We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Bishop Joseph Pamplany On 22-Aug-2020
പരിശുദ്ധാത്മാവിലുള്ള വിശ്വാസം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം (381) ഏറ്റുപറയുന്നത് ഇപ്രകാരമാണ്: "പിതാവില്‍നിന്നു പുറപ്പെടുന്നവനും (ekporeuomenon) കര്‍ത്താവും (kyrios) ജീവദാതാവുമായ പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും പ്രവാചകന്മാര്‍ വഴി സംസാരിച്ചവനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു".
1. പരിശുദ്ധാത്മാവിലുള്ള വിശ്വാസം തിരുസ്സഭയുടെ വിശ്വാസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. കാരണം സഭയുടെ വിശ്വാസപാരമ്പര്യം ഉത്ഭവിക്കുന്നതും പരിരക്ഷിക്കുന്നതും തലമുറകളിലേക്കു പരികര്‍മ്മം ചെയ്യുന്നതും പരി.ആത്മാവാണ്. വിശുദ്ധഗ്രന്ഥം ദൈവനിവേശിതമായി രചിച്ചതും സഭാപിതാക്കന്മാരിലൂടെ സഭയുടെ വിശുദ്ധപാരമ്പര്യം അഭംഗുരം സംരക്ഷിച്ചതും സഭയുടെ വിശുദ്ധകൂദാശകളിലൂടെ വരപ്രസാദം പകര്‍ന്നുനല്‍കുന്നതും പ്രാര്‍ത്ഥനകളില്‍ വിശ്വസികള്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നതും പരിശുദ്ധാത്മാവാണ്. വിവിധ ജീവിതാന്തസ്സുകളിലേക്കു വിശ്വാസികളെ തിരഞ്ഞെടുത്തു നയിക്കുന്നതും സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു ശക്തിനല്‍കുന്നതും സഭയുടെ പരിശുദ്ധിയെ പരിരക്ഷിക്കുന്നതും പരിശുദ്ധാത്മാവായ ദൈവമാണ്.
2. രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിര്‍ണ്ണായകമായ സ്ഥാനത്തെ വിശുദ്ധഗ്രന്ഥം സവിശേഷമായി ഊന്നിപ്പറയുന്നുണ്ട്. രൂപരഹിതവും ശൂന്യവുമായ അനാദിയിലെ ആഴങ്ങള്‍ക്കുമീതെ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവാണ് (Ruah Elohim) സകലസൃഷ്ടി കര്‍മ്മത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഉല്‍പത്തിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട് (ഉല്‍പ 1:2). പിതാവും വചനവും അരൂപിയും ചേര്‍ന്നു നടത്തുന്ന രക്ഷാപദ്ധതി യുഗങ്ങളുടെ പൂര്‍ണ്ണതവരെ (ഗലാ 4:4) മനുഷ്യബുദ്ധിക്കു മുന്നില്‍ ആവൃതമായ രഹസ്യമാണ്.
മനുഷ്യനില്‍ ജീവശ്വാസമായി പ്രവേശിച്ച പരിശുദ്ധാരൂപി അവന് ദൈവികമായ ഛായയും സാദൃശ്യവും നല്‍കി. എന്നാല്‍ പാപത്തിലൂടെ മനുഷ്യന്‍ അവ നഷ്ടമാക്കിയപ്പോള്‍, മനുഷ്യാവതാരം ചെയ്ത ദൈവപുത്രനില്‍ സത്താപരമായ ദൈവഛായയും സാദൃശ്യവും തീര്‍ത്തുകൊണ്ട് പരിശുദ്ധാരൂപി പരി.ത്രിത്വത്തിന്‍റെ രക്ഷാപദ്ധതി പരിപൂര്‍ത്തിയിലെത്തിച്ചു. അബ്രാഹം മുതലുള്ള സകലപൂര്‍വ്വികരോടുമുള്ള ദൈവത്തിന്‍റെ വാഗ്ദാനം നിറവേറ്റിയത് പരിശുദ്ധാത്മാവാണ്. പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ ദൈവികസന്ദേശം ദൈവജനത്തിനു നല്‍കിയതും പരിശുദ്ധാത്മാവാണ്. ചുരുക്കത്തില്‍ പന്തക്കുസ്താദിനത്തില്‍ മാത്രം രംഗപ്രവേശം ചെയ്ത ദൈവമല്ല പരിശുദ്ധാത്മാവ്. രക്ഷാകരചരിത്രത്തിലുടനീളം അവിടുത്തെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു.
