We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Nangelimalil On 02-Feb-2021
ആമുഖം
ക്രൈസ്തവജീവിതത്തില്‍ പരിശുദ്ധ കുര്‍ബ്ബാനയ്ക്കുള്ള സ്ഥാനം അതുല്യമാണ്. സഭയുടെ പ്രവര്‍ത്തനങ്ങളിലും സഭാംഗങ്ങളുടെ ജീവിതത്തിലും ഈ കൂദാശയ്ക്ക് ലഭിക്കുന്ന പ്രാമുഖ്യം ഇതിന്‍റെ ദൈവശാസ്ത്ര സമീപനത്തിലും ദൃശ്യമാണ്. ആഴമായ പരിചിന്തനങ്ങള്‍ക്കും ഗഹനമായ പഠനങ്ങള്‍ക്കും എക്കാലത്തും ഈ കൂദാശ വിഷയമായിട്ടുണ്ട്. കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ചുള്ള പുതിയനിയമ വിവരണങ്ങളിലൂന്നി നിന്നുകൊണ്ട്, നൂറ്റാണ്ടുകളിലൂടെ, പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ചുള്ള ദൈവശാസ്ത്രം ക്രമാനുഗതം വളര്‍ത്തിയെടുക്കുന്നതിന് സഭാപിതാക്കന്മാരും മാര്‍പാപ്പാമാരും വിവിധ സൂനഹദോസുകളും നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്. വി.കുര്‍ബ്ബാനയുടെ ചരിത്രത്തിലേക്ക് വളരെ ഹ്രസ്വമായ ഒരെത്തിനോട്ടം നടത്തുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.
വി. കുര്‍ബ്ബാനയെപ്പറ്റി നമുക്കു ലഭിച്ചിട്ടുള്ള ആദ്യവിവരണം വി. പൗലോസിന്‍റെ കോറിന്തോസുകാര്‍ക്കുള്ള ലേഖനമാണ് (1 കോറി 11:23-26). എ.ഡി 60 നു മുന്‍പ് വിരചിതമായ ഈ ഗ്രന്ഥത്തില്‍ അന്ത്യോക്യായിലെ ആരാധനാക്രമ പാരമ്പര്യമാണു സ്വീകരിച്ചിട്ടുള്ളത്. മര്‍ക്കോസ് നല്കുന്ന വിവരണത്തില്‍നിന്നു വിഭിന്നവും ലൂക്കാ നല്കുന്ന വിവരണത്തോടു സാദൃശ്യവുമുള്ളതാണ് വി. പൗലോസിന്‍റെ ലേഖനത്തിലെ വിവരണം.
വി. മര്‍ക്കോസ് തിരുവത്താഴത്തെ ചിത്രീകരിക്കുന്നത് യഹൂദരുടെ യാഗവിരുന്നിന്‍റെ മാതൃകയിലാണ് (മര്‍ക്കോസ് 14:22-24). പൗലോസും ലൂക്കായും സ്വീകരിച്ചിട്ടുള്ള പാരമ്പര്യത്തിനുശേഷം ഉടലെടുത്ത മറ്റൊരു പാരമ്പര്യമാണ് മര്‍ക്കോസിന്‍റെ വിവരണത്തിനാധാരമായി സ്വീകരിച്ചിട്ടുള്ളത്.
എ.ഡി 80 നോടടുത്ത് രചിക്കപ്പെട്ട വി.മത്തായിയുടെ സുവിശേഷത്തിലെ വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രതിപാദനം (മത്താ 26:26-28) വി. മര്‍ക്കോസിന്‍റെ വിവരണത്തോട് ഏറെ താദാത്മ്യമുള്ളതാണ്.
വി. ലൂക്കായുടെ കുര്‍ബ്ബാന സ്ഥാപന വിശദീകരണം വി. പൗലോസിന്‍റെ വിവരണത്തോട് വളരെ സാമ്യമുള്ളതാണ് (ലൂക്കാ 22,14;17, 19-21). പൗലോസിന്‍റെയും മര്‍ക്കോസിന്‍റെയും വിവരണങ്ങളില്‍ ഇല്ലാത്ത ചില കാര്യങ്ങളും ഈ വിശദീകരണത്തിലുള്‍പ്പെടുന്നുണ്ട്.
വി. പൗലോസില്‍നിന്നും സമാന്തര സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണ് വി. യോഹന്നാന്‍റെ സുവിശേഷത്തിലേത്. കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ച് യോഹന്നാന്‍ വിവരണമൊന്നും നല്കുന്നില്ലെങ്കിലും കുര്‍ബ്ബാനയെക്കുറിച്ച് ദൈവശാസ്ത്രപരമായ ഉയര്‍ന്ന ഉള്‍ക്കാഴ്ചയാണ് അദ്ദേഹം നല്കുന്നത്.
ആദിമ ക്രൈസ്തവസമൂഹം അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി ഭവനംതോറും ഒരുമിച്ചുകൂടിയിരുന്നു (അപ്പ 2:46). നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്ന യേശുവിന്‍റെ കല്പന പാലിച്ചുകൊണ്ട് അവിടുത്തെ സ്മരണ കൊണ്ടാടുക എന്നതായിരുന്നു അവരെ സംബന്ധിച്ച് പ്രധാനകാര്യം. ദൈവശാസ്ത്രവിശകലനങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരുന്നു. കാലക്രമേണ, വി. കുര്‍ബ്ബാനയര്‍പ്പണത്തിന് നിയതമായ രൂപവും ഭാവവും കൈവന്നു. ആ വളര്‍ച്ചയില്‍ ദൈവശാസ്ത്രജ്ഞന്മാരുടെ പഠനങ്ങളും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും വ്യാഖ്യാനങ്ങളും ഗര്‍ഹണീയമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് കുര്‍ബ്ബാനയുടെ ചരിത്രത്തിലെ ചില പ്രധാനപ്പെട്ട രേഖകള്‍ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുക.
1) ചില ചരിത്രരേഖകള്‍
"ഡിഡാക്കെ" അഥവാ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനം എന്നറിയപ്പെടുന്ന ഈ രേഖ എ.ഡി 90 നും 100 നും ഇടയ്ക്കു രചിക്കപ്പെട്ടുവെന്ന് കരുതുന്നു. ഈ ഗ്രന്ഥത്തിന്‍റെ കര്‍ത്താവാരാണെന്ന് വ്യക്തമല്ലെങ്കിലും അപ്പസ്തോലന്മാരോ അവരുടെ പിന്‍ഗാമികളോ ആണെന്നു വിശ്വസിക്കപ്പെടുന്നു. ആദിമക്രൈസ്തവസഭയിലെ വിശ്വാസാചാരങ്ങളിലേക്കു വെളിച്ചം വീശുന്ന ഈ ചരിത്രരേഖയുടെ ആദ്യഭാഗത്തിലെ ഒന്‍പതും പത്തും പതിന്നാലും അദ്ധ്യായങ്ങള്‍ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യകത, അര്‍പ്പിക്കുന്ന രീതി, അതിനായുള്ള ആദ്ധ്യാത്മിക ഒരുക്കം, കൃതജ്ഞതാപ്രകാശനം എന്നിവയെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഡിഡാക്കെയിലെ പ്രാര്‍ത്ഥനകള്‍ യഹൂദപാരമ്പര്യങ്ങളോട് സാമ്യമുള്ളതുകൊണ്ട് ഈ ചരിത്രരേഖ സിറിയായിലെ യഹൂദക്രൈസ്തവ സമൂഹപശ്ചാത്തലത്തില്‍ രൂപപ്പെട്ടതാകാനാണ് കൂടുതല്‍ സാധ്യത.
ഏഷ്യാമൈനറില്‍ ബിത്തീനിയായുടെ ഗവര്‍ണ്ണറായിരുന്ന അക്രൈസ്തവനായ പ്ലീനി എ.ഡി 112 ല്‍ ട്രാജന്‍ ചക്രവര്‍ത്തിക്കയച്ച ഒരു കത്തില്‍ വി. കുര്‍ബ്ബാനയെപ്പറ്റി ഇപ്രകാരം പറയുന്നു: പ്രഭാതത്തില്‍ ക്രിസ്ത്യാനികള്‍ ദൈവമായ ക്രിസ്തുവിന് കീര്‍ത്തനം ആലപിക്കാന്‍ ഒരുമിച്ചു കൂടുകയും വൈകുന്നേരം സാധാരണവും ഉപദ്രവരഹിതവുമായ ഭക്ഷണം, അപ്പവും വീഞ്ഞുമടങ്ങുന്ന ഭക്ഷണം, കഴിക്കുകയും ചെയ്യുന്നു.
2). സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍
വി. പൗലോസിന്‍റെ സഹപ്രവര്‍ത്തകനും വി. പത്രോസിനാല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടവനുമായ വി. ക്ലമന്‍റ് എ.ഡി 96 ല്‍ കൊറീന്ത്യാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പ്രതിപാദിക്കുന്നു: ബലിശുശ്രൂഷകളും കാഴ്ചവയ്പും കൃത്യമായി നിശ്ചിത സമയങ്ങളില്‍ വേണം നടത്തുവാന്‍. മെത്രാന്‍മാരും വൈദികരും ആറാംപട്ടക്കാരും അല്‍മേനികളും താന്താങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കടപ്പെട്ടവരാണ്.
അന്ത്യോക്യായിലെ മെത്രാനായ ഇഗ്നേഷ്യസ് ഏഷ്യാമൈനറിലെ പല സഭകളും സന്ദര്‍ശിക്കുകയും അവര്‍ക്കായി പല ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. അവയില്‍ പലതിലും വി.കുര്‍ബ്ബാനയെ പരാമര്‍ശിക്കുന്നുണ്ട്. ഫിലാഡെല്‍ഫിയാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍, യേശുക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ സ്നേഹത്തില്‍ ഐക്യപ്പെടുന്നുവെന്നും, അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ഒരേ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക അര്‍ത്ഥവത്താണെന്നും അദ്ദേഹം പ്രബോധിപ്പിക്കുന്നുണ്ട്.
വി. ജസ്റ്റിന്‍റെ ഒന്നാം അപ്പോളജിയിലും ട്രിഫോയുമായുള്ള സംവാദത്തിലും നല്കുന്ന വിവരണങ്ങളില്‍ കുര്‍ബ്ബാനയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മലാക്കിയുടെ പ്രവചനം (1:10-12) പരി. കുര്‍ബ്ബാനയെക്കുറിച്ചാണെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. തന്‍റെ മനുഷ്യാവതാരത്തിന്‍റെ അനുസ്മരണയ്ക്കായി അര്‍പ്പിക്കുവാന്‍ നമ്മുടെ ക്രിസ്തു നമ്മോടു കല്പിച്ച അപ്പത്തെപ്പറ്റിയും തന്‍റെ രക്തത്തിന്‍റെ അനുസ്മരണയ്ക്കായി നന്ദിയോടുകൂടെ അര്‍പ്പിക്കാന്‍ അവിടുന്ന് കല്പിച്ച കാസയെപ്പറ്റിയും ദൈവം ഈ പ്രവചനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ഏഷ്യാമൈനറില്‍ ജനിച്ച ഇരനെവൂസ് 177 - ല്‍ ലയണ്‍സിലെ മെത്രാനായി അഭിക്ഷിതനായി. അദ്ദേഹത്തിന്‍റെ "പാഷണ്ഡതകള്‍ക്കെതിരെ" എന്ന ഗ്രന്ഥത്തിന്‍റെ നാലാംഭാഗം വി. കുര്‍ബ്ബാനയെക്കുറിച്ചുള്ളതാണ്. കര്‍ത്താവിന്‍റെ ശരീരരക്തങ്ങളാല്‍ പരിപോഷിപ്പിക്കപ്പെടുന്നവരുടെ ഉത്ഥാനജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ഭൂമിയില്‍ നിന്നുള്ള അപ്പം ദൈവത്തിന്‍റെ ആഹ്വാനം സ്വീകരിച്ചുകഴിയുമ്പോള്‍ സാധാരണ അപ്പമല്ല, വി. കുര്‍ബാനയാണ് - അത് രണ്ട് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു: ഒന്ന് സ്വര്‍ഗ്ഗീയവും, മറ്റേത് ആത്മീയവും. അതുപോലെ നമ്മുടെ ശരീരം വി.കുര്‍ബ്ബാനയില്‍ പങ്കുകൊണ്ടുകഴിഞ്ഞാല്‍ അതു പിന്നീട് നശ്വരമല്ല. അതിന് ഉത്ഥാനത്തിന്‍റെ പ്രത്യാശ ഉളവാകുന്നു.
തെര്‍ത്തുല്യന്‍ 195 നും 200 നും ഇടയ്ക്ക് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ദൈവത്തിന്‍റെ അത്താഴം, ദൈവത്തിന്‍റെ വിരുന്ന്, മിശിഹായുടെ വിരുന്ന് തുടങ്ങിയ പരി. കുര്‍ബ്ബാന സംബന്ധമായ ദൈവശാസ്ത്രനാമങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനയാണ്. അന്നന്നുവേണ്ട ആഹാരവും ജീവന്‍റെ അപ്പവും അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ഒന്നാണ്. അന്നന്നു വേണ്ടുന്ന അപ്പം ഇന്നു ഞങ്ങള്‍ക്കു നല്കണമേ എന്ന അപേക്ഷ ആദ്ധ്യാത്മികമായ അര്‍ത്ഥത്തിലാണ് നാം മനസ്സിലാക്കുക. കാരണം, മിശിഹായാണ് നമ്മുടെ അപ്പം. അവിടുന്നു തന്നെയാണ് ജീവനും ജീവന്‍റെ അപ്പവും. അതുകൊണ്ട് അന്നന്നു വേണ്ടുന്ന അപ്പം നാം ചോദിക്കുമ്പോള്‍, മിശിഹായോടുകൂടി നിത്യമായി ജീവിക്കുന്നതിനും അവന്‍റെ ശരീരത്തില്‍നിന്ന് ഒരിക്കലും വേര്‍പെടാതിരിക്കാനും വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുക.
അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ വി.കുര്‍ബ്ബാനയെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ശരീരവും ദൈവവചനവും തമ്മില്‍ വളരെ സാദൃശ്യമുണ്ട്. വചനമായ ദൈവം തന്‍റെ ശരീരമാണിതെന്ന് അരുള്‍ച്ചെയ്ത ഈ അപ്പം ആത്മാക്കളുടെ ഭക്ഷണമായ വചനം തന്നെയാണ്. ഈ വചനം തന്നെയാണ് പിതാവില്‍നിന്ന് പുറപ്പെടുന്നതും. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന അപ്പവും ബലിപീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതും ഈ അപ്പം തന്നെയാണ്.
കാര്‍ത്തേജിലെ മെത്രാനായിരുന്ന വി. സിപ്രിയന്‍റെ (258) ലേഖനങ്ങളില്‍ 63-ാമത്തേത് പരി. കുര്‍ബ്ബാനയെക്കുറിച്ചാണ്. നിഖ്യാസൂനഹദോസിനു മുന്‍പുള്ള കാലഘട്ടത്തില്‍ കുര്‍ബ്ബാനയെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ടതും ആധികാരികമായതുമായ ഒരു രേഖയായി ഇതു കണക്കാക്കപ്പെടുന്നു. വിശ്വാസികളുടെ ചില സമൂഹങ്ങളില്‍ വി. കുര്‍ബ്ബാനയര്‍പ്പണത്തിന് വീഞ്ഞിനുപകരം വെള്ളം മാത്രമുപയോഗിക്കുന്ന പതിവുണ്ടായി. എന്നാല്‍, കുര്‍ബ്ബാനയ്ക്ക് വീഞ്ഞും വെള്ളവും കൂടിയ മിശ്രിതം ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നു കര്‍ത്താവിന്‍റെ പാനപാത്രം കൂദാശചെയ്യുമ്പോള്‍ ജലം മാത്രമോ അല്ലെങ്കില്‍ വീഞ്ഞു മാത്രമോ നമുക്കു സമര്‍പ്പിക്കാനാവില്ല. വീഞ്ഞു മാത്രമാണ് നാം അര്‍പ്പിക്കുന്നതെങ്കില്‍ നമ്മെക്കൂടാതെ കര്‍ത്താവിന്‍റെ തിരുരക്തവും വെള്ളം മാത്രമാണര്‍പ്പിക്കുന്നതെങ്കില്‍ കര്‍ത്താവിനെ കൂടാതെ ദൈവജനവുമായിരിക്കും സന്നിഹിതമാവുക. എന്നാല്‍, ഒന്നുമറ്റൊന്നുമായി കലര്‍ത്തപ്പെടുമ്പോള്‍ രണ്ടും ഒന്നായിത്തീരുകയും അങ്ങനെ ആദ്ധ്യാത്മികമായ സ്വര്‍ഗ്ഗീയ രഹസ്യം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു.
