We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Thomas Paul On 02-Feb-2021
ആമുഖം
മനുഷ്യനെ ദൈവം മണ്ണില്‍നിന്നു മെനഞ്ഞെടുത്തു തന്‍റെ ജീവശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിച്ചു. അങ്ങനെ, അവനെ തന്‍റെ "ഛായയിലും സാദൃശ്യത്തിലും" ദൈവം സൃഷ്ടിച്ചു. അന്നുമുതല്‍ ദൈവം മനുഷ്യരുടെ കൂടെയായിരിക്കാന്‍ ഇഷ്ടപ്പെട്ടു. ഏദന്‍ തോട്ടത്തില്‍ അവിടുന്നു "ഉലാത്താന്" ഇറങ്ങിയതും ഒളിച്ചിരുന്ന ആദത്തോട് "നീ എവിടെയാണ്" എന്നു ചോദിച്ചതും സൂചിപ്പിക്കുന്നത് ദൈവം മനുഷ്യനോട് ഉറ്റ സ്നേഹിതനെപ്പോലെ പെരുമാറിയിരുന്നു എന്നാണ്. അവന്‍ പാപം ചെയ്തപ്പോള്‍ സ്വന്തം നഗ്നത കണ്ടെങ്കിലും ദൈവത്തെ കാണാന്‍ അവനു സാധിച്ചില്ല. എങ്കിലും ദൈവം അവനെ സദാ കണ്ടുകൊണ്ടിരുന്നു. തന്‍റെയടുക്കലേക്ക് വീണ്ടും അവനെ കൂട്ടിക്കൊണ്ടുവരാന്‍ ദൈവം ആവിഷ്കരിച്ച പദ്ധതിയാണ് രക്ഷാചരിത്രത്തില്‍ ഉരുത്തിരിയുന്നത്.
ദൈവസന്നിധാനത്തിലായിരിക്കുവാനുള്ള മനുഷ്യന്‍റെ പരിശ്രമം എല്ലാ മതങ്ങളിലും തെളിഞ്ഞുകാണാനാവും. വനാന്തരങ്ങളില്‍ ധ്യാനനിമഗ്നനായ മഹര്‍ഷി "അഹം ബ്രഹ്മാസ്മി" "തത്ത്വമസി" എന്നൊക്കെ ആത്മാവില്‍ ഉരുവിടുമ്പോഴും ശബരിമലയില്‍ കയറിച്ചെന്ന് "അയ്യപ്പോ, സ്വാമിയേ" എന്ന് ശരണം വിളിക്കുമ്പോഴും ദൈവസാന്നിദ്ധ്യം പ്രാപിക്കുവാനുള്ള മാനുഷിക തൃഷ്ണയാണ് വെളിപ്പെടുന്നത്.
ദൈവസാന്നിദ്ധ്യം പഴയ നിയമത്തില്‍
മനുഷ്യനെ തേടിവരുന്ന ദൈവവും ദൈവ-മനുഷ്യ സമാഗമത്തിന്‍റെ ഏറ്റക്കുറച്ചിലുമാണ് പഴയ നിയമത്തിലെ പ്രധാന ഇതിവൃത്തം. ദൈവം അബ്രാഹത്തെയും മോശയെയും പ്രവാചകന്‍മാരെയുമൊക്കെ വിളിച്ചെന്നു പറയുമ്പോള്‍, അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മാനുഷികാവസ്ഥയില്‍ അവര്‍ക്കു സുഗ്രാഹ്യനായി, സംലഭ്യനായി, സന്നിഹിതനായി എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇസ്രായേലിന്‍റെ വിമോചന ദൗത്യം മോശയെ ഏല്‍പ്പിച്ച ദൈവം വാഗ്ദാനം ചെയ്തു: "ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും" (പുറ 3:12). മോശയുടെ ഉറപ്പിനായി ദൈവം തന്‍റെ പേരു വെളിപ്പെടുത്തി: "ഞാന്‍ ആകുന്നവനാണ്" (പുറ 3:14); അതായത,് ഞാന്‍ എല്ലായിടത്തും എപ്പോഴും സന്നിഹിതനാണ് എന്ന്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം നമ്മോടു വാഗ്ദാനം ചെയ്യുന്നു: "ഞാന്‍ നിന്നെ തെരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കയില്ല... ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്" (ഏശ 41:9-10). സാന്ദര്‍ഭികമായി മാത്രമല്ല, പ്രത്യുത, സ്ഥിരമായി അവിടുന്ന് മനുഷ്യരുടെ ഇടയില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നു. "ഞാന്‍ എന്‍റെ കൂടാരം നിങ്ങളുടെ ഇടയില്‍ സ്ഥാപിക്കും. ഞാന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല. ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിക്കും. ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍റെ ജനവുമായിരിക്കും" (ലേവ്യ 26:11-12).
ഈജിപ്തില്‍ നിന്ന് കാനാന്‍ ദേശത്തേക്കുള്ള യാത്രയില്‍ ആദ്യന്തം കര്‍ത്താവിന്‍റെ സജീവസാന്നിദ്ധ്യം അവര്‍ വ്യക്തിപരമായും കൂട്ടായും അനുഭവിച്ചിരുന്നു. ڇശക്തമായ കരം നീട്ടി, ഭീതിജനകമായ അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട്ڈ ദൈവം ഇസ്രായേല്‍ ജനത്തെ കൂട്ടിക്കൊണ്ടുപോന്നു (നിയ 26:89). സീനായ് മലയില്‍വച്ച് ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി സ്ഥാപിച്ചപ്പോള്‍ അത് അവിടുത്തെ നിരന്തര സാന്നിദ്ധ്യത്തിന്‍റെയും സംരക്ഷണത്തിന്‍റെയും വാഗ്ദാനമായിരുന്നു.
ഉടമ്പടിപത്രിക നിക്ഷേപിച്ച സാക്ഷ്യപേടകം കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തെ അറിയിച്ചുകൊണ്ടിരുന്നു. കര്‍ത്താവിന്‍റെ സാന്നിദ്ധ്യം അനുഭവിക്കാനായി പുറപ്പാടിന്‍റെ കാലയളവില്‍ മൂശ څസമാഗമകൂടാരംچ നിര്‍മ്മിക്കുക പതിവായിരുന്നു. പകല്‍സമയത്ത് ഒരു മേഘസ്തംഭവും രാത്രിയില്‍ ജാജ്വല്യമാനമായ മേഘച്ചുരുളും കൂടാരവാതില്‍ക്കല്‍ ഇറങ്ങിവന്ന് കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ജനങ്ങളെ അറിയിച്ചു. അതില്‍ കയറിച്ചെന്ന മൂശയോട് "സ്നേഹിതനോടെന്നപോലെ കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ചിരുന്നു" (പുറ 33:11).
ഇസ്രായേലിനു ലഭിച്ച ദൈവസാന്നിദ്ധ്യം കൈവിട്ടുകളയാതെ തലമുറകള്‍തോറും അനുഭവിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതിനുവേണ്ടി പല ആചാരങ്ങളും തിരുനാളുകളും ബലികളും അവര്‍ അനുഷ്ഠിച്ചുപോന്നു. ക്രമേണ ഇസ്രായേലില്‍ ഒരു വിശ്വാസം ഉറച്ചു. ദൈവം തന്നെ (ദൈവിക വിജ്ഞാനം) "ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെ ഇടയില്‍ വസിക്കുകയും ചെയ്യും" (ബാറൂക്ക് 3:37). ഈ വിശ്വാസം കേവലം മാനുഷിക പ്രതീക്ഷ മാത്രമല്ല, ദൈവീക തീരുമാനമാണെന്ന് പ്രവാചകന്മാര്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. മനുഷ്യരുടെകൂടെ വസിക്കുന്ന ദൈവത്തിന്‍റെ പേര്, "ഇമ്മാനുവല്", അഥവാ "ദൈവം നമ്മോടുകൂടെ" എന്നായിരിക്കുമെന്ന് ഏശയ്യാ പ്രവചിച്ചു. "യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവന്‍ ഇമ്മാനുവല്‍ എന്നു വിളിക്കപ്പെടും" (ഏശ 7:14). പ്രവാചകന്‍മാരുടെ, പ്രത്യേകിച്ച് ഏശയ്യായുടെ കാലം തുടങ്ങി, മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ദൈവത്തെ ഉറ്റുനോക്കി പാര്‍ത്തിരിക്കുകയായിരുന്നു ഇസ്രായേല്‍ ജനം മുഴുവന്‍.
