We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis On 10-Aug-2022
വിശുദ്ധ കുർബാന
ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും മകുടവുമാണ് വിശുദ്ധ കുർബാനയെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ പഠിപ്പിക്കുന്നു (തിരുസഭ 11). വിശ്വാസികളുടെ സമൂഹത്തിന്റെ കേന്ദ്രമാണ് വിശുദ്ധ കുർബാന (വൈദികർ 5). സഭയുടെ ജീവിതത്തിന്റെ ഉറവിടവും ഭാവിമഹത്വത്തിന്റെ അച്ചാരവുമാണത് (സഭൈക്യം 15). സഭ, സഭയായി രൂപംകൊള്ളുന്നതുതന്നെ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിലാണ് (1 കോറി 11, 18). സഭ പടുത്തുയർത്തപ്പെടുന്നതും വളരുന്നതും വിശുദ്ധ കുർബാനയിലാണെന്ന് സഭൈക്യത്തെക്കുറിച്ചുള്ള ഡിക്രിയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (സഭൈക്യം 15). വിശുദ്ധ കുർബാനയെ അടിസ്ഥാനവും കേന്ദ്രബിന്ദുവുമാക്കിയല്ലാതെ ഒരു ക്രിസ്തീയസമൂഹം കെട്ടിപ്പടുക്കുക സാധ്യമല്ല (വൈദികർ 6).
I വിശുദ്ധ കുർബാനയുടെ വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദ്യകാല ചരിത്രവും
ഇസ്രയേലിന്റെ വിമോചനാനുഭവത്തിന്റെ അനുസ്മരണമായ പെസഹാ ഭക്ഷണത്തിന്റെ സന്ദർഭത്തിലാണ് ഈശോമിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചത്. ഓരോ വർഷവും പെസഹായ്ക്ക് ഇസ്രായേൽ ജനം ഭക്ഷിക്കുന്ന കുഞ്ഞാടിന്റെ മാംസവും പുളിപ്പില്ലാത്ത അപ്പവും ഈജിപ്തിൽ നിന്നുള്ള അവരുടെ വിമോചനത്തെയും പുറപ്പാടിനെയും അനുസ്മരിപ്പിച്ചു (പുറ 12). പെസഹാ ഭക്ഷണത്തിന്റെ അവസാനഭാഗത്തുള്ള അപ്പത്തിന്റെയും കാസയുടെയും ആശീർവാദത്തിന് നവീനവും സുനിശ്ചിതവുമായ അർത്ഥം നല്കിയാണ് ഈശോ സെഹിയോൻ ഊട്ടുശാലയിൽ വച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത്. (മത്താ 26: 26-28; മർക്കോ 14: 22-25; ലൂക്കാ 22: 14-21).
പെസഹായോടനുബന്ധിച്ച് ബലിയർപ്പിച്ചിരുന്ന കുഞ്ഞാടിനെക്കുറിച്ചുള്ള സൂചനയും വിശുദ്ധ കുർബാന സ്ഥാപനത്തോടു ചേർത്ത് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ വിമോചനത്തിനായി ബലിയർപ്പിക്കപ്പെട്ട ബലിവസ്തുവായ കുഞ്ഞാടിന്റെ സ്ഥാനത്ത് ഈശോ ആകുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ 1:29) ബലിയർപ്പിക്കപ്പെട്ടു. ഈശോ നമുക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിച്ചു എന്ന അർത്ഥത്തിലാണ് "ഇതു നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.... ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് "(ലൂക്കാ 22:19-20) എന്ന ഈശോയുടെ വാക്കുകളെ മനസ്സിലാക്കേണ്ടത്. യഹൂദപെസഹാ ഭക്ഷണത്തിന്റെ ഭാഗമായി അപ്പവും വീഞ്ഞുമെടുത്ത് ആശീർവദിച്ച്, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ പഴയനിയമകാല മെസയാനികപ്രതീക്ഷയോട് ബന്ധപ്പെടുത്തിക്കൊണ്ട്, പുതിയ ഇസ്രായേലായ ദൈവജനത്തിന്റെ വിമോചനത്തിനായുള്ള മിശിഹായുടെ ആത്മബലി കൗദാശികമായി അവതരിപ്പിക്കപ്പെട്ടു.
വിശുദ്ധ കുർബാനയുടെ സ്ഥാപനവേളയിലെ ആശീർവാദ പ്രാർത്ഥന യഹൂദപാരമ്പര്യത്തിലുള്ളതാണ്. പെസഹാഭക്ഷണവേളയിൽ യഹൂദർ ഉപയോഗിച്ചിരുന്ന ആശീർവാദപ്രാർത്ഥനയായ "ബെറാക്കാ'യാണ് ഈശോ ഉപയോഗിച്ചത്. സൃഷ്ടികർമ്മത്ത പ്രതിയും, ഈജിപ്തിൽ നിന്ന് വിമോചിപ്പിച്ച്, നിയമം നല്കി, ഒരു ജനതയാക്കി, വാഗ്ദത്തനാട് നല്കിയ രക്ഷാകർമ്മത്തെ പ്രതിയും, ദൈവത്തിനർപ്പിക്കുന്ന സ്തുതിയും കൃതജ്ഞതയുമാണ് ഈ പ്രാർത്ഥനയിലെ ഒരു പ്രധാനഘടകം. ഇസ്രായേലിന്റെ വിമോചനത്തിനുവേണ്ടിയുള്ള അപേക്ഷയാണ് ഈ ആശീർവാദപ്രാർത്ഥനയിലെ മറ്റൊരു പ്രധാനഘടകം. ഈ ആശീർവാദപ്രാർത്ഥനയാണ് വിശുദ്ധ കുർബാനയുടെ സ്ഥാപനവാക്യങ്ങൾ ചേർത്ത് ഈശോ പെസഹാഭക്ഷണവേളയിൽ നിർവഹിച്ചത്. 'എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ' (ലൂക്കാ 22:19) എന്നു കല്പിച്ച് താൻ നിർവഹിക്കുന്ന ബലിയുടെ കൗദാശികാനുഷ്ഠാനം തുടരാൻ ഈശോ ശ്ലീഹന്മാരോട് കല്പിച്ചു.
