We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Scaria Kanyakonil On 06-Feb-2021
ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ നന്മതിന്മകള്‍ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്ത പ്പെടുന്നത്. ഒരാളുടെ സാഹചര്യത്തിനും ലക്ഷ്യത്തി നും അതീതമായി അതിനാല്‍ത്തന്നെ നന്മയോ തിന്മയോ ആയ പ്രവൃത്തികളുണ്ടെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഉദാ: പ്രത്യക്ഷമായ ഗര്‍ഭഛിദ്രം, കൊലപാതകം. കൂടാതെ വസ്തുവും സാഹചര്യവും ലക്ഷ്യവും നന്നായിരുന്നാലേ ഒരു പ്രവൃത്തി കത്തോലിക്കാസഭയുടെ ദൃഷ്ടിയില്‍ നല്ല പ്രവൃത്തിയാകൂ. എന്നാല്‍ ഒരേസമയം നന്മയുടെയും തിന്മയു ടെയും ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ചില മനുഷ്യപ്രവൃത്തികളെ വിലയിരുത്താന്‍ ഈ തത്ത്വം അപര്യാപ്തമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന തത്ത്വങ്ങളാണ് സമഗ്രത ത്ത്വം, ദ്വിഫലസിദ്ധാന്തം, തിന്മ പ്രവൃത്തികളിലുള്ള സഹകരണം, കുറഞ്ഞ തിന്മ തിരഞ്ഞെടുക്കല്‍ എന്നിവ. സമഗ്രതത്ത്വവും ദ്വിഫല സിദ്ധാന്തവുമാണ് ഈ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്.
അവയവദാനം, ഓപ്പറേഷന്‍ തുടങ്ങിയവ സമഗ്രതത്വം ഉപയോഗിച്ചാണ് ധാര്‍മ്മികമായി ന്യായീകരിക്കപ്പെടുന്നത്. ഒരു വസ്തുവിന്‍റെ എല്ലാ ഘടകങ്ങളും അതിന്‍റെ സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ് എന്നതാണ് സമഗ്രതത്വത്തിന്‍റെ അടിസ്ഥാനപ്രമേയം. ഉദാഹരണമായി ശരീരത്തിലെ എല്ലാ അവയവങ്ങളും ശരീരത്തിന്‍റെ മൊത്തത്തിലുള്ള സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ്. ഇവിടെ സമഗ്രതയെന്ന പദം അര്‍ത്ഥമാക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള സന്തുലനാവസ്ഥയാണ്. അതിനാല്‍ ഒരു അവയവത്തിന്‍റെ രോഗം ശരീരത്തിന്‍റെ സമഗ്രതയെ നശിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ അവയവം മുറിച്ചു മാറ്റുന്നതിനെ ഈ തത്വം ന്യായീകരിക്കുന്നു.
സമഗ്രത രണ്ടു രീതിയില്‍ കാണാവുന്നതാണ്: ശാരീരിക സമഗ്രതയും (anatomical integrity) പ്രവര്‍ത്തനസമഗ്രതയും (functional integrity). പ്രവര്‍ത്തനസമഗ്രതയ്ക്ക് കോട്ടം വരുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ല. ഉദാഹരണത്തിന് രണ്ടു വൃക്കകളില്‍ ഒന്ന് ദാനം ചെയ്താലും പ്രവര്‍ത്തനസമഗ്രത നഷ്ടമാവുകയില്ല. ഒരു വൃക്കകൊണ്ട് പ്രവര്‍ത്തനം നടക്കും. എന്നാല്‍ ഒരാള്‍ തന്‍റെ ഹൃദയം ദാനംചെയ്താല്‍ പ്രവര്‍ത്തന സമഗ്രത ഇല്ലാതാകും; മരണമായിരിക്കും ഫലം.