3. പഴയനിയമത്തില്‍ ദൈവദത്തമായ നിയമങ്ങളിലൂടെയാണ് പരിശുദ്ധാത്മസാന്നിധ്യം ദൈവജനം അനുഭവിച്ചറിഞ്ഞിരുന്നത്. എന്നാല്‍ മനുഷ്യനെ രക്ഷിക്കുന്നതില്‍ നിയമത്തിനുള്ള അപര്യാപ്തത തിരിച്ചറിഞ്ഞ പരിശുദ്ധാത്മാവ് രക്ഷാകരപദ്ധതിയുടെ പൂര്‍ണ്ണതയായ മിശിഹായുടെ ജനനത്തിനു വഴിയൊരുക്കുകയായിരുന്നു. വരാനിരിക്കുന്ന മിശിഹായെ ദൈവാരൂപിയുടെ വാസഗേഹമായും ജ്ഞാനത്തിന്‍റെയും ശക്തിയുടെയും അറിവിന്‍റെയും അരൂപിയായുമാണ് ഏശയ്യാ ചിത്രീകരിക്കുന്നത് (ഏശ 11:1-2). "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്" എന്ന പ്രഖ്യാപനത്തോടെയാണ് ഈശോ തന്‍റെ പരസ്യജീവിതം സമാരംഭിക്കുന്നത് (ലൂക്കാ 4:18-19; ഏശ 61:1-2). തന്‍റെ മരണോത്ഥാനങ്ങളിലൂടെ ഈശോ ശിഷ്യര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കി (യോഹ 20:22). ഈശോയുടെ തുടര്‍ച്ചയായ തിരുസ്സഭയുടെ ആരംഭം പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെയാണു സംഭവിക്കുന്നത് (അപ്പ 2).പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന സഭയുടെ പ്രധാന വിശ്വാസ പ്രബോധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നവയാണ്.
4. ആര്യന്‍ പാഷ്ണഡതയ്ക്കെതിരേ ചേര്‍ന്ന നിഖ്യാസൂനഹദോസ് പരിശുദ്ധാത്മാവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ടെങ്കിലും പ്രാധാനമായും പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണ് ഊന്നിപ്പറഞ്ഞത്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രബോധനത്തില്‍ നിഖ്യാസൂനഹദോസ് പുലര്‍ത്തിയ മൗനത്തെ മുതലെടുത്തുകൊണ്ട് എവുണോമിയനിസം, മാസിഡോണിയനിസം എന്നീ പാഷണ്ഡതകള്‍ രംഗപ്രവേശം ചെയ്തു. പരിശുദ്ധാത്മാവ് പിതാവിനും പുത്രനുമൊപ്പം ആരാധ്യനായ ദൈവിക വ്യക്തിയാണ് എന്ന സത്യത്തെ ഈ പാഷണ്ഡതകള്‍ നിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂനഹദോസ് (381) ചേരുന്നത്.കോണ്‍സ്റ്റാന്‍റിനോപ്പിളിലെ സൂനഹദോസ് പരിശുദ്ധാത്മാവിന് അഞ്ചുവിശേഷണങ്ങളാണു നല്‍കുന്നത്: കര്‍ത്താവ്, ജീവദാതാവ്, പിതാവില്‍നിന്നു പുറപ്പെടുന്നവന്‍, പിതാവിനും പുത്രനുമൊപ്പം ആരാധിച്ചുസ്തുതിക്കപ്പെടുന്നവന്‍, പ്രവാചകന്മാര്‍ വഴി സംസാരിച്ചവന്‍.
