We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Antony Nettikkattu C M On 03-Feb-2021
വി. കുര്‍ബ്ബാന എന്ന കൂദാശയുമായി ബന്ധപ്പെട്ട് സഭകള്‍ തമ്മില്‍ പല അഭിപ്രായാന്തരങ്ങളുമുണ്ട്. ഇവയില്‍ പ്രധാനമായവ ചുവടെ ചേര്‍ക്കുന്നു:
വിശുദ്ധ കുര്‍ബ്ബാന കാല്‍വരിയിലെ ത്യാഗവുമായി, ബലിയുമായി, ബന്ധപ്പെട്ടതല്ല. ലോകത്തിന്‍റെ യഥാര്‍ത്ഥ വീണ്ടെടുപ്പും ക്രിസ്തുവിന്‍റെ രക്ഷാകരകൃപകള്‍, ഗുണസവിശേഷതകള്‍, പുണ്യങ്ങള്‍ ഇവ വ്യക്തികളുടെ ആത്മാക്കളില്‍ പ്രയോഗിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കാല്‍വരിയിലെ തന്‍റെ ത്യാഗബലിയിലൂടെ മനുഷ്യരാശിയുടെ രക്ഷയ്ക്ക് ആവശ്യമായ സകല കൃപകളും യേശു നേടി. എന്നാല്‍, കുരിശില്‍ നേടിയ ഈ കൃപകള്‍ നമുക്ക് ബാധകമാക്കണം. ഇത് വിശുദ്ധകുര്‍ബ്ബാനയിലെ ത്യാഗത്തില്‍, ബലിയില്‍ നമ്മുടെ സഹകരണത്തോടെ സംഭവിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയും കാല്‍വരിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമാകുന്നത്, നാം ഒരു വസ്തുത മനസ്സിലാക്കുമ്പോഴാണ്. ഇപ്പോള്‍ മഹത്വീകരിക്കപ്പെട്ട ഇതേ യേശുക്രിസ്തു വിശുദ്ധകുര്‍ബ്ബാനയില്‍ അള്‍ത്താരയില്‍ സന്നിഹിതനാണ്. തന്‍റെ നശ്വരമായ മനുഷ്യസ്വഭാവത്തോടെ, കുരിശില്‍ അവിടുന്ന് സന്നിഹിതനായിരുന്നതുപോലെയാണ് അത്. ഒരു വ്യത്യാസം മാത്രമേയുള്ളൂ. ഇപ്പോള്‍ അവിടുന്ന് നശ്വരമല്ല. അഥവാ, മനുഷ്യശരീരമുള്ള വ്യക്തിസ്വരൂപത്തോടുകൂടി സഹിക്കുവാന്‍ അവിടുത്തേയ്ക്ക് കഴിവില്ല. വിശുദ്ധ കുര്‍ബ്ബാനയില്‍ യേശു തന്‍റെ ഗുണങ്ങള്‍, കൃപകള്‍, അനുഗ്രഹങ്ങള്‍ എന്നിവയെല്ലാം നമ്മുടെ പാപം നിറഞ്ഞ മാനവികതയില്‍, മനുഷ്യരാശിയില്‍ പ്രയോഗിക്കുന്നു.
രണ്ടാമതായി, വിശുദ്ധകുര്‍ബ്ബാന ഒരു ത്യാഗബലിയാണ്. അത് പ്രധാനമായി ആരാധനയുടെയും കൃതജ്ഞത അര്‍പ്പണത്തിന്‍റെയും യാചനയുടെയും അപേക്ഷയുടെയും പ്രായശ്ചിത്തം. പരിഹാരം, അനുരഞ്ജനം എന്നിവയുടെയും ബലിയാണ്. ഒരു മനുഷ്യന് ദൈവത്തിന് അര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും സമുന്നതമായ ആദരവിന്‍റെയും ബഹുമതികളുടെയും രൂപം ബലിയാണ്. വിശുദ്ധകുര്‍ബ്ബാന, ക്രിസ്തു പിതാവിനു സമര്‍പ്പിക്കുന്ന ആരാധന, കൃതജ്ഞത പ്രാര്‍ത്ഥനായാചനകള്‍, പരിഹാരം, അനുരഞ്ജനം എന്നിവയുടെ തുടര്‍ച്ചയാണ്. എങ്കിലും, കാല്‍വരിയില്‍ ഈ ബലി രക്തരൂക്ഷിതമായിരുന്നു. കുരിശാരോഹണത്തിലൂടെ അത് ക്രിസ്തുവിന്‍റെ ശാരീരികമരണത്തിന് ഇടയാക്കി. വിശുദ്ധകുര്‍ബ്ബാനയില്‍ അതേ യേശു രക്തരഹിതമായ രീതിയില്‍ ഇപ്പോള്‍ തന്നെത്തന്നെ ബലിയര്‍പ്പിക്കുന്നു; കാരണം, ഇപ്പോള്‍ അവിടുന്ന് മഹത്വീകരിക്കപ്പെട്ടു; അമര്‍ത്യനായി, ത്യാഗം സഹിക്കാനാവാത്തവനായി. അതായത്, സ്വന്തം ജഡിക വ്യക്തിസ്വരൂപത്തില്‍ മരണം അനുഭവിക്കാന്‍ കഴിയാത്തവനായി.
