x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ധാര്‍മ്മികദൈവശാസ്ത്രം

മാനുഷിക പ്രവൃത്തി ഒരു ധാര്‍മ്മിക വിചിന്തനം

Authored by : Dr. Jose Kudappuzha On 06-Feb-2021

ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മേഖലയാണ് മാനുഷിക പ്രവൃത്തി. വളരെ വിശാലമായ കാഴ്ചപ്പാടില്‍ ഒരു വ്യക്തിയുടെ ഏതൊരു പ്രവര്‍ത്തനത്തെയും മാനുഷികപ്രവൃത്തിയായി പരിഗണിക്കാമെങ്കിലും നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ അങ്ങനെ പരിഗണിക്കുന്നത് ഉചിതമായിരിക്കുകയില്ല. കാരണം ധാര്‍മ്മികദൈവശാസ്ത്രം നന്മതിന്മകളെയും അവയുടെ ഗൗരവത്തെയും മനസ്സിലാക്കി വിലയിരുത്തലുകള്‍ നടത്തുന്ന ദൈവശാസ്ത്രമേഖലയാണ്. അതുകൊണ്ടുതന്നെ ഒരു പ്രവൃത്തിയുടെ വിവിധ മേഖലകള്‍, രീതികള്‍, സാഹചര്യങ്ങള്‍, വ്യക്തികള്‍, എല്ലാം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇവ്വിധം ചിന്തിക്കുമ്പോള്‍ മാനുഷിക പ്രവൃത്തി കൃത്യമായി മനസിലാക്കിയേ പറ്റൂ.

ക്ലിപ്താര്‍ത്ഥത്തില്‍ വ്യക്തി തന്‍റെ ബുദ്ധിയും സ്വതന്ത്രമനസ്സും ഉപയോഗിച്ചു ചെയ്യുന്ന പ്രവൃത്തിയാണ് മാനുഷിക പ്രവൃത്തി. ഇവിടെ ബുദ്ധിയുടെ സ്വാഭാവികമായ പ്രവര്‍ത്തനവും, മനസ്സിന്‍റെ  യഥാര്‍ത്ഥ സ്വാതന്ത്ര്യവും ഉള്‍ക്കൊള്ളുന്നു. അതിനാല്‍ ബുദ്ധിസ്ഥിരതയില്ലാത്ത ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെ ധാര്‍മ്മികമായി വിലയിരുത്തുക അപ്രായോഗികമാണ്. കാരണം ഒരു കാര്യത്തെക്കുറിച്ചു തനിക്കു കിട്ടിയിരിക്കുന്ന അറിവിന്‍റെ വെളിച്ചത്തിലാണ് ഒരു വ്യക്തി തീരുമാനമെടുക്കുന്നതും അതു നടപ്പിലാക്കുന്നതും.

സഭാപിതാവായ വി. എഫ്രേമിന്‍റെ കാഴ്ചപ്പാടില്‍ ഒരു പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് ഒരാള്‍ മറ്റു മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകണം. ആദ്യത്തെ ഘട്ടം ഒരു വസ്തു അല്ലെങ്കില്‍ ഒരു വ്യക്തിയിലുണ്ടാക്കുന്ന ആകര്‍ഷണം (attraction). ഈ ആകര്‍ഷണം ഹൃദയത്തെയോ, പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നിനെയോ സ്വാധീനിക്കാന്‍ പര്യാപ്തമായിരിക്കും. ഉദാഹരണമായി ഒരുവന്‍റെ പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്ക്കുന്ന പുഷ്പം അതു ദര്‍ശിക്കുന്ന വ്യക്തിയില്‍ ചില അനുരണനങ്ങള്‍ ഉളവാക്കുന്നു. പുഷ്പത്തിന്‍റെ നിറവും പകിട്ടും വ്യക്തിയുടെ ഹൃദയത്തെയും കണ്ണുകളെയും ആകര്‍ഷിക്കുന്നു. ഈവിധം ഒരുവനില്‍ ഉളവാക്കുന്ന ആകര്‍ഷണം രണ്ടാം ഘട്ടത്തിലേക്ക് നയിക്കുന്നു. സംഭാഷണം അതായത് ഈ പുഷ്പം ഞാന്‍ പറിച്ചെടുത്താല്‍ നല്ലതല്ലേ, അതുശരിയാകുമോ, മറ്റൊരാളുടെ പൂന്തോട്ടത്തിലേതാണ് പ്രസ്തുത പുഷ്പമെങ്കില്‍ അതുവഴിയുണ്ടാകുന്ന പ്രതികരണം എന്തായിരിക്കും, പ്രസ്തുത പ്രവൃത്തി ശരിയാണോ, തെറ്റാണോ ഇത്യാദിചിന്തകളും മറ്റും വ്യക്തിയില്‍ ഉണ്ടാകുന്നു. ഈ രണ്ടാമത്തെ ഘട്ടം മുതല്‍ ധാര്‍മ്മികതയുടെ ഘട്ടം കടന്നു വരികയാണ്. താന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ മൂല്യത്തെക്കുറിച്ചും, അതുവഴി ഉണ്ടാകുന്ന ഫലങ്ങളെക്കുറിച്ചും, തന്‍റെ പ്രവൃത്തി വഴിയുണ്ടാകുന്ന മൂല്യസംരക്ഷണത്തെക്കുറിച്ചും, മൂല്യച്യുതിയേക്കുറിച്ചും ഒരുവനില്‍ ഉണ്ടാകുന്ന ആന്തരികചലനങ്ങളാണ് സംഭാഷണം എന്നതുകൊണ്ട് വിവക്ഷിക്കുക. ഇപ്രകാരമുള്ള സംഭാഷണഘട്ടത്തില്‍ ഒരു വ്യക്തിയുടെ ധാര്‍മ്മികാവബോധവും മൂല്യശ്രേണിയും ഏറെ സ്വാധീനം ചെലുത്തുക സ്വാഭാവികമാണ്. ഈ സംഭാഷണതലത്തില്‍ നിന്നുമാണ് മൂന്നാം ഘട്ടമായ തീരുമാനത്തിലെത്തുക. ഇവിടെ ഒരു വ്യക്തി ഒരു കാര്യം ചെയ്യണമോ, വേണ്ടയോ എന്ന തീരുമാനത്തിലെത്തുന്നു. മുമ്പ് പറഞ്ഞ ഉദാഹരണത്തില്‍ അപരന്‍റെ പുന്തോട്ടത്തിലെ പുഷ്പം പറിക്കണമോ, വേണ്ടയോ എന്നു തീരുമാനിക്കുന്നു. ഈ തീരുമാനം ധാര്‍മ്മികതയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാരണം ഒരു വ്യക്തിയുടെ അറിവിന്‍റെയും വിലയിരുത്തലിന്‍റെയും ഫലമാണിത്. മാത്രവുമല്ല സ്വാഭാവികമായി ഏതൊരു തീരുമാനത്തിലും ഒരു സ്വീകരണവും ഒരു നിരാകരണവും ഉണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. മാത്രവുമല്ല, ഈ സ്വീകരണ-നിരാകരണത്തില്‍ ഒരു വ്യക്തിയുടെ ധാര്‍മ്മികതയുടെ അളവുകോലായി തീരുമാനത്തെ പരിഗണിക്കാവുന്നതാണ്.

കരണപ്രക്രിയക്ക് അതിന്‍റേതായ കാര്യകാരണങ്ങള്‍ ബോധിപ്പിക്കാനുമുണ്ടാകും. ഈ ഘട്ടത്തില്‍ നിന്നും ഒരാള്‍ നാലാം ഘട്ടമായ പ്രവര്‍ത്തനത്തിലേക്കെത്തുന്നു. തീരുമാനം നടപ്പിലാക്കുന്ന ഘട്ടമാണിത്. പലപ്പോഴും പ്രവര്‍ത്തനത്തെ മാത്രം കേന്ദ്രീകരിച്ച് ഒരു വ്യക്തിയുടെ ധാര്‍മ്മികതയെ വിലയിരുത്താറുണ്ട്. അത് എത്രമാത്രം യാഥാര്‍ത്ഥ്യമുള്ളതാണ് എന്നും ഇത്തരുണത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ മേല്‍പറഞ്ഞ വിവിധ ഘട്ടങ്ങളില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം മനുഷ്യനിലെ രണ്ടു സുപ്രധാനഘടകങ്ങള്‍ ഏറ്റമധികം പ്രവര്‍ത്തനക്ഷമമാകുന്ന ഘട്ടങ്ങളാണവ. ഈ രണ്ടു ഘടകങ്ങള്‍ ബുദ്ധിയും മനസ്സുമാണ്. ബുദ്ധികൊണ്ട് അറിവു സമ്പാദിക്കുകയും കാര്യകാരണപര്യാലോചന നടത്തുകയും ചെയ്യുമ്പോള്‍ മനസ്സുകൊണ്ട് തീരുമാനമെടുക്കുന്നു. അതുകൊണ്ട് മാനുഷിക പ്രവൃത്തി എന്നതുകൊണ്ട് മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളേയും വിശാലാര്‍ത്ഥത്തില്‍ വിവക്ഷിക്കുമെങ്കിലും ക്ലിപ്താര്‍ത്ഥത്തില്‍ ബുദ്ധിയും സ്വതന്ത്രമനസ്സും ഉപയോഗിച്ച് മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തിയാണത്. തോമസ് അക്വീനാസ് വിവക്ഷിക്കുംപോലെ, മാനുഷിക പ്രവൃത്തി സ്വതന്ത്രമനസ്സിന്‍റെ തീരുമാനത്തില്‍ നിന്ന് ഉരുത്തിരിയുന്നു.

സാധാരണ ഗതിയില്‍ പ്രവര്‍ത്തനപഥത്തിലാക്കിയ ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലോ, തീരുമാനത്തെക്കുറിച്ചുള്ള അറിവിന്‍റെ തലത്തിലോ ഒരുവ്യക്തിയുടെ ധാര്‍മ്മികതയെ വിലയിരുത്താം. കാരണം ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പ് താന്‍ ചെയ്യുന്ന പ്രവൃത്തി വഴി ഉണ്ടാകുന്ന മൂല്യസംരക്ഷണമോ, മൂല്യനിരാകരണമോ ഒരു വ്യക്തി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അതായത് അറിവിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ മാനുഷികപ്രവൃത്തി രൂപം പ്രാപിച്ചത്. അതുവഴി ആ പ്രവൃത്തിയുടെ മൂല്യത്തെ (Value) വ്യക്തിയുടെ മനസ്സ് അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മാനുഷിക പ്രവൃത്തിയും   (Actus Humanus) മനുഷ്യന്‍റെ പ്രവൃത്തിയും (Actus Humanus) വ്യത്യസ്തമാണ്. ഒന്നാമത്തേതില്‍ ബുദ്ധിയും മനസ്സും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ രണ്ടാമത്തേതില്‍ ബുദ്ധികൊണ്ടുള്ള അറിവോ മനസ്സുകൊണ്ടുള്ള തീരുമാനമോ ആവശ്യമില്ല. ഒരാള്‍ വീഴാന്‍ പോകുമ്പോള്‍ കൈകുത്തുന്നതോ, കണ്ണു ചിമ്മുന്നതോ, ശ്വാസോച്ഛ്വാസം ചെയ്യുന്നതോ ബുദ്ധിയുടെയും മനസ്സിന്‍റെയും പ്രവര്‍ത്തനത്താലല്ല. സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമേ ആകുന്നുള്ളു.

