x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ആരാധനാക്രമ ദൈവശാസ്ത്രം

തിരുപ്പട്ടം

Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 16-Aug-2022

അദ്ധ്യായം 6

തിരുപ്പട്ടം

213. സഭാഗാത്രത്തിന്റെ നിർമ്മാണത്തിനും നവീകരണത്തിനുമായി സഭാംഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ കൈവയ്‌പിലൂടെ പൗരോഹിത്യത്തിന്റെ വിവിധ പദവികളിലേക്ക് അഭിഷേഗിച്ചു നിയോഗിക്കുന്ന കൂദാശയാണ് തിരുപ്പട്ടം (Holy Orders). നിത്യപുരോഹിതനായ ഈശോമിശിഹാ തന്റെ രക്ഷാകർമ്മം ലോകാവസാനം വരെ തുടർന്നുകൊണ്ടുപോകാൻ ശ്ലീഹന്മാരെ നിയോഗിച്ചു. തന്നോടുകൂടി ആയിരിക്കാനും പ്രസംഗിക്കാൻ അയയ്ക്കാനും പിശാചുക്കളെ ബഹിഷ്കരിക്കാൻ അധികാരം നല്കാനുമായി ഈശോ തന്റെ പന്ത്രണ്ടു ശ്ലീഹന്മാരെ നിയോഗിച്ചു (മർക്കോ 3:13-15).

I മിശിഹാ: പഴയനിയമപൗരോഹിത്യത്തിന്റെ പൂർണ്ണതയും സാക്ഷാത്കാരവും

214. ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത് രക്ഷിച്ച് വാഗ്ദത്തനാട്ടിലേക്കാനയിച്ച പഴയനിയമജനതതിയെ ഒരു പുരോഹിതഗണമായാണ് രൂപപ്പെടുത്തിയത്: “നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും" (പുറ 19:6). ഈ ജനത്തിൽനിന്നുതന്നെ തന്റെ ശുശ്രൂഷയ്ക്കായി ലേവീഗോത്രത്തെ ദൈവം പ്രത്യേകമായി നിയോഗിച്ചു (സംഖ്യ 1:48-53). പിതാവായ ദൈവത്തിന്റെ തിരുമനസ്സിന് മരണത്തോളം വിധേയനായി തന്നെത്തന്നെ സമർപ്പിച്ച നിത്യപുരോഹിതനും നിത്യബലിയുമാണ് ഈശോ. അബ്രാഹത്തെ അനുഗ്രഹിക്കാൻ അപ്പവും വീഞ്ഞുമായി വന്ന ശാലേമിലെ രാജാവായ മെൽക്കിസദേക്ക് (ഹെബ്രാ 7:1-10) രാജാക്കന്മാരുടെ രാജാവും നിത്യപുരോഹിതനുമായ ഈശോയുടെ മുൻരൂപമായിരുന്നു.

215. ജനത്തിന്റെ പാപപരിഹാർത്ഥം സ്വസഹോദരങ്ങളോടു സദ്യശനാകുകയും പീഡകൾ സഹിക്കുകയും ചെയ്ത ഈശോ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ കഴിവുള്ള പുരോഹിതനാണ് (ഹെബ്രാ 2:17-19). പ്രാർത്ഥനകളും യാചനകളും സഹനങ്ങളും വഴി ഈശോ അനുസരണം അഭ്യസിക്കുകയും തനിക്കു വിധേയരാകുന്ന എല്ലാവരുടെയും നിത്യരക്ഷയുടെ ഉറവിടമായിത്തീരുകയും ചെയ്തു (ഹെബ്രാ 5:7-10). പാപപരിഹാരാർത്ഥം തന്നെത്തന്നെ ഒരിക്കൽ മാത്രം എന്നേക്കുമായി ഒരിക്കൽ സമർപ്പിച്ച ശ്രഷ്‌ഠപുരോഹിതനാണ് ഈശോ (ഹെബ്രാ 7:27-28). ബലിയും കാഴ്ചകളുമായി ഒരു വിശുദ്ധ സ്ഥലത്തേക്കല്ല ലോക പാപപരിഹാരാർത്ഥം തന്നെത്തന്നെ സമർപ്പിച്ച് നമുക്കുവേണ്ടി സ്വർഗ്ഗരാജ്യത്തിലേക്കാണ് അവൻ പ്രവേശിച്ചത് (ഹെബ്രാ 9:23-26). അവിടെ എന്നെന്നേക്കും ഈശോ തന്റെ മാദ്ധ്യസ്ഥ്യം തുടരുകയും ചെയ്യുന്നു (ഹെബ്രാ 7:25).

ദൈവത്തിനും മനുഷ്യനുമിടയിലെ ഏക മദ്ധ്യസ്ഥനാണ് മിശിഹാ (1 തിമോ 2:5). തന്റെ ഏകബലിയുടെ പാപമോചനശക്തിയും രക്ഷാകരഫലങ്ങളും മനുഷ്യവർഗ്ഗംമുഴുവനും എക്കാലവും പകർന്നുനല്കാൻ ഈശോ സ്ഥാപിച്ച കൂദാശയാണ് പൗരോഹിത്യം.

II മിശിഹാ: പുതിയനിയമപൗരോഹിത്യത്തിന്റെ ഉറവിടവും അടിസ്ഥാനവും

216. ദൈവരാജ്യത്തിന്റെ സദ്വാർത്ത ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന് അജപാലനശുശ്രൂഷചെയ്യുകയും രക്ഷിക്കപ്പെട്ട ദൈവജനത്തെ സമയത്തിന്റെ പൂർണതയിൽ ഒന്നിച്ചുചേർക്കുന്നതിന് മദ്ധ്യസ്ഥനായിത്തീരുകയും ചെയ്യുന്നതാണ് മിശിഹായുടെ ദൗത്യം. അതിനുവേണ്ടിയുള്ള അവിടത്തെ ആത്മസമർപ്പണത്തിന്റെ പാരമ്യമായിരുന്നു കുരിശുമരണം. പ്രഥമസുറിയാനി സഭാപിതാവായി അറിയപ്പെടുന്ന അഫ്രാത്ത് (345-350) പുരോഹിതനെ മിശിഹായുടെ പ്രതിച്ഛായയായി അവതരിപ്പിക്കുന്നു. ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന ഇടയൻ ആയിത്തീരണം പുരോഹിതൻ എന്ന് ഇടയന്മാരെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ അഫ്രാത്ത് പഠിപ്പിക്കുന്നു.

217. ഈശോ അന്ത്യഅത്താഴവേളയിൽ വിശുദ്ധ കുർബാനയോടൊപ്പം പൗരോഹിത്യവും സ്ഥാപിച്ചു. മിശിഹായുടെ രണ്ടാമത്തെ ആഗമനംവരെ ലോകത്തിൽ നിത്യകാലം തുടരേണ്ട അവിടുത്തെ ഏകബലിയിലുള്ള പങ്കുചേരലാണ് വിശുദ്ധ കുർബാനയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു (1 കോറി 11:26). ഉത്ഥിതനായ ഈശോ ശ്ലീഹന്മാരുടെ മേൽ നിശ്വസിച്ച് അവർക്കു പരിശുദ്ധാത്മാവിനെ നല്കുകയും അവരെ പാപമോചനാധികാരം ഏല്പിക്കുകയും ചെയ്തു (യോഹ 20:21-23). വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവ് പന്തക്കുസ്താദിനത്തിൽ തീനാവുകളുടെ രൂപത്തിൽ ശ്ലീഹന്മാരിൽ വന്നുനിറയുകയും അവരെല്ലാവരും ആത്മാവിന്റെ ശക്തി ധരിച്ച് സുവിശേഷ പ്രഘോഷണം നിർവ്വഹിക്കുകയും മാനസാന്തരപ്പെട്ടവർ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു.

ശ്ലീഹന്മാരിലൂടെ ആരംഭമിട്ട പൗരോഹിത്യം, ജീവിക്കുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യത്താൽ ശുശ്രൂഷകളുടെയും പദവികളുടെയും വൈവിധ്യത്തിലൂടെ സഭയിൽ നിയതരൂപം പ്രാപിച്ചു.

പൊതുപൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും

218. വിശ്വാസികളുടെ സമൂഹമായ സഭ പുരോഹിതജനമാണ്. അവർ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനപദവുമാണ് (1 പത്രോ 2:9). മാമ്മോദീസ സ്വീകരിച്ചവർ തങ്ങളുടെ പൊതുപൗരോഹിത്യം അഥവാ രാജകീയ പൗരോഹിത്യം, മാമ്മോദീസയിലൂടെ ലഭിച്ചിരിക്കുന്ന കൃപയുടെ വളർച്ചയിലും ദൗത്യത്തിലുമാണ് വെളിവാക്കുന്നത്. പുരോഹിതനോടു ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചും ബലിജീവിതം നയിച്ചും അവർ ഈ ദൗത്യം നിർവഹിക്കുന്നു. മെത്രാന്മാരുടെയും വൈദികരുടെയും ശുശ്രൂഷാ പൗരോഹിത്യം രാജകീയപുരോഹിതഗണത്തിനു ശുശ്രൂഷ ചെയ്യുന്നതിലാണ് അടങ്ങിയിരിക്കുക. മിശിഹാ തന്റെ സഭയെ അവിരാമം പടുത്തുയർത്തുകയും നയിക്കുകയും ചെയ്യുന്നത് ശുശ്രൂഷാപൗരോഹിത്യം വഴിയാണ്.

III ശുശ്രൂഷാ പൗരോഹിത്യത്തിന്റെ പദവികൾ

219. തിരുപ്പട്ടം എന്ന കൂദാശകൊണ്ട് അർത്ഥമാക്കുന്നത് മൂന്നു പട്ടങ്ങളെയാണ്. ശ്ലീഹന്മാരുടെ സ്ഥാനത്തുള്ള മെത്രാന്റെ ശ്ലൈഹികശുശ്രൂഷ (അപ്പ 20:28; 1 തിമോ 3:1; തീത്തോ 1:7; ഫിലി 1:1), ശ്രേഷ്ഠന്മാരുടെ സ്ഥാനത്തുള്ള വൈദികശുശ്രൂഷ, മ്ശംശാനാമാരുടെ (ഡീക്കന്മാരുടെ) സ്ഥാനത്തുള്ള സേവനശുശ്രൂഷ (അപ്പ 6: 16; ഫിലി 1:1; 1 തിമോ 3:8). ഇവയിൽ മെത്രാൻപട്ടവും പുരോഹിതപട്ടവുമാണ് മിശിഹായുടെ ശുശ്രൂഷാപൗരോഹിത്യത്തിന്റെ പദവികളായി പരിഗണിക്കപ്പെടുന്നത് (CCC 1554). മ്ശംശാനാമാരുടെ ശുശ്രൂഷ സഭയിൽ പൗരോഹിത്യത്തെ സഹായിക്കുകയും ശുശ്രൂഷിക്കുകയുമാണ്.

മെത്രാൻമാർ

220. ശ്ലീഹന്മാരുടെ പിൻഗാമികളും ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥരും പ്രാദേശിക ക്രിസ്തീയസമൂഹത്തിന്റെ മേൽനോട്ടക്കാരുമെന്ന നിലയിൽ മെത്രാൻ സഭയിൽ ശുശ്രൂഷയുടെ പ്രഥമസ്ഥാനം നിർവഹിക്കുന്നതായാണ് സഭാചരിത്രത്തിൽ നാം കാണുന്നത്. ഉന്നതശുശ്രൂഷയ്ക്കടുത്ത ആദരവും അദ്ദേഹത്തിനു സഭാസമൂഹം നല്കിപ്പോന്നു. മെത്രാനും വൈദികരും ഡീക്കന്മാരും അടങ്ങിയ പുരോഹിതശുശ്രൂഷയിൽ മെത്രാന്റെ ശ്രേഷ്ഠാചാര്യത്വം വിശുദ്ധ അപ്രേം എടുത്തുപറയുന്നുണ്ട്. “നീ പൗരോഹിത്യത്തിന്റെ കിരീടമാകുന്നു. നിന്നിൽ ശുശ്രൂഷ വിളങ്ങുന്നു. നീ വൈദികന് സഹോദരനും ഡീക്കന്മാർക്ക് നിയന്താവുമാകുന്നു. നീ യുവാക്കൾക്ക് നേതാവും നിർമ്മലകന്യകകൾക്ക് സംരക്ഷണമതിലുമാകുന്നു".

