x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

പദവ്യാഖ്യാനം

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 28-Dec-2021

പദവ്യാഖ്യാനം

1.അന്നീദ

അന്നീദ എന്ന സുറിയാനി വാക്കിന്റെ അർത്ഥം 'മൃതിയടഞ്ഞവൻ' എന്നാണ്. അകന്ന്പോയി, മരിച്ചു എന്നർത്ഥം വരുന്ന "അനദ്' എന്ന സുറിയാനി ക്രിയാരൂപത്തിൽ നിന്നാണ് അന്നീദ എന്ന നാമം രൂപപ്പെട്ടത്. മരിച്ചയാളിനുവേണ്ടി നടത്തുന്ന ചെറിയ പ്രാർത്ഥനാശുശ്രൂഷയെയും അന്നീദ എന്നു വിളിക്കുന്നു. മരണത്തിലൂടെ ഈ ലോകത്തോട് 'വിടവാങ്ങിയ ആൾ' (departed one) എന്ന അർത്ഥത്തിലാണ് സുറിയാനി ആരാധനാപാരമ്പര്യം ഈ പദം ഉപയോഗിക്കുന്നത്.

2. അപ്രാമാണികഗ്രന്ഥം (Apochrypha)

ബൈബിളിലെ പുസ്തകങ്ങളുടെ മിക്ക സവിശേഷതകളുമുള്ളവയും, ദൈവനിവേശിതങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഗ്രന്ഥങ്ങളാണ് അപ്രാമാണികഗ്രന്ഥങ്ങൾ. എന്നാൽ, ഈ ഗ്രന്ഥങ്ങളെ ദൈവനിവേശിതഗ്രന്ഥങ്ങളായി സഭ അംഗീകരിക്കുന്നില്ല. എങ്കിലും, ഇവയെ ശ്ലീഹന്മാരുടെയും സമുന്നതരായ വ്യക്തികളുടെയും പേരിലാണ് അവതരിപ്പിച്ചുകാണുന്നത്. ഇവയിൽ അതിശയോക്തിപരമായ വർണ്ണനകളും അബദ്ധപ്രബോധനങ്ങളും അടങ്ങിയിട്ടുണ്ട്.

3. അർക്കദിയാക്കോൻ (Archdeacon)

“ആർക്കെ' (പ്രധാനപ്പെട്ട) "ദിയാക്കോണോസ്' (ശുശ്രൂഷകൻ) എന്നീ രണ്ടു ഗ്രീക്കു വാക്കുകൾ ചേർന്നുണ്ടായ പദമാണിത്. “അർക്കദിയാക്കോൻ' എന്ന വാക്കിന് 'പ്രധാന ശുശ്രൂഷി' എന്നാണർത്ഥം. തദ്ദേശീയവൈദികനാണ് അർക്കദിയാക്കോൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. 'ജാതിക്കു തലവൻ', 'ജാതി കർത്തവ്യൻ' എന്നിങ്ങനെ അറിയപ്പെട്ടിരുന്ന അർക്കദിയാക്കോനാണ് 16-ാം നൂറ്റാണ്ടുവരെ മാർത്തോമാക്രിസ്ത്യാനികളുടെ ഭൗതികകാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്.

4. ഉത്തരീയഭക്തി (വെന്തിങ്ങ)

കർമ്മലമാതാവിനോടുള്ള ഭക്തി പ്രദർശിപ്പിക്കുന്നതിനുള്ള ലളിതമായ ഒരു രീതിയാണ് ഉത്തരീയം അഥവാ വെന്തിങ്ങ ധരിക്കൽ. 1251-ൽ ഇംഗ്ലണ്ടിലെ സൈമൺ സ്റ്റോക്ക് എന്ന കർമ്മലീത്ത സന്യാസിക്കുണ്ടായ ദർശനത്തിൽ നിന്നാണ് ഉത്തരീയഭക്തിയുടെ ആരംഭം. പുരാതനകാലത്ത് സന്യാസികൾ തങ്ങളുടെ സന്യാസവസ്ത്രത്തിന്റെമേൽ കഴുത്തിൽ നിന്ന് മുമ്പോട്ടും പിമ്പോട്ടും തൂങ്ങിക്കിടക്കുന്ന ഒരു വസ്ത്രം അണിഞ്ഞിരുന്നു. ഇതിനെ അനുകരിച്ച് മൂന്നാം സഭക്കാർക്കുവേണ്ടി ഏതാണ്ട് രണ്ട് ഇഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുള്ള രണ്ട് തുണിത്തട്ടങ്ങൾ ചരടുകളിൽ ബന്ധിപ്പിച്ച് കഴുത്തിൽ അണിയുവാൻ നല്കുകയുണ്ടായി. ഇതിന്റെ ലളിതമായ രൂപമാണ് ഇന്ന് പ്രചാരത്തിലുള്ള ഉത്തരീയം അഥവാ വെന്തിങ്ങ

