We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
അപരന്റെ ജീവൻ ഹനിക്കുന്ന ഒട്ടുമിക്ക സാഹചര്യങ്ങളെയും പ്രവർത്തികളെയും കൊലപാതകം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നിയ മാനുസൃതമല്ലാതെയും യാതൊരു നീതീകരണത്തിന്റെ പിൻബലമില്ലാതെയും മനഃപൂർവ്വം മറ്റൊരുവന്റെ ജീവനെടുക്കുന്നതിനെയാണ് ഈ വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് . രാജ്യസുരക്ഷക്കുവേണ്ടി എന്ന പരാമർശം തന്നെ യഥാർത്ഥത്തിൽ കൊലപാതകം എന്ന വാക്കിന്റെ ശരിയായ നിർവ്വചനത്തിൽ വരുമോ എന്ന ചോദ്യവും പ്രസക്തമാണ് . എങ്കിലും അസ്വാഭാവിക കാരണങ്ങളാൽ മറ്റൊരാൾമൂലം ഒരുവന്റെ ജീവൻ ഹനിക്കപ്പെടുന്നതിലെ ധാർമ്മികതയെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഒരു ക്രൈസ്തവവിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവീകഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ( ഉൽപത്തി 1.27 ) അപരന്റെ ജീവന്റെ ഘാതകനാകുന്നത് കൊല്ലരുത് ' എന്ന ദൈവ പ്രമാണത്തിന്റെ ( പുറ 20.13 ) നേരിട്ടുള്ള ലംഘനമാണ് . ജീവദാതാവായ ദൈവത്തിനു മാത്രമാണ് ജീവന്റെമേൽ അധികാരവും അവകാശവും ഉള്ളൂ . മനുഷ്യസംരക്ഷണത്തിനായ് ദൈവം വിശ്വസിച്ചേൽപിച്ച ഒരു ദാനംമാത്രമാണ് ജീവൻ . അതുകൊണ്ട് ജീവനെതിരായിട്ടുള്ള എല്ലാ പ്രവൃത്തികളും ദൈവത്തിനെതിരായ പാപമായിതന്നെ കാണാം . കൂടാതെ ജീവനെ സംരക്ഷിക്കുന്നതിന് മനുഷ്യനുള്ള സ്വാഭാവിക ആഗ്രഹവും ഒരു പ്രകൃതിനിയമമെന്ന നിലയിൽ കൊലപാതകത്തിന് എതിരാണ് . അതോടൊപ്പം , സമൂഹത്തിൽ ഒരു വ്യക്തി വഴിയായി ഉണ്ടാകേണ്ടിയിരുന്ന നന്മകൾ ഇല്ലാതാകുന്നു എന്നതിനാൽ പൊതുനന്മക്കെതിരായ ഒരു സാമൂഹിക തിന്മകൂടിയാണ് കൊലപാതകം . ദൈവീകസ്വഭാവത്തിന്റെ മൂർത്തീഭാവമായ മനുഷ്യൻ സ്വാർത്ഥ മോഹങ്ങളാൽ പ്രേരിതനായി ജീവന്റെമേൽ കൈവയ്ക്കുമ്പോൾ അത് നീതി , സ്നേഹം മുതലായ പുണ്യങ്ങൾക്കുമെതിരാണ് . രാജ്യസുരക്ഷയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങളുടെ ഫലമായി ഉദ്ദേശിക്കാതെ സംഭവിക്കുന്ന കൊലപാതകങ്ങളുടെ ധാർമ്മികവശങ്ങൾ പരിശോധിക്കുമ്പോൾ യുദ്ധവും സമാനമായ സാഹചര്യങ്ങളും ഇവിടെ പരിഗണിക്കപ്പെടേണ്ടതാണ് . ഇത്തരം സാഹചര്യങ്ങളിലുള്ള രാഷ്ട്രത്തിന്റെ പ്രതികരണത്തെ സ്വയംപ്രതിരോധത്തിന്റെ ( self defence ) , അല്ലെങ്കിൽ നിയമാനുസൃതമായ പ്രതിരോധത്തിന്റെ ( Legitimate defence) ഗണത്തിൽപ്പെടുത്താ൦. സ്വന്തം ജീവനോ , ആരോഗ്യത്തിനോ , സത്പേരിനോ , സമ്പതിനോ അപരൻമൂലം ഭീഷണി ഉണ്ടാകുമ്പോൾ സ്വയരക്ഷക്കായി ഒരു വ്യക്തിനടത്തുന്ന പ്രവർത്തനത്തെ സ്വയം പ്രതിരോധമെന്നു വിളിക്കാം . അത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചു