We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. James Aanaparambil On 09-Feb-2021
പരിശുദ്ധ ത്രിത്വം സഭാപിതാക്കന്മാരുടെ വീക്ഷണത്തില്‍
പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര സങ്കല്പം ഇന്നിന്‍റെ രീതിയില്‍ രൂപം കൊള്ളുന്നതും വളര്‍ച്ച പ്രാപിക്കുന്നതും സഭാപിതാക്കന്മാരുടെ ചിന്തകളിലൂടെയാണ്. ഏകദൈവ വിശ്വാസത്തിലാരംഭിച്ച് ക്രിസ്തുവിന്‍റെ ദൈവികസത്തയെ കേന്ദ്രീകരിച്ച് പരിശുദ്ധാത്മാവിന്‍റെ 'ദൈവിക' സ്വഭാവത്തില്‍ എത്തിച്ചേരുന്നതാണ് സഭാപിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍. ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദര്‍ (ഏശ 44:6 -8, 45:22, പുറപ്പാട് 20:2, നിയമാവര്‍ത്തനം 6:4 -6). അതിനാല്‍ ആദിമ നൂറ്റാണ്ടില്‍ യഹൂദ മതത്തില്‍ നിന്നും ഉല്‍ഭവിച്ച ക്രിസ്തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട് (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു ദൈവപുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അതീവ ദുര്‍ഘട സന്ധിയെയാണ് സഭാപിതാക്കന്മാര്‍ അഭിമുഖീകരിച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തിയാണെന്നും വരികയാണെങ്കില്‍ ക്രിസ്തുവിന്‍റെ ജീവിതത്തിലൂടെ നേടിയെടുത്ത രക്ഷ അര്‍ത്ഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്ടിയുടെ രക്ഷ സാധിതമാക്കുന്നതെങ്ങനെ? വീണ്ടും ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ഏകദൈവാരാധനയില്‍നിന്നുമുള്ള അകല്‍ച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയില്‍നിന്നുമാണ് സഭാപിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍ ആരംഭിക്കുന്നത്.
ത്രിത്വദര്‍ശനം ഒന്നാം നൂറ്റാണ്ടില്‍
എ.ഡി. ഒന്നാം നൂറ്റാണ്ടിന്‍റെ പകുതിയില്‍ത്തന്നെ ക്രിസ്തുവിന്‍റെ ദൈവികത്വത്തെക്കുറിച്ചുള്ള എതിര്‍വാദങ്ങള്‍ രൂപംകൊണ്ടിരുന്നു. വി.പൗലോസ് തന്‍റെ ലേഖനങ്ങളിലൂടെയും യോഹന്നാന്‍ തന്‍റെ സുവിശേഷത്തിലൂടെയും ക്രിസ്തു ദൈവമാണെന്ന് വ്യക്തമാക്കിയെങ്കിലും യേശുവിന്‍റെ ദൈവികതയെ ചോദ്യം ചെയ്യുന്നത് നിലച്ചില്ല. മോശയുടെ നിയമങ്ങളോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന എബിയോണൈറ്റ്സ് (AD.50) എന്ന യഹൂദക്രിസ്തീയ വിഭാഗവും അലക്സാണ്‍ഡ്രിയായിലുള്ള ചെറുന്തൂസ് (AD. 96100) എന്ന യഹൂദമതപണ്ഡിതനും ദൈവത്തിന്‍റെ ഏകത്വത്തില്‍ മുറുകെ പിടിച്ചുകൊണ്ട് യേശുവിന്‍റെ ദൈവികത്വത്തെ നിഷേധിച്ചു. ചെറുന്തൂസിന്‍റെ അഭിപ്രായം യേശുവിന്‍റെ ജ്ഞാനസ്നാന സമയത്ത് ക്രിസ്തു എന്ന സ്വര്‍ഗ്ഗീയാരൂപി യേശുവില്‍ പ്രവേശിച്ചുവെന്നും അങ്ങനെ യേശു ഒരു പ്രവാചകനായെന്നുമാണ്.