5. എന്താന

പൗരസ്ത്യസുറിയാനി പാരമ്പര്യത്തിൽ മദ്ധ്യാഹ്നത്തിൽ ചൊല്ലുന്ന യാമപ്രാർത്ഥനയെയാണ് സുറിയാനിഭാഷയിൽ 'എന്താന' എന്നു വിളിക്കുന്നത്. സാധാരണമായി ഉച്ചയ്ക്ക് പന്ത്രണ്ടു മണിയാണ് എന്താനയുടെ സമയം.

6. ഏവൻഗെലിയോൻ (Evangelion)

“എവൻഗേലിയോൻ' എന്ന ഗ്രീക്കു വാക്കിന് 'സുവിശേഷം', 'സദ്വാർത്ത' എന്നാണ് അർത്ഥം. വിശുദ്ധ കുർബാനയിൽ വായിക്കുവാനുള്ള സുവിശേഷഭാഗങ്ങൾ മാത്രമടങ്ങിയ പുസ്തകമാണ് ഏവൻഗെലിയോൻ.

7. ഐക്കൺ (Icon)

'ഛായ' എന്നർത്ഥമുള്ള ഗ്രീക്കുപദത്തിൽനിന്നാണ് ഐക്കൺ എന്ന വാക്ക് ഉത്ഭവിച്ചത്. ദൈവികരഹസ്യങ്ങൾ ധ്യാനവിഷയമാക്കുന്ന ചിത്രകാരൻ തന്റെ ദൈവികാനുഭവം അവതരിപ്പിക്കുന്ന ചിത്രമാണ് 'ഐക്കൺ'. ചിത്രകലാമാധ്യമത്തിലൂടെയുള്ള ദൈവശാസ്ത്രാവതരണമാണ് ഐക്കൺ എന്നുപറയാം. ദൈവികസത്തയുടെ മഹാരഹസ്യത്തിലേക്കുള്ള കിളിവാതിലാണ് ഐക്കൺ.

8. ഐക്കണോസ്താസിസ് (Iconostasis)

ബൈസന്റയിൻ പാരമ്പര്യത്തിൽ ഐക്കണുകളുള്ള ഒരു സ്ക്രീനാണ് ബലിവേദിയെ ജനങ്ങൾ നില്ക്കുന്ന സ്ഥലത്തുനിന്ന് വേർതിരിക്കുന്നത്. കർത്താവിന്റെയും മാതാവിന്റെയും സ്നാപക യോഹന്നാന്റെയും മറ്റു വിശുദ്ധരുടെയും ഐക്കണുകളുളള ഈ സ്ക്രീനിനെ “ഐക്കണോസ്താസിസ്' എന്നു വിളിക്കുന്നു.

9. എംഗർത്താ

'എംഗർത്താ' എന്ന സുറിയാനി വാക്കിന്റെ അർത്ഥം 'ലേഖനം' എന്നാണ്. വിശുദ്ധ കുർബാനയിൽ വായിക്കുവാനുള്ള ലേഖനഭാഗങ്ങൾ മാത്രമടങ്ങിയ പുസ്തകമാണ് എംഗർത്താ.

10. ഓനീസ

'ഓനീസ' എന്ന സുറിയാനി വാക്കിന്റെ അർത്ഥം 'ഗീതം' എന്നാണ്. സുറിയാനി പാരമ്പര്യത്തിൽ ആരാധനാസമൂഹം രണ്ടു ഗണമായി പാടുന്ന ഗീതമാണ് ഓനീസ. ഓനീസകളുടെ ഗണത്തെ 'ഓനിയാസ' എന്നാണ് വിളിക്കുന്നത്.

