x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

മനുഷ്യജീവന്‍ ദൈവശാസ്ത്ര വീക്ഷണത്തില്‍

Authored by : Rev. Dr. Scaria Kanyakonil On 02-Feb-2021

നുഷ്യന്‍റെ ശരീരത്തെയും ജീവനെയുംകുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇന്ന് സമൂഹത്തി ലുള്ളത്. കത്തോലിക്കാസഭയ്ക്ക് ജീവനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത് മറ്റ് മതങ്ങളുടെയും സമൂഹങ്ങളുടെയും ചിന്തയില്‍നിന്ന് വിഭിന്നമാണ്. ഇന്ന് മെഡിക്കല്‍ രംഗത്ത് അനേകം പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്. ഒരുവശത്ത് ജീവനെ നിലനിര്‍ത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ജീവനെ ഇല്ലാതാക്കുന്ന പ്രവണതകള്‍ കാണാം. ഈ അദ്ധ്യായത്തില്‍ എന്താണ് ജൈവധാര്‍മ്മികത, ജീവന്‍റെ ദൈവശാസ്ത്രം എന്നിവയാണ് പ്രതിപാദിക്കുന്നത്.

  1. ജൈവധാര്‍മ്മികത

പദങ്ങള്‍: ഗ്രീക്ക് ഭാഷയിലെ ബിയോസ് (Bios) എന്ന പദത്തില്‍നിന്നാണ് ജീവന്‍ എന്ന പദം വരുന്നത്. സാധാരണയായി ജൈവധാര്‍മ്മികത എന്നു പറഞ്ഞാല്‍ ജനനം, മരണം, ആരോഗ്യം, രോഗം എന്നീ മേഖലകള്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ്. ഇപ്പോള്‍ ഇതില്‍ ഗവേഷണധാര്‍മ്മികത, ആരോഗ്യരംഗത്തെ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിന്‍റെ  ധാര്‍മ്മികത, രോഗികളുടെ പ്രശ്നങ്ങള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്.

ചുരുക്കത്തില്‍ ജീവനുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ജൈവധാര്‍മ്മികതയില്‍ ചര്‍ച്ച ചെയ്യുന്നു. ജൈവധാര്‍മ്മികത ഏതാണ്ട് രണ്ടാം ലോകമഹായുദ്ധകാലത്താണ് തുടങ്ങുന്നത്.

ആരോഗ്യ ധാര്‍മ്മികത, ഇംഗ്ലീഷില്‍ 'മെഡിക്കല്‍ എത്തിക്സ്', മനുഷ്യന്‍റെ ആരംഭംമുതല്‍ ഉണ്ട്. ഇതില്‍ പ്രധാനമായും മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സ്വഭാവം എങ്ങനെയായിരിക്കണമെന്നാണ് പ്രതിപാദിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്.  'മെഡിക്കല്‍ എത്തിക്സിനെ' വീണ്ടും രണ്ടായി തിരിക്കാന്‍ സാധിക്കും -'ക്ലിനിക്കല്‍ എത്തിക്സ്' ഇത് രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തെ പ്രതിപാദിക്കുന്നു. 'ഇന്‍സ്റ്റിറ്റ്യൂട്ട് (സ്ഥാപന) എത്തിക്സ്' മെഡിസിന്‍റെ സ്ഥാപനത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്നു.

നിര്‍വ്വചനം: ധാര്‍മ്മിക മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവനെയും ആരോഗ്യത്തെയും അതുമായി ബന്ധപ്പെട്ടവയെയും വിലയിരുത്തി തീരുമാനമെടുക്കുന്നതിനാണ് ജൈവധാര്‍മ്മികത എന്നു പറയുന്നത്. ഈ നിര്‍വ്വചനത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ജീവന്‍, മനസ്സ്, ശരീരം, ആരോഗ്യം, രോഗം, ആരോഗ്യപരിപാലനം, ധാര്‍മ്മിക തീരുമാനങ്ങള്‍ എന്നിവയാണ്.

ജീവന്‍: ശ്വസിക്കുവാനും വളരുവാനും പ്രത്യുത്പാദനം നടത്തുവാനുമുള്ള കഴിവിനെയാണ് ജീവന്‍ എന്നു പറയുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ജീവന്‍ ഉണ്ട്.

ശരീരം: അനേകം വസ്തുക്കള്‍കൊണ്ട് രൂപപ്പെട്ടിരിക്കുന്നതാണ് മനുഷ്യശരീരം. മൃഗങ്ങളുടെ ശരീരവും മനുഷ്യശരീരവും വൃക്ഷങ്ങളും തമ്മില്‍ വ്യത്യാസം ഉണ്ട്.

ആരോഗ്യം: മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ സാധാരണരീതിയുള്ള പ്രവര്‍ത്തനത്തിനാണ് ആരോഗ്യം എന്നു പറയുന്നത്.

രോഗം: ആരോഗ്യം ഇല്ലാത്ത അവസ്ഥയ്ക്കാണ് രോഗം എന്നു പറയുന്നത്. ഇത് മാനസികവും ശാരീരികവുമാകാം.

ആരോഗ്യപരിപാലനം: ജീവനെ രക്ഷിക്കുക, നിലനിര്‍ത്തുക, പരിപാലിക്കുക, പ്രോത്സാഹിപ്പിക്കുക, ആരോഗ്യത്തിന് എതിരായി കാണുന്ന രോഗത്തെ മാറ്റുക, യഥാസമയം ചികിത്സ കൊടുക്കുക എന്നിവയാണ് ആരോഗ്യപരിപാലനം കൊണ്ടര്‍ത്ഥമാക്കുന്നത്.

വിവാഹം, ലൈംഗികത, ജീവന്‍, ജൈവധാര്‍മ്മികത: വിവാഹവും കുടുംബജീവിതത്തിലെ ലൈംഗികതയുമാണ് മനുഷ്യജീവന്‍ ഉടലെടുക്കുവാനും വളരുവാനും കാരണമാകുന്നത്. അതുകൊണ്ട് ജൈവധാര്‍മ്മികത വിവാഹം, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

  1. വ്യത്യസ്ത കാഴ്ചപ്പാടുകള്‍

ഇന്ന് പ്രധാനമായും ജീവന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത് രണ്ട് കാഴ്ചപ്പാടില്‍ നിന്നാണ്. ഒന്നാമത്തേത് ഗുണത്തിന്‍റെ തോതനുസരിച്ചാണ് മനുഷ്യനേയും മനുഷ്യജീവനേയും വിലയിരുത്തുന്നത്. ഈ ജീവന്‍കൊണ്ട് എന്ത് പ്രയോജനം. പ്രയോജനത്തിന്‍റെ അടിസ്ഥാനം സന്തോഷമാണ്. പ്രധാനമായും രണ്ട് രീതിയിലാണ് ജീവന്‍റെ ഗുണത്തെ വിലയിരുത്തുന്നത്.  ഒന്നാമതായി ഞാന്‍ തന്നെ എന്‍റെ ജീവനെ വിലയിരുത്തുന്നു. കഠിനമായ രോഗം, വേദന തുടങ്ങിയവ ഇവിടെ ജീവനെ വിലയിരുത്താന്‍ എടുക്കുന്നു. രണ്ടാമതായി മറ്റുള്ളവരാണ് എന്‍റെ ജീവനെ വിലയിരുത്തുന്നത്. ഗര്‍ഭസ്ഥശിശുക്കള്‍, അംഗവൈകല്യം ഉള്ളവര്‍, പ്രായമായവര്‍ എന്നിവരെ ഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ വിലയിരുത്തുന്നു. ഇന്ന് പല വ്യക്തികളും സമൂഹങ്ങളും മനുഷ്യജീവനെ കാണുന്നത് ഗുണത്തിന്‍റെ രീതിയിലാണ്.

രണ്ടാമത്തെ അഭിപ്രായത്തില്‍ ജീവനെ വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനം പരിശുദ്ധി (Sanctity) യാണ്. എല്ലാ മതങ്ങളുടെയും ചിന്ത ഇതില്‍പ്പെടുന്നതാണ്. കത്തോലിക്കാ സഭയുടെ അഭിപ്രായം മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ അവസാനംവരെ ഏത് രൂപത്തിലും ഭാവത്തിലും ഉള്ളതായിരുന്നാലും അതിനെ ബഹുമാനിക്കണം എന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവന്‍റെ ദൈവശാസ്ത്രമാണ് അടുത്തതായി പ്രതിപാദിക്കുന്നത്.

  1. ജീവന്‍റെ ദൈവശാസ്ത്രം

ഓരോ സമൂഹവും വ്യക്തികളും മതങ്ങളും വിവിധ രീതിയിലാണ് മനുഷ്യജീവനെ കാണുന്നത്. കത്തോലിക്കാ സഭയ്ക്ക് മനുഷ്യനേയും മനുഷ്യജീവനേയുംകുറിച്ച് വ്യക്തമായ പഠനങ്ങള്‍ ഉണ്ട്. സഭയുടെ ആരംഭംമുതല്‍ ഇന്നുവരെ ഈ പ്രബോധനത്തിന് മാറ്റമില്ല. ജീവന്‍റെ ദൈവശാസ്ത്രം ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ അവസാനംവരെ ഏത് രൂപത്തിലും ഭാവത്തിലും ഉള്ളതാകട്ടെ അതിനെ ബഹുമാനിക്കണം എന്നതാണ്. സഭയുടെ ഈ പ്രബോധനമാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നാം വിശദമായി കാണാന്‍ പോകുന്നത്. ശരീരം, മനുഷ്യജീവന്‍ എന്നിവയാണ് ഇവിടെ വിശദീകരിക്കുന്നത്.

3.1. ശരീരത്തിന്‍റെ ദൈവശാസ്ത്രം

ക്രൈസ്തവ മതങ്ങളും കത്തോലിക്കാ സഭയും മനുഷ്യന്‍റെ ശരീരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. വി. ഗ്രന്ഥവും സഭയുടെ രേഖകളും ശരീരത്തെക്കുറിച്ച് പറയുന്നത് ഇവിടെ പ്രതിപാദിക്കുന്നു.