ത്രിത്വദര്‍ശനം രണ്ടാം നൂറ്റാണ്ടില്‍
ഇഗ്നേഷ്യസ്, അന്ത്യോക്യ (AD 107): രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ക്രിസ്തുവിന്‍റെ ദൈവികതയെ ചോദ്യം ചെയ്യുന്നതിനെതിരേ പ്രതികരിക്കുന്ന സഭാപിതാവായ അന്ത്യോക്യയിലെ ഇഗ്നേഷ്യസിനെ നാം കാണുന്നു. അന്ത്യോക്യാക്കാര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു. "യേശുക്രിസ്തുവിന്‍റെ ദൈവികതയെ നിഷേധിക്കാന്‍ വേണ്ടിമാത്രം ഒരു ദൈവമേയുള്ളൂ എന്നു വാദിക്കുന്നവര്‍ പിശാചാണ്". തുടര്‍ന്ന് അദ്ദേഹം പറയുന്നു "യേശു വെറുമൊരു മനുഷ്യനാണെന്നു വാദിക്കുന്നവര്‍ പ്രവാചകന്മാരുടെ വീക്ഷണപ്രകാരം ശപിക്കപ്പെട്ടവനാകട്ടെ (Letter Antiochians, ch.5)
റോമിലെ ക്ലമന്‍റ് (AD 101): വിശുദ്ധ ക്ലമന്‍റ് തന്‍റെ രണ്ടാമത്തെ ലേഖനത്തില്‍ പറയുന്നു "സഹോദരരെ നാം ക്രിസ്തുവിനെക്കുറിച്ച് ദൈവത്തെ എന്നപോലെ ചിന്തിക്കണം (Second Epistle of Clement 1:1)
ജസ്റ്റിന്‍ (AD 110 165): വിശുദ്ധ ജസ്റ്റിന്‍റെ വാക്കുകളില്‍ "ദൈവത്തില്‍ നിന്നു ജനിച്ച ഏകജാതനായ പുത്രനാണ് ക്രിസ്തു" (First Apology chs 6,23). ഇവരുടെ വാക്കുകള്‍ ക്രിസ്തുവിനെ ദൈവത്തില്‍നിന്നും വേര്‍തിരിച്ചു കാണിക്കുകയല്ല; മറിച്ച്, ദൈവത്തിന്‍റെ ഏകത്വത്തെ മുറുകെ പിടിക്കുകയും അതേ സമയം ക്രിസ്തു ദൈവമാണെന്നു സമര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നത്.
ഇറനേവൂസ് (120 -202)
രണ്ടാം നൂറ്റാണ്ടില്‍ ത്രിത്വത്തിന്‍റെ ചിന്തകള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്നത് വി. ഇറനേവൂസ് ആണ്. അദ്ദേഹം ദൈവിക രഹസ്യത്തെ സമീപിക്കുന്നത് രണ്ടു വിധത്തിലാണ്.
ത്രിത്വദര്‍ശനം മൂന്നാം നൂറ്റാണ്ടില്‍
ദൈവം എങ്ങനെയാണ് സൃഷ്ടിയിലും രക്ഷാകരപ്രവൃത്തിയിലും അനുരഞ്ജനത്തിലും തന്‍റെ സാന്നിധ്യം പ്രകടമാക്കുന്നത് എന്നതാണ് മൂന്നാം നൂറ്റാണ്ടില്‍ പ്രബലമായി നില്‍ക്കുന്ന ചിന്ത. ചില പശ്ചാത്തല പ്രശ്നങ്ങളെ ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ദൈവം സര്‍വ്വശക്തനാണ് (Pantokrator) എന്നു പറയുമ്പോള്‍ എങ്ങനെയാണ് ക്രിസ്തുവിനെ ദൈവത്തിന്‍റെയൊപ്പം സര്‍വ്വശക്തനായി കാണുന്നത്? രണ്ടു സര്‍വ്വശക്തന്മാര്‍ ഒരിക്കലും ഒരേ സമയത്ത് ഉണ്ടാവില്ലല്ലോ!
തെര്‍ത്തുല്ല്യന്‍ (145-220)
തെര്‍ത്തുല്ല്യന്‍ രണ്ട് സാമ്യങ്ങള്‍ (Analogy) കൊണ്ടുവരുന്നു.
