സംരക്ഷണത്തിന്‍റെ ചിത്രത്തേക്കാളുമപ്പുറം അവളുടെ സ്വതന്ത്ര്യമില്ലായ്മയായി വ്യാഖ്യാനിക്കുന്നതിലാണ് നമ്മള്‍ വിജയിച്ചത്.
പരിശുദ്ധ കന്യകാമറിയത്തിന്‍റെ ധീരമായ നിലപാടുകളേയും ധൈര്യത്തെയും ആര്‍ജവത്വത്തെയുംകാള്‍ മാതാവിന്‍റെ വ്യാകുതലതയും സഹനവും നിശബ്ദതയും സ്ത്രീകളില്‍ നിറയ്ക്കുവാന്‍ നമുക്ക് സാധിച്ചു. അതുപോലെതന്നെ സ്ത്രീവിഷയത്തില്‍ ക്രിസ്തുവിന്‍റെ നിലപാടിനേക്കാള്‍ പൗലോസ്ശ്ലീഹായുടെ ചിന്തകള്‍ക്കാണ് പ്രാധാന്യം നല്കിയത്.

എക്സജേസിസും ഹെര്‍മന്യൂട്ടിക്സുമെല്ലാം ഒരു പുരുഷാധിപത്യ വ്യാഖ്യാനവ്യവസ്ഥിതിയില്‍ സ്ത്രീക്ക് അനുകൂലമല്ലാതായി. ഉദാഹരണത്തിന് "കെങ്ക്റെയിലെ സഭയില്‍ ശുശ്രൂഷിക ആയ നമ്മുടെ സഹോദരി ഫോയ്ബയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്‍പിക്കുന്നു. വിശുദ്ധര്‍ക്ക് ഉചിതമായവിധം കര്‍ത്താവില്‍ നിങ്ങള്‍ അവളെ സ്വീകരിക്കണം. അവള്‍ക്ക് ആവശ്യമുള്ള ഏതുകാര്യത്തിലും അവളെ സഹായിക്കണം; എന്തെന്നാല്‍ അവള്‍ പലരെയും എന്നപോലെ എന്നെയും സഹായിച്ചിട്ടുണ്ട്. യേശുക്രിസ്തുവില്‍ എന്‍റെ സഹപ്രവര്‍ത്തകയായ പ്രിസ്ക്കായ്ക്കും അക്വീലായ്ക്കും വന്ദനംപറയുവിന്‍. അവര്‍ എന്‍റെ ജീവനുവേണ്ടി തങ്ങളുടെ ജീവനെ പണയപ്പെടുത്തിയവരാണ്. ഞാന്‍ മാത്രമല്ല വിജാതീയരുടെ സകല സഭകളും അവര്‍ക്കു നന്ദിപറയുന്നു. അവരുടെ ഭവനത്തില്‍ സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിന്‍."[3] ഇപ്രകാരം പൗലോസ്ശ്ലീഹാ സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുന്ന ഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോവുകയും സ്ത്രീകള്‍ ശിരസ്സ് മൂടണമെന്നും അവര്‍ സഭയില്‍ മൗനംപാലിക്കണമെന്നും ഉള്ള വാക്കുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുകയും ചെയ്തു. ഫലമോ പൗലോസ് അപ്പസ്തോലനെ ഒരു സ്ത്രീവിരോധിയായി ചിലരെങ്കിലും അവതരിപ്പിക്കുകയും ചെയ്യുന്നു. "ഭാര്യമാരെ, നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം" എന്നു തുടങ്ങുന്ന ലേഖനഭാഗം വിവാഹകൂദാശാവേളയില്‍ സുപരിചിതമാകുമ്പോള്‍ അതിനു തൊട്ടുമുമ്പുള്ള വരിയോടെ അത് വായിച്ചുതുടങ്ങിയിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്നു[4]. "ദൈവകൃപയ്ക്കു മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യ അവകാശികളാണ്" എന്ന വചനഭാഗവും ശ്രദ്ധിക്കപ്പെടേണ്ട വിധത്തില്‍ പഠനവിഷയമായിട്ടില്ല. അതൊക്കെ സ്ത്രീവാദികളുടെ നേരായ വ്യാഖ്യാനമല്ല എന്നും ആക്ഷേപിക്കുന്നവരുണ്ട്. വിശുദ്ധ പത്രോസ്ശ്ലീഹായുടെ ഒന്നാം ലേഖനത്തില്‍ നമ്മള്‍ വായിക്കുന്നതുപോലെ "ദൈവകൃപയ്ക്ക് തുല്യ അവകാശിനി എന്ന നിലയില്‍ നീ അവളെ ബഹുമാനിക്കണം. ഇത് നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് തടസ്സം വരാതിരിക്കാന്‍ വേണ്ടിയാണ്."[5] സ്ത്രീപുരുഷന്മാര്‍ പരസ്പരമുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും കരുതലിന്‍റെയും ചിത്രമാണ് നവസുവിശേഷവത്കരണത്തിലൂടെ പകരുവാന്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്.

