We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 27-Jan-2021
"യേശുക്രിസ്തു" എന്നു പറയുന്നത്, പലരും തെറ്റിദ്ധരിക്കാറുള്ളതുപോലെ, ഒരു ഇരട്ടപ്പേരല്ല, പ്രത്യുത ഒരു വിശ്വാസപ്രഖ്യാപനമാണ്. യേശു എന്നു പറയുന്ന ചരിത്രപുരുഷനായ ഒരു വ്യക്തി ക്രിസ്തു അഥവാ മിശിഹാ ആണെന്ന് ഏറ്റുപറയുകയാണ് യേശുക്രിസ്തു എന്നു പറയുമ്പോള്‍ നാം ചെയ്യുക. അതിനാല്‍ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ഒരു ചരിത്രാന്വേഷണത്തില്‍ മുഖ്യമായി രണ്ടു കാര്യങ്ങളാണ് ചെയ്യാനുള്ളത്: ഒന്ന്, ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് ചരിത്രഗവേഷണത്തിന്‍റെ ഉപാധികളുപയോഗിച്ച് യേശുവെന്ന ചരിത്രപുരുഷനെ കണ്ടെത്തുക; രണ്ട് ഈ ചരിത്ര പുരുഷന്‍ ക്രിസ്തു ആണെന്ന വിശ്വാസം എങ്ങനെ രൂപം കൊണ്ടുവെന്നും അതിന്‍റെ സാധൂകരണം എന്തെന്നും നിര്‍ണ്ണയിക്കുക. സ്വഭാവികമായി, ഈ അന്വേഷണത്തിന് ഉപയുക്തമാകുന്ന ഉറവിടങ്ങള്‍, ചരിത്രാന്വേഷണത്തിന്‍റെതന്നെ ചരിത്രം, സാധ്യത, മാര്‍ഗ്ഗങ്ങള്‍, പ്രസക്തി തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും പരിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
യേശുവിനെപ്പറ്റി അറിവു നല്കുന്ന അക്രൈസ്തവമായ സമകാലിക ചരിത്രരേഖകള്‍ ഒന്നുംതന്നെയില്ല. എങ്കിലും, യേശു മരിച്ചതിനുശേഷം നൂറുകൊല്ലത്തിനുള്ളില്‍ അവിടുത്തെപ്പറ്റി. പരാമര്‍ശിക്കുന്ന ചില യഹൂദ ചരിത്രരേഖകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. യേശുവിന്‍റെ ജീവിതത്തെപ്പറ്റി കാര്യമായ അറിവൊന്നും നല്കുന്നില്ലെങ്കിലും, അവിടുന്നു ജിവിച്ചിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവുകളാണവ.
റ്റാസിറ്റസ് (Tacitus) എന്ന റോമന്‍ ചരിത്രകാരന്‍ ക്രി. വ. 110-ാമാണ്ടോടടുത്ത് എഴുതിയ "അനല്‍സ്" എന്ന ചരിത്രരേഖയില്‍ റോമാനഗരം അഗ്നിക്കിരയാക്കിയതിന്‍റെ കുറ്റം നീറോ ചക്രവര്‍ത്തി ക്രിസ്ത്യാനികളുടെമേല്‍ ചുമത്തിയെന്നും, തിബേരിയൂസിന്‍റെ ഭരണകാലത്ത് പ്രൊക്യുറേറ്റര്‍ പന്തിയോസ് പീലാത്തോസ് വധിച്ച ക്രിസ്തുവാണ് ക്രിസ്ത്യാനികള്‍ എന്ന പേരിന്‍റെ സ്ഥാപകന്‍ എന്നും പറഞ്ഞിരിക്കുന്നു. ക്രി. വ. 98-നും 117-നുമിടയ്ക്ക് ഏഷ്യാമൈനറിലുള്ള ബിഥീനിയാ പ്രോവിന്‍സിന്‍റെ ഗവര്‍ണറായിരുന്ന ജൂണിയര്‍ പ്ലീനി തന്‍റെ പ്രൊവിന്‍സിലുള്ള ക്രിസ്ത്യാനികളോടു താന്‍ പെരുമാറുന്ന വിധം വിവരിച്ചുകൊണ്ടു 111-ാമാണ്ടോടടുത്ത് ട്രാജന്‍ ചക്രവര്‍ത്തിക്ക് എഴുതുകയുണ്ടായി. അതില്‍ ക്രൈസ്തവരെപ്പറ്റി അദ്ദേഹം പരാമര്‍ശിക്കുന്നതിങ്ങനെയാണ്: ഒരു ദൈവത്തെ പൂജിക്കുന്നതിനെന്നപോലെ, തങ്ങളുടെ ക്രിസ്തുവിനെ പൂജിക്കുന്നതിന് അവര് ഗാനമാലപിക്കുന്നു..... എന്‍റെ അഭിപ്രായത്തില്‍, ക്രൈസ്തവരുടെ മതം ഒരു അന്ധവിശ്വാസത്തില്‍ കൂടുതലൊന്നുമല്ല. ക്രിസ്തുവിനെപ്പറ്റിയുള്ള പരാമര്‍ശമായി ചിലര്‍ പരിഗണിക്കുന്ന മറ്റൊരു റോമന്‍രേഖ ക്രി. വ. 100-ാമാണ്ടിനുശേഷം സുവെറ്റൊണ്‍ എഴുതിയ ക്ലൗദിയുസിന്‍റെ ജീവചരിത്രം" എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശമാണ് ക്ലൗദിയൂസ് ചക്രവര്‍ത്തി ക്രി. വ 49-ല്‍ റോമാ നഗരത്തില്‍ നിന്ന് യഹൂദരെയെല്ലാം നാടുകടത്തുകയുണ്ടായി (അപ്പ 15,2 കാണുക). ഇതിനു കാരണമായി സുവെറ്റോണ്‍ പറയുന്നത്, "ക്രെസ്തോസ്" (ക്രിസ്തുസ് = ക്രിസ്തു?) എന്ന വ്യക്തിയുടെ പ്രേരണയാല്‍ യഹൂദര്‍ നിരന്തരം കലാപങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നത്രേ. "ക്രെസ്തോസ്" ക്രിസ്തുവിനെയാണു പരാമര്‍ശിക്കുന്നതെങ്കില്‍, പേരിന്‍റെ കാര്യത്തിലെന്നതുപോലെ വസ്തുതകളുടെ കാര്യത്തിലും സുവെറ്റോനു തെറ്റുപറ്റിയതാകാം.
യഹൂദനായ ജൊസഫൂസാണ് യേശു എന്ന വ്യക്തിനാമം ആദ്യമായി പരാമര്‍ശിക്കുന്ന ചരിത്രകാരന്‍. ക്രി. വ. 93-94-ല്‍ എഴുതിയ Jewish Antiquties എന്ന ഗ്രന്ഥത്തില്‍, ക്രി. വ. 66 മുതല്‍ 70 വരെ നടന്ന യഹൂദ റോമന്‍ യുദ്ധത്തെ വിവരിക്കുന്നതിനിടയില്‍, ക്രി. വ. 62-ല്‍ ഹെറോദേസ് രാജാവ് യാക്കോബ് ശ്ലീഹായെ കല്ലെറിയിച്ചു കൊന്ന കാര്യം (അപ്പ 12,2 കാണുക) ജൊസേഫൂസ് പരാമര്‍ശിക്കുന്നുണ്ട്."ക്രിസ്തുവെന്നു പറയപ്പെടുന്ന യേശുവിന്‍റെ സഹോദരനായ യാക്കാബ്എന്നാണ്" യാക്കോബിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ വിരചിതമായ യഹൂദമതഗ്രന്ഥങ്ങളില്‍ (Talmud, /Sahedrin Treatise) യേശുവിനെപ്പറ്റി ചില പരാമര്‍ശങ്ങളുണ്ട് (മന്ത്രവാദി, ജാരസന്തതി, ജനങ്ങളെ വഴിപിഴപ്പിക്കുന്നവര്‍, സജ്ജനദൂഷകന്‍, സാബത്തുലംഘകന്‍, പെസഹാത്തിരുനാളിനു തലേന്നു കഴുവിലേറ്റപ്പെട്ടവന്‍). അവ മതസ്പര്‍ശയും മുന്‍വിധിയും നിറഞ്ഞ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാകയാല്‍, ചരിത്രപരമായി അവയ്ക്ക് ഒരു മൂല്യവുമില്ല. എങ്കിലും, യേശുവിന്‍റെ ചരിത്രപരമായ അസ്തിത്വത്തിനുള്ള തെളിവുകളായി അവയെ കണക്കാക്കാവുന്നതാണ്.
ക്രൈസ്തവമായ ഉറവിടങ്ങളില്‍ മുഖ്യമായത് പുതിയനിയമമാണ്. പുതിയനിയമത്തില്‍ മുഖ്യമായി നാലു സുവിശേഷങ്ങളില്‍നിന്നാണ് യേശുവിന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മരണത്തെയുംപറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. അവയില്‍ വി. യോഹന്നാന്‍റെ സുവിശേഷം പലയിടങ്ങളിലും വികാസം പ്രാപിച്ച ക്രിസ്തുവിജ്ഞാനീയ ചിന്തയുടെ പ്രകാശനമായിത്തീരുന്നതുകൊണ്ട് യേശുവിനെപ്പറ്റിയുള്ള ചരിത്രാന്വേഷണത്തില്‍ സമാന്തര സുവിശേഷങ്ങള്‍ക്കാണ് പ്രഥമ സ്ഥാനമെന്നു വ്യക്തമാണല്ലോ. സമാന്തരസുവിശഷങ്ങളാണ് ക്രിസ്തുസംഭവവുമായി കാലികമായി കൂടുതല്‍ അടുത്തതും. പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങള്‍ ചരിത്രപുരുഷനായ യേശുവിനെപ്പറ്റി പ്രത്യക്ഷമായി അധികമൊന്നും അറിവു നല്കുന്നില്ല. എങ്കിലും യേശുവിന്‍റെ സഹന ത്തെയും (ഫിലി 3,10) കുരിശുമരണത്തെയും (ഗലാ 2,20; 3,1; 1 കൊറി 1,23) സംസ്കാരത്തെയും (1 കോറി 15,4) അതുപോലെതന്നെ അന്ത്യ അത്താഴത്തെയും വി. കുര്‍ബ്ബാനയുടെ സ്ഥാപനത്തെയും 1 കോറി 11,23-25) എല്ലാത്തിനെയുംപ്പറ്റി പൗലോസ് ശ്ലീഹായുടെ ലേഖനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. സുവിശേഷങ്ങള്‍ക്കും മുമ്പ് എഴുതപ്പെട്ടവയാണല്ലോ ഈ ലേഖനങ്ങള്‍. ചരിത്രപുരുഷനായ യേശുവിനെ അറിയുന്നതിന് ആദിമസഭയുടെ വിശ്വാസവും ജീവിതവും ആരാധനക്രമങ്ങളുമെല്ലാം നാം അറിഞ്ഞിരിക്കണമല്ലോ. അതിനു പുതിയ നിയമത്തിലെ മറ്റുപുസ്തകങ്ങള്‍ നമ്മെ സഹായിക്കുന്നതുകൊണ്ട് അവയും പരോക്ഷമായ ഉറവിടങ്ങള്‍തന്നെ.