പൗരോഹിത്യകൂട്ടായ്മയിൽ മെത്രാൻ സ്നേഹത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്നു. വൈദികർ അദ്ദേഹത്തിന്റെ പ്രതിനിധികളും സഹപ്രവർത്തകരുമെന്ന നിലയിലും ഡീക്കന്മാർ വൈദികശുശ്രൂഷകരുടെ സഹായികളെന്ന നിലയിലും തങ്ങളുടെ ശുശ്രൂഷാധർമ്മം നിർവ്വഹിക്കുന്നു. പൗരോഹിത്യശുശ്രൂഷയുടെ സഭാത്മകമായ മാനം വ്യക്തമാക്കി, വിവിധ ശുശ്രൂഷാതലങ്ങളിലേക്ക് സഭയിൽനിന്നുള്ള തിരഞ്ഞെടുപ്പും, തുടർന്ന് സഭയുടെ നാമത്തിലുള്ള കൈവയ്പുവഴി അഭിഷേകശുശ്രൂഷയും നടത്തിപ്പോന്നു.

ഇതിന്റെ പ്രകാശനമെന്ന നിലയ്ക്കാണ് രണ്ടോ അതിലധികമോ മെത്രാന്മാർ ചേർന്ന് കൈവയ്പുവഴിയുള്ള മെത്രാഭിഷേകം നടത്തിയിരുന്നതും വൈദികഗണത്തിന്റെയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ മെത്രാന്മാർ പുരോഹിതപട്ടം നല്കിയിരുന്നതും. മെത്രാൻപട്ടമേല്ക്കുന്നവർ ശ്ലീഹന്മാരുടെ പിൻഗാമികളെന്ന നിലയിൽ ലോകം മുഴുവനിലുമുള്ള മെത്രാന്മാരോടുചേർന്ന് ഒരൊറ്റ ശ്ലൈഹികസംഘമായിത്തീരുന്നു. കത്തോലിക്കാസഭ മുഴുവന്റെയും ദൃശ്യതലവനായ മാർപാപ്പയോടുള്ള ഐക്യത്തിലും അന്യസരണത്തിലും കൂട്ടായ്മയിലും, തന്റെ സഹകാരികളായ വൈദികരുടെയും ഡീക്കന്മാരുടെയും സഹകരണത്തിലുംകൂടിയാണ് മെത്രാന്മാർ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്യുന്നത്.

വൈദികർ

221. പിതാവായ ദൈവം വിശുദ്ധീകരിച്ച് അയച്ച മിശിഹാ (യോഹ 10:36) ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർവഴി തന്റെ പൗരോഹിത്യത്തിലും ദൗത്യത്തിലും പങ്കുകാരാകാൻ തിരഞ്ഞെടുത്ത് അഭിഷേപിച്ചവരാണ് വൈദികർ (തിരുസഭ 28). മെത്രാനോടു വിധേയപ്പെട്ടും ഐക്യപ്പെട്ടും നിത്യപുരോഹിതനായ മിശിഹായുടെ പ്രതിപുരുഷനായി (ഹെബ്രാ 5:1-10; 7: 24; 9:11-28) സുവിശേഷം പ്രസംഗിക്കാനും ദൈവാരാധന നിർവഹിക്കാനും വിശ്വാസികളെ നയിക്കാനും ദൈവികമായ അധികാരം സ്വീകരിച്ചിട്ടുള്ളവരാണ് വൈദികർ. ഒരെയൊരു മദ്ധ്യസ്ഥനായ മിശിഹായുടെ ദൗത്യത്തിൽ (1 തിമോ 2:5) പങ്കാളികളായി വചനം പ്രഘോഷിച്ചും, ഈശോയുടെ പാപപരിഹാരബലി കൗദാശികമായി അർപ്പിച്ചും ഈശോയെ അനുകരിച്ച് പാപമോചനത്തിന്റെയും രോഗശാന്തിയുടെയും ശുശ്രൂഷ നിർവ്വഹിച്ചും, വിശ്വാസികളുടെ പ്രാർത്ഥനകളും യാചനകളും ദൈവസന്നിധിയിൽ സമർപ്പിച്ചും (ഹെബ്രാ 5:14) ദൈവജനത്തെ എകഹൃദയത്തോടെ സാഹോദര്യത്തിൽ അണിനിരത്തുന്ന അജപാലനശുശ്രൂഷയാണ് അവർ നിർവ്വഹിക്കുന്നത് (തിരുസഭ 28). പാപപരിഹാരാർത്ഥം തന്നെത്തന്നെ ബലിയർപ്പിച്ച നല്ല ഇടയനായ ഈശോയുടെ വ്യക്തിത്വത്തോട് അനുരൂപപ്പെടാനും, മിശിഹായുടെ പ്രബോധനത്തിന്റെയും വിശുദ്ധീകരണത്തിന്റെയും അജപാലനത്തിന്റെയും ത്രിവിധദൗത്യത്തിൽ പങ്കുചേരാനും വേണ്ടി വിളിക്കപ്പെട്ടവരാണ് പുരോഹിതർ (ഹെബ്രാ 5:4).

ഡീക്കന്മാർ

222. മെത്രാന്മാരുടെയും വൈദികരുടെയും പൗരോഹിത്യ ശുശ്രൂഷയിലെ സഹായികളാണ് ഡീക്കന്മാർ അഥവാ മ്ശംശാനമാർ. അവർക്ക് അജപാലനത്തിന്റെയും ദിവ്യരഹസ്യ ശുശ്രൂഷയുടെ ദൗത്യം ഭരമേല്പ്പിക്കപ്പെട്ടിരിക്കുന്നു.