വി. കുര്‍ബ്ബാനയെക്കുറിച്ചുള്ള വി. അപ്രേമിന്‍റെ രചനകള്‍ പൗരസ്ത്യ ദൈവശാസ്ത്രത്തിന് പ്രത്യേകിച്ചും വലിയ സംഭാവന നല്കിയിട്ടുണ്ട്. വി. കുര്‍ബ്ബാന വിശ്വാസത്തോടെ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തു പറയുന്നു. ശ്ലീഹന്മാര്‍ നവവും വിശുദ്ധവുമായ അപ്പം ഭക്ഷിക്കുകയും തങ്ങള്‍ മിശിഹായുടെ ശരീരമാണ് ഭക്ഷിച്ചതെന്ന് വിശ്വാസത്താല്‍ അവര്‍ ഗ്രഹിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ മുഴുവന്‍ കൂദാശയയെയും അവര്‍ക്ക് വിശദീകരിക്കാനും നല്കാനും കഴിഞ്ഞു. അവിടുന്ന് പാനപാത്രമെടുത്ത് വീഞ്ഞ് വെള്ളത്തിനോടു കലര്‍ത്തി ചിന്തപ്പെടാനിരിക്കുന്ന തന്‍റെ സ്വന്തം രക്തമാണതെന്ന് പ്രഖ്യാപിച്ചു.
വി. സിറിള്‍ നിഖ്യാവിശ്വാസപ്രമാണത്തെ ശക്തമായി അനുകൂലിച്ചിരുന്നു. ജറുസലെമിലെ തിരുക്കല്ലറ ദേവാലയത്തില്‍ അദ്ദേഹം ചെയ്ത 24 പ്രസംഗങ്ങള്‍ മതാദ്ധ്യാപകപ്രസംഗങ്ങള്‍ എന്ന് അറിയപ്പെടുന്നു. ഈ പ്രസംഗങ്ങളില്‍ രണ്ടെണ്ണം കുര്‍ബ്ബാനയെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്.
വി. കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും മിശിഹായുടെ ശരീരരക്തങ്ങളായി മാറ്റപ്പെടുകയാണെന്നും യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം അതിലുണ്ടെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. അവിടുന്നുതന്നെ ഇതെന്‍റെ ശരീരമാകുന്നുവെന്ന് പ്രഖ്യാപിച്ച അപ്പത്തെ ഇനിമേല്‍ സംശയിക്കാന്‍ ആരാണ് ധൈര്യപ്പെടുക? ഇതെന്‍റെ രക്തമാകുന്നുവെന്ന് അവിടുന്നുതന്നെ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കെ ഇത് അവിടുത്തെ രക്തമല്ല എന്നുപറഞ്ഞ് ആര്‍ക്കാണ് സംശയിക്കാനാവുക?
അപ്പവും വീഞ്ഞും യേശുവിന്‍റെ ശരീരരക്തങ്ങളായി മാറുന്നത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണെന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഈ ദാനങ്ങളുടെമേല്‍ പരിശുദ്ധാത്മാവിനെ അയയ്ക്കാന്‍ ഔദാര്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. അവിടുന്ന് അപ്പത്തെ മിശിഹായുടെ ശരീരമായും വീഞ്ഞിനെ മിശിഹായുടെ രക്തമായും മാറ്റും. എന്തെന്നാല്‍ പരിശുദ്ധാത്മാവ് സ്പര്‍ശിക്കുന്നതെല്ലാം വിശുദ്ധീകരിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യും.
വി. ഗ്രിഗറിയുടെ കൃതികളില്‍ ഏറ്റവും പ്രശസ്തമായത് വലിയ വേദോപദേശമാണ്. വചനത്തിന്‍റെ ശക്തിയാല്‍ അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളായി മാറുന്നതെങ്ങനെയെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ദൈവവചനം വഴി വിശുദ്ധീകരിക്കപ്പെടുന്ന അപ്പം ദൈവവചനത്തിന്‍റെ ശരീരമായി രൂപാന്തരപ്പെടുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു തക്കകാരണമുണ്ട്. ആ ശരീരം ആരംഭത്തില്‍ അപ്പമായിരുന്നു. മാംസമായ വചനത്തിന്‍റെ ആന്തരികവാസം വഴിയാണത് വിശുദ്ധീകരിക്കപ്പെട്ടത്.
374-ല്‍ മിലാനിലെ മെത്രാനായി സ്ഥാനമേറ്റ അംബ്രോസ് പരി. കുര്‍ബ്ബാനയെക്കുറിച്ച് കൂദാശകള്‍ ദിവ്യരഹസ്യങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. സത്താമാറ്റത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ഒരുപക്ഷേ, നിങ്ങള്‍ പറഞ്ഞേക്കാം: ഞാന്‍ മിശിഹായുടെ ശരീരമാണ് സ്വീകരിക്കുന്നതെന്ന് എങ്ങനെ പറയും? കാരണം ഞാന്‍ കാണുന്നത് മറ്റൊന്നാണ്. ഇതു നമ്മള്‍ തെളിയിക്കേണ്ടിയിരിക്കുന്നു. പ്രകൃതി രൂപപ്പെടുത്തിയതല്ല, ആശീര്‍വാദം പവിത്രീകരിച്ചതാണ്. പ്രകൃതിയുടെ ശക്തിയെക്കാള്‍ വലുതാണ് ആശീര്‍വാദത്തിന്‍റെ ശക്തി. കാരണം, പ്രകൃതിതന്നെ ആശീര്‍വാദത്താല്‍ മാറ്റപ്പെടുന്നു.
കുര്‍ബ്ബാനയുടെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന ക്രിസോസ്തോം 397-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി. ഒട്ടേറെ കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ പല രചനകളിലും പരി. കുര്‍ബ്ബാനയെക്കുറിച്ച് പ്രതിപാദനങ്ങളുണ്ട്. മിശിഹായുടെ ശരീരം സ്വീകരിക്കുന്നതിലൂടെ വിശ്വാസികള്‍ക്കു കൈവരുന്ന മാറ്റത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു. വാസ്തവത്തില്‍ മിശിഹായുടെ ദാനം തന്‍റെ ശരീരം മാത്രമായിരുന്നില്ല. നമ്മുടെ ആദ്യത്തെ ജഡികസ്വഭാവം പൊടിയില്‍നിന്നു രൂപപ്പെട്ടതും പാപത്താല്‍ മൃതവും ജീവനില്ലാത്തതുമായിരുന്നു. അതിനാല്‍ അവിടുന്ന് തന്‍റെതന്നെ ശരീരത്തിന്‍റെ പുത്തന്‍പുളിമാവ് കൊണ്ടുവന്നു. പാപരഹിതവും ജീവന്‍ നിറഞ്ഞതുമായിരുന്നു എന്നതൊഴിച്ചാല്‍ അവിടുത്തെ ശരീരം നമ്മുടേതിനു തുല്യമായിരുന്നു. ഈ ശരീരമാണ് ഭക്ഷിക്കാനായി അവിടുന്ന് നമുക്കു നല്കിയത്.