ശരീരവും ആത്മാവും: ബൈബിളില്‍: ഗ്രീക്ക് തത്ത്വശാസ്ത്രമനുസരിച്ച് ആത്മാവിന് ശരീരത്തേക്കാളും കൂടുതല്‍ വിലകൊടുത്തിരിക്കുന്നു. ഇവിടെ ശരീരവും ആത്മാവും വ്യത്യസ്തമായിട്ടാണ് കാണുന്നത്. എന്നാല്‍ പഴയനിയമം ഈ കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു. ഹീബ്രുകാഴ്ചപ്പാടില്‍ മനുഷ്യന്‍റെ ആത്മാവും ശരീരവും വ്യത്യസ്തമായി കാണുവാന്‍ സാധിക്കുകയില്ല. മനുഷ്യന്‍ എന്നു പറയുന്നത് ആത്മാവും (Nepes) ശരീരവും (Basar) കൂടിയ വ്യക്തിയാണ്. പഴയനിയമത്തില്‍ ആത്മാവ് മനുഷ്യനെ സൂചിപ്പിക്കുന്നു (സങ്കീ 103,1; ജോബ് 10,28). ശരീരത്തെ ജീവനുമായും ബന്ധപ്പെടുത്തിയിരിക്കുന്നു (ഉല്പ 6,13). പഴയനിയമത്തില്‍, ശരീരം എന്തുകൊണ്ടാണ് രൂപീകരിച്ചിരിക്കുന്നത് എന്നതിന് പ്രത്യക്ഷമായ ഒരു വാക്ക് ഉപയോഗിക്കുന്നില്ല. മനുഷ്യന്‍റെ ശരീരത്തെ കുറിക്കുവാന്‍ പൊതുവേ ബാസാര്‍ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഗ്രീക്കില്‍ ഇതിനു തുല്യമായ പദങ്ങള്‍ സോമായും (Soma) സാര്‍സും (Sarx) ആണ്. മനുഷ്യന്‍റെ ആത്മീയവും ശാരീരികവുമായിട്ടുള്ള ബന്ധത്തെ സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: "എന്‍റെ ആത്മാവ് നിനക്കുവേണ്ടി ദാഹിക്കുന്നു. എന്‍റെ ശരീരം നിന്നെ ആഗ്രഹിക്കുന്നു" (സങ്കീ 63,1). ചുരുക്കത്തില്‍, മനുഷ്യന്‍ എന്നു പറയുന്നത് ആത്മാവും ശരീരവും ഉള്ള ഒരു വ്യക്തിയായിട്ടാണ് പഴയനിയമം ചിത്രീകരിക്കുന്നത്.

പുതിയനിയമത്തില്‍ ശരീരം എന്നു പറയുമ്പോള്‍ ബൗദ്ധികവും മതാത്മകവും രഹസ്യാത്മകവുമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുണ്ട് (മത്താ 16,17). ശരീരത്തെ അര്‍ത്ഥമാക്കാന്‍ സോമാ (Soma) എന്ന ഗ്രീക്ക് വാക്കാണ് പുതിയനിയമത്തില്‍ ഉപയോഗിക്കുന്നത് (മത്താ 27,52; ലൂക്കാ 17,37). കര്‍ത്താവിന്‍റെ ശരീരത്തെ അര്‍ത്ഥമാക്കാന്‍ ഈ പദമാണ് ഉപയോഗിക്കുന്നത് (മത്താ 27,58; മര്‍ക്കോ 13,43; ലൂക്കാ 23,52; യോഹ 19,31). ശരീരത്തില്‍ രോഗവും സുഖപ്പെടുത്തലും ഉണ്ട് (മര്‍ക്കോ 5,29). കൂടാതെ വസ്ത്രവും ഭക്ഷണവും ശരീരത്തിന് ആവശ്യമാണ് (ജറെ 2,16). അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ ശരീരം എന്നു പറയുമ്പോള്‍ ഒരു വ്യക്തിയെ മൊത്തമായാണ് കാണുന്നത് (നട 2,17-26). പൗലോസ് ശ്ലീഹായുടെ ലേഖനത്തില്‍ 'സാര്‍ക്സ്' എന്ന പദം 1 കോറി 7,28 അര്‍ത്ഥമാക്കുന്നത് മനുഷ്യന്‍റെ ശരീരത്തേയും ആത്മീയതയേയുമാണ്. ആത്മാവിനെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യന്‍റെ ഭൂമിയിലുള്ള ജീവനെ അര്‍ത്ഥമാക്കുന്നു (2 കോറി 10,3; ഗലാ 2,20; ഫിലി 1,22-24). ചുരുക്കത്തില്‍ പുതിയ നിയമത്തില്‍ സോമാ എന്ന പദവും സൈക്കേ എന്ന പദവും മനുഷ്യനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

ഗ്രീക്ക് തത്ത്വശാസ്ത്രം ഒരിക്കലും ആത്മാവും ബൗദ്ധിക പ്രവര്‍ത്തനങ്ങളും ശരീരവും ഒന്നായി കാണുന്നില്ല. ഇത് അര്‍ത്ഥമാക്കുന്നത് മനുഷ്യശരീരത്തെ എങ്ങനേയും എന്തിനുവേണ്ടിയും ഉപയോഗിക്കാമെന്നതാണ്. എന്നാല്‍ ബൈബിള്‍ പറയുന്നത് മനുഷ്യന്‍ ശരീരവും ആത്മാവും ആദ്ധ്യാത്മികതയും ഉള്‍ക്കൊള്ളുന്ന വ്യക്തിയാണെന്നാണ്. ആത്മാവും ശരീരവും തമ്മില്‍ എപ്പോഴും ഐക്യപ്പെട്ടാണ് നില്‍ക്കുന്നത്.

പിതാക്കന്മാരുടെ പ്രബോധനം: ശരീരത്തിന് അതിന്‍റേതായ ബഹുമാനവും സ്ഥാനവും അര്‍ത്ഥവുമാണ് പിതാക്കന്മാര്‍ കൊടുക്കുന്നത്. വ്യക്തി എന്നത് ആത്മാവും ശരീരവും കൂടിയതാണെന്നാണ് ബൈബിള്‍ അധിഷ്ഠിതമായി പിതാക്കന്മാരുടെയും പഠനം. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് 'സോമാ' എന്ന പദം ആണ് ശരീരത്തെ അര്‍ത്ഥമാക്കാന്‍ സൂചിപ്പിക്കുന്നത് (Epistle of the Romans, chapter 4,2). ശരീരം ക്ഷണികമാണെന്ന് ഹെര്‍മ്മാസിന്‍റെ ഇടയന്‍ (Chap V. 3,11,4) പഠിപ്പിക്കുന്നു. വി. ജസ്റ്റിന്‍ ഗ്രീക്ക് തത്ത്വശാസ്ത്രത്തിനെതിരായി എഴുതുന്നുണ്ട്. മനുഷ്യന് ആത്മാവും ശരീരവുമുണ്ടെന്ന് വ്യക്തമാക്കുന്നു (The Fragment of the lose work on the resurrection ch.8). ഏതന്‍സിലെ അത്തനാഗോറസിന്‍റെയും ഇതുപോലെതന്നെയുള്ള അഭിപ്രായമാണ്. ഇരണേവൂസിന്‍റെ കാഴ്ചപ്പാടില്‍ ശരീരം എപ്പോഴും നന്മയുടെ ഉറവിടമാണ്; വ്യക്തിയുടെ ഭാഗമാണ്. ചുരുക്കത്തില്‍ പിതാക്കന്മാര്‍ തങ്ങളുടെ കാലഘട്ടത്തില്‍ ശരീരത്തിന് എതിരായ ഗ്രീക്ക് ചിന്തയ്ക്കെതിരേ ശരീരവും ആത്മാവും തമ്മിലുള്ള ഐക്യം വ്യക്തമാക്കി.

ശരീരത്തിന്‍റെ അവകാശം: ശരീരത്തെ സംബന്ധിച്ച് മറ്റൊരു ചര്‍ച്ച ശരീരത്തിന്‍റെ അവകാശം ആര്‍ക്കാണെന്നുള്ളതാണ്. പ്രധാനമായും മൂന്നു രീതിയിലുള്ള ചര്‍ച്ചയാണ് കാണുവാന്‍ കഴിയുന്നത്. ഒരു കൂട്ടരുടെ അഭിപ്രായത്തില്‍ ശരീരത്തിന്‍റെ അവകാശം വ്യക്തിക്കാണ്. തന്‍റെ ശരീരം ഇഷ്ടംപോലെ ഉപയോഗിക്കാം. മറ്റൊരു വാദം സമൂഹത്തിനാണ് എന്നതാണ്. മൂന്നാമത്തെ ചിന്ത ദൈവത്തിനാണ് ശരീരത്തിന്‍റെമേല്‍ അധികാരം എന്നതാണ്. കത്തോലിക്കാസഭയുടെ പ്രബോധനം മൂന്നാമത്തേതാണ്. ക്രൈസ്തവ കാഴ്ചപ്പാടനുസരിച്ച് മനുഷ്യന് തന്‍റെ ജീവനേയോ മറ്റുള്ളവരുടെ ജീവനേയോ നശിപ്പിക്കാന്‍ അവകാശമില്ല. സഭാപിതാവായ അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍ തന്നെത്തന്നെ നശിപ്പിക്കുന്നവന്‍ കൊലപാതകിയാണ് (De Civitate Dei Liber Primus, Xap.xx). ഈ പഠനം അഞ്ചാമത്തെ പ്രമാണം അനുസരിച്ചാണ്.

