x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ദൈവശാസ്ത്രപരമായ നരവംശശാസ്ത്രം

മനുഷ്യദര്‍ശനം - കത്തോലിക്കാവീക്ഷണത്തില്‍

Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 03-Feb-2021

മനുഷ്യദര്‍ശനം -കത്തോലിക്കാവീക്ഷണത്തില്‍

(മനുഷ്യനെക്കുറിച്ചുള്ള സഭാവീക്ഷണം സാര്‍വ്വത്രിക മതബോധനഗ്രന്ഥത്തിന്‍റെ പ്രബോധനത്തിലൂടെ അവതരിപ്പിക്കുന്നതാണ് ആദ്യപാഠം)

 

സ്രഷ്ടാവ്

279 "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." ഈ സുപ്രധാന പ്രസ്താവനയോടെയാണ് വിശുദ്ധഗ്രന്ഥം സമാരംഭിക്കുന്നത്. സര്‍വ്വശക്തനും പിതാവുമായ ദൈവം "ആകാശത്തിന്‍റെയും ഭൂമിയുടെയും" (അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം) "ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റയും" (നിഖ്യാവിശ്വാസപ്രമാണം) സ്രഷ്ടാവാണെന്നു വിശ്വാസപ്രഖ്യാപനത്തില്‍ ഏറ്റുപറയുമ്പോള്‍ നാം മേല്‍പറഞ്ഞ വാക്യംതന്നെ ഉദ്ധരിക്കുകയാണ്. നാം ആദ്യം സ്രഷ്ടാവിനെക്കുറിച്ചും പിന്നീട് സൃഷ്ടിയെക്കുറിച്ചും ഒടുവില്‍ പാപത്തിലേക്കുള്ള വീഴ്ചയെക്കുറിച്ചും ആണു പ്രതിപാദിക്കുന്നത്. പാപത്തില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതിനാണ് ദൈവപുത്രനായ യേശുക്രിസ്തു ആഗതനായത്.

280 "ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനങ്ങളുടെ മുഴുവന്" അടിസ്ഥാനവും "ക്രിസ്തുവില്‍മകുടമണിയുന്ന രക്ഷാചരിത്രത്തിന്‍റെ പ്രാരംഭവുംڈ സൃഷ്ടികര്‍മ്മമാണ്. നേരേമറിച്ച്, ക്രിസ്തുരഹസ്യം സൃഷ്ടിരഹസ്യത്തിന്‍മേല്‍ നിര്‍ണായകമായ പ്രകാശം വീശുന്നു. "ആദിയില്‍ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചതിന്‍റെ" ആത്യന്തികലക്ഷ്യം അതു വെളിപ്പെടുത്തുകയും ചെയ്യുന്നു. "ക്രിസ്തുവിലുള്ള നവീനസൃഷ്ടിڈയുടെ മഹത്ത്വം, ആരംഭം മുതലേ വിഭാവനം ചെയ്തിരുന്നു.

281 അതുകൊണ്ടാണു ക്രിസ്തുവിലുള്ള പുതിയ സൃഷ്ടിയുടെ ആഘോഷമായ പെസഹാ ജാഗരണത്തിലെ വായനകള്‍ സൃഷ്ടിവിവരണത്തോടുകൂടി സമാരംഭിക്കുന്നത്; അതുകൊണ്ടുതന്നെയാണു, ബൈസന്‍റിയന്‍ ലിറ്റര്‍ജിയില്‍ കര്‍ത്താവിന്‍റെ എല്ലാ പ്രധാനതിരുനാളുകളുടെയും ജാഗരണത്തില്‍ സൃഷ്ടിവിവരണം ഒന്നാം വായനയായിട്ടു നിശ്ചയിച്ചിരിക്കുന്നത്. പുരാതനസാക്ഷ്യങ്ങളനുസരിച്ചു മാമ്മോദീസാര്‍ഥികള്‍ക്കുള്ള മതബോധനവും ഇതേ ക്രമമാണു പിന്‍തുടര്‍ന്നിരുന്നത്

  1. സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം

282 സൃഷ്ടിയെക്കുറിച്ചുള്ള മതബോധനം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതിനോടാണ് മനുഷ്യജീവിതത്തിന്‍റെയും ക്രൈസ്തവജീവിതത്തിന്‍റെയും അടിസ്ഥാനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ എക്കാലവും ഉന്നയിക്കുന്ന മൗലികപ്രശ്നങ്ങള്‍ക്കു ക്രിസ്തീയവിശ്വാസം നല്‍കുന്ന പ്രത്യുത്തരം വിശദമാക്കുന്നത് ഈ മതബോധനമാണ്. "നാം എവിടെനിന്നു വരുന്നു? "നാം എങ്ങോട്ടു പോകുന്നു?" നമ്മുടെ ഉദ്ഭവം എവിടെനിന്ന്? "നമ്മുടെ അന്ത്യം എന്ത്? "അസ്തിത്വമുള്ളവയെല്ലാം എവിടെനിന്നു വന്നു? "എങ്ങോട്ടു പോകുന്നു?"  ഉദ്ഭവത്തെയും അന്ത്യത്തെയും കുറിച്ചുള്ള ഈ ചോദ്യങ്ങള്‍ രണ്ടും പരസ്പരം വേര്‍തിരിക്കാവുന്നതല്ല.നമ്മുടെ ജീവിതത്തിന്‍റെയും പ്രവര്‍ത്തനരീതിയുടെയും അര്‍ത്ഥത്തെയും ആഭിമുഖ്യത്തെയും സംബന്ധിച്ചിടത്തോളം ഈ ചോദ്യങ്ങള്‍ നിര്‍ണായകങ്ങളാണ്.

283 പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ഉദ്ഭവത്തെക്കുറിച്ചുള്ള ചോദ്യം അനേകം ശാസ്ത്രീയപഠനങ്ങള്‍ക്കു വിഷയമായിട്ടുണ്ട്. പ്രപഞ്ചത്തിന്‍റെ ആയുസ്സ്, അളവുകള്‍ ജീവരൂപങ്ങളുടെവികാസം മനുഷ്യന്‍റെ ആവിര്‍ഭാവം എന്നിവയെക്കുറിച്ചുള്ള നമ്മുടെ അറിവിനെ സ്തുത്യര്‍ഹമായി പുഷ്ടിപ്പെടുത്താന്‍ ഈ പഠനങ്ങള്‍ക്കു കഴിഞ്ഞു. സ്രഷ്ടാവിന്‍റെ മഹത്വത്തെ ഉപര്യുപരിപുകഴ്ത്തുവാന്‍ നമ്മെ ക്ഷണിക്കുന്നവയാണ് പ്രസ്തുത ശാസ്ത്രീയകണ്ടുപിടുത്തങ്ങള്‍; ദൈവത്തിന്‍റെ സമസ്തസൃഷ്ടികളെപ്രതിയും പണ്ഡിതന്‍മാര്‍ക്കും ഗവേഷകര്‍ക്കും ദൈവം നല്‍കുന്ന അറിവിനെയും ജ്ഞാനത്തെയും പ്രതിയും അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് അവ. സോളമനോടൊത്ത് അവര്‍ക്കും പറയാന്‍ കഴിയും. "അസ്തിത്വമുള്ളവയെക്കുറിച്ചെല്ലാം തെറ്റുപറ്റാത്തറിവ് എനിക്കു നല്‍കിയത് അവനാണ്...പ്രപഞ്ചഘടനയും പഞ്ചഭൂതങ്ങളുടെ പ്രവര്‍ത്തനവും അറിയാന്‍....സകലതും രൂപപ്പെടുത്തുന്നവനായ ജ്ഞാനമാണ് എന്നെ പഠിപ്പിച്ചത്."

