We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Scaria Kanyakonil On 06-Feb-2021
വ്യക്തിത്വരൂപീകരണത്തിലും വിശ്വാസജീവിതത്തിലും ധാര്‍മ്മിക ദൈവശാസ്ത്രത്തിനുള്ള പങ്ക് നിസ്സീമമാണ്. ഒരു വ്യക്തി അനുദിനമെടുക്കുന്ന തീരുമാനങ്ങള്‍ അവന്‍റെ വ്യക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ല തീരുമാനങ്ങള്‍ നല്ല വ്യക്തിത്വത്തേയും തെറ്റായ തീരുമാനങ്ങള്‍ വികലമായ വ്യക്തിത്വത്തേയും സൃഷ്ടിക്കുന്നു. ഒരാളുടെ പ്രായത്തിനനുസരിച്ച് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന് വിവേചിച്ചറിയുവാന്‍ ക്രൈസ്തവ ധാര്‍മ്മികത നമ്മെ സഹായിക്കുന്നു. എന്താണ് കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രം എന്നതാണ് ഈ അദ്ധ്യായത്തിന്‍റെ മുഖ്യ പ്രമേയം.
ദൈവശാസ്ത്രം എന്താണെന്ന് അറിഞ്ഞെങ്കില്‍ മാത്രമേ ധാര്‍മ്മിക ദൈവശാസ്ത്രത്തെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. 'തിയോളജി' എന്ന പദം ഉരുത്തിരിയുന്നത് ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. 'തെയോസ്' എന്ന പദത്തിന് ദൈവമെന്നും, څലോഗോസ്چ എന്ന പദത്തിന് വാക്ക്, പഠനം, ശാസ്ത്രം എന്നുമാണ് അര്‍ത്ഥം. വി. ഗ്രന്ഥത്തിലൂടെയും പാരമ്പര്യത്തിലൂടെയും കൈവന്ന ദൈവാവിഷ്കരണത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള മാനുഷികയത്നമാണ് ദൈവശാസ്ത്രം.1 വിശ്വാസത്തിന്‍റെ അന്വേഷണവും കണ്ടെത്തലുമാണ് ദൈവശാസ്ത്രം.
ദൈവശാസ്ത്രത്തിലെ ഒരു ശാഖയാണ് ധാര്‍മ്മിക ദൈവശാസ്ത്രം. മധ്യകാലഘട്ടത്തില്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ദൈവശാസ്ത്രത്തെ പല ശാഖകളായി തിരിച്ചു. അത് പ്രധാനമായും ബൈബിളിലെ ദൈവശാസ്ത്രം, ചരിത്രപരമായ ദൈവശാസ്ത്രം, ക്രമീകൃത ദൈവശാസ്ത്രം, പ്രായോഗിക ദൈവശാസ്ത്രം എന്നിങ്ങനെയാണ്. വിശ്വാസത്തിന്‍റെ അടിസ്ഥാനം എവിടെയാണ് എന്ന് പ്രതിപാദിക്കുന്നതാണ് വിശുദ്ധ പാരമ്പര്യവും വി. ഗ്രന്ഥവും. വിശ്വാസം എങ്ങനെയാണ് ചരിത്രത്തിലൂടെ വെളിവാക്കപ്പെട്ടതെന്ന് വിശദീകരിക്കുന്നതാണ് ചരിത്രപരമായ ദൈവശാസ്ത്രം. വെളിപാടിന്‍റെ വ്യാഖ്യാനത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുകയാണിവിടെ. ഇവിടുത്തെ പ്രധാന പഠനവിഷയം സഭാചരിത്രമാണ്. ഇവിടെ വരുന്ന മറ്റു പഠനങ്ങള്‍ സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍, സഭയുടെ മധ്യകാലഘട്ട ചരിത്രം, ആധുനിക കാലഘട്ടചരിത്രം, ആഗോള സഭാചരിത്രം, പ്രാദേശിക സഭാചരിത്രം എന്നിവയാണ്. വെളിപാടിന്‍റെ പ്രാധാന്യവും സാക്ഷ്യവുമാണ് ക്രമീകൃത ദൈവശാസ്ത്രത്തിന്‍റെ മുഖ്യ പ്രമേയം. ഇവിടെ പ്രധാനമായും