We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021
ആമുഖം
സലാം (Salam) എന്ന അറബിവാക്കില്‍ നിന്നാണ് ഇസ്ലാം എന്ന വാക്കിന്‍റെ ഉത്ഭവം. സലാമിന്‍റെ അര്‍ത്ഥം 'സമാധാനം' 'രക്ഷ' എന്നെല്ലാമാണ്. ഇസ്ലാം എന്ന വാക്കിന് 'ദൈവത്തിനു കീഴടങ്ങല്', 'ദൈവത്തിനു വഴങ്ങല്' എന്നീ അര്‍ത്ഥങ്ങള്‍ കൊടുക്കാം. (എ.ഡി. 610-നും 632-നും ഇടയില്‍ അല്ലാഹു പ്രവാചകന്‍ മുഹമ്മദിനു വെളിപ്പെടുത്തിയതാണ് ഇസ്ലാം മതം എന്നു മുസ്ലീംങ്ങള്‍ വിശ്വസിക്കുന്നു) ലോകാവസാനത്തിനു മുമ്പ് മനുഷ്യനു കിട്ടാവുന്നതില്‍ ഏറ്റവും അവസാനത്തെ വെളിപാടായിട്ടാണ് മുസ്ലീംങ്ങള്‍ തങ്ങളുടെ വിശ്വാസത്തെ കാണുന്നത്. മതനാമം മതഗ്രന്ഥമായ ഖുറാനില്‍ത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. "ഇന്നു നിങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ മതം പൂര്‍ണ്ണമാക്കുകയും എന്‍റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരികയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു" (ഖുറാന്‍ 5.3).
പ്രതീകങ്ങളും അവയുടെ അര്‍ത്ഥവും
വാള്‍: വെളളിയാഴ്ച ഖുറാന്‍ വ്യാഖ്യാന സമയത്ത്, ഒരു വാള്‍ ഇമാം കൈയിലേന്തുന്ന പതിവുണ്ട്. യുദ്ധത്തിനുശേഷം പ്രവാചകന്‍ പറഞ്ഞു. നാം ചെറിയ യുദ്ധത്തിനുശേഷം (Al-Jihad- as - Asghar) വലിയ യുദ്ധത്തിലേക്കു (Al-Jihad- alakbar) വന്നിരിക്കുന്നു. പ്രവാചകന്‍റെ ഈ വാക്കുകളുടെ പ്രതീകമാണു വാള്‍. അന്ധവിശ്വാസം, അവിശ്വാസം, അജ്ഞത, തിന്മ, അടിമത്തംതുടങ്ങിയ ബലഹീനതകള്‍ക്കെതിരേ ഒരുവന്‍ തന്നോടുതന്നെ യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. ഈ ആത്മീയ യുദ്ധത്തിന്‍റെ പ്രതീകമാണ് ഇമാം കൈയിലേന്തുന്ന വാള്‍.
ഹിലാല്‍ (ചന്ദ്രക്കല): ഇസ്ലാമിക കലണ്ടര്‍ ചന്ദ്രമാസം അടിസ്ഥാനമാക്കിയാണു രൂപപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനെപ്പറ്റി ഖുര്‍ആനില്‍ പലയിടത്തും പരാമര്‍ശമുണ്ട്. ഖുറാന്‍ 74:35; 84:18; 39:7 എന്നിവിടങ്ങളില്‍ അല്ലാഹു ചന്ദ്രനെക്കൊണ്ടാണു ശപഥം ചെയ്യുന്നത്. പ്രകാശം നല്കാനും (ഖു.10:5, 71:15) ലക്ഷ്യത്തിലേക്ക് ഓടിയടുക്കാനും (ഖു.35:14; 39:7) വേണ്ടിയാണ് ചന്ദ്രഗോളം ആകാശത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. 54-ാം സൂറത്ത് ആരംഭിക്കുന്നതുതന്നെ ചന്ദ്രഗോളത്തിന്‍റെ വിഘടനം പരാമര്‍ശിച്ചുകൊണ്ടാണ്. പ്രവാചകന്‍ ചന്ദ്രനെക്കൊണ്ട് ഒരത്ഭുതം പ്രവര്‍ത്തിച്ചതാണെന്ന് ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. അന്ത്യവിധിനാളില്‍ ചന്ദ്രന് നാശം സംഭവിക്കും എന്നാണു വിശ്വാസം. മുസ്ലീം പളളികളിലെ ചന്ദ്രക്കലയുടെ കീഴില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു സമ്പൂര്‍ണ്ണഗോളങ്ങള്‍ മൂന്നു ലോകങ്ങളെ സൂചിപ്പിക്കുന്നു (a) നാം അധിവസിക്കുന്ന ഭൗതികലോകം (b) സ്വര്‍ഗ്ഗത്തിലെ താഴ്ന്ന തട്ടുകളുടെ ലോകം (c) മാലാഖമാരുടെ ലോകം.
ഇമാമാഹ് (തൊപ്പി): പൗതസ്ത്യജനങ്ങളുടെ ഇടയില്‍ നിഷ്ക്കര്‍ഷിക്കപ്പെട്ടിരിക്കുന്ന പതിവാണ് തൊപ്പിധാരണം. അധികാരത്തിന്‍റെയും മാന്യതയുടെയും അടയാളമാണിത്. പ്രാര്‍ത്ഥനയ്ക്കും ആദരണീയരുടെ മുമ്പില്‍ വ്യാപരിക്കുവാനും മുസ്ലീങ്ങള്‍ തൊപ്പി ധരിക്കുന്നു.
താഴികക്കുടം: മുസ്ലീം ആരാധനാലയങ്ങളും ശവകുടീരങ്ങളും നിര്‍മ്മിക്കുമ്പോള്‍, താഴികക്കുടങ്ങളാല്‍ മുകള്‍ഭാഗം നിര്‍മ്മിക്കുക എന്നത് പൊതുവെ കണ്ടുവരുന്ന പതിവാണ്. വൃത്താകൃതിയിലുളള താഴികക്കുടങ്ങള്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തിന്‍റെ പ്രതീകമാണ്. ആരാധനാലയങ്ങളുടെയും ശവകുടീരങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെടുന്ന ഭാഗം ചതുരാകൃതിയിലാണു നിര്‍മ്മിക്കുന്നത്. ഇതു ഭൗതിക യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു. ചതുരാകൃതിയിലുളള പ്രധാനരൂപത്തിനു മുകളില്‍ വൃത്താകൃതിയുലുളള താഴികക്കുടങ്ങള്‍ സൂചിപ്പിക്കുന്നത് സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുളള സംയോജനമാണ്. എന്നാല്‍, ശവകുടീരങ്ങളിലത് മരണത്തിലൂടെയുളള സംയോജനമാണ് സൂചിപ്പിക്കുന്നത്.
നിറങ്ങള്‍: മദ്ധ്യേഷ്യയിലെ മുസ്ലീം പതാകകള്‍ കറുപ്പോ പച്ചയോ ആണ്. മുസ്ലീങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിപത്തിയുളളത് പച്ചനിറത്തോടാണ്. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പുരാവസ്തുക്കളുടെ ശേഖരത്തില്‍ അസ്-സിജാക്വിഷ്-ഷരിഫ് (As- Sinjiaquash- Sharjif) എന്ന പോരോടെ ഒരു പ്രത്യേക പതാക കാണുന്നുണ്ട്. ഏറ്റവും വിശുദ്ധമായി കരുതപ്പെടുന്ന ഈ പതാക പ്രവാചകന്‍ ഉപയോഗിച്ചിരുന്നതാണത്രേ. താഴ് ഭാഗം സ്വര്‍ണ്ണംകൊണ്ട് ചിത്രപ്പണികള്‍ നടത്തിയിട്ടുളള തുണിയാണിത്. നാല് അടുക്കുകളുളള പട്ടുകൊണ്ടു നിര്‍മ്മിച്ച ഇതിന്‍റെ മുകള്‍ഭാഗം പച്ചനിറമാണ്. ഇതുകൊണ്ടാണ് പച്ചനിറത്തോട് മുസ്ലീം സമൂഹത്തിനു പൊതുവേ ആകര്‍ഷണം തോന്നിയത് എന്നു കരുതപ്പെടുന്നു.
786: ഖുറാനിലെ ഏറ്റവും പ്രധാനപ്പെട്ടതും മുസ്ലീം ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നതുമാണ് ഒന്നാമത്തെ സൂറത്തായ 'ഫത്തീഹ' (Fathiha). ഇതിലെ ആദ്യവാക്യത്തിന്‍റെ (ബിസ്മില്ലാഹിര്‍ റഹ്മാനിര്‍റഹിം) അറബി അക്ഷരങ്ങളുടെ മൂല്യത്തിന്‍റെ ആകെത്തുകയാണ് 786 എന്ന സംഖ്യ.
മുഹമ്മദു നബി
ജനനവും ബാല്യകാലവും: മെക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തില്‍ എ.ഡി. 570-ല്‍ മുഹമ്മദു ജനിച്ചു. അബ്ദുള്‍ മുത്താലിബിന്‍റെ (A) ഇളയമകൻ b-dal-Muttalibന്‍ അബ്ദുള്ളയുടെയും സൂറ (Zurah) ഗോത്രത്തില്‍പ്പെട്ട വഹബന്‍റെ (Wahab) പുത്രി ആമിനയുടെയും മകനായിട്ടാണ് മുഹമ്മദു ജനിച്ചത്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കഅബയുടെ സൂക്ഷിപ്പുകാരനായിരുന്നു മുത്താലിബ്. ഇസ്മായേലില്‍നിന്നു നേരിട്ടുള്ള വംശപരമ്പര അവകാശപ്പെടുന്ന ഖുറൈശിഗോത്രത്തില്‍ ഹാഷിം കുലത്തില്‍, കഅബയുടെ ആസ്ഥാനമായ മെക്കയാണ് മുഹമ്മദിന്‍റെ ജന്മസ്ഥലം.
മുഹമ്മദ് എന്ന പേരിന്‍റെ അര്‍ത്ഥം 'സ്തുതിക്കപ്പെട്ടവന്' എന്നാണ്. ആമിന മുഹമ്മദിനെ ഗര്‍ഭംധരിച്ച കാലത്ത് മുഹമ്മദിന്‍റെ പിതാവായ അബ്ദുള്ള ഗാസ്സയിലേക്ക് ഒരു യാത്രപോയിരുന്നു. തിരിച്ചു വരുന്നവഴി മെദീനിയ്ക്കടുത്ത് വച്ച് അദ്ദേഹം മരണമടഞ്ഞു. പുത്രനായ മുഹമ്മദിനെ കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായില്ല. ഖുറൈശി ഗോത്രപാരമ്പര്യമനുസരിച്ച് നവജാത ശിശുക്കളെ ധാത്രിയുടെ സംരക്ഷണത്തില്‍ മരുഭൂമിയിലേക്കയയ്ക്കുക പതിവായിരുന്നു. അപ്രകാരം ഹലീമ (Halimah) യുടെ സംരക്ഷണത്തില്‍ അഞ്ചുവര്‍ഷക്കാലം മുഹമ്മദു മരുഭൂമിയില്‍ വളര്‍ന്നു.
ഹീറ ഗുഹയില്‍ വച്ചുണ്ടായ ദിവ്യദര്‍ശനത്തിനുശേഷമാണു നബി എന്ന പേരു മുഹമ്മദിനു നല്‍കപ്പെട്ടത് (നബി എന്ന വാക്കിന്‍റെ അര്‍ത്ഥം പ്രവാചകന്‍ എന്നാണ്). തുടര്‍ന്നു പലരും നബിയുടെ മാര്‍ഗ്ഗം സ്വീകരിച്ചു. ഇതില്‍ ആദ്യകാലത്തു മാനസാന്തരപ്പെട്ടവരാണു ഖദീജയും ഖദീജയുടെ ബന്ധുവും ക്രൈസ്തവ വേദങ്ങളില്‍ പണ്ഡിതനുമായിരുന്ന വറക്കത്തിബുനുനൗഫലും. പിന്നീട് അവരുടെ ഗണത്തിലേക്ക് അബൂബക്കറും ചേര്‍ന്നു. അങ്ങനെ, മെക്കയില്‍ നബിയുടെ നേതൃത്വത്തില്‍ ഒരു പ്രാര്‍ത്ഥനാ സമൂഹം രൂപംകൊണ്ടു.
പുതുതായി രൂപമെടുത്ത ഈ പ്രാര്‍ത്ഥനാ സമൂഹത്തോടു സഹിഷ്ണുതയോടെ പെരുമാറാന്‍ മക്കയില്‍ നിലവിലിരുന്ന മതസമൂഹങ്ങള്‍ക്കു കഴിഞ്ഞില്ല. അവരില്‍ ചിലര്‍ നബിയെ ഒരു മന്ത്രവാദിയായി ആരോപിച്ചു പീഡിപ്പിക്കാന്‍ തുടങ്ങി. ഈ പീഡനം രൂക്ഷമായപ്പോള്‍, അദ്ദേഹത്തിനു സംരക്ഷണം നല്‍കിയത് പിതൃസഹോദരനായ അബുതാലിബ് ആയിരുന്നു. നബിയുടെ പ്രധാനാശയങ്ങള്‍ ദൈവത്തിലുള്ള ഏകത്വം, അന്ത്യവിധി, ദൈവത്തിലുള്ള സമര്‍പ്പണം എന്നിവയായിരുന്നു. മെക്കയിലെ ജനങ്ങളുടെ ലൗകികതയ്ക്കും വിഗ്രഹാരാധനയ്ക്കും എതിരായും നബി സംസാരിച്ചു.