ഈശോയുടെ കല്പനയനുസരിച്ച് ആദിമസഭാസമൂഹം അവടുത്തെ നാമത്തിൽ ഒരുമിച്ചുകൂടിയിരുന്നപ്പോൾ അപ്പം മുറിക്കൽ ശുശ്രൂഷ നിർവഹിച്ചുപോന്നു (അപ്പ 2:42,46; 20: 7,11; 27:35). കേവലം പെസഹാഭക്ഷണാചരണത്തിന്റെ ആഘോഷം എന്നതിനെക്കാൾ കർത്താവിന്റെ മരണത്തിലൂടെ പൂർത്തിയായ ബലിയാണ് അപ്പം മുറിക്കൽ ശുശ്രൂഷയിലൂടെ നിർവഹിച്ചു പോന്നതെന്ന് ആദിമസഭയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. കോറിന്തോസകാർക്കുള്ള ഒന്നാം ലേഖനത്തിൽ സഭയുടെ ഈ ദൃഢബോധ്യം പൗലോസ്ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). അപ്പം മുറിക്കൽ ശുശ്രൂഷ ആദിമ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ പങ്കുവയ്ക്കലുമായിരുന്നു. കൂട്ടായ്മയിൽ വളരാൻ ഈ ശുശ്രൂഷ അവരെ സഹായിച്ചു. വിശുദ്ധ കുർബാനയിലൂടെ സംജാതമാകുന്ന കൂട്ടായ്മയെക്കുറിച്ച് വിശുദ്ധപൗലോസ്ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നുണ്ട്: അപ്പം ഒന്നേയുള്ളു, അതിനാൽ പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ് (1 കോറി 10:17)
വിശുദ്ധ ഗ്രന്ഥത്തിനുപുറമേ, കുർബാനയർപ്പണത്തെക്കുറിച്ച് സൂചനകൾ നല്കുന്ന ഏതാനും രേഖകൾ ആദ്യനൂറ്റാണ്ടുകളിൽനിന്ന് ലഭ്യമാണ്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സിറിയയിൽ വിരചിതമായ ഡിഡാക്കേ എന്ന കൃതിയാണ്. കർത്താവിന്റെ ദിവസം അഥവാ ഞായറാഴ്ച അപ്പം മുറിക്കലിനും കൃതജ്ഞതാ പ്രകാശനത്തിനുമായി വിശ്വാസികൾ ഒരുമിച്ചുകൂടിയിരുന്നതിനെക്കുറിച്ച് ഡിഡാക്കേ പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കുചേർന്നിരുന്നവർ അവരുടെ പാപങ്ങളേറ്റുപറഞ്ഞ് നിർമ്മലമായ ഒരു ബലിയാണ് അർപ്പിച്ചിരുന്നതെന്ന് ഡിഡാക്കേ പറയുന്നു. സഹോദരരോടുള്ള അനുരഞ്ജനം വിശുദ്ധ കുർബാനയർപ്പണത്തിനുള്ള അനിവാര്യവ്യവസ്ഥയായി ഈ കൃതി പഠിപ്പിക്കുന്നു. ഏറെക്കുറെ ഡിഡാക്കേയുടെ കാലയളവിൽത്തന്നെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് കുർബാനയെക്കുറിച്ച് എഴുതുമ്പോൾ, മെത്രാനാണ് ദിവ്യകാരുണ്യസമൂഹത്തിന്റെ അദ്ധ്യക്ഷൻ എന്ന കാര്യം ഊന്നിപ്പറയുന്നു. രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ ക്രിസ്ത്യാനികളുടെ വിശുദ്ധ കുർബാനയർപ്പണത്തെക്കുറിച്ച്, വിശേഷിച്ച് ഞായാറാഴ്ചയിലെ കുർബാനയർപ്പണത്തെക്കുറിച്ച്, അന്തോണിയസ് പയസ് ചക്രവർത്തിക്ക് (എ.ഡി. 138-165) എഴുതുന്നുണ്ട്. ശ്ലീഹന്മാരുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള വായന, പ്രവാചകഗ്രന്ഥങ്ങളിൽനിന്നുള്ള വായന, കാർമ്മികൻ നല്കുന്ന പ്രബോധനം, സമൂഹത്തിന്റെ പൊതുവായ പ്രാർത്ഥനകൾ, അപ്പവും വീഞ്ഞും വെള്ളവും തയ്യാറാക്കികൊണ്ടുവരവ്, കാർമ്മികൻ ദൈവപിതാവിനെ മഹത്ത്വപ്പെടുത്തിക്കൊണ്ട് നടത്തുന്ന കൃതജ്ഞതാസ്തോത്രപ്രാർത്ഥന, സമൂഹം സമ്മതമരുളിപറയുന്ന 'ആമേൻ', വിശുദ്ധ കുർബാന സ്വീകരണം, രോഗികൾക്കുള്ള കുർബാന, ഡീക്കന്മാരുടെ കൈയിൽ കൊടുത്തുവിടൽ എന്നിവയാണ് ജസ്റ്റിന്റെ വിവരണത്തിൽ നിന്ന് രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കുർബാനയുടെ ഘടനയെക്കുറിച്ച് നമുക്കു ലഭിക്കുന്ന വിവരങ്ങൾ.
II വിശുദ്ധ കുർബാനയെ സൂചിപ്പിക്കുന്ന വിവിധ സംജ്ഞകൾ
അപ്പംമുറിക്കൽ (അപ്പ 2:42, 46), കർത്താവിന്റെ അത്താഴം (1 കോറി 11:20) എന്നീ പേരുകളിലാണ് വിശുദ്ധ കുർബാന ആദിമസഭയിൽ അറിയപ്പെട്ടിരുന്നത്. മിശിഹാ സ്ഥാപിച്ച കുർബാനയോട് ഏറ്റവുമടുത്ത ബന്ധം സൂചിപ്പിക്കുന്ന പേരുകളാണിവ. 'കൃതജ്ഞതാസ്തോത്രപ്രാർത്ഥന' എന്ന അർത്ഥം വരുന്ന 'യൂക്കരിസ്റ്റ്' എന്ന പേരാണ് ഇന്ന് സാർവത്രികമായി വിശുദ്ധ കുർബാനയെ സൂചിപ്പിക്കാൻ ഉപയോഗിച്ചുവരുന്നത്. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിൻ വിശുദ്ധ കുർബാനയെക്കുറിച്ച് എഴുതിയ കൃതിയിൽ 'യുക്കരിസ്റ്റ്' എന്ന പേര് സൂചിപ്പിക്കുന്നുണ്ട്. ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനയാണ് മുഖ്യമായും കുർബാനയിലുള്ളത് എന്ന അർത്ഥത്തിലാണ് കുർബാനയാഘോഷത്തിനു മുഴുവനായും 'യൂക്കരിസ്റ്റ്' എന്ന പേരു കൈവന്നത്. സൃഷ്ടിയെയും രക്ഷയെയും പ്രതി ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുക എന്നാണ് ഇതിനർത്ഥം. ഇന്ന് ലത്തീൻ പാരമ്പര്യത്തിൽ കുർബാനയുടെ കേന്ദ്രഭാഗത്തെ കൃതജ്ഞതാസ്തോത്രപ്രാർത്ഥനയെന്നാണ് വിളിക്കുന്നത്. ഈ പേര് സീറോമലബാർ കുർബാനയിലും ഉപയോഗിക്കുന്നുണ്ട്.,
പൗരസ്ത്യ സുറിയാനി പാരമ്പര്യം “റാസ' എന്ന പേരിനാണ് മുൻഗണന നല്കുന്നത്. റാസ' എന്ന സുറിയാനിവാക്കിന്റെ അർത്ഥം രഹസ്യം എന്നാണ്. ഈ പദത്തിന്റെ ബഹുവചനരൂപമായ റാസേ (രഹസ്യങ്ങൾ) എന്ന പദമാണ് പൗരസ്ത്യ സുറിയാനി കുർബാനയുടെ ശീർഷകമായി പുസ്തകങ്ങളിൽ കാണുന്നത്. മിശിഹായുടെ പെസഹാരഹസ്യത്തിന്റെ ആഘോഷം എന്ന അർത്ഥത്തിലാണ് കുർബാനയെ ‘റാസ' എന്നു വിളിക്കുന്നത്. പൗരസ്ത്യസുറിയാനിപാരമ്പര്യത്തിൽ കൂദാശകളെയും 'റാസ' എന്നാണ് വിളിക്കുന്നത്. മിശിഹാരഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ആഘോഷങ്ങളാണല്ലോ കൂദാശകൾ. റാസകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിശുദ്ധ കുർബാന ആയതിനാൽ വിശുദ്ധ കുർബാനയെ റാസ എന്നു വിളിക്കുന്നത് സമുചിതമാണ്.
ഇന്ന് സീറോമലബാർ ക്രമത്തിൽ കുർബാനയുടെ ഏറ്റവും ആഘോഷപൂർവ്വകമായ രൂപത്തെയാണ് റാസ എന്നു വിളിക്കുന്നത്. എന്നാൽ, പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിന്റെ (ഉദാ: മലങ്കര, യാക്കോബായ, ഓർത്തഡോക്സ്) തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷപൂർവ്വകമായ പ്രദക്ഷിണമാണ് റാസ എന്ന് അറിയപ്പെടുന്നത്.
സുറിയാനി പാരമ്പര്യത്തിൽ കുർബാനയെ കൂദാശ എന്നും വിളിക്കുന്നു. 'പവിത്രീകരണം' എന്നാണ് കൂദാശയെന്ന വാക്കിന്റെ അർത്ഥം. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനെയും മനുഷ്യനെയോ ഏതെങ്കിലും വസ്തുവിനെയോ പവിത്രീകരിക്കുന്നതിനെയും സൂചിപ്പിക്കാനും കൂദാശ എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. ഈ അർത്ഥത്തിലാണ് മാനുഷിക വിശുദ്ധീകരണത്തിനുവേണ്ടി ഈശോ സ്ഥാപിച്ച ഏഴ് പവിത്രീകരണശുശ്രൂഷകളെ കൂദാശകൾ എന്നു വിളിക്കുന്നത്. കുർബാനയിൽ ദൈവത്തിനർപ്പിക്കുന്ന കൃതജ്ഞതാ പ്രാർത്ഥന, ദിവ്യരഹസ്യങ്ങളുടെയും ആരാധനാസമൂഹത്തിന്റെയും പവിത്രീകരണം എന്നൊക്കെയാണ് കൂദാശ എന്ന പദത്തിന്റെ അർത്ഥം. കുർബാനയിലെ മുഖ്യ ആശീർവാദപ്രാർത്ഥനയെ (അനാഫൊറ) സുറിയാനി പാരമ്പര്യത്തിൽ "കൂദാശ' എന്നു വിളിക്കുന്നു. 1960-ൽ പ്രസിദ്ധീകരിച്ച സീറോമലബാർ കുർബാനതക്സയുടെ പേര് 'തക്‌സാ ദ്കൂദാശ' എന്നായിരുന്നു.