  1. അറിവിന്‍റെ ഘടകം

മാനുഷിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഒന്നാമതായി നാം പരിഗണിക്കേണ്ടത് അറിവിന്‍റെ തലമാണ്. പ്രായോഗികമായി നാം ചിന്തിക്കുമ്പോള്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണ്ണമായ അറിവ് മനുഷ്യനും അപ്രാപ്യമാണ്. എന്നാല്‍ ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ അറിവുണ്ടായിരിക്കണം എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുക ഒരു കാര്യത്തെക്കുറിച്ചും പൂര്‍ണ്ണമായ അറിവല്ല (absolute knowledge) പിന്നെയോ ഉചിതമായ വിചിന്തനം നടത്തി തീരുമാനം എടുക്കാന്‍ ആവശ്യമായ അറിവ് എന്നതാണ് (sufficient knowledge)

വ്യക്തി ഒരു കാര്യത്തിനുവേണ്ടി തീരുമാനമെടുക്കുകയും അത് ആഗ്രഹിക്കുകയും ചെയ്യുന്നത് ആ കാര്യത്തെക്കുറിച്ചോ വസ്തുവിനെക്കുറിച്ചോ അറിവു നേടി കഴിയുമ്പോഴാണ്. ഈ അറിവ് ഗ്രന്ഥങ്ങളുടെ പാരായണത്തില്‍ നിന്നോ, അറിവുള്ള വ്യക്തികളുമായുള്ള സഹവാസത്തില്‍ നിന്നോ, സംഭാഷണത്തില്‍ നിന്നോ, ജീവിതാനുഭവങ്ങളില്‍ നിന്നോ ആകാം. ഈ ത്രിവിധമാര്‍ഗ്ഗങ്ങളില്‍ ഏതില്‍ നിന്നെങ്കിലും ഉചിതമായ അറിവു കിട്ടുമ്പോള്‍ ഒരു കാര്യമോ, വസ്തുവോ സ്വേച്ഛയോ ആഗ്രഹിക്കുന്നു. ഈ അറിവില്‍ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ചുള്ള അറിവു മാത്രമല്ല. അതു പ്രാപ്യമാകാന്‍ ആവശ്യമായ പ്രവൃത്തിയെക്കുറിച്ചും, അതിന്‍റെ മൂല്യത്തെക്കുറിച്ചുമുള്ള അറിവ് ഉള്‍ക്കൊള്ളുന്നുണ്ട്. നാം ആദ്യം പറഞ്ഞ ഉദാഹരണത്തിലെ പുഷ്പത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ പ്രസ്തുത പുഷ്പത്തിന്‍റെ ശ്രേഷ്ഠതയെക്കുറിച്ചും അതു സ്വന്തമാക്കാന്‍ ആവശ്യമായ പ്രവൃത്തിയെക്കുറിച്ചും ആ പ്രവൃത്തിയുടെ മൂല്യത്തെക്കുറിച്ചും മാനുഷിക പ്രവൃത്തിയില്‍ വിചിന്തനം നടക്കുന്നുണ്ട്. കാരണം അടിസ്ഥാനപരമായി നന്മയിലേക്ക് തിരിയുന്ന മനസ്സ് ഒരു വസ്തുവും പ്രവൃത്തിയും ധാര്‍മ്മികമായി നന്മയാണെങ്കിലേ അതു ചെയ്യുവാനാഗ്രഹിക്കു. അതുകൊണ്ട് അറിവു സമ്പാദനഘട്ടത്തില്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവും വിശകലനവും നിരന്തരമായി നടക്കുന്നു എന്നു കരുതാവുന്നതാണ്. ഈ തലത്തില്‍ പര്യാലോചിക്കുമ്പോള്‍ അറിവ് സമ്പാദനം എന്നതുകൊണ്ട് വെറും ആശയപരമായ അറിവു സമ്പാദനം മാത്രമല്ല വ്യക്തിയുടെ തീരുമാനത്തെ സ്വാധീനിക്കും വിധമുള്ള വിചിന്തനാത്മകമായ അറിവു സാമ്പാദനം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ അറിവ് വ്യക്തിയുടെ ഹൃദയത്തെയും മനസ്സിനെയും സ്വാധീനിക്കുന്നതാകുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് ഈ അറിവ് മൂല്യങ്ങളെ ദീപ്തമാക്കുന്നതാണ് എന്നു പറയുന്നത്.

ഒരു വ്യക്തിയുടെ പ്രവൃത്തിയെ മാനുഷികപ്രവൃത്തി ആയി കണ്ട് അതിലെ നന്മതിന്മകളെ വേര്‍തിരിക്കുന്നത് പ്രവൃത്തിയുടെ ഏതൊക്കെ മേഖലകളെ സംബന്ധിച്ച് അറിവ് ഉണ്ടായിരുന്നു എന്നു കൂടി മനസ്സിലാക്കിക്കൊണ്ടായിരിക്കണം. ഉദാഹരണത്തിന് മോഷണശ്രമത്തിന്‍റെ ഭാഗമായി വൈദികനാണെന്നറിയാതെ ഒരാളെ  ഉപദ്രവിക്കാനിടയായാല്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി ദൈവനിന്ദാകരമായി (Sacrilege) ആയി പരിഗണിക്കാനാവില്ല. വധശ്രമമായോ, കുറ്റകരമായ മുറിവേല്പിക്കലായോ മാത്രമേ പരിഗണിക്കാനാവൂ. അതുപോലെ മോഷ്ടിച്ചതാണെന്നറിയാതെ ഒരു വസ്തു ഒരാള്‍ സ്വീകരിക്കാനിടയായാല്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി അജ്ഞതയുടെ അടിസ്ഥാനത്തിലേ വിലയിരുത്താനാകു.

  1. സ്വേച്ഛാഘടകം

സ്വേച്ഛയാ ചെയ്യുന്ന ഏതൊരു പ്രവൃത്തിയിലും നന്മയ്ക്കു വേണ്ടിയുള്ള ത്വരയുടെ ഘടകവും (സ്വതന്ത്രഘടകം) അതായത് ഒരു കാര്യത്തില്‍ നന്മ കണ്ടെത്തുന്ന (ആഗ്രഹത്തിന്‍റെ പദാര്‍ത്ഥ ഘടകം) ഘടകവും ഉള്‍ക്കൊള്ളുന്നു. ആഗ്രഹം സാക്ഷാത്കൃതമാകുന്നത് രണ്ടാമത്തെ പ്രവര്‍ത്തനോന്മുഖമായ തെരെഞ്ഞെടുപ്പിലൂടെ ആകയാല്‍ സ്വേച്ഛയാ ചെയ്യുന്ന പ്രവൃത്തിയെ ഇവിടെ മാനുഷിക പ്രവൃത്തിയായി പരിഗണിക്കുന്നു. ഇവിടെ വ്യക്തി തീരുമാനമെടുക്കുന്ന ഘട്ടത്തിലും അതു പ്രാവര്‍ത്തികമാക്കുന്ന ഘട്ടത്തിലുമുള്ള സ്വാതന്ത്ര്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഒരു വ്യക്തിക്ക് ഏതെങ്കിലും കാരണത്താല്‍ സ്വഭീഷ്ടമനുസരിച്ചുള്ള പ്രവൃത്തി തെരഞ്ഞെടുക്കാനോ, അതിനുവേണ്ടിയുള്ള തീരുമാനമെടുക്കാനോ സാധിക്കാതെവരികയും, അദ്ദേഹത്തിന്‍റെ മനസ്സിനു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഇടവരികയും ചെയ്താല്‍ പ്രസ്തുത പ്രവൃത്തിയെ സ്വതന്ത്രമായ പ്രവൃത്തി എന്നു വിളിക്കാന്‍ സാധ്യമല്ല. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്‍റെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രമാണരേഖയില്‍ ഇപ്രകാരം പറയുന്നു (DH.2): "വ്യക്തികളില്‍ നിന്നോ, സമുദായവിഭാഗങ്ങളില്‍ നിന്നോ മറ്റേതെങ്കിലും മനുഷ്യാധികാരികളില്‍നിന്നോ ഉണ്ടായേക്കാവുന്ന സമ്മര്‍ദ്ദങ്ങളില്‍നിന്ന് എല്ലാ മനുഷ്യരും വിമുക്തരായിരിക്കുക എന്നതിലാണ് സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. അതായത് മനഃസാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ആരും നിര്‍ബന്ധിക്കപ്പെടരുത്. അതുപോലെ ന്യായമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് രഹസ്യമായോ പരസ്യമായോ തനിച്ചോ കൂട്ടുചേര്‍ന്നോ സ്വന്തം ബോധ്യമനുസരിച്ച് വ്യാപരിക്കുന്നതില്‍ നിന്നും ആരെയും തടയാന്‍ പാടില്ല. ഇതനുസരിച്ച് ഒരാളുടെ സ്വതന്ത്രമായ തീരുമാനത്തെയോ പ്രവൃത്തിയെയോ തടസ്സപ്പെടുത്തുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ എന്തെങ്കിലും ചെയ്താല്‍ അത് മാനുഷിക പ്രവൃത്തി ആകുന്നില്ല. ഉദാഹരണമായി ബൗദ്ധികസന്തുലനമില്ലാത്തതിന്‍റെ പേരിലോ മാനസിക വിഭ്രാന്തിമൂലമോ ഒരാള്‍ എന്തെങ്കിലും ചെയ്താല്‍ അത് മാനുഷിക പ്രവൃത്തി ആകുന്നില്ല. ഒരു പക്ഷേ അദ്ദേഹത്തിന് താന്‍ ചെയ്യുന്ന പ്രവൃത്തിയുടെ അര്‍ത്ഥമില്ലായ്മ അറിയാമെങ്കില്‍ തന്നെയും ആ പ്രവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതനാകുകയും അതില്‍നിന്നും വിമുക്തിനേടാനുള്ള മാനസിക സ്ഥൈര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്. തുടര്‍ച്ചയായി കൈകഴുകുക, നിരന്തരമായി മുറിയും പാത്രങ്ങളും വൃത്തിയാക്കുക, പുസ്തകങ്ങള്‍ അടുക്കിവെയ്ക്കുക എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ഒരുതരം മാനസികപ്രേരണകൊണ്ടു ചെയ്യുന്നു എന്നല്ലാതെ പ്രത്യേക പ്രസക്തിയോ, ആവശ്യമോ, നീതികരണമോ ഒന്നും തന്നെ ഉണ്ടാവുകയില്ല. അതുപോലെതന്നെ ഒരു പ്രവൃത്തി മാനുഷിക പ്രവൃത്തിയായി പരിഗണിക്കണമെങ്കില്‍ ആന്തരികസ്വാതന്ത്ര്യം പോലെ തന്നെ ബാഹ്യസ്വാതന്ത്ര്യവും അത്യന്താപേക്ഷിതമാണ്.

മാനുഷിക പ്രവൃത്തിക്ക് ആന്തരികവും ബാഹ്യവുമായ സ്വാതന്ത്ര്യം അനിവാര്യമാണെന്നു പറയുന്നതിനു കാരണം ഇവ വഴി ഒരു വ്യക്തിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതോടൊപ്പം ശരിയായുള്ളതും നന്മയുള്ളതും തെരഞ്ഞെടുക്കുന്നതില്‍ മനസ്സിനെ എല്ലാ പ്രേരണകളില്‍ നിന്നും ഒഴിവാക്കുവാനുംസാധിക്കുന്നു എന്നതാണ്. ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അതിന്‍റെ ധാര്‍മ്മികമൂല്യത്തെക്കുറിച്ചും ഉള്ള യുക്ത്യധിഷ്ഠിത അറിവിനും മനസ്സുകൊണ്ടുള്ള അംഗീകാരം ഇവിടെ ലഭിക്കുകയാണ്. മനസ്സു കൊണ്ടുള്ള അംഗീകാരത്തില്‍ പ്രസ്തുത മൂല്യത്തിന്‍റെ വിലയിരുത്തല്‍, കണ്ടെത്തല്‍, മൂല്യത്തോടുള്ള ആഭിമുഖ്യം, സ്നേഹം, എല്ലാം പ്രകടമാകുന്നുണ്ട്. മൂല്യത്തോടുള്ള ഈ ആഭിമുഖ്യത്തില്‍ ഒരു വ്യക്തിയുടെ കുടുംബപശ്ചാത്തലം, പ്രസ്തുത വ്യക്തിയെ സ്വാധീനിച്ച ആളുകള്‍, വിദ്യാഭ്യാസം, സമൂഹം, സംസ്കാരം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അതേ സമയം മേല്‍ പ്രസ്താവിച്ച ഘടകങ്ങള്‍ മാത്രമാണ് ഒരാളുടെ മൂല്യശ്രേണിയെ സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും എന്നു പറയുവാനാവില്ല. വ്യക്തിപരമായ അനുഭവങ്ങള്‍, വിലയിരുത്തലുകള്‍ ആശയങ്ങള്‍, ബോധ്യങ്ങള്‍ എല്ലാം ധാര്‍മ്മികമൂല്യനിര്‍ണ്ണയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