ചെയ്യുന്ന പ്രവർത്തിയേക്കാൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതികരണമാണ് . സ്വന്തം ജീവനോടുള്ള സ്നേഹം ധാർമ്മികതയുടെ അടിസ്ഥാനമാകയാൽ സ്വയം പ്രതിരോധം ഒരു വ്യക്തിയുടെ അവകാശമാണ് . അതിനായി എല്ലാമാർഗ്ഗങ്ങളും സ്വീകരിക്കുന്നതിനും പരസഹായം തേടുന്നതിനും ഒഴിവാക്കാനാവാത്തതെങ്കിൽ സ്വയരക്ഷ എന്ന ഉദ്ദേശ്യത്തോടെ അക്രമിയുടെ ജീവനെടുക്കുന്നതിനും ഈ അവകാശം ഒരുവനെ അനുവദിക്കുന്നു . എന്നാൽ ശത്രുവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രത്യാക്രമണം ന്യായീകരിക്കാവുന്നതല്ല . സ്വജീവൻ സംരക്ഷിക്കുന്നതിനിടയിൽ സ്വാഭാവികമായോ അപ്രതീക്ഷിതമായോ സംഭവിച്ച പ്രവർത്തിയുടെ ഫലമെന്നനിലയിൽ മാത്രമേ സ്വയം പ്രതിരോധത്തിനിടയിലെ കൊലപാതകത്തെ ന്യായീകരിക്കാനാവൂ . സ്വയരക്ഷക്കായി ആവശ്യത്തിലധികം അക്രമം നടത്തുന്നതും നിയമവിരുദ്ധമാണ് ; പകരം മിതത്വത്തോടെയുള്ള പ്രതികരണമാണ് ആവശ്യം ( ccc 2264 ) . സ്വയം പ്രതിരോധത്തെ ന്യായീകരിക്കുന്നതോടൊപ്പം തന്റെ സംരക്ഷണത്തിലായിരിക്കുന്നവരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള കടമയും ഇതേ വാദത്തിന്റെ ഭാഗമായിത്തന്നെ സഭ പഠിപ്പിക്കുന്നു . മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവരുടെ നിയമാനുസൃതമായ പ്രതികരണം ഒരു അവകാശം മാത്രമല്ല ഗൗരവപരമായ ഒരു കടമയുമാണ് . ഇവിടെ അപരന്റെ സംരക്ഷണത്തിനായി അക്രമിയെ ആയുധങ്ങളുപയോഗിച്ച് തുരത്തുന്നതിനുള്ള കടമയും അവകാശവുമുണ്ട് ( ccc 2265 ) . അതിനാൽത്തന്നെ എല്ലാ സാഹചര്യങ്ങളിലും ജീവനും സ്വത്തിനും സംരക്ഷണം നൽകുക രാഷ്ട്രത്തിന്റെ ഉത്തരവാദിത്വമാണ് . ഈ സാഹചര്യത്തിൽ നിന്നുകൊണ്ടുവേണം രാജ്യസുരക്ഷക്കുവേണ്ടിയുള്ള കൊലപാതകങ്ങളെ നാം നോക്കിക്കാണാൻ . വധശിക്ഷയെ കത്തോലിക്കാസഭ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും പൗരന്മാരുടെ ജീവനെ സംരക്ഷിക്കുന്നതിന് ഒരു അക്രമിയുടെ മരണം അനിവാര്യവും അത്യന്താപേക്ഷിതവുമെങ്കിൽ ശിക്ഷ നടപ്പിലാക്കാമെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു ( ccc 2267 ) . ഇന്നിന്റെ പശ്ചാത്തലത്തിൽ അത്തരം സാഹചര്യങ്ങൾ തീർത്തും വിരളമാണെന്ന് സഭ ഓർമ്മിപ്പിക്കുന്നു . ( EV 57 , ND 2255 ) . യുദ്ധവും സമാനവുമായ സാഹചര്യങ്ങൾ വഴി ഉണ്ടാകുന്ന നരഹത്യകളാണ് രാജ്യസുരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . ഇത്തരം സാഹചര്യങ്ങളിൽ എതിരാളിയുടെ ജീവനെടുക്കുക അനിവാര്യമോ സ്വാഭാവികമോ ആയ പ്രക്രിയയാണ് . മനുഷ്യജീവനും സമ്പത്തിനും ആരോഗ്യത്തിനും എന്നും ഹാനികരമാണ് യുദ്ധങ്ങൾ . അതുകൊണ്ട് യുദ്ധം അനിവാര്യമായി വരുന്നത് എപ്പോഴാണ് എന്ന ചോദ്യം പ്രസക്തമാകുന്നു .