പല ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരും ശരീരത്തിന്‍റെ അവകാശം ദൈവത്തിനാണ് എന്നു സ്ഥാപിക്കുന്നുണ്ട്. ഉദാഹരണമായി എല്‍. മോളിനയുടെ അഭിപ്രായത്തില്‍ ശരീരത്തെ സ്വയം നശിപ്പിക്കുന്നത് ദൈവനീതിയ്ക്ക് എതിരായ പ്രവൃത്തിയാണ്. ദൈവം മനുഷ്യന് ജീവന്‍ കൊടുത്തത് അതിനെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ്. ലെയണാര്‍ഡ് ലെസിയൂസിന്‍റെ അഭിപ്രായത്തില്‍ ശരീരത്തെ ഇല്ലാതാക്കുന്നത് ദൈവത്തിന് എതിരായ പ്രവൃത്തിയാണ്. കാരണം ജീവന്‍റെയും മരണത്തിന്‍റെയുംമേല്‍ ദൈവത്തിനാണ് അവകാശം. ഇതുപോലെതന്നെ 17,18,19 നൂറ്റാണ്ടുകളിലെ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാര്‍ ഇതേ ആശയംതന്നെ വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ മനുഷ്യന്‍ എല്ലാ സൃഷ്ടികളേക്കാളും ശ്രേഷ്ഠനാണ്. ദൈവമാണ് മനുഷ്യന്‍റെ സ്രഷ്ടാവ്. ജീവന്‍ എപ്പോഴും ദൈവത്തിനധീനമാണ്. കാരണം ദൈവമാണ് ജീവന്‍ നല്‍കുന്നത്. അതുകൊണ്ട് ആര്‍ക്കും ജീവന്‍റെമേല്‍ അവകാശമില്ല. ദൈവത്തില്‍ എത്തിച്ചേരാനാണ് മനുഷ്യന് ജീവന്‍ നല്കപ്പെട്ടിരിക്കുന്നത്. അവസാനമായി കൊല്ലരുത് എന്ന കല്പനയുടെ സാരാംശം സ്വന്തമായും മറ്റുള്ളവരുടേയും ജീവനെ അപഹരിക്കരുത് എന്നതാണ്.

ശരീരം സ്നേഹത്തിന്‍റെ പ്രകാശനത്തിന്: ഇത് അര്‍ത്ഥമാക്കുന്നത് വിവാഹജീവിതത്തിലെ സ്നേഹമാണ്. ശരീരത്തിന് സ്നേഹം പ്രകാശിപ്പിക്കാനുള്ള കഴിവ് വിസ്മരിക്കാന്‍ സാധിക്കുകയില്ല. ഇങ്ങനെ ശരീരത്തില്‍ സ്നേഹം പ്രകാശിപ്പിക്കാനുള്ള കഴിവ് മനുഷ്യന്‍റെതന്നെ നിലനില്പിന്‍റെ അടിസ്ഥാനമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിവാഹസ്നേഹത്തെക്കുറിച്ച് പറയുന്നത് ശരീരത്തിന് സ്നേഹം പ്രകാശിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്നാണ്. വ്യക്തിതന്നെ സ്വയം ദാനം ചെയ്യുന്ന സമ്മാനമാണ് ശരീരത്തിലൂടെയുള്ള ഈ സ്നേഹം. ഇതുവഴി തന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥവും നിലനില്പും വ്യക്തമാക്കുന്നു.

ശരീരത്തിന്‍റെ രക്ഷ: മനുഷ്യന്‍റെ രക്ഷ അവന്‍റെ ശരീരവുമായി ബന്ധപ്പെട്ടതാണ്. ശരീരം മനസ്സിന്‍റെയും ആത്മാവിന്‍റെയും നിയന്ത്രണത്തിലാകണം (റോമ 7,19). മിശിഹാ തന്‍റെ ശരീരത്തെ മറ്റുള്ളവര്‍ക്ക് നല്കിയത് കുരിശുമരണത്തിലൂടെയാണ്. ഈശോയുടെ ശരീരം നമ്മള്‍ സ്വീകരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പുതിയ ജീവനെ നാം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്‍റെ രക്ഷയെ പ്രതിനിധാനം ചെയ്യുന്നു.

ശരീരത്തിന്‍റെ ഉത്ഥാനം: ഉത്ഥിതനായ ഈശോ വെളിവാക്കുന്നത് നമ്മുടെ ശരീരത്തിന്‍റെ ഉയിര്‍പ്പിനെക്കൂടിയാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശദീകരിക്കുന്നത് ശരീരത്തിന്‍റെ ഉത്ഥാനത്തിന് യുഗാന്ത്യോന്മുഖമായ അര്‍ത്ഥം ഉണ്ടെന്നാണ്. മനുഷ്യശരീരം മനുഷ്യന്‍റെ ഉയിര്‍പ്പില്‍ അധിഷ്ഠിതമാണ്.

ശരീരം ദൈവത്തിന്‍റെ ആലയം: മനുഷ്യശരീരം ദൈവത്തിന്‍റെ ഇരിപ്പിടമാണ്. ദൈവാത്മാവ് വസിക്കുന്ന-പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാണ് ശരീരം. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു (1 കോറി 3,17) ആരെങ്കിലും ശരീരത്തെ നശിപ്പിക്കുകയാണെങ്കില്‍ ദൈവം അവനെ നശിപ്പിക്കും. ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. സഭാപിതാക്കന്മാര്‍ പറയുന്നത് ശരീരത്തില്‍ ദൈവാത്മാവ് ജ്വലിക്കുന്നു എന്നാണ്.

ശരീരം വ്യക്തിബന്ധത്തിന്: ശരീരത്തിന്‍റെ മറ്റൊരു കഴിവാണ് സമൂഹത്തില്‍ വ്യക്തിബന്ധം സ്ഥാപിക്കുക എന്നത്. ശരീരത്തിന്‍റെ ഈ കഴിവ് തന്നെത്തന്നെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്നതിനും തന്നെത്തന്നെ അവരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനും സൗഹൃദത്തിനും ഉതകുന്നതാണ്.

ശരീരത്തിന്‍റെ മാഹാത്മ്യം: ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്പ 1,27-28). ഇത് പ്രദര്‍ശിപ്പിക്കുന്നത് മനുഷ്യശരീരത്തിന്‍റെ മൂല്യവും ബഹുമാനവുമാണ്. ലൈംഗികവ്യാപാരം, അടിമത്തം, ശരീരത്തിന്‍റെ ദുരുപയോഗം, ശരീരത്തെ നശിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇതിനെതിരാണ്. ശരീരത്തോടുള്ള ബഹുമാനത്തിലൂടെയാണ് ഓരോ വ്യക്തിയും ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടത് (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സഭ ആധുനിക യുഗത്തില്‍, 14).

മനുഷ്യജീവന്‍

ശരീരത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടാണ് നാം ഇതുവരെ കണ്ടത്. ഇതിനോട് ബന്ധപ്പെട്ട് അടുത്തതായി നാം ചര്‍ച്ച ചെയ്യുന്നത് മനുഷ്യജീവനെക്കുറിച്ചുള്ള സഭയുടെ പ്രബോധനമാണ്.

പഴയനിയമ കാഴ്ചപ്പാട്: പഴയനിയമത്തില്‍ മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ അവസാനംവരെ ബഹുമാനിക്കണമെന്ന് വിവരിക്കുന്നു. മനുഷ്യനെ തന്‍റെ ഛായയില്‍ ദൈവം സൃഷ്ടിച്ചതാണ് ഇതിന്‍റെ അടിസ്ഥാനം (ഉല്പ 1,27-28). പഴയനിയമത്തില്‍ ജീവനെക്കുറിച്ച് പറയുന്ന പ്രധാന ആശയങ്ങള്‍ താഴെപ്പറയുന്നവയാണ്. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ ജീവന്‍ രൂപപ്പെടുന്നു (ഉല്പ 16,11; 23,21-26; പുറ 21,22; ഏശ 7,14; ജോയേല്‍ 3,11-16; സങ്കീ 22,9-10). ഇത് അര്‍ത്ഥമാക്കുന്നത് ബീജസങ്കലനസമയത്തുതന്നെ മനുഷ്യനാകാനുള്ള കഴിവാണ്. മറ്റൊരാശയം നിഷ്കളങ്കരായവരെ ദൈവം രക്ഷിക്കുന്നു (ഉല്പ 4,9-15; ഏശ 41,4). അവിടുന്ന് ജീവിക്കുന്നവരുടെ ദൈവമാണ് (ജ്ഞാനം 1,13). ദൈവം മനുഷ്യജീവനെ നശിപ്പിക്കുന്നതിനെതിരാണ് (ഉല്പ 4,8). ഉദാഹരണമായി കായേന്‍ ആബേലിനെ കൊന്നു. കൊല്ലരുതെന്ന ദൈവപ്രമാണത്തിലൂടെ മനുഷ്യജീവനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു. നിരാലംബരെ കൊല്ലുന്നത് ഗൗരവമായ തിന്മയായിട്ടാണ് ബൈബിള്‍ കാണുന്നത് (നിയ 27,25; ജറെ 7,6; സങ്കീ 106,37-38; സുഭാ 6,16-19). കുഞ്ഞുങ്ങളെ ഒരിക്കലും നശിപ്പിക്കരുത് (എസെ 16,20-21; ജറെ 32,35; പുറ 1, 15-17; സങ്കീ 106,37-42). ജീവന്‍റെ മേലുള്ള മനുഷ്യന്‍റെ ഉത്തരവാദിത്വമാണ് അത് ഫലദായകമാവുകയും വര്‍ദ്ധിച്ചുപെരുകുക എന്നതും (ഉല്പ 1,28).

രോഗവും സന്താനമില്ലായ്മയും ചില അവസരങ്ങളില്‍ ശാപമായി പഴയനിയമത്തില്‍ അവതരിപ്പിക്കുന്നു (സങ്കീ 107,17; എസെ 20,14-22; 1 രാജാ 14,1-4). ദൈവമാണ് ആരോഗ്യം തരുന്നത്. അവിടുന്നാണ് സൗഖ്യദായകന്‍ (ഉല്പ 20,17; എസെ 15,16; 2 രാജാ 25,12-14).

പുതിയനിയമ കാഴ്ചപ്പാട്: പുതിയനിയമത്തില്‍ രണ്ട് വാക്കുകളാണ് ജീവനെ ദ്യോതിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സോ (ദീല) എന്ന ഗ്രീക്കുവാക്കില്‍ ജീവന്‍റെ സ്വാഭാവിക ശക്തി പ്രകടമാകുന്നു. ബിയോസ് (ആശീെ) എന്ന ഗ്രീക്ക് വാക്ക് ജീവന്‍റെ ധാര്‍മ്മിക അര്‍ത്ഥത്തേയാണ് സൂചിപ്പിക്കുന്നത്. ഈശോ മനുഷ്യരൂപം സ്വീകരിച്ചതുതന്നെ മനുഷ്യജീവന്‍റെ മാഹാത്മ്യത്തെ വ്യക്തമാക്കാനാണ് (യോഹ 1,14). ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അഭിപ്രായത്തില്‍ കുരിശില്‍ നിന്നാണ് ജീവന് ശക്തി കിട്ടുന്നത് (ജീവന്‍റെ സുവിശേഷം, 51).