പൗരസ്ത്യസഭയിലെ പ്രശസ്ത ദൈവശാസ്ത്രജ്ഞനായ തെയഡോര്‍ മരിച്ച് 125 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പാഷണ്ഡിയായി കണക്കാക്കപ്പെട്ടു. തന്‍റെ മതാദ്ധ്യാപന പ്രസംഗങ്ങളില്‍ പരി.കുര്‍ബ്ബാനയെ സംബന്ധിച്ച പല പ്രബോധനങ്ങളും നല്കുന്നുണ്ട്. യഥാര്‍ത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചും സാരാംശഭേദത്തെക്കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. കുര്‍ബ്ബാനയെക്കുറിച്ചുള്ള 15-ാം പ്രസംഗത്തില്‍ ഇപ്രകാരം പറയുന്നു: അതിനാല്‍, അപ്പം കൊടുത്തുകൊണ്ട്, ഇത് എന്‍റെ ശരീരത്തിന്‍റെ അടയാളം എന്നല്ല പിന്നെയോ, ഇതെന്‍റെ ശരീരം എന്നാണ് അവിടുന്നു പറഞ്ഞത്. അതുപോലെ പാനപാത്രം കൊടുത്തപ്പോള്‍ ഇത് എന്‍റെ രക്തത്തിന്‍റെ അടയാളം എന്ന് അവിടുന്ന് പറഞ്ഞില്ല. പിന്നെയോ ഇതെന്‍റെ രക്തമാകുന്നു എന്നത്രേ. കാരണം, ആത്മാവിന്‍റെ വരവിനുശേഷവും കൃപ സ്വീകരിച്ചശേഷവും ഇവയെ നാം ദര്‍ശിക്കേണ്ടത് അവയുടെ സ്വഭാവം അനുസരിച്ചല്ല. പിന്നെയോ നമ്മുടെ കര്‍ത്താവിന്‍റെ ശരീരവും രക്തവുമെന്ന നിലയിലത്രേ. ഇതാണ് അവിടുത്തെ ആഗ്രഹം. നമ്മുടെ കര്‍ത്താവിന്‍റെ ശരീരത്തിനുപോലും സ്വതേ അമര്‍ത്യതയില്ലായിരുന്നു. അമര്‍ത്യത നല്‍കാനുള്ള കഴിവുമില്ലായിരുന്നു. പരിശുദ്ധാത്മാവ് അതിനുപ്രദാനം ചെയ്തതാണിത്.
കുര്‍ബ്ബാനയെക്കുറിച്ചുള്ള 16-ാം പ്രസംഗത്തില്‍ അദ്ദേഹം തുടരുന്നു. പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍, അപ്പത്തിലും വീഞ്ഞിലുമുള്ള പദാര്‍ത്ഥം, അവയുടെമേല്‍ വരുന്ന കൃപയാല്‍ അഭിഷേകം പ്രാപിക്കുന്നു. അവ അപ്പോള്‍ മുതല്‍ ഉത്ഥാനശേഷമുള്ള ക്രിസ്തുവിന്‍റെ ശരീരംപോലെ കഴിവിനതീതവും സഹനാതീതവും സ്വഭാവത്താലെ വ്യതിയാനരഹിതവും ആയിത്തീരുന്നുവെന്ന് നാം വിശ്വസിക്കുന്നു.
അന്ത്യോക്യായിലെ ഒരു സന്ന്യാസ സഭാംഗമായിരുന്ന അദ്ദേഹം 428-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി നിയമിതനായി. വിശ്വാസസത്യങ്ങള്‍ തെറ്റായി പഠിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഈജിപ്തിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. നെസ്തോറിയസിനെ 431-ല്‍ എഫേസോസ് സൂനഹദോസ് മഹറോന്‍ ശിക്ഷയ്ക്കു വിധിച്ചു.
പരിശുദ്ധ കുര്‍ബ്ബാനയെ സംബന്ധിച്ച നെസ്തോറിയന്‍ ചിന്തകള്‍ തെയഡോറിന്‍റേതിനോട് സാമ്യമുള്ളതാണ്. സത്താഭേദത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത് ഇപ്രകാരമാണ്. അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളായി മാറുന്നത് പുരോഹിതന്‍റെ ശക്തിയാലോ സ്ഥാപനവാക്യങ്ങള്‍ ഉച്ചരിക്കുന്നതുകൊണ്ടു മാത്രമോ അല്ല, മറിച്ച് എല്ലാം വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താലാണ്.
വി. യോഹന്നാന്‍റെ സുവിശേഷത്തെപ്പറ്റിയുള്ള പ്രസംഗത്തിലും വി.ലൂക്കായുടെ സുവിശേഷത്തിലെ എമ്മാവൂസ് സംഭവത്തെപ്പറ്റിയുള്ള പ്രസംഗത്തിലും വി.കുര്‍ബ്ബാനയെപ്പറ്റി വി. അഗസ്റ്റിന്‍ പ്രസ്താവിക്കുന്നുണ്ട്. മിശിഹായുടെ ശരീരത്തെയും വിശ്വാസികളുടെ ശരീരത്തെയും ബന്ധപ്പെടുത്തി അദ്ദേഹം ഇപ്രകാരം പറയുന്നു. വിശ്വാസികള്‍ മിശിഹായുടെ ശരീരമായിത്തീരുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവര്‍ അവിടുത്തെ ശരീരത്തെ അറിയുന്നു. മിശിഹായുടെ അരൂപിയാല്‍ ജീവിക്കുവാന്‍ മനസ്സാകുന്നുവെങ്കില്‍ അവര്‍ക്ക് അവിടുത്തെ ശരീരമായിത്തീരുവാന്‍ സാധിക്കും. മിശിഹായുടെ ശരീരംകൂടാതെ ആരും അവിടുത്തെ അരൂപിയില്‍ ജീവിക്കുന്നില്ല. മിശിഹായുടെ ശരീരത്തിന് അവിടുത്തെ അരൂപിയാലല്ലാതെ ജീവിക്കുവാന്‍ സാധിക്കുകയില്ല.
വി. ഡമഷീന്‍റെ പ്രധാനപ്പെട്ട കൃതികളിലൊന്ന് അറിവിന്‍റെ ഉറവിടം എന്നതാണ്. ഇതിന്‍റെ മൂന്നാംഭാഗം നാലാം പുസ്തകം പതിമൂന്നാം അധ്യായത്തില്‍ പരി. കുര്‍ബ്ബാനയെക്കുറിച്ച് വിവരിക്കുന്നുണ്ട്. സാരാംശഭേദത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പഠിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ മേശയിലെ അപ്പവും വീഞ്ഞും വെള്ളവും റൂഹാക്ഷണത്തിലൂടെയും പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലൂടെയും അതിസ്വാഭാവികമായി മിശിഹായുടെ ശരീരവും രക്തവും ആയി മാറുന്നു. യഥാര്‍ത്ഥ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു. അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളുടെ പ്രതീകമല്ല. പ്രത്യുത അവിടുത്തെ യാഥാര്‍ത്ഥ്യവും ദിവ്യവുമായ ശരീരമാണ്. കാരണം, കര്‍ത്താവ് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. ഇതെന്‍റെ ശരീരമാകുന്നു, അല്ലാതെ ശരീരത്തിന്‍റെ പ്രതിരൂപമെന്നല്ല. അതുപോലെ ഇതെന്‍റെ രക്തമാകുന്നു; അല്ലാതെ, രക്തത്തിന്‍റെ പ്രതിരൂപമെന്നല്ല.
1) ആദ്യകാല കൗണ്‍സിലുകള്‍
ബെരെന്‍ഗര്‍ വി.കുര്‍ബ്ബാനയിലെ സത്താഭേദത്തെ നിഷേധിക്കുകയും യേശുവിന്‍റെ സാന്നിദ്ധ്യത്തെ കേവലം ആദ്ധ്യാത്മികമായ ഒന്നായിമാത്രം കാണുകയും ചെയ്തു. 1059-ല്‍ സമ്മേളിച്ച ആദ്യത്തെ റോമന്‍ കൗണ്‍സില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും 1079-ലെ രണ്ടാമത്തെ റോമന്‍ കൗണ്‍സില്‍ ബെരെന്‍ഗര്‍ ഏറ്റുചൊല്ലേണ്ട പ്രതിജ്ഞ രൂപപ്പെടുത്തുകയും ചെയ്തു. അതില്‍ പരി. കുര്‍ബ്ബാനയിലെ യേശുസാന്നിദ്ധ്യം വെറും അടയാളം മാത്രമല്ലെന്നും, മറിച്ച് സത്താമാറ്റം വഴി യേശു യഥാര്‍ത്ഥത്തില്‍ ഈ ദിവ്യകൂദാശയില്‍ സന്നിഹിതനാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
വി. കുര്‍ബ്ബാനയെ സംബന്ധിച്ച രണ്ടു പ്രധാനപ്പെട്ട രേഖകളാണ് ഈ മാര്‍പാപ്പയുടെ പേരില്‍ നമുക്ക് ലഭിച്ചിട്ടുള്ളത്. ആദ്യത്തേത് 1202 - ല്‍ അദ്ദേഹം ലിയോണിലെ മെത്രാപ്പോലീത്തായ്ക്ക് എഴുതിയ ഒരു കത്താണ്. വി. കുര്‍ബ്ബാനയിലെ യേശുവിന്‍റെ സാന്നിധ്യത്തെ കേവലമൊരു അടയാളമായി കണക്കാക്കിയ പ്രവണതയെ നിശിതമായി വിമര്‍ശിക്കുകയും യേശുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം സമര്‍ത്ഥിക്കുകയും ആയിരുന്നു ആ കത്തിന്‍റെ ഉദ്ദേശ്യം.
