We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. James Aanaparambil On 09-Feb-2021
പരിശുദ്ധ ത്രിത്വം സഭാപഠനങ്ങളില്‍
പരിശുദ്ധത്രിത്വത്തിലെ വ്യക്തികളുടെ സ്വഭാവവും പരസ്പര ബന്ധവും, അവരുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുണ്ടായ വാദങ്ങളും വിശകലനങ്ങളുമാണ് പരിശുദ്ധത്രിത്വത്തെക്കുറിച്ചുള്ള വാദഗതികളിലും, പ്രബോധനങ്ങളിലും പ്രധാനമായും നാം കാണുന്നത്. വിശ്വാസത്തിന്‍റെ ആദ്യനൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ ത്രിത്വൈകവിശ്വാസത്തെക്കുറിച്ച് പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ടിവന്നു. അവയില്‍ പ്രധാനപ്പെട്ടവ താഴെപറയുന്നവയാണ്.പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്തരായ വ്യക്തികളാണോ? പുത്രന്‍ ദൈവമാണോ? പരിശുദ്ധാത്മാവ് ദൈവമാണോ? യേശുക്രിസ്തു ദൈവമാണോ? യേശുക്രിസ്തു മനുഷ്യനാണോ? പ്രകൃതിയും (ദൈവസ്വഭാവവും മനുഷ്യസ്വഭാവവും) വ്യക്തിയും തമ്മിലുള്ള ബന്ധം എങ്ങനെ പ്രകടിപ്പിക്കാനാവും? ഇവയുടെ അടിസ്ഥാനത്തിലാണ് ത്രിത്വത്തെക്കുറിച്ചുള്ള സഭാ പഠനങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളത്.
വിശ്വാസത്തെ സംബന്ധിച്ചുണ്ടായ പാഷണ്ഡതകള്‍ ഭിന്നതകള്‍ക്കും ഇടര്‍ച്ചയ്ക്കും കാരണമായെങ്കിലും ക്രിയാത്മകമായി ചിന്തിച്ചാല്‍ ദൈവികരഹസ്യങ്ങളുടെ ഉള്ളറകളിലേക്കും ആഴങ്ങളിലേക്കുമിറങ്ങിച്ചെല്ലാനുള്ള കാരണങ്ങളായി അവ മാറിയെന്നത് ആര്‍ക്കും നിരസിക്കാനാവാത്ത ഒരു സത്യമാണ്.
സഭയില്‍ കടന്നുകൂടിയ തെറ്റായ പഠനങ്ങളെ വിവേചിച്ചറിഞ്ഞ് സത്യവിശ്വാസം പ്രഘോഷിക്കുവാനും കാത്തു സൂക്ഷിക്കുവാനുമുള്ള പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് വെളിപ്പെടുത്തപ്പെട്ടതും സഭയുടെ അടിസ്ഥാനത്തിനു കാരണമായ വിശ്വാസസത്യങ്ങള്‍ക്കും വിശ്വാസത്തിനുതന്നെയും വ്യക്തതയും ദൃഢതയും കൈവന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നൂറ്റാണ്ടുകളിലൂടെയുണ്ടായ വിശ്വാസ സത്യങ്ങളെ ) നോക്കിക്കാണുവാനും അവയുടെ നിര്‍വ്വചനങ്ങളെ വിലയിരുത്തുവാനും.
നിഖ്യാ സൂനഹദോസ് (325)
ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുകയും അതുവഴി ത്രിയേക ദൈവം എന്ന സത്യത്തെ തള്ളിപ്പറയുകയും ചെയ്ത ആര്യന്‍ പാഷണ്ഡതയെ ശപിച്ചു തള്ളുവാനും ക്രൈസ്തവ സഭയുടെ വിശ്വാസസത്യം ഉറക്കെ പ്രഖ്യാപിക്കുവാനുമാണ് നിഖ്യാ സൂനഹദോസ് സമ്മേളിച്ചത്. മഹാനായ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി വിളിച്ചു കൂട്ടിയ ഈ സൂനഹദോസില്‍ മുന്നൂറ്റി പതിനെട്ടു മെത്രാന്മാരും മാര്‍പാപ്പയുടെ പ്രതിനിധികളായി എത്തിയ രണ്ടു റോമന്‍ വൈദികരും പങ്കെടുത്തു. "ബൈബിളില്‍ ഇല്ലാത്തതൊന്നും വിശ്വാസസത്യമായി അംഗീകരിക്കാന്‍ പാടില്ല". എന്നു വാദിക്കുകയും ദൈവത്തിന്‍റെ ഏകത്വത്തെ സ്ഥാപിക്കാനായി പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ദൈവത്വത്തെ നിഷേധിക്കുകയും ചെയ്ത ആര്യന്‍ പാഷണ്ഡതയ്ക്കു മറുപടിയായി പ്രഖ്യാപിച്ച വിശ്വാസ സത്യമാണ് നിഖ്യാ സൂനഹദോസിന്‍റേത്. നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണം താഴെച്ചേര്‍ക്കുന്നു.
