We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Mar Joseph Pamplany On 07-Sep-2020
ഒരു അല്‍മായ വിശ്വാസിക്ക് ഒരുദിവസം എത്രതവണ വി. കുര്‍ബ്ബാന സ്വീകരിക്കാം എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാനാകുമോ എന്നത് സംശയകരമാണ്. സഭയുടെ കാനന്‍ നിയമമനുസരിച്ച് അല്‍മായര്‍ക്ക് പരമാവധി രണ്ടുതവണ വി. കുര്‍ബ്ബാന നിയമാനുസൃതം സ്വീകരിക്കാം. എന്നാല്‍ ഈ നിയമം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.
സഭയുടെ പാരമ്പര്യം
1. ജറുസലേമിലെ സഭയില്‍ വിശ്വാസികള്‍ അനുദിനം അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ പങ്കു ചേര്‍ന്നിരുന്നു (നട 2:46). എന്നാല്‍ ത്രോവാസിലെ വിശ്വാസികള്‍ ആഴ്ചയുടെ ആദ്യദിനം മാത്രമേ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നിരുന്നുള്ളൂ (നട 20:6-11). കര്‍ത്താവിന്‍റെ ദിവസത്തിലാണ് അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നത് എന്ന് ഡിഡാക്കെ വിശദമാക്കുന്നുണ്ട് (C.XIV) വി. ജസ്റ്റിനും ഇതേ ആശയം പഠിപ്പിക്കുന്നുണ്ട് (Apol. I. 67. 3.7). എന്നാല്‍ അനുദിനമുള്ള ബലിയര്‍പ്പണത്തെക്കുറിച്ചും വി. കുര്‍ബ്ബാന സ്വീകരണത്തെക്കുറിച്ചും തെര്‍ത്തുല്യനും (on Prayer, 19), വി. സിപ്രിയാനും (orat. Domi. C. 17), വി. അംബ്രോസും ((PL XV, 1461-62) പഠിപ്പിക്കുന്നുണ്ട്. വൈദികരില്ലാത്ത താപസഭവനങ്ങളും ആശ്രമങ്ങളും കൂദാശ ചെയ്ത വി. കുര്‍ബ്ബാന തങ്ങളുടെ ഭവനങ്ങളിലേക്കു കൊണ്ടുവരികയും ദിവസത്തില്‍ ഒന്നിലേറെ തവണ ഭക്ഷിക്കുകയും ചെയ്തിരുന്നതായും സഭാപിതാക്കന്മാരുടെ രചനകളില്‍ കാണുന്നുണ്ട് (തെര്‍ത്തുല്യന്‍, Ad uxor. II.5; യൗസേബിയൂസ്, Eccl. Hist. VI. 44). എന്നാല്‍ സന്യസ്തരല്ലാത്തവര്‍ അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കണമോ എന്നതിനെക്കുറിച്ച് സഭാപിതാക്കന്മാര്‍ ഏകാഭിപ്രായക്കാരായിരുന്നില്ല (PL XXII 505-506, 672; PL XXIII. 200-242).
2. മധ്യകാലഘട്ടമെത്തിയതോടെ, വി. കുര്‍ബ്ബാന സ്വീകരണം സഭയില്‍ വളരെ കുറഞ്ഞുതുടങ്ങി. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വി. കുര്‍ബ്ബാന സ്വീകരിക്കാത്തവരെ സഭയില്‍ നിന്നു പുറത്താക്കണം എന്ന് നിയമമുണ്ടാക്കാന്‍ നാലാം ലാറ്ററന്‍ സൂനഹദോസ് നിര്‍ബന്ധിതമായത് ഈ പശ്ചാത്തലത്തിലാണ്. സന്യസ്തര്‍ക്കുപോലും വി. കുര്‍ബ്ബാന സ്വീകരണം വര്‍ഷത്തില്‍ 3 മുതല്‍ 12 തവണ വരെ മാത്രമായി നിജപ്പെടുത്തി വിവിധ സന്യാസസഭകള്‍ നിയമം നിര്‍മ്മിച്ചിരുന്നു! വി. കുര്‍ബ്ബാനയോടുള്ള വലിയ ആദരവ് പ്രകടിപ്പിക്കാനാണ് ഇപ്രകാരം ചെയ്തിരുന്നത്. പങ്കെടുക്കുന്ന എല്ലാ ദിവസങ്ങളിലും വിശ്വാസികള്‍ വി. കുര്‍ബ്ബാന സ്വീകരിക്കുന്നത് അഭികാമ്യമാണെന്ന് ത്രെന്തോസ് സൂനഹദോസ് പഠിപ്പിച്ചു (Sess. 22, ch. 6). ഒന്‍പതാം പീയൂസ്, ലെയോ പതിമൂന്നാമന്‍ തുടങ്ങിയ പാപ്പാമാര്‍ കൗണ്‍സില്‍ തീരുമാനത്തെ ശ്ലാഘിച്ച് പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും വി. കുര്‍ബ്ബാന എല്ലാ ദിവസവും സ്വീകരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ (30.05.1905) പത്താം പീയൂസ് മാര്‍പ്പാപ്പായാണ്.