വിശുദ്ധകുര്‍ബ്ബാന ഒരു യഥാര്‍ത്ഥ ബലിയാണ്. കാരണം, അതില്‍, കാല്‍വരിയില്‍ തന്നെത്തന്നെ ദാനം ചെയ്ത, സമര്‍പ്പിച്ച അതേ യേശുക്രിസ്തു, ഇപ്പോള്‍ അള്‍ത്താരയില്‍ തന്നെത്തന്നെ നല്കുന്നു. വിശുദ്ധകുര്‍ബ്ബാനയുടെ ബലിയില്‍, യേശു തന്നെയാണ് പുരോഹിതന്‍. അതേ യേശു തന്നെയാണ് ബലി വസ്തു, അഥവാ ബലിയര്‍പ്പിക്കപ്പെടുന്ന വ്യക്തി. ബലിയുടെ ഉദ്ദേശ്യം കാല്‍വരിയിലേതുപോലെ തന്നെ. വിശുദ്ധകുര്‍ബ്ബാനയുടെ ബലിയെ സംബന്ധിച്ചിടത്തോളം, അഭിഷിക്തനായ വൈദികന്‍ യേശുക്രിസ്തുവിന്‍റെ പവിത്രമായ വ്യക്തിസ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്നു. ആ യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് ശുശ്രൂഷകന്‍ വിശുദ്ധകുര്‍ബ്ബാനയുടെ ബലി അര്‍പ്പിക്കുന്നത്. വിശുദ്ധകുര്‍ബ്ബാനയിലെ ബലിയുടെ യഥാര്‍ത്ഥ ബലിവസ്തു, ബലിയര്‍പ്പിക്കപ്പെടുന്ന വ്യക്തി, യഥാര്‍ത്ഥ ശരീരരക്തങ്ങളോടെ അതേ യേശുതന്നെയാണ്. ബലിയര്‍പ്പണരീതി മാത്രമാണ് വ്യത്യസ്തം. വിശുദ്ധകുര്‍ബ്ബാനയിലെ ബലിയര്‍പ്പണത്തിന്‍റെ ലക്ഷ്യം കാല്‍വരിയിലേതുതന്നെയാണ് ദൈവത്തെ മഹത്വപ്പെടുത്തുക; അവിടുത്തേക്ക് നമ്മുടെ കൃതജ്ഞത അര്‍പ്പിക്കുക, നമ്മുടെ ആവശ്യങ്ങള്‍ക്കായി യാചിക്കുക, പ്രാര്‍ത്ഥിയ്ക്കുക, അവിടുത്തെ കാരുണ്യം നേടുക. കാല്‍വരിയില്‍ ക്രിസ്തു നമ്മുടെ രക്ഷ ഉറപ്പാക്കി. ഇപ്പോള്‍ മുഖ്യമായും വിശുദ്ധകുര്‍ബ്ബാനയിലൂടെയാണ് തന്‍റെ കൃപയുടെ സമ്പത്തു മുഴുവന്‍ അവിടുന്ന് നല്കുന്നത്, വീണ്ടെടുപ്പിന്‍റെ അനന്തമായ ഗുണങ്ങള്‍ നമുക്കു ബാധകമാക്കുന്നത്. ട്രെന്‍റിലെ കൗണ്‍സില്‍ ഇങ്ങനെ പറയുന്നു: വിശുദ്ധ കുര്‍ബ്ബാനയിലെ ബലി ഒരുതരത്തിലും ക്രിസ്തു കുരിശില്‍ അര്‍പ്പിച്ച ബലിയെ കുറച്ചുകാണിക്കുകയോ, അതിനെ ബലഹീനമാക്കുകയോ ചെയ്യുന്നില്ല.
കത്തോലിക്കാ മതബോധനം പഠിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ ബലിയും വിശുദ്ധകുര്‍ബ്ബാനയിലെ ബലിയും ഒരേ ബലിതന്നെയാണ് എന്നാണ്. വിശുദ്ധകുര്‍ബ്ബാനയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍, കുരിശിന്‍റെ അള്‍ത്താരയില്‍ രക്തം ചിന്തി സ്വയം അര്‍പ്പിച്ച അതേ ക്രിസ്തു ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നു. ദൈവാലയത്തിലെ അള്‍ത്താരയില്‍ രക്തരഹിതമായ രീതിയില്‍ അതേ ക്രിസ്തു ബലിയര്‍പ്പിക്കപ്പെടുന്നു. ക്രിസ്തു വിശുദ്ധകുര്‍ബ്ബാനയില്‍ വീണ്ടും കുരിശില്‍ തറയ്ക്കപ്പെടുകയല്ല. പ്രത്യുത, ക്രിസ്തുവിന്‍റെ കുരിശാരോഹണവും കുരിശുമരണവും വിശുദ്ധകുര്‍ബ്ബാനയില്‍ സന്നിഹിതമാണ്. അത് അവസാനത്തെ അത്താഴത്തിന്‍റെയും കുരിശുമരണത്തിന്‍റെയും പുനഃരാവിഷ്കരണമാണ്. ക്രിസ്തു സഭയോടു കല്പിച്ച അതേ രീതിയില്‍ അതു ചെയ്യുന്നു. "സമയമായപ്പോള്‍... ഇത് എന്‍റെ ശരീരമാണ്... എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രമെടുത്ത് അരുളിചെയ്തു..." (ലൂക്കാ 22:14-20).
