We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Manual Ribeiro On 02-Feb-2021
ആമുഖം
വി. കുര്‍ബ്ബാനയെ വെറുമൊരു കൂദാശയോ ഏഴു കൂദാശകളില്‍ ഒന്നായി മാത്രമോ അല്ല, പ്രത്യുത കൂദാശകളുടെ കൂദാശയായിട്ടാണ് സഭ കരുതുന്നത്. ഈ നിലയില്‍ വി. കുര്‍ബ്ബാനയ്ക്ക് പ്രഥമവും പ്രധാനവുമായൊരു സ്ഥാനം മറ്റു കൂദാശകളുടെ ഇടയില്‍ ഉണ്ട്. ക്രൈസ്തവകൂദാശകളുടെ കേന്ദ്രമായ ഈ കൂദാശയിലേക്കാണ് മറ്റെല്ലാ കൂദാശകളും നയിക്കപ്പെടുന്നത്. ഈ കൂദാശയില്‍ അന്തര്‍ലീനമായിരിക്കുന്ന ദൈവിക രഹസ്യങ്ങളെയും ഈ കൂദാശയുടെ ദൈവശാസ്ത്രവീക്ഷണങ്ങളെയും പലവിധത്തില്‍ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാമെങ്കിലും വി. കുര്‍ബ്ബാനയുടെ കൗദാശികത മാത്രമാണ് ഈ ലേഖനത്തില്‍ പ്രതിപാദനവിഷയമാക്കുന്നത്.
കുര്‍ബ്ബാന എന്ന കൂദാശ
മലയാളത്തില്‍ ഇന്നു സാധാരണയായി ഉപയോഗിച്ചു വരുന്ന കൂദാശ എന്ന വാക്ക് സുറിയാനി- ഹെബ്രായ ഭാഷകളില്‍നിന്നും ഉത്ഭവിച്ചിട്ടുള്ളതാണ്. ഹെബ്രായ പദത്തിന് വെടിപ്പാക്കുക , നിയമിക്കുക , പ്രതിഷ്ഠിക്കുക , സമര്‍പ്പിക്കുക , വിശുദ്ധീകരിക്കുക , ശുദ്ധീകരിക്കുക എന്നീ അര്‍ത്ഥങ്ങള്‍ ഉണ്ട്. കാദേശ എന്ന സുറിയാനി പദത്തിനും മേലുദ്ധരിച്ച അര്‍ത്ഥങ്ങള്‍ തന്നെയാണുള്ളത്. കൂടാതെ, വേര്‍തിരിക്കുക, വേര്‍തിരിച്ചു സമര്‍പ്പിക്കുക എന്നീ അര്‍ത്ഥങ്ങളിലും ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്. ഗ്രീക്കുഭാഷയില്‍ മിസ്റ്റേരിയോണ്‍ എന്ന വാക്കാണ് പൗരസ്ത്യസഭകള്‍ കൂദാശകളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. നിഗൂഢം, രഹസ്യം, ഗോപ്യം എന്നൊക്കെയാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ലത്തീന്‍ ഭാഷയിലേക്ക് കടന്നാല്‍ സാക്രമെന്തും എന്ന ക്രിയാപദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സാക്രമെന്തും എന്ന നാമവിശേഷണരൂപം. സമര്‍പ്പിക്കുക, പ്രതിഷ്ഠിക്കുക, വിശുദ്ധീകരിക്കുക, മതപരമായി മാറ്റിവയ്ക്കുക എന്നിങ്ങനെയാണ് സാക്രാരെ എന്ന പദത്തിനര്‍ത്ഥം. സമര്‍പ്പിക്കുകയോ പ്രതിഷ്ഠിക്കുകയോ വിശുദ്ധീകരിക്കുകയോ മതപരമായി മാറ്റിവയ്ക്കുകയോ ചെയ്തതിന്‍റെ ഫലമാണ് സാക്രമെന്തും എന്നു മനസ്സിലാക്കാം. വി. ഗ്രന്ഥത്തിന്‍റെ ലത്തീന്‍ വിവര്‍ത്തനങ്ങളില്‍ ഈ ലത്തീന്‍ പദമാണ് മിസ്റ്റേരിയോണ്‍ എന്ന ഗ്രീക്കുപദത്തിന്‍റെ പരിഭാഷയായി ഉപയോഗിച്ചിരിക്കുന്നത്. ആദിമക്രൈസ്തവ സഭയില്‍ സഭയുടെ അനുഷ്ഠാനപരമായ ചടങ്ങുകളെ സൂചിപ്പിക്കുന്നതിന് ഈ രണ്ടുപദങ്ങളും ഒരേ അര്‍ത്ഥത്തില്‍ വിവേചനമില്ലാതെ ഉപയോഗിച്ചിരുന്നുവെന്നും, തെര്‍ത്തുല്യനാണ് ആദ്യമായി സാക്രമെന്തും എന്ന പദം ദൈവശാസ്ത്രവീക്ഷണത്തോടെ സഭയിലെ ചില അനുഷ്ഠാനങ്ങള്‍ക്കും പ്രത്യേകിച്ചു ജ്ഞാനസ്നാനം, വി. കുര്‍ബ്ബാന എന്നിവയെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചതെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ലത്തീന്‍ പദത്തിന്‍റെ പരിഭാഷയാണ് സാക്രമെന്‍റ് എന്ന ഇംഗ്ലീഷ് വാക്ക്.
