x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

ജൈനമതം

Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021

ഉത്ഭവവും വളര്‍ച്ചയും

"ജേതാവ്" എന്നര്‍ത്ഥം വരുന്ന ജിന (Jina) എന്ന വാക്കില്‍നിന്നാണ് ജൈനന്‍ എന്ന സംജ്ഞ രൂപംകൊണ്ടത്. രാഗദ്വേഷാദികളുടെമേല്‍ വിജയം നേടിക്കൊണ്ട് മുക്തി നേടിയവരാണു ജിനന്മാര്‍. ഇവരും ഇവരുടെ അനുയായികളുമാണ് ജൈനന്മാര്‍ എന്നറിയപ്പെടുന്നത്.

ഉത്ഭവം വച്ചുനോക്കുമ്പോള്‍ ജൈനമതത്തിന് ബുദ്ധമതത്തിനൊപ്പം പഴക്കമുണ്ട്. ബുദ്ധമതത്തിലെ പ്രധാന ഗ്രന്ഥങ്ങളില്‍ ജൈനന്മാരെയും അവരുടെ പഴയ നാമമായ "നിഗന്ത"യെയും അവരുടെ നേതാവായിരുന്ന നാതപുത്ത (Nataputta) വര്‍ദ്ധമാന മഹാവീരനെയും പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. അതുപോലെ ജൈനമതഗ്രന്ഥങ്ങളില്‍ വര്‍ദ്ധമാനമഹാവീരന്‍റെ സമകാലികനായ ബുദ്ധന്‍റെ കാലഘട്ടത്തിലെ രാജാക്കന്മാരെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ഇതില്‍നിന്ന് മഹാവീരന്‍ ബുദ്ധന്‍റെ സമകാലികനായിരുന്നുവെന്നു സ്പഷ്ടമാണ്.

മതസ്ഥാപകര്‍

ജൈനമതത്തിന്‍റെ സ്ഥാപകനായി ഒരു പ്രത്യേക വ്യക്തിയെ മാത്രം പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നില്ല. വ്യത്യസ്ത യുഗങ്ങളിലായി ജീവിച്ച ഇരുപത്തിനാലു തീര്‍ത്ഥങ്കരന്മാരുടെ പഠനഫലമായി രൂപപ്പെട്ടതാണു ജൈനമതമെന്നു പറയുന്നു. സ്വപ്രയത്നംകൊണ്ട് രാഗദ്വേഷാദികളുടെമേല്‍ വിജയംവരിച്ച ഈ തീര്‍ത്ഥങ്കരന്മാരാണ് മോക്ഷപ്രാപ്തിയിലേക്കുള്ള പാതയിലൂടെ ചരിക്കുന്നവര്‍ക്കു മാതൃകയായി നിലകൊള്ളുന്നത്. ഇവരില്‍ എല്ലാവരും ചരിത്രപുരുഷന്മാരാണെന്നു തിട്ടപ്പെടുത്താന്‍ പോരുന്ന തെളിവുകളൊന്നും കാണുന്നില്ല. എങ്കിലും ആദ്യത്തെ തീര്‍ത്ഥങ്കരനായ ഋഷഭനും 23-ാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥനും ഒടുവിലത്തെ തീര്‍ത്ഥങ്കരനായ മഹാവീരനും ചരിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. അവസാനത്തെ തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരനെ ഈ മതത്തിന്‍റെ സ്ഥാപകനായി അധികം പേരും കാണുന്നു. 23-ാമത്തെ തീര്‍ത്ഥങ്കരനായ പാര്‍ശ്വനാഥനെയും ഈ മതത്തിന്‍റെ സ്ഥാപകനായി ചിലര്‍ കണക്കാക്കുന്നുണ്ട്. മരണത്തോടുകൂടി നിര്‍വ്വാണം പ്രാപിച്ച ഇവരോരുത്തരുടെയും പേരില്‍ ക്ഷേത്രങ്ങള്‍ പണിയുകയും അവിടെ ഇവരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഈശ്വരദര്‍ശനം