"സര്‍വ്വശക്തനായ പിതാവും, ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവും ആയ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. ഏക കര്‍ത്താവും ദൈവപുത്രനും പിതാവില്‍നിന്ന്, അതായത് പിതാവിന്‍റെ സത്തയില്‍നിന്ന്, ജനിച്ച ഏകജാതനും ദൈവത്തില്‍ നിന്നുള്ള ദൈവവും, പ്രകാശത്തില്‍നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍നിന്നുള്ള ദൈവവും, ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും, പിതാവിനോടുകൂടെ ഏകസത്ത ആയിരിക്കുന്നവനും ആയ യേശുക്രിസ്തുവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അവന്‍ വഴി ആകാശത്തിലും ഭൂമിയിലും ഉള്ള സകലതും സൃഷ്ടിക്കപ്പെട്ടു. അവന്‍ മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടി ഇറങ്ങി വന്ന്, മാംസമായി, മനുഷ്യനായി, പീഡകള്‍ സഹിച്ച്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും വിധിക്കാന്‍ അവന്‍ വരും. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
അവന്‍ ഇല്ലാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്നോ, ഇല്ലായ്മയില്‍നിന്ന് ഉണ്ടായി എന്നോ, ദൈവപുത്രന് (പിതാവിന്‍റേതില്‍ നിന്ന്) വ്യത്യസ്തമായ ഒരു സത്തയുണ്ടെന്നോ, അവന്‍ സൃഷ്ടിക്കപ്പെട്ടവനാണെന്നോ, മാറ്റത്തിനോ പരിവര്‍ത്തനത്തിനോ വിധേയനാണെന്നോ പറയുന്നവരെ കത്തോലിക്ക സഭ ശപിക്കുന്നു".പ്രത്യക്ഷത്തില്‍ ഒരു ജ്ഞാനസ്നാന വിശ്വാസ പ്രഖ്യാപനമായിട്ട് ഉദ്ദേശിച്ചില്ലായിരുന്നുവെങ്കിലും നാലാം നൂറ്റാണ്ടിലെ ജ്ഞാനസ്നാന വിശ്വാസപ്രഖ്യാപനങ്ങളില്‍ ആഴമായ സ്വാധീനം ചെലുത്തുവാന്‍ ഇതിനു കഴിഞ്ഞു.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ (381)
നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ വിപുലീകരിച്ച പുതിയ പതിപ്പായി കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തെ പൊതുവേ പറയാറുണ്ടെങ്കിലും ഇതിലെ നൂറ്റിഎഴുപത്തെട്ടു വാക്കുകളില്‍ മുപ്പത്തിമൂന്നെണ്ണം മാത്രമാണ് നിഖ്യാ വിശ്വാസപ്രമാണത്തില്‍നിന്നുള്ളത്. നിഖ്യാസൂനഹദോസില്‍ പ്രഖ്യാപിക്കപ്പെട്ട വിശ്വാസ സത്യത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസഭാഷ്യം വേണ്ടത്ര വികാസം പ്രാപിച്ചിരുന്നില്ല. പുത്രനെ പിതാവിന്‍റെ സൃഷ്ടിയായും മറ്റെല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവായും കരുതുവാന്‍ തുടങ്ങി. മാസിഡോണിയസ് എന്ന മെത്രാന്‍ പരിശുദ്ധാത്മാവിനെ ഒരു മാലാഖയായി വീക്ഷിക്കുകയും സ്ഥാന ക്രമത്തില്‍ മാത്രമേ പരിശുദ്ധാത്മാവിന് മാലാഖമാരില്‍നിന്ന് വ്യത്യാസമുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല പിതാവിനോടുകൂടെ ഒന്നായിരിക്കുന്ന സത്തയാണ് പുത്രന്‍റേത് എന്ന് വെളിപ്പെടുത്തുവാന്‍ നിഖ്യാ സൂനഹദോസില്‍ ഉപയോഗിച്ച സമസത്ത (Homoousios) എന്ന വാക്ക് തെറ്റായി ധരിച്ച് സമാനസത്ത (Homoiosios) എന്നുപയോഗിച്ചതും പാഷണ്ഡതകള്‍ക്ക് ഇടനല്‍കി. ഏകസത്ത എന്നത് സമാനസത്ത എന്നതിലേക്കാണ് അര്‍ത്ഥവ്യത്യാസം വന്നത്. ഇതേ തുടര്‍ന്ന് അപ്പോളിനാരിയനിസം (ലാവോദിക്യായിലെ മെത്രാനായ അപ്പോളിനിരിയൂസ് യേശുവിന്‍റെ ദൈവത്വം തറപ്പിച്ചു പറയുന്നതിനായി മനുഷ്യത്വത്തെ വെട്ടിച്ചുരുക്കി) മാസിഡോണിയനിസം എന്നീ പാഷണ്ഡതകള്‍ രൂപം കൊണ്ടു. ഈ പാഷണ്ഡതകളെ എതിര്‍ത്തുകൊണ്ടും നിഖ്യാ സൂനഹദോസിന്‍റെ പ്രബോധനം ഉറപ്പിച്ചുകൊണ്ടും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സില്‍ ത്രിത്വത്തെ സംബന്ധിച്ച വിശ്വാസസത്യം പ്രഖ്യാപനം ചെയ്തു. തെയഡോഷ്യന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയാണ് 381-ല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടിയത്. നൂറ്റിയന്‍പത് മെത്രാന്മാര്‍ പങ്കെടുത്ത ഈ കൗണ്‍സില്‍ നിഖ്യാ വിശ്വാസ പ്രമാണത്തിലേക്ക് പരിശുദ്ധാത്മാവിനെപ്പറ്റി ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിഖ്യാ വിശ്വാസപ്രമാണത്തില്‍ "പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു". എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ "കര്‍ത്താവും ജീവദാതാവും പിതാവില്‍ നിന്നു പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും, പ്രവാചകന്മാര്‍ വഴി സംസാരിച്ചവനുമായ പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു" എന്നിങ്ങനെ പരിശുദ്ധാത്മാവിനെക്കുറിച്ച് വ്യക്തമായ പ്രബോധനം ഈ കൗണ്‍സില്‍ നല്കി. ദൈവത്തിന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതും ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന് വഴിയൊരുക്കുന്നതും പരിശുദ്ധാത്മാവാണ് എന്ന സത്യവും ഇവിടെ ഏറ്റു പറയുന്നു.