ദൈവസാന്നിദ്ധ്യം പലവിധം
ദൈവം മനുഷ്യരുടെ ഇടയില്‍ സന്നിഹിതനാണെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. ആ സാന്നിദ്ധ്യം പലതരത്തിലാണ്. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തില്‍ ആകമാനം അവിടുത്തെ സാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്നു. ഇത് പ്രധാനമായും അവിടുത്തെ ശക്തിയിലൂടെയാണ്. മനുഷ്യഹൃദയങ്ങളില്‍ അവിടുത്തെ ആദ്ധ്യാത്മികമായ സാന്നിദ്ധ്യം ഉണ്ട്. പറുദീസായില്‍ അവിടുത്തെ സജീവസാന്നിദ്ധ്യം ആദി മാതാപിതാക്കള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടു. അതുപോലെ ആയിരുന്നില്ല, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സംലഭ്യമായ ദൈവസാന്നിദ്ധ്യം. അതിലും സാന്ദ്രമായിരുന്നു പ്രവാചകന്‍മാരില്‍ അവിടുത്തെ നിവേശം. തികച്ചും വ്യത്യസ്ഥമായ രീതിയില്‍, തികഞ്ഞ പരിപൂര്‍ണ്ണതയോടെ ദൈവം മനുഷ്യനായി അവതരിച്ച് നമ്മുടെ ഇടയില്‍ വസിച്ചു. ലോകത്തില്‍ ഇതിലും മെച്ചപ്പെട്ടതോ പൂര്‍ണ്ണമായതോ ആയ ദൈവിക സാന്നിദ്ധ്യം സാധ്യമല്ല. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് നേരിട്ട് ഗോചരമല്ലെങ്കിലും അതേ ക്രിസ്തു രഹസ്യം, പൂര്‍ണ്ണമായ ദൈവത്വത്തോടും പൂര്‍ണ്ണമായ മനുഷ്യത്വത്തോടുംകൂടെ ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടുപോകുന്ന മഹാരഹസ്യമാണ് വി. കുര്‍ബാന എന്ന കൂദാശ.
സാന്നിദ്ധ്യ വാഗ്ദാനം
ക്രിസ്തുനാഥന്‍റെ ഈ ലോകത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മൊഴി വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്താ. 28:20). "നീ പോവുകയാണല്ലോ, പിന്നെ ഇതെങ്ങനെ സാധിക്കും" എന്ന് ആരും അവിടുത്തോട് ചോദിക്കുന്നതായി കാണുന്നില്ല. അന്ത്യത്താഴത്തില്‍ വെച്ച് താന്‍ പോവുകയാണെന്നും താന്‍ "പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം" എന്നും അവിടുന്നു പറഞ്ഞപ്പോള്‍ "കര്‍ത്താവേ, നീ എവിടേക്ക് പോകുന്നുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ; പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും" (യോഹ. 14:4) എന്ന് തോമസ് ഉടനടി പ്രതികരിച്ചതാണല്ലോ. അതിനാല്‍ അപ്പസ്തോലന്‍മാരുടെ മൗനം സൂചിപ്പിക്കുന്നത്, കര്‍ത്താവ് എങ്ങനെ അവരുടെകൂടെ എന്നും ജീവിക്കും എന്ന് അവര്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു എന്നല്ലേ?
അന്ത്യ അത്താഴത്തില്‍ യേശു വി. കുര്‍ബാന എന്ന മഹാരഹസ്യം, ആമുഖമോ വിശദീകരണമോ കൂടാതെ പെട്ടെന്ന് സ്ഥാപിക്കുകയായിരുന്നു എന്ന് ചിന്തിക്കാന്‍ പ്രയാസമുണ്ട്. തന്‍റെ പീഡാസഹനത്തേയും മരണത്തെയും ഉത്ഥാനത്തേയുംകുറിച്ച് പല തവണകളായി സാവധാനം അവിടുന്ന് ശിഷ്യന്‍മാരെ പഠിപ്പിച്ചതുപോലെ, ആ പെസഹാരഹസ്യത്തിന്‍റെ കൗദാശിക പുനരാവിഷ്കാരമായ വി. കുര്‍ബാനയെക്കുറിച്ച് പല സന്ദര്‍ഭങ്ങളിലായി പടിപടിയായി അവിടുന്ന് വെളിപ്പെടുത്തിയിരുന്നു എന്ന് കരുതുന്നതാണ് കൂടുതല്‍ സ്വീകാര്യം.
യേശുനാഥന്‍ തന്‍റെ പരസ്യജീവിതകാലത്ത് ധാരാളം അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്. അതൊന്നും ജനങ്ങളെ വിസ്മയിപ്പിക്കാനോ പ്രസിദ്ധി നേടാനോ ആയിരുന്നില്ല. "അടയാളങ്ങള്‍" എന്നാണ് വി. യോഹന്നാന്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങളെ വിളിക്കുന്നത്. പ്രപഞ്ചത്തിന്‍മേല്‍ പൂര്‍ണ്ണ നിയന്ത്രണാധികാരമുള്ളത് ദൈവത്തിനുമാത്രമാണ്. അതിനാല്‍ താന്‍ ദൈവസുതനാണെന്ന് കാണിക്കുന്ന അടയാളങ്ങളാണ് യേശുവിന്‍റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍. ഉദാഹരണമായി, ദൈവത്തിനുമാത്രം സാധിക്കുന്ന പാപമോചനം നല്‍കാന്‍ യേശുവിന് അധികാരമില്ലെന്ന് വിചാരിച്ച യഹൂദരുടെ സംശയം തീര്‍ക്കാന്‍ അവരുടെ മുമ്പില്‍വച്ച്, കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍പോലും കഴിയാതിരുന്ന തളര്‍വാതരോഗിയോട് അവിടുന്നു പറഞ്ഞു: "എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോവുക" . തല്‍ക്ഷണം അവന്‍ എഴുന്നേറ്റ് കിടക്കയുമെടുത്തു, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി (മാര്‍ക്കോ. 2:11). കാനായില്‍ വെള്ളം വീഞ്ഞാക്കിയപ്പോള്‍ പ്രപഞ്ചവസ്തുക്കളില്‍ സത്താഭേദം വരുത്താന്‍ തനിക്കു ശക്തിയുണ്ടെന്ന് അവിടുന്ന് മനുഷ്യര്‍ക്ക് കാണിച്ചുകൊടുത്തു. രോഗികളെ സുഖപ്പെടുത്തിയപ്പോള്‍ മനുഷ്യാവസ്ഥകളില്‍ തനിക്കുള്ള നിയന്ത്രണം അവിടുന്ന് തെളിയിക്കുകയായിരുന്നു; മരിച്ചവരെ ഉയിര്‍പ്പിച്ചപ്പോള്‍ ജീവന്‍റെമേല്‍ തനിക്കുള്ള പരമാധികാരം കാണിച്ചുകൊടുക്കുകയായിരുന്നു. ഈ ദൃശ്യമായ അടയാളങ്ങളെല്ലാം യേശുവിന്‍റെ അദൃശ്യമായ ദൈവികതയെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അങ്ങനെ, ദൃശ്യമായ അടയാളങ്ങള്‍ സ്ഥാപിച്ച് അദൃശ്യമായ ദൈവീക സാന്നിദ്ധ്യം മനുഷ്യര്‍ക്ക് സംലഭ്യമാക്കാനുള്ള തന്‍റെ ശക്തിയെ യേശു വ്യക്തമാക്കി.
അത്ഭുതപ്രവര്‍ത്തനങ്ങളുടെ ഈ പ്രബോധന പശ്ചാത്തലത്തില്‍ വേണം അഞ്ചപ്പം വര്‍ദ്ധിപ്പിച്ച് അയ്യായിരം പേരെ തീറ്റി സംതൃപ്തരാക്കിയ അത്ഭുതത്തെ നാം കാണേണ്ടത് (യോഹ. 6:1-4). വിശക്കുന്നവരോടുള്ള സഹതാപം എന്നതിലുപരി യേശുവിന് രക്ഷാകരമായ ഒരു ലക്ഷ്യമുണ്ടായിരുന്നു ഈ അടയാളത്തിനു പിന്നില്‍. അതു മനസ്സിലായതുകൊണ്ടായിരിക്കണം പെസഹാത്തിരുനാളിന്‍റെ സാമീപ്യത്തെക്കുറിച്ചും അപ്പം വിളമ്പിക്കൊടുക്കാന്‍ ശിഷ്യന്മാരെ നിയോഗിച്ചതിനെക്കുറിച്ചും യോഹന്നാന്‍ സൂചിപ്പിക്കുന്നത്. ജീവന്‍റെ അപ്പമായ വി. കുര്‍ബാനയെക്കുറിച്ച് യേശു നല്‍കിയ ആദ്യപാഠമായിരുന്നു അത്.