ഈ രണ്ടു സാമ്യങ്ങളിലൂടെ പിതാവ് സര്‍വ്വശക്തനാണെന്നും പുത്രന്‍റെ ദൈവികത്വം പിതാവിന്‍റെ സര്‍വ്വശക്തിത്വത്തിന് എതിരല്ലെന്നും സ്ഥാപിക്കാന്‍ തെര്‍ത്തുല്ല്യന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ രണ്ടുസാമ്യങ്ങളും പ്രശ്നം പരിഹരിക്കുവാന്‍ പോരുന്നവയായിരുന്നില്ല. കാരണം ഈ രണ്ടുകാര്യങ്ങളും ഭാവനയുടെ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും ചിന്തയുടെ തലത്തിലേക്ക് വരാത്തതുമാണ്.
ഒരിജന്‍ (185 -254)
പ്ലേറ്റോയുടെ തത്വശാസ്ത്രം കടമെടുത്തുകൊണ്ട് ഒരിജന്‍ പറയുന്നു ഒരു ദൈവമേയുള്ളൂ. ദൈവത്തില്‍നിന്നു പുറപ്പെടുന്നവനാണ് പുത്രന്‍. അതുകൊണ്ട് ദൈവമാണെങ്കിലും പിതാവിന്‍റെ താഴെയാണു പുത്രന്‍റെ സ്ഥാനം. നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരിജന്‍റെ ചിന്തകള്‍ സഭയുടെ പൂര്‍ണ്ണമായ വിശ്വാസാവിഷ്ക്കരണത്തിന് പര്യാപ്തമായിരുന്നില്ല. കൂടാതെ അവ ആര്യന്‍ പാഷണ്ഡതയുടെ ആവിര്‍ഭാവത്തിനും കാരണമായിത്തീര്‍ന്നു.
ഡയനേഷ്യസ് (+268)
റോമായിലെ 25-ാമത്തെ മെത്രാനായ ഡയനേഷ്യസിന് മൂന്നു പാഷണ്ഡതകള്‍ നേരിടേണ്ടിയിരുന്നു. സെബല്ലയനിസം, സബോര്‍ഡിനേഷനിസം, ത്രൈത്തേയിസം. സെബല്ലയനിസം എന്നത് ദൈവം ഒരു വ്യക്തിയാണെന്നും ആ വ്യക്തി മൂന്നു റോളുകളില്‍ പ്രത്യക്ഷപ്പെട്ട് സൃഷ്ടിയും രക്ഷയും അനുരഞ്ജനവും സാധിച്ചു എന്നുപഠിപ്പിച്ച പാഷണ്ഡതയാണ്. സബോര്‍ഡിനേഷനിസം ദൈവത്തില്‍ മൂന്നു വ്യക്തികളുണ്ടെന്ന് പഠിപ്പിച്ചെങ്കിലും പിതാവിനേക്കാള്‍ താഴെയാണ് പുത്രനെന്നും, പുത്രനേക്കാള്‍ താഴെയാണ് പരിശുദ്ധാത്മാവെന്നും പഠിപ്പിക്കുന്ന പാഷണ്ഡതയാണ്. ത്രൈത്തേയിസമാകട്ടെ ദൈവത്തിന്‍റെ മൂന്നാളുകളും മൂന്നു വ്യത്യസ്ത ദൈവങ്ങളാണെന്ന പാഷണ്ഡതയും പഠിപ്പിച്ചു. ഈ അവസരത്തില്‍ ഡയനേഷ്യസ് റോമില്‍ ഒരു സിനഡ് വിളിച്ചു കൂട്ടുകയും മൂന്ന് കാര്യങ്ങള്‍ ഈ പ്രശ്നത്തിന് മറുപടിയായി അവതരിപ്പിക്കുകയും ചെയ്തു.
