We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
പുരാതന ഗ്രീക്കുകാർക്ക് അനേകം ദേവീദേവന്മാരുണ്ടായിരുന്നു . ഏതാണ്ട് നമ്മുടെ ഹൈന്ദവമത പുരാണങ്ങളിൽ കാണുന്നതുപോലെതന്നെ . ഭൂമിക്കും , ആകാശത്തിനും , മരത്തിനും , മണ്ണിനും , കല്ലിനും, കടലിനും , പൂവിനും , പുൽച്ചാടിക്കും എല്ലാറ്റിനും ദൈവങ്ങൾ . പല ദൈവങ്ങളും ധീരയോധാക്കളും , ധാർമ്മികതയുടെ കാവൽക്കാരും , മനുഷ്യരെ ചില പ്രത്യേക സാഹചര്യങ്ങളിൽ രക്ഷപെടുത്തുകയും സംരക്ഷണം നല്കുകയും ചെയ്യുന്നവരും ആയിരുന്നു . ഒരിക്കൽ ഗ്രീസിലെ നഗരസഭാധികാരികൾ ഒരുമിച്ചു കൂടി പറഞ്ഞു , വരുംതലമുറകൾ ഒരുപക്ഷേ നമ്മുടെ വിശ്വാസരീതികളും , നമ്മുടെ ദൈവങ്ങളുടെ ധീരകൃത്യങ്ങളും മറന്നുപോയെന്നുവരാം . ഒരുപക്ഷേ അവരോടുള്ള ബഹുമാനവും ആദരവും നഷ്ടപ്പെടുകയും ചെയ്തേക്കാം . അതിനാൽ ഒരു ദേവാലയം നിർമ്മിച്ച് അവിടെ നമ്മുടെ അറിവിൽപ്പെട്ട എല്ലാ ദേവീ ദേവന്മാരുടേയും പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഓരോ പ്രതിമയും സ്ഥാപിക്കണം . നല്ലകാര്യമെന്നു തോന്നിയതിനാൽ എല്ലാവരും ഏകസ്വരത്തിൽ അതിനു തീരുമാനമെടുത്തു . മനോഹരമായൊരു ദേവാലയം നിർമ്മിച്ച് അതിന് “ പാൻതെയോൺ ” ( എല്ലാ ദൈവങ്ങൾക്കും വേണ്ടി ) എന്നു പേരിട്ട് അവിടെ പ്രതിമകൾ സ്ഥാപിച്ചു . ഏതൻസിലെ അമ്മമാർ തങ്ങളുടെ ഒഴിവു സമയങ്ങളിൽ ഈ സ്ഥലം സന്ദർശിക്കുകയും കുട്ടികൾക്ക് ദേവീദേവന്മാരെക്കുറിച്ചുള്ള കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു . ഇവരുടെ കഥകൾ , നന്മകൾ എന്നിവ കേട്ടറിഞ്ഞ് , രാജ്യസ്നേഹവും പൗരബോധവും ഉള്ളവരായി കുട്ടികൾ വളർന്നു . ഒരുതരത്തിൽ മതബോധനപരവും , പഠനാത്മകവുമായ ചിന്തയാണ് അവരെ അതിനു പ്രേരിപ്പിച്ചത് . വരും തലമുറയ്ക്ക് മനസ്സിലാക്കാനും പഠിക്കാനും അനുകരിക്കാനും വേണ്ടിയായിരുന്നു അത് . അത്ര മാത്രമെ അർത്ഥവും വിലയും അതിനുള്ളു . കത്തോലിക്കർ വിഗ്രഹാരാധന നടത്തുന്നവരാണെന്നും , ദൈവ കല്പനകൾക്കെതിരായി പ്രവർത്തിക്കുന്നവരാണെന്നും പറയുന്നത് ശരിയായ അർത്ഥത്തിൽ വിശുദ്ധഗ്രന്ഥം വ്യാഖ്യാനിക്കാത്തതിനാലും , പ്രതിമാവണക്കത്തിന്റെ പൊരുളെന്തെന്ന് അറിയില്ലായെന്ന് നടിക്കുന്നതിനാലുമാണ് . കത്തോലിക്കാ സഭയിൽ നിലവിലിരിക്കുന്ന പ്രതിമാവണക്കത്തിന്റെ താല്ക്കാലികതയെക്കുറിച്ച് ആർക്കും മനസ്സില കുന്നതാണ് . വിശുദ്ധരുടെ പ്രതിമകൾ നിർമ്മിച്ച് ദേവാലയങ്ങളിൽ സ്ഥാപിക്കുന്നത് വിഗ്രഹാരാധനയാണെന്ന വാദം അർത്ഥശൂന്യമാണ് . ഇവയുടെ താത്വികവും പ്രായോഗികവുമായ അടിത്തറകണ്ടത്തിയാൽ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളു . ദൈവകല്പനകളെ പലപ്പോഴും അതിന്റെ വാച്യാർത്ഥത്തിൽ മാത്രം സ്വീകരിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വാദഗതികൾ ഉണ്ടാകുന്നതുതന്നെ . ഏകദൈവവിശ്വാസത്തിന്റെ മതമാണ് യഹൂദമതം . ഇസ്രായേൽ ജനത്തെ തെരഞ്ഞെടുക്കുകയും , വളർത്തുകയും , പരിപാലിക്കുകയും ചെയ്തത് ദൈവമാണ് . ഈ വിശ്വാസം അസഹിഷ്ണുവായ ഒരു ദൈവത്തെക്കുറിച്ചുള്ള ചിന്തയ്ക്കു രൂപംകൊടുത്തു . അതിനാൽ ദൈവം തന്നെ പറയുന്നതായി സങ്കല്പിച്ച് കല്പനകൾ രൂപപ്പെടു ത്തി . അങ്ങനെ നിയമാവർത്തന പുസ്തകപ്രകാരം ആദ്യത്തെകൽപനയും അതിന്റെ വിശദീകരണവും ഇപ്രകാരം വായിക്കപ്പെടുന്നു : “ നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു , ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് . നിനക്കായി ഒരുവിഗ്രഹവും ഉണ്ടാക്കരുത് ; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ , ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയുണ്ടാക്കരുത് . നീ അവയെ കുമ്പിട്ടാരാധിക്കുകയോ , സേവിക്കുകയോ ചെയ്യരുത് ” ( നിയ 5 : 6-9 ) . എന്നാൽ ഇതേ കാര്യം തന്നെ മറ്റുസ്ഥലങ്ങളിലും വിവരിച്ചിട്ടുണ്ട് . “ അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നും നിന്നെ പുറത്തുകൊണ്ടു വന്ന ഞാനാണ് നിന്റെ ദൈവമായ കർത്താവ് . ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത് . മുകളിൽ ആകാശത്തിലോ , താഴെ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരുപമോ നീ നിർമ്മിക്കരുത് . അവയ്ക്കുമുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ അരുത് " ( പുറ 20 : 3-5 ) . പുറപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിശദീകരിക്കുക മാത്രമാണ് നിയമാവർത്തന പുസ്തകം