ഈ പദങ്ങളുടെ വിശുദ്ധഗ്രന്ഥ - ചരിത്ര - ദൈവശാസ്ത്ര പശ്ചാത്തലങ്ങളിലേക്ക് കടക്കാതെ, മൂലാര്‍ത്ഥങ്ങള്‍ വച്ചുനോക്കുമ്പോള്‍, കൂദാശയെന്നത് മതപരമായ ചില അനുഷ്ഠാനങ്ങളിലൂടെ വിശുദ്ധീകരിച്ച് വേര്‍തിരിക്കുകയോ പ്രതിഷ്ഠിക്കുകയോ ചെയ്തിരിക്കുന്നതിനെയാണ്. അല്ലെങ്കില്‍, മറഞ്ഞിരിക്കുന്നവ (രഹസ്യമോ നിഗൂഢമോ) വെളിപ്പെടുത്തുന്നതിനെയാണ്. ഈ നിലയില്‍ വി. കുര്‍ബ്ബാന ഒരു കൂദാശയാണെന്നു പറയുമ്പോള്‍ എന്താണ് നാം അര്‍ത്ഥമാക്കേണ്ടത് ? അപ്പവും വീഞ്ഞും സഭയുടെ വിശുദ്ധകര്‍മ്മങ്ങളിലൂടെ ശുദ്ധീകരിച്ച്, വിശുദ്ധീകരിച്ച്, വേര്‍തിരിച്ച് സമര്‍പ്പിക്കുയോ പ്രതിഷ്ഠിക്കുകയോ ചെയ്യപ്പെടുമ്പോള്‍, ഈ പ്രതീകങ്ങളിലൂടെ നിഗൂഢമായിരിക്കുന്ന ഒരു ദൈവികരഹസ്യം നമുക്ക് വെളിപ്പെടുത്തപ്പെടുന്നു. കൗദാശിക വചനപ്രവൃത്തികളിലൂടെ അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായി മാറ്റപ്പെടുമ്പോള്‍ അവയിലൂടെ ഒരു വിശ്വാസി യേശുക്രിസ്തുവിനെത്തന്നെയാണ് ദര്‍ശിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, അപ്പത്തിന്‍റെയും, വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ യേശുക്രിസ്തുവിനെ നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബ്ബാന. മറ്റേതൊരു കൂദാശയെയും പോലെ ഈ കൂദാശയുടെ കൗദാശികത്വവും ഇന്ന് ദൈവശാസ്ത്രജ്ഞന്‍മാര്‍ നിരവധി തരത്തില്‍ വീക്ഷിക്കുന്നുണ്ട്. വി. കുര്‍ബ്ബാനയുടെ കൗദാശികത്വവും ഇന്ന് നിലവിലുള്ള പഠനങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍.
ബലിയുടെ കൂദാശ
സുറിയാനിഭാഷയോട് കടപ്പെട്ടിരിക്കുന്ന കുര്‍ബ്ബാന എന്ന പദവും മലയാളത്തില്‍ പ്രയോഗത്തിലിരിക്കുന്ന ദിവ്യബലി, ദിവ്യപൂജ എന്നീ വാക്കുകളും വി. കുര്‍ബ്ബാന ഒരു ബലി തന്നെയാണ് എന്ന സൂചനയാണ് നമുക്കു നല്കുന്നത്. അനുഷ്ഠാനനിഷ്ഠയോ നൈയാമികമോ ആയ ഒരു ബലിയായിട്ടല്ല ഈ കൂദാശയെ പുതിയനിയമത്തില്‍ പ്രതിപാദിക്കുന്നത്. എന്നിരുന്നാലും, വി. കുര്‍ബ്ബാനയുടെ സ്ഥാപനവിവരണങ്ങളില്‍ (മത്താ 26,26-29; മര്‍ക്കോ 14, 22-25; ലൂക്കാ 22,15-20; 1 കോറി 11,23-25) ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ ഇതൊരു ബലിയാണെന്ന ധ്വനി നല്കുന്നുണ്ട്. അന്ത്യഅത്താഴ സമയത്ത് യേശുതന്നെ തന്‍റെ ശിഷ്യന്മാര്‍ക്കായി വിഭജിച്ചു നല്കിയ അപ്പവും വീഞ്ഞും, പിറ്റേ ദിവസം കുരിശാകുന്ന ബലിപീഠത്തില്‍ മുറിക്കപ്പെടുന്ന തന്‍റെ ശരീരത്തിന്‍റെയും ചിന്തപ്പെടുന്ന തന്‍റെ രക്തത്തിന്‍റെയും പ്രതീകങ്ങളായി അവിടുന്ന് കണ്ടിരുന്നു. അങ്ങനെ അന്ത്യത്താഴം അവിടുത്തെ കാല്‍വരിയിലെ സമ്പൂര്‍ണ്ണ ബലിയുടെ മുന്നോടിയും അള്‍ത്താരയിലെ ബലി അതിന്‍റെ പുനരാവിഷ്കരണവുമായി കരുതാവുന്നതാണ്. അന്ത്യത്താഴത്തിലെയും അള്‍ത്താരയിലെയും ബലികളെ രക്തരഹിതബലികളായിട്ടാണ് പണ്ഡിതന്മാര്‍ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വി. കുര്‍ബ്ബാന പ്രതീകാത്മകവും കൗദാശികവുമായി മാറുന്നു.
