We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr.Joji Kakkaramattathil, Sr.Bincy Mathew S. H. On 02-Feb-2021
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ദൊമിനിക്കെ ചേനെ എന്ന അപ്പസ്തോലികാ ആഹ്വാനത്തിന് ശേഷം വി. കുര്‍ബ്ബാനയെപ്പറ്റി പ്രസിദ്ധീ കരിച്ച കര്‍ത്താവിന്‍റെ ദിവസം , കുര്‍ബ്ബാനയുടെ കൂട്ടായ്മ , നാഥാ കൂടെ വസിച്ചാലും , സ്നേഹത്തിന്‍റെ കൂദാശ എന്നീ സുപ്രധാന രേഖകളുടെ ചുരുങ്ങിയ ഒരു പ്രതിപാദനമാണ് ഈ ലേഖനത്തിന്‍റെ ഉള്ളടക്കം. വി. കുര്‍ബാന എന്ന മഹാരഹസ്യത്തിന്‍റെ വിവിധമാനങ്ങളെ ക്രൈസ്തവ ജീവിതബന്ധിയായി അവതരിപ്പിക്കുന്ന ഈ അപ്പസ്തോലിക ആഹ്വാനങ്ങള്‍ വി. കുര്‍ബാന സഭാത്മക ജീവിതത്തിന്‍റെ പരമകാഷ്ഠ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പഠനത്തെ വിശദീകരിക്കുകയും വിപുലമാക്കുകയും ചെയ്യുന്നു.
1998 മെയ് 31-ാം തിയ്യതി പന്തക്കുസ്താതിരുനാളില്‍ ആഗോളസഭയ്ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ അപ്പസ്തോലിക ലേഖനമാണ് ഡീയെസ് ഡൊമിനി അഥവാ കര്‍ത്താവിന്‍റെ ദിവസം. അപ്പസ്തോലിക കാലഘട്ടം മുതല്‍ പരിശുദ്ധമായി ആചരിച്ചുവരുന്ന കര്‍ത്താവിന്‍റെ ദിവസമായ ഞായറാഴ്ചാ ആചരണം ക്രിസ്തീയ രഹസ്യത്തോട് ചേര്‍ന്ന് നില്ക്കുന്നു എന്ന ആമുഖത്തോടെ ആരംഭിക്കുന്ന അപ്പസ്തോലിക ലേഖനം അഞ്ച് അദ്ധ്യായങ്ങളിലൂടെ ഞായറാഴ്ചാചരണത്തിന്‍റെ ആഴമുള്ള ദൈവശാസ്ത്ര ചിന്തകളാണ് നല്‍കുന്നത്.
കര്‍ത്താവിന്‍റെ ദിനമെന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ ആമുഖത്തില്‍ മൂന്ന് പ്രതീക്ഷകള്‍ മാര്‍പാപ്പ പങ്കുവെയ്ക്കുന്നു:
1) തിരുസ്സഭയുടെ കല്പനകളിലെ സുപ്രധാനമായ ഞായറാഴ്ച ആചരണത്തിന്‍റെ ദൈവശാസ്ത്രപരമായ അര്‍ത്ഥതലങ്ങള്‍ വീണ്ടെടുക്കുക
2) സഭയെ രൂപപ്പെടുത്തുന്ന വി. കുര്‍ബ്ബാനയുടെയും ദൈവ വചനത്തിന്‍റെയും ആന്തരികാര്‍ത്ഥം വീണ്ടെടുത്ത് അര്‍ത്ഥ പൂര്‍ണ്ണമായ അര്‍പ്പണത്തിന് വിശ്വാസികളെ പര്യാപ്തമാക്കുക
3) ഞായറാഴ്ചാചരണം ക്രൈസ്തവവിശ്വാസത്തിന്‍റെ കേന്ദ്രമായിത്തീരുകയും വിശ്വാസം ആവശ്യപ്പെടുന്ന കാരുണ്യത്തിന്‍റെ കൂട്ടായ്മ വളരുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുക.
ജോണ്‍പോള്‍ രണ്ടാമന്‍ ഇപ്രകാരം എഴുതുന്നു: നിങ്ങളുടെ സമയം ക്രിസ്തുവിന് നല്കാന്‍ ഭയപ്പെടേണ്ട. ക്രിസ്തുവിന് നല്കുന്ന ഓരോ നിമിഷവും നഷ്ടമല്ല. പിന്നെയോ നിത്യതയില്‍ കൂട്ടപ്പെടുന്ന സമയമാണ്. അപ്രകാരം മാനുഷികജീവിതത്തിന്‍റെ ആന്തരികാര്‍ത്ഥം വീണ്ടെടുക്കപ്പെട്ട് മാനുഷിക ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും.
അഞ്ച് അദ്ധ്യായങ്ങളുള്ള ഈ ആഹ്വാനത്തിന്‍റെ ഉള്ളടക്കമാണ് താഴെ വിവരിക്കുന്നത്.
ഒന്നാം അദ്ധ്യായം സൃഷ്ടാവിന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആഘോഷവും അനുസ്മരണവും എന്നതാണ്. എല്ലാ ഞായറാഴ്ചകളും ഉത്ഥാന ഞായറാഴ്ചകളാണ്. ഈ ഉത്ഥാന ഞായറിന്‍റെ ആന്തരികാര്‍ത്ഥം വീണ്ടെടുക്കുവാന്‍ ദൈവസൃഷ്ടിയെക്കുറിച്ചുള്ള ഉത്പത്തി വിവരണം വീണ്ടും വായിച്ച് ധ്യാനവിഷയമാക്കേണ്ടതുണ്ട്. അപ്രകാരം വികസ്വരമാകുന്ന സാബത്തിന്‍റെ ദൈവശാസ്ത്രം ഞായറാഴ്ചാചരണങ്ങള്‍ക്ക് അര്‍ത്ഥവും മിഴിവും നല്കും. കാവ്യാത്മകമായ ബിംബങ്ങള്‍ ഉപയോഗിച്ച് ദൈവം എപ്രകാരമാണ് സൃഷ്ടിയവസാനിപ്പിച്ച് സാബത്തു ദിവസം വിശ്രമിച്ചതെന്ന് മാര്‍പാപ്പ വിശദീകരിക്കുന്നു. സുന്ദരമായ സൃഷ്ടിയുടെ മുന്‍പില്‍ ദൈവം ആമഗ്നനായി നിന്നു . ദൈവത്തിന്‍റെ കരവേലകളാല്‍ മെനയപ്പെട്ട സൃഷ്ടിയുടെ സൗന്ദര്യത്തിന്‍റെ പ്രശോഭയെക്കുറിച്ച് പറഞ്ഞുകൊണ്ട് ദൈവത്തെ, സൃഷ്ടികളുടെ മണവാളനായി മാര്‍പാപ്പ ഉപമിക്കുന്നു. സൃഷ്ടാവായ ദൈവവും സൃഷ്ടപ്രപഞ്ചവും തമ്മിലുള്ള ആഴമേറിയ ബന്ധം നിത്യത വരെ എത്തുന്നതാണെന്ന് മാര്‍പാപ്പ വിശദീകരി ക്കുന്നു . ദൈവം മനുഷ്യനായി ചെയ്ത അവര്‍ണ്ണനീയ നന്മകളെ അനുസ്മരിക്കുന്ന ഞായറാഴ്ച ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്‍റെ അവസരമാണ് .