284 പ്രകൃതിശാസ്ത്രങ്ങളുടെ തനതായ മണ്ഡലത്തിനപ്പുറമുള്ള മറ്റൊരു ക്രമത്തിലെ ഒരു ചോദ്യമാണ് ഈ പഠനങ്ങളിലുള്ള വലിയ താത്പര്യത്തെ ശക്തിയുക്തം ഉത്തേജിപ്പിക്കുന്നത്. എങ്ങനെ, എപ്പോള്‍ ഈ ഭൗതികപ്രപഞ്ചം ഉദ്ഭവിച്ചുവെന്നോ മനുഷ്യന്‍ ഭൂമുഖത്ത് എന്ന് ആവിര്‍ഭവിച്ചുവെന്നോ അറിയുന്നതിനുള്ള ഒരു ചോദ്യം മാത്രമല്ലിത്. പ്രത്യുത, ഇപ്രകാരമുള്ള ഒരു ഉത്പത്തിയാണോ? അല്ലെങ്കില്‍ , ദൈവമെന്നു വിളിക്കപ്പെടുന്ന സര്‍വാതീതനും ബുദ്ധിമാനും നന്‍മസ്വരൂപനുമായ ഒരുവനാലാണോ? ദൈവത്തിന്‍റെ ജ്ഞാനത്തില്‍നിന്നും നന്‍യില്‍നിന്നുമാണ് പ്രപഞ്ചം ഉദ്ഭവിച്ചതെങ്കില്‍ തിന്മ എങ്ങനെ നിലനില്‍ക്കുന്നു? അവ എവിടെ നിന്നുവരുന്നു? ആരാണ് അതിന് ഉത്തരവാദി? അതില്‍ നിന്നു മോചനം സാധ്യമാണോ?

285 ഉദ്ഭവങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ക്കു ക്രിസ്തീയവിശ്വാസം നല്‍കുന്നതില്‍നിന്നു വിഭിന്നങ്ങളായ ഉത്തരങ്ങളുമായി രംഗപ്രവേശം ചെയ്തവരുടെ വാദഗതികള്‍ ക്രിസ്തീയവിശ്വാസത്തിന് ആരംഭംമുതലേ വെല്ലുവിളിയായിരുന്നു. പല പ്രാചീന മതങ്ങളും സംസ്കാരങ്ങളും ഉദ്ഭവങ്ങളെപ്പറ്റി അനവധി പുരാണകഥകള്‍ തെരഞ്ഞെടുത്തിരുന്നു. സര്‍വവും ദൈവമാകുന്നു എന്നും പ്രപഞ്ചം ദൈവമാകുന്നു എന്നും പ്രപഞ്ചപരിണാമം ദൈവപരിണാമമാണെന്നും ഒരുകൂട്ടം ദാര്‍ശിനികര്‍ അഭിപ്രാടപ്പെട്ടു . ദൈവത്തില്‍നിന്ന് അനിവാര്യമായി നിര്‍ഗളിക്കുന്ന ഈ വിശ്വം ദൈവത്തില്‍ത്തന്നെ പുനര്‍ലയിക്കുമെന്നു മറ്റൊരുകൂട്ടര്‍; നിരന്തരം അന്യോന്യസമരത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു നിത്യതത്വങ്ങള്‍ - നന്‍മയും തിന്‍മയും, പ്രകാശവും അന്ധകാരവും - ഉണ്ടെന്നു മറ്റൊരുകൂട്ടര്‍ (ദ്വൈതവാദം, മനിക്കേയിസം). ഇവരില്‍ ചിലരുടെ അഭിപ്രായങ്ങളനുസരിച്ചു പ്രപഞ്ചം (ഭൗതിക പ്രപഞ്ചമെങ്കിലും) തിന്‍മയാണ്; ഒരു ജീര്‍ണതയുടെ ഫലമാണ് ഈ ലോകം; അതിനാല്‍ ഇത് ഉപേക്ഷിക്കപ്പെടുകയോ പറന്തള്ളപ്പെടുകയോ ചെയ്യേണ്ടതാണ് (ജ്ഞാനവാദം ). വേറേ ചിലരുടെ വീക്ഷണത്തില്‍ പ്രപഞ്ചസൃഷ്ടി നിര്‍വഹിച്ചതു ദൈവമാണെങ്കിലും , ഒരു വാച്ചു നിര്‍മാതാവ് വാച്ചു നിര്‍മിച്ചശേഷം അതിന്‍റെ സ്വയം പ്രവര്‍ത്തനത്തിനു അതിനെ വിടുന്നതുപോലെ  സൃഷ്ടികര്‍മശേഷം ദൈവം പ്രപഞ്ചത്തെ അതിനായിത്തന്നെ കൈവിട്ടു. അവസാനമായി ചിലരാകട്ടെ പ്രപഞ്ചോത്പത്തിയില്‍ ഒരു ഭൗതികാതീതതത്വത്തിന്‍റെ പങ്കു നിഷേധിച്ചുകൊണ്ട്, എന്നുമെന്നും സ്ഥിതിചെയ്യുന്ന ഭൗതികപദാര്‍ഥങ്ങളുടെയെല്ലാം പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവുമായി പ്രപഞ്ചോത്പത്തിയെ കാണുന്നു . ഈ പരിശ്രമങ്ങളെല്ലാം സൂചിപ്പിക്കുന്നത്, ഉദ്ഭവങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളുടെ സ്ഥിരമായ നിലനില്‍പും സാര്‍വജനീനതയുമാണ്. ഈ അന്വേഷണം തികച്ചും മാനുഷികമാണ്. 

286 ഉദ്ഭവങ്ങളെ സംബന്ധിച്ച പ്രശ്നത്തിന് ഉത്തരം കണ്ടുപിടിക്കുവാന്‍ മനുഷ്യബുദ്ധിക്ക് ഏറെക്കുറെ കഴിവുണ്ട് എന്നത് തീര്‍ച്ചയാണ്. സ്രഷ്ടാവായ ദൈവത്തിന്‍റെ അസ്തിത്വത്തെക്കുറിച്ച് അവിടുത്തെ സൃഷ്ടികളിലൂടെ മനുഷ്യബുദ്ധിയുടെ വെളിച്ചത്തില്‍ നിസ്സന്ദേഹമായ അറിവ് ആര്‍ജിക്കുവാന്‍ കഴിയും. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ ഈ അറിവു പലപ്പോഴും അസ്പഷ്ടവും അബദ്ധങ്ങളാല്‍ വികലവുമായേക്കാം. അതിനാലാണു യഥാതഥം സത്യം ഗ്രഹിക്കുവാന്‍ വിശ്വാസം മനുഷ്യബുദ്ധിക്കു പ്രകാശവും ഉറപ്പും നല്‍കുന്നത്: ദൈവത്തിന്‍റെ വചനത്താല്‍ ലോകം സൃഷ്ടിക്കപ്പെട്ടെന്നും,അങ്ങനെ കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍നിന്നുണ്ടായി എന്നും വിശ്വാസം മൂലം നാം അറിയുന്നു.

287 സൃഷ്ടിയെ സംബന്ധിക്കുന്ന സത്യം മനുഷ്യജീവിതത്തിനു മുഴുവന്‍ സുപ്രധാനമാകയാല്‍, ഇതു സംബന്ധിച്ച് അറിവു സമ്പാദിക്കാന്‍ സഹായകമായവയെല്ലാം തന്‍റെ ജനത്തിനു വെളിപ്പെടുത്തുവാന്‍ ദൈവം തന്‍റെ വാത്സല്യത്തില്‍ നിശ്ചയിച്ചു. ദൈവത്തെപ്പറ്റി എല്ലാ മനുഷ്യര്‍ക്കും പ്രകൃത്യാ അറിയാവുന്ന കാര്യങ്ങള്‍ക്കുപുറമേ, ദൈവം ഉപര്യുപരിയായി സൃഷ്ടിരഹസ്യം ഇസ്രായേലിനു വെളിപ്പെടുത്തി. പൂര്‍വ പിതാക്കന്‍മാരെ തിരഞ്ഞെടുത്തവനും ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നവനും തിരഞ്ഞെടുത്ത് അവനെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവനുമായ ദൈവം ഭൂമിയിലെ സര്‍വജനങ്ങളുടെയും ഭൂമിയുടെ തന്നെയും ഉടമയും ആകാശത്തിന്‍റെയും ഭൂമിയുടെയും ഏക സൃഷ്ടാവുമായി സ്വയം വെളിപ്പെടുത്തി.

288 ഇങ്ങനെ സൃഷ്ടിയെപ്പറ്റിയുള്ള വെളിപാട്, ഏക ദൈവവും അവിടുത്തെ ജനതയും തമ്മിലുള്ള ഉടമ്പടിയുടെ വെളിപാടില്‍നിന്നും, അതിന്‍റെ സ്ഥാനത്തില്‍നിന്നും വേര്‍പെടുത്താവുന്നതല്ല. ഈ ഉടമ്പടിയിലേക്കുള്ള പ്രഥമപടിയായും ദൈവത്തിന്‍റെ സര്‍വശക്തമായ സ്നേഹത്തിന്‍റെ പ്രഥമവും സാര്‍വജനീനവുമായ സാക്ഷ്യമായും സൃഷ്ടി നമ്മുടെ മുന്‍പില്‍ വെളിപ്പെടുത്തപ്പെടുന്നു. പ്രവാചകന്‍മാരുടെ സന്ദേശത്തിലും സങ്കീര്‍ത്തനങ്ങളിലെയും ആരാധനക്രമത്തിലെയും പ്രാര്‍ത്ഥനകളിലും തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ "വിജ്ഞാനമൊഴികളിലും" സൃഷ്ടിയെപ്പറ്റിയുള്ള സത്യം വര്‍ധിതവീര്യത്തോടെ പ്രകാശിതമാകുന്നു.

