x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ക്രിസ്തു നൽകിയ അധികാരം കൈവെയ്പ്പിലൂടെ കൈമാറുന്നതു വചനാധിഷ്ഠിതമാണോ?

Authored by : Fr. George Panamthottam CMI On 29-Aug-2022

ക്രിസ്തു അപ്പസ്തോലന്മാർക്ക് നല്കിയ അധികാരം സഭയിൽ കൈവയ്പിലൂടെ തുടർന്നു വന്നതിനെക്കുറിച്ച് ബൈബിൾ പ്രതിപാദിക്കുന്നു. ക്രിസ്തുവിന്റെ ശിഷ്യഗണത്തിൽ അനേകരുണ്ടായിരുന്നെങ്കിലും അവരിൽ നിന്ന് പന്ത്രണ്ട് പേരെ അവിടുന്ന് തെരഞ്ഞെടുക്കുന്നതും അവർക്ക് അധികാരങ്ങൾ നല്കുന്നതും നാം കാണുന്നു. “അവൻ പന്ത്രണ്ട് പേരെയും വിളിച്ച് സകല പിശാചുക്കളുടെയും മേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു. അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്തുവാനുമായി അവർ അവരെ അയച്ചു” (ലൂക്കാ 9:1.2). “അവൻ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി" (മത്തായി 10:1). "യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ, യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28:18-20).

പാപമോചനം നൽകുന്നതിനും ശിഷ്യപ്പെടുത്തുന്നതിനും ജ്ഞാനസ്നാനം നൽകുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള ദൗത്യം യുഗാന്തംവരെ തുടരുന്നതിനുള്ള അധികാരമായിരുന്നു അവിടുന്ന അപ്പസ്തോലന്മാരെ ഭരമേല്പിച്ചത്. അപ്പസ്തോലന്മാരുടെ കൈവയ്പുവഴി പിൻഗാമികൾക്ക് കൈമാറിയ ഈ അധികാരം ഇന്നും സഭയിൽ നിലനില്ക്കുന്നു. പൗലോസ് അപ്പസ്തോലനെ ക്രിസ്തു നേരിട്ട് വിളിച്ചെങ്കിലും അനനിയാസ് എന്നൊരു ശിഷ്യനെ അവിടുന്ന് പൗലോസിന്റെ അടുത്തേയ്ക്ക് അയയ്ക്കുന്നു. “അനനിയാസ് ചെന്ന് ആ ഭവനത്തിൽ പ്രവേശിച്ച് അവന്റെമേൽ കൈകൾ വച്ചു" (അപ്പ. 9:17). പൗലോസ് അപ്പസ്തോലന് പ്രത്യേക കൈവയ്പ്പ് നൽകുന്നതായി അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിൽ വിവരിക്കുന്നു. “അവർ കർത്താവിന് ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്ധാത്മാവ് അവരോട് പറഞ്ഞു: ബർണ്ണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി എനിക്കുവേണ്ടി മാറ്റി നിറുത്തുക. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം അവർ അവരുടെ മേൽ കൈവയ്പ് നടത്തി പറഞ്ഞയച്ചു.” (അപ്പ. 13:2-3)