ബീജസങ്കലന സമയംമുതല്‍ മനുഷ്യജീവന് പ്രാധാന്യം കൊടുക്കണം (ലൂക്കാ 1,35-36; മത്താ 1,18-20). മലയിലെ പ്രസംഗത്തിലൂടെ മനുഷ്യജീവനെ നശിപ്പിക്കരുതെന്ന് ഈശോ പറയുന്നു (മത്താ 5,21-39). നിഷ്ക്കളങ്കരെ നശിപ്പിക്കുന്നത് ഗൗരവമായ തിന്മയാണ് (മത്താ 18,14).

ജീവനെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ് ഈശോയുടെ ആഗ്രഹം. നിന്‍റെ സഹോദരനെ പൂര്‍ണ്ണമനസ്സോടും ആത്മാവോടുംകൂടി സ്നേഹിക്കണം (ലൂക്കാ 10,27) എന്നു പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. ഈശോയുടെ ഉത്ഥാനം മരണത്തില്‍നിന്നും ജീവന്‍റെ സംസ്കാരത്തിലേക്ക് നമ്മെ നയിച്ചു.

ഈശോയുടെ വാക്കിലും പ്രവൃത്തിയിലും ജീവനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. രോഗികളെ സുഖപ്പെടുത്തിയ സംഭവങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. അവിടുന്ന് കാഴ്ച പ്രദാനം ചെയ്തു (മര്‍ക്കോ 8,22; മത്താ 20,29-34), കേള്‍വി നല്‍കി (മര്‍ക്കോ 7,32-37; മത്താ 11,5), സംസാരശക്തി പ്രദാനംചെയ്തു (മത്താ 9,32-33; ലൂക്കാ 11,14), രക്തസ്രാവക്കാരിയെ സുഖപ്പെടുത്തി (മര്‍ക്കോ 15,23-34), കുഷ്ഠരോഗികളെ സുഖപ്പെടുത്തി (മര്‍ക്കോ 1,40-45; ലൂക്കാ 17,12-19), തളര്‍വാതരോഗികള്‍ക്ക് സൗഖ്യം നല്കി(മര്‍ക്കോ 2,3-12; മത്താ 8,6-13; യോഹ 5,3-8), മരിച്ചവര്‍ക്ക് പുനര്‍ജീവന്‍ നല്കി (മര്‍ക്കോ 5,35-43; ലൂക്കാ 7,12-17; മര്‍ക്കോ 9,17-29). ഇതെല്ലാം അര്‍ത്ഥമാക്കുന്നത് ദൈവത്തിന് മനുഷ്യന്‍റെ ജീവനിലുള്ള താല്പര്യമാണ്.

ചുരുക്കത്തില്‍ ബൈബിള്‍ പറയുന്നത് ജീവന്‍ ദൈവത്തിന്‍റെ ദാനമാണ് (ഉല്പ 1,26മു.; ജോബ് 2,4), ജീവന്‍ നിഷ്ക്കളങ്കമാണ് (ഏശ 45,2), ജീവന്‍ പരിശുദ്ധമാണ്. കാരണം ദൈവമാണ് സൃഷ്ടിച്ചത് (ഉല്പ 2,7). ജീവന്‍ എപ്പോഴും നിത്യമാണ് (മത്താ 25,46; 2 തിമോ 1,10). ജീവന്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ ഉത്ഥാനത്തിലാണ്  എത്തുന്നത് (റോമ 14,9; ഗലാ 2,20; 2 കോറി 5,15). മനുഷ്യജീവന്‍ മറ്റെല്ലാ ജീവനേക്കാളും ശ്രേഷ്ഠവും പവിത്രവുമാണ്.

ഡോക്ടര്‍മാരുടെ കടമ

പ്രഭാഷകന്‍റെ പുസ്തകം 38-ാം അദ്ധ്യായം 1-15 വാക്യങ്ങളില്‍ ഡോക്ടര്‍മാരുടെ കടമ, അവരെ ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ കാണുവാന്‍ സാധിക്കും. ഡോക്ടര്‍മാരെ ബഹുമാനിക്കണം. കാരണം ദൈവമാണ് അവരെ സൃഷ്ടിച്ചത്. നിന്‍റെ രോഗം സുഖമാകുവാന്‍ അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. രോഗം കണ്ടുപിടിക്കുക, സൗഖ്യം കൊടുക്കുക ജീവനെ സംരക്ഷിക്കുക എന്നീ ഉത്തരവാദിത്വങ്ങള്‍ ചെയ്യുവാന്‍ അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

നേഴ്സുമാരുടെ കടമ

ലൂക്കായുടെ സുവിശേഷം 10,29-37 നല്ല സമരിയാക്കാരന്‍റെ ഉപമയിലൂടെ ഒരു നേഴ്സ് രോഗികള്‍ക്ക് എപ്രകാരമുള്ള പരിചരണമാണ് കൊടുക്കേണ്ടത് എന്നു വ്യക്തമാക്കുന്നു. ജാതി മതവര്‍ഗ്ഗ ഭേദമില്ലാതെ എല്ലാവരേയും സംരക്ഷിക്കണം, ശുശ്രൂഷിക്കണം. ദൈവത്തിന്‍റെ കരുണ അവര്‍ എല്ലാവരോടും കാണിക്കണം. ഈ ഉപമ പറയുന്ന മറ്റൊരു പ്രധാന കാര്യം പെട്ടെന്ന് പരിചരണം കൊടുക്കേണ്ടതിന്‍റെ ആവശ്യകതയാണ്. ലാഭം നോക്കാതെ സ്വയം ഇല്ലാതായി മൂല്യങ്ങള്‍ക്കനുസൃതമാണ് ഇവര്‍ ജീവിക്കേണ്ടത്. ഈശോയാണ് ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും മാതൃക.

മരുന്ന്: ദൈവത്തിന്‍റെ ദാനം

മനുഷ്യനെ സുഖപ്പെടുത്താനുള്ള മരുന്നുകള്‍ ഭൂമിയില്‍ നിക്ഷേപിച്ചത് ദൈവമാണ് (പ്രഭാഷകന്‍ 38,4-6). ഈശോ ചെളിയുണ്ടാക്കി അന്ധനെ സുഖപ്പെടുത്തുന്ന സംഭവം പ്രകൃതിയിലെ വസ്തുക്കള്‍ മനുഷ്യന്‍റെ ആരോഗ്യത്തിനുവേണ്ടി ഉപയോഗിക്കാം എന്നതിന്‍റെ സൂചനയാണ് (മര്‍ക്കോ 8,22-26).

3.3. മനുഷ്യജീവന്‍ സഭാപ്രബോധനം

മനുഷ്യജീവനെയും ശരീരത്തെയുംകുറിച്ച് വ്യത്യസ്ഥമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. ജീവനെ അതിന്‍റെ ആരംഭം മുതല്‍ അവസാനംവരെ, ഏതുരൂപത്തിലും ഭാവത്തിലും ഉള്ളതായിരുന്നാലും ബഹുമാനിക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ പ്രബോധനം. ജീവനെക്കുറിച്ചുള്ള ഈ പ്രബോധനം സഭാരേഖകളുടെ വെളിച്ചത്തില്‍ വ്യക്തമാക്കുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

  1. ദൈവത്തിന്‍റെ ഛായ: മനുഷ്യജീവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു ദൈവത്തിന്‍റെ ഛായയിലാണ്. സഭാപിതാവായ ഇരണേവൂസിന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍റെ സ്വാഭാവികഗുണങ്ങളെക്കുറിച്ചു പറയുവാനാണ് ഛായ എന്ന പദം ഉപയോഗിക്കുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ ദൈവവുമായി ഐക്യത്തിലാകാനുള്ള ശാരീരിക ആദ്ധ്യാത്മിക കഴിവ്, ഭൂമിയിലെ ദൈവത്തിന്‍റെ പ്രതിനിധി, ദൈവത്തോടുള്ള സാദൃശ്യം, രൂപം എന്നിവയാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം (CCC 395) ഇപ്രകാരം പറയുന്നു: "ദൈവഛായയിലായിരിക്കുന്നതിനാല്‍ മനുഷ്യന് വ്യക്തിയുടെ മാഹാത്മ്യമുണ്ട്. അവന്‍ കേവലം ഒരു വസ്തുവല്ല."                                                                                  
  2. ആത്മാവും ശരീരവും: ശരീരത്തില്‍നിന്നും ആത്മാവിനെ വേര്‍പെടുത്തി കാണുന്നതുകൊണ്ടാണു ജീവനെതിരായ വെല്ലുവിളികള്‍ ഇന്നു കൂടുന്നത്. ഈ തത്ത്വശാസ്ത്രമനുസരിച്ചു ജീവനെ ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ശരീരത്തോടും ആത്മാവോടും കൂടെയാണ്. സഭാപിതാവായ ഇരണേവൂസിന്‍റെ കാഴ്ചപ്പാടില്‍ ശരീരം എപ്പോഴും നന്മയുടെ ഉറവിടമാണ്; വ്യക്തിയുടെ ഭാഗമാണ്. ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഒരേസമയം ശരീരിയും ആത്മീയനുമാണ്. മനുഷ്യശരീരം ദൈവഛായയുടെ മാഹാത്മ്യത്തില്‍ പങ്കുചേരുന്നു. അതു മനുഷ്യന്‍റെ ശരീരമാകുന്നത് അമൂര്‍ത്തമായ ആത്മാവിനാല്‍ സജീവമാക്കപ്പെടുന്നതുമൂലമാണ് (CCC 362 364). ആത്മാവും ശരീരവും ഉണ്ടെങ്കിലും മനുഷ്യന്‍ അവിഭാജ്യനാണ്. ഏകത്വമാണുള്ളത് (GS 14).                                       
  3. ജീവന്‍റെ ഉറവിടം: മനുഷ്യജീവന്‍റെ ഉറവിടം ദൈവമാണ് (സങ്കീ. 16:5). ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുന്നതു ജീവനിലും മരണത്തിലും അവന്‍ അത്യുന്നതന്‍റെ ഹിതത്തിന് സ്നേഹപൂര്‍ണമായി സമര്‍പ്പിക്കണം എന്നാണ് (EV 38,46). ദൈവം മാത്രമാണു ജീവന്‍റെ നാഥന്‍. അതുകൊണ്ടു മനുഷ്യജീവനെ വധിക്കുകയെന്നതു പ്രത്യേകമായ രീതിയില്‍ ഗൗരവപൂര്‍ണമായ പാപമാണ്.                                                           
  4. ദൈവത്തിന്‍റെ ദാനം: ജീവന്‍ ദൈവത്തില്‍ നിന്നുമാണ് വരുന്നത്. അത് അവിടുത്തെ ദാനമാണ് (ഋഢ 39). അവിടുത്തെ സമ്മാനമാണ് (Declaration o procured abortion 5). അതുകൊണ്ടു ജീവന്‍ ദൈവത്തിന്‍റെ സൃഷ്ടിയാണ്. അത് നിര്‍മ്മിക്കുകയല്ല. കുട്ടികള്‍ വേണമെന്നു ദമ്പതികള്‍ക്ക് ആഗ്രഹിക്കാം. അത് അവകാശമായി കരുതുവാന്‍ സാധിക്കില്ല. അവകാശം എന്തു വിലകൊടുത്തും നേടിയെടുക്കണം. അല്ലെങ്കില്‍ ഏതുമാര്‍ഗവും അതിനുവേണ്ടി ഉപയോഗിക്കും. ഇതു ക്രൈസ്തവ ധാര്‍മ്മികതയ്ക്കു ചേര്‍ന്നതല്ല (Pontifical academy for life, The dignity of human procreation and reproductive technology, 2004, p. 7).                           
  5. പരിശുദ്ധം: മനുഷ്യജീവന്‍ പരിശുദ്ധമാണ് (EV 40). ദൈവഛായയിലായിരിക്കുന്നതിനാല്‍ മനുഷ്യന്‍ പരിശുദ്ധനാണ് (CCC 357). ഈ പരിശുദ്ധി അതിന്‍റെ ആരംഭം മുതല്‍ അവസാനം വരെയുള്ളതാണ് (Dignitas personae, 16). ഗര്‍ഭച്ഛിദ്രവും, മനുഷ്യഭ്രൂണങ്ങളെ ചൂഷണം ചെയ്യുന്ന പരീക്ഷണപ്രക്രിയയും ഈ പരിശുദ്ധിക്ക് എതിരായ പ്രവൃത്തികളാണ് (EV 63).