289 സൃഷ്ടിയെക്കുറിച്ചുള്ള വിശുദ്ധലിഖിതഭാഗങ്ങളില്‍ ഉത്പത്തിപ്പുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. സാഹിത്യരൂപസംബന്ധമായി പറഞ്ഞാല്‍, ഈ വിവരണങ്ങള്‍ക്കു വ്യത്യസ്തങ്ങളായ ഉറവിടങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ദൈവനിവേശിതരായ ഗ്രന്ഥകാരന്‍മാര്‍ ഇവയെ വിശുദ്ധലിഖിതത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ചേര്‍ത്തിരിക്കുന്നു. ഇത് പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള സത്യങ്ങള്‍ ഉദാത്തമായഭാഷയില്‍ അവതരിപ്പിക്കാന്‍വേണ്ടിയാണ്: സൃഷ്ടിക്ക് ദൈവത്തിലുള്ള ഉദ്ഭവവും അന്ത്യവും അതിന്‍റെ ക്രമവും നന്‍മയും, മനുഷ്യന്‍റെ വിളിയും, ഒടുവില്‍ പാപത്തിന്‍റെ ദുരന്തവും രക്ഷയുടെ പ്രത്യാശയുമാണ് ദൈവനിവേശിതഗ്രന്ഥകാരന്‍മാര്‍ അവതരിപ്പിക്കുന്ന സത്യങ്ങള്‍. ക്രിസ്തുവിന്‍റെ പ്രകാശത്തില്‍, വി.ഗ്രന്ഥത്തിന്‍റെ ഐക്യം കണക്കിലെടുത്തുകൊണ്ടു സഭയുടെ സജീവപാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി വായിച്ചാല്‍ സൃഷ്ടിയെ സംബന്ധിക്കുന്ന ഈ വിവരണങ്ങള്‍ "ആരംഭത്തിന്‍റെ" - സൃഷ്ടി, പാപം, രക്ഷാവാഗ്ദാനം എന്നിവയുടെ - രഹസ്യങ്ങളെക്കുറിച്ചുള്ള മതബോധനത്തിന്‍റെ മുഖ്യ ഉറവിടമായി നിലനില്‍ക്കും.

  1. സൃഷ്ടി - പരിശുദ്ധത്രിത്വത്തിന്‍റെ പ്രവൃത്തി

290 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. വിശുദ്ധഗ്രന്ഥത്തിലെ ഈ ആദ്യപദങ്ങള്‍ മൂന്നു കാര്യങ്ങളാണ് പ്രസ്താവിക്കുന്നത്. നിത്യനായ ദൈവം തനിക്കുപുറമേയുള്ള സര്‍വവസ്തുക്കള്‍ക്കും ആരംഭം നല്‍കി; അവിടുന്നു മാത്രമാണു സ്രഷ്ടാവ്. ("സൃഷ്ടിക്കുക" എന്ന ക്രിയയുടെ ഹീബ്രുരൂപത്തിന്‍റെ -യമൃമ-കര്‍ത്താവ് എപ്പോഴും ദൈവമാണ്). അസ്തിത്വമുള്ള സകലതും (څആകാശവും ഭൂമിയും" എന്ന പ്രയോഗം ഇതാണു സൂചിപ്പിക്കുന്നത്) അവയുടെയെല്ലാം അസ്തിത്വദായകനായ ദൈവത്തെ ആശ്രയിച്ചാണു സ്ഥിതി ചെയ്യുന്നത്.

291 ആദിയില്‍ വചനം ഉണ്ടായിരുന്നു... വചനം ദൈവമായിരുന്നു...സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. ദൈവം തന്‍റെ പ്രിയപുത്രനായ നിത്യവചനംവഴി സര്‍വതും സൃഷ്ടിച്ചുവെന്നു പുതിയ നിയമം വെളിപ്പെടുത്തുന്നു. "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാം സൃഷ്ടിക്കപ്പെട്ടു...എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ്, സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്‍മ്പുള്ളവന്‍ അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു." അതുപോലെതന്നെ സഭയുടെ വിശ്വാസം പരിശുദ്ധാത്മാവിന്‍റെ സൃഷ്ടിപ്രവര്‍ത്തനവും പ്രഖ്യാപിക്കുന്നുണ്ട്: അവിടുന്നാണ് "ജീവദാതാവ്ڈ," "സ്രഷ്ടാവായ ആത്മാവ്"  എന്നു നാം ഏറ്റുപറയുന്നു.

292 പിതാവിന്‍റെ സൃഷ്ടിപ്രവര്‍ത്തനത്തോട് അഭേദ്യമായി ബന്ധപ്പെട്ട പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സൃഷ്ടിപ്രവര്‍ത്തനത്തെ പഴയനിയമം സൂചിപ്പിക്കുകയും പുതിയ നിയമം വെളിപ്പെടുത്തുകയും ചെയ്യുന്നതായി സഭയുടെ വിശ്വാസപ്രകരണങ്ങളില്‍ വളരെ സ്പഷ്ടമായി പ്രഖ്യാപിക്കപ്പെടുന്നു: ഒരേയൊരു ദൈവമേയുള്ളൂ.., അവിടുന്നു പിതാവാണ്, ദൈവമാണ്, സ്രഷ്ടാവാണ്, വിധാതാവാണ്, ക്രമദായകനാണ്. അവിടുന്നു സ്വയമായിട്ടാണു സര്‍വതും സൃഷ്ടിച്ചത്; അതായത്, തന്‍റെ വചനവും വിജ്ഞാനവും വഴിയാണ് "പുത്രനും പരിശുദ്ധാത്മാവും അവിടുത്തെ കരങ്ങളാണെന്നുപറയാം." സൃഷ്ടി പരിശുദ്ധത്രിത്വത്തിന്‍റെ പൊതുപ്രവൃത്തിയാണ്.

  1. ദൈവമഹത്വത്തിനായി വിശ്വം സൃഷ്ടിക്കപ്പട്ടു.

293 "ലോകം ദൈവമഹത്വത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു" എന്ന മൗലിക സത്യം വിശുദ്ധഗ്രന്ഥവും പാരമ്പര്യവും നിരന്തരം ബോധിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദൈവം സര്‍വവും സൃഷ്ടിച്ചതു "സ്വന്തം മഹത്ത്വം വര്‍ദ്ധിപ്പിക്കുവാനല്ല. പ്രത്യുത അതുപ്രദര്‍ശിപ്പിക്കാനും പ്രദാനംചെയ്യാനുമാണ്" എന്നു വിശുദ്ധ ബൊനവെഞ്ചര്‍ വിശദീകരിക്കുന്നു; സ്നേഹവും നന്‍മയുമല്ലാതെ മറ്റൊരുകാരണവും ലോകസൃഷ്ടിയില്‍ ദൈവത്തിനില്ല. "സ്നേഹത്തിന്‍റെ താക്കോല്‍കൊണ്ട് അവിടുത്തെ കരം തുറന്നപ്പോള്‍ സൃഷ്ടികള്‍ക്ക് അസ്തിത്വം കൈവന്നു.' ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നു:

ദൈവം, സ്വന്തം നന്‍മയും "സര്‍വശക്തിയും" വഴി തന്‍റെതന്നെ സൗഭാഗ്യം വര്‍ധിപ്പിക്കുന്നതിനോ ആര്‍ജിക്കുന്നതിനനോവേണ്ടിയല്ല പ്രത്യുത സൃഷ്ടികളുടെമേല്‍ താന്‍ വര്‍ഷിക്കുന്ന അനുഗ്രഹങ്ങളില്‍ക്കൂടി തന്‍റെ പരിപൂര്‍ണത പ്രകടിപ്പിക്കുവാനായി, സര്‍വസ്വതന്ത്രനായി, "കാലത്തിന്‍റെ ആരംഭത്തില്‍തന്നെ, മൂര്‍ത്തങ്ങളും അമൂര്‍ത്തങ്ങളുമായ ദ്വിവിധ സൃഷ്ടികളെയും ശൂന്യതയില്‍നിന്നു സൃഷ്ടിച്ചു..."