11. ഓർദോ ചെലെബ്രാസിയോണിസ്(Ordo Celebrationis)

സീറോമലബാർ സഭയിൽ വിശുദ്ധകുർബാന അർപ്പിക്കുന്നതിനുള്ള കർമ്മവിധികൾ പ്രതിപാദിക്കുന്ന ആധികാരികരേഖയാണ് 'ഓർദോ ചെലെബ്രാസിയോണിസ്'. സീറോമലബാർ സഭയുടെ തനതായ ദേവാലയഘടന, ദൈവാരാധനയ്ക്ക് ഉപയോഗിക്കേണ്ട തിരുവസ്ത്രങ്ങൾ, ആരാധനക്രമപഞ്ചാംഗം എന്നിവ ഉൾപ്പെടുത്തി 1959-ൽ ലത്തീൻ ഭാഷയിൽ റോമിൽ നിന്ന് ഈ രേഖ പ്രസിദ്ധീകരിച്ചു.

12. കുരിശിന്റെ വഴി (Via Sacra)

ഈശോയുടെ പീഡാസഹനത്തിന്റെ ഓർമ്മ നിലനിർത്തുവാൻ 14-ാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സന്യാസികൾ പ്രചരിപ്പിച്ച ഭക്താനുഷ്ഠാനമാണ് കുരിശിന്റെ വഴി. ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പ (1730-1741) പതിനാല് സ്ഥലങ്ങൾ നിശ്ചയിക്കുകയും ഈ ഭക്താഭ്യാസം നടത്തുവാനുള്ള അനുവാദം നല്കുകയും ചെയ്തു. ഈശോയുടെ സഹനത്തോടും മരണത്തോടും ബന്ധപ്പെട്ട പതിനാലു സംഭവങ്ങളെ ധ്യാനിച്ച് ഓർമ്മയുണർത്തുന്ന ചിത്രത്തിന്റെയോ രൂപത്തിന്റെയോ മുമ്പിൽ നിർവഹിക്കുന്ന പ്രാർത്ഥനയാണിത്.

13. കൂദാശ

കൂദാശ എന്ന സുറിയാനി വാക്കിന്റെ അർത്ഥം വിശുദ്ധി, വിശുദ്ധ വസ്തു, വിശുദ്ധ സ്ഥലം എന്നൊക്കെയാണ്. 'ശുദ്ധീകരിച്ചു', 'കാഴ്ചവച്ചു' എന്നർത്ഥമുള്ള 'കദശ്' എന്ന സുറിയാനിധാതുവിൽ നിന്നാണ് കൂദാശ എന്ന പദം ഉത്ഭവിച്ചത്. ദേവാലയം, ബലിപീഠം, തൈലം എന്നിവ ആശീർവദിച്ച് പവിത്രീകരിക്കുന്നതിനും കൂദാശ എന്നു വിളിക്കുന്നു. ലത്തീൻ പാരമ്പര്യത്തിലെ "sacramentum' എന്ന പദത്തെ സുറിയാനിയിൽ 'കൂദാശ' എന്നാണ് പരിഭാഷപ്പെടുത്തുന്നത്. തന്മൂലം 'റാസേ' എന്ന സുറിയാനി പദത്തിനു പകരം, 'sacraments' എന്നതിന്റെ സുറിയാനി രൂപമായ കൂദാശ എന്ന പദം മലബാർ പാരമ്പര്യത്തിൽ ഉപയോഗിച്ചുവരുന്നു.

14. കൈക്കസ്തൂരി

“കൈ' എന്ന മലയാളപദവും ദസ്തൂർ' എന്ന പേർഷ്യൻ പദവും ചേർന്നുണ്ടായ പേരാണിത്. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആദരവിന്റെയും അടയാളമായി വൈദിക 'കരങ്ങളിൽ സ്പർശിക്കുക' എന്നാണ് കസ്തൂരി കൊള്ളൽ എന്നതിന്റെ അർത്ഥം. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ സമാധാനത്തെ സുഗന്ധവസ്തുവായ കസ്തൂരിയോട് ഉപമിച്ച് കൈകളിലൂടെ പകർന്നു നല്കുന്ന 'സമാധാനപരിമളം' എന്നും കൈക്കസ്തൂരിയെ വ്യാഖ്യാനിക്കാറുണ്ട്. വിശുദ്ധ കുർബാനയിലെ സമാധാനാശംസയും യാമപ്രാർത്ഥനകളുടെ ആരംഭത്തിലും അവസാനത്തിലുമുള്ള സമാധാനാശംസയും കൈക്കസ്തൂരി എന്നറിയപ്പെടുന്നു.