താന്‍ നല്‍കിയ അടയാളത്തിന്‍റെ മൂല്യം യഹൂദന്മാര്‍ക്ക്, ഒരുപക്ഷേ തന്‍റെ ശിഷ്യന്‍മാര്‍ക്കുപോലും മനസ്സിലായില്ല എന്നറിഞ്ഞ യേശു അവരെ വിട്ട് മലമുകളിലേക്ക് മാറിപ്പോകുകയാണ് ചെയ്തത്. വളരെ പ്രധാനപ്പെട്ട ദൗത്യനിര്‍വ്വഹണത്തിനുമുമ്പ് അങ്ങനെ ചെയ്യുക യേശുവിന്‍റെ പതിവായിരുന്നല്ലോ.
അത്ഭുതങ്ങളാകുന്ന അടയാളങ്ങളുടെ അര്‍ത്ഥം വായിച്ചറിയാന്‍ യഹൂദര്‍ക്കു കഴിഞ്ഞില്ല. എങ്കിലും, ഇഷ്ടംപോലെ അപ്പം ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍മുതല്‍ അവര്‍ യേശുവിന്‍റെ പുറകെ ഓടിക്കൂടി; ബലമായിത്തന്നെ യേശുവിനെ തങ്ങളുടെ രാജാവാക്കാനും ശ്രമിച്ചു. ആ അവസരം ഉപയോഗിച്ച് യേശു നിത്യജീവന്‍റെ അനശ്വരമായ അപ്പത്തെ (യോഹ. 6:27) ക്കുറിച്ചുള്ള വെളിപാടു നല്‍കി. എന്താണ് ഈ പ്രത്യേകതരം അപ്പം എന്ന് അവര്‍ക്ക് മനസ്സിലായില്ല. അവരുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍ വെച്ച് ഭക്ഷിച്ച മന്നായേക്കാള്‍ ശ്രേഷ്ഠമായ അപ്പമാണ് താന്‍ വഴി ദൈവം തരുന്നതെന്ന് അവിടുന്ന് അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. "സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് ലോകത്തിന് ജീവന്‍ നല്‍കുന്ന യഥാര്‍ത്ഥ അപ്പമാണ്" ദൈവം അവര്‍ക്ക് നല്‍കുന്നതെന്ന് യേശു പറഞ്ഞുകൊടുത്തു. "സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന അനശ്വരമായ അപ്പം" എന്ന് യേശു പറഞ്ഞത് തീര്‍ച്ചയായും വി. കുര്‍ബ്ബാനയെക്കുറിച്ചാകാനാണ് സാധ്യത. എങ്കിലും "മനുഷ്യന് നിത്യജീവന്‍ നല്‍കുന്ന ദൈവീകവെളിപാട്" എന്നും യേശുവിന്‍റെ ഈ വാക്കുകളെ വിശദീകരിക്കാനാവും. എന്തോ വിശിഷ്ട അപ്പത്തെക്കുറിച്ചാണ് യേശു പറയുന്നതെന്നുമാത്രം മനസ്സിലാക്കിയ യഹൂദര്‍ ആ അപ്പത്തിനുവേണ്ടി യേശുവിനോട് അഭ്യര്‍ത്ഥിച്ചു.
വി. കുര്‍ബ്ബാനയെക്കുറിച്ച് കുറേക്കൂടെ വ്യക്തമായ വെളിപാട് നല്‍കാന്‍ ഇത് യേശുവിന് അവസരം നല്‍കി. അവിടുന്നു പറഞ്ഞു: "ഞാനാണ് ജീവന്‍റെ അപ്പം; എന്‍റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല" (6:35) ഇത് കേട്ട യഹൂദര്‍ കൂടുതല്‍ അങ്കലാപ്പിലാവുകയാണ് ചെയ്തത്. ഭൗമികമായ അപ്പത്തെക്കുറിച്ചൊന്നുമല്ല യേശു പറയുന്നതെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. വിശ്വാസമില്ലാത്തവന് വെളിപാടിന്‍റെ വെളിച്ചം സ്വീകരിക്കാനാവില്ല എന്നറിഞ്ഞിരുന്ന യേശു അവരെ അറിയിച്ചു, പിതാവില്‍നിന്നുള്ള വിളിയില്ലാതെ തന്‍റെയടുക്കല്‍ വരാന്‍ ആര്‍ക്കും സാധിക്കുകയില്ലാ എന്ന്. തങ്ങളുടെ നാട്ടില്‍ വളര്‍ന്നുവന്ന യേശു, തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ "ജീവന്‍റെ അപ്പ"മാണെന്നും, "സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന" അപ്പമാണെന്നും എങ്ങനെ സമ്മതിക്കും! മോശയിലൂടെ നല്‍കപ്പെട്ട വെളിപാടുകള്‍ സ്വീകരിക്കാതിരുന്ന പിതാക്കന്‍മാര്‍ മരുഭൂമിയില്‍ വെച്ച് "പിറുപിറുത്ത"തുപോലെ യേശുവിനെതിരെയും അവര്‍ പിറുപിറുത്തു.
ڇഞാനാണ് ജീവന്‍റെ അപ്പംڈ എന്ന് യേശു പറഞ്ഞത് സുവ്യക്തമായും വി. കുര്‍ബ്ബാനയേക്കുറിച്ചാണെന്നും വി. കുര്‍ബ്ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിന്‍റെ പരമമായ തെളിവാണിതെന്നും വാദിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, റുഡോള്‍ഫ് ഷ്നാക്കന്‍ബുര്‍ഗ്ഗിനെപ്പോലുള്ള ആധുനിക ബൈബിള്‍ പണ്ഡിതന്‍മാര്‍ ഈ അഭിപ്രായം അതേപടി സ്വീകരിക്കാന്‍ മടിക്കുന്നു. "ഞാനാണ് ജീവന്‍റെ അപ്പം" എന്നു പറഞ്ഞ യേശു "ഞാനാകുന്ന അപ്പത്തെ" എടുത്തു ഭക്ഷിക്കാനാവശ്യപ്പെടുന്നില്ല എന്ന കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. "എന്‍റെ അടുത്തു വരുക" എന്നുമാത്രമേ ഏവിടുന്നു പറഞ്ഞുള്ളൂ. തന്‍റെ രക്തം കുടിക്കണമെന്നും ഇവിടെ അവിടുന്ന് ആവശ്യപ്പെട്ടില്ല. "എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുന്നില്ല" എന്നാണ് പറയുന്നത്. കൂടാരത്തിരുന്നാളിന്‍റെ അവസാനദിവസം, "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവര്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ" (യോഹ. 7:37) എന്ന് യേശു പറഞ്ഞത് വ്യക്തമായും വിശ്വാസത്തെ സൂചിപ്പിച്ചാണ്. കൂടാതെ നിത്യജീവന്‍ നമുക്കു തരുന്നത് ദൈവവചനമാകയാല്‍, വെളിപാടിന്‍റെ പ്രതീകമായി അപ്പത്തെ പലപ്പോഴും പഴയ നിയമത്തില്‍ ഉപയോഗിച്ചു കാണുന്നുണ്ട്. അതിനാല്‍ അതേ പ്രതീകാത്മകതയിലാണ് "ഞാനാണ് ജീവന്‍റെ അപ്പം" എന്ന് യേശു പറഞ്ഞത് എന്ന് വാദിക്കുന്നതിനെ അബദ്ധപഠനമായി തള്ളിക്കളയാനാവില്ല. ഒരുപക്ഷേ, അതായിരിക്കാം കൂടുതല്‍ സ്വീകാര്യമായ വ്യാഖ്യാനം. അങ്ങനെ വാദിച്ചാലും "ജീവന്‍റെ അപ്പം" കൊണ്ട് ദ്വിതീയമായി വി. കുര്‍ബാനയാണ് യേശു ഉദ്ദേശിച്ചതെന്നത് തീര്‍ച്ചയാണ്.
താന്‍ പറയുന്നത് സ്വീകാര്യമാകാന്‍ വിശ്വാസസിദ്ധി ആവശ്യമാണെന്ന് യേശു വീണ്ടും വീണ്ടും അവരെ അനുസ്മരിപ്പിച്ചുകൊണ്ടിരുന്നു. അവസാനം എല്ലാ മറകളും നീക്കി അവിടുന്ന് വി. കുര്‍ബ്ബാന എന്ന മഹാരഹസ്യം അവര്‍ക്കു വെളിപ്പെടുത്തി. "സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവര്‍ എന്നേക്കും ജീവിക്കും (6:51). "ജീവനുള്ള അപ്പം" എന്നതുകൊണ്ട്, യേശു തരുന്ന അപ്പത്തിന് അതില്‍ത്തന്നെ ജീവനുണ്ടെന്നും അത് ലോകത്തിന് ജീവന്‍ നല്‍കുമെന്നും അര്‍ത്ഥമാക്കുന്നുണ്ട്. താന്‍ പ്രതിപാദിക്കുന്ന അപ്പം എന്താണെന്ന് ആരും ഇനിയൊരിക്കലും സംശയിക്കാതിരിക്കാന്‍ അവിടുന്നു കൂട്ടിച്ചേര്‍ത്തു, "ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്ڈ (6:51". യേശു ഒന്നുകൂടെ വിശദീകരിക്കുകയാണ്: "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുڈ (6: 54-56). മറ്റേതു ഭക്ഷണവും, അത് മന്നയാണെങ്കില്‍തന്നെയും ഭക്ഷിച്ചാല്‍ മരണത്തിനു വിധേയനാണ്. എന്നാല്‍ ദൈവീകജീവന്‍ പൂര്‍ണ്ണമായി നിവസിക്കുന്ന യേശു നമ്മില്‍ വസിക്കുമ്പോള്‍ മരണത്തിന് നമ്മുടെമേല്‍ ആധിപത്യം ഉണ്ടാകില്ല. മരിച്ചാലും യേശുവിനോടുകൂടെ നമ്മളും ഉത്ഥാനം ചെയ്യും.1
ഇവിടെ ഒരുകാര്യം തീര്‍ച്ചയാണ്. യേശുവിന്‍റെ ഈ വചനങ്ങള്‍ ഒരു തരത്തിലും പ്രതീകാത്മകമായി വിശദീകരിക്കാനാവില്ല. വി. കുര്‍ബ്ബാനയാകുന്ന അപ്പത്തിലും വീഞ്ഞിലും യേശു പൂര്‍ണ്ണമായ മനുഷ്യത്വത്തോടും പൂര്‍ണ്ണമായ ദൈവത്വത്തോടുംകൂടെ സന്നിഹിതനാണെന്ന് നാം സമ്മതിച്ചേ തീരൂ.
മറ്റൊരു തരത്തിലും വ്യാഖ്യാനിക്കാനാവാത്തവിധം തന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യണമെന്ന് യേശു പറഞ്ഞപ്പോള്‍ യഹൂദന്‍മാര്‍ മാത്രമല്ല, ശിഷ്യന്‍മാരില്‍ പലരും "പിറുപിറുത്തു" തുടങ്ങി. അവരില്‍ വളരെപ്പേര്‍ ഈ വചനം കാരണം യേശുവിനെ ഉപേക്ഷിച്ചു പോകുകയും ചെയ്തു (6:66). അപ്പോഴും തന്‍റെ വചനങ്ങള്‍ക്ക് എന്തെങ്കിലും പ്രതീകാത്മക വിശദീകരണം നല്‍കാന്‍ യേശു തയ്യാറായില്ല. മാത്രമല്ല, താന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത ആ പന്ത്രണ്ടുപേരോടായി അവിടുന്നു ചോദിക്കുകയാണ്: "നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നോ?" അതായത് താന്‍ നല്‍കുന്ന അപ്പത്തില്‍ തന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഉണ്ടെന്ന് വിശ്വസിക്കുവാന്‍ അവര്‍ക്ക് ആവുന്നില്ലെങ്കില്‍, അവരും തന്‍റെ കൂട്ടത്തില്‍ നടക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവരെ തന്‍റെ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് യേശു അസന്നിഗ്ദ്ധമായി സൂചിപ്പിച്ചത്. അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. യേശു വെളിപ്പെടുത്തിയ രക്ഷാകരപദ്ധതിയില്‍ കേന്ദ്രസ്ഥാനം വി. കുര്‍ബാനയിലെ തന്‍റെ യഥാര്‍ത്ഥസാന്നിദ്ധ്യത്തിന് അവിടുന്നു നല്‍കി.2
ഈ വിശദീകരണങ്ങളുടെയെല്ലാം വെളിച്ചത്തില്‍ വേണം യേശു അന്ത്യ അത്താഴത്തില്‍ ചെയ്തത് നാം മനസ്സിലാക്കേണ്ടത്. അപ്പം എടുത്ത് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അവിടുന്ന് അരുളിചെയ്തു: "ഇത് എന്‍റെ ശരീരമാണ്", വീഞ്ഞ് അവര്‍ക്ക് കൊടുത്തുകൊണ്ട് അരുളിചെയ്തു, ڇഇത് എന്‍റെ രക്തമാണ്" ശിഷ്യന്മാര്‍ ആരും "പിറുപിറുക്കാതെ" അതു വിശ്വസിച്ചു. കാരണം, നിത്യജീവന്‍റെ വചനങ്ങള്‍ അവിടുത്തെ പക്കല്‍ ഉണ്ടെന്നും അവിടുന്ന് "ദൈവത്തിന്‍റെ പരിശുദ്ധ"നാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. ആ അപ്പവും വീഞ്ഞും സ്വീകരിച്ചപ്പോള്‍ തങ്ങള്‍ എന്താണ്, അഥവാ വി. അഗസ്തീനോസ് പറയുന്നതുപോലെ, ആരെയാണ് സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
തന്‍റെ സാന്നിദ്ധ്യം എങ്ങനെ ജീവദായകമാകും എന്നു വിശദീകരിക്കാന്‍ അന്ത്യ അത്താഴത്തില്‍ വെച്ച് മുന്തിരിച്ചെടിയുടെ ഉപമ യേശു പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. അവിടുന്നാണ് "സാക്ഷാല്‍ മുന്തിരിച്ചെടി" അവിടുന്ന് അരുളിചെയ്യുന്നു. "നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നു" (യോഹ 15:ളള).
വി. കുര്‍ബ്ബാനയില്‍ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിലുള്ള വിശ്വാസം വി. കുര്‍ബാനയെക്കുറിച്ച് വി. പൗലോസ് പ്രതിപാദിക്കുന്നിടത്ത് സുവ്യക്തമാണ്. വേണ്ടത്ര ഒരുക്കം കൂടാതെ വി. കുര്‍ബാന സ്വീകരിക്കുന്നവന്‍ "കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനുമെതിരെ പാപം ചെയ്യുന്നു" എന്ന് കൊറീന്ത്യര്‍ക്കെഴുതുമ്പോള്‍ അദ്ദേഹം വ്യക്തമാക്കുന്നു. തന്‍റെ പ്രബോധനം കര്‍ത്താവില്‍നിന്നുതന്നെ ലഭിച്ചതാണെന്നും വി. പൗലോസ് പറയുന്നുണ്ട്.