ഉത്ഥിതനായ യേശുവിന്‍റെ ദിനവും പരിശുദ്ധാത്മാവിന്‍റെ ദാനവുമാണ് ഞായറാഴ്ച , എന്ന രണ്ടാം അദ്ധ്യായത്തില്‍ നാഥന്‍റെ ഉത്ഥാനത്തോടെ സംജാതമായ പുതിയ സൃഷ്ടിയെക്കുറിച്ചുള്ള വിവരണമാണ് നല്‍കുന്നത്. യഹൂദരുടെ സാബത്താചരണത്തില്‍നിന്ന് വ്യത്യസ്തമായി എപ്രകാരമാണ് ഞായറാഴ്ചാചരണം രൂപപ്പെട്ട് വന്നതെന്ന് ഈ അധ്യായത്തില്‍ വ്യക്തമാക്കുന്നു. ഉത്ഥാനദിവസം പുതിയസൃഷ്ടിയുടെ ആരംഭംപോലെ, ഞായറാഴ്ചയെ എട്ടാം ദിനമെന്നും ജോണ്‍പോള്‍ പാപ്പ വിളിക്കുന്നു. അതിഭൗതിക യാഥാര്‍ത്ഥ്യം പ്രതിനിധാനം ചെയ്യുന്ന ഈ ദിനം അന്ത്യമില്ലാത്തതും നിത്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്. ഈ ഉത്ഥാനഞായര്‍ പരിശുദ്ധാത്മ ആഴ്ചയിലേڈക്ക് നയിക്കുന്നു. കാരണം, ഉത്ഥിതനെ കണ്ടുമുട്ടി ജീവന്‍ പകരുന്ന ആത്മാവിന്‍റെ നിശ്വാസനം നാം ഏറ്റ് വാങ്ങുന്നു .
വി. കുര്‍ബ്ബാന കേന്ദ്രീകൃതമായ സമൂഹമാണ് ഞായറാഴ്ചയാചരണത്തിന്‍റെ കേന്ദ്രം . എന്ന് മൂന്നാം അദ്ധ്യായം വിശദമാക്കുന്നു. ഞായറാഴ്ചയാചരണം ഗതകാല സംഭവത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍ മാത്രമല്ല പിന്നെയോ തന്‍റെ ജനത്തിന്‍റെ മദ്ധ്യത്തിലുള്ള ഉത്ഥിതനാഥന്‍റെ സാന്നിദ്ധ്യവും ആഘോഷവുമാണ്. വി. മാമ്മോദീസായിലൂടെ ജീവന്‍റെ കൃപ സ്വീകരിച്ച് വ്യക്തിഗതമായ ആത്മരക്ഷ സാധിച്ചത് ഏക വ്യക്തിയുടെ അനുഭവമായിട്ടല്ല പിന്നെയോ ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അവയവങ്ങളായി മാറിക്കൊണ്ട് ദൈവ ജനമായി തീര്‍ന്നുകൊണ്ടാണ്. വി. കുര്‍ബ്ബാന സഭാജീവിതത്തിന്‍റെ ഉറവിടവും അടിസ്ഥാനവുമാണ്. അപ്രകാരം ചിന്തിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദിനം സഭയുടെ ദിനവുമായി താദാത്മ്യഭവിക്കുന്നു. ഓരോ ഞായറാഴ്ചയാചരണവും സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി മുന്നേറുന്ന തീര്‍ത്ഥാടകസഭയുടെ സ്വഭാവം വെളിപ്പെടുത്തുന്നു.
ഞായറാഴ്ചയാചരണത്തില്‍ വചനമായും ജീവന്‍റെ അപ്പമായും ദിവ്യനാഥന്‍ ആഗതനാകുന്നു. വചനത്തിന്‍റെ ആഴപ്പെടലും ദിവ്യകാരുണ്യാനുഭവവും കരഗതമാകുവാന്‍ കുര്‍ബാനയര്‍പ്പണം സജീവമാകേണ്ടതാണ്. സാഹോദര്യത്തിന്‍റെ ആഘോഷമായും വി. കുര്‍ബാനയര്‍പ്പണം അനുഭവവേദ്യമാകേണ്ടതുണ്ട്. ബലിയര്‍പ്പണ മേശയില്‍നിന്ന് ലോകത്തിന്‍റെ പാഠശാലകളിലേക്ക് സ്നേഹ ദൗത്യവുമായി കടന്നു പോകുവാനും ഈശോയെ സ്വീകരിച്ച് അനുഭവിച്ചറിഞ്ഞ ആത്മീയ സന്തോഷം സഹോദരങ്ങളുമായി പങ്കുവെയ്ക്കുവാനും ഓരോ വിശ്വാസിക്കും ഇടയാകണം. കര്‍ത്താവിന്‍റെ പരിശുദ്ധമായ ദിവസം മറ്റെല്ലാം ഒഴിവാക്കണമെന്ന് സഭാപിതാക്കന്മാരുടെ കാലഘട്ടത്തിലെ കൃതിയായ ഡിഡസ്കാലിയായില്‍ സൂചിപ്പിക്കുന്നു. അപ്രകാരം സഭയുടെ പൗരാണിക വിശുദ്ധ പാരമ്പര്യത്തിന്‍റെ ഭാഗമായി ഞായറാഴ്ച അര്‍പ്പണം ഓരോ വിശ്വാസിയുടെയും കടമുള്ള കര്‍ത്തവ്യമായി മാറി.
ഞായറാഴ്ചയാചരണമെന്നത് ആത്മീയാനന്ദത്തിന്‍റെ, വിശ്രമത്തിന്‍റെ സാഹോദര്യത്തിന്‍റെ വേദിയായി മാറുന്നു എന്നതാണ് നാലാം അദ്ധ്യായത്തിന്‍റെ പ്രതിപാദ്യ വിഷയം . ഉത്ഥിതനായ നാഥനെ കണ്ടുമുട്ടിയ ശിഷ്യന്മാരുടെ ഹൃദയം ആനന്ദതുന്ദിലിതമായതുപോലെ (യോഹ 20:20) വി. കുര്‍ബാനയര്‍പ്പണത്തിനായി അണയുന്ന വിശ്വാസികളുടെ ഹൃദയവും പരിശുദ്ധാത്മ ഫലമായ ദൈവികാനന്ദംകൊണ്ട് നിറയുന്നു. ഞായറാഴ്ചയാചരണം സാബത്തിനെ മാറ്റി പുതിയൊരു ദിവസം പ്രതിഷ്ഠിക്കുന്നതിലുപരി സാബത്താചരണത്തെ പൂര്‍ത്തീകരിക്കുന്നതാണ്. വിശ്രമം എന്ന വിശുദ്ധമായ കാര്യം അദ്ധ്വാനത്തില്‍നിന്നും ശാരീരിക ക്ലേശങ്ങളില്‍നിന്നും വിടുതലെടുക്കുന്നതും സര്‍വ്വം ദൈവികപരിപാലനയില്‍ നിറവേറ്റപ്പെടുന്നു എന്ന ബോദ്ധ്യം ഉളവാക്കുന്നതുമാണ്. കര്‍ത്താവിന്‍റെ ഉത്ഥാനാചരണദിനമായ ഞായറാഴ്ചയില്‍ ദൈവികാനന്ദം പങ്കുവെയ്ക്കുന്ന കാരുണ്യത്തിന്‍റെ കരങ്ങള്‍ സഹോദരങ്ങളിലേക്ക് നീളേണ്ടതാണ്. വിശക്കുന്നവന് ആഹാരം പകുത്തു നല്‍കുകയും രോഗിയെ സന്ദര്‍ശിക്കുകയും ഏകാന്തതയില്‍ സ്നേഹിതനായി മാറുകയും ചെയ്യുന്ന പരസ്നേഹത്തിന്‍റെ മകുടങ്ങളായി വിശ്വാസികള്‍ മാറേണ്ടതാണ്.