യേശു ജീവിച്ചിരുന്ന പാലസ്തീനായുടെയും സമീപപ്രദേശങ്ങളുടെയും മതപരവും രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങളെ പരിചിതമാക്കുന്ന ഒട്ടേറ പഠനങ്ങള്‍ ഇന്നു ലഭ്യമാണ്. 1947-ല്‍ ചാവുകടലിനടുത്തുള്ള ഖുമ്രാന്‍ ഗുഹകളില്‍നിന്നു കിട്ടിയിട്ടുള്ള എസ്സീന്‍ സന്യാസിമാരുടെ ലിഖിതങ്ങള്‍, അപ്രമാണികഗ്രന്ഥങ്ങള്‍, കോപ്റ്റിക് ഗ്രന്ഥശേഖരം, തോമ്മായുടെ സുവിശേഷം, "ക്യൂ" അഥവാ "ലോജിയാ" തുടങ്ങിയവ ഉദാഹരണങ്ങളാണ്. പലസ്തീനാ പ്രദേശത്തു നടത്തിയ ഉല്‍ഖനനങ്ങള്‍ നല്കുന്ന അറിവുകളും ശ്രദ്ധേയമാണ്.
യേശുവിനെപ്പറ്റി മുഖ്യമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന സുവിശേഷങ്ങള്‍ വിശ്വാസസാക്ഷ്യങ്ങള്‍ മാത്രമാണല്ലോ. അവയില്‍നിന്നു ഒരു "ചരിത്രപുരുഷ"നെ കണ്ടെത്തുക. എന്നത് ഒരന്വേഷണമാണ്. ഈ പ്രശ്നത്തിലേക്കു കടക്കുന്നതിനുമുന്‍പ്, 18-ാം നൂറ്റാണ്ടുമുതല്‍ ജര്‍മ്മന്‍ പണ്ഡിതന്മാര്‍ നടത്തിയ ആദ്യത്തെ ചരിത്രാന്വേഷണത്തിലേക്ക് ശ്രദ്ധതിരിയുക ഉപകാരപ്രദമായിരിക്കും.
പ്രബോധോദയത്തിന്‍റെ (Enlightenment) അരൂപിയില്‍, സഭയ്ക്കും ക്രിസ്തീയവിശ്വാസത്തിന്‍റെ സൈദ്ധാന്തികതയ്ക്കും (dogmatics) എതിരായ ഒരു സംരഭമായിട്ടാണ് ഈ അന്വേഷണം ആരംഭിച്ചതെന്നു പറയാം. ജര്‍മ്മനിയിലെ ഹാംബുര്‍ഗ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന എച്ച്. എസ്. റൈമാറൂസിന്‍റെ ചില കൈയ്യെഴുത്തു രേഖകളില്‍, സുവിശേഷവിവരണങ്ങളില്‍ വ്യത്യാസങ്ങളൂം വൈരുദ്ധ്യങ്ങളുമുണ്ടെന്നും, (ഉത്ഥാനം, പ്രത്യക്ഷപ്പെടല്‍) അതിനാല്‍ അവ ചരിത്രയാഥാര്‍ത്ഥ്യങ്ങളാകാന്‍ സാധ്യതയില്ലെന്നും വാദിക്കുന്നുണ്ട്. യേശു രാഷ്ട്രീയപ്രേരിതനായ ഒരു ജനകീയവിപ്ലവകാരി മാത്രമായിരുന്നെന്നും, വിപ്ലവശ്രമം പരാജയപ്പെട്ടപ്പോള്‍ റോമന്‍ അധികാരികള്‍ അദ്ദേഹത്തെ ക്രൂശിക്കയാണുണ്ടായതെന്നുമായിരുന്നു റൈമറൂസിന്‍റെ നിഗമനം. നിരാശരായ അനുയായികള്‍ക്ക് തങ്ങളുടെ പഴയ തൊഴിലിലേക്കു തിരിച്ചുപോകാന്‍ താല്പര്യമില്ലായിരുന്നതിനാല്‍, യേശുവിന്‍റെ മൃതശരീരം മോഷ്ടിക്കുകയും അദ്ദേഹം മരണത്തില്‍നിന്നുയിര്‍ത്തുവെന്ന വ്യാജപ്രചാരണം നടത്തുകയും ചെയ്തു. യുഗാന്തോന്മുഖരക്ഷകനായി യേശുവിനെ ചിത്രീകരിച്ച്, അവിടുന്ന് തുടങ്ങിവെച്ച സംരംഭത്തിന് ആധ്യാത്മികമായ വ്യാഖ്യാനവും പരിവേഷവും കൊടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. അതാണ് ക്രിസ്തുമതത്തിന്‍റെ ആരംഭമായി റൈമാറൂസ് കാണുന്നത്. ചരിത്രത്തിലെ യേശുവും വിശ്വാസത്തിലെ ക്രിസ്തുവും തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്ന ശരിയായ ഉള്‍ക്കാഴ്ച റൈമാറൂസിനുണ്ടായിരുന്നെങ്കിലും, ഈ വ്യത്യാസങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്‍റെ ആശയങ്ങളെ യോഹാന്‍ സാലമോ സെമ്ലറെപ്പോലെ പലരും എതിര്‍ത്തെങ്കിലും, അദ്ദേഹം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനോ തൃപ്തികരമായി അവയോടു പ്രതികരിക്കാനോ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.
1836-ല്‍ D.F. സ്ട്രൗസ് രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച യേശുവിന്‍റെ ജീവിചരിത്രങ്ങളും, 1863-ല്‍ ഫ്രഞ്ചുകാരനായ J.E. റെനാന്‍ പ്രസിദ്ധീകരിച്ച യേശുവിന്‍റെ ജീവചരിത്രവും, 1900-മാണ്ടില്‍ പ്രസിദ്ധീകതമായ ക്രിസ്തുമതത്തിന്‍റെ അന്തഃസത്ത എന്ന അഡോള്‍ഫ് ഹാര്‍നാക്കിന്‍റെ ഗ്രന്ഥവും, യേശുവിന്‍റെ ചരിത്രപരതയിലേക്കുള്ള അന്വേഷണങ്ങളായിരുന്നു.
1906-ല്‍ ആല്‍ബര്‍ട്ട് ഷ്വൈറ്റ്സര്‍ എഴുതിയ "ചരിത്രപുരുഷനായ യേശുവിനുവേണ്ടിയുള്ള അന്വേഷണം" റൈമാറൂസിന്‍റെ കാലംമുതല്‍ 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലും നടന്ന ചരിത്രാന്വേഷണങ്ങളുടെയെല്ലാം വിലയിരുത്തലായിരുന്നു. ഈ വിലയിരുത്തലിനു ശേഷവും ഷ്വൈറ്റസറും നടത്തുകയുണ്ടായി, ഒരു ചരിത്രാന്വേഷണം. അതിന്‍റെ ഫലങ്ങള്‍ മറ്റുള്ളവര്‍ അന്നുവരെ നടത്തിയ അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പോലെതന്നെ വികലമായിരുന്നു.യേശുവിനെ ഒരു യുഗാന്തതീവ്രവാദിയായിട്ടാണ് ഷ്വൈറ്റ്സര്‍ കാണുന്നത്. സ്വയം ക്രിസ്തുവായി പരിഗണിച്ചുകൊണ്ട് ആസന്നമായിരിക്കുന്ന ലോകാന്ത്യം അവിടുന്ന് പ്രഘോഷിച്ചു. അന്തിമനാളുകളിലെ കലാപങ്ങളും കലക്കങ്ങളും ത്വരിതപ്പെടുത്തിക്കൊണ്ട് ചരിത്രത്തിന്‍റെ യുഗാന്തപരിണാമം സാധ്യമാക്കാമെന്നും "പറുദീസാ"യും ദൈവരാജ്യവും സാക്ഷാത്കരിക്കാമെന്നും അവിടുന്ന് കരുതി. ഈ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് 12 ശിഷ്യന്മാരെ ദൈവരാജ്യം പ്രഘോഷിക്കാന്‍ അവിടുന്ന് പറഞ്ഞയച്ചത്. പക്ഷെ പ്രതീക്ഷിച്ചതൊന്നും സംഭവിക്കാതെ വന്നപ്പോള്‍, തന്‍റെ മരണത്തിലൂടെ മാത്രമേ ദൈവരാജ്യം സമാഗതമാകുകയുള്ളുവെന്ന് യേശുവിന് ബോധ്യമായി. മരിക്കാന്‍വേണ്ടി മാത്രമാണ് ഗലീലിയില്‍നിന്നു ജറുസലത്തേക്ക് അവിടുന്ന് പുറപ്പെട്ടത്. ദൈവരാജ്യം ഭൂമിയില്‍ സാക്ഷാത്കരിക്കുവാന്‍ ഈ മരണം ദൈവത്തിന്‍റെമേല്‍ നിര്‍ബന്ധംചെലുത്തുമെന്ന് യേശു കരുതി. എന്നാല്‍ മരണത്തിന്‍റെ നിമിഷംവരെ ഒന്നും സംഭവിച്ചില്ല. ദൈവത്തിലര്‍പ്പിച്ച പ്രത്യാശ അര്‍ത്ഥശൂന്യമായിരുന്നുവെന്നു മനസ്സിലാക്കിയ യേശു നിരാശയിലാണു മരണമടഞ്ഞത്. ചരിത്രപുരുഷനായ യേശുവിന് ഒരു പ്രസക്തിയുമില്ല. എന്നാല്‍, മനുഷ്യഹൃദയങ്ങളില്‍ ജീവിക്കുകയും ലോകത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യേശുവിന്‍റെ വിരോചിതമായ അരൂപിയും ജീവനെ ആദരിക്കുകയെന്ന അവിടുത്തെ നീതിശാസ്ത്രവും ഇന്നും പ്രസക്തമത്രേ. യേശു പ്രഘോഷിച്ച ദൈവരാജ്യം മനുഷ്യഹൃദയത്തിന്‍റെ ആന്തരികധാര്‍മ്മികത മാത്രമാണെന്നും ചരിത്രപുരോഗതിയിലൂടെ അതു വളര്‍ന്നുകൊള്ളുമെന്നുമുള്ള ലിബറല്‍ ദൈവശാസ്ത്രജ്ഞന്മാരുടെ ആശയത്തെ തിരുത്തിക്കുറിച്ചതിനും, ഈ ദൈവരാജ്യത്തിന്‍റെ മറന്നു കിടന്നിരുന്ന ഒരു മാനമായ യുഗാന്തോന്മുഖതയെ വീണ്ടെടുത്തതിനും ഷ്വൈറ്റസറോടു നാം കടപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ യേശുവിനെ കണ്ടെത്താനുള്ള ശ്രമം പാഴ്വേലയാണെന്നും പരാജയത്തിലെ അത് പര്യവസാനിക്കയുള്ളു വെന്നും അതിനാല്‍ അത് നിര്‍ത്തിവെക്കണമെന്നുമുള്ള ഷ്വൈറ്റസറിന്‍റെ വിധിയെഴുത്ത് അന്നുവരെ നടന്ന ചരിത്രാന്വേഷണത്തിന്‍റെ പരാജയം തന്നെയാണു വിളിച്ചറിയിക്കുന്നത്. എന്നാല്‍ പരാജയത്തിന്‍റെ കാരണം ഈ ചരിത്രാന്വേഷണം പാഴ്വേലയായിരുന്നതുകൊണ്ടല്ല, പിന്നെയോ അതിനുപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ മാത്രമല്ല അതിലെ ചരിത്രസങ്കല്പംതന്നെ തെറ്റായിരുന്നതുകൊണ്ടാണ്.
