We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany ,Rev. Dr. Thomas Kochukarottu On 04-Feb-2021
മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതാണ് സ്വയം അറിയുവാനുള്ള മനുഷ്യന്‍റെ ത്വര. സ്വന്തം അസ്തിത്വത്താല്‍തന്നെ മനുഷ്യനു ലഭിച്ച കഴിവുകളുടെ പശ്ചാത്തലത്തില്‍ മനുഷ്യന്‍ ആദ്യംമുതലേ അന്വേഷകനായി മാറി. സത്യാന്വേഷണം മനുഷ്യന്‍റെ വളര്‍ച്ചയില്‍ ഒരു സുപ്രധാന പ്രവര്‍ത്തനമാണ്. ഇതിന്‍റെ ഭാഗമായി അവന്‍ ചോദിച്ച ചോദ്യങ്ങളാണ്: "ഞാന്‍ ആരാണ്?" "ഞാന്‍ എവിടെനിന്നു വരുന്നു?" "എവിടേയ്ക്കാണീ യാത്ര?" തുടങ്ങിയവ. ഇവയ്ക്കുള്ള ഉത്തരങ്ങളായാണ് തത്വചിന്തകള്‍ വളര്‍ന്നുവന്നത്.
മനുഷ്യചരിത്രത്തില്‍ ആദ്യമായി മനുഷ്യനേക്കുറിച്ച് ദാര്‍ശനികമായ സങ്കല്പങ്ങള്‍ ഉയര്‍ത്തിയത് സോക്രട്ടീസാണ്. അദ്ദേഹത്തിന്‍റെ 'മനുഷ്യാ നീ നിന്നെത്തന്നെ അറിയുക' എന്ന വാക്കുകള്‍ തത്വചിന്താസരണിയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഭിന്നദിക്കുകളിലേക്കു കുതിക്കുന്ന കുതിരകളെ പൂട്ടിയ തേരായി പ്ലേറ്റോ മനുഷ്യനെ വീക്ഷിച്ചു. അരിസ്റ്റോട്ടിലിന്‍റെ വീക്ഷണത്തില്‍ മനുഷ്യന്‍ അരൂപിയും ശരീരവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു അത്ഭുത പ്രതിഭാസമാണ്.
മദ്ധ്യകാലഘട്ട ചിന്തകന്മാര്‍ മനുഷ്യവ്യാപാരങ്ങളെ മനുഷ്യപ്രവര്‍ത്തനങ്ങളും മാനുഷികപ്രവര്‍ത്തനങ്ങളുമായി തരംതിരിച്ച് മനുഷ്യനെ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു. ഡെക്കാര്‍ട്ട് മനുഷ്യനെ ശരീരത്തോടു വലിയ ബന്ധമില്ലാതെ ചിന്തിക്കുന്ന ഒരു യന്ത്രമായി കരുതി. ജര്‍മ്മന്‍ തത്വചിന്തയുടെ പിതാവായ ലെയ്ബ്നിസ് ആത്മീയതയുടെ അടിസ്ഥാനത്തില്‍ മനുഷ്യവ്യാപാരങ്ങളെ ഉറപ്പിക്കുവാന്‍ ശ്രമിച്ചു. അനുഭവങ്ങളാണ് മനുഷ്യജീവിതത്തിന് അര്‍ത്ഥവും വിലയും നല്‍കുന്നതെന്ന് ഡേവിഡ് ഹ്യൂം വാദിച്ചു.
ചിന്തയുടെ ലോകത്ത് മനുഷ്യനെ തളച്ചിടാന്‍ കാന്‍റ് പരമ്പരാഗതയുക്തിയുടെ കൂട്ടുപിടിച്ചു. മാര്‍ക്സ് മനുഷ്യനെ ഒരുല്പാദന വസ്തുവും ഏറ്റവും വലിയ മൂലധനവുമായി കണ്ടെത്തി. ഇതിനുശേഷം അസ്തിത്വ ദാര്‍ശനികര്‍ മനുഷ്യന് കൂടുതല്‍ പ്രാധാന്യം നല്‍കി.
പുരാതന ഗ്രീക്ക് തത്വചിന്ത
പൈഥഗോറസ് (570 496 AD)
ആത്മാവിന്‍റെ ദേഹാന്തപ്രാപ്തിയില്‍ വിശ്വസിച്ചിരുന്ന തത്വചിന്തകനാണ് പൈഥഗോറസ്. ഈ ആശയത്തില്‍ കേന്ദ്രീകരിച്ച അദ്ദേഹത്തിന്‍റെ അനുമാനങ്ങള്‍ ഇവയാണ്. ആത്മാവ് അനശ്വരമാണ് ജീവനുള്ള എല്ലാ വസ്തുക്കളും പരസ്പരബന്ധമുള്ളവയാണ്. ആത്മാവ് മറ്റു ജീവനുള്ള വസ്തുക്കളിലേക്ക് പ്രവേശിക്കുന്നു. സംഭവങ്ങള്‍ ഒരു നിശ്ചിത കാലത്തില്‍ ആവര്‍ത്തിക്കപ്പെടും.
ആത്മാവിന്‍റെ രക്ഷ ലക്ഷ്യമാക്കിയുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുകയാണ് തത്വചിന്തയുടെ ധര്‍മ്മം. അതിനാല്‍ മനുഷ്യന് തന്‍റെ ചുറ്റുമുള്ള ജീവനോടും പ്രപഞ്ചത്തോടുമുള്ള ബന്ധമാണ് പൈതഗോറിയന്‍ തത്വചിന്തയുടെ അടിസ്ഥാനശില. രക്തബന്ധം , സഹാനുഭൂതി തുടങ്ങിയ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടാണ് 'ആത്മാവിന്‍റെ ദേഹാന്തപ്രാപ്തി'യിലുള്ള വിശ്വാസം പൈഥഗോറസ് ആര്‍ജ്ജിച്ചെടുത്തത്. മനുഷ്യന് ജൈവവസ്തുക്കളുമായി മാത്രമല്ല രക്തബന്ധമുള്ളത്; പിന്നെയോ, ജീവിക്കുന്ന, ഉച്ഛ്വസിക്കുന്ന ജീവിയായ പ്രപഞ്ചത്തോട് മുഴുവനുമായാണ്. മനുഷ്യന്‍ എന്ന സങ്കല്‍പം നശ്വരവും വിഭജിതവും ആണെങ്കിലും മനുഷ്യന്‍റെ 'ആത്മാവ്' അനശ്വരമായി അദ്ദേഹം കണക്കാക്കി-കാരണം, ദൈവികവും സര്‍വ്വവ്യാപിയുമായ ആത്മാവിന്‍റെ ഭാഗമാണ് അത്.
സര്‍വ്വവ്യാപിയായ ആത്മാവില്‍നിന്ന് മുറിക്കപ്പെട്ട് നശ്വരമായ ശരീരത്തില്‍ ബന്ധിക്കപ്പെട്ട മനുഷ്യാത്മാവിനെ സാര്‍വ്വത്രികമായ ആത്മാവിലേക്ക് പുനര്‍ലയിപ്പിക്കാന്‍ മനുഷ്യന്‍ തന്‍റെ ആത്മാവിനെ ശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും വേണം. ഇത്തരത്തില്‍, സാര്‍വ്വത്രികമായ ആത്മാവില്‍ ലയനം സംഭവിക്കുന്നതുവരെ ആത്മാവിന്‍റെ മുന്‍ ശരീരത്തിന്‍റെ മരണശേഷം മനുഷ്യന്‍റേയോ മറ്റേതെങ്കിലും മൃഗത്തിന്‍റേയോ പുതിയ ശരീരത്തില്‍ പ്രവേശിച്ച് പുനരവതാരത്തിന്‍റെ ചക്രം പൂര്‍ത്തിയാക്കണം.
എംപദോക്ലെസ് (490 435 AD)
ഭൂമി, വെള്ളം, വായു, അഗ്നി എന്നീ നാല് വ്യത്യസ്ഥ മൂലതത്വങ്ങളെ അംഗീകരിക്കുന്ന എംപദോക്ലെസ് തന്‍റെ 'വിശുദ്ധീകരണം' എന്ന പുസ്തകത്തില്‍ അവയെ ദൈവികമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം, പ്രാചീന ശക്തികളായ സ്നേഹവും വെറുപ്പും അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ദൈവീകമാണ്. അതുകൊണ്ടുതന്നെ, മനുഷ്യന്‍റെ അറിവ് വിശ്വാസം മാത്രമാണ്. മനുഷ്യന്‍ മാത്രമാണ് ആത്മാവ്. ഈ ലോകത്തില്‍ മനുഷ്യന്‍റെ ജീവിതം ദുഃഖപൂര്‍ണ്ണമാണെന്നാണ് എംപദോക്ലെസിന്‍റെ അഭിപ്രായം. ഈ നാലു മൂലതത്വങ്ങളാണ് മനുഷ്യന്‍റെ അറിവിന് നിദാനം; കൂടാതെ ഇവയാണ് മനുഷ്യനില്‍ ചിന്തയും, ദുഃഖവും, സുഖവും എല്ലാം സൃഷ്ടിക്കുന്നത്.
സോക്രട്ടീസ് (470 390 AD)
'സാര്‍വ്വജനീനമായ നന്മയെ മനുഷ്യന്‍ സ്വയം തന്നില്‍തന്നെ കണ്ടെത്തണം' എന്ന ദാര്‍ശനിക നിലപാട് ഉയര്‍ത്തിപ്പിടിച്ച തത്വചിന്തകനാണ് സോക്രട്ടീസ്. മനുഷ്യന്‍റെ സദാചാര ബോധത്തില്‍ അതീവ തല്‍പരനായിരുന്നു സോക്രട്ടീസ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ജ്ഞാനിയായി ഒരു മനുഷ്യനുമില്ല. ദൈവം മാത്രമാണ് ജ്ഞാനി. മനുഷ്യരുടെ അജ്ഞത വെളിപ്പെടുത്തിക്കൊടുക്കുകയാണ് തന്‍റെ ധര്‍മ്മം എന്ന് സോക്രട്ടീസ് കരുതി. അതുകൊണ്ടുതന്നെ, മനുഷ്യരുടെ ഇടയില്‍ ജ്ഞാനിയായി കണക്കാക്കേണ്ടത്, താന്‍ അജ്ഞനാണെന്ന് ബോധ്യമുള്ളവരെയാണ്.