അഞ്ചാം അദ്ധ്യയം അനന്തതയുടെ അര്‍ത്ഥം വെളിപ്പെടുത്തുന്ന ചരിത്രാതീത ആഘോഷമാണ് ഞായറാഴ്ചയാചരണം എന്ന സത്യത്തെ വിശദീകരിക്കുന്നു. ചരിത്രത്തിന്‍റെ പന്ഥാവില്‍ സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അവതീര്‍ണ്ണനായ വചനമായ ക്രിസ്തുവിലൂടെ സമയത്തിനും കാലത്തിനും സ്വഭാവാതീതമായ അര്‍ത്ഥം കൈവന്നു. സമയത്തിന്‍റെ ആല്‍ഫയും ഒമേഗയുമായും ക്രിസ്തു മാറി. അപ്രകാരം സമയത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ ഉത്ഥാനസംഭവം അനുസ്മരിക്കുന്ന ഞായറാഴ്ച വെളിപ്പെടുത്തി. ആരാധനാക്രമ കാലഘട്ടങ്ങളിലൂടെ ഇതള്‍ വിരിയുന്ന രക്ഷാകരസംഭവം ആണ്ടുവട്ടത്തില്‍ സഭയുടെ വിശുദ്ധമാരുടെ അനുസ്മരണത്തിലൂടെ കൂടുതല്‍ അര്‍ത്ഥവത്തായി മാറുന്നു.
ക്രൈസ്തവജീവിതത്തിന്‍റെ ആന്തരികതയില്‍ നിന്നും ഉയിര്‍കൊള്ളുന്ന ഞായറാഴ്ചാരണത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ വചനാധിഷ്ഠിതമായി നാം ആഴത്തില്‍ ഉള്‍ക്കൊള്ളേണ്ടതാണ്. ഞായറാഴ്ച ഉത്ഥിതന്‍റെ ദിനമാണ്. ആഴ്ചയിലെ മറ്റു ദിനങ്ങളിലെ ഊര്‍ജ്ജമായി മാറുന്നത് ഈ ഉത്ഥാനദിനാചരണമാണ്. സഭാപിതാവായ ഒരിജന്‍ പറയുന്നു "യഥാര്‍ത്ഥ ക്രിസ്ത്യാനി കര്‍ത്താവിന്‍റെ ദിനത്തിലായിരിക്കുകയും ആ ദിനം വിശുദ്ധമായി ആചരിക്കുകയും ചെയ്യുന്നു" .
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ പതിനാലാം ചാക്രികലേഖനമാണ് കുര്‍ബാനയുടെ കൂട്ടായ്മ 2003. ഏപ്രില്‍ 17 ന് പ്രസിദ്ധീകരിച്ച ഈ ചാക്രികലേഖനം സഭയെ പടുത്തുയര്‍ത്തുന്ന വി. കുര്‍ബാനയാകുന്ന ദിവ്യരഹസ്യത്തിന്‍റെ ആഴങ്ങളിലേയ്ക്കുള്ള ഒരു തീര്‍ത്ഥാടനമാണ്. ആമുഖവും 6 അദ്ധ്യായങ്ങളിലായി 62 ഖണ്ഡികകളും ഉപസംഹാരവുമാണ് ഈ ചാക്രിക ലേഖനത്തിന്‍റെ ഉള്ളടക്കം. നവസഹസ്രാബ്ദത്തില്‍ കന്യകാമറിയത്തിന്‍റെ ജപമാല എന്നീ അപ്പസ്തോലിക ലേഖനങ്ങളുടെ തുടര്‍ച്ചയും വിശ്വാസത്തെയും പ്രായോഗികതയെയും കുറിച്ചുള്ള പരി. പിതാവിന്‍റെ പഠനങ്ങളുടെ പരമകാഷ്ഠയുമാണ് ഈ ചാക്രികലേഖനം എന്നു പറയാം. ഇവയോടൊപ്പം ലെയോ 13 -ാമന്‍ മാര്‍പാപ്പായുടെ മീറെ കാരിത്താത്തിസ് (28 മെയ് 1902), 12 -ാം പീയൂസ് പാപ്പായുടെ മേദിയാത്തോര്‍ ദേയി (20 നവം. 1947), പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ മിസ്തേരിയും ഫിദേയി (3 സെപ്റ്റം. 1965), രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളായ ല്യൂമെന്‍ ജെന്‍സിയും (തിരുസഭ, 21 നവം 21 -1964), സാക്രോസാങ്തും കൊണ്‍ചീലിയും (ആരാധനാക്രമം, 4 ഡിസം. 1963) ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ദോമിനിക്കെ ചേനേ (24 ഫെബ്രു 1980). എന്നീ സഭാപ്രബോധനങ്ങളും ഈ ചാക്രികലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സഭയും വി. കുര്‍ബാനയും തമ്മിലുള്ള ബന്ധം ആമുഖ ഭാഗത്ത് പരി. പിതാവ് വിവരിക്കുന്നു. സഭ കുര്‍ബാനയില്‍നിന്നു ജീവന്‍ സ്വീകരിക്കുന്നു. ഈ സത്യം വിശ്വാസത്തിന്‍റെ കേവലം ഒരു അനുദിനാനുഭവം പ്രകാശിപ്പിക്കുകയല്ല. പിന്നെയോ അത് സഭാരഹസ്യത്തിന്‍റെ കേന്ദ്രത്തെ സംക്ഷേപിച്ച് ആവര്‍ത്തിക്കുകയാണ്. ക്രൈസ്തവ ജീവിതത്തിന്‍റെ ഉറവിടവും അത്യുച്ചകോടിയുമായ വി. കുര്‍ബാനയില്‍ സഭയുടെ അദ്ധ്യാത്മിക സമ്പത്തുമുഴുവനും അടങ്ങിയിരിക്കുന്നു. അള്‍ത്താരയിലെ കൂദാശയില്‍ സന്നിഹിതനായിരിക്കുന്ന തന്‍റെ കര്‍ത്താവിങ്കലേയ്ക്ക്ക ണ്ണുകള്‍ തിരിച്ച് അവിടുത്തെ അളവറ്റ സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ പ്രകാശനം അവള്‍ കണ്ടെത്തുന്നു.
