x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

വന്ധ്യതാ പരിഹാരമാര്‍ഗ്ഗങ്ങള്‍

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

ന്ധ്യതാപ്രശ്നങ്ങളും അവയുടെ പരിഹാര മാര്‍ഗ്ഗങ്ങളും ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യത ഇന്ന് വര്‍ദ്ധിച്ചുവരുന്നു. കേരളത്തില്‍ 100 ദമ്പതിമാരില്‍ 10 പേര്‍ക്ക് വന്ധ്യതാപ്രശ്നങ്ങള്‍ ഉണ്ട്. വന്ധ്യതാ പരിഹാരകേന്ദ്രങ്ങള്‍ (Infertility clinics) കൂടിക്കൊണ്ടിരിക്കുന്നു. ആരോഗ്യരംഗത്തും സാമ്പത്തികതലത്തിലും നിയമതലത്തിലും എല്ലാറ്റിനും ഉപരി ധാര്‍മ്മികരംഗത്തും കൃത്രിമ പ്രത്യുല്‍പാദന രീതികള്‍ വെല്ലുവിളിഉയര്‍ത്തുന്നു. വന്ധ്യതാ പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാടാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യവിഷയം.

  1. വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍

കേരളത്തിലെ ചില പ്രശസ്ത വന്ധ്യതാപരിഹാര ആശുപത്രികളിലെ ക്ലിനിക്കല്‍ റിപ്പോര്‍ട്ടിലുള്ള വിവരങ്ങള്‍ (വനിത, ഒക്ടോ. 2003, പേജ് 8-10) വന്ധ്യതയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരില്‍ വന്ധ്യതയുണ്ടാകുവാനുള്ള പ്രധാന കാരണങ്ങള്‍ ബീജത്തിലെ തകരാറുകള്‍, വൃഷ്ണങ്ങളിലെ രക്തക്കുഴലുകളില്‍ രക്തം കെട്ടിനില്ക്കുന്നത്, തൈറോയിഡ്, അഡ്രിനല്‍ ഗ്രന്ഥികളില്‍ ഉണ്ടാകുന്ന തകരാറുകള്‍, ഹോര്‍മോണിന്‍റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയാണ്. ജന്മനായുള്ള വൈകല്യങ്ങളും ഈ രോഗങ്ങളും അവയ്ക്കായുള്ള മരുന്നിന്‍റെ ഉപയോഗവും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്.

സ്ത്രീകളില്‍ വന്ധ്യത വരാനുള്ള പ്രധാന കാരണങ്ങള്‍ പലതാണ്: ഗര്‍ഭാശയത്തിനുള്ളിലെ ആവരണം ഗര്‍ഭാശയത്തിന് പുറത്ത് വളരുന്ന അവസ്ഥ (Endometriosis), അണ്ഡാശയങ്ങള്‍ വലുതായി കൂടുതല്‍ ഫോളിക്സ് ഉണ്ടാകുന്നതും അണ്ഡോല്‍പാദനം വേണ്ട രീതിയില്‍ നടക്കാതിരിക്കുകയും ചെയ്യുന്ന വികലത (poly cystic overial diseases). കൂടാതെ ഗര്‍ഭാശയമുഴകള്‍, അണ്ഡാശയമുഴകള്‍ ഇവ കാരണം അണ്ഡവാഹിനിക്കുഴലിലും അണ്ഡാശയത്തിലും ഒട്ടിപ്പിടിക്കുന്നു. അണ്ഡത്തിന് അണ്ഡവാഹിനിക്കുഴലിലൂടെ പ്രവേശിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ അണ്ഡവാഹിനിക്കുഴലുകള്‍ അടഞ്ഞുപോകുന്നു. ഇവ കാരണം പുരുഷബീജത്തിന് അണ്ഡത്തെ പ്രാപിക്കാന്‍ കഴിയാതെ വരുന്നു.

സെര്‍വിക്കല്‍ മ്യൂക്കസിന്‍റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ആണ് മറ്റൊരു കാരണം. സെര്‍വിക്കല്‍ മ്യൂക്കസിലെ രാസവസ്തുവിന്‍റെ പ്രവര്‍ത്തനം ബീജങ്ങളെ നശിപ്പിക്കുന്നു. ശരിയായ രീതിയില്‍ ശരിയായ സമയത്ത് ലൈംഗികബന്ധം നടക്കാതിരിക്കുന്നതും വേറൊരു കാരണമാണ്.

ശാരീരിക കാരണങ്ങള്‍കൂടാതെ ഭൗതിക ചുറ്റുപാടുകളും കേരളത്തിലെ സ്ത്രീപുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. മദ്യപാനം, പുകവലി, മാറുന്ന ഭക്ഷണക്രമം, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കടന്നുകൂടുന്ന കീടനാശിനികള്‍, വര്‍ദ്ധിച്ചുവരുന്ന താപനില, ഇലക്ട്രോ മാഗ്നറ്റിക് ഉപയോഗവര്‍ദ്ധനവ്, അന്തരീക്ഷ മലിനീകരണം, ഔദ്യോഗിക ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ഇവയും വന്ധ്യതയ്ക്കു കാരണമാകുന്നു. വിവാഹപൂര്‍വ്വബന്ധങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന അണുബാധ തുടങ്ങിയവയും വന്ധ്യതയ്ക്കു കാരണമാകാം എന്ന് ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  1. കൃത്രിമ പ്രത്യുല്‍പാദന മാര്‍ഗ്ഗങ്ങള്‍

ആരോഗ്യരംഗത്ത് ഇന്നു വിവിധതരം കൃത്രിമ പ്രത്യുല്‍ പാദന രീതികള്‍ നിലവിലുണ്ട്.

