We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 09-Aug-2022
അദ്ധ്യായം 2
ആരാധനക്രമത്തിന് ആമുഖം
27. ദൈവത്തിൻ്റെ രക്ഷാ പദ്ധതിയെന്ന ദിവ്യരഹസ്യത്തിൻ്റെ ആഘോഷമാണ് ലിറ്റർജി അഥവാ ആരാധനക്രമം. തന്മൂലം ദൈവത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻ്റെ ആഘോഷമാണിത്. തിരുസ്സഭയുടെ അത്യുച്ചസ്ഥാനവും അവളുടെ ശക്തിയുടെ ഉറവിടവും (ആരാധനക്രമം 10) എന്ന നിലയിൽ ആരാധനക്രമത്തിന് സഭാജീവിതത്തിൽ കേന്ദ്രസ്ഥാനമാണുള്ളത്.
I ലിറ്റർജി: മൂലപദവും അർത്ഥവും
28. ലിറ്റർജി എന്ന ഇംഗ്ലീഷ് പദം ലിത്തൂർജിയ (Liturgia) എന്ന ലാറ്റിൻ പദത്തിൽനിന്നാണ് വരുന്നത്. അതാകട്ടെ, ലെയ്‌തുർഗിയ (Letourga) എന്ന ഗ്രീക്കുപദത്തിൽനിന്നു വരുന്നു. ഈ വാക്കിൻ്റെ മൂലാർത്ഥം പൊതുവായ പ്രവൃത്തി (Public work) അഥവാ ജനങ്ങളുടെ നാമത്തിലോ ജനങ്ങൾക്കുവേണ്ടിയോ ഉള്ള ശുശ്രൂഷ എന്നാണ് ക്രൈസ്തവപാരമ്പര്യത്തിൽ ഇതിന് ദൈവത്തിൻ്റെ പ്രവർത്തിയിലുള്ള ദൈവജനത്തിൻ്റെ പങ്കുചേരൽ എന്നാണർത്ഥം (CCC 1069)
ലിറ്റർജിയെ മലയാളത്തിൽ 'ആരാധനക്രമം' എന്നാണ് ഭാഷാന്തരം ചെയ്യുന്നത്. എന്നാൽ ഈ പദം ലിറ്റർജിയുടെ യാഥാർത്ഥ്യം പൂർണ്ണമായി വെളിവാക്കുന്നില്ല. ലിറ്റർജിയിൽ അന്തർഭവിച്ചിരിക്കുന്ന ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും മാനങ്ങൾ അത് പൂർണ്ണമായും പ്രകാശിപ്പിക്കുന്നുമില്ല. എങ്കിലും, ലിറ്റർജിയെ ദൈവത്തോടുള്ള സ്നേഹപ്രകാശനത്തിൻ്റെ ശുശ്രൂഷയായി മനസ്സിലാക്കാൻ ആരാധനക്രമം എന്ന പദം സഹായിക്കും.
II ആരാധനക്രമം: നിർവചനങ്ങളും വിശദീകരണങ്ങളും
29. മിശിഹായുടെ രക്ഷാകർമ്മം ക്രമാനുഷ്ഠാനവിധികളിലൂടെ സന്നിഹിതമാക്കുന്നതാണ് ആരാധനക്രമം. ഇത് സഭയിലും സഭയിലൂടെയുമാണ് നടക്കുന്നത്. ആരാധനാസമൂഹത്തിന് രക്ഷാകരകൃത്യം പൂർണ്ണമായി അനുഭവവേദ്യമാക്കുന്നതും, തദ്വാര പാപമോചനവും രക്ഷയും പ്രദാനം ചെയ്യുന്നതുമായ പരിശുദ്ധമായ അനുഷ്ഠാനമാണിത്. ഇതിൽ നിന്ന് ആരാധനക്രമം ഒരേസമയം ദൈവത്തിൻ്റെ പ്രവൃത്തിയും സഭയുടെ പ്രവൃത്തിയുമാണെന്നു വരുന്നു. ദൈവജനത്തിൻ്റെ വിശുദ്ധീകരണത്തിനുവേണ്ടി ദൈവം ചെയ്ത പ്രവർത്തിയെ സഭ ദൈവത്തോടുചേർന്ന് തുടരുകയാണിവിടെ. ഇതിൽ മാനുഷികഘടകങ്ങൾ പങ്കുചേരുന്നെങ്കിലും ഉറവിടം ദൈവമാണ്; ഫലം ദൈവികവുമാണ്.
ആരാധനക്രമം, രക്ഷയിലേക്കു മനുഷ്യനെ വിളിക്കുന്ന ദൈവത്തിൻ്റെ വിളിയും മനുഷ്യൻ അതിനു നല്കുന്ന അനുകൂലമായ പ്രത്യുത്തരവുമാണ്. മനുഷ്യരെ ദൈവത്തിങ്കലേക്കുയർത്താൻ ദൈവം മനുഷ്യനായി ഭൂമിയിലേക്കിറങ്ങിവന്ന് സാധിച്ച രക്ഷയുടെ രഹസ്യങ്ങൾ കൗദാശികമായി പുനരാവിഷ്കരിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്ന പരിശുദ്ധകർമ്മമാണ് ആരാധനക്രമം. ഈശോയുടെ രക്ഷാകര ശുശ്രൂഷയെപ്രതി ദൈവജനം അവിടത്തോടും പരിശുദ്ധാത്മാവിനോടുമുള്ള ഐക്യത്തിൽ പിതാവായ ദൈവത്തിന് അർപ്പിക്കുന്ന സ്തുതിയുടെയും കൃതജ്ഞതയുടെയും ബലിയാണിത്. ദൈവം മനുഷ്യരിലേക്ക് താഴ്ന്നിറങ്ങുന്നതും, മനുഷ്യൻ ദൈവത്തിങ്കലേക്ക് ഉയർത്തപ്പെടുന്നതുമായ രക്ഷയുടെയും വിശുദ്ധീകരണത്തിൻ്റെയും മഹത്വീകരണത്തിന്റെയും സംഗമവേദിയാണിത്.
ആരാധനക്രമത്തിൻ്റെ കേന്ദ്രബിന്ദു വിശുദ്ധ കുർബാനയാണ്. മറ്റു കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥനകൾ, ആരാധനക്രമവത്സരത്തിലെ ആചരണങ്ങൾ എന്നിവ ആരാധനാക്രമത്തിൽ ഉൾപ്പെടുന്നു.
ആരാധനക്രമം സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ
മെദിയാത്തോർ ദേയി
30. 12-ാം പീയൂസ് മാർപാപ്പയുടെ മെദിയാത്തോർ ദേയി (Mediator Dei, 1947) എന്ന ചാക്രികലേഖനം ആരാധനക്രമത്തെക്കുറിച്ച് പഠിപ്പിക്കുന്നു. "നമ്മുടെ രക്ഷകൻ സഭയുടെ ശിരസ്സെന്ന നിലയിൽ പിതാവിനും, വിശ്വാസികളുടെ സമൂഹം അതിൻ്റെ സ്ഥാപകനും അവൻവഴി സ്വർഗ്ഗീയപിതാവിനും സമർപ്പിക്കുന്ന പരസ്യാരാധനയാണ് ആരാധനക്രമം (MD 20).
രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ പ്രബോധനങ്ങളിൽ
31. രണ്ടാം വത്തിക്കാൻ സൂനഹദോസ് ആരാധനക്രമത്തെ നിർവചിക്കാതെ ചില വിശദീകരണങ്ങൾ നല്കുകയാണ് ചെയ്തിട്ടുള്ളത്. അവയിൽ സുപ്രധാനങ്ങളായവ താഴെപ്പറയുന്നു.