  1. സ്വേച്ഛാപ്രവൃത്തിയും ഫലവും: വിഭജനം

3.1 പൂര്‍ണ്ണമായ സ്വേച്ഛാപ്രവൃത്തിയും അപൂര്‍ണ്ണമായ സ്വേച്ഛാപ്രവൃത്തിയും

വ്യക്തിയുടെ പൂര്‍ണ്ണമായ ശ്രദ്ധയോടും, മനസ്സിന്‍റെ പൂര്‍ണ്ണമായ സമ്മതത്തോടും കൂടി ചെയ്യുന്നതാണ് പൂര്‍ണ്ണമായ സ്വേച്ഛാ പ്രവൃത്തി. എന്നാല്‍ അപൂര്‍ണ്ണമായ സ്വേച്ഛാപ്രവൃത്തി എന്നതുകൊണ്ടു അര്‍ത്ഥമാക്കുക മനസ്സിന്‍റെ സമ്മതം, ശ്രദ്ധ, എന്നിവയില്‍ ഏതെങ്കിലുമോ, രണ്ടും തന്നെയോ കുറവായിരിക്കുന്നവ എന്നാണ്. പൊതുവേ പറഞ്ഞാല്‍ അപൂര്‍ണ്ണശ്രദ്ധയും, അപൂര്‍ണ്ണസമ്മതവും സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. കാരണം, ചെയ്യാന്‍ ഇഷ്ടമില്ലാത്ത പ്രവൃത്തി ചെയ്യുമ്പോള്‍ അതില്‍ ആവശ്യമായ ശ്രദ്ധ കാണിച്ചു എന്നു വരില്ല. ഉദാഹരണത്തിന്, ഇഷ്ടമില്ലാതെ ക്ലാസിലിരിക്കുന്ന കുട്ടി ശരിയായ ശ്രദ്ധ കൊടുക്കണമെന്നില്ല. അതേ സമയം ചില സാഹചര്യങ്ങളില്‍ ഭയംകൊണ്ടോ മറ്റോ ഒരു കാര്യം ചെയ്യുമ്പോള്‍ മനസ്സുകൊണ്ട് പൂര്‍ണ്ണമായ സമ്മതം കൊടുത്തില്ലെങ്കില്‍ തന്നെ പൂര്‍ണ്ണമായ ശ്രദ്ധ കൊടുത്തു എന്നു വരാം. കണക്കുചെയ്യാന്‍ ഇഷ്ടമില്ല എങ്കില്‍പോലും തെറ്റിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെപ്രതി ശ്രദ്ധിച്ചു കണക്കു ചെയ്യുന്ന വിദ്യാര്‍ത്ഥി ഇതിനുദാഹരണമാണ്.

3.2 പ്രത്യക്ഷ-പരോക്ഷ സ്വേച്ഛാഫലം

ഒരു പ്രവൃത്തിയുടെ ഫലം അതില്‍തന്നെ ലക്ഷ്യമെന്ന നിലയില്‍ ആഗ്രഹിച്ചതാണെങ്കില്‍ അതിനെ പ്രത്യക്ഷസ്വേച്ഛാഫലമെന്നുവിളിക്കാം. പ്രതികാരത്തിനുവേണ്ടി ഒരാളെ കൊല്ലുക, അല്ലെങ്കില്‍ മോഷണലക്ഷ്യത്തിനായി ഒരാളെ ആക്രമിച്ചു മുറിവേല്പിക്കുക എന്നീ പ്രവര്‍ത്തനങ്ങളൊക്കെ ഈ ഗണത്തില്‍ പെടും. അതേ സമയം പരോക്ഷമായ സ്വേച്ഛാഫലം എന്നു പറഞ്ഞാല്‍ മറ്റൊരു പ്രവര്‍ത്തനഫലം ആഗ്രഹിക്കുകയും പ്രസ്തുത ഫലസാദ്ധ്യത്തിനായുള്ള ശ്രമത്തില്‍ ഒരു കാര്യം അനിവാര്യമായി സംഭവിക്കുകയും ചെയ്യുന്നവയേയാണ്. ഒരു സ്ത്രീയുടെ ജീവരക്ഷാര്‍ത്ഥം അവളെ ഓപ്പറേഷനു വിധേയമാക്കുകയും അതിന്‍റെ ഫലമായി ഗര്‍ഭസ്ഥശിശു മരിക്കാനിടയാകുകയും ചെയ്യുമ്പോള്‍, അതു പരോക്ഷസ്വേച്ഛാഫലമാകുന്നു. ഇവിടെ ഒരാള്‍ മനസ്സുകൊണ്ടു സമ്മതിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണമല്ല പിന്നെയോ രോഗിണിയുടെ രക്ഷയാണ്. സാധാരണഭാഷയില്‍ ഇപ്രകാരം സംഭവിക്കുന്നവയെ പാര്‍ശ്വഫലങ്ങള്‍ എന്നാണ് വിളിക്കുക. കാന്‍സര്‍ രോഗിക്ക് റേഡിയേഷന്‍ നല്കിയതിന്‍റെ ഫലമായുണ്ടാകുന്ന മുടികൊഴിച്ചില്‍, തലകറക്കം എന്നിവയൊക്കെ ഇപ്രകാരമുള്ള പരോക്ഷ സ്വേച്ഛാഫലങ്ങളാണ്.

3.3 ക്രിയാത്മക - നിഷേധാത്മകസ്വേച്ഛാഫലം

മനസ്സ് ചില ഫലങ്ങള്‍ ഉളവാക്കുവാനും പുറപ്പെടുവിക്കുവാനും ക്രിയാത്മകമായി ചില കാര്യങ്ങള്‍ ചെയ്യുകയും ഇപ്രകാരം ചെയ്തവ ഉണ്ടായ ഫലത്തിനു കാരണമാകുകയും ചെയ്യുമ്പോള്‍ അവയെ ക്രിയാത്മക സ്വേച്ഛാഫലമെന്നു പറയുന്നു. ഒരാള്‍ തന്‍റെ അയല്ക്കാരനെ വിഷമിപ്പിക്കുവാനും അപകടപ്പെടുത്തുവാനുമായി അയാളുടെ ഭവനത്തിനു തീവെയ്ക്കുന്നു. അല്ലെങ്കില്‍ ഒരു ഡ്രൈവര്‍ സഹയാത്രികനെ പരിക്കേല്പിക്കുവാനായി വാഹനം ഇടിപ്പിക്കുന്നു. ഇവിടെയെല്ലാം ഒന്നാമത് പ്രവര്‍ത്തിക്കുന്ന ആളിന്‍റെ പ്രവര്‍ത്തനം രണ്ടാമത്തെ ആളിനുണ്ടാകുന്ന വിഷമതയ്ക്കു കാരണമായി ഭവിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം പ്രവൃത്തിയുടെ ഫലത്തെ ക്രിയാത്മക സ്വേച്ഛാഫലം എന്നു വിളിക്കാം. അതേ സമയം ഒഴിവാക്കാമായിരുന്ന ഒരു നിഷേധാത്മകഫലം ഒരാളുടെ ഉപേക്ഷകൊണ്ട് ഒഴിവാകാതിരിക്കുന്നുവെങ്കില്‍ അതു നിഷേധാത്മകഫലത്തില്‍പെടും. ഉദാഹരണമായി നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടി ഇറക്കത്തില്‍ ഉരുളുമെന്നും അതുവഴി അപകടസാദ്ധ്യത ഉണ്ടെന്നും മനസ്സിലായിട്ടും ഒന്നും ചെയ്യാതിരിക്കുകയും, തീ കത്തുന്നതുകണ്ടിട്ടും അതു അണയ്ക്കാന്‍ ശ്രമിക്കാതിരിക്കുകയും അതുവഴി അപകടമുണ്ടാകുകയും ചെയ്താല്‍ അതിനെ നിഷേധാത്മക സ്വേച്ഛാഫലം എന്നു പറയാം.

  1. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും

ധാര്‍മ്മികദൈവശാസ്ത്രത്തിലെ അടിസ്ഥാനതത്വങ്ങളിലൊന്നാണ് സ്വാതന്ത്ര്യം. വ്യത്യസ്തവും വൈരുദ്ധ്യാത്മകവുമായ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായ ഈ പദം ധാര്‍മ്മികമേഖലയില്‍ രണ്ട് അര്‍ത്ഥങ്ങളിലാണ് മനസ്സിലാക്കുക. ഒന്ന്: അടിസ്ഥാനസ്വാതന്ത്ര്യം അല്ലെങ്കില്‍ സ്വയം നിര്‍ണ്ണയത്തിനുള്ള സ്വാതന്ത്ര്യം; രണ്ട് തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. അടിസ്ഥാനസ്വാതന്ത്ര്യത്തില്‍ താന്‍ ആരാകണം, എന്താകണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണുള്ളത്. രണ്ടാമത്തെ തലത്തില്‍ തന്‍റെ ലക്ഷ്യം താന്‍ ഏതു വിധമാണ് പ്രായോഗികമാക്കുന്നത്, അതിനായി തിരഞ്ഞെടുക്കുന്ന പന്ഥാവെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. ഒന്നാമത്തെ തലത്തില്‍ ഒരാളുടെ ജീവിതത്തെ സംബന്ധിച്ച പൊതുവായുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ രണ്ടാമത്തെ തലത്തില്‍ ലക്ഷ്യസാധ്യത്തിനായുള്ള നിഷ്കൃഷ്ടപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തെ തലത്തില്‍ അനുദിനജീവിതത്തിലെ ഓരോ സംഭവവും തീരുമാനവും, സാഹചര്യവും, അനുഭവവും എല്ലാം പ്രാധാന്യമുള്ളതും സ്വാധീനം ചെലുത്തുന്നതുമാണ്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും പശ്ചാത്തലത്തിനും ജീവിതസാഹചര്യത്തിനും ഈ തലത്തില്‍ പ്രാധാന്യമുണ്ട് എന്നു പറയാം.

വി. ഗ്രന്ഥപശ്ചാത്തലത്തില്‍ സ്വാതന്ത്ര്യം എന്ന യാഥാര്‍ത്ഥ്യം പഠന വിഷയമാക്കുമ്പോള്‍ മനസ്സിലാവുന്ന ഒരു സത്യമുണ്ട്. സ്രഷ്ടാവായ ദൈവം മനുഷ്യനെ സ്വയം നിര്‍ണ്ണയസ്വാതന്ത്ര്യത്തോടുകൂടിയാണ് സൃഷ്ടിച്ചത് എന്ന്. ഈ സ്വാതന്ത്ര്യത്തില്‍ തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. നന്മയെ തിരഞ്ഞെടുക്കുക തിന്മയെ തിരസ്ക്കരിക്കുക എന്നതാണ് ഈ ദൈവദാനത്തിന്‍റെ അന്തഃസത്ത. അതുകൊണ്ടു തന്നെ മനുഷ്യന്‍റെ തീരുമാനത്തിനും തിരഞ്ഞെടുപ്പിനും പ്രവര്‍ത്തനത്തിനും ഒരുവന്‍ ഉത്തരവാദിയാകുന്നു. ഈ തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളുടെ നന്മതിന്മകള്‍ക്കനുസൃതം അനുഗ്രഹമോ ശിക്ഷയോ ലഭിക്കുമെന്ന് വി. ഗ്രന്ഥം പഠിപ്പിക്കുന്നത്.