ചെയ്തിട്ടുള്ളത് . ഈജിപ്തിൽനിന്നും മോചിപ്പിച്ച ദൈവം മാത്രമാണ് നിങ്ങളുടെ ദൈവമെന്നും , ദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നും പ്രതിഷ്ഠിക്കാൻ ഇടയാകരുതെന്നുമാണ് ഇതിന്റെ സാരം . നിങ്ങളുടെ കർത്താവായ ദൈവം ഞാനായതിനാൽ മറ്റുദേവന്മാരുടെ പ്രതിമകളൊ പ്രതിരൂപങ്ങളോ എനിക്കു പകരമായി നിർമ്മിക്കരുത് എന്നായിരുന്നു ദൈവത്തിന്റെ കല്പന . അതിനാലാണ് മരുഭൂമിയിൽ വച്ച് അഹറോന്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോൾ മോശയും ദൈവവും ജനത്തോട് കോപിച്ചത് . സ്വർണ്ണം കൊണ്ടുള്ള കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോൾ ജനം വിളിച്ചുപറഞ്ഞു " ഇസ്രായേലേ , ഇതാ ഈജിപ്തിൽനിന്നും നിന്നെകൊണ്ടുവന്ന ദേവന്മാർ " ( പുറ 32 : 4 ) . ഇതാണ് ദൈവത്ത കോപാകുലനാക്കിയത് . ദൈവത്തിനുപകരം മറ്റു ദേവന്മാരുടെ പ്രതിമകൾ ഉണ്ടാക്കുന്നതാണ് കല്പനവഴി ദൈവം വിലക്കിയത് .
ആരാധിക്കപ്പെടാൻ വേണ്ടി ഉണ്ടാക്കുന്ന വിഗ്രഹങ്ങളെല്ലാം മറ്റു ദൈവങ്ങളുടെ ഗണത്തിൽപെടുന്നതാണ് . തന്റെ പേരിൽ അന്യദൈവങ്ങളെ നിർമ്മിച്ചു പ്രതിഷ്ഠിക്കരുതെന്നു മാത്രമാണ് ദൈവം പറഞ്ഞിട്ടുള്ളത് . രൂപങ്ങൾ നിർമ്മിക്കരുതെന്നും കൊത്തുപണികൾ ചെയ്യരുതെന്നും ദൈവം ഒരിക്കലും പറഞ്ഞിട്ടി ല്ല . പകരം അത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് . പുറപ്പാടിന്റെ പുസ്തകം 31 : 5 പറയുന്നു : “ യൂദാഗോത്രത്തിൽ പെട്ട ഹൂറിന്റെ മകൻ ഉറിയായുടെ മകൻ ബസാലേലിനെ ബുദ്ധിശക്തിയും വിജ്ഞാനവും നല്കി സകല ശില്പവേലകളിലും വൈദഗ്ദ്ധ്യമുള്ളവനായി നിയോഗിച്ചു . സ്വർണ്ണം, വെള്ളി , ഓട് , എന്നിവകൊണ്ട് പണിയുക , രത്നങ്ങൾ പതിക്കാനുള്ളവ ചെത്തിമിനുക്കുക , തടിയിൽ കൊത്തു പണിചെയ്യുക എന്നിവയ്ക്കുവേണ്ടിയാണ് അവനെ നിയോഗിച്ചത് . വീണ്ടും , പുറപ്പാട് 25 : 18-22 പറയുന്നു : കൃപാസനത്തിന്റെ ഇരുവശങ്ങ ളിലുമായി അടിച്ചുപരത്തിയ സ്വർണ്ണം കൊണ്ട് രണ്ടു കെരൂബുകളെ നിർമ്മിക്കണമെന്ന് ദൈവംതന്നെ ആവശ്യപ്പെട്ടിരുന്നു . മാത്രമല്ല , അവയുടെ സ്ഥാനങ്ങൾ ഏതുരീതിയിലായിരിക്കണമെന്നും ദൈവംതന്നെ വിവരിച്ചുകൊടുക്കുന്നു . കൃപാസനത്തിനു