294 ലോകസൃഷ്ടിക്കു പ്രേരകമായ ദൈവനന്‍മയുടെ ആവിഷ്കരണത്തിന്‍റെയും സംപ്രദാനത്തിന്‍റെയും സാക്ഷാത്കാരത്തിലാണു ദൈവമഹത്വം അടങ്ങിയിരിക്കുന്നത്. "ദൈവത്തിന്‍റെ മഹത്വപൂര്‍ണമായ കൃപയുടെ സ്തുതിക്കുവേണ്ടി, അവിടുത്തെ തിരുവിഷ്ടത്തിന്‍റെ പദ്ധതിയനുസരിച്ച് യേശുക്രിസ്തുവിലൂടെ നാം ദത്തുപുത്രരാകുവാന്‍ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു. കാരണം "സജീവനായ മനുഷ്യനാണു ദൈവത്തിന്‍റെ മഹത്വം; മനുഷ്യജീവിതമാകട്ടെ, ദൈവദര്‍ശനവും; സൃഷ്ടിവഴിയുള്ള ദൈവാവിഷ്കാരം ഭൂമുഖത്തുവസിക്കുന്ന സര്‍വജീവജാലങ്ങള്‍ക്കും ജീവന്‍ നല്‍കിയെങ്കില്‍, വചനത്തില്‍കൂടിയുള്ള പിതാവിന്‍റെ ആവിഷ്കാരം ദൈവത്തെ ദര്‍ശിക്കുന്നവര്‍ക്ക് എത്രയധികം ജീവന്‍ നല്‍കാതിരിക്കയില്ല!ڈ സര്‍വചരാചരസ്രഷ്ടാവായ ദൈവം അവസാനം "എല്ലാത്തിലും എല്ലാമായിത്തീരുക "അങ്ങനെ ദൈവമഹത്വവും നമ്മുടെ സൗഭാഗ്യവും ഒരേസമയം സാക്ഷാത്കരിക്കുക എന്നതാണു സൃഷ്ടിയുടെ ആത്യന്തികലക്ഷ്യം."

  1. സൃഷ്ടിയുടെ രഹസ്യം

ജ്ഞാനവും സ്നേഹവുംകൊണ്ട് ദൈവം സൃഷ്ടിക്കുന്നു.

295 തന്‍റെ ജ്ഞാനത്തിന് അനുസൃതമായി ദൈവം ലോകത്തെസൃഷ്ടിച്ചുവെന്നു നാം വിശ്വസിക്കുന്നു. ലോകം ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധത്താല്‍ സൃഷ്ടിക്കപ്പെട്ടതല്ല യാദൃച്ഛയാ ഭവിച്ചതുമല്ല, അന്ധമായ വിധിയുടെ ഫലവുമല്ല. ദൈവത്തിന്‍റെ സ്വതന്ത്രേച്ഛയില്‍നിന്ന് ഉദ്ഭവിക്കുന്നതാണ് ലോകമെന്നു നാം വിശ്വസിക്കുന്നു. തന്‍റെ സത്തയിലും ജ്ഞാനത്തിലും നന്‍മയിലും സൃഷ്ടികളെ ഭാഗമാക്കുകളാക്കാന്‍ ദൈവം തിരുമനസ്സായി: "കാരണം, അങ്ങു സര്‍വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു". അതിനാല്‍ സങ്കീര്‍ത്തകന്‍ ഇങ്ങനെ ഉദ്ഘോഷിക്കുന്നു. "കര്‍ത്താവേ, അങ്ങയുടെ സൃഷ്ടികള്‍ അത്ര വൈവിധ്യപൂര്‍ണങ്ങളാണ്. ജ്ഞാനത്താല്‍ അങ്ങ് എല്ലാം സൃഷ്ടിച്ചുڈ.""കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്; തന്‍റെ സര്‍വസൃഷ്ടികളുടെയുംമേല്‍ അവിടുന്നു കരുണ ചൊരിയുന്നു."

"ദൈവം ശൂന്യതയില്‍നിന്നു" സൃഷ്ടിക്കുന്നു

296 സൃഷ്ടി നടത്തുന്നതിന് നേരത്തേ ഉണ്ടായിരുന്ന ഏതെങ്കിലും വസ്തുവോ എന്തെങ്കിലും സഹായമോ ദൈവത്തിന് ആവശ്യമില്ലെന്നു നാം വിശ്വസിക്കുന്നു.ദൈവികസത്തയില്‍നിന്നുള്ള നിര്‍ബന്ധപൂര്‍വകമായ നിര്‍ഗളിക്കലും  അല്ല സൃഷ്ടി. ദൈവം സ്വതന്ത്രമായി "ശൂന്യാവസ്ഥയില്‍നിന്നു" സൃഷ്ടിക്കുന്നു.

നേരത്തേ ഉണ്ടായിരുന്ന ഏതെങ്കിലും പദാര്‍ഥത്തില്‍നിന്നാണു ദൈവം ലോകത്തെ സൃഷ്ടിച്ചതെങ്കില്‍, അതില്‍ അസാധാരണമായി എന്തെങ്കിലും ഉണ്ടായിരുന്നോ? ഒരു ശില്‍പി തനിക്കു ലഭിക്കുന്ന പദാര്‍ഥംകൊണ്ടു തനിക്കിഷ്ടമുള്ളതെല്ലാം നിര്‍മിക്കുന്നു. എന്നാല്‍, തനിക്കിഷ്ടമുള്ളതെല്ലാം ശൂന്യതയില്‍നിന്നു സൃഷ്ടിച്ചു എന്നതിലാണ് ദൈവത്തിന്‍റെ ശക്തി പ്രകടമാകുന്നത്.

297 ശൂന്യതയില്‍നിന്നുള്ള സൃഷ്ടിയെസംബന്ധിച്ച വിശ്വാസം വാഗ്ദാനത്തിന്‍റെയും പ്രത്യാശയുടെയും സത്യത്താല്‍ പൂരിതമായ ഒരു യാഥാര്‍ഥ്യമായി വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ഏഴു പുത്രന്‍മാരുടെ അമ്മ അവരെ രക്തസാക്ഷിത്വത്തിനു ധൈര്യപ്പെടുത്തിക്കൊണ്ടു പറയുന്നതിങ്ങനെയാണ്:

"നിങ്ങള്‍ എങ്ങനെ എന്‍റെ ഉദരത്തില്‍ രൂപം കൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്‍റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്‍റെ നിയമത്തെ പ്രതി നിങ്ങള്‍ നിങ്ങളെതന്നെ വിസ്മരിക്കുന്നതിനാല്‍, കരുണാപൂര്‍വ്വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.....ആകാശത്തെയും ഭൂമിയേയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സ്യഷ്ടിച്ചതെന്നു മനസിലാക്കുക. മനുഷ്യരും അതുപോലെയാണ് സ്യഷ്ടിക്കപ്പെട്ടത്."

298 ശൂന്യതയില്‍നിന്നു സൃഷ്ടിക്കാന്‍ ദൈവത്തിനു ശക്തിയുള്ളതിനാല്‍ ڇനിര്‍മ്മലമായ ഒരു ഹൃദയം അവനില്‍ സൃഷ്ടിച്ചുകൊണ്ട് പരിശുദ്ധാത്മാവു വഴി പാപികള്‍ക്ക് ആധ്യാത്മിക ജീവന്‍ നല്‍കുവാനും, മരിച്ചവര്‍ക്കു പുനരുത്ഥാനം വഴി ശാരീരിക ജീവന്‍ നല്‍കുവാനും ദൈവത്തിനു കഴിയും. ദൈവം "മരിച്ചവര്‍ക്ക് ജീവന്‍ നല്‍കുകയും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വം നല്‍കുകയും ചെയ്യുന്നു." തന്‍റെ വചനം വഴി അന്ധകാരത്തില്‍ പ്രകാശം ചൊരിയാന്‍ ദൈവത്തിനു കഴിഞ്ഞതിനാല്‍ തന്നെ അറിയാത്തവര്‍ക്കു വിശ്വാസ വെളിച്ചം നല്‍കുവാനും അവിടുത്തേക്കു കഴിയും.

ദൈവം ക്രമീകൃതവും നല്ലതുമായ ലോകത്തെ സൃഷ്ടിക്കുന്നു.