മാര്‍പാപ്പ വാല്‍ഡേസിയന്‍സിനുവേണ്ടി തയ്യാറാക്കിയ വിശ്വാസപ്രഖ്യാപനമാണ് (1208) രണ്ടാമത്തെ രേഖ. വിശുദ്ധനായ ഒരു വൈദികനും പാപിയായ ഒരു വൈദികനും അര്‍പ്പിക്കുന്ന ബലികള്‍ തമ്മില്‍ അവയുടെ ഫലത്തില്‍ വ്യത്യാസമില്ലെന്ന് അതില്‍ പ്രസ്താവിക്കുന്നു. കാരണം, കൂദാശാവചനം ഉച്ചരിക്കുന്ന വ്യക്തിയുടെ കഴിവുകൊണ്ടല്ല കൂദാശ യാഥാര്‍ത്ഥ്യമാകുന്നത്. മറിച്ച്, യേശുവിന്‍റെ വചനത്താലും ശക്തിയാലുമാണ്.
ദൈവവും മനുഷ്യനും തമ്മില്‍ ബന്ധം സ്ഥാപിക്കുന്നതിനുള്ള പരമപ്രധാനമായ മാര്‍ഗ്ഗം പരി. കുര്‍ബ്ബാനയാണെന്ന് 1215 -ല്‍ നടന്ന ഈ കൗണ്‍സില്‍ പഠിപ്പിച്ചു. ഇന്നസെന്‍റ് മൂന്നാം മാര്‍പാപ്പ ഉപയോഗിച്ച സത്താഭേദമെന്ന പദം ഔദ്യോഗികമായി കൗണ്‍സില്‍ ഉപയോഗിക്കുകയുണ്ടായി.
കോണ്‍സ്റ്റാന്‍സിലെ ജനറല്‍ കൗണ്‍സില്‍
ബൊഹേമിയായിലെ ജോണ്‍ ഹ്യൂസിന്‍റെ ശിഷ്യന്‍മാര്‍, വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍ തിരുരക്തം ഉള്‍ക്കൊള്ളാന്‍ അല്മായരെയും അനുവദിക്കണമെന്ന അവകാശവാദമുന്നയിച്ചു. അന്ത്യ അത്താഴത്തിന്‍റെ മാതൃകയും ആദിമസഭയിലെ പാരമ്പര്യവും അവരുടെ വാദത്തിനു ശക്തിയേകി. എന്നാല്‍ ഇരു സാദൃശ്യങ്ങളിലോരോന്നിലും കര്‍ത്താവിന്‍റെ തിരുശരീരവും രക്തവും മുഴുവനായി ഉള്‍ക്കൊള്ളുന്നതുകൊണ്ട് വിശ്വാസികള്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചാല്‍ മതിയെന്ന കോണ്‍സ്റ്റാന്‍സിലെ കൗണ്‍സില്‍ (1415) പഠിപ്പിച്ചു. ആദിമസഭയില്‍, വിശ്വാസികളും ഇരുസാദൃശ്യങ്ങളില്‍ കുര്‍ബ്ബാന സ്വീകരിക്കുക എന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ പുരോഹിതന്‍ മാത്രം ഇരുസാദൃശ്യങ്ങളിലും, വിശ്വാസികള്‍ തിരുശ്ശരീരം മാത്രവും ഉള്‍ക്കൊള്ളുന്ന പതിവുമുണ്ടായി. ഈ രണ്ടാമത്തെ രീതി നിയമാനുസൃതമാണ്. കാരണം, ഓരോ സാദൃശ്യത്തിലും മുഴുവനായും കര്‍ത്താവ് സന്നിഹിതനാവുന്നുണ്ട്.
വൈക്ലിഫ്, ഹ്യൂസ് എന്നിവരുടെ അബദ്ധ സിദ്ധാന്തങ്ങളെ അപലപിക്കുന്നതിന് മാര്‍ട്ടിന്‍ അഞ്ചാമന്‍ പാപ്പ പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ (ആഡഘഘ കചഠഋഞ ഇഡചഇഠഅട 1418) പരി. കുര്‍ബ്ബാനയുടെ ദൈവശാസ്ത്രത്തെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. പ്രധാനമന്ത്രി പരിശുദ്ധ കുര്‍ബ്ബാനയില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്ത തുടരുന്നുണ്ടെന്ന അബദ്ധ പഠനത്തെ തിരുത്തുകയും കൂദാശയിലുള്ള യേശു സാന്നിധ്യം വെറും പ്രതീകാത്മകമല്ലെന്നും, മറിച്ച് യഥാര്‍ത്ഥത്തിലുള്ളതാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ഫ്ളോറന്‍സ് കൗണ്‍സില്‍ ചര്‍ച്ചചെയ്ത രണ്ടു പ്രധാനപ്പെട്ട കാര്യങ്ങള്‍ ഗ്രീക്കുകാര്‍ക്കും അര്‍മേനിയക്കാര്‍ക്കും (1439) വേണ്ടിയുള്ള രണ്ടു ഡിക്രികളാണ്. ഇരുകൂട്ടരെയും റോമുമായി ഐക്യത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇവയ്ക്കുണ്ടായിരുന്നത്. ഗ്രീക്കുകാരുമായുള്ള ചര്‍ച്ചകളുടെ വെളിച്ചത്തില്‍, പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങള്‍ക്കനുസൃതമായി വി. കുര്‍ബ്ബാനയ്ക്ക് പുളിപ്പില്ലാത്തതോ പുളിപ്പുള്ളതോ ആയ അപ്പം ഉപയോഗിക്കാമെന്ന ധാരണയിലെത്തി. അര്‍മേനിയക്കാര്‍ക്കുള്ള ഡിക്രിയില്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ കര്‍മ്മരൂപം സ്ഥാപനവാക്യങ്ങളാണ് എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു.
2) തെന്ത്രോസ് ജനറല്‍ കൗണ്‍സില്‍
സഭയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1545 നും 1563 നും ഇടയ്ക്ക് പല ഘട്ടങ്ങളിലും സമ്മേളനങ്ങളിലുമായി നടന്ന തെന്ത്രോസ് കൗണ്‍സില്‍. പ്രസ്തുത കൗണ്‍സിലിലെ വിവിധ സമ്മേളനങ്ങളില്‍ വി. കുര്‍ബ്ബാനയെ സംബന്ധിച്ചു നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും ഇവിടെ പ്രസക്തമാണ്.
പരി. കുര്‍ബ്ബാനയെക്കുറിച്ച് വ്യക്തവും വിശദവുമായ വിശകലനം തെന്ത്രോസ് കൗണ്‍സില്‍ നല്‍കുകയുണ്ടായി. നവീകരണപ്രസ്ഥാനം ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കെതിരെ ഉറച്ച പ്രഖ്യാപനങ്ങള്‍ കൗണ്‍സില്‍ നടത്തുകയുണ്ടായി. പരി. കുര്‍ബ്ബാനയിലുള്ള യേശുവിന്‍റെ സാന്നിധ്യത്തെക്കുറിച്ചും കുര്‍ബ്ബാനയെന്ന ബലിയെക്കുറിച്ചും ആധികാരികമായി കൗണ്‍സില്‍ പഠിപ്പിച്ചു. കുര്‍ബ്ബാനയെക്കുറിച്ചുള്ള ചര്‍ച്ച 1547 ല്‍ ആരംഭിച്ചെങ്കിലും ആദ്യ ഡിക്രി പ്രസിദ്ധപ്പെടുത്തിയത് 1551 ലെ 13-ാം സമ്മേളനത്തിലാണ്. എട്ട് അദ്ധ്യായങ്ങളും പതിനൊന്ന് കാനോനകളും അടങ്ങുന്ന ഈ ഡിക്രി താഴെ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാക്കിയത്.