632 ജൂണ്‍ 8-ാം തീയതി തിങ്കളാഴ്ച കലശലായ പനി ബാധിച്ചിരുന്ന നബി ദീര്‍ഘമായ പ്രാര്‍ത്ഥനയിലായിരിക്കേ ഈ ലോകത്തോടു വിടപറഞ്ഞു.
ഇസ്ലാംമതം ഇന്ത്യയില്‍
724- ല്‍ സിന്ധ് ഖലീഫയുടെ നേരിട്ടുളള ഭരണത്തിന്‍കീഴിലായി. ഇന്ത്യയില്‍ ഇസ്ലാംമതത്തിന്‍റെ വളര്‍ച്ച 18-ാം നൂറ്റാണ്ടുവരെ നീണ്ടുനില്ക്കുന്നതാണ്. 1001-നും 1027-നും ഇടയില്‍ ഗസ്സ്ന (Ghazna) യിലെ മുഹമ്മദ് ഇന്ത്യയില്‍ 17 ആക്രമണങ്ങള്‍ നടത്തി. 1185 -ല്‍ പഞ്ചാബ് അറബികളുടെ കീഴിലായി. ഡല്‍ഹിയും മറ്റു സ്ഥലങ്ങളും കീഴടക്കിയ മുഹമ്മദു ഗോറി ഭരണം കുത്തബ്ദീന്‍ ഐബക്കിനെ ഏല്പിച്ചശേഷം മടങ്ങിപ്പോയി. 1206-ല്‍ മുഹമ്മദു ഗോറി വധിക്കപ്പെട്ടപ്പോള്‍ കുത്തബ്ദീന്‍ ഐബക് ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താനായി. അയോദ്ധ്യ, കാശി,ഗയ എന്നിവ അദ്ധേഹത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു.
ഇന്ത്യയിലെ മുസ്ലീം മതത്തിന്‍റെ വളര്‍ച്ച ഏറ്റവും ശക്തമായത് 1526-നും 1707-നും ഇടയ്ക്കു ഭരിച്ച മുഗള്‍ രാജവംശത്തിന്‍റെ കാലത്താണ്. ഇക്കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ നല്ലൊരു ഭാഗവും മുസ്ലീം ഭരണത്തിന്‍ കീഴിലായി. 1526-ലെ പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോദിയെ കീഴ്പ്പെടുത്തിയാണ് ബാബര്‍ മുഗള്‍സാമ്രാജ്യം സ്ഥാപിച്ചത്. അദ്ധേഹം ഡല്‍ഹിയും ആഗ്രയും മുഗള്‍സാമ്രാജ്യത്തിന്‍റെ തലസ്ഥാനങ്ങളാക്കി. 1556 മുതല്‍ 1605 വരെ മുഗള്‍ചക്രവര്‍ത്തി ആയിരുന്ന അക്ബറിന്‍റെ കാലത്താണ് ഇസ്ലാംമതം ഇന്ത്യയിലെ മതസാംസ്കാരിക മേഖലയില്‍ ഏറ്റവും കൂടുതല്‍ പുരോഗമിച്ചത്. അദ്ധേഹം ജസ്യൂട്ട് മിഷനറിമാര്‍ക്ക് ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാന്‍ അനുവാദം നല്കി. രാമായണം, മഹാഭാരതം മുതലായ ഹൈന്ദവവേതിഹാസങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ മുന്‍കൈയെടുത്തതും അക്ബര്‍ ചക്രവര്‍ത്തിയാണ്.
7-ാം നൂറ്റാണ്ടില്‍ത്തന്നെ ഇസ്ലാംമതം കേരളത്തില്‍ വന്നു. അറേബ്യയില്‍നിന്ന് ഒരുകൂട്ടം മുസ്ലീങ്ങള്‍ മാലിക് ബ്നുദീനാറിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെത്തി താമസമുറപ്പിച്ചു. 642-43 ലാണ് ഇവരുടെ ആഗമനം. ഇവരായിരിക്കാം കേരളത്തിലെത്തിയ ആദ്യത്തെ മുസ്ലീം സമൂഹം കേരളത്തില്‍ ഇന്നും 'മാപ്പിള സമൂഹം' എന്ന് ഇവര്‍ അറിയപ്പെടുന്നു. മുസ്ലീം രാജ്യങ്ങളും കേരളവും തമ്മിലുളള വ്യാപാരബന്ധങ്ങളും ഇവിടെ ഇസ്ലാംമതം പ്രചരിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇസ്ലാംമത പ്രചാരണത്തിന് കേരള രാജക്കന്മാര്‍ ഒരിക്കലും തടസ്സം നിന്നിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
വിശ്വാസപ്രമാണങ്ങള്‍
എല്ലാ മതങ്ങളിലും എന്നപോലെ ഇസ്ലാംമതവും അനുയായികളില്‍ നിന്നു ചില അടിസ്ഥാന സത്യങ്ങളിലുളള വിശ്വാസം ആവശ്യപ്പെടുന്നു.
അല്ലാഹുവിലുളള വിശ്വാസം
ഇസ്ലാംമതത്തിലെ ദൈവമാണ് അല്ലാഹു. ഈ അറബിവാക്കിന്‍റെ അര്‍ത്ഥം "സംശുദ്ധനും പരമകാരുണികനുമായ ദൈവികസത്ത" എന്നാണ്. ദ ഗോഡ് (The god) എന്ന ഇംഗ്ലീഷ് സംജ്ഞയ്ക്കു തുല്യമാണിത്. അല്‍ വേല എന്നതിനോട് ഇലാഹ് (God -ദൈവം) എന്ന പദം ചേര്‍ന്നാണ് അല്ലാഹു ആയത്. ഈശ്വരന്‍ ഒന്നേ ഉളളൂവെന്നും അത് അല്ലാഹു മാത്രമാണെന്നും മുസ്ലീംങ്ങള്‍ വിശ്വസിക്കുന്നു. പ്രവാചകനും ഖുര്‍ആനും മുമ്പു മുതല്‍ തന്നെ അല്ലാഹു എന്ന നാമം ദൈവനാമമായി ഉപയോഗിച്ചിരുന്നു. ഉദാഹരണമായി, പ്രവാചകന്‍റെ പിതാവിന്‍റെ പേര് 'ദൈവദാസന്‍' എന്നര്‍ത്ഥമുളള 'അബ്ദുളള' (abd-allah) എന്നായിരുന്നു. ഇതിനോടു സമാനമായ ദൈവനാമം അറബി സംസാരിച്ചിരുന്ന പൗരസ്ത്യ ക്രിസ്ത്യാനികളും യഹൂദരും ഉപയോഗിച്ചിരുന്നതായും കാണാം. അല്ലാഹുവിലുളള വിശ്വാസത്തില്‍ മൂന്ന് ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു:
പരിശുദ്ധ ഖുര്‍ആനിലുളള വിശ്വാസം
ഖുറാന്‍ വചനങ്ങള്‍ മനുഷ്യസൃഷ്ടിയല്ല; അല്ലാഹുവിന്‍റെ വചനങ്ങളാണ്. പാരായണം (recitation) എന്നാണ് ഖുര്‍ആന്‍ എന്ന വാക്കിന്‍റെ വാച്യാര്‍ത്ഥം. നബിക്ക് 40 മുതല്‍ 63 വരെയുളള വയസ്സുകള്‍ക്കിടയില്‍ പല സന്ദര്‍ഭങ്ങളിലായി അല്ലാഹുവില്‍നിന്ന് നേരിട്ടു ലഭിച്ചിട്ടുളള വചനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതാണു ഖുര്‍ആന്‍. ഖുറാന്‍റെ ഭാഷ അറബിയാണ്. 6506 സൂക്തങ്ങളും 80,000 പദങ്ങളുമുളള ഈ വിശിഷ്ട ഗ്രന്ഥത്തില്‍ 320,000 അക്ഷരങ്ങളാണുളളത്. ഖുറാന്‍ 114 സൂറത്തുകള്‍ (അദ്ധ്യായങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന വിശേഷതരമായ ഒരു തകിടില്‍ അനാദികാലം മുതല്‍ക്കേ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഗതികളാണ് ഖുറാനിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. ഇത് ഉന്നത സ്വര്‍ഗ്ഗത്തില്‍നിന്ന് താഴ്ന്ന സ്വര്‍ഗ്ഗത്തിലേക്കും അവിടെനിന്ന് നബിക്കും എത്തിച്ചുകൊടുത്തത് ഗബ്രിയേല്‍ മലക്ക് ആണ്.
ഖുര്‍ആന്‍ രൂപീകരണം: അല്ലാഹുവില്‍നിന്നുളള സന്ദേശം മൂന്നു രീതികളിലാണ് ലഭിച്ചതെന്നു ഖുര്‍ആന്‍ സാക്ഷിക്കുന്നു.
1. മനുഷ്യരൂപത്തില്‍ ഒരു മലക്ക് (....) വന്നു നബിയോടു നേരിട്ടു സംസാരിക്കുന്നു.
അല്ലാഹുവില്‍ നിന്നു ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ വളരെ സൂക്ഷ്മതയോടെ നബിതന്നെ രേഖപ്പെടുത്താറുണ്ടായിരുന്നുവെന്നു പറയുന്നവരുണ്ട്. സന്ദേശത്തിലെ വാക്കുകള്‍പോലും വളളിപുളളി വ്യത്യാസം വരാതെ പ്രവാചകന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്ന സൂചനയാണു ഖുറാനിലുളളത്. "അതിനെ (അല്ലാഹുവിന്‍റെ വചനങ്ങളെ) ഒരുമിച്ചുകൂട്ടലും ഓതിത്തരലും നിശ്ചയമായും നമ്മുടെ ബാധ്യതയാണ്. അതുകൊണ്ട്, നാം ഓതിത്തന്നാല്‍ അതിന്‍റെ ഓത്ത് താങ്കള്‍ പിന്തുടരുക. പിന്നെ, അതു വിശദീകരിക്കേണ്ടതും നമ്മുടെ ബാധ്യത തന്നെയാണ് "(ഖു.75:17; 18,19). എന്തുതന്നെയായാലും നബിയുടെ കാലത്തു ഖുറാന്‍ ഗ്രന്ഥരൂപത്തിലായിത്തീര്‍ന്നിരുന്നില്ല, വാമൊഴിയായിട്ടാണു കൈമാറിയിരുന്നത്.
ഖുറാന്‍ എഴുതപ്പെടാനുണ്ടായ സാഹചര്യം താഴെപ്പറയുന്നതാണ്. നബിയുടെ മരണശേഷം യമാമ (Yamamah) യിലെ ജനങ്ങളുമായി ഉണ്ടായ യുദ്ധത്തില്‍, ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന 500-ഓളം പേര്‍ മരണമടയുകയുണ്ടായി. അങ്ങനെ, ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നവരുടെ എണ്ണം വളരെ കുറഞ്ഞതിനാല്‍, ഖലീഫ അബുബക്കര്‍ ഖുര്‍ആന്‍റെ ഗ്രന്ഥരൂപം തയ്യാറാക്കുവാന്‍ നിര്‍ദേശിച്ചു. അതനുസരിച്ചു ഹസ്രത്ത്- സെയ്ദ്-ഇബ്നു-താസിക് എന്നയാള്‍ പല വാമൊഴി പാരമ്പര്യങ്ങളും സമാഹരിച്ച് ഒറ്റ ഗ്രന്ഥമാക്കി ഖലീഫയെ ഏല്പിച്ചു. ഇതിന്‍റെ പ്രതികളാണ് ഇന്നു ലോകമെമ്പാടും പ്രചാരത്തിലിരിക്കുന്നത്. മൂന്നാമത്തെ ഖലീഫ ഉസ്മാന്‍ ആണു ഖുര്‍ആന്‍ വചനങ്ങളുടെ ഉച്ചാരണത്തില്‍ തെറ്റുവരാത്തവിധം സ്വരചിഹ്നങ്ങള്‍ ക്രമപ്പെടുത്തിയത്.
ഖുറാനിലെ അടിസ്ഥാനചിന്തകള്‍
3. പ്രവാചകന്മാരിലുളള വിശ്വാസം
അല്ലാഹുവില്‍നിന്നു മനുഷ്യരിലേക്കു സന്ദേശങ്ങള്‍ കൈമാറുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്ക്കുകയും ചെയ്തിരുന്നവരാണ് പ്രവാചകന്മാര്‍. പ്രവാചകന്മാരെ സൂചിപ്പിക്കുവാന്‍ മൂന്നു വാക്കുകളാണ് അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്. 1. നബി (Nabi) 2. റസൂല്‍ (Rasul) 3. മുര്‍സല്‍ (Mursal) ഈ വാക്കുകളുടെയെല്ലാം അര്‍ത്ഥം സന്ദേശവാഹകന്‍ എന്നാണ്. ഇവരില്‍ അല്ലാഹുവില്‍നിന്നു നേരിട്ടു സന്ദേശം ലഭിച്ച ആളാണു നബി. അല്ലാഹുവിന്‍റെ ഏതെങ്കിലും ഒരു പ്രത്യേക ദൗത്യം ഏറ്റെടുത്തിട്ടുളളവരാണു റസൂലും മുര്‍സലും.