വി. കുര്‍ബ്ബാന സ്വീകരണത്തിനുള്ള നിബന്ധനകള്‍
3. ത്രെന്തോസ് സൂനഹദോസും വി. പത്താം പീയൂസ് പാപ്പായും നല്‍കിയ നിബന്ധനകള്‍ വി. കുര്‍ബ്ബാന സ്വീകരണം നിയമാനുസൃതവും ഭക്തിപൂര്‍വ്വവും ഫലദായകവുമാക്കാന്‍ ഏറെ സഹായകമാണ്.
(i) വരപ്രസാദാവസ്ഥയിലും ശരിയായ ഭക്തിയോടും കൂടി മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കുചേരുന്നവര്‍ക്കാണ് വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ അനുവാദമുള്ളത്.
(ii) ഒരു പതിവുകര്‍മ്മമെന്ന നിലയിലോ സാമൂഹികമായ അംഗീകാരത്തിന്‍റെ ഭാഗമായോ വി. കുര്‍ബ്ബാന സ്വീകരിക്കരുത്. മറിച്ച് ദൈവസ്നേഹത്താല്‍ പ്രേരിതരായി ദൈവൈക്യത്തിനുവേണ്ടിയുള്ള ആഗ്രഹത്തെ പ്രതിയായിരിക്കണം വി. കുര്‍ബ്ബാന സ്വീകരിക്കേണ്ടത്.
(iii) മാരകപാപങ്ങള്‍ ഇല്ലാതിരിക്കുകയും അവയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്ന കാലത്തോളം വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ വിശ്വാസിക്ക് അവകാശമുണ്ട്. തന്മൂലം മാരകപാപമുള്ളവര്‍ കുമ്പസാരിച്ച് പാപമോചനം നേടാതെ വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ പാടില്ല.
(iv) വി. കുര്‍ബ്ബാന സ്വീകരണത്തിന് അര്‍ദ്ധരാത്രി മുതല്‍ ഉപവസിച്ച് ഒരുങ്ങണം (ഇപ്പോള്‍ ഈ നിയമം ലഘൂകരിച്ച്, വി. കുര്‍ബ്ബാന സ്വീകരണത്തിനു മുന്‍പ് ഒരു മണിക്കൂര്‍ സമയം ഉപവസിക്കണം എന്നാക്കിയിട്ടുണ്ട്).
(v) വി. കുര്‍ബ്ബാന സ്വീകരണത്തിനുശേഷം (ദിവ്യബലി കഴിഞ്ഞ്) നിശ്ചിത സമയം ഉപകാരസ്മരണ നടത്തണം.
(vi) ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ആരോഗ്യകാരണങ്ങളാലല്ലാതെ വി. കുര്‍ബ്ബാന മുടക്കുന്നവര്‍ക്ക് കുമ്പസാരിച്ച് പാപമോചനം നേടാതെ വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ അനുവാദമില്ല.
എത്രതവണ വി. കുര്‍ബ്ബാന സ്വീകരിക്കാം?