299 ദൈവം ജ്ഞാനം കൊണ്ടു സൃഷ്ടിക്കുന്നെങ്കില്‍, അവിടുത്തെ സൃഷ്ടി ക്രമീകൃതമാണ്. " അങ്ങു സര്‍വവും അളന്ന് എണ്ണി, തൂക്കി ക്രമപ്പെടുത്തിയിരിക്കുന്നു." അദ്യശ്യ ദൈവത്തിന്‍റെ പ്രതിച്ഛായയായ സനാതന വചനത്തിലും സനാതന വചനത്താലും സ്യഷ്ടിക്കപ്പെട്ട വിശ്വം "ദൈവച്ഛായയില്‍" സൃഷ്ടിക്കപ്പെട്ടവനും, ദൈവവുമായി വ്യക്തിപരമായ ബന്ധത്തിനു വിളിക്കപ്പെട്ടവനുമായ. മനുഷ്യനു വേണ്ടിയാണ്; അത് അവന് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ദൈവിക ബുദ്ധിയുടെ വെളിച്ചത്തില്‍ ഭാഗഭാക്കാകുന്ന നമ്മുടെ ബുദ്ധി, സൃഷ്ടപ്രപഞ്ചത്തിലൂടെ ദൈവം നമ്മോടു പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ ശക്തമാണ്; പക്ഷേ, കഠിനാധ്വാനത്തിലൂടെ സ്രഷ്ടാവിന്‍റെയും അവന്‍റെ സൃഷ്ടികളുടെയും മുന്‍പില്‍ വിനയബഹുമാന സമന്വിതം വര്‍ത്തിച്ചു കൊണ്ടും മാത്രമേ, ഇതു സാധ്യമാകൂ. സൃഷ്ടി ദൈവത്തിന്‍റെ നന്മയില്‍ നിന്ന് ഉത്ഭവിക്കുന്നതിനാല്‍ അത് അവിടുത്തെ നന്മയില്‍ പങ്കുചേരുന്നു. "അത് നന്നായിരിക്കുന്നുവെന്നു, ദൈവം കണ്ടു." മനുഷ്യനു വേണ്ടിയുള്ള ഒരു സമ്മാനമായി, അവനു വേണ്ടിയുള്ളതും അവനെ ഭരമേല്‍പിച്ചിരിക്കുന്നതുമായ ഒരു പൈതൃകമായി ദൈവം സ്യഷ്ടിയെ നിശ്ചയിച്ചു. ഭൗതിക പ്രപഞ്ചമുള്‍പ്പെടെയുള്ള സര്‍വ സൃഷ്ടികളുടെയും നന്മയെ ന്യായീകരിച്ചുറപ്പിക്കേണ്ട പല സന്ദര്‍ഭങ്ങളും സഭയിലുണ്ടായിട്ടുണ്ട്.

ദൈവം സൃഷ്ടിക്കതീതനും സൃഷ്ടിയില്‍ സന്നിഹിതനുമാണ്

300 തന്‍റെ സര്‍വ സൃഷ്ടികളേക്കാള്‍ അനന്തശ്രേഷ്ഠയുള്ളവനാണു ദൈവം. അവിടുത്തെ മഹത്ത്വം ആകാശങ്ങള്‍ക്കുമേല്‍ അവിടുന്നു സ്ഥാപിച്ചു. അവിടുത്തെ മഹത്വം അന്വേഷണാതീതമാണ്. പരമോന്നതനും സ്വതന്ത്രനുമായ സ്രഷ്ടാവും അസ്തിത്വമുള്ളവയുടെയെല്ലാം പ്രഥമ കാരണവുമെന്നനിലയ്ക്കു, തന്‍റെ സ്യഷ്ടികളുടെയെല്ലാം ആന്തരികാഗാധങ്ങളില്‍ ദൈവം സന്നിഹിതനാണ്. " അവിടുന്നിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും ആയിരിക്കുന്നതും." വിശുദ്ധ അഗസ്തീനോസിന്‍റെ വാക്കുകളില്‍: "ദൈവം എന്‍റെ അന്തസ്സത്തയെക്കാളെല്ലാം അന്ത:സ്ഥിതനും, എന്‍റെ ഔന്നത്യത്തെക്കാളെല്ലാം ഉന്നതനും ആകുന്നു."

ദൈവം സര്‍വസൃഷ്ടികളുടെയും സന്ധാരകനും പരിപാലകനും

301 സൃഷ്ടികര്‍മ്മം കഴിഞ്ഞു തന്‍റെ സൃഷ്ടികളെയെല്ലാം അവയുടെ വഴിക്കുതന്നെ ദൈവം കൈവിടുന്നില്ല; അവിടുന്ന് അവയ്ക്കെല്ലാം ഉണ്‍മയും അസ്തിത്വവും നല്‍കുക മാത്രമല്ല, ഓരോ നിമിഷവും അവയെ ഉണ്‍മയില്‍ നിലനിറുത്തുകയും; പ്രവര്‍ത്തിക്കുന്നതിന് അവയെ ശക്തമാക്കുകയും അവയുടെ ആത്യന്തിക ലക്ഷ്യത്തിലേക്കു അവയെ നയിക്കുകയും ചെയ്യുന്നു. സൃഷ്ടികള്‍ക്കു സൃഷ്ടാവിലുള്ള ഈ പരിപൂര്‍ണാശ്രയത്വം അംഗീകരിക്കുന്നതു ജ്ഞാനത്തിന്‍റെയും സ്വാതന്ത്രത്തിന്‍റെയും സന്തോഷത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ഉറവിടമാകുന്നു.

"എല്ലാറ്റിനെയും അങ്ങ് സ്നേഹിക്കുന്നു. അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങു ദ്വേഷിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നിലനില്‍ക്കുമോ? അങ്ങ് അസ്തിത്വത്തിലേക്കു വിളിച്ചില്ലെങ്കില്‍ എന്തെങ്കിലും പുലരുമോ? ജീവനുള്ളവയെ സ്നേഹിക്കുന്ന കര്‍ത്താവേ, അങ്ങ് എല്ലാറ്റിനോടും ദയ കാണിക്കുന്നു. കാരണം, അവ അങ്ങയുടേതാണ്."

  1. ദൈവം തന്‍റെ പദ്ധതി നടപ്പാക്കുന്നു; ദൈവിക പരിപാലന

302 സൃഷ്ടിക്ക് അതിന്‍റേതായ നന്മയും തനതായ പൂര്‍ണതയുമുണ്ട്. എന്നിരുന്നാലും, പരിപൂര്‍ണാവസ്ഥയിലല്ല സൃഷ്ടി സൃഷ്ടാവിന്‍റെ കരങ്ങളില്‍നിന്നു പുറത്തു വരുന്നത്. ദൈവം നിയോഗിച്ചിട്ടുള്ളതും ഇനിയും പ്രാപിക്കേണ്ടതുമായ ഒരു ആത്യന്തിക പൂര്‍ണ്ണതയിലേക്ക് "സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ " ആണു പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്. ഈ പൂര്‍ണതയിലേക്ക്  തന്‍റെ സൃഷ്ടിയെ നയിക്കുന്നതിന് ദൈവം കൈക്കൊള്ളുന്ന ക്രമവിധാനങ്ങളെ നാം "ദൈവിക പരിപാലന" യെന്നു വിളിക്കുന്നു.

ദൈവം സ്യഷ്ടിച്ച സര്‍വ്വവും ദൈവം തന്‍റെ പരിപാലന വഴി സംരക്ഷിക്കുകയും  ഭരിക്കുകയും ചെയ്യുന്നു. " ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഈ പരിപാലനം ശക്തമായി എത്തുന്നു. എല്ലാറ്റിനെയും സുഗമമായി ക്രമീകരിക്കുകയും ചെയ്യുന്നു."  "ദൈവ സൃഷ്ടിക്കുമുന്‍പില്‍ എല്ലാം അനാവൃതവും സ്പഷ്ടവുമാണ്, സൃഷ്ടികളിലെ സ്വതന്ത്ര പ്രവര്‍ത്തനത്തിലൂടെ ഇനി വരാനിരിക്കുന്നവപോലും.ڈ

303 ദൈവപരിപാലനയുടെ  ഔല്‍സുക്യം വസ്തുനിഷ്ഠവും നേരിട്ടുള്ളതും ആകുന്നു എന്നതിനു വി.ഗ്രന്ഥം മുഴുവനും ഐകകണ്ഠ്യേന സാക്ഷ്യം നല്‍കുന്നുണ്ട്: ഏറ്റവും നിസ്സാര കാര്യങ്ങള്‍ മുതല്‍, ലോകത്തിലെയും അതിന്‍റെ ചരിത്രത്തിലെയും മഹാസംഭവങ്ങള്‍ വരെയുള്ള എല്ലാറ്റിലും ദൈവശ്രദ്ധ പതിയുന്നു. സംഭവഗതിയുടെമേല്‍ ദൈവത്തിനുള്ള പരിപൂര്‍ണ ആധിപത്യം വിശുദ്ധ ലിഖിതങ്ങള്‍ ശക്തിയുക്തം ഉദ്ഘോഷിക്കുന്നു: "നമ്മുടെ ദൈവം സ്വര്‍ഗ്ഗത്തിലാണ്; തനിക്കിഷ്ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു." ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: "അവിടുന്നു തുറന്നു കൊടുത്താല്‍ പിന്നെ ആരും അടയ്ക്കുകയില്ല; അവിടുന്ന് അടച്ചാല്‍ ആരും തുറക്കുകയുമില്ല" സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ: "മനുഷ്യഹൃദയത്തില്‍ ആലോചനകളേറെ; നടപ്പില്‍ വരുന്നതു കര്‍ത്താവിന്‍റെ തിരുവിഷ്ടം."