ചര്‍ച്ചചെയ്യുന്നത് അടിസ്ഥാന ദൈവശാസ്ത്രം, മൗലിക ദൈവശാസ്ത്രം, ധാര്‍മ്മിക ദൈവശാസ്ത്രം, സാമൂഹിക പ്രബോധനം, കാനന്‍ നിയമം തുടങ്ങിയവയാണ്. വെളിപാടിന്‍റെ സന്ദേശം എങ്ങനെ സാക്ഷ്യപ്പെടുത്തണം, കാലഘട്ടത്തിനനുസരിച്ച് അതെങ്ങനെ പ്രഘോഷിക്കണം എന്നതാണ് പ്രായോഗിക ദൈവശാസ്ത്രത്തിന്‍റെ ഉള്ളടക്കം. മതാത്മക വിദ്യാഭ്യാസം, വേദപാഠം, അജപാലന ദൈവശാസ്ത്രം, ആരാധനക്രമപഠനം, കൂദാശാപഠനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിശ്വസത്തിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണമാണ് വി. ഗ്രന്ഥത്തെയും പാരമ്പര്യത്തെയും സംബന്ധിച്ച പഠനം. ഈ വിശ്വാസം പിതാക്കന്മാര്‍ വ്യാഖ്യാനിച്ചു. അതാണ് സഭാപിതാക്കന്മാരെക്കുറിച്ചുള്ള പഠനം. പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെ ഈ വിശ്വാസം എങ്ങനെയായിരുന്നുവെന്നാണ് സഭാചരിത്രത്തെക്കുറിച്ചുള്ള പഠനം. ചരിത്രപരമായ ദൈവശാസ്ത്രവും ക്രമീകൃതമായ ദൈവശാസ്ത്രവും ഇതില്‍ ഉള്‍ക്കൊള്ളും. വിശ്വാസത്തിന്‍റെ ആഘോഷത്തെക്കുറിച്ചുള്ള പഠനമാണ് അജപാലന ദൈവശാസ്ത്രം. വിശ്വാസികളെയും സഭയിലെ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനും ഭരിക്കാനുമുള്ള സഭാ നിയമങ്ങളുടെ സമാഹാരമാണ് കാനന്‍ നിയമം. വിശ്വാസ ജീവിതമാണ് ധാര്‍മ്മിക ദൈവശാസ്ത്രം. ധാര്‍മ്മികമായി തീരുമാനം എടുക്കുന്നതിന് ദൈവശാസ്ത്രത്തിലെ എല്ലാ ശാഖകളും സഹായിക്കുന്നു. അതുകൊണ്ടു ധർമ്മിക ദൈവശാസ്ത്രം ദൈവശാസ്ത്രത്തിലെ എല്ലാ ശാഖകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിശ്വാസത്തിന്‍റെ അന്വേഷണവും കണ്ടെത്തലും അതനുസരിച്ചുള്ള ജീവിതവുമാണ് സാധാരണയായി ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ വിഷയം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിശ്വാസം, ജീവിതമായി പകര്‍ത്തുന്നതിനെപ്പറ്റി പ്രതിപാദിക്കുകയാണ് ധാര്‍മ്മിക ദൈവശാസ്ത്രം. മനുഷ്യന്‍റെ പ്രവൃത്തികളിലെ ദൈവകൃപയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ധാര്‍മ്മിക ദൈവശാസ്ത്രം വിശകലനം ചെയ്യുന്നു. അതുകൊണ്ട്, ധാര്‍മ്മിക ദൈവശാസ്ത്ര നിര്‍ദ്ദേശങ്ങള്‍, നന്മതിന്മ പ്രവൃത്തികളെക്കുറിച്ച് മാത്രമല്ല, ദൈവകൃപയിലൂടെ മനുഷ്യന്‍റെ നന്മയെ സ്വതന്ത്രമാക്കുകയാണ്3 ചെയ്യുന്നത്. ചുരുക്കത്തില്‍, ബൈബിളിന്‍റെയും, വിശുദ്ധ പാരമ്പര്യത്തിന്‍റെയും, പിതാക്കന്മാരുടെ പ്രബോധനത്തിന്‍റെയും, സഭാപ്രബോധനങ്ങളുടെയും, കൂദാശാഘോഷത്തിന്‍റെയും, അടിസ്ഥാനത്തില്‍ ധാര്‍മ്മികമായി ജീവിക്കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ശാഖയാണ് ധാര്‍മ്മിക ദൈവശാസ്ത്രം.