15. ഖുത്തആ (Qutta'a)

പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ചുള്ള പൂർവ്വമദ്ധ്യാഹ്ന യാമപ്രാർത്ഥനയാണിത്. രാവിലെ ഒമ്പത് മണിക്കാണ് ഈ പ്രാർത്ഥന ചൊല്ലുന്നത്.

16. ഖാലാദ് ശഹ്റ (ജാഗരണഗീതം)

പൗരസ്ത്യസുറിയാനിപാരമ്പര്യത്തിൽ വെളുപ്പിന് മൂന്നു മണിക്ക് ചൊല്ലുന്ന യാമപ്രാർത്ഥനയാണിത്. 'ജാഗരണഗീതം' എന്നാണ് ഈ പേരിന്റെ അർത്ഥം.

17. ജൊർണാദ

ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന ഡോം മെനേസിസിന്റെ കേരളസന്ദർശനവിവരണം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണിത്.പോർച്ചുഗീസ് ഭാഷയിൽ അന്റോണിയോ ദേ ഗുവയാ എന്ന അഗസ്തീനിയൻ സന്യാസി ലിസ്ബണിൽവച്ച് 1606-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ഉദയംപേരൂർ സൂനഹദോസിന്റെ (1599) നടപടികളും, അതിൽ അംഗീകരിച്ച കുർബാനയുടെ ലത്തീൻ തർജ്ജമയുമുണ്ട്.

18. ഡിഡാസ്ലിക്കലിയ (The Teachings of the Apostles)

ആദ്യകാല ആരാധനക്രമപാരമ്പര്യങ്ങളും സഭാനടപടികളും വ്യക്തമാക്കുന്ന അടിസ്ഥാനരേഖയാണിത്. മൂന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സുറിയാനിഭാഷയിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത്. മാമ്മോദീസാ ആഘോഷത്തിന്റെ പ്രാചീനരൂപത്തെപ്പറ്റി ഈ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

19. ഡിഡാക്കെ (Didache)

എ.ഡി.100-നും 150-നും ഇടയിൽ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിൽ ആദിമക്രൈസ്തവരുടെ കൗദാശികജീവിതത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. കർത്തൃപ്രാർത്ഥനയുടെ വിവിധരൂപങ്ങൾ, മാമോദീസാക്രമം, ഉപവാസക്രമം, ആദ്യകാല കുർബാനക്രമം എന്നിങ്ങനെ 16 അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം ആരാധനക്രമപഠനത്തിന് ഒരു സുപ്രധാനഉറവിടമാണ്.

20. തക്സ

ക്രമം, നിയമം എന്നൊക്കെയാണ്. 'തക്സ' എന്ന വാക്കിന്റെ അർത്ഥം. ആരാധന (ലിറ്റർജി) അർപ്പിക്കുന്നതിനുവേണ്ട പ്രാർത്ഥനകളും ക്രമവിധികളും അടങ്ങിയ പുസ്തകമാണ് തക്സ. കുർബാനയുടെയും മറ്റു കൂദാശകളുടെയും മറ്റെല്ലാ ആരാധനക്രമങ്ങളുടെയും പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമടങ്ങുന്ന ആധികാരിക ഗ്രന്ഥത്തെയാണ് 'തക്സ' എന്നു വിളിക്കുന്നത്. (ഉദാ: കുർബാന തക്സ, മാമ്മോദീസ, വിവാഹതക്സ...).

21. തൂക്കാസ

തക്സയോട് ബന്ധപ്പെട്ട ഒരു വാക്കാണ് തൂക്കാസ. 'തൂക്കാസ' എന്ന വാക്കിന്റെ അർത്ഥം 'വ്യവസ്ഥ', 'കല്പനാസമാഹാരം', 'ക്രമം' എന്നൊക്കെയാണ്. കുർബാനതക്സയിൽ പ്രതിപാദിച്ചിട്ടുള്ള കർമ്മവിധികൾ സൂക്ഷമമായി വിവരിക്കുന്ന ഗ്രന്ഥമാണ് 'തൂക്കാസ'. വിശുദ്ധ ചാവറ കുര്യാക്കോസ് മലബാർ സഭയ്ക്കുവേണ്ടി സുറിയാനി കുർബാനയുടെ തൂക്കാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