304 ഇതുകൊണ്ടാണു വിശുദ്ധഗ്രന്ഥത്തിന്‍റെ മുഖ്യകര്‍ത്താവായ പരിശുദ്ധാത്മാവ് ഉപഹോതുക്കളൊന്നും സൂചിപ്പിക്കാതെ പ്രവൃത്തികളെ മിക്കപ്പോഴും ദൈവത്തിന്‍റേതായി അവതരിപ്പിക്കുന്നത്. ഇതൊരു "പ്രാചീന സംസാരരീതി"യല്ല; പ്രത്യുത ലോകത്തിന്‍റെയും ചരിത്രത്തിന്‍റേയുംമേല്‍ ദൈവത്തിനുള്ള സര്‍വാധികാരവും അനിഷേധ്യ കര്‍തൃത്ത്വവും അനുസ്മരിപ്പിക്കുവാനും, അങ്ങനെ ദൈവത്തില്‍ ആശ്രയിക്കാന്‍ മനുഷ്യനെ പഠിപ്പിക്കുവാനുമുള്ള അര്‍ത്ഥസംപുഷ്ടമായ ഒരു രീതിയാണ്. പ്രസ്തുത ദൈവാശ്രയം നമ്മെ അഭ്യസിപ്പിക്കുന്ന ഒരു മഹാവിദ്യാലയമാണു, സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥന.

305 തന്‍റെ മക്കളുടെ നിസ്സാരാവശ്യങ്ങളില്‍പോലും ശ്രദ്ധ പതിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിന്‍റെ പരിപാലനയ്ക്കു ശിശുസഹജമായ ദൃഢ വിശ്വാസത്തോടെ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്: "അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.... നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും."

ദൈവപരിപാലനയും ഉപഹേതുക്കളും

306 ദൈവമാണ് തന്‍റെ പദ്ധതിയുടെ പരമാധികാരി എന്നിരുന്നാലും അതു നടപ്പിലാക്കുന്നതിനു ദൈവം തന്‍റെ സൃഷ്ടികളുടെ സഹകരണവും സ്വീകരിക്കുന്നു. ഇതു ബലഹീനതയുടെ ഒരു ലക്ഷണമല്ല, പ്രത്യുത സര്‍വശക്തനായ ദൈവത്തിന്‍റെ മഹത്ത്വത്തിന്‍റെയും നന്മയുടെയും  അടയാളമാണ്. സൃഷ്ടികള്‍ക്കു ദൈവം അവയുടെ അസ്തിത്വം മാത്രമല്ല നല്‍കിയിരിക്കുന്നത്; സ്വമേധയാ പ്രവര്‍ത്തിക്കുന്നതിനും, അന്യോന്യം കാരണങ്ങളും പ്രഭവങ്ങളുമായി വര്‍ത്തിക്കുന്നതിനും, അങ്ങനെ ദൈവീക പദ്ധതിയുടെ നിര്‍വഹണത്തില്‍ സഹകരിക്കുന്നതിനുമുള്ള അന്തസ്സും സൃഷ്ടികള്‍ക്ക് അവിടുന്നു നല്‍കിയിരിക്കുന്നു.

307 ഭൂമിയെ കീഴ്പ്പെടുത്തി, അതിന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം മനുഷ്യരെ ഏല്‍പ്പിച്ചുകൊണ്ടു ദൈവിക പരിപാലനയില്‍ സ്വതന്ത്രമായി പങ്കുചേരാന്‍ കഴിവു ദൈവം അവര്‍ക്കുനല്‍കുന്നു. സൃഷ്ടികര്‍മ്മത്തെ പൂര്‍ണതയിലെത്തിക്കുവാനും സൃഷ്ടിയുടെ താളക്രമം പൂര്‍ണമാക്കുവാനുമായി, ബുദ്ധിശക്തിയുള്ള സ്വതന്ത്ര കാരണങ്ങളായി വര്‍ത്തിച്ചുകൊണ്ടു തങ്ങളുടെയും സമസൃഷ്ടങ്ങളുടെയും ശ്രേയസ്സിനായി പ്രവര്‍ത്തിക്കുവാന്‍ ദൈവം മനുഷ്യരെ പ്രാപ്തരാക്കുന്നു. ദൈവേഷ്ട നിര്‍വഹണത്തിനു ബോധപൂര്‍വ്വമല്ലാതെ തന്നെ പലപ്പോഴും സഹകാരികളാകുന്ന മനുഷ്യര്‍ക്കു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പ്രാര്‍ത്ഥനകള്‍, സഹനങ്ങള്‍ എന്നിവയിലൂടെ ബോധപൂര്‍വ്വം ദൈവിക പദ്ധതിയില്‍ പ്രവേശിക്കുവാനും കഴിയും. മനുഷ്യര്‍ അങ്ങനെ പൂര്‍ണമായ അര്‍ത്ഥത്തില്‍ "ദൈവത്തിന്‍റെയും അവിടുത്തെ രാജ്യത്തിന്‍റെയും കൂട്ടുവേലക്കാരായി തീരുന്നു."

308 തന്‍റെ സൃഷ്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന സത്യം, സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നും അഭേദ്യമാണ്. ഉപഹേതുക്കളിലും ഉപഹേതുക്കളില്‍കൂടിയും  പ്രവര്‍ത്തിക്കുന്ന പ്രഥമ ഹേതുവാണു ദൈവം. "എന്തെന്നാല്‍, തന്‍റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കുവാനും പ്രവര്‍ത്തിക്കുവാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്.ڈ ഈ സത്യം സ്യഷ്ടികളുടെ മഹത്വത്തെ കുറയ്ക്കുന്നില്ല, പ്രത്യുത, അതിനെ ഉയര്‍ത്തുകയാണു ചെയ്യുന്നത്. ദൈവത്തിന്‍റെ ശക്തിയും ജ്ഞാനവും നന്‍മയും നിമിത്തം ശൂന്യാവസ്ഥയില്‍നിന്നു പുറത്തുവന്ന സ്യഷ്ടി അതിന്‍റെ പ്രഭവത്തില്‍ നിന്നു വിച്ഛേദിക്കപ്പെടുകയാണെങ്കില്‍ യാതൊന്നും ചെയ്യാന്‍ അതിനു സാധിക്കുകയില്ല. "സ്രഷ്ടാവിന്‍റെ അഭാവത്തില്‍ സൃഷ്ടി ശൂന്യതയില്‍ മറയുന്നു." അതിനെക്കാള്‍ അസാധ്യമാണു ദൈവകൃപയുടെ സഹായമില്ലാതൊരു സൃഷ്ടിക്ക് അതിന്‍റെ പരമാന്ത്യം പ്രാപിക്കുക എന്നത്.   

