We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 03-Nov-2022
തിരുവചനം പറയുന്നു: എന്തെന്നാൽ, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായി ഒരുവനേയുള്ളൂ- മനുഷ്യനായ യേശുക്രിസ്തു” (1 തിമോ. 2:5). വചനം മാംസം ധരിച്ച് മനുഷ്യനായി പിറന്ന ക്രിസ്തുവാണ് മനുഷ്യരുടെയും ദൈവത്തിന്റെയും ഇടയിലെ മദ്ധ്യസ്ഥൻ എന്ന് കത്തോലിക്കാ സഭാ വിശ്വസിക്കുന്നു. മദ്ധ്യസ്ഥൻ എന്ന വാക്കിന്റെ അർത്ഥമെന്താണ്? രണ്ട് വ്യക്തികൾക്കോ രണ്ട് കൂട്ടർക്കോ ഇടയിൽ നന്മ ലക്ഷ്യമാക്കി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരാണ് മദ്ധ്യസ്ഥർ. എങ്കിൽ, വിശുദ്ധരായി ദൈവത്തിന് പ്രീതികരമായി ജീവിച്ച് മരിച്ചുപോയവർക്കും ജീവിച്ചിരുന്നവർക്കും ദൈവസന്നിധിയിൽ ക്രിസ്തുവിനോടു ചേർന്ന് നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിച്ച് പ്രാർത്ഥിക്കാൻ സാധിക്കുമെന്നു തിരുസഭ വിശ്വസിക്കുന്നു. ഞാൻ എനിക്കുവേണ്ടി മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളു എന്ന് പറയാനാകുമോ? ഞാൻ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കടപ്പെട്ട വ്യക്തിയല്ലേ? ഞാൻ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവർക്കു വേണ്ടി സ്വർഗ്ഗത്തിൽ മദ്ധ്യസ്ഥത വഹിക്കുകയല്ലേ ചെയ്യുന്നത്? പന്തക്കുസ്തക്കാരും മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാറില്ലേ? അതു മദ്ധ്യസ്ഥ പ്രാർത്ഥനയല്ലേ? ദൈവസന്നിധിയിലും സമൂഹത്തിലും വിശുദ്ധിയിലും മാതൃകയിലും ജീവിച്ച വിശുദ്ധർക്ക് നമുക്കുവേണ്ടി പ്രർത്ഥിക്കാൻ കഴിയില്ലെന്ന് പറയാനാകുമോ? അവരുടെ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നവർ ക്രിസ്തുവിനോടു ചേർന്നുനിന്നാണു മദ്ധ്യസ്ഥത തേടി പ്രാർത്ഥിക്കുന്നത്.
മധ്യസ്ഥ പ്രാർത്ഥന നടത്തേണ്ടതിന്റെ ആവശ്യകത തീരുവചനം ആവർത്തിച്ചാവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. വിശുദ്ധ യാക്കോബ് ശ്ലീഹാ പറയുന്നു: "നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ" (യാക്കോ. 5 :14). സഭാശ്രേഷ്ഠർ രോഗികൾക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്തുമ്പോൾ അവർ ക്രിസ്തുവിനോടു ചേർന്നു ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിൽ മധ്യസ്ഥരാകുകയില്ലേ?
വിശുദ്ധ പൗലോസ്ശ്ലീഹാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നുണ്ട്. “ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ വഴി നിങ്ങൾ ഞങ്ങളെ സഹായിക്കണം” (2 കോറി 1:11). “ഞാൻ വായ് തുറക്കുമ്പോൾ എനിക്ക് വചനം ലഭിക്കുവാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂർവ്വം പ്രഘോഷിക്കുവാനും നിങ്ങൾ എനിക്കുവേണ്ടിപ്രാർത്ഥിക്കുവിൻ" (എഫേ. 6:19 ). “അവസാനമായി സഹോദരരേ,കർത്താവിന്റെ വചനത്തിനു നിങ്ങളുടെയിടയിൽ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാരവും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധർമ്മികളുമായ മനുഷ്യരിൽ നിന്നു ഞങ്ങൾ രക്ഷപെടുന്നതിനുമായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവിൻ" (2 തെസ. 3: 1-2).
മറ്റുള്ളവർക്കു വേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തണമെന്ന് വിശുദ്ധ പൗലോസ് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. "എല്ലാവർക്കും വേണ്ടി അപേക്ഷകളും യാചനകളും മദ്ധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോ. 2:1). “നിങ്ങൾ അപേക്ഷകളോടും യാചനകളോടുംകൂടെ എല്ലാ സമയത്തും ആത്മാവിൽ പ്രാർത്ഥനാ നിരതയായിരിക്കുവിൻ. അവിശ്രാന്തം ഉണർന്നിരുന്ന് എല്ലാ വിശുദ്ധർക്കും വേണ്ടി പ്രാർത്ഥിക്കുവിൻ” (എഫേ 6:18).
വിശുദ്ധ പൗലോസ് മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു: “ഞാൻ നിങ്ങളെ ഓർക്കുമ്പോഴെല്ലാം എന്റെ ദൈവത്തിന് നന്ദി പറയുന്നു. എപ്പോഴും എന്റെ എല്ലാ പ്രാർത്ഥനകളിലും നിങ്ങൾക്കെല്ലാവർക്കും വേണ്ടി സന്തോഷത്തോടെ യാചിക്കുന്നു” (ഫിലി. 1:3-4). “എന്നാൽ നിങ്ങൾ തിന്മ പ്രവർത്തിക്കരുതേ എന്നാണ് ദൈവത്തോടൂള്ള ഞങ്ങളുടെ പ്രാർത്ഥന” (2 കോറി 13:7). “നിങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. മറ്റുള്ളവർക്കുവേണ്ടി വിശുദ്ധപൗലോസ് പ്രാർത്ഥിക്കുമ്പോൾ ക്രിസ്തുവിനെ നിരാകരിക്കുന്നുണ്ടോ?
മദ്ധ്യസ്ഥപ്രാർത്ഥനകളിലൂടെ ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കുന്നതായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. “ജോബ് തന്റെ സ്നേഹിതർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് തിരികെ കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായി കൊടുത്തു." (ജോബ് 42:10). "അബ്രാഹം ദൈവത്തിന്റെ മുമ്പിൽ നിന്ന് തന്റെ സ്വന്തക്കാരനായ ലോത്തിനും കുടുംബത്തിനുംവേണ്ടി മദ്ധ്യസ്ഥത സ്വീകരിച്ചു. ദൈവം ലോത്തിനെയും കുടുംബത്തെയും രക്ഷിച്ചു” (ഉൽപ.18:23-33).
ദൈവം മദ്ധ്യസ്ഥപ്രാർത്ഥന ആവശ്യപ്പെടുന്ന തിരുവചനം ബൈബിളിൽ ഉണ്ട്. “എന്റെ ദാസനായ ജോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. ഞാൻ അവന്റെ പ്രാർത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിന് നിങ്ങളെ ശിക്ഷിക്കുകയില്ല..."(ജോബ് 4:8). മോശ അഹറോൻ, സാമുവൽ, ഏലിയ, എലീഷാ എന്നിവയെല്ലാവരും ദൈവത്താൽ നിയോഗിക്കപ്പെട്ട ഇടനിലക്കാരനായിരുന്നു. ദൈവം മാലാഖമാരെ ദൂതരായി അയക്കുന്ന സംഭവങ്ങൾ ബൈബിളിൽ നിരവധിയുണ്ട് (തോബി. 12:12-15, മത്തായി 1:20, ലൂക്കാ 1: 19, ലൂക്കാ 1:26,27, വെളി. 1:2).