3. ഭാരതസഭയും സ്ത്രീശാക്തീകരണവും                                                                                                                                                   
സഭ സ്വാഭാവേനതന്നെ മിഷനറിയായതിനാലും ആയിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവരാജ്യത്തിന്‍റെ പരിമളം പരത്താന്‍ കടമയുള്ളതിനാലും ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്തുത്യര്‍ഹമായ പലതും നടപ്പിലാക്കാന്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. വാഴ്ത്തപ്പെട്ട മദര്‍ തെരേസയും വിശുദ്ധ അല്‍ഫോന്‍സാമ്മയും ഭാരതീയസ്ത്രീത്വത്തിന് മകുടോദാഹരണങ്ങളായി നിലകൊള്ളുന്നു. ക്രിസ്തു വിഭാവനം ചെയ്ത സ്ത്രീവിമോചനം സ്ത്രീജീവിതത്തിന്‍റെ വ്യത്യസ്തമേഖലകളുടെ സമഗ്രതയായതുകൊണ്ട് ക്രിസ്തുവിന്‍റെ തുടര്‍ച്ചയായ സഭ സ്ത്രീത്വത്തിന്‍റെ സമ്പൂര്‍ണ്ണവിമോചനം ലക്ഷ്യമാക്കി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ചിലത് പരാമര്‍ശിക്കാം.

3.1 വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസം സാമൂഹ്യമാറ്റത്തിന്‍റെ ഏറ്റവും വലിയ ചാലകശക്തിയായതിനാല്‍ ഭാരതക്രൈസ്തവസഭയുടെ ശുശ്രൂഷാരംഗങ്ങളില്‍ വച്ച് സ്ത്രീവിദ്യാഭ്യാസത്തിന് നല്‍കിയ സംഭാവനയാണ് പ്രഥമസ്ഥാനത്ത് നില്‍ക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനിലൂടെ 'പള്ളിക്കൊപ്പം പള്ളിക്കൂടം' എന്ന വിദ്യാഭ്യാസദര്‍ശനം വഴിയായി ആരംഭിച്ച വിദ്യാഭ്യാസവിപ്ലവം വിവിധ സഭാവിഭാഗങ്ങളിലൂടെ ഇന്നും വിദ്യാഭ്യാസരംഗത്ത് ഭാരതസഭയെ അഗ്രഗണ്യയായി നിര്‍ത്തുന്നു. ഇതില്‍ നല്ലൊരു ശതമാനവും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ് ഇവിടെ ശ്രദ്ധേയമായിട്ടുള്ളത്.

3.2 രോഗീശുശ്രൂഷാതലം
യേശുവിന്‍റെ സൗഖ്യദായകശുശ്രൂഷ സഭയില്‍ തുടര്‍ന്നുകൊണ്ട് പോകുവാന്‍ നമ്മുടെ ആരോഗ്യപരിപാലനരംഗം ശ്രമിക്കുന്നു. "ഞാന്‍ വന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്" എന്ന വചനത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സി.ബി.സി.ഐ. ഹെല്‍ത്ത് കമ്മീഷന്‍ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഏകദേശം 2500-ലധികം ആരോഗ്യപരിപാലനസ്ഥാപനങ്ങള്‍ ഭാരതസഭയ്ക്കുണ്ട്. ഇവയിലൂടെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും കേരളവികസനമോഡലിന്‍റെ ഒരു പ്രധാനഘടകമായ ശിശുമരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു.

3.3 അജപാലനതലം
നമ്മുടെ ദേവാലങ്ങളിലെ മതബോധനരംഗത്ത് സ്ത്രീസാന്നിദ്ധ്യം സജീവമാണ്. വനിതാ മതബോധനാദ്ധ്യപകരാല്‍ അത് ഏറെ സമ്പുഷ്ടമാണ്. അജപാലനരംഗത്തും ഫാമിലിയൂണിറ്റുകളിലും കുടുംബപ്രേഷിതത്വമേഖലയിലും വിന്‍സന്‍ഡ് ഡീ പോള്‍ തുടങ്ങിയ സംഘടനകളിലൂടെയും മറ്റും നേതൃത്വരംഗത്ത് പ്രവര്‍ത്തിക്കുന്ന അനേകം സ്ത്രീകള്‍ നല്‍കുന്ന സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. വിവിധ രൂപതകളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന മാതൃസംഘങ്ങളും ശ്രദ്ധേയമാണ്. ആനുകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ച ചെയ്യുവാനുമുള്ള അവസരങ്ങള്‍ വലിയ മുതല്‍ക്കൂട്ടായി മാറുന്നു.

3.4 സാമൂഹ്യപ്രവര്‍ത്തനതലം
രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, സേവ് എ ഫാമിലി പ്ലാന്‍, കാരിത്താസ് ഇന്ത്യ തുടങ്ങി ഭാരതസഭയുടെ സാമൂഹ്യശുശ്രൂഷപ്രവര്‍ത്തനങ്ങളുടെ മുഖ്യഗുണഭോക്താവും പങ്കാളിയും സ്ത്രീകള്‍ തന്നെയാണ്. 'വീട്ടുമുറ്റത്തൊരു ബാങ്ക്' എന്നു വിളിക്കാന്‍ തക്കവിധം ചെറുനിക്ഷേപങ്ങളെ വലിയ സമാഹാരമാക്കി വളര്‍ത്തി അടുക്കള ദാരിദ്ര്യത്തെ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചിരിക്കുന്ന സ്ത്രീകളുടെ ചെറിയ അയല്‍ക്കൂട്ടങ്ങളായ സ്വയം സഹായ സംഘങ്ങള്‍ ഈ മേഖലയിലെ പ്രധാന കാല്‍വെയ്പുകളാണ്. ഇവ കേവലം നിക്ഷേപസംഘങ്ങള്‍ മാത്രമല്ല, മറിച്ച് സൗഹാര്‍ദ്ദപരമായ അയല്‍പക്കസ്നേഹം വളര്‍ത്തിയെടുക്കുവാനും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്.