ദൈവപരിപാലനയും തിന്‍എന്ന വിഷമ പ്രശ്നവും

309 ക്രമീകൃതവും നല്ലതുമായ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ സര്‍വശക്തനും പിതാവുമായ ദൈവം തന്‍റെ സൃഷ്ടികളെയെല്ലാം പരിപാലിക്കുന്നെങ്കില്‍ തിന്‍മ എങ്ങനെയുണ്ടാകുന്നു? അടിയന്തരസ്വഭാവമുളളതും അനുപേക്ഷണീയവും വേദനാജനകവും നിഗൂഢവുമായ  ഈ പ്രശ്നത്തിനു തിടുക്കത്തിലുള്ള ഒരുത്തരവും മതിയാവുകയില്ല. ക്രൈസ്തവ വിശ്വാസത്തിന്‍റെ സമഗ്ര ദര്‍ശനത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിനുത്തരം കാണാന്‍ കഴിയൂ: സൃഷ്ടിയുടെ നന്‍മ, പാപത്തിന്‍റെ ദുരന്തം, തന്‍റെ ഉടമ്പടികളില്‍കൂടി മനുഷ്യനെ സന്ദര്‍ശിക്കുന്ന ദൈവത്തിന്‍റെ ക്ഷമാപൂര്‍ണമായ സ്നേഹം,  തന്‍റെ പുത്രന്‍റെ രക്ഷാകരമായ മനുഷ്യാവതാരം, അവിടുത്തെ പരിശുദ്ധാത്മദാനം, അവിടുന്നു വിളിച്ചുകൂട്ടിയ സഭ, കൂദാശകളുടെ ശക്തി, സൗഭാഗ്യ പൂര്‍ണമായ ഒരു ജീവിതത്തിലേക്കുള്ള അവിടുത്തെ വിളി-സ്വതന്ത്രരായ സൃഷ്ടികള്‍ ഈ വിളിക്കു സമ്മതമരുളാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതേ സമയം ഒരു ഭീകര രഹസ്യത്താല്‍ അവയ്ക്ക് ഈ വിളിയെ മുന്‍കൂട്ടി നിരസിക്കുവാനും കഴിയും - തിന്മ എന്ന പ്രശ്നത്തിന് ഒരു പരിധിവരെയെങ്കിലും ഉത്തരം നല്‍കാത്തതായ ക്രൈസ്തവ സന്ദേശത്തിന്‍റെ യാതൊരു ഘടകവുമില്ല.

310 എന്നാല്‍ എന്തുകൊണ്ടാണു, യാതൊരു തിന്‍മയ്ക്കും നിലനില്‍ക്കാനാവാത്തവിധം പരിപൂര്‍ണമായ ഒരു ലോകത്തെ ദൈവം സൃഷ്ടിക്കാതിരുന്നത്? അനന്ത ശക്തനായ ദൈവത്തിന് എപ്പോഴും കൂടുതല്‍ ശ്രേഷ്ഠമായതിനെ സൃഷ്ടിക്കുവാന്‍ കഴിയുമല്ലോ. എന്നാല്‍ ആത്യന്തിക ഗുണപൂര്‍ണതയിലേക്കു "ചരിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ " ലോകത്തെ സൃഷ്ടിക്കുവാനാണു ദൈവം തന്‍റെ അനന്തജ്ഞാനത്തിലും നന്മയിലും സ്വതന്ത്രമായി തീരുമാനിച്ചത്. ദൈവിക പദ്ധതിയില്‍ ഈ പ്രക്രിയ ചില ചരാചരങ്ങളുടെ ആവിര്‍ഭാവത്തിനും മറ്റു ചിലവയുടെ തിരോധാനത്തിനും ഹേതുവാകുന്നു; കൂടുതല്‍ ഗുണ പൂര്‍ണത പ്രാപിച്ചവയോടൊത്തു കുറച്ചുമാത്രം ഗുണ പൂര്‍ണത പ്രാപിച്ചവയും ക്രിയാത്മക ശക്തികള്‍ക്കൊപ്പം നശീകരണ ശക്തികളും നിലനില്‍ക്കുന്നു: സൃഷ്ടി ഗുണപൂര്‍ണതയിലെത്തുന്നതുവരെ ഭൗതിക നന്മയോടൊത്തു ഭൗതിക തിന്‍മയും നിലനില്‍ക്കുന്നു.

311 ബുദ്ധിശക്തിയും സ്വാതന്ത്ര്യവുമുള്ള സ്യഷ്ടികള്‍ എന്ന നിലയ്ക്കു മനുഷ്യരും മാലാഖമാരും തങ്ങളുടെ സ്വതന്ത്രതീരുമാനത്താലും വിശിഷ്ട സ്നേഹത്താലും അവരുടെ പരമാന്ത്യത്തിലേക്കു യാത്ര ചെയ്യണം; അതിനാല്‍ അവര്‍ക്കു മാര്‍ഗഭ്രംശം സാധ്യമാണ്. അവര്‍ വാസ്തവത്തില്‍ പാപത്തില്‍ വീഴുകയും ചെയ്തു. അങ്ങനെയാണു  ഭൗതിക തിന്മയെക്കാള്‍ അളവറ്റ വിധം ദോഷകരമായ ധാര്‍മിക തിന്‍മ ലോകത്തില്‍ പ്രവേശിച്ചത്. ദൈവം പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധത്തിലും ധാര്‍മിക തിന്‍മയുടെ ഹേതുവല്ല. എന്നാലും തന്‍റെ സൃഷ്ടികളുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടു ദൈവം തിന്മ അനുവദിക്കുന്നു. അതേസമയം നിഗൂഢാത്മകമായി തിന്മയില്‍ നിന്ന് എങ്ങനെ നന്മ പുറപ്പെടുവിക്കുവാനാകുമെന്ന് അവിടുന്നറിയുന്നു;

"സര്‍വശക്തനായ ദൈവം....., അവിടുന്നു പരമ നന്മയായതിനാല്‍, തിന്മയില്‍ നിന്നു പോലും നന്മ പുറപ്പെടുത്താന്‍ തക്കവിധം സര്‍വശക്തനും നല്ലവനുമല്ലായിരുന്നെങ്കില്‍ തന്‍റെ സൃഷ്ടികളില്‍ എന്തെങ്കിലും തിന്മയ്ക്കു സ്ഥാനം അനുവദിക്കില്ലായിരുന്നു."

312 തന്‍റെ സൃഷ്ടികളില്‍ ഉളവാകുന്ന തിന്മയുടെ, ധാര്‍മ്മിക തിന്മയുടെ പോലും, ഫലങ്ങളില്‍ നിന്നു തന്‍റെ സര്‍വശക്തനായ പരിപാലനമൂലം നന്മ പുറപ്പെടുവിക്കുവാന്‍ ദൈവത്തിനു സാധിക്കുമെന്നു യഥാകാലം കാണാന്‍ നമുക്കു കഴിയും. ജോസഫ് തന്‍റെ സഹോദരന്‍മാരോടു പറഞ്ഞു; "എന്നെ ഇങ്ങോട്ട് അയച്ചത് നിങ്ങളല്ല, പ്രത്യുത ദൈവമാണ്...... നിങ്ങള്‍ എനിക്കു തിന്മ ചെയ്തു പക്ഷേ ദൈവം അതു നന്മയാക്കി മാറ്റി. ഇന്നു കാണുന്നതു പോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അത് ചെയ്തത്." ഇന്നോളം ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ധാര്‍മ്മിക തിന്‍മയില്‍ നിന്ന്- സര്‍വ മനുഷ്യരുടെയും പാപങ്ങളുടെ  ഫലമായി ദൈവത്തിന്‍റെ ഏകജാതനെ തിരസ്കരിച്ചതും മരണത്തിന് ഏല്‍പിച്ചു കൊടുത്തതും - ദൈവം അവിടുത്തെ അതിസമൃദ്ധമായ കൃപാവരത്താല്‍ ഏറ്റവും മഹത്തായ നന്മ പുറപ്പെടുവിച്ചിരിക്കുന്നു; ക്രിസ്തുവിന്‍റെ മഹത്ത്വീകരണവും നമ്മുടെ രക്ഷയും. ഇതെല്ലാമാണെങ്കിലും തിന്‍മ ഒരിക്കലും ഒരു നന്‍മ ആയിത്തീരുന്നില്ല.

313 ڇ തന്നെ സ്നേഹിക്കുന്നവര്‍ക്കു ദൈവം സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.ڈ വിശുദ്ധരുടെ നിരന്തര സാക്ഷ്യം ഈ സത്യം ഉറപ്പിക്കുന്നു;

ഏറെ ഇടര്‍ച്ചയ്ക്കു വിധേയരായവരോടും തങ്ങള്‍ക്കു സംഭവിച്ചവയോടു പ്രതിഷേധം പ്രകടിപ്പിച്ചവരോടുമായി സിയെന്നായിലെ വി.കത്രീന പറഞ്ഞു; "എല്ലാം സ്നേഹത്തില്‍ നിന്നാണു ലഭിക്കുന്നത്. എല്ലാം മനുഷ്യരുടെ രക്ഷയ്ക്കായി ക്രമീകരിക്കപ്പെട്ടിരുന്നു. ഇതല്ലാതെ മറ്റൊരു ലക്ഷ്യവും ദൈവത്തിനില്ല."

