x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

വി. കുര്‍ബ്ബാനയിലെ വീഞ്ഞ് മദ്യമാണോ ?

Authored by : Mar Joseph Pamplany On 05-Sep-2020

വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിനെ മദ്യമായിട്ടല്ല കര്‍ത്താവീശോമിശിഹായുടെ തിരുരക്തമായാണ് വിശ്വാസികളും വൈദികരും സ്വീകരിക്കുന്നത്.

വിശ്വാസത്തിന്‍റെ വിഷയങ്ങളെ കേവലം യുക്തിവിചാരത്തിലൂടെ വിലയിരുത്തുന്നത് യുക്തിക്കുനിരക്കാത്തതാണ്. എത്രയോ മരുന്നുകളില്‍ ആല്‍ക്കഹോളിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. അതിനെ മദ്യം എന്ന് ആരും വിശേഷിപ്പിക്കാറില്ലല്ലോ. പ്രസ്തുത മരുന്നു കഴിക്കുന്നവരെ മദ്യപാനികള്‍ എന്നും വിശേഷിപ്പിക്കാറില്ല. ലക്ഷ്യത്തെ തമസ്കരിക്കുന്ന വിലയിരുത്തലുകള്‍ അബദ്ധമാകാം എന്നു സൂചിപ്പിക്കാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയത്.

1. യേശുവിന്‍റെ അന്ത്യത്താഴം - സമാന്തര സുവിശേഷങ്ങളുടെ വിവരണമനുസരിച്ച് - പെസഹാ ഭക്ഷണമായിരുന്നു (Beraka). ഇതിലെ ആചാരമായ വീഞ്ഞ് കുടിക്കുന്ന കര്‍മ്മത്തിനിടയിലാണ് (Kosher wine) ഈശോ പാനപാത്രമെടുത്ത് വാഴ്ത്തി, ഇതു തന്‍റെ തിരുരക്തമാണെന്ന് പ്രഖ്യാപിച്ചത്. തന്മൂലം വി. കുര്‍ബ്ബാനയില്‍ സമര്‍പ്പിക്കപ്പെടുന്ന വീഞ്ഞ് ഈശോയുടെ തിരുരക്തമായി മാറുന്നു എന്നു വിശ്വസിക്കുന്ന പുരാതനവും അപ്പസ്തോലിക പാരമ്പര്യമുള്ളതുമായ സഭകള്‍ വി. കുര്‍ബ്ബാനയര്‍പ്പണത്തിന് വീഞ്ഞ് ഉപയോഗിക്കുന്നു. കാരണം, യേശു വീഞ്ഞെടുത്താണ് "ഇത് എന്‍റെ രക്തമാണ്" എന്നു പറഞ്ഞത്.

എന്നാല്‍ ചില നവീന ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ - പന്തക്കുസ്താ വിഭാഗങ്ങള്‍, ബാപ്റ്റിസ്റ്റു വിഭാഗങ്ങള്‍, മെത്തോഡിസ്റ്റ് വിഭാഗങ്ങള്‍ തുടങ്ങിയവ - വീഞ്ഞിനു പകരം മുന്തിരിയുടെ നീര് (grape juice) ആണ് ഉപയോഗിക്കുന്നത്. ഇക്കൂട്ടരുടെ വിശ്വാസമനുസരിച്ച് കാഴ്ചവയ്ക്കപ്പെടുന്ന മുന്തിരിച്ചാറ് യേശുവിന്‍റെ രക്തമായി മാറുന്നില്ല; പ്രസ്തുത മുന്തിരിച്ചാറിനെ സാമൂഹിക കൂട്ടായ്മ വളര്‍ത്താനുള്ള ഒരു പാനീയമായി മാത്രമേ അവര്‍ മനസ്സിലാക്കുന്നുള്ളൂ. തന്മൂലം വി. കുര്‍ബ്ബാനയില്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം വി. കുര്‍ബ്ബാന യേശുവിന്‍റെ ശരീരരക്തങ്ങളായി മാറുന്നതായി വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നു വ്യക്തമാകുന്നു.