അറിവിന്‍റെ സ്രോതസ്സ് തേടി യാത്ര തിരിച്ച മനുഷ്യനാണ് സോക്രട്ടീസ്. തന്നെക്കുറിച്ചുതന്നെയുള്ള അറിവാണ് അദ്ദേഹത്തിന് പരമപ്രധാനം. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ശരിയായ പഠനവിഷയം മനുഷ്യന്‍ തന്നെയാണ്. മനുഷ്യനില്‍ തന്നെയുള്ള യഥാര്‍ത്ഥ നന്മയെക്കുറിച്ചുള്ള അജ്ഞതയാണ് തിന്മ. നന്മയാണ് അറിവ്. അതുകൊണ്ട്, മനുഷ്യനിലുള്ള പൂര്‍ണ്ണമായ അജ്ഞത മാറ്റി നന്മയിലേക്ക് തിരിയുവാനുള്ള യഥാര്‍ത്ഥവഴി 'സ്വയം അറിയുക' എന്നതാണ്.
മനുഷ്യന്‍റെ ആന്തരിക ധാര്‍മ്മിക ജീവിതത്തിന്‍റെ അടിസ്ഥാനത്തിലാണ് സോക്രട്ടീസ് മനുഷ്യനെ പരിഗണിക്കുന്നത്. 'മനുഷ്യാ നീ നിന്നെത്തന്നെ അറിയുക' എന്നു പറയുന്ന സോക്രട്ടീസ് ജ്ഞാനത്തിന്‍റെ ഉറവിടമായി ഈ അറിവിനെ കാണുന്നു. തന്‍റെ ജീവിതത്തിന്‍റെയും സ്വഭാവത്തിന്‍റെയും നിരന്തരമായ പരിശോധനയിലൂടെ എന്താണ് ധാര്‍മ്മികമായി ഒരുവന് നല്ലത് എന്ന് കണ്ടെത്തലാണ് ഈ അറിവ്.
അറിവ് പരമനന്മയാണ്. ഒരു മനുഷ്യനും സ്വമേധയാ തിന്മയോ മനസറിവുകൂടാതെ നന്മയോ ചെയ്യുന്നില്ല. നന്മയെക്കാള്‍ തിന്മയ്ക്കു മുന്‍ ഗണന കൊടുക്കുന്നത് മനുഷ്യസ്വഭാവമല്ല. രണ്ട് തിന്മകളുടെ മുന്‍പില്‍ ഒരുവനും കൂടുതല്‍ തിന്മ തിരഞ്ഞെടുക്കില്ല. തിന്മ ചെയ്യുന്നവന്‍ അജ്ഞതയില്‍നിന്നാണ് അങ്ങനെ ചെയ്യുന്നത്. നന്മയെക്കുറിച്ച് വികലമായ അറിവുള്ളവനേ തിന്മയിലേക്ക് പോകൂ. നന്മയെക്കുറിച്ച് വ്യക്തവും കൃത്യവുമായ അറിവുള്ള ഒരുവന് അത് തെരഞ്ഞെടുക്കാതിരിക്കാനാവില്ല.
പ്ലേറ്റോ (427 347 AD)
പ്ലേറ്റോയുടെ അഭിപ്രായത്തില്‍ ഇന്ദ്രിയസംവേദനത്തിന്‍റെ ഒരു ലോകവും അതിനുമുകളില്‍ അതീന്ദ്രിയ ജ്ഞാനത്തിന്‍റെ ഒരു ലോകവും ഉണ്ട്. അതീന്ദ്രിയ ജ്ഞാനത്തിന്‍റെ ലോകമാണ് യഥാര്‍ത്ഥമായുള്ളത്. ആത്മാവ് മരണമില്ലാത്ത ഒരു സത്തയാണ്. ആത്മാവ് മനുഷ്യശരീരത്തില്‍ ബന്ധനാവസ്ഥയില്‍ കിടക്കുന്നു. എങ്കിലും ആത്മാവിന് നാശമില്ല. മനുഷ്യശരീരത്തെ ആത്മാവിന്‍റെ തടവറയായാണ് അദ്ദേഹം കാണുന്നത്. ജീവന്‍റെ ചലനാത്മകത നിലനില്‍ക്കുന്നത് ആത്മാവിലാണ് എന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരുവനെ ആത്മാവ് സുഖത്തിലും ദുഃഖത്തിലും നിയന്ത്രിതമാക്കുമ്പോഴാണ് അവന്‍ ധൈര്യം സംഭരിക്കുന്നത്.
മനുഷ്യന്‍ ആത്മാവിന്‍റെയും ശരീരത്തിന്‍റെയും സമന്വിത യാഥാര്‍ത്ഥ്യമാണ്. ഇത് ഒരു സത്താപരമായ ഐക്യമല്ല. ആത്മാവാണ് യഥാര്‍ത്ഥ മനുഷ്യന്‍. ശരീരം ഒരു നിഴല്‍ മാത്രം. ഇവയുടെ ഐക്യം സന്തോഷകരമല്ല. ആത്മാവ് ശരീരത്തില്‍ ഒരു തടവറയിലെന്നപോലെ വീര്‍പ്പുമുട്ടുന്നു. ഡെമിയുര്‍ഗില്‍ നിന്നാണ് ആത്മാവ് ഉല്‍ഭവിക്കുന്നത്. ഡെമിയുര്‍ഗ് ആത്മാവിനെ നക്ഷത്രങ്ങളില്‍ ആക്കി അവയ്ക്ക് ഈ ലോക സത്യങ്ങളെയും മൂല്യങ്ങളെയും അറിയുവാന്‍ സ്വാഭാവിക ശക്തി കൊടുത്ത് അതിന്‍റെ വിധി സ്വയം നിര്‍ണയിക്കാന്‍ ശക്തമാക്കുന്നു. അതുവരെ ആത്മാവിന്‍റെ സ്ഥാനം ആശയങ്ങളുടെ ലോകത്തിനും ഇന്ദ്രിയങ്ങളുടെ ലോകത്തിനും ഇടയിലെവിടെയോ ആണ്.
പ്ലേറ്റോയുടെ അഭിപ്രായത്തില്‍ മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. മാനുഷികമായ ചുറ്റുപാടുകളിലാണ് സമൂഹം നിലനില്‍ക്കേണ്ടത്. പ്ലേറ്റോയുടെ അഭിപ്രായത്തില്‍ അടിമകള്‍ക്ക് ആത്മാവില്ല.
അരിസ്റ്റോട്ടില്‍ (384 322 AD)
പരമമായ നന്മയാണ് അരിസ്റ്റോട്ടിലിന്‍റെ നീതിശാസ്ത്രം. മനുഷ്യന്‍റെ നന്മ അവന്‍റെ ബുദ്ധിയുടെ പരിപൂര്‍ണ്ണവും, സ്വാഭാവികവുമായ പ്രവര്‍ത്തനത്തില്‍ അധിഷ്ഠിതമാണ്. ഇതിനെ മനുഷ്യന്‍റെ ആത്മപൂര്‍ണ്ണത, ആത്മാനന്ദം എന്നൊക്കെ വിളിക്കുന്നു. ദൈവമാണ് സദ്ഗുണത്തിന് നിദാനം. വിചാരങ്ങളെ യുക്തിക്കനുസരണമായി പൊരുത്തപ്പെടുത്തുന്നതിലാണ് സത്ഗുണം. ധാര്‍മ്മികജീവിതംവഴിയാണ് ഈ സത്ഗുണം മനുഷ്യന്‍ പ്രാപിക്കുന്നത്. സത്ഗുണസമ്പന്നമായ ആത്മാവില്‍ വികാരങ്ങളും വിചാരങ്ങളും, ആഗ്രഹങ്ങളും ശരിയായ രീതിയില്‍ പൊരുത്തപ്പെട്ടിരിക്കും. മനുഷ്യന്‍ തന്‍റെ ബുദ്ധിസഹജമായ പ്രവര്‍ത്തിക്കും ഉന്നത സത്തക്കും അനുസൃതമായി മൃഗങ്ങളില്‍നിന്നും വ്യത്യസ്ഥമായി ജീവിക്കുമ്പോഴാണ് അവന്‍ ധാര്‍മ്മികനാകുന്നത്. പരമനന്മയും ആത്യന്തിക ലക്ഷ്യവുമായ ദൈവത്തെ പ്രാപിക്കുമ്പോള്‍ മനുഷ്യന്‍ ആത്മപൂര്‍ണ്ണതയിലേക്ക് എത്തുന്നു. ഇത് ഇന്ദ്രിയ അനുഭൂതികളെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇന്ദ്രീയാനുഭൂതികളെല്ലാം ഉല്‍കൃഷ്ടമായ ആനന്ദാനുഭൂതിയാണ്. സുഖമാണ് മനുഷ്യജീവിതത്തിന്‍റെ ഉദ്ദേശ്യം. മനുഷ്യനാണ് എല്ലാ ജീവികളിലും ശ്രേഷ്ഠന്‍. പക്ഷേ നിയമത്തില്‍നിന്നും നീതിയില്‍നിന്നും ഒറ്റപ്പെട്ടാല്‍ അവനാണ് ഏറ്റവും അധമന്‍. മാനുഷികജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തുന്നത് സമൂഹജീവിതത്തിലാണ്. ധാര്‍മ്മികശ്രേഷ്ഠത കൈവരിക്കുക എന്നതാണ് സമൂഹജീവിയായ മനുഷ്യന്‍റെ ലക്ഷ്യം.
മനുഷ്യനില്‍ പരമമായ നന്മ സ്ഥിതി ചെയ്യുന്നുവെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു. മനുഷ്യനില്‍ മാത്രം കണ്ടുവരുന്ന ബുദ്ധിശക്തിയുടെ സാക്ഷാത്കാരമാണ് നന്മ. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പരമമായ നന്മ സ്ഥിതിചെയ്യുന്നത് സിദ്ധാന്തപരമായ സത്യാന്വേഷണത്തിലും, മനനത്തിലും മാത്രമാണ്. അതുവഴി മാത്രമേ മനുഷ്യന് പൂര്‍ണ്ണമായ ആനന്ദം ലഭിക്കുകയുള്ളൂ. മനുഷ്യന് ആര്‍ജ്ജിക്കാന്‍ കഴിയുന്ന പരമോന്നതാവസ്ഥയാണിത്.