3.5 ഇടപെടേണ്ട മേഖലകള്‍
മനുഷ്യസംസ്കാരം വളര്‍ച്ചയുടെ പടവുകള്‍ പിന്നിടുമ്പോഴും അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്‍റെ കഥയാണ് ചരിത്രത്തിന് പറയാനുള്ളത്. ശാസ്ത്രസാങ്കേതിക സാംസ്കാരിക രംഗങ്ങളില്‍ അത്ഭുതാവഹമായ പുരോഗതി നേടിക്കഴിഞ്ഞ ഇന്നും പലമേഖലകളിലും സ്ത്രീ വിമോചനം തേടുകയാണ്. നൂറ്റാണ്ടുകളായി സ്ത്രീകളോടുള്ള മനുഷ്യന്‍റെ വിവേചനത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം അപലപിക്കുന്നു. 'നിര്‍ഭാഗ്യവശാല്‍, മനുഷ്യജീവിയെ ഒരു വ്യക്തിയായിട്ടല്ലാതെ, സ്വാര്‍ത്ഥതാത്പര്യത്തിനും വെറും സുഖത്തിനും വേണ്ടി വിനിയോഗിക്കപ്പെടുന്ന ഒരു വസ്തുവായി, ഒരു കച്ചവടസാധനമായി പരിഗണിക്കുന്ന ശാഠ്യപൂര്‍വ്വകമായ മനസ്ഥിതിയുടെ ആദ്യത്തെ ബലിമൃഗങ്ങള്‍ സ്ത്രീകള്‍ തന്നെയാണ്. ഈ മനസ്ഥിതി സ്ത്രീപുരുഷന്മാരോടുള്ള അവജ്ഞ, അടിമത്തം, ദുര്‍ബലരെ മര്‍ദ്ദിക്കല്‍, അശ്ലീലത, വേശ്യാവൃത്തി - പ്രത്യേകിച്ചും സംഘടിതരൂപത്തില്‍ - വിദ്യാഭ്യാസം, തൊഴില്‍, കൂലി തുടങ്ങിയ മേഖലകളില്‍ നിലവിലിരിക്കുന്ന വിവിധ രൂപത്തിലുള്ള വിവേചനങ്ങള്‍ മുതലായ തിക്തഫലങ്ങള്‍ ഉല്പാദിപ്പിക്കുന്നു'[6].