തന്‍റെ ശരീരരക്തങ്ങളാക്കിയ അപ്പവും വീഞ്ഞും ഭക്ഷിക്കുവാനും പാനം ചെയ്യുവാനുമായി ശിഷ്യന്‍മാര്‍ക്ക് കൊടുത്തതിന് ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നുകൂടെ അവരോടു പറഞ്ഞപ്പോള്‍, അവര്‍ക്കുണ്ടായ വികാരതീവ്രത ഇനിയൊരിക്കലും കണ്ടെത്താനാവില്ല. പന്തക്കുസ്താദിനം തുടങ്ങി ഇന്നോളം സഭ ആ കല്‍പന പാലിച്ചു പോരുന്നു. അവിടുത്തെ പ്രത്യാഗമനംവരെ സഭ അത് തുടരുകയും ചെയ്യും. വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന ചോദ്യത്തിന് കാള്‍ റാഹ്നര്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്: "ഉത്തരം വളരെ ലളിതമാണ്. തന്‍റെ പീഡാസഹനത്തിന്‍റെ ആരംഭത്തില്‍ അവിടുന്ന് ആഘോഷിച്ച കര്‍ത്താവിന്‍റെ അത്താഴം നമുക്കുവേണ്ടി നമ്മുടെയിടയില്‍ ആവിഷ്കൃതമാകുന്നു.3 അന്ത്യ അത്താഴവേളയില്‍ ശിഷ്യന്മാരുടെയിടയില്‍ അവിടുന്ന് ഏതെല്ലാം സമ്പൂര്‍ണ്ണതകളോടെ സന്നിഹിതനായിരുന്നുവോ, അതേ പൂര്‍ണ്ണതകളോടെ അവിടുന്ന് വി. കുര്‍ബ്ബാനയിലും കൗദാശികമായി സന്നിഹിതനാണ്. "നിത്യജീവന്‍റെ ഉറപ്പായി നമ്മിലേക്ക് പ്രവേശിക്കുന്ന ദാനമായി അവിടുന്ന് സന്നിഹിതനാണ്. നമ്മുടെ സ്നേഹ ഐക്യമായി അവിടുന്ന് സന്നിഹിതനാണ്. തന്‍റെ മരണത്തോടുകൂടിയും മരണംവഴി നേടിയ ജീവനോടുകൂടിയും അവിടുന്നു സന്നിഹിതനാണ്. ലോകരൂപാന്തരീകരണത്തിന്‍റെ ആരംഭമായും പാപാന്ധകാരത്തിലേക്കുള്ള ദൈവമഹത്വത്തിന്‍റെ അപ്രതിരോധ്യമായ വിസ്ഫോടനത്തിന്‍റെ ഉറപ്പായും അവിടുന്ന് സന്നിഹിതനാണ്. ജീവിതത്തിന്‍റെ ശക്തിയായും നമ്മുടെ മരണത്തെ തന്‍റെ ജീവന്‍കൊണ്ട് അനുഗ്രഹിക്കാനായി തന്‍റെ മരണത്തിലേക്ക് നമ്മെയും വലിച്ചിറക്കികൊണ്ടുപോകുന്ന ശക്തിയായും അവിടുന്ന് സന്നിഹിതനാണ്. നമ്മുടെ സ്നേഹിതനായും സഹയാത്രികനായും നമ്മുടെ പരമാന്ത്യത്തിന്‍റെ സഹോദരപങ്കാളിയായും അവിടുന്ന് സന്നിഹിതനാണ്. ഇങ്ങനെ, എല്ലാ കാര്യങ്ങളിലും അവിടുന്ന് നമ്മുടെ ഇടയിലും നമുക്കുവേണ്ടിയും സന്നിഹിതനായിരുന്നുകൊണ്ട് തന്നെത്തന്നെ നമ്മില്‍ സംസ്ഥാപിക്കുകയും നമ്മള്‍ അവിടുത്തെ സ്വീകരിക്കുമ്പോള്‍ നമ്മെ തന്നിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുന്നു."
പിതാക്കന്മാരുടെ വിശ്വാസം
ശിഷ്യന്മാരുടെ വിശ്വാസം സഭാപിതാക്കന്മാര്‍ അഭംഗുരം കാത്തുസൂക്ഷിക്കുകയും പിന്‍തലമുറകള്‍ക്ക് കൈമാറുകയും ചെയ്തു. പിതാക്കന്മാരുടെ പഠനത്തിന്‍റെ സാരാംശം അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് 107-ല്‍ സ്മിര്‍ണായിലെ സഭയ്ക്ക് അയച്ച കത്തില്‍ കാണാം. "നമ്മുടെ പാപത്തെപ്രതി സഹിക്കുകയും പിതാവ് തന്‍റെ സ്നേഹകാരുണ്യം കൊണ്ട് ഉയിര്‍പ്പിക്കുകയും ചെയ്ത നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ശരീരമാണ് വി. കുര്‍ബാന." വി. കുര്‍ബ്ബാനയിലെ യേശുവിന്‍റെ സാന്നിദ്ധ്യം ഏതെങ്കിലും തരത്തില്‍ പ്രതീകാത്മകമായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നവരോടായി മോപ്സുവെസ്തിയായിലെ തെയദോര്‍ അപ്പസ്തോലിക പാരമ്പര്യം അനുസ്മരിപ്പിച്ചു പറയുന്നു: "ഇത് എന്‍റെ ശരീരത്തിന്‍റെ പ്രതീകമാണെന്നും ഇത് എന്‍റെ രക്തത്തിന്‍റെ പ്രതീകമാണെന്നും അല്ലല്ലോ കര്‍ത്താവ് പറയുന്നത്; പ്രത്യുത, ഇത് എന്‍റെ ശരീരവും രക്തവുമാണെന്നാണ്" ഇതേ ആശയം തന്നെ അലക്സാണ്‍ട്രിയായിലെ വി. സിറിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിജന്‍, വി. അത്തനേഷ്യസ്, ജറുസലേമിലെ വി. സിറില്‍, വി. ജോണ്‍ ക്രിസോസ്റ്റം, വി. അഗസ്തിനോസ്, വി. അംബ്രോസ് തുടങ്ങിയ ആദിമപിതാക്കന്മാരുടെ പ്രബോധനങ്ങളിലും പ്രസ്തുത ആശയം വ്യക്തമായി കാണുന്നുണ്ട്. ചുരുക്കത്തില്‍, വി. കുര്‍ബ്ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിലുള്ള വിശ്വാസം ആദിമസഭയുടെ പ്രധാന പ്രബോധവും ജീവിതത്തിന്‍റെ കേന്ദ്രവുമായിരുന്നു.
പ്രശ്നങ്ങള്‍ മുളയെടുക്കുന്നു
ആദിമസഭയില്‍ വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ആരും സംശയിച്ചിരുന്നില്ല. പകല്‍ വെളിച്ചംപോലെ അതവര്‍ക്കു സുവ്യക്തമായിരുന്നു. യേശുവിന്‍റെ ദൈവത്വത്തെക്കുറിച്ചും കന്യകാമറിയത്തിന്‍റെ ദൈവമാതൃത്വത്തെക്കുറിച്ചും ദൈവവരപ്രസാദത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ഒക്കെ ഒത്തിരി പ്രശ്നങ്ങള്‍ ഉണ്ടായിട്ടും വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെക്കുറിച്ച് ആദ്യത്തെ എട്ടു നൂറ്റാണ്ടിനിടയ്ക്ക് ഒരു പ്രശ്നവും തലപൊക്കിയില്ല.
കൂദാശകളുടെ എണ്ണംപോലും തിട്ടമില്ലാതിരുന്ന ആ കാലത്തു കൂദാശകളുടെ ദൈവശാസ്ത്രം അധികമൊന്നും വികസിച്ചിട്ടില്ലായിരുന്നു. വി. കുര്‍ബാന ഒരു കൂദാശയാണെന്നും അതിനാല്‍ അത് ബാഹ്യമായ പ്രതീകമാണെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നു. അതേസമയം വി. കുര്‍ബാനയില്‍ ക്രിസ്തു യഥാര്‍ത്ഥത്തില്‍ സന്നിഹിതനാണെന്നും അവര്‍ പൂര്‍ണ്ണമായി വിശ്വസിച്ചുപോന്നു.