ഈ പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ പ്രശ്നപരിഹാരമായിരുന്നില്ല. എന്നാലും പ്രശ്നത്തെ അതിന്‍റെ വ്യക്തതയോടെ നോക്കിക്കാണാനും ഏത് വിശ്വാസമാണ് സഭ കാത്തുപോരേണ്ടതെന്ന് വിശദീകരിക്കുവാനും ഡയനേഷ്യസിന് സാധിച്ചു. പില്‍ക്കാലത്ത് ഈ പ്രശ്നത്തില്‍ നിന്നുളവായ ആര്യന്‍ പാഷണ്ഡത സഭയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ആരിയൂസിന്‍റെ (256-336) ചിന്തയില്‍ ക്രിസ്തു ദൈവത്തിന്‍റെ വെറുമൊരു സൃഷ്ടിയാണ്. അതുകൊണ്ടാണ് പുത്രനില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ആരിയൂസ് പഠിപ്പിച്ചത്. ഇത് വീണ്ടും സഭയുടെ വിശ്വാസത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. കാരണം ക്രിസ്തുവിനെ ഏക മനുഷ്യരക്ഷകനായി കാണാന്‍ ഇതുമൂലം സാധിക്കാതെ വന്നു.
ത്രിത്വദര്‍ശനം നാലാം നൂറ്റാണ്ടില്‍
അലക്സാന്‍ഡ്രിയായിലെ അലക്സാണ്ടര്‍ (273-326)
ആര്യനിസം വേരുറപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു അലക്സാന്‍ഡ്രിയായിലെ മെത്രാനായിരുന്ന അലക്സാണ്ടര്‍ ആര്യനിസത്തിനെതിരേ പഠിപ്പിക്കാന്‍ തുനിഞ്ഞത്. അദ്ദേഹത്തിന്‍റെ വാദത്തില്‍ പിതാവും പുത്രനും ഒന്നിനും കുറവില്ലാത്ത രീതിയില്‍ മാറ്റപ്പെടാനും വേര്‍തിരിക്കപ്പെടാനുമാവാത്തത്ര തുല്യരാണ്. പിതാവിന്‍റെ രൂപമാണ് പുത്രന്‍. അദ്ദേഹം ഈ വാദത്തിന് ഉപോദ്ബലമായെടുക്കുന്നത് യോഹന്നാന്‍റെ സുവിശേഷം 10:30 ആണ്. പിതാവും ഞാനും ഒന്നാണ്. തുടര്‍ന്ന് ആര്യനിസത്തിന്‍റെ പ്രശ്നം പരിഹരിക്കാന്‍ റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍റൈന്‍ 325ല്‍ നിഖ്യാസൂനഹദോസ് വിളിച്ചുകൂട്ടി. സൂനഹദോസിലുണ്ടായിരുന്ന സഭാപിതാക്കന്മാര്‍ ക്രിസ്തുവിന്‍റെ സ്വഭാവത്തെക്കുറിച്ചു വ്യക്തമാക്കാന്‍ ശ്രമിച്ചു. ക്രിസ്തു ജനിച്ചവനാണെങ്കിലും സൃഷ്ടിക്കപ്പെടാത്തവനാണെന്നും ദൈവത്തില്‍നിന്നുള്ള ദൈവമാണെന്നും പിതാവിനും പുത്രനും ഒരേ സത്തയാണുള്ളതെന്നും നിഖ്യാ സൂനഹദോസ് പ്രഖ്യാപിച്ചു.
പക്ഷേ നിഖ്യാസൂനഹദോസിന്‍റെ പിതാവും പുത്രനും ഒരേ സത്തയാണ് (Homo ousios) എന്ന പഠനം വീണ്ടും പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. പല പൗരസ്ത്യ മെത്രാന്മാരും തെറ്റിദ്ധാരണമൂലം ഇതിനെ എതിര്‍ത്തു. കേസറിയായിലെ എവുസേബിയൂസിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം മെത്രാന്മാര്‍ 'പുത്രന്‍ പിതാവുമായി എല്ലാ കാര്യങ്ങളിലും സാദൃശ്യമുള്ളവനാണ് എന്ന ആശയം മുന്നോട്ടു വയ്ക്കുകയും പിതാവും പുത്രനും ഒരേ സത്തയാണെന്ന നിഖ്യാ സൂനഹദോസിന്‍റെ പഠനം തെറ്റാണെന്ന് വാദിക്കുകയും ചെയ്തു. പുതിയനിയമം പഠിപ്പിക്കുന്നത് ഇതേ ആശയമാണെന്ന് അവര്‍ അവകാശപ്പെട്ടു.