എപ്പിക്കൂറസ്സ് (341 270 AD)
എപ്പിക്കൂറിയന്‍ അക്കാദമിയുടെ സ്ഥാപകനായ എപ്പിക്കൂറസ് ഗ്രീസിലെ സീമോസ് ദ്വീപിലാണ് ജനിച്ചത്. വലിയൊരു ഗ്രന്ഥരചയിതാവായിരുന്ന അദ്ദേഹമാണ് ഹെഡോണിസത്തിന്‍റെ മുഖ്യപ്രചാരകന്‍. എപ്പിക്കൂറിയന്‍ തത്വചിന്തകരുടെ പ്രധാന ലക്ഷ്യം മനുഷ്യരിലെ ദൈവഭയവും മരണഭയവും നീക്കി ആത്മാവിന് നിത്യമായ ശാന്തി നേടിക്കൊടുക്കുക എന്നുള്ളതാണ്. സുഖമാണ് പരമപ്രധാനമായ നന്മ. ജനനം മുതല്‍ എല്ലാ ജീവികളും സുഖം നേടുവാനും ദുഃഖം ദൂരെയകറ്റാനും ആഗ്രഹിക്കുന്നു. പരിപൂര്‍ണ്ണമായ സുഖമാണ് എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം. സുഖങ്ങളെല്ലാംതന്നെ നല്ലതും ദുഃഖങ്ങളൊക്കെ തിന്മയുമാണ്. ചില സുഖങ്ങള്‍ താല്‍ക്കാലികമാണ്. എന്നാല്‍ മറ്റു ചിലത് നീണ്ടുനില്‍ക്കുന്നവയാണ്. എല്ലാ സുഖങ്ങള്‍ക്കും സന്തോഷവും സമാധാനവും കൊണ്ടുവരുവാന്‍ സാധിക്കയില്ല. അതിനാല്‍ നമ്മളാണ് സുഖങ്ങള്‍ വിവേചിച്ചെടുക്കേണ്ടത്. വിവേകം ഉപയോഗിച്ചുവേണം അത് തിരഞ്ഞെടുക്കുവാന്‍.
ഒരു മനുഷ്യന് സുഖം നല്‍കുന്ന വസ്തുവാണ് അവന്‍റെ മനസ്സിന് ശാന്തി നല്‍കുന്നത്. ഈ സുഖം എല്ലാവര്‍ക്കും ഒരേപോലെ ആയിരിക്കണമെന്നില്ല. എല്ലാ സുഖങ്ങളും തിരഞ്ഞെടുക്കുവാനോ എല്ലാ ദുഃഖങ്ങളും അകറ്റുവാനോ ഒരുവനും സാധിക്കയില്ല. നൈമിഷിക സുഖങ്ങള്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ വേദനയാണ് നല്‍കുന്നത്. ബുദ്ധിമാനായ മനുഷ്യന്‍ ശരിയായ സുഖത്തെ തിരിച്ചറിയുകയും ദുഃഖത്തെ അകറ്റുകയും ചെയ്യുന്നു. ചില സുഖങ്ങള്‍ക്കുശേഷം ദുഃഖം കടന്നു വരുന്നതുപോലെ ചില ദുഃഖങ്ങള്‍ക്കുശേഷം സുഖവും കടന്നുവരുന്നു. ചില ദുഃഖങ്ങള്‍ സുഖത്തേക്കാള്‍ ഏറെ ഉപകാരപ്രദമാണ്. എന്നാല്‍ ശാരീരിക ദുഃഖത്തേക്കാള്‍ കഠോരമായത് മാനസിക ദുഃഖമാണ്. വര്‍ത്തമാന സുഖങ്ങള്‍ ആസ്വദിക്കുവാന്‍ മാത്രമേ ശരീരത്തിനു സാധിക്കുകയുള്ളൂ. എന്നാല്‍ മനസ്സിന് ഭാവികാലത്തേയും ഭൂതകാലത്തേയും സുഖങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുന്നു. ഒരേ സുഖംതന്നെ പലരിലും പലവിധത്തിലായിരിക്കും അനുഭവപ്പെടുക. സന്തോഷകരമായ ജീവിതം തിരഞ്ഞെടുക്കുന്നത് ജ്ഞാനത്തിന്‍റെ ഭാഗമാണെന്നാണ് എപ്പിക്കൂറസ് പറയുന്നത്. യഥാര്‍ത്ഥ സന്തോഷം ലഭിക്കണമെങ്കില്‍ വസ്തുക്കളുടെ യഥാര്‍ത്ഥ്യം മനസ്സിലാക്കണം.
ദുഃഖത്തില്‍നിന്നുള്ള മോചനമാണ് ഉന്നതമായ സുഖം. ആഗ്രഹങ്ങള്‍ സംലഭ്യമായാല്‍ സുഖം ലഭിക്കും. ദുഃഖത്തില്‍നിന്നും ഭയത്തില്‍ നിന്നും മോചിതരാകുവാന്‍ അതിന്‍റെ കാരണത്തെപ്പറ്റി നാം അറിയണം. സത്യസന്ധവും നീതിപൂര്‍വ്വകവുമായി ജീവിക്കാത്തവര്‍ക്ക് സുഖം അപ്രാപ്യമാണെന്ന് സാരം. എപ്പിക്കൂറിയന്‍ സിദ്ധാന്തത്തെ സാധാരണ ആളുകള്‍ ഭോഗാസക്തിയും ദുഃസ്വാതന്ത്ര്യവുമായി തെറ്റിദ്ധരിച്ചു. വ്യക്തിയുടെ പരമമായ ലക്ഷ്യം സന്തോഷം നേടുക എന്നുള്ളതാണ്.
ഫിലോ ജുഡേയൂസ് (ആഇ. 25 40 AD)
പദാര്‍ത്ഥത്താലും ആത്മാവിനാലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പ്രപഞ്ചസൃഷ്ടിയിലെ ഒരു സുപ്രധാന ഘടകമാണ്. മനുഷ്യന്‍റെ സുപ്രധാന സത്ത ചിന്തയാണ്. ശരീരവും യുക്തിയുടെ ഭാഗമല്ലാത്ത മനസ്സും പ്രാപഞ്ചിക പദാര്‍ത്ഥത്തോട് കൂടിച്ചേരുന്നു. അപദാര്‍ത്ഥികമായ മനസ്സ് ദൈവാത്മാവുമായി ചേര്‍ന്ന് നില്‍ക്കുന്നതുകൊണ്ടാണ് മനുഷ്യന് ദൈവത്തിന്‍റെ പ്രതിരൂപം സ്വന്തമാകുന്നത്. ശരീരം മനുഷ്യനിലെ തിന്മയുടെ ഉറവിടമാണ്. ആത്മാവിന്‍റെ ശരീരവുമായുള്ള ഒത്തുചേരലിലൂടെ ആത്മാവിനെ തിന്മയിലേക്ക് മനസ്സ് ചായിക്കുവാന്‍ കാരണമാകുന്നു. എങ്കിലും ഫിലോയുടെ അഭിപ്രായത്തില്‍ മാനുഷിക ബുദ്ധിക്ക് ദൈവിക മനസ്സുമായി സ്ഥിരമായി ഒരു അടുപ്പമുണ്ട്.
മദ്ധ്യകാല യൂറോപ്യന്‍ തത്വചിന്ത
വി. അഗസ്റ്റിന്‍ (354 430 AD)
അഗസ്റ്റിന്‍റെ അഭിപ്രായത്തില്‍ ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ഒരു സമന്വിത യാഥാര്‍ത്ഥ്യമാണ് മനുഷ്യന്‍. എന്നാല്‍ ഇവ രണ്ടും അവയുടേതായ സത്താപരമായ വ്യതിരിക്തസ്വഭാവം നിലനിര്‍ത്തുന്നു. ആത്മാവ് അരൂപിയായ ഒരു സത്തയാണ്. ആത്മാവ് അനശ്വരവും ശരീരം നശ്വരവുമാണ്. ആത്മാവിന്‍റെ അനശ്വരത ഈ ശരീരാവസ്ഥയില്‍നിന്നും സ്ഥിരവും ആത്യന്തികവുമായ സത്യത്തിലുള്ള പങ്കെടുപ്പിലൂടെയാണ് സാധ്യമാകുന്നത്. ആത്മാവ് ശരീരത്തെ ഉപയോഗപ്പെടുത്തുന്നു. പലവിധത്തില്‍ ആത്മാവ് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഓര്‍മ്മ, ഗ്രഹണശക്തി, ഇച്ഛ എന്നിവയോട് ബന്ധപ്പെടുത്തിയും അഗസ്റ്റിന്‍ മനുഷ്യനെ പഠിക്കുന്നുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളില്‍ ഒന്നായ ത്രിത്വൈക ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഇവ മൂന്നും തമ്മിലുള്ള ബന്ധം എന്ന് അഗസ്റ്റിന്‍ പറയുന്നു. തത്വശാസ്ത്രത്തിന്‍റെ ലക്ഷ്യമായി അഗസ്റ്റിന്‍ കണ്ടത് 'സന്തോഷത്തെയാണ്'. അത് കരസ്ഥമാക്കുന്നതാകട്ടെ മനുഷ്യന്‍റെ ഇച്ഛയെയും ധാര്‍മ്മിക ബോധത്തെയും ആശ്രയിച്ചിരിക്കുന്നു. മാനസിക ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ജ്ഞാനത്തേക്കാള്‍ ഉന്നതമാണ് ആന്തരീക ഇന്ദ്രിയവും ബുദ്ധിയുമെല്ലാം. ഇവ ഇച്ഛയുടെ കീഴില്‍ കേന്ദ്രീകൃതമാകുന്നെന്ന് മാത്രമല്ല ജ്ഞാനംപോലും ഇച്ഛയുടെ ശുദ്ധതയെയും താത്പര്യങ്ങളെയും ആശ്രയിച്ചാണ് നില്‍ക്കുന്നത്. സത്യത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് ഇച്ഛയുടെ സഹായത്തോടെ മാത്രമേ ആത്മാവിന് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. അതുപോലെ ആത്മാവും ശരീരവും തമ്മിലുള്ള ബന്ധം, ദൈവത്തിന്‍റെ പ്രകൃതി തുടങ്ങിയ രഹസ്യാത്മക സത്യങ്ങള്‍ മനസ്സിന് ലഭിക്കുന്നത് ഇച്ഛയുമായുള്ള ബന്ധത്തിലൂടെയാണ്. എല്ലാറ്റിലുമുപരിയായി മനഃശാസ്ത്രപരവും ധാര്‍മ്മികവുമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒന്നാണ് ഇച്ഛ.
മറ്റൊരു മദ്ധ്യകാല ചിന്തകനായ ആന്‍സലെമും മനുഷ്യനെപ്പറ്റി ചിന്തിക്കുമ്പോള്‍ അഗസ്റ്റിന്‍റെ ആശയത്തോട് യോജിക്കുന്നു. മനുഷ്യന്‍ ഉണ്ടാകുന്നത് ആത്മാവും ശരീരവും യോജിക്കുമ്പോഴാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. തത്വചിന്തയുടെ മൂശയില്‍ വിശ്വാസത്തെ സ്വീകരിച്ച ആളാണ് ആന്‍സലെം. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ സ്നേഹം മനുഷ്യനെ അറിവിലേക്ക് നയിക്കുന്നു. അറിവ് സ്നേഹത്തിലേക്കും. സ്നേഹം വിശ്വാസമായി ജ്വലിക്കുമ്പോള്‍ മനുഷ്യനില്‍ പ്രതീക്ഷയുണരും. പ്രതീക്ഷ മനുഷ്യന് ജീവചൈതന്യം പകരും. ആ ചൈതന്യം ഏതൊരു ചൈതന്യത്തിന്‍റെ ഭാഗമാണോ അത് ദൈവമാണ്. അഗസ്റ്റിന്‍റെ വീക്ഷണത്തില്‍ മനുഷ്യനെ മുമ്പോട്ട് നയിക്കുന്ന പ്രധാന ഘടകം ഇച്ഛയാണെങ്കില്‍ ആന്‍സെലെമിനെ സംബന്ധിച്ചിടത്തോളം പ്രത്യാശയാണ് മനുഷ്യനെ മുമ്പോട്ട് നയിക്കുന്ന ഘടകം.