4. ക്രിസ്തുവും ഭാരതീയസ്ത്രീകളും                                                                                                                                                                      
പരമ്പരാഗത ക്രിസ്തുരൂപങ്ങളാണ് ഭാരതീയ സ്ത്രീമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കിലും മാറുന്ന പശ്ചാത്തലങ്ങളും ദൈവശാസ്ത്രത്തോടുള്ള തുറന്ന സമീപനങ്ങളും പുതിയ രൂപങ്ങള്‍ കണ്ടെത്തുവാന്‍ ഭാരതീയ സ്ത്രീകള്‍ക്കും പ്രചോദനമായിട്ടുണ്ട്. ക്രിസ്തുവിന്‍റെ സഹനരൂപത്തെ പൂര്‍ണ്ണമായും ആവാഹിച്ച് അതിനോട് താദാത്മ്യപ്പെടുന്നവരാണ് ഭാരതീയസ്ത്രീകളില്‍ നല്ല പങ്കും. തങ്ങളുടെ പേരും, സ്വാതന്ത്ര്യവും, ആരോഗ്യവും കുടുംബത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഭാരതീയസ്ത്രീകള്‍ യേശുവിനെ സഹനദാസനായി വ്യാഖ്യാനിക്കുന്നു. ക്രിസ്തുവിന്‍റെ സഹനമരണങ്ങള്‍ രക്ഷാകരവും ദൈവസ്നേഹത്തിന്‍റെ ആവിഷ്ക്കാരവുമായിരുന്നു. ജീവന്‍ നല്‍കാന്‍ വേണ്ടിയുള്ള സഹനമായിരുന്നു ക്രിസ്തുവിന്‍റേത്. എന്നാല്‍ ഭാരതീയസ്ത്രീയുടെ സഹനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും ജീവനെ ഹനിക്കുന്നതുമാണ് എന്നതാണ് സത്യം. ക്രിസ്തുവിന്‍റെ സഹനങ്ങളുടെ മറവില്‍ എല്ലാ സഹനങ്ങളും സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന തിരിച്ചറിവ് ക്രിസ്തുവിനെ നവമായി വ്യാഖ്യാനിക്കാന്‍ ഭാരതീയസ്ത്രീകളെ പ്രേരിപ്പിക്കുന്നു. വിമോചനദൈവശാസ്ത്രത്തിന്‍റെ സ്വാധീനവും സുപ്രധാന തീരുമാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന ബോധ്യവും ക്രിസ്തുവിനെ വ്യാഖ്യാനിക്കുവാന്‍ പുതിയ പ്രേരണ നല്‍കി. ക്രിസ്തുവിന്‍റെ മനുഷ്യത്വം പുരുഷത്വമായി വ്യാഖ്യാനിച്ചുകൊണ്ട് സ്ത്രീകളെ സഭാശുശ്രൂഷകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായി സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ കരുതുന്നു. ഹൈദരാബാദില്‍ നിന്നുള്ള ലൂഥറന്‍ സഭാംഗമായ മോനിക്കാ മെലാക്ടന്‍ ഇതിനൊരുദാഹരണമാണ്. ക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവം സ്ത്രീത്വത്തേയും പുരുഷത്വത്തേയും ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യാവതാരത്തിലൂടെ പുതിയ മനഷ്യകുലത്തിന്‍റെ പ്രതിനിധിയായി യേശു മാറുന്നു. ക്രിസ്തുവിന്‍റെ മനുഷ്യത്വത്തെ പുരുഷഭാവമായി മാത്രം കാണുന്നത് വിജാതീയ ശൈലിയായിട്ടാണവര്‍ പരിഗണിക്കുന്നത്. ലിംഗഭാവങ്ങള്‍ക്ക് അതീതനാണ് ദൈവം[7].
യേശുവിനെ വിമോചകനായും വിപ്ലവകാരിയായും ചിത്രീകരിക്കുന്ന ഭാരതീയരചനകളും ശ്രദ്ധേയമാണ്. യഥാര്‍ത്ഥ വിമോചകന്‍റെ ആദ്യരൂപമായി അവര്‍ യേശുവിനെ ചിത്രീകരിക്കുന്നു. യേശുവിനെ അമ്മയായും സ്ത്രീയായും ചിത്രീകരിക്കുന്ന ഏഷ്യന്‍ ദൈവശാസ്ത്രജ്ഞരുടെ സ്വാധീനം ഭാരതീയ വിശകലനങ്ങളിലും പ്രകടമാണ്. ഒരമ്മയെപ്പോലെ ജറുസലേമിനെയോര്‍ത്ത് വിലപിക്കുന്ന യേശുവിന്‍റെ മാതൃഭാവങ്ങള്‍ (മത്തായി 23:37) ഇവര്‍ പ്രതിപാദിക്കുന്നു. 1972 മുതല്‍ ദക്ഷിണേന്ത്യയില്‍ ജോലിചെയ്ത് ഭാരതീയ സ്ത്രീകളോട് താദാത്മ്യപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജര്‍മ്മന്‍കാരിയായ ഗബ്രിയേലേ ഡ്രീട്രിക്കിന്‍റെ നിരൂപണങ്ങളും ക്രിസ്തുവിനെക്കുറിച്ചുള്ള ഭാരതീയ സ്ത്രീ കാഴ്ചപ്പാടുകളുടെ ഭാഗമാണ്8. സാധാരണ ജീവിതത്തിന്‍റെ ഭാരങ്ങളും വേദനകളും സന്തോഷങ്ങളും സഹനങ്ങളും അനുഭവിക്കുന്ന യേശുവിനെയാണ് ഭാരതീയസ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. ക്രിസ്തുവിന് നായക പരിവേഷം നല്‍കി വണങ്ങാനുള്ള മനസല്ല ഭാരതീയസ്ത്രീകളുടേത്. പ്രത്യുത അവരുടെ അനുദിനജീവിതത്തില്‍ അനുഭവിക്കുന്ന ഒരു സാന്നിദ്ധ്യമായി യേശുവിനെ അവര്‍ തിരിച്ചറിയുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള വെളിപാടുകളേക്കാള്‍ സാധാരണ ജീവിതത്തിന്‍റെ താഴെത്തട്ടില്‍ നിന്നും വെളിപ്പെടുത്തുന്ന ക്രിസ്തുവിനെയാണവര്‍ക്കിഷ്ടം. ആരും ഉണരുന്നതിന് മുന്‍പേ ഉണര്‍ന്ന് കുടുംബത്തിന് വേണ്ടി സ്നേഹപൂര്‍വ്വം അദ്ധ്വാനിച്ച് ആരാലും പരിഗണിക്കപ്പെടാതെ, അവശമുഖവുമായി നില്‍ക്കുന്ന അമ്മയായി യേശുവിനെ കാണാനാണ് ഏഷ്യന്‍ സ്ത്രീകളും, ഭാരതീയ സ്ത്രീകളും ഇഷ്ടപ്പെടുന്നത്. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ ആധിപത്യം പുലര്‍ത്തുമ്പോഴും അവരെ പീഡിപ്പിക്കുമ്പോഴും ആര്‍ദ്രഭാവങ്ങളുമായി കടന്നുവന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ക്രിസ്തുവിന്‍റ രൂപം ഭാരതീയ സ്ത്രീ മനസ്സുകളില്‍ കുളിര്‍മ്മ പകരുന്നു. സ്ത്രീകളെ മോചിപ്പിക്കുവാന്‍ ക്രിസ്തുവിന് മാത്രമേ സാധിക്കുകയുള്ളുവെന്ന ചിന്തയും ഭാരതീയ സ്ത്രീകളില്‍ പ്രബലമാണ്.

5. ക്രിസ്തുവിജ്ഞാനീയത്തിന്‍റെ ജീവിതക്രമം                                                                                                                                                 
വിമോചകനും, രക്ഷകനുമായ യേശുക്രിസ്തുവിലൂടെ കൈവന്ന സുവിശേഷമൂല്യങ്ങളിലധിഷ്ഠിതമായ ഒരു ജീവിതക്രമം ഇന്നും ഭാരതീയസ്ത്രീത്വത്തിന് അന്യമാണ്. അത് നല്‍കുവാന്‍ ബാധ്യസ്ഥരായവര്‍ ശ്രദ്ധ പതിപ്പിക്കേണ്ട ചില തലങ്ങള്‍ പ്രതിപാദിച്ചില്ലെങ്കില്‍ എനിക്ക് ഈ ഉദ്യമത്തോട് നീതി പുലര്‍ത്താനാവില്ല.