2. വി. കുര്‍ബ്ബാനയിലുപയോഗിക്കുന്ന അപ്പവും വീഞ്ഞും കൂദാശാ വചനങ്ങള്‍ക്കുശേഷവും അപ്പവും വീഞ്ഞും മാത്രമാണ്; തന്മൂലം പ്രസ്തുത വീഞ്ഞ് കുടിക്കുന്നവര്‍ മദ്യപാനികളാണെന്ന് വൈക്ലിഫും അനുയായികളും വാദിച്ചിരുന്നു. ഇതിനെതിരേ 1418-ല്‍ മാര്‍ട്ടിന്‍ അഞ്ചാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച പ്രബോധനത്തിലെ (Inter Cunctas) പ്രബോധനം ശ്രദ്ധേയമാണ്: "പുരോഹിതന്‍ കൂദാശാ വചനങ്ങള്‍ ഉച്ചരിച്ചതിനുശേഷം അള്‍ത്താരയില്‍ അവശേഷിക്കുന്നത് അപ്പവും വീഞ്ഞുമല്ല. മറിച്ച് അവയുടെ രൂപത്തില്‍ നമ്മുടെ കര്‍ത്താവിന്‍റെ ശരീര രക്തങ്ങളാണ് "(16-17). വസ്തുഭേദം (transubstantiation) നടന്നു കഴിഞ്ഞ വീഞ്ഞിനെ വീഞ്ഞായി മാത്രം കരുതുന്നതിനു കാരണം വി. ഗ്രന്ഥ പഠനങ്ങളിലുള്ള അജ്ഞാനമാണ്.

3. യഹൂദപാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ യേശു സ്ഥാപിച്ചതിനാല്‍ ആദ്യത്തെ വി. കുര്‍ബ്ബാന മുതല്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നതായി നമുക്കു കരുതാം. ആദ്യ നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരായ ജസ്റ്റിന്‍ (First Apology 64), ഹിപ്പോളിറ്റസ് (WH 13), സിപ്രിയാന്‍ (Epistle. 72) തുടങ്ങിയവരും ഡിഡാക്കെ (chapter 13) തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങളും വീഞ്ഞുപയോഗിച്ചുള്ള വി. കുര്‍ബ്ബാനയാചരണത്തെക്കുറിച്ച് വ്യക്തമായ സൂചനനല്‍കുന്നുണ്ട്.

സുവിശേഷ പാരമ്പര്യത്തിനു വിരുദ്ധമായി വീഞ്ഞിനു പകരം വെള്ളം ഉപയോഗിച്ച് വി. കുര്‍ബ്ബാന അര്‍പ്പിച്ച ജ്ഞാനവാദികളെ (gnostics) AD 251 ല്‍ വി. സിപ്രിയാന്‍ ശക്തമായ ഭാഷയില്‍ തിരുത്തുന്നുണ്ട് (Epistles. 72). വിവാഹവും വീഞ്ഞും മനുഷ്യപ്രകൃതിയെ മലിനമാക്കുന്നതിനാല്‍ വിവാഹമെന്ന കൂദാശ നിരസിക്കുകയും വീഞ്ഞിനു പകരം വെള്ളമുപയോഗിച്ച് വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്ത പാഷണ്ഡികളെ (Encratites) വി. ജോണ്‍ ക്രിസോസ്തോം ശാസിക്കുന്നുണ്ട് (First Homily 11-12). വീഞ്ഞിനെ ദൈവദാനമായും മദ്യപാനത്തിലൂടെ ലഹരിക്ക് അടിമപ്പെടുന്നതിനെ പൈശാചിക പ്രവൃത്തിയായുമാണ് വി. അബ്രോസും (Book I. 43), വി. അഗസ്റ്റിനും (Mor. 19), വി. ഗ്രിഗറിയും (Moralia in Job 31.45) വിലയിരുത്തുന്നത്. വി. കുര്‍ബ്ബാനയില്‍ വീഞ്ഞ് ഉപയോഗിക്കേണ്ട എന്നു വാദിക്കുന്നവര്‍ വി. ഗ്രന്ഥത്തിന്‍റെയും സഭാപാരമ്പര്യത്തിന്‍റെയും പ്രബോധനങ്ങള്‍ക്കു വിരുദ്ധമായാണ് സംസാരിക്കുന്നത് എന്ന് മേല്‍ ഉദ്ധരിച്ച പഠനങ്ങളില്‍ നിന്നു വ്യക്തമാണല്ലോ. 