മറ്റൊരു മദ്ധ്യകാല ചിന്തകനായ ആല്‍ബര്‍ട്ടിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിയുടെ അവസാനമായ മനുഷ്യന്‍ ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഒരു മിശ്രിത സത്തയാണ് . മനുഷ്യന്‍റെ ശ്രേഷ്ഠതയുടെ കാരണം അവന്‍റെ ആത്മാവും, ശരീരവും, അവയുടെ ഐക്യവുമാണ്. ആത്മാവിന്‍റെ സത്ത എന്തെന്ന് നിര്‍വചിക്കുന്നത് അതിന്‍റെ നിലനില്‍പ്പ് തെളിയിക്കുന്നതിനേക്കാള്‍ വിഷമമാണ്. ആത്മാവിന്‍റെ പ്രഥമമായ ധര്‍മ്മം ശരീരത്തിന് ജീവത്വം നല്‍കുക എന്നതാണ്. സത്താപരമായി അശരീരി ആണെങ്കിലും പ്രയോഗത്തില്‍ മനുഷ്യശരീരത്തിന്‍റെ ജീവദായക ശക്തിയാണ് ആത്മാവ്. എല്ലാ ജീവികള്‍ക്കും ഒരു ആത്മാവുണ്ട്; അത് സൃഷ്ടിക്കപ്പെട്ടത് ദൈവത്താലാണ്.
വി. തോമസ് അക്വീനാസ് (1225 1274)
മനുഷ്യനില്‍ ശരീരവും ആത്മാവും അഭേദ്യവും ഗാഢവുമായ വിധത്തില്‍ സമ്മേളിച്ചിരിക്കുന്നു. ആത്മാവാണ് ശരീരത്തിന്‍റെ പ്രവര്‍ത്തനതത്വം. ആത്മാവിനു വിവിധങ്ങളായ കഴിവുകളുണ്ട്; ഒന്നാമതായി ഇന്ദ്രിയങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കി വിധി കല്‍പ്പിക്കുന്ന പൊതുവായ ഒരു ഇന്ദ്രിയം. തുടര്‍ന്ന് ഭാവനാശക്തി, വിവേചനാശക്തി, ഓര്‍മ്മശക്തി എന്നിവയും. മനുഷ്യന്‍റെ ആത്യന്തിക ലക്ഷ്യം ദൈവദര്‍ശനമാണ്.
മനുഷ്യന്‍റെ സ്വതന്ത്രപ്രവൃത്തികളാണ് ധാര്‍മ്മികതയുടെ സാരവത്തായ വിഷയം. ഈ പ്രവര്‍ത്തി എപ്പോഴും ലക്ഷ്യമുള്ളതും ആനന്ദത്തിലേക്ക് ചാഞ്ഞിരിക്കുന്നതുമാണ്. ലോകത്തിലെ പരിമിതമായ നന്മകള്‍ക്ക് മനുഷ്യമനസ്സിനെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. ഈ സാഹചര്യത്തില്‍ പരമനന്മയെക്കുറിച്ച് അദ്ദേഹം വിശകലനം ചെയ്യുന്നു. സൃഷ്ടികളില്‍ ദൈവം നല്‍കിയിരിക്കുന്ന നന്മയെ സാക്ഷാത്കരിക്കുമ്പോഴാണ് സൃഷ്ടി നിര്‍വൃതി നേടുന്നത്. അതായത് മനുഷ്യനെ സംബന്ധിക്കുന്ന ഉന്നതമായ നന്മ ദൈവമാണ്. ഇത് വസ്തുനിഷ്ഠമായ ചിന്തയാണ്. എന്നാല്‍ ആത്മനിഷ്ഠമായി നോക്കുമ്പോള്‍ ഒരു വ്യക്തിക്കു നേടാവുന്ന ഏറ്റവും വലിയ പൂര്‍ണ്ണതയാണ് അവന്‍റെ ഉന്നതമായ നന്മ. ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യന്‍റെ ഏറ്റവും വലിയ അറിവ് ദൈവത്തെക്കുറിച്ചുള്ള അറിവാണ്. ദൈവത്തെക്കുറിച്ചുള്ള അറിവ് അന്തര്‍ജ്ഞാനപരമാണ്. ഇത് ദൈവത്തെ അഭിമുഖം ദര്‍ശിക്കുമ്പോള്‍ ലഭിക്കുന്നതാണ്. ഇതാണ് മനുഷ്യപ്രവര്‍ത്തിയുടെ ആത്യന്തിക ലക്ഷ്യം.
ആധുനിക തത്വശാസ്ത്രം
ഫ്രാന്‍സിസ് ബേക്കണ്‍ (1561 1626)
ഫ്രാന്‍സിസ് ബേക്കണാണ് ശാസ്ത്രീയമാനവവാദത്തിന് തുടക്കം കുറിച്ചത്. മനുഷ്യസംബന്ധിയായ എല്ലാ വിഷയങ്ങളും തന്‍റെ ചിന്താധരണിയില്‍ അദ്ദേഹം ചേര്‍ക്കുന്നു. മനസ്സിന്‍റെമേല്‍ ശരീരത്തിനുള്ള സ്വാധീനവും ശാരീരിക പരാധീനതക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്ന മാനസിക വൈകല്യങ്ങളും ബേക്കണ്‍ വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നമ്മുടെ പല ശാരീരിക രോഗങ്ങളും മാനസിക പിരിമുറുക്കത്തിന്‍റെയും അസ്വസ്ഥതകളുടെയും പ്രതിഫലനമാണ്. നേരെ തിരിച്ച് ഈ ശാരീരികപ്രശ്നങ്ങള്‍ മനസ്സിന്‍റെ തലത്തില്‍ അസ്വസ്ഥകള്‍ ഉളവാകുന്നതിനും കാരണമാകാറുണ്ട്. മറ്റുവാക്കുകളില്‍ മനുഷ്യനില്‍ മനസ്സും ശരീരവും അവഗാഢം ബന്ധപ്പെട്ടു കിടക്കുന്നു.
ബേക്കണ്‍ മനുഷ്യന്‍റെ ആത്മാവിനെ യുക്തിപരമെന്നും ഇന്ദ്രിയപരമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. യുക്തിപരമായത് മതത്തിന്‍റെ പഠനവിഷയമായി ബേക്കണ്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇന്ദ്രീയാത്മാവ് മൂര്‍ത്തമാണ്. ഉയര്‍ന്ന ജീവിയായ മനുഷ്യനില്‍ ഇന്ദ്രീയപരമായ ആത്മാവ് ശിരസ്സില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിന്‍റെ വിവിധ കഴിവുകളെ ബേക്കണ്‍ വെറും പദാര്‍ത്ഥികമായാണ് കാണുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഇന്ദ്രിയതലത്തില്‍ വ്യത്യാസങ്ങള്‍ എടുത്തുപറയാന്‍ തക്കതൊന്നുമില്ല.
മനുഷ്യപ്രവൃത്തിയുടെ ഉറവിടം അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളും താത്പര്യങ്ങളുമാണ്. മാനുഷികഗുണങ്ങളോ, കാരുണ്യമോ ഒരിക്കലും പ്രവൃത്തിയെ സ്വാധീനിക്കുന്നില്ല. മനുഷ്യപ്രവൃത്തി സ്വതന്ത്രമാണെന്ന ചിന്തയും അദ്ദേഹം നിരസിച്ചു. മനുഷ്യന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ സമൂഹവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. മാനുഷിക പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സ്വതന്ത്രരായവര്‍ ചെയ്യുന്നതല്ല. അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തായിരിക്കണമെന്ന് സമൂഹം തീരുമാനിക്കുന്നു.
റെനെ ഡെക്കാര്‍ട്ട് (1596 1649)
മനുഷ്യന്‍റെ അസ്തിത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഡെക്കാര്‍ട്ട് കടന്നുവരുന്നത്. "ഞാന്‍ ചിന്തിക്കുന്നു. അതിനാല്‍ ഞാന്‍ ഉണ്ട്" . മനുഷ്യന്‍റെ അറിവിലേക്കുള്ള ആദ്യപടിയായി അദ്ദേഹം സംശയത്തെ കണ്ടു. എന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഞാന്‍ പ്രപഞ്ചത്തെ കാണുമ്പോള്‍ അവ എന്നെ വഞ്ചിക്കുകയില്ല എന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല. ഞാന്‍ സ്വപ്നം കാണുകയല്ല എന്നതിനും ഉറപ്പില്ല.എല്ലാത്തിനെയും സംശയിക്കുന്ന 'എനിക്ക്' അസ്തിത്വമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. സംശയിക്കുന്ന ഞാന്‍ നിലനില്‍ക്കുന്നില്ലെങ്കില്‍ എനിക്കെങ്ങനെ സംശയിക്കാന്‍ സാധിക്കും?
മനുഷ്യമനസ്സിനെയും ശരീരത്തെയും ഡെക്കാര്‍ട്ട് പരസ്പരബന്ധമുള്ളവയായി കാണുന്നു. മനസ്സ് സത്താപരമായി സജീവവും, സ്വതന്ത്രവുമാണെങ്കില്‍ ശരീരം ഭൗതീക നിയമങ്ങള്‍ക്ക് വിധേയമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മനുഷ്യമനസ്സും ശരീരവും സമ്മേളിക്കുന്നത് മസ്തിഷ്കത്തിലെ പീനിയല്‍ ഗ്രന്ഥിയിലാണ്. ഡെക്കാര്‍ട്ടിന്‍റെ ഈ സിദ്ധാന്തം ഇന്‍ററാക്ഷനിസം എന്ന പേരിലറിയപ്പെടുന്നു.
മനുഷ്യമനസ്സില്‍ വ്യത്യസ്ഥങ്ങളായ ആശയങ്ങള്‍ നിലനില്‍ക്കുന്നു. ഈ ആശയങ്ങളുടെ പ്രഭവസ്ഥാനം ഒന്നുകില്‍ ബാഹ്യവസ്തുക്കളോ അല്ലെങ്കില്‍ മനസ്സുതന്നെയോ ആകാം. ഇന്ദ്രിയങ്ങളും അന്തരിന്ദ്രിയങ്ങളും മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഈ ആശയങ്ങളില്‍ ഒന്ന് പരിപൂര്‍ണ്ണ സത്തയെക്കുറിച്ചുള്ളതാണ്. അപൂര്‍ണ്ണ മനസ്സില്‍ പൂര്‍ണ്ണമായ ആശയം ബാഹ്യമായവയുടെ സ്വാധീനം നിമിത്തമാണ്. ഇതാണ് ദൈവത്തിന് മനുഷ്യനുമേലുള്ള സ്വാധീനം.
നിക്കോളാസ് മലെബ്രാഞ്ച് (1638 1715)
കാര്‍ത്തേസിയനിസത്തിന്‍റെ ചുവടുപിടിച്ച് വളര്‍ന്ന ദാര്‍ശനികനാണ് നിക്കോളാസ് മലെബ്രാഞ്ചേ. ദൈവ-മനുഷ്യബന്ധമാണ് മനുഷ്യന് ആന്തരികവും ബാഹ്യവുമായ ലോകത്തെക്കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. കാരണം, മനുഷ്യന്‍റെ ചിന്തയിലും ഭൗതികവസ്തുക്കളിലുമുണ്ടാകുന്ന വ്യത്യാസം വ്യക്തികള്‍ മൂലമോ വസ്തുക്കള്‍മൂലമോ അല്ല സംഭവിക്കുന്നത് മറിച്ച് ദൈവത്താലാണ്.
ഇന്ദ്രിയാനുഭവങ്ങള്‍ യഥാര്‍ത്ഥ ജ്ഞാനം പ്രദാനം ചെയ്യുന്നില്ല. അവ മനുഷ്യന്‍റെ നഷ്ടങ്ങളെയോ നേട്ടങ്ങളെയോ നിര്‍ണ്ണയിക്കാനുള്ള പ്രായോഗികമൂല്യം മാത്രമാണ്. മനസ്സും ശരീരവും പരസ്പരം പൂരകമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് സൃഷ്ടവസ്തുക്കള്‍ക്കാകമാനം പരസ്പരവര്‍ത്തികളാകാന്‍ കഴിയാത്തതിനാലാണ്.
ഒരു വ്യക്തിക്ക് അവനെ നേരിട്ട് മനസ്സിലാക്കാന്‍ കഴിയും എന്ന ഡെക്കാര്‍ട്ടിന്‍റെ ചിന്താഗതിക്കു വിപരീതമായി മലെബ്രാഞ്ചേ പറയുന്നത്: 'ഒരു വ്യക്തിക്ക് അവനുണ്ട് എന്നതിലുപരി അവനെന്താണെന്ന് അറിയില്ല' എന്നാണ്. മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ച് തെളിവുകളില്ലാതെ മനസ്സിലാക്കാനാവും. എന്നാല്‍ അവന്‍റെ ശരിയായ സ്വഭാവം പൂര്‍ണ്ണമായും അവ്യക്തവും അഗ്രാഹ്യവുമാണെന്ന് അദ്ദേഹം വാദിക്കുന്നു.
മനുഷ്യമനസ്സും ദൈവമനസ്സും ഒന്നല്ല, മറിച്ച് മനുഷ്യമനസ്സ് ദൈവ മനസ്സില്‍ പങ്കുചേരുക മാത്രമേ ചെയ്യുന്നുള്ളൂ. മനുഷ്യന്‍ തന്‍റെ മനസ്സുവഴി ദൈവമനസ്സില്‍ പങ്കുചേരുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ ദൈവത്തില്‍ ജീവിച്ച് ദൈവമാകുന്ന ആദ്യകാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തെക്കുറിച്ചും പദാര്‍ത്ഥികവസ്തുക്കളെക്കുറിച്ചും അറിവുനേടുന്നു. എന്നാല്‍ മനുഷ്യമനസ്സ് അപരിമേയ മനസ്സിന്‍റെ രൂപമല്ല. അപരിമേയ മനസ്സില്‍ ലയിക്കുന്നുമില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നാം ഈ കാണുന്നത് യഥാര്‍ത്ഥ ലോകമല്ല. മറിച്ച് പദാര്‍ത്ഥിക വ്യാപനത്തിന് അപ്പുറത്തുള്ള ആശയങ്ങളുടെ ലോകമാണ് അഥവാ മാതൃകാ സ്ഥലത്തിലെ ഒരു ബൗദ്ധിക ലോകമാണ്. യഥാര്‍ത്ഥ ലോകത്തെക്കുറിച്ച് നാമറിയുന്നത് വെളിപാടുമൂലമാണ്. യഥാര്‍ത്ഥലോകം നിലനില്‍ക്കുന്നുവോ ഇല്ലയോ എന്ന് വെളിപാടിലൂടെയല്ലാതെ നാമറിയുന്നില്ല. ശരീരങ്ങള്‍ തമ്മിലും മനസ്സും ശരീരവും തമ്മിലുമുള്ള പൊതുവായ ബന്ധത്തെയും കാണിക്കാന്‍ അദ്ദേഹം അവസരവാദിത്വം എന്ന കാര്യകാരണ ബന്ധം കൊണ്ടുവന്നു. ശരീരത്തില്‍ അവയുടെ പ്രകടഫലങ്ങളെ പുറപ്പെടുവിക്കുന്ന ശക്തി ഉണ്ടെന്ന പൗരാണികവാദം അദ്ദേഹം പാടേ നിരാകരിച്ചു. നമ്മെ നയിക്കാനുള്ള ശക്തി ശരീരത്തിനുണ്ട് എന്ന വിശ്വാസം നമ്മുടെ ക്ഷേമത്തിനു പകരം അവയെ ഭയപ്പെടാന്‍ കാരണമാകുന്നു. ശരീരചലനം ചലനനിയമമനുസരിച്ച് ദൈവത്താല്‍ നിയന്ത്രിക്കപ്പെടുന്നു. തെറ്റിന്‍റെ കാരണം പ്രായോഗികലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി നമ്മെ സഹായിക്കുന്ന ഇന്ദ്രിയങ്ങളാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ദൈവത്തോടുള്ള ബന്ധംവഴി ഒരുവന് ലോകസൃഷ്ടികളെ മനസ്സിലാക്കാന്‍ സാധിക്കുന്നു. അവയുടെ പൂര്‍ണ്ണത സ്രഷ്ടാവായ ദൈവത്തിലായിരിക്കണം.
എമ്മാനുവേല്‍ കാന്‍റ് (1724 1804)
കിഴക്കന്‍ ജര്‍മ്മനിയില്‍ കോനിഗ്ബര്‍ഗില്‍ ജനിച്ച കാന്‍റ് ദാര്‍ശനിക മണ്ഡലത്തില്‍ പുതിയൊരു ചിന്താസരണി വെട്ടിത്തുറന്ന ചിന്തകനാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍ പരിപൂര്‍ണ്ണനല്ല; അവന്‍ മുഴുവനായും വിശുദ്ധവുമല്ല. അതുകൊണ്ട് അവന്‍ സന്മാര്‍ഗ്ഗം അനുസരിക്കണം. മനുഷ്യന് വ്യക്തിപരിമിതികളോടൊപ്പം ഇച്ഛയും, യുക്തിയും ഉണ്ട്. മനുഷ്യന്‍റെ ഇച്ഛ ഒരു പ്രക്രിയയിലൂടെ എത്തിച്ചേരുന്നതാണ്. അതേസമയം മനുഷ്യന്‍റെ പരിമിതികള്‍മൂലം അവനത് നേടാനാവുകയുമില്ല. ഈ അവസരത്തില്‍ ധാര്‍മ്മികനിയമങ്ങളനുസരിക്കുവാന്‍ അവന്‍ നിര്‍ബന്ധിക്കപ്പെടുന്നു. സന്മാര്‍ഗ്ഗിക നിയമം അനുസരിക്കാനുള്ള നമ്മുടെ പ്രേരക ഘടകം യുക്തിപരതയാണ്.
സമകാലീന തത്വശാസ്ത്രം
ഹേഗല്‍ (1770 1831)
ആത്മാവിന്‍റെ ആരോഹണ അവരോഹണ പ്രക്രിയയുടെ കഥയാണ് ചരിത്രം. അതിനാല്‍ ചരിത്രം വിശുദ്ധമാണ്. ഈ ലോകവും ഇതിലെ ആളുകളുമൊക്കെ ഈ ചരിത്ര പ്രക്രിയയിലെ നിസ്സാരമായ നിമിഷങ്ങള്‍ മാത്രമാണെന്നാണ് ഹേഗല്‍ പറഞ്ഞത്. ആത്മാവിന്‍റെ മറ നീക്കുന്ന പ്രക്രിയയുടെ സമ്പ്രദായം വൈരുദ്ധ്യാത്മകമാണ്. ഇതില്‍ ഒരു സംവാദം ആരംഭിക്കുന്നത് പരസ്പര വിരുദ്ധങ്ങളായ വാദഗതികളോടെയാണ്. സംവാദം പുരോഗമിക്കുന്തോറും വൈരുദ്ധ്യാത്മക വശങ്ങളെ നിരാകരിച്ച് സത്തയോട് നീതിപുലര്‍ത്തുന്ന ഒരു നവീന ആശയം ഉടലെടുക്കുന്നു. ചാക്രികമായ ഈ പ്രക്രിയ ഒരു സമന്വയത്തില്‍ എത്തിച്ചേര്‍ന്ന് അനാവരണം ചെയ്യപ്പെടുന്നു.
ആര്‍തര്‍ ഷോപ്പനവര്‍ (1788 1860)
ഷോപ്പനവറിന്‍റെ ഏറ്റവും പ്രധാന ആശയം ഇച്ഛയെക്കുറിച്ചുള്ള സിദ്ധാന്തമാണ്. ജീവിക്കുവാനുള്ള ആഗ്രഹം ജീവിതത്തിന്‍റെ അടിസ്ഥാന തത്വമാണെന്ന് ഷോപ്പനവര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യന്‍റെ എല്ലാ ദുഃഖങ്ങളുടെയും അവനിലെ തിന്മയുടെ മൂലകാരണമായും ഇച്ഛ പരിണമിക്കുന്നു. ഈ ഇച്ഛയെ ഇല്ലാതാക്കുകയും സന്തോഷവും സമാധാനവും ഉണ്ടാകുവാന്‍വേണ്ടി ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും വേണം. ഈ നിയന്ത്രണത്തിന് പല വഴികള്‍ ഷോപ്പനവര്‍ നിര്‍ദ്ദേശിക്കുന്നു. കലയും, തത്വചിന്തയുമൊക്കെ മോചനത്തിന്‍റെ പ്രാഥമിക തലത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. ഈ ലോകവസ്തുക്കളെക്കുറിച്ചുള്ള മനനത്തിലൂടെയും സ്വാര്‍ത്ഥമായ ഇച്ഛയില്‍നിന്ന് മോചനം നേടാമെന്ന് ഷോപ്പനവര്‍ സമര്‍ത്ഥിക്കുന്നു. എല്ലാ മനുഷ്യരും ഒരേ ഇച്ഛയുടെ സാക്ഷാത്കാരമാണെന്നും ഒരേ സത്തയുടെ ഭാഗങ്ങളാണെന്നും അദ്ദേഹം പറയുന്നു. ഈ അറിവിലേക്ക് ഒരാള്‍ നയിക്കപ്പെടുകയാണെങ്കില്‍ അവന്‍ എല്ലാത്തി നോടും അനുകമ്പയുള്ളവനാകും. അപരന്‍റെ ദുഃഖം തന്‍റെ തന്നെ ദുഃഖമായി അവനനുഭവപ്പെടും. പക്ഷെ ഇത്തരമൊരവസ്ഥയില്‍ പോലും പൂര്‍ണ്ണമായ മോചനം സാധിതമാക്കുന്നില്ലെന്നാണ് ഷോപ്പനവര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇച്ഛയെ പൂര്‍ണ്ണമായി നിഷേധിക്കുമ്പോഴാണ് പൂര്‍ണ്ണമോചനം സാധികമാകുന്നത്.