5.1 ആത്മീയതലം
യേശുഅനുഭവം സ്വന്തമാക്കിയ സമറിയാക്കാരി സ്ത്രീയും മഗ്ദലനാമറിയവും ഉദാത്തമായ കാര്യങ്ങളിലേക്ക് തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തി. അനേകരെ യേശുവിന്‍റെ അടുത്തേയ്ക്ക് കൊണ്ടുവരുവാന്‍ സമരിയായിലെ സാധാരണ സ്ത്രീയ്ക്കും, ഉത്ഥിതനായവന്‍റെ പ്രഥമദര്‍ശനം സ്വന്തമാക്കാനും പ്രഘോഷിക്കാനും മഗ്ദലനാമറിയത്തിനും സാധിച്ചു. ഇപ്രകാരം നേരിട്ടുള്ള സുവിശേഷവല്‍ക്കരണത്തില്‍ താല്‍പര്യമുളള സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. പങ്കാളിത്തസഭയ്ക്ക് ഉതകുന്നവിധം ദൈവശാസ്ത്രത്തിലും സുവിശേഷപ്രഘോഷണത്തിലും മിഷന്‍പ്രവര്‍ത്തനത്തിലും പരിശീലനം സിദ്ധിച്ച സ്ത്രീകളെ സംലഭ്യരാക്കാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതുപോലുള്ള സംരംഭങ്ങളില്‍ തന്‍റെ തന്നെ സുഖവും സ്വാര്‍ത്ഥതയും പരിമിതികളും വിട്ടുകളയാന്‍ ഭൂരിപക്ഷം സ്ത്രീകളും തല്പരരല്ല എന്നതും ഏറെ ദു:ഖകരമായ അവസ്ഥയാണ്.

5.2 സാമൂഹ്യരംഗം
ജന്‍മം കൊണ്ടുതന്നെ നിഷേധാത്മകത ഏറ്റുവാങ്ങുന്നവരുടെ ഗണമാണ് പെണ്‍കുട്ടികള്‍. സ്ത്രീയെ ഇന്നും ബാധ്യതയായി കരുതുന്നവരുടെ എണ്ണം ഏറിവരുകയാണ്. ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗപദവി കണ്ടുപിടിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അവ യഥേഷ്ടം നടക്കുന്നുണ്ടെന്നും അതുവഴിയായി ധാരാളം പെണ്‍ഭ്രൂണഹത്യകളുണ്ടാകുന്നുവെന്നതും വസ്തുതയാണ്. പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടവരാണ്. അതായത് അവര്‍ ദൈവനിശ്ചിതരാണ്. പുരുഷനും സ്ത്രീയും ദൈവഛായയില്‍ ഒരേ മാഹാത്മ്യമുള്ളവരാണ്. പുരുഷന്‍ ആയിരിക്കലും സ്ത്രീ ആയിരിക്കലും സ്രഷ്ടാവിന്‍റെ ജ്ഞാനത്തെയും നന്മയെയും പ്രതിഫലിപ്പിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഈ സന്ദേശം ഭാരതമനസാക്ഷിയില്‍ നിറയ്ക്കേണ്ട ഉത്തരവാദിത്വം ഇന്ന് ഏറുകയാണ്.

സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായി കണ്ട് പരിഹസിക്കുന്നവരും ഉണ്ട്. അങ്ങനെയെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റും ക്രിസ്തു തന്നെ. ഫെമിനിസ്റ്റ് എന്നതിനേക്കാളും ഹ്യൂമനിസ്റ്റ് എന്നു പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തില്‍ യേശുവിന്‍റെ സ്വതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്നത്.