  1. ജീവനെ നശിപ്പിക്കരുത്: മനുഷ്യജീവന്‍റെ അലംഘനീയത സീനായ് മലയില്‍ വച്ചുണ്ടായ ഉടമ്പടിയിലെ കല്പനകളില്‍ കാണുവാന്‍ കഴിയും. ആ കല്പന വധത്തെ നിരോധിക്കുന്നു. നീ കൊല്ലരുത് (പുറ 21:13); നിഷ്കളങ്കരെയും നീതിമാന്മാരെയും വധിക്കരുത് (പുറ 23:7) എന്നു പറയുന്ന കല്പന അപരന്‍റെമേല്‍ ഏല്പിക്കുന്ന വ്യക്തിപരമായ സകല ദ്രോഹങ്ങളെയും നിരോധിക്കുന്നു (EV 40). നിഷ്കളങ്ക മനുഷ്യജീവിയെ മനഃപൂര്‍വ്വം വധിക്കുന്നതിനെ ഒരിക്കലും നീതിമത്കരിക്കാന്‍ സാധിക്കുകയില്ല (Dignitas personae 23).                                                                                                                                                                             
  2. ജീവിക്കുവാനുള്ള അവകാശം: എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശമുണ്ട്. മറ്റുള്ള എല്ലാവരെയുംപോലെ ഗര്‍ഭപാത്രത്തിലുള്ള നിഷ്കളങ്കരായ മനുഷ്യഭ്രൂണങ്ങള്‍ക്കും ജീവിക്കുവാനുള്ള അവകാശം തുല്യമാണ് (EV 57). "മനുഷ്യവ്യക്തിയുടെ അലംഘ്യങ്ങളായ അവകാശങ്ങളെ സംരക്ഷിക്കുകയും അവന്‍റെ കടമകളുടെ നിര്‍വഹണം സുഗമമാക്കുകയും ചെയ്യുക എന്നത് ഓരോ പൊതുഅധികാരിയുടെയും പ്രധാനധര്‍മ്മമാണ്." നിരപരാധിയായ ഓരോ മനുഷ്യന്‍റെയും ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കേണ്ടതു രാഷ്ട്രസമൂഹമാണ് (CCC 2275).                                                   
  3. അടിസ്ഥാനമൂല്യം: മറ്റു മൂല്യങ്ങളില്‍നിന്നും മനുഷ്യജീവന്‍റെ പ്രത്യേകത അത് അടിസ്ഥാനമൂല്യമാണെന്നതാണ് (Dignitas personae 36). ഇതു മനുഷ്യന്‍റെ സത്തയിലും അറിവിലും രേഖപ്പെടുത്തിയിരിക്കുന്നതാണ്. നീ കൊല്ലരുത് എന്ന പ്രമാണത്തിന് അചഞ്ചലമായ ഒരു മൂല്യമാണുള്ളത് (EV 54). ജീവന്‍ അടിസ്ഥാനമൂല്യമായതുകൊണ്ട് അതു പവിത്രവും അലംഘനീയവുമാണ് (EV11).                           
  4. സ്നേഹം: മനുഷ്യജീവന്‍ ഉദ്ഭവിക്കുന്നത് സ്നേഹത്തില്‍ നിന്നാണ്. ദൈവം സ്നേഹമാണ്. അവിടുന്നു മനുഷ്യനെ സ്നേഹത്തിലൂടെ അസ്തിത്വത്തിലേക്കു വിളിച്ചു. ദൈവം സ്ത്രീപുരുഷന്മാരുടെ മാനുഷികതയില്‍ സ്നേഹത്തിലേക്കും കൂട്ടായ്മയിലേക്കുമുള്ള വിളിയും അതിനുള്ള കഴിവും ഉത്തരവാദിത്വവും ആലേഖനം ചെയ്തു. അതുകൊണ്ട് ഓരോ മനുഷ്യജീവിയുടെയും അടിസ്ഥാനപരവും നൈസര്‍ഗികവുമായ വിളി സ്നേഹത്തിലേക്കാണ് (കുടുംബം ഒരു കൂട്ടായ്മ, 11).                                                        
  5. ഉത്തരവാദിത്വം: ഓരോ മനുഷ്യജീവനെയും ബഹുമാനിക്കുക, സംരക്ഷിക്കുക സ്നേഹിക്കുക, ശുശ്രൂഷിക്കുക എന്നതാണു നമ്മുടെ ഉത്തരവാദിത്വം (EV 5). സ്വന്തം ജീവനെയും മറ്റുള്ളവരുടെ ജീവനെയും സംരക്ഷിക്കാന്‍ നമുക്കു ഉത്തരവാദിത്വമുണ്ട് (EV 8). കായേനെപ്പോലെ ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ എന്ന മനോഭാവം മാറ്റി ഈശോയുടെ അനുകമ്പാര്‍ദ്രമായ ഉത്തരവാദിത്വത്തോടെ എല്ലാവരെയും കരുതണം.

ജീവനെക്കുറിച്ച് അനേകം രേഖകള്‍ കത്തോലിക്കാ സഭ പുറപ്പെടുവിച്ചിട്ടുണ്ട്. അവ നാം പഠിക്കുമ്പോഴാണ് ജീവന്‍റെ സംസ്കാരം നമുക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്; കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കാനും, രക്തദാനം, അവയവദാനം എന്നിവ നടത്താനും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും കഴിയുന്നത്. കുഞ്ഞുങ്ങള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരെ ശുശ്രൂഷിച്ചുകൊണ്ടാണ് ജീവനെക്കുറിച്ചുള്ള സഭയുടെ പ്രബോധനം വ്യക്തിതലത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നമുക്കു കഴിയുന്നത്.

3.4. ജീവനെതിരായ പ്രവൃത്തികള്‍: ധാര്‍മ്മിക വിലയിരുത്തല്‍

മുകളില്‍പ്പറഞ്ഞ ജീവന്‍റെ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട മനുഷ്യപ്രവൃത്തികളെ വിലയിരുത്തുന്നത്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ അടിസ്ഥാന ധാര്‍മ്മിക ദൈവശാസ്ത്രം ജൈവധാര്‍മ്മികതയിലെ പ്രവൃത്തികളെ വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനം "നീ കൊല്ലരുത്" എന്ന ദൈവപ്രമാണത്തിന്‍റെ വെളിച്ചത്തിലാണ്.

മനുഷ്യപ്രവൃത്തി

സഭ പറയുന്നത് പ്രവൃത്തി നല്ലതായിരിക്കണം. ലക്ഷ്യത്തിനും മാര്‍ഗ്ഗത്തിനും അതീതമായ പ്രവൃത്തികള്‍ നന്മയുള്ളതായിരിക്കും. നല്ല ലക്ഷ്യത്തിനുവേണ്ടി തെറ്റായ പ്രവൃത്തികള്‍ ചെയ്തുകൂടാ. ജീവനെ സംബന്ധിച്ച് പ്രവൃത്തി, മാര്‍ഗ്ഗം, ലക്ഷ്യം ഇവ എപ്പോഴും സംശുദ്ധമായിരിക്കണം. സാധാരണയായി ഓരോ മനുഷ്യപ്രവൃത്തിയും അവന്‍റെതന്നെ പ്രവൃത്തിയാണ്. ഇവയുടെ മാര്‍ഗ്ഗങ്ങള്‍, ലക്ഷ്യം ഇവ പരിശോധിച്ച് സഭ തെറ്റോ, ശരിയോ എന്നു പറയുന്നു. ജീവനെ ആരംഭം മുതല്‍ അവസാനംവരെ ഏതു രൂപത്തിലും ഭാവത്തിലുമുള്ളതാകട്ടെ അതിനെ ബഹുമാനിക്കണമെന്നു പറയുമ്പോള്‍ പ്രവൃത്തി, മാര്‍ഗ്ഗം, ലക്ഷ്യം ഇവ നല്ലതായിരിക്കണമെന്നതാണ് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ് പ്രത്യക്ഷമായ ഗര്‍ഭച്ഛിദ്രം, കാരുണ്യവധം തുടങ്ങിയവ തെറ്റാണെന്ന് സഭ പഠിപ്പിക്കുന്നത്.