1.1 ചരിത്രം
അരിസ്റ്റോട്ടിലിന്‍റെയും അക്വീനാസിന്‍റെയും എഴുത്തുകളിലാണ് സമഗ്രതത്ത്വം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഘടകങ്ങള്‍ (part) എപ്പോഴും നിലനില്‍ക്കുന്നത് മൊത്തത്തെ (whole) ആശ്രയിച്ചാണെന്ന് അരിസ്റ്റോട്ടിലും, ഘടകങ്ങള്‍ എപ്പോഴും മൊത്തത്തിന്‍റെ പൂര്‍ണ്ണതയെ ലക്ഷ്യമാക്കിനീങ്ങുന്നു എന്ന് തോമസ് അക്വീനാസും അഭിപ്രായപ്പെടുന്നു. ഘടകങ്ങള്‍ക്ക് പൂര്‍ണ്ണത കിട്ടുന്നത് മൊത്തത്തെ ആശ്രയിച്ചാണ് എന്നതിനാല്‍ ശരീരത്തിനു ഹാനികരമാവുന്ന അവയവം മുറിച്ചുനീക്കുന്നത് സ്വാഭാവികമാണെന്നാണ് അക്വീനാസിന്‍റെ പക്ഷം.
തോമസ് അക്വീനാസിന്‍റെ ഈ ചിന്ത പിന്നീട് വന്ന എല്ലാ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരും അംഗീകരിച്ചു. 17,18,19,20 നൂറ്റാണ്ടുകളിലെ പല പ്രധാന ദൈവശാസ്ത്രജ്ഞരുടെയും (Boneventure, L.Molina,L.Leonardur,J,De Lugo, P.Layman) കൃതികളില്‍ ഈ ആശയം കാണുവാന്‍ കഴിയും. മൊത്തത്തിനായി ഘടകങ്ങള്‍ ത്യാഗം ചെയ്യുന്നതിനെ ഇവരെല്ലാം ധാര്‍മ്മികമായി ന്യായീകരിക്കുന്നു. പിന്നീട് സമഗ്രതത്വത്തെക്കുറിച്ച് പരാമര്‍ശം കാണുന്നത് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയുടെ 'കാസ്തി കൊണ്ണുബീ' (No 23) എന്ന ചാക്രികലേഖനത്തിലാണ്. മാര്‍പാപ്പ പറയുന്നു: തന്‍റെ ശരീരത്തിലെ അവയവങ്ങളെ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ല; അതിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ അവന്‍ ഇല്ലാതാക്കരുത്. ശരീരത്തിന്‍റെ സമഗ്രതയ്ക്കുവേണ്ടിയല്ലാതെ അവയവങ്ങള്‍ നശിപ്പിക്കരുത്. അക്വീനാസിന്‍റെ ചിന്താഗതിയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്.
സമഗ്രതത്ത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ നാം കണ്ടുമുട്ടുന്നത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ എഴുത്തുകളിലാണ്. ആരോഗ്യരംഗത്ത് സമഗ്രതത്ത്വം ഔദ്യോഗികമായി മാര്‍പാപ്പ ഉപയോഗിച്ചു. 1952 സെപ്റ്റംബര്‍ 13 ന് ഇറ്റലിയിലെ ഡോക്ടര്‍മാരോടുള്ള (Histopathologist) പ്രസംഗത്തിലാണ് സമഗ്രതത്ത്വം എന്ന പദം അദ്ദേഹം അവതരിപ്പിച്ചത്. അരിസ്റ്റോട്ടിലിന്‍റെയും അക്വീനാസിന്‍റെയും തത്ത്വചിന്തയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹവും ഈ തത്ത്വത്തെക്കുറിച്ച് സംസാരിച്ചത്. 1944 മുതല്‍ 1958 വരെയുള്ള മാര്‍പാപ്പയുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും ഈ തത്ത്വം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ അഭിപ്രായത്തില്‍ അവയവങ്ങള്‍ക്ക് ഒരിക്കലും മൊത്തത്തിലുള്ള സമഗ്രതയ്ക്കു പുറത്ത് അര്‍ത്ഥമില്ല; ഘടകങ്ങളെക്കുറിച്ച് മൊത്തത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ ചിന്തിക്കാറുമുള്ളൂ. സമൂഹവും വ്യക്തികളും തമ്മിലുള്ള ബന്ധവും ഈ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ കാണാന്‍ മാര്‍പാപ്പ ശ്രമിക്കുന്നുണ്ട്. വ്യക്തി സമൂഹത്തിന്‍റെ ഭാഗമാണ്, ഘടകമാണ്. എന്നാല്‍ ഇത് ശരീരവും