ആദം, അലിയാസ (ഏലിശാ), അയൂബ് (ജോബ്), ദാവൂദ് (ദാവീദ്), ദുവാല്‍ക്കിഫില്‍ (എസക്കിയേല്‍), ഇബ്രാഹിം (അബ്രാഹം), ഈശാ (യേശു), ഇസ്ഹാക്, ഇസ്മയില്‍ (ഇസ്മായേല്‍), മൂസ്സ (മോശ), ഇന്ദ്രീസ് (എനോക്ക്), ഇലിയാസ് (ഏലിയ), ലുക്ക്മാന്‍ (ഈസോപ്പ് അല്ലെങ്കില്‍ ബാലാം), ലൂത്ത് (ലോത്ത്), സുലൈമാന്‍ (സോളമന്‍), യൂനസ്സ് (യോന), ഉസായില്‍ (എസ്ര), യഹിയാ (സ്നാപകയോഹന്നാന്‍), യാക്കൂബ് (യാക്കോബ്), യൂസൂഫ് (ജോസഫ്), ദുല്‍കര്‍യിന്‍ (അലക്സാണ്ടര്‍), സുല്‍ - കിഫില്‍ (ഏശയ്യ), ഹൂദ് മുഹമ്മദ്, സാലിഹ്, അയ്ബ് തുടങ്ങി ഇരുപത്തെട്ടോളം പ്രവാചകന്മാരുടെ പേരുകള്‍ ഖുറാനില്‍ കാണാം. യഹൂദരുടെയും അറബികളുടെയും പൊതു പിതാവാണ് അബ്രാഹം.
പാരമ്പര്യ പ്രകാരം ആദം മുതല്‍ മുഹമ്മദു നബിവരെ 1,24,000 പ്രവാചകന്മാരാണ് ഭൂമിയിലേക്കു അയയ്ക്കപ്പെട്ടിരിക്കുന്നത്. ഖുറാന്‍ പഠനമനുസരിച്ച് പ്രവാചകനെ ലഭിക്കാത്ത ഒരൊറ്റ ജനസമൂഹവും ഇന്നേവരെ ഉണ്ടായിട്ടില്ല (ഖു.10:47; 13:7). അതിനാല്‍, അല്ലാഹുവില്‍നിന്ന് അയയ്ക്കപ്പെട്ടിരിക്കുന്നു എന്നു ബോധ്യപ്പെട്ട എല്ലാ പ്രവാചകന്മാരെയും സ്വീകരിക്കുവാനാണ് ഇസ്ലാംമതം പഠിപ്പിക്കുന്നത്.
മലക്കുകളിലുളള (മാലാഖമാര്‍) വിശ്വാസം
'ഒരു പ്രത്യേക ദൗത്യത്തിനയയ്ക്കുക' എന്നര്‍ത്ഥമുളള "ലാക്ക" (laakh) എന്ന ധാതുവില്‍നിന്നാണ് മാലാഖ എന്നര്‍ത്ഥമുളള മലക്ക് എന്ന വാക്കിന്‍റെ ഉത്ഭവം. ഖുറാനില്‍ 80-ലധികം പ്രാവശ്യം ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക വീക്ഷണമനുസരിച്ച് സൃഷ്ടി, വെളിപാട്, പ്രവചനം, ആരാധന, ആദ്ധ്യാത്മികജീവിതം, മരണം, പുനരുത്ഥാനം, ലോകത്തില്‍ അനുദിനം നടക്കുന്ന സംഭവങ്ങള്‍ തുടങ്ങിയവയൊന്നും മലക്കുകളെ കൂടാതെ മനസ്സിലാക്കുക സാധ്യമല്ല. ദൈവത്തിനും ദൃശ്യപ്രപഞ്ചത്തിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശധോരണികളും അദൃശ്യങ്ങളായ ആത്മീയസത്തകളുമാണു മലക്കുകള്‍. പ്രകാശംകൊണ്ടാണ് ഇവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ഇസ്ലാംമത വിശ്വാസം അനുസരിച്ചുളള മലക്കുകള്‍
യുഗാന്ത്യത്തിലുളള വിശ്വാസം
മരണത്തിന്‍റെ മലക്ക് എന്നറിയപ്പെടുന്ന അസ്രായിലിന്‍റെ ഇടപെടല്‍ മൂലമാണു മരണം സംഭവിക്കുന്നത്. മരിച്ച വ്യക്തി തന്‍റെ ശരീരത്തെപ്പറ്റി ബോധവാനാണ്. കബറിലെ (കല്ലറ) ആദ്യസമയത്തുതന്നെ നക്കീര്‍, മുന്‍കര്‍ എന്നീ മലക്കുകള്‍ മരിച്ച വ്യക്തിയെ അയാളുടെ വിശ്വാസത്തെക്കുറിച്ചു ചോദ്യം ചെയ്യുന്നു. മരണദിവസം മുതല്‍ അന്ത്യവിധി ദിവസം വരെയുളള സമയം ബര്‍സ്സാക്ക് (barzakh) എന്നാണ് അറിയപ്പെടുന്നത്. മനുഷ്യാത്മാവ് അനശ്വരമാണെന്നും മരണത്തോടെ അതു നശിക്കുന്നില്ലെന്നും മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, മരണത്തിനും അന്ത്യവിധിക്കുമിടയില്‍ ആത്മാവ് എവിടെ ആയിരിക്കുമെന്ന് പ്രതിപാദിച്ചു കാണുന്നില്ല.
അന്ത്യവിധി: അന്ത്യവിധിനാളില്‍ ആദ്യം സംഭവിക്കുന്നത് മഹ്ദിയുടെ പുറപ്പാടാണ്. ശേഷം യേശുവിന്‍റെ രണ്ടാമത്തെ ആഗമനമാണ്. യേശു വീണ്ടും വരുന്നത് അന്തിക്രിസ്തുവിനെ (അല്‍-ദജാല്‍) നശിപ്പിക്കുവാനാണ്. പിന്നീട് ഇസ്റാഫില്‍ മലക്കു കാഹളം മുഴക്കുമ്പോള്‍ ഈ ലോകത്തിന്‍റെ അവസാനമായി. "കാഹളം ഊതപ്പെടും. അപ്പോള്‍ അവരതാ കബറുകളില്‍ നിന്നും തങ്ങളുടെ നാഥനിലേക്കു ധൃതിയില്‍ പോകുന്നു. അവര്‍ പറയും - എന്തൊരു നാശം ! ഉറങ്ങിയിടത്തുനിന്നു ഞങ്ങളെ എഴുന്നേല്പിച്ചത് ആരാണ്? ഇത് കരുണാനിധിയായ അല്ലാഹു വാഗ്ദാനം ചെയ്യുകയും ദൂതന്മാര്‍ സത്യം ചെയ്യുകയും ചെയ്തിട്ടുളളതാണ്"(ഖു.36:51-52).
എല്ലാ മനുഷ്യരും തങ്ങളുടെ പ്രവൃത്തികള്‍ക്കനുസരണമായി തൂക്കി അളന്നു വിലയിരുത്തപ്പെടുന്നത് അന്ത്യനാളിലാണ്. ഈ പ്രപഞ്ചം പരിവര്‍ത്തനത്തിനു വിധേയമാകും. പ്രപഞ്ചത്തിലെ ഗോളങ്ങളെല്ലാം തകരും. വലിയ പ്രളയം ഉണ്ടാകുകയും ചെയ്യും. ഇതെല്ലാം പെട്ടെന്നാണു സംഭവിക്കുന്നത് (ഖു.18:187). ആ അവസരത്തില്‍ ഭയാനകമായ ഭൂമികുലുക്കമുണ്ടാകുകയും മനുഷ്യരെല്ലാം ഭയപ്പെട്ടു വിറയ്ക്കുകയും ചെയ്യും. "നിങ്ങള്‍ അതു കാണുന്ന ദിവസം മുലകൊടുക്കുന്ന എല്ലാ സ്ത്രീകളും കുഞ്ഞുങ്ങളെക്കുറിച്ച് അശ്രദ്ധരാകും. ഗര്‍ഭിണികളുടെയെല്ലാം ഗര്‍ഭം പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ ലഹരി ബാധിച്ചവരായി നിങ്ങള്‍ കാണും. യഥാര്‍ത്ഥത്തില്‍ അവര്‍ ലഹരി ബാധിച്ചവരല്ല; അല്ലാഹുവിന്‍റെ ശിക്ഷ കഠിനമായതാണ്" (ഖു.22:2).
എല്ലാ മനുഷ്യരും അന്നു വിധിക്കു വിധേയരാകും. ഒരു രഹസ്യവും അന്ന് അവശേഷിക്കില്ല. ഓരോ മനുഷ്യനും അവനവന്‍റെ പ്രവൃത്തികള്‍ രേഖപ്പെടുത്തിയ പുസ്തകം നല്കപ്പെടും. "അപ്പോള്‍ ആര്‍ക്കാണോ സ്വന്തം പുസ്തകം തന്‍റെ വലതുകൈയില്‍ നല്കപ്പെട്ടിരിക്കുന്നത് അവന്‍ പിന്നീടു ലഘുവായ നിലയ്ക്കുമാത്രം വിചാരണ ചെയ്യപ്പെടുകയും സന്തുഷ്ടനാക്കുകയും ചെയ്യും. എന്നാല്‍, ആര്‍ക്കാണോ തന്‍റെ പുസ്തകം സ്വന്തം മുതുകിന്‍റെ പിന്നിലൂടെ നല്കപ്പെടുന്നത് അവന്‍ പിന്നീട് എന്‍റെ നാശമേ എന്നു നിലവിളിക്കുന്നതും ജ്വലിക്കുന്ന നരകാഗ്നിയില്‍ പ്രവേശിക്കുന്നതുമാണ് " (ഖു. 84:7-12).
ഓരോരുത്തനും തന്‍റെ പ്രവൃത്തികള്‍ക്കനുസരണമായിട്ടായിരിക്കും ചോദ്യംചെയ്യപ്പെടുന്നത്. നരകത്തിനു മുകളിലൂടെ ഒരു പാലം അനാദി മുതലേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതു നല്ലവര്‍ക്കു വീതിയുളളതായും തിന്മപ്രവര്‍ത്തിച്ചവര്‍ക്കു വാള്‍മുനയെക്കാള്‍ ഇടുങ്ങിയതായും അനുഭവപ്പെടും. ഈ പാലത്തിന് ഏഴു കേന്ദ്രങ്ങളുണ്ട്. ഏഴു കേന്ദ്രങ്ങളിലും വെച്ച് മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. ഒന്നാമത്തേതില്‍ വിശ്വാസ സാക്ഷ്യത്തെപ്പറ്റിയും രണ്ടാമത്തേതില്‍ പ്രാര്‍ത്ഥനയെപ്പറ്റിയും മറ്റുമാണു ചോദ്യം ചെയ്യുക. തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏഴുകേന്ദ്രങ്ങളും പിന്നിട്ട് സ്വര്‍ഗ്ഗത്തിലെത്തുവാന്‍ വിഷമം അനുഭവപ്പെടും.
സ്വര്‍ഗ്ഗം: ഇസ്ലാംമതവിശ്വാസം അനുസരിച്ച് സ്വര്‍ഗ്ഗം എന്നതു മനോഹരമായ ഒരു തോട്ടമാണ്. അല്‍ - ജന്ന (Al-Jannah), ഫിര്‍ദാസ് (Firdas-പറുദീസ), സാമ (Sama) എന്നീ വാക്കുകളാണു സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുവാന്‍ ഖുറാന്‍ ഉപയോഗിച്ചിരിക്കുന്നത്.
സ്വര്‍ഗ്ഗത്തെപ്പറ്റി ഖുറാന്‍ വിവരിക്കുന്നു: "ഭയഭക്തിയുളളവര്‍ക്കു വാഗ്ദാനംചെയ്യപ്പെട്ട സ്വര്‍ഗ്ഗത്തിന്‍റെ സ്ഥിതി ഇതാണ്. അതില്‍ തെളിഞ്ഞ വെളളത്തിന്‍റെ അരുവികളും രുചിവ്യത്യാസം വരാത്ത പാലിന്‍റെ അരുവികളും രുചികരമായ മദ്യത്തിന്‍റെ അരുവികളും ശുദ്ദീകരിക്കപ്പെട്ട തേനിന്‍റെ അരുവികളും ഉണ്ട്. അവിടെ എല്ലാത്തരം പഴങ്ങളും ഉണ്ടായിരിക്കും. തങ്ങളുടെ രക്ഷിതാവില്‍ നിന്നുളള പാപമോചനവും" (ഖു. 47:15). ഖുറാന്‍ തുടരുന്നു: "സ്വര്‍ണ്ണനൂലുകള്‍കൊണ്ടു മെനഞ്ഞുണ്ടാക്കിയ കട്ടിലുകളില്‍ അവര്‍ സുഖം അനുഭവിക്കും. സേവനവുമായി അവിടെ ബാലന്മാര്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കും. മദ്യംനിറച്ച കോപ്പകളും കൂജകളും അവിടെ ഉണ്ട്. പക്ഷേ, ലഹരി അവരെ ബാധിക്കുകയില്ല. അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളും അവര്‍ ആഗ്രഹിക്കുന്ന പക്ഷികളുടെ മാംസവും അവര്‍ക്കു ലഭിക്കും. വിശാലാക്ഷികളായ വെളുത്ത സുന്ദരിമാര്‍ അവിടെ ഉണ്ടായിരിക്കും. ചിപ്പികളില്‍ മറച്ചു സൂക്ഷിക്കപ്പെട്ട മുത്തുകള്‍ പോലെയുളള സുന്ദരികള്‍ (ഖു.56:15-23).