2.1. കൃത്രിമ ബീജസങ്കലനം (Artificial Insemination)

ഈ രീതി അനുസരിച്ച് സ്ത്രീയില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസരത്തില്‍ പുരുഷനില്‍നിന്നും ബീജം എടുത്ത് ചെറിയ  ട്യൂബിലൂടെ സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവത്തില്‍ നിക്ഷേപിക്കുന്നു. 1850 ലാണ് ബീജം ഈ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ന് ലോകത്തില്‍ വിവിധ സ്ഥലങ്ങളില്‍ ബീജബാങ്കുകള്‍ ഉണ്ട്. മാരകരോഗങ്ങള്‍, വാസക്ടമി, യുദ്ധം തുടങ്ങിയ അവസരങ്ങളില്‍ ബീജം തണുപ്പിച്ച് സൂക്ഷിച്ച് ഭാവിയില്‍ ഉപയോഗിക്കാറുണ്ട്. ഈ രീതിയില്‍ ബീജസങ്കലനം നടക്കുന്നത് സ്ത്രീയുടെ ശരീരത്തിലാണ്. സ്വന്തം ഭര്‍ത്താവില്‍നിന്നോ (Homologous) അല്ലെങ്കില്‍ അന്യപുരുഷനില്‍നിന്നോ (Hetrologous) ബീജം സ്വീകരിക്കാറുണ്ട്. മറ്റൊരു പ്രത്യേകത വിവാഹം കഴിച്ച സ്ത്രീകളും അല്ലാത്തവരും ഉദാ: (Lesbians) ഈ രീതി സ്വീകരിക്കാറുണ്ട് എന്നതാണ്.

2.2. ബീജവും അണ്ഡവും അണ്ഡവാഹിനിക്കുഴലില്‍ നിക്ഷേപിക്കുന്ന രീതി  GIFT (Gamete Intra Fallopian Transter)

ഈ രീതിയില്‍ ബീജവും അണ്ഡവും യഥാക്രമം പുരുഷന്‍റെയും സ്ത്രീയുടെയും ശരീരത്തില്‍നിന്നും എടുത്തതിനുശേഷം ഒരുമിച്ച് അണ്ഡവാഹിനിക്കുഴലില്‍ നിക്ഷേപിച്ച് ഗര്‍ഭധാരണം നടത്തുന്നു. പുരുഷന്മാരില്‍ ബീജത്തിന് ചലിക്കാനുള്ള ശേഷിക്കുറവ്, സ്ത്രീകളില്‍ അണ്ഡവാഹിനിക്കുഴലുകളില്‍ തടസ്സങ്ങള്‍ ഉള്ള അവസ്ഥ ഇവയുള്ള സന്ദര്‍ഭങ്ങളിലാണ് ഈ രീതി സ്വീകരിക്കുന്നത്.

2.3. ടെസ്റ്റ്യൂബിലുള്ള ബീജസങ്കലനം - IVF (Invitro Fertilization)

കൃത്രിമ ബീജസങ്കലനത്തിന്‍റെ പോരായ്മകള്‍ മനസ്സിലാക്കിയ വൈദ്യശാസ്ത്രജ്ഞന്മാര്‍ 1978-ജൂലൈ 25-ാം തീയതി IVF കണ്ടുപിടിച്ചു. ആദ്യത്തെ ശിശു, ലൂയിസ് ബ്രൗണ്‍, അന്നു പിറക്കുകയുണ്ടായി. പുരുഷനില്‍നിന്നും ബീജവും സ്ത്രീയില്‍നിന്ന് അണ്ഡവും (laparoscopy and follicle aspiration) എടുത്ത് ചെറിയ ഗ്ലാസ് ട്യൂബില്‍ (Vitro) നിക്ഷേപിക്കുന്നു. 12 നും 18 നും മണിക്കൂറുകള്‍ക്കുള്ളില്‍ അണ്ഡവും ബീജവും യോജിക്കുന്ന ബീജസങ്കലനം നടന്ന സിക്താണ്ഡവം (Zygote) 48-72 മണിക്കൂര്‍ വളരുവാന്‍ അനുവദിക്കുന്നു.

ടെസ്റ്റ്യൂബില്‍ വളര്‍ച്ച പ്രാപിച്ച ഈ ഭ്രൂണത്തെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു. ഈ രീതി ഫലപ്രദമായാല്‍ 10 നും 14 നും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണം നടന്നുവെന്ന് അറിയാന്‍ സാധിക്കും. ചിലപ്പോള്‍ ഒന്നിലധികം ഭ്രൂണങ്ങള്‍ നിക്ഷേപിക്കാറുണ്ട്. അഞ്ചോ അതിലധികമോ ഭ്രൂണത്തെ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഒന്നോ അല്ലെങ്കില്‍ രണ്ടോ ഭ്രൂണങ്ങള്‍ നിക്ഷേപിക്കാന്‍ സാധിക്കൂ.

കൃത്രിമ ബീജസങ്കലനം നടക്കുന്നത് സ്ത്രീയുടെ ശരീരത്തിലാണെങ്കില്‍ IVF നടക്കുന്നത് പരീക്ഷണശാലയിലെ ഗ്ലാസ് ട്യൂബിലാണ്. സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിലുള്ള ചതവ്, തടസ്സങ്ങള്‍, സാധാരണ രീതിയില്‍ അണ്ഡോല്‍പാദനം നടക്കാത്ത അവസ്ഥ ഇങ്ങനെയുള്ള അവസരങ്ങളില്‍ IVF ആണ് ഫലപ്രദം.

2.4. ഭ്രൂണത്തെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു  ZIFT (Zygote intrafellopian Transfer)

സ്ത്രീയില്‍നിന്നും അണ്ഡവും പുരുഷനില്‍നിന്ന് ബീജവും എടുത്തതിനുശേഷം ടെസ്റ്റ്യൂബില്‍ വച്ച് ബീജസങ്കലനം നടത്തുന്നു. ടെസ്റ്റ്യൂബില്‍ വളര്‍ച്ച പ്രാപിച്ച ഈ ഭ്രൂണത്തെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നതാണ് ഈ രീതി (Zygote intrafellopian Transfer-Zift).