ലിറ്റർജിയും പൗരസ്ത്യകാനോൻ നിയമസംഹിതയും
32. ലിറ്റർജിയും പൗരസ്ത്യ കാനോൻ നിയമസംഹിതയും എന്ന നിർദ്ദേശകരേഖയിൽ ആരാധനക്രമത്തെ"സ്വർഗ്ഗീയപിതാവിൻ്റെ അനന്തമായ തിരുമനസ്സിനു കീഴ്വഴങ്ങി, നാഥനായ ഈശോമിശിഹാ തൻ്റെ പെസഹായിൽ പൂർത്തീകരിച്ച രക്ഷാകരരഹസ്യത്തിൻ്റെ പരിശുദ്ധാരൂപി വഴിയായുള്ള ആഘോഷമാണ് ലിറ്റർജി അഥവാ സഭയുടെ ആരാധന" (നമ്പർ 1) എന്നാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം
33. ആരാധനക്രമത്തെ പരിശുദ്ധ ത്രിത്വത്തിൻ്റെ പ്രവൃത്തിയായി അവതരിപ്പിക്കുന്നു എന്നതാണ് മതബോധനഗ്രന്ഥത്തിലെ പ്രേബോധനങ്ങളിൽ ഏറെ ശ്രദ്ധേയം. മിശിഹാകേന്ദ്രീകൃതമായ ദർശനത്തിൽനിന്ന് ത്രിത്വകേന്ദ്രീകൃതമായ ദർശനത്തിലേക്കുള്ള മാറ്റം ഇവിടെ കാണാം. ലോകാരംഭംമുതൽ ലോകാവസാനംവരെ നീണ്ടു നില്ക്കുന്ന രക്ഷാപദ്ധതിയുടെ കൗദാശികമായ ആവിഷ്ക്കരണമാണ് ആരാധനക്രമമെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു (CCC 1077-1109).
ആരാധനക്രമം പിതാവിൽ കേന്ദ്രീകൃതമാണ്. സ്വർഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും മിശിഹായിൽ നമ്മെ അനുഗ്രഹിച്ച (എഫെ 1:3) പിതാവിന് വിശ്വാസത്തിലും സ്നേഹത്തിലും നല്കപ്പെടുന്ന പ്രത്യുത്തരമാണ് ക്രൈസ്തവ ആരാധനക്രമം. ആരാധനക്രമത്തിൽ സൃഷ്ടിയെയും രക്ഷയെയും സംബന്ധിച്ച് സകല അനുഗഹങ്ങളുടെയും സ്രോതസ്സ് എന്ന നിലയിൽ പിതാവായ ദൈവം വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു (CCC 1082).
ആരാധനക്രമം പുത്രൻ്റെ പ്രവൃത്തിയാണ്. കാരണം, മഹത്വീകൃതനായ മിശിഹാ പിതാവിൻ്റെ വലത്തു ഭാഗത്തിരുന്ന്, സഭയാകുന്ന തൻ്റെ ശരീരത്തിൽ പരിശുദ്ധാത്മാവിനെ ചൊരിഞ്ഞ് താൻ സ്ഥാപിച്ച കൂദാശകളിലൂടെ തൻ്റെ കൃപാവരം പകർന്നു കൊടുക്കുവാനായി പ്രവർത്തിക്കുന്നു. സഭയുടെ ആരാധനക്രമത്തിൽ മിശിഹാ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നത് പ്രധാനമായും തൻ്റെതന്നെ പെസഹാരഹസ്യമാണ് (CCC 1084-1085).
ആരാധനക്രമം പരിശുദ്ധാത്മാവിലുടെ പൂർത്തീകരിക്കപ്പെടുന്നു .വിശ്വാസത്തിന്റെ പ്രേത്യുത്തരം നമ്മിലുയർത്തി, മിശിഹായുമായുള്ള നമ്മുടെ സംഗമത്തിന് ദൈവജനമായ സഭയെ ഒരുക്കുന്നതും അവിടുത്തെ രക്ഷാകർമ്മത്തെ സന്നിഹിതവും യാഥാർത്ഥ്യവുമാക്കുന്നതും സഭയിൽ ഐക്യത്തിൻ്റെ ധനത്തെ ഫലമണിയിക്കുന്നതും പരിശുദ്ധാത്മാവാണ് (CCC 1084),
സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ, 'കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥസംക്ഷേപം' ആരാധനക്രമത്തെ ഇപ്രകാരം വിശദീകരിക്കുന്നു. മിശിഹാരഹസ്യത്തിൻ്റെ, പ്രത്യേകിച്ച്, പെസഹാരഹസ്യത്തിൻ്റെ ആഘോഷമാണ് ആരാധനക്രമം, ഈശോമിശിഹായുടെ പൗരോഹിത്യധർമ്മനിർവഹണത്തിലൂടെ ആരാധന ക്രമത്തിൽ അടയാളങ്ങൾ വഴിയായി മനുഷ്യവിശുദ്ധീകരണം വെളിവാക്കപ്പെടുകയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. മിശിഹായുടെ മൗതികശരീരം - അതായത് ശിരസ്സും അവയവങ്ങളും ചേർന്ന് ദൈവത്തിനു നല്കുന്ന പൊതുആരാധനയാണത് (CCCC 218).
III സഭ: ആരാധനാസമൂഹം
34. ദൈവം തനിക്കായി ഒരു ജനത്തെ രൂപപ്പെടുത്തിയെടുക്കുന്നത് വിശുദ്ധഗ്രന്ഥത്തിൽ കാണാം. മോശവഴി ഇസ്രായേൽ ജനത്തെ ഈജിപ്തിൻ്റെ അടിമത്തത്തിൽനിന്ന് അവിടുന്നു രക്ഷിച്ചെടുത്തത് അവരെ ഒരു ആരാധനാസമൂഹമാക്കാൻ വേണ്ടിയാണ്. ദൈവം മോശവഴി ഫറവോയോടു പറഞ്ഞത് ഇപ്രകാരമാണ്: “എന്നെ ആരാധിക്കുന്നതിനുവേണ്ടി എന്റെ ജനത്തെ വിട്ടയയ്ക്കുക (പുറ 9:13). ശക്തമായ കരത്താൽ ഈജിപ്തിൽ നിന്ന് ഇസ്രായേലിനെ രക്ഷിച്ച് ദൈവം സീനായ് മലയിൽ വച്ച് മോശവഴി നടത്തിയ ഉടമ്പടിയിൽ വീണ്ടും പറഞ്ഞു: “എൻ്റെ വാക്കു കേൾക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട, എൻ്റെ സ്വന്തം ജനമായിരിക്കും... നിങ്ങൾ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധ ജനവുമായിരിക്കും” (പുറ 19:5-6). വിശുദ്ധിയോടെ ദൈവത്തിനു പുരോഹിതശുശ്രൂഷ ചെയ്യുന്ന ആരാധനാസമൂഹമായി ഇസ്രായേലിനെ ദൈവം മാറ്റിയത് രക്ഷയുടെ അനുഭവം അവർക്കു നല്കികൊണ്ടും അവരുമായി ഉടമ്പടി ചെയ്തുകൊണ്ടുമാണ്.
പാപത്തിൻ്റെ അടിമത്തത്തിലായിരുന്ന ജനത്തെ ഉടമ്പടിയുടെ മദ്ധ്യസ്ഥനായ മിശിഹായുടെ കുരിശിലെ മരണംവഴി രക്ഷയിലേക്കാനയിച്ച ദൈവം അവരെ തൻ്റെ സ്വന്തം ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനവുമാക്കി (1 പത്രോ 2:9). ദൈവത്തിന്റെ ജനം അവിടത്തേക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്ന ആരാധനാസമൂഹം ആയിരിക്കണമെന്നത് ദൈവഹിതമാണ്. ദൈവം രക്ഷിച്ചതും രക്ഷയിലേക്ക് വിളിച്ചതുമായ തൻ്റെ പുതിയ ജനമായ സഭയുടെ അടിസ്ഥാനസ്വഭാവം ആരാധനാസമൂഹമായിരിക്കുക എന്നതാണ്.