4. സാധുവായ വി. കുര്‍ബ്ബാന അര്‍പ്പണത്തിന് അപ്പവും വീഞ്ഞും അനിവാര്യമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. പ്രകൃതിയില്‍ നിന്നുള്ള മുന്തിരി ഉപയോഗിച്ച് സ്വാഭാവികമായി നിര്‍മ്മിക്കുന്ന വീഞ്ഞു മാത്രമേ വി. കുര്‍ബ്ബാനക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് കാനന്‍ നിയമം അനുശാസിക്കുന്നുണ്ട് (CIC 924). എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വീഞ്ഞ് ഉപയോഗിക്കാനാവാത്ത വൈദികര്‍ക്ക് വീര്യമില്ലാത്ത നേര്‍ത്ത വീഞ്ഞ് (mustum) ഉപയോഗിച്ച് ബലിയര്‍പ്പിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.

വി. കുര്‍ബ്ബാനയുടെ രണ്ടു സാദൃശ്യങ്ങളിലും - അപ്പത്തിലും വീഞ്ഞിലും - (Sub altera tantum Specie) യേശു പൂര്‍ണ്ണമായും വ്യക്തിപരമായും സന്നിഹിതമാണെന്ന് ത്രെന്തോസ് കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (ND 1537 1539). തന്മൂലം തിരുരക്തമായി മാറിയ വീഞ്ഞ് മാത്രം ഉള്‍ക്കൊള്ളുന്ന വ്യക്തിയുടെ വി. കുര്‍ബ്ബാന സ്വീകരണം പൂര്‍ണ്ണമാണ്. എന്നാല്‍ ഇരു സാദൃശ്യങ്ങളിലും സ്വീകരിക്കപ്പെടുമ്പോള്‍ വി. കുര്‍ബ്ബാനയുടെ കൗദാശിക അടയാളങ്ങള്‍ കൂടുതല്‍ മിഴിവുള്ളതാകുന്നതായി രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചു (SC 2). ബലിയര്‍പ്പിക്കുന്ന പുരോഹിതന്‍റെ വി. കുര്‍ബ്ബാന സ്വീകരണം ബലിയുടെ വാസ്തവികതക്ക് അനിവാര്യമാണ് (ND 1537 ). എന്നാല്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ വി. കുര്‍ബ്ബാന സ്വീകരണം ബലിയര്‍പ്പണത്തിന്‍റെ വാസ്തവികതക്കു ഭംഗം വരുത്തുന്നില്ല.


5. മദ്യപാനത്തെ വി. ഗ്രന്ഥവും സഭാപ്രബോധനങ്ങളും ഒരുപോലെ എതിര്‍ക്കുന്നുണ്ടെന്ന വസ്തുത സുവിദിതമാണല്ലോ. മദ്യപാനത്തിലൂടെ നോഹയും (ഉല്‍പ 9:21) ലോത്തും (ഉല്‍പ 19:30-36) നാബാലും (1 സാമു 25:36-37) ഏലായും (1 രാജാ 16:9-10) ബാല്‍ഷാസറും (ദാനി 5) ചെന്നു ചാടുന്ന ദുരന്തങ്ങള്‍ ബൈബിള്‍ വിവരിക്കുന്നുണ്ട്. മദ്യപാനത്തിന്‍റെ നാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന അനേകം വചനഭാഗങ്ങളുണ്ട് (ഹബ 2:15, സുഭാ 20:1; 23:29, 31:4-7). മദ്യപാനി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല എന്ന് പൗലോസ് ശ്ലീഹാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് (1 കോറി 6:9-10).

മദ്യപാനമെന്ന സാമൂഹികവും വൈയക്തികവുമായ തിന്മയ്ക്കെതിരേ സന്ധിയില്ലാത്ത സമരം നയിക്കുന്നത് സഭയാണ്. സഭയുടെ മദ്യവിരുദ്ധ നിലപാടിനെ നിസ്സാരവല്‍കരിക്കാന്‍ സഭയുടെ ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന ആരോപണം മാത്രമാണ് വി.കുര്‍ബ്ബാനയിലെ വീഞ്ഞ് മദ്യമാണെന്ന വാദം. വിശ്വാസികള്‍ ഇത്തരം കുത്സിത പ്രചാരണങ്ങളില്‍ വഴിതെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. വി. കുര്‍ബ്ബാനയ്ക്കുപയോഗിക്കുന്ന വീഞ്ഞിനെ മദ്യമായി രാഷ്ട്രത്തിന്‍റെ നിയമവും കരുതുന്നില്ല. അതിനാലാണ് പ്രത്യേക മദ്യ ലൈലന്‍സ് കൂടാതെ തന്നെ ഈ വീഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

body and blood of Christ transubstantiation Mar Joseph Pamplany Holy Mass mass wine church teaching Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message