അപ്പസ്തോലന്മാരിൽ നിന്നും അധികാരം ലഭിച്ച പൗലോസ് ശ്ലീഹാ ഓരോ സ്ഥലങ്ങളിലും ശ്രേഷ്ഠന്മാരെ നിയമിച്ചു. “അവർ സഭകൾതോറും ശ്രേഷ്ഠന്മാരെ നിയമിച്ച് പ്രാർത്ഥനയോടും ഉപവാസത്തോടും കൂടെ അവരെ തങ്ങൾ വിശ്വസിച്ച കർത്താവിന് സമർപ്പിച്ചു" (അപ്പ. 14:23). പൗലോസ് തീത്തോസിന് ശ്രേഷ്ഠന്മാരെ നിയമിക്കാനുള്ള നിർദ്ദേശം നൽകുന്നതായി ലേഖനത്തിൽ കാണുന്നു. “ഞാൻ നിന്നെ ക്രേത്തേയിൽ വിട്ടിട്ടു പോന്നത് നീ അവിടുത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാൻ നിർദ്ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്മാരെ നിയോഗിക്കുന്നതിനും വേണ്ടിയാണ്'' (തിത്തോ. 1:5). അധികാരപൂർവ്വം പഠിപ്പിക്കുന്നതിനും തിരുവചനം വ്യാഖ്യാനിക്കുന്നതിനും തിമോത്തിയോസിനെ പൗലോസ് ശ്ലീഹാ അധികാരപ്പെടുത്തുന്നു. “ഇപ്പറഞ്ഞവയെല്ലാം അധികാരപൂർവ്വം പഠിപ്പിക്കുക. ആരും നിന്റെ പ്രായക്കുറവിന്റെ പേരിൽ നിന്നെ അവഗണിക്കാൻ ഇടയാകരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികൾക്ക് മാതൃകയായിരിക്കുക” (1 തിമോ. 7:11). പ്രവചന പ്രകാരവും സഭാ ശ്രഷ്ഠന്മാരുടെ കൈവയ്പ്പ് വഴിയും നിനക്ക് നല്കപ്പെട്ട കൃപാവരം അവഗണിക്കരുത് (1 തിമോ 4:14).

കൈവയ്പ്പ് നല്കുന്നതിനെ സംബന്ധിച്ചുള്ള നിർദ്ദേശവും പൗലോസ് ശ്ലീഹാ നല്കുന്നു. “ആർക്കെങ്കിലും കൈവയ്പ്പു നല്കുന്നതിൽ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളിൽ പങ്കുചേരുകയോ അരുത്” (1 തിമോ. 5:22). “ഇക്കാര്യങ്ങൾ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ." (തിത്തോ. 2:15). “ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ഞാൻ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു” (2 തിമോ 4:1).

പഴയ നിയമത്തിൽ കൈവയ്പ്പിലൂടെയാണ് അധികാരം കൈമാറിയിരുന്നത്. “കർത്താവ് മോശയോട് അരുളിചെയ്തു. നൂനിന്റെ മകനും ആത്മാവ് കുടികൊള്ളുന്നവനുമായ ജോഷ്വയെ വിളിച്ച് അവന്റെമേൽ കൈവയ്ക്കുക. പുരോഹിതനായ എലെയാസാറിനേയും സമൂഹത്തിന്റെ മുമ്പിൽ നിറുത്തി അവർ കാൺകെ നീ അവനെ നിയോഗിക്കുക” (സംഖ്യ. 27:18- 19). “അവന്റെ മേൽ കൈ വച്ച് കർത്താവ് കല്പിച്ചതു പോലെ അവനെ നിയോഗിക്കുകയും ചെയ്തു” (സംഖ്യ 27:22). ഇങ്ങനെ, ക്രിസ്തു നൽകിയ അധികാരം കൈവയ്പിലൂടെ തലമുറകൾക്ക് കൈമാറുന്നത് തിരുവചനത്തിൽ പലയിടത്തും കാണാൻ കഴിയും.

ക്രിസ്തു തന്റെ ദൗത്യം നിർവഹിക്കാനുള്ള അധികാരം നൽകിയത് വിശുദ്ധ പത്രോസിനും മറ്റ് അപ്പസ്തോലന്മാർക്കുമാണ്. അവർ ഒരുനാൾ മരിക്കേണ്ടവരായിരുന്നു, ക്രിസ്തു ഭരമേല്പിച്ച ദൗത്യമാകട്ടെ ലോകത്തിന്റെ അവസാനംവരെ നിലനിൽക്കേണ്ടതും. (മത്താ. 28: 19- 20). യുഗാന്തം വരെ ഈ ദൗത്യം തുടരാൻ അപ്പസ്തോലന്മാർക്ക് തങ്ങളുടെ പിൻഗാമികളെ നിയോഗിക്കേണ്ടത് ആവശ്യമായിരുന്നു. അങ്ങനെ സഭയുടെ ആരംഭകാലം മുതൽക്കേ അപ്പസ്തോലന്മാരിൽ നിന്ന് കൈവയ്പ് ലഭിച്ചവർ സഭയെ ക്രിസ്തുവിന്റെ നാമത്തിൽ ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യഥാർത്ഥ അജപാലകരായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്നും ക്രിസ്തു അപ്പാസ്‌തോലന്മാർക്ക് നൽകിയ അധികാരം കൈവയ്പിലൂടെ തലമുറകൾക്ക് കൈമാറി കത്തോലിക്കാ സഭയിൽ ഇടമുറിയാതെ തുടരുന്നു.