പ്രപഞ്ച സ്രഷ്ടാവും എല്ലാ സുഖദുഃഖങ്ങളുടെയും ഉറവിടവുമായ സത്തയെ മനുഷ്യന്‍ ആരാധിക്കുന്നതായി മിക്ക മതങ്ങളിലും കാണാമെങ്കിലും ജൈനമതത്തില്‍ ഇപ്രകാരമുള്ള ഒരു ഈശ്വരസങ്കല്‍പം കാണുന്നില്ല. ദൈവാസ്തിത്വം നിഷേധിക്കുന്നതിനു രണ്ടു കാരണങ്ങളാണ് അവര്‍ നിരത്തുന്നത്: (1) ദൈവത്തെ നമുക്കു കാണാനോ ദൈവാസ്തിത്വം തെളിയിക്കാനോ സാധ്യമല്ല. സാധാരണയായി ലോകത്തിന്‍റെ അസ്തിത്വത്തില്‍നിന്നാണ് ദൈവാസ്തിത്വത്തിനുവേണ്ട തെളിവുകള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ജൈനസിദ്ധാന്തമനുസരിച്ച് ലോകത്തെ, ഉത്പാദിപ്പിക്കപ്പെട്ട ഒരു വസ്തുവായി കാണുവാന്‍ സാധ്യമല്ല. ശരീരമില്ലാത്ത ദൈവം ഭൗതികലോകം സൃഷ്ടിച്ചു എന്നു പറയുന്നത് നിഗമനപരമായി തെറ്റാണെന്നു ജൈനര്‍ വാദിക്കുന്നു. (2) ദൈവാസ്തിത്വം നിഷേധിക്കാന്‍ ജൈനന്മാര്‍ നിരത്തുന്ന രണ്ടാമത്തെ തെളിവ് ദൈവികഗുണങ്ങളെ സംബന്ധിച്ചുള്ളതാണ്. സര്‍വ്വജ്ഞാനം, സര്‍വ്വശക്തി, ഏകത്വം, നിത്യത, പൂര്‍ണ്ണത ഇവയെല്ലാമാണ് സാധാരണ ദൈവികഗുണങ്ങളായി ആരോപിക്കപ്പെടുന്നത്. ദൈവം സര്‍വ്വ ഗുണങ്ങളുമുള്ളവനാണെങ്കില്‍ എല്ലാ വസ്തുക്കളും സൃഷ്ടിച്ചതു ദൈവമായിരിക്കണം. എന്നാല്‍ അനുദിന ജീവിതത്തില്‍ നാം കാണുന്ന പല വസ്തുക്കളും (വീട്, പാത്രങ്ങള്‍, മുതലായവ) ദൈവമല്ല സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും, നിത്യമായി ദൈവം പരിപൂര്‍ണ്ണനാണെന്നു സങ്കല്പിച്ചാല്‍ അതും അര്‍ത്ഥശൂന്യമാണ്. കാരണം പരിപൂര്‍ണ്ണത എന്നത് അപൂര്‍ണ്ണതയുടെ മാറ്റമാണ്. ഒരിക്കലും അപൂര്‍ണ്ണമല്ലാത്ത ഒരു സംഗതിയെപ്പറ്റി ചിന്തിക്കുക സാദ്ധ്യമല്ല.

ദൈവത്തിന്‍റെ അസ്തിത്വം ജൈനന്മാര്‍ നിഷേധിക്കുന്നുവെങ്കിലും കര്‍മ്മബന്ധത്തില്‍നിന്നു മുക്തിനേടിയ ജിനന്മാരുടെ പ്രതിമകള്‍ അവര്‍ വണങ്ങുന്നുണ്ട്. ഭക്തിക്കോ ആരാധനയ്ക്കോ സ്ഥാനമില്ലെങ്കിലും ജൈനന്മാര്‍ക്കു ക്ഷേത്രങ്ങളുണ്ട്, ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളുണ്ട്, പൂജയുണ്ട്, ഉത്സവങ്ങളുമുണ്ട്. ജിനന്മാരോടുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തരംകിട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. എങ്കിലും അവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതുവഴി, കര്‍മ്മബന്ധത്തില്‍നിന്നു മോചനം നേടി മോക്ഷം പ്രാപിക്കാനാവുമെന്നു ജൈനന്മാര്‍ വിശ്വസിക്കുന്നു. സിദ്ധാത്മാക്കളുടെയും മോചനത്തിന്‍റെ പാതയില്‍ പൂര്‍ണ്ണത പ്രാപിച്ചവരുടെയും നല്ല ഗുണങ്ങള്‍ ധ്യാനിക്കുന്നതിലൂടെ ഓരോ ദിവസവും പൂര്‍ണ്ണതയിലേക്കു വളരാനാവുമെന്ന് അവര്‍ ജൈനമതാനുയായികളെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഓരോരുത്തരും തന്നെത്താന്‍ മോക്ഷം പ്രാപിക്കാന്‍ പരിശ്രമിക്കണം. ബാഹ്യശക്തികളുടെ സഹായമൊന്നും ഇവിടെ ആവശ്യമില്ല. സിദ്ധാത്മാക്കള്‍ അഥവാ തീര്‍ത്ഥങ്കരന്മാര്‍ വഴികാട്ടികളായി മാത്രം നിലകൊള്ളുന്നു.