നരകം: അല്ലാഹുവിനാല്‍ ശപിക്കപ്പെട്ട മനുഷ്യര്‍ നിത്യകാലത്തേക്കു പീഡനം അനുഭവിക്കുന്ന സ്ഥലമാണു നരകം. അന്‍ - നാര്‍ ( An-Nar= അഗ്നി), ജഹന്നാന്‍ ( Jahannan-ഗേഹന്ന), അല്‍ - ജാഹിം ( Al-Jahim=ആളിപ്പടരല്‍), അസ് - സയിര്‍ (As-Sair=അഗ്നിജ്വാല), അസ്-സാക്വിര്‍ (As-Saguir=കുത്തിക്കയറുന്ന അഗ്നി), അല്‍ - ഹാവിയാഹ് (Al-Hawiyah=ഗര്‍ത്തം), അല്‍ ഹുത്താമ (Al-Jutamah=ഞെരുക്കം) എന്നീ വാക്കുകളാണ് 'നരക'ത്തെ സൂചിപ്പിക്കാന്‍ ഖുറാന്‍ ഉപയോഗിച്ചിരിക്കുന്നത്. നരകത്തിലെ ജീവിതം ജ്വലിക്കുന്ന അഗ്നിയിലെ ജീവിതമാണ്. അവിടെ തണുപ്പോ വെള്ളമോ ഇല്ല (ഖു. 77:24). കഠിന ചൂടുള്ള വെള്ളമാണു കുടിക്കുവാന്‍ കിട്ടുന്നത് (ഖു. 47:15). കഴുത്തും കാലുകളും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കും (ഖു. 76:4). ശിക്ഷ അനുഭവിക്കുക എന്നതല്ലാതെ നരകത്തില്‍ മരണം സംഭവിക്കുന്നില്ല (ഖു. 20:74).
നരകത്തിന് ഏഴു വാതിലുകളാണുള്ളത് (ഖു. 15:44). ഖുറാന്‍ വ്യാഖ്യാതാക്കള്‍ ഈ ഏഴു വാതിലുകളെ നരകത്തിന്‍റെ ഉള്ളില്‍ത്തന്നെയുള്ള ഏഴു ഭാഗങ്ങളായി കാണുന്നു.
പ്രവൃത്തിയുടെ അഞ്ചു തൂണുകള്‍
അല്ലാഹുവിന്‍റെ ഏകത്വവും മുഹമ്മദു നബിയുടെ പ്രവാചകത്വവുമാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. വിശ്വസിച്ചാല്‍ മാത്രം പോര, വിശ്വസിക്കുന്ന കാര്യം പ്രഖ്യാപിക്കുകകൂടി ചെയ്യണമെന്ന് ഇസ്ലാംമതം അനുശാസിക്കുന്നു.
മതകര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അനുശാസിക്കപ്പെട്ടിരിക്കുന്ന കര്‍മ്മമാണ് സലാത്ത് അഥവാ നിസ്കാരം. മുഹമ്മദു നബിക്കു പ്രവാചക പദവി നല്കിയതിനെത്തുടര്‍ന്ന അല്ലാഹു ആദ്യം ആവശ്യപ്പെട്ടത് നിസ്കാരം അനുഷ്ഠിക്കുവാനാണ്. നബിയുടെ അന്തിമോപദേശവും "നിങ്ങള്‍ നിസ്കാരത്തെ മുറുകം പിടിക്കണം" എന്നതാണ്. പൂര്‍വ്വകാല പ്രവാചകന്മാരും പിതാക്കന്മാരും ആചാരപ്രകാരം നിസ്കരിക്കുകയും അവ അനുഷ്ഠിക്കാന്‍ പിന്‍തലമുറക്കാരെ നിര്‍ദ്ദേശിക്കുകയും ചെയ്തതായി കാണാം.
ഒരു മുസ്ലീമിന് ഏതു സമയത്തും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. എന്നാല്‍, നിശ്ചയിക്കപ്പെട്ടിരിക്കുന്ന അഞ്ചുനേരത്തെ നിസ്കാരം കൃത്യസമയത്തുതന്നെ നിര്‍വഹിക്കണം. അഞ്ചുനേരം നിസ്കരിക്കണമെന്ന് നബിയുടെ ദിനചര്യയില്‍ നിന്നാണു മനസ്സിലാക്കുന്നത്. നിസ്കാരസമയങ്ങള്‍ ഇവയാണ്: 1. സൂര്യോദയത്തിനുമുമ്പ് (സുബഹി) 2. ഉച്ചതിരിഞ്ഞ് ഉടന്‍ (സുഹര്‍) 3. ഉച്ചതിരിഞ്ഞ് അല്പം വൈകി (അസ്സര്‍) 4. സൂര്യാസ്തമയം കഴിഞ്ഞ ഉടനെ (മഗ്ഗരീബ്) 5. സൂര്യാസ്തമയത്തിനുശേഷം ഏകദേശം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് (ഇശ). സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുംമുമ്പ് താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. രാത്രിസമയങ്ങളിലും പകലിന്‍റെ ഭാഗങ്ങളിലും അവന്‍റെ പരിശുദ്ധിയെ വാഴ്ത്തുക. എന്നാല്‍, താങ്കള്‍ക്കു സംതൃപ്തി ലഭിക്കും (ഖു. 20:130).
നിസ്കാരത്തിനുള്ള സമയമാകുമ്പോള്‍ പള്ളിയില്‍നിന്നു ബാങ്ക് വിളി ഉയരും. ബാങ്കു വിളിക്കുന്ന ആള്‍ മു അദിന്‍ എന്നാണ് അറിയപ്പെടുന്നത്. ബാങ്കുവിളിയില്‍ നാം ഇപ്രകാരം ശ്രവിക്കുന്നു:
അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ അല്ലാഹുവാണ് സര്‍വ്വോന്നതന്‍
അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍
അശ്ഹദു അല്‍ലാ അല്ലാഹു അല്ലാതെ ആരാധനയ്ക്ക്
ഇലാഹ ഇല്ലല്ലാഹ് അര്‍ഹനായി മറ്റാരുമില്ല എന്നു ഞാന്‍
അശ്ശ്ഹതു അല്‍ലാ സാക്ഷ്യം വഹിക്കുന്നു
ഇലാഹ ഇല്ലല്ലാഹ്
അശ്ഹദു അന്ന മുഹമ്മദ് അല്ലാഹുവിന്‍റെ
മുഹമ്മദു റസൂലുല്ലാഹ് ദൂതനാണെന്നു ഞാന്‍
അശ്ഹതു അന്ന സാക്ഷ്യം വഹിക്കുന്നു
മുഹമ്മദു റസൂലുല്ലാഹ്
ഹൈയാല സ്വലാഹ്
ഹൈയാല സ്വലാഹ് നിസ്കാരത്തിനു വരിക
ഹൈയ്യാല്‍ ഫലാഹ്
ഹൈയ്യാല്‍ ഫലാഹ് വിജയത്തിലേക്കു വരിക
അല്ലാഹു അക്ബര്‍ അല്ലാഹുവാണ് സര്‍വ്വോന്നതന്‍
അല്ലാഹു അക്ബര്‍ അല്ലാഹു അല്ലാതെ ആരാധനയ്ക്ക്
ലാ ഇലാഹ ഇല്ലല്ലാഹ് അര്‍ഹനായി മറ്റാരുമില്ല.
നിസ്കാരത്തിനു വരുന്നതിനുമുമ്പ് ചില ശുദ്ധീകരണ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. നിസ്കാരം നടത്തുന്ന ആളുടെ ശരീരവും വസ്ത്രങ്ങളും നിസ്കാരം നടത്തുന്ന സ്ഥലവും പരിപ്പൂര്‍ണമായും ശുദ്ധമായിരിക്കണം . അതിനായി അവര്‍ കൈപ്പത്തിയും (മൂന്നു പ്രാവിശ്യം) രണ്ടു കൈമുട്ടുകളും മുട്ടുവരെയും (മൂന്നു പ്രാവിശ്യം) വായും (മൂന്നു പ്രാവിശ്യം) മൂക്കും മുഖം മുഴുവനും രണ്ടു കൈകള്‍ക്കൊണ്ടും (മൂന്നു പ്രാവിശ്യം) നെറ്റിമുതല്‍ താടിയെല്ലു വരെയും ചെവിമുതല്‍ ചെവിവരെയും കഴുകി ശുദ്ധമാക്കേണ്ടതുണ്ട്.
നിസ്കാരം എപ്പോഴും മക്കയിലെ കഅബയിലേക്കു തിരഞ്ഞായിരിക്കണം. ശുദ്ധമായി ഏതു സ്ഥലത്തും നിസ്കരിക്കാമെങ്കിലും ഏറ്റവും ഉചിതമായ സ്ഥലം പള്ളിതന്നെയാണ്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞുള്ള നിസ്കാരത്തിനു പകരം പ്രദേശത്തെ മുസ്ലീംങ്ങള്‍ ഒരുമിച്ച്ചേര്‍ന്ന് 'ജുമഅ' നിസ്കാരം നിര്‍വ്വഹിക്കുന്നു. ഇത് എല്ലാ മുസ്ലീംങ്ങള്‍ക്കും നിര്‍ബന്ധമാണ്. ഈ നിസ്കാരത്തിനു മുമ്പ് പ്രാര്‍ത്ഥന നയിക്കുന്ന ഇമാം അവിടെ കൂടിയിരിക്കുന്ന എല്ലാവര്‍ക്കും സന്ദേശം കൊടുക്കുന്ന പതിവുണ്ട്. ഇതിനെ കുത്ബ (ഗവൗയേമവ) എന്നുപറയുന്നു. ജീവിത വിജയത്തിനും പരലോക സൗഖ്യമാര്‍ജിക്കുന്നതിനും വേണ്ട ഉപദേശങ്ങളാണ് ഇതിലടങ്ങിയിരിക്കുന്നത്. തുടര്‍ന്ന് കഅബയ്ക്കഭിമുഖമായി പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മാനുഷ്ഠാനങ്ങളില്‍ മൂന്നാം സ്ഥാനമാണു സക്കാത്തിനുള്ളത്. നിര്‍ബന്ധ ദാനധര്‍മ്മമാണിത്. സക്കാത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം ശുദ്ധീകരണം എന്നാണ്. സക്കാത്തു കൊടുത്തു കഴിഞ്ഞാല്‍ അവശേഷിക്കുന്ന സ്വത്ത് മതപരമായും നിയമപരമായും ശുദ്ധിയുള്ളതായിരിക്കും എന്നതാണു വിശ്വാസം. ഭക്ഷ്യസാധനങ്ങള്‍ , പഴങ്ങള്‍ തുടങ്ങി സാമ്പത്തിക പ്രയോജനമുള്ള എല്ലാ വസ്തുകള്‍ക്കും സക്കാത്തു ബാധകമാണ്. സാധനങ്ങളുടെ തരത്തിനും ഉല്പാദനരീതിക്കുമനുസരിച്ച് സക്കാത്തു കൊടുക്കുന്നതിന്‍റെ തീതിയിലും വ്യത്യാസം ഉണ്ട്. മഴവെള്ളംകൊണ്ടു കൃഷി ചെയ്തുണ്ടാക്കുന്ന ധ്യാനങ്ങള്‍, പഴങ്ങള്‍ മുതലായവയ്ക്കു പത്തും, വെള്ളം കോരി നനച്ചുണ്ടാക്കുന്നവയ്ക്ക് അഞ്ചും കൈവശമുള്ള പണത്തിനു രണ്ടരയും ശതമാനമാണ് സക്കാത്തു നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആച്, കന്നുകാലി മുതലായവയും സക്കാത്തിന്‍റെ വിഭാഗത്തില്‍പെടുന്നു.
റംസാന്‍ മാസമാണ് നോമ്പാചരണത്തിനായി നീക്കിവച്ചിരിക്കുന്ന കാലഘട്ടം. ഈ മാസത്തിലാണു വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി അവതരിച്ചത് എന്നു വിശ്വസിക്കുന്നു. അതിനാല്‍ ഈ മാസം നോമ്പിന്‍റെ മാസമായി എല്ലാ വിശ്വാസികളും ആചരിക്കുന്നു. ആര്‍ക്കെങ്കിലും രോഗത്താലോ വാര്‍ദ്ധക്യത്താലോ നോമ്പ് ആചരിക്കാന്‍ സാധിക്കാതെ വന്നാല്‍, പകരം സാധ്യമായ ഏതെങ്കിലും ദിവസത്തില്‍ അത് ആചരിക്കേണ്ടതാണ് എന്നു ഖുറാന്‍ പഠിപ്പിക്കുന്നു (ഖു. 2:185).