ചില സാഹചര്യങ്ങളില്‍ മനുഷ്യജീവിതം സംബന്ധിക്കുന്ന പ്രവൃത്തികള്‍ മേല്‍പ്പറഞ്ഞ തത്ത്വം ഉപയോഗിച്ച് ധാര്‍മ്മികമായി ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണമായി ഒരേ സമയം നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍ തരുന്ന പ്രവൃത്തികള്‍. ഈ അവസരത്തില്‍ പ്രധാനമായും സമഗ്രതത്ത്വം, ദ്വിഫലസിദ്ധാന്തം, മറ്റുള്ളവരുടെ തിന്മപ്രവൃത്തിയിലുള്ള സഹകരണം എന്നീ തത്ത്വങ്ങള്‍ ഉപയോഗിച്ചാണ് സഭ ഇങ്ങനെയുള്ള പ്രവൃത്തികളെ ധാര്‍മ്മികമായി വിലയിരുത്തുന്നത്.

സമഗ്രതത്ത്വം (The Principle of Totality): അവയവദാനം, പരോക്ഷഗര്‍ഭച്ഛിദ്രം, ഓപ്പറേഷന്‍ തുടങ്ങിയവ സമഗ്രതത്ത്വം ഉപയോഗിച്ചാണ് ധാര്‍മ്മികമായി ന്യായീകരിക്കപ്പെടുന്നത്. ഒരു വസ്തുവിന്‍റെ എല്ലാ ഘടകങ്ങളും അതിന്‍റെ സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ് എന്നതാണ് സമഗ്രതത്ത്വത്തിന്‍റെ അടിസ്ഥാനപ്രമേയം. ഉദാഹരണമായി ശരീരത്തിലെ ഓരോ അവയവവും ശരീരത്തിന്‍റെ മൊത്തത്തിലുള്ള സമഗ്രതയെ ലക്ഷ്യമാക്കിയുള്ളതാണ്. ഇവിടെ സമഗ്രതയെന്ന പദം അര്‍ത്ഥമാക്കുന്നതോ ശരീരത്തിന്‍റെ മൊത്തത്തിലുള്ള സന്തുലനാവസ്ഥയാണ്. അതിനാല്‍ ഒരു അവയവത്തിന്‍റെ രോഗം ശരീരത്തിന്‍റെ സമഗ്രതയെ നശിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ അവയവം മുറിച്ചു മാറ്റുന്നതിനെ ഈ തത്ത്വം ന്യായീകരിക്കുന്നു.

സമഗ്രത രണ്ടു രീതിയില്‍ കാണാവുന്നതാണ്: ശാരീരിക സമഗ്രതയും പ്രവര്‍ത്തനസമഗ്രതയും. പ്രവര്‍ത്തനസമഗ്രതയ്ക്ക് കോട്ടം വരുന്ന പ്രവൃത്തികള്‍ ചെയ്യാന്‍ പാടില്ല. ഉദാഹരണത്തിന് രണ്ടു വൃക്കകളില്‍ ഒന്ന് ദാനം ചെയ്താലും പ്രവര്‍ത്തനസമഗ്രത നഷ്ടമാവുകയില്ല. ഒരു വൃക്കകൊണ്ട് പ്രവര്‍ത്തനം നടക്കും. എന്നാല്‍ ഒരാള്‍ തന്‍റെ ഹൃദയം ദാനംചെയ്താല്‍ പ്രവര്‍ത്തന സമഗ്രത ഇല്ലാതാകും; മരണമായിരിക്കും ഫലം.

ചരിത്രം: അരിസ്റ്റോട്ടിലിന്‍റെയും അക്വീനാസിന്‍റെയും എഴുത്തുകളിലാണ് സമഗ്രതത്ത്വം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഘടകങ്ങള്‍ (part) എപ്പോഴും നിലനില്‍ക്കുന്നത് മൊത്തത്തെ (whole) ആശ്രയിച്ചാണെന്ന് അരിസ്റ്റോട്ടിലും ഘടകങ്ങള്‍ എപ്പോഴും മൊത്തത്തിന്‍റെ പൂര്‍ണ്ണതയെ ലക്ഷ്യമാക്കിനീങ്ങുന്നു എന്ന് തോമസ് അക്വീനാസും അഭിപ്രായപ്പെടുന്നു. ഘടകങ്ങള്‍ക്ക് പൂര്‍ണ്ണത കിട്ടുന്നത് മൊത്തത്തെ ആശ്രയിച്ചാണ് എന്നതിനാല്‍ ശരീരത്തിനു ഹാനികരമാവുന്ന അവയവം മുറിച്ചുനീക്കുന്നത് സ്വാഭാവികമാണെന്നാണ് അക്വീനാസിന്‍റെ പക്ഷം.

തോമസ് അക്വീനാസിന്‍റെ ഈ ചിന്ത പിന്നീട് വന്ന എല്ലാ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരും അംഗീകരിച്ചു. 17,18,19,20 നൂറ്റാണ്ടുകളിലെ പല പ്രധാന ദൈവശാസ്ത്രജ്ഞരുടെയും  (Boneventure, L. Molina, L. Leonardur, J. De Lugo, P. Launann)   കൃതികളില്‍ ഈ ആശയം കാണുവാന്‍ കഴിയും. മൊത്തത്തിനായി ഘടകങ്ങള്‍ ത്യാഗം ചെയ്യുന്നതിനെ ഇവരെല്ലാം ധാര്‍മ്മികമായി ന്യായീകരിക്കുന്നു. പിന്നീട് സമഗ്രതത്ത്വത്തെക്കുറിച്ച് പരാമര്‍ശം കാണുന്നത് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയുടെ കാസ്തി കൊണ്ണുബീ (No 23) എന്ന ചാക്രികലേഖനത്തിലാണ്. മാര്‍പ്പാപ്പ പറയുന്നു: തന്‍റെ ശരീരത്തിലെ അവയവങ്ങളെ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ല; അതിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ അവന്‍ ഇല്ലാതാക്കരുത്. ശരീരത്തിന്‍റെ സമഗ്രതയ്ക്കുവേണ്ടിയല്ലാതെ അവയവങ്ങള്‍ നശിപ്പിക്കരുത്. അക്വീനാസിന്‍റെ ചിന്താഗതിയാണ് ഇവിടെ കാണുവാന്‍  സാധിക്കുന്നത്.

സമഗ്രതത്ത്വം അതിന്‍റെ പൂര്‍ണ്ണതയില്‍ നാം കണ്ടുമുട്ടുന്നത് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പയുടെ എഴുത്തുകളിലാണ്. ആരോഗ്യരംഗത്തെ സമഗ്രതത്ത്വം ഔദ്യോഗികമായി മാര്‍പ്പാപ്പ ഉപയോഗിച്ചു. 1952 സെപ്റ്റംബര്‍ 13 ന് ഇറ്റലിയിലെ ഡോക്ടര്‍മാരോടുള്ള (Histopathologist)  പ്രസംഗത്തിലാണ് സമഗ്രതത്ത്വം എന്ന പദം അദ്ദേഹം അവതരിപ്പിച്ചത്. അരിസ്റ്റോട്ടിലിന്‍റെയും അക്വീനാസിന്‍റെയും തത്ത്വചിന്തയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹവും ഈ തത്ത്വത്തെക്കുറിച്ച് സംസാരിച്ചത്. 1944 മുതല്‍ 1958 വരെയുള്ള മാര്‍പ്പാപ്പയുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും ഈ തത്ത്വം വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പയുടെ അഭിപ്രായത്തില്‍ അവയവങ്ങള്‍ക്ക് ഒരിക്കലും മൊത്തത്തിലുള്ള സമഗ്രതയ്ക്കു പുറത്ത് അര്‍ത്ഥമില്ല; ഘടകങ്ങളെക്കുറിച്ച് മൊത്തത്തിന്‍റെ വെളിച്ചത്തില്‍ മാത്രമേ ചിന്തിക്കാറുമുള്ളൂ. സമൂഹവും വ്യക്തികളും തമ്മിലുള്ള ബന്ധവും ഈ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ കാണാന്‍ മാര്‍പ്പാപ്പ ശ്രമിക്കുന്നുണ്ട്. വ്യക്തി സമൂഹത്തിന്‍റെ ഭാഗമാണ്, ഘടകമാണ്. എന്നാല്‍ ഇത് ശരീരവും അവയവങ്ങളും തമ്മിലുള്ള ബന്ധംപോലെയല്ല. ഈ ബന്ധത്തിന് പൊതുവായ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമുണ്ട്; ഇത് മനുഷ്യന്‍റെ നന്മയ്ക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് രാജ്യം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ രാജ്യത്തിനുവേണ്ടിയല്ല എന്ന് മാര്‍പ്പാപ്പ പറയുന്നത്. സമൂഹത്തിലെ ഓരോ അവയവത്തിനും തന്‍റേതായ നിലനില്പും സ്ഥാനവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സമഗ്രനിയമം: വ്യത്യസ്ത കാഴ്ചപ്പാടുകള്‍: ദൈവശാസ്ത്രജ്ഞന്മാര്‍ സമഗ്രനിയമത്തെ പല രീതിയില്‍ വ്യാഖ്യാനിച്ചു. മൊത്തത്തിന്‍റെ നന്മ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള നന്മയല്ല മറിച്ച് വ്യക്തിയുടെ മുഴുവനായിട്ടുള്ള നന്മയാണ്. ജെറാര്‍ഡ് കെല്ലിയുടെ അഭിപ്രായത്തില്‍ സമഗ്രതത്ത്വം ശരീരത്തിന്‍റെ മുഴുവനായിട്ടുള്ള സമഗ്രതയെയാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് സ്വന്തം ശരീരത്തിന്‍റെ സമഗ്രതയ്ക്ക് അതീതമായി അവയവങ്ങള്‍ മുറിച്ചുനീക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ വിധത്തില്‍ കാണുമ്പോള്‍ സമഗ്രതത്ത്വം അവയവദാനത്തിനും ശസ്ത്രക്രിയയ്ക്കും എതിരാകും. എന്നാല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനക്ഷമതയ്ക്ക് കോട്ടം വരുത്താത്ത ഒരു ശസ്ത്രക്രിയയ്ക്കും അവയവദാനത്തിനും സഭ എതിരല്ല.