‘ഡിയക്കോണിയ' എന്ന ഗ്രീക്കു പദത്തിന് ശുശ്രൂഷ, സേവനം എന്നാണർത്ഥം. മാലാഖമാർ ദൈവസന്നിധിയിലർപ്പിക്കുന്ന ശുശ്രൂഷയെ സൂചിപ്പിക്കുന്ന വാക്കാണ് സുറിയാനിയിൽ മ്ശംശാന എന്നുള്ളത്. ആദരണീയരും ദൈവാത്മാവും വിജ്ഞാനവുംകൊണ്ടു നിറഞ്ഞവരുമായ ഏഴുപേരെ ഈ ശുശ്രൂഷയ്ക്കായി സഭ തിരഞ്ഞെടുത്തതായി അപ്പസ്തോല പ്രവർത്തനത്തിൽ (അപ്പ 6:3-4) നാം വായിക്കുന്നു. ശ്ലീഹന്മാർ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും പൂർണമായി വ്യാപരിച്ചപ്പോൾ ഡീക്കന്മാർ, സഭയുടെ ദിവ്യരഹസ്യങ്ങളുടെയും ഉപവിപ്രവർത്തനങ്ങളുടേയും ശുശ്രൂഷകരായി സ്ഥാനമേറ്റു. തിരഞ്ഞെടുക്കപ്പെട്ട അവർ ശ്ലീഹന്മാരുടെ കൈവെപ്പിലൂടെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടു (അപ്പ 6:6). മെത്രാന്മാരുടെയും പുരോഹിതന്മാരുടെയും മുഖ്യസഹകാരികളെന്ന നിലയിൽ പ്രമുഖസ്ഥാനം വഹിച്ച ഡീക്കന്മാരെ വിശുദ്ധ പൗലോസ് ശ്ലീഹ അഭിസംബോധന ചെയ്യുന്നുണ്ട് (ഫിലി 1:1). സഭയിൽ ഡീക്കന്മാർക്കുണ്ടായിരിക്കേണ്ട ഉന്നതമായ ഗുണവിശേഷങ്ങളെക്കുറിച്ച് ശ്ലീഹ തിമോത്തിക്ക് എഴുതുന്നുണ്ട് (1 തിമോ 3:8-10). ആദിമസഭയിൽ വ്യതിരിക്തമായി നിർവഹിക്കപ്പെട്ടിരുന്ന ഈ ശുശ്രൂഷ പില്ക്കാലത്ത് പ്രധാനമായും വൈദികപട്ടമേല്ക്കുന്നവർ സ്വീകരിക്കുന്ന ഒരു മുൻപദവിയായി മാറി.

IV തിരുപ്പട്ടങ്ങളുടെ കർമ്മക്രമം

വിവിധ പട്ടങ്ങളുടെ അർത്ഥവും പ്രാധാന്യവും വ്യക്തമാക്കുന്നവയാണ് പട്ടങ്ങളുടെ ആരാധനാക്രമത്തിലെ പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും.

പുരോഹിതപട്ടക്രമം

223. പൗരോഹിത്യദൈവശാസ്ത്രത്തിന് അടിസ്ഥാനമായി വർത്തിക്കുന്നത് പുരോഹിത പട്ടക്രമത്തിന്റെ ശുശ്രൂഷയാണ്. അർഥിയുടെ ആദ്ധ്യാത്മിക ഒരുക്കത്തിന്റെ പ്രകാശനമായ വിശ്വാസപ്രതിജ്ഞയും മുടിമുറിക്കലുമാണ് സീറോമലബാർ പട്ടക്രമത്തിലെ കർമ്മക്രമത്തിലെ ആദ്യഘടകം.

224. രണ്ടാമത്തേത്, പട്ടക്രമത്തിലെ കൂദാശാഭാഗമാണ്. പരിശുദ്ധ റൂഹാ അർത്ഥിയുടെമേൽ ഇറങ്ങിവന്ന് പൗരോഹിത്യകൃപാദാനങ്ങൾ പകരുന്ന കൈവയ്‌പ്പ്പ്രാർത്ഥനകളാണ് ഇതിന്റെ കേന്ദ്രഭാഗം. തുടർന്ന് പുരോഹിതവസ്ത്രം ധരിപ്പിക്കൽ, സുവിശേഷഗ്രന്ഥം ഏല്പിക്കൽ എന്നിവയോടുചേർന്ന് പട്ടം നല്കൽ കൂദാശ പൂർണ്ണമാക്കിക്കൊണ്ടുള്ള റൂശ്മ എന്നിവയും നടത്തുന്നു.

225. മദ്ധ്യസ്ഥപ്രാർത്ഥനകളും കാനോനകളും ഗീതങ്ങളുമാണ് തുടർന്നുള്ളത്. പരിശുദ്ധ കന്യകാമറിയത്തോടും രക്തസാക്ഷികളോടും വിശുദ്ധരോടുമുള്ള സഹായാഭ്യർത്ഥനാപ്രാർത്ഥനകളെത്തുടർന്ന് സമാപാനാശീർവാദത്തോടെ പട്ടക്രമം സമാപിക്കുന്നു.

പ്രാരംഭകർമ്മങ്ങൾ

226. പുരോഹിതാർത്ഥി സത്യവിശ്വാസം ഏറ്റുപറയുകയും സഭയുടെ പ്രബോധനാധികാരത്തോടും, മാർപാപ്പയോടും രൂപതാദ്ധ്യക്ഷനോടുമുള്ള വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്യുന്നു.

മുടിമുറിക്കൽ

227. പാപഭാരത്തെ മിശിഹാ നീക്കിക്കളയുന്നതിന്റെ സൂചനയായി നടത്തുന്ന മുടിമുറിക്കൽ കർമ്മം ആത്മവിശുദ്ധീകരണത്തിന്റെ പൂർത്തീകരണമായ ഏറ്റവും അടുത്ത ഒരുക്കശുശ്രൂഷയാണ്.

കാനോനകൾ

228. പൗരോഹിത്യപട്ടക്രമത്തിൽ അഞ്ചു കാനോനകളാണുള്ളത്. സങ്കീർത്തനങ്ങളും പ്രാർത്ഥനകളും ഗീതങ്ങളുംചേർന്ന ഒരു പ്രാർത്ഥനാസമുച്ചയമാണ് പട്ടക്രമത്തിലെ കാനോന. ഇവയിൽ രണ്ടും മൂന്നും കാനോനകൾ ഐച്ഛികങ്ങളാണ്.

ഒന്നാമത്തെ കാനോന

229. ഒന്നാമത്തെ കാനോനയിലെ 84-ാം സങ്കീർത്തനത്തിൽ പുതിയനിയമദേവാലയത്തിലെ ശുശ്രൂഷകരായ പുരോഹിതർ കർത്താവിന്റെ ഭവനത്തിൽ അഭയവും സങ്കേതവും കണ്ടെത്തേണ്ടവരാണെന്നു സൂചിപ്പിക്കുന്നു.