അത്തനാസിയൂസ് (295-373)
അത്തനാസിയൂസിന്‍റെ അഭിപ്രായപ്രകാരം "സത്തപോലെ" (like essence) എന്നു പറയുന്നതും സത്തയുടെ എന്നു പറയുന്നതും (Of the essence) വ്യത്യസ്തമാണ്. ചെന്നായ് പട്ടിയെപ്പോലിരിക്കുന്നു എന്നു പറയുമ്പോള്‍ ചെന്നായ് പട്ടിയില്‍നിന്നും വന്നു എന്നു പറയാന്‍ സാധിക്കില്ല. അതുകൊണ്ട് അത്തനാസിയൂസിന്‍റെ ചിന്തയില്‍ വീാീ ീൗശെീൗെ എന്നു പറയുന്നത് ഇവ രണ്ടിന്‍റെയും (like essence, of the essence) അര്‍ത്ഥം പ്രതിഫലിപ്പിക്കുന്ന പദമാണ്. ഈ ആശയത്തോട് എവുസേബിയൂസ് സാവധാനം പൊരുത്തപ്പെടുകയും 362ല്‍ നടന്ന അലക്സാണ്‍ഡ്രിയന്‍ സൂനഹദോസില്‍ ഇതു പൂര്‍ണ്ണമായും അംഗീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഒരേ സത്തയും (ousia) മൂന്ന് ആള്‍ക്കാരും (hypostasis) എന്ന വിശ്വാസ സത്യം രൂപപ്പെടുകയും ചെയ്തു.
ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനങ്ങള്‍ നാലാം നൂറ്റാണ്ടിന്‍റെ ആരംഭംവരെ ശക്തമായിരുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേ സത്തയുള്ള മൂന്ന് വ്യക്തികളാണ് എന്ന പഠനം ക്രിസ്തുവിന്‍റെയും പരിശുദ്ധാത്മാവിന്‍റെയും ദൈവികത്വത്തെ നിസ്സംശയം വെളിവാക്കിയെങ്കിലും പിതാവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധവും (relationship) എങ്ങനെയാണെന്നുള്ള ചിന്ത സഭാപിതാക്കന്മാരെ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സൈദ്ധാന്തികമായ അന്വേഷണത്തിലേയ്ക്ക് നയിച്ചു. കപ്പദോച്ചിയായിലെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്ന ബേസിലും അദ്ദേഹത്തിന്‍റെ സഹോദരനായ നസിയാന്‍സിലെ ഗ്രിഗറിയും, നിസായിലെ ഗ്രിഗറിയും പരിശുദ്ധാത്മാവിനെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയുണ്ടായി.
ബേസില്‍ (330 -379)
ബേസില്‍ ദൈവത്തിന്‍റെ മൂന്നാളുകളുടെ വ്യതിരിക്തത എടുത്തു കാണിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പിതാവിനും പുത്രനും ലഭിക്കുന്ന മഹത്വവും ബഹുമാനവും ആരാധനയും പരിശുദ്ധാത്മാവിന് നല്കണമെന്ന് വാദിക്കുന്നു. മറ്റു ഗ്രീക്കു പിതാക്കന്മാരെപ്പോലെ ബേസിലും പരിശുദ്ധാത്മാവ് പിതാവില്‍ നിന്ന് പുത്രനിലൂടെ പുറപ്പെടുന്നു എന്ന തത്ത്വം അംഗീകരിക്കുന്നു.
നസിയാന്‍സിലെ ഗ്രിഗറി (330 -390)
നസിയാന്‍സിലെ ഗ്രിഗറിയാണ് പരിശുദ്ധാത്മാവിനെ ദൈവം എന്ന് ആദ്യമായി അഭിസംബോധന ചെയ്യുന്നത്. പിതാവില്‍നിന്നും പുത്രനിലൂടെ പുറപ്പെടുന്നവനാണ് പരിശുദ്ധാത്മാവെന്നും പിതാവും പുത്രനും പരിശുദ്ധാത്മാവും മാറ്റമില്ലാത്ത രീതിയില്‍ ഒരേ സത്തയാണെന്നും എന്നാല്‍ അവര്‍ മൂവരും മൂന്ന് വ്യക്തികളാണെന്നും ( hypostates in the sense of subject) ബേസിലിനെക്കാള്‍ ശക്തമായി പഠിപ്പിക്കുന്നത് നസിയാന്‍സിലെ ഗ്രിഗറിയാണ്.