ദൈവം മനുഷ്യനെ തന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. ഒപ്പം തനിക്കുവേണ്ടി തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം അവനു നല്കുകയും ചെയ്തു. നന്മതിന്മകളെക്കുറിച്ചുള്ള വൃക്ഷത്തില്‍ നിന്നുള്ള ഫലം തിന്നുക വഴി അവര്‍ ദൈവം നല്കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുകയും അതുവഴി ഏദന്‍ തോട്ടത്തില്‍ നിന്നും നിഷ്ക്കാസിതരാക്കപ്പെടുകയും ചെയ്തപ്പോള്‍ പ്രസ്തുത സ്വാതന്ത്ര്യമെന്ന യാഥാര്‍ത്ഥ്യത്തിന്‍റെ പ്രായോഗികമാനം നാം വി.ഗ്രന്ഥത്തിന്‍റെ ആദ്യാധ്യായങ്ങളില്‍ തന്നെ കണ്ടെത്തുകയാണ്. പഴയനിയമത്തില്‍ വിവിധ സ്ഥലങ്ങളില്‍ ദൈവം മനുഷ്യനു നല്കിയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നാം കാണുന്നുണ്ട്. പ്രഭാഷകന്‍ ഇപ്രകാരം പറയുന്നു: "ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവനു സ്വാതന്ത്ര്യവും നല്കി. മനസ്സുവച്ചാല്‍ നിനക്ക് കല്പനകള്‍ പാലിപ്പാന്‍ സാധിക്കും. വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവിതവും മരണവും മനുഷ്യന്‍റെ മുമ്പിലുണ്ട്. ഇഷ്ടമുള്ളത് അവനു ലഭിക്കും." (പ്രഭാ. 15,14-17). നിയമാവര്‍ത്തനപുസ്തകത്തിലും നന്മയും തിന്മയും ജീവനും മരണവും എല്ലാം മനുഷ്യന്‍റെ മുമ്പില്‍ വച്ചിരിക്കുന്നുവെന്നും അതില്‍ എന്തുവേണമെങ്കിലും തിരഞ്ഞെടുക്കുവാന്‍ അവനു സ്വാതന്ത്ര്യമുണ്ടെന്നും പറയുന്നു. "അതുകൊണ്ട് നീയും നിന്‍റെ സന്തതികളും ജീവിക്കേണ്ടതിന് ജീവന്‍ തിരഞ്ഞെടുക്കുക (നിയമ 30:14-20). ഇതുപോലെ സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കരുതെന്നും നന്മയുടെ തെരഞ്ഞെടുപ്പിനായി അതു ഉപയോഗിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യമാകുന്നുള്ളുവെന്നും പ്രവാചകന്മാരും പഠിപ്പിക്കുന്നു (ഏശ. 1, 19 ജറെ 11, 6-8, എസ. 18, 21-28).

പുതിയ നിയമത്തില്‍ ഈശോ ജറുസലേമിനെ ഓര്‍ത്തു വിലപിക്കുന്ന വേളയില്‍ പറയുന്നു. "... പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളില്‍ കാത്തുകൊള്ളുന്നതുപോലെ നിന്‍റെ സന്തതികളെ ഒരുമിച്ചുകൂട്ടുവാന്‍ ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു. പക്ഷേ, നിങ്ങള്‍ വിസമ്മതിച്ചു." (മത്താ 23, 37). അതുപോലെ തന്നെ ശിഷ്യത്വത്തെക്കുറിച്ചും ക്രിസ്ത്വാനുകരണത്തെ പ്രതിപാദിക്കുന്ന സമയത്തും അവിടുന്നു പറയുന്നു. "ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നല്കും" (മത്താ 17,27). ഈശോയുടെ ഈ പ്രസ്താവനകളെല്ലാം മനുഷ്യനു നല്കിയിരിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയം നിര്‍ണ്ണയാവകാശത്തെക്കുറിച്ചും തെരഞ്ഞെടുപ്പു സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള പുതിയനിയമപ്രതിപാദനങ്ങളായി കണക്കാക്കാം. ആദിമസഭയുടെ ചിന്തയിലും മനുഷ്യനു നല്കിയിരിക്കുന്ന സ്വാതന്ത്ര്യവും നന്മയുടെ തിരഞ്ഞെടുപ്പും തിന്മയുടെ നിരാകരണവും നിലനില്ക്കുന്നു. പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു.: ڇഓരോരുത്തനും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കേണ്ടതിനു നാമെല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പില്‍ വരണം (2 കോറി. 5, 10). അതുപോലെ തന്നെ എഫേസോസിലെ സഭയോട് അദ്ദേഹം പറയുന്നു: "ഓരോരുത്തര്‍ക്കും സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ നല്ല പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം കര്‍ത്താവില്‍ നിന്ന് ലഭിക്കുമെന്നു ഓര്‍ത്തു കൊള്ളുവിന്" (എഫേ. 6,8). ഇവിടെയെല്ലാം സ്വാതന്ത്ര്യം എന്നു പറയുന്നതു ആഗ്രഹിക്കുന്നതും, ചിന്തിക്കുന്നതും എന്തും നിര്‍വ്വഹിക്കുക എന്നതല്ല പിന്നെയോ നന്മയുടെ തിരെഞ്ഞെടുപ്പിനും അതിന്‍റെ നിര്‍വ്വഹണത്തിനുംവേണ്ടിയുള്ള സ്വാതന്ത്ര്യമാണ്. കാരണം നന്മയിലേക്കു ആഭിമുഖ്യമുള്ള മനസ്സ് നന്മയുടെ തിരഞ്ഞെടുപ്പില്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കു കടന്നു വരുന്നു എന്നു പറയാനാവൂ.

മേല്‍പ്രസ്താവിച്ച വി. ഗ്രന്ഥാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനാണെന്നും, ഈ സ്വാതന്ത്ര്യം പ്രകടമാകുക ഒരുവന്‍റെ തെരഞ്ഞെടുപ്പിലും, സ്വതന്ത്രപ്രവര്‍ത്തനത്തിലും ആണ് എന്നും വരുന്നു. അതുകൊണ്ട് മാനുഷിക പ്രവൃത്തികള്‍ ഒരുവന്‍റെ ഇച്ഛയുടെയും ബോധ്യത്തിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും പ്രകടനമാണ്. തന്മൂലം ഇപ്രകാരമുള്ള പ്രവൃത്തികളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ആര്‍ക്കും സാധ്യമല്ല. അതുപോലെ സ്വാതന്ത്ര്യമെന്നു പറയുമ്പോള്‍ നന്മതിന്മകളോടുള്ള നിസ്സംഗതാമനോഭാവമല്ല നന്മയോടുള്ള ചേര്‍ന്നുനില്പും, അതിന്‍റെ തിരഞ്ഞെടുപ്പും, അതിന്‍റെ പ്രവര്‍ത്തനവല്ക്കരിക്കലുമാണ്. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്‍റെ ഭാഷയില്‍ സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ നന്മയിലേക്കു തന്നെത്തന്നെ തിരിക്കാന്‍ മനുഷ്യനു കഴിയുകയുള്ളു (സഭ ആധുനികലോകത്തില്‍ 17). ഈ സ്വാതന്ത്ര്യം ദൈവികഛായയുടെ പ്രകടനമാണ്. അത് യഥാവിധി ഉപയോഗിക്കുക. ദൈവഹിതത്തോടു ചേര്‍ന്നു നിന്നു ഉപയോഗിക്കുമ്പോള്‍ ഈ ദൈവിക ഛായ കൂടുതല്‍ പ്രകാശമാനമാകയും ചെയ്യുന്നു. ഇവ്വിധം മാനുഷിക പ്രവൃത്തിയില്‍ മനുഷ്യനിലെ ദൈവികത പ്രകടമാകുന്നു എന്നു പറയാം. ഇഷ്ടമുള്ളതെന്തും, തിന്മയായിട്ടുള്ളതുപോലും ചെയ്യാനുള്ള ഒരനുവാദമെന്നതുപോലെ അതിനെ അനാശാസ്യമായി വളര്‍ത്തിയെടുക്കുന്നവരുണ്ട്. ശരിയായ സ്വാതന്ത്ര്യമോ, എന്നാല്‍ മനുഷ്യനിലുള്ള ദൈവികഛായയുടെ അന്യാദൃശമായ ഒരു അടയാളമാണ്. കാരണം സ്വന്തം തീരുമാനങ്ങളുടെ നിയന്ത്രണത്തില്‍ മനുഷ്യന്‍ വ്യാപരിക്കണമെന്നാണ് ദൈവേഷ്ടം." (സഭആധുനികലോകത്തില്‍ 17).

  1. മാനുഷികപ്രവൃത്തിയെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍

പൊതുധാരണയില്‍ പ്രത്യേകിച്ച് നിയമത്തിന്‍റെ മുമ്പില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിട്ടുളളവയില്‍ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നത് അസ്വാതന്ത്ര്യമാണ്. ഒരാള്‍ തീരുമാനങ്ങള്‍ എടുത്ത സാഹചര്യത്തില്‍ ശരിയായ സ്വാതന്ത്ര്യമില്ലായിരുന്നു എന്നു തെളിയിക്കാന്‍ സാധിച്ചാല്‍ നിയമത്തിന്‍റെ മുമ്പില്‍ പ്രസ്തുത തീരുമാനം മൂലമുണ്ടായ ഫലങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും വിമുക്തനാകുന്നു. ഇവിടെ ബാഹ്യമായ അസ്വാതന്ത്ര്യമാണ് പരാമര്‍ശനവിഷയമാകുന്നത്. എന്നാല്‍ ധാര്‍മ്മികത ബാഹ്യവും ആന്തരികവുമായ വിവിധ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു; അജ്ഞത, തെറ്റായ അറിവ്, ശ്രദ്ധക്കുറവ്, വികാരം, ഭയം, സാമൂഹിക സമ്മര്‍ദ്ദം, പീഡനമനോഭാവങ്ങള്‍, തഴക്കങ്ങള്‍ എന്നിവയ്ക്കെല്ലാം മാനുഷികപ്രവര്‍ത്തനനിര്‍ണ്ണയത്തില്‍ സ്വാധീനമുണ്ട്. ഇവയില്‍ ആദ്യത്തെ മൂന്നെണ്ണം ഒരുവന്‍റെ അറിവിനെ ബാധിക്കുമ്പോള്‍ മറ്റുള്ളവ ഒരുവന്‍റെ തീരുമാനപ്രക്രിയയെ ബാധിക്കുന്നു.

5.1 അറിവിനെ തടസ്സപ്പെടുത്തുന്നവ

ഒരാളുടെ അറിവാണ് ശരിയായ തീരുമാനമെടുക്കാന്‍ സഹായകമാകുന്ന വിലയിരുത്തല്‍ നടത്താനും ഒരു കാര്യത്തിന്‍റെ നന്മതിന്മകള്‍ തിരിച്ചറിയാനും ഒരുവനെ സഹായിക്കുന്നത്. അതുകൊണ്ട് അറിവ് സമ്പാദനമേഖലയിലുണ്ടാകുന്ന കുറവുകള്‍, അജ്ഞത, തെറ്റായ അറിവ്, ശ്രദ്ധകുറവ്, മറവി എന്നിവക്കെല്ലാം മാനുഷികപ്രവര്‍ത്തനത്തില്‍ അതിന്‍റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇവയെക്കുറിച്ച് അല്പമെങ്കിലും അറിവ് അനിവാര്യമാണ്.

അജ്ഞത: അജ്ഞത എന്നതുകൊണ്ട് ഒരു പ്രവൃത്തിചെയ്യുവാനോ ഒരു തീരുമാനമെടുക്കുവാനോ ആവശ്യമായ അറിവിന്‍റെ അഭാവം എന്നാണ്. അജ്ഞതയെ രണ്ടായി തിരിക്കാം. ജയ്യമായ അജ്ഞത, അജയ്യമായ അജ്ഞത.

അജയ്യമായ അജ്ഞത എന്നു പറഞ്ഞാല്‍ ഒരുവന്‍റെ ശ്രമം കൊണ്ടു യാതൊരു വിധേനയും ജയിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയാണ്. ഇപ്രകാരമുള്ള അജ്ഞതയെ ജയിക്കുക അസാധ്യമാകയാല്‍ ഇവ്വിധമുള്ള അജ്ഞതമൂലം ഒരാള്‍ ചെയ്യുന്നത് മാനുഷിക പ്രവൃത്തി ആകുന്നില്ല. അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അയാള്‍ അപ്രാപ്യനാണുതാനും. ഇവിടെ ഒരു വ്യക്തി തന്‍റെ അജ്ഞത മാറ്റുവാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ ആരായുകയും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടും അവ ഫലവത്താകുന്നില്ലെങ്കില്‍ ശരിയായത് മനസ്സിലാക്കാനുള്ള വ്യക്തിയുടെ ശ്രദ്ധ പ്രകടമാകുന്നു. ഉദാഹരണമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന നേഴ്സ് ഗര്‍ഭഛിദ്രം തെറ്റാണ് എന്നു അറിവില്ലാതെ അതില്‍ സഹകരിക്കുകയും ഈ വിഷയത്തെ സംബന്ധിച്ച് അറിവ് നേടാന്‍ സാധ്യമായവിധമെല്ലാം പരിശ്രമിക്കുകയും ചെയ്തിട്ടും സാധിക്കാതെ വരികയും ചെയ്താല്‍ പ്രസ്തുത അജ്ഞതയെ അജയ്യമായ അജ്ഞതയുടെ ഗണത്തില്‍പ്പെടുത്താം.