പല ഭാഷയിലും പല പദങ്ങളാണ് ധാര്‍മ്മികതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവിടെ വിവരിക്കുന്നത് ആംഗ്ലേയ ഭാഷയിലെ 'എത്തിക്സ്' (Ethics) 'മോറല്‍സ്' (Moral) എന്നീ പദങ്ങളും സംസ്കൃതഭാഷയിലെ 'ധര്‍' എന്ന പദവുമാണ്. 'എത്തിക്സ്' എന്ന പദം ഗ്രീക്കുഭാഷയിലെ 'ഈത്തോസ്' (ethos) എന്ന വാക്കില്‍ നിന്നുമാണ് വരുന്നത്. ഇതിന്‍റെ അര്‍ത്ഥം സ്വഭാവം, ആചാരം എന്നൊക്കെയാണ് (nature,custom). 'മോറല്‍സ്' എന്ന പദം ലത്തീനിലെ 'മോറസ്' (mores) എന്ന പദത്തില്‍നിന്നുമാണ് വരുന്നത്. ഇതിന്‍റെ അര്‍ത്ഥം ആചാരം അല്ലെങ്കില്‍ ജീവിതശൈലി എന്നൊക്കെയാണ്. 'ധാര്‍മ്മിക ശാസ്ത്രം' എന്ന പദം സംസ്കൃതത്തിലെ 'ധര്‍' എന്ന പദത്തില്‍ നിന്നുമാണ് വരുന്നത്. ഇതിന്‍റെ അര്‍ത്ഥം ഒരു സമൂഹത്തിന്‍റെ ധര്‍മ്മത്തെ സംരക്ഷിക്കുക, താങ്ങി നിറുത്തുക എന്നൊക്കെയാണ്.
ധാര്‍മ്മിക ദൈവശാസ്ത്രവും സാന്മാര്‍ഗ്ഗിക ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ധാര്‍മ്മിക ദൈവശാസ്ത്രം വിശ്വാസത്തിന്‍റെ ഭാഗമാണ്. ഇവിടെ വിശ്വാസത്തിന്‍റെ വെളിച്ചത്തിലാണ് നന്മതിന്മകളെയും മാനുഷികപ്രവൃത്തികളെയും വിലയിരുത്തുന്നത്. ദൈവത്തിന്‍റെ വെളിപ്പെടുത്തലും, സ്വീകരണവും ഇവിടെ കാണാന്‍ കഴിയും. സാന്മാര്‍ഗ്ഗിക ശാസ്ത്രം തത്വശാസ്ത്രത്തിന്‍റെ ഭാഗമാണ്. യുക്തിയുടെ വെളിച്ചത്തിലാണ് മാനുഷിക പ്രവൃത്തികള്‍ തെറ്റോ ശരിയോ എന്ന് ഇവിടെ വിലയിരുത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍, മാനുഷിക പ്രവൃത്തികളെ വിലയിരുത്തുവാന്‍ മാനദണ്ഡമായി സാന്മാര്‍ഗ്ഗിക ശാസ്ത്രം ചില തത്വങ്ങളോ, ആശയങ്ങളോ, മൂല്യങ്ങളോ ഉപയോഗിക്കാറുണ്ട്. മനുഷ്യന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള പഠനമാണ് സാന്മാര്‍ഗ്ഗിക ശാസ്ത്രം. കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ അനന്യതയെക്കുറിച്ച് വിശദമായി അടുത്ത അദ്ധ്യായത്തില്‍ പ്രതിപാദിക്കുന്നു.