പുരോഹിതന്റെ സമുന്നതസ്ഥാനത്തെ വ്യക്തമാക്കുന്നതാണ് “എത്ര സമുന്നതമിന്നു പുരോഹിതാ" എന്ന ഓനീസാ. "വരുവിൻ ധരയുടെ ലവണമിതാ" എന്ന ഗീതം പുരോഹിതൻ ലോകത്തിൽ ദൈവിക ചൈതന്യത്തിന്റെ രുചി പകരുന്ന ഉപ്പാണെന്ന് സൂചിപ്പിക്കുന്നു. തുടർന്ന്, ബലിയർപ്പണത്തിനുവേണ്ടിയുള്ള പുരോഹിത വസ്ത്രം അർത്ഥിയെ അണിയിക്കണമെന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു. ശുദ്ധിയുള്ള കരങ്ങളും വെടിപ്പുള്ള ഹൃദയവുമുള്ളവനായിത്തീരേണ്ടവനാണ് പുരോഹിതനെന്ന് തുടർന്നുവരുന്ന ധൂപശുശ്രൂഷയും ഓനീസയും വ്യക്തമാക്കുന്നു.

അർഥിയുടെ അഭിഷേകത്തിനുവേണ്ടിയുള്ള പ്രാർത്ഥനകൾ

230. സഭയിൽ ദൈവജനത്തിന്റെ ആദ്ധ്യാത്മികാഭിവൃദ്ധിക്കായി പുരോഹിതധർമ്മം നിർവഹിക്കാനും കൂദാശകൾ പരികർമ്മം ചെയ്യാനും വേണ്ടിയാണ് കൈവയ്പ്പുവഴിയുള്ള അഭിഷേകമെന്ന് ഈ കാനോനയുടെ അവസാനത്തിലുള്ള കാർമ്മികന്റെ പ്രാർത്ഥന അനുസ്മരിപ്പിക്കുന്നു.

രണ്ടാമത്തെ കാനോന

ദൈവത്തിന്റെ തിരഞ്ഞെടുപ്പും അഭിഷേകവും ദൗത്യവും സൂചിപ്പിക്കുന്ന സങ്കീർത്തനവും ഗീതവും പ്രാർത്ഥനയുമാണ് രണ്ടാമത്തെ കാനോനയിലുള്ളത്. മാമ്മോദീസനല്കുക, വിശുദ്ധ കുർബാന അർപ്പിക്കുക എന്നീ പൗരോഹിത്യധർമ്മങ്ങളനുഷ്ഠിക്കാനുള്ള വരങ്ങൾക്കുവേണ്ടി യാചിക്കുകയാണ് "നൃപനെ വാഴിക്കുന്നവനാം” എന്ന ഗീതത്തിലും തുടർന്നുവരുന്ന പ്രാർത്ഥനയിലുമുള്ളത്.

ഇക്കാര്യം അനുസ്മരിച്ചുകൊണ്ട്, ആർച്ചുഡീക്കനാൽ ആനയിക്കപ്പെട്ട്, പുരോഹിതാർത്ഥി ബലിപീഠവും മാമ്മോദീസാത്തൊട്ടിയും ചുംബിക്കുന്നു.

മൂന്നാമത്തെ കാനോന

232. കർത്താവിന്റെ പ്രമാണത്തെ ആശ്രയിക്കുന്നവനെ വിവേകവും വിജ്ഞാനവും പഠിപ്പിക്കണമെന്നും, അവനിൽ കർത്താവിന്റെ വാഗ്ദാനപ്രകാരം അവിടത്തെ കൃപ ചൊരിയണമെന്നും 118-ാം സങ്കീർത്തനഭാഗവും ഗീതവുമാലപിച്ച് മൂന്നാം കാനോനയിൽ പ്രാർഥിക്കുന്നു. പകരം ചൊല്ലാവുന്ന 131-ാം സങ്കീർത്തനഭാഗവും ഗീതവും അഭിഷിക്തനോടുള്ള കർത്താവിന്റെ വിശ്വസ്തതയെ ഉദ്ഘോഷിക്കുന്നതും, വൈദികനുവേണ്ട വരദാനങ്ങൾക്കായി അപേക്ഷിക്കുന്നതുമാണ്. മനുഷ്യനെ കാത്തുപരിപാലിക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യത്തെ പ്രകീർത്തിക്കുന്ന 36-ാം സങ്കീർത്തനഭാഗവും പൗരോഹിത്യപരിശുദ്ധി വൈദികനിൽ ചൊരിയണമെന്നു പ്രാർത്ഥിക്കുന്ന ഗീതവും മൂന്നാം കാനോനയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്.

233. പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ അർഥവും പ്രസക്തിയും വെല്ലുവിളികളും അവതരിപ്പിക്കുന്ന പഴയനിയമ, പുതിയനിയമ വായനകൾ ഉൾക്കൊള്ളുന്ന വചനശുശ്രൂഷ വിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയുടെ മാതൃകയിൽ നല്കിയിരിക്കുന്നു. വിശുദ്ധ ഗ്രന്ഥവായനകൾക്കും പ്രസംഗത്തിനുശേഷം വരുന്ന കാറോസൂസയിൽ പൗരോഹിത്യശുശ്രൂഷയിലേക്കു പ്രവേശിക്കുന്ന അർഥിയുടെ ജീവിതത്തിലെയും ശുശ്രൂഷയിലെയും നിരവധിയായ ആവശ്യങ്ങളെടുത്ത് പറഞ്ഞ് ആരാധനാസമൂഹം പ്രാർഥിക്കുന്നു.

നാലാമത്തെ കാനോനാ

234. തിരുപ്പട്ടശുശ്രൂഷയിലെ പ്രധാന കർമ്മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ കാനോന സ്വർഗത്തിൽനിന്ന് ദൈവകൃപ സ്വീകരിക്കാനൊരുങ്ങുന്ന പുരോഹിതാർത്ഥിയുടെയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടുനില്ക്കുന്ന ആരാധനാസമൂഹത്തിന്റെയും മനോഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നു. അവർ കർത്താവിന്റെ കാരുണ്യം പ്രതീക്ഷിച്ചു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തുകയും (സങ്കീ 122:1) അവിടത്തെ കരുണ ലഭിക്കുന്നതുവരെ ഏകാഗ്രചിത്തമായി കർത്താവിനെത്തന്നെ നോക്കിയിരിക്കുകയും ചെയ്യുന്നു (സങ്കീ 122:3).