2.5. ഇക്സി - ICSI (Intracy to plasmic sperm Injection)

സ്ത്രീയില്‍നിന്നും അണ്ഡം എടുത്തതിനുശേഷം പുരുഷനില്‍നിന്നും ഒരു ബീജം സിറിഞ്ചിലൂടെ അണ്ഡത്തില്‍ പ്രവേശിപ്പിച്ച് ബീജസങ്കലനം ടെസ്റ്റ്യൂബില്‍വച്ച് നടത്തുന്നു (Intracy to plasmic sperm Injection). ടെസ്റ്റ്യൂബില്‍ വളര്‍ച്ച പ്രാപിച്ച ഈ ഭ്രൂണത്തെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു.

ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ബീജവും അണ്ഡവും (Homologious IVF) അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍റെ ബീജമോ മറ്റൊരു സ്ത്രീയുടെ അണ്ഡമോ സ്വീകരിച്ച് (Hetrologius IVF) ഈ രീതിയില്‍ പ്രജനനം നടത്താറുണ്ട്. ചില അവസരങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വന്തം ഭ്രൂണത്തെ സ്വന്തം ഗര്‍ഭപാത്രത്തില്‍ വളര്‍ത്താനുള്ള കഴിവ് ഇല്ലാതെവരും. ഈ അവസ്ഥയില്‍ മറ്റ് സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണത്തെ വളര്‍ത്തുന്നു (Surrogative motherhood)

2.4 ബീജവും അണ്ഡവും എടുക്കുന്ന രീതികള്‍

സ്വയംഭോഗത്തിലൂടെ ബീജം എടുക്കുവാന്‍ സാധിക്കാത്ത അവസരത്തില്‍ ഇന്ന് ആരോഗ്യരംഗത്ത് നാല് വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് ഓരോന്നിനും അതിന്‍റേതായ നന്മയും തിന്മയും ഉണ്ട്.

1) അധിവൃഷണങ്ങളില്‍ ചെറിയ സൂചി ഇറക്കി ബീജം എടുക്കുന്നു (Percutaneous Sperm Aspiration- PESA). സര്‍ജന്‍ അന്ധമായി സൂചി കുത്തുന്നതിന്‍റെ ഫലമായി ചിലപ്പോള്‍ മാത്രമേ ബീജം കിട്ടുകയുള്ളു. രക്തക്കുഴലുകളില്‍ സൂചി കൊള്ളുകയാണെങ്കില്‍ രക്തസ്രാവത്തിന് വഴിതെളിക്കും.

2) സാധാരണ രീതിയിലുള്ള അനസ്തേഷ്യ കൊടുത്ത് ചെറിയ സൂചി വൃഷ്ണത്തില്‍ ഇറക്കി ബീജം ശേഖരിക്കുന്നു (Testicular Sperm Aspiration- TESA). ഈ മാര്‍ഗ്ഗം ഉപയോഗിച്ചാല്‍ നേരിയതോതില്‍ മാത്രമേ ബീജം എടുക്കാന്‍ സാധിക്കൂ. ഈ രീതിയില്‍ നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടാകാറുണ്ട്.

3) അധിവൃഷണങ്ങളിലും, ബീജവാഹിനിക്കുഴലിലും തടസ്സങ്ങള്‍ ഉള്ള പുരുഷന്മാരിലാണ് ഈ രീതി ഉപയോഗിക്കുന്നത് (Micro Surgical Epididymal Sperm Aspiration- MESA). വാസക്ടമി, അല്ലെങ്കില്‍ ബീജവാഹിനിക്കുഴലിന്‍റെ പോരായ്മ ഉള്ളവര്‍ക്ക് ബീജത്തെ പുറപ്പെടുവിക്കാന്‍ സാധിക്കില്ല. 1/2 ഇഞ്ച് വലുപ്പത്തില്‍ വൃഷണംതുറന്ന് സൂക്ഷ്മദര്‍ശിനി (Microscope) യിലൂടെ അധിവൃഷണത്തിലെ ബീജത്തെ കണ്ടെത്തുന്നു. അധിവൃഷണത്തിലെ ബീജനാളികളില്‍നിന്നും ബീജത്തെ IVF ന് ഉപയോഗിക്കുന്നു. ഈ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിനകം സാധാരണ ജോലി ചെയ്യാന്‍ സാധിക്കും. മറ്റ് മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് ഇതിനും ചെലവ് കൂടുതലാണ്.

4) വൃഷ്ണങ്ങള്‍ തുറന്ന് ബീജം എടുക്കുന്നു (Testicular Sperm Extraction- TESE). 1/2 ഇഞ്ച് വൃഷ്ണത്തിന്‍റെ ത്വക്ക് മാറ്റി വൃഷ്ണങ്ങളില്‍ ഉത്പാദിപ്പിക്കപ്പെട്ട ബീജത്തെ എടുക്കുന്നു. സാധാരണയായി ചെറിയ ഓപ്പറേഷനിലൂടെയാണ് ബീജത്തെ പുറത്ത് കൊണ്ടുവരുന്നത്.

രണ്ട് രീതിയിലാണ് പ്രധാനമായും അണ്ഡം എടുക്കുന്നത്.

(1) സാധാരണരീതി (Natural cycle). ഈ രീതിയില്‍ സ്ത്രീകള്‍ ഒന്നോ അതിലധികമോ അണ്ഡത്തെ ഉല്പാദിപ്പിക്കുന്നു. ഇവിടെ അണ്ഡോല്‍പാദനത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ സാധാരണ രീതിയിലുള്ള അണ്ഡോല്‍പാദനത്തെ ബാധിക്കാറില്ല. വൈകാരികമായും ശാരീരികമായും ഈ മരുന്നുകളുടെ ഉപയോഗം ദോഷഫലം ഉളവാക്കാറില്ല. (2) വ്യവസ്ഥിതിരീതി (Conventional) സ്ത്രീകളില്‍ ഒന്നിലധികം അണ്ഡം ഉത്പാദിപ്പിക്കുവാന്‍ ശക്തിയേറിയ മരുന്നുകള്‍ നല്‍കുന്നു. ഇതിന്‍റെ ഫലമായി അണ്ഡം ഉത്പാദിപ്പിക്കപ്പെടുകയും അവ പുറത്തെടുത്ത് IVF ന് ഉപയോഗിക്കുകയും ചെയ്യുന്നു.