ഒന്നാം നൂറ്റാണ്ടില്‍തന്നെ സഭ വിശുദ്ധകുര്‍ബ്ബാനയെ ഒരു ബലിയായി കരുതിയിരുന്നു. ഏ.ഡി. 70 നും 100 നും ഇടയ്ക്ക് എഴുതപ്പെട്ട Didache (പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍-14) അത് സാക്ഷ്യപ്പെടുത്തുന്നു. അതില്‍ ഇങ്ങനെ പറയുന്നു: "നമ്മുടെ കര്‍ത്താവിന്‍റെ ദിവസം തന്നെ (ഞായറാഴ്ച); അപ്പം മുറിയ്ക്കുന്നതിനും കൃതജ്ഞതാസ്തോത്രം അര്‍പ്പിക്കുന്നതിനും പൊതുകൂട്ടായ്മയില്‍ ഒന്നുചേരുക. പക്ഷേ, നിങ്ങളുടെ ബലിയര്‍പ്പണം സംശുദ്ധമാകേണ്ടതിന് പാപങ്ങള്‍ ഏറ്റുപറയുക. സഹോദരനുമായി കലഹിക്കുന്ന ഒരുവനും, അവര്‍ അനുരഞ്ജനപ്പെടുന്നതുവരെ നിങ്ങളുടെ കൂട്ടായ്മയില്‍ പങ്കുചേരരുത്. നിങ്ങളുടെ ബലിയര്‍പ്പണം മലീമസമായിത്തീരരുത്. അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസിനു പറയാനുള്ളത് ഇതാണ് "നിങ്ങളെല്ലാവരും, അതുകൊണ്ട്, ഒരു പൊതു ബലിയര്‍പ്പണം നടത്തുന്നു എന്ന് ഉറപ്പുവരുത്തുക. കാരണം, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഒരു ശരീരമേയുള്ളൂ; അവിടുത്തെ രക്തവുമായി ഐക്യപ്പെടുന്ന ഒരു പാനപാത്രമേയുള്ളൂ. ബലിയര്‍പ്പണത്തിന്‍റെ ഒരേയൊരു അള്‍ത്താരയേ ഉള്ളൂ (ഫിലാഡല്‍ഫിയക്കാര്‍ക്കുള്ള കത്ത്. AD 110). രക്തസാക്ഷിയായ, മാര്‍ട്ടിന്‍റെ വാക്കുകളും അതുപോലെതന്നെ പ്രബുദ്ധീകരിക്കുന്നതാണ്: മലാക്കിയുടെ വാക്കുകള്‍ ഉദ്ധരിച്ചതിനുശേഷം (1:10-11) അവിടുന്ന് ഇങ്ങനെ വിശദീകരിക്കുന്നു: പ്രവാചകന്‍, എല്ലാ സ്ഥലത്തും അവിടുത്തേയ്ക്ക് ബലികളര്‍പ്പിക്കുന്ന നമ്മെക്കുറിച്ച് സംസാരിക്കുന്നു. അതായത് "വിശുദ്ധകുര്‍ബ്ബാനയിലെ അപ്പവും, പാനപാത്രവും" (യഹൂദനായ ട്രൈഫോയുമായുള്ള സംഭാഷണം ഏ.ഡി. 155).
സഭാസിദ്ധാന്തം വ്യക്തവും, ദുരൂഹതയില്ലാത്തതുമാണ്. വിശുദ്ധകുര്‍ബ്ബാന, യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശരീര രക്തങ്ങളാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, വിശുദ്ധീകരണത്തിന്‍റെ സമയത്ത്, പവിത്രീകരണത്തിന്‍റെ സന്ദര്‍ഭത്തില്‍ ക്രിസ്തു യഥാര്‍ത്ഥത്തില്‍, കൗദാശികമായും, സാരാംശത്തിലും, ശരീര രക്തങ്ങളില്‍, ആത്മാവിലും ദൈവികതയിലും, അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തില്‍ സന്നിഹിതനാണ്. Transubstantiation- അഥവാ ദ്രവ്യാന്തരീകരണത്തിന്‍റെ (അപ്പവും വീഞ്ഞും മാംസരക്തങ്ങളായിത്തീരുന്നതിന്‍റെ) സിദ്ധാന്തം എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവ്യകാരുണ്യത്തില്‍ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിന്‍റെ സിദ്ധാന്തം എന്നും ഇത് അറിയപ്പെടുന്നു. ഇതിനര്‍ത്ഥം അപ്പവും വീഞ്ഞും ഒരു പരിണാമത്തിനു വിധേയമാകുന്നു; യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ശരീരരക്തങ്ങളായിത്തീരുന്നു എന്നാണ്. അവസാനത്തെ അത്താഴവേളയില്‍ നമ്മുടെ കര്‍ത്താവു പറഞ്ഞതും കൃത്യമായിപ്പറഞ്ഞാല്‍ ഇതുതന്നെയാണ്: "...ഇത് എന്‍റെ ശരീരം ആകുന്നു... ഇത് എന്‍റെ രക്തം ആകുന്നു...": (മത്താ 26:26-28). മര്‍ക്കോസും സമാനപദങ്ങള്‍ ഉപയോഗിക്കുന്നു: ഇത് എന്‍റെ ശരീരമാകുന്നു...ഇത് എന്‍റെ രക്തം ആകുന്നു" (മര്‍ക്കോ 14:22-24). വിശുദ്ധ ലൂക്കോസും ഏറെക്കുറെ ഇതേ വാക്കുകള്‍, അല്പം വ്യത്യസ്ത രീതിയിലാണെങ്കിലും ആവര്‍ത്തിക്കുന്നു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണ്... ഈ പാനപാത്രം... എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്" (ലൂക്കാ 22:19-20).
വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനം മറ്റു സുവിശേഷകര്‍ നേരത്തെതന്നെ വിവരിച്ചിരുന്നു. അതിനാല്‍, വിശുദ്ധ യോഹന്നാന്‍, യഹൂദര്‍ക്കുള്ള ഒരു പ്രൗഢഗംഭീര വാഗ്ദാനത്തിന്‍റെ രൂപത്തില്‍ "വിശ്വാസത്തിന്‍റെ ഈ നിഗൂഢരഹസ്യത്തിന്‍റെ" പശ്ചാത്തലം മാത്രം നല്കുവാന്‍ നിശ്ചയിച്ചു. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്... നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല... എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. ഇതു ഭക്ഷിക്കുന്നവന്‍ എന്നേയ്ക്കും ജീവിക്കും" (യോഹ 6:48-58).