വിശ്വാസത്തിന്‍റെ രഹസ്യം എന്ന ഒന്നാം അദ്ധ്യായം ലോകത്തിന്‍റെ രക്ഷയ്ക്കായി നല്‍കപ്പെടുന്ന ശരീരരക്തങ്ങളിലൂടെ വിശുദ്ധ കുര്‍ബ്ബാനയെ ഒരേ സമയം, അവിഭാജ്യമാം വിധം, കുരിശിലെ ബലിയെ ശാശ്വതീകരിക്കുന്ന ബലിയുടെ ഓര്‍മ്മയും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളുടെ കൂട്ടായ്മയുടെ വിശുദ്ധ വിരുന്നുമായും അവതരിപ്പിക്കുന്നു. ബലിയും വിരുന്നുമായ വി. കുര്‍ബാനയുടെ പരികര്‍മ്മം എന്നത് ക്രിസ്തുവിന്‍റെ പെസഹായുടെ വെറും ആവര്‍ത്തനമോ, കൂട്ടിച്ചേര്‍ക്കലോ വര്‍ദ്ധിപ്പിക്കലോ അല്ല മറിച്ച് ആവര്‍ത്തിക്കപ്പെടുന്നത് അനുസ്മരണാഘോഷമാണ് അതായത്, സ്മരണാപരമായ പ്രതിനിധീഭവിക്കല്‍ ആണ്. ഈ പ്രതിനിധീഭവിക്കല്‍ ക്രിസ്തുവിന്‍റെ ഏറ്റവും സുനിശ്ചിതവും രക്ഷാകരവുമായ ബലിയെ എപ്പോഴും സമയത്തില്‍ സന്നിഹിതമാക്കുന്ന ഒന്നാണ്. വി. കുര്‍ബാനയില്‍ ദൈവമനുഷ്യനായ ക്രിസ്തു പൂര്‍ണ്ണമായും സമഗ്രമായും സന്നിഹിതനാകുന്നുവെന്ന് പോള്‍ ആറാമന്‍റെ മാര്‍പാപ്പായുടെ മിസ്തേരിയും ഫീദേ എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ഉറപ്പിച്ചു പറയുന്നു. ഇത് ട്രെന്‍റു സൂനഹദോസിന്‍റെ പഠനമായ സത്താമാറ്റം എന്ന ആശയത്തെ ഉറപ്പിക്കുന്നു. സത്താമാറ്റം എന്നാല്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും കൂദാശാകര്‍മ്മം അപ്പത്തിന്‍റെ മുഴുവന്‍ സത്തയെയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ സത്തയായും വീഞ്ഞിന്‍റെ മുഴുവന്‍ സത്തയെയും അവിടുത്തെ രക്തത്തിന്‍റെ സത്തയായും മാറ്റുന്ന പ്രക്രിയയാണ് . വി. കുര്‍ബാനയുടെ യുഗാന്ത്യപരമായ ആകാംക്ഷ ചരിത്രത്തില്‍ ഇന്നിന്‍റെ ജീവിതത്തില്‍ ക്രൈസ്തവര്‍ക്കുള്ള ഉത്തരവാദിത്വബോധത്തെ കുറയ്ക്കുന്നില്ല. മറിച്ച്, ദൈവിക പദ്ധതിയോട് പൂര്‍ണ്ണമായി യോജിക്കുന്ന ഒരു ലോകത്തെ നിര്‍മ്മിക്കാന്‍ സുവിശേഷവെളിച്ചം കൊണ്ട് സഹായിക്കുകയെന്ന കടമയെ വര്‍ദ്ധമാനമാക്കുകയാണ് ചെയ്യുന്നത്. ഈ ഉത്തരവാദിത്വം ലോകത്തിലെ ബലഹീനരും ചൂഷിതരും പാവപ്പെട്ടവരുമായവരോടുള്ള ഐക്യം വഴി അവര്‍ക്കു പ്രത്യാശയ്ക്കുള്ള കാരണങ്ങള്‍ നല്‍കുന്നതിലും അടങ്ങിയിരിക്കുന്നു .
രണ്ടാം അദ്ധ്യായത്തിന്‍റെ കാതല്‍ വി. കുര്‍ബ്ബാന സഭയെ നിര്‍മ്മിക്കുന്നു എന്നതാണ് . വി. കുര്‍ബ്ബാനയാകുന്ന ദൈവികവിരുന്നില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ ക്രിസ്തുവിനെ സ്വീകരിക്കുക മാത്രമല്ല, അവര്‍ ക്രിസ്തുവിനാല്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സഭയുടെ ഐക്യത്തിന്‍റെ ശക്തി കൂദാശ ചെയ്യപ്പെട്ട ക്രിസ്തുവിന്‍റെ ശരീരവും രക്തവുമാണ്. വി. മാമ്മോദീസായില്‍ നടന്ന മിശിഹായുമായുള്ള കൂടിച്ചേരല്‍ നിരന്തരം നവീകരിക്കപ്പെടുന്നതും സുദൃഢമാക്കപ്പെടുന്നതും വി. കുര്‍ബാനയിലൂടെയാണ് . അങ്ങനെ വിശ്വാസീസമൂഹം മനുഷ്യവംശത്തിനുള്ള ഒരു കൂദാശ ആയിത്തീരുന്നു. അതിനാല്‍ പരി. കുര്‍ബാന സുവിശേഷവത്കരണത്തിന്‍റെയെല്ലാം ഉറവിടവും പരമകോടിയുമായി കാണപ്പെടുന്നു. ഇപ്രകാരം വി. കുര്‍ബ്ബാനയില്‍ പരി. ത്രിത്വത്തോടും മനുഷ്യവംശത്തോടുമുള്ള ഐക്യം എന്ന ലക്ഷ്യം ഫലമണിയുന്നു. ദിവ്യകാരുണ്യ ആരാധനയും ദിവ്യ കൂദാശയുടെ പൊതുപ്രദര്‍ശനവും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളോടുള്ള നമ്മുടെ കൂട്ടായ്മയുടെ ഫലങ്ങളെ ദീര്‍ഘിപ്പിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമാണ്.
കുര്‍ബാനയുടെയും സഭയുടെയും അപ്പസ്തോലികത്വം എന്ന മൂന്നാം അധ്യായം സഭയും വി. കുര്‍ബ്ബാനയും തമ്മിലുള്ള അപ്പസ്തോലികത്വത്തിന്‍റെ പാരസ്പര്യത്തെയാണ് വിശദമാക്കുന്നത് . സഭ അപ്പസ്തോലികമാണ് എന്നതില്‍ മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. 1. സഭ അപ്പസ്തോലന്മാരാകുന്ന അടിത്തറന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ്. 2. അപ്പസ്തോലിക പ്രബോധനത്തെ സഭ സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നു. 3. അപ്പസ്തോലന്മാരുടെ അജപാലനജോലിയിലുള്ള പിന്‍ഗാമികളായ മാര്‍പാപ്പാമാരിലൂടെയും വൈദികരാല്‍ സഹായിക്കപ്പെടുന്ന മെത്രാന്‍ സംഘത്തിലൂടെയും സഭ നിരന്തരം പഠിപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. സഭയെ സംബന്ധിച്ച ഈ മൂന്നു കാര്യങ്ങളും വി. കുര്‍ബ്ബാനയെ സംബന്ധിച്ചും വസ്തുതാപരമാണ്. ഈശോ അപ്പസ്തോലന്മാര്‍ക്ക് ഏല്പിച്ചുകൊടുത്തതും, അവരാലും അവരുടെ പിന്‍ഗാമികളാലും നമ്മിലേക്കു കൈമാറിയതുകൊണ്ടും തിരുപ്പട്ടമെന്ന കൂദാശ മെത്രാന്‍റെ കൈവയ്പുവഴി സ്വീകരിച്ച വൈദികരാല്‍ പരികര്‍മ്മം ചെയ്യപ്പെടുന്നതിനാലും വി. കുര്‍ബ്ബാന അപ്പസ്തോലികമാണ്.