ലുഡ്വിഗ് ഫോയേര്‍ബാഹ് (1804 1872)
മതത്തേക്കാള്‍ മനുഷ്യവര്‍ഗ്ഗത്തിന് പ്രാധാന്യം കൊടുത്ത തത്വചിന്തകനാണ് ലുഡ്വിഗ് ഫോയേര്‍ബാഹ്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആരാധനാ മനോഭാവമാണ് മതം. മനുഷ്യന്‍ മനുഷ്യനുതന്നെ ദൈവമാണ്. അതായത് ദൈവം മനുഷ്യന്‍റെ അന്യവത്ക്കരണമാണ്, അദ്ദേഹം ഹെഗലിനെയും ക്രിസ്തുമതത്തെയും എതിര്‍ത്തിരുന്നത് മനുഷ്യന് അവകാശപ്പെട്ടത് അവര്‍ നല്‍കുന്നില്ല എന്ന കാരണത്താലാണ്. മനുഷ്യന്‍റെ ദൈവവിളി എന്നു പറയുന്നത് മനുഷ്യനെത്തന്നെ അഭിവൃദ്ധിയിലെത്തിക്കുക എന്നതാണ്. മനുഷ്യനാണ് പരമമായ സത്ത, . മനുഷ്യന്‍റെ അപ്പുറത്തേയ്ക്ക് ഒന്നുമില്ല. അവനാണ് എല്ലാത്തിന്‍റെയും കേന്ദ്രം. അവന്‍ ദിവ്യനാണ്. മനുഷ്യന്‍ രാഷ്ട്രീയ ജീവികൂടിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. തത്വശാസ്ത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും കേന്ദ്രവും മനുഷ്യന്‍ തന്നെയാണ്.
മനുഷ്യന്‍റെ മനഃശാസ്ത്രപരമായ ഒരു രൂപകല്‍പന മാത്രമാണ് ദൈവം; മനുഷ്യന്‍റെ പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങളുടെ ഒരു രൂപകല്‍ പന. മനുഷ്യന്‍റെ ജീവിതത്തില്‍ ഒരിക്കലും പൂര്‍ത്തിയാകാത്ത ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഈ ഒരു സാഹചര്യത്തില്‍ അവന്‍ സങ്കല്‍പങ്ങളെ തിരയുന്നു. സങ്കല്‍പങ്ങള്‍ പരിപൂര്‍ണ്ണമായ ഭാവനകളെ സൃഷ്ടിക്കുന്നു. മനുഷ്യന്‍ ആ ഭാവനകളുമായി തന്നെ താതാത്മ്യപ്പെടുത്തി സംതൃപ്തി നേടുന്നു. അങ്ങനെ അവന്‍ അവന്‍റെ ഇല്ലായ്മയുടെ കുറവ് തീര്‍ക്കുന്നു. ഈ സങ്കല്‍പത്തെ മനുഷ്യന്‍ ദൈവം എന്നു വിളിക്കുന്നു. അതുകൊണ്ടാണ് ദൈവം മനുഷ്യന്‍റെ അന്തര്‍മുഖ സ്വഭാവത്തിന്‍റെ ദൈവവല്‍ക്കരണമാകുന്നതും മതം ഈ പ്രക്രിയയുടെ രൂപകല്‍പനയാകുന്നതും. മതത്തിന്‍റെയും ദൈവത്തിന്‍റെയും ഈ രഹസ്യം തിരിച്ചറിയുമ്പോള്‍ മനുഷ്യന്‍ അതിനെ ഉപേക്ഷിക്കുന്നു.
മനുഷ്യന്‍ കൂടുതല്‍ ദരിദ്രനായാലേ ദൈവത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ സാധിക്കൂ. ദൈവം എല്ലാമായിത്തീരണമെങ്കില്‍ മനുഷ്യന്‍ ശൂന്യനായിത്തീരണം. മനുഷ്യന്‍ ഒന്നുമില്ലായ്മയായിത്തീരണം. കാരണം അവനില്‍നിന്ന് എടുക്കപ്പെടുന്നതാണ് ദൈവത്തില്‍ ചേര്‍ക്കപ്പെടുന്നത്. ദൈവവുമായി ഒന്നായി ചേരുന്നതില്‍ അവന്‍ അഹങ്കരിക്കുന്നു. അതുകൊണ്ട് മതത്തില്‍, മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ദരിദ്രനാവുകയും ദൈവം കൂടുതല്‍ കൂടുതല്‍ സമ്പന്നനായിത്തീരുകയും ചെയ്യുന്നു.
സോറന്‍ കീര്‍ക്കെഗാര്‍ഡ് (1813 1855)
അസ്തിത്വവാദത്തിലൂടെ മനുഷ്യാസ്തിത്വത്തിന്‍റെ സ്വഭാവവിശേഷങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ച കീര്‍ക്കെഗാര്‍ഡ് ഈ സ്വഭാവവിശേഷങ്ങളെ എട്ടായി തരംതിരിക്കുന്നു. അവ അനന്യത, രഹസ്യാത്മകത, നിരന്തരമായ മാറ്റം, വര്‍ത്തമാനകാലത്തിലുള്ള അസ്തിത്വം, സ്വാതന്ത്ര്യം, ഈശ്വരന്‍റെ മുമ്പില്‍ സ്ഥിതിചെയ്യുന്ന അസ്തിത്വമാണ് മനുഷ്യന്‍ എന്നത്, അവന്‍ പാപിയാണെന്നത്, ഉത്കണ്ഠകളാല്‍ കലുഷിതമാണ് മനുഷ്യജീവിതം മുതലായവയാണ്. മനുഷ്യന്‍റെ അനന്യതയ്ക്കും, സവിശേഷതകള്‍ക്കുമൊക്കെ പ്രാധാന്യം കൊടുത്ത ചിന്തകനാണ് കീര്‍ക്കെ ഗാര്‍ഡ്.
മനുഷ്യജീവിതത്തില്‍ പ്രകടമാകുന്ന മൂന്ന് തലങ്ങളെ കീര്‍ക്കെ ഗാര്‍ഡ് വ്യക്തമാക്കുന്നു. അവ സൗന്ദര്യാസ്വാദകതലംമതാത്മകതലം ഇവയാണ്. മനുഷ്യന്‍ ആദ്യത്തെ രണ്ടുതലങ്ങളും കടന്ന് പൂര്‍ണ്ണമായ വിശ്വാസത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ മാത്രമെ അവന്‍ യഥാര്‍ത്ഥ അസ്തിത്വത്തില്‍ എത്തിച്ചേരൂ എന്ന് കീര്‍ക്കെ ഗാര്‍ഡ് അഭിപ്രായപ്പെടുന്നു.
ഫ്രെഡറിക് നീത്ഷെ (1844 1900)
പരിപൂര്‍ണ സ്വതന്ത്രനായ മനുഷ്യനുമാത്രമെ സൃഷ്ടിപരവും സന്തോഷകരവുമായ ജീവിതം നയിക്കാനാകൂ എന്ന് നീത്ഷെ പറഞ്ഞു. ഈ ലോകത്തിലെ സദാചാരസംഹിതകളെയെല്ലാം മനുഷ്യവികാസത്തിന് തടസ്സമായി കണ്ട നീത്ഷെ 'ദൈവം മരിച്ചു' എന്ന സിദ്ധാന്തം രൂപപ്പെടുത്തി. ഇച്ഛാശക്തിക്ക് വളരെയേറെ പ്രാധാന്യം കല്‍പ്പിച്ച നീത്ഷെ ജീവിക്കാനുള്ള ആഗ്രഹമാണ് ജീവസന്ധാരണത്തിന് സഹായിക്കുന്നതെന്നും അതിനാല്‍ ഇച്ഛാശക്തിക്കു മാത്രമെ മനുഷ്യനെ സ്വതന്ത്രനാക്കാനാകൂ എന്നും തറപ്പിച്ചു പറയുന്നു.
യഥാര്‍ത്ഥത്തില്‍ ജീവിതം സന്തോഷപ്രദമല്ലെന്നാണ് നീത്ഷെ പറയുന്നത്. ജീവിതമെന്നത് അധികാരേച്ഛയാണ് . യഥാര്‍ത്ഥ നന്മ മനുഷ്യനില്‍ അധികാര വികാരം നിറയ്ക്കുന്നു. രണ്ടുതരം ധാര്‍മ്മികത ഉണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. യജമാന ധാര്‍മ്മികതയും , അടിമ ധാര്‍മ്മികതയും. ക്രിസ്തുമതം അടിമ ധാര്‍മ്മികതയാല്‍ ലോകത്തെ നിറച്ചു എന്നു പറഞ്ഞാണ് നീത്ഷെ അതിനെ വിമര്‍ശിക്കുന്നത്. നീത്ഷെ യജമാന ധാര്‍മ്മികതയില്‍ വിശ്വസിക്കുന്നു. നീത്ഷെ പറയുന്നു: സ്വയം പൂര്‍ണ്ണനാകാനും, സൃഷ്ടിക്കാനും, സൃഷ്ടിക്കുപകരം സ്രഷ്ടാവാകാനും മനുഷ്യന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം നടക്കാതെ വരുമ്പോള്‍ അവന്‍ അധികാര ദുര്‍മ്മോഹിയായി മാറുന്നു.