അപ്പസ്തോലന്മാര്‍ വിശ്വസിച്ചത് കൃത്യമായും ഇങ്ങനെ തന്നെയാണ്. നമുക്ക് അവരെ ശ്രവിക്കാം: "നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്‍റെ പാനപാത്രം ക്രിസ്തുവിന്‍റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിയ്ക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?" (1 കോറി 10:16).
പൗലോസ് തുടരുന്നു: തന്മൂലം ആരെങ്കിലും, അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും, പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെ ന്നാല്‍ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെതന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും" (1 കോറി 11:27-30). ഇത് രൂപകത്തിന്‍റെയോ, ആലങ്കാരികതയുടെയോ, പ്രതീകാത്മകതയുടെയോ ഭാഷയല്ല. ഇത് വാച്യാര്‍ത്ഥത്തിലുള്ള ഭാഷയാണ്. ദിവ്യകാരുണ്യം, ക്രിസ്തുവിന്‍റെ പ്രതീകാത്മക സാന്നിദ്ധ്യം മാത്രമേ സൂചിപ്പിക്കുന്നുള്ളൂ എങ്കില്‍, അയോഗ്യതയോടെ കൂദാശ സ്വീകരിക്കുന്നവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ എങ്ങനെ കുറ്റക്കാരാകും? അല്ലെങ്കില്‍ തങ്ങളുടെ തന്നെ ന്യായവിധിയെ എങ്ങനെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യും? 16-ാം നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്‍റിസത്തിന്‍റെ ആഗമനംവരെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈ സിദ്ധാന്തം വിശ്വസിച്ചു. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളും ആദിമസഭയിലെ പ്രഗത്ഭരായ പിതാക്കന്മാരും ഈ സിദ്ധാന്തം കലര്‍പ്പില്ലാതെ, ലഘൂകരിക്കാതെ നിലനിര്‍ത്തി. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ രണ്ടാം നൂറ്റാണ്ടില്‍ ഇങ്ങനെ എഴുതി: "ഈ ഭക്ഷണം, ഞങ്ങളുടെയിടയില്‍ ദിവ്യകാരുണ്യം/ വിശുദ്ധകുര്‍ബ്ബാന എന്നറിയപ്പെടുന്നു. സാധാരണ അപ്പവും സാധാരണ പാനീയവുംപോലെ ഞങ്ങളതു സ്വീകരിക്കുന്നില്ല. പ്രത്യുത, ദൈവവചനത്താല്‍ ശരീരം സ്വീകരിച്ച, നമ്മുടെ രക്ഷകനായ യേശുക്രിസ്തുവായി." നാലാംനൂറ്റാണ്ടിലെ ആദരണീയനായ മറ്റൊരു സഭാപിതാവായ വിശുദ്ധ സിറില്‍: ക്രിസ്തു അപ്പത്തെക്കുറിച്ച് "ഇത് എന്‍റെ ശരീരമാകുന്നു" എന്നു പ്രഖ്യാപിക്കുകയും, പറയുകയും ചെയ്തതിനാല്‍, സംശയിക്കാന്‍ ആരാണ് മുതിരുന്നത്? "ഇത് എന്‍റെ രക്തമാകുന്നു" എന്ന് അവിടുന്ന് സ്ഥിരീകരിച്ചുകൊണ്ട് പറയുകയാല്‍, ചോദ്യമുയര്‍ത്തി, അത് അവന്‍റെ രക്തമല്ല എന്നാരാണ് പറയുക? ക്രിസ്തീയ പാരമ്പര്യം, വിശുദ്ധലിഖിതങ്ങള്‍ എന്നിവയുടെ സാക്ഷ്യം കൂടാതെ, എണ്ണമറ്റ അത്ഭുതങ്ങള്‍, പൊതുജനമദ്ധ്യേ ദിവ്യകാരുണ്യപ്രദര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, ഈ സഭാപാരമ്പര്യം തിരസ്കരിച്ചുകൊണ്ട്, പ്രൊട്ടസ്റ്റന്‍റുകാര്‍, 1500 വര്‍ഷത്തെ ഇടമുറിയാത്ത ദിവ്യകാരുണ്യപാരമ്പര്യത്തില്‍നിന്ന് വേര്‍പിരിഞ്ഞു.
വിശുദ്ധകുര്‍ബ്ബാനയുടെ സിദ്ധാന്തം മൂന്നു തലങ്ങളിലൂടെ ഉരുത്തിരിഞ്ഞു: പ്രതീകങ്ങള്‍, വാഗ്ദാനം, യേശുക്രിസ്തുവിന്‍റെ സ്ഥാപനം.