സമഗ്രതത്ത്വം: ഇന്നത്തെ പ്രസക്തി: ആരോഗ്യ രംഗത്തും ജീവനെക്കുറിച്ച് പ്രതിപാദിക്കുന്ന അവസരങ്ങളിലും സമഗ്രതത്വം വളരെ പ്രധാനപ്പെട്ടതാണ്. സമഗ്രതത്ത്വത്തില്‍ ശാരീരിക തലവും ആദ്ധ്യാത്മികതലവും ഉണ്ടെന്നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ പഠിപ്പിച്ചത്. സമൂഹത്തിന്‍റെ തെറ്റായ ആവശ്യത്തിനുവേണ്ടി വ്യക്തിയെ ഒരിക്കലും ദുരുപയോഗിക്കരുത് എന്നു വ്യക്തമാക്കുക വഴി സമഗ്രതത്ത്വം മനുഷ്യനെ അനീതിയില്‍നിന്നു രക്ഷപ്പെടുത്തുകയും മനുഷ്യശരീരത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്യുന്നു. കൂടാതെ മനുഷ്യജീവനെ അതിന്‍റെ ആരംഭംമുതല്‍ അവസാനം വരെ ബഹുമാനിക്കണമെന്ന തത്ത്വവും സമഗ്രതത്ത്വത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ വന്ധീകരണശസ്ത്രക്രിയയ്ക്ക് സമഗ്രതത്ത്വം എതിരാണ്.

കത്തോലിക്കാസഭ അവയവദാനവും ശസ്ത്രക്രിയയും  ന്യായീകരിക്കുന്നത് സമഗ്രതത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ രോഗിക്ക് മറ്റൊരാളുടെ അവയവം അത്യാവശ്യമായിരിക്കുന്ന അവസ്ഥയിലേ അവയവദാനം നടത്താവൂ എന്ന് ബെനഡിക്ട് ആഷ്ലിയും കെവിന്‍ സി. ഒര്‍ക്കേവും വ്യക്തമാക്കുന്നു. അവയവം ദാനം ചെയ്യുന്നത് എപ്പോഴും ദാതാവിന്‍റെ ആരോഗ്യത്തിന് ആനുപാതികമായിട്ടായിരിക്കണം. ദാതാവിന്‍റെ സ്വതന്ത്രമനസ്സും സമ്മതവും ഇതിന് അത്യാവശ്യമാണ്. ചുരുക്കത്തില്‍ സമഗ്രതത്ത്വം ഉപവിയില്‍ അധിഷ്ഠിതമാണെന്ന് വ്യക്തം.

ദ്വിഫലസിദ്ധാന്തം (The Principle of Double Effect): സാധാരണ ശസ്ത്രക്രിയകളെ സമഗ്രതത്ത്വം എപ്രകാരം ന്യായീകരിക്കുന്നു എന്നു നാം കണ്ടു. എന്നാല്‍ പ്രത്യുല്പാദന അവയവങ്ങളുടെ ശസ്ത്രക്രിയ സമഗ്രതത്വം ഉപയോഗിച്ച് ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല. ശരീരത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക, വംശത്തെ നിലനിര്‍ത്തുക എന്നീ രണ്ടു ലക്ഷ്യങ്ങള്‍ പ്രത്യുല്പാദന അവയവങ്ങള്‍ക്കുള്ളതിനാല്‍ അവയുടെ ശസ്ത്രക്രിയ ന്യായീകരിക്കാന്‍ മറ്റൊരു തത്ത്വം ആവശ്യമായിവരുന്നു. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ദ്വിഫലസിദ്ധാന്തം പ്രയോഗത്തില്‍ വന്നത്. ഒരേ സമയം നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍ ഉളവാകുന്ന പ്രവൃത്തികളിന്മേല്‍ തീരുമാനമെടുക്കാന്‍ ദ്വിഫലസിദ്ധാന്തം നമ്മെ സഹായിക്കുന്നു.

ചരിത്രം: പഴയ നിയമത്തില്‍ മക്കബായരുടെ ഒന്നാം പുസ്തകത്തില്‍ (1 മക്ക 6) ദ്വിഫല സിദ്ധാന്തത്തിന്‍റെ സൂചനകള്‍ ഉണ്ടെങ്കിലും ഇതിന്‍റെ വ്യക്തമായ രൂപം തോമസ് അക്വീനാസിലാണ് നമുക്ക് കാണാനാവുക. ദ്വിഫല സിദ്ധാന്തത്തിലെ നാലുതത്ത്വങ്ങള്‍ ഒരുപക്ഷേ 16,17 നൂറ്റാണ്ടിലെ ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ടതായിരിക്കാം. ഇന്നു നാം കാണുന്ന രീതിയില്‍ ദ്വിഫലസിദ്ധാന്തം രൂപപ്പെടുത്തിയത് 1850ല്‍ ജീന്‍ പിയറ് ഗുറി (Jean Pierre Gury)  എന്ന ദൈവശാസ്ത്രജ്ഞനാണ്. തോമസ് അക്വീനാസല്ല, ജോണ്‍ ഓഫ് സെന്‍റ് തോമസ് തന്‍റെ 'ഉല യീിശമേലേ ലേ ങമഹശശേമ' എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ദ്വിഫലസിദ്ധാന്തത്തെപ്പറ്റി വ്യക്തമായി സംസാരിക്കുന്നതെന്ന് ജെ. ഗൂസും അഭിപ്രായപ്പെടുന്നുണ്ട്.

നാലു ഘടകങ്ങള്‍: ദ്വിഫല സിദ്ധാന്തത്തിന് ദൈവശാസ്ത്രജ്ഞന്മാര്‍ പല വ്യാഖ്യാനങ്ങളും നല്കിയിട്ടുണ്ടെങ്കിലും കത്തോലിക്കാസഭയുടെ പ്രബോധനത്തില്‍ നാല് അടിസ്ഥാന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

  1. പ്രവൃത്തി നല്ലതായിരിക്കണം; അല്ലെങ്കില്‍ നന്മയുടെയോ തിന്മയുടെയോ ഫലം ഒരേസമയം പുറപ്പെടുവിക്കുന്നതായിരിക്കണം.
  2. തിന്മയുടെ ഫലത്തോടൊപ്പം തന്നെ നന്മയുടെ ഫലവും ലഭിക്കണം.
  3. ലക്ഷ്യം നല്ലതായിരിക്കണം.
  4. തിന്മയുടെ മാര്‍ഗ്ഗങ്ങള്‍ നന്മയ്ക്കുവേണ്ടി ആനുപാതികമായി മാത്രമേ സ്വീകരിക്കാവൂ.

ദ്വിഫലസിദ്ധാന്തം പ്രധാനമായും വിശദീകരിക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് പരോക്ഷ ഗര്‍ഭച്ഛിദ്രവും ഗര്‍ഭപാത്രം മുറിച്ചു മാറ്റുന്നതും. കാന്‍സര്‍ ബാധിച്ച ഗര്‍ഭിണിയായ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന്‍റെ ഫലമായി ഒരു പക്ഷേ കുട്ടി മരിച്ചേക്കാം. ഈ സംഭവത്തെ ദ്വിഫലസിദ്ധാന്തത്തിന്‍റെ വെളിച്ചത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കാം. ഒന്നാമത്തെ തത്ത്വമനുസരിച്ച് പരോക്ഷ ഗര്‍ഭച്ഛിദ്രം ഒരേ സമയം നന്മയുടെയും തിന്മയുടെയും ഫലം നല്‍കുന്ന പ്രവൃത്തിയാണ്. രണ്ടാമത്തെ തത്ത്വമനുസരിച്ച് ശിശുവിന്‍റെ മരണവും കാന്‍സറില്‍നിന്നുള്ള മോചനവും ഒരേ സമയത്ത് സംഭവിക്കണം. ശിശുവിന്‍റെ മരണം നടന്ന് കുറേയേറെ കഴിഞ്ഞിട്ടാണ് കാന്‍സര്‍ മാറുന്നതെങ്കില്‍ ദ്വിഫലതത്ത്വം അവിടെ ഉപയോഗിക്കാന്‍ കഴിയാതെവരും. അമ്മയുടെയും ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും ലക്ഷ്യം സംശുദ്ധമായിരിക്കണമെന്ന് മൂന്നാം തത്ത്വം വാദിക്കുന്നു. നാലാമത്തെ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുമ്പോള്‍ അമ്മയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആനുപാതികമായിരിക്കണം. കുഞ്ഞിനെ കൊല്ലുവാനുള്ള മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍, ലക്ഷ്യവുമായി അവ ആനുപാതികമല്ലെന്ന് പറയാം.

വിമര്‍ശനങ്ങള്‍: പല പ്രശ്നങ്ങളിലും ദ്വിഫലസിദ്ധാന്തം പ്രായോഗികമല്ലെന്നാണ് ചില ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. തിന്മയുടെ ഫലവും നന്മയുടെ ഫലവും തമ്മില്‍ ബന്ധം കാണണമെന്നില്ല എന്ന് ഇവര്‍ വാദിക്കുന്നു (Joseph Selling). ഈ തത്ത്വത്തിന്‍റെ ആദ്യരണ്ടുഘടകങ്ങള്‍ അവയവങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യത്തില്‍ അധിഷ്ഠിതമായതിനാല്‍ മനുഷ്യന്‍റെ പൊതുനന്മയെക്കാള്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിനാണ് ഇത് പ്രാധാന്യം നല്കുന്നത്. നാലു ഘടകങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്താതെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയില്ല എന്നതാണ് ഈ തത്ത്വത്തിന്‍റെ മറ്റൊരു പോരായ്മ.