റോമന്‍ പ്രവിശ്യാ കൗണ്‍സില്‍ (382)
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലിനുശേഷം ഡമാസൂസ് ഒന്നാമന്‍ പാപ്പ (366-384) റോമില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി. ത്രിത്വത്തെക്കുറിച്ചുള്ള തെറ്റായ പഠനങ്ങളെ ശപിച്ചുതള്ളി. 'Tom of Damasus' എന്ന പേരിലും ഈ കൗണ്‍സില്‍ അറിയപ്പെടുന്നു. ഇതിന്‍റെ ചില കാനോനുകള്‍ ത്രിത്വത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന പാഷണ്ഡതകളില്‍ പ്രധാനപ്പെട്ടതായ ക്രിസ്തുവിന്‍റെ ദ്വിതപുത്രത്വം (നിത്യമായതും, അനിത്യമായതും, കാനോന്‍ -6) "മൊണാര്‍ക്കിയനിസം" അഥവാ 'സിബെല്ലിയനിസം' (ദൈവത്തിന് ഒരു സ്വഭാവവും ഒരു വ്യക്തിത്വവുമേയുള്ളൂ എന്നും പിതാവായ ദൈവം തന്നെ പുത്രനായി അവതരിച്ചതാണു യേശുക്രിസ്തുവെന്നും അതിനാല്‍ പിതാവുതന്നെയാണ് പീഡ സഹിച്ചു മരിച്ചതെന്നും ഇവര്‍ വാദിക്കുന്നു. 'പിതൃസഹനവാദം' എന്ന പേരിലും ഇത് അറിയപ്പെടുന്നു) ഇവയെ ഈ കൗണ്‍സില്‍ ശപിച്ചു തള്ളി.
കാല്‍സിഡോണ്‍ കൗണ്‍സില്‍ (451)
പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് നൂറ്റാണ്ടുകളിലൂടെ അരങ്ങേറിയ എണ്ണമറ്റ വിവാദങ്ങള്‍ക്ക് കുറെയൊക്കെ ശമനം വരുത്തിക്കൊണ്ട് എ.ഡി 451ല്‍ കാല്‍സിഡോണിയയില്‍ കൂടിയ കൗണ്‍സിലില്‍ നാനൂറ്റിയന്‍പത് മെത്രാന്മാരും ലെയോ ഒന്നാമന്‍ മാര്‍പാപ്പ അയച്ച ഏതാനും പ്രതിനിധികളും പങ്കെടുത്തു.
ക്രിസ്തുവിന്‍റെ മനുഷ്യസ്വഭാവത്തിന് ഊന്നല്‍ കൊടുക്കുവാനുള്ള പരിശ്രമത്തില്‍ ക്രിസ്തുവിന് ദൈവവ്യക്തിത്വം കൂടാതെ ഒരു മനുഷ്യ വ്യക്തിത്വവും കൂടിയുണ്ടെന്ന് പഠിപ്പിച്ച നെസ്തോറിയനിസം എന്ന പാഷണ്ഡതയെയും ക്രിസ്തുവിന്‍റെ ദൈവ സ്വഭാവത്തില്‍ അവിടുത്തെ മനുഷ്യസ്വഭാവം അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നു വാദിച്ച ഏകസ്വഭാവവാദത്തെയും (എവുത്തീക്കിയനിസം) ഈ കൗണ്‍സില്‍ ശപിച്ചുതള്ളുകയും നിഖ്യാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസ പ്രമാണത്തിലേക്ക് "ഞങ്ങള്‍ ഏകജാതനായ ക്രിസ്തുവിനെ ഏറ്റുപറയുന്നു. അദ്ദേഹത്തിന് യാതൊരു തരത്തിലും വ്യത്യാസവും വേര്‍തിരിവും ഇല്ലാത്ത രണ്ട് സ്വഭാവങ്ങളുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു" എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
തൊളേദോ പ്രവിശ്യാ കൗണ്‍സില്‍ (675)
പതിനേഴു മെത്രാന്മാര്‍ മാത്രം പങ്കെടുത്ത ഈ കൗണ്‍സില്‍ ഇന്ന് വളരെക്കുറച്ചുമാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളുവെങ്കിലും ഇതിന്‍റെ ആരംഭത്തില്‍ ഏറ്റുചൊല്ലിയ വിശ്വാസപ്രഖ്യാപനം അതിമനോഹരമായ ഒന്നായിരുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ഈ വിശ്വാസപ്രഖ്യാപനം വളരെയധികം പ്രശംസിക്കപ്പെടുകയും ത്രിത്വൈക വിശ്വാസത്തെക്കുറിച്ചുള്ള കറതീര്‍ന്ന പ്രകടനമായി ഇതിനെ കാണുകയും ചെയ്തു. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിനെക്കുറിച്ചുള്ള (Procession)ഏറ്റുചൊല്ലലാണ്.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് "പിതാവില്‍നിന്നു പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും" എന്നാണ് ഉപയോഗിച്ചിരുന്നത്. പുരാതന ലത്തീന്‍ പാരമ്പര്യവും അലക്സാന്‍ഡ്രിയന്‍ പാരമ്പര്യവും അനുകരിച്ചുകൊണ്ട് 447ല്‍ ലെയോ ഒന്നാമന്‍ പാപ്പ പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിനെക്കുറിച്ച് "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും" എന്ന് ഏറ്റുചൊല്ലുകയും തൊളേദോ പ്രവിശ്യാ കൗണ്‍സില്‍ ഈ ഏറ്റുചൊല്ലല്‍ നിഖ്യാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസ പ്രമാണത്തിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. "പുത്രനില്‍നിന്നും" എന്നര്‍ത്ഥമുള്ള ഫിലിയോക്വെ (filioque) എന്ന ലത്തീന്‍ പദം ഇവിടെ കൂട്ടിച്ചേര്‍ത്തത് പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമായി. പിന്നീട് പതിനൊന്നാം നൂറ്റാണ്ടില്‍ ഇരു സഭകളും തമ്മില്‍ പിളരാന്‍ ഇത് ഒരു പ്രധാന കാരണമാകുകയും ചെയ്തു.