22. നാല്പതുമണി ആരാധന

ഈശോ കല്ലറയിൽ കിടന്നുവെന്ന് കരുതുന്ന നാല്പതു മണിക്കൂർ സമയം ഈശോയെ ആരാധിക്കുവാനായി ക്രമീകരിച്ചതാണ് പരിശുദ്ധ കുർബാനയുടെ '40 മണി ആരാധന'. 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയ ഈ ഭക്താനുഷ്ഠാനത്തിന്റെ ആരംഭത്തിലും അവസാനത്തിലും സാഘോഷമായ വിശുദ്ധ കുർബാനയും, പ്രദക്ഷിണവും ഉണ്ട്. വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് കേരളസഭയിൽ ഈ ഭക്താനുഷ്ഠാനത്തിന് പ്രചാരം നല്കിയത്.

23. നെസ്തോറിയൻ പാഷണ്ഡത

കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസായിരുന്ന നെസ്തോറിയസിന്റെ പേരിലാണ് ഈ പാഷണ്ഡത അറിയപ്പെടുന്നത്. ഈശോമിശിഹായിൽ ദൈവആൾ, മനുഷ്യആൾ എന്നിങ്ങനെ രണ്ട് ആളുകൾ (Persons) ഉണ്ടെന്നും ഇതിൽ മനുഷ്യആളിന്റെ മാത്രം അമ്മയാണ് മറിയം എന്നും അവകാശപ്പെടുന്നതാണ് ഈ പാഷണ്ഡത. 'ദൈവമാതാവ്' എന്ന് വിളിക്കുന്നതിനുപകരം 'മിശിഹായുടെ മാതാവ്' എന്ന് മറിയത്തെ വിളിക്കുന്നത് ഇക്കാരണത്താലാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എ. ഡി. 431-ലെ എഫേസൂസ് സുനഹദോസ് നെസ്തോറിയൻ പാഷണ്ഡതയെ പുറന്തള്ളി. നെസ്തോറിയൻ പാഷണ്ഡതകൊണ്ട് ആരോപിക്കപ്പെടുന്ന പാഷണ്ഡത വാസ്തവത്തിൽ നെസ്തോറിയസ് സ്വീകരിച്ചിരുന്നില്ല എന്നാണ് ദൈവശാസ്ത്രപരമായ ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.

24. പാഷണ്ഡത (Heresy)

തിരുസഭയുടെ ഔദ്യോഗികമായ പ്രബോധനം നിരാകരിച്ച് അതിനു വിരുദ്ധമായി പഠിപ്പിക്കുന്ന അബദ്ധവിശ്വാസമാണ് പാഷണ്ഡത.

25. പേത്തുർത്ത

നോമ്പ് ആരംഭിക്കുന്നതിന്റെ തലേദിവസം 'പേത്തുർത്ത' എന്നറിയപ്പെടുന്നു. തിരികെ വരുക, അവസാനിച്ചു എന്നർത്ഥമുള്ള 'പഥർ' എന്ന സുറിയാനി വാക്കിൽ നിന്നാണ് 'പേത്തുർത്ത' എന്ന പദം ഉത്ഭവിച്ചത്. അതായത്, നോമ്പാരഭംത്തിൽ പഴയതിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ജീവിതചര്യ തുടങ്ങണമെന്ന് ഈ പദം സൂചിപ്പിക്കുന്നു.

26. പ്ശീത്താ

ബൈബിളിന്റെ ആദ്യത്തെ സുറിയാനി പതിപ്പാണ് പ്ശീത്താ. 'പ്ശീത്താ' എന്ന വാക്കിന്റെ അർത്ഥം 'ലളിതം' എന്നാണ്. സിറിയായിലും മെസൊപ്പൊട്ടോമിയായിലുമുണ്ടായിരുന്ന സുറിയാനി ക്രൈസ്തവർക്കുവേണ്ടിയാണ് ഇത് എഴുതപ്പെട്ടത്. എ.ഡി. ഒന്നും രണ്ടും നൂറ്റാണ്ടുകളിലാണ് പ്ശീത്തായിലെ പഴയനിയമം രൂപംകൊണ്ടത്. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ പ്ശീത്തായിലെ പുതിയനിയമം പ്രചാരത്തിൽ വന്നു.