ഇംഗ്ലീഷിൽ വിശുദ്ധ കുർബാനയെ Holy Mass എന്നു വിളിക്കുന്നത് വളരെ സാധാരണമാണ്. പാശ്ചാത്യപാരമ്പര്യത്തിലാണ് “മാസ്' എന്ന പേര് പ്രചാരത്തിലുള്ളത്. ലത്തീൻ കുർബാനയുടെ സമാപനത്തിലുള്ള പറഞ്ഞയയ്ക്കൽ കർമ്മത്തിൽ നിന്നാണ് “മാസ്' എന്ന പേരിന്റെ ഉദ്ഭവം. വിശ്വാസികളെ അനുദിനജീവിതത്തിൽ ദൈവഹിതം നിറവേറ്റുന്നതിനുവേണ്ടി പറഞ്ഞയയ്ക്കുന്നു (Missio) എന്നാണ് മാസ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് (CCC 1332). ബൈസന്റൈൻ പാരമ്പര്യത്തിൽ ദൈവികശുശ്രൂഷ (The Divine Liturgy) എന്ന് കുർബാനയെക്കുറിച്ചു പറയുന്നു.
ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ള പേര് വിശുദ്ധകുർബാന എന്നാണ്. കേരളത്തിലെ മിക്ക ക്രൈസ്തവസഭകളും ഉപയോഗിച്ചു വരുന്ന ഈ പേര് സുറിയാനിഭാഷയിൽ നിന്നുള്ളതാണ്. 'അർപ്പണം', 'അർപ്പിതവസ്തു' എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം. മലയാളത്തിൽ 'ബലി' എന്ന അർത്ഥം വരുന്നതുകൊണ്ട് ദിവ്യബലി എന്നും കുർബാനയെക്കുറിച്ചു പറയുന്നു. രക്ഷകനായ മിശിഹായുടെ ഏക ബലിയർപ്പണത്തെ സന്നിഹിതമാക്കുകയും സഭയുടെ സമർപ്പണത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് കുർബാന. സ്തുതിയുടെയും ബഹുമാനത്തിന്റെയും കൃതജ്ഞതയുടെയും ആരാധനയുടെയും അർപ്പണമാണ് കുർബാന.
പിതാവായ ദൈവം തന്റെ പുത്രനെ നമുക്കായി അർപ്പിക്കുന്ന കുർബാന, സഭയുടെ ശിരസ്സായ മിശിഹാ തന്നെത്തന്നെയും സഭാ ശരീരത്തെയും പിതാവിന് അർപ്പിക്കുന്ന കുർബാന, മിശിഹായുടെ ശരീരരക്തങ്ങളുടെ അർപ്പണം, പെസഹാരഹസ്യത്തിന്റെ അർപ്പണം, മിശിഹാരഹസ്യത്തോടുചേർന്നുള്ള വിശ്വാസികളുടെ ജീവിതബലിയർപ്പണം എന്നീ അർത്ഥങ്ങളിലെല്ലാം വിശുദ്ധ കുർബാനയെ മനസ്സിലാക്കാം.
III വിശുദ്ധ കുർബാനയും ഞായറാഴ്ചയാചരണവും
ആദിമസഭയിൽ വിശുദ്ധ കുർബാനയർപ്പണത്തിനുള്ള പ്രത്യേക ദിവസമായി തിരഞ്ഞെടുത്തിരുന്നത് ഞായറാഴ്ചയാണ് (അപ്പ 20:7). ഡിഡാക്കെയും വിശുദ്ധ ജസ്റ്റിന്റെ കൃതിയും ഞായറാഴ്ചയാചരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കർത്താവിന്റെ പീഡാനുഭവമരണോത്ഥാനരഹസ്യത്തിന്റെ സ്മരണ ആചരിക്കുവാൻ സമുചിതമായ ദിവസമായി കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയാണ് ആദിമക്രിസ്ത്യാനികൾ കരുതിയിരുന്നത്. യഹൂദന്മാരുടെ സാബത്തുദിനത്തിനു സമാന്തരമായിട്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ചയെ വീക്ഷിച്ചിരുന്നത്. തന്മൂലം സാബത്തുദിവസത്തെക്കുറിച്ച് ചിന്തിച്ചിരുന്നതുപോലെ, പരിശുദ്ധമായി ആചരിക്കപ്പെടേണ്ട ദിവസം, വിശ്രമത്തിന്റെ ദിവസം എന്നിങ്ങനെ ഞായറാഴ്ചയെക്കുറിച്ചും ചിന്തിച്ചു തുടങ്ങി. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഞായറാഴ്ച ആചരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കർത്താവിന്റെ ദിവസം (Dies Domini) എന്ന ശ്ലൈഹികലേഖനം ഞായറാഴ്ചയുടെ വ്യത്യസ്തമാനങ്ങൾ പ്രതിപാദിക്കുന്നുണ്ട്. കർത്താവിന്റെ ഉത്ഥാനദിവസം (കർത്താവിന്റെ ദിവസം 20) എന്നതിനുപുറമേ ആഴ്ചയിലെ ഒന്നാം ദിവസമായസൃഷ്ടിയുടെ ദിവസം (കർത്താവിന്റെ ദിവസം 24), പരിശുദ്ധാത്മാവ് ശീഹന്മാരുടെമേൽ എഴുന്നള്ളിവന്ന പന്തക്കുസ്തയുടെ ഓർമ്മദിവസം (കർത്താവിന്റെ ദിവസം 20), യഹൂദപാരമ്പര്യത്തിലെ ഏഴാം ദിവസമായ സാബത്തു കഴിഞ്ഞു വരുന്ന ദിവസം എന്ന അർത്ഥത്തിൽ യുഗാന്ത്യത്തിന്റെ സൂചനയരുളുന്ന എട്ടാം ദിവസം (കർത്താവിന്റെ ദിവസം 26) എന്നിങ്ങനെയെല്ലാം ക്രൈസ്തവ പാരമ്പര്യത്തിൽ ഞായറാഴ്ചയ്ക്ക് പ്രാധാന്യം കൈവന്നു. ക്രൈസ്തവവിശ്വാസികൾ പെസഹാരഹസ്യത്തിന്റെ അനുസ്മരണമായ അപ്പം മുറിക്കൽ നടത്തേണ്ട ദിവസം എന്ന നിലയിലാണ് ഞായറാഴ്ചയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിച്ചത്.
IV വിശുദ്ധ കുർബാന: വിശ്വസിക്കേണ്ട രഹസ്യം
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ആഗ്രഹപ്രകാരം 2005-ൽ ദിവ്യകാരുണ്യവർഷം ആചരിക്കുകയുണ്ടായി. അതോടനുബന്ധിച്ചുനടന്ന മെത്രാന്മാരുടെ സിനഡിലെ ചർച്ചകളുടെ വെളിച്ചത്തിൽ ബന്ധിക്ട് 16-ാമൻ മാർപാപ്പ സ്നേഹത്തിന്റെ കൂദാശ (Sacramentum Caritatis) എന്ന പേരിൽ വിശുദ്ധ കുർബാനയെക്കുറിച്ച് ഒരു ശ്ലൈഹിക പ്രബോധനം പുറപ്പെടുവിച്ചു. അതിൽ വിശുദ്ധ കുർബാനയെപ്പറ്റിയുള്ള സഭയുടെ വീക്ഷണം സമഗ്രമായി അവതരിപ്പിക്കുന്നുണ്ട്. മൂന്നു ഭാഗങ്ങളായിട്ടാണ് വിശുദ്ധ കുർബാനയെ ആ പ്രബോധനരേഖയിൽ വിശദീകരിച്ചിരിക്കുന്നത്. വിശ്വസിക്കേണ്ട രഹസ്യം, ആഘോഷിക്കേണ്ട രഹസ്യം, ജീവിക്കേണ്ട രഹസ്യം എന്നിവയാണവ.
വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമാണ് വിശുദ്ധ കുർബാന. കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷേപവുമാണത്. സഭയുടെ വിശ്വാസം സാരാംശപരമായി കുർബാനാധിഷ്ഠിത വിശ്വാസമാണ്. അത് കുർബാനയുടെ മേശയിൽ സവിശേഷമാംവിധം പരിപോഷിപ്പിക്കപ്പെടുന്നു (സ്നേഹത്തിന്റെ കൂദാശ 6). കുർബാനയിലുള്ള വിശ്വാസത്തിന്റെ ഒന്നാമത്തെ ഘടകം ദൈവത്തിന്റെ തന്നെ രഹസ്യമാണ്; ത്രിത്വാത്മകസ്നേഹമാണത് (സ്നേഹത്തിന്റെ കൂദാശ 7). പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹരഹസ്യത്തിൽ പങ്കുചേരാനുള്ള വിളിയാണ് വിശുദ്ധ കുർബാനയിലുള്ളത്.