കറുത്ത വാവിനുശേഷം നിലാവു കാണപ്പെടുന്ന ദിവസം മുതലാണു റംസാന്‍ മാസം ആരംഭിക്കുന്നത്.സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഒരു ദിവസം. ചക്രവാളത്തില്‍ പ്രകാശം പ്രത്യക്ഷപ്പെടുന്നതു മുതല്‍ സൂര്യാസ്തമയം വരെ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ അരുത്. സായാഹ്ന നിസ്കാരത്തിനുശേഷം 'പ്രഭാത ഭക്ഷണം കഴിക്കുന്നു.' രാത്രി അല്പംവൈകി 'ഉച്ചഭക്ഷണവും' പുലര്‍ച്ചക്ക് അല്പംമുമ്പ് അത്താഴവും കഴിക്കുന്നു. കുട്ടികള്‍ പടിപടിയായാണ് നോമ്പ് അനുഷ്ഠിക്കാന്‍ പഠിക്കുന്നത്. ആദ്യം ദിവസത്തിന്‍റെ പകുതിയും പിന്നീട് ഒരു ദിവസവും.അങ്ങനെ അവര്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും റംസാന്‍മാസം മുഴുവന്‍ നോമ്പ് ആചരിക്കാന്‍ പ്രാപ്തരാകും. നോമ്പനുഷ്ഠിക്കുമ്പോള്‍ പകല്‍സമയത്തു ഭക്ഷണപാനീയങ്ങള്‍ മാത്രമല്ല, ലൈംഗികബന്ധത്തലേര്‍പ്പെടുക തുടങ്ങി എല്ലാവിധ ശാരീരികസുഖങ്ങളും ഒഴിവാക്കണം. വലിയ ആഘോഷങ്ങളൊന്നും റംസാന്‍ മാസത്തില്‍ നടത്താറില്ല. റംസാന്‍മാസത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
മുസ്ലീങ്ങളുടെ തീര്‍ത്ഥാടനമാണിത്. ഖുറാനില്‍ തീര്‍ത്ഥാടനത്തെ കുറിക്കാന്‍ മൂന്നു വാക്കുകളാണ് ഉപയോഗിക്കുന്നത് - അല്‍ - ഹജ്ജ് (Al-Hajj), അല്‍ - ഉമ്റ (Al-Umrah), അസ് - സിയാറ (Az-Ziyarah).
അല്‍-ഹജ്ജ്: കഴിവുള്ള എല്ലാ മുസ്ലീങ്ങളും നടത്തിയിരിക്കേണ്ട തീര്‍ത്ഥാടനമാണിത്. ഹജ്ജ് പൂര്‍ത്തിയാകണമെങ്കില്‍ വിശുദ്ധനഗരമായ മക്കയില്‍ച്ചെന്ന് അവിടെയുള്ള കഅബ സ്ഥിതിചെയ്യുന്ന വലിയ പള്ളിയിലും പരിസര പ്രദേശങ്ങളിലും പലദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തേണ്ടതാണ്. ഓരോ വര്‍ഷത്തിലും ഇതിനായി പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജുകര്‍മ്മം നടത്തിയിരിക്കണമെന്നു നിര്‍ബന്ധമാണ്. എന്നാല്‍, യാത്രാകാലത്തു സ്വന്തം ആവശ്യങ്ങള്‍ക്കു തിരിച്ചുവരുന്നതുവരെ അവരുടെ ആശ്രിതരുടെ ആവശ്യങ്ങള്‍ക്കും വകയുള്ളവര്‍ മാത്രമേ ഹജ്ജു നടത്തേണ്ടതുള്ളൂ. ഖുറാനില്‍ 22:27-ലാണ് ഹജ്ജു കര്‍മ്മത്തെപ്പറ്റി വിവരിക്കുന്നത്.
മുസ്ലീംകലണ്ടറിലെ പന്ത്രണ്ടാംമാസം (ദുല്‍ഹജ്ജ്) ഏഴാം തീയതി തുടങ്ങി 13-ാം തീയതി വരെയാണ് ഹജ്ജു കര്‍മ്മങ്ങള്‍. തീര്‍ത്ഥാടകര്‍ മക്കയ്ക്ക് ആറു നാഴിക ദൂരെവച്ച് 'ഇഹ്റാം' എന്ന അവസ്ഥയിലേക്കു പ്രവേശിക്കുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം പുരുഷന്മാര്‍ സാധാരണ വസ്ത്രങ്ങള്‍ മാറ്റി തുന്നലില്ലാത്ത രണ്ടു വസ്ത്രങ്ങള്‍ മാത്രം ധരിച്ചാണ് ഈ ദിവസങ്ങള്‍ ചെലവഴിക്കുന്നത്. മുടിയും നഖവും മുറിക്കാനോ താടി വടിക്കാനോ പാടില്ല. മെക്കയിലെ ഏറ്റവും പ്രധാന പള്ളിയായ മസ്ജി ദുല്‍ഹറം സന്ദര്‍ശിച്ച് ഹജുറല്‍ ഹസ്വദിനെ ചുംബിക്കുന്നു. 'കറുത്തക്കല്ല്' എന്നാണ് ഇത് അറിയപ്പെടുന്നത്. മസ്ജിദുല്‍ ഹറം പള്ളിയില്‍ ഹജുറല്‍ ഹസ്വദിനെ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് കഅബ. തീര്‍ത്ഥാടകര്‍ കഅബയെ ഏഴുപ്രാവിശ്യം പ്രദക്ഷിണംവച്ചു പ്രാര്‍ത്ഥിക്കുന്നു. കഅബയെ പ്രദക്ഷിണം (തവാഫ്) ചെയ്യുന്നതിനിടയില്‍ ഹജുറുല്‍ അ അസ്മദിനെ ചുംബിക്കുകയോ, അല്ലെങ്കില്‍ അതിനു നേരെ ആംഗ്യം കാണിക്കുകയോ ചെയ്യണം.
പിന്നീട് സഫാമര്‍വ്വാന്‍ കുന്നുകളിലേക്ക് ഏഴുപ്രാവിശ്യം കയറിയിറങ്ങുന്നു. അറഫായില്‍ എത്തി മതപ്രസംഗം ശ്രവിക്കുകയാണ് ഹജ്ജ് കര്‍മ്മത്തിലെ അടുത്ത കര്‍മ്മം. തുടര്‍ന്നു മീനയില്‍ ചെന്ന് അവടെയുള്ള മൂന്നു സ്തൂപങ്ങളില്‍ കല്ലെറിയുന്നു. ദുല്‍ഹജ്ജ് 10-ാം ദിനം ലോകത്തിലുള്ള മുസ്ലീംങ്ങള്‍ മുഴുവന്‍ ബലിപ്പെരുന്നാളായി ആചരിക്കുന്നു. 'ഈ ദുല്‍ അസ്ഹ' എന്നാണ് ആ ഈ ദിവസത്തെ വിളിക്കുന്നത്. കഴിവുള്ള എല്ലാവരും അന്ന് ഒരു ഒട്ടകത്തെ അല്ലെങ്കില്‍ ഒരാടിനെ അറക്കുന്നു. ഈ ബലിക്കുശേഷം ബലിചെയ്ത മൃഗത്തിന്‍റെ മാംസം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നു. അതോടെ ഹജ്ജ് കര്‍മ്മം അവസാനിക്കുന്നു. തീര്‍ത്ഥാടകര്‍ ക്ഷൗരം ചെയ്യുകയും ഇഹ്റാം അവസ്ഥയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാറ്റുകയും സാധാരണ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ഇതിനുശേഷം പള്ളിപരിസരത്തുള്ള സാംസാം ഉറവയില്‍നിന്ന് ചിലര്‍ വെള്ളം കുടിക്കാറുണ്ട്. ഹാജിറ ബീവിയും ശിശുവായിരുന്ന ഇസ്മായില്‍ നബിയും ഉപേക്ഷിക്കപ്പെട്ട സ്ഥലത്താണ് ഈ ഉറവ ഉണ്ടായതത്രെ. സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിനുമുമ്പ് തീര്‍ത്ഥാടകര്‍ മദീനയില്‍ പോയി മുഹമ്മദു നബിയുടെ കബര്‍ സന്ദര്‍ശിക്കുന്ന പതിവുമുണ്ട്. ഹജ്ജു കര്‍മ്മം നടത്തിയവരെ വളരെ ബഹുമാനത്തോടെയാണ് മുസ്ലീംങ്ങള്‍ കാണുന്നത്. ഹജ്ജുകര്‍മ്മം നടത്തിയ പുരുഷന്മാരെ 'ഹാജിയര്' എന്നും സ്ത്രീകളെ 'ഹാജിയുമ്മ' എന്നും ആണു വിളിക്കുന്നത്.
അല്‍ - ഉമ്റ: ചെറിയ തീര്‍ത്ഥാടനം എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഇതു നിര്‍വ്വഹിക്കാന്‍ പ്രത്യേക ദിവസങ്ങളില്ല. വര്‍ഷത്തിലെ ഏതു ദിവസം വേണമെങ്കിലും ഇതിനായി തിരെഞ്ഞെടുക്കാം. മസ്ജി ദുല്‍ ഹറാമില്‍ അരമണിക്കൂര്‍ക്കൊണ്ട് ഇതിനാവശ്യമായ എല്ലാ കര്‍മ്മങ്ങളും ചെയ്തു തീര്‍ക്കാനാകും. സ്വയം കഴിയാതെ വന്നാല്‍ മറ്റൊരാളെ വിട്ടും ഈ കര്‍മ്മം ചെയ്യിക്കാം .
അസ് - സിയാറ: നബിയുടെ കബര്‍ സന്ദര്‍ശിക്കലാണ് ഇത്. ഇതു ഹജ്ജു കര്‍മ്മമായി ബന്ധപ്പെട്ടതല്ല. എന്നാലും തീര്‍ത്ഥാടകര്‍ മദീനയിലുള്ള പ്രവാചകന്‍റെ കബറിടക്കം സന്ദര്‍ശിക്കുക പതിവാണ്.
ഇസ്ലാംനിയമം, കലണ്ടര്‍, ഇമാം
മതത്തിന്‍റെ ആരംഭകാലത്തു മതവും നിയമവും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. പിന്നീടാണു മതത്തിന്‍റെ ഒരു ഭാഗമായി നിയമം രൂപപ്പെട്ടു വന്നത്. 'ഷരിഅ' (Shariah) ഷാര്‍ (Shar) എന്നിവയാണ് നിയമത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന അറബി വാക്കുകള്‍. 'തെളിഞ്ഞ പാത' എന്നോ 'പരിചയപ്പെടുത്തല്' എന്നോ ആണ് ഈ വാക്കുകളുടെ അര്‍ത്ഥം. ജീവിത കര്‍ത്തവ്യങ്ങള്‍ ശരിയായി നിര്‍വഹിക്കാനും ദൈവാരാധനയ്ക്കും അല്ലാഹുതന്നെ മനുഷ്യര്‍ക്കു കാണിച്ചു കൊടുത്ത 'വഴി' യാണു നിയമം. ഇസ്ലാംമതത്തിലെ നിയമങ്ങളുടെ ഉറവിടങ്ങള്‍ താഴെ പറയുന്നവയാണ്: 1. ഖുര്‍ആന്‍ 2. പ്രവാചകചര്യ (ഹാദിത് - നബിയുടെ വചനങ്ങളും പ്രവൃത്തികളും) 3. സാദൃശ്യങ്ങള്‍ (Qiyas) 4. പൊതു അഭിപ്രായം (ഇജ്മ(Ijma) - സമൂഹത്തിന്‍റെ അഭിപ്രായം).
ഇസ്ലാമിക നിയമമനുസരിച്ച് എല്ലാ പ്രവൃത്തികളും താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തില്‍പെടും. 1. നിയമത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍. ഇവയുടെ ഉപേക്ഷ തിന്മയാണ്. ഉദാ: നിസ്കാരം; 2. ഓരോ മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രവൃത്തികള്‍ (Mandub) . ഇവ ചെയ്യണമെന്നു നിയമം ആരെയും കടപ്പെടുത്തുന്നില്ല; പക്ഷേ, ചെയ്യുന്നതു പുണ്യമാണ്. ഉദാ: നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നതിനേക്കാള്‍ ഏറെ ദാനധര്‍മ്മം ചെയ്യുക; 3. ചെയ്യുവാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ (Mandub) ഇവ ചെയ്യുന്നതു നന്മയോ തിന്മയോ അല്ല; 4. നിരോധിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടാത്ത പ്രവൃത്തികള്‍ (Mubah); 5. നിരോധിക്കപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ (Haram). ഉദാ: പന്നി മാംസം ഭക്ഷിക്കല്‍.
ഒരു പ്രവൃത്തി നന്മയോ തിന്മയോ ആകുന്നത് ഏത് ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. നിയമത്തില്‍നിന്ന് ഇസ്ലാംമതം ആരെയും ഒഴിവാക്കുന്നില്ല. മുസ്ലീംങ്ങള്‍ക്ക് അഞ്ചുതരത്തിലുള്ള നിയമങ്ങളാണുള്ളത്.
അറബികള്‍ ഉപയോഗിച്ചിരുന്ന കലണ്ടറില്‍ ഹിജറ ഒരു പുതിയ ആരംഭമായി കുറിച്ചുകൊണ്ടാണ് ഇസ്ലാം കലണ്ടര്‍ രൂപംകൊണ്ടത്. എ.ഡി. 637-ല്‍ ഖലീഫ ഉമര്‍ ആണു മക്കയില്‍നിന്നു മദീനയിലേക്കുള്ള നബിയുടെ പലായനം കേന്ദ്രമാക്കി ഹിജറവര്‍ഷം ആരംഭിച്ചത്. ഇതു ഹിജറ വര്‍ഷത്തിലെ പ്രാരംഭദിനം (മുഹ്റം ഒന്ന്).