ജയ്യമായ അജ്ഞത എന്നതുകൊണ്ട് സ്വാഭാവികവും ആത്മാര്‍ത്ഥവുമായ ശ്രമം കൊണ്ട് മാറ്റുവാന്‍ സാധിക്കുന്ന അജ്ഞത എന്നാണര്‍ത്ഥം. ഇത്തരത്തിലുള്ള അജ്ഞതമൂലം ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാനാകില്ല. കാരണം അദ്ദേഹത്തിന്‍റെ അജ്ഞതയുടെ കാരണം അദ്ദേഹത്തിന്‍റെ ഉപേക്ഷയും മനസില്ലായ്മയുമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രവൃത്തിയും അതിന്‍റെ ഫലവും അദ്ദേഹം പ്രത്യക്ഷമായോ പരോക്ഷമായോ അംഗീകരിക്കുകയോ അനുവദിക്കുകയോ ചെയ്തു എന്നാണ് കരുതേണ്ടത്. മുമ്പുപറഞ്ഞ നേഴ്സിന്‍റെ കാര്യം തന്നെ എടുക്കാം. അവര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ തന്നെ നേഴ്സുമാര്‍ക്കുവേണ്ടി പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുകയും പ്രസ്തുത വിവരം അറിഞ്ഞിട്ടും പോകാതിരിക്കുകയും ചെയ്തശേഷം തനിക്ക് അറിവില്ലായിരുന്നു എന്നു പറഞ്ഞു ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്ക്കാന്‍ ആവില്ല.

തെറ്റായ അറിവ്: ഒരു കാര്യത്തെക്കുറിച്ചുള്ള അവബോധം ഒന്നായിരിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് തെറ്റായ അറിവ് എന്നതുകൊണ്ട് വിവക്ഷിക്കുക. മുന്‍വിധികള്‍, തെറ്റിദ്ധാരണകള്‍, വികലമായ അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം തെറ്റായ അറിവിന്‍റെ വിവിധ രൂപങ്ങളാണ്. വിദ്യാഭ്യാസത്തിന്‍റെ അഭാവം, തെറ്റായ കൂട്ടുകെട്ടിന്‍റെ സ്വാധീനം, വികലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും സാന്നിദ്ധ്യം എന്നിവയെല്ലാം തെറ്റായ അറിവിനു കാരണമാകാം. പലപ്പോഴും അല്പസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വികലമായ ചിന്തകളിലേക്കും, ബോധ്യങ്ങളിലേക്കും, പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുക സ്വാഭാവികമാണല്ലോ. ആശയമേഖലയിലും പ്രവര്‍ത്തനമേഖലയിലും ഇപ്രകാരമുള്ള വികലമായ അറിവ് ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. രാഷ്ട്രീയ-മത തീവ്രവാദപ്രസ്ഥാനങ്ങള്‍ പലപ്പോഴും തെറ്റായ അറിവില്‍ നിന്നും രൂപം കൊണ്ടവയാണ്. അതുകൊണ്ട് ശരിയായ ധാര്‍മ്മിക പ്രവര്‍ത്തനത്തിന്  ഉചിതമായ ശരിയായ അറിവ് അനിവാര്യമാണ്. ഇത് ഓരോ മനുഷ്യന്‍റെയും അവകാശവും കടമയും ഉത്തരവാദിത്വവുമാണ്. "ഉചിതമായ മാര്‍ഗങ്ങളുപയോഗിച്ച് സത്യമാരാഞ്ഞു കണ്ടുപിടിക്കാനുള്ള കടമയും അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്" (മതസ്വാതന്ത്ര്യം 3).

ശ്രദ്ധക്കുറവ്: അജ്ഞതയും തെറ്റായ അറിവും അറിവിന്‍റെ സ്ഥിരമായ അഭാവമാണെങ്കില്‍ ശ്രദ്ധക്കുറവ് താല്ക്കാലിക പ്രതിഭാസമാണ്. പൊതുവേ പറഞ്ഞാല്‍ ഇതു പ്രവര്‍ത്തനത്തിന്‍റെ എല്ലാ മേഖലകളെയും ബാധിക്കണമെന്നില്ല. എന്നാല്‍ ഒരു പ്രവര്‍ത്തനത്തിന്‍റെ എല്ലാ മേഖലകളിലും ശ്രദ്ധക്കുറവ് നിലനില്ക്കുന്നുവെങ്കില്‍ അതു മാനുഷികപ്രവൃത്തിയായി പരിഗണിക്കുക അസാധ്യമായിവരും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരാള്‍ കത്തിച്ച തീപ്പെട്ടിക്കൊള്ളി പോക്കറ്റിലിടുകയും തീപ്പെട്ടി പുറത്തേക്കു വലിച്ചെറിയുകയും ചെയ്താല്‍ ശ്രദ്ധക്കുറവ് സംഭവിച്ച പ്രസ്തുത പ്രവര്‍ത്തനത്തെ മാനുഷിക പ്രവൃത്തിയുടെ ഗണത്തില്‍ പെടുത്താനാവില്ല. മദ്യലഹരി, മയക്കുമരുന്നിന്‍റെ അടിമത്തം എന്നിവമൂലം ചെയ്യുന്ന പ്രവൃത്തി എന്നിവയും ഇപ്രകാരമേ പരിഗണിക്കാനാവു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ചശേഷം മദ്യപിച്ച് ഒരാള്‍ ഒരു വസ്തു നശിപ്പിക്കുകയോ ആക്രമണം നടത്തുകയോ ചെയ്താല്‍ അതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല.

അതേ സമയം ഒരു പ്രവൃത്തിയില്‍ പൂര്‍ണ്ണശ്രദ്ധ കൊടുക്കാതെ ചെയ്താല്‍ അവയെ അപൂര്‍ണ്ണമാനുഷികപ്രവൃത്തികളുടെ ഗണത്തില്‍പെടുത്താം. പാതി ഉറക്കത്തിലോ, അല്പം മദ്യലഹരിയിലോ, അമിതമല്ലാത്ത വികാരവിക്ഷോഭത്തിലോ ചെയ്യുന്ന പ്രവൃത്തികള്‍ ഇപ്രകാരമുള്ളവയാണ്, കാരണം ഇവിടെ വ്യക്തിക്ക് താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുവാന്‍ സാധിക്കുന്നില്ല. ഒരേ സമയം രണ്ടു പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ഇപ്രകാരമുള്ള ശ്രദ്ധക്കുറവ് സ്വാഭാവികമാണ്. ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവമനുസരിച്ചുവേണം ഇത്തരം പ്രവൃത്തികളെ വിലയിരുത്തുവാന്‍.

5.2 മനസ്സിന്‍റെ അംഗീകാരത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍

വികാരങ്ങള്‍: ചിന്തയാലോ, ഭാവനയാലോ വ്യക്തിയില്‍ രൂപപ്പെടുന്ന ആന്തരികമായ വിക്ഷോഭങ്ങളാണ് വികാരങ്ങള്‍. ഇവ ക്രിയാത്മകങ്ങളോ നിഷേധാത്മകങ്ങളോ ആകാം. പൊതുവേ വികാരങ്ങള്‍ നല്ലവയും നന്മയ്ക്കായി പ്രേരിപ്പിക്കുന്നവയുമാണ്. എന്നാല്‍ എല്ലാം അങ്ങനെ ആവണമെന്നില്ല. വികാരങ്ങളെ വിവേകം കൊണ്ടു നിയന്ത്രിക്കാതിരിക്കുമ്പോഴാണ് അവ ദോഷകരമായി ഭവിക്കുന്നത്. പ്രസ്തുത സാഹചര്യങ്ങളില്‍ അവ മനുഷ്യന്‍റെ വിവേചനശക്തിയെ ദുര്‍ബലപ്പെടുത്തുകയും സ്വേച്ഛയാലോ ആന്തരികനിയന്ത്രണത്താലോ പ്രവര്‍ത്തിക്കുന്നതില്‍നിന്നും ഒരുവനെ തടയുകയും ചെയ്യും. ഇവ്വിധം ഇച്ഛാശക്തിയും ആത്മനിയന്ത്രണവും നഷ്ടമാകുമ്പോള്‍ അവ അപകടകരവും പാപകരവുമായേക്കാം. വികാരങ്ങള്‍ രണ്ടുവിധമാകാം. ഒന്നാമത്തേത് പ്രവര്‍ത്തനത്തിന് മുന്നോടിയായി സംജാതമാകയും മനസ്സിനെ സമ്മതത്തിലേക്കു നയിക്കുകയും ചെയ്യുന്നു. രുചികരമായ ഭക്ഷണം കാണുമ്പോള്‍ അതിനോടു തോന്നുന്ന ആഭിമുഖ്യം ഇപ്രകാരമുള്ളവയാണ്. രണ്ടാമത്തേതാകട്ടെ മനസ്സിന്‍റെ തിരുമാനപ്രകാരം ഉളവാകുകയോ, കുറഞ്ഞപക്ഷം അനുവദിക്കുകയോ, സമ്മതിക്കുകയോ ചെയ്യുന്നവയാണ്. ചില വികാരങ്ങള്‍ അറിഞ്ഞുകൊണ്ടു ഉളവാക്കിയവയാകാം. ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്ന വ്യക്തിയില്‍ ഉണ്ടാകുന്ന ദൈവികചിന്തകളും ഭക്തവികാരങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. പ്രവര്‍ത്തനത്തിനു മുന്നോടിയായി ഉണ്ടാകുന്നവ സ്വേച്ഛയെ കുറയ്ക്കുന്നവയോ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നവയോ ആണ്. കാരണം പ്രസ്തുത വികാരങ്ങളില്‍ ബുദ്ധിയും, യുക്തിയും പലപ്പോഴും പ്രവര്‍ത്തനക്ഷമമല്ല. അതേസമയം വികാരങ്ങള്‍ വിക്ഷോഭത്തില്‍ മനസ്സിനെ സമ്മതത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അവിടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പും ബുദ്ധിയുടെ പ്രവര്‍ത്തനവും ഇല്ലാതാകുന്നു എന്നു കരുതാവുന്നതാണ്. അതേ സമയം സ്വേച്ഛാപരമായി ഉടലെടുക്കുന്ന വികാരങ്ങളെയും, തന്മൂലമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെയും നന്മ തിന്മകളുടെ ഗണത്തില്‍പ്പെടുത്തി വിലയിരുത്താവുന്നതാണ്. കാരണം അവ സ്വതന്ത്രമായി തിരഞ്ഞെടുത്തവയോ, സമ്മതത്തോടുകൂടി ഉടലെടുത്തവയോ, അറിവോടുകൂടി രൂപവല്ക്കരിച്ചവയോ ആകാം.

ഭയവും സാമൂഹ്യസമ്മര്‍ദ്ദവും: വരാനിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള ആശങ്കയാല്‍ ഉദ്ദേശിച്ച കാര്യത്തില്‍ നിന്നുള്ള മനസ്സിന്‍റെ പിന്‍വാങ്ങലാണ് ഭയം. ബൗദ്ധിക ഭയം വൈകാരിക ഭയത്തില്‍നിന്നും വ്യത്യസ്തമാണ്. വൈകാരികഭയം മനുഷ്യന്‍റെ തീരുമാനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ഉചിതമായ തീരുമാനമെടുക്കാന്‍ അപ്രാപ്യനാക്കുകയും ചെയ്യുമ്പോള്‍ ബൗദ്ധികഭയം ചിന്തയേയും മനസ്സിനെയും നിഷ്ക്രിയമാക്കുന്നവ ആകണമെന്നില്ല. പലപ്പോഴും ബൗദ്ധികഭയത്തില്‍ വ്യക്തിയുടെ ഭയം സ്വാതന്ത്ര്യ ത്തെ പൂര്‍ണ്ണമായും ഹനിക്കണമെന്നില്ല എന്നര്‍ത്ഥം. തനിക്കുതന്നെയോ സുഹൃത്തുക്കള്‍ക്കോ, ബന്ധുമിത്രാദികള്‍ക്കോ, തന്നോടു ചേര്‍ന്നു നില്ക്കുന്ന ആര്‍ക്കെങ്കിലുമോ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചോ, ഇതര അസ്വസ്ഥതകളെക്കുറിച്ചോ ഉള്ള ആശങ്കയായിരിക്കും യഥാര്‍ത്ഥ തീരുമാനമെടുക്കുന്നതില്‍നിന്നും ഒരാളെ തടയുന്നത്.