ലോകത്തോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ ആവിഷ്കാരമാണ് വിശുദ്ധ കുർബാന. 'എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ്' (യോഹ 3: 16-17). ദൈവത്തിന്റെ ഏറ്റവും സ്പഷ്ടമായ കൗദാശികപ്രകാശനമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയിൽ ഈശോ തന്നെത്തന്നെ നമുക്കായി നല്കുന്നു. അവിടുന്നു തന്റെ ജീവന്റെ സമഗ്രതയാണ് നമുക്കു നല്കുന്നത് (സ്നേഹത്തിന്റെ കൂദാശ 7)
പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലുള്ള വിശ്വാസത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന. പിതാവയയ്ക്കുന്ന പരിശുദ്ധാത്മാവാണ് അപ്പത്തെയും വീഞ്ഞിനെയും ഈശോമിശിഹായുടെ ശരീരരക്തങ്ങളാക്കിത്തീർക്കുന്നതും, സമൂഹം മുഴുവനെയും മിശിഹായുടെ ശരീരമാക്കിത്തീർക്കുന്നതും. പരിശുദ്ധാത്മാവ് വിശ്വാസികളെ ഒറ്റ ശരീരമാക്കി മാറ്റുകയും അവരെ പിതാവിന് പ്രീതീകരമായ ആത്മീയബലിവസ്തുവാക്കി മാറ്റുകയും ചെയ്യുന്നു. (സ്നേഹത്തിന്റെ കൂദാശ 13).
V വിശുദ്ധ കുർബാന: ആഘോഷിക്കേണ്ട രഹസ്യം
'സ്നേഹത്തിന്റെ കൂദാശ'യുടെ രണ്ടാം ഭാഗത്ത് കുർബാന ആഘോഷിക്കേണ്ട രഹസ്യമാണെന്ന് പഠിപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ ആഘോഷം കർത്താവിന്റെ പെസഹാരഹസ്യത്തിലുള്ള പങ്കുചേരലാണ്. നിങ്ങൾ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്ന് പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് (1 കോറി 11:26). വിശുദ്ധ കുർബാന നമ്മെ മിശിഹായുടെ ആത്മബലിയുടെ കർമ്മത്തിലേക്കു നയിക്കുന്നുവെന്ന് 'സ്നേഹത്തിന്റെ കൂദാശ' പഠിപ്പിക്കുന്നു. (സ്നേഹത്തിന്റെ കൂദാശ 11).
വിശ്വാസികൾക്ക് പെസഹാരഹസ്യത്തിന്റെ ആഴമേറിയ അനുഭവം ഉണ്ടാകേണ്ടതിന് കുർബാനയിൽ പെസഹാരഹസ്യത്തെ ആവർത്തിച്ച് ആഘോഷിക്കുന്നു. വചനശുശ്രൂഷയിലും ഒരുക്ക ശ്രൂഷയിലും കൂദാശയിലും ദൈവൈക്യശുശ്രൂഷയിലും പെസഹാ രഹസ്യത്തിന്റെ ഓർമ്മ ആചരിക്കുന്നു. ലിറ്റർജിയിലെ ഓർമ്മയാചരണത്തെ (ആഘോഷത്തെ) സൂചിപ്പിക്കുന്ന ഗ്രീക്കു പദമാണ് 'അനംനേസിസ്' (anamnesis). ഇതിന് തുല്യമായ "ഉഹ്ദാന' എന്ന സൂറിയാനി പദമാണ് സീറോമലബാർ കുർബാനയിലുള്ളത്. കുർബാന കേവലം ഒരു ഭൂതകാലസംഭവത്തിന്റെ ഓർമ്മ മാത്രമല്ല. ഈശോമിശിഹായുടെ പീഡാസഹനവും, കുരിശിലെ ബലിയും, ഉത്ഥാനവും സ്ഥലകാലാതീതമായ നിത്യസംഭവമാണ്. അതിനാൽ, ഈ മിശിഹാ സംഭവം വിശുദ്ധ കുർബാനയിലെ ഓർമ്മയാചരണത്തിൽ യഥാർത്ഥമായി സന്നിഹിതമാകുന്നു (ആരാധനക്രമം 47; CCC 1085). വിശുദ്ധ കുർബാനയിൽ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും രക്ഷാദായകമായ മിശിഹാരഹസ്യം ആഘോഷിക്കപ്പെടുന്നു.
VI വിശുദ്ധ കുർബാന: ജീവിക്കേണ്ട രഹസ്യം
വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം അർത്ഥപൂർണ്ണമാകണമെങ്കിൽ നാം കുർബാനാനന്തരബലി അർപ്പിക്കുന്നവരാകണം. കാരണം, കുർബാന ജീവിക്കേണ്ട രഹസ്യമാണ് (സ്നേഹത്തിന്റെ കൂദാശ മൂന്നാം ഭാഗം). ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും (യോഹ 6:51). കുർബാനയാകുന്ന ദാനംമൂലം നമ്മിലുണ്ടാകുന്ന രൂപാന്തരീകരണത്തിന്റെ സഹായത്താലാണ് അതു സംഭവിക്കുന്നത് (സ്നേഹത്തിന്റെ കൂദാശ 70). ഈ ലോകജീവിതത്തിൽ പടിപടിയായി സംഭവിക്കേണ്ട പ്രക്രിയയാണത്. പുതിയ നിയമത്തിലെ ബലിയർപ്പണത്തെ വ്യതിരിക്തമാക്കുന്നതാണ് അതിന്റെ സ്വയം സമർപ്പണഭാവവും നമ്മിൽ സംഭവിക്കുന്ന രൂപാന്തരീകരണവും. വിശുദ്ധ പൗലോസ് റോമായിലെ സഭാംഗങ്ങളെ ഇതേപ്പറ്റി അനുസ്മരിപ്പിക്കുന്നതിങ്ങനെയാണ്: “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതീകരവുമായ സജീവബലിയായി സമർപ്പിക്കുവിൻ, ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന" (റോമ 12:1). അപ്പസ്തോലിക സഭയിലെ വിശ്വാസികൾ ഒരു ഹൃദയവും ഒരു ആത്മാവുമായി (അപ്പ 4:32) പരസ്പരം പങ്കുവച്ചു ജീവിക്കുന്നതിന് ശക്തി സംഭരിച്ചിരുന്നത്, ശ്ലീഹന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന (അപ്പ 2:42) എന്നിവയിൽ താത്പര്യപൂർവ്വം പങ്കുചേർന്നു കൊണ്ടാണ്. പരസ്പരസ്നേഹത്തിലൂടെയും, വിശിഷ്യാ, സഹായമർഹിക്കുന്നവരോടുള്ള സഹാനുഭൂതിയിലൂടെയും ഈശോയുടെ യഥാർത്ഥശിഷ്യരായി നമ്മെ തിരിച്ചറിയുമ്പോഴാണ് കുർബാനയർപ്പണത്തിന്റെ സാമൂഹികമാനം നിർണ്ണയിക്കപ്പെടുന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2004-ൽ പ്രസിദ്ധീകരിച്ച നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും (Mane nobiscum Domine) എന്ന ശ്ലൈഹികലേഖനത്തിൽ പ്രതിപാദിക്കുന്നു. (നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും 28) ദൈവവുമായി നമ്മെ ഒന്നിപ്പിക്കുന്നതോടൊപ്പം, സഹോദരങ്ങളുമായി കൂട്ടായ്മയിൽ ജീവിക്കുവാൻ കുർബാന നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടാണ് വിശുദ്ധ കുർബാനയെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂദാശയെന്നു വിളിക്കുന്നത് (ആരാധനക്രമം 47)
VII കുർബാനയാഘോഷത്തിന്റെ വിവിധ ക്രമങ്ങൾ
നമ്മുടെ കുർബാനയ്ക്ക് മൂന്നു രൂപങ്ങളാണുള്ളത്. ഏറ്റവും ആഘോഷപൂർവ്വകമായ കുർബാന (Most Solemn Form = റാസ), ആഘോഷപൂർവ്വകമായ കുർബാന (Solemn Form), സാധാരണകുർബാന (Simple Form), ആഘോഷഘടകങ്ങളുടെ കൂടുതൽ കുറവാണ് ഈ രൂപഭേദങ്ങൾക്ക് അടിസ്ഥാനം. കാർമ്മികൻ, തിരുക്കർമ്മങ്ങൾ. വായനകൾ, കീർത്തനങ്ങൾ, ധൂപത്തിന്റെ ഉപയോഗം മുതലായവയാണ് ആഘോഷഘടകങ്ങൾ. ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ, മറ്റ് സുപ്രധാന ആഘോഷാവസരങ്ങൾ എന്നിവയ്ക്ക് യോജിച്ചതാണ് റാസയുടെ ക്രമം. മരിച്ച വിശ്വാസികൾക്കുവേണ്ടിയും റാസ അർപ്പിക്കുന്നു. ആഘോഷപൂർവ്വകമായ കുർബാനയിൽ സന്ദർഭോചിതമായി റാസയുടെ ചിലഘടകങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. അപ്രകാരം തന്നെ സാധാരണകുർബാനയിൽ ആഘോഷപൂർവ്വകമായ കുർബാനയുടെയും റാസയുടെയും ഘടകങ്ങളും ചേർക്കാം. റാസയിലും ആഘോഷപൂർവ്വകമായ കുർബാനയിലും ഗാനാത്മകതയും ധൂപാർപ്പണവും നിർബന്ധിതമാണ്. ഇവ സാധാരണകുർബാനയിലും അഭിലഷണീയമാകുന്നു.