ദ്വിഫലതത്ത്വത്തിന്‍റെ പ്രാധാന്യം: ഒരേസമയം നന്മയുടെയും തിന്മയുടെയും ഫലം നല്‍കുന്ന പ്രവൃത്തികളെ വിലയിരുത്തുവാന്‍ ഏറ്റവും പ്രായോഗികമായ തത്വമാണിത്. നമ്മുടെ പ്രവൃത്തികള്‍ എപ്രകാരം ദൈവത്തിന്‍റെ പ്രവൃത്തികള്‍പോലെ ആയിരിക്കണമെന്നാണ് ഈ തത്ത്വം പറയുന്നത്. ഗര്‍ഭച്ഛിദ്രം, കാരുണ്യവധം, ചികിത്സ നിറുത്തിവയ്ക്കല്‍, സ്വയം രക്ഷ, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ഈ തത്ത്വം വ്യക്തമാക്കുന്നു. കത്തോലിക്കാ സഭയുടെ ഈ തത്ത്വം മറ്റു സഭകളും സമൂഹങ്ങളും സ്വീകരിക്കുന്നുണ്ട്.

പ്രത്യേക സാഹചര്യത്തില്‍ മനുഷ്യപ്രവൃത്തികളെ വിലയിരുത്തുവാന്‍ ഉപയോഗിക്കുന്ന രണ്ടു തത്ത്വങ്ങളാണ് നാം പ്രതിപാദിച്ചത്. സമഗ്രതത്ത്വത്തിന്‍റെ തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ ആയ അടിസ്ഥാനം, അതിനെപ്പറ്റിയുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍, ഇന്നതിന്‍റെ പ്രസക്തി എന്നിവ നാം ചര്‍ച്ചചെയ്തു. ശാരീരിക, മാനസിക, സാമൂഹിക, ആദ്ധ്യാത്മിക തലങ്ങളുള്ള സമഗ്രതത്ത്വം മനുഷ്യനും മനുഷ്യജീവനും എതിരായ എല്ലാ തിന്മകളും തെറ്റാണെന്ന് പ്രഖ്യാപിക്കുന്നു. ശസ്ത്രക്രിയയും അവയവദാനവും ന്യായീകരിക്കാവുന്നതാണെന്ന് ഈ തത്ത്വത്തിന്‍റെ വെളിച്ചത്തില്‍ സഭ പഠിപ്പിക്കുകയും ചെയ്യുന്നു.

വളരെ പുരാതനവും പഴയനിയമാധിഷ്ഠിതവുമായ ദ്വിഫലതത്ത്വത്തിന്‍റെ ചരിത്രം, നാല് ഘടകങ്ങള്‍, വിവിധ അഭിപ്രായങ്ങള്‍, ഇന്നത്തെ പ്രസക്തി എന്നിവയും നാം കണ്ടു. ഒരേ സമയം നന്മയും തിന്മയും പുറപ്പെടുത്തുന്ന പ്രവൃത്തികള്‍ എപ്രകാരം വിലയിരുത്തണമെന്നാണ് സഭ ഈ തത്ത്വത്തിലൂടെ പഠിപ്പിക്കുന്നത്. പ്രവൃത്തി, സാഹചര്യം, ലക്ഷ്യം എന്നിവ വിലയിരുത്തുവാന്‍ ഈ തത്ത്വം സഹായിക്കുന്നു. കൂടാതെ ബുദ്ധിമുട്ടുള്ള ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് ഇത് വ്യക്തമായ ഉത്തരം നല്കുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ തിന്മപ്രവൃത്തികളില്‍ ഉള്ള സഹകരണം: സമഗ്രതത്ത്വത്തിനും ദ്വിഫല സിദ്ധാന്തത്തിനുമതീതമായി ചിലയവസരങ്ങളില്‍ മറ്റുള്ളവരുടെ തിന്മ പ്രവൃത്തിയിലുള്ള സഹകരണം ന്യായീകരിക്കുന്ന അവസ്ഥയുണ്ട്. അതാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ശാരീരികമായോ, ധാര്‍മ്മികമായോ മറ്റുള്ളവരുടെ തെറ്റായ പ്രവൃത്തികളിലുള്ള സഹകരണം തിന്മയാണ്. ഇവിടെ സാധാരണയായി മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കുക, അറിവ് കൊടുക്കുക, ചില മാര്‍ഗ്ഗങ്ങള്‍ ഒരുക്കുക എന്നിവയാണ് നടക്കുന്നത്.

സഹകരണത്തെ സാധാരണയായി ഔദ്യോഗികം (formal),  വസ്തുത (material) എന്നു രണ്ടായി തിരിക്കാം.  ഔദ്യോഗിക സഹകരണത്തില്‍ ഒരാള്‍ ബാഹ്യമായും ആന്തരികമായും മറ്റൊരാളുടെ തിന്മ പ്രവൃത്തിക്ക് അനുവാദം കൊടുക്കുന്നു. ഇങ്ങനെയുള്ള പ്രവൃത്തികള്‍ എപ്പോഴും തിന്മയാണ്. ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്ടര്‍ തിന്മപ്രവൃത്തിയിലുള്ള ഔദ്യോഗിക സഹകരണമാണ് നടത്തുന്നത്. ഇങ്ങനെ ഔദ്യോഗികമായുള്ള സഹകരണം പ്രകടമായും പ്രകടമല്ലാതെയും കാണാം. മറ്റുള്ളവരുടെ തിന്മ പ്രവൃത്തികള്‍ക്ക് പ്രത്യക്ഷമായും ലക്ഷ്യത്തോടെയും പങ്കുചേരുന്നതാണ് പ്രകടമായ സഹകരണം. മറ്റുള്ളവരുടെ തിന്മപ്രവൃത്തികള്‍ സംബന്ധിച്ച് എല്ലാ സഹകരണവും ചെയ്തു കൊടുക്കുന്നത് അതില്‍ തന്നെ പ്രകടമല്ലെങ്കിലും തിന്മയിലുള്ള സഹകരണമാണ്.

ഒരാളുടെ ആന്തരികമായ സമ്മതമില്ലാതെ മറ്റൊരാളുടെ പ്രവൃത്തികളില്‍ സഹായിക്കുന്നതിനാണ് വസ്തുത (Material) പ്രവൃത്തിയിലുള്ള സഹകരണമെന്നു പറയുന്നത്. ഇതിനെ സാധാരണയായി രണ്ടായി തരംതിരിക്കാം. ഏറ്റവും അടുത്ത സഹകരണവും (Immediate) അകന്ന സഹകരണവും (Mediate). ഒരാളുടെ തിന്മയുടെ പ്രവൃത്തികളില്‍ ഏറ്റവും അടുത്തു സഹകരിക്കുന്നതാണ് ഏറ്റവും അടുത്ത സഹകരണമെന്നു പറയുന്നത്. ഉദാഹരണമായി മോഷ്ടിച്ച വസ്തു പിടിച്ചെടുക്കാതിരിക്കാന്‍ ഒരാള്‍ സൂക്ഷിച്ചു

വയ്ക്കുന്നത് അല്ലെങ്കില്‍ പ്രത്യക്ഷ ഗര്‍ഭഛിദ്രത്തില്‍ ഒരു ഡോക്ടര്‍ പങ്കുചേരുന്നത്. അകന്ന സഹകരണമെന്നു പറയുമ്പോള്‍ ഒരാള്‍ക്ക് തിന്മ ചെയ്യുവാനുള്ള മാര്‍ഗ്ഗങ്ങള്‍, അല്ലെങ്കില്‍ സഹായം ചെയ്തുകൊടുക്കുന്നു. ഇത് തിന്മ പ്രവൃത്തികളില്‍ സഹകരിക്കാതെ തന്നെയാണ്. ഇതിനെ വീണ്ടും രണ്ടായി തിരിക്കാം: Proximate  എന്നും remote എന്നും. സഹായം തിന്മ പ്രവൃത്തിയോട് വളരെ അടുത്തതാണെങ്കില്‍ അതിനെ Proximate  എന്നു പറയുന്നു. എന്‍റെ സഹായമില്ലാതെ ചെയ്യാന്‍ പറ്റുമോ എന്നതാണ്. ഉദാഹരണമായി ഗര്‍ഭച്ഛിദ്രം നടത്തുവാന്‍ സുഹൃത്തിനെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നു. ഇവിടെ ഈ ഡ്രൈവറുടെ  സഹകരണം തിന്മയും പാപവുമാണ്.

remote സഹകരണമെന്നു പറയുന്നത് തിന്മ പ്രവൃത്തികളില്‍ ഏറ്റവും അടുത്ത സഹകരണമല്ല. ഉദാഹരണമായി ശസ്ത്രക്രിയാ മുറി വൃത്തിയാക്കുന്ന ജീവനക്കാര്‍ അകന്നുനിന്നാണ് ഗര്‍ഭച്ഛിദ്രത്തില്‍ പങ്കുചേരുന്നത്. ൃലാീലേ ആയ സഹകരണം തിന്മയാണെന്നു പറയാന്‍ സാധിക്കുകയില്ല.

ചുരുക്കത്തില്‍ തിന്മ പ്രവൃത്തിക്കുള്ള സഹകരണത്തിലെ പ്രധാന വ്യവസ്ഥകള്‍ സഹകരണം ഒരിക്കലും മറ്റുള്ളവര്‍ക്ക് ഹാനികരമായി തീരരുതെന്നതാണ്. മാര്‍ഗ്ഗങ്ങള്‍ നല്കി മറ്റുള്ളവര്‍ക്ക് തിന്മയാകുന്ന പ്രവൃത്തികളില്‍ ഒരിക്കലും സഹകരിച്ചുകൂടാ. സഹകരിക്കുന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ തിന്മയാകരുത്. പ്രവൃത്തികള്‍ ഒരേസമയം നന്മയോ തിന്മയോ ആയിരിക്കണം. സഹകരണം മൂല്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരാകരുത്. സഹകരണം സമ്പൂര്‍ണ്ണമായിരിക്കണം. സാധാരണയായി തിന്മ പ്രവൃത്തികളിലുള്ള സഹകരണം ഉപവിക്ക് എതിരാകരുത്.

ജീവനെ സംബന്ധിക്കുന്ന ധാര്‍മ്മിക പ്രവൃത്തികളെ വിലയിരുത്തേണ്ടത് ജീവനെക്കുറിച്ചുള്ള ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ്. മുകളില്‍പ്പറഞ്ഞ തത്ത്വങ്ങളില്‍ എല്ലാം അതിന്‍റെ പ്രത്യക്ഷമായ പ്രകടനം കാണുവാന്‍ സാധിക്കും.

Human life From a theological point of view catholic malayalam human life human life theologi Rev. Dr. Scaria Kanyakonil Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message