പുരോഹിതന്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്ന പ്രാർത്ഥനകളാണ് തുടർന്നുവരുന്നത്. ബലിപീഠത്തിൽ ശുശ്രൂഷ ചെയ്യുക, സഭയിൽ ദൈവസ്തുതി ഉയർത്തുക, ദൈവത്തിന്റെ അജഗണത്തെ അവിടത്തെ വിസ്മയനീയസത്യങ്ങൾ അറിയിക്കുക എന്നിവയാണ് പ്രധാനപ്പെട്ട പുരോഹിതദൗത്യങ്ങൾ.

കൂദാശാഭാഗം

235. ശ്ലീഹന്മാരുടെ മേൽ അഗ്നിനാവുകളുടെ രൂപത്തിൽ വന്നിറങ്ങിയ പരിശുദ്ധ റൂഹാ (അപ്പ 2:14) പുരോഹിതാർത്ഥിയിൽ വന്നിറങ്ങി അദ്ദേഹത്തിന് പൗരോഹിത്യവരം നല്കണമെന്നു യാചിക്കുന്ന ഗീതമാണ് തുടർന്നുള്ളത്.

മൂന്നു പ്രാർത്ഥനകൾ ചേർന്നതാണ് പട്ടക്രമത്തിന്റെ കൂദാശാ ഭാഗം. ഒന്നാമത്തേത്, എല്ലാ പ്രധാന ആരാധനാ കർമ്മങ്ങളിലെയും പോലെ കാർമ്മികൻ ദൈവികശുശ്രൂഷ പൂർത്തിയാക്കാൻ മിശിഹായുടെ കൃപ അപേക്ഷിച്ച് തനിക്കുവേണ്ടിത്തന്നെ നടത്തുന്ന താഴ്ന്നസ്വരത്തിലുള്ള അർത്ഥനയാണ്. രണ്ടാമത്തേതും മൂന്നാമത്തേയും കൈവയ്‌പ്പ്പ്രാർത്ഥനകളും.

കൈവയ്‌പ്പ്പ്രാർത്ഥനകൾ

236. മെത്രാൻ ഇടത്തുകൈ യാചനാരൂപത്തിൽ നീട്ടിപ്പിടിച്ചും വലത്തുകൈ പട്ടം സ്വീകരിക്കുന്ന ആളിന്റെ മേൽ ഉയർത്തിപ്പിടിച്ചുമാണ് ഒന്നാം കൈവപ്പ്പ്രാർത്ഥന ചൊല്ലുന്നത്. എന്നാൽ, വലത്തുകരം അർത്ഥിയുടെ ശിരസ്സിൽ വച്ചുകൊണ്ടാണ് രണ്ടാം കൈവപ്പ്പ്രാർത്ഥന. ഉന്നതത്തിൽനിന്ന് പരിശുദ്ധ റൂഹായുടെ കൃപാവരം കൈക്കൊണ്ട മെത്രാന്റെ കരങ്ങൾവഴി അർത്ഥിയുടെ മേൽ പരിശുദ്ധാത്മാവിന്റെ കൃപാവരം വർഷിക്കപ്പെടുന്നുവെന്ന് ഇത് അർഥമാക്കുന്നു.

ദൈവതിരുമുമ്പിൽ സമർപ്പിക്കപ്പെടുന്ന അർത്ഥിയുടെ മേൽ പരിശുദ്ധാത്മാവിന്റെ കൃപാവരം ഇറങ്ങിവന്ന് പൗരോഹിത്യ ശുശ്രൂഷയുടെ നിർവഹണത്തിന് അർത്ഥിയെ പൂർണനാക്കണമെന്നാണ് ഒന്നാമത്തെ കൈവപ്പ്പ്രാർത്ഥനയിൽ മെത്രാൻ യാചിക്കുന്നത്.

ദൈവവചനം പ്രഘോഷിക്കുന്നതിനും കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും സഭാമക്കളെ ദൈവോന്മുഖരായി വളർത്തുന്നതിനുമായി അർത്ഥിയെ പൗരോഹിത്യത്തിലേക്ക് തിരഞ്ഞെടുക്കണമെന്ന് രണ്ടാമത്തെ കൈവപ്പ്പ്രാർത്ഥനയിൽ യാചിക്കുന്നു. പൗരോഹിത്യശുശ്രൂഷയുടെ നിർവഹണത്തിലൂടെ പുരോഹിതാർത്ഥി സ്വർഗസൗഭാഗ്യത്തിന് അർഹനാകാൻ വേണ്ടിയും മെത്രാൻ പ്രാർത്ഥിക്കുന്നുണ്ട്.

237. കൈവപ്പ്പ്രാർത്ഥനകൾക്കുശേഷം നവവൈദികനെ പുരോഹിതവസ്ത്രം ധരിപ്പിക്കുന്നു; വഴിയും സത്യവും ജീവനുമായ ഈശോയെ പ്രഘോഷിക്കാൻ സുവിശേഷഗ്രന്ഥവും നല്കുന്നു.

സമാപന കാനോനയും പ്രാർത്ഥനകളും

238. നവവൈദികനുവേണ്ടി ആരാധനാസമൂഹം നടത്തുന്ന പ്രാർത്ഥനകളും അപേക്ഷകളുമാണ് തുടർന്നുള്ള കാനോനായിലും ഗീതങ്ങളിലുമുള്ളത്. സമാപനകാനോനയുടെ സമയത്ത് അർക്കദിയാക്കോനാൽ ആനയിക്കപ്പെട്ട് നവവൈദികൻ ബലിപീഠത്തിന്റെ ഇരുവശങ്ങളിലും ചുംബിക്കുന്നു. നീതിയുടെ സേവനത്തിനായി നവാഭിഷിക്തനെ മിശിഹാ എന്നേക്കും പൂർണ്ണനാക്കട്ടെ എന്നു പ്രഖ്യാപിച്ച് മെത്രാൻ നവവൈദികനെ ആശീർവദിക്കുന്നു.

239. അനന്തരം, പൗരോഹിത്യകൂട്ടായ്മയിലേക്ക് പ്രവേശിച്ചിരിക്കുന്ന നവവൈദികനെ സന്നിഹിതരായിരിക്കുന്ന വൈദികർ അനുമോദിക്കുന്നു. സഹായാഭ്യാർത്ഥന പ്രാർത്ഥനകളോടും ആശീർവാദ പ്രാർത്ഥനകളോടുംകൂടി തിരുപ്പട്ടക്രമശുശ്രൂഷകൾ സമാപിക്കുന്നു.