VIII വിശുദ്ധ കുർബാനയുടെ വിവിധഭാഗങ്ങൾ
സീറോമലബാർ കുർബാനയെ ഏഴു ഭാഗങ്ങളായി തിരിക്കാം.ആമുഖശുശ്രൂഷ, വചനശുശ്രൂഷ, അനാഫൊറയ്ക്കുള്ള ഒരുക്കം (ദിവ്യരഹസ്യങ്ങളുടെ ഒരുക്കം, ആദ്ധ്യാത്മിക ഒരുക്കം) കൂദാശ (അനാഫൊറ), കുർബാനസ്വീകരണത്തിനുള്ള ഒരുക്കം (അനുതാപശ്രുശൂഷ,വിഭജനശ്രുശൂഷ), ദൈവൈക്യശുശ്രൂഷ (വിശുദ്ധ കുർബാനസ്വീകരണം), സമാപനശുശ്രൂഷ എന്നിവയാണ് ഈ ഏഴു ഭാഗങ്ങൾ.
മറ്റു ചില മാനങ്ങളിലും കുർബാനയെ വ്യത്യസ്തഭാഗങ്ങളായി വേർതിരിച്ചുകാണുന്ന പതിവുണ്ടായിരുന്നു. പൊതുവേ വചനത്തിന്റെയും അപ്പത്തിന്റെയും ശുശ്രൂഷകളെന്ന് (Breaking of the Word, Breaking of the Bread) രണ്ടായി തിരിച്ചിരുന്നു. അതുപോലെ, സ്നാനാർത്ഥികളുടെ ശുശ്രൂഷ, വിശ്വാസികളുടെ ശുശ്രൂഷ എന്നിങ്ങനെ പങ്കെടുക്കുന്നവരുടെ അവസ്ഥയനുസരിച്ചും കുർബാനയെ രണ്ടായി തിരിച്ചിരുന്നു. ആഘോഷത്തിന്റെ സ്ഥലത്തെ ആസ്പദമാക്കി കുർബാനയെ ബേമ്മയിലെ ശുശ്രൂഷയെന്നും മദ്ബഹായിലെ ശുശ്രൂഷയെന്നും രണ്ടായി തിരിച്ചുകാണുന്ന പതിവും ഉണ്ടായിരുന്നു. ഈ തിരിവുകളൊക്കെ പൊതുവേ വചനശുശ്രൂഷ, കൂദാശ എന്നീ രണ്ടു പ്രധാന ഘടകങ്ങളെ ആശ്രയിച്ചുനില്ക്കുന്നതാണ്.
ആമുഖശുശ്രൂഷ
കുർബാനയർപ്പണത്തിനുവേണ്ടി ഒരുങ്ങി കാർമ്മികൻ മദ്ബഹായിൽ നിന്നു ബേമ്മയിലെത്തുന്ന പ്രദക്ഷിണത്തെ കേന്ദ്രീകരിച്ചുള്ളതാണ് സീറോമലബാർ കുർബാനയുടെ ആമുഖശുശ്രൂഷ. ഈ പ്രദക്ഷിണം സാധ്യമാക്കാൻ വേണ്ടിയാണ് മദ്ബഹായുടെ വിരി തുറന്നിരുന്നത്. മെത്രാൻ പ്രദക്ഷിണമായി പ്രവേശിക്കുമ്പോൾ ആരാധനാസമൂഹം മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ) ആലപിച്ചിരുന്നു. ബേമ്മയിലെത്തുന്ന മെത്രാന്റെ കൈയിൽ പിടിച്ചിരുന്ന സ്ലീവായെ വണങ്ങുന്ന പതിവും ഇതോടൊപ്പം ഉരുത്തിരിഞ്ഞു. മദ്ബഹാഗീതത്തോടു ചേർന്ന് ആലപിച്ചിരുന്ന പുരാതന പ്രദക്ഷിണഗാനമാണ് 'ലാകുമാറാ' എന്നറിയപ്പെടുന്ന 'സകലത്തിന്റെയും നാഥാ' എന്ന പ്രാർത്ഥന. ഇവയ്ക്കു പുറമേ ' പുഖദാൻകോൻ', "അത്യുന്നതങ്ങളിൽ സ്തുതി' എന്ന കീർത്തനം, കർത്തൃപ്രാർത്ഥന, സങ്കീർത്തനമാല (മർമ്മീസ) എന്നീ ഘടകങ്ങളും ആമുഖശുശ്രൂഷയിൽ പില്ക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടു.
മദ്ബഹായിൽനിന്ന് ബേമ്മയിലേക്കുള്ള പ്രദക്ഷിണം
കാർമ്മികനും ശുശ്രൂഷികളും സങ്കീർത്തിയിൽനിന്ന് മദ്ബഹായിൽ പ്രവേശിച്ച് അവിടെ നിന്ന് ബേമ്മയിലേക്ക് പ്രദക്ഷിണമായിപോകുന്നു. ഈ പ്രദക്ഷിണത്തിന് പ്രതീകാത്മകമായ ഒരു അർത്ഥം ഉണ്ട്. സ്വർഗത്തിൽനിന്നും ഭൂമിയിലേക്കുള്ള കർത്താവിന്റെ ഇറങ്ങിവരവാണ് ഇവിടെ അനുസ്മരിക്കുന്നത്. കർത്താവ് പകർന്നുതരുന്ന രക്ഷയുടെ അനുഭവം സ്വായത്തമാക്കാനുള്ള മനോഭാവത്തോടെയാണ് ആരാധനാസമൂഹം മദ്ബഹായിൽ നിന്നുള്ള കാർമ്മികന്റെ പ്രദക്ഷിണത്തെ കാണേണ്ടത്.
മിശിഹായുടെ പ്രതിനിധിയായ പുരോഹിതൻ
വിശുദ്ധ കുർബാനയർപ്പിക്കുന്ന പുരോഹിതൻ ഈശോമിശിഹായെ പ്രതിനിധാനം ചെയ്യുന്നു. കർത്താവിന്റെ സ്ഥാനത്തുനിന്നാണ് പുരോഹിതൻ പ്രാർത്ഥനകൾക്കു നേതൃത്വം കൊടുക്കുന്നതും തിരുകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും. പട്ടം സ്വീകരിച്ച് മിശിഹായുടെ ശുശ്രൂഷാപൗരോഹിത്യത്തിൽ സവിശേഷമായ രീതിയിൽ പങ്കുചേരുന്ന പുരോഹിതന്റെ ആരാധനാനുഷ്ഠാനങ്ങൾ മിശിഹായുടെ പ്രവൃത്തികളാകുന്നു. പുരോഹിതൻ ബലിയർപ്പിക്കുമ്പോൾ ഈശോതന്നെയാണ് ബലിയർപ്പിക്കുന്നത്. പുരോഹിതൻ മാമ്മോദീസ മുക്കുമ്പോൾ ഈശോതന്നെയാണ് മാമ്മോദീസ മുക്കുന്നത് (ആരാധനക്രമം 7). പുരോഹിതൻ പാപം മോചിക്കുമ്പോൾ യഥാർത്ഥത്തിൽ ഈശോതന്നെയാണ് പാപം മോചിക്കുന്നത്.