27. പ്രഘോഷണഗ്രന്ഥം (Lectionary)

ഓരോ ദിവസത്തെയും വിശുദ്ധഗ്രന്ഥവായനകൾ ആരാധനാവത്സരത്തിലെ കാലങ്ങൾക്കും നിശ്ചിത തിയതികൾക്കും അനുസൃതമായി നല്കുന്ന ഗ്രന്ഥമാണ് പ്രഘോഷണഗ്രന്ഥം അഥവാ വായനപ്പുസ്തകം. ദൈവവചനം വായിക്കുക എന്നതിനെക്കാൾ പ്രഘോഷിക്കുക എന്നു പറയുന്ന ശൈലിയാണ് സുറിയാനി പാരമ്പര്യത്തിലുള്ളത്. തന്മൂലം വി.ഗ്രന്ഥവായനകളെ പ്രഘോഷണങ്ങൾ എന്നും വായനപ്പുസ്തകത്തെ പ്രഘോഷണഗ്രന്ഥം എന്നുംവിളിക്കുന്നു. വായനകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കുവാനും ആരാധനക്രമവത്സരകലണ്ടർ നിർദ്ദേശിക്കുന്ന വ്യത്യസ്ത വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ അനായാസം ഒരുമിച്ചു ചേർത്തു വായിക്കാനും പ്രഘോഷണഗ്രന്ഥം സഹായകരമാണ്. കുർബാനയ്ക്കും മറ്റു കൂദാശകൾക്കുമുള്ള വായനകൾ പഴയനിയമഗ്രന്ഥത്തിന്റെയും ലേഖനത്തിന്റെയും സുവിശേഷത്തിന്റെയും മൂന്ന് പ്രഘോഷണഗ്രന്ഥങ്ങളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

28. പ്രവേശക കൂദാശകൾ (Sacraments of Initiation)

മാമ്മോദീസ, തൈലാഭിഷേകം ( സ്ഥൈര്യലേപനം), വിശുദ്ധ കുർബാന എന്നിവയാണ് പ്രവേശകകൂദാശകൾ ക്രൈസ്തവജീവിതത്തിലേക്ക് ഒരു വ്യക്തിയെ പ്രവേശിപ്പിക്കുന്ന പ്രാരംഭകൂദാശകളാണ് ഇവ. മൂന്നും ഒരുമിച്ച് പരികർമ്മം ചെയ്യുന്ന രീതിയാണ് പൊതുവേ പൗരസ്ത്യസഭകളിലുള്ളത്. ഈ പാരമ്പര്യംതന്നെ സീറോമലബാർ സഭയിലും നിലവിലിരിക്കുന്നു.

29. പ്രോപ്രിയ (Propria)

വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും മറ്റും ആരാധനക്രമകാലങ്ങളനുസരിച്ച് മാറിവരുന്ന പ്രാർത്ഥനകളേയും ഗീതങ്ങളെയുമാണ് “പ്രോപ്രിയ' എന്നു വിളിക്കുന്നത്. (ഉദാ: മർമ്മീസ,വായനകൾ...)

30. മുൻകൂർ കൂദാശ ചെയ്ത കുർബാന (Pre-sanctified Mass)

നേരത്തെ കൂദാശ ചെയ്ത തിരുവോസ്തിയും തിരുരക്തവുമാണ് ഈ ആരാധനാശുശ്രൂഷയിൽ ഉപയോഗിക്കുന്നത്. പൗരസ്ത്യസുറിയാനി സഭയിൽ പുരാതനകാലങ്ങളിൽ വലിയ നോമ്പിലെ ഒന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും ആഴ്ചകളിലെ ഇടദിവസങ്ങളിൽ അതായത് തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ കുർബാന ഇല്ലായിരുന്നുവെങ്കിലും മുൻകൂർ കൂദാശചെയ്ത കുർബാനയിലെ തിരുശരീരങ്ങൾ വിശ്വാസികൾക്ക് നല്കിയിരുന്നു. ഇപ്പോൾ പീഡാനുഭവവെള്ളിയാഴ്ച കുർബാന ഇല്ലാതെ തന്നെ ദിവ്യകാരുണ്യം വിശ്വാസികൾക്ക് കൊടുക്കുന്ന രീതിയുണ്ട്. ഇത് മുൻകൂർ കൂദാശ ചെയ്ത കുർബാനയ്ക്ക് ഉദാഹരണമാണ്.