നാലാം ലാറ്റന്‍ കൗണ്‍സില്‍ (1215)
ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പ 1215 ല്‍ റോമില്‍ വിളിച്ചുകൂട്ടിയ പന്ത്രണ്ടാമതു സൂനഹദോസില്‍ നാനൂറിലധികം മെത്രാന്മാര്‍ പങ്കെടുത്തു. ത്രിത്വവിശ്വാസത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തില്‍ ഈ സൂനഹദോസിലെ രണ്ടു പ്രമാണരേഖകള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. അക്കാലത്തു നിലനിന്നിരുന്ന പാഷണ്ഡതകളെ നിരാകരിക്കാനും ശപിച്ചു തള്ളുവാനും പ്രത്യേകിച്ച് ആല്‍ബിജന്‍സിയനിസം (രക്ഷകനായ ക്രിസ്തുവിന്‍റെ ശരീരം സാധാരണ മനുഷ്യര്‍ക്കുള്ളതുപോലുള്ള ഭൗതിക ശരീരമല്ല; സ്വര്‍ഗ്ഗീയ ശരീരമാണെന്നും, അതിനാല്‍ ക്രിസ്തു ജനിച്ചതും ഇവിടെ ജീവിച്ചതും പീഡകള്‍ അനുഭവിച്ചു മരിച്ചതും സത്യത്തില്‍ സംഭവിച്ച സംഗതികളല്ല) എന്ന പാഷണ്ഡതയെ ശപിച്ചു തള്ളുവാനായി രൂപീകരിക്കപ്പെട്ട വിശ്വാസ പ്രഖ്യാപനമാണ് ആദ്യ പ്രമാണരേഖ.
സന്ന്യാസ ശ്രേഷ്ഠനായിരുന്ന ജോവാക്കിം ദേ ഫിയോറെയുടെ തെറ്റായ വാദഗതികള്‍ക്ക് എതിരായി സൂനഹദോസ് പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനയാണ് രണ്ടാം പ്രമാണരേഖയില്‍ ഉള്‍ക്കൊള്ളുന്നത്. ത്രിത്വ രഹസ്യത്തെക്കുറിച്ച് പ്രധാനമായും രണ്ട് രീതിയിലുള്ള സമീപനങ്ങളാണ് അക്കാലത്ത് നിലനിന്നിരുന്നത്. പിതാവായ ദൈവത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ള പൗരസ്ത്യപിതാക്കന്മാരുടെ സമീപനമാണ് ആദ്യത്തേത്. ദൈവം എന്നു പറഞ്ഞാല്‍ പിതാവാണെന്നും പുത്രനും പരിശുദ്ധാത്മാവും അവിടുത്തെ ദൈവത്വത്തില്‍ പങ്കാളികളാകുന്നു എന്നുമായിരുന്നു അവരുടെ വാദം. ത്രിത്വ രഹസ്യത്തെക്കുറിച്ച് പാശ്ചാത്യസഭയില്‍ നിലനിന്നിരുന്ന, പ്രത്യേകിച്ച് വിശുദ്ധ അഗസ്തീനോസിനാല്‍ വികാസം പ്രാപിച്ച സമീപനമാണ് രണ്ടാമത്തേത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി നിലകൊള്ളുന്ന ഏകദൈവ സ്വഭാവത്തെ (One divine nature) കേന്ദ്രീകരിച്ചുള്ളതായിരുന്നു ഈ സമീപനം. ദൈവികസത്തയെ തന്‍റെ ചിന്തയുടെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് പീറ്റര്‍ ലെമ്പാര്‍ഡ് ഈ രണ്ടാമത്തെ സമീപനത്തെ ക്രോഡീകരിച്ചു. പൗരസ്ത്യ പ്രവണത സ്വീകരിച്ചുകൊണ്ട് ജൊവാക്കിം ദെ ഫിയൊറെ പീറ്റര്‍ ലെമ്പാര്‍ഡിനെ എതിര്‍ക്കുകയും ദൈവിക വ്യക്തികളിലെ വ്യതിരിക്തതയെ പെരുപ്പിച്ചു കാണിക്കുകയും ചെയ്തു. ജൊവാക്കിം ദെ ഫിയൊറെയുടെ വാദങ്ങളെയും ആരോപണങ്ങളെയും സൂനഹദോസ് നിരാകരിച്ചു.
നാലാം ലാറ്ററന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച വിശ്വാസസത്യത്തിലെ പ്രധാന ആശയങ്ങളെ താഴെച്ചേര്‍ക്കുന്നു.