എ) വിശുദ്ധലിഖിതങ്ങളിലെ പ്രതീകാത്മകതകള്‍
ബി) വിശുദ്ധകുര്‍ബ്ബാനസ്ഥാപനത്തെക്കുറിച്ച് യേശുതന്നെ നല്കുന്ന വാഗ്ദാനം: നേരത്തേ ഉദ്ധരിച്ച വിശുദ്ധഗ്രന്ഥഭാഗത്തില്‍ (യോഹ 6:48-68), യഹൂദരുടെ പൂര്‍വ്വികര്‍ പങ്കുപറ്റിയ സ്വര്‍ഗീയ മന്നാ അവര്‍ക്കു ഭൗമികജീവിതം മാത്രമേ നല്കിയുള്ളൂ എന്ന് വിശദീകരിക്കുന്നു. നേരേമറിച്ച് അവിടുന്ന് അവര്‍ക്ക് ഒരു പുതിയ മന്നാ വാഗ്ദാനം ചെയ്തു. അവര്‍ക്ക് സ്വര്‍ഗീയ ജീവിതം ഉറപ്പാക്കുന്ന അവിടുത്തെ ശരീരവും രക്തവും. തന്‍റെ ശരീരം ഭക്ഷണമാണ് എന്നും, അവിടുത്തെ രക്തം പാനീയമാണ് എന്നും യേശു ഉറപ്പിച്ചു പറഞ്ഞു. അവിടുത്തെ ആശയപ്രകടനം വിപരീതവാക്യരൂപത്തില്‍ കൂടുതല്‍ ശക്തമായി: "സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും, അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല." അവന്‍റെ അനുയായികളില്‍ ചിലര്‍ നസ്രത്തില്‍ നിന്നുള്ള പുതിയ "ഈ എടുത്തുചാട്ടക്കാരന്‍ ആശയക്കുഴപ്പത്തിലാണ് എന്നു കരുതി പിറുപിറുത്തു. അവരെ ഒരുതരം ഭ്രാന്തമായ നരഭോജി സംസ്കാരത്തിലേക്ക് നയിക്കുകയാണ് എന്ന് അവര്‍ കരുതി. തത്ഫലമായി, അവരില്‍ പലരും ശാന്തരായി, നിശ്ശബ്ദം അവിടെ നിന്നുപോയി, എങ്കിലും യേശു തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. തന്‍റെ സിദ്ധാന്തത്തെ, ആധുനിക നേതാക്കള്‍ ചെയ്യുന്നതുപോലെ, ദുരൂഹത നിറഞ്ഞ പ്രസ്താവനകളിലൂടെ, അല്ലെങ്കില്‍ അവസരോചിതമായി നിലപാടുകള്‍ മാററിക്കൊണ്ട്, അനുയായികളെ സ്വാധീനിയ്ക്കുവാന്‍വേണ്ടി, തന്‍റെ സിദ്ധാന്തത്തില്‍നിന്ന് യേശു പിന്നാക്കം പോയില്ല. അതില്‍ വെള്ളം ചേര്‍ക്കുകയോ, അതിനെ ലഘൂകരിക്കുകയോ ചെയ്തില്ല. താന്‍ പ്രതീകാത്മകമായി അല്ലെങ്കില്‍ ആലങ്കാരികമായിട്ടാണ് സംസാരിക്കുന്നത് എന്ന് എന്തുകൊണ്ട് യേശു ലളിതമായി വിശദീകരിച്ചില്ല? അനുയായികളെ ഒരുദിവസം ഭിന്നിപ്പിക്കുന്ന ഗുരുതരമായ ഈ തെറ്റിദ്ധാരണ എന്തുകൊണ്ട് യേശു അവസാനിപ്പിച്ചില്ല? മറ്റവസരങ്ങളില്‍ തന്‍റെ പ്രബോധനങ്ങളില്‍ കര്‍ത്താവ് തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍ പെട്ടെന്നുതന്നെ അവിടുന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. അങ്ങനെ വ്യത്യസ്താഭിപ്രായക്കാരെ തൃപ്തിപ്പെടുത്തിയിരുന്നു. "ശ്രദ്ധിക്കുവിന്‍. ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍... അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്? നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? ... ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്ന് മനസ്സിലാക്കാത്തതെന്തുകൊണ്ട്? (മത്താ 16:5-12) പക്ഷേ ദിവ്യകാരുണ്യത്തിന്‍റെ കാര്യത്തില്‍ യേശു ആഗ്രഹിച്ചത് സമൂലപരിഷ്ക്കരണവാദിയായ വിശ്വാസമാണ്. അത് യേശുവിനാല്‍ അംഗീകരിയ്ക്കപ്പെട്ടതും, പിതാവായ ദൈവം നല്കിയതുമായ ഒരു വരദാനമാണ്. യഹൂദര്‍ വഴങ്ങാത്ത പ്രകൃതത്തോടെ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. തന്‍റെ വാക്യങ്ങളിലെ വ്യക്തതക്കുറവിനേക്കാള്‍ ശ്രോതാക്കളുടെ വഴങ്ങാത്ത പ്രകൃതമായിരുന്നു അതിനു കാരണം എന്ന് അപ്പോള്‍ യേശുവിന് മനസ്സിലായി. അതിനാല്‍ യേശു തന്‍റെ അപ്പസ്തോലന്മാരുടെ നേരേ തിരിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കും തന്നെവിട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് അറിയിച്ചു. നിലപാട് വളരെ വ്യക്തമായിരുന്നു: "അത് സ്വീകരിക്കുക. അല്ലെങ്കില്‍ ഉപേക്ഷിച്ചുപോകുക." തുടര്‍ന്നു സംഭവിക്കുന്നത് പത്രോസ് യേശുവിലുള്ള വിശ്വാസം പരസ്യമായി അംഗീകരിക്കുന്നതാണ്. സ്വര്‍ഗസ്ഥനായ തന്‍റെ പിതാവിന്‍റെ ഇടപെടല്‍ മൂലമാണ് അത് എന്ന് യേശു പറയുന്നു. ചുരുക്കത്തില്‍, വിശുദ്ധകുര്‍ബ്ബാനയെക്കുറിച്ചുള്ള തന്‍റെ സിദ്ധാന്തം ലാഘവപ്പെടുത്തുന്നതിനേക്കാള്‍ പന്ത്രണ്ട് അപ്പോസ്തലന്മാര്‍ ഉള്‍പ്പെടെ, സകല അനുയായികളെയും ഉപേക്ഷിക്കുവാന്‍ യേശു സന്നദ്ധനായിരുന്നു.