പൂഖ്ദാൻകോൻ
'നിങ്ങളുടെ കല്പന' എന്നർത്ഥം വരുന്ന പൂഖ്ദാൻകോൻ എന്ന് പുരോഹിതൻ ചൊല്ലുന്നതിന് ജനം പൂഖ്ദാനേ ദമ്ശിഹാ (മിശിഹായുടെ കല്പന) എന്ന് മറുപടി നല്കുന്ന രീതിയിലാണ് സീറോമലബാർസഭയിലെ സുറിയാനിഭാഷയിലുള്ള കുർബാനക്രമം ആരംഭിക്കുന്നത്. ഇതിന്റെ വ്യാഖ്യാനം ചെയ്യപ്പെട്ട രൂപമാണ് ഇന്ന് സീറോമലബാർ കുർബാനയിലുള്ളത്. ആരുടെ കല്പനയനുസരിച്ചാണ് ആരാധനാസമൂഹം കുർബാനയർപ്പിക്കുന്നത് എന്ന ചോദ്യത്തിന് മിശിഹായുടെ കല്പനയനുസരിച്ചാണെന്ന് ജനം മറുപടി പറയുന്നു. വിശുദ്ധ കുർബാനയാഘോഷത്തിന്റെ യഥാർത്ഥ അടിസ്ഥാനം കർത്താവ് അന്ത്യഅത്താഴവേളയിൽ നല്കിയ കല്പനതന്നെയാണെന്ന ഉറച്ച വിശ്വാസം ആരാധനാസമൂഹം ഒന്നടങ്കം അനുസ്മരിക്കുകയാണ്.
സീറോമലബാർ തക്സയിലുള്ള 'അന്നാപെസഹാത്തിരുനാളിൽ' എന്ന കീർത്തനം മിശിഹാ വിശുദ്ധ കുർബാന സ്ഥാപിച്ചതിനെക്കുറിച്ച് വ്യക്തമായ സൂചനനല്കുന്നു. മിശിഹായുടെ കല്പനയനുസരിച്ചാണ് ദൈവജനം കുർബാനയർപ്പിക്കുന്നത്. ഈ ഗീതത്തിന്റെ ആദ്യഭാഗത്ത് വിശുദ്ധ കുർബാനയർപ്പണത്തിന് ഉണ്ടായിരിക്കേണ്ട അനിവാര്യമായ മനോഭാവം അനുരഞ്ജനത്തിന്റേതാണെന്ന് (മത്താ 5: 23-24) ആരാധനാസമൂഹം ഏറ്റുപറയുന്നു.
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
ഈശോയുടെ ജനനവേളയിൽ മാലാഖാമാർ പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന കീർത്തനം കാർമ്മികൻ ആലപിക്കുമ്പോൾ ജനം ദൈവത്തെ പാടിസ്തുതിക്കുവാനുള്ള സമ്മതം പ്രകടിപ്പിച്ചുകൊണ്ട് ആമ്മേൻ' എന്ന് പ്രത്യുത്തരിക്കുന്നു. കാർമ്മികൻ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി' എന്ന് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. ആഴമേറിയ അനുഭവത്തിന് ഹേതുവാക്കുന്നതാണ് കുർബാനയിലെയും മറ്റ് ആരാധനാശുശ്രൂഷകളിലെയും ആവർത്തനങ്ങൾ. അഗാധമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രകടനമാണ് ആവർത്തനം.
കർത്താവിന്റെ മനുഷ്യവതാരരഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നതാണ് അത്യുന്നതങ്ങളിൽ ദൈവത്തിനുസ്തുതി' എന്ന കീർത്തനം. കർത്താവിന്റെ മനുഷ്യാവതാരവേളയിലും ഇന്ന് സ്വർഗീയാരാധനയിലും ദൈവത്തെ പാടിപ്പുകഴ്ത്തുന്ന സ്വർഗീയ ഗണങ്ങളോടുചേർന്ന് ദൈവജനം ദൈവത്തെ സ്തുതിക്കുന്നതാണ് ഈ കീർത്തനം. 'ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും' എന്ന കാർമ്മികന്റെ ആശംസ മനുഷ്യവതാരരഹസ്യത്തിന്റെ ഫലമായി മനുഷ്യന് നല്കപ്പെടുന്ന ദൈവികകൃപയിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. അതേ, അങ്ങനെയായിരിക്കട്ടെ എന്നുതുടങ്ങി വിപുലമായ അർത്ഥസാധ്യതയുള്ളതാണ് “ആമ്മേൻ' എന്ന അറമായപദം. കുർബാനയിലുടനീളം പുരോഹിതൻ ചൊല്ലുന്ന പ്രാർത്ഥനകളോട് ഹൃദയപൂർവ്വം തങ്ങളും പങ്കുചേരുന്നുവെന്ന് ആമ്മേൻ' ചൊല്ലിക്കൊണ്ട് സമൂഹം പ്രഖ്യാപിക്കുന്നു. പ്രാർത്ഥനകളോട് സമ്മതമരുളുന്നതുപോലെ കുർബാനവേളയിൽ ദൈവം നല്കുന്ന രക്ഷയുടെ വിളിക്ക് നല്കുന്ന ഭാവാത്മകമായ പ്രത്യുത്തരമാണ് 'ആമേൻ'.
കർത്തൃപ്രാർത്ഥനപ്രാർത്ഥന
സീറോമലബാർ കുർബാനയിൽ 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന മൂന്നുപ്രാവശ്യമുണ്ട്. ആരംഭത്തിലും അവസാനത്തിലും കുർബാന സ്വീകരണത്തിനുമുമ്പും, വിശുദ്ധ കുർബാനയുടെ ആരംഭത്തിലും അവസാനത്തിലുമുള്ള കർത്തൃപ്രാർത്ഥന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ സവിശേഷയാണ്. ആരംഭത്തിലും അവസാനത്തിലും കർത്തൃപ്രാർത്ഥന ചൊല്ലുന്നത് താഴെവരുന്ന കാനോനയോടുകൂടിയാണ്. 'അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ, അങ്ങയുടെ മഹത്ത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. 'മാലാഖമാരും മനുഷ്യരും അങ്ങു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു' ഈ കാനോനയിൽ പ്രഘോഷിക്കുന്ന ആശയം യഥാർത്ഥത്തിൽ കർത്തൃപ്രാർത്ഥനയിലെ പ്രഥമ അപേക്ഷയുടെ വിപുലീകരണമാണ്. ദൈവതിരുനാമം പൂജിതമാകണമേ എന്നാണ് ഒന്നാമത്തെ അപേക്ഷ. ഭൂവാസികളും സ്വർഗവാസികളും ഒന്നുചേർന്ന് ദൈവതിരുനാമത്തെ വാഴ്ത്തുന്നു എന്നാണ് കാനോന ചൊല്ലിക്കൊണ്ട് ആരാധകസമൂഹം ഏറ്റുപാടുന്നത്. സീറോമലബാർ കുർബാനയിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള കർത്തൃപ്രാർത്ഥനയുടെ രൂപം (മത്താ 6:9-13) അതേപടി നിലനിർത്തിയിരിക്കുകയാണ്. അതിന്റെ ആരംഭത്തിലും അവസാനത്തിലും കാനോന ചേർത്തുകൊണ്ടാണ് കുർബാനയിൽ പ്രാർത്ഥിക്കുന്നത്.
നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
'നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടുകൂടെ' എന്ന മ്ശംശാനയുടെ ഉദ്ഘോഷണം കുർബാനയിൽ പലപ്രാവശ്യമുണ്ട്. സമൂഹത്തെ പ്രാർത്ഥനകളിൽ ഉൾചേർക്കാൻ വേണ്ടിയാണ് മ്ശംശാന ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. നമ്മുടെ സമാധാനം തന്നെയായ മിശിഹാ (എഫേ 2:14) നമ്മോടൊത്തുണ്ടായിരിക്കട്ടെ എന്നാണ് മ്ശംശാന ആശംസിക്കുന്നത്. മിശിഹായുമായുള്ള ഐക്യം വിശുദ്ധ കുർബാനയർപ്പണത്തിന്റെ സുപ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം സാധിതമാകാൻ തുടർന്നുവരുന്ന പുരോഹിതപ്രാർത്ഥന നമ്മെ സഹായിക്കട്ടെ എന്നാണ് ഈ ആശംസയുടെ വിവക്ഷ.