മുക്തിക്കുള്ള മാര്‍ഗ്ഗങ്ങള്‍ (Liberation)

ജൈനമത വിശ്വാസത്തിലെ സദാചാര ശാസ്ത്രത്തിന്‍റെ അവസാനഭാഗമാണു മോക്ഷം. കര്‍മ്മബന്ധനത്തില്‍നിന്നു പൂര്‍ണ്ണമായി മോചനം നേടുമ്പോള്‍ മോക്ഷം പ്രാപിക്കാനാവുമെന്ന ജൈനര്‍ വിശ്വസിക്കുന്നു. ഈ മോക്ഷം പ്രാപിക്കലാണ് മനുഷ്യജീവിതത്തിലെ പരമമായ ലക്ഷ്യം. ഒരു മനുഷ്യനു യഥാര്‍ത്ഥവും നിത്യവുമായ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നത് കര്‍മ്മബന്ധനത്തില്‍നിന്നാണ് ആത്മാവു മോചിതനാവുമ്പോള്‍ മാത്രമാണ്. അവന്‍ അപൂര്‍ണ്ണനാണെങ്കിലും സ്വപ്രയത്നത്തിലൂടെ ഈ ബന്ധനത്തില്‍നിന്നു മോചനം നേടാന്‍ സാധിക്കും. ഇതു സാധിക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്: ആത്മാവിലേക്കുള്ള കര്‍മ്മപദാര്‍ത്ഥങ്ങളുടെ പ്രവാഹം തടയണം. രണ്ട്: ആത്മാവില്‍ നേരത്തെതന്നെ പറ്റിപ്പിടിച്ചിരിക്കുന്ന കര്‍മ്മ പദാര്‍ത്ഥങ്ങളെ പുറന്തള്ളണം.

ഇതില്‍ ആദ്യത്തെ പ്രവൃത്തിക്കു സംവരം (Samvara) എന്നും രണ്ടാമത്തെതിനു നിര്‍ജ്ജരം (Nirjara) എന്നും പറയുന്നു. നിര്‍ജ്ജരമെന്നത് ആത്മാവിലുള്ള കര്‍മ്മപദാര്‍ത്ഥങ്ങളുടെ ബഹിഷ്കരണമാണ്. ഇതു രണ്ടുതരമുണ്ട്: ഭാവനിര്‍ജരവും ദ്രവ്യനിര്‍ജരവും. ഭാവനിര്‍ജരമെന്നത് കര്‍മ്മത്തിന്‍റെ ബഹിഷ്കരണംവഴി ആത്മാവിലുള്ള മാറ്റമാണ്. ദ്രവ്യനിര്‍ജരമാകട്ടെ, കര്‍മ്മപദാര്‍ത്ഥങ്ങളുടെ യഥാര്‍ത്ഥ ബഹിഷ്കരണവും. ഇതു കര്‍മ്മപദാര്‍ത്ഥങ്ങളുടെ ഫലങ്ങള്‍ നശിപ്പിക്കുന്നതോ അവ ഫലഭൂയിഷ്ഠമായിത്തീരുന്നതിനുമുമ്പ് പ്രായശ്ചിത്തപ്രവൃത്തികളിലൂടെ ഇല്ലാതാക്കുന്നതോ ആണ്. ഈ പദാര്‍ത്ഥങ്ങളുടെയെല്ലാം ബഹിഷ്കരണം വഴിയാണു മോക്ഷം. അല്ലെങ്കില്‍ മോചനം സാധ്യമാകുന്നത്.