അവയവങ്ങളും തമ്മിലുള്ള ബന്ധംപോലെയല്ല. ഈ ബന്ധത്തിന് പൊതുവായ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്; ഇത് മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് രാജ്യം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ രാജ്യത്തിനുവേണ്ടിയല്ല എന്ന് മാര്‍പാപ്പ പറയുന്നത്. സമൂഹത്തിലെ ഓരോഅംഗത്തിനും തന്‍റേതായ നിലനില്പും സ്ഥാനവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
1.2 സമഗ്രനിയമം: വ്യത്യസ്ത കാഴ്ചപ്പാടുകള്‍
ദൈവശാസ്ത്രജ്ഞന്മാര്‍ സമഗ്രനിയമത്തെ പല രീതിയില്‍ വ്യാഖ്യാനിച്ചു. മൊത്തത്തിന്‍റെ നന്മ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള നന്മയല്ല, മറിച്ച് വ്യക്തിയുടെ മുഴുവനായിട്ടുള്ള നന്മയാണ്. ജെറാര്‍ഡ് കെല്ലിയുടെ അഭിപ്രായത്തില്‍ സമഗ്രതത്ത്വം ശരീരത്തിന്‍റെ മുഴുവനായിട്ടുള്ള സമഗ്രതയെയാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് സ്വന്തം ശരീരത്തിന്‍റെ സമഗ്രതയ്ക്ക് അതീതമായി അവയവങ്ങള്‍ മുറിച്ചുനീക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ വിധത്തില്‍ കാണുമ്പോള്‍ സമഗ്രതത്ത്വം അവയവദാനത്തിനും ശസ്ത്രക്രിയയ്ക്കും എതിരാകും. എന്നാല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമതയ്ക്ക് കോട്ടം വരുത്താത്ത ഒരു ശസ്ത്രക്രിയയ്ക്കും അവയവദാനത്തിനും സഭ എതിരല്ല.
1.3 സമഗ്രതത്ത്വം: ഇന്നത്തെ പ്രസക്തി
ആരോഗ്യ രംഗത്തും ജീവനെക്കുറിച്ച് പ്രതിപാദിക്കുന്ന അവസരങ്ങളിലും സമഗ്രതത്ത്വം വളരെ പ്രധാനപ്പെട്ടതാണ്. സമഗ്രതത്ത്വത്തില്‍ ശാരീരികതലവും ആദ്ധ്യാത്മികതലവും ഉണ്ടെന്നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ പഠിപ്പിച്ചത്. സമൂഹത്തിന്‍റെ തെറ്റായ ആവശ്യത്തിനുവേണ്ടി വ്യക്തിയെ ഒരിക്കലും ദുരുപയോഗിക്കരുത് എന്നു വ്യക്തമാക്കുക വഴി സമഗ്രതത്ത്വം മനുഷ്യനെ അനീതിയില്‍ നിന്നു രക്ഷപ്പെടുത്തുകയും മനുഷ്യശരീരത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. കൂടാതെ മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ അവസാനം വരെ ബഹുമാനിക്കണമെന്ന തത്ത്വവും സമഗ്രതത്ത്വത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വന്ധീകരണശസ്ത്രക്രിയയ്ക്ക് സമഗ്രതത്ത്വം എതിരാണ്.