  1. സാമ്പത്തികവശം

സാധാരണക്കാര്‍ക്ക് കൃത്രിമ പ്രത്യുല്‍പാദനരീതികളുടെ ചിലവുകള്‍ വഹിക്കാനാവില്ല. ഇന്ത്യയില്‍ കൂടുതലും എന്‍ ആര്‍  ഐ ദമ്പതികളാണ് ഈ രീതി ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇതിന് ചെലവ് കുറവാണ്. കൂടാതെ ബീജവും അണ്ഡവും ദാനംചെയ്യുവാന്‍ അനേകരെ ഇവിടെ കിട്ടാറുമുണ്ട്. സാധാരണയായി ദരിദ്രരായ യുവാക്കളുടെ ബീജം സ്വീകരിക്കുന്ന സമ്പന്നരായ സ്ത്രീകള്‍ അവരുടെ ചികിത്സാചെലവ് വഹിക്കുന്നു.

ഇന്ത്യയില്‍ ആശുപത്രിയുടെ സൗകര്യം, വ്യക്തികളുടെ സ്ഥിതി ഇവയനുസരിച്ചാണ് AI, IVFഎന്നിവയുടെ ചെലവ് നിശ്ചയിക്കുന്നത്.  ഉദാഹരണമായി, IVFല്‍ ഭര്‍ത്താവിന്‍റെയോ മറ്റ് പുരുഷന്മാരുടെയോ ബീജം ഭാര്യയുടെ അണ്ഡവുമായി സങ്കലനം ചെയ്യുന്നതിന് ഒരുലക്ഷംരൂപയാണ് ചെലവ്. ഇന്‍ട്രാ യൂട്ടറൈന്‍ ഇന്‍സെമ്നേഷന് (IUI or IA ) 10,000 രൂപയാണ് ചെലവ്.

ഇന്‍ട്രാ സൈറ്റോ പ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്‍ രീതിക്ക്  ഒരു ലക്ഷം രൂപയാണ് ചെലവ്. സിക്താണ്ഡത്തെ അണ്ഡവാഹിനിക്കുഴലില്‍ (Zygot Intra Fallopian Transfer- ZIFT) നിക്ഷേപിക്കുന്നതിന്50,000 രൂപയാകും. ബീജവും അണ്ഡവും ഒരുമിച്ച് അണ്ഡവാഹിനിക്കുഴലില്‍ (GIFT) നിക്ഷേപിക്കാന്‍ 50,000 രൂപയാണ് ചെലവ്. അണ്ഡത്തിന്‍റെ വില 2000 മുതല്‍ 5000 രൂപവരെയും ഭ്രൂണത്തിന് ഒരുലക്ഷം രൂപവരെയുമാണ് ചിലവ് (The Week, March 21, 2004, p. 40). 

  1. നൈയാമിക പ്രശ്നങ്ങള്‍

അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി (A.R.T) പ്രയോഗത്തില്‍ വന്നിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ IVF ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും ധാര്‍മ്മികതയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനും ചികിത്സ തേടിയെത്തുന്ന ദമ്പതിമാരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും ആവശ്യമായ ഒരു നിയമ നിര്‍മ്മാണം ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ എ.ആര്‍.ടി ക്ലിനിക്കുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍  സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയും സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്ര-ആരോഗ്യ കുടുംബക്ഷേമവകുപ്പ് സെക്രട്ടറി ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി 2002 സെപ്റ്റംബര്‍ 4ന് റിലീസ് ചെയ്യുകയുമുണ്ടായി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ICMR)  ഗൈഡ് ലൈനുകള്‍ എന്നറിയപ്പെടുന്ന പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ക്ക് ഇന്ന് ആരും അധികം പ്രാധാന്യം കൊടുക്കുന്നില്ല.

മുന്നൂറില്‍ താഴെ മാത്രം വരുന്ന ഇന്ത്യന്‍ അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി എ.ആര്‍.ടി. ക്ലിനിക്കുകളുടെ വാര്‍ഷിക വരുമാനം ഇരുപത്തയ്യായിരം കോടി രൂപയിലും കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലാകട്ടെ ബീജബാങ്കുകളും ഭ്രൂണബാങ്കുകളും നിര്‍ബാധം ബീജഭ്രൂണ കച്ചവടം നടത്തുന്ന അധാര്‍മ്മികവും അനാശാസ്യവുമായ നടപടികള്‍ നിയമവിരുദ്ധമാക്കിയിട്ടില്ലായെന്നുള്ളത് ഒരു ദുഃഖസത്യമാണ് (മലയാളം, മാര്‍ച്ച് 12, 2004, പേ. 71). കത്തോലിക്കാസഭയുടെ വീക്ഷണം ധാര്‍മ്മിക നിയമങ്ങള്‍ക്കും വിശ്വാസത്തിനും എതിരായ കൃത്രിമ പ്രത്യുല്‍പ്പാദന നിയമം രൂപീകരിക്കുവാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ സന്നദ്ധരാകരുതെന്നാണ് (ജീവന്‍റെ സുവിശേഷം 73).

  1. വ്യത്യസ്ത ധാര്‍മ്മിക കാഴ്ചപ്പാടുകള്‍

ആരോഗ്യരംഗത്തെ ചികിത്സകരും ധാര്‍മ്മിക ശാസ്ത്രജ്ഞ ന്മാരും കൃത്രിമ വന്ധ്യതാ പരിഹാരമാര്‍ഗ്ഗങ്ങളെ ന്യായീകരിക്കുന്നു. വന്ധ്യതാ പരിഹാരമാര്‍ഗ്ഗങ്ങള്‍ ദമ്പതിമാര്‍ക്ക് നിരസിക്കുന്നത് ശരിയല്ല. കുഞ്ഞുങ്ങള്‍ വേണമെന്നത് അവരുടെ ആഗ്രഹമാണ്.