സീറോമലബാർ കുർബാനയിൽ മ്ശംശാനയ്ക്ക് വലിയൊരു പങ്കുവഹിക്കാനുണ്ട്. സമൂഹത്തിനും കാർമ്മികനും ഇടയിൽനിന്നുകൊണ്ട് വിശുദ്ധ കുർബാനയർപ്പണത്തിന്റെ വിവിധ സന്ദർഭങ്ങളിൽ കുർബാനയിൽ അനുസ്മരിക്കുന്ന രഹസ്യങ്ങളുടെ മാനങ്ങൾ വെളിപ്പെടുത്തുക, ഉചിതമായ മനോഭാവം കൈക്കൊള്ളാൻ സമൂഹത്തെ ആഹ്വാനം ചെയ്യുക, വിശ്വാസികൾ കൈക്കൊള്ളേണ്ട ശാരീരികനിലകൾ ഏവയെന്ന് അറിയിക്കുക എന്നിവയൊക്കെ മ്ശംശാനയുടെ കർത്തവ്യമാണ്. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിൽ കാർമ്മികനെ സഹായിക്കുക എന്നതാണ് മ്ശംശാനയുടെ മുഖ്യ ദൗത്യം. മ്ശംശാനയെക്കൂടാതെ കുർബാനയർപ്പിക്കാൻ പൗരസ്ത്യ സുറിയാനി പാരമ്പര്യം അനുവദിച്ചിരുന്നില്ല. മ്ശംശാനയുടെ ഭാഗഭാഗിത്വത്തിന് പൗരസ്ത്യ സുറിയാനി പാരമ്പര്യം നല്കിയിരുന്ന വലിയ പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സങ്കീർത്തനമാല (മർമ്മീസ)
സാധാരണമായി മൂന്നു സങ്കീർത്തനങ്ങളുടെ ഒരു ഗണമാണ് മർമ്മീസ. മർമ്മീസ എന്ന പദം കൊണ്ട് സ്തുതികളുയർത്തുക എന്നാണർത്ഥമാക്കുന്നത്.
കർത്താവിന് ഏറ്റവും പ്രിയങ്കരമായ പ്രാർത്ഥനയായിരുന്ന സങ്കീർത്തനങ്ങൾ സഭയ്ക്കും ഏറെ പ്രിയപ്പെട്ട പ്രാർത്ഥനയായിത്തീർന്നു. സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ മിശിഹായ്ക്കുവേണ്ടിയുള്ള പഴയനിയമകാലകാത്തിരിപ്പിനെയാണ് സഭ അനുസ്മരിക്കുന്നതെന്ന് വ്യാഖ്യാനങ്ങളിൽ കാണുന്നു. ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളുടെ ചൈതന്യത്തിനനുസൃതമായി വ്യത്യസ മർമ്മീസകളുണ്ട്.
മദ്ബഹാഗീതം (ഓനീസാ ദ്കങ്കേ)
പുരാതനപാരമ്പര്യമനുസരിച്ച് ആമുഖശുശ്രൂഷയിലെ പ്രധാന ഘടകമായിരുന്ന മദ്ബഹാഗീതം ഇന്ന് സാധാരണമായി റാസയിലാണ് ഉപയോഗിക്കുന്നത്. മദ്ബഹാഗീതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗത്ത് കാലത്തിന്റെയോ തിരുനാളിന്റെയോ ചൈതന്യം അനുസ്മരിക്കുന്നു. രണ്ടാം ഭാഗം പൊതുവേ സ്ലീവായെക്കുറിച്ചാണ്. മദ്ബഹാഗീതത്തിന്റെ സമയത്ത് ആരാധനാസമൂഹം സ്ലീവാ ചുംബിക്കുന്നു. സ്ലീവായുടെ രഹസ്യത്തിന്റെ ആഘോഷമാണ് കുർബാനയെന്ന സത്യം അനുസ്മരിക്കുന്ന അനുഷ്ഠാനമാണ് ആമുഖശുശ്രുഷയിലെ സ്ലീവാചുംബനം.
ധൂപാശീർവാദം
വിശുദ്ധ കുർബാനയിൽ ധൂപത്തിന് രണ്ട് അർത്ഥങ്ങളാണുള്ളതെന്ന് ധൂപാശീർവാദപ്രാർത്ഥന വ്യക്തമാക്കുന്നു. ദൈവസംപ്രീതിയും ദൈവജനത്തിന്റെ പാപമോചനവുമാണ് ധൂപാർച്ചനയുടെ രണ്ട് പ്രധാനലക്ഷ്യങ്ങൾ.
ഉത്ഥാനഗീതം (ലാകുമാറാ)
ആമുഖശുശ്രൂഷയുടെ സമാപനത്തിലുള്ള 'സകലത്തിന്റെയും നാഥാ' (ലാകുമാറ) ക്രൈസ്തവ പാരമ്പര്യത്തിലെതന്നെ അത്യുദാത്തങ്ങളായ പ്രാർത്ഥനകളിലൊന്നാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായതാണ് ഈ ഗീതം. കർത്താവിന്റെ പ്രത്യക്ഷീകരണം അനുസ്മരിച്ചുകൊണ്ടാണ് ലാകുമാറ പാടുന്നത്. നമ്മുടെ ഉത്ഥാനത്തിന്റെ ഉറവിടമായി ഈശോമിശിഹായെ പാടിപ്പുകഴ്ത്തുന്ന ഗീതമായതിനാൽ ഇതിനെ ഉത്ഥാനഗീതം എന്നും വിളിക്കുന്നു. ഉത്ഥാനഗീതത്തിന്റെ സമയത്ത് വിരിതുറക്കുന്നത് കർത്താവിന്റെ മാമ്മോദീസാവേളയിൽ സ്വർഗ്ഗം തുറന്നതിന്റെ പ്രതീകമാണ്. ഈ ഗീതത്തിന്റെ സമയത്താണ് ദീപാലംകൃതമായ മദ്ബഹ തുറക്കുകയും ധൂപിക്കുകയും ചെയ്യുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കേന്ദ്രബിന്ദുവായ രണ്ട് ആശയങ്ങളാണ് ഈ ഗീതത്തിലുള്ളത്. ശരീരത്തിന്റെ ഉയിർപ്പും ആത്മാക്കളുടെ രക്ഷയും ഉത്ഥാനഗീതത്തിനൊരുക്കമായുള്ള പ്രാർത്ഥനയിൽ സ്വർഗത്തിൽ നിന്നു പ്രത്യക്ഷപ്പെടുന്ന കർത്താവിനെ സ്വീകരിക്കാനുള്ള യോഗ്യതയ്ക്കായി കാർമ്മികൻ പ്രാർത്ഥിക്കുന്നു. ഉത്ഥാനഗീതത്തിലെ ആശയങ്ങൾ വീണ്ടും ഊന്നിപ്പറയുന്ന പ്രാർത്ഥനയാണ് തുടർന്നുവരുന്നത്.
വചനശുശ്രൂഷ
വചനമായ കർത്താവിന്റെ രക്ഷാകരമായ ശുശ്രൂഷയുടെ ആഘോഷമാണ് വചനശുശ്രൂഷ. കർത്താവിന്റെ ശുശ്രൂഷയുടെ പൂർത്തീകരണസ്ഥാനം ജറുസലേമായിരുന്നു. ഈ ജറുസലേമിന്റെതന്നെ പ്രതീകമായ ബേമ്മയിലാണ് വചനശുശ്രൂഷ നടക്കുന്നത്. യഹൂദസിനഗോഗിലെ സിനാക്സിസ് (Synaxis) എന്നറിയപ്പെടുന്ന വചനശുശ്രൂഷയോട് കുർബാനയിലെ വചനശുശ്രൂഷയ്ക്ക് നിർണ്ണായകസാമ്യമുണ്ട്. വായനകൾ, ഗീതങ്ങൾ, സങ്കീർത്തനങ്ങൾ, വ്യാഖ്യാനം, പ്രാർത്ഥനകൾ എന്നിവയായിരുന്നു സിനഗോഗിലെ വചനശുശ്രൂഷയുടെ ഘടകങ്ങൾ. ഇവയിലെ എല്ലാ ഘടകങ്ങളും തന്നെ സീറോമലബാർ കുർബാനയിലെ വചനശുശ്രൂഷയിലുണ്ട്. വചനശുശ്രൂഷ ആരംഭിക്കുന്നത് ത്രിശുദ്ധകീർത്തനം എന്ന പേരിലുള്ള മാലാഖമാരുടെ കീർത്തനത്തോടുകൂടിയാണ്. ഏശയ്യായുടെ ദർശനമാണ് ഈ ഗീതത്തിന്റെ അടിസ്ഥാനം (ഏശ 6:3). ദൈവം പരിശുദ്ധനും ബലവാനും അമർത്യനുമാണെന്ന് ഈ ഗീതം വെളിപ്പെടുത്തുന്നു. ആ ദൈവത്തെ വചനത്തിലൂടെ ശ്രവിക്കുവാനും സ്വീകരിക്കുവാനുമുള്ള കരുണയ്ക്കുവേണ്ടി ഈ ഗീതത്തിൽ പ്രാർത്ഥിക്കുന്നു. സത്തയിൽ ഒന്നാണെങ്കിലും മൂന്നാളുകളിലുള്ള ദൈവികപ്രകൃതിയെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്ന ഗീതമാണിത്. ത്രിശുദ്ധകീർത്തനത്തെ തുടർന്നുവരുന്ന പ്രാർത്ഥന ഈ കീർത്തനത്തിന്റെ ആഹ്വാനത്തെ ആവർത്തിച്ചുദ്ഘോഷിക്കുന്നു.