5.3 ആര്‍ഷഭാരത കുടുംബസംസ്കാരം
ഭാരതസംസ്കാരത്തിന്‍റെ അഭിമാനകരമായ ഒരു മുഖമുദ്ര നമ്മുടെ കുടുംബസംസ്കാരമാണ്. മറ്റു പാശ്ചാത്യ, യൂറോപ്യന്‍ സംസ്കാരത്തില്‍ നിന്ന് നമ്മെ വേറിട്ടുകാണിക്കുന്ന സവിശേഷതയും പ്രധാനമായും അതുതന്നെയാണ്. കുടുംബം ഭാരതീയസ്ത്രീകളുടെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയായതുകൊണ്ട് ഈ സംവിധാനത്തിന്‍റെ കാലാനുസൃതമായ മാറ്റത്തെക്കുറിച്ചും, ഏറ്റവും കൂടുതല്‍ സംരക്ഷിക്കാന്‍ ക്രിസ്തു ആഗ്രഹിച്ചതിനാലും കുടുംബത്തെപ്പറ്റി ചില കാര്യങ്ങള്‍ പ്രതിപാദിക്കാന്‍ ശ്രമിക്കുകയാണ്.
ഇത്രയും ഭദ്രമായ കുടുംബസംവിധാനം ഇവിടെ നിലനിന്നുപോന്നതില്‍ ക്രൈസ്തവസഭ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ കുടുംബസംവിധാനത്തിലുണ്ടായ മാറ്റമനുസരിച്ച് കുടുംബമതബോധനം മാറിയില്ലെന്നതാണ് വലിയ ന്യൂനതായി കാണുന്നത്. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജീവിക്കുന്ന ഭാരതത്തില്‍ ജനാധിപത്യം ഒട്ടും തന്നെയില്ലാത്ത കുടുംബങ്ങളാണുള്ളത്. "പുരുഷന്‍ തന്‍റെ മാതാപിതാക്കളെ വിട്ട് സ്ത്രീയോട് ചേരും" എന്ന് വചനം വായിക്കുമ്പോഴും സ്ത്രീ തന്‍റെ മാതാപിതാക്കളെ വിട്ട് പുരുഷനോട് ചേരുന്ന അവസ്ഥയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാര്യ ഭര്‍ത്താവിന്‍റെ മാതാപിതാക്കളെ പരിചരിച്ചില്ലെങ്കില്‍ തെറ്റ്. അവള്‍ സ്വന്തം മാതാപിതാക്കളെ സംരക്ഷിച്ചാല്‍ നാണക്കേട്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും സ്റ്റൗ പൊട്ടിത്തെറിക്കലും എല്ലാം ഭര്‍തൃഗൃഹത്തില്‍ മാത്രമാണ് സംഭവിക്കുന്നതെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ആദിയുഗങ്ങളില്‍ പുരുഷന്‍ നായാടിയും സ്ത്രീ കൃഷിയും ഗൃഹജോലികളുമായും കഴിഞ്ഞു. അവിടെ അടിമയെന്നോ പീഡിതയെന്നോ വേര്‍തിരിവ് അനുഭവപ്പെട്ടിരുന്നില്ല. മാതൃദായവ്യവസ്ഥിതിയില്‍ അമ്മയും അമ്മാവനും കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയായിരുന്നു. മാതൃദായകകുടുംബക്രമം പിന്നീട് പിതൃദായത്തിലേക്ക് കൈമാറിയപ്പോള്‍ സ്വകാര്യസ്വത്ത്, പിന്തുടര്‍ച്ചാവകാശനിയമം തുടങ്ങിയവയിലൂടെയും സ്ത്രീത്വത്തിന്‍റെ പദവി ഇടിഞ്ഞു. അടുക്കളയുടെ അകത്തളങ്ങില്‍ അവളെ സമൂഹം ഒതുക്കി. നന്നായി കുടുംബം നോക്കുന്നവളാണ് യഥാര്‍ത്ഥ സ്ത്രീ എന്നു സ്ഥാപിച്ചെടുക്കുന്നതില്‍ മതങ്ങളും വിജയിച്ചു. വലിയ ഒരു മസ്തിഷ്കക്ഷാളനം സ്ത്രീവിഷയത്തില്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ക്ഷമയും സഹനവും അഭ്യസിച്ച് പരാതിയില്ലാതെ ജീവിതക്ലേശങ്ങള്‍ ഏറ്റെടുക്കേണ്ടവളുമാണ് സ്ത്രീയെന്ന ചിന്ത അവളുടെ ബുദ്ധിയിലും വികാരത്തിലും സന്നിവേശിപ്പിച്ചു. ഈ ഒരു മസ്തിഷ്കക്ഷാളനത്തിലൂടെ മാതൃത്വത്തെ മഹത്വപ്പെടുത്തി.

പുരുഷന്‍ അന്നദാതാവും (Breadwinner) സ്ത്രീ ഗൃഹസംവിധായകയും (house holder) എന്ന സ്ഥിതിവിശേഷത്തില്‍നിന്ന് നമ്മള്‍ ഏറെ മാറി. രണ്ടുപേരും പുറത്തുപോയി ജോലിചെയ്യുന്നവരായിത്തീര്‍ന്നു. എന്നാല്‍ മാറാതെ നില്‍ക്കുന്ന ചില ഗൃഹസംവിധാനവ്യവസ്ഥിതികള്‍ സ്ത്രീയെ തീര്‍ത്തും അവശയാക്കി. സാമ്പത്തികനേട്ടങ്ങള്‍ക്കായി മാത്രം അവള്‍ ഉപയോഗിക്കപ്പെട്ടു. വിദേശത്തുനിന്നും നേഴ്സുമാര്‍ അയക്കുന്ന പണം കൊണ്ട് മണിമന്ദിരങ്ങള്‍ പണിത് കുടുംബങ്ങള്‍ ഗര്‍വ്വ് കാട്ടിയപ്പോള്‍ അതിന്‍റെ പിന്നിലെ സ്ത്രീയുടെ അദ്ധ്വാനം അവളെ വൈകാരികപിരിമുറുക്കമുള്ളവളും പൊട്ടിത്തെറിക്കുന്നവളുമാക്കി മാറ്റി. ഐ.റ്റി. പോലെയുള്ള മേഖലകളില്‍ കൂടുതല്‍ സമയം തൊഴില്‍രംഗത്ത് നല്‍കേണ്ടിവന്നപ്പോള്‍ അത് കുടുംബഭദ്രതയ്ക്ക് മങ്ങലേല്‍പ്പിക്കുകയും വിവാഹമോചനം പോലുള്ള പല അപചയങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തു. പലപ്പോഴും സ്ത്രീയുടെ പ്രതികരണം അവളെ തന്‍റേടിയും സഹനശീലമില്ലാത്തവളുമായി മുദ്രണം ചെയ്തു.