എല്ലാ സെമിറ്റിക് കലണ്ടറുകലെന്നപോലെ ഹിജറ കലണ്ടറും ചന്ദ്രവര്‍ഷം അടിസ്ഥാനപ്പെടുത്തിയാണു രൂപപ്പെടുത്തിയിരിക്കുന്നത്. മാസങ്ങളുടെ ആരംഭം അമാവാസി അടിസ്ഥാനപ്പെടുത്തി സിശ്ചയിക്കുന്നതിനാല്‍ എല്ലാ മാസങ്ങളുടെയും ദിവസങ്ങളുടെയും എണ്ണം കൃത്യമായി മുന്‍കൂട്ടി പറയുക സാധ്യമല്ല. എങ്കിലും, ഇന്നത്തെ സാഹചര്യത്തില്‍ ചന്ദ്രന്‍റെ സഞ്ചാരം കൂടുതല്‍ കൃത്യതയോടെ കണക്കാക്കുവാന്‍ സാധിക്കുന്നതുകൊണ്ട്, മാസാരംഭം കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഹിജറ വര്‍ഷത്തില്‍ ഇരുപത്തൊമ്പതോ മുപ്പതോ ദിവസങ്ങള്‍ വീതമുള്ള 12 മാസങ്ങളാണുള്ളത്. ഒരു ഹിജറ വര്‍ഷത്തില്‍ 354 ദിവസങ്ങളും 8 മണിക്കൂറും 48 മിനുട്ടും മാത്രമേയുള്ളൂ.
ഇവയാണു ഹിജറയിലെ 12 മാസങ്ങള്‍
അവസാന മാസമായ ദുല്‍ ഹജ്ജിനു 30 ദിവസങ്ങള്‍ ഉണ്ടെങ്കില്‍ ആ വര്‍ഷം 355 ദിവസങ്ങളുണ്ടായിരിക്കും. ആഴ്ചയിലെ ആദ്യത്തെ 5 ദിവസങ്ങള്‍ 1-ാം ദിവസം, 2-ാം ദിവസം എന്നിങ്ങനെ എണ്ണപ്പെടുന്നു. 6-ാം ദിവസം 'സമൂഹ ദിനം' എന്നറിയപ്പെടുന്നു. 7-ാം ദിവസം വിശ്രമദിനമാണ്. സൂര്യാസ്തമയം മുതല്‍ സൂര്യാസ്തമയം വരെയാണ് ദിവസം കണക്കു കൂട്ടുന്നത്. അതിനാല്‍ വ്യാഴാഴ്ച വൈകിട്ടു തുടങ്ങുന്ന വെള്ളിയാഴ്ച ആചരണം വെള്ളിയാഴ്ച വൈകിട്ട് അവസാനിക്കുന്നു.
സൗദി അറേബ്യയിലെ യമനിലും ഹിജറ കലണ്ടറാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. അറബി റിപ്പബ്ലിക്, സിറിയ, ജോര്‍ദ്ദാന്‍, മൊറോക്കൊ എന്നീ രാജ്യങ്ങളില്‍ ഹിജറ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും ഒരുപോലെ ഉപയോഗിക്കുന്നു. ലോകമെമ്പാടും മുസ്ലീംകള്‍ മതപരമായ ആവശ്യങ്ങള്‍ക്കു ഹിജറ കലണ്ടറാണ് ഉപയോഗിക്കുന്നത്.
ഇസ്ലാം മതത്തില്‍ പ്രാര്‍ത്ഥന നയിക്കുന്ന വ്യക്തി ഇമാം എന്നാണ് അറിയപ്പെടുന്നത്. 'മാതൃക' എന്നാണ് ഇമാം എന്ന വാക്കിന്‍റെ അര്‍ത്ഥം. സമൂഹത്തിനു മാതൃകയും നേതൃത്വവും നല്കേണ്ട ആളാണ് ഇമാം. പ്രാര്‍ത്ഥനാ സമൂഹത്തില്‍ ഏറ്റവും മുമ്പിലാണ് ഇമാമിന്‍റെ സ്ഥാനം. ഇമാമിനെ കൂടാതെ രണ്ടുപേര്‍ മാത്രമേ പ്രാര്‍ത്ഥിക്കുവാനുള്ളൂ എങ്കില്‍, ഇടതുവശത്ത് അല്‍പ്പം മുമ്പിലായി ഇമാം നില്ക്കുന്നു. ഖുര്‍ആനെപ്പറ്റിയുള്ള അറിവാണ് ഇമാം സ്ഥാനത്തിനുള്ള യോഗ്യത. പ്രാര്‍ത്ഥന സമൂഹത്തില്‍ തുല്യയോഗ്യതയുള്ള പലരുണ്ടെങ്കില്‍ മാറിമാറി പ്രാര്‍ത്ഥന നയിക്കും. തര്‍ക്കം വന്നാല്‍ നറുക്കിട്ട് ആളെ നിശ്ചയിക്കുന്നു. എല്ലാ മുസ്ലീം ദേവാലയങ്ങളിലും പ്രാര്‍ത്ഥന നയിക്കുവാനായി ഒന്നോ അതിലധികമോ ഇമാമുകള്‍ ഉണ്ടായിരിക്കും. ഇവരില്ലാത്തപ്പോള്‍ യോഗ്യതയുള്ള ഏതെങ്കിലും പുരുഷന് ഇമാമിന്‍റെ സ്ഥാനം ഏറ്റെടുക്കാം. സമൂഹത്തിലെ നേതാക്കന്മാര്‍ക്കു ബഹുസൂചകമായി ഇമാം സ്ഥാനം നല്കുന്ന പതിവുണ്ട്. ചില പ്രത്യേക ചിന്താധാരകള്‍ക്കു രൂപംകൊടുത്തവരും ചില മുസ്ലീം വിഭാഗങ്ങളുടെ തലവന്മാരും ഇമാമുകള്‍ എന്നാണ് അറിയപ്പെടുന്നത്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും
ശിശു ജനിച്ചു കഴിഞ്ഞാലുടന്‍ കുഞ്ഞിന്‍റെ ഇരു ചെവികളിലും പ്രാര്‍ത്ഥനാഹ്വാനം നടത്തുന്നു. ജീവിതാരംഭത്തില്‍ തന്നെ ശിശുവിന് അല്ലാഹുവിന്‍റെ നാമം ശ്രവിക്കുവാനും ഇസ്ലാം വിശ്വാസം അറിയുവാനും വേണ്ടിയാണിത്. ഏതെങ്കിലും ഭക്തനായ വിശ്വാസി ഭക്ഷണ സാധനം കുഞ്ഞിന്‍റെ വായില്‍ വച്ചുകൊടുക്കുകയാണ് മറ്റൊരു കര്‍മ്മം. കുഞ്ഞിന്‍റെ വിശുദ്ധീകരണമാണ് ഇതു സൂചിപ്പിക്കുന്നത്. നബിയുടെ കാലം മുതലേ നിലനില്ക്കുന്ന ഒരു പതിവാണിത്.
ജനിച്ച് ഏഴാം ദിവസമോ അടുത്ത മറ്റേതെങ്കിലും ദിവസമോ നടത്തുന്ന കര്‍മ്മമാണിത്. ക്ഷൗരക്കാരനെ വിളിച്ച് കുഞ്ഞിന്‍റെ തല മുണ്ഡനം ചെയ്യുകയും ആ മുടിയുടെ ഭാരത്തോളം വെള്ളി പാവകള്‍ക്കു കൊടുക്കുകയും ചെയ്യുന്നു. കുഞ്ഞിന്‍റെ ഈ മുടി കുഴിച്ചിടുന്നു. ജനിച്ചത് ആണ്‍കുട്ടിയാണെങ്കില്‍ രണ്ട് ആട്ടിന്‍കുട്ടികളെയും, പെണ്‍കുട്ടിയാണെങ്കില്‍ ഒരു ആട്ടില്‍കുട്ടിയേയും അറുത്ത് സാധുകള്‍ക്ക് വിതരണം ചെയ്യുന്നു.
കുഞ്ഞിന്‍റെ ജീവിതകാലത്തു വരാനിരിക്കുന്ന എല്ലാ നിര്‍ഭാഗ്യങ്ങളില്‍ നിന്നും സാത്താന്‍റെ സ്വാധീനത്തില്‍ നിന്നും രക്ഷനേടുന്നതിനാണ് ഈ സമര്‍പ്പണം. ഇന്ത്യയില്‍ ഈ കര്‍മ്മം അപൂര്‍വ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.
നാട്ടാചാരമനുസരിച്ച് സ്വന്തം കുടുംബത്തില്‍പ്പെട്ടതോ അയല്‍പ്പക്കത്തുള്ളതോ ആയ പ്രായമായ വ്യക്തിയാണ് പേരു നിര്‍ദ്ദേശിക്കുന്നത്. മാതാപിതാക്കളും കുടുംബാഗങ്ങളും ഉചിതമായ പേരു നിര്‍ദ്ദേശിക്കുന്ന രീതിയും കണ്ടുവരുന്നു. സാധാരണയായി അറബി പേരുകളാണു കുട്ടികള്‍ക്കിടുന്നത്. കുട്ടിയെ വിശ്വാസത്തില്‍ വളര്‍ത്താന്‍ സഹായകമായ പേരുകളാണ് നല്‍കുന്നത്. ഖുര്‍ആനില്‍ വിവരിക്കുന്ന പേരുകളുടെ കൂടെ ദാസന്‍ എന്നര്‍ത്ഥം വരുന്ന 'അബ്ദ്' കൂട്ടിച്ചേര്‍ത്താണ് പലപ്പോഴും പേരുകള്‍ ഉണ്ടാക്കുന്നത്. ഉദാഹരണം അബ്ദുള്ള (അല്ലാഹുവിന്‍റെ ദാസന്‍), അബ്ദുള്‍ അസ്സീസ്സ് (ശക്തനായവന്‍റെ ദാസന്‍), അബ്ദുള്‍ ഗാഫര്‍ (പാപം പൊറുക്കുന്നവന്‍റെ ദാസന്‍). ഇവ കൂടാതെ നബിയുടെ കുടുംബാംഗങ്ങളുടേയോ കൂട്ടുകാരുടേയോ നബിയുടെ തന്നെയോ പേരും നിര്‍ദ്ദേശിക്കാറുണ്ട്. ഉദാ: അഹമ്മദ്, ഹുസ്സൈന്‍, ഉമ്മര്‍, മുഹമ്മദ്. നബിക്കു മുമ്പു ജീവിച്ചിരുന്ന വ്യക്തികളുടെ പേരും കുഞ്ഞുങ്ങള്‍ക്കു നല്കാറുണ്ട്. യാക്കൂബ്, യൂസഫ്, ഇഷാക്ക് എന്നിവ ഉദാഹരണങ്ങളാണ്. കുഞ്ഞിന്‍റെ പേരിനോടു പിതാവിന്‍റെ പേരു ചേര്‍ക്കുന്ന പതിവ് ഇന്ത്യയില്‍ കണ്ടുവരുന്നു. കാശ്മീരിലാകട്ടെ, പേരിനോടൊപ്പം പിറ്റ് എന്ന് ഉപയോഗിക്കാറുണ്ട്.
മുസ്ലീങ്ങളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ആചാരമാണ് സുന്നത്ത് (പരിച്ഛേദനം). ഇസ്ലാമിനു മുമ്പുണ്ടായിരുന്ന അറേബ്യയിലും യഹൂദമതത്തിലും ഈ കര്‍മ്മം നിലനിന്നിരുന്നു. ഖുര്‍ ആനില്‍ ഒരു സ്ഥലത്തും സുന്നത്തിനെപ്പറ്റി പരമാര്‍ശിച്ചു കാണുന്നില്ല. അബ്രാഹത്തിന്‍റെ ആചാരങ്ങളെ പിന്തുടരണമെന്ന് ഖുറാന്‍ ഉദ്ബോധിപ്പിക്കുന്നു. അബ്രാഹം സുന്നത്തു സ്വീകരിച്ച വ്യക്തിയായിരുന്നു. അതിനാല്‍, എല്ലാ മുസ്ലീംകളും സുന്നത്തു സ്വീകരിക്കണം എന്നത് പ്രവാചക നിര്‍ദ്ദേശമാണ്.
സുന്നത്തു സ്ഥീകരിക്കാന്‍ പ്രത്യേക പ്രായമൊന്നും നിയമം അനുശാസിക്കുന്നില്ല. ജനിച്ചു കഴിഞ്ഞ് ഏഴാം ദിവസം അല്ലെങ്കില്‍ 14-ാം ദിവസം ആണ് ഏറ്റവും ഉചിതമായ സമയം എന്ന് അഭിപ്രായപ്പെടുന്നു. എങ്കിലും കുട്ടിക്കു കുറേക്കൂടി പ്രായമായ ശേഷമാണ് ഈ കര്‍മ്മം നടത്തുന്നത്. സുന്നത്തു നടത്തുന്നതു മുസ്ലീം ക്ഷുരകന്മാരാണെങ്കിലും ആശുപത്രിയില്‍വച്ചു നടത്താനാണ് ഇന്ന് അധികംപേരും ഇഷ്ടപ്പെടുന്നത്. സുന്നത്തിനോടനുബന്ധിച്ചു നടത്തിവരുന്ന പ്രാര്‍ത്ഥനകള്‍ സ്ഥലകാലമനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇസ്ലാംമതം സ്വീകരിച്ചതിന്‍റെ ചിഹ്നമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അന്യമതസ്ഥനായ ഒരുവന്‍ ഇസ്ലാംമതം സ്വീകരിക്കുമ്പോള്‍ സുന്നത്തുകര്‍മ്മം ചെയ്യാറുണ്ട്. എന്നാല്‍ സുന്നത്തു ചെയ്യുക മതപരിവര്‍ത്തനത്തിനു നിര്‍ബന്ധമുള്ള കാര്യമല്ല.