വി.കുര്‍ബാന എങ്ങനെ ഒരേ സമയത്തു അടയാളവും ആ അടയാളം സൂചിപ്പിക്കുന്ന യാഥാര്‍ത്ഥ്യവും ആണെന്ന് വിശദീകരിക്കുവാന്‍ അന്നത്തെ ദൈവശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിരുന്നില്ല. ഒമ്പതാം നൂറ്റാണ്ടായപ്പോള്‍ ചില ദൈവശാത്രജ്ഞന്‍മാര്‍ വി. കുര്‍ബാനയിലെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തിന് മാത്രം ഊന്നല്‍ കൊടുത്തു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രശ്നങ്ങളും തലപൊക്കി. അങ്ങനെ കോര്‍ബി ആശ്രമത്തിലെ ആബട്ടായിരുന്ന പസ്കാസിയൂസ് റാഡ്ബര്‍ട്ടൂസ് (ജമരെവമശൌെ ഞമറയലൃൗേെ 856 ര) ആദ്യമായി വിവാദങ്ങള്‍ക്ക് തിരികൊളുത്തി. വി. കുര്‍ബ്ബാനയിലെ പ്രതീകാത്മകവശത്തെ അദ്ദേഹം തീര്‍ത്തും അവഗണിച്ചു. കന്യകാമറിയം ജന്മം നല്‍കിയ അതേ ശരീരം ഒരു മാറ്റവും കൂടാതെ അതേ രീതിയില്‍ത്തന്നെ വി. കുര്‍ബാനയില്‍ സന്നിഹിതമായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. അതിനാല്‍ വി. കുര്‍ബാന താഴെ വീണാല്‍ യേശുവിനു ഷോക്കും മുറിക്കുമ്പോള്‍ വേദനയും ഉണ്ടാകുന്നു. ഇത് അസ്വീകാര്യമായ നിലപാടാണെന്ന് സഭ ഉടനെ വ്യക്തമാക്കി. ഈ അഭിപ്രായത്തിനെതിരായി കോര്‍ബി ആശ്രമത്തിലെതന്നെ റാത്രാമ്നൂസ് (ഞമൃമോിൗെ 868 ) എന്ന മറ്റൊരു സന്യാസി രംഗത്തിറങ്ങി. വി. കുര്‍ബാനയില്‍ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം പ്രധാനമായും ആത്മീയവും ശാക്തികവുമാണെന്ന് അദ്ദേഹം വാദിച്ചു. ഇതും സഭ ഉടനെ തന്നെ തള്ളിക്കളഞ്ഞു. രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷം 1050-നോടടുത്തു ടൂര്‍ഡിലെ എപ്പിസ്ക്കോപ്പല്‍ സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ബറംഗാറിയൂസ് വാദിച്ചു. ക്രിസ്തു പ്രതീകാത്മകമായി മാത്രമേ വി. കുര്‍ബാനയില്‍ സന്നിഹിതനാകുന്നുള്ളൂവെന്നും അവിടുത്തെ യഥാര്‍ത്ഥ സാന്നിദ്ധ്യം സ്വര്‍ഗ്ഗത്തില്‍ മാത്രമാണെന്നും. ഇത് അബദ്ധപഠനമായി സഭ തള്ളിക്കളഞ്ഞു. അതിനാല്‍ ബറംഗാറിയൂസ് തന്‍റെ അഭിപ്രായം പിന്‍വലിച്ച് വി. കുര്‍ബാനയില്‍ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം പരസ്യമായി ഏറ്റുപറഞ്ഞു: "കൂദാശാവചനങ്ങള്‍ക്കുശേഷം അള്‍ത്താരയിലെ അപ്പവും വീഞ്ഞും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രതീകം മാത്രമല്ല, പ്രത്യുത, അവിടുത്തെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്." വി. കുര്‍ബാനയില്‍ എങ്ങനെ പ്രതീകവും യാഥാര്‍ത്ഥ്യവും സമന്വയിച്ചു നില്‍ക്കുന്നു എന്ന് കാണിച്ചുകൊടുക്കാന്‍ ഹ്യൂഗോ ഓഫ് സെന്‍റ് വിക്ടര്‍ (1141), പീറ്റര്‍ ലൊമ്പാര്‍ഡ് (1160), വി. ബൊനെവഞ്ചര്‍ (1274), വി. തോമസ് അക്വിനാസ് (1274), മഹാനായ വി. ആല്‍ബര്‍ട്ട് (1280) എന്നീ ദൈവശാസ്ത്രജ്ഞന്മാരാണ് നേതൃത്വം നല്‍കിയത്.
പിന്നീടുവന്ന മൂന്നു നൂറ്റാണ്ടു കാലത്തേക്കു വി. കുര്‍ബാനയെക്കുറിച്ച് കാര്യമായ തര്‍ക്കങ്ങളൊന്നും ഉണ്ടായില്ല. വീണ്ടും തര്‍ക്കം ആരംഭിച്ചത് പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്‍റെ സ്ഥാപകനായ മാര്‍ട്ടിന്‍ ലൂഥറാണ്. അദ്ദേഹം വാസ്തവത്തില്‍, വി. കുര്‍ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം പൂര്‍ണ്ണമായി നിഷേധിച്ചിട്ടില്ല. വി. കുര്‍ബാനയില്‍ യേശു സന്നിഹിതനായിരിക്കുന്നത് അതിന്‍റെ ആഘോഷവേളയില്‍ മാത്രമാണെന്നും, അതു നമ്മുടെ വിശ്വാസത്തെ ആശ്രയിച്ചാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. അതിനാല്‍ കുര്‍ബാനയുടെ ആഘോഷം കഴിയുമ്പോള്‍, കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി സാധാരണ അപ്പമായി മാറുന്നു. ഇതില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ജോണ്‍ കാല്‍വിന്‍റെ വിശദീകരണം. അദ്ദേഹം പറഞ്ഞു, യേശു ശാക്തികമായ രീതിയില്‍ മാത്രമേ വി. കുര്‍ബാനയില്‍ സന്നിഹിതനാകുന്നുള്ളു എന്ന്. അങ്ങനെയുമല്ല, വെറും സൂചനാത്മകമായ സാന്നിദ്ധ്യം മാത്രമേയുള്ളൂ എന്നും സ്വിംഗ്ലിയിലെ ഉള്‍റിഖ് വാദിച്ചു. ഈ അഭിപ്രായങ്ങളെല്ലാം അസ്വീകാര്യവും അബദ്ധവുമാണെന്ന് ത്രെന്തോസ് സൂനഹദോസ് അസന്ദിഗ്ധമായി സമര്‍ത്ഥിച്ചു.
സഭയുടെ പ്രബോധനം
ബറംഗാരിയൂസ് തന്‍റെ അബദ്ധം തിരുത്തി. വി. കുര്‍ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം 1059-ല്‍ പരസ്യമായി ഏറ്റുപറഞ്ഞു. എങ്കിലും ഇത് ഒദ്യോഗികമായി പഠിപ്പിക്കേണ്ടതാണെന്ന് സഭയ്ക്ക് ബോധ്യമായി. അതിനാല്‍, പിന്നീടു വന്ന ലാറ്റിന്‍ (1215), കോണ്‍സ്റ്റാന്‍സ് (1414-18), ഫ്ളോറന്‍സ് (1439-45) എന്നീ സാര്‍വ്വത്രിക സൂനഹദോസുകള്‍ വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം ഔദ്യോഗികമായി പഠിപ്പിച്ചു.
സഭയുടെ വിശ്വാസസമ്പത്ത് ദൈവികവെളിപാടില്‍ നിന്നുള്ളതാണ്. അതില്‍ പലതും മനുഷ്യമനസ്സിന് അഗ്രാഹ്യമായ ദൈവീക രഹസ്യങ്ങളാണ്. ഉദാഹരണമായി, ദൈവത്തിന്‍റെ ഏകത്വവും ത്രിത്വവും, കന്യകാമറിയത്തിന്‍റെ ദൈവമാതൃത്വം, ദൈവത്തിന്‍റെ മനുഷ്യാവതാരം, ഇങ്ങനെയുള്ള ഒരു രഹസ്യമാണ് വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിദ്ധ്യം. അബ്രാഹവും പ്രവാചകന്‍മാരും ചെയ്തതുപോലെ നമ്മുടെ ബുദ്ധിയെ ദൈവമനസ്സിന് കീഴ്പ്പെടുത്തുമ്പോള്‍, വിശ്വാസം ബുദ്ധിയെ പ്രകാശിപ്പിക്കും. അതിനുപകരം ചില ചിന്തകര്‍ മനസ്സിലാക്കാന്‍ പ്രയാസമായവയെ എടുത്തുമാറ്റി രഹസ്യങ്ങളെ സുതാര്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വി. കുര്‍ബാനയെ സംബന്ധിച്ച് പ്രൊട്ടസ്റ്റന്‍റ് നേതാക്കളും അങ്ങനെയൊരു ശ്രമം നടത്തി.
ക്രൈസ്തവ ജീവിതത്തിന്‍റെ കേന്ദ്രമായ വി. കുര്‍ബാനയെക്കുറിച്ച് വിശ്വാസികളില്‍ സംശയം മുളയെടുക്കാതിരിക്കുന്നതിന് സഭയുടെ പരമ്പരാഗത വിശ്വാസം അവര്‍ ഒരിക്കല്‍കൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. 1551 ഒക്ടോബര്‍ 11 ത്രെന്തോസ് സാര്‍വ്വത്രിക സൂനഹദോസ് സഭയുടെ വിശ്വാസം ഔദ്യോഗികമായും, അതിനാല്‍ അപ്രമാദപരമായും, വിശദീകരിച്ചു: "ഏറ്റവും പരിശുദ്ധമായ കുര്‍ബ്ബാന എന്ന കൂദാശ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ആത്മാവോടും ദൈവത്വത്തോടും കൂടെ പൂര്‍ണ്ണമായും, സത്യമായും സത്താപരമായും ശരീരവും രക്തവുമാണെന്നും, ഈ സത്യം നിഷേധിക്കുകയും അവിടുത്തെ സാന്നിദ്ധ്യം സൂചനാത്മകമോ, പ്രതീകാത്മകമോ, ശാക്തികമോ ആണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സഭയില്‍നിന്ന് നിഷ്കാസിതനാണ്" (ഉ. 883). ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ പരിപൂര്‍ണ്ണത സംശയാതീതമായി ഇവിടെ വ്യക്തമാണ്. എങ്കിലും, ഭാവിയില്‍ സംശയത്തിന്‍റെ എല്ലാ പഴുതുകളും അടയ്ക്കുക എന്ന ഉദ്ദേശത്തോടെ ത്രെന്തോസ് കൂട്ടിച്ചേര്‍ത്തു. "പരമ പരിശുദ്ധ ദിവ്യകാരുണ്യത്തില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത കര്‍ത്താവിന്‍റെ ശരീര രക്തങ്ങളോടൊപ്പം നിലനില്‍ക്കുന്നില്ല. അപ്പത്തിന്‍റെ സത്ത മുഴുവനും അവിടുത്തെ ശരീരമായിത്തീരുകയും വീഞ്ഞിന്‍റെ സത്ത മുഴുവനും അവിടുത്തെ രക്തമായിത്തീരുകയും ചെയ്യുന്നു. അത്ഭുതാവഹവും അനന്യവുമായ മാറ്റമാണിത്; അവശേഷിക്കുന്നത് ദൃശ്യരൂപങ്ങള്‍ മാത്രമാണ്. ഇതിനെ ഏറ്റവും ഉചിതമായി വസ്തുഭേദം എന്ന് കത്തോലിക്കസഭ വിളിക്കുന്നു."