മാത്രമല്ല, ലൂക്കായുടെയും പൗലോസിന്‍റെയും വിവരണങ്ങളില്‍ യേശു യഹോവയുടെ സഹിക്കുന്ന ദാസനാണെന്ന ധ്വനി ഉണ്ടെന്ന് ചിലര്‍ വാദിക്കുന്നു. ഈ വിധത്തില്‍ ചിന്തിച്ചാല്‍ യേശുവിന്‍റെ മരണം സകലര്‍ക്കും വേണ്ടിയുള്ള സ്വയം സമര്‍പ്പണത്തിന്‍റെ മരണവും വിശുദ്ധകുര്‍ബ്ബാന ഈ സ്വയം സമര്‍പ്പണത്തിന്‍റെ ബലിയുമായി മാറുന്നു. ബലിയെന്ന നിലയില്‍ വി. കുര്‍ബ്ബാന യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിന്‍റെയും സഭയുടെയും ബലിയാണ്. തന്‍റെ സ്വയം സമര്‍പ്പണം എന്ന നിലയില്‍ വി. കുര്‍ബ്ബാനയിലെ കേന്ദ്രബിന്ദു യേശു തന്നെയാണ്. അതുപോലെ അവിടുത്തെ ഈ സ്വയം സമര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ യേശുതന്നെയാണ് തങ്ങളെ ക്ഷണിച്ചിരിക്കുന്നതെന്ന് അവബോധം സഭയ്ക്കുണ്ട്. മാത്രമല്ല, സഭയനുസ്മരിക്കുന്ന ഈ ബലിയിലൂടെ പ്രവര്‍ത്തിക്കുന്നതും യേശുതന്നെയാണ്. ഇപ്രകാരം വി. കുര്‍ബ്ബാനയെ ബലിയുടെ കൂദാശയായി പരിഗണിക്കുന്നതില്‍ അപാകതയൊന്നുമില്ല.
വിരുന്നിന്‍റെ കൂദാശ
യേശു വി. കുര്‍ബ്ബാന സ്ഥാപിച്ചത് യഹൂദരുടെ പെസഹാത്തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പെസഹാവിരുന്നിനിടയിലാണെന്ന് സമാന്തര സുവിശേഷകര്‍ (മത്താ 26,17; മര്‍ക്കോ 14,12; ലൂക്കാ 22,7) സാക്ഷിക്കുന്നുണ്ട്. ഓരോ വിരുന്നിനും അതാതിന്‍റേതായ പ്രത്യേകതയും ലക്ഷ്യവുമുണ്ട്. വിരുന്നിലൂടെ അതില്‍ പങ്കെടുക്കുന്നവര്‍ തമ്മിലുള്ള സ്നേഹവും സാഹോദര്യവും, ഐക്യവും കൂട്ടായ്മയും ഊഷ്മളമാകുന്നു. വിരുന്നില്‍ പങ്കുവയ്ക്കപ്പെടുന്ന ഭക്ഷണപാനീയങ്ങള്‍ ശാരീരികമായ വളര്‍ച്ചയ്ക്കു മാത്രമല്ല, മാനസികവും ആത്മീയവും സാമൂഹികവും മതപരവുമായ വളര്‍ച്ചയ്ക്കുപകരിക്കുമെന്നതില്‍ സംശയമില്ല. യഹൂദരുടെ പെസഹാവിരുന്നിനെ സംബന്ധിച്ചും ഇക്കാര്യങ്ങള്‍ സ്മര്‍ത്തവ്യമാണ്. മോശയുടെ നേതൃത്വത്തില്‍ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ചെങ്കടലിലൂടെ സ്വാതന്ത്ര്യത്തിന്‍റെ നാടായ കാനാന്‍ ദേശത്തേക്കു നടത്തിയ പ്രയാണവും ഈ യാത്രയിലൂടെ യഹൂദര്‍ക്ക് അനുഭവവേദ്യമായ ദൈവിക സ്നേഹവും സാന്നിദ്ധ്യവും പെസഹാവിരുന്നിലൂടെ അവര്‍ അനുസ്മരിച്ചു പോന്നിരുന്നു (പുറ 12). അങ്ങനെ യഹൂദര്‍, ആണ്ടുതോറുമുള്ള പെസഹാവിരുന്നിലൂടെ തങ്ങളുടെ പൂര്‍വ്വികര്‍ അനുഭവിച്ചറിഞ്ഞ ദൈവത്തിന്‍റെ അത്ഭുത പ്രവൃത്തികള്‍ക്കു നന്ദി പറയുകയും തങ്ങളുടെ കൂട്ടായ്മ ഒന്നുകൂടി ദൃഢമാക്കുകയും ചെയ്തു പോന്നു. യഹൂദരെന്ന നിലയില്‍ യേശുവും ശിഷ്യന്‍മാര്‍ക്കും പെസഹാവിരുന്നിലൂടെ ആചരിക്കുകയും അനുസ്മരിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടിയിരുന്ന യാഥാര്‍ത്ഥ്യവും ഇതുതന്നെയായിരിക്കണം. എന്നാല്‍, സുവിശേഷകന്‍മാരുടെ വിവരണത്തില്‍ അലയടിക്കുന്നത് മറ്റേതോ വിമോചനത്തിന്‍റെയും പ്രയാണത്തിന്‍റെയും ശ്രുതികളാണ്.
തന്‍റെ ശിഷ്യന്‍മാരോടുകൂടെ ഈ പെസഹാവിരുന്നില്‍ പങ്കെടുക്കുവാന്‍ യേശു വളരെയധികം ആഗ്രഹിച്ചിരുന്നു. കാരണം, ഈ ലോകത്തില്‍നിന്ന് തന്‍റെ പിതാവിന്‍റെ പക്കലേക്ക് പോകുവാനുള്ള സമയം സമാഗതമായി എന്ന് യേശുവിന് അറിയാമായിരുന്നു. അവിടുത്തെ സംബന്ധിച്ചിടത്തോളം ഈ വിരുന്ന് യേശുവിന്‍റെ അന്ത്യഅത്താഴമെന്ന നിലയില്‍ വേര്‍പാടിന്‍റെ വിരുന്നാണ്, പെസഹാവിരുന്നെന്ന നിലയില്‍ ഒരു കടന്നുപോകലിന്‍റെ വിരുന്നാണ്. ഈ വിരുന്നില്‍ പങ്കുവയ്ക്കപ്പെടുന്ന അപ്പവും വീഞ്ഞും ആസ്വദിക്കുന്ന ശിഷ്യന്‍മാര്‍ അനുസ്മരിക്കേണ്ടിയിരുന്നത് യേശുവിന്‍റെ മരണവും ഉത്ഥാനവും വഴി പാപത്തിന്‍റെ അടിമത്തത്തില്‍നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടുന്നതിന്‍റെ ഓര്‍മ്മയായിരുന്നു. മാത്രമല്ല, ഈ വിരുന്നില്‍ പങ്കെടുക്കുക വഴി യേശുവുമായുള്ള അവരുടെ കൂട്ടായ്മയും സ്നേഹവും ഒന്നുകൂടി ആഴമായിത്തീരുന്നു. പെസഹാവിരുന്നിലും സാധാരണവിരുന്നിലും കാണുന്ന ഈ പ്രതീകാത്മകത വി. കുര്‍ബ്ബാനയിലും ദര്‍ശിക്കേണ്ടതാണ്. പെസഹാവിരുന്നെന്ന നിലയില്‍ വി. കുര്‍ബ്ബാന യേശുവിന്‍റെ കടന്നുപോകലിനെയും ഈ ലോകത്തില്‍നിന്ന് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെയുമാണ് അനുസ്മരിപ്പിക്കുന്നത്. ഈ യാത്രയില്‍ നമുക്കാവശ്യമായ ഓജസ്സും ഉണര്‍വ്വും പാപത്തെയും തിന്മകളെയും അതിജീവിക്കുന്നതിനുള്ള ശക്തിയും വി. കുര്‍ബ്ബാനയില്‍ നിന്നു ലഭിക്കുന്നു. വിരുന്നെന്ന നിലയില്‍ വി. കുര്‍ബ്ബാനയിലുള്ള ഭാഗഭാഗിത്വം നമ്മെ ശാരീരികവും ആത്മീയവും മാനസികവുമായ വളര്‍ച്ചയിലേക്കു നയിക്കുകയും നമുക്ക് യേശുവുമായുള്ള സ്നേഹവും കൂട്ടായ്മയും ഐക്യവും ദൃഢമാക്കുകയും ചെയ്യുന്നു. ഇപ്രകാരം വി. കുര്‍ബ്ബാന വിരുന്നിന്‍റെ കൂദാശയാണെന്നു കാണാം.