മെത്രാൻപട്ടക്രമം

240. പുരോഹിതപട്ടക്രമത്തിന്റെ ഘടനയിലുള്ളതും എന്നാൽ, വ്യത്യസ്തമായ പ്രാർത്ഥനകളും കർമ്മങ്ങളും അടങ്ങിയതുമാണ്  മെത്രാഭിഷേകപട്ടക്രമം. ആമുഖശുശ്രൂഷയിൽ ദേവാലയ പ്രവേശനപ്രദക്ഷിണത്തെത്തുടർന്ന് നിയമനപത്ര (ബൂളാ) വായന, രക്താസാക്ഷികളുടെ തിരുശേഷിപ്പുവന്ദനം, വിശ്വാസപ്രതിജ്ഞ എന്നിവ നടക്കുന്നു. സങ്കീർത്തനത്തിനും ശ്രേഷ്ഠപുരോഹിതഗീതത്തിനുംശേഷം നാലു കാനോനകളുണ്ട്. കാനോനകളിൽ സങ്കീർത്തനങ്ങളും അനുഗീതങ്ങളും പ്രാർത്ഥനകളുമാണുള്ളത്.

241. പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുന്ന ഗീതത്തെത്തുടർന്ന് രണ്ടു പ്രധാന കൈവയ്പുകളാണ് ഈ കർമ്മക്രമത്തിന്റെ കൂദാശാ ഭാഗത്തുള്ളത്. പിന്നീട്, മേല്പ്പട്ടശുശ്രൂഷയുടെ അധികാരചിഹ്നങ്ങളായ മുടിയും അംശവടിയും നല്കി, മെത്രാഭിഷേക പ്രഖ്യാപനം നടത്തുന്നു; കാർമ്മികനും സഹകാർമ്മികന്മാരും സന്നിഹിതരായ മെത്രാന്മാരും നവവാഭിഷിക്തന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതോടെ, മെത്രാഭിഷേകകർമ്മങ്ങൾ പര്യവസാനിക്കുന്നു.

242. മെത്രാൻ പട്ടക്രമത്തിലെ സവിശേഷമായ കർമ്മങ്ങളും പ്രാർത്ഥനകളും താഴെപ്പറയുന്നവയാണ്.

243. അർക്കദിയാക്കോനാൽ അനുഗതനായി നിയുക്തമെത്രാൻ തിരുശേഷിപ്പു വച്ചിരിക്കുന്ന പീഠത്തിങ്കൽചെന്ന് രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദിച്ച് മൗനമായി പ്രാർത്ഥിക്കുന്നു. ശ്ലീഹന്മാരുടെ പിൻഗാമിയായ മെത്രാൻ രക്തസാക്ഷികളുടെ ധീരതയോടെ ഇടയധർമ്മം നിർവ്വഹിക്കണമെന്ന് ഈ കർമ്മം സൂചിപ്പിക്കുന്നു.

244. മുട്ടുകുത്തി ശിരസ്സു നമിച്ചു നില്ക്കുന്ന നിയുക്ത മെത്രാന്റെ ചുമലിൽ ശോശപ്പ വിരിച്ച് അതിന്മേൽ സുവിശേഷഗ്രന്ഥം വച്ചാണ് സുവിശേഷം വായിക്കുന്നത്. മെത്രാൻ സുവിശേഷവാഹകനാണെന്ന് ഈ കർമ്മം സൂചിപ്പിക്കുന്നു.

245. മെത്രാഭിഷേകവപ്രാർത്ഥനകളിൽ ഒന്നാമത്തേത്, അർത്ഥിയുടെ തിരഞ്ഞെടുപ്പും നിയോഗവും സ്ഥിരീകരിച്ച് അദ്ദേഹത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന പ്രാർത്ഥനയാണ്.

246. രണ്ടാമത്തെ കൈവയ്‌പ് പ്രാർത്ഥനയിൽ മെത്രാൻ ശുശ്രുഷയുടെ ദൗത്യങ്ങളോരോന്നും എടുത്തുപറഞ്ഞ്, അവ നിർവഹിക്കാനുള്ള വരങ്ങൾ പരിശുദ്ധറൂഹായുടെ ആവാസത്താലും ശക്തിചൈതന്യത്താലും നിയുക്ത മെത്രാന് നല്കണേയെന്ന് പ്രാർത്ഥിക്കുന്നു. നിത്യപുരോഹിതനായ മിശിഹായെ അനുകരിച്ച് പൗരോഹിത്യപൂർണത പ്രാപിക്കുവാനും, ആത്മാവിന്റെ അഭിഷേകത്താൽ നിറയുവാനും, നിർമ്മലഹൃദയത്തോടെ അജഗണത്തെ പഠിപ്പിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുവാനും, സഭാശുശ്രൂഷയ്ക്കായി തിരുപ്പട്ടങ്ങൾ നല്കുവാനും, തന്റെ സംരക്ഷണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ സമൂഹത്തെ ദൈവഭയവും പരിശുദ്ധിയും കൊണ്ട് നിറയ്ക്കുവാനും വേണ്ടി കാർമ്മികൻ പ്രാർത്ഥിക്കുന്നു.

247. സഭയിലെ ശ്രേഷ്ഠാചാര്യശുശ്രൂഷയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ട നവാഭിഷിക്തന് ഔദ്യോഗിക സ്ഥാനചിഹ്നങ്ങൾ നല്കുന്ന കർമ്മമാണ് തുടർന്നു വരുന്നത്.

248. സ്വർഗീയ മഹത്വത്തിന്റെ പ്രതീകമായ മുടിയും അജഗണത്തെ മേയ്ക്കുന്നതിന് ഈശോമിശിഹായുടെ ശക്തിയുടെ ദണ്ഡായ അംശവടിയും നവാഭിഷിക്തന് നല്കുന്നു. രൂപതയെ നയിക്കുവാൻ നിയമിക്കപ്പെടുന്ന മെത്രാനാണെങ്കിൽ, സ്ഥാനമേല്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ഔദ്യോഗിക പീഠത്തിൽ ഇരുത്തുന്നു.