കത്തോലിക്കാസഭ അവയവദാനവും ശസ്ത്രക്രിയയും ന്യായീകരിക്കുന്നത് സമഗ്രതത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ രോഗിക്ക് മറ്റൊരാളുടെ അവയവം അത്യാവശ്യമായിരിക്കുന്ന അവസ്ഥയിലേ അവയവദാനം നടത്താവൂ എന്ന് ബെനഡിക്ട് ആഷ്ലിയും കെവിന്‍ സി. ഒറുര്‍ക്കേവും വ്യക്തമാക്കുന്നു. അവയവം ദാനം ചെയ്യുന്നത് എപ്പോഴും ദാതാവിന്‍റെ ആരോഗ്യത്തിന് ആനുപാതികമായിട്ടായിരിക്കണം. ദാതാവിന്‍റെ സ്വതന്ത്രമനസ്സും സമ്മതവും ഇതിന് അത്യാവശ്യമാണ്. ചുരുക്കത്തില്‍ സമഗ്രതത്ത്വം ഉപവിയില്‍ അധിഷ്ഠിതമാണെന്ന് വ്യക്തം.
സാധാരണ ശസ്ത്രക്രിയകളെ സമഗ്രതത്ത്വം എപ്രകാരം ന്യായീകരിക്കുന്നു എന്നു നാം കണ്ടു. എന്നാല്‍ പ്രത്യുല്പാദന അവയവങ്ങളുടെ ശസ്ത്രക്രിയ സമഗ്രതത്ത്വം ഉപയോഗിച്ച് ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. ശരീരത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക, വംശത്തെ നിലനിര്‍ത്തുക എന്നീ രണ്ടു ലക്ഷ്യങ്ങള്‍ പ്രത്യുല്പാദന അവയവങ്ങള്‍ക്കുള്ളതിനാല്‍ അവയുടെ ശസ്ത്രക്രിയ ന്യായീകരിക്കാന്‍ മറ്റൊരു തത്ത്വം ആവശ്യമായിവരുന്നു. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ദ്വിഫലസിദ്ധാന്തം പ്രയോഗത്തില്‍ വന്നത്. ഒരേ സമയം നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍ ഉളവാകുന്ന പ്രവൃത്തികളിന്മേല്‍ തീരുമാനമെടുക്കാന്‍ ദ്വിഫലസിദ്ധാന്തം നമ്മെ സഹായിക്കുന്നു.
2.1 ചരിത്രം
പഴയ നിയമത്തില്‍ മക്കബായരുടെ ഒന്നാം പുസ്തകത്തില്‍ (1 മക്ക 6) ദ്വിഫല സിദ്ധാന്തത്തിന്‍റെ സൂചനകള്‍ ഉണ്ടെങ്കിലും ഇതിന്‍റെ വ്യക്തമായ രൂപം തോമസ് അക്വീനാസിലാണ് നമുക്ക് കാണാനാവുക (Summa Theologiae II-II q-64a-7). ദ്വിഫല സിദ്ധാന്തത്തിലെ നാലുതത്ത്വങ്ങള്‍ ഒരു പക്ഷേ 16,17 നൂറ്റാണ്ടുകളിലെ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ടതായിരിക്കാം. ഇന്നു നാം കാണുന്ന രീതിയില്‍ ദ്വിഫലസിദ്ധാന്തം രൂപപ്പെടുത്തിയത് 1850 ല്‍ ജീന്‍ പിയറ് ഗുറി (Jean Pierre Gury) എന്ന ദൈവശാസ്ത്രജ്ഞനാണ്. തോമസ് അക്വീനാസല്ല, ജോണ്‍ ഓഫ് സെന്‍റ് തോമസ് തന്‍റെ (De bonitate et Malitia) ഗ്രന്ഥത്തിലാണ് ആദ്യമായി ദ്വിഫലസിദ്ധാന്തത്തെപ്പറ്റി വ്യക്തമായി സംസാരിക്കുന്നതെന്ന് ജെ. ഗൂസും (J. Ghoose) അഭിപ്രായപ്പെടുന്നുണ്ട്.