ഉടമ്പടിയുടെ കൂദാശ
വി. കുര്‍ബ്ബാനയുടെ നാലു സ്ഥാപനവിവരണങ്ങളിലും ഉടമ്പടിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മത്തായിയുടെയും (26,28) മര്‍ക്കോസിന്‍റെയും (14,24) വിവരണങ്ങളില്‍ പാനപാത്രം അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തമായും, ലൂക്കായുടെയും (22,20) പൗലോസിന്‍റെയും (1 കോറി 11,25) വിവരണങ്ങളില്‍ യേശുവിന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയുമായി സമീകരിച്ചിരിക്കുന്നതായി കാണാം. രണ്ടു വ്യക്തികള്‍ തമ്മില്‍ ഏതെങ്കിലും ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒപ്പുവയ്ക്കുന്ന കരാറിനെ ഉടമ്പടിയായി കരുതാവുന്നതാണ്. പഴയനിയമത്തില്‍ ഇത്തരം പല ഉടമ്പടികള്‍ ഉണ്ട്. ഉദാഹരണത്തിന് നോഹയും ദൈവവുമായും (ഉല്പത്തി 9,1-17), അബ്രാഹവും ദൈവവുമായും (ഉല്പത്തി 15,18), മോശയുടെ നേതൃത്വത്തില്‍ സീനായ് മലയില്‍വച്ച് ഇസ്രായേല്‍ജനവും ദൈവവുമായും (പുറ 19,5) ഏര്‍പ്പെടുന്ന ഉടമ്പടികള്‍ കാണാം. ഏതെങ്കിലും മൃഗത്തെ ബലികഴിച്ചാണ് സാധാരണയായി ഉടമ്പടി ഉറപ്പിച്ചിരുന്നത്. സീനായ് ഉടമ്പടിയില്‍ ഇതു വളരെ സ്പഷ്ടമാണ്. ബലികഴിക്കപ്പെട്ട മൃഗത്തിന്‍റെ കുറച്ചു രക്തമെടുത്ത് മോശ അള്‍ത്താരയില്‍ ഒഴിക്കുകയും കുറച്ച് ജനങ്ങളുടെമേല്‍ തളിക്കുകയും ചെയ്തുകൊണ്ട് ഉടമ്പടി ഉറപ്പിക്കുന്നു (പുറ 24,3-11).
വി. കുര്‍ബ്ബാന ഉടമ്പടിയുടെ കൂദാശയാണെന്ന് പറയുമ്പോള്‍ ഇതുതന്നെയാണ് അര്‍ത്ഥമാക്കേണ്ടത്. ദൈവത്തിന്‍റെ കുഞ്ഞാടായ യേശുവിന്‍റെ രക്തത്തിലൂടെ ദൈവവും മനുഷ്യരുമായി പുതിയൊരു ഉടമ്പടി ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്‍റെ ധ്വനിയാണ് നാമിവിടെ കാണുന്നത്. പാപികളായ നമ്മുടെ പാപമോചനത്തിനായി ചിന്തപ്പെടുന്ന യേശുവിന്‍റെ രക്തത്തിലൂടെ നമുക്ക് പുതിയൊരു ബന്ധം സംജാതമായി. ഇത് നവീനവും സനാതനവും സുദൃഢവുമാണ്. കാരണം, ഇവിടെ മൃഗങ്ങളുടെ രക്തമല്ല, ദൈവപുത്രനായ യേശുവിന്‍റെ തന്നെ അമൂല്യമായ രക്തമാണ് ഉപയോഗിച്ചിരിക്കുന്നത്. വി. കുര്‍ബ്ബാനയിലെ ഈ ഉടമ്പടിയുടെ പ്രതീകാത്മകത അതിനെ ഉടമ്പടിയുടെ കൂദാശ കൂടിയായി കാണുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുന്നവര്‍ യേശുവിലൂടെ ദൈവവുമായുള്ള ഈ ഉടമ്പടി ബന്ധം അനുസ്മരിക്കുകയും പുതുക്കുകയും ചെയ്യുന്നു.
സമര്‍പ്പണത്തിന്‍റെ കൂദാശ
അന്ത്യഅത്താഴ സമയത്ത് യേശുനാഥന്‍ തന്‍റെ കൈകളില്‍ എടുത്ത അപ്പവും വീഞ്ഞും അവിടുത്തെ തന്നെ ജീവിതത്തിന്‍റെ പ്രതീകങ്ങളാണ് , ശരീരവും രക്തവും. പിതാവിന്‍റെ ഹിതം നിര്‍വ്വഹിക്കുന്നതിനുവേണ്ടി പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ സ്വയം സമര്‍പ്പിക്കുന്നു. അവിടുന്ന് കുരിശുമരണത്തോളം കീഴ്വഴങ്ങിക്കൊണ്ട് പിതാവിനോടുള്ള തന്‍റെ അനുസരണയും വിധേയത്വവും പ്രകടമാക്കി. പിതാവിന്‍റെ ഹിതം നിര്‍വ്വഹിക്കുന്നതിനായി അവിടുന്ന് സ്വയം സമര്‍പ്പിക്കുക വഴി തന്നെത്തന്നെ നമുക്ക് ദാനമായി നല്കുകയും ചെയ്തു. ഇത് നിങ്ങള്‍ ഭക്ഷിക്കുവിന്‍ , പാനം ചെയ്യുവിന്‍ എന്നു പറഞ്ഞുകൊണ്ട് ശിഷ്യര്‍ക്ക് യേശു സ്വയം ദാനമായി നല്കുക വഴി നമുക്കെല്ലാവര്‍ക്കും അവിടുന്ന് വി. കുര്‍ബ്ബാനയിലൂടെ വലിയൊരു ദാനമായിത്തീര്‍ന്നു.
വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളിലൂടെ തങ്ങളെത്തന്നെ യേശുവിനോടൊപ്പം യേശുവിനെപ്പോലെ ദൈവപിതാവിന്‍റെ ഹിതത്തിന് സ്വയം സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ യേശുവിന്‍റെ സ്വയം സമര്‍പ്പണമാകുന്ന വി. കുര്‍ബ്ബാന നമ്മെ സംബന്ധിച്ചും സ്വയം സമര്‍പ്പണത്തിന്‍റെ കൂദാശയായി ഭവിക്കുന്നു.
ഓര്‍മ്മയുടെ കൂദാശ
"ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍." (ലൂക്കാ 22,19; 1 കോറി 11,24) എന്ന യേശുവിന്‍റെ വാക്കുകള്‍ എന്താണ് നമ്മെ അനുസ്മരിപ്പിക്കുന്നത് ? വി. കുര്‍ബ്ബാന പെസഹാവിരുന്നിന്‍റെ പശ്ചാത്തലത്തിലാണ് സ്ഥാപിച്ചതെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ. യഹൂദരെ സംബന്ധിച്ച് പെസഹാവിരുന്ന് ഒരു അനുസ്മരണമായിരുന്നു (പുറ 12,14; നിയ 16,3)- ദൈവം തങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ക്ക് ചെയ്ത കാര്യങ്ങള്‍ അനുസ്മരിക്കുക പ്രത്യേകിച്ച്, ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ദൈവം രക്ഷിച്ച സംഭവം. പെസഹാവിരുന്നിലൂടെ തലമുറകളായി യഹൂദര്‍ ഈ സംഭവം ഇന്നെന്നപോലെ അനുസ്മരിച്ചു പോന്നിരുന്നു. വാക്കുകളിലൂടെയും പ്രതീകങ്ങളിലൂടെയും യഹോവയുടെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും അവര്‍ അനുസ്മരിച്ചുപോരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ യഹോവയെയും അവിടുത്തെ പഴയകാല പ്രവൃത്തികളെയും അനുസ്മരിക്കുകയും അവിടുത്തെ ഉടമ്പടി ബന്ധം പുതുക്കണമേയെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയായിരുന്നു.
യേശുക്രിസ്തുവില്‍ പൂര്‍ണ്ണത പ്രാപിച്ച ദൈവത്തിന്‍റെ അത്ഭുതാവഹമായ പ്രവൃത്തികളെയാണ് യഥാര്‍ത്ഥത്തില്‍ ദിവ്യബലിയില്‍ നമ്മള്‍ അനുസ്മരിക്കുന്നത്. യേശുവിന്‍റെ മരണത്തെ മാത്രമല്ല അവിടുന്ന് മനുഷ്യനും ദൈവവുമാണെന്ന നിലയില്‍ മനുഷ്യര്‍ക്കുവേണ്ടി ചെയ്തവയും അവിടുത്തെ ഉത്ഥാനവും മഹത്ത്വീകരണവുമെല്ലാം നമ്മള്‍ അനുസ്മരിക്കുകയാണ്. ഈ സ്മരണയിലൂടെ യേശുവില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്ന പുതിയ ഉടമ്പടി ബന്ധത്തെക്കുറിച്ച് നമ്മെത്തന്നെയും ദൈവത്തെയും അനുസ്മരിപ്പിക്കാന്‍ നമുക്കു കഴിയും. മാത്രമല്ല, കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും ഈ അനുസ്മരണയോടൊപ്പം താന്താങ്ങളുടെ ജീവിതത്തില്‍ ദൈവം പ്രവര്‍ത്തിച്ചിട്ടുള്ളവയെയും അനുസ്മരിക്കുമ്പോഴാണ് ഓരോ വ്യക്തിയെയും സംബന്ധിച്ച് വി. കുര്‍ബ്ബാന സ്മരണയുടെ കൂദാശയായി മാറുന്നത്.
യേശുസാന്നിദ്ധ്യത്തിന്‍റെ കൂദാശ
വി. കുര്‍ബ്ബാനയെ കൂദാശകളുടെ കൂദാശയായി കാണുവാനുള്ള പ്രധാനകാരണം ഈ കൂദാശയിലുള്ള യേശുവിന്‍റെ സാന്നിധ്യമാണ്. കുര്‍ബ്ബാനയുടെ ദൈവശാസ്ത്രചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള വിഷയവും ഇതുതന്നെയാണ്. അന്ത്യത്താഴത്തിന് പുതിയൊരു മാനം കൈവന്നത് യേശുവിന്‍റെ കൗദാശികവാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അപ്പം തന്‍റെ ശരീരവും വീഞ്ഞ് തന്‍റെ രക്തവുമാണെന്നു പറഞ്ഞുകൊണ്ട് ശിഷ്യന്‍ മാര്‍ക്ക് നല്കിയപ്പോള്‍ വെറും പ്രതീകങ്ങളായിട്ടല്ല അവര്‍ സ്വീകരിച്ചത്, പ്രത്യുത സ്വയം ദാനമായി തങ്ങള്‍ക്കു നല്കിയ യേശുവിനെത്തന്നെയാണ് അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചത്.