5. ദമാസൂസ് മാര്‍പാപ്പായുടെ പേരില്‍ അറിയപ്പെടുന്ന വിശ്വാസപ്രമാണത്തില്‍ (384) പരിശുദ്ധാത്മാവ് ജനിച്ചവനോ ജനിപ്പിക്കുന്നവനോ അല്ല (neither begotten nor unbegotten) എന്ന് ഏറ്റുപറയുന്നുണ്ട്. അവിടുന്ന് സൃഷ്ടിക്കപ്പെട്ടവനോ നിര്‍മ്മിക്കപ്പെട്ടവനോ അല്ല. പിതാവും പുത്രനുമായി നിത്യതയില്‍ തുല്യനും സാരംശത്തില്‍ ഒന്നായവനുമാണ് പരിശുദ്ധാത്മാവ് എന്ന് ഈ വിശ്വാസപ്രമാണം ഏറ്റുപറയുന്നു (D 71). ഇതേവിശ്വാസം രണ്ടാം ലിയോണ്‍സ് കൗണ്‍സിലും (1274) ഏറ്റുപറയുന്നുണ്ട് (D 853).
6. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഏറ്റവും വിശദമായ പ്രബോധനം 675ലെ തൊളേദോ പ്രാദേശിക കൗണ്‍സിലിന്‍റേതാണ്. പില്‍ക്കാല ത്രിത്വവിജ്ഞാനീയത്തിന്‍റെ ആധാരമായി പരിഗണിക്കപ്പെടുന്ന ഈ കൗണ്‍സിലിന്‍റെ പരിശുദ്ധാത്മപ്രബോധനങ്ങള്‍ താഴെപ്പറയുന്നവയാണ് (D 527):- പരിശുദ്ധാത്മാവ് പരി.ത്രിത്വത്തിലെ മൂന്നാമത്തെ ആളാണ്.- പിതാവിനും പുത്രനുമൊപ്പം സത്തയിലും പ്രകൃതിയിലും സാരാംശത്തിലും തുല്യനായ ദൈവമാണ് പരിശുദ്ധാത്മവ്.- ജനിച്ചവനോ സൃഷ്ടിക്കപ്പെട്ടവനോ അല്ലാത്തപരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനും പിതാവിന്‍റെയും പുത്രന്‍റെയും ആത്മാവുമാണ്. -പരിശുദ്ധാത്മാവ് ജനിപ്പിക്കപ്പെട്ടവനല്ല. ജനിപ്പിക്കപ്പെട്ടവനാണെങ്കില്‍ പിതാവിന് രണ്ടു പുത്രന്മാരുണ്ടെന്നു കരുതേണ്ടിവരുമായിരുന്നു. -പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നവനല്ല; ജനിപ്പിക്കുന്നവനായിരുന്നെങ്കില്‍ യേശുവിന് രണ്ടുപിതാക്കന്മാര്‍ ഉണ്ടെന്നു കരുതേണ്ടിവരുമായിരുന്നു. - പരിശുദ്ധാത്മാവ് ഒരേസമയം പിതാവിന്‍റെയും പുത്രന്‍റെയും സ്നേഹവും വിശുദ്ധിയുമാണ്. - പുത്രനെ അയച്ചത് പിതാവാണെങ്കില്‍ പരിശുദ്ധാത്മാവിനെ അയക്കുന്നത് പിതാവും പുത്രനും ചേര്‍ന്നാണ്.- പരിശുദ്ധാത്മാവ് പിതാവിനെയും പുത്രനെയുംകാള്‍ യാതൊരുവിധത്തിലും തുല്യതയിലോ ആരാധ്യതയിലോ കുറവില്ലാത്തവനാണ്.