സി) അവസാനത്തെ അത്താഴവേളയില്‍ വിശുദ്ധകുര്‍ബ്ബാനയുടെ സ്ഥാപനം
തന്‍റെ അവസാനത്തെ പെസഹാആഘോഷം, ഒരു വിടവാങ്ങല്‍ വിരുന്നിന്‍റെയും പെസഹാവിരുന്നിന്‍റെയും സംയുക്ത സംയുക്തരൂപമായിരിക്കണമെന്ന് യേശു ആഗ്രഹിച്ചിരുന്നു. അത് ദിവ്യകാരുണ്യവിരുന്നില്‍ പരിസമാപ്തിയടയണമെന്നും അവിടുന്ന് ആഗ്രഹിച്ചു. മരണശയ്യയില്‍ ആയിരിക്കുന്ന ഒരു പിതാവ് വിടവാങ്ങുന്നതിനുമുമ്പുള്ള അവസാന നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും, അവസാന ആഗ്രഹം അറിയിക്കുന്നതിനുംവേണ്ടി മക്കളെ ഒരുമിച്ചു വിളിച്ചുകൂട്ടുന്നതുപോലെ, അവിടുത്തെ സ്നേഹത്തിന്‍റെ കല്പന നല്കുവാന്‍ യേശു ശിഷ്യന്മാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് ഒരു ദൈവിക പിന്‍തുടര്‍ച്ചാവകാശംപോലെ, യേശു ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കു മൊത്തത്തിലും തന്നെത്തന്നെ നല്കി. മരണനിമിഷത്തില്‍ ബോധമുള്ള ഒരു മനുഷ്യനും ദുരൂഹമായ ഭാഷയില്‍, രീതിയില്‍, തന്‍റെ അവസാനത്തെ ആഗ്രഹം വ്യക്തമാക്കുകയില്ല. കൂടാതെ, ഭൂമിയിലെ ഏറ്റവും മഹാനായ പ്രബോധകന്‍, അത്തരത്തില്‍ അടിസ്ഥാനപരമായ ഒരു സിദ്ധാന്തത്തെക്കുറിച്ച് ഒരിക്കലും തന്‍റെ ശിഷ്യരെ വഴിതെറ്റിക്കുകയില്ല. അനുമാനം, അനുപേക്ഷണീയമാണ്: പൂര്‍ണ്ണമായ അറിവോടും, പൂര്‍ണ്ണമായ ഇച്ഛയോടും സമ്മതത്തോടുംകൂടെ അഭിഷേകത്തിന്‍റെയും പവിത്രീകരണത്തിന്‍റെയും വാക്കുകള്‍ യേശു ഉച്ചരിച്ചു. അവിടുത്തെ വാക്കുകള്‍ വ്യക്തവും സംക്ഷിപ്തവും ആയിരുന്നു: "ഇത് എന്‍റെ ശരീരം ആകുന്നു; ഇത് എന്‍റെ രക്തം ആകുന്നു." എന്‍റെ വിരലുയര്‍ത്തിയിട്ട്, "ഇത് എന്‍റെ വിരല്‍ ആണ്" എന്നു ഞാന്‍ പറയുമ്പോള്‍, ഇത് എന്‍റെ വിരലാണ് എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. അതില്‍ കൂടുതല്‍ ഒന്നുമില്ല. കുറവുമില്ല. അതിനാല്‍ ഒരു സാഹചര്യത്തിലും, "ഇത് എന്‍റെ വിരലിന്‍റെ പ്രതീകമാകുന്നു" "ഇത് എന്‍റെ വിരലിനെ പ്രതിനിധീകരിക്കുന്നു" എന്ന് ആ വാക്കുകള്‍ സൂചിപ്പിക്കുന്നില്ല. അതിനാല്‍, പ്രൊട്ടസ്റ്റന്‍റുകാരുടെ എണ്ണമറ്റ വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും യുക്തിയുടെ വിലയിരുത്തലിനെയും പരിശോധനയെയും അതിജീവിയ്ക്കുന്നില്ല. കൂടാതെ, യേശുവിന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും നല്കപ്പെട്ടിരുന്നു. ലോകത്തെ സൃഷ്ടിക്കുകയും അപ്പം വര്‍ദ്ധിപ്പിക്കുകയും വെള്ളം വീഞ്ഞാക്കുകയും ചെയ്തവന് തീര്‍ച്ചയായും അപ്പത്തെ തന്‍റെ ശരീരമായും വീഞ്ഞിനെ തന്‍റെ രക്തമായും രൂപാന്തരപ്പെടുത്തുവാന്‍ കഴിയുമായിരുന്നു.