സ്വയം നിയന്ത്രണത്തിലൂടെ കല, തത്വശാസ്ത്രം എന്നിവയിലേക്ക് ശക്തി തിരിച്ചുവിടുന്നതിലാണ് ഒരു മനുഷ്യന്‍റെ ശക്തി അടങ്ങിയിരിക്കുന്നത്. അധികാരേച്ഛയില്‍ അവജ്ഞയും കടന്നുവരുന്നു. അടിമ ധാര്‍മ്മികതയിലാണ് ഇത് ദര്‍ശിക്കാവുന്നത്. അവജ്ഞയെ അതിജീവിക്കുന്ന മനുഷ്യന് സ്വശത്രുവിനെപ്പോലും സ്നേഹിക്കുവാന്‍ കഴിയുമെന്ന് നീത്ഷെ ഉദ്ഘോഷിച്ചു. മനുഷ്യജീവിതത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന സദാചാര നിയമങ്ങളെ തകര്‍ത്തെറിഞ്ഞ് സ്വയം പൂര്‍ണ്ണത നേടുന്ന അവസ്ഥയാണ് 'അതിമാനുഷന്‍ എന്നതുകൊണ്ട് നീത്ഷെ അര്‍ത്ഥമാക്കുന്നത്. സംയമനം നേടി സ്വശക്തികളെ സൃഷ്ടിപരമായി ഉപയോഗിക്കുന്നവനാണ് അതിമാനുഷന്‍. അവന്‍ നിലവിലുള്ള വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നു. നന്മയ്ക്കും, തിന്മയ്ക്കും ഉപരിയായി നില്‍ക്കാന്‍ സാധിക്കുന്നവനാണ് അതിമാനുഷന്‍.
ഷോപ്പനവര്‍ ഇച്ഛയെ പൂര്‍ണ്ണമായി നിഷേധിക്കുമ്പോഴേ പൂര്‍ണമോചനം സാധിക്കുമെന്ന് വാദിച്ചെങ്കില്‍ അതിനുനേരെ വിപരീതമായി ഇച്ഛാശക്തി മാത്രമെ മനുഷ്യനെ സ്വതന്ത്രനാക്കൂ എന്ന് നീത്ഷെ വാദിച്ചു.മനുഷ്യന്‍ തന്‍റെ ഇച്ഛാശക്തി ഉപയോഗിച്ച് ഈ ലോകജീവിതം നയിക്കണം. നീത്ഷെയുടെ ദര്‍ശനങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന ആശയമാണ് അധികാരേച്ഛ എന്നുള്ളത്. മനുഷ്യന് സ്വയം പൂര്‍ണ്ണനാകാനും, സ്വയം സൃഷ്ടിക്കാനും, സ്രഷ്ടാവാകാനുമുള്ള ആഗ്രഹമാണുള്ളത്. ഈ ആഗ്രഹങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവന്‍ അധികാര ദുര്‍മ്മോഹിയായി മാറുന്നു.
മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നതിലല്ല, ഒരുവന്‍റെ ശക്തി അടങ്ങിയിരിക്കുന്നത്, മറിച്ച് സ്വയം നിയന്ത്രണത്തിലൂടെ കല, തത്വശാസ്ത്രം എന്നീ മേഖലകളില്‍ ഈ ശക്തി വിനിയോഗിക്കാനാകുമ്പോഴാണ്. ഇങ്ങനെ ഒതുക്കിനിര്‍ത്താന്‍ കഴിയുന്നവന് ശത്രുക്കളെപോലും സ്നേഹിക്കാനാകും. മനുഷ്യന് ഉപരിയായി ഒരു നിയമവുമില്ല എന്ന് നീത്ഷെ പ്രഖ്യാപിച്ചു. നന്മ, തിന്മ തുടങ്ങിയ ആശയങ്ങള്‍ ഉടലെടുത്തത് മനുഷ്യമനസ്സിന്‍റെ പരിണാമത്തിലൂടെയാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. നീത്ഷെ ഉയര്‍ത്തിക്കാട്ടിയ 'അതിമാനുഷന്‍' എന്ന സങ്കല്‍പം സ്വയം പൂര്‍ണ്ണത നേടുന്ന ഒരുവനെക്കുറിച്ചുള്ളതാണ്. ആത്മീയ നിയന്ത്രണത്തിലൂടെ സ്വന്തം കഴിവുകള്‍ സൃഷ്ടിപരമായി പ്രയോഗിക്കുന്നവനാണ് അതിമാനുഷന്‍. ദൈവം ഇല്ല എന്ന ആശയത്തില്‍നിന്നുരിത്തിരിഞ്ഞ മനുഷ്യ സങ്കല്‍പമാണ് നീത്ഷെയുടേത്.
ഹെന്‍റി ബെര്‍ഗ്സണ്‍ (1859 1941)
ബെര്‍ഗ്സനെ പ്രശസ്തനാക്കുന്നത് അദ്ദേഹം മനുഷ്യന്‍റെ ആന്തരികതയ്ക്ക് നല്‍കിയ പ്രാധാന്യമാണ്. ജീവല്‍പ്രവാഹം അതിന്‍റെ പൂര്‍ണ്ണതയില്‍ സാന്ദ്രീഭവിച്ചിരിക്കുന്നത് മനുഷ്യനിലാണ്. മനുഷ്യന്‍ പൂര്‍ണനാണെന്നിതിനര്‍ത്ഥമില്ല, മറിച്ച് അനന്തമായ ആയിക്കൊണ്ടിരിക്കല്‍ അവനെ പൂര്‍ണതയുടെ സാധ്യതകളിലേക്ക് നയിക്കുന്നു.
ബെര്‍ഗ്സണ്‍ രണ്ടുതരം സദാചാര ശാസ്ത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അടഞ്ഞ ധാര്‍മ്മിക ശാസ്ത്രവും തുറന്ന ധാര്‍മ്മിക ശാസ്ത്രവും . മനുഷ്യന് സമൂഹത്തില്‍ ജീവിക്കാന്‍ അടഞ്ഞ സദാചാര ശാസ്ത്രം ആവശ്യമാണെങ്കിലും തുറന്ന ധാര്‍മ്മിക ശാസ്ത്രത്തിലൂടെ മാത്രമെ മനുഷ്യന് മൃഗാവസ്ഥയില്‍നിന്നുയര്‍ന്ന് തന്‍റെ അസ്തിത്വത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്ന് വാദിക്കുന്നതിലൂടെ ബെര്‍ഗ്സണ്‍ അവന്‍റെ ആന്തരികതയുടെ ഉയര്‍ന്ന സാധ്യതകള്‍ തുറന്നു കാട്ടുന്നു.
മാര്‍ട്ടിന്‍ ഹൈഡഗര്‍ (1889 1976)
അസ്തിത്വമെന്നത് ആയിരിക്കുക എന്നതാണെന്ന് ഹൈഡഗര്‍ സമര്‍ത്ഥിക്കുന്നു. മനുഷ്യാസ്തിത്വം ലോകത്തില്‍ ആയിരിക്കലാണ്. മനുഷ്യോപയോഗത്തിനുള്ള വസ്തുക്കളാണ് ഈ ലോകത്തിലുള്ളതെല്ലാം. മനുഷ്യാസ്തിത്വം അതീതമാണെന്ന അറിവ് അവനെ ഉത്കണ്ഠാകുലനാക്കുന്നു. ഈ ഉത്കണ്ഠ അവനെ 'താനായിരിക്കുക' എന്ന സാധ്യതയിലേക്കെത്താന്‍ സഹായിക്കുന്നതിനുപകരം, അതില്‍ നിന്നും ഓടിയകലാന്‍ പ്രേരിപ്പിക്കുന്നു. ഇതിനെ ഹൈഡഗര്‍ അന്യവല്‍ക്കരണം എന്നു വിളിക്കുന്നു. നമ്മുടെ സത്ത ഒരു തരം ശൂന്യതയിലേക്കാണ് നമ്മെ നയിക്കുകയെന്ന ചിന്ത മനുഷ്യന്‍റെ മരണവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഭാരതീയ തത്വചിന്ത
ശങ്കരാചാര്യര്‍
ഭാരത തത്വശാസ്ത്രചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന ഉന്നതനായ ആചാര്യനാണ് ശങ്കരന്‍. ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവത്ഗീത എന്നിവക്കെഴുതിയ ഭാഷ്യങ്ങളിലൂടെ അദ്വൈതദര്‍ശനത്തിന് ഭാരത തത്വശാസ്ത്രത്തില്‍ അടിസ്ഥാനമിട്ടത് ഇദ്ദേഹമാണ്. ഉപനിഷത്തുകളില്‍ ഒളിഞ്ഞിരിക്കുന്ന ഈ ആശയം ലോകത്തിന് വെളിപ്പെടുത്തിയതാണ് അദ്ദേഹത്തിന്‍റെ ദാര്‍ശനികവിജയം.
ദൈവമനുഷ്യസമന്വയമാണ് ശങ്കരന്‍റെ അദ്വൈതദര്‍ശനത്തിന്‍റെ കാതല്‍. പ്രപഞ്ചവും അതിലെ സകലചരാചരങ്ങളും ഒന്നില്‍ നിന്നുണ്ടായി എന്നും എല്ലാം ഏറ്റവും അദ്വീതീയവുമാണെന്നും അദ്വൈതവേദാന്തത്തിലൂടെ ശങ്കരന്‍ സമര്‍ത്ഥിക്കുന്നു. ബ്രഹ്മം മാത്രമാണ് സത്യമെന്നും മറ്റെല്ലാം വെറും മായ മാത്രമാണ് എന്നും ശങ്കരന്‍ പഠിപ്പിക്കുന്നു. സത്യവും (പരവിദ്യ) ആനുഭവികസത്യവും (അപരവിദ്യ) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ മനുഷ്യന് കഴിയണം. അനുഭവികപ്രപഞ്ചം യാഥാര്‍ത്ഥ്യമല്ല. പക്ഷെ അത് യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമാണ്. ഈ യാഥാര്‍ത്ഥ്യം ബ്രഹ്മമാണ്. പക്ഷെ അത് എല്ലാ അനുഭവിക അസ്തിത്വത്തിനും എതിരായതിനാല്‍ ഇതാണോ സത്യം എന്ന ചോദ്യത്തിന് ഇതല്ല ഇതല്ല (നേതി നേതി) എന്നേ പറയാനാവൂ.
പരബ്രഹ്മമാകുന്ന ഏകസത്യത്തെ എപ്പോള്‍ ഒരുവന് കണ്ടെത്താന്‍ കഴിയുമോ അപ്പോള്‍ അവന്‍ അവന്‍റെ സത്തയുടെ അസ്തിത്വത്തിന്‍റെ രഹസ്യം കണ്ടെത്തിക്കഴിഞ്ഞു. താനും ബ്രഹ്മനും രണ്ടല്ല ഒന്നാണ് (അദ്വൈതം) എന്ന തിരിച്ചറിവിലേക്ക് ഒരുവന്‍ എത്തുമ്പോള്‍ അവന്‍ യഥാര്‍ത്ഥ സത്ത കണ്ടെത്തുന്നു. ഈ തിരിച്ചറിവാണ് മുക്തി. ഈ തിരിച്ചറിവിലേക്ക് ഒരുവന്‍ എത്തിപ്പെടണമെങ്കില്‍ കേവലയാഥാര്‍ത്ഥ്യങ്ങള്‍, കേവലം മായ മാത്രമാണ് എന്ന് അവന്‍ അറിയണം. ഈ അറിവ് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ ഒരുവന് നേടാനാവൂ. ഇതവനെ ബ്രഹ്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു. ബ്രഹ്മസാക്ഷാത്കാരമെന്നാല്‍ ഒരുവന്‍ അവന്‍റെ അഹം വെടിഞ്ഞ് പരബ്രഹ്മത്തില്‍ ലയിക്കുന്ന അവസ്ഥാവിശേഷമാണ്. ആത്മനും ബ്രഹ്മനും ഒന്നാണ്.