സാമൂഹ്യസമ്മര്‍ദ്ദങ്ങളും പലപ്പോഴും ഇവ്വിധം വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാറുണ്ട്. സമൂഹത്തിന്‍റെ പൊതുചിന്തയ്ക്കും ശൈലിക്കും ചേരാത്ത വിധത്തില്‍ തീരുമാനിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അതുവഴി ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ചിന്തയും ആശങ്കയും വ്യക്തിസ്വാതന്ത്ര്യത്തെയും, പ്രവര്‍ത്തനത്തെയും ബാധിക്കുക സ്വാഭാവികമാണ്. മനുഷ്യന്‍റെ ആഗ്രഹങ്ങളും, അഭിലാഷങ്ങളും സ്വപ്നങ്ങളും സമൂഹത്തിന്‍റെ പൊതുധാരയോടു ചേര്‍ന്നു നില്‍ക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു. പൊതുവെ സമൂഹത്തിന്‍റെ ആശയഗതികളും പ്രവര്‍ത്തനരീതികളും നിസ്സംഗമാണെങ്കിലും ചില ഘട്ടങ്ങളിലെങ്കിലും ധാര്‍മ്മികമായി അംഗീകരിക്കാനാവാത്തവപോലും എതിര്‍ക്കാന്‍ സാധിക്കായ്ക സാമൂഹിക സമ്മര്‍ദ്ദത്തിന്‍റെ അതിപ്രസരം മൂലമോ ഭയം മൂലമോ ആണ്. ഈ ഘട്ടത്തില്‍ മനുഷ്യന്‍റെ യഥാര്‍ത്ഥസ്വാതന്ത്ര്യത്തെ ഭയം,

സാമൂഹിക സമ്മര്‍ദ്ദം എന്നിവ ഹനിക്കുകയാണ് ചെയ്യുന്നത്. ഒരുവിധത്തിലും തന്‍റെ ശ്രമം മൂലം ഒഴിവാക്കാന്‍ പറ്റില്ലാത്ത കഠിനമായ തിന്മ, അല്പശ്രമത്തിലൂടെ ഒഴിവാക്കാവുന്ന ശക്തമല്ലാത്ത തിന്മ, ശ്രമത്തിലൂടെ ഒഴിവാക്കാവുന്ന കഠിനമായ തിന്മ എന്നിവയെക്കുറിച്ചെല്ലാം ഒരുവന് ഭയമുണ്ടാകാം. ഒരുവന്‍റെ ഏക ജീവിതമാര്‍ഗം നഷ്ടമാകുക, കഠിനമായ പീഡനത്തിന് ഇരയാവുക, മരണം തന്നെ സംഭവിക്കുക എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ അവ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രവര്‍ത്തനത്തെയും ഹനിക്കുന്ന ശക്തമായ ഭയമാണ് എന്നു കരുതാം.  അതേ സമയം സാധാരണമായി വലിയ ശക്തമല്ല എങ്കിലും വ്യക്തിയുടെ സ്വഭാവത്തിന്‍റെ പ്രത്യേകത അനുസരിച്ച് അതുശക്തമായെന്നുവരാം. ഉദാഹരണത്തിന് ഇരുട്ടിനെ ഭയമുള്ള കുട്ടിയെ ഭൂഗര്‍ഭമുറിയില്‍ അടച്ചുപൂട്ടിയിടുകയാണെങ്കില്‍ അത് ആ കുട്ടിയുടെ സ്വേച്ഛയേയും സ്വതന്ത്രപ്രവര്‍ത്തനത്തെയും ഹനിക്കുന്ന വിധമുള്ള ഭയത്തിലേക്കു നയിക്കാം. ചിലപ്പോള്‍ ഒരു വ്യക്തിയോടുള്ള ബഹുമാനത്തിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ വാക്കുകളേയും പ്രവര്‍ത്തനത്തെയും എതിര്‍ക്കാനും നിരാകരിക്കാനും ഭയം തോന്നാറുണ്ട്. പൊതുവേ ഇത് ശക്തമായ ഭയമായി പരിഗണിക്കാവുന്നതല്ലെങ്കിലും ചിലരില്‍ സ്വേച്ഛയെ ഹനിക്കും വിധമാകാറുണ്ട്. സമൂഹജീവിതത്തില്‍ വലിയ അസ്വസ്ഥതകള്‍ ഉളവാക്കുന്നുവെങ്കില്‍ ഇപ്രകാരമുള്ള ഭയത്തെ ശക്തമായ ഭയത്തില്‍ പെടുത്തേണ്ടിവരും.

മേല്‍പ്രസ്താവിച്ചവകൂടാതെ നീതിപൂര്‍വ്വകമായ ഭയം, അനീതിപൂര്‍വ്വകമായ ഭയം എന്നിവയെക്കുറിച്ചും പ്രതിപാദിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ ചെയ്ത കുറ്റത്തിന്‍റെ ഫലമായുള്ള ഭയം, അതിന് ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയം എന്നിവ നീതിപൂര്‍വ്വകമാണ്. കുറ്റം ചെയ്തിട്ട് പിഴ അടച്ചില്ലെങ്കില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വരും എന്നുള്ള ഭയം നീതിപൂര്‍വ്വകമാണ്. എന്നാല്‍ ഒരാളെ അകാരണമായി ഭയപ്പെടുത്തുകയും തെറ്റായ പ്രവര്‍ത്തനത്തിന് കൂട്ടു നില്ക്കാത്തതിന്‍റെ പേരില്‍ പീഡിപ്പിക്കുകയും ചെയ്യുന്നതു വഴി ഉളവാക്കുന്ന ഭയം അന്യായമായ ഭയപ്പെടുത്തലാണ്. രാഷ്ട്രനിയമങ്ങളും സഭാനിയമങ്ങളും കുറ്റവും ശിക്ഷയും പ്രതിപാദിക്കുന്നതുവഴി ഒരുവനില്‍ ഭയമുണ്ടാകുന്നുവെങ്കില്‍ അവയെ ന്യായമായ ഭയത്തിന്‍റെ ഗണത്തില്‍ പ്പെടുത്താം. കാരണം സമൂഹത്തില്‍ കുറ്റങ്ങള്‍ കുറയ്ക്കുകയും സമൂഹജീവിതം സ്വസ്ഥമാക്കുകയും, ജനജീവിതം സുഗമമാക്കുകയും ചെയ്യുക എന്ന ന്യായീകരണം ഇവയ്ക്കുണ്ട്.

ഭയത്തിന്‍റെ ധാര്‍മ്മികസ്വാധീനത്തെക്കുറിച്ച് ഇനി പരമാര്‍ശിക്കാം. വിശാലാര്‍ത്ഥത്തില്‍ ഭയം വ്യക്തിയുടെ സ്വേച്ഛയെ പൂര്‍ണമായി ഇല്ലാതാക്കുന്നില്ല. എന്നാല്‍ അവ പ്രവൃത്തിയുടെ നന്മയുടെ ഭാഗത്തിനും തിന്മയുടെ ഭാവത്തിനും കുറവു വരുത്തുന്നുണ്ട്. എന്നാല്‍ ഒരുവനിലെ ഭയം അദ്ദേഹത്തിന്‍റെ സ്വേച്ഛയേയും സ്വതന്ത്രതീരുമാനത്തെയും ഇല്ലാതാക്കുകയും അതിന്‍ഫലമായി പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്താല്‍ പ്രസ്തുത പ്രവര്‍ത്തനത്തിന്‍റെ നന്മതിന്മകള്‍ പൂര്‍ണ്ണമായും അദ്ദേഹത്തില്‍ ആരോപിക്കുവാനാവില്ല. അതേ സമയം അദ്ദേഹം ഒഴിവാക്കാനാഗ്രഹിക്കുന്ന ഒരു തിന്മ പൂര്‍ണ്ണസ്വാതന്ത്ര്യമില്ലാതെ പ്രവര്‍ത്തിക്കേണ്ടിവന്നുവെങ്കില്‍ സ്വേച്ഛയുടെ ഭാഗത്തില്‍ കുറവുണ്ടെങ്കില്‍പോലും മാനുഷിക പ്രവൃത്തി അല്ലാതായി കാണുവാനാകില്ല. അതുകൊണ്ടാണ് മതമര്‍ദ്ദനകാലത്ത് ഭയംമൂലം വിശ്വാസത്യാഗം ചെയ്തവര്‍ക്ക് ഒഴിവുകൊടുക്കാന്‍ തയ്യാറാകാത്തത്. അതേസമയം പ്രവൃത്തിയില്‍ മനസ്സിന്‍റെ സമ്മതത്തിന്‍റെയും, സ്വേച്ഛയുടെയും, സ്വതന്ത്രതീരുമാനത്തിന്‍റേയും കുറവ് ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. കാരണം ഭയത്തിന്‍റെ ഘടകം ഇല്ലായിരുന്നുവെങ്കില്‍ പ്രസ്തുത വ്യക്തി മറിച്ചൊരു തീരുമാനം എടുക്കുമായിരുന്നു എന്ന് അനുമാനിക്കുന്നു. അതുകൊണ്ടാണ് പ്രവര്‍ത്തനത്തില്‍ പാപത്തിന്‍റെ കാഠിന്യം കുറഞ്ഞും ഇരിക്കുന്നത്. അതോടൊപ്പം ഗൗരവമായ ഭയം സഭാനിയമങ്ങളുടെയും, രാഷ്ട്രനിയമങ്ങളുടെയും ഉത്തരവാദിത്തങ്ങളിലും നിന്ന് ഒഴിവാക്കുന്നു. കാരണം, ധാര്‍മ്മികമായ അസാധ്യത നിയമനിര്‍മ്മാണത്തില്‍ നിന്നും ഒഴിവാക്കുന്നു എന്ന തത്ത്വം തന്നെ. എന്നാല്‍ നിയമനിര്‍വ്വഹണത്തില്‍നിന്നുമുള്ള ഒഴിവാക്കല്‍ പൊതുനന്മയ്ക്കു ഗൗരവമായ ക്ഷതം ഏല്പിക്കുമെങ്കില്‍ പ്രസ്തുത തത്വം ബാധകമല്ല. ഉദാഹരണമായി യാതൊരു കാരണവശാലും ഒരു വൈദികന്‍ കുമ്പസാരരഹസ്യം വെളിവാക്കാന്‍ പാടില്ല.

പീഡനം: ശക്തമായ ബാഹ്യ ഇടപെടല്‍ മൂലം ഒരുവന്‍റെ മനസ്സിന്‍റെ സ്വേച്ഛാപരമായ പ്രവര്‍ത്തനത്തെ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പീഡനം എന്നു വിളിക്കാം. ഇതു മാനസികമോ ശാരീരികമോ ആകാം. ഒരു കാര്യം പീഡനത്തിന്‍റെ ഗണത്തില്‍ പെടണമെങ്കില്‍ ആന്തരികമായ എതിര്‍പ്പ് അനിവാര്യമാണ്. എന്നാല്‍ ബാഹ്യമായതു എപ്പോഴും വേണമെന്നില്ല. എന്നാല്‍ ബാഹ്യമായ എതിര്‍പ്പുവഴി അപകടം ഇല്ലാതാക്കാനോ ആന്തരിക സമ്മതത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാനോ, സമ്മതം നല്കി എന്ന് മറ്റുള്ളവര്‍ക്കു ഉണ്ടാകാവുന്ന തെറ്റിദ്ധാരണ ഒഴിവാക്കാനോ സാധിക്കുമെങ്കില്‍ ബാഹ്യമായ എതിര്‍പ്പ് ആവശ്യമായി വരും.