31. ലിറ്റർജി

"ലെത്തൂർഗിയാ' എന്ന ഗ്രീക്കു പദത്തിൽ നിന്നുണ്ടായ ഈ നാമത്തിന്റെ വാച്യാർത്ഥ്യം സമൂഹത്തിന്റെ 'പൊതുവായ പ്രവൃത്തി എന്നാണ്. ക്രൈസ്തവർ ആരാധനയെ സൂചിപ്പിക്കുവാൻ 'ലിറ്റർജി' എന്ന പദമുപയോഗിക്കുന്നു. 'സഭയുടെ പൊതുആരാധന' എന്നാണ് ലിറ്റർജി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

32. ലുചെർണാരിയും (Lucerarium)

ഗ്രീക്കുസഭയിൽ സായാഹ്നജപത്തിന്റെ പ്രധാനഭാഗം വിളക്കു കൊളുത്തി മിശിഹായെ ലോകത്തിന്റെ പ്രകാശമായി പ്രഖ്യാപിക്കുന്ന കർമ്മമാണ്. ലുചെർണാരിയും (ദീപം തെളിച്ചുള്ള പ്രാർത്ഥന) എന്നാണ് ഇത് അറിയപ്പെടുന്നത്. പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് സീറോമലബാർ സഭയുടെ പുനരുദ്ധരിച്ച യാമപ്രാർത്ഥനകളിലെ സായാഹ്നപ്രാർത്ഥനയിൽ ഐച്ഛിക ഘടകമായി ലുചെർണാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

33. വികാരിയാത്ത് (Vicariate)

ഒരു മിഷൻപ്രദേശത്ത് മാർപാപ്പ നിശ്ചയിക്കുന്ന അപ്പസ്തോലിക വികാരി ഭരണംനടത്തുന്ന പ്രദേശത്തെയാണ് 'വികാരിയാത്ത്' എന്നു വിളിക്കുന്നത്. വികാരിയാത്ത് ക്രമേണ രൂപതയോ അതിരൂപതയോ ആയി ഉയർത്തപ്പെടും. ലത്തീൻഭാഷയിൽ നിന്ന് വരുന്ന വാക്കാണ് വികാരിയാത്ത്.

34. വുൾഗാത്ത (Vulgate)

ഹീബ്രു, ഗ്രീക്ക് മൂലഭാഷകളിൽ നിന്ന് ലത്തീൻഭാഷയിലേക്ക് വി. ജറോം നടത്തിയ ബൈബിൾവിവർത്തനമാണ് "വുൾഗാത്ത'. "വുൾഗാത്ത' എന്ന വാക്കിന്റെ അർത്ഥം 'സാധാരണം' എന്നാണ്.

35. ശൗത്താപ്പൂസ

സംസർഗ്ഗം, പങ്കുകൊള്ളൽ, ഭാഗഭാഗിത്വം, ഐക്യം എന്നീ അർത്ഥങ്ങളുള്ള സുറിയാനി പദമാണ് 'ശൗത്താപ്പൂസ'. കുർബാന കൈക്കൊള്ളൽ, കുർബാന സ്വീകരണം എന്നിങ്ങനെ ഇന്ന് അറിയപ്പെടുന്ന കർമ്മങ്ങൾ പണ്ട് ശൗത്താപ്പൂസ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ഉളവാകുന്ന കൂട്ടായ്മയെ ഈ പദം സൂചിപ്പിക്കുന്നു. പരിശുദ്ധ തിത്വത്തിലുള്ള കൂട്ടായ്മയെയും ഈ പദം സൂചിപ്പിക്കുന്നു. വിവാഹം, വൈവാഹികകർമ്മം എന്നിവയിലുള്ള ഐക്യം സൂചിപ്പിക്കാനും ഈ സുറിയാനി പദം തന്നെയാണ് ഉപയോഗിക്കുന്നത്.