കുട്ടി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ സമൂഹത്തിലെ ആദരണീയനായ ഒരു വിശ്വാസിയെ വീട്ടിലേക്ക് വിളിച്ച് മതപഠനത്തിലേക്കു കുട്ടിയെ പ്രവേശിപ്പിക്കുന്ന ആചാരമാണിത്. ഇതോടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആരംഭം കുറിക്കുന്നു. പാരമ്പര്യ പ്രകാരം കുട്ടിക്കു നാലു വയസ്സും നാലു മാസവും നാലു ദിവസവും പ്രായമാകുമ്പോഴാണ് ഇതു നടത്തേണ്ടത്. ഇതിന്‍റെ ലളിതരൂപം മാത്രമേ ഇന്നു നിലവിലുള്ളൂ. കുട്ടി ആദ്യമായി സ്കൂളില്‍ ചെല്ലുമ്പോള്‍ ബിസ്മില്ല ചൊല്ലി മറ്റുകുട്ടികള്‍ക്കു മധുരം പങ്കു വയ്ക്കുന്നു. ബന്ധുക്കളെയും സൂഹൃത്തുക്കളെയും ക്ഷണിച്ച് വീടുകളിലും ഇത് ആഘോഷിക്കാറുണ്ട്. ഖുര്‍ആന്‍ പഠനത്തിന്‍റെ ആരംഭമായി നടത്തുന്ന ഈ ആചാരത്തിനു സമാനമായ ഒരാചാരം ഖുര്‍ആന്‍ പഠനത്തിന്‍റെ അവസാനത്തിലും ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട്.
എല്ലാവരും വിവാഹം കഴിച്ചിരിക്കണമെന്ന് ഇസ്ലാമിക നിയമം അനുശാസിക്കുന്നു. യഥാര്‍ത്ഥ കാരണം കൂടാതെ വിവാഹം കഴിക്കാതിരിക്കുന്നതു നീട്ടികൊണ്ടു പോകുന്നതും യഥാര്‍ത്ഥ മുസ്ലീമിനു നിരക്കുന്നതല്ല. വിവാഹത്തിനു പ്രായം ശരിഅത്തില്‍ നിര്‍ദ്ദേശിച്ചുകാണുന്നില്ല. സൂറത്ത് 4:22-36 വിനക്കുന്ന, "സ്വന്തം പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകള്‍, അമ്മ, പുത്രി, സഹോദരി, പിതൃമതൃ സഹോദരികള്‍, സഹോദരസഹോദരീ പുത്രി, സഹോദരീ, പുത്രഭാര്യ" തുടങ്ങിയവരൊഴികെയുള്ളവരുമായി വിവാഹ ബന്ധം നടത്തുന്നതിനാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍ താത്പര്യം കാണിക്കുന്നത്.
ശരീരം വസ്ത്രത്തോട് ഒട്ടിച്ചിരിക്കുന്നതുപോലെ സ്ത്രീയും പുരുഷനും വിവാഹത്തിലൂടെ ഒന്നാകുന്നുവെന്നാണ് ഖുറാന്‍ പഠിപ്പിക്കുന്നത്. (ഖു. 2:157). "കുടുംബജീവിതം ആരംഭിക്കുന്നതുതന്നെ അല്ലാഹുവിന്‍റെ ഇഷ്ടമനുസരിച്ചാണ്" (ഖു. 30:21). വിവാഹത്തിലേര്‍പ്പെടാന്‍ നിയമപരമായി തടസ്സങ്ങളില്ലാത്ത രണ്ടുപേര്‍ രണ്ടുസാക്ഷികളുടെ മുമ്പാകെ പരസ്പര സമ്മതത്തോടെ ഏര്‍പ്പെടുന്ന വിവാഹക്കരാര്‍ സാധുവാണ്. രണ്ടു സാക്ഷികളെ വച്ചിരിക്കുന്നത്, വിവഹത്തിന്‍റെ പൊതുസ്വഭാവം വ്യക്തമാക്കുന്നു. ഇസ്ലാമിക നിയമമനുസരിച്ച് വരന്‍ വധുവിനു മഹര്‍ (വിവാഹമൂല്യം) കൊടുക്കുകയും അവനു സാധിക്കുന്ന വിധത്തില്‍ അവളെ സംരക്ഷിക്കുകയും ചെയ്യണം.
സാധാരണയായി വീടുകളിലാണു വിവാഹച്ചടങ്ങു നടത്തുന്നത്. പാട്ട്, നൃത്തം,മൈലാഞ്ചിയിടല്‍ തുടങ്ങി. കര്‍മ്മങ്ങള്‍ വിവാഹാഘോഷങ്ങളുടെ പ്രത്യേകതയാണ്. വിവാഹത്തിന്‍റെ തലേദിവസം രാത്രിയാണ് ഇതെല്ലാം നടക്കുന്നത്. വിവാഹച്ചടങ്ങിനു മുമ്പ് വരന്‍ പ്രമുഖ സ്ഥാനത്ത് ഇരിക്കുന്നു. വിദ്യാഭ്യാസമുള്ള ഏതൊരു മുസ്ലീംപുരുഷനും വിവാഹാഘോഷത്തിന്‍റെ മുഖ്യകാര്‍മ്മികനാകാം. എന്നാല്‍, ഏറ്റവും നല്ലത് വധുവിന്‍റെ പിതാവു തന്നെ ഇതു നടത്തുകയാണ്. വിവാഹകര്‍മ്മം വളരെ ലളിതമാണ്. കാര്‍മ്മികനും സാക്ഷികളും വധുവിന്‍റെ അടുത്തുചെന്ന് വിവാഹ ഉടമ്പടിയെപ്പറ്റിയും മഹറിനെപ്പറ്റിയും അറിയിച്ച് അവളുടെ സമ്മതം ആരായുന്നു. അവള്‍ സമ്മതം കൊടുക്കുന്നു. "ഇന്ന സ്ത്രീയെ ഇത്ര മഹറിന് ഞാന്‍ വിവാഹം ചെയ്തുതരുന്നു, എന്ന് വധുവിന്‍റെ പിതാവ് വരനോട് പറയുന്നു. "ഞാനതു സ്വീകരിച്ചിരിക്കുന്നു" എന്ന് മറ്റുള്ളവര്‍ കേള്‍ക്കത്തക്ക രീതിയില്‍ വരന്‍ മറുപടി പറയുന്നു. അതോടെ വിവാഹ ഉടമ്പടി ആയി. സന്നിഹിതരായ എല്ലാവരും കൈകളുയര്‍ത്തി അവര്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു. തുടര്‍ന്ന് വിവാഹാഘോഷത്തോടനു ബന്ധിച്ചു നടത്തുന്ന വിരുന്നില്‍ എല്ലാവരും പങ്കെടുക്കുന്നു.
ഇസ്ലാമിക സങ്കല്പം അനുസരിച്ച് നിത്യതയിലേക്കുള്ള യാത്രയുടെ ആദ്യപടിയാണു മരണം (ഖു. 3:48). ദാഹിക്കുന്നവര്‍ക്ക് ശുദ്ധജലത്തിന്‍റെ അരുവിപോലെയാണത്. ഒരു കുഞ്ഞു ജനിച്ചാല്‍ അവന്‍റെ ചെവികളില്‍ ഷഹാദ ഓതിക്കൊടുക്കുന്നു. മരിച്ചു കഴിഞ്ഞു എന്നുറപ്പായാല്‍ വൃത്തിയുള്ള വസ്ത്രംകൊണ്ട് മയ്യത്തു (ശവശരീരം) മൂടുന്നു. അവിടെയിരുന്നുകൊണ്ടു ഖുറാന്‍ വായിക്കുന്ന പതിവുമുണ്ട്.
മയ്യത്തു കുളിപ്പിക്കുകയാണ് കബറടക്കത്തിന്‍റെ ആദ്യചടങ്ങ്. മരിച്ച ആളുടെ അതേ ലിംഗത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണ് മയ്യത്തു കുളിപ്പിക്കുന്നത്. കുളിപ്പിക്കുമ്പോള്‍ ആദ്യം കൈകാലുകള്‍, പല്ല്, നാക്ക്, മുഖം (നിസ്കാരത്തിനു മുമ്പ് വൃത്തിയാക്കുന്ന ശരീരഭാഗങ്ങള്‍) എന്നിവ വൃത്തിയായി കഴുകുന്നു. പിന്നീടാണ് ദേഹമാസകലം കഴുകുന്നത്. കുളിപ്പിച്ചു കഴിഞ്ഞാല്‍ മയ്യത്ത് വൃത്തിയുള്ള വെളുത്ത പരുത്തി വസ്ത്രത്തില്‍ പൊതിയുന്നു. മയ്യത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന പതിവും ഉണ്ട്. (രക്തസാക്ഷികളായി മരിച്ചാല്‍ മരണസമയത്ത് ഉപയോഗിച്ച അതേ വസ്ത്രത്തോടെ കുളിപ്പിക്കാതെ തന്നെയാണ് കബറടക്കം നടത്തുന്നത്). വസ്ത്രത്തില്‍ പൊതിഞ്ഞശേഷം മയ്യത്തു സംസ്കരിക്കാനുള്ള സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകുന്നു.
സംസ്കാരത്തിനായി കൊണ്ടുപോകുമ്പോള്‍ ബന്ധുക്കളാണ് മയ്യത്തു വഹിക്കുന്നത്. സ്ത്രീകളാരും തന്നെ ഈ വിലാപ യാത്രയില്‍ പങ്കെടുക്കാറില്ല. മയ്യത്തു സംസ്കരിക്കാന്‍ പെട്ടികള്‍ ഉപയോഗിക്കുന്ന പതിവില്ല. സംസ്കരിക്കുകയല്ലാതെ ദഹിപ്പിക്കുന്ന രീതിയും ഇല്ല. സാധിക്കുന്നിടത്തോളം മരണമടഞ്ഞ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പ് മയ്യത്തു മറവു ചെയ്യുന്നതാണ് പതിവ്. സംസ്കരിക്കുന്നതിനു മുമ്പു പ്രാര്‍ത്ഥിക്കുന്ന പതിവുണ്ട്. പള്ളിയില്‍ സന്നിഹിതരായിട്ടുള്ള ആര്‍ക്കു വേണമെങ്കിലും ഈ പ്രാര്‍ത്ഥന നയിക്കാം. മയ്യത്തു കുഴിയില്‍ വയ്ക്കുമ്പോള്‍ "ബിസ്മില്ലാഹിവ അല്ലാമില്ലാത്തി റസൂലില്ലാഹി" എന്നു ചൊല്ലുന്നു. അല്ലാഹുവിന്‍റെ നാമത്തിലും ദൈവദൂതന്‍റെ മാര്‍ഗ്ഗമനുസരിച്ചും എന്നാണ് ഇതിന്‍റെയര്‍ത്ഥം. മയ്യത്തു കിടത്തുന്നത് മെക്കയ്ക്ക് അഭിമുഖമായി വലതുഭാഗം ചരിഞ്ഞാണ്.
മയ്യത്തു സംസാകാരത്തിനു ശേഷമുള്ള കുറേദിവസങ്ങള്‍ ദു:ഖാചരണത്തിനായി മാറ്റിവയ്ക്കുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുമിത്രാദികള്‍ മൂന്നു ദിവസത്തെയോ മൂന്നു നേരത്തെയോ ഭക്ഷണം ദാനം ചെയ്യാറുണ്ട്.
'സുന്നി' എന്ന വാക്കിന്‍റെ അര്‍ത്ഥം പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവന്‍ എന്നാണ്. ലോക മുസ്ലീം ജനതയില്‍ 83% സുന്നി മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവര്‍ ഖുര്‍ആനും മുഹമ്മദു നബിയുടെ പ്രവാചക ദൗത്യത്തിനും നബിയുടെ സഹപ്രവര്‍ത്തകര്‍ക്കും പ്രാധാന്യം കൊടുക്കുന്നവരാണ്. ഇസ്ലാമിക നിയമങ്ങളുടെ ആധികാരിക ഉറവിടം ഇവ മൂന്നുമാണെന്ന് സുന്നികള്‍ വിശ്വസിക്കുന്നു. നബിയുടെ കാലശേഷം നാലു ഖലീഫമാരാണ് ഇസ്ലാമിനു നേതൃത്വം കൊടുത്തത്. ഇവര്‍ മുപ്പതു വര്‍ഷത്തോളം രാഷ്ട്രത്തെ ഖുറാന്‍റെ പഠനത്തിലും പ്രവാചകന്‍റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസരിച്ചു നയിച്ചു. ഖലീഫ ഉസ്മാന്‍റെ മരണശേഷം (656) അലിയുടേയും മുവാമിയാഹിന്‍റെയും ഖലീഫ സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കംമൂലം സുന്നികള്‍ക്കിടയില്‍ മൂന്നുവിഭാഗങ്ങള്‍ രൂപംകൊണ്ടു.