ചരിത്രപുരുഷനായ യേശുവിനും അവിടുത്തെ ജീവിതത്തിനും പ്രവര്‍ത്തനത്തിനുമൊന്നും പ്രസക്തിയില്ലെന്ന ഷ്വൈറ്റസറുടെ പ്രഖ്യാപനം ഒന്നാംലോകമഹായുദ്ധത്തിന്‍റെ ഭയാനകമായ ദുരന്തങ്ങളിലൂടെ കടന്നുപോയ ക്രൈസ്തവലോകത്തിനു മുമ്പില്‍ ഒരു വെല്ലുവിളിയായി ഉയര്‍ന്നുനിന്നു. യേശുവിനു തുടര്‍ന്നും പ്രസക്തിയുണ്ടോ? അവിശ്വസ്നീയമായ ശാസ്ത്രീയ സാങ്കേതിക പുരോഗതിയുടെ ഈ ലോകത്തില്‍ എങ്ങനെയാണ് യേശുവിന്‍റെ സുവിശേഷം തുടര്‍ന്നും പ്രഘോഷിക്കുക? പരമ്പരാഗതമായി പ്രഘോഷിക്കപ്പെടുന്ന സുവിശേഷം ജനഹൃദയങ്ങളില്‍ എത്തിച്ചേരുന്നുണ്ടോ? സുവിശേഷപ്രഘോഷണത്തിന്‍റെ വിശ്വസ്നീയത വീണ്ടെടുക്കുന്നതിനും ജനജീവിതത്തെ യഥാര്‍ത്ഥത്തില്‍ സ്പര്‍ശിക്കുന്ന ദൈവവചനമായി അതിനെ പ്രഘോഷിക്കുന്നതിനുംവേണ്ടി റുഡോള്‍ഫ് ബുള്‍ട്ട്മാന്‍ ആവിഷ്കരിച്ച ഒരു വ്യാഖ്യാനോപാധിയാണ് ബൈബിളിന്‍റെ "ഇതിഹാസവിസങ്കേതനം" (demythologisation). ശാസ്ത്രീയ വീക്ഷണമുണ്ടാകുന്നതിനുമുമ്പ് എഴുതപ്പെട്ടിട്ടുള്ള ബൈബിള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നത് പലപ്പോഴും ഇതിഹാസങ്ങളെ അഥവാ "മിത്തു"കളെയാണ്. ഇവയെ സാധാരണ ഭാഷയിലേക്ക്, അഥവാ ശാസ്ത്രത്തിന്‍റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നു. ഇതാണ് ഇതിഹാസവിസങ്കേതനമെന്നതുകൊണ്ട് ബുള്‍ട്ട്മാന്‍ ഉദ്ദേശിക്കുന്നത്.
ബൈബിള്‍ വ്യാഖ്യാനപരവും തത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ മൂന്ന് അടിസ്ഥാനങ്ങളാണ് ബുള്‍ട്ട്മാന്‍റെ വാദഗതികള്‍ക്കുള്ളത്. ബൈബിള്‍ വ്യാഖ്യാനപരമായ അടിസ്ഥാനം, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഹെര്‍മന്‍ ഗുങ്കല്‍ (Hermann Gunkel) എന്ന ബൈബില്‍ പണ്ഡിതന്‍റെ ഉള്‍ക്കാഴ്ചയില്‍ നിന്നുരുത്തിരിഞ്ഞ "രൂപവിമര്‍ശനം" (form criticism) എന്ന ബൈബിള്‍ വ്യാഖ്യാനോപാധിയാണ്. ഉല്‍പ്പത്തിപുസ്തകത്തെയും സങ്കീര്‍ത്തനങ്ങളെയും വ്യാഖ്യാനിക്കാനാണ് ഗുങ്കല്‍ മുഖ്യമായും ഇതുപയോഗിച്ചത്. കാറല്‍ സ്മിഡ്റ്റ്, മാര്‍ട്ടിന്‍ ഡിബേലിയൂസ്, റൂഡോള്‍ഫ് ബുള്‍ട്ട്മാന്‍ എന്നീ പണ്ഡിതന്മാരാണ് സുവിശേഷങ്ങളെ വ്യാഖ്യാനിക്കാന്‍ ഇതുപയോഗിച്ചുതുടങ്ങിയത്. സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു മുമ്പ് അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള പലതും വിശ്വാസപ്രഖ്യാപനങ്ങള്‍, ഉപമകള്‍, അത്ഭുത വിവരണങ്ങള്‍, യേശുവിന്‍റെ വചനങ്ങള്‍, യേശുവിനെപ്പറ്റിയുള്ള പ്രസ്താവനകള്‍, എന്നിങ്ങനെയുള്ള വ്യത്യസ്തരൂപങ്ങളില്‍ വിവധ ക്രൈസ്തവസമൂഹങ്ങളുടെ ഓര്‍മ്മയിലും പാരമ്പര്യങ്ങളിലും നിലനിന്നിരുന്നുവെന്നും, സുവിശേഷകന്മാര്‍ അവയെ ക്രോഡീകരിച്ച് അവരുടേതായ ശൈലിയില്‍ എഴുതുകയാണുണ്ടായതെന്നുമുള്ള ഉള്‍ക്കാഴ്ചയും, ഈ വിവിധ രൂപങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ സാമൂഹ്യസാഹചര്യം (Sitz im Leben) നിര്‍ണ്ണയിക്കുന്നതിനും മറ്റുമുള്ള പരിശ്രമവുമാണ് രൂപവിമര്‍ശനംകൊണ്ടുദ്ദേശിക്കുന്നത്. ഇതിഹാസവിസങ്കേതനത്തിന്‍റെ തത്വശാസ്ത്രപരമായ അടിസ്ഥാനം, ഹെഡഗ്ഗറിന്‍റെ (Heidegger) അസ്തിത്വവ്യാഖ്യാന സിദ്ധാന്തത്തെ ബൈബിള്‍പാഠങ്ങളുടെ വ്യാഖ്യാനത്തിനായി ബുള്‍ട്ട്മാന്‍ ഉപയോഗിക്കുന്നതാണ്. ദൈവശാസ്ത്രപരമായ അടിസ്ഥാനമാകട്ടെ, ഒരുവശത്ത്, ദൈവവചനപ്രഘോഷണത്തിനു ലൂഥര്‍ കൊടുത്ത ഊന്നലാണെന്നു പറയാം. മറുവശത്ത്, വിശ്വാസത്തിന്‍റെ ചക്രവാളത്തില്‍ നിന്നു ബുദ്ധിയെയും യുക്തിയെയും അകറ്റിനിര്‍ത്തണമെന്നുമുള്ള കാറള്‍ ബാര്‍ത്തും എമില്‍ ബ്രുണ്ണറും, ബുള്‍ട്ട്മാനുമുള്‍പ്പെടുന്ന ഡയലക്റ്റിക്കല്‍ ദൈവശാസ്ത്രജ്ഞന്മാരുടെ നിര്‍ബന്ധമാണ്. അവരുടെ വീക്ഷണത്തില്‍ വിശ്വാസത്തിന്‍റെ ഉറപ്പു വിശ്വാസം തന്നെയാണ്. അതിനു ചരിത്രപരമോ ശാസ്ത്രീയമോ ആയ യാതൊരു തെളിവും ആവിശ്യമില്ല. ആവിശ്യമില്ലെന്നു മാത്രമല്ല, തെളിവു വിശ്വാസത്തിനു വിഘാതമാണ്. വിശ്വാസത്തില്‍ ചരിത്രപുരുഷനായ യേശുവിനു യാതൊരു പ്രസക്തിയുമില്ല. സഭയുടെ പ്രഘോഷണത്തിലാണ് വിശ്വാസം അടിയുറച്ചിരിക്കുന്നത്.