2.2 നാലു ഘടകങ്ങള്‍
ദ്വിഫല സിദ്ധാന്തത്തിന് ദൈവശാസ്ത്രജ്ഞന്മാര്‍ പല വ്യാഖ്യാനങ്ങളും നല്കിയിട്ടുണ്ടെങ്കിലും കത്തോലിക്കാ സഭയുടെ പ്രബോധനത്തില്‍ നാല് അടിസ്ഥാന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
ദ്വിഫലസിദ്ധാന്തം പ്രധാനമായും വിശദീകരിക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് ഗര്‍ഭപാത്രം നീക്കുന്നതും അണ്ഡവാഹിനി ക്കുഴലുകള്‍ മുറിച്ചു മാറ്റുന്നതും. കാന്‍സര്‍ ബാധിച്ച ഗര്‍ഭിണിയായ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന്‍റെ ഫലമായി ഒരു പക്ഷേ കുട്ടി മരിച്ചേക്കാം. ഈ സംഭവത്തെ ദ്വിഫലസിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം. ഒന്നാമത്തെ തത്ത്വമനുസരിച്ച് പരോക്ഷ ഗര്‍ഭച്ഛിദ്രം ഒരേ സമയം നന്മയുടെയും തിന്മയുടെയും ഫലം നല്‍കുന്ന പ്രവൃത്തിയാണ്. രണ്ടാമത്തെ തത്ത്വമനുസരിച്ച് ശിശുവിന്‍റെ മരണവും കാന്‍സറില്‍നിന്നുള്ള മോചനവും ഒരേ സമയത്ത് സംഭവിക്കണം. ശിശുവിന്‍റെ മരണം നടന്ന് കുറേയേറെ കഴിഞ്ഞിട്ടാണ് കാന്‍സര്‍ മാറുന്നതെങ്കില്‍ ദ്വിഫലതത്ത്വം അവിടെ ഉപയോഗിക്കാന്‍ കഴിയാതെവരും. അമ്മയുടെയും ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും ലക്ഷ്യം സംശുദ്ധമായിരിക്കണമെന്ന് മൂന്നാം തത്ത്വം വാദിക്കുന്നു. നാലാമത്തെ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുമ്പോള്‍ അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആനുപാതികമായിരിക്കണം. കുഞ്ഞിനെ കൊല്ലുവാനുള്ള മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍, ലക്ഷ്യവുമായി അവ ആനുപാതികമല്ലെന്ന് പറയാം.
2.3 വിമര്‍ശനങ്ങള്‍
പല പ്രശ്നങ്ങളിലും ദ്വിഫലസിദ്ധാന്തം പ്രായോഗികമല്ലെന്നാണ് ചില ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. തിന്മയുടെ ഫലവും നന്മയുടെ ഫലവും തമ്മില്‍ ബന്ധം കാണണമെന്നില്ല എന്ന് ഇവര്‍ വാദിക്കുന്നു. ഈ തത്ത്വത്തിന്‍റെ ആദ്യരണ്ടുഘടകങ്ങള്‍ അവയവങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യത്തില്‍ അധിഷ്ഠിതമായതിനാല്‍ മനുഷ്യന്‍റെ പൊതുനന്മയെക്കാള്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിനാണ് ഇത് പ്രാധാന്യം നല്കുന്നത്. നാലു ഘടകങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്താതെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയില്ല എന്നതാണ് ഈ തത്ത്വത്തിന്‍റെ മറ്റൊരു പോരായ്മ.