നാലാം അധ്യായം വി. കുര്‍ബ്ബാനയും സഭാത്മകകൂട്ടായ്മയും എന്നതാണ് . മൂന്നാമത്തെ അധ്യായത്തിലെ വിഷയങ്ങളുടെ ആഴത്തിലുള്ള വിചിന്തനങ്ങളാണ് ഈ അദ്ധ്യായത്തില്‍ നാം കാണുന്നത്. സഭ അതിന്‍റെ ഭൗമിക തീര്‍ത്ഥാടനത്തില്‍ ത്രിത്വാത്മക ദൈവവുമായുള്ള കൂട്ടായ്മയും വിശ്വാസികളുടെയിടയിലുള്ള കൂട്ടായ്മയും സംരക്ഷിക്കുവാനും വളര്‍ത്താനും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പരി. പിതാവ് ഓര്‍മ്മപ്പെടുത്തുന്നു.
അപ്പസ്തോലിക പാരമ്പര്യത്തോട് വിശ്വസ്തത പുലര്‍ത്തിയും കൂദാശകളുടെ ശിക്ഷണക്രമത്തോട് ഐക്യപ്പെട്ടുമാണ് സഭ കൂട്ടായ്മയെ പ്രഘോഷിക്കുന്നത്. അതിനാല്‍ വി. കുര്‍ബ്ബാന ഐക്യത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കപ്പെടരുത്. മറിച്ച്, വി. കുര്‍ബാന സഭയുടെ ഐക്യത്തെ അതില്‍ത്തന്നെ മുന്‍കൂട്ടി ഉദ്ദേശിക്കുകയും അതിനെ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വി. കുര്‍ബാന ഐക്യത്തെ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും വിശ്വാസപ്രഖ്യാപനം, കൂദാശകള്‍, സഭാഭരണം എന്നിവയുടെ ബന്ധങ്ങളില്‍ പൂര്‍ണ്ണ ഐക്യം. വി. കുര്‍ബാന ആവശ്യപ്പെടുന്നുവെന്നതും സ്മര്‍ത്തവ്യമാണ് .
കുര്‍ബ്ബാനയാഘോഷത്തിന്‍റെ മഹത്വം എന്ന അഞ്ചാമത്തെ അദ്ധ്യായം വി. കുര്‍ബ്ബാന അതിനനുയോജ്യമായ പശ്ചാത്തലത്തില്‍ ആഘോഷിക്കുന്നതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിന്‍റെ അളവറ്റ വിശുദ്ധിയെ അടയാളങ്ങളുടെ ലാളിത്യത്തില്‍ മറച്ചുവെയ്ക്കുന്നുണ്ടെങ്കിലും മഹോന്നതമായ ക്രൈസ്തവ രഹസ്യത്തെ ഉദ്ഘോഷിക്കുന്ന ശില്പവിദ്യാ, കൊത്തുപണി, ചിത്രരചന, സംഗീതം എന്നിവയിലൂടെ തന്‍റെ ദിവ്യമണവാളനോടുള്ള സ്നേഹം സഭ പ്രഘോഷിക്കുന്നു. വിശ്വാസത്തിനു യഥാര്‍ത്ഥസേവനം നല്കുന്ന വിശുദ്ധ കലകളുടെ അനുരൂപണം ഈ രഹസ്യത്തെ സംബന്ധിച്ച നിരന്തരാവബോധത്തോടെ നിര്‍വ്വഹിക്കുവാന്‍ കുര്‍ബ്ബാനയുടെ കൂട്ടായ്മ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കുര്‍ബ്ബാനയുടെ സ്ത്രീയായ മറിയത്തിന്‍റെ വിദ്യാലയത്തില്‍ എന്ന അവസാന അദ്ധ്യായം പരി. അമ്മയെയും സഭയെയും വി. കുര്‍ബ്ബാനയോട് ബന്ധപ്പെടുത്തി മനസ്സിലാക്കുന്നു. പരി. അമ്മ തന്‍റെ ഉദരത്തില്‍ ഈശോയെ വഹിച്ച് ആദ്യത്തെ സക്രാരിയായതുപോലെ സഭ തന്‍റെ ഹൃദയത്തില്‍ ഈശോയെ സൂക്ഷിക്കുകയും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ ലോകത്തിനു നല്കുകയും ചെയ്യുന്നു. പരി. ത്രിത്വത്തിനു സ്തോത്രഗീതം പാടുന്ന ജീവിതങ്ങളായി വിശ്വാസികള്‍ മാറുവാനായി വി. കുര്‍ബാനയാകുന്ന ദാനം നല്കപ്പെടുന്നു.
ദൈവിക വിശുദ്ധിയിലേക്ക് നടന്നടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പുതിയ കര്‍മ്മപദ്ധതിയുടെ ആവശ്യമില്ല; കാരണം അത് നല്കപ്പെട്ടു കഴിഞ്ഞതാണ്. തന്നെ അറിയുവാനും സ്നേഹിക്കുവാനും അനുകരിക്കുവാനും പ്രഘോഷിക്കാനും വിളിക്കുന്ന ക്രിസ്തുതന്നെയാണ് ഈ കര്‍മ്മപദ്ധതി. ഈ പദ്ധതിയുടെ ഒരു പ്രകടിതഭാവം വി. കുര്‍ബ്ബാനയില്‍ നാം കാണുന്നു. വിശുദ്ധരുടെ വിദ്യാലയങ്ങളില്‍ നിന്നും യഥാര്‍ത്ഥദിവ്യകാരുണ്യ ശക്തിയെ മനസ്സിലാക്കി മാമ്മോദീസായില്‍ ആരംഭിച്ച ക്രൈസ്തവവിളിയെ പരിപോഷിപ്പിക്കാനുള്ള വിളിയും പ്രാര്‍ത്ഥനയും ഉപസംഹാരത്തില്‍ പരി. പിതാവ് ഓര്‍മ്മപ്പെടുത്തുന്നു.