വിശ്വാസത്തില്‍ ചരിത്രത്തിന്‍റെ തെളിവുകള്‍ക്കോ ചരിത്രപുരുഷനായ യേശുവിനോ യാതൊരു പ്രസക്തിയുമില്ലാത്തതിനാല്‍, സുവിശേഷങ്ങളിലെ പാരമ്പര്യങ്ങളെ രൂപവിമര്‍ശനത്തിന്‍റെ സഹായത്തോടെ അപഗ്രഥിച്ച് അവയിലെ "മിത്തു"കള്‍ കണ്ടുപിടിക്കുകയും അസ്തിത്വവാദത്തിന്‍റെ വെളിച്ചത്തിന്‍റെ വ്യാഖ്യാനിക്കുകയും ചെയ്യുക തന്‍റെ സുപ്രധാന ദൗത്യമായി ബുള്‍ട്ട്മാന്‍ കരുതി. ദൈവരാജ്യത്തെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പുതിയനിയമത്തിലെ വിവരണങ്ങളും പരാമര്‍ശങ്ങളുമെല്ലാം. ഇതിഹാസരൂപേണയാണ് എഴുതപ്പെട്ടിരിക്കുന്നത്. സ്വര്‍ഗ്ഗവും നരകവും അത്ഭുതങ്ങളും അതിസ്വാഭാവികശക്തികളും ദുഷ്ടാരൂപികളും ശിഷ്ടാരൂപികളുമെല്ലാം "മിത്തിക്കല്" ആയിവേണം മനസ്സിലാക്കുവാന്‍. അനാദിമുതലുള്ള അസ്തിത്വം (pre-existence), കന്യാജനനം, തുടങ്ങിയ "മിത്തുകള്" ക്രിസ്തുനാഥന്‍റെ പ്രസക്തിയെ വ്യക്തമാക്കുന്ന പ്രതീകങ്ങളത്രേ. രോഗശമനവും പിശാചുക്കളുടെ ബഹിഷ്കരണവുമെല്ലാം "മിത്തു"കളാണ്. അവയില്‍ അതിസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. യേശുവിനെപ്പറ്റി സുവിശേഷങ്ങളില്‍ കാണുന്ന സൈദ്ധാന്തികപ്രസ്താവനകള്‍ (dogmatic statements) എല്ലാം ആദിമസഭയുടെ സൃഷ്ടികളാണ്. അങ്ങേയറ്റം യേശുവിന്‍റെ സ്വയാവബോധത്തെപ്പറ്റി പറയുവാന്‍ സാധിക്കുന്നത്, അവിടുന്ന് ഒരു പ്രവാചകനും സന്മാര്‍ഗ്ഗോപദേഷ്ടാവും ആയിരുന്നുവെന്നാണ്. താന്‍ ക്രിസ്തു അഥവാ മിശിഹായാണെന്ന അവകാശവാദമൊന്നും യേശു നടത്തിയിട്ടില്ല. ലോകത്തെ അവസാനിപ്പിച്ചുകൊണ്ട് തന്‍റെ രാജ്യം സ്ഥാപിക്കുവാന്‍ ദൈവം ഒരുങ്ങുകയാണെന്ന് യേശു വിശ്വസിക്കുകയും അനുതാപത്തിലും അനുസരണയിലുംകൂടി ഈ സംഭവത്തിനുവേണ്ടി ഒരുങ്ങുവാന്‍ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്തു. യേശുവിന്‍റെ ജീവിതത്തെയോ വ്യക്തിത്വത്തെയോപ്പറ്റി കൂടുതലെന്തെങ്കിലും കണ്ടുപിടിക്കുക സാധ്യമല്ല. കാരണം ആദ്യത്തെ ക്രൈസ്തവ ഉറവിടങ്ങള്‍ക്ക് അതിലൊന്നും താല്പരമില്ലായിരുന്നു. ഈ ഉറവിടങ്ങള്‍തന്നെ അപൂര്‍ണ്ണങ്ങളും ഇതിഹാസാത്മകങ്ങളുമത്രേ. മറ്റു ഉറവിടങ്ങള്‍ നമുക്കൊട്ടില്ലതാനും. കേന്ദ്ര ക്രിസ്തുസംഭവം യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളുമല്ല, പ്രത്യുത അവിടുത്തെ ഉയിര്‍പ്പാണ്. ഇതിഹാസാത്മക വിവരണങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതുകൊണ്ട് ഉയിര്‍പ്പിന്‍റെ വിശദവിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. സഭ ഉയിര്‍പ്പന്‍റെ സന്ദേശം പ്രഘോഷിക്കുമ്പോള്‍ ക്രിസ്തുനാഥന്‍ ഈ പ്രഘോഷണത്തില്‍ സന്നിഹിതനാണ്. ഈ പ്രഘോഷണം നമ്മില്‍ വിശ്വാസം ജനിപ്പിക്കുകയും അകൃത്രിമമായ അസ്തിത്വത്തിലേക്കു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ സഭയുടെ വിശ്വാസത്തിലേക്കാണ് യേശുനാഥന്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നത്.
കേന്ദ്രക്രിസ്തുസംഭവം ഉയിര്‍പ്പാണെന്നും, യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഉയിര്‍പ്പിന്‍റെ വെളിച്ചത്തില്‍ വേണം കാണുവാനെന്നും ഉയിര്‍പ്പ് പുതിയ യുഗത്തിന് ആരംഭം കുറിച്ചെന്നുമുള്ള ബുള്‍ട്ട്മാന്‍റെ ഉള്‍ക്കാഴ്ച ക്രിസ്തുവിജ്ഞാനീയത്തിന് ഒരു മുതല്‍കൂട്ടത്രേ. ചലനാത്മകമായ ഒരു ക്രിസ്തു വിജ്ഞാനീയത്തിന് അതു കളമൊരുക്കി. ക്രിസ്തു (മിശിഹാ), ദൈവപുത്രന്‍, നാഥന്‍ (Kyrios) ദാവീദിന്‍റെ പുത്രന്‍, മനുഷ്യപുത്രന്‍ തുടങ്ങിയ ക്രിസ്തുവിജ്ഞാനീയപരമായ ഉന്നതപദവിനാമങ്ങളും വിശേഷണങ്ങളും ഉയിര്‍പ്പിന് ശേഷമാണ് യേശുവിന് നല്കപ്പെട്ടതെന്ന ബുള്‍ട്ട്മാന്‍റെ സിദ്ധാന്തം അപ്പ 2,36; റോമാ 1,4 തുടങ്ങിയ ബൈബിള്‍ ഭാഗങ്ങളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കും. യേശുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും അത്ഭുതങ്ങളുമെല്ലാം ഉയിര്‍പ്പിന്‍റെ വെളിച്ചത്തില്‍ വിവരിക്കപ്പെടുന്നതുകൊണ്ട് വിവേചനബുദ്ധിയോടെവേണം അവയെ മനസ്സിലാക്കുവാന്‍ എന്ന ബുള്‍ട്ട്മാന്‍റെ നിലപാടിലും കുറ്റമാരോപിക്കാനാവില്ല. ബുള്‍ട്ടുമാന്‍കൂടി സഹകരിച്ചു വികസിപ്പിച്ചെടുത്ത രൂപവിമര്‍ശനം ക്രിസ്തുവിജ്ഞാനീയത്തിന് അതുല്യമായ ഒരു സംഭാവനയത്രേ.
എന്നാല്‍, ആദിമക്രൈസ്തവര്‍ ഉത്ഥിതനായ യേശുവിലും അവിടുത്തെ ദ്വിതീയാഗമനത്തിലും ദത്തശ്രദ്ധരായിരുന്നതുകൊണ്ട് ചരിത്രപുരുഷനായ യേശുവിനെയും അവിടുത്തെ ജീവിതത്തെയുംപറ്റി അറിയാനുള്ള താല്പര്യം അവര്‍ക്കില്ലായിരുന്നുവെന്ന ബുള്‍ട്ട്മാന്‍റെ അഭിപ്രായം അതിശയോക്തി നിറഞ്ഞതാണ്. ഈ താല്പര്യമുണ്ടായിരുന്നതുകൊണ്ടാണല്ലോ അവിടുത്തെ വാക്കുകളും ഉപമകളുമൊക്കെ അവര്‍ സസൂക്ഷമം ശേഖരിച്ചത്. 'ക്യൂ' (;=Quelle, logia source) എന്നു പറയുന്ന ഉറവിടംതന്നെ അതിനുള്ള വ്യക്തമായ തെളിവാണല്ലോ.
1953-ല്‍ ഏണസ്റ്റ് കേസെമാന്‍ ബുള്‍ട്ട്മാന്‍റെ ചില നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് "ചരിത്രപുരുഷനായ യേശുവിനെ സംബന്ധിച്ച പ്രശ്നം" എന്ന പ്രബന്ധം അവതരിപ്പിച്ചു. പാരമ്പര്യത്തിലൂടെ മാത്രമാണ് ചരിത്രസംഭവങ്ങള്‍ നമുക്ക് ലഭ്യമാകുന്നതെന്നും വ്യാഖ്യാനത്തിലൂടെ മാത്രമാണ് അവയെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും കേസെമാന്‍ വാദിച്ചു. നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമറിഞ്ഞുകൊണ്ടുകാര്യമില്ല. അവയുടെ ഇന്നത്തെ പ്രസക്തി എന്തെന്നറിഞ്ഞാലെ കാര്യമുള്ളു. അതിനാല്‍ ആദിമക്രൈസ്തവസമൂഹം നമുക്ക് തന്നത് യേശുവിന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയുംപ്പറ്റിയുള്ള "നഗ്നയാഥാര്‍ത്ഥ്യ"ങ്ങളുടെ ഒരു റിപ്പോര്‍ട്ടല്ല. പിന്നെയോ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ തങ്ങള്‍ക്കനുഭവമായിത്തീര്‍ന്ന പ്രഘോഷണത്തിലെ ക്രിസ്തുവിനെയാണ്. നമുക്കും ആ ക്രിസ്തു അനുഭവമാകണം. അതിനായി പഴയ വ്യാഖ്യാനങ്ങളുടെയും പഴയ നിര്‍വചനങ്ങളുടെയും പഴയദൈവശാസസ്ത്രത്തിന്‍റെയും പുറംതോടു പൊളിച്ചുകളയേണ്ടിവരും. പുതിയ വ്യാഖ്യാനങ്ങള്‍ നല്കേണ്ടിവരും. ഇതു സഭാചരിത്രത്തിലുടനീളം സംഭവിക്കുന്ന പ്രക്രീയയാണ്. ഈ പ്രക്രീയയിലൂടെയാണ് പാരമ്പര്യത്തിന്‍റെ അന്ത:സത്ത കാത്തുസൂക്ഷിക്കപ്പെടുന്നതും ചരിത്രവസ്തുതകള്‍ നമുക്ക് പ്രസക്തമായിത്തീരുന്നതും. ക്രൂശിതനായ യേശുതന്നെയാണ് പ്രഘോഷിതനായ ക്രിസ്തുവെന്നത് ആദിമ ക്രൈസ്തവരുടെ ഉറച്ച ബോധ്യമായിരുന്നു. പ്രഘോഷിതനായ ക്രിസ്തുവിനെപ്പറ്റി പറഞ്ഞുകൊണ്ട് യേശുവിന്‍റെ ചരിത്രം സജീവവും സമകാലികര്‍ക്കു പ്രസക്തവുമാണെന്ന യാഥാര്‍ത്ഥ്യത്തിനു സാക്ഷ്യംവഹിക്കയാണ് ആദിമ ക്രൈസ്തവര്‍ ചെയ്തത്.