7. പോള്‍ ആറാമന്‍ മാര്‍പാപ്പാ 1968ല്‍ പ്രസിദ്ധീകരിച്ച സത്യവിശ്വാസപ്രഖ്യാപനത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് മേല്‍പറഞ്ഞ വിശ്വാസസത്യങ്ങളെല്ലാം ഏറ്റുപറയുന്നുണ്ട്. എന്നാല്‍ പൗരസ്ത്യസഭകളുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട്, പരിശുദ്ധാത്മാവ് പുത്രനില്‍നിന്നും (filioque) പുറപ്പെടുന്നു എന്ന പ്രബോധനം ഈ വിശ്വാസപ്രഖ്യാപനത്തില്‍ ഒഴിവാക്കിയിട്ടുണ്ട് (ND 39). തന്‍റെ മരണോത്ഥാനങ്ങള്‍ക്കുശേഷം പിതാവിന്‍റെ പക്കലേക്ക് ആരോഹണം ചെയ്ത ഈശോയാണ് പരിശുദ്ധാത്മാവിനെ അയച്ചതെന്നും പരിശുദ്ധാത്മാവ് സഭയെ പ്രകാശിപ്പിക്കുകയും സജീവമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നും പഠിപ്പിക്കുന്നു. തന്‍റെ വരപ്രസാദത്തെ നിഷേധിക്കാത്തവരെ പരിശുദ്ധാത്മാവ് വിശുദ്ധീകരിക്കുന്നു. നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളിലേക്കിറങ്ങി സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂര്‍ണ്ണരാകാന്‍ (മത്താ 5:48) നമ്മെ പ്രാപ്തരാക്കുന്നതും പരിശുദ്ധാത്മാവാണെന്ന് പോള്‍ ആറാമന്‍മാര്‍പാപ്പാ പഠിപ്പിക്കുന്നുണ്ട്.
8. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ഏറ്റവും പുതിയപ്രബോധനം Dominum ef vivificantem എന്ന പേരില്‍ ജോണ്‍പോള്‍ രണ്ടാമന്‍ 1986 ല്‍ പുറപ്പെടുവിച്ച ശ്ലൈഹികപ്രബോധമാണ്: "ദൈവം സ്നേഹമാകയാല്‍ ദൈവത്തിന്‍റെ ആന്തരികതസ്നേഹമാണ്. ഈ സ്നേഹത്തിന്‍റെ വ്യക്തിരൂപം പരിശുദ്ധാത്മാവാണ്" പിതാവും പുത്രനും തമ്മിലുള്ള സ്നേഹത്തിന്‍റെ വ്യക്തിരൂപമായ പരിശുദ്ധാത്മാവ് ത്രിത്വത്തിലെ അജന്യമായ സ്നേഹസമ്മാനമാണ് (Love-Gift). ദൈവികതയിലെ സ്വയംദാനത്തിന്‍റെ വ്യക്തിരൂപമാണ് പരിശുദ്ധാത്മാവ്. വ്യക്തിദാനവും വ്യക്തിരൂപവുമായ പരിശുദ്ധാത്മാവ് ത്രിത്വൈകകൂട്ടായ്മയുടെ ചാലകശക്തിയാണ് (DV,10).
പരിശുദ്ധാത്മാവിന്‍റെ പ്രതീകങ്ങള്‍
പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന നിരവധി അടയാളങ്ങളും പ്രതീകങ്ങളും തിരുസ്സഭയിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:
(a) ജലം പരിശുദ്ധാത്മാവിലുള്ള പുതുജനനത്തെ സൂചിപ്പിക്കുന്ന മാമ്മോദീസായുടെ പ്രതീകമാണ് (യോഹ 3:5). ക്രൂശിതനായ ക്രിസ്തുവിന്‍റെ പാര്‍ശ്വത്തില്‍ നിന്നൊഴുകിയ ജലം (യോഹ 19:34) പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണ്. നിത്യജീവനിലേക്കു നമ്മെ ആനയിക്കാന്‍ ഈ ജലത്തിനു കഴിയും (1 യോഹ 4:10-14; 1 കോറി 10:4).