IV അടയാളങ്ങളും പ്രതീകങ്ങളും
35. ആരാധനക്രമത്തിൽ അദ്യശ്യമായ യാഥാർത്ഥ്യങ്ങളെ സൂചിപ്പിക്കുന്നതിന് ദൃശ്യമായ അടയാളങ്ങളും പ്രതീകങ്ങളുമുണ്ട്. അടയാളങ്ങളും പ്രതീകങ്ങളും തമ്മിൽ അർത്ഥത്തിൻ്റെയും പ്രാധാന്യത്തിൻ്റെയും അടിസ്ഥാനത്തിൽ ഗണ്യമായ വ്യത്യാസമുണ്ട്. അടയാളങ്ങൾ അദൃശ്യയാഥാർഥ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ, പ്രതികങ്ങൾ അദ്യശ്യയാഥാർഥ്യത്തെ സൂചിപ്പിക്കുക മാത്രമല്ല സന്നിഹിതമാക്കുകയും ചെയ്യുന്നു. ബലിപീഠം, ദൈവത്തിൻ്റെ സിംഹാസനത്തിൻ്റെയും കർത്താവിൻ്റെ കബറിടത്തിൻ്റെയും അടയാളം മാത്രമല്ല, പ്രതീകവുമാണ്. ദൈവികസിംഹാസനമെന്ന യാഥാർത്ഥ്യവും കർത്താവിൻ്റെ കബറിടമെന്ന യാഥാർത്ഥ്യവും ബലിപീഠത്തിൽ സത്യമായി ഭവിക്കുന്നു.
അദൃശ്യനായ ദൈവത്തെ നമുക്കു ദൃശ്യനാക്കുന്നതും അനുഭവവേദ്യമാക്കുന്നതും മിശിഹായാണ്. ചരിത്രത്തിലൂടെ വെളിപ്പെടുത്തപ്പെട്ടവനെങ്കിലും ഇന്നും ബാഹ്യനയനങ്ങൾക്ക് അദൃശ്യനായ മിശിഹായെ അനുഭവവേദ്യമാക്കുന്നത് സഭയാണ്. അതിനാൽ, മിശിഹാ പിതാവിൻ്റെ കൂദാശയായിരിക്കുന്നതുപോലെ സഭ മിശിഹായുടെ കൂദാശയാണ്. രക്ഷിക്കപ്പെട്ട ദൈവജനം രക്ഷകനായ മിശിഹായോടുചേർന്നും,മിശിഹായിലും പരിശുദ്ധാത്മാവിൻ്റെ സംസർഗ്ഗത്തിൽ പിതാവിനർപ്പിക്കുന്ന വിശ്വാസത്തിൻ്റെയും രക്ഷയുടെയും ആഘോഷപൂർവകമായ ആരാധനക്രമം സഭ ഇന്നു നിർവഹിക്കുന്നത് അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ്.മിശിഹാ തന്നെയോ തിരുസഭായോ ആണ് അദൃശ്യങ്ങളായ ദൈവികകാര്യങ്ങൾ സൂചിപ്പിക്കുവാൻ ആരാധനക്രമത്തിൽ ദൃശ്യപ്രതീകങ്ങൾ തിരഞ്ഞെടുത്തത് (ആരാധനക്രമം 33).
രക്ഷാകർമ്മത്തെ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലുടെയും പുനരാവിഷ്കരിക്കുമ്പോൾ ചരിത്രത്തിൽ യാഥാർത്ഥ്യമായതും ലോകാവസാനത്തോളം അനുഭവവേദ്യമാകുന്നതുമായ രക്ഷയാണ് ആഘോഷിക്കപ്പെടുന്നത്. സമയത്തിൻ്റെ മൂന്ന് മാനങ്ങൾ ഇവയിലെല്ലാം കാണാം. ഭൂതകാലസംഭവങ്ങളും അവയുടെ അനുസ്മരണവും (മിശിഹായിൽ നിറവേറിയ രക്ഷാകരരഹസ്യങ്ങളുടെ ഭൂതകാലസ്മരണ), വർത്തമാനകാലവും ദൈവാരാധനയും (സഭ ഇന്ന് രക്ഷാകരരഹസ്യങ്ങൾ ആഘോഷിക്കുന്നത്) ഭാവികാലവും മുന്നാസ്വാദനവും (ഭാവിയിൽ സമ്പൂർണമാകേണ്ട സ്വർഗ്ഗീയാരാധനയുടെ മുന്നാസ്വാദനം). ഈ ത്രിവിധ യാഥാർത്ഥ്യങ്ങൾ ഏറ്റവും അനുഭവവേദ്യവും ഹൃദയസ്പർശിയുമായിരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ് അടയാളങ്ങളും പ്രതീകങ്ങളും. സഭ ഭൂമിയിൽ നടത്തുന്ന ആരാധന, അടയാളങ്ങൾകൊണ്ടും പ്രതീകങ്ങൾകൊണ്ടും നെയ്യപ്പെട്ടതാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസ്താവിക്കുന്നു (CCC 1145). അതുകൊണ്ട്, അടയാളങ്ങളും പ്രതീകങ്ങളും അവ സൂചിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും എന്തെന്നു മനസ്സിലാക്കിയാൽ മാത്രമേ ദൈവാരാധനയിൽ അർത്ഥവത്തായി പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
ആരാധനക്രമത്തിലെ ശാരീരിക നിലപാടുകൾ
36. ആരാധനക്രമത്തിൽ പൊതുവെ കണ്ടുവരുന്ന ശാരീരിക നിലപാടുകൾ താഴെപ്പറയുന്നവയാണ്.
V സജീവഭാഗഭാഗിത്വം
37. ആരാധനക്രമം പരിപൂർണഫലം ഉളവാക്കാൻ വിശ്വാസികളുടെ സജീഭാഗഭാഗിത്വം ആവശ്യമാണ്. അതിനാൽ വിശ്വാസികൾ അനുഗുണമായ മനോഭാവത്തോടെ വിശുദ്ധ രഹസ്യങ്ങളെ സമീപിക്കുകയും, ഏകാഗ്രചിത്തരായി അതിൽ സംബന്ധിക്കുകയും കൃപാവരം പ്രാപിക്കാൻ അതിനോടു സഹകരിച്ചു പ്രവർത്തിക്കുകയും വേണം (ആരാധനക്രമം 11). ആരാധനക്രമത്തിൽ, പ്രത്യേകിച്ച്, അതിൻ്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കുചേരേണ്ടതെങ്ങനെയെന്നു അതിലെ പ്രാർത്ഥനകൾതന്നെ വ്യക്തമാക്കുന്നു: 'തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകൂടെ', 'ഭക്തിയോടും ശ്രദ്ധയോടുംകൂടെ', 'കണ്ണുകൾ താഴ്ത്തി, വിചാരങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തി', 'നിശ്ശബ്ദരായി ആദരപൂർവ്വം നിന്ന്, കഴുകി വെടിപ്പാക്കപ്പെട്ട ഹൃദയത്തോടും നിർമ്മലമായ മനഃസാക്ഷിയോടും കൂടെ ഹൃദയം കൊണ്ടു പ്രാർത്ഥിവിൻ' എന്ന പ്രയോഗങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. 'മിശിഹായോടു ചേർന്നാണ് നാം ബലിയർപ്പിക്കുന്നത്' എന്ന ചിന്ത നമ്മുടെ ബലിയിലുളള ഭാഗഭാഗിത്വം സമ്പൂർണവും ബോധപൂർവ്വകവും സജീവവുമാക്കുന്നതിനു സഹായിക്കും. ഇപ്രകാരം ബലിയർപ്പിക്കുന്നതിനു ബാഹ്യവും ആന്തരികവുമായ ഒരുക്കങ്ങളും നാം ചെയ്യേണ്ടതുണ്ട്. രണ്ടാം വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നു: “വിശ്വാസത്തിൻ്റെ ഈ രഹസ്യത്തിൽ വിശ്വാസികൾ ഭാഗഭാക്കുകളാകുമ്പോൾ അപരിചിതരെപ്പോലെയോ നിശബ്ദ പ്രേക്ഷകരെപ്പോലെയോ ആകാതെ, തിരുക്കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും അർത്ഥം ഗ്രഹിച്ച്, തങ്ങൾ ചെയ്യുന്നതെന്താണെന്നുളള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടി വേണം അവർ അതിൽ പങ്കെടുക്കുക" (ആരാധനക്രമം 48). അതിനു വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകൾ ശ്രദ്ധാപൂർവ്വം ചൊല്ലണം, ഉചിതമായ ഗാനങ്ങൾ ആലപിക്കണം, പരികർമ്മം ചെയ്യപ്പെടുന്ന ദിവ്യകർമ്മങ്ങളുടെ ആന്തരികാർത്ഥം പഠിച്ചറിയണം. എല്ലാറ്റിലുമുപരി, അനുതാപപൂർണ്ണമായ ഹൃദയത്തോടും സഹോദരങ്ങളുമായി രമ്യതപ്പെട്ട് വിശുദ്ധിയോടും വിനയത്തോടുംകൂടി ദൈവസന്നിധിയിൽ വ്യാപരിക്കണം. നമ്മുടെ രക്ഷയുടെ അച്ചാരമായ വിശുദ്ധ കുർബാന, നിത്യജീവൻ നല്കുന്ന അപ്പവും ഔഷധവുമാണെന്ന ഓർമ്മയോടെ സ്വീകരിക്കാൻ നാം ഒരുങ്ങുകയും വേണം.