36. സൂപ്ളമെന്തും മിസ്തേരിയോരും (Supplementum Mysteriorum)

സീറോമലബാർ കുർബാനയുടെ ആരാധനാവത്സരത്തിനനുസരിച്ചുള്ള പ്രാർത്ഥനകളും (Propria) വിശുദ്ധഗ്രന്ഥവായനകളും ഉൾക്കൊള്ളിച്ച് 1960-ൽ റോമിൽനിന്നു പ്രസിദ്ധീകരിച്ച ഗ്രന്ഥമാണിത്. ലത്തീൻ ഭാഷയിലുള്ള ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് കുർബാനയിലെ പ്രോപ്രിയയും പ്രഘോഷണഗ്രന്ഥങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

37. സുബആ

പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് അത്താഴത്തിനു ശേഷം ചൊല്ലുന്ന യാമപ്രാർത്ഥനയാണിത്. 'നിദ്രാജപം' എന്നും ഇതറിയപ്പെടുന്നു. സാധാരണമായി വൈകിട്ട് ഒമ്പത് മണിക്കാണ് ഈ പ്രാർത്ഥന ചൊല്ലുന്നത്.

38. ഹയരാർക്കി

'വിശുദ്ധമായ' എന്നർത്ഥമുള്ള 'ഹിയേരോസ്' (hieros) എന്ന പദവും 'ഭരണം' എന്നർത്ഥമുള്ള 'ആർക്കിയ' എന്ന പദവും (ആർക്കെയിൻ= ഭരിക്കുക) ചേർന്നുണ്ടായ സമസ്തപദമാണ് 'ഹയരാർക്കി'. സഭാപരമായ ഭരണക്രമത്തെയും നേതൃസംവിധാനത്തെയുമാണ് ഈ പദം സൂചിപ്പിക്കുന്നത്. മെത്രാന്മാരും വൈദികരും ഡീക്കന്മാരും തിരുപ്പട്ടസ്വീകരണത്തിലൂടെ സഭയിലെ ഹയരാർക്കിയുടെ ഭാഗമായിത്തീരുന്നു. ഹയരാർക്കിയുടെ പരമോന്നതാധികാരി റോമാമാർപാപ്പയാണ്.

39. റൂശ്മ

'റൂശ്മ' എന്ന സുറിയാനി പദത്തിന് അടയാളം, അടയാളമിടൽ, മുദ്രയിടൽ എന്നൊക്കെയാണർത്ഥം. 'റ്ശം' എന്ന സുറിയാനി ക്രിയാധാതുവിൽ നിന്നുണ്ടായ വാക്കാണിത്. കുരിശാകൃതിയിലാണ് കാർമ്മികൻ റൂശ്മ ചെയ്യുന്നത്.

അന്നീദ പദവ്യാഖ്യാനം INTERPRETATION അപ്രാമാണികഗ്രന്ഥം അർക്കദിയാക്കോൻ (Archdeacon) ഉത്തരീയഭക്തി (വെന്തിങ്ങ എന്താന ഏവൻഗെലിയോൻ (Evangelion) ഐക്കൺ (Icon) ഐക്കണോസ്താസിസ് (Iconostasis) ഓർദോ ചെലബ്രാസിയോണിസ് (Ordo Celebrationis) കുരിശിന്റെ വഴി (Via Sacra ഓനീസ ‘എംഗർത്താ' കുദാശ ഖുത്തആ കൈക്കസ്തൂരി ഖാലാദ് ശഹ്റ (ജാഗരണഗീതം) ജൊർണാദ ഡിഡാസ്ലിക്കലിയ (The Teachings of the Apostles) ഡിഡാക്കെ (Didache) തക്സ തൂക്കാസ നാല്പതുമണി ആരാധന നെസ്തോറിയൻ പാഷണ്ഡത പാഷണ്ഡത (Heresy) പേത്തുർത്ത പ്ശീത്താ പ്രഘോഷണഗ്രന്ഥം (Lectionary) പ്രവേശക കൂദാശകൾ (Sacraments of Initiation പ്രോപ്രിയ (Propria) മുൻകൂർ കൂദാശ ചെയ്ത കുർബാന (Pre-sanctified Mass) ലിറ്റർജി ലുചെർണാരിയും (Lucerarium) വികാരിയാത്ത് (Vicariate) വുൾഗാത്ത (Vulgate) സൂപ്ളമെന്തും മിസ്തേരിയോരും (Supplementum Mysteriorum) ശൗത്താപ്പൂസ സുബആ റൂശ്മ  ഹയരാർക്കി Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message