4. 1917 ലെ കാനന്‍ നിയമമനുസരിച്ച് മരണകരമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് ഒരേ ദിനത്തില്‍ തന്നെ രണ്ടാംവട്ടവും വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ അനുവാദം നല്‍കിയിരുന്നു (921). ഉദാഹരണമായി, രാവിലെ വി. കുര്‍ബ്ബാന സ്വീകരിച്ച വ്യക്തി ഉച്ചകഴിഞ്ഞ് ഒരു അപകടത്തില്‍പെട്ടാല്‍ അദ്ദേഹത്തിനു വീണ്ടും വി. കുര്‍ബ്ബാന സ്വീകരിക്കുന്നതിന് അവകാശമുണ്ട്. എന്നാല്‍ പുതുക്കിയ കാനന്‍ നിയമസംഹിതകള്‍ (CIC, CCEO) മേല്‍ പറഞ്ഞ നിയമത്തിന് അല്പം കൂടി ഇളവ് അനുവദിക്കുന്നുണ്ട്. ഒരു വിശ്വാസിക്ക് ദിവസത്തില്‍ പരമാവധി രണ്ടുതവണ വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ കാനന്‍ നിയമം (CIC 917; CCEO 807) അനുവദിക്കുന്നുണ്ട്. (അജപാലനപരമായ ആവശ്യങ്ങളെപ്രതി പ്രതിദിനം കൂടുതല്‍ ദിവ്യബലി അര്‍പ്പിക്കേണ്ടിവരുന്ന പുരോഹിതര്‍ക്ക് എല്ലാ ദിവ്യബലിയിലും വി. കുര്‍ബ്ബാന സ്വീകരിക്കാം). രണ്ടു വി. കുര്‍ബ്ബാനകളിലും പൂര്‍ണ്ണമായും സജീവമായും പങ്കെടുക്കുമ്പോള്‍ മാത്രമേ ഇപ്രകാരം രണ്ടുതവണ വി. കുര്‍ബ്ബാന സ്വീകരണം അനുവദിക്കുന്നുള്ളൂ. രണ്ടിലേറെ തവണ പ്രതിദിനം വി. കുര്‍ബ്ബാനകളില്‍ പങ്കെടുത്താലും വീണ്ടും വി. കുര്‍ബ്ബാന സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
വി. കുര്‍ബ്ബാന സ്വീകരണത്തിന്‍റെ എണ്ണം പ്രതിദിനം ഒന്നിലേറെ വര്‍ദ്ധിപ്പിക്കാനുള്ള വിശ്വാസികളുടെ ആഗ്രഹം അത്രമേല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നുതന്നെയാണ് സഭയുടെ നിലപാട്. വി. കുര്‍ബ്ബാന സ്വീകരണത്തെ മറ്റു ഭക്താഭ്യാസങ്ങള്‍ക്കു തുല്യമായി കാണാന്‍ ഇപ്രകാരമുള്ള നടപടികള്‍ നിമിത്തമാകാം. പ്രതിദിനം എഴുജപമാല ചെല്ലുന്നതുപോലെയോ രണ്ടുവട്ടം കുരിശിന്‍റെ വഴി നടത്തുന്നതുപോലെയോ ആവര്‍ത്തിക്കപ്പെടേണ്ട ഭക്തകൃത്യമായി വി. കുര്‍ബ്ബാന സ്വീകരണം മാറാന്‍ പാടില്ല. വി. കുര്‍ബ്ബാനയോടുള്ള അത്യഗാധവും അനന്യ ശ്രേഷ്ഠവുമായ ആരാധനാമനോഭാവത്തിനു ഭംഗം വരുത്തുന്ന നടപടിയായി വി. കുര്‍ബ്ബാന സ്വീകരണം മാറാന്‍ പാടില്ല. ഒരു വ്യക്തിയുടെ അനുദിന ജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ നിമിഷം വി. കുര്‍ബ്ബാനാസ്വീകരണ നിമിഷമാണ്. ദൈവൈക്യത്തില്‍ ലയിക്കാനുള്ള ആ വലിയ ഭാഗ്യത്തിന്‍റെ സ്മരണയില്‍ അനുദിന പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതാണ് ശരിയായ ആദ്ധ്യാത്മിക ശൈലി.
Holy Communion Holy Mass Mar Joseph Pamplany pre-requisites for receiving communion Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206