1552 - ല്‍ പിരിഞ്ഞ കൗണ്‍സില്‍ പിന്നീട് 1562 -ല്‍ പീയൂസ് നാലാമന്‍ മാര്‍പാപ്പയുടെ കാലത്താണ് സമ്മേളിച്ചത്. കൗണ്‍സിലിന്‍റെ 21-ാം സമ്മേളനം അല്മായര്‍, കാസയില്‍നിന്ന് തിരുരക്തം ഉള്‍ക്കൊള്ളുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനമുണ്ടാക്കി. നവീകരണപ്രസ്ഥാനക്കാരായ ഹ്യൂസ്യും അനുയായികളും അല്മായര്‍ക്ക് തിരുരക്തം ഉള്‍ക്കൊള്ളുന്നതിനു അവകാശമുണ്ടെന്നു വാദിച്ചു. നാല് അദ്ധ്യായങ്ങളും നാല് കാനോനകളുമുള്ള ഈ ഡിക്രി താഴെ വരുന്ന കാര്യങ്ങള്‍ ഊന്നിപ്പറയുന്നു:
നവീകരണ പ്രസ്ഥാനക്കാര്‍ കുര്‍ബ്ബാനയെ ഒരു ബലിയായി അംഗീകരിക്കാന്‍ തയ്യാറായില്ല. അതിനെതിരെ ബലിയുടെ പ്രാധാന്യത്തെപ്പറ്റി കൗണ്‍സില്‍ ഡിക്രി ഊന്നിപ്പറയുന്നു. കുര്‍ബ്ബാന ഒരു ബലിയാണെന്നും അതിന് കുരിശിലെ ബലിയോടുള്ള ബന്ധം എന്താണെന്നും വി. ഗ്രന്ഥത്തെ അധികരിച്ച് കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഈ ഡിക്രിയില്‍ ഒന്‍പത് അദ്ധ്യായങ്ങളും ഒന്‍പത് കാനോനകളും ഉണ്ട്. പ്രധാനപ്പെട്ട വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു:
3). പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ തിരുവെഴുത്തുകള്‍
പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പായുടെ ഈ തിരുവെഴുത്തില്‍ പരി. കുര്‍ബ്ബാനയ്ക്ക് ഭൗതികശരീരമായ സഭയോടുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. പരി. കുര്‍ബ്ബാനയില്‍ കര്‍ത്താവ് സഭയെ തന്‍റെ ബലിയുമായി ബന്ധപ്പെടുത്തുന്നു. വൈദികന്‍ ക്രിസ്തുവിനെയും അവിടുത്തെ ഭൗതിക ശരീരത്തെയും പ്രതിനിധീകരിച്ച് ബലിയര്‍പ്പിക്കുന്നു. വിശ്വാസികള്‍ പുരോഹിതനിലൂടെ ബലിയര്‍പ്പിക്കുകയും യേശുവിന്‍റെ ശരീരരക്തങ്ങളില്‍ പങ്കുകൊണ്ട് ഭൗതിക ശരീരത്തിലെ അംഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രിസ്തുവിന്‍റെ ജീവന്‍ സ്വീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ബലിയിലൂടെ അവിടുന്ന് നമ്മെത്തന്നെയും നമ്മെ ദൈവവുമായും പരസ്പരം ബന്ധിപ്പിക്കുന്നു. ഇവിടെ പുരോഹിതന്‍ രക്ഷകനെയും സഭയെയും അതിലെ ഓരോ വ്യക്തിയെയും പ്രതിനിധാനം ചെയ്യുന്നു. വിശ്വാസികള്‍ പ്രാര്‍ത്ഥനയിലൂടെയും വിനീതമായ അഭ്യര്‍ത്ഥനയിലൂടെയും ഈ ബലിയില്‍ പങ്കുചേരുന്നു. പുരോഹിതനിലൂടെ സഭയിലെ അംഗങ്ങള്‍ തങ്ങളെത്തന്നെ ദൈവത്തിനു പ്രീതികരമായ ബലിയായര്‍പ്പിക്കുകയും അവര്‍ സഭയിലെ ആവശ്യങ്ങള്‍ക്കുവേണ്ടി യാചിക്കുകയും ചെയ്യുന്നു.
സഭയുടെ ആരാധനക്രമ ജീവിതത്തില്‍ കേന്ദ്രസ്ഥാനം വി. കുര്‍ബ്ബാനയ്ക്കാണെന്ന കാര്യം എടുത്തുകാണിക്കുന്ന ഒരു ചാക്രിക ലേഖനമാണിത്. വി. കുര്‍ബ്ബാന ക്രൈസ്തവമതത്തിന്‍റെ പരമകാഷ്ഠയാണ്. ഈ സിദ്ധാന്തം ഒരു പരിധിവരെ തെന്ത്രോസ് കൗണ്‍സിലിനെ അധികരിച്ചതാണ്. അതോടൊപ്പം ഇതില്‍ ആധുനിക ദൈവശാസ്ത്രചിന്തകളും പ്രതിഫലിക്കുന്നുണ്ട്. സ്വയം ബലിവസ്തുവായി തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് ശരീരവും രക്തവുമാകുന്ന ഈ സാദൃശ്യങ്ങള്‍ വഴി കര്‍ത്താവ് അള്‍ത്താരയില്‍ സന്നിഹിതനാകുന്നു. സത്താഭേദത്തിലൂടെ അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ ശരീരരക്തങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അവിടെ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥമായ സാന്നിധ്യം പ്രകടമാകുന്നു.
എല്ലാ കുര്‍ബ്ബാനയ്ക്കും, തനിയെ അര്‍പ്പിക്കുന്ന ബലിയായാല്‍പ്പോലും പൊതുവും സാമൂഹികവുമായ സ്വഭാവമുണ്ട്. കാരണം ഇതു സഭയുടെ ബലിയാണ്. പുരോഹിതന്‍ ക്രിസ്തുവിന്‍റെയും വിശ്വാസികളുടെയും നാമത്തിലാണ് ബലി അര്‍പ്പിക്കുന്നത്. വിശുദ്ധ കത്തോലിക്കാ സഭയ്ക്കുവേണ്ടി, ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി അദ്ദേഹം അത് ദൈവത്തിനര്‍പ്പിക്കുന്നു. ബലി അര്‍പ്പിക്കുമ്പോള്‍ വിശ്വാസികള്‍ സന്നിഹിതരാണെങ്കിലും അല്ലെങ്കിലും ബലി വാസ്തവമാണ്.
കുര്‍ബ്ബാന സ്വീകരണം ബലിയുടെ പൂര്‍ണ്ണതയ്ക്ക് ആവശ്യമാണ്. പുരോഹിതന്‍ കുര്‍ബ്ബാന സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണ്. വിശ്വാസികള്‍ അപ്രകാരം ചെയ്യുന്നത് വളരെ അഭികാമ്യമാണ്.
ഒരു വസ്തുവിന്‍റെ സത്തയെക്കുറിച്ചുള്ള ആധുനിക ശാസ്ത്രീയ കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തില്‍ സത്താമാറ്റത്തെക്കുറിച്ച് ചില ദൈവശാസ്ത്രജ്ഞന്‍മാരുടെയിടയില്‍ വ്യത്യസ്ത ചിന്താഗതികളുണ്ടായി. സത്താഭേദത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ നിലപാട് കൂടുതല്‍ തത്ത്വശാസ്ത്രപരമാണെന്നും അത് സത്തയെക്കുറിച്ചുള്ള ഭൗതികശാസ്ത്രത്തിന്‍റെ ആധുനിക കാഴ്ചപ്പാടിനോട് ഒത്തുപോകാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും അവര്‍ വാദിച്ചു. ഈ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥസാന്നിധ്യം കേവലം പ്രതീകാത്മകമായ ഒന്നായിക്കാണുവാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. സഭയുടെ വിശ്വാസ സത്യത്തെ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാത്ത ഈ വാദഗതിയെ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ഹുമാനി ജേനരിസ് എന്ന ചാക്രികലേഖനത്തിലൂടെ അപലപിക്കുന്നു.
4) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍
ത്രെന്തോസ് സൂനഹദോസ് കുര്‍ബ്ബാനയെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ആശയങ്ങളാണ് ആവിഷ്കരിച്ചത്. പക്ഷേ, നവീകരണപ്രസ്ഥാനത്തിന്‍റെ അതിപ്രസരവും സമ്മേളനങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങളുടെ ഇടവേളയും മൂലം കുര്‍ബ്ബാനയെക്കുറിച്ച് പൂര്‍ണ്ണമായൊരു കാഴ്ചപ്പാടു നല്‍കാന്‍ കൗണ്‍സിലിനു കഴിയാതെപോയി. ഈ പോരായ്മ പരിഹരിച്ചുകൊണ്ട് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍, അജപാലനപരമായ വീക്ഷണത്തിലൂടെ കൂടുതല്‍ പൂര്‍ണ്ണവും സന്തുലിതവുമായ ദൈവശാസ്ത്രവിശകലനമാണ് പരി.കുര്‍ബ്ബാനയെക്കുറിച്ച് നടത്തുന്നത്. ദിവ്യബലിയെക്കുറിച്ചുള്ള കൗണ്‍സിലിന്‍റെ പ്രധാന പ്രമാണരേഖകള്‍ താഴെപ്പറയുന്നവയാണ്:
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പരി. കുര്‍ബ്ബാനയെ സംബന്ധിച്ച ദൈവശാസ്ത്രത്തിന് മൂന്ന് സവിശേഷതകളാണുള്ളത്.
ആരാധനാക്രമം എന്ന പ്രമാണരേഖ വി. കുര്‍ബ്ബാനയുടെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കുര്‍ബ്ബാന ഒരു ബലിയാണെന്നും ഒപ്പം ഒരു വിരുന്നാണെന്നുമുള്ള സഭയുടെ കഴിഞ്ഞകാല പഠനം കൗണ്‍സില്‍ ആവര്‍ത്തിക്കുന്നു (ആരാധനാക്രമം 47).
അതുപോലെതന്നെ പ്രസ്തുത കൂദാശ ക്രിസ്തുവിന്‍റെ മരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും ഓര്‍മ്മയാചരണമാണ്. വി. കുര്‍ബ്ബാനയിലൂടെ ക്രിസ്തുവിന്‍റെ ബലി ഇന്ന് സഭയ്ക്കു നല്‍കപ്പെടുന്നു. അവിടുന്ന് വി. കുര്‍ബ്ബാന സ്ഥാപിച്ചത് കുരിശിലെ ഈ ബലി നൂറ്റാണ്ടുകളിലൂടെ ലോകത്തിന് നല്‍കുവാന്‍ വേണ്ടിയാണ്. അതിനായി അവിടുത്തെ മരണത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും ബലിയര്‍പ്പിക്കാന്‍ സഭയോടാഹ്വാനം ചെയ്യുകയും ചെയ്തു (ആരാധനാക്രമം 47, തിരുസഭ 3,7,26; വൈദികപരിശീലനം 2,5-13).
കുര്‍ബ്ബാനയില്‍ വിശ്വാസികളുടെ ബലിയില്‍ സഭയുടെ ശിരസായ യേശുവിനോട് യോജിപ്പിക്കപ്പെടുകയും അങ്ങനെ യേശു തന്നെത്തന്നെ എന്നന്നേക്കുമായി അര്‍പ്പിച്ച ബലി പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ പ്രതിപുരുഷന്‍മാരായി അവിടുത്തെ രഹസ്യം ഉദ്ഘോഷിച്ചുകൊണ്ട് ശിരസായ ക്രിസ്തുവിന്‍റെ ബലിയോട് വിശ്വാസികളുടെ കാഴ്ചയും സംയോജിപ്പിക്കുന്നവരാണവര്‍ (പുരോഹിതര്‍). നിഷ്കളങ്ക ഹോമവസ്തുവായി സ്വപിതാവിന് ഒരിക്കല്‍മാത്രം സ്വയം അര്‍പ്പിച്ച ക്രിസ്തുവിന്‍റെ യാഗം എന്ന പുതിയ ഉടമ്പടിയിലെ ഏകബലി കര്‍ത്താവിന്‍റെ ആഗമനംവരെ അവര്‍ കുര്‍ബ്ബാനയില്‍ പുനരവതരിപ്പിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു (തിരുസഭ 28).
വിശ്വാസികള്‍ പുരോഹിതന്‍റെ കരങ്ങളിലൂടെ ബലിയര്‍പ്പിക്കുക മാത്രമല്ല, മറിച്ച് അദ്ദേഹത്തോടൊപ്പം ബലിയര്‍പ്പിക്കുകയാണ് (ആരാധനാക്രമം 48). അതുകൊണ്ടാണ് പുരോഹിതന്‍ തനിച്ചു ബലിയര്‍പ്പിച്ചാലും അത് സഭയുടെ ഒരു കര്‍മ്മമായി മാറുന്നത് (വൈദികപരിശീലനം 13; തിരുസഭ 6; ആരാധനാക്രമം 26). വിശ്വാസികളുടെ സമൂഹം വി. കുര്‍ബ്ബാനയില്‍ സജീവമായി പങ്കെടുക്കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു (തിരുസഭ 48).
ക്രിസ്തുവിന്‍റെ വിവിധ തരത്തിലുള്ള സാന്നിധ്യം ആരാധനാക്രമത്തില്‍ വിവക്ഷിക്കുന്നുണ്ട്: എന്നാല്‍ വി. കുര്‍ബ്ബാനയില്‍ യേശുവിന്‍റെ സാന്നിധ്യം പ്രത്യേകമായ വിധത്തിലാണ് (ആരാധനാക്രമം 7).
പരി. കുര്‍ബ്ബാന, ബലിവസ്തു പങ്കുവയ്ക്കപ്പെടുന്ന ഒരു വിശുദ്ധ വിരുന്നാണ് കൂദാശ സ്വീകരണത്തിലൂടെ വിശ്വാസികള്‍ കൂടുതല്‍ സജീവമായി കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നു (ആരാധനാക്രമം 55). അതുകൊണ്ടാണ് കുര്‍ബ്ബാന സ്വീകരണം ശക്തമായി ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. കുര്‍ബ്ബാന ഐക്യത്തിന്‍റെ കൂദാശയായി കൗണ്‍സില്‍ എടുത്തുകാട്ടുന്നു (തിരുസഭ 11,26; സഭൈക്യം 2; വൈദികപരിശീലനം 6). വി. കുര്‍ബ്ബാനയിലൂടെ സാദ്ധ്യമാകുന്ന ഐക്യത്തിന് രണ്ടുവശങ്ങളുണ്ട്. സഭാത്മകവും ക്രിസ്തു വിജ്ഞാനീയപരവും - ദിവ്യബലി വിശ്വാസികളെ തമ്മില്‍ത്തമ്മില്‍ അടുപ്പിക്കുകയും അവരെ ക്രിസ്തുവിലൂടെ ദൈവവുമായി യോജിപ്പിക്കുകയും ചെയ്യുന്നു (തിരുസഭ 7; ആരാധനാക്രമം 48). വി. ബലിയര്‍പ്പണത്തിലൂടെ യേശുവിന്‍റെ രക്തത്താല്‍ മുദ്രിതമായ ദൈവവും മനുഷ്യനും തമ്മിലുള്ള ഉടമ്പടി നവീകരിക്കപ്പെടുകയാണ് (ആരാധനാക്രമം 10). ഈ കൂദാശ ക്രിസ്തുസംഭവം അനുസ്മരിപ്പിക്കുകയും യുഗാന്ത്യരക്ഷയെ ലക്ഷ്യംവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ദിവ്യവിരുന്നിന് ത്രിവിധമാനങ്ങളുണ്ട്. 1. പെസഹാ രഹസ്യത്തിന്‍റെ അനുസ്മരണം; 2. കൃപയുടെ ഉറവിടം; 3. മഹത്ത്വത്തിന്‍റെ വാഗ്ദാനം (ആരാധനാക്രമം 47).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രധാന നേട്ടങ്ങളിലൊന്ന് വി. കുര്‍ബ്ബാനയും സഭയും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിക്കുന്നു എന്നതാണ്. ആരാധനാക്രമം എന്ന പ്രമാണരേഖ തുടക്കം മുതലേ വി. കുര്‍ബ്ബാന സഭയുടെ കൂദാശകളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട് (ആരാധനാക്രമം 2,10; വൈദിക പരിശീലനം 5).