മറ്റു ചിലര്‍ IVF-നെ രോഗപരിഹാരമാര്‍ഗ്ഗമായി കാണുന്നു. അണ്ഡവാഹിനിക്കുഴലിലെ തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുന്നതാണ് IVF. ദമ്പതിമാരുടെ ജീവിതത്തിന് ഇതൊരനുഗ്രഹമാണെന്ന് അവര്‍ പറയുന്നു. കൂടാതെ AI, IVFലൂടെ ഉണ്ടാകുന്ന കുട്ടികള്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടമാണെങ്കിലും ഇതുവഴി ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹം വര്‍ദ്ധിക്കുമെന്ന് പറയുന്നവരും ഉണ്ട്.

പരീക്ഷണശാലയില്‍ ഭ്രൂണത്തെ നിര്‍മ്മിക്കുന്നതും ചിലതിനെ നശിപ്പിച്ച് കളയുന്നതും മറ്റു ചിലത് തണുപ്പിച്ച് വയ്ക്കുന്നതും ചില ധാര്‍മ്മിക ശാസ്ത്രജ്ഞന്മാര്‍ ന്യായീകരിക്കുന്നു. ആദ്യത്തെ അവസ്ഥയിലുള്ള ഭ്രൂണത്തിന്‍റെ (Zygote) മനുഷ്യത്വത്തെ (personhood)  ഇവര്‍ സംശയിക്കുന്നു. ഭ്രൂണത്തിന്‍റെ ആരംഭദിശയും തുടര്‍ന്നുള്ള വളര്‍ച്ചയും തമ്മില്‍ വ്യത്യാസമുണ്ടെന്നവര്‍ പറയുന്നു. ഹോമോ സെക്സുകാര്‍, ലെസ്ബിയന്‍സ് എന്നിവര്‍ക്ക് എ.ആര്‍.ടി. വഴി കുട്ടികളെ കിട്ടുന്നതിനെയും ന്യായീകരിക്കുന്നവര്‍ ഉണ്ട്.

മേല്‍പ്പറഞ്ഞ വിവിധ ധാര്‍മ്മിക നിലപാടുകള്‍ കത്തോലിക്കാ സഭ ഇന്നുവരെ അംഗീകരിച്ചിട്ടില്ല.

  1. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട്

കൃത്രിമ വന്ധ്യതാ പരിഹാരത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്ക്കുന്ന ഈ കാലഘട്ടത്തില്‍ കത്തോലിക്കാസഭയ്ക്ക് ഇതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. 12-ാം പീയൂസ് മാര്‍പ്പാപ്പായുടെ കാലംമുതല്‍ ഇന്നുവരെയുള്ളരേഖകള്‍ പരിശോധിക്കുമ്പോള്‍ അസിസ്റ്റന്‍റ് റീ പ്രൊഡക്റ്റീവ് ടെക്നോളജി തെറ്റാണെന്ന് സഭ വ്യക്തമാക്കുന്നതായി കാണുവാന്‍ സാധിക്കും. 12-ാം പീയൂസ് മാര്‍പ്പാപ്പാ ഡോക്ടര്‍മാരുടെ അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം, വിശ്വാസ തിരുസംഘത്തില്‍നിന്നും 1987 ല്‍ പുറപ്പെടുവിച്ച 'ജീവന്‍റെ ദാനം' (Donum Vitae) എന്ന രേഖ, കത്തോലിക്കാസഭയുടെ ഔദ്യോഗികമതബോധനരേഖ (1995), 2004 ല്‍ പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് പുറത്തിറക്കിയ പ്രത്യുല്‍പാദനത്തിന്‍റെ മാഹാത്മ്യവും കൃത്രിമ വന്ധ്യതാ മാര്‍ഗ്ഗങ്ങളും എന്ന രേഖ, വ്യക്തിയുടെ മഹത്വം Dignitas Personal-2008) എന്നിവ അടിസ്ഥാനമാക്കിയാണ് സഭയുടെ കാഴ്ചപ്പാട്, താഴെപ്പറയുന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. AI  യേയും IVF നേയും കുറിച്ചുള്ള വിലയിരുത്തല്‍ ഒരുമിച്ചാണ് നടത്തുന്നത്.

6.1. ദമ്പതികളില്‍നിന്നുതന്നെയുള്ള കൃത്രിമ പ്രത്യുല്‍പാദനം 

വിവാഹജീവിതത്തിന്‍റെ ലക്ഷ്യത്തില്‍നിന്നുമാണ് ദമ്പതികള്‍തന്നെ നടത്തുന്ന കൃത്രിമ പ്രത്യുല്പാദനത്തിന്‍റെ ധാര്‍മ്മികത സഭ വിലയിരുത്തുന്നത്. സഭ ആധുനിക യുഗത്തില്‍ എന്ന രേഖയില്‍ (GS 48) വിവാഹലക്ഷ്യമെന്നത് ജീവദായകവും സ്നേഹദായകവുമാണെന്ന് കാണാം. ഇത് ഒരുമിച്ച് നടക്കേണ്ടതാണ്. ഇത് ദൈവത്തിന്‍റെ പദ്ധതിയാണ്. മനുഷ്യന്‍ ഇത് വേര്‍പെടുത്തുന്നത് തെറ്റാണ് (Dnum Vitae4). ഭാര്യാഭര്‍ത്താക്കന്മാര്‍ ഏക ശരീരമായി തീര്‍ന്നുകൊണ്ടാണ് കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടത്. ഇങ്ങനെയുള്ള ലൈംഗിക ബന്ധത്തിലൂടെ കുട്ടികള്‍ ജനിക്കുന്നതു വഴിയാണ് ദമ്പതികള്‍ മാതാവും പിതാവുമായിത്തീരുന്നത്.