ഒരു ക്രിസ്ത്യാനിയുടെ യേശുവിലുള്ള വിശ്വാസം പക്വതയുള്ളതായിത്തീരുന്നത് തന്‍റെ വിശ്വാസവെളിച്ചത്താല്‍ വി. കുര്‍ബ്ബാനയില്‍ ജീവിക്കുന്നവനായ യേശുവിനെ ദര്‍ശിക്കുമ്പോഴാണ് വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്ന ഓരോ ക്രൈസ്തവനും ഈ കൂദാശയില്‍ തനിക്കായി സന്നിഹിതനാവുന്ന യേശുവിനെ ദര്‍ശിക്കുവാനും നല്കപ്പെടുന്ന യേശുവിനെ സ്വീകരിക്കുവാനും തയ്യാറാകുമ്പോഴാണ് വി. കുര്‍ബ്ബാന യേശുവിന്‍റെ സാന്നിധ്യത്തിന്‍റെ കൂദാശയായി അനുഭവവേദ്യമാകുന്നത്.
സ്നേഹത്തിന്‍റെ കൂദാശ
വി. കുര്‍ബ്ബാനയുടെ മേലുദ്ധരിച്ച വിവരണങ്ങളില്‍നിന്ന് ഈ കൂദാശ യേശുവിന് നമ്മോടുള്ള സ്നേഹത്തിന്‍റെ കൂദാശയാണെന്നു വ്യക്തമാക്കുന്നുണ്ട്. തന്നെത്തന്നെ ബലിയര്‍പ്പിക്കുവാന്‍ കാരണം നമ്മോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല. യോഹന്നാന്‍റെ വിവരണത്തില്‍നിന്നും യേശുവിന്‍റെ സ്നേഹം കുറെക്കൂടെ സ്പഷ്ടമാവുന്നുണ്ട്. ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു (യോഹ 13,1). ഈ ലോകത്തില്‍നിന്നു പിതാവിന്‍റെ പക്കലേക്കു പോകുവാനുള്ള സമയം സമാഗതമായെന്നു മനസ്സിലാക്കിയ യേശു താന്‍ അവസാനംവരെ സ്നേഹിച്ച തന്‍റെ പ്രിയ ശിഷ്യരെ അനാഥരായി വിടുവാന്‍ ആഗ്രഹിച്ചില്ല. അവരോടുകൂടെയും അവരിലും വസിക്കുന്നതിനുവേണ്ടി തന്‍റെ സ്നേഹോപഹാരമായി സ്ഥാപിച്ചതാണ് വി. കുര്‍ബ്ബാനയെന്ന് അനുമാനിക്കാവുന്നതാണ്. ഈ കൂദാശയില്‍ അവിടുത്തെ ആത്മാര്‍ത്ഥവും അഗാധവുമായ സ്നേഹം സ്ഫുരിക്കുന്നു. ഈ കൂദാശയിലൂടെ തന്നെ സ്വീകരിക്കുന്നവരില്‍ അവിടുന്ന് വസിക്കുക മാത്രമല്ല അവരുമായി ആഴമായി ഐക്യപ്പെടുകയും ചെയ്യുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുസ്മരിക്കുന്നതുപോലെ വി. കുര്‍ബ്ബാന സ്നേഹത്തിന്‍റെ കൂദാശയും ഐക്യത്തിന്‍റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്. വി. കുര്‍ബ്ബാന ഉള്‍ക്കൊള്ളുന്നവര്‍ യേശുവുമായുള്ള ഈ ഐക്യം തങ്ങളുടെ പരസ്പരെക്യത്തിലൂടെ പ്രകടിപ്പിക്കണം. വി. കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും നിരവധി ഗോതമ്പുമണികളും മുന്തിരിയും ചേര്‍ന്ന് ഉണ്ടായിരിക്കുന്നതുപോലെ ഈ ബലിയില്‍ പങ്കെടുക്കുന്ന ക്രൈസ്തവരും പരസ്പരം ഐക്യത്തില്‍ ജീവിക്കേണ്ടവരാണ് എന്ന ധ്വനി നല്കുന്നുണ്ട്. ഇപ്രകാരം വി. കുര്‍ബ്ബാനയെ ക്രൈസ്തവ കൂട്ടായ്മയുടെ കൂദാശയായും വീക്ഷിക്കണം. വി. കുര്‍ബ്ബാനയിലൂടെ ക്രൈസ്തവസമൂഹം യേശുവില്‍ ഒന്നായിത്തീരുന്നു. അപ്പവും വീഞ്ഞും പങ്കുവയ്ക്കുക വഴി അവരുടെ ഈ കൂട്ടായ്മ ദൃഢമായിത്തീരുന്നു. യേശു തന്‍റെ ശരീരവും രക്തവും നമ്മളുമായി പങ്കുവച്ചതുപോലെ വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരും തങ്ങള്‍ക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കണം. അങ്ങനെ വി. കുര്‍ബ്ബാന പങ്കുവയ്ക്കലിന്‍റെ കൂടെ കൂദാശയായി മാറുന്നു.