ആരാധനക്രമങ്ങളിൽ പൂർണ്ണമായും, ബോധപൂർവകവും കർമ്മോത്സുകവുമായ രീതിയിൽ ഭാഗഭാക്കുകളാകാൻ എല്ലാ വിശ്വാസികളും പരിശീലിക്കണമെന്നാണ് തിരുസ്സഭാമാതാവിന്റെ തീവ്രാഭിലാഷം (ആരാധനക്രമം 14). ആരാധനക്രമസ്വഭാവം തന്നെ ഇതാവശ്യപ്പെടുന്നു. തങ്ങളെത്തന്നെ പരിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി സമർപ്പിച്ച് ആത്മീയാരാധന നടത്താൻ വിശുദ്ധ പൗലോസ് നല്കുന്ന ഉപദേശം (റോമ 12: 1) ഇന്നും തികച്ചും പ്രസക്തമാണ്.
തിരഞ്ഞെടുക്കപ്പെട്ട ജനത, രാജകീയ പുരോഹിതജനം, വിശുദ്ധജനപദം, രക്ഷിക്കപ്പെട്ട ജനം (1 പത്രോ 2:9, 2:4-5) എന്നീ നിലകളിൽ ക്രിസ്തീയ വിശ്വാസികളുടെ ആരാധനക്രമത്തിലെ ഭാഗഭാഗിത്വം മാമ്മോദീസായുടെ ഫലമായ അവരുടെ അവകാശവും ധർമ്മവുമാണ് (ആരാധനക്രമം 114). കർമ്മോത്സുകഭാഗഭാഗിത്വം ഉറപ്പാക്കുവാൻ മറുപടി പ്രാർത്ഥനകൾ, സങ്കീർത്തനങ്ങൾ, ഇരുഭാഗമായുള്ള പ്രാർഥനകൾ, സ്തുതിപ്പുകൾ, ശാരീരികനിലപാടുകൾ എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ വിശ്വാസികളെ പരിശീലിപ്പിക്കണം. സമൂഹത്തിൻ്റെ പങ്കാളിത്തം ബാഹ്യമായി പ്രകടിപ്പിക്കാൻ സാധിക്കത്തക്കവിധം ഓരോ ശുശ്രൂഷ ഏല്പിക്കപ്പെട്ടവർ പുരോഹിതന്മാർ, മ്ശംശാനമാർ, വായനക്കാർ, ഗായകർ, വ്യാഖ്യാതാക്കൾ, ഗായകസംഘം തുടങ്ങിയവർ സമൂഹത്തെ നയിക്കുകയല്ലാതെ അവർക്കു പകരം നില്ക്കുകയല്ല വേണ്ടത് എന്ന് ലിറ്റർജിയും പൗരസ്ത്യ കാനൻനിയമസംഹിതയും (നമ്പർ 33) എന്ന നിർദ്ദേശകരേഖ പഠിപ്പിക്കുന്നു. ഇതിനാവശ്യകമായ പരിശീലനവും മാർഗ്ഗനിർദ്ദേശവും നല്കാനുള്ള ഉത്തരവാദിത്വം ആത്മപാലകർക്കുണ്ട്.
VI ആരാധനക്രമത്തിന്റെ സാംസ്കാരികാനുരൂപണം (Inculturation)
38. തിരുസഭയിൽ വ്യത്യസ്തങ്ങളായ വ്യക്തിസഭകളും ആരാധനാപാരമ്പര്യങ്ങളും ഉത്ഭവിച്ചത്, സഭയുടെ വിശ്വാസം വ്യത്യസ്തമായ സാംസ്കാരിക പാരമ്പര്യങ്ങളിൽ പ്രഘോഷിക്കപ്പെട്ടതുമൂലമാണ്.അതിനാൽ, വിശ്വാസത്തിൻ്റെ ആഘോഷമായ ആരാധന വ്യത്യസ്ത ജനതകളുടെ പ്രതിഭയ്ക്കും സംസ്കാരത്തിനും ചേർന്നതാകണം (CCC 1204). ആരാധനക്രമത്തിൽ പരികർമ്മം ചെയ്യുന്നത് ദൈവികരഹസ്യങ്ങളാണ്. എന്നാൽ, അത് പരികർമ്മം ചെയ്യുന്നത് വിവിധ സ്ഥലകാലങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലും ജീവിക്കുന്ന മനുഷ്യർക്കുവേണ്ടിയാണ്. സാംസ്കാരികാനുരൂപണത്തിൻ്റെയും പ്രാദേശികഭാഷയുടെയും ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. എങ്കിലും, പരികർമ്മം ചെയ്യപ്പെടുന്ന വിശ്വാസരഹസ്യങ്ങൾ ചരിത്രസത്യങ്ങളാകയാൽ, അവ സംഭവിച്ച സ്ഥലം, കാലം, ഭാഷ, മത-സാംസ്കാരിക പശ്ചാത്തലം എന്നിവയുടെ സ്വാധീനം അവഗണിക്കുവാൻ പാടില്ല. സഭയുടെ വിശ്വാസഭണ്ഡാരത്തിൻ്റെ ഭാഗമായ ആരാധനയിൽ, സർവ്വോപരി കൂദാശകളുടെ ആഘോഷത്തിൽ, ദൈവികമായി സ്ഥാപിക്കപ്പെട്ടതും സഭയുടെ സൂക്ഷിപ്പിനായി ഏല്പിക്കപ്പെട്ടതുമായ വ്യതിയാനവിധേയമല്ലാത്ത ഭാഗങ്ങളുണ്ട്. അതുപോലെതന്നെ, മാറ്റം വരുത്താവുന്ന ഭാഗങ്ങളുമുണ്ട്. സുവിശേഷവത്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച്, നവമായി സുവിശേഷം സ്വീകരിച്ചവർക്കുവേണ്ടി സാംസ്കാരികാനുരൂപണം നടത്തുമ്പോൾ, പൊതുവിശ്വാസത്തോടും മിശിഹായിൽനിന്ന് സഭ സ്വീകരിച്ച കൗദാശികാടയാളങ്ങളോടും ഹയരാർക്കിപരമായ സംസർഗ്ഗത്തോടും വിശ്വസ്തത പുലർത്തണമെന്ന് സഭ അനുശാസിക്കുന്നു (CCC 1205). അതുപോലെ, ആരാധനക്രമത്തിൽ വിശ്വാസമോ പൊതുനന്മയോ ഉൾപ്പെടാത്ത കാര്യങ്ങളിൽ കർക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാനും സഭ ആഗ്രഹിക്കുന്നില്ല (ആരാധനക്രമം 37). സത്താപരമായ ഐക്യം പരിരക്ഷിക്കാനും നിയമാനുസൃത വ്യതിയാനങ്ങൾക്കും അനുരൂപണങ്ങൾക്കുമുള്ള സാധ്യത പരിഗണിക്കാനും രണ്ടാം വത്തിക്കാൻ സൂനഹദോസ് ആവശ്യപ്പെടുന്നുണ്ട് (ആരാധനക്രമം 38).