IVFല്‍ പല ഭ്രൂണങ്ങളെ സൃഷ്ടിച്ചെങ്കില്‍ മാത്രമേ ഒരെണ്ണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുവാന്‍ സാധിക്കൂ. ബാക്കിവരുന്ന ഭ്രൂണങ്ങളെ ഒന്നുകില്‍ നശിപ്പിച്ച് കളയുന്നു. അല്ലെങ്കില്‍ യഥാര്‍ത്ഥ ഭ്രൂണത്തിന്‍റെ ചികിത്സയ്ക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുന്നു. ഇത് മനുഷ്യജീവന്‍റെ മാഹാത്മ്യത്തിന് എതിരാണ് (പുറ 20:13). ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നു: "ജീവശാസ്ത്രപരമായ ഒരു വസ്തുവായി ഉപയോഗിക്കാനോ, ചില രോഗങ്ങളുടെ ചികിത്സയില്‍ വച്ചുപിടിപ്പിക്കുവാനുള്ള അവയവങ്ങളോ, റ്റിഷ്യൂകളോ നിര്‍മ്മിക്കാനോ വേണ്ടിയാണ് ഇപ്രകാരം ഉല്പാദിപ്പിക്കുന്നത്. നിഷ്ക്കളങ്കരായ മനുഷ്യജീവികളുടെ വധം, മറ്റുള്ളവരെ സഹായിക്കുവാന്‍വേണ്ടി ആയാല്‍പോലും തീര്‍ത്തും അസ്വീകാര്യമായ പ്രവൃത്തിയാണ്              (ജീവന്‍റെ സുവിശേഷം 63).

സ്വയംഭോഗത്തിലൂടെ ബീജത്തെ എടുക്കുന്നത് ലൈംഗികതയെക്കുറിച്ചുള്ള ക്രൈസ്തവകാഴ്ചപ്പാടിനെതിരാണ്. ഇവിടെ കുട്ടികള്‍ക്ക്ജന്മം നല്‍കുക എന്നതാണ് ലക്ഷ്യം എങ്കിലും വിവാഹജീവിതത്തിന്‍റെ അവിഭാജ്യഘടകമായ ഒന്നായിത്തീരുക എന്ന ധര്‍മ്മത്തിന്, എതിരാണ് (Donum Vitae 6). പരസ്പരം സ്വയംദാനം ചെയ്യുമ്പോഴാണ്, സ്നേഹത്തിലധിഷ്ഠിതമായ പ്രത്യുല്പാദനത്തെ കാണുവാന്‍ സാധിക്കുന്നത് (Certain Questions concerning Sexual Ethic 9).

കുട്ടികള്‍ വേണമെന്ന ആഗ്രഹം, കുട്ടികള്‍ക്കുവേണ്ടിയുള്ള അവകാശമായി കരുതുവാന്‍ സാധിക്കില്ല. ആ അവകാശം എന്തുവില കൊടുത്തും നേടിയെടുക്കുക അല്ലെങ്കില്‍ ഏത് മാര്‍ഗ്ഗവും ഉപയോഗിക്കുക എന്നത് ക്രൈസ്തവധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ല. ഒരു വ്യക്തിയും മറ്റുള്ളവന്‍റെ നിലനില്പ് തന്‍റെ അവകാശമായി കരുതുവാന്‍ പാടില്ല. ഇത് രണ്ടാമത്തെ വ്യക്തിയുടെ മാഹാത്മ്യത്തിന് എതിരാണ്. കുട്ടികള്‍ ഒരിക്കലും എന്‍റെ ആഗ്രഹത്തിന് വേണ്ടിയുള്ള വസ്തുക്കളല്ല, മറിച്ച് അവര്‍ ദൈവത്തിന്‍റെ അമൂല്യദാനങ്ങളാണ്. സഭയുടെ കാഴ്ചപ്പാടനുസരിച്ച്, ആരോഗ്യരംഗത്തെ സാങ്കേതികവിദ്യകള്‍, വന്ധ്യത സ്വാഭാവികമായി പരിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായിത്തീരണം. ശാസ്ത്രസമൂഹം ഇതാണ് ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കേണ്ടത് (Pontifical Academy for life, The Dignity of Human Procreation and Reproductive Technologies, Losservatore Romano, March 13-31, 2004 p.7).

വന്ധ്യത സ്വാഭാവികമായും മരുന്നുകളുടെ സഹായത്തോടെ മാറ്റുവാന്‍ സാധിക്കാത്ത ദമ്പതിമാര്‍ അവരുടെ പ്രത്യുല്‍പാദനത്തിന്‍റെ അര്‍ത്ഥം കണ്ടെത്തേണ്ടത്, ഏത് സമൂഹത്തിനാണോ തങ്ങളുടെ സ്നേഹവും സേവനവും ആവശ്യമായിരിക്കുന്നത് അവര്‍ക്ക് അത് കൊടുത്തുകൊണ്ടായിരിക്കണം. കുട്ടികളെ ദത്തെടുക്കുക, പലതരത്തിലുള്ള വിദ്യഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുക, മററു കുടുംബങ്ങളെ പ്രത്യേകിച്ച് പാവപ്പെട്ടവരെയും അംഗവൈകല്യം ഉള്ളവരെയും സഹായിക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ് (Donum Vitae 8).  