ജീവിക്കുന്ന വ്യക്തി എന്ന നിലയിലാണ് ക്രിസ്തു വി. കുര്‍ബ്ബാനയില്‍ സന്നിഹിതനായിരിക്കുന്നത്. സാന്നിദ്ധ്യം തികഞ്ഞ അര്‍ത്ഥത്തില്‍ വ്യക്തിക്കു മാത്രമുള്ളതാണ്. സാന്നിദ്ധ്യത്തില്‍ വ്യക്തിബന്ധവും ഉള്‍ക്കൊള്ളുന്നുണ്ട്. വ്യക്തി സന്നിഹിതനായിരിക്കുന്നത് മുഴുവനായിട്ടാണ്, ഭാഗികമായിട്ടല്ല. ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തെ മറ്റൊരാള്‍ അനുഭവിക്കുന്നതില്‍ ഏറ്റക്കുറച്ചിലുണ്ടാവാം. അതിനാല്‍ ക്രിസ്തു അപ്പത്തില്‍ വെറും ശരീരമായിട്ടും വീഞ്ഞില്‍ വെറും രക്തമായിട്ടുമല്ല സന്നിഹിതനായിരിക്കുന്നത്. ഓരോ സാദൃശ്യത്തിലും സാദൃശ്യസ്വഭാവം നഷ്ടപ്പെടാത്തതിന്‍റെ ഓരോ ഭാഗത്തിലും ക്രിസ്തു പൂര്‍ണ്ണമായും സന്നിഹിതനാണ്. ഇതും ത്രെന്തോസിന്‍റെ പഠനത്തിലുണ്ട്.
വി. കുര്‍ബ്ബാനയുടെ പ്രാഥമികമായ സ്ഥാപനോദ്ദേശ്യം അതു മനുഷ്യരാല്‍ ഭക്ഷണ പാനീയങ്ങളായി ഉപയോഗിക്കുക എന്നതാണ്. അതുകൊണ്ട് ഉപയോഗകര്‍മ്മത്തില്‍ മാത്രമേ ക്രിസ്തു സന്നിഹിതനാകുന്നുള്ളൂവെന്ന് ചിലര്‍ വാദിച്ചിരുന്നു. ഈ അഭിപ്രായവും ദൈവശാസ്ത്രപരമായി നിലനില്‍ക്കുന്നില്ല. "ക്രിസ്തു സന്നിഹിതനായിരിക്കുന്നത്, ഭക്ഷിക്കപ്പെട്ടതുകൊണ്ടല്ല, പ്രത്യുത, ഭക്ഷിക്കപ്പെടാനായിട്ടാണ്... ഭക്ഷിക്കപ്പെടേണ്ട ഒന്നായി ഈ അപ്പം നിലനില്‍ക്കുവോളം നമ്മളാല്‍ സ്വീകൃതനാകാനായി നമ്മുടെ കര്‍ത്താവ് നമ്മെ സമീപിക്കുന്നവനായി അവിടെയുണ്ട്." അന്ത്യ അത്താഴത്തിലും "ഇത് എന്‍റെ ശരീരമാണെ"ന്ന് ക്രിസ്തു പറഞ്ഞതിനുശേഷം അതു ഭക്ഷിക്കപ്പെട്ടതുവരെ കുറെ സമയം കടന്നുപോയല്ലോ. കൂദാശാവചനങ്ങള്‍ കഴിഞ്ഞ് അത് ഭക്ഷിക്കുന്നതുവരെ കുറെ ഇടവേള വന്നതുകൊണ്ട് അതിന്‍റെ ഭക്ഷ്യസ്വഭാവം നഷ്ടപ്പെടുന്നില്ലെന്ന് ആദിമകാലം തുടങ്ങി ക്രൈസ്തവര്‍ വിശ്വസിച്ചുപോരുന്നു.10 അതുകൊണ്ടാണ് ദിവ്യബലിയില്‍ നേരിട്ട് സംബന്ധിക്കാന്‍ കഴിയാതെ പോയവര്‍ക്കുവേണ്ടി വി. കുര്‍ബ്ബാന അവരുടെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തിരുന്നത്.11
ആധുനികകാലം
ത്രെന്തോസിനുശേഷം വി. കുര്‍ബ്ബാനയെക്കുറിച്ച് കാര്യമായ സംശയങ്ങള്‍ ഒന്നുംതന്നെ പൊന്തിവന്നില്ല. എന്നാല്‍ ആധുനികകാലത്തെ മതൈക്യസംവാദങ്ങളും പുത്തന്‍ തത്വശാസ്ത്ര വിചിന്തനങ്ങളും വി. കുര്‍ബ്ബാനയുടെ ദൈവശാസ്ത്ര വിചിന്തനങ്ങളെയും സ്വാധീനിച്ചു. അങ്ങനെ വി. കുര്‍ബ്ബാനയുടെ അതുവരെയും കണ്ടിട്ടില്ലാത്ത ആഴങ്ങളും മാനങ്ങളും കണ്ടെത്താന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് സാധിച്ചു. ത്രെന്തോസിന്‍റെ പ്രബോധനങ്ങള്‍ ആകമാനം രണ്ടാം വത്തിക്കാന്‍ സുനഹദോസ് സ്വീകരിച്ചു. എങ്കിലും, പ്രൊട്ടസ്റ്റന്‍റ് പ്രബോധനങ്ങള്‍ക്കെതിരെ ത്രെന്തോസ് ഉപയോഗിച്ച പല പദപ്രയോഗങ്ങളും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപയോഗിച്ചു. ആരെയും വേദനിപ്പിക്കാത്ത, സമഭാവന ദ്യോതിപ്പിക്കുന്ന ശൈലികളാണ് രണ്ടാം വത്തിക്കാന്‍റേത്. വി. കുര്‍ബ്ബാനയിലെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തെ "സവിശേഷം" എന്നാണ് രണ്ടാം വത്തിക്കാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.12 എന്താണ് ഈ സവിശേഷത എന്നറിയാന്‍ ക്രൈസ്തവര്‍ ത്രെന്തോസിലേക്ക് തിരിച്ചുപോകണം എന്നായിരിക്കണം വത്തിക്കാന്‍ ഉദ്ദേശിച്ചത്. ക്രൈസ്തവനു ക്രിസ്തുവിനെ പലവിധം കണ്ടുമുട്ടാനാവുമെന്ന് രണ്ടാം വത്തിക്കാന്‍ ചൂണ്ടിക്കാണിക്കുന്നു. 1. വി. കുര്‍ബ്ബാന അര്‍പ്പിക്കുന്ന വൈദികനില്‍; 2. സവിശേഷമായി വി. കുര്‍ബ്ബാനയുടെ സാദൃശ്യങ്ങളില്‍; 3. ശാക്തികമായി കൂദാശകളില്‍; 4. അവിടുത്തെ വചനങ്ങളില്‍; 5. പ്രാര്‍ത്ഥിക്കുകയും സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യുന്ന സഭയില്‍.