VII സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമായ ആരാധനക്രമം
39. വിശ്വാസത്തിൻ്റെ പിതൃസ്വത്ത് പാരമ്പര്യം വഴിയാണ് സ്വീകരിക്കപ്പെടുന്നത് എന്ന് ലിറ്റർജിയും പൗരസ്ത്യകാനൻ നിയമസംഹിതയും എന്ന നിർദ്ദേശകരേഖയിൽ പ്രസ്താവിക്കുന്നു (നമ്പർ 17). ഇസ്രായേൽ ജനത്തിൻ്റെ ചരിത്രത്തിലൂടെയും മിശിഹായുടെ രക്ഷാകരമായ ജീവിതമരണോത്ഥാനങ്ങളിലൂടെയും വെളിവായ ദൈവത്തിൻ്റെ രക്ഷാകരമായ ആവിഷ്കാരമാണ് വിശ്വാസത്തിൻ്റെയും, തദ്വാര പാരമ്പര്യത്തിൻ്റെയും കാതൽ. എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി ദൈവം വെളിപ്പെടുത്തിയവ അഭംഗുരമായും ശാശ്വതമായും നിലനിർത്തുകയും തലമുറകളിലേക്ക് പകർന്നുകൊടുക്കുകയും ചെയ്യുക എന്നത് ദൈവത്തിൻ്റെ തിരുവിഷ്ടമാണ്. ഈ തിരുഹിതം അനുസരിച്ചാണ് തന്നിൽത്തന്നെ വെളിപാട് പൂർത്തീകരിച്ച മിശിഹാ, രക്ഷയുടെ സുവിശേഷം സകലജനതകളോടും പ്രഘോഷിക്കുവാൻ ശ്ലീഹന്മാരെ നിയോഗിച്ചത്. ശ്രീഹന്മാരുടെ പ്രഘോഷണം, പ്രബോധനം, അപ്പംമുറിക്കൽ, കൂട്ടായ്മ, പ്രാർത്ഥന എന്നിവയെല്ലാം ഈ രക്ഷാകരരഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്ലൈഹിക പാരമ്പര്യം രൂപപ്പെടുന്നതിനും നിമിത്തമായി.
ശ്ലൈഹിക പാരമ്പര്യത്തിൽനിന്ന് സഭാത്മകപാരമ്പര്യത്തിലേക്കുള്ള നീക്കം ക്രമാനുഗതമാണ്. സുവിശേഷങ്ങൾ രൂപം കൊള്ളുന്നതിനുമുമ്പുതന്നെ അവ എഴുതപ്പെട്ട സഭകളിൽ അവയുടെ സജീവപാരമ്പര്യം നിലനിന്നിരുന്നു. ആ സജീവപാരമ്പര്യമാണ് സുവിശേഷങ്ങളുടെ തന്നെ മൂലരൂപം. വിരചിതമായ വചനത്തിലൂടെയുള്ള പാരമ്പര്യത്തിൻ്റെ കൈമാറലാണ് രണ്ടാം ഘട്ടം. ഇപ്രകാരം വാമൊഴിയായി ആരംഭിച്ച് വരമൊഴിയായി മാറിയ ലിഖിതങ്ങളും അവയെ ആസ്പദമാക്കി കാലാകാലങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ പ്രകാശത്താൽ സഭാപിതാക്കന്മാർ നല്കിയ പ്രബോധനങ്ങളും സഭ ഔദ്യോഗികമായി നല്കുന്ന വ്യാഖ്യാനങ്ങളും പാരമ്പര്യത്തിൻ്റെ ഭാഗമായിത്തീർന്നു. മറ്റു വാക്കുകളിൽ, മിശിഹായിൽനിന്ന് ശ്ലീഹന്മാർ ഏറ്റുവാങ്ങിയതും ആദിമസഭാസമൂഹത്തിനു കൈമാറിയതും സഭാ പിതാക്കന്മാരുടെയും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരുടെയും പ്രബോധനങ്ങളിലൂടെയും, വിശുദ്ധരും രക്തസാക്ഷികളുമായവരുടെ ജീവിതസാക്ഷ്യത്തിലൂടെയും വിശ്വാസികളുടെ സമുഹമായ സഭയുടെ ജീവിതത്തിലൂടെയും ആരാധനയിലൂടെയും പരിപോഷിപ്പിക്കപ്പെട്ട് അവിച്ഛിന്നമായി നിലനിന്നുപോരുന്നതും തലമുറകളിലേക്ക് കൈമാറപ്പെടുന്നതുമായ രക്ഷയുടെ അനുഭവവും ആചാരാനുഷ്ഠാനങ്ങളുമാണ് വിശുദ്ധ പാരമ്പര്യം. തന്മൂലം വിശുദ്ധ പാരമ്പര്യത്തെയും വിശുദ്ധലിഖിതത്തെയും വേർതിരിച്ചു കാണാനാവില്ല. അവ രണ്ടും പരസ്പരപൂരകങ്ങളാണ് (ദൈവാവിഷ്കരണം 10).
വിശ്വാസത്തിൻ്റെ ഈ പിതൃസ്വത്ത് സ്വീകരിക്കുകയും കാത്തു സൂക്ഷിക്കുകയും മുറുകെ പിടിക്കുകയും കൈമാറ്റം ചെയ്യുകയുംചെയ്യുമ്പോഴാണ് പാരമ്പര്യം നിലനില്ക്കുന്നത്. സഭയിലാണിത് സംഭവിക്കുന്നത്. അതിനാൽ, പാരമ്പര്യമെന്നത് ആത്മാവിനാൽ നയിക്കപ്പെടുന്ന സഭയുടെ ജീവിതമാണ് (ദൈവാവിഷ്കരണം 8). സഭയിൽ മിശിഹായെയും അവിടത്തെ പ്രബോധനങ്ങളെയും ജീവിതത്തെയും രക്ഷാകരമായ സംഭവങ്ങളെയും കേന്ദ്രമാക്കിയുള്ള ശ്ലീഹന്മാരുടെ പ്രബോധനങ്ങളും പ്രഘോഷണങ്ങളും ആരാധനയും വിശ്വാസികളുടെ ഇടയിലെ കൂട്ടായ്മയും സാഹോദര്യവും പൂർണ്ണമായും സമനയിക്കപ്പെടുന്നതും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും വിശ്വാസത്തിൻ്റെ ആഘോഷമായ ആരാധനക്രമത്തിലൂടെയാണ്.
സഭ ഏകമായിരിക്കുന്നതുപോലെ സഭയുടെ വിശുദ്ധ പാരപര്യവും ഏകമാണ്. സഭയിൽ വിവിധ സഭകളുള്ളതു പോലെ വിശുദ്ധ പാരമ്പര്യത്തിൽ വിവിധ പാരമ്പര്യങ്ങളുമുണ്ട്. വിവിധ സഭകളിലൂടെ നിലനില്ക്കുന്ന പുരാതനപാരമ്പര്യങ്ങൾ കത്തോലിക്കാ സഭയുടെ പൊതുവായ വിശ്വാസ പൈതൃകമാണ്. ഈ പൈതൃകസമ്പത്ത് അനുഭവിച്ചാസ്വദിച്ച സഭാപിതാക്കന്മാർ ഇവയ്ക്ക് കാലാകാലങ്ങളിൽ വിശദീകരണവും നല്കിയിട്ടുണ്ട്. ഇപ്രകാരം ഓരോ സഭയിലുംപെട്ട സഭാപിതാക്കന്മാർ ആദിമപാരമ്പര്യത്തിൻ്റെ സജീവവക്താക്കളാണ്. സഭാപിതാക്കന്മാരിലൂടെ കൈവന്ന അപ്പസ്തോലിക പാരമ്പര്യം സാർവ്വത്രികസഭയുടെ ദൈവാവിഷ്കൃതവും അവിഭാജ്യവുമായ പിതൃസ്വത്തിൻ്റെ ഭാഗമാണ് (പൗരസ്ത്യസഭ 1).