ബുള്‍ട്ട്മാന്‍ ചെയ്യുന്നതുപോലെ, ചരിത്രപുരുഷനായ യേശുവിനെയും പ്രഘോഷിതനായ ക്രിസ്തുവിനെയും തമ്മില്‍ വേര്‍തിരിച്ചാല്‍, പ്രഘോഷിതാനായ ക്രിസ്തുവിനെ ഒരു ചരിത്രരഹിത "മിത്ത്" ആക്കി മാറ്റുകയായിരിക്കും ചെയ്യുക. ആദിമക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, നസറത്തിലെ യേശുവിനു പകരം ഒരു "മിത്തി"നെ പ്രതിഷ്ഠിക്കുകയെന്നത് അചിന്ത്യമായിരുന്നു. ചരിത്രപുരുഷനായ യേശുവില്‍ ആദിമക്രൈസ്തവര്‍ക്ക് ഒരു താത്പര്യവുമില്ലായിരുന്നെങ്കില്‍, എങ്ങനെ നാലു സുവിശേഷങ്ങള്‍ എഴുതപ്പെടാനിടയായി എന്നതു വിശദീകരിക്കാനാവാത്ത ഒരു കാര്യമായിട്ടാണ് കേസെമാന്‍ കാണുന്നത്. ഈ സുവിശേഷങ്ങള്‍ ഉയര്‍പ്പിന്‍റെ വെളിച്ചത്തിലാണ് എഴുതപ്പെട്ടതെന്നും, ചരിത്രത്തിലെ യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും അവയില്‍ നിന്നു വേര്‍തിരിച്ചറിയുക ശ്രമകരമാണെന്നതും ശരിതന്നെ. എങ്കിലും ഈ ചരിത്രാന്വേഷണത്തിന്‍റെ മുമ്പില്‍ കാട്ടുന്ന പരാജയമനോഭാവം അടിയറവു പറച്ചിലും ക്രൂശിതനായ യേശുതന്നെയാണ് ഉത്ഥിതനായ ക്രിസ്തുവെന്ന ആദിമസഭയുടെ ഉറച്ച ബോധ്യത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതുകൊണ്ടാണ്. സമാന്തരസുവിശേഷ പാരമ്പര്യങ്ങളില്‍ ചിലതെല്ലാം യഥാര്‍ത്ഥ ചരിത്ര സത്യങ്ങളാണെന്ന് അംഗീകരിക്കാതിരിക്കാന്‍ ചരിത്രകാരനു സാധ്യമല്ല. ക്രിസ്തു, മനുഷ്യപുത്രന്‍, തുടങ്ങിയ ക്രിസ്തുവിജ്ഞാനീയപരമായ ഉന്നതപദവിനാമങ്ങളൊന്നും യേശു അവകാശപ്പെടുകയോ സ്വീകരിക്കയോ ചെയ്തിരിക്കാന്‍ ഇടയില്ല. എന്നാല്‍ യുഗാന്തോന്മുഖ ദൈവരാജ്യം തന്നിലൂടെ സമാഗതമാകുന്നുവെന്നും ദൈവത്തിന്‍റെ ഔദ്യോഗികപ്രതിനിധിയായിട്ടാണ് താന്‍ സംസാരിക്കുന്നതെന്നുമുള്ള അവബോധം യേശുവിനുണ്ടായിരുന്നുവെന്നും സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ അവബോധത്തോടു നീതി പുലര്‍ത്തുവാന്‍ പിന്നീട് ശിഷ്യന്മാര്‍ അവിടുത്തേയ്ക്കു നല്കിയ ക്രിസ്തുവെന്ന പേരല്ലാതെ മറ്റൊരുപദമില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. യേശുവിന്‍റെ പ്രസംഗത്തില്‍ വളരെ പ്രത്യേകമായ ചില സവിശേഷതകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഈ സവിശേഷതകളോട് ആദിമക്രൈസ്തവസമൂഹം അതിന്‍റെ സാക്ഷ്യവും സന്ദേശവും കൂട്ടിച്ചേര്‍ത്തതാണ് സുവിശേഷങ്ങളിലെ പ്രഘോഷിതനായ ക്രിസ്തു. ക്രൈസ്തവസമൂഹത്തിന്‍റെ പ്രഘോഷണവും യേശുവിന്‍റെ പ്രസംഗവും തമ്മിലുള്ളബന്ധവും വിഭിന്നതകളും കണക്കിലെടുത്തുകൊണ്ട്, ഒന്നാമത്തേതുരണ്ടാമത്തേതിന്‍റെ തുടര്‍ച്ചയായി, പ്രഘോഷിതനായ ക്രിസതുനാഥന്‍ ചരിത്രത്തിലെ യേശുവിന്‍റെ തുടര്‍ച്ചയായി, കാണുകയും അങ്ങില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമേ ഈ അന്വേഷണത്തില്‍ മുമ്പോട്ടുപോകാനാവുകയുള്ളു.
കേസെമാന്‍റെ പ്രബന്ധത്തിനു വ്യാപകമായ അംഗീകാരമാണ് ബൈബിള്‍ പണ്ഡിതന്മാരില്‍നിന്നു ലഭിച്ചത്. അവരില്‍ പലരും യേശുവിനുവേണ്ടിയുള്ള ചരിത്രാന്വേഷണത്തിനു പുതിയ സംഭാവനകള്‍ നല്കി. കേസെമാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് യേശുവിന്‍റെ വാക്കുകളിലായിരുന്നെങ്കില്‍, ഏണസ്റ്റഫുക്സ് 'യേശുവിനുവേണ്ടിയുള്ള ചരിത്രാന്വേഷണം'(1956) എന്ന പ്രബന്ധത്തില്‍, അവിടുത്തെ പെരുമാറ്റത്തിനും പ്രവര്‍ത്തികള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്കി. യേശുവിന്‍റെ വാക്കുകള്‍ക്കു വരുത്താവുന്നതുപോലെയുള്ള മാറ്റം അവിടുത്തെ പ്രവര്‍ത്തികള്‍ക്ക് വരുത്താന്‍ ആദിമസഭയ്ക്ക് ആവില്ലല്ലോ. ചുങ്കക്കാരും പാപികളുമൊത്തുള്ള പന്തിഭോജനത്തിലും നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്നതിനുള്ള വ്യഗ്രതയിലുമെല്ലാം ദൈവത്തിന്‍റെ സ്ഥാനത്തേയ്ക്കാണു യേശു നീങ്ങുന്നത്. പാപികളോടുള്ള ദൈവത്തിന്‍റെ സ്നേഹം ആധികാരികമായി പ്രഖ്യാപിക്കുക മാത്രമല്ല, അവിടുന്നതു ജീവിക്കയും ചെയ്യുന്നു. ദൈവിക നന്മയുടെ പ്രവര്‍ത്തിയിലുള്ള പ്രകാശനം തന്നെയാണു യേശു. മനുഷ്യരുടെയിടയിലെ ദൈവത്തിന്‍റെ യുഗാന്തോന്മുഖപ്രതിനിധിയാണ് താനെന്ന ആത്മാവബോധമാണ് അവിടുത്തെ പ്രവര്‍ത്തികളില്‍ തെളിഞ്ഞുനില്ക്കുക. ഈ യേശുവില്‍നിന്നു പ്രഘോഷിതനായ ക്രിസ്തുവിലേക്കുള്ള ദൂരം തുലോം നിസ്സാരമാണല്ലോ. ബുള്‍ട്ട്മാന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പുനരന്വേഷണത്തിന്‍റെ ഫലമായി വെളിച്ചംകണ്ട ആദ്യത്തെ പുസ്തകമാണ് 1956-ല്‍ ഗുന്തര്‍ബോര്‍ണ്‍കാം പ്രസിദ്ധീകരിച്ച 'നസറത്തിലെ യേശു'.
യേശുവിനുവേണ്ടിയുള്ള ചരിത്രാന്വേഷണത്തിനു ഗണനീയമായ സംഭാവനകള്‍ നല്കിയ മറ്റൊരു പണ്ഡിതനാണ് ജോവാക്കിം ജെറമിയാസ്. സുവിശേഷങ്ങളില്‍നിന്നു യേശുവിന്‍റെ ജീവചരിത്രമല്ലെങ്കിലും, അവ ചരിത്രപുരുഷനായ യേശുവിന്‍റെ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും ബലിഷ്ഠമായ അടിസ്ഥാനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. യേശുവിന്‍റെ യഥാര്‍ത്ഥത്തിലുള്ള വാക്കുകളുടെയും പ്രസംഗങ്ങളുടെയും വിശിഷ്യാ ഉപമകളുടെയും പ്രത്യേകസ്വഭാവം കാണിക്കുന്നത്, അവ ആദിമസഭയില്‍ നിന്നു വന്നതാകാന്‍ യാതൊരു ന്യായവുമില്ലെന്നാണ്. സുവിശേഷങ്ങളുടെ ഭാഷാപരവും ശൈലീപരവുമായ ആഴമേറിയ പഠനങ്ങളില്‍നിന്ന് 'അബ്ബാ' 'ആമ്മേന്' തുടങ്ങിയ വാക്കുകളും ചില പ്രസ്താവനകളും യേശുവിന്‍റെ അതേവാക്കുകളായി (ipsissima verba Jesu) ജെറമിയാസ് സ്ഥാപിക്കുന്നു. യേശുവിന്‍റെ ഉപമകളേപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ പഠനം ഈ ഉപമകളുടെ പശ്ചാത്തലത്തെയും (Sitz im Leben) യേശു ജീവിച്ചരുന്ന സാഹചര്യങ്ങളെയുംപറ്റി ആഴമേറിയ ഉള്‍ക്കാഴ്ചകളാണു നല്കിയിട്ടുള്ളത്.