ധാര്‍മ്മിക ദൈവശാസ്ത്രവും സാന്മാര്‍ഗ്ഗിക ശാസ്ത്രവും തമ്മിലുള്ള സമാനതകള്‍ ചില ദൈവശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്4. ദൈവശാസ്ത്രവും മതവും തമ്മിലുള്ള ബന്ധം പോലെയാണിത്. ആദ്യം മതത്തിലുള്ള ജീവിതമാണ് തുടങ്ങുന്നത്. അതിനുശേഷമാണ് ദൈവശാസ്ത്രം രൂപപ്പെടുന്നത്. ഇതുപോലെ ധാര്‍മ്മിക ജീവിതത്തിന് ശേഷമാണ് സാന്മാര്‍ഗ്ഗിക ശാസ്ത്രം വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ധാര്‍മ്മിക ദൈവശാസ്ത്രം പ്രായോഗിക തലത്തെയും, സാന്മാര്‍ഗ്ഗിക ശാസ്ത്രം താത്വിക തലത്തേയും സൂചിപ്പിക്കുന്നു.5
സാന്മാര്‍ഗ്ഗിക ശാസ്ത്രവും, മറ്റു ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ട്. സാന്മാര്‍ഗ്ഗിക ശാസ്ത്രം ധാര്‍മ്മിക നിയമത്തില ധിഷ്ഠിതമാണ് (Normative science). ഇത് മനുഷ്യന്‍റെ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. എങ്ങനെയാണ് മനുഷ്യന്‍ പെരുമാറേണ്ടതെന്ന് ഇത് വ്യക്തമാക്കുന്നു. മനഃശാസ്ത്രവും, സാമൂഹിക ശാസ്ത്രവും, നരവംശശാസ്ത്രവും മനുഷ്യന്‍റെ സ്വഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇത് അനുഭവ നിരീക്ഷണ പരീക്ഷണത്തില്‍ അധിഷ്ഠിതവും (Emperical science), വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള വിവരണവുമാണ്. എന്നാല്‍, സാന്മാര്‍ഗ്ഗിക ശാസ്ത്രം സ്വഭാവത്തെ കാണുന്നത് മൂല്യങ്ങളുടെയും, തത്ത്വങ്ങളുടെയും അടിസ്ഥാനത്തിലാണ്.
ട്രെന്‍റ് കൗണ്‍സിലിന് ശേഷമാണ് (1545-1563) ധാര്‍മ്മിക ദൈവശാസ്ത്രത്തെ അടിസ്ഥാനമായ അല്ലെങ്കില്‍ പൊതുവായ (fundamental or General) ധാര്‍മ്മിക ദൈവശാസ്ത്രമെന്നും, പ്രത്യേക ധാര്‍മ്മിക (Special) ദൈവശാസ്ത്രമെന്നും രണ്ടായി തരം തിരിക്കുന്നത്. പൊതു ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ അടിസ്ഥാന ധാര്‍മ്മിക തത്ത്വങ്ങളെക്കുറിച്ചും, പ്രത്യേക ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ കല്‍പനകളുടെ വെളിച്ചത്തില്‍ ധാര്‍മ്മിക പ്രശ്നങ്ങളില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്നുമാണ് പ്രതിപാദിക്കുന്നത്. അടിസ്ഥാന ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത് നിയമങ്ങള്‍, മനഃസാക്ഷി, മനുഷ്യപ്രവൃത്തി, പാപം എന്നിവയാണ്. പ്രത്യേക ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ പത്ത് പ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍, കൂദാശകള്‍ എന്നിവയെ വിശദീകരിക്കുന്നു.