മ്ശംശാനപട്ടക്രമം

249. സഭ മുഴുവനുവേണ്ടിയും, ശുശ്രൂഷാ പൗരോഹിത്യത്തിനു പ്രത്യേകമായും, സേവനം ചെയ്യാൻ നിയുക്തരാണ് മ്ശംശാനമാർ അഥവാ ഡീക്കന്മാർ. പൗരസ്ത്യ സുറിയാനിസഭയിൽ എല്ലാ ആരാധനാപരികർമ്മങ്ങൾക്കും മ്ശംശാനമാരുടെ ശുശ്രൂഷ ലഭിച്ചിരുന്നു. ദൈവാരാധനയിൽ സഭയുടെ ഔദ്യോഗിക ശുശ്രൂഷകരാണ് മ്ശംശാനാമാർ. വിശുദ്ധ കുർബാനയിൽ ദിവ്യരഹസ്യങ്ങൾ ബലിപീഠത്തിൽ സമർപ്പിക്കുക, സുവിശേഷപ്രസംഗം നടത്തുക, ചില കൂദാശാനുകരണങ്ങളിൽ കാർമ്മികത്വം വഹിക്കുക എന്നിവയാണ് മ്ശംശാനമാരുടെ ഔദ്യോഗികശുശ്രൂഷകൾ. എന്നാൽ, കൂദാശാനുകരണങ്ങളോടനുബന്ധിച്ചുളള ആശീർവാദങ്ങൾ നല്കാൻ അവർക്ക് അനുവാദമില്ല.

മ്ശംശാനപട്ടക്രമത്തിൽ രണ്ടു കാനോനകളും രണ്ടു കൈവയ്പ് പ്രാർത്ഥനകളും റൂശ്മയും ഉണ്ട്. കൂടാതെ, മ്ശംശാനയെ ഔദ്യോഗിക വസ്ത്രം അണിയിക്കുകയും ലേഖനഗ്രന്ഥം നല്കുകയും ചെയ്യുന്നു. ഹെവ്പ്പദ്യാക്ക്നപട്ടക്കാരൻ കഴുത്തിനു ചുറ്റുമായി ധരിക്കുന്ന ഊറാറ, മ്ശംശാനപ്പട്ടം സ്വീകരിക്കുന്നതോടെ ഇടത്തെ തോളിൽ ഇടുന്നു. വിശുദ്ധ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ധരിക്കുന്ന തിരുവസ്ത്രമാണ് ഊറാറ. ഈ കർമ്മത്തിലൂടെ മ്ശംശാനയുടെ ശുശ്രൂഷാദൗത്യത്തിന്റെ സവിശേഷത മെത്രാൻ അർത്ഥിയെ അനുസ്മരിപ്പിക്കുന്നു.

കാറോയപട്ടക്രമവും ഹെവ്പ്പദ്യാക്ക്നപട്ടക്രമവും

250. സീറോമലബാർ സഭയിലെ രണ്ടു ചെറുപട്ടങ്ങളാണ് കാറോയാപട്ടക്രമവും ഹെവ്പ്പദ്യാക്ക്നപട്ടക്രമവും. 'വായനക്കാരൻ' എന്നാണ് കാറോയ എന്ന സുറിയാനി പദത്തിന്റെ അർത്ഥം. ലിറ്റർജിയിൽ പഴയനിയമഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതിന് ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന പട്ടമാണിത്. അതുകൊണ്ടാണ് ഈ കർമ്മത്തിനിടെ കാർമ്മികൻ പഴയനിയമഗ്രന്ഥം അർത്ഥിക്കു നല്കുന്നത്. കൊത്തീന, സൂനാറ എന്നിവയാണ് കാറോയപട്ടക്കാരന്റെ തിരുവസ്ത്രങ്ങൾ. കൊത്തീന പുതിയ മനുഷ്യനെ ധരിക്കുന്നതിനെയും സുനാറ ശുദ്ധതയെയും അർത്ഥമാക്കുന്നു.

251. ദേവാലയത്തിലെ തിരുക്കർമ്മങ്ങളിൽ സഹായിക്കുന്ന ദൗത്യമാണ് ഹെവ്പ്പദ്യാക്ക്നപട്ടക്കാരന്റേത്. ഇതു സൂചിപ്പിക്കാൻ വേണ്ടി ബലിയർപ്പണത്തിനാവശ്യകമായ വസ്തുക്കൾ (വീഞ്ഞും വെള്ളവുമുള്ള ചെറുകുപ്പികൾ, മെഴുകുതിരി, കുന്തുരുക്കം, പനിനീർപാത്രം, പുഷ്പങ്ങൾ) ഒരു താലത്തിൽ ഹെവ്പ്പദ്യാക്ക്നയ്ക്കു നല്കുന്നു. കൂടാതെ പ്രാർത്ഥനകളിലെ ഭാഗഭാഗിത്വം സൂചിപ്പിക്കാൻ സങ്കീർത്തനഗ്രന്ഥവും നല്കുന്നു. കാറോയപട്ടക്കാരന്റെ തിരുവസ്ത്രങ്ങൾക്കു പുറമേ, കഴുത്തിനു ചുറ്റുമായി ഊറാറയും അർത്ഥിയെ ധരിപ്പിക്കുന്നു.

അടിക്കുറിപ്പുകൾ

1. Aphrahat, Aphraatis Sapientis Persae, Demonstrationes (PS 1-2) J. Parisot (ed.), Paris 1894, 1907.

2. Ephrem, Hymns on Nisibis, E. Beck, Carmina Nisibena, Louvain 1961.

3 Syro Malabar Sabhayude Pontifical Kramam (Mal.), Mount St. Thomas, Kochi 2007.

തിരുപ്പട്ടം മിശിഹാ: പഴയനിയമപൗരോഹിത്യത്തിന്റെ പൂർണതയും സാക്ഷാത്കാരവും. മിശിഹാ:പുതിയനിയമപൗരോഹിത്യത്തിന്റെ ഉറവിടവും അടിസ്ഥാനവും മെത്രാന്മാർ ശുശ്രുഷ പൗരോഹിത്യത്തിന്റെ പദവികൾ വൈദികർ ഡീക്കന്മാർ തിരുപ്പാട്ടങ്ങളുടെ കർമക്രമം പുരോഹിതപട്ടക്രമം മെത്രാൻപട്ടക്രമം മ്ശംശാനപട്ടക്രമം കാറോയപട്ടക്രമവും ഹെവ്പ്പദ്യാക്ക്നപട്ടക്രമവും Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message