ചരിത്രപുരുഷനായ യേശുവിനുവേണ്ടിയുള്ള ആദ്യത്തെ അന്വേഷണത്തിലും പുനരന്വേഷണത്തിലും ഇതുവരെ പങ്കുവഹിച്ചത് മുഖ്യമായും പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാരായിരുന്നു. ഈ ചരിത്രാന്വേഷണത്തിന്‍റെ തുടക്കം സഭയുടെ അധികാരത്തിനും പ്രബോധനങ്ങള്‍ക്കും എതിരായിരുന്നതിനാലും ഇതിന്‍റെ ഫലങ്ങള്‍ ക്രൈസ്തവവിശ്വാസത്തെത്തന്നെ ചോദ്യംചെയ്യുന്നവയായി കാണപ്പെട്ടതിനാലും ഇതിനോടുള്ള കത്തോലിക്കാസഭയുടെ നിലപാടു നിഷേധാത്മകമായിരുന്നുവെന്നതില്‍ അത്ഭുതപ്പെടാനില്ല. ബൈബിളിന്‍റെ ചരിത്രവിമര്‍ശന വ്യാഖ്യാനരീതി (historico-critical method) കത്തോലിക്കര്‍ക്കും സ്വീകാര്യമാണെന്ന് La Methode historique എന്ന ഗ്രന്ഥത്തിലൂടെ സ്ഥാപിക്കുവാന്‍ ഫ്രഞ്ചു ബൈബിള്‍ പണ്ഡിതനായ M.J. ലാഗ്രാഞ്ചേ ശ്രമിച്ചെങ്കിലും, റോമിന്‍റെയും സഭയിലെ യാഥാസ്ഥിതികരുടെയും എതിര്‍പ്പിനുമുമ്പില്‍ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
1943-ല്‍ കാറ്റു മാറിവീശി. 12-ാം പീയൂസ് മാര്‍പാപ്പയുടെ 'Divino Afflante Spriritu (30-9-1943) എന്ന ചാക്രിക ലേഖനമായിരുന്നു ഈ മാറ്റത്തിനു കാരണം. ബൈബിളിലെ സാഹിത്യരൂപങ്ങളെയും വിവരണരീതികളെയുമെല്ലാം ആഴത്തില്‍ പഠിക്കുകയെന്നത് കത്തോലിക്കാ ബൈബിള്‍ പണ്ഡിതന്മാരുടെ കടമയായി മാര്‍പാപ്പ പ്രഖ്യാപിച്ചു. ചരിത്രവിമര്‍ശനവ്യാഖ്യാനത്തിനു കത്തോലിക്കാസഭയില്‍ കിട്ടിയ അംഗീകാരമായിരുന്നു ഇത്. രണ്ടാംലോകമഹായുദ്ധത്തിന്‍റെ ദുരന്തങ്ങള്‍ കാരണം കാലക്രമേണയാണ് മാര്‍പാപ്പയുടെ പ്രഖ്യാപനം ഫലമണിഞ്ഞുതുടങ്ങിയത്. 1957-ല്‍ ജര്‍മ്മനിയില്‍ പ്രസിദ്ധീകൃതമായ ദൈവശാസ്ത്ര സഭാശാസ്ത്ര ലെക്സിക്കന്‍റെ (LThK) രണ്ടാംപതിപ്പ് പുതിയ വ്യാഖ്യാനരീതി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്‍റെ "ദൈവാവിഷ്കരണം" എന്ന പ്രമാണരേഖ ഈ വ്യാഖ്യാന രീതിയെ വീണ്ടും സ്ഥിരീകരിക്കുകയുണ്ടായി. ചുരുങ്ങിയ കാലത്തിനുള്ളില്‍ പല കത്തോലിക്കാ ബൈബിള്‍ പണ്ഡിതന്മാരും ഈ വ്യാഖ്യാനരീതിയെക്കുറിച്ചുതന്നെ ആഴമേറിയ പഠനങ്ങള്‍ നടത്തി. ഈ രീതിയനുസരിച്ചു ബൈബിളിനെ, വിശിഷ്യാ പുതിയനിയമത്തെ, ആകമനമായും ഖണ്ഡങ്ങളായും വ്യാഖ്യാനിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ഗ്രന്ഥപരമ്പരകളും പ്രസിദ്ധീകൃതങ്ങളായി. ക്രൈസ്തവജീവിതത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ക്കും ആരാധനാക്രമത്തിനും സഹായകമാകുന്ന രീതിയില്‍ ബൈബിളിനെ വ്യാഖ്യാനിക്കുന്ന ആനുകാലികങ്ങളും പലയിടത്തും പ്രസിദ്ധീകരിച്ച് തുടങ്ങി.
സുവിശേഷങ്ങള്‍ ചരിത്രറിപ്പോര്‍ട്ടുകളല്ല, ഉയര്‍പ്പിന്‍റെ വെളിച്ചത്തില്‍ എഴുതപ്പെട്ട വിശ്വാസസാക്ഷ്യങ്ങളാണെന്നു നാം കണ്ടു. വാഗ്ദാനം ചെയ്യപ്പെട്ട ക്രിസ്തുവും രക്ഷകനുമാണ് യേശുവെന്ന വിശ്വാസത്തിന്‍റെ ബോധ്യം. അവിടുത്തെ വാക്കുകളെയും പ്രവര്‍ത്തികളെയുമെല്ലാം ഈ പ്രത്യേക വെളിച്ചത്തില്‍ കാണാനും വ്യാഖ്യാനിക്കാനും പ്രഘോഷിക്കാനും ആദിമക്രൈസ്തവര്‍ക്കു പ്രേരകമായി. അതിന്‍റെ ഫലമാണ് സുവിശേഷത്തിലെ പാരമ്പര്യങ്ങളും വിവരണങ്ങളും. എങ്കിലും അവയില്‍നിന്ന് ചരിത്രപുരുഷനായ യേശുവിന്‍റെ യഥാര്‍ത്ഥമായ വാക്കുകളെയും പ്രവര്‍ത്തികളെയും കണ്ടെത്തുവാന്‍ സഹായിക്കുന്ന ചില മാനദണ്ഡങ്ങള്‍ ബൈബിള്‍ പണ്ഡിതന്മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഈ മാനദണ്ഡങ്ങളൊന്നും തെറ്റിന് അതീതമല്ല. ഇവയില്‍ ഏതെങ്കിലുമൊന്നുപയോഗിച്ച് തീര്‍ച്ചയായ ഒരു നിഗമനത്തിലെത്താന്‍ ഒരിക്കലും ആവില്ല. ഓരോ മാനദണ്ഡമുപയോഗിക്കുമ്പോള്‍ കിട്ടുന്ന ഫലവും ആകമാനഫലമായും താരതമ്യം ചെയ്തു തിരുത്തേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ചരിത്രത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും മാനദണ്ഡങ്ങളുപയോഗിച്ചുള്ള അന്വേഷണം മാത്രമേ ഫലമണിയുകയുള്ളൂ. അതേസമയം യഥാര്‍ത്ഥ വിശ്വാസത്തിന് ചരിത്രത്തെയും ശാസ്ത്രത്തെയും ഭയപ്പെടേണ്ടയാവശ്യമില്ല. സ്കില്ലബെക്സ് പറയുന്നതുപോലെ, ശാസ്ത്രീയചരിത്രത്തെ അവമതിക്കയോ അവഗണിക്കയോ ചെയ്യുന്നത് ഒരു വിശ്വാസിയുടെ പദവിക്ക് ഒരിക്കലും യോജിച്ചതല്ല. ചരിത്രത്തോടും ശാസ്ത്രത്തോടും കൂറുപുലര്‍ത്തിക്കൊണ്ടു വിശ്വസിക്കുകയും; വിശ്വസിച്ചുകൊണ്ട് ചരിത്രാന്വേഷണം നടത്തുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. അങ്ങനെയുള്ള ചരിത്രാന്വേഷണത്തിന്‍റെ ഫലമായി യേശുവിന്‍റെ ചില വചനങ്ങളും പ്രവര്‍ത്തികളും അവിടുത്തെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളും ഇന്നു പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്. അവ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളുള്‍ക്കൊള്ളുന്നതും അവിടുത്തെ വ്യക്തിത്വത്തിന്‍റെ ഏതോ രഹസ്യത്തെപ്പറ്റി സൂചനകള്‍ നല്കുന്നതുമായ ഒരു ബാഹ്യരേഖാ ചിത്രംപോലെയാണെന്നു പറയാം. അതിലേക്കു ശ്രദ്ധതിരിക്കുന്നതു പ്രയോജനകരമായിരിക്കും.
പാലസ്തീനായിലെ ഗലീലിയിലുള്ള നസറത്ത് എന്ന കൊച്ചു ഗ്രാമമായിരുന്നു യേശുവിന്‍റെ സ്വദേശം. യൗസേപ്പും മറിയവുമാണ് മാതാപിതാക്കളായി അറിയപ്പെട്ടത്. ബേത്ലഹേമിലെ ജനനമെന്നപോലെതന്നെ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലെ ശൈശവബാല്യകാലവിവരണങ്ങളില്‍ പറയുന്ന മറ്റു സംഭവങ്ങളും ചരിത്രസ്മരണകളെന്നതിനേക്കാള്‍ ദൈവശാസ്ത്രപ്രേരിതമായ ചിന്തകളത്രേ. യെഹോശുവാ (=യാഹ്വേയാണ് രക്ഷ) എന്ന പേരിന്‍റെ ലോപിച്ച രൂപങ്ങളാണ് 'യോശുഅ' എന്നതും. ഗലീലയില്‍ പേരുകളുടെ അവസാനത്തെ 'അ'കാരം വിട്ടുകളയുക പതിവായിരുന്നു. അങ്ങനെ മറിയവും യൗസേപ്പും അവിടുത്തെ വിളിച്ചിരുന്ന പേര് യേശു എന്നായിരുന്നു. അക്കാലത്ത് യഹൂദരുടെയിടയിലുണ്ടായിരുന്ന ഒരു സാധാരണ പേരായിരുന്നു ഇത്. ബി.സി. 7-നും 4-നുമിടയ്ക്കാണ് യേശു ജനിച്ചത്. ബി.സി. 4 എന്നത്രേ പലരും അഭിപ്രായപ്പെടുന്നത്. അറാമായിക് ആണ് അവിടുന്ന് സംസാരിച്ചിരുന്ന ഭാഷ. പഴയനിയമഭാഷയായ ഹീബ്രുവും വശമുണ്ടായിരുന്നിരിക്കണം. സംസാരത്തിലും പ്രസംഗങ്ങളിലും ഉപയോഗിച്ച പ്രതീകങ്ങളും ഉപമകളും വെച്ചുനോക്കിയാല്‍, മധ്യനിലയിലുള്ള ഒരു സാധാരണ കുടുംബായിരുന്നു അവിടുത്തേതെന്നു പറയാം. മതപരമായി യേശു യഹൂദനായിരുന്നു. പ്രാര്‍ത്ഥന, സിനഗോഗുശുശ്രൂഷ, ജറുസലേം തീര്‍ത്ഥയാത്ര, പെസഹാവിരുന്ന് തുടങ്ങിയ മതപരമായ അനുഷ്ഠാനങ്ങളില്‍ അവിടുന്നു പങ്കെടുത്തിരുന്നു.
സ്നാപകയോഹന്നാന്‍ ആരംഭിച്ച യുഗാന്തോന്മുഖപ്രഘോഷണവും അനുതാപത്തിന്‍റെ ജ്ഞാനസ്നാനവുമായി യേശു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുവെന്നതും യോഹന്നാനില്‍നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചുവെന്നതും എല്ലാ സുവിശേഷകരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ചരിത്രവസ്തുതകളത്രേ. താമസിയാതെ 'ദൈവരാജ്യ'ത്തിന്‍റെ പ്രഘോഷകനായി ജനതാമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്‍റെ പരസ്യജീവിതം യേശു ആരംഭിക്കുന്നു. പരസ്യജീവിതത്തില്‍ തന്നോടൊപ്പമായിരിക്കുന്നതിനും ദൈവരാജ്യപ്രഘോഷണത്തില്‍ പങ്കുചേരുന്നതിനുമായി ഒരു ചെറിയ ശിഷ്യഗണത്തെ അവിടുന്ന് ഒരുക്കുകയുണ്ടായി. അവരോടൊത്തു ഗലീലിയിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചുകൊണ്ടാണ് തന്‍റെ ദൗത്യം നിര്‍വ്വഹിക്കാന്‍ അവിടുന്ന് ആരംഭിച്ചത്. സമരിയായിലേക്കും അതിര്‍ത്തിദേശത്തെ ചില വിജാതീയ പട്ടണങ്ങളിലേക്കും ഒന്നുരണ്ടു യാത്രകള്‍ ശിഷ്യരോടൊത്തു നടത്തുകയും തിരുനാളുകള്‍ക്കു ജറുസലേമിലേക്കു പോകുകയും ചെയ്തിരിക്കാമെങ്കിലും, ഗലീലിയായിരുന്നു മുഖ്യമായ അവിടുത്തെ പ്രവര്‍ത്തനരംഗം. യോഹന്നാന്‍റെ സുവിശേഷത്തില്‍ പരസ്യജീവിതം ജറുസലേം കേന്ദ്രീകരിച്ചായിരിക്കുന്നത് ജറുസലേമിന്‍റെ ദൈവശാസ്ത്രപരമായ പ്രാധാന്യം യോഹന്നാനെ സ്വാധീനിച്ചതുകൊണ്ടായിരിക്കണം.