ഏകസത്യദൈവമേയുള്ളൂവെന്നും അവിടുന്ന് സര്‍വ്വശക്തനും, മാറ്റമില്ലാത്തവനും, നിത്യനായവനും, അനന്തമായവനും പരിധികളില്‍ ഒതുക്കാത്തവനും (incomprehensible) അവര്‍ണ്ണനീയമായവനുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നു. ഈ ഏകദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നാളുകള്‍ ഉണ്ടെന്നും ഇവര്‍ സാരാംശത്തിലും സത്തയിലും ഒന്നാണെന്നും ഏറ്റുപറയുന്നു. പിതാവ് ആരില്‍നിന്നും ഉള്ളവനല്ല. പുത്രന്‍ പിതാവില്‍നിന്നും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍നിന്നുമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണ് എല്ലാറ്റിന്‍റേയും ആരംഭകാരണമായ സത്തയും സാരാംശവും, ഈ ദൈവത്തെ കൂടാതെ യാതൊന്നിനും നിലനില്പില്ല. പിതാവു ജന്മം നല്കുന്നവനും പുത്രന്‍ ജനിച്ചവനും പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനുമാണ്. ഈ മൂന്ന് വ്യക്തികള്‍ മൂന്നാളുകള്‍ ആണെങ്കിലും സാരാംശത്തിലും സത്തയിലും ഇവര്‍ ഏകരാണ്.
ത്രിത്വൈക ദൈവത്തെക്കുറിച്ചുള്ള ബൃഹത്തായ പഠനങ്ങള്‍ക്ക് ഈ കൗണ്‍സിലിലെ വിശ്വാസപ്രഖ്യാപനം വഴിതെളിച്ചു.
ലിയോണ്‍സിലെ രണ്ടാം സാര്‍വത്രിക സൂനഹദോസ് (1274)
പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുള്ള പുനരൈക്യത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പരിശ്രമിച്ച സൂനഹദോസ് എന്ന നിലയില്‍ ഇത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ത്രിത്വസിദ്ധാന്തത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഈ സൂനഹദോസിലെ രണ്ട് പ്രമാണരേഖകള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. 1. 'മൈക്കിള്‍ പെലാജീയൂസിന്‍റെ വിശ്വാസപ്രഖ്യാപനം' 2. പരിശുദ്ധ ത്രിത്വത്തെയും കത്തോലിക്കാ വിശ്വാസത്തെയും കുറിച്ചുള്ള പ്രമാണരേഖ.
ലിയോണ്‍സിലെ പൊതു സൂനഹദോസില്‍ വായിക്കുന്നതിനായി ബൈസന്‍റയിന്‍ ചക്രവര്‍ത്തിയായിരുന്ന മൈക്കിള്‍ പെലാജിയൂസ് തന്‍റെ പ്രതിനിധിവഴി കൊടുത്തയച്ച പ്രമാണരേഖയാണ് മൈക്കിള്‍ പെലാജിയൂസിന്‍റെ വിശ്വാസപ്രഖ്യാപനം എന്നറിയപ്പെടുന്നത്. ക്ലമന്‍റ് നാലാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ബൈസന്‍റയിന്‍ ചക്രവര്‍ത്തി തയ്യാറാക്കിയ ഈ പ്രമാണരേഖ ലിയോണ്‍സ് കൗണ്‍സിലില്‍ വച്ച് ഗ്രീക്കുകാരാല്‍ സ്വീകരിക്കപ്പെടേണ്ടത് പാശ്ചാത്യസഭയും ഗ്രീക്കുകാരും തമ്മിലുള്ള ഐക്യത്തിന് പാശ്ചാത്യസഭ മൂന്‍കൂട്ടി ആവശ്യപ്പെട്ട ഒരു വ്യവസ്ഥയായിരുന്നു. (pre- required condition). ഈ പ്രമാണരേഖ ചക്രവര്‍ത്തി അംഗീകരിച്ച് തയ്യാറാക്കിയത് റോമന്‍ സഭയുമായി ഐക്യം സ്ഥാപിക്കുവാനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം മൂലമാണ്. അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ് ആയിരുന്ന പീറ്ററിന് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ നല്‍കിയ ത്രിത്വത്തെക്കുറിച്ചും, ക്രിസ്തുശാസ്ത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ഈ പ്രമാണരേഖയുടെ ആദ്യഭാഗത്ത് ഉള്‍ക്കൊള്ളുന്നത്. ക്ലമന്‍റ് നാലാമന്‍ മാര്‍പാപ്പയുടെ ദൈവശാസ്ത്ര പണ്ഡിതന്മാരാല്‍ എഴുതപ്പെട്ട രണ്ടാം ഭാഗത്തില്‍ ഗ്രീക്കുകാരുമായുള്ള ചര്‍ച്ചകളും ഗ്രീക്കുകാരുടെ തെറ്റായവാദങ്ങളും റോമാ സഭയുടെ ആനുകാലിക ദൈവശാസ്ത്രവും സമുന്നതത്വത്തെ (primacy) ക്കുറിച്ചുള്ള കാര്യങ്ങളും പ്രതിപാദിക്കുന്നു.
രണ്ടാം പ്രമാണരേഖയില്‍ പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിനെക്കുറിച്ചുള്ള ലത്തീന്‍സഭയുടെ വ്യാഖ്യാനം ഉള്‍ക്കൊള്ളുന്നു. ഇതിലെ പ്രധാനഭാഗം താഴെച്ചേര്‍ക്കുന്നു.