ഒക്ടോബര്‍ 2004 ഒക്ടോ. 2005 ലെ ദിവ്യകാരുണ്യവര്‍ഷത്തോടനുബന്ധിച്ചാണ് നാഥാ ഞങ്ങളോടൊത്ത് വസിച്ചാലും എന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ അപ്പസ്തോലിക ആഹ്വാനം 2004 ഒക്ടോബര്‍ 7-ാം തിയ്യതി പ്രസിദ്ധീകരിച്ചത്. ആമുഖവും ഉപസംഹാരവും നാല് അധ്യായങ്ങളും ഉള്‍പ്പെടെ 71 ഖണ്ഡികകളുള്ള വളരെ ചെറിയ ഈ അപ്പസ്തോലിക ലേഖനം അതിന്‍റെ മനോഹരവും ലളിതവുമായ ശൈലികൊണ്ടും ആഴമുള്ള ആത്മീയചിന്തകള്‍ കൊണ്ടും സമ്പന്നമാണ്. എമ്മാവൂസിലേക്കുള്ള യാത്രയില്‍ സഹയാത്രികനായി അണഞ്ഞ ക്രിസ്തുവിനോടൊപ്പം വഴിയും രാത്രിയും പങ്കിട്ട രണ്ടു ശിഷ്യരുടെ വിവരണമാണ് ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ അടിസ്ഥാനരേഖ. കര്‍ത്താവേ, ഞങ്ങളോടുകൂടെ വസിക്കണമേ, പകല്‍ അസ്തമിക്കാറായി. (ലൂക്ക 24:29) എന്ന ശിഷ്യരുടെ ഹൃദയപൂര്‍വ്വകമായ ക്ഷണത്തിന്‍റെ സ്നേഹം ആസ്വദിച്ച ഗുരു ആ ക്ഷണം സ്വീകരിക്കുന്നു. തന്‍റെ തിരുമുഖസാന്നിധ്യം അവരില്‍നിന്നു മറയുമ്പോള്‍ അപ്പം മുറിക്കലില്‍ അവര്‍ക്ക് അവിടുത്തെ കണ്ടെത്താനും കൂടെ വസിക്കാനും സാധിക്കുമെന്ന ഉറപ്പോടെയാണ് എമ്മാവൂസ് വിവരണം അവസാനിക്കുന്നത്.
വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും മഹാജൂബിലിയുടെയും മാര്‍ഗ്ഗത്തിലൂടെ എന്ന ഒന്നാം അധ്യായത്തില്‍ യേശുക്രിസ്തു സഭാചരിത്രത്തിന്‍റെ മാത്രമല്ല മാനവചരിത്രത്തിന്‍റെ മുഴുവന്‍ കേന്ദ്രമായി നിലകൊള്ളുന്നുڈ എന്ന പ്രസ്താവനയെ പരി. പിതാവ് വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവതാരം ചെയ്ത വചനത്തില്‍ ദൈവികരഹസ്യം മാത്രമല്ല, മനുഷ്യരഹസ്യം കൂടി വെളിവാകുന്നു.
വി. കുര്‍ബ്ബാന പ്രകാശത്തിന്‍റെ ഒരു രഹസ്യം എന്ന രണ്ടാം അദ്ധ്യായത്തില്‍ വി. കുര്‍ബ്ബാനയില്‍ ക്രിസ്തു എങ്ങനെയാണ് പ്രകാശത്തിന്‍റെ രഹസ്യമായിരിക്കുന്നത് എന്ന് പരി. പിതാവ് വിശദീകരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാന ഏറ്റവും ഉത്കൃഷ്ടമായ വിധത്തില്‍ ഒരു വിശ്വാസരഹസ്യമാണ്. പൂര്‍ണ്ണമായും മറഞ്ഞിരിക്കുക എന്ന അവിടുത്തെ രഹസ്യത്തില്‍, ക്രിസ്തു പ്രകാശത്തിന്‍റെ രഹസ്യമായിത്തീരുന്നു.ڈ ഈ പ്രകാശപൂര്‍ണ്ണത വെളിപ്പെടുന്നത് വചനത്തിന്‍റെ മേശയുടേയും അപ്പത്തിന്‍റെ മേശയുടെയും ഐക്യത്തിലാണ്. ക്രിസ്തുവചനങ്ങള്‍ എമ്മാവൂസിലേയ്ക്കുപോയ ശിഷ്യരുടെ ഹൃദയങ്ങളെ ജ്വലിപ്പിച്ചതും, അപ്പം മുറിച്ചപ്പോള്‍ അവര്‍ ഈശോയെ തിരിച്ചറിഞ്ഞതും വി. കുര്‍ബ്ബാനയുടെ പ്രകാശത്തിന്‍റെ ഒരു രഹസ്യമാണ് എന്നത് സുവ്യക്തമാക്കുന്നു.
വി. കുര്‍ബ്ബാനയിലൂടെ വെളിപ്പെടുകയും വിശ്വാസികള്‍ സ്വായത്തമാക്കുകയും ചെയ്യേണ്ട ഐക്യത്തിന്‍റെ ആദ്ധ്യാത്മികതയെക്കുറിച്ച് വി. കുര്‍ബ്ബാന ഐക്യത്തിന്‍റെ ഉറവിടവും സാക്ഷാത്ക്കാരവും എന്ന മൂന്നാം അദ്ധ്യായത്തില്‍ പരി. പിതാവ് ഓര്‍മ്മപ്പെടുത്തുന്നു. എമ്മാവൂസിലേയ്ക്കുപോയ ശിഷ്യര്‍ ഈശോയെ തങ്ങളോട് കൂടെ ആയിരിക്കുവാന്‍ ക്ഷണിക്കുന്നു. ഒരു ദിനത്തിന്‍റെ സഹവാസത്തേക്കാള്‍ എന്നെന്നും സഹവസിക്കുവാന്‍ വി. കുര്‍ബ്ബാനയിലൂടെ അവിടുന്ന് മനസ്സായി. ഐക്യത്തിനുവേണ്ടിയുള്ള ഈ വിശപ്പ് അവിടുത്തോടുകൂടിയുള്ള സമ്പൂര്‍ണ്ണ ഐക്യത്താല്‍ മാത്രമേ സംതൃപ്തമാക്കപ്പെടുകയുള്ളൂ. ഈ ദിവ്യകാരുണ്യ ഐക്യം അനുഭവവേദ്യമാകുന്നത് സഭാകൂട്ടായ്മയില്‍ നിന്നാണ്. വി. കുര്‍ബാന സഭയുടെ കൂട്ടായ്മയുടെ ഉറവിടവും അതിന്‍റെ മഹത്തായ പ്രകാശനവുമാണ്. ഞായറാഴ്ച ആചരണം, കര്‍ത്താവിന്‍റെ ദിവസമായും, തിരുസഭയുടെ ദിനമായും കൊണ്ടാടി അപ്പസ്തോലന്മാരുടെ ഉത്ഥിതാനുഭവത്തിന്‍റെ പുനര്‍ജീവന്‍ ആസ്വദിക്കുവാനുള്ള ക്ഷണവും പരി. പിതാവ് നല്കുന്നു.