2.4 ദ്വിഫലതത്ത്വത്തിന്‍റെ പ്രാധാന്യം
ഒരേസമയം നന്മയുടെയും തിന്മയുടെയും ഫലം നല്‍കുന്ന പ്രവൃത്തികളെ വിലയിരുത്തുവാന്‍ ഏറ്റവും പ്രായോഗികമായ തത്ത്വമാണിത്. നമ്മുടെ പ്രവൃത്തികള്‍ എപ്രകാരം ദൈവത്തിന്‍റെ പ്രവൃത്തികള്‍പോലെ ആയിരിക്കണമെന്നാണ് ഈ തത്ത്വം പറയുന്നത്. ഗര്‍ഭച്ഛിദ്രം, കാരുണ്യവധം, ചികിത്സ നിറുത്തിവയ്ക്കല്‍, സ്വയം രക്ഷ, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളില്‍ എന്താണ് ശരി എന്താണ് തെറ്റ് എന്ന് ഈ തത്ത്വം വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയുടെ ഈ തത്ത്വം മറ്റു സഭകളും സമൂഹങ്ങളും സ്വീകരിക്കുന്നുണ്ട്.
ഉപസംഹാരം
പ്രത്യേക സാഹചര്യത്തില്‍ മനുഷ്യപ്രവൃത്തികളെ വിലയിരുത്തുവാന്‍ ഉപയോഗിക്കുന്ന രണ്ടു തത്ത്വങ്ങളാണ് ഇവിടെ പ്രതിപാദിച്ചത്. സമഗ്രതത്ത്വത്തിന്‍റെ തത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ അടിസ്ഥാനം, അതിനെപ്പറ്റിയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍, ഇന്നതിന്‍റെ പ്രസക്തി എന്നിവ നാം ചര്‍ച്ചചെയ്തു. ശാരീരിക-മാനസിക-സാമൂഹിക-ആദ്ധ്യാത്മിക തലങ്ങളുള്ള സമഗ്രതത്ത്വം മനുഷ്യനും മനുഷ്യജീവനും എതിരായ എല്ലാ തിന്മകളും തെറ്റാണെന്ന് പ്രഖ്യാപിക്കുന്നു. ശസ്ത്രക്രിയയും അവയവദാനവും ന്യായീകരിക്കാവുന്നതാണെന്ന് ഈ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ സഭ പഠിപ്പിക്കുകയും ചെയ്യുന്നു.
വളരെ പുരാതനവും പഴയ നിയമാധിഷ്ഠിതവുമായ ദ്വിഫലതത്ത്വത്തിന്‍റെ ചരിത്രം, നാല് ഘടകങ്ങള്‍, വിവിധ അഭിപ്രായങ്ങള്‍, ഇന്നത്തെ പ്രസക്തി എന്നിവയും നാം കണ്ടു. ഒരേ സമയം നന്മയും തിന്മയും പുറപ്പെടുത്തുന്ന പ്രവൃത്തികള്‍ എപ്രകാരം വിലയിരുത്തപ്പെടണമെന്നാണ് സഭ ഈ തത്ത്വത്തിലൂടെ പഠിപ്പിക്കുന്നത്. പ്രവൃത്തി, സാഹചര്യം, ലക്ഷ്യം എന്നിവ വിലയിരുത്തുവാന്‍ ഈ തത്ത്വം സഹായിക്കുന്നു. കൂടാതെ ബുദ്ധിമുട്ടുള്ള ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് ഇത് വ്യക്തമായ ഉത്തരം നല്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ധാര്‍മ്മിക പ്രവൃത്തികളെ ശരിയായ വിധത്തില്‍ വിലയിരുത്തുവാന്‍ സമഗ്രതത്ത്വവും ദ്വിഫലതത്ത്വവും ഒരുവനെ സഹായിക്കുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കുറഞ്ഞ തിന്മ തിരഞ്ഞെടുക്കലും തിന്മപ്രവൃത്തികളിലുള്ള സഹകരണവും അടുത്ത അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഗ്രന്ഥസൂചി
ഡോ. സ്കറിയാ കന്യാകോണില്‍
integrity and the theory of double effect catholic malayalam Dr. Scaria Kanyakonil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206