മോക്ഷപ്രാപ്തിക്ക് ജൈനമതാചാര്യന്മാര്‍ പ്രധാനമായും ത്രിരത്നങ്ങള്‍ (triratna) എന്നറിയപ്പെടുന്ന മൂന്നു മാര്‍ഗ്ഗങ്ങളാണു നിര്‍ദ്ദേശിക്കുന്നത് അവ:

  1. സമ്യക് ദര്‍ശനം - ശരിയായ വിശ്വാസം (right faith)
  2. സമ്യക് ജ്ഞാനം - ശരിയായ അറിവ് (right knowledge)
  3. സമ്യക് ചരിതം - സദാചാരം (right conduct)

(1) ശരിയായ വിശ്വാസം: യഥാര്‍ത്ഥ വിശ്വാസമെന്നത് സത്യത്തോടുള്ള ബഹുമാനമാണ്. വിശ്വാസത്തിനു തടസ്സമായി നില്ക്കുന്നതു കര്‍മ്മമാണ്. കര്‍മ്മപദാര്‍ത്ഥങ്ങളെ ഇല്ലാതാക്കുമ്പോഴാണ് യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് ഒരാള്‍ കടന്നുവരുന്നത്. "യഥാര്‍ത്ഥ വിശ്വാസമെന്നത് സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും മനസ്സിലാക്കാനുള്ള കഴിവാണ്." യഥാര്‍ത്ഥ സത്തയെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിവ്നിന്നാണ് യഥാര്‍ത്ഥ വിശ്വാസം ഉണ്ടാവുന്നത്.

(2) ശരിയായ അറിവ്: കര്‍മ്മപദാര്‍ത്ഥങ്ങളുടെ ആത്മാവിലുള്ള ബന്ധനത്തിനു കാരണം ജീവിതത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതിയെക്കുറിച്ചുള്ള അജ്ഞതയാണ്. ഈ അജ്ഞത ജ്ഞാനംകൊണ്ടു മാത്രമേ നീങ്ങുകയുള്ളൂ. ജീവിതത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചും ജൈനസിദ്ധാന്തങ്ങളെക്കുറിച്ചുള്ള അറിവാണു ജ്ഞാനം. സര്‍വ്വജ്ഞരായ ജിനന്മാര്‍ അഥവാ തീര്‍ത്ഥങ്കരന്മാരാണ് ഈ ജ്ഞാനം ലോകത്തിനു നല്കിയത്. അവരുടെ ഉപദേശങ്ങള്‍ ഗ്രഹിക്കുന്നതിലൂടെ ജ്ഞാനം നേടാം.

(3) സദാചാരം: സദാചാരമെന്നത് തെറ്റായ പ്രവൃത്തികളില്‍ നിന്നുള്ള പിന്തിരിയലും ശരിയായുള്ളവയുടെ അനുഷ്ഠാനവുമാണ്. ബഹ്യജഗത്തിലെ വസ്തുക്കളോടൊന്നും രാഗദ്വേഷഭാവമില്ലാതെ ഉദാസീനഭാവം സ്വീകരിച്ചുകൊണ്ടുള്ള പ്രവൃത്തികളാണ് യഥാര്‍ത്ഥ സദാചാരം. ഇതില്‍ ഒരുവന്‍ തന്‍റെ ഇന്ദ്രിയങ്ങളെയും ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും പൂര്‍ണ്ണമായി അടക്കിയിരിക്കണം. ആത്മാവില്‍ കുടികൊള്ളുന്ന കര്‍മ്മപദാര്‍ത്ഥങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും, പുതുതായി വരുന്ന കര്‍മ്മങ്ങള്‍ തടയാനും അനുഷ്ഠിക്കേണ്ട ചില സദാചാര നിയമങ്ങളെക്കുറിച്ച് ജൈനമതം പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് പഞ്ച മഹാവ്രത (five great vows) ങ്ങളുടെ അനുഷ്ഠാനമാണ്. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് പഞ്ചമഹാവ്രതങ്ങള്‍.