കത്തോലിക്കാസഭയില്‍ വിശ്വാസികള്‍ക്ക് അപ്പത്തിന്‍റെ രൂപത്തില്‍/ ഓസ്തിരൂപത്തില്‍ മാത്രം ദിവ്യകാരുണ്യം നല്കുന്നത് പ്രായോഗിക കാരണത്താല്‍ മാത്രമാണ്. വിശുദ്ധകുര്‍ബ്ബാന നല്കുമ്പോള്‍ വാഴ്ത്തപ്പെട്ട ഒരു ഓസ്തി അറിയാതെ താഴെവീണാല്‍ അല്ലെങ്കില്‍ വസ്ത്രത്തിലോ മറ്റോ വീണാല്‍ മലീമസമാകാതെ അത് തിരിച്ചെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍, വാഴ്ത്തിയ വീഞ്ഞ് അബദ്ധവശാല്‍ നിലത്തോ മറ്റെവിടെയെങ്കിലുമോ വീഴാന്‍ ഇടയായാല്‍ അത് വീണ്ടെടുക്കുക എന്നത് അസാദ്ധ്യമാണ്. തത്ഫലമായി, അത് അശുദ്ധമാകാനുള്ള സാദ്ധ്യത ഏറെയാണ്. ദിവ്യകാരുണ്യം ഒരു സാദൃശ്യത്തില്‍മാത്രം, ഒരു രൂപത്തില്‍മാത്രം നല്കിയാല്‍, സഭ വിശ്വാസികളെ വഞ്ചിക്കുകയോ, രണ്ടുരൂപത്തിലും വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുന്നതിന്‍റെ പൂര്‍ണ്ണഫലവും വിശ്വാസികള്‍ക്കു നിഷേധിയ്ക്കുകയോ ചെയ്യുന്നില്ല. സ്വീകര്‍ത്താവ് ക്രിസ്തുവിന്‍റെ മുഴുവന്‍ ശരീരവും രക്തവും മാംസവും ഉള്‍പ്പെടെ, അവിടുത്തെ ആത്മാവും ദൈവികതയും ഉള്‍പ്പെടെ സ്വീകരിക്കുന്നുണ്ട്. പവിത്രീകരിക്കപ്പെട്ട വാഴ്ത്തിയ ഓസ്തി മാത്രമാണ് ദൈവവുമായുള്ള പരിശുദ്ധ ഐക്യം, അവിടുത്തെ ദിവ്യകാരുണ്യം, ക്രിസ്തുവിന്‍റെതന്നെ പവിത്രീകരണ കൃപയുടെ പൂര്‍ണ്ണഅളവില്‍ സാദ്ധ്യമാക്കുന്നത്. കാരണം അവിടുന്നുതന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: "സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും" (യോഹ 6:51-58). കോറിന്തോസ്സുകാര്‍ക്കുള്ള ലേഖനത്തില്‍, അയോഗ്യതയോടെ ക്രിസ്തുവിന്‍റെ ശരീരവും രക്തവും സ്വീകരിക്കുന്നത് അവിടുത്തെ തിരുശരീരത്തിനും തിരുരക്തത്തിനുമെതിരെയുള്ള കുറ്റമാണ് എന്ന് ചൂണ്ടിക്കാട്ടുന്നു. "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും, പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു" (1 കോറി 11:27). പവിത്രീകരണത്തിനുശേഷം, വൈദികന്‍, ദിവ്യബലിയുടെ പൂര്‍ത്തീകരണത്തിനായി രണ്ടു സാദൃശ്യങ്ങളിലും വിശുദ്ധകുര്‍ബ്ബാന സ്വീകരിയ്ക്കുന്നു. സുപ്രധാന അവസരങ്ങളില്‍, അല്ലെങ്കില്‍, സ്വീകര്‍ത്താക്കളുടെ എണ്ണം വളരെ കുറവാണെങ്കില്‍ രണ്ടു സാദൃശ്യങ്ങളിലും വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്കപ്പെടാറുണ്ട് എന്ന് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ദൈവമാണ് സമൂഹത്തിന്‍റെ സ്രഷ്ടാവ്. അതനുസരിച്ച്, സമൂഹങ്ങള്‍ അവിടുത്തെ ആരാധിക്കണം. ജീവന്‍റെ വരദാനത്തിനുപുറമേ, ജനം എല്ലാത്തരത്തിലുമുള്ള എണ്ണമറ്റ വരദാനങ്ങള്‍ സര്‍വ്വശക്തനില്‍നിന്ന് നേടിയിട്ടുണ്ട്. അതിനാല്‍, പൊതുവായുള്ള ദൈവികാരാധന കേവലം കര്‍ത്തവ്യമായി മാത്രം കണക്കാക്കരുത്; പ്രപഞ്ചത്തിന്‍റെ കര്‍ത്താവിനെ ആരാധിയ്ക്കുവാനും സ്തുതിയ്ക്കുവാനും അമൂല്യമായ ഒരു അവസരവും ഒരു സവിശേഷ അവകാശവുമായി കരുതണം. ഓരോ മതത്തിലും ജനങ്ങള്‍ ക്ഷേത്രം, മോസ്ക്, പള്ളി എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനും കാഴ്ചയര്‍പ്പിക്കുന്നതിനും വേണ്ടി പതിവായി പോകുന്നു. അവര്‍ ദൈവികശക്തിയുടെ ഊര്‍ജ്ജം സംഭരിച്ച് സ്വഭവനങ്ങളിലേക്ക് മടങ്ങുന്നു.
പഴയനിയമത്തിലും പുതിയനിയമത്തിലും ഞായറാഴ്ചയെ ആഴ്ചയുടെ ഒന്നാം ദിവസമായി ഗണിച്ചിരുന്നു. ശനിയാഴ്ച (സാബത്ത്) ആഴ്ചയുടെ അവസാനദിവസമായിട്ടാണ് കരുതിയിരുന്നത്. ഇത് ബൈബിളില്‍നിന്ന് വ്യക്തമാണ്: "താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്ന് വിരമിച്ച് ഏഴാംദിവസം അവിടുന്ന് വിശ്രമിച്ചു... ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് വിശുദ്ധമാക്കി..." (ഉല്പ 2:2-4). ദൈവം സാബത്തിനെ വിശുദ്ധീകരിച്ചതിനാല്‍ ഇസ്രായേല്‍ക്കാര്‍ അതിനെ വിശുദ്ധമാക്കി നിലനിര്‍ത്തി. സാബത്തിനെ സംബന്ധിച്ച നിയമം ഇതാണ്: സാബത്തു വിശുദ്ധദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക. ആറു ദിവസം അദ്ധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍, ഏഴാം ദിവസം നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ സാബത്താണ്. അന്ന്, നീയോ, നിന്‍െറ മകനോ, മകളോ, ദാസനോ, ദാസിയോ, നിന്‍റെ മൃഗങ്ങളോ, നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു പ്രവൃത്തിയും ചെയ്യരുത്... അങ്ങനെ, അവിടുന്ന് സാബത്തുദിനത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു (പുറപ്പാട് 20:8-11). യഹ്വെയും ഇസ്രായേല്‍ ജനതയും തമ്മിലുണ്ടായ ഉടമ്പടിയുടെ ഭാഗമായിരുന്നു ഈ നിബന്ധന. സഭ ഇപ്പോള്‍, യഹൂദരുടെ സാബത്ത് തത്ത്വം ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഞായറാഴ്ചകള്‍ക്കു ബാധകമാക്കുന്നു. അതിലൂടെ, ഞായറാഴ്ച കുര്‍ബ്ബാനയിലുള്ള സാന്നിദ്ധ്യം നിര്‍ബന്ധമാക്കുന്നു.