നിസായിലെ ഗ്രിഗറി (395)
നിസായിലെ ഗ്രിഗറി ദൈവത്തിന്‍റെ ഏകത്വത്തിന് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകാരം ദൈവത്തിലെ മൂന്ന് വ്യക്തികളുടെ വ്യതിരിക്തത അവരുടെ പരസ്പര ബന്ധത്തില്‍ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് ദൈവത്തിന്‍റെ ബാഹ്യതയിലുള്ള (ad extra) പ്രവര്‍ത്തനം ഒന്നാണ്. ഉദാഹരണമായി മൂന്ന് മനുഷ്യ വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തില്‍ ഓരോ മനുഷ്യന്‍റെയും വ്യത്യസ്തത തെളിഞ്ഞുകാണാവുന്നതാണ്. എന്നാല്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പിതാവിന് പുത്രനുള്‍ക്കൊള്ളാതെ പ്രവൃത്തി ചെയ്യുവാനോ അത് പരിശുദ്ധാത്മാവിന്‍റെ പ്രത്യേക ദൗത്യം ഉള്‍പ്പെടാതെ ചെയ്യുവാനോ സാദ്ധ്യമല്ല. ദൈവത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ത്രിത്വത്തിന്‍റെ മുദ്ര ഉള്‍ക്കൊള്ളുന്നതാണ്. പിതാവില്‍നിന്ന് പുത്രനിലൂടെ പരിശുദ്ധാത്മാവില്‍ നിറവേറുന്നതാണ് ദൈവിക പ്രവര്‍ത്തനം.
ചുരുക്കത്തില്‍ ത്രിത്വത്തെക്കുറിച്ചുള്ള കപ്പദോച്ചിയന്‍ പിതാക്കന്മാരുടെ പഠനം രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പഠനം വിശ്വാസപ്രമാണത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ഇന്ന് നിലവിലിരിക്കുന്ന രീതിയിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടുകൂടി ത്രിത്വത്തിന്‍റെ താത്ത്വിക പഠനത്തിന് വിരാമമായി. എങ്കിലും വിശ്വാസപ്രമാണത്തിന്‍റെ ലത്തീന്‍ വിവര്‍ത്തനത്തില്‍ "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നതിലെ "പുത്രനില്‍നിന്നും" എന്ന പദം തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ പൗരസ്ത്യ പാശ്ചാത്യ സഭകള്‍ക്കിടയില്‍ ഭിന്നിപ്പിന് കാരണമായി. ഈ പ്രശ്നത്തെയാണ് "ഫിലിയോക്കേ" വിവാദം (Filioque Controversy) എന്നു വിളിക്കുന്നത്.
ഫിലിയോക്കേ വിവാദം (Filioque Controversy)
നിഖ്യാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ 'പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്' എന്ന് കൂട്ടിച്ചേര്‍ത്തു. ഇത് ആറാം നൂറ്റാണ്ടില്‍ സ്പെയിനിലാണ് ആദ്യമായുപയോഗിച്ചത്. തുടര്‍ന്ന് മൂന്നാം തൊളേദോ കൗണ്‍സിലിന്‍റെ വിശ്വാസപ്രമാണത്തില്‍ ഇത് ഉള്‍ക്കൊള്ളിച്ചു. (589) പക്ഷേ പൗരസ്ത്യസഭയിലെ സന്യാസികള്‍ ഇതിനെ എതിര്‍ത്തു. കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലിന്‍റെ വിശ്വാസ പ്രമാണത്തില്‍ മാറ്റം വരുത്തരുതെന്ന എഫേസൂസ് കൗണ്‍സിലിന്‍റെ (431) തീരുമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയായിട്ടാണ് ഈ കൂട്ടിച്ചേര്‍ക്കലിനെ അവര്‍ കണ്ടത്. ഈ കൂട്ടിച്ചേര്‍ക്കല്‍ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിശ്വാസത്തിന്‍റെ വിശദീകരണം മാത്രമാണെന്ന് പാശ്ചാത്യ സഭ അവകാശപ്പെട്ടു. പക്ഷേ ഇത് 1054 ല്‍ പാശ്ചാത്യ പൗരസ്ത്യസഭകളുടെ വിഭജനത്തിന് ഒരു സുപ്രധാന കാരണമായിത്തീര്‍ന്നു.