നീതിപൂർവ്വകമായി നടത്തുന്ന ഒഴിവാക്കാനാകാത്ത ഒരു യുദ്ധത്തെ ന്യായമായ യുദ്ധം ( Just War ) എന്നു വിളിക്കാം . ഒരു ജനതയുടെയോ രാജ്യ ത്തിന്റെയോ പാപകരമായ പ്രവൃത്തികൾക്കുള്ള ശിക്ഷയോ സ്വയരക്ഷ യ്ക്കുള്ള മാർഗ്ഗമോ ആണ് ന്യായമായ യുദ്ധം എന്ന് വി . അഗസ്റ്റിൻ പറയുന്നു . സാധിക്കുന്നിടത്തോളം യുദ്ധം ഒഴിവാക്കുന്നതിന് എല്ലാ പൗരൻമാരും ഭരണകർത്താക്കളും കടപ്പെട്ടിരിക്കുന്നു അഥവാ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ശേഷം അവശേഷിക്കുന്ന ഏക മാർഗ്ഗം എന്ന നിലയിൽ മാത്രമേ യുദ്ധത്തിന് മുതിരാവു ( ccc 2308 , GS 79,4 ) എന്ന് സഭ പ്രബോധിപ്പിക്കുന്നു . വി . അഗസ്റ്റിന്റെ ന്യായമായ യുദ്ധസിദ്ധാന്തത്തിന് വി . തോമസ് അക്വീനാസ് കൃത്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നുണ്ട് . ഒന്നാമതായി യുദ്ധത്തിന്റെ നീതി ( Justice of war ) . യുദ്ധത്തിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങളാണ് - അവസാന മാർഗ്ഗം , നീതിയു ക്തമായ കാരണം , വിജയ സാധ്യത ( പരാജയപ്പെടുമെന്ന് ഉറപ്പുള്ളിടത്ത് യുദ്ധത്തിന് പോകുന്നത് ഭോഷത്തവും അനീതിയുമാണ് ) , ശരിയായ ഉദ്ദേശ്യം , യുദ്ധപ്രഖ്യാപനം നടത്തുന്നതിനും നയിക്കുന്നതിനും ഉള്ള അധികാരി , ആനുപാതികത ഉണ്ടെങ്കിൽ മാത്രമെ യുദ്ധത്തിന് പുറപ്പെടാവൂ . രണ്ടാമതായുള്ള മാനദണ്ഡം യുദ്ധത്തിലെ നീതിയാണ് ( Justice in the war ) . യുദ്ധത്തിനായി ചെലവാക്കുന്ന തുക ഉദ്ദേശിക്കുന്ന ലക്ഷ്യത്തിന് ആനുപാതികമാണോ എന്ന് പരിശോധിക്കുന്നു . അതുപോലെ തന്നെ സാധാരണക്കാരെയും പട്ടാളക്കാരെയും വേർതിരിച്ചറിഞ്ഞ് പ്രവൃത്തിക്കുന്നതിനും നിഷ്ങ്കളരായ സാധാരണ ജനങ്ങൾ ഒരിക്കലും ആക്രമിക്കാതിരിക്കപ്പെടുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . അവസാനമായി യുദ്ധ ശേഷമുള്ള നീതിയാണ് ( Justice after war ) പരിഗണിക്കുന്നത് . ഇനിയൊരു യുദ്ധത്തിന് ഇടവരാതിരിക്കത്തക്കവിധം ശത്രുപക്ഷവുമായ് അനുരജ്ഞനപ്പെട്ട് നീണ്ട കാലത്തേക്കുള്ള സമാധാന ഉടമ്പടിയിൽ എങ്ങനെ ഏർപ്പെടാനാകുമെന്ന് കണ്ടെത്തുന്ന തിനോടൊപ്പം യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങൾ എപ്രകാരം