ഇന്ന് അടിസ്ഥാന ധാര്‍മ്മികതയില്‍ ട്രെന്‍റ് കൗണ്‍സില്‍ പ്രതിപാദിച്ചതില്‍ കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവ ബൈബിളിന്‍റെ ധാര്‍മ്മിക സന്ദേശം, സഭാപിതാക്കന്മാരുടെ ധാര്‍മ്മികബോധനം, ആദ്യനൂറ്റാണ്ട് മുതല്‍ ഇന്നു വരെയുള്ള ധാര്‍മ്മിക ശാസ്ത്രത്തിന്‍റെ ചരിത്രം, ധാര്‍മ്മിക നിയമങ്ങള്‍, മനഃസാക്ഷി, മാനുഷിക പ്രവൃത്തികളും അവയുടെ ധാര്‍മ്മിക വിലയിരുത്തലും, ദ്വിഫല സിദ്ധാന്തം, സമഗ്രസൃഷ്ടിതത്ത്വം, അധാര്‍മ്മിക പ്രവൃത്തികളിലെ സഹകരണം, ന്യൂനദോഷതത്വം, പാപം, കൂദാശകളും ധാര്‍മ്മികതയും, പുണ്യങ്ങള്‍ എന്നിവയാണ്.
പ്രത്യേക ധാര്‍മ്മികതയെ ഇന്ന് പത്ത് കല്പനകളുടെ വെളിച്ചത്തില്‍ വീണ്ടും പലതായി തിരിക്കുന്നുണ്ട്. മതാത്മക പുണ്യങ്ങളുടെ (വിശ്വാസവും ധാര്‍മ്മികതയും) പഠനം 1 മുതല്‍ 3 വരെയുള്ള കല്പനകളും, വിവാഹത്തെക്കുറിച്ചുള്ള പഠനം 4, 5, 6 കല്‍പനകളും, ലൈംഗികതയെക്കുറിച്ചുളള പഠനം 6 ഉം, 9 ഉം കല്പനകളും, ജീവനെക്കുറിച്ചുള്ള പഠനം 5-ാം കല്പനയും, ആധാരമാക്കിയാണ് നിര്‍വ്വഹിക്കുന്നത്. സത്യസന്ധത, നീതി എന്നിവ 7, 8, 10 കല്പനകളില്‍ ഉള്‍പ്പെടുന്നു. ചില ക്രൈസ്തവ വിദ്യാപീഠങ്ങളില്‍ കല്പനകള്‍ അനുസരിച്ചല്ല പ്രത്യേക ധാര്‍മ്മികതയെ കാണുന്നത്; മറിച്ച് വിഷയങ്ങള്‍ അനുസരിച്ചാണ്. ഉദാഹരണമായി, വിശ്വാസവും ധാര്‍മ്മികതയും, വിവാഹവും ലൈംഗികതയും, ജൈവധാര്‍മ്മികത, പ്രകൃതിയും ധാര്‍മ്മികതയും, സാമൂഹ്യ ധാര്‍മ്മികത, രാഷ്ട്രീയവും ധാര്‍മ്മികതയും, മാധ്യമങ്ങളും ധാര്‍മ്മികതയും എന്നിങ്ങനെയാണ്.
പൊതു ധാര്‍മ്മികതയും പ്രത്യേക ധാര്‍മ്മികതയും പരസ്പരം ബന്ധപ്പെട്ടതാണ്. പ്രത്യേക ധാര്‍മ്മിക പ്രശ്നങ്ങളെ വിലയിരുത്തുന്നത് പൊതു ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്. പ്രായോഗിക ധാര്‍മ്മിക പ്രശ്നങ്ങള്‍ എങ്ങനെ കാണണമെന്ന് പൊതുധാര്‍മ്മികത പറഞ്ഞുതരുന്നു.
കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവവചനം, പിതാക്കന്മാരുടെ പ്രബോധനം, സഭയുടെ പ്രബോധനങ്ങള്‍, കൂദാശകളും മറ്റു പ്രാര്‍ത്ഥനകളുമാണ് ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനം6. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (P O. 16) ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ സ്രോതസ്സ് വിശുദ്ധ ഗ്രന്ഥമായിരിക്കണമെന്ന് വ്യക്തമാക്കുന്നു. അതായത്, ധാര്‍മ്മിക ദൈവശാസ്ത്രാവതരണം വി. ഗ്രന്ഥത്തിലെ പ്രബോധനങ്ങളാല്‍ കൂടുതല്‍ പരിപൂര്‍ണ്ണമാക്കപ്പെടണം. തിരുവചനങ്ങള്‍ ധാര്‍മ്മിക പ്രബോധനങ്ങള്‍ നല്കുന്നുണ്ട്. എന്നാല്‍ ഇന്ന് വചനത്തിലധിഷ്ഠിതമായ ഒരു ധാര്‍മ്മിക സ്വഭാവ രൂപീകരണം പലപ്പോഴും നടക്കുന്നില്ല.
സഭാ പിതാക്കന്മാര്‍ തന്നിട്ടുള്ള ധാര്‍മ്മിക സന്ദേശം വിലപ്പെട്ടതാണ്. അവരുടെ അഭിപ്രായത്തില്‍ ക്രിസ്തീയ ജീവിതം തന്നെയാണ് ധാര്‍മ്മിക ജീവിതം. സ്നേഹം, ഉപവാസം, വിവാഹം, ലൈംഗികത, ശുദ്ധത, ക്ഷമ, പ്രാര്‍ത്ഥന തുടങ്ങിയവയാണ് പിതാക്കന്മാരുടെ കൃതികളിലെ പ്രധാന ധാര്‍മ്മിക സന്ദേശങ്ങള്‍.7 ഈ മേഖലയില്‍ ഇന്ന് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നു.
കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളാണ് ധാര്‍മ്മിക ദൈവശാസ്ത്രത്തിന് അടിസ്ഥാനമായിരിക്കുന്ന മറ്റൊരു ഘടകം. കൗണ്‍സിലുകള്‍, ചാക്രിക ലേഖനങ്ങള്‍, മാര്‍പാപ്പാമാരുടെ എഴുത്തുകള്‍, പ്രബോധനങ്ങള്‍ എന്നിവയിലൂടെയാണ് സഭയുടെ ധാര്‍മ്മിക പ്രബോധനം മനസ്സിലാക്കാന്‍ കഴിയുന്നത്. ധാര്‍മ്മിക കാര്യങ്ങളെക്കുറിച്ച് സഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഉദാഹരണമായി പൊതുധാര്‍മ്മിക ദൈവശാസ്ത്രത്തെക്കുറിച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ സത്യത്തിന്‍റെ പ്രഭ (Veritatis Splendoir, 1993) എന്ന ചാക്രിക ലേഖനം വലിയ സംഭാവനയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ധാര്‍മ്മിക പ്രശ്നങ്ങളിലുള്ള സഭയുടെ വീക്ഷണം വളരെ വ്യക്തമാണ്. ഏതാനും ചില രേഖകളുടെ പേരുമാത്രം ഇവിടെ പ്രതിപാദിക്കുന്നു: വിവാഹം: Casti Connubii(1930), Familaris Consortio(1981), ലൈംഗികത: Certain Questions Concerning Sexual Ethics (1975), കൃത്രിമ ഗര്‍ഭനിരോധനം:Humane Vitae (1968), കൃത്രിമ പ്രത്യുല്‍പ്പാദനം: Donum Vitae (1987) രോഗികളോടുള്ള സമീപനം: Charter for Health Care Workers(1995), ജീവന്‍റെ മൂല്യം: Evangeluim Vitae(1995), മാധ്യമങ്ങളും ധാര്‍മ്മികതയും: Ethics in Advertising (1997), വ്യവസായം: Centesimus Annus (1991), സാമൂഹിക പ്രബോധനം: Rerum Novarum (1891), വിമോചന ദൈവശാസ്ത്രം: Instruction on Certain Aspects of the Theology of Liberation (1984), അന്താരാഷ്ട്ര കടം: An Ethical Approach to the International Debt Question (1980), പരിസ്ഥിതി ശാസ്ത്രം: John Paul II, World Day of Peace (1990), സ്ത്രീത്വം: Letter to Women (1995).