അഗസ്റ്റിന്‍
നിഖ്യാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലെ പഠനത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ത്രിത്വത്തെ കൂടുതല്‍ അടുത്തറിയിക്കാന്‍ ശ്രമിക്കുകയാണ് അഗസ്റ്റിന്‍. ത്രിത്വത്തിന്‍റെ ആന്തരിക ബന്ധമാണ് (relation) അഗസ്റ്റിന്‍റെ പഠനത്തിനു കേന്ദ്രമായി നില്‍ക്കുന്നത്. ത്രിത്വത്തില്‍ എല്ലാം ഏകമാണ്. പക്ഷേ ത്രിത്വത്തിലെ മൂന്നാളുകളുടെ ബന്ധത്തിലുള്ള വ്യതിരിക്തതയാണ് അവരെ വേര്‍തിരിക്കുന്നത്. അതുകൊണ്ട് ത്രിത്വം എന്നത് ദൈവത്തിന്‍റെ സത്തയിലോ (substance) സാദൃശ്യത്തിലോ (accident ) ഉള്ള ത്രിത്വമല്ല, മറിച്ച് ബന്ധത്തിലുള്ള ത്രിത്വമാണ്. അതായത് സൃഷ്ടിക്കപ്പെടാത്തവനും (പിതാവ്) ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും (പുത്രന്‍) പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും (പരിശുദ്ധാത്മാവ്) എന്ന ബന്ധത്തിലുള്ള ത്രിത്വം (Trinity of begetting, of being bedotton and of proceeding) ആണ് അഗസ്റ്റിന്‍ പഠിപ്പിക്കുന്നത്. ഇത് കൂടുതല്‍ വെളിവാക്കാനായി ഒരു സാമ്യം (analogy) അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ദൈവത്തെ ഓര്‍ക്കുകയും (remembering) അറിയുകയും (understanding) സ്നേഹിക്കുകയും (loving) ചെയ്യുന്ന മനസിനെ ത്രിത്വവുമായി അദ്ദേഹം സാമ്യപ്പെടുത്തുന്നു. മനസ് അതിന്‍റെ സ്രഷ്ടാവിനെ പൂര്‍ണ്ണമായ ഓര്‍മ്മശക്തിയോടും അറിവോടും സ്നേഹത്തോടും നോക്കിക്കാണുമ്പോള്‍ മാത്രമേ ദൈവത്തിന്‍റെ രൂപം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കൂ. അതുകൊണ്ട്, ഓര്‍മ്മയും സ്നേഹവും അറിവും മൂന്ന് തരത്തിലുള്ള മനസ്സല്ല ഒരു മനസ്സുതന്നെയാണ് എന്നദ്ദേഹം പറയുന്നു (On the Trinity 10,11)
ഉപസംഹാരം
ക്രിസ്തുവിന്‍റെ ദൈവികത്വവും പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധവും അവരുടെ ഏകത്വവും തനിമയും വെളിപ്പെടുത്തിക്കൊണ്ടാണ് സഭാപിതാക്കന്മാരുടെ ത്രിത്വദര്‍ശനം പ്രകാശിതമാകുന്നത്. സഭയുടെ വിശ്വാസ സത്യങ്ങളില്‍ പാഷണ്ഡതയുടെ മായം ചേര്‍ക്കാതെ അവയെ കാത്തു പരിപാലിക്കാനും ആ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അവയെ ആഴത്തില്‍ മനസ്സിലാക്കാനും ശ്രമിച്ചവരാണ് സഭാപിതാക്കന്മാര്‍.
ഡോ. ജയിംസ് ആനാപറമ്പില്‍ (പരിശുദ്ധ ത്രിത്വം മൂന്നാം സഹസ്രാബ്ദത്തിന്‍റെ ജീവിതമാതൃക)
The Holy Trinity from the point of view of the Church Fathers catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206