VIII സഭയും സഭാപാരമ്പര്യങ്ങളും
40. സഭ, ചരിത്രപരമായി ജന്മം കൊണ്ടത് ജറുസലെമിൽ ഈശോയുടെയും അവിടത്തെ ശിഷ്യരുടെയും സ്വന്തമായ യഹൂദ മതസാംസ്കാരിക പശ്ചാത്തലത്തിലാണ്. അതുകൊണ്ട്, സഭയുടെ പിള്ളത്തൊട്ടിൽ യഹൂദ (സെമിറ്റിക്) സംസ്കാരമാണ്. ഭൂമിശാസ്ത്രപരമായി അത് പൗരസ്ത്യദേശത്താണ് (കിഴക്കിൻ്റെ വെളിച്ചം 5). ശ്ലീഹന്മാരുടെ പ്രസംഗംവഴി സുവിശേഷം ജറുസലെമിൽനിന്ന് അന്നത്തെ പ്രധാന ഗ്രീക്കുപട്ടണങ്ങളിലേക്കും റോമാസാമ്രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിലേക്കും ഭൂമിയുടെ അതിർത്തികൾവരെയും വ്യാപിക്കാൻ തുടങ്ങി (അപ്പ 1:8). അങ്ങനെ, വിവിധ സ്ഥലങ്ങളിൽസഭാസമൂഹങ്ങൾ സ്ഥാപിതമായി. ശ്ലീഹന്മാർ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തത് കർത്താവും രക്ഷകനുമായ മിശിഹായെക്കുറിച്ചാണ്. എങ്കിലും ഓരോരുത്തരും മിശിഹാനുഭവം സ്വാംശീകരിച്ചതും പങ്കുവച്ചതും സ്വന്തമായ വ്യക്തിത്വസവിശേഷതകളോടു കൂടിയായിരുന്നു. സുവിശേഷസന്ദേശം സ്വീകരിച്ച സമൂഹങ്ങൾ ഒന്ന് മറ്റൊന്നിൽനിന്ന് വ്യത്യസ്തമായിരുന്നു. ഭാഷ, സംസ്കാരം, ജീവിതരീതികൾ, ആചാരക്രമങ്ങൾ, രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലം എന്നിവയിലും ഈ വ്യത്യാസം പ്രകടമായിരുന്നു. ഇപ്രകാരം വ്യത്യസ്ത സാമൂഹികവും സാംസ്കാരികവുമായ അനുഭവപശ്ചാത്തലങ്ങളിൽ ശ്ലീഹന്മാർ ജനങ്ങൾക്ക് സുവിശേഷം പകർന്നുകൊടുത്തപ്പോൾ വ്യത്യസ്ത സഭകൾ രൂപം കൊണ്ടു. അങ്ങനെ അന്നത്തെ മൂന്നു പ്രധാന സംസ്കാരങ്ങളിൽ സെമിറ്റിക്, ഗ്രീക്ക്, റോമൻ - സഭ വേരുപിടിക്കുകയും ശ്ലീഹന്മാരിൽനിന്നു ലഭിച്ച സുവിശേഷ ചൈതന്യത്തിലധിഷ്ഠിതമായി മൂന്നു സഭാപാരമ്പര്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. അവ ഇന്ന് സിറിയക് ഓറിയൻ്റെ (കിഴക്കിൻ്റെ സുറിയാനി പാരമ്പര്യം), ഗ്രീക്ക്ഈസ്റ്റ് (കിഴക്കിൻ്റെ ഗ്രീക്കു പാരമ്പര്യം), ലാറ്റിൻ വെസ്റ്റ് (പാശ്ചാത്യ ലത്തീൻപാരമ്പര്യം) എന്നിങ്ങനെ അറിയപ്പെടുന്നു. അതിനാൽ, ആദിമസഭയുടെ പാരമ്പര്യം ഏതെങ്കിലുമൊരു പ്രത്യേക സഭയിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. അവ ആദിമ നൂറ്റാണ്ടുകളിൽത്തന്നെ രൂപംകൊണ്ട മേല്പറഞ്ഞ വിവിധ സഭാപാരമ്പര്യങ്ങളിലാണ് നിലകൊള്ളുന്നത്.
IX പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങൾ
41. സഭയെ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും പൊതുവെ വിളിക്കുന്നു. ഈ വിഭജനത്തിനടിസ്ഥാനം ഭൂമിശാസ്ത്രപരമാണ്. എ. ഡി. മൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ റോമാസാമ്രാജ്യാധിപനായിരുന്ന ഡയോക്ലീഷൻ ചക്രവർത്തി (284-305) സാമ്രാജ്യം നാലായി വിഭജിച്ചു. നാലാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ (395) അത് രണ്ടായിചുരുങ്ങി. പുരാതന റോമാസാമ്രാജ്യത്തിൻ്റെ പാശ്ചാത്യഭാഗത്തു വളർന്നു വികസിച്ച പാശ്ചാത്യ സഭകളെന്നും പൗരസ്ത്യഭാഗത്തു വളർന്നു വികസിച്ച സഭകൾ പൗരസ്ത്യസഭകളെന്നും അറിയപ്പെട്ടിരുന്നു. റോമാസാമ്രാജ്യത്തിനുപുറത്തും ശ്ലീഹന്മാർ സഭകൾ സ്ഥാപിച്ചിരുന്നു.തോമാസ്ലീഹായാൽ സ്ഥപിതമായ ഭാരതത്തിലെ സഭയും പേർഷ്യൻ സാമ്രാജ്യത്തിൽ വളർന്ന സെലുഷ്യാ-സ്റ്റെസിഫോൺസഭയും എദേസായിലെയും മെസപ്പൊട്ടേമിയായിലെയും സഭകളും അപ്രകാരമുള്ളവയാണ്. കാലക്രമേണ പാശ്ചാത്യവിഭാഗത്തിൽപ്പെടാത്ത സഭകൾക്കെല്ലാം പൗരസ്ത്യസഭകൾ എന്ന പേര് പ്രാബല്യത്തിൽ വന്നു. തിരുസഭയുടെ വിശുദ്ധ പാരമ്പര്യം കുടികൊള്ളുന്നത്, മുകളിൽ സൂചിപ്പിച്ചതുപോലെ, പൗരസ്ത്യവും പാശ്ചാത്യവുമായ സിറിയക് ഓറിയൻ്റെ, ഗ്രീക്ക് ഈസ്റ്റ്, ലാറ്റിൻ വെസ്റ്റ് എന്നീ മൂന്നു സഭാപാരമ്പര്യങ്ങളിലുമായിട്ടാണ്. അവയിൽ ആദ്യത്തേതു രണ്ടും പൗരസ്ത്യപാരമ്പര്യത്തിൽപ്പെടുന്നു.
X സ്വയാധികാരസഭയും (വ്യക്തിസഭയും) ആരാധനക്രമവും
42. കത്തോലിക്കാ കൂട്ടായ്മയിൽ മൂന്നു സഭാപാരമ്പര്യങ്ങളിലായി 24 സ്വയാധികാരസഭകൾ - 23 പൗരസ്ത്യസഭകളും ഒരു പാശ്ചാത്യസഭയും - ഉണ്ട്. നിയമാനുസൃത ഹയരാർക്കിയാൽ കൂട്ടിയോജിപ്പിക്കപ്പെട്ടതും ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയിൽ പ്രകാശിതമായതും സ്വയാധികാരമുള്ളതെന്ന് ഔദ്യോഗികമായി സഭയുടെ പരമാധികാരത്താൽ അംഗീകരിക്കപ്പെട്ടതുമായ ക്രൈസ്തവവിശ്വാസികളുടെ സമൂഹത്തെയാണ് സ്വയാധികാരസഭ (Sui iuris Church) എന്ന് വിളിക്കുന്നത് (CCEO, 27). സഭാ പൈതൃകത്തിൻ്റെ വ്യതിരിക്തതയെ (Individuality) സൂചിപ്പിച്ച് സ്വയാധികാരസഭയെ വ്യക്തിസഭ (Individual Church) എന്നും വിളിക്കാറുണ്ട്. ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ച് വെളിവാക്കുന്ന പൈതൃകത്തെയാണ് റീത്ത് എന്ന് പൗരസ്ത്യകാനോൻ നിയമസംഹിത വിവക്ഷിക്കുന്നത് (CCEO, 28). അവ അലക്സണ്ഡ്രിയൻ,അന്ത്യോക്യൻ,ബൈസാന്റയ്ൻ (കോൺസ്റ്റാന്റിനോപ്പോളിറ്റൻ), പൗരസ്ത്യസുറിയാനി, അർമേനിയൻ എന്നീ പൗരസ്ത്യപാരമ്പര്യങ്ങളിൽനിന്നും റോമൻ (ലത്തീൻ) പാശ്ചാത്യപാരമ്പര്യത്തിൽ നിന്നും ഉത്ഭവിച്ചിട്ടുള്ളവയാണ്. എങ്കിലും വിശ്വാസം, കൂദാശകൾ, ശുശ്രൂഷാ സംവിധാനം (ഹയരാർക്കി) എന്നിവയാൽ അവ പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. (പൗരസ്ത്യസഭകൾ 2). ഈ ആറു പാരമ്പര്യങ്ങൾ സഭയുടെ ഔദ്യോഗികമായ ആറ് ആരാധനക്രമങ്ങളെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. ഓരോ സഭയുടെയും തനിമ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ആരാധനക്രമമാണ്.