കൂടുതല്‍ മക്കളെ പ്രസവിക്കുന്നവരെ ആദരിക്കുന്ന നമുക്ക് അതുമൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോവുന്ന അവളുടെ വ്യക്തിത്വത്തിന്‍റെയും കരിയറിന്‍റെയും അവസ്ഥ മനസ്സിലാക്കി കുടുംബസംവിധാനത്തെ മാറ്റാനുതകുന്ന മതബോധനം നല്‍കാനാവുമോ? പ്രസവിക്കലും മുലയൂട്ടലുമൊഴിച്ച് മറ്റ് എല്ലാ ജോലികള്‍ക്കും ലിംഗഭേദമില്ലാത്ത അവസ്ഥയിലേക്ക് ഭാരതീയകുടുംബത്തെ വളര്‍ത്താനാവുമോ? പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഈ വിപ്ളവകരമായ മാറ്റത്തിന് ഒരു പുരുഷാധിപത്യവ്യവസ്ഥിതിയില്‍ ആര് മുന്‍കൈയ്യെടുക്കും? ഇന്ന് സ്ത്രീക്ക് ഏറ്റവും കൂടുതല്‍ അവഹേളനം ലഭിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. ഗാര്‍ഹികപീഡനകഥകള്‍ പുറത്തുപറയാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിന്‍റെ കുടുംബങ്ങളെല്ലാം പ്രശ്നത്തിലാണ് എന്ന് നമ്മള്‍ പറയുന്നു. നേരത്തെ സ്ത്രീകള്‍ നിശബ്ദം സഹിച്ചപ്പോള്‍, അവര്‍ സ്വരം ഉയര്‍ത്താതിരുന്നപ്പോള്‍ നമ്മള്‍ അതിനെ കുടുംബഭദ്രത എന്ന് പേരുവിളിച്ച് അഭിമാനിച്ചു. എന്നാല്‍ കേരളത്തിലെ കുടുംബങ്ങള്‍ ഇന്നത്തേക്കാളധികം പണ്ടും ഒട്ടും ഭദ്രമല്ലായിരുന്നു എന്ന് സ്ത്രീപഠനകേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

5.4 രാഷ്ട്രീയരംഗം
1889-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പണ്ഡിത രമാഭായി സരസ്വതി (1858-1922) എന്ന ക്രിസ്തീയവനിത ഭാരതീയസ്ത്രീകളുടെ പ്രത്യേകിച്ച് ഹൈന്ദവവിധവകളുടെ ദയനീയാവസ്ഥയ്ക്ക് വിരാമമിടണമെന്ന് വാദിക്കുകയും അന്നത്തെ ദേശിയസാമൂഹ്യസമ്മേളനത്തിന്‍റെ മൂന്നാം സെഷനില്‍ അതിനായി പ്രമേയം പാസ്സാക്കുകയും ചെയ്തു. സ്ത്രീകള്‍ ദേശീയരാഷ്ട്രീയത്തില്‍ പങ്കാളികളാകണമെന്നത് അവരുടെ അവകാശവും കടമയുമാണ് എന്ന് പ്രസ്തുത സമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ഭാരതജനാധിപത്യമുന്നേറ്റത്തില്‍ ശക്തമായ പങ്ക് വഹിച്ചവരായിരുന്നു ആനി മസ്കരീനും അക്കമ്മ ചെറിയാനും. എന്നാല്‍ പില്‍ക്കാലത്ത് ഇതുപോലെ എടുത്തുപറയത്തക്ക നേതൃത്വത്തിന്‍റ അഭാവം ഭാരതത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉണ്ടായി.

ഭരണഘടനയുടെ 73,74 ഭേദഗതിയനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തി. എന്നാല്‍ നമ്മുടെ സ്ത്രീകളെ അതിലേക്ക് വളര്‍ത്തികൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണം. നോബല്‍ സമ്മാനജേതാവായ സാമ്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്നിന്‍റെ അഭിപ്രായത്തില്‍ വികസനമെന്നത് സാധ്യതകളുടെ വളര്‍ച്ചയാണ് (development is the expansion of capabilities). നയപരവും നിര്‍മ്മാണപരവുമായ സമിതികളിലെ അംഗത്വം അവളുടെ അവകാശങ്ങളേയും കടമകളേയും സാധ്യതകളേയും കുറിച്ച് അവളെ കൂടുതല്‍ ബോധവതിയാക്കും.

5.5 മാധ്യമരംഗം
നമ്മുടെ കലാസാംസ്കാരിക രംഗത്ത് വന്നിട്ടുള്ള അപചയം സീരിയലുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൂടുതലും പരപുരുഷ, പരസ്ത്രീ ബന്ധത്തിന്‍റെ കഥകളാണ് പറയുന്നത്. വിപണനതന്ത്രമോ കുടുംബസംസ്കാരത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളോ, ആഗോളവല്‍ക്കരണമോ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ, മാധ്യമസാക്ഷരതയിലേക്ക് നമ്മുടെ സ്ത്രീകള്‍ നയിക്കപ്പടണം. ഉത്തമവും ശ്രേഷ്ഠവുമായിട്ടുള്ളത് തിരഞ്ഞെടുക്കുവാന്‍ അവള്‍ പ്രാപ്തയാകണം. ഭാരത്തിലെ ഒരു സ്ത്രീയും കലാസാംസ്കാരിക മാധ്യമരംഗങ്ങളില്‍ അത് സ്ത്രീയിലൂടെയാണെങ്കില്‍ പോലും അവഹേളിക്കപ്പെടാന്‍ നമ്മള്‍ ഇടയാക്കരുത്. സ്വന്തം കുടുംബങ്ങളില്‍ ഇപ്രകാരം ഒരു സംസ്കാരം കണ്ട് വളര്‍ന്നവര്‍ സമൂഹത്തിലും അതേ പ്രതിഫലനമായിരിക്കും സൃഷ്ടിക്കുന്നത്.