പീഡനം അപരിമിതമാകുന്നത് മനസ്സിന്‍റെ എതിര്‍പ്പ് പൂര്‍ണ്ണവും വിസമ്മതം പരമാവധിയും, പ്രസ്തുത മനോഭാവങ്ങള്‍ അര്‍ത്ഥവത്തുമാകുമ്പോഴാണ്. എന്നാല്‍ മനസ്സിന്‍റെ വിസമ്മതം ഭാഗികവും, ബലഹീനവും, ബാഹ്യമായ എതിര്‍പ്പ് അശക്തവുമാകുമ്പോള്‍ പീഡനം ആപേക്ഷികമാകുന്നു. ആദ്യത്തെ സാഹചര്യത്തില്‍ ബലപ്രയോഗത്താല്‍ ചെയ്യിച്ച പ്രവൃത്തിയില്‍ സ്വേച്ഛ പൂര്‍ണ്ണമായി ഇല്ലാതാകുന്നു. ആകയാല്‍ മാനുഷികപ്രവൃത്തി അസാദ്ധ്യമാക്കുകയും വ്യക്തിയെ ഉത്തരവാദിത്വത്തില്‍നിന്നും തന്മൂലമുണ്ടാകുന്ന ആരോപണത്തില്‍ നിന്നും സ്വതന്ത്രനാക്കുകയും ചെയ്യുന്നു. എന്നാല്‍ രണ്ടാമത്തേതില്‍ സ്വേച്ഛപൂര്‍ണ്ണമായി ഇല്ലാതാകുന്നില്ല. അതിന്‍റെ തോതു കുറയ്ക്കുക മാത്രമാണ് ചെയ്യുക. മനസ്സിന്‍റെ ഭാഗികമായ സമ്മതം ഇവിടെ ഉണ്ടെന്ന് സങ്കല്പിക്കുന്നു. സ്വേച്ഛ കുറയ്ക്കുന്നു എന്നതിനുകാരണം ആപേക്ഷികപീഡനം ഇല്ലായിരുന്നുവെങ്കില്‍ വ്യക്തി മറ്റൊരു വിധം പെരുമാറുമായിരുന്നു എന്നതാണ്.

മനോഭാവങ്ങളും തഴക്കങ്ങളും: ആര്‍ജ്ജിത ഗുണങ്ങളുടെയും സ്വഭാവത്തിന്‍റെയും അടിസ്ഥാനത്തില്‍ ഒരു കാര്യത്തോട് സ്വഭാവിക പ്രതികരണങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ഘടകമാണ് മനോഭാവം. ഇവയുടെ രൂപീകരണത്തില്‍ കുടുംബപശ്ചാത്തലം, സംസ്ക്കാരം, ആചാരം, വിദ്യാഭ്യാസം, ജീവിതാനുഭവം എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. ഇവ വ്യക്തിയുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുകയും പ്രതികരണങ്ങളില്‍ പ്രകടമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു പരിധിവരെ സ്വേച്ഛാ പ്രവര്‍ത്തനത്തെയും സ്വതന്ത്രതീരുമാനത്തെയും സ്വാധീനിക്കുവാന്‍ ഇവ പര്യാപ്തമാണ്. ചില കാര്യങ്ങളോടു തോന്നിക്കുന്ന പ്രതിപത്തി അല്ലെങ്കില്‍ ചായ്വ് പ്രസ്തുത പ്രവര്‍ത്തനം എളുപ്പമാക്കുന്നു. ഇതു സ്ഥിരമായി തുടരുമ്പോള്‍ അവ തഴക്കങ്ങളായി വളരുന്നു. തഴക്കമെന്നു പറയുമ്പോള്‍ ഒരു കാര്യത്തോട് തുടര്‍ച്ചയായ ആവര്‍ത്തനം വഴി ഉണ്ടാകുന്ന ആഭിമുഖ്യവും അതിനോടുള്ള പ്രതിപത്തിയും, ചെയ്യാനുള്ള എളുപ്പവും എന്ന് പൊതുവെ മനസ്സിലാക്കാം.

ബോധപൂര്‍വ്വം രൂപപ്പെടുത്തിയ തഴക്കങ്ങള്‍ സ്വേച്ഛയെ ഇല്ലാതാക്കുന്നില്ല. കാരണം പ്രവര്‍ത്തനത്തിനു കാരണമായി നില്ക്കുന്നത് മനസ്സിന്‍റെ സമ്മതവും അംഗീകാരവുമാണ്. എന്നാല്‍ ബോധപൂര്‍വ്വമല്ലാതെ രൂപപ്പെട്ടവ വ്യക്തിയുടെ സ്വേച്ഛയേയും സ്വതന്ത്രപ്രവര്‍ത്തനത്തെയും ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ട്. കാരണം അത് ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും മനസ്സിന്‍റെ സമ്മതത്തെയും ഹനിക്കുന്നു എന്നതുതന്നെ. സ്ഥിരമായ ശാപവാക്കുകള്‍ ഉരുവിടുന്ന വ്യക്തി നിരന്തരമായ പരിശ്രമശേഷവും അറിയാതെ ഇത്തരം വചസ്സുകള്‍ നാവില്‍നിന്നും പുറപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തിയുടെ കാഠിന്യം കുറഞ്ഞിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

  1. ധാര്‍മ്മികപ്രവൃത്തിയുടെ ഉറവിടങ്ങള്‍

പൂര്‍ണ്ണമായ അറിവും സ്വതന്ത്രമായ സമ്മതവുമുള്ളപ്പോഴാണ് മാനുഷിക പ്രവൃത്തിയെന്ന് പറയുന്നത്. ഇവിടെ നാം വിലയിരുത്തു ന്നത് ധാര്‍മ്മികപ്രവൃത്തികളെക്കുറിച്ചാണ്. എല്ലാ മാനുഷിക പ്രവൃത്തികളും ധാര്‍മ്മികപ്രവൃത്തിയാണോ? ധാര്‍മ്മിക പ്രവൃത്തിക ള്‍ക്ക് എന്തെങ്കിലും ഘടകങ്ങള്‍ ആവശ്യമാണോ? ധാര്‍മ്മിക ക്രമത്തോട് യോജിച്ചുപോകുന്ന പ്രവൃത്തികളെ നന്മ പ്രവൃത്തികളെന്നും അതിനെതിരായവയെ തിന്മ പ്രവൃത്തികളെന്നും പറയുന്നു. ഇവിടെ എങ്ങനെയാണ് മാനുഷികധാര്‍മ്മിക പ്രവൃത്തികളെ വിലയിരുത്തു ന്നത്. ഇവിടെയാണ് ധാര്‍മ്മിക ഉറവിടങ്ങളുടെ പ്രാധാന്യം. തോമസ് അക്വിനാസിന്‍റെ അഭിപ്രായത്തില്‍ വിഷയം (object), ഉദ്ദേശ്യം (intention), സാഹചര്യങ്ങള്‍ (cricumstance) എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മാനുഷികപ്രവൃത്തികളെ ധാര്‍മ്മികമായും ശരിയാണോ അല്ലെങ്കില്‍ തെറ്റാണോ എന്ന് വിലയിരുത്തുവാന്‍ കഴിയുന്നത്. ഈ ഘടകങ്ങളാണ് ധാര്‍മ്മികപ്രവൃത്തികളുടെ ഉറവിടങ്ങള്‍. കാരണം, ഇവയുടെ വെളിച്ചത്തില്‍ തെറ്റും ശരിയും നിശ്ചയിക്കാം.

6.1 മനുഷ്യ പ്രവൃത്തികള്‍: ധാര്‍മ്മിക വിലയിരുത്തല്‍

കത്തോലിക്കാ ധാര്‍മ്മികദൈവശാസ്ത്രത്തില്‍ മനുഷ്യ പ്രവൃത്തികളുടെ ധാര്‍മ്മികതയെ വിലയിരുത്തുന്നത് വിഷയം, ഉദ്ദേശ്യം, സാഹചര്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തിലാണ്.

വിഷയം (Object): മനുഷ്യപ്രവൃത്തികളെ ധാര്‍മ്മികമായി വിലയിരുത്തുന്നതിനുള്ള ആദ്യത്തെ ഘടകം വിഷയം തന്നെയാണ്. പ്രവൃത്തിക്ക് അതിനാല്‍ തന്നെ നന്മയുടേയോ തിന്മയുടേയോ ഫലം പുറപ്പെടുവിക്കുവാന്‍ കഴിയും. ഇത് പ്രവൃത്തിയുടെ അന്ത്യഫലമാണ്. ഉദാഹരണമായി, ഒരു മോഷ്ടാവ് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും 10,000 രൂപ മോഷ്ടിക്കുന്നു. ഈ പ്രവൃത്തിയുടെ വിഷയമെന്ന് പറയുന്നത് അന്യായമായി രൂപയെടുക്കുന്നുവെന്നതാണ്. പ്രവൃത്തിയുടെ സാഹചര്യം വിശുദ്ധസ്ഥലത്ത് നിന്നുമാണ് മോഷ്ടിച്ചത് എന്നതാണ്. മോഷ്ടാവിന്‍റെ ഉദ്ദേശ്യം ദ്രവ്യാഗ്രഹമാകാം. ഇതില്‍ നിന്നും വിഷയം, പ്രവൃത്തിയോട് ചേര്‍ന്നിരിക്കുന്നുവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. പ്രവൃത്തികള്‍ അതിനാല്‍ത്തന്നെ നന്മയോ - തിന്മയോ അല്ലെങ്കില്‍ നിഷ്പക്ഷമോ ആയിരിക്കാം. നല്ല പ്രവൃത്തികള്‍ നന്മയുടെ ഫലം പുറപ്പെടുവിക്കുന്നു. തിന്മ പ്രവൃത്തികള്‍ തിന്മയുടെ ഫലം പുറപ്പെടുവിക്കുന്നു. നിഷ്പക്ഷ പ്രവൃത്തികള്‍ അതില്‍ത്തന്നെ നന്മയുടേയോ തിന്മയുടേയോ ഫലം പുറപ്പെടുവിക്കുന്നില്ല.

കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ചില പ്രവൃത്തികള്‍ അതിനാല്‍തന്നെ ആന്തരികമായി തിന്മകളാണ് (intrinsece malum). സത്യത്തിന്‍റെ പ്രഭ (80) എന്ന ചാക്രിക ലേഖനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരമാണ് വിവരിക്കുന്നത്: "മാനുഷിക പ്രവൃത്തിയുടെ ചില വിഷയങ്ങള്‍ സ്വാഭാവികമായി ദൈവത്തിലേക്ക് ക്രമവത്കരിക്കപ്പെടുവാന്‍ സാധ്യമല്ല. അത്തരം ചില വിഷയങ്ങള്‍ ഉണ്ട് എന്ന് ബുദ്ധിതന്നെ സാക്ഷ്യം നല്‍കുന്നു. ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട വ്യക്തികളുടെ നന്മയെ അവ മൗലികമായി എതിര്‍ക്കുന്നതു കൊണ്ടാണ് അവ അങ്ങനെയായിരിക്കുന്നത്. അത്തരം പ്രവൃത്തികളെ സഭയുടെ ധാര്‍മ്മിക പാരമ്പര്യം ആന്തരികമായിത്തന്നെയുള്ള തിന്മകള്‍ (intrinsece malum)അഥവാ സ്വാഭാവികമായിത്തന്നെയുള്ള തിന്മകള്‍ എന്നു വിളിക്കുന്നു. അവ എപ്പോഴും സ്വാഭാവിക മായിത്തന്നെ(pre se) അത്തരത്തിലുള്ളതാണ്. തത്ഫലമായി സ്വാഭാവികമായി, അതില്‍ ത്തന്നെ, സാഹചര്യങ്ങളെയും ഉദ്ദേശ്യങ്ങളെയും ആശ്രയിക്കാതെ, വിഷയംമൂലം എപ്പോഴും ഗൗരവാവഹമായ തെറ്റായിരിക്കുന്ന പ്രവൃത്തികളുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു". രണ്ടം വത്തിക്കാന്‍ കൗണ്‍സില്‍ (Gaudium et Spes no. 27) ഇത്തരം പ്രവൃത്തികള്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ നല്കുന്നുണ്ട്. ഏത് തരത്തിലുമുള്ള കൊലപാതകം, വംശനശീകരണം, ഗര്‍ഭഛിദ്രം, കാരുണ്യവധം, മനസ്സറിഞ്ഞുള്ള ആത്മഹത്യ, അംഗവിച്ഛേദം, ശരീരത്തിലോ മനസ്സിലോ ഏല്പിക്കുന്ന പീഡനം, അടിമത്തം, വേശ്യാവൃത്തി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വില്ക്കുന്നത്, മനുഷ്യോചിതമല്ലാത്ത തൊഴില്‍ ചെയ്യിക്കുന്നത് മനുഷ്യവ്യക്തിത്വത്തിന് എതിരായ പ്രവൃത്തികളാണ്. ചുരുക്കത്തില്‍ വിഷയമനുസരിച്ച് പ്രകൃത്യാ തിന്മയായിട്ടുള്ള ഒരു പ്രവൃത്തിയെ സാഹചര്യങ്ങളുടെയോ ഉദ്ദേശ്യങ്ങളുടെയോ വെളിച്ചത്തില്‍ സാധൂകരിക്കാന്‍ സാധ്യമല്ല (സത്യത്തിന്‍റെ പ്രഭ no. 81).