6.2. വിവാഹജീവിതത്തിന് പുറത്ത്നിന്ന് ബീജവും അണ്ഡവും സ്വീകരിച്ചുള്ള കൃത്രിമ പ്രത്യുല്‍പാദനം (AI & IVF Hetrologous

സഭയുടെ പഠനമനുസരിച്ച് വിവാഹ ജീവിതത്തില്‍ നിന്നുമാവണം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുവാന്‍. ഭാര്യയും ഭര്‍ത്താവും പ്രത്യുല്‍പ്പാദനത്തിലൂടെ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കുപറ്റുകയാണ്. ഇത് അവരുടെ വിശ്വസ്തതയുടെ, സ്നേഹത്തിന്‍റെ, സ്വയം ദാനത്തിന്‍റെ ഫലമാണ്. മാതാവും പിതാവുമായിത്തീരുവാനുള്ള തങ്ങളുടെ കടമയെയാണ് ഇത് ലക്ഷ്യമിടുന്നത്. അന്യപുരുഷനില്‍നിന്നോ, സ്ത്രീയില്‍നിന്നോ, ബീജമോ, അണ്ഡമോ സ്വീകരിച്ച് കൃത്രിമ പ്രത്യുല്‍പാദനം നടത്തുന്നത് വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ക്ക് എതിരാണ്.

വിവാഹജീവിതത്തിന് പുറത്തുനിന്നും കുട്ടികള്‍ ജനിക്കുന്നതിന്‍റെ ഫലമായി യഥാര്‍ത്ഥ കുടുംബബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കില്ല. കൂടാതെ യഥാര്‍ത്ഥ പിതാവും മാതാവും മറ്റ് വ്യക്തികളായിരിക്കുന്ന അവസരത്തില്‍ കുട്ടികളുടെതന്നെ, താന്‍ ആരാണെന്ന റിയാനുള്ള അവകാശത്തെ ഇത് ചോദ്യം ചെയ്യുന്നു. സ്വന്തം അപ്പനില്‍നിന്നും അമ്മയില്‍നിന്നും സ്നേഹം കിട്ടുന്നില്ല. ഇത് കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്കും സമൂഹത്തിന്‍റെ ഭാവിയ്ക്കും എതിരായി ത്തീര്‍ന്നിട്ടുണ്ട്. വിവാഹജീവിതത്തില്‍നിന്നും കുട്ടികള്‍ രൂപംകൊള്ളണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത് (Donum Vitae 1).  

വിവാഹജീവിതമെന്നു പറയുന്നത് ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ആജീവന ബന്ധമാണ് (CCEO 776-777). വിവാഹജീവിതത്തില്‍ മറ്റൊരു വ്യക്തി കടന്നുവരുന്നത് ഈ സവിശേഷതകള്‍ക്ക് കടകവിരുദ്ധമായ പ്രവൃത്തിയാണ്. ഭാവിയില്‍ കുടുംബകലഹത്തിനും അവിശ്വസ്തതയ്ക്കും ഇത് കാരണമായിത്തീരും.

വിവാഹജീവിതത്തില്‍ ആവശ്യമായിരിക്കുന്ന മറ്റൊരു ഘടകം ദമ്പതികള്‍ പരസ്പരം മനസ്സിലാക്കുന്നതാണ്. ഭര്‍ത്താവ് ഭാര്യയുടെ വന്ധ്യത പരിഹരിക്കാന്‍വേണ്ടി മറ്റൊരു സ്ത്രീയില്‍നിന്നും അണ്ഡ ത്തെ സ്വീകരിക്കുമ്പോള്‍, അല്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിന്‍റെ വന്ധ്യത പരിഹരിക്കുവാന്‍വേണ്ടി മറ്റൊരു പുരുഷനില്‍നിന്നും ബീജം സ്വീകരിക്കുമ്പോള്‍ ഈ മനസ്സിലാക്കലിനും, വിശ്വസ്തതയ്ക്കും കുറവ് വരുന്നു. തങ്ങളുടെ സാഹചര്യം സ്വീകരിക്കാതെ ദൈവത്തിന്‍റെ പദ്ധതിയ്ക്കു വിരുദ്ധമായി സ്വന്തം ഇഷ്ടം മാത്രമനുസരിച്ച് ചെയ്യുന്ന ഒരു പ്രവൃത്തിയായി തീരുന്നു. എന്തുമാവാം എന്ന തെറ്റായ സ്വാതന്ത്ര്യത്തില്‍നിന്നുമാണ് ഇങ്ങനെയുള്ള ചിന്തവരുന്നത്. അതുകൊണ്ടാണ് വിവാഹജീവിതത്തിന് പുറത്ത് കൃത്രിമ പ്രത്യുല്‍പാദനം നടത്തുന്നതിനെ സഭ ഒരിക്കലും അനുവദിക്കാത്തത്.

6.3. ഗര്‍ഭപാത്രം വാടകയ്ക്ക് (Surrogate Motherhood

ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭപാത്രത്തിലെ പോരായ്മകള്‍ നിമിത്തം കുട്ടികള്‍ക്ക് ജന്മം കൊടുക്കുവാന്‍ സാധിക്കില്ല. ഈ അവസരത്തില്‍ ഭ്രൂണത്തെ മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച്, വളര്‍ത്തുകയും അതിന് പ്രതിഫലം നല്‍കുകയും ചെയ്യുന്നു. ഈ നിലപാടിനെ സഭ ഒരിക്കലും അംഗീകരിക്കുന്നില്ല. ഇത് വിവാഹത്തിന്‍റെ സവിശേഷതയായ ദമ്പതിമാര്‍ തമ്മിലുള്ള ഐക്യത്തിന് എതിരാണ്. ഒരു കുട്ടിയെ സംബന്ധിച്ച് ഒന്നിലധികം അമ്മമാര്‍ ഉണ്ടാകുന്നു. ഉദാഹരണമായി, അണ്ഡം ദാനം ചെയ്യുന്നത് ഒരു സ്ത്രീ, ഇതിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് മറ്റൊരു സ്ത്രീ, പ്രസവത്തിനുശേഷം കുഞ്ഞിന്‍റെ അവകാശി മൂന്നാമതൊരു സ്ത്രീ. ഇത് കുട്ടികളെത്തന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നു. തന്‍റെ യഥാര്‍ത്ഥ അമ്മ ആരെന്നറിയുവാന്‍ കുട്ടിക്ക് സാധിക്കുന്നില്ല.

ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നത് യഥാര്‍ത്ഥമാതൃസ്നേഹത്തിനും ദാമ്പത്യവിശ്വസ്തതയ്ക്കും ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വത്തിനും എതിരാണ്. കുട്ടികള്‍ ഗര്‍ഭപാത്രത്തിലായിരിക്കുന്ന അവസരത്തില്‍, അമ്മയുടെ ആരോഗ്യസ്ഥിതി, മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കും. ചില അവസരങ്ങളില്‍ തങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ കുട്ടിയെ വിട്ടുകൊടുക്കുവാന്‍ വിസമ്മതിക്കുന്ന വ്യക്തികളും ഉണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതിനെ സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.

6.4. സ്വീകാര്യമായ മാര്‍ഗ്ഗങ്ങള്‍

ധാര്‍മ്മികനിയമങ്ങള്‍ക്ക്  എതിരാകാത്ത വന്ധ്യതാ പരിഹാരമാര്‍ഗ്ഗങ്ങള്‍ ദമ്പതികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഹോര്‍മോണല്‍ ചികിത്സയിലൂടെ ബീജത്തെയും അണ്ഡത്തെയും ഉല്പാദിപ്പിക്കുവാന്‍ കഴിയും. രോഗബാധിതമായ അണ്ഡവാഹിനികുഴലുകള്‍ ശസ്ത്രക്രിയയിലൂടെ മാറ്റാവുന്നതാണ്. ചില പുരുഷന്മാരുടെ ലൈംഗികാവയവത്തിന്‍റെ അഗ്രം താഴെക്കായിരിക്കാം തുറന്നിരിക്കുന്നത്. ഇങ്ങനെയുള്ളവര്‍ ദാമ്പത്യബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബീജം സ്ത്രീയുടെ പ്രത്യുല്‍പാദന അവയവത്തിനുള്ളില്‍ പ്രവേശിക്കുകയില്ല. ഈ അവസരത്തില്‍ രണ്ടറ്റവും തുറന്നിരിക്കുന്ന ഉറ ബീജത്തെ സ്ത്രീയുടെ പ്രത്യുല്‍പാദന അവയവത്തില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ദാമ്പത്യബന്ധത്തിനുശേഷം ബീജം അണ്ഡവാഹിനികുഴലില്‍ എത്തിച്ചേരുന്നില്ല. ഇങ്ങനെയുള്ള അവസരത്തില്‍ ചെറിയ ഉപകരണം വഴി ബീജത്തെ ഗര്‍ഭാശയത്തിലേക്കും അവിടെനിന്നു അണ്ഡവാഹിനികുഴലിലേയ്ക്കും എത്തിക്കാന്‍ സഹായിക്കും. ഇതിന്‍റെ ഫലമായ ബീജസങ്കലനം നടക്കാം.

ഉപസംഹാരം

സഭ പഠിപ്പിക്കുന്നത് ദമ്പതികള്‍ പ്രത്യുല്‍പാദനത്തിന്‍റെ മാഹാത്മ്യം മനസ്സിലാക്കി ജീവിക്കണം എന്നതാണ്. സാങ്കേതിക വിദ്യകള്‍ ഒരിക്കലും വിവാഹജീവിതത്തിന്‍റെ ലക്ഷ്യത്തിനുപകരം നില്‍ക്കുന്നതാകരുത്. മറിച്ച് ഈ ലക്ഷ്യത്തെ സഹായിക്കുവാനുള്ള സ്വാഭാവിക മാര്‍ഗ്ഗങ്ങളായിരിക്കണം. ക്രമംതെറ്റിയ ഭക്ഷണരീതികള്‍, ലൈംഗിക ജീവിതത്തിലെ വ്യതിചലനങ്ങള്‍ തുടങ്ങിയവ, വന്ധ്യതയ്ക്കു കാരണമാകാം. മറിച്ച് മൂല്യങ്ങള്‍ക്കു വില കല്പിക്കുന്ന ഒരു ജീവിതക്രമം ഒരു പരിധിവരെ വന്ധ്യതയ്ക്കു പരിഹാരമാകും.

ചില ആരോഗ്യശാസ്ത്രജ്ഞന്മാരും ധാര്‍മ്മിക ശാസ്ത്രജ്ഞന്മാരും കൃത്രിമ പ്രത്യുല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. AI  രീതിയില്‍ ഇന്ന് x,y ക്രോമസോമുകളെ വേര്‍തിരിക്കുവാന്‍ സാധിക്കും. IVF ല്‍ ധാരാളം ഭ്രൂണങ്ങളെ നശിപ്പിച്ച് കളയുന്നു. ഒരു ഭ്രൂണംകൊണ്ട് ഒരിക്കലും IVF വിജയിക്കില്ല. മനുഷ്യജീവനെതിരെയുള്ള ആക്രമണം തന്നെയാണിത്. കൂടാതെ ക്ലിനിക്കുകളില്‍ നടക്കുന്ന ലൈംഗിക ദുരുപയോഗം ഇതിന്‍റെ ധാര്‍മ്മികതയെ ചോദ്യംചെയ്യുന്നു. അതുകൊണ്ട് ക്രൈസ്തവനേതാക്കന്മാര്‍ അനീതിപരമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു.

സ്ഥിരം വന്ധ്യതയുള്ള ദമ്പതിമാര്‍ക്ക് സമൂഹത്തിന്‍റെ സഹായവും കരുണയും കൊടുക്കണം. വിവാഹത്തില്‍ തങ്ങളുടെ ലക്ഷ്യവും സവിശേഷതകളും അനുസരിച്ച് ജീവിക്കുകയാണെങ്കില്‍ ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്തുവാന്‍ സാധിക്കും. ഇത് പ്രത്യുല്‍പാദനത്തിന്‍റെ മാഹാത്മ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

 

 

Infertility remedies infertility Rev. Dr. Scaria Kanyakonil artificial insemination IVF Surrogate mother Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message