എത്രകാലം പരസ്യജീവിതം ദീര്‍ഘിച്ചുവെന്നു വ്യക്തമായി പറയുക സാധ്യമല്ല. യോഹന്നാന്‍റെ സുവിശേഷമനുസരിച്ച് അതു രണ്ടരമുതല്‍ മൂന്നുകൊല്ലംവരെ എടുത്തിരിക്കണം. എന്നാല്‍ സമാന്തരസുവിശേഷങ്ങളനുസരിച്ച് ഏതാണ്ട് ഒന്നരക്കൊല്ലമായിരുന്നു പരസ്യജീവിതത്തിന്‍റെ ദൈര്‍ഘ്യം. പരസ്യജീവിതത്തിലെ പല സംഭവങ്ങളും കാലാനുസൃതമായിട്ടല്ല, ദൈവശാസ്ത്രവീക്ഷണത്തോടെയാണു സുവിശേഷകന്മാര്‍ ക്രമീകരിച്ചിരിക്കുന്നത്. പാപികളും ചുങ്കക്കാരുമായുള്ള സമ്പര്‍ക്കവും ഫരിസേയരുമായുള്ള വാഗ്വാദങ്ങളും അത്ഭുതകരമായ രോഗശാന്തികളും ഉപമകളിലൂടെയുള്ള ബോധനവും നിയമത്തോടുള്ള വിര്‍ശനാത്മകമായ നിലപാടുകളുമെല്ലാം ചരിത്രവസ്തുതകള്‍തന്നെയാണെന്നതില്‍ സംശയമില്ല. പരസ്യജീവിതത്തിന്‍റെ അന്തിമഘട്ടത്തില്‍, മതനേതാക്കളോടും പെസഹാത്തിരുനാളിനു തടിച്ചുകൂടുന്ന ജനാവലിയോടും ദൈവരാജ്യത്തിന്‍റെ സുവിശേഷമറിയിക്കുവാന്‍ യേശു ജറുസലേമില്‍ എത്തിയിരിക്കണമെന്നത് ഏറെക്കുറെ തീര്‍ച്ചയാണ്. ജറുസലേം പട്ടണത്തിലേക്കുള്ള ആഘോഷപൂര്‍വ്വകമായ പ്രവേശനവും ദേവാലയത്തിന്‍റെ ശുദ്ധീകരണവും ചരിത്രവസ്തുതകളാണെന്നതില്‍ മിക്ക വ്യാഖ്യാതാക്കളും യോജിക്കുന്നു. യഹൂദമതനേതൃത്വമാണ് യേശുവിനെ അറസ്റ്റുചെയ്തതും രാഷ്ട്രീയവിപ്ലവകാരിയായി ചിത്രീകരിച്ച് റോമാക്കാര്‍ക്ക് ഏല്പിച്ചുകൊടുത്തതും. യഹൂദ ന്യായാധിപസംഘത്തിനു മുമ്പിലെ കുറ്റവിചാരണ (മര്‍ക്കോ 14,53-65) അതേപടിചരിത്രസാക്ഷ്യമാകാനിടയില്ലെങ്കിലും, പീലാത്തോസിനു മുമ്പില്‍ ബോധിപ്പിക്കേണ്ട കുറ്റപത്രം തയ്യാറാക്കാന്‍ അവര്‍ ഒന്നിച്ചുകൂടി ആലോചന നടത്തിയിരിക്കണം. ആഘോഷപൂര്‍വ്വകമായ ജറുസലേം പ്രവേശനവും ദേവാലയ ശുദ്ധീകരണവും മറ്റും അവരുടെ കുറ്റാരോപണത്തിനു റോമന്‍ പ്രൊക്യുറേറ്ററായിരുന്ന പന്തിയോസ് പീലാത്തോസിന്‍റെ മനസ്സില്‍ സത്യത്തിന്‍റെ പ്രതീതിയുളവാക്കിയെന്നുവേണം വിചാരിക്കുവാന്‍. റോമന്‍ ഭരണത്തിനെതിരെ വിപ്ലവം നയിച്ച്, നഷ്ടപ്പെട്ട യഹൂദരാജ്യഭരണം പുന:സ്ഥാപിക്കുവാന്‍ ശ്രമിച്ചതിന്‍റെ ഫലമായി ക്രൂരമായ കുരിശുമരണമേറ്റുവാങ്ങിക്കഴിഞ്ഞിരുന്നു പല വിപ്ലവകാരികളും. അങ്ങനെയുള്ള ഒരു വിപ്ലവകാരിയായിട്ടാകണം പീലാത്തോസ് യേശുവിനെയും കണ്ടത്. യേശുവിന്‍റെ കുരിശുമരണം എല്ലാവരുംതന്നെ അംഗീകരിക്കുന്ന ചരിത്രസത്യമാണ്. രാഷ്ട്രീയവിപ്ലവകാരികള്‍ക്കു റോമാക്കാര്‍ നല്കിയിരുന്ന ശിക്ഷയായിരുന്നു ഇത്. കുരിശിന്‍റെ മുകളില്‍ തറച്ചിരുന്ന കുറ്റപത്രവും (യഹൂദരുടെ രാജാവായ നസ്രായനായ യേശു) ചരിത്രസത്യമാണെന്ന് മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു.
അവസാനമായി, ഒരു ചോദ്യം അവശേഷിക്കുന്നു. യേശുവിനുവേണ്ടിയുള്ള ചരിത്രാന്വേഷണത്തിനു പ്രസക്തിയുണ്ടോ? ചരിത്രപുരുഷനായ യേശുവും പ്രഘോഷിതനായ ക്രിസ്തുവും യേശുക്രിസ്തു എന്ന ഒരേയൊരു വ്യക്തിതന്നെയാണെങ്കില്‍, പ്രഘോഷിതനായ ക്രിസ്തുവിലൂടെ മാത്രമേ ഇന്നത്തെ മനുഷ്യര്‍ക്ക് യേശുവിനെ അറിയാനും മനസ്സിലാക്കാനും സാധിക്കയുള്ളുവെങ്കില്‍, പ്രഘോഷിതനായ ക്രിസ്തു മതിയെന്നുവച്ച് അവിടുന്നില്‍ വിശ്വാസമര്‍പ്പിക്കയല്ലേ വേണ്ടൂ, എന്തിനു ശ്രമകരമായ വ്യാഖ്യാനരീതികളും സങ്കീര്‍ണ്ണങ്ങളായ മാനദണ്ഡങ്ങളുമുപയോഗിച്ച് ഒരു ചരിത്രാന്വേഷണം നടത്തണം? ഈ അന്വേഷണം ആവശ്യമാക്കുന്ന പല കാരണങ്ങളുണ്ട്. ഒന്നാമതായി, ക്രൈസ്തവവിശ്വാസം ചരിത്രപുരുഷനായ യേശുവില്‍ അധിഷ്ഠിതമാണ്. ഈ ചരിത്രപുരുഷനെ ഒഴിച്ചുനിര്‍ത്തിയാല്‍ ക്രൈസ്തവവിശ്വാസത്തിന് അടിത്തറയേ ഉണ്ടായിരിക്കയില്ല. ബുള്‍ട്ട്മാനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ പറഞ്ഞതുപോലെ, ചരിത്രപുരുഷനായ യേശുവില്‍ അടിസ്ഥാനമില്ലാതെ പ്രഘോഷിക്കപ്പെടുന്ന ക്രിസ്തു വെറുമൊരു കെട്ടുകഥയോ അസ്ഥിയും മാംസവുമില്ലാത്ത വെറുമൊരു ആശയമോ മാത്രമായിരിക്കും. അത്തരമൊരു ക്രിസ്തുവില്‍ ആര്‍ക്കും വിശ്വാസമര്‍പ്പിക്കാനാവില്ല. സുവിശേഷകന്മാരെ സംബന്ധിച്ചിടത്തോളം ചരിത്രത്തിനും ചരിത്രപുരുഷനായ യേശുവിനും പ്രസക്തിയുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ക്രൂശിക്കപ്പെട്ട യേശുവിനെത്തന്നെ മഹത്വീകരിക്കപ്പെട്ട ക്രിസ്തുവായി കാണുന്നത്; മഹത്വീകരിക്കപ്പെട്ട ക്രിസ്തുവിനെ ഒരിക്കലും ചരിത്രപുരുഷനായ യേശുവില്‍നിന്നും വേര്‍തിരിക്കാതിരുന്നതും. യേശുവിന്‍റെ മരണവും ഉയിര്‍പ്പും പ്രഘോഷിച്ചപ്പോള്‍, ഈ മരണത്തിന്‍റെ ചരിത്രപശ്ചാത്തലവും കാരണവും അറിയാന്‍ കേള്‍വിക്കാര്‍ക്കു താല്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ചരിത്രപുരുഷനായ യേശുവിനെപ്പറ്റി പലകാര്യങ്ങള്‍ സുവിശേഷങ്ങളില്‍ എഴുതപ്പെടാന്‍ ഇടയായത്. വെറും ഏതെങ്കിലും ഒരു വ്യക്തിയെ അല്ല ദൈവം ഉയര്‍പ്പിച്ചത്. പിന്നെയോ ദൈവത്തിന് സ്വയം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവേഷ്ടം സദാ നിറവേറ്റിക്കൊണ്ട് മനുഷ്യരുടെ സമഗ്രമോചനത്തിനും സമ്പൂര്‍ണ്ണരക്ഷയ്ക്കുമായി ജീവിതം നിശ്ശേഷം ചെലവഴിച്ച യേശുവെന്ന ചരിത്രവ്യക്തിയാണ്. അതറിഞ്ഞാലെ ഉയര്‍പ്പിന്‍റെ രഹസ്യം നമുക്കു മനസ്സിലാകുകയുള്ളു. അതിനാല്‍, ഈ ചരിത്രാന്വേഷണം ഒരാവശ്യമായിത്തീരുന്നു.