ശങ്കരന്‍റെ അസ്തിത്വചിന്ത അനുസരിച്ച് മൂന്നു തരം അസ്തിത്വങ്ങളുണ്ട്. 1) പാരമാര്‍ത്ഥികസത്ത 2) വ്യാവഹാരികസത്ത 3) പ്രാതിഭാസികസത്ത. ആദ്യത്തേത് ബ്രഹ്മമാണ്. രണ്ടാമത്തേത് സ്ഥലകാല കാരണലോകം. കയറു കണ്ടാല്‍ പാമ്പെന്നു ചിന്തിക്കുന്ന ഒരുതരം വിഭ്രാന്തിയാണ് മൂന്നാമത്തേത് (ഭ്രമകാരിയായ സത്ത). ഇതില്‍ ബ്രഹ്മം മാത്രമാണ് സത്യം, ബ്രഹ്മമാണ് നിത്യം, മറ്റെല്ലാം മായമാത്രം. ഒരുവന്‍ മായയെ ജയിച്ച് അഹം ബ്രഹ്മാസ്മി എന്ന അവസ്ഥയിലെത്തിയാല്‍ ബ്രഹ്മേതരമായ പ്രപഞ്ചം പോയ് മറയുന്നു. ഇതാണ് മനുഷ്യജന്മത്തിന്‍റെ സാക്ഷാത്കാരം. ശങ്കരന്‍റെ മനുഷ്യദര്‍ശനം തത്വമസി എന്ന ഉപനിഷദ്വചനത്തില്‍ ചുരുക്കാം. തത്വമസി എന്നാല്‍ ബ്രഹ്മനും ആത്മനും ഒന്നാണ് എന്ന വിവക്ഷയാണ്.
രവീന്ദ്രനാഥ് ടാഗോര്‍ (1861 1941)
ഭാരതീയ സാഹിത്യത്തെ ആഗോളപ്രശസ്തിയിലേയ്ക്കുയര്‍ത്തിയ ടാഗോര്‍ മനുഷ്യനെ പരിമേയമെന്നും അപരിമേയമെന്നും വിളിക്കുന്നു. ദൈവം പ്രപഞ്ചത്തിലും പ്രപഞ്ചവസ്തുക്കളിലും അന്തര്‍ലീനമാണെങ്കിലും ദൈവാംശം പൂര്‍ണമായി മനുഷ്യനിലാണ് ലയിച്ചിരിക്കുന്നത്. ദൈവം ലയിച്ചു ചേര്‍ന്ന വ്യക്തികളുടെ ആത്മാവ് അപരിമേയമായി നിലനില്‍ക്കുന്നു. എങ്കിലും ഓരോ മനുഷ്യരുടെയും വ്യക്തിത്വം വ്യതിരിക്തമായിത്തന്നെ നിലനില്‍ക്കുന്നു. അതിനാലാണ് മനുഷ്യനും ദൈവവും രണ്ടു യാഥാര്‍ത്ഥ്യങ്ങളായത്. ഈ ലോകത്തില്‍ വ്യത്യസ്തങ്ങളായ നിറങ്ങളും സ്വരങ്ങളും കൂടാതെ മനുഷ്യന് മൂല്യങ്ങളും കാണാന്‍ സാധിക്കും. അപരിമേയമായതിനെ നേടാന്‍ മനുഷ്യന്‍റെ ഇപ്പോഴത്തെ ജീവിതത്തിലെ അസ്ഥിരതകളെ മനസ്സിലാക്കി സ്ഥിരമായതിനായി പരിത്യജിക്കാന്‍ തയ്യാറാകണം. ഇതു മനുഷ്യനെ നന്മയിലേക്ക് നയിക്കും. എന്നാല്‍ മനുഷ്യന്‍ തന്നിലേക്കുതന്നെ ഒതുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല. മനുഷ്യന് ഒരു ലക്ഷ്യം നിറവേറ്റാനുണ്ട്. അത് സ്നേഹത്തിലൂടെയേ സാധ്യമാക്കാന്‍ കഴിയൂ. മനുഷ്യനാണ് സൃഷ്ടവസ്തുക്കളില്‍ ഏറ്റവും മഹത്വമുള്ളത്.
ടാഗോര്‍ സൃഷ്ടിയില്‍ വിശ്വസിക്കുന്ന ആളാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മനുഷ്യന്‍റെ മതം എന്ന ഗ്രന്ഥത്തില്‍ പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ സൃഷ്ടിയും പരിണാമവും എങ്ങനെ ഒന്നിച്ചുവരും എന്ന ചോദ്യമുയരും. ടാഗോറിന്‍റെ അഭിപ്രായത്തില്‍ പരിണാമം ആകസ്മികമായിട്ടോ യാന്ത്രികമായിട്ടോ സംഭവിക്കുന്നതല്ല. മറിച്ച് അത് ആവിര്‍ഭവിക്കുന്ന സൃഷ്ടിയാണ്. പരിണാമത്തില്‍ ആദ്യ പ്രവര്‍ത്തനശേഷിയുള്ളതും എന്നാല്‍ ജീവനുള്ളതുമായ ദ്രവ്യം ഉണ്ടായി. ഈ ജീവന്‍ പല ഘടകങ്ങളായുള്ള വളര്‍ച്ചയുടെ ഫലമായി മനസ്സോടും അന്തര്‍ബോധത്തോടുംകൂടി മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. പരിണാമത്തിന്‍റെ പാതയില്‍ ഒരു നിശ്ചിതമായ മാറ്റം വരുന്നത് മനുഷ്യന്‍റെ ഉത്ഭവത്തോടെയാണ്. അവിടെ മനുഷ്യാത്മാവിന് പ്രണാമം നല്‍കി ജീവന്‍റെ ആത്മാവ് പിന്‍മാറുന്നു. മനുഷ്യന്‍ മൃഗങ്ങളില്‍നിന്നും വ്യത്യസ്തരായി ഉന്നതമായ ആത്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടതാണ്.
പ്രകൃതിയും മനുഷ്യനും ദ്വൈതമല്ല, അവ വേര്‍തിരിക്കപ്പെടാനാകാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. അപരിമേയമായതിന്‍റെ സത്താരൂപീകരണത്തില്‍ പ്രകൃതിയും മനുഷ്യരും തുല്യസത്തയുള്ളവരാണ്. സ്നേഹത്തിലാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മനുഷ്യന്‍ സ്നേഹിക്കാനായി ജനിച്ചു. അവര്‍ സ്നേഹിക്കപ്പെടുകയും വേണം. മനുഷ്യന്‍ എപ്പോഴും അപരിമേയമായതിനെ സ്നേഹിക്കുന്നു. ദൈവവും തിരിച്ച് അതുപോലെ സ്നേഹം നല്‍കുന്നു. അതിനാല്‍ മനുഷ്യസ്നേഹത്തിനുള്ള രണ്ട് വിഷയങ്ങള്‍ ദൈവവും പ്രകൃതിയുമാണ്. ചുരുക്കത്തില്‍ ടാഗോര്‍ മനുഷ്യനെയും പ്രകൃതിയെയും ദൈവവുമായി ബന്ധിപ്പിക്കുകയും ദൈവത്തിന്‍റെ പ്രത്യക്ഷമാകല്‍ സ്നേഹത്തിലൂടെയാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
മഹാത്മാഗാന്ധി (1869 1948)
ഗാന്ധിയുടെ വീക്ഷണത്തില്‍ മനുഷ്യന്‍ ആത്മീയ ശാരീരിക ഭൗതിക ഭാവങ്ങളുടെ ഒരു സമന്വയമാണ്. ആരംഭത്തില്‍ അവനില്‍ ഭൗതികഭാവം മുന്നിട്ടുനില്‍ക്കുന്നു. കാലക്രമത്തില്‍ അവനില്‍ ആത്മീയഭാവവും പക്വത പ്രാപിക്കുന്നു. ഗാന്ധിജിക്ക് പരിണാമം ദൈവത്തിന്‍റെ അഭൗമികതയില്‍നിന്നും ആത്മീയതയിലേക്കുള്ള രൂപാന്തരീകരണമാണ്. മനുഷ്യന്‍റെ സര്‍വ്വപ്രധാന ഭാഗം ആത്മാംശമാണ്. ദൈവീകതയുടെ ഒരംശം ഏതു മനുഷ്യനിലുമുണ്ട്. അവന്‍റെ യുക്തിയും മനഃസാക്ഷിയും ഇതിന്‍റെ ഭാഗങ്ങളാണ്. ഈ ദൈവീകതയുടെ ഭാവങ്ങളെ ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക് കൊണ്ടുവരാം.
മനുഷ്യന്‍ ഒരു സങ്കീര്‍ണ്ണജീവിയാണ്. ഒരു പദാര്‍ത്ഥ പ്രതിഭാസം മാത്രമല്ല മനുഷ്യന്‍. അന്തര്‍ബോധം, യുക്തിചിന്ത, മനഃസാക്ഷി, വികാരം, ഇച്ഛാശക്തി എന്നീ എല്ലാ ഗുണങ്ങളും അവനില്‍ അന്തര്‍ലീനമാണ്. സൗന്ദര്യബോധവും ഹൃദയസ്പൃക്കായ സംവേദക്ഷമതയും നന്മതിന്മകളുടെ അറിവും അവനുണ്ട്. ഇതൊന്നും അവന്‍റെ ബാഹ്യപ്രകൃതി നല്‍കുന്നതല്ല. അവനില്‍ സന്നിഹിതമായിരിക്കുന്ന ആത്മാവിന്‍റെ ഗുണങ്ങളാണ്.
ബാഹ്യമായി മനുഷ്യന്‍ ക്രൂരനും സ്വാര്‍ത്ഥനുമെങ്കിലും ആന്തരീകമായും ആത്യന്തികമായും അവന്‍ നല്ലവനാണ്. ഗാന്ധിജി മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കുന്നു. പല ശരീരങ്ങളാണെങ്കിലും നമുക്കെല്ലാം ഒരേ ആത്മാവാണ് ഉള്ളത്.
human-concepts-of-philosophers Rev. Dr. Joseph Pamplany Rev. Dr. Thomas Kochukarottu catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206