ഉദ്ദേശ്യം (Intention or End of the agent-  പ്രവര്‍ത്തകന്‍റെ ലക്ഷ്യം): ഇത് അര്‍ത്ഥമാക്കുന്നത് പ്രവൃത്തിയുടെ ലക്ഷ്യമായി അല്ലെങ്കില്‍ ഉദ്ദേശ്യമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ മനസ്സില്‍ എന്താണുള്ളതെ ന്നാണ്. ആന്തരികമായ പ്രവൃത്തികളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഉദ്ദേശ്യത്തെ ആസ്പദമാക്കി വിലയിരുത്താവുന്നതാണ്. വിഷയം പ്രവൃത്തിയുടെ പരമാന്ത്യമാണെങ്കില്‍, ഉദ്ദേശ്യം (ലക്ഷ്യം) പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ പരമാന്ത്യമാണ്.

ഉദ്ദേശ്യം പ്രവൃത്തിയെ ധാര്‍മ്മികമായി വിലയിരുത്താന്‍ സഹാ യിക്കും. ഉദ്ദേശ്യം ഒരാളുടെ മനസ്സിലാണ് പിറക്കുന്നത്. അതുകൊണ്ട്, ഗൗരവമായ തിന്മപ്രവൃത്തികള്‍ നല്ല ഉദ്ദേശ്യംകൊണ്ട് നന്മയാക്കി മാറ്റുവാന്‍ സാധിക്കുകയില്ല. അങ്ങനെയുള്ള പ്രവൃത്തികള്‍ എപ്പോഴും തിന്മയായിതന്നെ നിലനില്ക്കുന്നു (റോമ 3,8). നിഷ്പക്ഷമായ പ്രവൃത്തികള്‍ ഉദ്ദേശ്യത്തിന്‍റെ വെളിച്ചത്തില്‍ നന്മപ്രവൃത്തികളോ, തിന്മപ്രവൃത്തികളോ ആക്കിമാറ്റാം. ഉദ്ദേശ്യം ഒരു പ്രവൃത്തിയുടെ നന്മയെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഉദ്ദേശ്യം അതുപോലെ തന്നെ ഒരു പ്രവൃത്തിയുടെ തിന്മയെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തെറ്റായ ഉദ്ദേശ്യം നന്മപ്രവൃത്തിയുടെ നന്മയെ കുറയ്ക്കുന്നു. ഉദാഹരണമായി സമൂഹത്തില്‍ സ്ഥാനം കിട്ടുവാന്‍ വേണ്ടി ദാനധര്‍മ്മം ചെയ്യുന്നത്. തെറ്റായ ഉദ്ദേശ്യം തിന്മ പ്രവൃത്തികളെ കൂടുതല്‍ ഗൗരവ മായ തിന്മയാക്കുന്നു (വേശ്യാവൃത്തി ക്കുവേണ്ടി മോഷ്ടിക്കുന്നത്). കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രമനുസരിച്ച് വ്യക്തിയുടെ, പ്രവൃത്തിചെയ്യാനുള്ള ഉദ്ദേശ്യം സംശുദ്ധമായിരിക്കണം (CCC 1753).

സാഹചര്യങ്ങള്‍ (Circumstance): വിവിധ സാഹചര്യങ്ങളിലാണ് പ്രവൃത്തി ചെയ്യുന്നത്. എന്ത്? എന്തിന്? എന്നീ ചോദ്യങ്ങള്‍ യഥാക്രമം വിഷയത്തെയും ഉദ്ദേശ്യത്തെയും അര്‍ത്ഥമാക്കുമ്പോള്‍ എപ്പോള്‍? എവിടെ? എങ്ങിനെ? എന്നീ ചോദ്യങ്ങള്‍ പ്രവൃത്തിയുടെ സാഹചര്യത്തെ അര്‍ത്ഥമാക്കുന്നു. സാഹചര്യങ്ങള്‍ എപ്പോഴും പ്രവൃത്തി ചെയ്യുന്ന വ്യക്തിയുടെ അവസ്ഥ വ്യക്തമാക്കുന്നു. അത് പ്രവൃത്തിയെ ധാര്‍മ്മികമായി സ്വാധീനിക്കുന്നു. സാധാരണ ഒരാള്‍ മറ്റൊരാളെ അടിക്കുന്നതും, മകന്‍ അപ്പനെ അടിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ഇവിടെ പിതാവും മകനും തമ്മിലുള്ള ബന്ധം പ്രവൃത്തിയുടെ ധാര്‍മ്മികതയെ വ്യത്യാസപ്പെടു ത്തുന്നു. ഇത് നീതിക്കും നാലാമത്തെ പ്രമാണത്തിനുമെതിരായ പ്രവൃത്തിയാണ്. ഒരു മോഷ്ടാവ് ദൈവാലയത്തില്‍ നിന്നും കാസ മോഷ്ടിക്കുന്ന പ്രവൃത്തി ദൈവനിന്ദയാണ്. ഇതില്‍നിന്നും സാഹചര്യം പ്രവൃത്തിയുടെ ധാര്‍മ്മികതയെ നിശ്ചയിക്കുന്നുവെന്നത് വ്യക്തമാണ്.

ചില സാഹചര്യങ്ങള്‍ പ്രവൃത്തിയുടെ നന്മയുടെയോ തിന്മയുടെയോ അളവിനെയോ ദൈര്‍ഘ്യത്തെയോ കൂട്ടുകയോ കുറയ്ക്കു കയോ ചെയ്യാം. തിന്മയുടെ അളവിനെ കുറയ്ക്കുന്നുണ്ടെങ്കിലും ധാര്‍മ്മികമായി അതിന്‍റെ അവസ്ഥ മാറ്റുന്നില്ല. ഇത് ചിലപ്പോള്‍ പ്രവൃത്തിയെ ലഘുപാപത്തിലേക്കോ മാരകപാപത്തിലേക്കോ കൊണ്ടുവരുന്നു. ഇനിയും ചില സാഹചര്യങ്ങള്‍ പ്രവൃത്തിയുടെ തിന്മയെ കൂട്ടുകയാണെങ്കില്‍ അതിന്‍റെ ധാര്‍മ്മിക അവസ്ഥയെ തന്നെ മാറ്റുന്നു.

നല്ല സാഹചര്യങ്ങള്‍ നല്ല പ്രവൃത്തിയുടെ നന്മയെ കൂട്ടുന്നു; തിന്മ പ്രവൃത്തിയുടെ കാഠിന്യത്തെ കുറയ്ക്കുന്നു, നിഷ്പക്ഷ പ്രവൃത്തികളെ നന്മയാക്കുന്നു. തിന്മയുടെ സാഹചര്യങ്ങള്‍ നല്ല പ്രവര്‍ത്തിയുടെ നന്മ കുറയ്ക്കുന്നു, തിന്മ പ്രവൃത്തിയുടെ തിന്മ കൂട്ടുന്നു, നിഷ്പക്ഷപ്രവര്‍ത്തി തിന്മയാക്കുന്നു. കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടില്‍ മാര്‍ഗ്ഗങ്ങള്‍ എപ്പോഴും സംശുദ്ധമായിരിക്കണം  (CCC  1754).

ചുരുക്കത്തില്‍ കത്തോലിക്കാസഭയുടെ കാഴ്ചപ്പാടില്‍ ധാര്‍മ്മികമായ നല്ല പ്രവൃത്തികളുടെ വസ്തുപരമായ അവസ്ഥ, ഉദ്ദേശ്യം, സാഹചര്യം എന്നിവ നല്ലതായിരിക്കണം (CCC 1755). കൂടാതെ ഉദ്ദേശ്യമോ, മാര്‍ഗ്ഗമോ നല്ലതായിരിക്കുന്നതുകൊണ്ട് തിന്മ പ്രവൃത്തിയെ ന്യായീകരിക്കുവാന്‍ സാധിക്കുകയുമില്ല (CCC 1756). പ്രവൃത്തി അതിനാല്‍തന്നെയും നല്ലതായിരിക്കണം.

ഉപസംഹാരം

ക്രിസ്തീയ ധാര്‍മ്മികത വ്യക്തിയുടെ അനുദിനജിവിതപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. ഇവിടെ മനുഷ്യന്‍റെ ചിന്തയും മനസ്സും പ്രവര്‍ത്തനവും എല്ലാം പ്രാധാന്യമര്‍ഹിക്കുന്നു. അനുദിനജീവിതത്തില്‍ ഈ മൂന്നു യാഥാര്‍ത്ഥ്യങ്ങളും സമ്മേളിക്കുകയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ശരിയായ മാനുഷിക പ്രവര്‍ത്തനം സംജാതമാകുന്നത്. ഈ മൂന്നു ഘടകങ്ങളില്‍ ഏതെങ്കിലും പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അത് ഇതരഘടകങ്ങളെ സ്വാധീനിക്കുകയും നന്മതിന്മകളുടെ ഉത്തരവാദിത്വത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് ധാര്‍മ്മിക വിലയിരുത്തലുകള്‍ നടത്തുന്നുവെങ്കില്‍ ഒരു വ്യക്തിക്ക് ബൗദ്ധിക - മാനസിക സന്തുലനം ആവശ്യമെന്ന് ക്രിസ്തീയ ധാര്‍മ്മികത നിബന്ധന നല്കുന്നത്. സ്വന്തമെന്നതു പോലെ അപരന്‍റെ പ്രവര്‍ത്തനത്തിന്‍റെ ധാര്‍മ്മികത വിലയിരുത്തുമ്പോഴും ഈ തത്ത്വം പാലിച്ചിരിക്കേണ്ടതാണ്. അറിവ്, വിലയിരുത്തല്‍, സമ്മതം, പ്രവര്‍ത്തനം ഈ ഘട്ടങ്ങളിലെല്ലാം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അത് യഥാവിധി മനസ്സിലാക്കുമ്പോഴാണ് നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ ആത്യന്തിക ലക്ഷ്യം സാധ്യമാകുന്നതിനായി ആവശ്യമായ സത്യങ്ങളെയും മാര്‍ഗ്ഗങ്ങളെയും യുക്തിയുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയും പഠനവിഷയമാക്കുകയും, പ്രായോഗികമാക്കുകയും ചെയ്യുന്ന ദൈവശാസ്ത്രമേഖലയാണ് ക്രിസ്തീയ ധാര്‍മ്മികത എന്ന നിര്‍വ്വചനം അന്വര്‍ത്ഥമാക്കുക.

 

ഗ്രന്ഥസൂചി

1.Joseph Koikakudy (Ed), {In-kvXob [mÀ½n-IX (Kochi: P.O.C, 2002).

  1. Heribert Jone, Moral Theology ( Illinois: Tan Books and Publishers, 1993).
  2. Karl H. Peschke, Christian Ethics: Moral Theology in the Light of Vatican II (Bangalore: TPI, 1999).
  3. R.M. Gula, Reason Informed by Faith: Foundations of Catholic Morality (New York: Paulist, 1989).
  4. Emmanuel E. James, Ethics: A Biblical Perspective (Bangalore: Theological Book Trust, 1992).
  5. Michael C. Elliot, Freedom Justice and Christian Counter Culture (London: SCM, 1990).
  6. P.E. Hughes, The True Image: The Origin and Destiny of Man in Christ (Michigan: Grand Rapids, 1989).

ഡോ. ജോസ് കൂടപ്പുഴ

Human work A moral reflection catholic malayalam Dr.Jose kudappuzha Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message