XI ആരാധനക്രമവും റീത്തുകളും
43. പന്തക്കുസ്തക്കുശേഷം ശ്ലീഹന്മാരുടെ നേതൃത്വത്തിൽ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ സഭാസമൂഹങ്ങൾ രൂപംകൊണ്ടു. തങ്ങൾക്കു ലഭിച്ച ക്രിസ്താനുഭവം പങ്കുവയ്ക്കപ്പെട്ട ഓരോ സ്ഥലത്തെയും ഭാഷ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയാൽ സാത്മികരിക്കപ്പെട്ടാണ് സഭാസമൂഹങ്ങൾ വളർന്നു വന്നത്. ഇവയുടെ പ്രതിഫലനം ബലിയർപ്പണം, കൂദാശാനുഷ്ഠാനങ്ങൾ, പ്രാർത്ഥനകൾ എന്നിവയിൽ പ്രകടമായിരുന്നു. തനതായ വ്യക്തിത്വം പുലർത്തി വളർന്നുവന്ന ആരാധനക്രമങ്ങളെ ഉദ്ദേശിച്ച് ക്രമേണ റീത്ത് എന്ന പദമുപയോഗിക്കാൻ തുടങ്ങി.
പിന്നീട്, റീത്തിനു കൂടുതൽ അർത്ഥവ്യാപ്തിയുണ്ടായി. ആരാധനാക്രമം, നോമ്പ്, ഉപവാസം, തിരുവസ്ത്രങ്ങൾ കാനൻനിയമങ്ങൾ, ഹയരാർക്കി, ഭരണരീതി, ആചാരങ്ങൾ എന്നിവയും റീത്തിൻ്റെ ഘടകങ്ങളായിത്തീർന്നു. ഇവയെല്ലാം ഉൾക്കൊള്ളുന്ന സഭാസമൂഹത്തെയും റീത്ത്ന്നുവിളിക്കാറുണ്ട്. പൗരസ്ത്യകാനൻ നിയമമനുസരിച്ച് ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ച് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത് (CCEO, 28).
ഓരോ റീത്തിനെയും മറ്റുറീത്തുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത് മേല്പറഞ്ഞ നാലുഘടകങ്ങളാണ്. സ്വന്തമായ ആരാധനക്രമമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഓരോ റീത്തിൻ്റെയും കർമ്മാനുഷ്ഠാനങ്ങൾ, പ്രതീകങ്ങൾ പ്രാർത്ഥനകൾ, തിരുവസ്ത്രങ്ങൾ, ദൈവശാസ്ത്രവീക്ഷണം എന്നിവ ഇതരറീത്തുകളിൽനിന്നു വ്യത്യസ്തമാണ്.
44. ദൈവശാസ്ത്രമാണ് രണ്ടാമത്തെ ഘടകം. വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ ബുദ്ധിയുടെ സഹായത്തോടെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയുമാണ് ദൈവശാസ്ത്രം ചെയ്യുന്നത്. ഓരോ പ്രാദേശികസമൂഹത്തിൻ്റെയും ജീവിതാനുഭവങ്ങളും പാരമ്പര്യങ്ങളും തനതായ ദൈവശാസ്ത്രം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു.
45. മൂന്നാമത്തെ ഘടകം ആധ്യാത്മികതയാണ്. ഓരോ വ്യക്തി സഭയും അതിൻ്റെ സ്ഥാപകനായ അപ്പസ്തോലൻ്റെ ക്രിസ്താനുഭവവും സഭാപിതാക്കന്മാരുടെയും വിശുദ്ധാത്മാക്കളുടെയും ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവുമായ സംഭാവനകളും അഭംഗുരം കാത്തുസൂക്ഷിക്കുന്നു. അതിൻ്റെ വെളിച്ചത്തിലും സഭാസമൂഹത്തിൻ്റെ മുഴുവൻ്റെയും ആദ്ധ്യാത്മികാനുഭവത്തിൻ്റെ അടിസ്ഥാനത്തിലും രൂപപ്പെട്ട സ്വകീയമായൊരു ആദ്ധ്യാത്മികജീവിതശൈലിയും അവയ്ക്കുണ്ട്. വിശുദ്ധിയിൽ വളരുന്നതിനു സഹായിക്കുന്ന വ്യത്യസ്തങ്ങളായ ഭക്താഭ്യാസങ്ങളും ഓരോ റീത്തിലുമുണ്ട്.
46. നാലാമത്തെ ഘടകം ഭരണസംവിധാനമാണ്. ഓരോ വ്യക്തി സഭയ്ക്കും അതിന്റേതായ പ്രത്യേക ഭരണസംവിധാനങ്ങളും ഭരണശൈലിയുമുണ്ട്. മാർത്തോമ്മാപാരമ്പര്യത്തിൽ പരമ്പരാഗതമായി നിലനിന്നുപോരുന്ന ഇടവക പൊതുയോഗങ്ങൾ ഇതിന് ഉദാഹരണമാണ്.
XII വിവിധ ആരാധനക്രമകുടുംബങ്ങൾ
47. കത്തോലിക്കാസഭയുടെ വിശുദ്ധ പാരമ്പര്യം കുടികൊള്ളുന്നത് ലത്തീൻ, സുറിയാനി, ഗ്രീക്ക് എന്നീ മൂന്നു സഭാപാരമ്പര്യങ്ങളിലും കൂടിയാണല്ലോ. പാശ്ചാത്യ-പൗരസ്ത്യ സഭാപാരമ്പര്യങ്ങളിൽ മുഖ്യമായി ആറ് ആരാധനക്രമകുടുംബങ്ങളാണുള്ളത്. അവയിൽ ഒരെണ്ണം ലത്തീൻ (പാശ്ചാത്യ) സഭാപാരമ്പര്യത്തിലും അഞ്ചെണ്ണം പൗരസ്ത്യസഭാപാരമ്പര്യങ്ങളിലുമാണ്.
ലത്തീൻ (പാശ്ചാത്യ) സഭാപാരമ്പര്യവും ആരാധനകുടുംബവും
48. പാശ്ചാത്യ റോമാസാമ്രാജ്യത്തിലെ ഔദ്യോഗികഭാഷയായിരുന്നു ലത്തീൻ. ലത്തീൻ ഭാഷ സംസാരിച്ചിരുന്ന സ്ഥലങ്ങളിൽ രൂപംകൊണ്ട സഭകൾ ലത്തീൻ ഭാഷ ആരാധകക്രമഭാഷയായി സ്വീകരിച്ചു. അതുകൊണ്ട് അവ ലത്തീൻ സഭകൾ എന്നറിയപ്പെടുന്നു. വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ പൗലോസിൻ്റെയും പാരമ്പര്യമുള്ള റോമിലെ സഭാസമൂഹമാണ് ഈ സഭകളുടെ ഉത്ഭവത്തിനും വളർച്ചയ്ക്കും കാരണമായത്. അതുകൊണ്ട് ഈ സഭാസമൂഹങ്ങളെ പൊതുവേ റോമാസഭ എന്നു വിളിക്കുന്നു. പാശ്ചാത്യ റോമാസാമ്രാജ്യത്തിൽ റോമൻ (ലത്തീൻ) ആരാധനക്രമം കൂടാതെ ഗാള്ളിക്കൻ, അംബാസിയൻ, കെൽറ്റിക്ക് (ഐറിഷ്) മോസറബിക് (വിസിഗോത്തിക്), സന്യാസസമൂഹറിത്തുകളായ സിസ്റ്റേർസ്യൻ, കർത്തുസ്യൻ എന്നിങ്ങനെ പല ആരാധനക്രമങ്ങളുണ്ടായിരുന്നു. എന്നാൽ, റോമൻ (ലത്തീൻ) ആരാധനക്രമവും അംബ്രോസിയൻ, മൊസറബിക് (വിസിഗോത്തിക്) ആരാധനക്രമവും ഒഴികെ ബാക്കിയെല്ലാം ഇന്നു നാമമാത്രമാണ്.