ഖരിജിറ്റസ് (Kharijites): അലിയുടെ അധികാരത്തിനു കീഴടങ്ങുവാന്‍ സിറിയായുടെ ഗവര്‍ണറായിരുന്ന മുവാമിയാഹ് വിസമ്മതിച്ചു. കാരണം, ഉസ്മാന്‍റെ മരണത്തിനുത്തരവാദിത്വം അലിക്കാണെന്നു മുവാമിയാഹ് കരുതി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ വിജയം അലിയുടേതായിരുന്നെങ്കിലും പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. അലിയുടെ സൈന്യത്തിലെ ഒരു വിഭാഗത്തിന് ഈ തീരുമാനം സ്വീകാര്യമായില്ല. ഈ വിഭാഗം അലിയുമായും മുവാവിയാഹുമായും ഒരോ സമയം യുദ്ധം പ്രഖ്യാപിച്ചു. ഇവരുടെ പിന്‍ഗാമികളാണ് ഖരിജിറ്റസ്. അലിയുടെ മദ്ധ്യസ്ഥതയില്‍ യുദ്ധം അവസാനിപ്പിച്ചത് മാനുഷികമായ പെരുമാറ്റമാണന്നും യുദ്ധ വിജയത്തിലൂടെ അല്ലാഹു ആണ് പ്രശ്നം പരിഹരിക്കേണ്ടിയിരുന്നത് എന്നും അവര്‍ വിശ്വസിക്കുന്നു. ഇസ്ലാമിലെ തീവ്രവാദികളായിരുന്ന ഇവരുടെ അംഗസംഖ്യ ഇന്നു തുലോം കുറവാണ്.
മുര്‍ജൈററുകള്‍ (Murjites): ഖുറാനില്‍ ഇസ്ലാംമത വിശ്വാസം ഏറ്റുപറയുന്നവര്‍ക്ക് നല്കിയിരുന്ന വാഗ്ദാനങ്ങളെ ഏറെ ഗൗരവമായി കാണുന്നവരാണിവര്‍. നിത്യരക്ഷ പ്രാപിക്കുവാന്‍ പ്രവൃത്തികളെക്കാള്‍ പ്രധാനപ്പെട്ടത് വിശ്വസ പ്രഖ്യാപനമാണെന്ന് ഇവര്‍ കരുതുന്നു. വലിയ തെറ്റുകള്‍ വിശ്വാസത്തെ കാര്യമായി ബാധിക്കുമെങ്കിലും അവയിലൂടെ ഒരു വിശ്വാസി വിശ്വാസമില്ലാത്തവന്‍ ആകുന്നില്ല. അതിനാല്‍, ഇസ്ലാം വിശ്വാസം ഏറ്റുപറയുന്നവന്, അവന്‍ എത്ര വലിയ പാപംചെയ്താലും, മുസ്ലീം വിശ്വാസം പ്രഖ്യാപിക്കാത്തവരേക്കാളും വലിയ സ്ഥാനം സ്വര്‍ഗ്ഗത്തില്‍ ലഭിക്കും. മുര്‍ജൈറ്റുകളുടെ അഭിപ്രായത്തില്‍ അലിയെയും സഹപ്രവര്‍ത്തകരെയും സമൂഹത്തില്‍നിന്നു പുറത്താക്കേണ്ടതില്ല. കാരണം, വിശ്വാസമാണ് അവര്‍ ചെയ്ത തിന്മകളെക്കാള്‍ പ്രധാനപ്പെട്ടത്.
പാപത്തെപ്പറ്റിയുള്ള സാധാരണ സുന്നിമുസ്ലീങ്ങളുടെ വിശ്വാസം മുകളില്‍ പറഞ്ഞ രണ്ടു ചിന്താധാരകളുടെയും മദ്ധ്യേ ആണ്. ഏറ്റവും വലിയ പാപംപോലും വിശ്വാസത്തെ ഒരുവിധത്തിലും ബാധിക്കില്ല എന്ന മുര്‍ജൈറ്റ്സ് വീക്ഷണവും പാപം വിശ്വാസ ജിവിതത്തിനു നിരക്കാത്തതാണെന്ന ഖരിജിസ്റ്റ് വാദവും ഒരുപോലെ അപ്രധാനമാണ്. പാപമെന്നാല്‍ അല്ലാഹുവിന്‍റെ അധികാരത്തിന്മേലുള്ള കൈയേറ്റമാണ്.
മുത്താഗസുകള്‍ (Murjites): ഇസ്ലാംമതത്തില്‍ ചിന്തയ്ക്കു പ്രാധാന്യംകൊടുക്കുന്ന വിഭാഗമാണിത്. ക്രിസ്തുമതം, മനിക്കേയന്‍മതം, നിലവിലുണ്ടായിരുന്ന മറ്റു മതങ്ങള്‍ എന്നിവയില്‍ നിന്ന് ഇസ്ലാം ദൈവശാസ്ത്രത്തെ കാത്തുസൂക്ഷിക്കാനാണ് ഇതു രൂപംകൊണ്ടത്. ഇതിന്‍റെ ഭാഗമായി ഇവര്‍ കേവലയുക്തിയെ മാത്രം അവലംബിച്ചു. ഇതിന്‍റെ ആവിര്‍ഭാവം ഇറാനില്‍ നിന്നാണ്. മഹാപാപിക്കു മതഭ്രഷ്ടു കല്പിക്കാമെന്ന് അവര്‍ വാദിച്ചു. പക്ഷേ, കാഫിര്‍ എന്നു വിളിക്കാന്‍ പാടില്ല. ഇവരാണ് ഇസ്ലാമിലെ ഏകദൈവവിശ്വാസത്തിനും ഖുറാന്‍റെ അവതാരത്തിനും താത്ത്വി കാടിസ്ഥാനം നല്കിയത്. അന്ത്യവിധി ദിവസങ്ങളില്‍ മനുഷ്യനു വിവരിക്കാനാവാത്ത രീതിയിലുള്ള സംഭവങ്ങളൊന്നുമുണ്ടാവില്ലെന്ന് ഇവര്‍ പറയുന്നു. ഇവരുടെ അഭിപ്രായത്തില്‍ അന്ന് അല്ലാഹുവിനെ ദര്‍ളിക്കുക സാധ്യമല്ല. കാരണം, ഈ ലോകത്തില്‍ നിനനില്ക്കുന്നതും, കാണുകയും തൊടുകയും ചെയ്യുന്നതും മാത്രമേ മനുഷ്യനേത്രങ്ങള്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കുകയുള്ളൂ. മുത്താഗസുകള്‍ സുന്നി വിഭാഗത്തില്‍പ്പെടുന്നവരാണെങ്കിലും ഇവരുടെ വാദഗതികളെ ഭൂരിഭാഗം സുന്നിമുസ്ലാങ്ങളും അംഗീകരിക്കുന്നില്ല.
നബിയുടെ മരണശേഷം ഉടന്‍തന്നെ അടുത്ത പിന്‍ഗാമിയെ കണ്ടെത്തുവാന്‍ ഒരു ആലോചനായോഗം നടന്നു. അതില്‍ അബൂബക്കറിനെ ഖലീഫ ആയി തിരഞ്ഞെടുത്തു. ഈ യോഗത്തില്‍ രണ്ടു വിഭാഗങ്ങളാണു പ്രധാനമായും പങ്കെടുത്തത് . മക്കയില്‍നിന്ന് കുടിയേറിയവരും മെദീനാ സ്വദേശികളും. മുസ്ലീം സമൂഹം രണ്ടായി പിളരുമെന്ന് പലരും ഭയപ്പെട്ടതിനാല്‍ ആയിരിക്കണം അബൂബക്കറിന്‍റെ തിരഞ്ഞെടുപ്പ് വളരെ പെട്ടെന്നു നടന്നത്. ഈ ആലോചന യോഗത്തില്‍ അലിക്കു പങ്കെടുക്കുവാന്‍ സാധിച്ചില്ല. പ്രവാചകന്‍റെ ഗ്രോത്രത്തില്‍പ്പെട്ടവനും ഫാത്തിമയുടെ ഭര്‍ത്താവുമായ അലി പ്രവാചകന്‍റെ മരണക്കിടക്കയുടെ സമീപത്തായിരുന്നതിനാലാണ് ഈ യോഗത്തില്‍ സംബന്ധിക്കുവാന്‍ കഴിയാതെ പോയത്. പ്രായത്തെ ബഹുമാനിക്കുന്ന അറബികള്‍ കേവലം മുപ്പതുവയസ്സു മാത്രം പ്രായമുള്ള അലിയെ പരിഗണിച്ചതുമില്ല. പക്ഷേ, അലി പക്ഷക്കാര്‍ക്ക് അബൂബക്കറിന്‍റെ തിരഞ്ഞെടുപ്പു തൃപ്തികരമായില്ല.
അബൂബക്കറിന്‍റെ ഖലീഫ ആയി ഉമര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉമറിന്‍റെ മരണശേഷം ഖലീഫ സ്ഥാനം അലിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ, വ്യവസ്ഥകള്‍ക്കു വഴങ്ങാന്‍ അലി തയ്യാറല്ലായിരുന്നു. ഉമറിനുശേഷം ഉസ്മാന്‍ ഖലീഫയായി. ഉസ്മാനുശേഷമാണ് അലി ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്. അലിയെ ആദ്യത്തെ ഖലീഫ ആക്കണം എന്നു വാദിച്ചവരാണു ഷിയാ മുസ്ലീങ്ങള്‍. 'ഷിയ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'വിഭാഗ ത്തില്‍പ്പെട്' എന്നാണ്. ഖുറാന്‍ വ്യാഖ്യാനിക്കുന്നതിനും ഇസ്ലാം മതത്തിനു നേതൃത്വം നല്കുന്നതിനും അലിക്കു പ്രവാചകനോടൊപ്പം അധികാരവും തെറ്റാവരവും ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു.
അലിയുടെ പിന്‍തുടര്‍ച്ചയിലൂടെ പരമമായ ആത്മമീയാധികാരികള്‍ ലഭിച്ചിട്ടുള്ള ആളുകളാണ് ഇമാമുകള്‍ എന്നു ഷിയാ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. എങ്കിലും ഇവരുടെ ഇടയില്‍ത്തന്നെ ഇമാമുകളുടെ അധികാരത്തെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്. പൊതുവേയുള്ള വിശ്വാസം അനുസരിച്ച് ഇമാമുകള്‍ വഴിയാണ് ദൈവികവെളിച്ചം വിശ്വാസികളിലേക്കു കടന്നു വരുന്നതും വിശ്വാസികള്‍ പാപം ഇല്ലാതെ വളര്‍ന്നു വരുന്നതും. അവര്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ മദ്ധ്യവര്‍ത്തികളാണ്. ആറാമത്തെ ഇമാമായ ജാഫര്‍ അസ്-സാദിക് (Jafar as-sadif) പറയുന്നതിങ്ങനെയാണ്: ഒരുവന്‍ അവന്‍റെ കാലത്തുള്ള ഇമാമിനെ അറിയാതെ മരിച്ചാല്‍, അവന്‍ അവിശ്വാസി ആയാണു മരിക്കുന്നത്. ഇമാമുകളെ സംബന്ധിച്ചുള്ള ഷിയാമുസ്ലീങ്ങളുടെ ഈ വിശ്വാസം മറ്റു മുസ്ലീം മതവിഭാഗക്കാര്‍ക്കു സ്വാകാര്യമല്ല. അവരുടെ അഭിപ്രായത്തില്‍ ഒരു മദ്ധ്യവര്‍ത്തിയും കൂടാതെ അല്ലാഹുവിനു മുമ്പില്‍ സമര്‍പ്പണം നടത്തുന്ന ഏതൊരു വ്യക്തിക്കും രക്ഷ പ്രാപിക്കുവാന്‍ സാധിക്കും.ഇതാണു ഷിയാമുസ്ലീങ്ങളും സുന്നി മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം. സുന്നികള്‍ക്ക് ഇമാം എന്നത് 'മാതൃക നല്കുന്ന ആള്' അല്ലെങ്കില്‍, 'പ്രാര്‍ത്ഥന നയിക്കുന്ന ആള്' മാത്രമാണ്.
ഷിയാ മുസ്ലീങ്ങള്‍ ഖലീഫ എന്ന വാക്ക് ഉപയോഗിക്കുന്നില്ല. അവര്‍ ഇമാം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ പന്ത്രണ്ടുപേരെയാണു ശരിയായ ഇമാമുകള്‍ ആയി അവര്‍ അംഗീകരിക്കുന്നത്. ഈ 12 ഇമാമുകളുടെ ചക്രം പൂര്‍ത്തിയാകുന്നത് പന്ത്രണ്ടാമത്തെ ഇമയായ മുഹമ്മദിന്‍റെ പുനരാഗമത്തോടു കൂടിയാണ്. ഈ ആഗമനം അന്ത്യവിധിനാളില്‍ മിശിഹാ ആയിട്ടായിരിക്കും എന്നു ഷിയാമുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
Islam Islam religion mananthavady diocese catholic malayalam prophet muhammad primitive religions Mar. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206