കൃതജ്ഞതയുടെ കൂദാശ
വി. കുര്‍ബ്ബാനയുടെ സ്ഥാപനവിവരണത്തിലേക്കു കണ്ണോടിച്ചാല്‍ ഇത് കൃതജ്ഞതയുടെയും കൂദാശയാണെന്ന് വ്യക്തമാകും. പെസഹാവിരുന്ന് യഹൂദരെ സംബന്ധിച്ചിടത്തോളം ഒരു ഗതകാലസംഭവത്തിന്‍റെ വെറും അനുസ്മരണം മാത്രമായിരുന്നില്ല, പ്രത്യുത ദൈവത്തിന്‍റെ അത്ഭുതപ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അവിടുത്തേക്കു നന്ദിപറയുകയുമായിരുന്നു. മാത്രമല്ല, വിരുന്നില്‍ പങ്കെടുക്കുന്ന യഹൂദര്‍ ആ വിരുന്നിലൂടെ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും സാധാരണമായിരുന്നു. അന്ത്യഅത്താഴത്തിലും (മത്താ 26,26; മര്‍ക്കോ 14,22; ലൂക്കാ 22.19; 1 കോറി 11,24), അപ്പം വര്‍ദ്ധിപ്പിക്കുന്ന അവസരങ്ങളിലും (യോഹ 11-23) യേശു "കൃതജ്ഞതാസ്തോത്രം ചൊല്ലി" എന്ന് പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവശാസ്ത്രവീക്ഷണത്തില്‍ വി. കുര്‍ബ്ബാന ഒരു കൃതജ്ഞതാസ്തോത്രം തന്നെയാണ്. യേശു തന്‍റെ പിതാവിനു കൃതജ്ഞതയര്‍പ്പിക്കുക മാത്രമല്ല, ഈ ബലിയര്‍പ്പിച്ചുകൊണ്ട് ക്രൈസ്തവസമൂഹം മുഴുവനും യേശുവിലൂടെ പിതാവായ ദൈവത്തിനു നന്ദിപറയുകയും ചെയ്യുകയാണ് . യേശുവിലൂടെ അവിടുന്ന് നമുക്കുവേണ്ടി ചെയ്തിട്ടുള്ള രക്ഷാകരപ്രവൃത്തികളെ അനുസ്മരിച്ചുകൊണ്ട്, മൂന്നാം നൂറ്റാണ്ടുമുതല്‍ വി. കുര്‍ബ്ബാനയ്ക്കും കൃതജ്ഞത എന്ന അര്‍ത്ഥം വരുന്ന എവുകരിസ്തിയ എന്ന പേരും ഉപയോഗിക്കുക വഴി ഈ കൂദാശ യഥാര്‍ത്ഥത്തില്‍ കൃതജ്ഞതയുടെ കൂദാശയാണെന്ന് സഭ അംഗീകരിക്കുകയാണ് ചെയ്തത്.
ഉപസംഹാരം
വി. കുര്‍ബ്ബാനയുടെ വി. ഗ്രന്ഥ - ചരിത്ര - ദൈവശാസ്ത്ര പശ്ചാത്തലം പൂര്‍ണ്ണമായി അപഗ്രഥിച്ചെങ്കില്‍ മാത്രമേ കുര്‍ബ്ബാനയുടെ ഈ കൗദാശികത വ്യക്തമാകുകയുള്ളൂ. വി. കുര്‍ബ്ബാന ഒരു കൂദാശയാണെന്ന് പറയുമ്പോള്‍ അതില്‍ അന്തര്‍ലീനമായിരിക്കുന്ന വിവിധങ്ങളായ വീക്ഷണങ്ങളാണ് ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചത്. ബലി, വിരുന്ന്, ഉടമ്പടി, സമര്‍പ്പണം, ഓര്‍മ്മ, സാന്നിധ്യം, സ്നേഹം (ഐക്യം, കൂട്ടായ്മ, പങ്കുവയ്പ്), കൃതജ്ഞത എന്നീ പ്രതീകങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുമ്പോള്‍ കുര്‍ബ്ബാന ഒരു കൂദാശയാണെന്ന വസ്തുത പ്രസ്പഷ്ടമാകും
ഡോ. മാനുവല്‍ റിബെയ്രോ
holy eucharist a sacrament Dr. Manual Ribeiro catholic malayalam eucharist importance of holy eucharist eucharist as a sacrament Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206