We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 12-Oct-2022
കത്തോലിക്കാസഭ പരിശുദ്ധ കന്യകാമറിയത്തെ ആരാധിക്കുന്നില്ല. എന്നാൽ ദൈവപുത്രന്റെ മാതാവാകുവാൻ ദൈവം തിരഞ്ഞടുത്ത അമ്മയെ ആദരിക്കുകയും വണങ്ങുകയും ചെയ്യുന്നു. പരിശുദ്ധ കന്യകാമറിയത്തെ ആദരിക്കണമോ എന്ന് തീർപ്പു കല്പിക്കേണ്ടതു വിശുദ്ധ ബൈബിളാണ്. ദൈവത്തിന്റെ വചനം പരിശുദ്ധ കന്യകാമറിയത്തെ നിരാകരിക്കുന്നെങ്കിൽ നമുക്കും നിരാകരിക്കാം. അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നെങ്കിൽ നാമും അമ്മയെ അംഗീകരിക്കാനും ആദരിക്കാനും കടപ്പെട്ടവരാണ്.
“ആറാം മാസം ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്കു ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: "ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!" (ലൂക്കാ 1: 26-28). ഗബ്രിയേൽ ദൈവത്താൽ അയയ്ക്കപ്പെട്ട ദൂതനാണ്. ദൂതൻ ദൈവത്തിന്റെ മനസറിയിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ മനസിനെതിരായി ദൂതന് പറയാൻ കഴിയില്ല. എങ്കിൽ, ഗബ്രിയേൽ പരിശുദ്ധ മറിയത്തെ അഭിസംബോധന ചെയ്യുന്നതു ദൈവകൃപ നിറഞ്ഞവളേ എന്നാണ്. മാലാഖ ഒരു മനുഷ്യസ്ത്രീയുടെ മുമ്പിൽ സ്തുതി പറയുന്നു. ദൈവം കൂടെയുള്ളവളാണെന്നു ഗബ്രിയേൽ ഇവിടെ ഉദ്ഘോഷിക്കുന്നു. മറിയത്തിന്റെ മനസറിയിക്കുന്ന ഗബ്രിയേലിൽ ഈ അഭിസംബോധനയിലൂടെ ദൈവം മറിയത്തെ പ്രകീർത്തിക്കുന്നു. ദൈവം പ്രകീർത്തിക്കുന്ന മറിയത്തെ അവിടുത്തെ തിരുസഭയ്ക്ക് പ്രകീർത്തിക്കാതിരിക്കാൻ കഴിയുമോ?
ദൈവത്തിന്റെ തിരുമനസിനു മുമ്പിൽ മറിയം സ്വയം സമർപ്പിക്കുന്നു: “ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!" (ലൂക്കാ 1:38). ദൈവകൃപ ലഭിച്ചവർക്കു മാത്രമേ ദൈവതിരുമനസ്സിനു മുമ്പിൽ പൂർണമായി സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സമർപ്പണത്തിനു മറിയം മഹനീയമായ മാതൃക നല്കിയതിനാൽ അവൾ തിരുസഭയ്ക്കു മാതൃകയാണ്.
ദൈവത്തിന്റെ പുത്രനെ ഉദരത്തിൽ സ്വീകരിച്ച്, പരിശുദ്ധാമാവ് നിറഞ്ഞ്, മറിയം പ്രതിവചിച്ചു: "അവിടുന്നു തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും” (ലൂക്കാ 1:48). മറിയത്തിന്റെ എളിമയെ ദൈവം കടാക്ഷിച്ചു. സ്വയം താഴ്ത്തിയവരെ ദൈവം ഉയർത്തി. ദൈവം ഉയർത്തി സകല തലമുറകൾക്കും പ്രകീർത്തിക്കാനും വണങ്ങാനും നല്കിയ പരിശുദ്ധ കന്യകാമറിയത്തെ ഭാഗ്യവതിയെന്നു വിളിച്ചു തലമുറകളോളം പ്രകീർത്തിക്കാതിരിക്കാൻ തിരുസഭയ്ക്കു കഴിയുമോ?