തന്‍റെ രക്തസാക്ഷിത്വത്തിനു കുറച്ചു മുന്‍പ് വിശുദ്ധ തോമസ് മൂര്‍, തന്‍റെ പുത്രിയെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു; "ദൈവം തിരുമനസ്സാകാതെ യാതൊന്നും സംഭവിക്കുകയില്ല. അത് എന്തു തന്നെയായാലും, അതു നമ്മുടെ ദൃഷ്ടിയില്‍ എത്ര തിന്മയായി തോന്നിയാലും അതുതന്നെയാണ് ഏറ്റവും ഉത്തമം."

നോര്‍വിച്ചിലെ ജൂലിയാനാ പ്രഭ്വിയുടെ വാക്കുകള്‍ ശ്രദ്ധേയങ്ങളാണ്; "ഞാന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്നും അതുപോലെ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെല്ലാം സ്വീകരിക്കണമെന്നും, നമ്മുടെ നന്മയ്ക്കായിരിക്കുമെന്ന് നിനക്കുതന്നെ കാണാന്‍ കഴിയും."

314 ദൈവം ലോകത്തിന്‍റെയും ചരിത്രത്തിന്‍റെയും നാഥനാണെന്നു നാം ഉറച്ചു വിശ്വസിക്കുന്നു: എങ്കിലും അവിടുത്തെ പരിപാലനയുടെ വഴികള്‍ നമുക്കു പലപ്പോഴും അജ്ഞാതങ്ങളാണ്. നമ്മുടെ ഭാഗിക ജ്ഞാനം ഇല്ലാതാകുന്ന അന്ത്യത്തില്‍ ദൈവത്തെ നമ്മള്‍ "മുഖാഭിമുഖം" ദര്‍ശിക്കുമ്പോള്‍ മാത്രമേ, നമ്മള്‍ ദൈവത്തിന്‍റെ വഴികള്‍ (തിന്‍മയുടെയും പാപത്തിന്‍റെയും രംഗപ്രവേശങ്ങളില്‍ക്കൂടിപ്പോലുമുള്ള വഴികള്‍) പൂര്‍ണമായി അറിയുകയുള്ളൂ. അവയിലൂടെയാണ് തിന്‍മയുടെയും പാപത്തിന്‍റെയും ദുരന്തത്തില്‍ പോലും ദൈവം തന്‍റെ സൃഷ്ടിയെ അന്തിമ സാബത്തു വിശ്രമത്തിലേക്ക് നയിച്ചത്. ആകാശവും ഭൂമിയും ദൈവം സൃഷ്ടിച്ചത് ഈ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയായിരുന്നു.

സംഗ്രഹം

315 ലോകത്തിന്‍റെയും മനുഷ്യന്‍റെയും സൃഷ്ടിയില്‍ക്കൂടി ദൈവം തന്‍റെ ജ്ഞാനത്തിന്‍റേയും സര്‍വശക്ത സ്നേഹത്തിന്‍റെയും പ്രഥമവും സാര്‍വ്വത്രികവുമായ സാക്ഷ്യം നല്‍കിയിരിക്കുന്നു. ക്രിസ്തുവിലുള്ള പുതിയ സൃഷ്ടിയെ ലക്ഷ്യമാക്കിയുള്ള, "ദൈവത്തിന്‍റെ കൃപാവര പദ്ധതിയുടെ പ്രഥമപ്രഘോഷണമാണിത്."

316 സൃഷ്ടികര്‍മ്മം പ്രത്യേകമായി പിതാവിന്‍റെ പ്രവൃത്തിയായി പരിഗണിക്കപ്പെടുന്നെങ്കിലും, അതുപോലെ തന്നെ നമ്മുടെ വിശ്വാസ സത്യമാണു പിതാവും പുത്രനും പരിശുദ്ധാത്മാവും സൃഷ്ടികര്‍മ്മത്തിന്‍റെ അവിഭാജ്യമായ ഏക പ്രഭവമാണെന്ന്.

317 സ്വതന്ത്രമായും നേരിട്ടും യാതൊരു സഹായം കൂടാതെയും ദൈവം തനിച്ചാണ് പ്രപഞ്ചം സ്യഷ്ടിച്ചത്.

318 നിഷ്കൃഷ്ടാര്‍ത്ഥത്തില്‍, "സൃഷ്ടികര്‍മ്മം" നിര്‍വഹിക്കുവാന്‍ വേണ്ടി അനന്തശക്തി യാതൊരു സൃഷ്ടിക്കുമില്ല. യാതൊരു വിധത്തിലും മുന്‍പില്ലാതിരുന്ന അസ്തിത്വം ഒരു വസ്തുവിനോ ജീവിക്കോ കൊടുക്കുക, അതായതു "ശൂന്യാവസ്ഥയില്‍ നിന്ന്" അതിനെ അസ്ഥിത്വത്തിലേക്കു വിളിക്കുക, എന്നതാണു സൃഷ്ടികര്‍മ്മം .

 319 തന്‍റെ മഹത്ത്വം പ്രകടമാക്കാനും പകര്‍ന്നുകൊടുക്കാനുമാണു ദൈവം ലോകത്തെ സൃഷ്ടിച്ചത്. ദൈവത്തിന്‍റെ സത്യത്തിലും നന്മയിലും സൗന്ദര്യത്തിലും സൃഷ്ടികള്‍ പങ്കാളികളാകുന്നതിലാണ് സ്യഷ്ടികര്‍മ്മത്തിന്‍റെ ലക്ഷ്യമായ ദൈവമഹത്ത്വം അടങ്ങിയിരിക്കുന്നത്.

320 പുത്രനായ വചനം മൂലവും തന്‍റെ ശക്തിയുടെ വചനത്താല്‍ എല്ലാറ്റിനെയും താങ്ങി നിറുത്തുന്ന സ്യഷ്ടാവും ജീവദാതാവുമായ പരിശുദ്ധാത്മാവുമൂലവും ദൈവം ലോകത്തെ സൃഷ്ടിക്കുകയും അതിനെ അസ്ഥിത്വത്തില്‍ നിലനിറുത്തുകയും ചെയ്യുന്നു.

321 ജ്ഞാനത്തോടും സ്നേഹത്തോടുംകൂടെ തന്‍റെ സൃഷ്ടികളെയെല്ലാം അവയുടെ പരമ ലക്ഷ്യത്തിലേക്കു നയിക്കുന്നതിനു ദൈവം സ്വീകരിക്കുന്ന സംവിധാനങ്ങളാണു ദൈവിക പരിപാലന.

322 നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹ പരിപാലനയിലേക്ക് പുത്രനിര്‍വിശേഷമായ ആത്മസമര്‍പ്പണത്തിനു ക്രിസ്തു നമ്മെ ക്ഷണിക്കുന്നു ( രള. മത്താ 6:26-36). വിശുദ്ധ പത്രോസ് അപ്പസ്തോലനും ആവര്‍ത്തിച്ചു പറയുന്നുണ്ട്; നിങ്ങളുടെ ഉല്‍ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പ്പിക്കുവിന്‍. എന്തെന്നാല്‍, അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (പത്രോ 5:7; രള. സങ്കീ 55:23). 

323 സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളില്‍കൂടിയും, ദൈവിക പരിപാലന പ്രവര്‍ത്തിക്കുന്നു; ദൈവിക പദ്ധതിയോടു സ്വതന്ത്രമായി സഹകരിക്കുവാനുള്ള കഴിവു മനുഷ്യര്‍ക്കു ദൈവം നല്‍കുന്നു.

324 ഭൗതിക തിന്മ മാത്രമല്ല, ധാര്‍മിക തിന്മപോലും ദൈവം അനുവദിക്കുന്നുവെന്ന വസ്തുത ഒരു ദിവ്യരഹസ്യമാണ്; തിന്മയുടെ മേല്‍ വിജയം വരിക്കുവാനായി മരിച്ച് ഉയിര്‍ത്ത ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം ഈ രഹസ്യം അനാവരണം ചെയ്യുന്നു. തിന്മയില്‍നിന്ന് നന്മ ഉളവാക്കുവാന്‍ കഴിയുകയില്ലായിരുന്നെങ്കില്‍ ദൈവം ആ തിന്മ അനുവദിക്കുകയില്ലായിരുന്നുവെന്നു വിശ്വാസം നമുക്ക് ഉറപ്പു വരുത്തുന്നു. ഇതിനുള്ള മാര്‍ഗങ്ങള്‍ നിത്യജീവിതത്തില്‍ മാത്രമേ നാം പൂര്‍ണമായി അറിയുകയുള്ളൂ.

Human Philosophy - From the Catholic point of view human philosophy catholic malayalam Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message