ഒരു വിരുന്നെന്ന നിലയില്‍ പരി. കുര്‍ബ്ബാന സഹോദരകൂട്ടായ്മയുടെ നിദര്‍ശനമാണ് (സഭ ആധുനിക ലോകത്തില്‍ 38). സഭയുടെ ഹൈരാര്‍ക്കിക്കല്‍ സ്വഭാവം ബലിയര്‍പ്പണത്തിലും ദൃശ്യമാണ്. ക്രിസ്തുവിന്‍റെ ജീവന്‍ വിശ്വാസികള്‍ക്കു ലഭ്യമാകുന്നത് മെത്രാനുമായി ബന്ധപ്പെട്ടാണ് (ആരാധനാക്രമം 48; തിരുസഭ 26). അതുകൊണ്ട് മെത്രാന്‍ കാര്‍മ്മികനും വൈദികര്‍ സഹകാര്‍മ്മികരുമായിട്ടുള്ള ദിവ്യബലിയാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് (ആരാധനാക്രമം 41). അതോടൊപ്പം ഓരോ ബലിയര്‍പ്പണവും മൗതികശരീരത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഐക്യത്തെയും സൂചിപ്പിക്കുന്നു (ആരാധനാക്രമം 26; തിരുസഭ 26).
5) പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ തിരുവെഴുത്ത്: മിസ്തേരിയും ഫിദേയി (1965)
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനാക്രമം എന്ന പ്രമാണരേഖ ക്രിസ്തുവിന്‍റെ വിവിധതരത്തിലുള്ള സാന്നിധ്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. മിസ്തേരിയും ഫിദേയി എന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ തിരുവെഴുത്ത് യേശുവിന്‍റെ ഈ സാന്നിധ്യത്തെ യഥാര്‍ത്ഥങ്ങളായി കാണുന്നു. എന്നാല്‍ വി. കുര്‍ബ്ബാനയിലുള്ള ക്രിസ്തുവിന്‍റെ സാന്നിധ്യം പരിപൂര്‍ണ്ണമായ യഥാര്‍ത്ഥ സാന്നിധ്യമാണ് ചില ആധുനിക ദൈവശാസ്ത്രജ്ഞന്മാരുടെ ആശയങ്ങളായ അതീതാര്‍ത്ഥം അതീതോദ്ദേശ്യം എന്നിവ കുര്‍ബ്ബാനയുടെ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കാന്‍ പോരുന്നവയല്ലെന്നും, അതിനാല്‍ സത്താഭേദം എന്ന പ്രയോഗം തുടര്‍ന്നും ഉപയോഗിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു.
6) "എവുക്കരിസ്തിക്കും മിസ്തേരിയും" (ആരാധനാക്രമത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്‍റെ നിര്‍ദ്ദേശം - (1967)
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനാക്രമത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദ്ദേശം നല്കപ്പെട്ടത്. കുര്‍ബ്ബാനയെന്ന കൂദാശയുടെ വിവിധ വശങ്ങളെപ്പറ്റി, പ്രത്യേകിച്ച് വിരുന്നും ബലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം കുര്‍ബ്ബാനയും തിരുസഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. തുടര്‍ന്ന് വിശ്വാസികളുടെ സജീവ ഭാഗഭാഗിത്വത്തെക്കുറിച്ച് വിശകലനം നടത്തുന്നു. ക്രിസ്തുവിന്‍റെ വിവിധ സാന്നിധ്യങ്ങളെക്കുറിച്ചും പ്രത്യേകമായി വി. കുര്‍ബ്ബാനയിലെ സാന്നിദ്ധ്യത്തെക്കുറിച്ചും എടുത്തു പറയുന്നു. അതുപോലെതന്നെ ഇരുസാദൃശ്യങ്ങളിലും ഉള്ള കുര്‍ബ്ബാനസ്വീകരണം; പരി. കുര്‍ബ്ബാനയോടുള്ള ഭക്താനുഷ്ഠാനങ്ങള്‍ക്ക് ദിവ്യബലിയോട് ഉണ്ടായിരിക്കേണ്ട അഭേദ്യബന്ധം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നു.
7) ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദൊമിനിക്കെ ചേനെ (സഭയിലെ മെത്രാന്‍മാര്‍ക്കുള്ള കത്ത് - 1980)
1980 - ലെ പെസഹാ വ്യാഴാഴ്ച മെത്രാന്‍മാരെയും വൈദികരെയും അഭിസംബോധന ചെയ്തുകൊണ്ട് പരി. കുര്‍ബ്ബാനയെക്കുറിച്ചുള്ള ഒരു കത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ചു. ദിവ്യബലിയെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ വിശ്വാസ സത്യങ്ങള്‍, പ്രത്യേകിച്ച് പരി. കുര്‍ബ്ബാന ഐക്യത്തിന്‍റെ പ്രതീകമാണെന്ന വസ്തുത മാര്‍പാപ്പ എടുത്തുകാട്ടി. അതോടൊപ്പം കൂദാശയുടെ സാമൂഹികവശത്തെക്കുറിച്ചും പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. നാം ലോകത്തിലുള്ള മനുഷ്യരുടെ ദു:ഖദുരിതങ്ങളെക്കുറിച്ചും ചെയ്യുന്ന തെറ്റുകളെക്കുറിച്ചും അനീതികളെക്കുറിച്ചും ബോധവാന്‍മാരാകുകയും അവ ഫലപ്രദമായ വിധത്തില്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ കണ്ടുപിടിക്കേണ്ടതുമാണ്. പരി. കുര്‍ബ്ബാന നമ്മെ സഹോദര സ്നേഹത്തിലേക്ക്, സകല മനുഷ്യരോടുമുള്ള സ്നേഹത്തിലേക്കു നയിക്കുന്നു.
ഉപസംഹാരം
തിരുവത്താഴവേളയില്‍, വി. കുര്‍ബ്ബാന സ്ഥാപനത്തിനുശേഷം, തന്‍റെ ഓര്‍മ്മയ്ക്കായി തുടരാന്‍ യേശു നല്‍കിയ കല്പന ഇന്നും അള്‍ത്താരകളില്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ ആചരിക്കപ്പെട്ടു പോരുന്നു. വളരെ ലളിതമായി ആരംഭിച്ച ഈ അനുഷ്ഠാനം കാലക്രമേണ വിവിധരൂപങ്ങള്‍ പ്രാപിച്ചു: ഒപ്പം വിവിധ വ്യാഖ്യാനങ്ങള്‍ക്കും വിധേയമായി. ആദ്യകാല ദൈവശാസ്ത്ര ചര്‍ച്ചകളെ അപേക്ഷിച്ച്, ആഹ്ലാദകരമായ ചില വൃതിയാനങ്ങള്‍ ആധുനിക സമീപനങ്ങളില്‍ കാണാവുന്നതാണ്. ദൈവശാസ്ത്രത്തിലെ ചില പദങ്ങളിലും ആശയങ്ങളിലും ഊന്നിനിന്നുകൊണ്ടുള്ള വ്യാഖ്യാനരീതികളിലാണ് ആദ്യമൊക്കെ ശ്രദ്ധിച്ചിരുന്നത്. ദൈവികകാര്യങ്ങളെ ബുദ്ധിയുടെ തലത്തില്‍ ഒതുക്കാനുള്ള ഒരു ശ്രമം ഒളിഞ്ഞും തെളിഞ്ഞും ആ ചര്‍ച്ചകളില്‍ നിഴലിക്കുന്നുണ്ട്. എന്നാല്‍, ആധുനിക സമീപനങ്ങള്‍ വി. കുര്‍ബ്ബാനയുടെ സ്ഥാപനോദ്ദേശ്യത്തെ വെളിപ്പെടുത്താന്‍ കൂടുതല്‍ സഹായകങ്ങളാണ്. വി. കുര്‍ബ്ബാന ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും കൂദാശയാണ് (ആരാധനാക്രമം 47). "ദൊമിനിക്കെ ചേനെ" എന്ന കത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയതുപോലെ, വി. കുര്‍ബ്ബാന നമ്മെ സകല മനുഷ്യരോടുമുള്ള സ്നേഹത്തിലേക്കു നയിക്കുന്നു. ചുരുക്കത്തില്‍, ഈ ലോകജീവിതത്തില്‍ ക്രൈസ്തവസാക്ഷ്യത്തിനുള്ള അടിസ്ഥാന പ്രചോദനം വി. കുര്‍ബ്ബാനയില്‍ നിന്നാണ് ലഭിക്കുന്നത്.
ഡോ. ജേക്കബ് നങ്ങേലിമാലില്‍
Dr. Jacob Nangelimalil eucharist holy eucharist historical review history of holy eucharist mananthavady diocese catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206