സാബത്തിന്‍റെ ശരിയായ ആചരണം പഴയനിയമത്തില്‍ നിര്‍ബന്ധമായിരുന്നു. അതുപോലെ ശരിയായ ഞായറാഴ്ച ആചരണവും പുതിയനിയമത്തിനുകീഴില്‍ ക്രൈസ്തവര്‍ക്ക് നിര്‍ബന്ധമായും ബാധകമായിരുന്നു. ആദിമസഭയില്‍ സാബത്തില്‍നിന്ന് ഞായറാഴ്ചയിലേക്കുള്ള മാറ്റം പെട്ടെന്നായിരുന്നില്ല; മന്ദഗതിയില്‍ ആയിരുന്നു. അതിനുള്ള ചില കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്:
സാബത്തില്‍നിന്ന് ഞായറാഴ്ചയിലേക്കുള്ള ഈ മാറ്റത്തിന് ആധികാരികത നല്കുവാന്‍ സഭയ്ക്ക് അവകാശമുണ്ട്. "അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്. മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്" (മര്‍ക്കോ 2:27). യേശു സഭയെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ ഏല്പിച്ചു (മത്തായി 16:19). ബന്ധിക്കാനും അഴിക്കാനും (പാപങ്ങള്‍) ഉള്ള അധികാരവും അവിടുന്ന് അവള്‍ക്കു നല്കി (മത്താ 18:18-20). ഞായറാഴ്ചകളിലും മറ്റു കടമുള്ള വിശുദ്ധദിനങ്ങളിലും ദൈവത്തിന് അര്‍ഹിക്കുന്ന ആരാധന തടസ്സപ്പെടുത്തുന്ന പ്രവൃത്തികളിലും ജോലികളിലും ഏര്‍പ്പെടുന്നതില്‍നിന്ന് വിശ്വാസികള്‍ വിട്ടുനില്ക്കണം എന്ന് സഭ അനുശാസിക്കുന്നു. അതേ സമയം, വിശ്വാസികള്‍ കാരുണ്യപ്രവൃത്തികള്‍ ചെയ്യണം; ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമവും ഉല്ലാസവും പ്രദാനം ചെയ്യണം. എങ്കിലും, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മുകളില്‍പ്പറഞ്ഞ കടത്തില്‍നിന്ന് വിശ്വാസികള്‍ക്ക് ഇളവു നല്കും.
വിശുദ്ധകുര്‍ബാന അര്‍പ്പണം, ഒരു വ്യക്തിയുടെ പ്രത്യേക കാര്യസാദ്ധ്യത്തിനുവേണ്ടിയാണെങ്കില്‍ക്കൂടി, അതിനു പണം നല്കാന്‍ കത്തോലിക്കര്‍ക്ക് ബാദ്ധ്യതയോ നിര്‍ബന്ധമോ ഇല്ല. എങ്കിലും, ഒരു പ്രത്യേക വേതനം നല്കുന്ന പതിവ് സഭയില്‍ ക്രമേണ വികസിച്ചുവന്നു. നല്കപ്പെട്ട പ്രത്യേക സേവനശുശ്രൂഷയോടുള്ള മതിപ്പിന്‍റെ അടയാളമായിട്ടാണ് അത് നല്കപ്പെട്ടത്. അതുപോലെതന്നെ വൈദികരുടെ ജീവിതച്ചെലവിനുള്ള ഒരു ചെറിയ തുക എന്ന നിലയിലും കൂടിയാണ് അതു നല്കപ്പെട്ടത്. പ്രൊട്ടസ്റ്റന്‍റ് അജപാലകര്‍ ക്രിസ്ത്യാനികളില്‍നിന്ന് ദശാംശം പിരിച്ചെടുത്തു. അതേസമയം, കത്തോലിക്കാ പുരോഹിതര്‍ നിലനില്പിനായി ആശ്രയിച്ചത് വിശ്വാസികള്‍ സ്വമേധയാ നല്കുന്ന സംഭാവനകളില്‍ മാത്രമാണ്, പ്രൊട്ടസ്റ്റന്‍റുകാരായ ശുശ്രൂഷികള്‍ ജ്ഞാനസ്നാനം, വിവാഹം മുതലായവ നടത്തുമ്പോള്‍ പണമോ, മറ്റു വസ്തുക്കളോ സമ്മാനങ്ങളും സംഭാവനകളും ആയി സ്വീകരിക്കാറില്ലേ? ഈ ആചാരത്തിന് വിശുദ്ധലിഖിതത്തിന്‍റെ അംഗീകാരവുമുണ്ട്. "ദൈവാലയ ജോലിക്കാര്‍ക്കുള്ള ഭക്ഷണം ദൈവാലയത്തില്‍ നിന്നാണെന്നും, അള്‍ത്താര ശുശ്രൂഷകര്‍ ബലിവസ്തുക്കളുടെ പങ്കുപറ്റുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? അതുപോലെ, സുവിശേഷപ്രഘോഷകര്‍ സുവിശേഷം കൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്ന് കര്‍ത്താവ് കല്പിച്ചിരിക്കുന്നു" (1 കോറി 9:13-14).
ഡോ. ആന്‍റണി നെറ്റിക്കാട്ട് സി.എം
holy-mass-some-ecumenical-thoughts catholic malayalam holymass importance of holy mass Dr. Antony Nettikkattu C M Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206