വി. യോഹന്നാന്‍ തന്‍റെ സുവിശേഷവും ലേഖനങ്ങളുമെഴുതിയത്, ജ്ഞാനവാദം, ഡോസറ്റിസം തുടങ്ങിയ പാഷണ്ഡതകള്‍ സഭയില്‍ കടന്നുകൂടുകയും ചരിത്രപുരുഷനായ യേശുവിനെയും അവിടുത്തെ മനുഷ്യത്വത്തെയും നിഷേധിക്കയും ചെയ്ത സാഹചര്യത്തിലാണല്ലോ. ഈ പാഷണ്ഡതകള്‍ക്കെതിരെയാണു യോഹന്നാന്‍ എഴുതുന്നത്: "ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തില്‍നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല" (1 യോഹ 4,2-3). "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു" (യോഹ 1,14) എന്ന വാക്യവും യേശു ലോകത്തിലേക്കു വന്ന യഥാര്‍ത്ഥ ചരിത്രമനുഷ്യനാണെന്ന സത്യം സ്ഥിരീകരിക്കുന്ന ഒന്നാണ്. ജ്ഞാനവാദം പോലെയുള്ള പാഷണ്ഡതകള്‍ കാലാകാലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും സഭയ്ക്കുള്ളിലും വെളിയിലും പ്രത്യക്ഷപ്പെടാറുണ്ട്. താത്വികമായി യേശുവിന്‍റെ മനുഷ്യത്വത്തെ നിഷേധിക്കുന്നില്ലെങ്കിലും, പ്രായോഗികമായ ഏകസ്വഭാവവാദം (monophysitism) ഇന്നും സഭാജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. വിശ്വാസപ്രമാണത്തില്‍ യേശു യഥാര്‍ത്ഥ മനുഷ്യനാണെന്ന് ഏറ്റുപറയുമെങ്കിലും, പ്രായോഗികമായി അവിടുത്തെ ദൈവത്വത്തില്‍ മാത്രം സര്‍വ്വ ശ്രദ്ധയും കേന്ദ്രീകരിച്ച്, അവിടുത്തേക്ക് ആരാധനാസ്തുതിസ്തോത്രങ്ങളര്‍പ്പിക്കുന്നതിലാണ് പല വിശ്വാസികളും ധരിച്ചുവച്ചിരിക്കുന്നത്. നിയമത്തോടും സാമൂഹ്യവ്യവസ്ഥിതികളോടുമുള്ള ചരിത്രപുരുഷനായ യേശുവിന്‍റെ വിമര്‍ശനാത്മകമായ നിലപാടുകളോ പാവപ്പെട്ടവരോടുള്ള പക്ഷംചേരലോ പാപികളോടും ചുങ്കക്കാരോടുമൊത്തുള്ള പന്തിഭോജനമോ ശിഷ്യന്മാരുടെ പാദംകഴുകലോ അധികമൊന്നും ശ്രദ്ധാവിഷയമാകാറില്ല. അതിനാല്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ യേശുവിന്‍റെ സുവിശേഷത്തിനുള്ള പരിവര്‍ത്തനശക്തിയെ ദേവാലയങ്ങളിലെ വിരിക്കുള്ളിലേക്ക് ആവാഹിച്ച് ഒതുക്കി നിര്‍ത്തുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നില്ല.
ജ്ഞാനവാദംപോലെതന്നെ, ആദിമസഭയ്ക്കു നേരിടേണ്ടിവന്ന മറ്റൊരു പ്രലോഭനമായിരുന്നു, യേശുവിന്‍റെ മരണത്തെയും ഉയര്‍പ്പിനെയും ഹെല്ലനിസ്റ്റിക് സാംസ്കാരികമണ്ഡലങ്ങളില്‍ അന്നു വ്യാപകമായിരുന്ന "രഹസ്യാത്മകമത"ങ്ങളിലെ (Mystery cult) "രക്ഷകപുരാണ"ത്തോട് (redeemermyth) അനുരൂപപ്പെടുത്തി, തദനുസരണമുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ രക്ഷനേടാനുള്ള അഭിവാഞ്ചര. ആദിമസഭയുടെ ക്രിസ്തുവിജ്ഞാനീയത്തെ ഈ രക്ഷകപുരാണം സാരമായി സ്വാധീനിച്ചിരുന്നുവെന്നത്രേ ബുള്‍ട്ട്മാന്‍റെ അഭിപ്രായം. യേശുക്രിസ്തുവിലുള്ള വിശ്വാസം രക്ഷകപുരാണകഥനത്തില്‍നിന്നു കാതങ്ങള്‍ ആകലെയാണെന്നു നമുക്കറിയാം. അതേസമയം ചരിത്രപുരുഷനായ യേശുവിന്‍റെ ജീവിതവും മരണവും അവഗണിച്ചാല്‍, ഇവ തമ്മിലുള്ള അകലം വെറും നിസ്സാരമായിത്തീരുകയും ചെയ്യും. യേശുക്രിസ്തുവിനെ ഇങ്ങനെയുള്ള ഒരു രക്ഷകന്‍ ആക്കാലനുള്ള അപകടം സഭയില്‍ എന്നും ഒളിഞ്ഞുകിടക്കുന്ന ഒന്നാണ്. നാം അതിനു ദൃക്സാക്ഷികളുമാണ്. ഈ അപകടം ഒഴിവാക്കുന്നതിന് ചരിത്രപുരുഷനായ യേശുവിനെയും അവിടുത്തെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും നിലപാടുകളെയുമെല്ലാം വ്യക്തമായി അറിഞ്ഞിരിക്കുക ആവശ്യമാണ്.
ലോകത്തിലെന്നപോലെതന്നെ സഭയിലും കാലാകാലങ്ങളില്‍ പ്രബലമായിത്തീരുന്ന പ്രത്യയശാസ്ത്രങ്ങളുണ്ട്. ചില വിഭാഗങ്ങളുടെ പ്രത്യേക താല്പര്യങ്ങളെയായിരിക്കും അവ പ്രതിനിധാനം ചെയ്യുന്നത്. സ്ഥലകാലബന്ധമായ ചില തത്വങ്ങളെയോ സിദ്ധാന്തങ്ങളെയോ നിരുപാധികമായ നിത്യസത്യങ്ങളായി കാണാനുള്ള പ്രവണതയാണ് പ്രത്യയശാസ്ത്രങ്ങള്‍ക്കുള്ളത്. മനുഷ്യനിര്‍മമിതങ്ങളായ നിയമങ്ങളെയും സഭയില്‍ കാലാന്തരത്തില്‍ രൂപംകൊണ്ട പാരമ്പര്യങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുറുകെപ്പിടിക്കുന്ന ഈ പ്രവണതയുടെ അക്രൈസ്തവികതയെ മനസ്സിലാക്കുന്നതിനും തിരുത്തുന്നതിനും ചരിത്രപുരുഷനായ യേശുവിനെയും അവിടുന്ന് പ്രഘോഷിച്ച സുവിശേഷത്തിന്‍റെ അന്ത:സത്തയെയുംപറ്റി ആഴമേറിയ അവബോധം നമുക്കുണ്ടായിരിക്കണം.
ലോകത്തോടുള്ള ദൈവത്തിന്‍റെ പൂര്‍ണ്ണവും അന്തിമവുമായ വചനമാണ് യേശു (ഹെബ്രാ 1,2). ക്രൈസ്തവവിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും പരമമായ നിയമവും മാനദണ്ഡവുമാണ് അവിടുന്ന് (norma normans, non normata = normating and normated norm). സ്ഥലകാലസാഹചര്യങ്ങള്‍ എല്ലാം മാറിവരുമ്പോഴും യേശു ഈ പരമമായ മാനദണ്ഡമായി തുടരുന്നു.
ചരിത്രപുരുഷനായ യേശുവും പ്രഘോഷിതനായ ക്രിസ്തുവും ഒന്നുചേരുന്ന ക്രിസ്തുസംഭവമാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. ചരിത്രപുരുഷനായ യേശുവിനെ പ്രഘോഷിതനായ ക്രിസ്തുവില്‍നിന്നോ പ്രഘോഷിതനായ ക്രിസ്തുവിനെ ചരിത്രപുരുഷനായ യേശുവില്‍നിന്നോ മാറ്റിനിര്‍ത്താനാവില്ല. പ്രഘോഷിതനായ ക്രിസ്തുവിനെ മാറ്റിനിര്‍ത്തി, ചരിത്രപുരുഷനായ യേശുവിനെ മാത്രം പരിഗണിച്ചാല്‍, ചരിത്രത്തിലെ മറ്റ് പല മഹത്വ്യക്തികളെപ്പോലെ ഒരു മഹത്വ്യക്തി മാത്രമായിരിക്കും യേശുവും. തിന്മയുടെ അപ്രതിരോധ്യശക്തികള്‍ക്കെതിരെ പൊരുതിത്തകര്‍ന്ന് അവസാനം കഴുമരത്തില്‍ ജീവിതമവസാനിച്ച ഒരു വ്യക്തി. ആ വ്യക്തിക്ക് ക്രൈസ്തവവിശ്വാസത്തിന്‍റെ അടിത്തറയാകാനോ പ്രത്യാശയുടെ പ്രതീകമാകാനോ ഒരിക്കലും സാധിക്കയില്ല. ചരിത്രപുരുഷനായ യേശുവിനെ മാറ്റി നിര്‍ത്തി പ്രഘോഷിതനായ ക്രിസ്തുവിനെ മാത്രം സ്വീകരിച്ചാല്‍, ക്രൈസ്തവവിശ്വാസത്തിന്‍റെ അടിത്തറ ഒരു 'മിത്ത്' അഥവാ കെട്ടുകഥ മാത്രമാണെന്നുവരും. അതൊരിക്കലും ശരിയല്ലല്ലോ. ചരിത്രപുരുഷനായ യേശുവും പ്രഘോഷിതനായ ക്രിസ്തുവും ഒന്നുചേര്‍ന്നു ക്രൈസ്തവവിശ്വാസത്തിന്‍റെ അടിത്തറയായി എന്നും നിലകൊള്ളണം; നിലകൊള്ളുകയും ചെയ്യും.
കഴിഞ്ഞകാലങ്ങളില്‍, പ്രഘോഷിതനായ ക്രിസ്തുവിനായിരുന്നു സഭാജീവിതത്തിലും ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലുമെല്ലാം മുന്‍തൂക്കം. ചരിത്രപുരുഷനായ യേശുവിനെയും, അവിടുത്തെ പ്രഘോഷണത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെയും അന്ത:സത്തയായ ദൈവരാജ്യത്തെയും ആഴത്തിലറിയാനുള്ള പരിശ്രമങ്ങള്‍ അധികമൊന്നും നടന്നിട്ടില്ല. ദൈവസാസ്ത്രത്തിലും ആരാധനാക്രമത്തിലും സഭാജീവിതത്തിലുമെല്ലാം അതു സാരമായ കോട്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നു സമ്മതിച്ചേതീരു. ഈ ന്യൂനത പരിഹരിക്കാനുള്ള തീവ്രമായ യത്നം സഭയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
Jesus Christ - A Historical Quest Mar Joseph Pamplany the christ theology catholic malayalam catholic apologetics historical jesus jewish historians on Jesus catholic theologians on historical Jesus Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206