പരിശുദ്ധാത്മാവ് നിറഞ്ഞ എലിസബത്ത് മറിയത്തെ കണ്ടപ്പോൾ ഭാഗ്യവതിയെന്ന് അഭിസംബോധന ചെയ്യുന്നു. അതിന്റെ കാരണം എലിസബത്തു തന്നെ വ്യക്തമാക്കുന്നു. “കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ചവൾ ഭാഗ്യവതി" (ലൂക്കാ 1:45). പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോഴാണ് മറിയത്തെ ഭാഗ്യവതിയെന്നു പ്രകീർത്തിക്കാൻ എലിസബത്തിനു കഴിഞ്ഞത്. മറിയത്തിന്റെ മഹനീയത ഗ്രഹിക്കാൻ പരിശുദ്ധാത്മാവിന്റെ നിറവ് ആവശ്യമുണ്ട്. തിരുസഭ പരിശുദ്ധാത്മാവിനാൽ നിറഞ്ഞാണു മറിയത്തെ ഭാഗ്യവതിയെന്നു ഇന്നും പ്രകീർത്തിക്കുന്നത്. എലിസബത്തിലൂടെ ദൈവം മറിയത്തെ “സ്ത്രീകളിൽ അനുഗ്രഹീത" (ലൂക്കാ 1:42) എന്ന് പ്രഖ്യാപിച്ചു. ദൈവം അനുഗൃഹീത എന്നു പ്രഖ്യാപിച്ച മറിയത്തെ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന തിരുസഭയ്ക്ക് പ്രകീർത്തിക്കാതിരിക്കാൻ കഴിയുമോ?
രക്ഷകനായ ക്രിസ്തുവിന്റെ ജനനവാർത്ത അറിഞ്ഞ് ആട്ടിടയർ ശിശുവിനെ കാണാൻ അതിവേഗം പുറപ്പെട്ടു. “അവർ മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു" (ലൂക്കാ 2:16). മറിയം ശിശുവിന്റെ അരികിൽ തന്നെയുണ്ടായിരുന്നു. പുൽക്കൂട് തൊട്ട് കാൽവരിവരെ അവൾ ക്രിസ്തുവിനെ അനുധാവനം ചെയ്തു. ദൈവത്തിൽനിന്നു വെളിപാടു ലഭിച്ച ജ്ഞാനികൾ രക്ഷകനെ കാണാൻ വന്നു. “അവർ ഭവനത്തിൽ പ്രവേശിച്ചു ശിശുവിന്റെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു" (മത്തായി 2:11).
ആരംഭം മുതൽക്കേ തിരുസഭ മറിയത്തെ ക്രിസ്തുവിന്റെ അരികിൽ കണ്ടിരുന്നു. ജ്ഞാനികളെപ്പോലെ തിരുസഭ ഇന്നും ക്രിസ്തുവിനെ ആരാധിക്കുകയും ക്രിസ്തുവിന്റെ അരികിൽ നില്ക്കുന്ന അമ്മയെ വണങ്ങുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയ്ക്കു ക്രിസ്തുവിന്റെ അരികിൽ നില്ക്കുന്ന മറിയത്തെ കണ്ടില്ലെന്നു നടിക്കാനാകുമോ? ആ അമ്മയെ വണങ്ങാതിരിക്കാൻ കഴിയുമോ?
ദൈവത്തിന്റെ വചനമാണു കത്തോലിക്കാ സഭയുടെ ജീവശ്വാസം. ദൈവവചനത്തെ സ്വീകരിക്കുകയും വചനത്തിൽ ജീവിക്കുകയും ചെയ്യുന്നവരാണു തിരുസഭയുടെ മാതൃക. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു” (ലൂക്കാ 2:51). ദൈവവചനത്തെ ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ച് ജീവിക്കുന്നതിന്റെ ഉദാത്തമായ മാതൃകയായി മാറിയ പരിശുദ്ധ കന്യകാമറിയത്തെ ദൈവവചനത്തിന്റെ ശക്തിയിൽ ജീവിക്കുന്ന തിരുസഭയ്ക്കു ആദരിക്കാതിരിക്കാൻ കഴിയുമോ?
“അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ ജനം നിമിത്തം അവന്റെടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരനും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തുനിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: “ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും (ലൂക്കാ 8:19-21). ഇവിടെ, ക്രിസ്തു മറിയത്തിന്റെ ജീവിതത്തിനു വ്യക്തമായ നിർവചനം നല്കുന്നു. അവൾ ആരാണെന്നു ലോകത്തോടു പ്രഖ്യാപിക്കുന്നു. പിതാവിന്റെ തിരുഹിതം ജീവിതത്തിൽ നിറവേറ്റിയവളാണ് മറിയം!
വേറൊരവസരത്തിൽ, “അവൻ ഇത് അരുളിച്ചെയ്തു കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോട് പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു: ദൈവവചനം കേട്ട് അതു പാലിക്കുന്നവർ കൂടുതൽ ഭാഗ്യമുള്ളവർ” (ലൂക്കാ 11: 27, 28). മറിയം ക്രിസ്തുവിനെ ഉദരത്തിൽ വഹിച്ചതുകൊണ്ടുമാത്രമല്ല, ദൈവവചനം അനുസരിച്ചവളായതുകൊണ്ടു കൂടിയാണ് അവൾ ഭാഗ്യവതിയായതെന്നു ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നു. ക്രിസ്തു പ്രകീർത്തിച്ച അമ്മയെ ക്രിസ്തുവിന്റെ സഭയ്ക്കു പ്രകീർത്തിക്കാതിരിക്കാൻ കഴിയുമോ?
“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്ക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു" (യോഹ. 19 : 25-27). അങ്ങനെ ക്രിസ്തുവിന്റെ കുരിശിലെ ജീവാർപ്പണം വഴി രക്ഷിക്കപ്പെട്ട ക്രിസ്തുശിഷ്യന്മാരുടെ മുഴുവൻ അമ്മയായി ക്രിസ്തു മറിയത്തെ നല്കി.
“അവർ ഏകമനസോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു” (അപ്പ. 1:14). മറിയത്തോടൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്ന ശിഷ്യഗണത്തിലേക്കാണ് പരിശുദ്ധാത്മാവ് കടന്നുവരുന്നത്. കത്തോലിക്കാ സഭയുടെ ആരംഭം മുതൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കുരിശിൽ കിടന്ന് ക്രിസ്തു സ്വന്തം അമ്മയെ സഭയ്ക്ക് ഭരമേൽപ്പിച്ച സംഭവത്തെ തിരുസഭയ്ക്ക് മറക്കാൻ കഴിയുമോ? സഭയുടെ ആരംഭം മുതൽ ക്രിസ്തുവിലേക്ക് സഭയെ വ്യക്തമായി നയിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ തിരുസഭയ്ക്ക് വണങ്ങാതിരിക്കാൻ കഴിയുമോ?
പരിശുദ്ധ കന്യകാമറിയം എന്നും തിരുസഭയോട് പറയുന്നതു ഒന്നുമാത്രം. “അവൻ (ക്രിസ്തു) നിങ്ങളോടു പറയുന്നത് ചെയ്യുവിൻ" (യോഹ. 2-5). ക്രിസ്തുവിലേക്ക് സഭയെ നയിക്കുന്നവളാണു പരിശുദ്ധ കന്യകാമറിയം. അതിനാൽ, അവളെ തിരുസഭ ആദരിക്കുന്നു. വിശുദ്ധർക്ക് നല്കുന്ന ആദരവിൽ നിന്ന് അല്പം കൂടി ഉയർന്ന ആദരവ് കന്യകാമറിയത്തിന് കത്തോലിക്കാ സഭ നല്കുന്നു. ഇതിന്റെ അടിസ്ഥാനം ദൈവത്തിന്റെ വചനമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവവചനവും ഒരു പോലെ കന്യകാമറിയത്തെ ആദരിക്കുന്നു. അതിനാൽ, ക്രിസ്തുവിന്റെ സഭയായ കത്തോലിക്കാസഭയും പരിശുദ്ധ കന്യകാമറിയത്തെ അമ്മയായി സ്വീകരിച്ച് ആദരിക്കുന്നതിൽ തെറ്റുണ്ടോ?
കന്യകാമറിയത്തെ ആദരിക്കുന്നതു വചനാധിഷ്ഠിതമാണോ? Fr. George Panamthottam CMI Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206