  1. അഹിംസ (ahimsa): ജീവനു ഹാനികരമാവുന്ന എല്ലാത്തരം പ്രവൃത്തികളില്‍നിന്നുമുള്ള പിന്തിരിയലാണ് അഹിംസ. അതു കേവലം ഹിംസയുടെ നിഷേധാത്മകമായ ത്യാഗം മാത്രമ്ലല, സമസ്ത പ്രാണികളോടുമുള്ള ദയാഭാവമാണ്. എല്ലാ വസ്തുക്കളോടുമുള്ള തുല്യമായ ബഹുമാനവും അവയെ ഒന്നിനെയും അനുഭവിക്കുകയില്ലെന്നുള്ള തീരുമാനവുമാണിത്. പ്രവൃത്തിയിലും, ചിന്തയിലും, വാക്കിലും അഹിംസ പാലിക്കണം.                                                                                                    
  2. സത്യം (sathyam): തെറ്റായവരില്‍നിന്നുള്ള പിന്തിരിയലാണു സത്യം. നല്ലതും സന്തോഷകരവുമായ കാര്യങ്ങള്‍ പറയുന്നതാണിത്. ഈ വ്രതമനുസരിച്ച് വികാരങ്ങള്‍ക്ക് അടിമപ്പെട്ടുപോലും ഒരുവന്‍ അസത്യം പറയുകയോ പറയാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ അരുത്. മറ്റുള്ളവര്‍ അസത്യം പറഞ്ഞാല്‍ അതിനു സമ്മതം മൂളുകയും ചെയ്യരുത്. ഈ വ്രതം അതിന്‍റെ പൂര്‍ണ്ണതയില്‍ പാലിക്കുന്നതിന് ഒരുവന്‍ അത്യാഗ്രഹം, ഭയം, ദേഷ്യം, പരിഹാസം എന്നിവ കീഴടക്കണം.                            
  3. അസ്തേയം (asteya): എല്ലാവിധ മോഷണങ്ങളില്‍നിന്നുമുള്ള പിന്‍തിരിയലാണിത്. നമ്മുടേതല്ലാത്ത ഒന്നും സ്വന്തമാക്കാതിരിക്കുന്നതു മാത്രമല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്, മറിച്ച് മറ്റുള്ളവരുടെ ജീവനെയും വസ്തുക്കളെയും ബഹുമാനിക്കുന്നതുമാണ്.                                                                                                                                                              
  4. ബ്രഹ്മചര്യം (brahmacharya): വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ചിന്തകൊണ്ടോ ഉള്ള എല്ലാവിധ ലൈംഗികാനന്ദവും വര്‍ജ്ജിക്കുന്നതാണു ബ്രഹ്മചര്യം. അതോടൊപ്പം മറ്റുള്ളവരെ അതു ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ സമ്മതിപ്പിക്കുകയോ ചെയ്യരുത്. ഈ വ്രതത്തിന്‍റെ പൂര്‍ണ്ണമായ നിര്‍വ്വഹണത്തിന് ഒരാള്‍ ബാഹ്യവും ആന്തരികവുമായ എല്ലാവിധ സന്തോഷങ്ങളില്‍നിന്നുള്ള മോചനം കൂടാതെ ആര്‍ക്കും മോക്ഷം പ്രാപിക്കാനാവില്ല.

ഈ ത്രിരത്നങ്ങളില്‍ ഏതെങ്കിലും ഒന്നു നേടിയതുകൊണ്ടുമാത്രം ആരും മോക്ഷം പ്രാപിക്കുന്നില്ല. ആത്മാവിലുള്ള കര്‍മ്മ പദാര്‍ത്ഥങ്ങളുടെ നശീകരണത്തിന് ഇവ മൂന്നും സമ്പാദിക്കേണ്ടിയിരിക്കുന്നു. ത്രിരത്നങ്ങള്‍ സമ്പാദിക്കുന്നതുവഴി ആത്മാവ് എല്ലാത്തരത്തിലുമുള്ള അഭിനിവേശങ്ങളെയും കര്‍മ്മങ്ങളെയും കീഴടക്കുന്നതില്‍ വിജയിക്കുകയും കര്‍മ്മപദാര്‍ത്ഥങ്ങളുടെ ബന്ധനത്തില്‍നിന്നു സ്വതന്ത്രമായി മോചനം അല്ലെങ്കില്‍ മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെ ആത്മാവു നാലുതരം പൂര്‍ണ്ണതകള്‍ കൈവരിക്കുന്നു: അനന്തശക്തി, അനന്ത ആനന്ദം ഇവയാണ് നാലുതരത്തിലുള്ള പൂര്‍ണ്ണതകള്‍. ഇങ്ങനെ പദാര്‍ത്ഥങ്ങള്‍ തടസ്സങ്ങളില്‍ നിന്നെല്ലാം പൂര്‍ണ്ണത നേടിയ ആത്മാവ് അനന്തമായ കേവലജ്ഞാനം പ്രാപിച്ച് മുക്തിപ്രാപിക്കുന്നു.

Jainism primitive religions different religions in the world catholic malayalam catholic mananthavady diocee Mar. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message