കൂദാശകള്‍ക്കും മറ്റു പ്രാര്‍ത്ഥനകള്‍ക്കും ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ വലിയ സ്ഥാനമുണ്ട്. പ്രാര്‍ത്ഥനയുടെ നിയമമാണ് വിശ്വാസത്തിന്‍റെ നിയമം. അതാണ് ജീവിത നിയമവും. നാം ധാര്‍മ്മിക മൂല്യങ്ങളില്‍ ജീവിക്കേണ്ടതെങ്ങനെയാണെന്ന് കൂദാശകള്‍ പറയുന്നു. സത്യത്തിലും, നീതിയിലും, സ്നേഹത്തിലും, ക്ഷമയിലും, സമാധാനത്തിലുമുള്ള ജീവിതം നയിക്കാനാണ് പ്രാര്‍ത്ഥനകള്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നല്ല ധാര്‍മ്മിക തീരുമാനങ്ങള്‍ എടുക്കാന്‍ കൂദാശാജീവിതം സഹായിക്കുന്നു.
എല്ലാ മനുഷ്യര്‍ക്കും, സമൂഹങ്ങള്‍ക്കും, മതങ്ങള്‍ക്കും ധാര്‍മ്മികതയുണ്ട്. എന്നാല്‍ എല്ലാ ധാര്‍മ്മികതയും തുല്യമാണെന്ന് പറയുവാന്‍ സാധിക്കുകയില്ല. പക്വമായ ധാര്‍മ്മിക പ്രവൃത്തികള്‍ മൂല്യങ്ങള്‍ക്കും, പുണ്യങ്ങള്‍ക്കും അനുസൃതമായിരിക്കണം. ഈശോമിശിഹായാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ധാര്‍മ്മിക പ്രവൃത്തികള്‍ക്ക് മാതൃകയായി നില്ക്കുന്നത്. മിശിഹായിലുള്ള ജീവിതത്തിലൂടെ മാത്രമേ പക്വമായ ധാര്‍മ്മികതയില്‍ വളരുവാന്‍ സാധിക്കുകയുള്ളൂ.
ഉപസംഹാരം
കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തിന്‍റെ ആമുഖമാണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദിച്ചത്. ദൈവശാസ്ത്രത്തിന്‍റെ ഭാഗമായ ധാര്‍മ്മിക ദൈവശാസ്ത്രം വിശ്വാസത്തിലുള്ള ജീവിതമാണ്. വ്യക്തമായ കാഴ്ചപ്പാടും ചരിത്രവും കത്തോലിക്കാ ദൈവശാസ്ത്രത്തിനുണ്ട്. സാന്മാര്‍ഗ്ഗിക ശാസ്ത്രത്തില്‍നിന്നും ഇത് വ്യത്യസ്തമാണ്. ഈ അദ്ധ്യായത്തില്‍ കണ്ട അടിസ്ഥാന ധാര്‍മ്മിക ദൈവശാസ്ത്രത്തിലെ വിഷയങ്ങളാണ് തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഡോ. സ്കറിയ കന്യാകോണില്‍
moral theology an introduction catholic malayalam dr.scaria kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206