രണ്ടാം വത്തിക്കാന്‍റെ വിശദീകരണം വളരെ സുന്ദരമാണ്. ആരെയും കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യുന്നില്ല. ത്രെന്തോസിനേക്കാള്‍ ആഴമേറിയതാണ് വത്തിക്കാന്‍. പക്ഷേ രണ്ടാം വത്തിക്കാനെ ത്രെന്തോസിനോടു ചേര്‍ത്തു പഠിക്കുന്നതിനു പകരം പലരും ത്രെന്തോസില്‍നിന്നും വിടുതല്‍നേടി മുമ്പോട്ടു പോകാനാണ് ശ്രമിച്ചത്. തോമസ് അക്വീനാസിലൂടെ അരിസ്റ്റോട്ടലിന്‍റെ തത്വശാസ്ത്രം ത്രെന്തോസിനെ അവിഹിതമായി സ്വാധീനിച്ചിരുന്നു എന്നായിരുന്നു ചിലരുടെ ആക്ഷേപം. അതേസമയം അസ്തിത്വവാദത്തിന്‍റെ (ഋഃശലെേിശേമഹശാെ) സ്വാധീനത്തില്‍ സത്തയെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ മാക്സ് തൂറിയാന്‍ , ലേന്‍ ഹാര്‍ഡ്ട്ട് തുടങ്ങിയ അകത്തോലിക്കാ ദൈവശാസ്ത്രജ്ഞന്‍മാരും ചാള്‍സ് ഡേവിഡ് , ഷൂണന്‍ ബര്‍ഗ് തുടങ്ങിയ കത്തോലിക്ക ദൈവശാസ്ത്രജ്ഞന്‍മാരും അവതരിപ്പിച്ചു. ഇവരുടെ വീക്ഷണത്തില്‍ ഒരു വസ്തുവിന് അര്‍ത്ഥം ലഭിക്കുന്നത് അതിന് മനുഷ്യനോടുള്ള ബന്ധത്തില്‍ നിന്നാണ്. ഉദാഹരണമായി ആറ്റിലെ വെള്ളം കുളിവെള്ളമാകാം, കുടിവെള്ളമാകാം, നനയ്ക്കാനുള്ള വെള്ളമാകാം. ഈ അര്‍ത്ഥം തന്നെയാണ് വസ്തുവിന്‍റെ സത്തയും എന്നാണ് അവരുടെ അഭിമതം. അതിനാല്‍, വി. കുര്‍ബ്ബാനയില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത എന്ന് പറയുന്നത് അവയ്ക്ക് ക്രിസ്തു കൊടുക്കുന്ന അര്‍ത്ഥമനുസരിച്ചായിരിക്കും. മറ്റുചിലര്‍ വാദിച്ചു, ഒരു വസ്തുവിന് മനുഷ്യന്‍ കല്‍പ്പിക്കുന്ന പരമമായ ലക്ഷ്യമാണ് അതിന്‍റെ സത്തയെ നിര്‍വചിക്കുന്നത്. ഉദാഹരണമായി, ഒരു മലവേടന്‍ പുള്ളിമാനെ കാണുമ്പോള്‍ അവന്‍ ഭക്ഷണമാണ് കാണുന്നത്; ഒരു കലാകാരന്‍ അതേ മൃഗത്തെ കാണുമ്പോള്‍ ദൃശ്യഭംഗിയുടെ അവതാരത്തെ കാണുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വി. കുര്‍ബ്ബാനയിലെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തയെന്നു പറയുന്നത് ക്രിസ്തു അവയ്ക്കു നല്‍കുന്ന പരമമായ ലക്ഷ്യമാണ്.13 വി. കുര്‍ബ്ബാനയിലെ സത്താഭേദത്തെ അര്‍ത്ഥഭേദമായും ലക്ഷ്യഭേദമായും അവര്‍ വിശദീകരിച്ചു. ഇതിന്‍റെയൊക്കെ ആകെത്തുക പല വിശ്വാസികളിലും ചിന്താകുഴപ്പം സൃഷ്ടിച്ചു എന്നതായിരുന്നു.
ഈ സമത്താണ് പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധമായ വിശ്വാസത്തിന്‍റെ രഹസ്യം എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത് . വി. കുര്‍ബാനയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ പഠിപ്പിക്കുന്നത് ത്രെന്തോസിന്‍റെ പ്രബോധനത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണെന്ന് ആമുഖമായി അദ്ദേഹം ഏവരെയും അനുസ്മരിപ്പിക്കുന്നു. ത്രെന്തോസിന്‍റെ പ്രബോധനത്തെ അധികരിച്ചല്ലാതെ വി. കുര്‍ബ്ബാനയിലെ സത്താഭേദം വിശദീകരിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.14 വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ പരമ്പരാഗത പ്രബോധനത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . വി. കുര്‍ബാനയില്‍ കുടികൊള്ളുന്ന കര്‍ത്താവിന്‍റെ ശരീരവും രക്തവും നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ടു കണ്ടുപിടിക്കാവുന്നതല്ല. വിശ്വാസത്തിന് മാത്രമേ അത് കാണിച്ചു തരാനാവൂ.15 ക്രിസ്തുവിന് സഭയില്‍ ഒന്‍പതു തരത്തിലുള്ള വിവിധ സാന്നിദ്ധ്യത്തെ അദ്ദേഹം വളരെ ഭംഗിയായി വിവരിക്കുന്നു.
വാസ്തവത്തില്‍, ഇവയില്‍ ഏതെങ്കിലും ഒരു പദപ്രയോഗം മതിയായിരുന്നു. എന്തിന് പ്രത്യക്ഷത്തില്‍ അനാവശ്യമായി ഓരേകാര്യം പലവാക്കുകളില്‍ അഞ്ചു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നു? ഒരുപക്ഷേ, പരിശുദ്ധ പിതാവിന് തോന്നിയിരിക്കണം, മാനുഷികമായ ഏതു ഭാഷയും ഈ സത്യത്തെ വിവരിക്കാന്‍ അപര്യാപ്തമാണെന്ന്. ഭാവിയില്‍, ഏതെങ്കിലും ചിന്തകന്‍ സാന്നിദ്ധ്യത്തിന് പുത്തന്‍ വിശദീകരണം കൊണ്ടുവന്നാല്‍, അതിനെയും അതിലംഘിക്കുന്ന പൂര്‍ണ്ണതയാണ് വി. കുര്‍ബാനയിലെ യേശുവിന്‍റെ സാന്നിദ്ധ്യത്തിനുള്ളത് എന്നും പരി. പിതാവ് സൂചിപ്പിക്കുന്നുണ്ടാവും.
ക്രൈസ്തവ ജീവിതത്തില്‍ ആരാധനക്രമത്തിന് പ്രഥമസ്ഥാനമാണുള്ളത്. വി. കുര്‍ബ്ബാനയാകട്ടെ ആരാധനക്രമത്തിന്‍റെ ഹൃദയം തന്നെയാണ്. അത് ക്രൈസ്തവന്‍റെ ആദ്ധ്യാത്മിക ജീവിതത്തിന്‍റെ ഉറവിടവും അടിത്തറയും പരമസാക്ഷാത്കാരവുമാണ്. അതില്‍ സത്യദൈവവും സത്യമനുഷ്യനുമായ ക്രിസ്തുനാഥന്‍ യഥാര്‍ത്ഥമായും വാസ്തവികമായും സത്താപരമായും സന്നിഹിതനാണ്. ഇത് മനുഷ്യന്‍ കണ്ടുപിടിച്ചതോ സ്ഥാപിച്ചതോ അല്ല. അനന്തസ്നേഹം തന്നെയായ ദൈവം മനുഷ്യകുലത്തിന് നല്‍കിയ ഏറ്റവും മഹത്തായ സ്നേഹസമ്മാനമാണ് വി. കുര്‍ബ്ബാന. സങ്കല്പാതീതമായ ഈ ദൈവീകദാനത്തിനു മുമ്പില്‍ ത്രെന്തോസ് സൂനഹദോസിലെ പിതാക്കന്‍മാരോടൊപ്പം, വിശ്വാസത്താല്‍ പ്രകാശിതമായ മനസ്സോടെ, നമുക്കും "അവര്‍ണ്ണനീയം" , "അവാച്യം" എന്നു പ്രഘോഷിക്കാനേ സാധ്യമാവൂ. മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണല്ലോ. എല്ലാം പറഞ്ഞു കഴിയുമ്പോള്‍ ദൈവശാസ്ത്രജ്ഞന്‍റെ ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്ന് വ്യക്തമായ ഒരു സ്വരം കേള്‍ക്കാം: "വിശ്വാസത്തിന്‍റെ മഹാരഹസ്യം".
ഡോ. തോമസ് പോള്‍
holy eucharist jesus in eucharist catholic malayalam Dr.Thomas Paul about holy eucharist eucharist Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206