അധികാരം ശുശ്രൂഷാപരം

തിരുസഭയിൽ അധികാരം സിദ്ധിച്ചിട്ടുള്ള എല്ലാവരും, തന്റെ മാതൃകയനുസരിച്ച് വിനയപൂർവ്വം അത് കൈകാര്യം ചെയ്യണമെന്നാണ് ക്രിസ്തു ആജ്ഞാപിക്കുന്നത്. “ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനുമാണ് അവിടുന്നു കടന്നുവന്നത്. ക്രിസ്തുവിൽ നിന്ന് ലഭിച്ചിരിക്കുന്ന നിയമാനുസൃതമായ അധികാരത്തെ എല്ലാവരും ആദരിക്കണം. അധികാരം സിദ്ധിച്ചിട്ടുള്ളവർ, അതിന് യോജിക്കാത്തവിധം അയോഗ്യമായ വ്യക്തിജീവിതം നയിക്കുന്നവരായിരുന്നാൽ പോലും, അവൾ വഴി നൽകപ്പെടുന്ന ദിവ്യദാനങ്ങളിൽ നിന്ന് ഫലമെടുക്കണമെന്ന് ക്രിസ്തു നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. “അവർ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ, അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്.” (മത്തായി 23:3). ക്രിസ്തു നൽകിയ എല്ലാ അധികാരവും ശുശ്രൂഷാപരമാണ്. “നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടിയിരിക്കുന്നു (യോഹ. 13:14). തിരുസഭയിൽ മാമോദീസ സ്വീകരിച്ചിരിക്കുന്ന ഏതൊരു വിശ്വാസിയും തനിക്ക് ലഭിച്ചിരിക്കുന്ന കർത്തവ്യങ്ങൾ ശുശ്രൂഷാ മനോഭാവത്തോടെ നിർവഹിക്കാൻ കടപ്പെട്ടവരാണ്. സഭയിൽ മാർപാപ്പ മുതൽ അൽമായർ വരെ എല്ലാവരും ഈ ശുശ്രൂഷാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ അധികാരങ്ങളുടെയും ഉറവിടം ദൈവമാണ്. അതിനാൽ എല്ലാ അധികാരങ്ങളോടും വിധേയപ്പെടാൻ നാം ബാധ്യസ്ഥരാണ്.ഏതൊരു പൊതുപ്രവർത്തനവും ഫലപ്രദമാകാൻ മാനുഷിക സഹകരണവും മേലധികാരവും കർത്തവ്യവൈവിദ്ധ്യവും അനിവാര്യമാണ്. ഇതിനാണ് ക്രിസ്തു സഭയ്ക്ക് അധികാരസ്ഥാനങ്ങൾ നൽകിയിരിക്കുന്നത്. ഇതിലൂടെ വിശ്വാസികൾ ക്രിസ്തുവിന്റെ രക്ഷാകരകൃത്യത്തിൽ വിവിധ നിലകളിൽ പങ്കുചേരണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നു.

Living Faith Series : 2 (ചോദ്യം:3)

ക്രിസ്തു നൽകിയ അധികാരം കൈവെയ്പ്പിലൂടെ കൈമാറുന്നതു വചനാധിഷ്ഠിതമാണോ? Living Faith Series : 2 (ചോദ്യം:3) ലൂക്കാ 9:1.2 മത്തായി 10:1 മത്തായി 28:18-20 അപ്പ. 9:17 അപ്പ. 13:2-3 അപ്പ. 14:23 തിത്തോ. 1:5 1 തിമോ. 7:11 1 തിമോ 4:14 1 തിമോ. 5:22 തിത്തോ. 2:15 2 തിമോ 4:1 സംഖ്യ. 27:18- 19 മത്താ. 28: 19- 20 മത്തായി 23:3 യോഹ. 13:14 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message