(b) തൈലം കൊണ്ടുള്ള അഭിഷേകം പരിശുദ്ധാത്മപ്രതീകമായി ആദിമസഭയില്‍ പരിഗണിക്കപ്പെട്ടിരുന്നു (1 യോഹ 2:20,27). സ്ഥൈര്യലേപനമെന്ന കൂദാശയെ തൈലാഭിഷേകം എന്നു വിളിക്കാനുള്ള കാരണമിതാണ്. മിശിഹാ അഭിഷിക്തനായതുപോലെ അവനില്‍ വിശ്വസിക്കുന്നവനും പരിശുദ്ധാത്മാവിനാല്‍ അഭിക്ഷിക്തനാകുന്നു എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
(c) അഗ്നി പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രതീകമാണ്. തീനാവുകളുടെ രൂപത്തില്‍ പന്തക്കുസ്താനാളില്‍ എഴുന്നള്ളിവന്ന പരിശുദ്ധാത്മാവിന്‍റെ രൂപാന്തരീകരിക്കാനും ശുദ്ധീകരിക്കാനുമുള്ള കഴിവാണ് ഈ പ്രതീകത്തിലൂടെ പ്രകടമാകുന്നത് (അപ്പ 2:3-4; 1 തെസ്സ 5:19).
(d) മേഘവും പ്രകാശവും പരിശുദ്ധാത്മസാന്നിധ്യത്തെ സൂചിപ്പിക്കുന്ന പ്രതീകങ്ങളാണ്. സീനായിമലയിലും (പുറ 24:15-18), രൂപാന്തരീകരണമലയിലും (ലൂക്കാ 9:34-35), സ്വര്‍ഗ്ഗാരോഹണസമയത്തും (അപ്പ 1:9) ഈ പ്രതീകങ്ങള്‍ പരിശുദ്ധാത്മസാന്നിധ്യത്തെ വെളിപ്പെടുത്തുന്നുണ്ട്.
(e) "മുദ്രപതിക്കുക"എന്നതും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന പദപ്രയോഗമാണ് (യോഹ 6:27). മാമ്മോദീസാ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകളിലൂടെ പരിശുദ്ധാത്മാവ് ആത്മാവില്‍ മായാത്ത മുദ്ര (sphragis) പതിക്കുന്നതിനാല്‍ അവ ആവര്‍ത്തിക്കാനാവാത്ത കൂദാശകളാണ്.
(f) കരങ്ങള്‍വച്ചു പ്രാര്‍ത്ഥിക്കുന്ന കൈവയ്പുശുശ്രൂഷയെ പരിശുദ്ധാത്മാവിനെ നല്‍കുന്ന കര്‍മ്മക്രമമായി ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട് (അപ്പ 5:12; 14:3). വി.കുര്‍ബ്ബാനയിലെ റൂഹാക്ഷണപ്രാര്‍ത്ഥനയിലും തിരുപ്പട്ടം നല്‍കുന്ന ശുശ്രൂഷയിലും പരിശുദ്ധാത്മാവിന്‍റെ ആഗമനം കൈവയ്പുശുശ്രൂഷയിലൂടെയാണ് സംഭവിക്കുന്നത് എന്ന് സഭ വിശ്വസിക്കുന്നു.
(g) പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്ന മറ്റൊരു ശക്തമായ പ്രതീകം പ്രാവാണ്. നോഹയുടെ പെട്ടകത്തിലേക്ക് ഒലിവിലയുമായി തിരിച്ചെത്തിയ പ്രാവ് പ്രത്യാശയുടെയും പുതിയജീവിതത്തിന്‍റെയും പ്രതീകമാണ് (ഉല്‍പ 8:8-12). യേശുവിന്‍റെ മാമ്മോദീസാവേളയില്‍ പ്രത്യക്ഷനായ പ്രാവ് പരിശുദ്ധാത്മാവിനെയാണ് പ്രതീകവല്‍ക്കരിക്കുന്നത്.
holy sprit holy trinity incarnation Holy Spirit and the church Holy Spirit in the the Bible symbols of the Holy Spirit Teaching of the church Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206