"പരിശുദ്ധാത്മാവ് നിത്യമായി പിതാവില്‍നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നു. എന്നാല്‍ ഈ പുറപ്പെടല്‍ രണ്ടു സ്രോതസ്സുകളില്‍നിന്നുള്ളതു പോലെയല്ല ഒറ്റസ്രോതസ്സില്‍നിന്നാണ്. ഈ വിശ്വാസമാണ് എല്ലാ വിശ്വാസികളുടെയും മാതാവും ഗുരുനാഥയുമായ പരിശുദ്ധ റോമാസഭ ഇതുവരെ ഏറ്റുപറഞ്ഞിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതും പ്രഘോഷിച്ചിട്ടുള്ളതും. ഈ വിശ്വാസത്തെത്തന്നെ വീണ്ടും മുറുകെ പിടിക്കുകയും പ്രഘോഷിക്കുകയും ഏറ്റുപറയുകയും പഠിപ്പിക്കുകയും ചെയ്യുന്നു".
ഫ്ളോറന്‍സിലെ പൊതു കൗണ്‍സില്‍ (1442)
പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുള്ള പുനരൈക്യത്തിന് രണ്ടാമതായി കൂടുതല്‍ പരിശ്രമിച്ച കൗണ്‍സില്‍ എന്ന നിലയില്‍ ഇത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മിലുള്ള വിവാദാസ്പദമായ പ്രശ്നങ്ങളാണ് പ്രധാനമായും ഈ കൗണ്‍സിലില്‍ പ്രതിപാദ്യവിഷയമായത്.
ത്രിയേക ദൈവം എങ്ങനെ ഒരേ സത്തയില്‍ മൂന്നാളുകള്‍ ആയിരിക്കുന്നു എന്നത് "വ്യാപനം" (preichoresis) എന്ന സിദ്ധാന്തം വഴി വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് കൗണ്‍സില്‍ ചെയ്തത്. ഈ സിദ്ധാന്തപ്രകാരം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഇവരില്‍ ആരും ആരെയുംകാള്‍ ശക്തിയിലോ മഹിമയിലോ അസ്തിത്വത്തിലോ മുമ്പിലോ പിറകിലോ അല്ല. ഓരോ വ്യക്തിയിലും ത്രിത്വമുണ്ട്. ഈ ത്രിത്വത്തില്‍ തുല്യതയും, സമത്വവും, സഹവര്‍ത്തിത്വവും, സ്വാതന്ത്ര്യവും, എല്ലാറ്റിനുമുപരി കൂട്ടായ്മയും ഉണ്ട്. ദൈവത്തിന്‍റെ ആന്തരികസത്ത എന്ന് നാം വിശേഷിപ്പിക്കുന്നത് ഈ കൂട്ടായ്മയെയാണ്.
കൗണ്‍സില്‍ അംഗീകരിച്ച ത്രിത്വസംബന്ധമായ രണ്ടു പ്രധാനപ്പെട്ട പ്രമാണരേഖകളും അവയുടെ പ്രധാന ആശയങ്ങളും താഴെച്ചേര്‍ക്കുന്നു.
ഗ്രീക്കുകാര്‍ക്കുവേണ്ടിയുള്ള ഡിക്രി: പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നു എന്ന വാദഗതി ഇതില്‍ വിശദീകരിക്കുന്നു. അതോടൊപ്പം പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനിലൂടെ പുറപ്പെടുന്നു എന്ന പൗരസ്ത്യ സഭയുടെ വാദവും ഇതില്‍ അംഗീകരിക്കുന്നു. പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനിലൂടെ പുറപ്പെടുന്നുവെന്ന് സ്വാഭാവികജ്ഞാനികളും പിതാക്കന്മാരും പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് പരിശുദ്ധാത്മാവിന്‍റെ നിലനില്പിനെക്കുറിച്ച് (subsistence) ഗ്രീക്കുകാര്‍ വിശേഷിപ്പിക്കുന്ന "കാരണവും" (cause) പാശ്ചാത്യസഭ വിശേഷിക്കുന്ന 'മൗലിക കാരണവും' (principle) പിതാവും പുത്രനുമായ ദൈവത്തെയാണ്. 'പുത്രനില്‍ നിന്നും' (filioque) എന്ന പദം വിശ്വാസപ്രമാണത്തില്‍ ഉള്‍ച്ചേര്‍ത്തത് അനുയോജ്യമായ കാരണങ്ങളാലും സത്യത്തെ ശരിയായ രീതിയില്‍ വിശദീകരിക്കുന്നതിനും ആ കാലഘട്ടത്തിലെ യഥാര്‍ത്ഥ ആവശ്യത്തിന്‍റെ സ്വാധീനത്താലുമാണ്.
കോപ്റ്റിക് സഭയ്ക്കുള്ള ഡിക്രി: സുറിയാനി ക്രിസ്ത്യാനികളെ (Syrian Christians) അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന ഈ പ്രമാണരേഖ ത്രിത്വവിശ്വാസത്തെയും പരിശുദ്ധാത്മാവിന്‍റെ പുറപ്പെടലിനെയുംകുറിച്ചുള്ള വിശാലമായ രൂപവത്ക്കരണം ഉള്‍ക്കൊള്ളുന്നു. സര്‍വ്വശക്തനും മാറ്റമില്ലാത്തവനും നിത്യനുമായ ത്രിയേക ദൈവം സാരാംശത്തില്‍ ഒന്നുതന്നെയാണ്. പിതാവ് ജനിക്കപ്പെടാത്തവനും പുത്രന്‍ പിതാവില്‍നിന്നു ജനിച്ചവനും പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനുമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും സൃഷ്ടിയുടെ ഏകഉത്ഭവം ആയിരിക്കുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവിന്‍റെ ഏക ഉറവിടമാണ് (Origin). ത്രിത്വൈക വ്യക്തികളുടെ പരസ്പരവാസത്തെക്കുറിച്ചും (mutual indwelling) ഇതില്‍ പ്രതിപാദിക്കുന്നു.
ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ മൂന്നാം ഭാഗം (1870)
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള പ്രമാണരേഖ (Dei Filius)
വത്തിക്കാനില്‍വച്ചു നടത്തപ്പെട്ട പൊതുകൗണ്‍സിലില്‍ അക്കാലത്തുനിലനിന്നിരുന്ന ഭൗതികവാദം, വിശ്വദേവതാവാദം എന്നീ പ്രവണതകള്‍ക്കും മറ്റു തെറ്റുകള്‍ക്കുമെതിരായ ഏറ്റുമുട്ടലില്‍ ദൈവത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണം സഭയ്ക്കു വീണ്ടും പ്രഖ്യാപിക്കേണ്ടിവന്നു. 'ദേയീ ഫീലിയൂസ്' എന്ന പ്രബോധനത്തിന്‍റെ ആദ്യ അദ്ധ്യായത്തില്‍ പ്രധാനമായും താഴെപ്പറയുന്ന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവും സര്‍വ്വശക്തനും നിത്യനും ഇന്നും ജീവിച്ചിരിക്കുന്നവനുമായ ഏകസത്യദൈവമേയുള്ളൂ. അപരിമേയനും, പരിധികളില്ലാത്തവനുമായ അവിടുന്ന് തന്‍റെ ബുദ്ധിശക്തിയിലും ഇച്ഛയിലും പൂര്‍ണ്ണതയിലും അനന്തമായവനാണ്. അവിടുന്നു മാറ്റമില്ലാത്ത ആത്മീയ സത്തയില്‍ അതുല്യനും അസ്തിത്വത്തിലും സാരാംശത്തിലും ലോകത്തില്‍നിന്ന് വ്യത്യസ്തനുമാണ്. അവിടുന്ന് തന്നില്‍ത്തന്നെയും തന്നില്‍നിന്നും പരമാനന്ദനും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ എല്ലാറ്റിന്‍റേയുംമേല്‍ അവര്‍ണ്ണനീയമായ വിധത്തില്‍ ഉയര്‍ത്തപ്പെട്ടവനുമാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-65)
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദൈവത്തെയും ത്രിത്വത്തെയുംകുറിച്ച് വ്യക്തമായ ചിട്ടയോടുകൂടി പ്രതിപാദിച്ചിട്ടില്ലയെങ്കിലും മാനുഷിക സാഹചര്യങ്ങളെയും കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും കണക്കിലെടുത്ത് ദൈവ-മനുഷ്യ ബന്ധത്തെക്കുറിച്ച് ആഴമായ വിചിന്തനം നടത്തുകയുണ്ടായി. അതിനു പുറമേ രക്ഷാകര രഹസ്യത്തെക്കുറിച്ചും വെളിപാടിനെക്കുറിച്ചും സഭയെക്കുറിച്ചുമുള്ള പുതിയ കാഴ്ചപ്പാടുകള്‍ ത്രിത്വരഹസ്യത്തെക്കുറിച്ചും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ദൗത്യത്തെക്കുറിച്ചുമുള്ള വിശദമായ ധാരണകള്‍ പ്രദാനം ചെയ്തു.
മുഴുവന്‍ രക്ഷാകരപ്രവൃത്തികളുടെയും ത്രിത്വഘടന څജനതകളുടെ പ്രകാശംچ എന്ന പ്രമാണരേഖയില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതേ വീക്ഷണംതന്നെ സഭയുടെ ദൗത്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സഭയുടെ 'പ്രേഷിതപ്രവര്‍ത്തനം' എന്ന ഡിക്രിയില്‍ പ്രതിപാദിച്ചിരിക്കുന്നു. അതുപോലതന്നെ 'സഭ ആധുനിക ലോകത്തില്' എന്ന പ്രമാണരേഖയില്‍ മനുഷ്യസമൂഹത്തില്‍ വ്യക്തിബന്ധങ്ങളുടെ സ്രോതസ്സും മാതൃകയുമായി ത്രിത്വജീവിതത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പോള്‍ ആറാമന്‍ പാപ്പ (1972)
വിശ്വാസ തിരുസംഘത്തിന്‍റെ അപ്പസ്തോലിക പ്രഖ്യാപനം "ദൈവപുത്ര രഹസ്യം"
ക്രിസ്തുരഹസ്യത്തെ താഴ്ത്തിക്കാണിക്കുമാറ് ഈ കാലഘട്ടത്തിലെ ദൈവശാസ്ത്ര വിചിന്തനങ്ങളില്‍നിന്ന് ഉത്ഭവിച്ച ക്രിസ്തുശാസ്ത്രരൂപീകരണത്തെയും അതുമൂലമുള്ള അപകടങ്ങളെക്കുറിച്ചുമാണ് ഈ പ്രഖ്യാപനത്തില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ക്രിസ്തുരഹസ്യം ത്രിത്വരഹസ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഒന്നിനെ വ്യക്തമായി വിശദീകരിക്കുന്നതിലുള്ള പരാജയം സ്വാഭാവികമായും മറ്റുള്ളതിന്‍റെ വിശദീകരണത്തെ സാരമായി ബാധിക്കുന്നു. ത്രിത്വരഹസ്യം രക്ഷാകരചരിത്രത്തില്‍ വെളിവാക്കപ്പെട്ട ഒന്നാണെങ്കിലും ചരിത്രത്തിലെ തന്‍റെ സ്വയം വെളിപ്പെടുത്തലിനു മുമ്പേ ദൈവം തന്നില്‍ത്തന്നെ ത്രിയേക ദൈവമാണ്. പരിശുദ്ധാത്മാവിന്‍റെ നിത്യമായ വ്യക്തിത്വത്തെക്കുറിച്ചുള്ള പ്രതിപാദ്യം കത്തോലിക്കാസഭയുടെ അചഞ്ചലമായ വിശ്വാസ സത്യങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഈ പ്രമാണരേഖ ഉറപ്പിച്ചു പറയുന്നു.
ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ചാക്രികലേഖനം
"കര്‍ത്താവും ജീവദാതാവും" (18 മെയ് 1986)
ഈ ചാക്രികലേഖനത്തിന്‍റെ ആദ്യഭാഗത്തിന്‍റെ ശീര്‍ഷകം 'സഭയ്ക്കു നല്‍കപ്പെട്ടിരിക്കുന്ന പിതാവിന്‍റെയും പുത്രന്‍റെയും ആത്മാവ്چ എന്നാണ്. സഭയുടെ പ്രവര്‍ത്തനങ്ങളിലും ഭൂമിയിലെ ക്രിസ്തുസാന്നിദ്ധ്യത്തിലും അവിടുത്തെ രക്ഷാകരപ്രവര്‍ത്തനത്തിലുമുള്ള പരിശുദ്ധാത്മാവിന്‍റെ നിരന്തര സാന്നിദ്ധ്യത്തെ ഈ ചാക്രികലേഖനം ഓര്‍മ്മിപ്പിക്കുന്നു. ദൈവികജീവനാകുന്ന രഹസ്യത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ അനന്യതയും സൃഷ്ടിയിലും രക്ഷാകര പദ്ധതിയിലുമുള്ള അവിടുത്തെ പങ്കും ഈ ലേഖനത്തില്‍ വ്യക്തമായി വിശദീകരിക്കുന്നു.
ഉപസംഹാരം
"പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍" എല്ലാ പ്രാര്‍ത്ഥനകളും പ്രവൃത്തികളും തുടങ്ങുകയും "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" അര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്നത് ക്രൈസ്തവ പാരമ്പര്യത്തില്‍ സര്‍വ്വസാധാരണമാണ്. ഈ മൂന്നു വ്യക്തികളുടെ കൂട്ടായ്മയില്‍ നിന്നു വേറിട്ടുള്ള ഒരു ദൈവിക ചിന്ത ക്രൈസ്തവനു സാദ്ധ്യമല്ല.
ക്രൈസ്തവ വിശ്വാസത്തിന്‍റെ കേന്ദ്രബിന്ദുവും അടിത്തറയുമാണ് ഈ സത്യമെങ്കിലും ഇത്രയേറെ തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കിയ മറ്റൊരു വിശ്വാസസത്യമില്ല. വിശ്വാസം ഒന്നുകൊണ്ടുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന ആ ദൈവികരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ മനുഷ്യന്‍റെ പരിമിതമായ ബുദ്ധി കാലാകാലങ്ങളില്‍ നടത്തിയ പരിശ്രമങ്ങളെയും, വിവിധ കാലയളവുകളിലായി രൂപം കൊണ്ട തെറ്റായ പഠനങ്ങളെയും പാഷണ്ഡതകളെയും സഭ എങ്ങനെ നേരിട്ടു എന്നുമാണ് നാം ഇവിടെ കണ്ടത്. അബദ്ധ സിദ്ധാന്തങ്ങളുടെ പേരില്‍ സഭയിലുണ്ടായ ഭിന്നതകള്‍ക്ക് ഇന്നും പൂര്‍ണ്ണമായ പരിഹാരം ഉണ്ടായിട്ടില്ല. വിശ്വാസ സത്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഉറപ്പു കൈവരിക്കാന്‍ സഭയ്ക്ക് കഴിഞ്ഞത് പാഷണ്ഡതകളെ നേരിടുവാനും ശപിച്ചുതള്ളുവാനും ശ്രമിച്ചതിന്‍റെ പശ്ചാത്തലത്തിലാണ്.
ത്രിത്വവിശ്വാസത്തെക്കുറിച്ച് സൂനഹദോസുകളിലും കൗണ്‍സിലുകളിലും രൂപംകൊണ്ട് സഭയുടെ അടിസ്ഥാന വിശ്വാസസത്യങ്ങളായിത്തീര്‍ന്ന വിശ്വാസ പ്രമാണങ്ങളാണ് സഭാതനയരുടെ വിശ്വാസത്തെയും പ്രതീക്ഷകളെയും ജീവിത ശൈലിയെയും പരിശോധിക്കാനും രൂപപ്പെടുത്താനും ആവശ്യമെങ്കില്‍ തിരുത്താനുമുള്ള മാനദണ്ഡം.
ഡോ. ജയിംസ് ആനാപറമ്പില്‍ (പരിശുദ്ധ ത്രിത്വം മൂന്നാം സഹസ്രാബ്ദത്തിന്‍റെ ജീവിതമാതൃക)
Holy Trinity in Church Studies catholic malayalam manathavady diocese Dr. James Aanaparambil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206