മുകളിൽനിന്ന് സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ മദ്ധ്യേനിന്ന് ഞാൻ നിങ്ങളോടു സംസാരിക്കുമെന്നാണ് ദൈവം പറയുന്നത് . പ്രതിമകൾ നിർമ്മിക്കുന്നതു നിഷിധമാണെന്നു പറയുന്ന ദൈവം അവയുടെ നടുവിൽ നിന്നും സംസാരിക്കുമോ ? സംഖ്യയുടെ പുസ്തകം 21 : 8 - 9 കാണുക . ദൈവം പറയുന്നു : “ ഒരു പിച്ചളസർപ്പത്തെയുണ്ടാക്കിവടിയിൽ ഉയർത്തി നിറുത്തുക , ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല . മോശ അപ്രകാരം ചെയ്തു . പിച്ചളസർപ്പത്തിന്റെ പ്രതിമയെ നോക്കിയവർ ജീവിച്ചു എന്നാണ് പറയുന്നത് . ദൈവികനിയമങ്ങളുടെ അനുശാസനങ്ങളെ ഓർമ്മപ്പെടുത്താനുള്ള അടയാളങ്ങൾ കണ്ടവരെല്ലാം രക്ഷപ്പെട്ടു എന്നാണ് ജ്ഞാനത്തിന്റെ പുസ്തകം 16 : 6-7 ൽ പറയുന്നത് . പുറപ്പാട് പുസ്തകത്തിലും , നിയമാവർത്തനപുസ്തകത്തിലും പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിലാണ് സ്വീകരിച്ചിരുന്നതെങ്കിൽ ജറുസലെം ദേവാലയ നിർമ്മിതിയെക്കുറിച്ച് രാജാക്കന്മാരുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന യാതൊരു അലങ്കാര പണികളും , കൊത്തുരൂപങ്ങളും ഉണ്ടാകുമായിരുന്നില്ല . 1 രാജാ 6:18 , 23 , 29 , 35 ; 7:25 , ഇവ വായിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുന്നതാണ് . സിംഹം , കാള , മരങ്ങൾ തുടങ്ങിയവയുടെ രൂപങ്ങൾ കൊത്തിയുണ്ടാക്കുന്നതിനെക്കുറിച്ചും വിവരണങ്ങൾ കാണുവാൻ കഴിയും ( 1 രാജാ , 7:29 , 42-44 , 2 ദിന 3 : 7 , 10 ; 5 : 7 ) . വിജ്ഞാനിയായിരുന്ന സോളമൻ രാജാവ് യഹൂദനിയമത്തെ മറികടന്ന് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചെന്നു പറയുവാൻ കഴിയുമോ ? മോശ നിർമ്മിച്ച മാലാഖമാരുടെ രൂപങ്ങളെയും , ദേവാലയത്തിൽ സോളമൻ നിർമ്മിച്ച പ്രതിമകളെയും വിഗ്രഹാരാധനയായി കാണാൻ കഴിയുമോ ? പഴയ നിയമത്തിൽ വാഗ്ദാന പേടകത്തിന്റെ കാര്യം പറയുന്നുണ്ട് അതും വിഗ്രഹമോ , പ്രതിമയോ ആയി ബന്ധം ഉണ്ടോ ? എന്ന ചോദ്യം ഇവിടെ ന്യായമായും ഉണ്ടാകാവുന്നതാണ് . വാഗ്ദാന പേടകം ദൈവ സാന്നിദ്ധ്യത്തിന്റെ അടയാളമായിരുന്നു . അഹറോൻ ജനങ്ങളെ നയിച്ചിരുന്ന വടി , മോശ നല്കിയ കല്പനകളുടെ പലക , മരുഭൂമിയിൽ ദൈവകാരുണ്യം ലഭിച്ചതിന്റെ ഓർമ്മയായ മന്ന , എന്നിവയാണ് അതിൽ സൂക്ഷിച്ചിരുന്നത് . അവയെല്ലാം അടക്കം ചെയ്തിരുന്ന പേടകം അവർ വളരെപൂജ്യമായി കരുതി . അതിനുമുമ്പിൽ ധൂപാർച്ചനയും , പ്രാർത്ഥനകളും , ഗീതങ്ങളും , നൃത്തങ്ങളും നടത്തി ആദരിച്ചിരുന്നു . ജോഷ്വായും അനുചരന്മാരും അതിനുമുന്നിൽ സാഷ്ടാംഗം വീണ് പ്രാർത്ഥിച്ചിരുന്നു . പ്രാർത്ഥനയും പരിഹാരപ്രവൃത്തികളും അതിനുമുന്നിൽ നടത്തുകയും ചെയ്തിരുന്നു ( ജോഷ്വ 7 : 6 ) . ഇസായേൽക്കാർ നടത്തിയതായി ബൈബിൾ പറയുന്ന ഇക്കാര്യങ്ങൾ വിഗ്രഹാരാധനയായിരുന്നെന്നു പറയുവാൻ കഴിയുമോ ? മേല്പറഞ്ഞവയിൽനിന്ന് പഴയനിയമത്തിൽ പ്രതിമാനിർമ്മാണത്തെക്കുറിച്ച് എഴുതിയിരിക്കുന്നവയുടെ അന്തരാർത്ഥം എന്താണെന്നു വ്യക്തമാണ് . പ്രതിമകൾ നിർമ്മിക്കുന്നതിനെയല്ല , അതിന്റെ നിയോഗം അഥവാ ഉൾപ്പൊരുളാണ് പ്രാധാന്യമർഹിക്കുന്നത് . കത്തോലിക്കാ സഭ പ്രതിമാവണക്കത്തെയും വിഗ്രഹാരാധനയെയും രണ്ടുകാര്യങ്ങളായാണ് കാണുന്നത് . മലയാള ഭാഷയിൽ " വിഗ്രഹം ' “ സ്വരൂപം ' " പ്രതിമ ' എന്നിങ്ങനെ മൂന്നു വാക്കുകൾ ഉണ്ട് . ശരീരം , ആകൃതി എന്നൊക്കെയാണ് വിഗ്രഹം എന്ന വാക്കിന്റെ സാമാന്യ അർത്ഥം . “ സുഖദുഃഖാദികളെ ഗ്രഹിക്കുന്നത് ' എന്നാണ് അതിന്റെ നിയതാർത്ഥം . ദേവന്റെ വിഗ്രഹമെന്നാൽ ദേവന്റെ ബിംബം , രൂപം എന്നൊക്കെ അനുമാനിക്കാം . എല്ലാ പുരാതന മതങ്ങളിലും തങ്ങൾ ഇഷ്ടദൈവങ്ങളായി കണക്കാക്കുന്നവരുടെ ബിംബങ്ങൾ ആരാധനാവിഷയമായിരുന്നു . അമൂർത്തങ്ങളെന്നു കരുതുന്നവരുടെ മൂർത്തീഭാവമാണ് വിഗ്രഹത്തിലൂടെ പ്രകടമാക്കിയിരുന്നത് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദേവന്റെയോ ദേവിയുടെയോ സാന്നിദ്ധ്യം അവയിൽ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു .
യഹൂദമതം ഏകദൈവ വിശ്വാസം പ്രമാണമായി സ്വീകരിക്കുകയും , അനന്തനും അശരീരിയുമായ ദൈവത്തെ ചിത്രീകരിക്കുകയും ചെയ്തപ്പോൾ അരൂപിയായവന്റെ രൂപമോ , മറ്റു ദേവന്മാരുടെ രൂപങ്ങളോ നിർമ്മിക്കരുതെന്ന് നിയമംമൂലം നിഷ്ക്കർഷിച്ചു . ഇതിനാലാണ് ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന യാതൊന്നിന്റെയും രൂപങ്ങൾ , ബിംബങ്ങൾ ഉണ്ടാക്കരുത് എന്നു പറഞ്ഞത് . ഇന്ദ്രിയഗോചരമായ ഒരു വസ്തുവിന്റെയോ വ്യക്തിയുടെയോ ബാഹ്യരൂപത്തിന്റെ മനുഷ്യനിർമ്മിതമായ അനുകരണമോ , ഛായയോആണ് പ്രതിമയും സ്വരൂപവും പ്രതിനിധാനം ചെയ്യുന്നത് . ജീവി ച്ചിരുന്നതോ , ജീവിച്ചിരിക്കുന്നതോ ആയ ഒരാളുടെ രൂപമാണ് അതിൽ ദൃശ്യമാകുന്നത് . മറ്റുവാക്കിൽ പറഞ്ഞാൽ മൂർത്തമായ ഒന്നിന്റെ മാത്യകയാണ് പ്രതിമ , അല്ലെങ്കിൽ സ്വരൂപം .കലാകാരൻ തന്റെ ഭാവനയനുസ്സരിച്ച് ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളെ ഉൾക്കൊണ്ട് മെനഞ്ഞെടുക്കുന്ന മാതൃകയാണ് പ്രതിമ . ഈ പ്രതിമയിൽ ആ വ്യക്തിയുടെയോ , മറ്റേതെങ്കിലും വ്യക്തിയുടേയോ ആത്മാവോ ശരീരമോ സന്നിവേശിപ്പിക്കപ്പെടുന്നില്ല . ഈ വ്യക്തിയെ ഓർമ്മയിൽകൊണ്ടു വരുവാനുള്ള ഉപകരണം മാത്രമാണത് . ഉദാഹരണത്തിന് വിശുദ്ധ സെബസ്ത്യാനോസ് വിശ്വാസത്തിനുവേണ്ടി അമ്പുകൾ ഏറ്റവനായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . അതിനാൽ അത്തരത്തിലൊരു രൂപം മെനഞ്ഞെടുത്തു . ഇതുപോലെ അപ്പസ്തോലന്മാരിൽ ചിലർ , ചില രക്തസാക്ഷികൾ , വിശുദ്ധർ എന്നിവർ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഓർമ്മപ്പെടുത്തലുകളുമായി കാണപ്പെടുന്നതും ഇതുകൊണ്ടാണ് . അതിനാൽ പരിശുദ്ധ കന്യാമറിയവും വിശുദ്ധരും പ്രതിമാരൂപത്തിൽ കാണപ്പെടുന്നു എന്നല്ല പറയേണ്ടത് അവരെയൊക്കെ ഓർമ്മിക്കാൻ അവരുടെ ഭാവനാത്മക രൂപസാദൃശ്യങ്ങൾ നിർമ്മിച്ചിരിക്കുന്നുവെന്നേയുള്ളു . വിശുദ്ധരുടെ പ്രതിമകളെ തിരുസ്വരൂപങ്ങൾ എന്നു മലയാളഭാഷയിൽ പറയുന്നത് പ്രതിമയോടുള്ള ഭക്ത്യാദരംകൊണ്ടല്ല പിന്നെയോ ആ വിശുദ്ധനോടോ വിശുദ്ധയോടോ ഉള്ള ബഹുമാനവും ആദരവും കൊണ്ടാണ് . ദൈവാലയങ്ങളിലെ തിരുസ്വരൂപവണക്കം വിഗ്രഹാരാ ധനയാകാത്തതെന്തുകൊണ്ടാണെന്നു നേരത്തെ പറഞ്ഞ കാര്യങ്ങളിൽനിന്നും വ്യക്തമാണ് . പ്രതിമ അതിൽ തന്നെ ഒന്നുമല്ല ... അത് വെറും ഓർമ്മപ്പെടുത്തൽ മാത്രമാണ് . ഇവിടെ സ്വാഭാവികമായും കടന്നുവരാവുന്ന ഒരു ചോദ്യമാണ് മേൽപറഞ്ഞ രീതിയിലാണെങ്കിൽ പ്രതിമകളിൽ പൂക്കൾ ചാർത്തുന്നതും അവയുടെ മുന്നിൽ തിരികൾ കത്തിച്ച് ആദരവു പ്രകടിപ്പിക്കുന്നതും പ്രതിമകളെ തൊട്ടുവണങ്ങുന്നതും ശരിയാണോ ? മൂർത്തമായതിന്റെ രൂപമാണെങ്കിൽ അവയെ ആദരിക്കുന്നതിൽ എന്താണ് തെറ്റ് ? ഇതെന്റെ മാതാപിതാക്കളുടെ രൂപങ്ങളാണ് , ഇതെന്റെ സഹോദരങ്ങളുടെ പ്രതിമകളാണ് , ഇതെന്റെ മക്കളുടെതാണ് എന്ന് ഒരു മകനോ , സഹോദരനോ , അപ്പനോ , അമ്മക്കോ പറയാൻ അവകാശമില്ലേ? ഞാൻ ആദരിക്കുന്നവരുടെയും , സ്നേഹിക്കുന്നവരുടേയും ഓർമ്മകൾ സൂക്ഷിക്കുന്നതിനും അവർ കാണിച്ചുതന്ന നല്ല മാതൃകകൾ അനുസ്മരിക്കുന്നതിനും ലഭിക്കുന്ന അവസരങ്ങളെ ഉപ്പയോഗപ്പെടുത്തുന്നത് തെറ്റാണോ ? ഒരു വ്യക്തി തന്റെ നാടിന്റെ പതാകയെ ആദരിക്കുന്നതുപോലെയോ കുടുംബത്തിന്റെ നന്മകളെക്കുറിച്ച് ബോധവാനാകുന്നതുപോലെയോ മാത്രമാണിത് . തനിക്കുമുമ്പേ കടന്നുപോയ ധീരമാതൃകകളെ അനുസ്മരിക്കുകയും , അനുകരിക്കുകയും മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നത് . പരിശുദ്ധകന്യാമറിയം , വിശുദ്ധർ , അപ്പസ്തോലന്മാർ തുടങ്ങിയ വരെ ബഹുമാനിക്കുകയും , വണങ്ങുകയും ആദരിക്കുകയും ചെയ്യുന്നു . കാരണം അവരെല്ലാം സൃഷ്ടിയുടെ തലത്തിൽ ഉള്ളവരാണ് . എന്നാൽ സൃഷ്ടികർത്താവും അപരിമേയനുമായ ദൈവത്തോട് സൃഷ്ടിയായ മനുഷ്യൻ വിധേയത്വവും , ആദരവും , സമർപ്പണമനോഭാവവുമൊക്കെ കാണിക്കുന്നത് ആരാധനയിലൂടെയാണ് . ആരാധന ദൈവത്തിനുമാത്രമുള്ളതാണ് . കത്തോലിക്കാസഭ വണങ്ങുന്നത് സ്വരു പത്തെയല്ല സ്വരൂപം ദ്യോതിപ്പിക്കുന്ന വ്യക്തിയേയാണ് . അദ്ദേഹത്തിന്റെ സന്മാതൃക എല്ലാവരെയും ആകർഷിക്കുകയും അദ്ദേഹം എല്ലാവർക്കും മാതൃകയായി ഗണിക്കപ്പെടുകയും ചെയ്യുന്നു . എന്നാൽ അതിഭക്തിയും , അമിത വണക്കവും , കാര്യസാധ്യത്തിനു കൂട്ടുപിടിക്കുന്ന രീതികളും , പ്രവണതയും ഏതുസമൂഹത്തിൽ കാണപ്പെടുന്നുവോ അതു മുളയിലെ നുള്ളിക്കളയേണ്ടതാണ് . കാരണം ഭക്തി അന്ധമായാൽ അത് കടുത്ത തീവ്രവാദത്തിലും അന്ധവിശ്വാസത്തിലും നിപതിക്കാൻ സാദ്ധ്യതയുണ്ട് . ചിലകാര്യങ്ങൾ ചിലയവസരങ്ങളിൽ വിവേകപൂർവ്വം മനസ്സിലാക്കുകയും നിയന്ത്രണ വിധേയമാക്കുകയും വേണം . യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായിത്തന്നെ നിലകൊള്ളണം . അമിതപ്രാധാന്യം ഒന്നിനും കൊടുക്കാൻ പാടില്ല . ഇവിടെ ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടുകൾക്കാണ് മാറ്റം വരേണ്ടത്. കൊത്തുരൂപങ്ങൾ നിർമ്മിക്കരുതെന്ന് സത്താപരമായ അർത്ഥത്തിൽ ദൈവം പറഞ്ഞിട്ടില്ല . അവ വണങ്ങുന്നതും ഭക്തിയോടെ വീക്ഷിക്കുന്നതും തെറ്റാണെന്നും പറഞ്ഞിട്ടില്ല . എന്നാൽ ദൈവമായ കർത്താവു മാത്രമാണ് ആരാധനയ്ക്കുയോഗ്യനായ കർത്താവ് എന്ന് അവിടുന്നു പറഞ്ഞിട്ടുമുണ്ട് ( പുറ 25:18 ) . അതിനാൽ പ്രതിമകളെ തൊട്ടു വണങ്ങുന്നതെങ്ങനെയാണ് തെറ്റാകുന്നത് ? ദൈവാരാധനയെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരമാണ് സൂചിപ്പിക്കുന്നത് . വെളിപാടിന്റെ എല്ലാ വാക്കുകളിലുംവച്ച് ഒരെണ്ണം അനന്യമാണ് .
ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നാമം . തന്നിൽ വിശ്വസിക്കുന്നവരെ ദൈവം തന്റെ നാമം വിശ്വ സിച്ച് ഏല്പിക്കുന്നു . അവിടുന്നു തന്നെതന്നെ തന്റെ വ്യക്തിപരമായ രഹസ്യത്തിൽ അവർക്കു വെളിപ്പെടുത്തുന്നു . നാമത്തിന്റെ ദാനം വിശ്വാസപൂർവ്വകമായ ഉറപ്പിന്റെയും ഉറ്റബന്ധത്തിന്റെയും ക്രമത്തിൽ പെട്ടതാണ് . കർത്താവിന്റെ നാമം പരിശുദ്ധമാണ് . ഇക്കാരണത്താൽ മനുഷ്യൻ അതു ദുരുപയോഗിക്കരുത് . അവൻ അതു തന്റെ മനസ്സിൽ നിശ്ശബ്ദമായ , സ്നേഹപൂർണ്ണമായ ആരാധനയായി സൂക്ഷിക്കണം . അതിനെ വാഴ്ത്താനും പുകഴ്ത്താനും മഹത്വപ്പെടുത്താനുമല്ലാതെ തന്റെ സംസാരത്തിലേക്ക് അതിനെ കൊണ്ടുവരരുത് ( സഖറി 2:13 ; സങ്കീ 29 : 2 ; 96 : 2 ; 113 : 1-2 ) . ദൈവനാമത്തോടുള്ള ബഹുമാനം ദൈവത്തിന്റെതന്നെ രഹസ്യത്തിനും അതുണർത്തുന്ന വിശുദ്ധ യാഥാർത്ഥ്യം മുഴുവനും നല്കപ്പെടേണ്ട ബഹുമാനത്തിന്റെ പ്രകാശനമാണ് . പരിശുദ്ധമായതിനെ സംബന്ധിച്ച ബോധം മതാത്മകതയെന്ന സുകൃതത്തിന്റെ ഒരു ഭാഗമാണ് .ഭയത്തിന് അടിപ്പെടാതെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസി കർത്താവിന്റെ നാമത്തിനു സാക്ഷ്യം വഹിക്കണം . പ്രഘോഷണപ്രവൃത്തിയും വിശ്വാസ പരിശീലന പ്രവൃത്തിയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തോടുള്ള ആരാധനയും ബഹുമാനവും നിറഞ്ഞതായിരിക്കണം ( ccc 2144 - 2145 ) . ദൈവാരാധനയെന്നാൽ ദൈവനാമത്തോടുള്ള നിശബ്ദമായ സ്തുതിയും സാക്ഷ്യവുമാണ് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
church prayer saints idolatry Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206