വി. കുര്‍ബ്ബാന പ്രേഷിതദൗത്യത്തിന്‍റെ തത്ത്വവും പദ്ധതിയും എന്നതാണ് നാലാമത്തെ അദ്ധ്യായം . എമ്മാവൂസിലെ ശിഷ്യര്‍ തങ്ങള്‍ കര്‍ത്താവിനെ കണ്ടതും അനുഭവിച്ചതും മറ്റുള്ളവരെ അറിയിക്കുന്നതിനായി തിടുക്കത്തില്‍ തിരിച്ചുപോയതിനെ (ലൂക്കാ 24:33) ആധാരമാക്കിയുള്ള ആഖ്യാനമാണ് ഈ അദ്ധ്യായം. വി. കുര്‍ബ്ബാനയില്‍ ഉത്ഥിതനെ കണ്ടെത്തിയ ആനന്ദം പങ്കുവയ്പിന്‍റെ സന്തോഷത്തിലേക്കാണ് വിശ്വാസിയെ നയിക്കുന്നത്. വി. കുര്‍ബ്ബാനയിലൂടെ നിരന്തരം അഗാധവും തീക്ഷ്ണവുമാക്കപ്പെടുന്ന ക്രിസ്തുവുമായുള്ള അഭിമുഖദര്‍ശനം സഭയിലും ഓരോ ക്രൈസ്തവനിലും സാക്ഷ്യത്തിനും സുവിശേഷവത്കരണത്തിനുമായുള്ള അടിയന്തിരമായ ഒരു ക്ഷണമായി അനുഭവപ്പെടുന്നു. ലോകത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുവാനും സമാധാനത്തിന്‍റെയും, ശാന്തിയുടെയും, പങ്കുവയ്പിന്‍റെയും വക്താക്കളായി മാറുവാന്‍ വി. കുര്‍ബ്ബാന വിശ്വാസികളെ നിര്‍ബന്ധിക്കുന്നു.
ക്രിസ്തു തന്‍റെ സഭയെ ഭരമേല്പിച്ച അതുല്യമായ ഈ നിധിയെക്കുറിച്ചുള്ള അവബോധത്തില്‍ എല്ലാവരും വളരുന്നതിനും, പരമമായ ഈ രഹസ്യവുമായുള്ള ജീവസുറ്റ സമാഗമത്തിനായി ക്ഷണിച്ചുകൊണ്ടുമാണ് നാഥാ കൂടെ വസിച്ചാലും എന്ന അപ്പസ്തോലികലേഖനം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഉപസംഹരിക്കുന്നത്
സഭാജീവിതത്തിലും ലോകത്തിനും വി. കുര്‍ബ്ബാനയാകുന്ന സമ്പത്തിന്‍റെ അനന്യത മനസ്സിലാക്കാനുള്ള ഹൃദയപൂര്‍വ്വകമായ ഒരു ക്ഷണമാണ് ഈ അപ്പസ്തോലികലേഖനം. ക്രൈസ്തവജീവിതത്തിലെ കുര്‍ബ്ബാനയുടെ മാനവും, വി. കുര്‍ബ്ബാനയുടെ ആദ്ധ്യാത്മികതയും ദൈനംദിന ജീവിതത്തില്‍ പ്രകടിതമാക്കാനുള്ള ശക്തമായ ആഹ്വാനമാണ് ഇത് ക്രൈസ്തവവിശ്വാസികള്‍ക്ക് നല്കുന്നത്.
ദിവ്യകാരുണ്യം സഭയുടെ ഉറവിടവും പാരമ്യവുമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനത്തെ ആധാരമാക്കിയാണ് 2005 ഒക്ടോ. 2 മുതല്‍ 23 വരെ ഒരു അസാധാരണ സിനഡ് റോമില്‍വച്ച് നടത്തപ്പെട്ടത്. ഈ സിനഡിനോട് അനുബന്ധിച്ച് സഭാപിതാക്കന്മാര്‍ നടത്തിയ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും പരിണിതഫലമാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ സ്നേഹത്തിന്‍റെ കൂദാശ എന്ന ശ്ലൈഹികാഹ്വാനം. ബെനഡിക്ട് പിതാവിന്‍റെ വാക്കുകളില്‍ സ്നേഹത്തിന്‍റെ കൂദാശയായ വി. കുര്‍ബ്ബാന യേശുക്രിസ്തു തന്നെത്തന്നെ നല്‍കുന്ന ദാനമാണ്. അങ്ങനെ ഓരോ സ്ത്രീയോടും പുരുഷനോടും ദൈവത്തിനുള്ള അനന്തമായ സ്നേഹത്തെ അവിടുന്ന് നമുക്ക് സ്വയം വെളിപ്പെടുത്തിത്തരുന്നു. തന്‍റെ സ്നേഹിതര്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കാന്‍ (യോഹ 15:13) അവിടുത്തെ പ്രേരിപ്പിച്ച മഹത്തരമായ സ്നേഹത്തെ വിസ്മയനീയമായ ഈ കൂദാശ വെളിപ്പെടുത്തുന്നു. ദൈവം സ്നേഹമാകുന്നു, എന്ന ബെനഡിക്ട് മാര്‍പാപ്പായുടെ ആദ്യ പ്രബോധനത്തോട് ചേര്‍ന്നുപോകുന്നതാണ് സ്നേഹത്തിന്‍റെ കൂദാശ എന്ന അപ്പസ്തോലികാഹ്വാനം. സഭയില്‍ വി. കുര്‍ബാനയോട് തീവ്രമായ ഭക്തിയും തീക്ഷ്ണതയും നവീകൃതസമര്‍പ്പണവുമുണ്ടാകണമെന്നും, കുര്‍ബ്ബാനയെന്ന രഹസ്യവും ലിറ്റര്‍ജിപരമായ അതിന്‍റെ കര്‍മ്മവും സ്നേഹകൂദാശയെന്ന നിലയില്‍ കുര്‍ബാനയില്‍ നിന്നുണ്ടാകുന്ന പുതിയ ആദ്ധ്യാത്മികാരാധനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്രൈസ്തവജനതയ്ക്കുള്ള അറിവിനെ ആഴപ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുവാനും ഉദ്ദേശിച്ചുള്ളതായിരുന്നു സിനഡും തദനന്തരമുള്ള ശ്ലൈഹികാഹ്വാനവും ലക്ഷ്യം വച്ചത്.
97 ഖണ്ഡികകളുള്ള സ്നേഹത്തിന്‍റെ കൂദാശ എന്ന ശ്ലൈഹികാഹ്വാനത്തിന് പ്രധാനമായും മൂന്നുഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം വി. കുര്‍ബ്ബാന വിശ്വസിക്കേണ്ട ഒരു രഹസ്യം എന്നതാണ്. പരി. കുര്‍ബ്ബാന പരികര്‍മ്മം ചെയ്യേണ്ട ഒരു രഹസ്യമാണ് എന്ന് രണ്ടാംഭാഗവും വി. കുര്‍ബ്ബാന ജീവിക്കേണ്ട ഒരു രഹസ്യമാണ് എന്ന് മൂന്നാം ഭാഗവും വിശദമാക്കുന്നു.