ഗ്രീക്ക് സഭാപാരമ്പര്യവും ആരാധനക്രമകുടുംബങ്ങളും
49. ഗ്രീക്ക്സഭാപാരമ്പര്യത്തിൽ ബൈസൻ്റെയിൻ, അലക്സണ്ഡ്രിയൻ, അർമേനിയൻ എന്നിങ്ങനെ മൂന്ന് ആരാധനക്രമകുടുംബങ്ങളുണ്ട്. പതിനേഴു വ്യക്തിസഭകളാണ് ഗ്രീക്കു സഭാകുടുംബത്തിൽ ഉൾപ്പെടുന്നത്.
ബൈസൻ്റെയിൻ (കോൺസ്റ്റാന്റിനോപ്പൊളിറ്റൻ) ആരാധനക്രമകുടുംബം
50. പൗരസ്ത്യ റോമാസാമ്രാജ്യത്തിൽ പെട്ടിരുന്ന കോറിന്തോസ് തെസലോനിക്ക, ഗലാത്തിയ, ഫിലിപ്പിയ, കൊളോസൂസ്, എഫേസൂസ് എന്നിവിടങ്ങളിലെ സഭകളുടെ ആരാധനക്രമഭാഷ ഗ്രീക്ക് ആയിരുന്നു. പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനം കോൺസ്റ്റാന്റിനോപ്പിൾ ആയതിനെത്തുടർന്ന് അതും ഒരു സഭാകേന്ദ്രമായി പരിണമിക്കുവാൻ തുടങ്ങി. കോൺസ്റ്റാന്റിനോപ്പിളിന് ബൈസാൻസിയം (Byzantium)എന്ന പേരുകൂടി ഉണ്ടായിരുന്നതിനാൽ ഈ സഭകളെ ബൈസന്റയിൻസഭകൾ എന്നു വിളിച്ചു പോന്നു. ഇവിടെ വളർന്നുവന്ന ആരാധനക്രമത്തെയാണ് ബൈസൻ്റെയിൻ (കോൺസ്റ്റാന്റിനോപ്പൊളിറ്റൻ) ആരാധനക്രമമെന്നു വിളിക്കുന്നത്.
ഈ ആരാധനാക്രമപാരമ്പര്യം ഉപയോഗിക്കുന്ന 14 വ്യക്തിസഭകളാന്നുള്ളത്.
അലക്സണ്ഡ്രിയൻ ആരാധന കുടുംബം
51. പ്രമുഖ മതബോധന കേന്ദ്രമായിരുന്ന അലക്സണ്ഡ്രിയായിൽ രൂപം പ്രാപിച്ച ഈ ആരാധന പാരമ്പര്യം പിൻതുടരുന്നത് മൂന്നു സഭകളാണ്. കോപ്റ്റിക്ക് സഭ, എത്യോപ്യൻ സഭ, എരിത്രേയൻ സഭ.
അർമേനിയൻ ആരാധനക്രമ കുടുംബം
52. എ.ഡി 384 മുതൽ മറ്റു സഭകളുമായുള്ള ബന്ധം വേർപെടുത്തി സ്വതന്ത്രമായ ശൈലിയിൽ വർത്തിക്കുവാനിടയായ അർമേനിയൻസഭ മാത്രമേ അർമേനിയൻ ആരാധനക്രമം ഉപയോഗിക്കുനുള്ളു.
സുറിയാനി സഭാപാരമ്പര്യവും ആരാധനക്രമ കുടുംബങ്ങളും
53. സുറിയാനി ആരാധനകഭാഷയായി സ്വീകരിച്ച സഭകളെയാണ്സുറിയാനി സഭകൾ എന്നു വിളിക്കുന്നത്. പൗരസ്ത്യസഭകളുടെ കൂട്ടത്തിൽപെട്ടവയാണ് ഇവയും. രണ്ട് ആരാധനക്രമ കുടുംബങ്ങളാണ് സുറിയാനി സഭാപാരമ്പര്യത്തിലുള്ളത്. പാശ്ചാത്യ സുറിയാനിഭാഷ ഉപയോഗിക്കുന്ന അന്ത്യോക്യൻ ആരാധനക്രമവും പൗരസ്ത്യസുറിയാനിഭാഷ ഉപയോഗിക്കുന്ന പൗരസ്ത്യസുറിയാനി ആരാധനക്രമവും.
അന്ത്യോക്യൻ ആരാധനക്രമകുടുംബം
54. അന്ത്യോക്യ ആരംഭം മുതലേ സഭാപ്രവർത്തനകേന്ദ്രവും മതാദ്ധ്യയനകേന്ദ്രവുമായിരുന്നു. ആരാധനാഭാഷയുടെ അടിസ്ഥാനത്തിൽ പാശ്ചാത്യ സുറിയാനി ആരാധനക്രമം എന്നാണ് ഇവിടെ വളർന്നു വന്ന അന്ത്യോക്യൻ ആരാധനക്രമം വിളിക്കപ്പെടുന്നത്. പാശ്ചാത്യ സുറിയാനിആരാധനക്രമ പാരമ്പര്യം തുടരുന്ന സഭകൾ മൂന്നെണ്ണമാണ്. പാശ്ചാത്യസുറിയാനി സഭ, മാറോനീത്താ സഭ, സീറോ-മലങ്കര സഭ.
പൗരസ്ത്യ സുറിയാനി (കൽദായ) ആരാധനക്രമ കുടുംബം
55. റോമാസാമ്രാജ്യത്തിനു പുറത്ത് രൂപപ്പെട്ട ആരാധനക്രമമാണിത്. അന്നത്തെ പ്രസിദ്ധ മതാദ്ധ്യയനകേന്ദ്രമായിരുന്ന എദേസ്സായിലാണ് ഇതു രൂപപ്പെട്ടത്. ഭാഷാപരമായി പൗരസ്ത്യസുറിയാനി ആരാധനക്രമം എന്ന് ഇതറിയപ്പെടുന്നു. ക്രിസ്തുമതത്തിൻ്റെ തന്നെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്കാരത്തിലും ഭാഷയിലും രൂപംകൊണ്ട ഈ ആരാധനക്രമപാരമ്പര്യം തുടരുന്നത് മാർത്തോമാശ്ലീഹായിൽ നിന്നു വിശ്വാസം സ്വീകരിച്ച രണ്ടു സഭകളാണ്. സീറോ മലബാർ സഭയും കൽദായസഭയും.
XIII സീറോമലബാർ സഭയുടെ ആരാധനക്രമഗ്രന്ഥങ്ങൾ
56. സീറോമലബാർ സഭയുടെ ആരാധനക്രമഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയാണ്.
അടിക്കുറിപ്പുകൾ
ആരാധനാക്രമത്തിന് ആമുഖം LITURGY ആരാധനയുടെ അർഥം ആരാധനക്രമം നിർവചനങ്ങളുംവിശദീകരണവും ആരാധനാക്രമം സഭയുടെ കാഴ്ചപ്പാടിൽ സഭ ആരാധനസമൂഹം ആരാധനാക്രമത്തിലെ ശാരീരികനിലപാടുകൾ സജീവഭാഗഭാഗിത്വം ആരാധനാക്രമത്തിലെ സാംസ്കാരികാനുരൂപണം സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമായആരാധന ക്രമം സഭയും പാരമ്പര്യങ്ങളും പാശ്ചാത്യ പൗരസ്ത്യ പാരമ്പര്യങ്ങൾ സ്വയാധികാര സഭയും ആരാധനാക്രമവും വ്യക്തിസഭ ആരാധനാക്രമവും റീത്തുകളും വിവിധ ആരാധനാക്രമ കുടുംബങ്ങൾ സിറോ മലബാർ സഭയുടെ ആരാധനാക്രമ ഗ്രന്ഥങ്ങൾ catechesis Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206