വിശുദ്ധ പൗലോസ് പറയുന്നു:"എല്ലാ വിശുദ്ധരോടൊപ്പം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും, ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ." (എഫേ. 3:18) ആരാണ് വിശുദ്ധർ ? “എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവർ എന്നെ അനുഗമിക്കട്ടെ അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും, എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും"(യോഹ. 12:26). ക്രിസ്തുവിന്റെ വചനങ്ങളെ ജീവിതമാക്കി നിദ്രപ്രാപിച്ച് ശുശ്രൂഷകരായി പിതാവിനാൽ ബഹുമാനിക്കപ്പെട്ട് അവിടുത്തെ അരികിലായിരിക്കുന്നവരെയാണു വിശുദ്ധർ എന്നു വിളിക്കുന്നത്. അവർ ദൈവത്തെ അനവരതം സ്തുതിച്ചു കൊണ്ടിരിക്കുന്നു എന്നു നാം വിശ്വസിക്കുന്നു. അവരുടെ നന്മ പ്രവൃത്തികൾ അവരെ വിശുദ്ധിയിലേക്ക് നയിച്ചു. “അനന്തരം, സ്വർഗ്ഗത്തിൽ നിന്ന് പറയുന്ന ഒരു സ്വരം ഞാൻ കേട്ടു. എഴുതുക. ഇപ്പോൾ മുതൽ കർത്താവിൽ മൃതിയടയുന്നവർ അനുഗൃഹീതരാണ്. അതേ, തീർച്ചയായും. അവർ തങ്ങളുടെ അധ്വാനങ്ങളിൽ നിന്ന് വിരമിച്ച് സ്വസ്ഥരാകും. അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിചെയ്യുന്നു" (വെളി. 14:13).
വിശുദ്ധർ ദൈവസന്നിധിയിലുണ്ടെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അവൻ (മോശ) പറഞ്ഞു: “കർത്താവ് സീനായിൽ നിന്ന് വന്നു, നമുക്കായി സെയിറിൽനിന്ന് ഉദിച്ച് പാരാൻ പർവതത്തിൽ നിന്നു പ്രകാശിച്ചു. വിശുദ്ധരുടെ പതിനായിരങ്ങടൊത്തു വന്നു” (നിയമാ. 33 : 2). "...തന്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു" (നിയമാ 33: 3)... "നിങ്ങളുടെ ദൈവമായ കർത്താവ് തന്റെ എല്ലാ പരിശുദ്ധന്മാരോടും കൂടെ വരും” (സംഖ്യ 14:5). വിശുദ്ധ ഗ്രന്ഥം വിശുദ്ധരെ അംഗീകരിക്കുന്നു എന്നു വ്യക്തമാണ്. അവർ ദൈവസന്നിധിയിൽ ആയിരിക്കുന്നു എന്നതും സ്പഷ്ടമാണ്.
"ദൈവഹിതപ്രകാരം ജീവിച്ചു സ്വർഗ്ഗത്തിലായിരിക്കുന്ന വിശുദ്ധരോടു പ്രാർത്ഥനാ സഹായം അപേക്ഷിക്കണമെന്നു തിരുവചനം തന്നെ അനുശാസിക്കുന്നു. പരസ്പരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും മദ്ധ്യസ്ഥ പ്രാർത്ഥന എന്ന വാക്കിൽ നിന്നു നാം മനസിലാക്കിയെടുക്കുന്നു. ഒരാൾ മറ്റൊരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നവർ തന്നെ വിശുദ്ധരോടു മദ്ധ്യസ്ഥത അപേക്ഷിക്കുന്നതിനെ നിഷേധിക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. വിശുദ്ധരോടു മദ്ധ്യസ്ഥത അപേക്ഷിക്കാൻ പാടില്ലെന്നു പറഞ്ഞാൽ ആരോടും പ്രാർത്ഥനാ സഹായം അപേക്ഷിക്കാൻ പാടില്ലെന്നും സമ്മതിക്കേണ്ടിവരും. അത് എന്തായാലും ശരിയല്ലല്ലോ. അതിനാൽ കത്തോലിക്കാസഭ എന്നും വിശുദ്ധ ജീവിതങ്ങളെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചിട്ടുണ്ട്. വിശുദ്ധരുടെ മദ്ധ്യസ്ഥത തേടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കാരണം, അത് തികച്ചും തിരുവചനാധിഷ്ഠിതമാണ്.
Fr. George Panamthottam CMI കത്തോലിക്കാ സഭ വിശുദ്ധരോട് മദ്ധ്യസ്ഥത തേടി പ്രാർത്ഥിക്കുന്നത് വചനാധിഷ്ഠിതമാണോ? 1 തിമോ. 2:5 യാക്കോ. 5 :14 2 കോറി 1:11 2 തെസ. 3: 1-2 എഫേ 6:18 ഫിലി. 1:3-4 2 കോറി 13:7 ജോബ് 42:10 ഉൽപ.18:23-33 ജോബ് 4:8 യോഹ. 12:26 വെളി. 14:13 Living faith series : 9 (ചോദ്യം:1) Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206