വി. കുര്‍ബ്ബാനയുടെ വിവിധമാനങ്ങളെപ്പറ്റി വളരെയധികം പഠനം നടന്നിട്ടുള്ളതാണെങ്കിലും വി. കുര്‍ബ്ബാന സത്യത്തിന്‍റെ ഭക്ഷണം എന്ന ആശയം നവീനത നിറഞ്ഞ പുതിയ അര്‍ത്ഥതലങ്ങള്‍ വി. കുര്‍ബ്ബാനയ്ക്കു നല്കുന്നു. പരി. പിതാവിന്‍റെ അഭിപ്രായത്തില്‍ സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നമ്മുടെ വിശപ്പു ശമിപ്പിക്കാന്‍ വേണ്ടി അവിടുന്നു നമുക്ക് ഭക്ഷണമായി ഭവിക്കുന്നു. വി. കുര്‍ബാനയെക്കുറിച്ചുള്ള വി. തോമസ് അക്വീനാസിന്‍റെ ചിന്തകളാണ് സ്നേഹത്തിന്‍റെ കൂദാശ എന്ന ശ്ലൈഹികാഹ്വാനത്തിന്‍റെ ദൈവശാസ്ത്രചിന്തകള്‍ക്കാധാരമായി നില്‍ക്കുന്നത്.
കുര്‍ബ്ബാന - വിശ്വസിക്കേണ്ട ഒരു രഹസ്യം എന്ന ഒന്നാം ഭാഗത്തിന്‍റെ ആധാരശില. സഭാത്മക ജീവിതത്തില്‍ വി. കുര്‍ബ്ബാനയ്ക്കുള്ള സ്ഥാനത്തെപ്പറ്റിയുള്ള പരിചിന്തനമാണ് നല്കുന്നത്. പരി: ത്രിത്വവും , വി. കുര്‍ബ്ബാനയും തമ്മിലുള്ള ബന്ധം , വി. കുര്‍ബ്ബാനയും കൂദാശകളും തമ്മിലുള്ള ബന്ധം , വി. കുര്‍ബ്ബാനയും യുഗാന്ത്യോന്മുഖതയും , വി. കുര്‍ബ്ബാനയും കന്യാമറിയവും എന്നിങ്ങനെയുള്ള നാല് പ്രധാന വിശ്വാസഘടകങ്ങളാണ് ഈ ഭാഗത്തെ പ്രതിപാദ്യ വിഷയങ്ങള്‍.
സ്നേഹത്തിന്‍റെ കൂദാശ എന്ന ശ്ലൈഹികാഹ്വാനത്തിന്‍റെ മര്‍മ്മപ്രധാനമായ ഭാഗമാണ് വി. കുര്‍ബ്ബാന ആഘോഷിക്കപ്പെടേണ്ട, പരികര്‍മ്മം ചെയ്യേണ്ട രഹസ്യം എന്നത്. വിശ്വാസവും പരികര്‍മ്മവും തമ്മിലുള്ള ബന്ധത്തെ പ്രകടിതമാക്കി ആരാധനാക്രമം വിശിഷ്യാ വി. കുര്‍ബാന വിശ്വാസത്തിന്‍റെ ഉറവിടവും പ്രഘോഷണവുമായിത്തീരുന്നുവെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. സൗന്ദര്യവും ആരാധനാക്രമവും, വി. കുര്‍ബ്ബാനയിലുള്ള സജീവപങ്കാളിത്തം , വി. കുര്‍ബാനയാഘോഷണത്തിന്‍റെ ഘടന , വി. കുര്‍ബാനയോടുള്ള ഭക്തിയും ആരാധനയും എന്നീ വിഷയങ്ങളാണ് ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്.
വിശ്വസിക്കപ്പെടുന്ന രഹസ്യവും , ആഘോഷിക്കപ്പെടുന്ന രഹസ്യവും സഭാത്മജീവിതത്തില്‍ ഫലമണിയുന്നതിനെക്കുറിച്ചാണ് മൂന്നാം ഭാഗത്തില്‍ പരി. പിതാവ് പരാമര്‍ശിക്കുന്നത്. ക്രൈസ്തവരെ കര്‍ത്താവിന്‍റെ ദിവസത്തിനനുസൃതം ജീവിക്കുന്നവര്‍ എന്ന് അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഒരുമയുടെ സന്തോഷവും വിശ്രമവും സ്നേഹപ്രവൃത്തികളും കൊണ്ട് സമ്പന്നമായ ഞായറാഴ്ച ക്രൈസ്തവജീവിതത്തിന്‍റെ മാതൃകയായി പരി. പിതാവ് ചൂണ്ടിക്കാണിക്കുന്നു. വി. കുര്‍ബാനയുടെ അദ്ധ്യാത്മികത ജീവിതത്തെയാകമാനം ചൂഴ്ന്നു നില്ക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും വി. കുര്‍ബ്ബാനയാകുന്ന സമ്മാനം സ്വീകരിക്കുന്നവരുടെ ഹൃദയങ്ങളില്‍ കണ്ടെത്തുന്ന സ്നേഹം പ്രവര്‍ത്തനനിരതമാണെന്നും ശ്ലൈഹികാഹ്വാനം ഓര്‍മ്മപ്പെടുത്തുന്നു. വി. കുര്‍ബാന സ്വകാര്യമാക്കി വയ്ക്കാവുന്ന ഒന്നെല്ലായെന്നും പങ്കുവയ്ക്കപ്പെട്ട യാഥാര്‍ത്ഥ്യമായതിനാല്‍ പ്രേഷിതദൗത്യം ദിവ്യകാരുണ്യപരമായ സഭയുടെ മുഖമുദ്രയാണെന്നും പരി. പിതാവ് വ്യക്തമാക്കുന്നു. അതിനാല്‍ വി. കുര്‍ബ്ബാന ലോകത്തിനു നല്കേണ്ടുന്ന രഹസ്യമാണ്
വി. കുര്‍ബ്ബാന വിശ്വാസരഹസ്യമെന്ന നിലയില്‍ അനുഭവിച്ചറിയുവാനും, സഭയുടെ ആരാധനാക്രമപരമായ കര്‍മ്മത്തോട് വിശ്വാസത്തിന്‍റെ ബുദ്ധിശക്തിക്ക് സുപ്രധാന ബന്ധമുണ്ടെന്ന ബോധ്യത്തോടെ, ക്രിസ്തുവില്‍ ആത്മദാനപരമായ സ്വയം ദാനത്തില്‍ പങ്കുചേരുന്ന ജീവിതം നയിക്കുവാന്‍ വിശ്വാസികളെ പ്രാപ്തരാക്കുവാനും ആഹ്വാനം ചെയ്യുന്നതാണ് സ്നേഹത്തിന്‍റെ കൂദാശ എന്ന ശ്ലൈഹികാഹ്വാനം. വി. കുര്‍ബ്ബാനയിലൂടെ നമ്മോട് സമകാലീനാകുന്ന ക്രിസ്തുവിനെ കണ്ടെത്തുവാനും നമ്മുടെ പാതയില്‍ വിശ്വസ്തസഹചാരിയായി അവിടുന്നുണ്ടെന്ന് മനസ്സിലാക്കി യഥാര്‍ത്ഥ സന്തോഷം ആസ്വദിക്കുവാനും സ്നേഹ ത്തിന്‍റെ കൂദാശ വിശ്വാസികളെ ക്ഷണിക്കുന്നു.
ഫാ. ജോജി കാക്കരമറ്റത്തില്‍
സി. ബിന്‍സി മാത്യു എസ്. എച്ച്.
holy eucharist history of holy eucharist John Paul II sabath Holy sunday Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206