പരിഹരിക്കുമെന്ന് ചിന്തിക്കുകയും നശിപ്പിക്കപ്പെട്ടവയുടെ പുനർനിർമാണം ആര് നടത്തുമെന്ന് തീരുമാനിക്കുകയും ചെയ്യണം . ന്യായമായ യുദ്ധത്തിന് ആവശ്യമായ വ്യവസ്ഥകളെപറ്റി ccc 2309 നിഷ്കർഷിക്കുന്നുണ്ട് . വിജയസാധ്യത , അവസാനമാർഗ്ഗം , ശത്രു അടിച്ചേൽപ്പിക്കുന്നത് നീണ്ടുനില്ക്കുന്നതും ഗൗരവാവഹമായ നാശം , ദൂരീകരിക്കാൻ ഉദ്ദേശിക്കുന്ന തിന്മയേക്കാൾ കൂടുതൽ നാശം ഉണ്ടാവുകയോ ആയുധങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുകയോ ചെയ്യുന്നത് എന്നിവയാണ് ഇതിൽ പ്രധാനം . സാഹചര്യങ്ങൾ ആവശ്യപ്പെടുന്നപക്ഷം പൊതു അധികാരികൾക്ക് പൗരൻമാരെ സൈനിക സേവനത്തിന് പങ്കെടുക്കുന്നതിന് ചുമതലപ്പെടുത്താനുള്ള അധികാരവും കടമയും ഉണ്ട് . ശരിയായും നീതിപൂർവ്വകവും തങ്ങളുടെ കടമകൾ നിറവേറ്റുന്ന സൈനികർ യഥാർത്ഥത്തിൽ പൊതുനന്മയ്ക്കും സമാധാന പാലനത്തിനും കാരണമാകുന്നു എന്ന് സഭ പഠിപ്പിക്കുന്നു ( ccc 2310 ) . എന്നാൽ ശത്രുപക്ഷത്തുള്ള എല്ലാവരെയും അന്യായ മായി കൊന്നൊടുക്കുകയല്ല ലക്ഷ്യമെന്നും , സാധാരണക്കാർ , മുറിവേറ്റ് പട്ടാളക്കാർ , തടവുകാർ മുതലായവരോട് ആദരവോടും മനുഷ്യോചിതമായും പെരുമാറണമെന്നും ( ccc 2313 ) സഭ ഓർമിപ്പിക്കുന്നു . ഇപ്രകാരമുള്ള മാനദണ്ഡങ്ങൾക്കും പ്രത്യേക രാഷ്ട്രനിയമ ങ്ങൾക്കും വിരുദ്ധമായോ , അവയെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് നടത്തുന്ന ഏതൊരു പ്രവൃത്തിയും കൊലപാതകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ് . ചുരുക്കി പറഞ്ഞാൽ നീതിപൂർവ്വകമായ അവലോകനവും വിശകലനവും നടത്തി തക്കതായ അധികാരിയുടെ സ്വതന്ത്രപൂർവ്വകമായ - നിർദ്ദേശാനുസരണം നടത്തപ്പെടുന്ന പരിശ്രമത്തിനിടയിൽ ബോധ പൂർവ്വകമല്ലാത്തതും മുൻകൂട്ടി നിശ്ചയിക്കാത്തതുമായ കൊലപാതകങ്ങൾ സ്വയം പ്രതിരോധത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് അവസാനത്തേതും അവശേഷിക്കുന്നതുമായ ഏക മാർഗ്ഗം എന്ന നിലയിൽ ന്യായീകരിക്കാവുന്നതും അനുവദിക്കാവുന്നതുമാണ് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
murder kill the sake for the national security Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206