6. പക്വമായ സമീപനം                                                                                                                                                                                  
സ്ത്രീത്വത്തിന്‍റെ മഹത്വവും അവകാശങ്ങളും സംരക്ഷിക്കുവാനുള്ള എല്ലാ പരിശ്രമങ്ങളേയും സഭ എന്നും പിന്താങ്ങുന്നു[9]. സ്ത്രീത്വത്തിന്‍റെ തനിമ കണ്ടെത്താന്‍ അവളെ സഹായിക്കണം. പരിശുദ്ധാത്മാവിന്‍റെ ചൈതന്യത്തില്‍ നിറഞ്ഞുനിന്നുകൊണ്ട് വിശ്വാസത്തിന്‍റെ ആഴങ്ങളില്‍ നിന്ന് ഏതൊരു സ്ത്രീയ്ക്കും പറയുവാന്‍ സാധിക്കണം ഞാന്‍ ദൈവത്തിന്‍റെ രൂപവും ഛായയും ആണെന്ന്. ഈ അറിവ് ദൈവം എന്നെ സ്നേഹിക്കുന്നു എന്ന ബോധ്യത്തിലേയ്ക്ക് സ്ത്രീയെ നയിക്കുന്നു. അഥവാ, ദൈവത്താല്‍ സ്നേഹിക്കപ്പെട്ടവളാണ് ഞാന്‍. അതിനാല്‍തന്നെ എന്‍റെ വ്യക്തിത്വം അനന്യമാണ്.
ഇപ്രകാരം ദൈവസ്നേഹത്താല്‍ പൂരിതയായ സ്ത്രീയ്ക്ക് മാത്രമേ മനുഷ്യരാശി നശിച്ചുപോകാതിരിക്കാന്‍ പലതും ചെയ്യാന്‍ സാധിക്കൂ. കാരണം മനുഷ്യവംശത്തെ തന്നെയാണ് ദൈവം സ്ത്രീയെ ഭരമേല്‍പ്പിച്ചിരിക്കുന്നത്. ജീവന്‍ ഭരമേല്‍പ്പിക്കാന്‍ തക്കവിധം ദൈവം സ്ത്രീയെ മഹത്വമുള്ളവളായി കണ്ടു. കഴിഞ്ഞ ജനുവരിയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ FABC സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്‍റെ വിഷയം 'Women - living the Eucharist: The Bread Broken and Shared' എന്നതായിരുന്നു. പകുത്തുനല്‍കുന്ന സ്നേഹത്തിനായി ഭാരതത്തില്‍ അവളെ ഒരുക്കാനുള്ള ആര്‍ജ്ജവത്വമാണ് ഉണ്ടാകേണ്ടത്. അതോടൊപ്പംതന്നെ മുഴുവന്‍ സമയവും സ്വന്തം കുടുംബത്തിനുവേണ്ടി നീക്കിവെയ്ക്കപ്പെടുമ്പോഴും അവരുടെ അന്തസ്സിന് കോട്ടം വരാത്തവിധം സാമൂഹികഘടന സജ്ജമാക്കണം.


ഉപസംഹാരം                                                                                                                                                                                                        
ഭാരതീയസ്ത്രീകളുടെ മനസ്സ് അറിയുകയും അവരെപ്പോലെ സഹനമരണങ്ങളിലൂടെ നടന്ന് നീങ്ങുകയും ചെയ്ത ക്രിസ്തുവിനെ കണ്ടുമുട്ടുവാനും പ്രഘോഷിക്കുവാനും അതിന്‍റെ വെളിച്ചത്തില്‍ പുതിയ ജീവിതക്രമം രൂപപ്പെടുത്താനും സ്ത്രീ പുരുഷവ്യത്യാസമില്ലാതെ യത്നിക്കേണ്ടിയിരിക്കുന്നു. സ്ത്രീ പുരുഷസമത്വമല്ല, സ്ത്രീ പുരുഷ പൂരകത്വമാണ് ഒരു ആരോഗ്യപരമായ സംസ്കാരത്തിനായി ഉള്‍ക്കൊള്ളേണ്ടത്. അത് തന്നെയാണ് ക്രിസ്തുവിന്‍റെ കാഴ്ചപ്പാട്. ഒരു സമൂഹത്തിന്‍റെ മാന്യതയും സംസ്കാരവും അവിടുത്തെ സ്ത്രീയുടെ സ്ഥാനവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡോ . സെബാസ്റ്റ്യൻ ചാലക്കൽ, ഫെക്‌സിൻ കുത്തൂർ, നോബിൾ തോമസ് പാറക്കൽ എന്നിവർ എഡിറ്റ് ചെയ്ത ക്രിസ്തുദർശനം: സാധ്യതകളും സമസ്യകളും എന്ന പുസ്തകത്തിൽ നിന്നും.

 

 

Notes
*The contents of this article are partly published in Mathavum Chinthayum.
1 ലൂക്കാ 10, 38-42.
2 കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 369.
3 റോമാ 16, 1-5.
4 എഫേ. 5, 21.
5 1 പത്രോ. 3, 18.
6 കുടുംബം ഒരു കൂട്ടായ്മ, 24.
7 1987 നവംബര്‍ 20-29 തിയതികളില്‍ Consultation on Asian Women’s Theology on Christology-യില്‍ മോനിക്ക മെലങ്ടന്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. cf. Sugritharaj (ed.) Asian Theology of Jesus (NewYork, Orbis Books, 1993) 229-230.
8 Chung Hyun Kyung, "Who is Jesus for Asian Women?" in Asian Faces of Jesus, R.S. Surirtharajah, (NewYork, Orbis Books, 1993) 223-246.
9 ജോണ്‍പോള്&a

jesus christ an indian feminist perspective Kochurani joseph Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message