യഹൂദപാരമ്പര്യത്തിലെന്നപോലെ നിയമഗ്രന്ഥത്തിൽ നിന്നും പ്രവാചകരിൽനിന്നും രണ്ടു വായനകൾ നടത്തുന്ന പതിവാണ് പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ളത്. നിയമവും പ്രവാചകൻമാരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെ പഴയനിയമത്തെ സമഗ്രമാക്കുന്നു എന്ന യഹൂദ കാഴ്ചപ്പാടുതന്നെയാണ് പൗരസ്ത്യസുറിയാനി പാരമ്പര്യവും സ്വീകരിച്ചത്. പഴയനിയമം മിശിഹാരഹസ്യത്തെ പ്രതിരൂപങ്ങളിലൂടെ ഉദ്ഘോഷിക്കുന്നു. മിശിഹായെക്കുറിച്ചുള്ള സൂചനകൾനിറഞ്ഞതാണ് പഴയനിയമമെന്ന് സുവിശേഷവും (ലൂക്കാ 24:25-27) അഫ്രാത്ത്, അംപ്രേം തുടങ്ങിയ പിതാക്കന്മാരും പഠിപ്പിക്കുന്നുണ്ട്.
പഴയനിയമവായനകൾക്കുശേഷം വരുന്ന 'ശുറായ' കീർത്തനം ആ ദിവസം ആഘോഷിക്കുന്ന രഹസ്യത്തിന്റെ അല്ലെങ്കിൽ ആരാധനാകാലത്തിന്റെ ചൈതന്യത്തിന്റെ സ്മരണ പ്രഘോഷിക്കുന്നു. റാസക്രമത്തിൽ ലേഖനവായനയ്ക്കും സുവിശേഷവായനയ്ക്കും മുമ്പ് 'തുർഗാമ' എന്നറിയപ്പെടുന്ന വ്യാഖ്യാനഗീതമുണ്ട്. ദൈവവചനത്തിന്റെ ശക്തിവിശേഷങ്ങൾ ഉദ്ഘോഷിക്കുന്നവയാണ് തൂർഗാമകൾ. ശ്ലീഹാ തനിക്കുണ്ടായ മിശിഹാനുഭവം ലേഖനത്തിലൂടെ പ്രഘോഷിക്കുകയാണെന്ന് ലേഖനത്തിന്റെ തുർഗാമയും, സുവിശേഷകൻ തന്റെ മിശിഹാനുഭവം സുവിശേഷത്തിലൂടെ പ്രഘോഷിക്കുന്നുവെന്ന് സുവിശേഷത്തിന്റെ തുർഗാമയും വ്യക്തമാക്കുന്നു. റാസക്രമത്തിൽ സുവിശേഷവായനയ്ക്കു മുമ്പായി സുമ്മാറ എന്നറിയപ്പെടുന്ന ഹല്ലേലുയ്യാഗീതവും, ഓനീസാ ദ്ഏവൻ ഗേലിയോൻ എന്നറിയപ്പെടുന്ന സുവിശേഷഗീതവുമുണ്ട്. റാസയിൽ സുവിശേഷഗീതത്തിന്റെ സമയത്ത് മദ്ബഹയിലുള്ളവരെല്ലാവരും സുവിശേഷം ചുംബിക്കുന്നു. മദ്ബഹയിൽനിന്നു ബേമ്മയിലേക്കുള്ള സുവിശേഷ പ്രദക്ഷിണം സ്വർഗത്തിൽനിന്നു ജറുസലേമിലേക്കുള്ള വചനത്തിന്റെ ആഗമനത്തെയാണ് അനുസ്മരിക്കുന്നത്. ആരാധനാസമൂഹം വചനമായ കർത്താവിനെ സ്വീകരിക്കുന്നവേളയാണ് സുവിശേഷപ്രദക്ഷിണം,. സദ്വാർത്ത പ്രഘോഷിക്കാൻ ഇറങ്ങിവരുന്ന മിശിഹായെ ആരാധനാസമൂഹം എഴുന്നേറ്റുനിന്ന് ഹല്ലേലൂയ്യാഗീതമാലപിച്ച് സ്വീകരിക്കുന്നു.
പ്രകാശമായ മിശിഹായെ സൂചിപ്പിക്കുന്നതാണ് കത്തിച്ച തിരി. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുന്ന ദൈവികപ്രകാശത്തെയാണ് ലേഖനവായനയുടെ സമയത്തും സുവിശേഷ വായനയുടെ സമയത്തും വഹിക്കുന്ന തിരികൾ അർത്ഥമാക്കുന്നത്.
വചനശുശ്രൂഷയിൽ വായിച്ച ദൈവവചനഭാഗങ്ങളുടെ വെളിച്ചത്തിലും, തന്റെതന്നെ മിശിഹാനുഭവത്തിന്റെ വെളിച്ചത്തിലും തന്റെ സൂക്ഷ്യത്തിന് ഏല്പിക്കപ്പെട്ട ജനത്തിന്റെ ജീവിത സാഹചര്യത്തിനനുസൃതമായും കാർമ്മികനായ പുരോഹിതൻ വചനം പ്രഘോഷിക്കുന്നതാണ് കുർബാനയിലെ സുവിശേഷപ്രസംഗം.വചനശുശ്രൂഷയിലെ കാറോസൂസയെ പ്രഘോഷണമായിട്ടു വേണം മനസ്സിലാക്കാൻ. ആരാധനാസമൂഹം ഡീക്കന്റെ നേതൃത്വത്തിൽ തങ്ങൾ ശ്രവിച്ച വചനത്തോട് പ്രതികരിച്ചുകൊണ്ട് കർത്താവേ, ഞങ്ങളോട് കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു. മൂന്നുഗണം കാറോസൂസകളാണ് നമ്മുടെ കുർബാനയിലുണ്ടായിരുന്നത്. ആദ്യത്തേതിനുള്ള മറുപടി 'കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ' എന്നാണ്. (ഇപ്പോഴുള്ള തക്സയിൽ കർത്താവേ, ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ' എന്നാണ് കൊടുത്തിരിക്കുന്നത്). രണ്ടാമത്തെ കാറോസസ വിവിധ ഗണങ്ങളിൽപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ളതാണ്. ദീർഘമായ ഇത്തരം അനുസ്മരണങ്ങൾക്ക് ജനം 'ആമേൻ' എന്നു മറുപടി ചൊല്ലുന്നു. (ഇപ്പോഴത്തെ കുർബാനക്രമത്തിൽ ഈ കാറോസൂസ നല്കിയിട്ടില്ല). സമാധാനത്തിന്റെ മാലാഖയെ അയയ്ക്കണമേ എന്നപേക്ഷിച്ചു തുടങ്ങുന്ന മൂന്നാമത്തെ കാറോസൂസയുടെ മറുപടി കർത്താവേ, അങ്ങയോടു ഞങ്ങൾ യാചിക്കുന്നു' എന്നാണ്. ഇപ്പോഴത്തെ കുർബാനക്രമത്തിൽ ആരാധനക്രമവത്സരകാലത്തിനനുസരിച്ച് മാറിവരുന്ന കാറോസൂസകൾ ഒന്നാം ഗണം കാറോസുസയ്ക്കു പകരമായി കൊടുത്തിട്ടുണ്ട്.
സീറോ മലബാർ സഭയുടെ ആരാധനക്രമത്തിലുപയോഗിക്കുന്ന വിശുദ്ധഗ്രന്ഥവായനാപുസ്തകങ്ങളെ 'പ്രഘോഷണഗ്രന്ഥങ്ങൾ' (Lectionaries) എന്നാണ് വിളിക്കുന്നത്. വിശുദ്ധഗ്രന്ഥം വായിക്കുന്നു എന്നതിനേക്കാൾ പ്രഘോഷിക്കുന്നു എന്നു പറയുന്നതാണ് അർത്ഥവത്തായിട്ടുള്ളത്. വചനശുശ്രൂഷയുടെ പ്രേഷിതമാനത്തെ വെളിപ്പെടുത്തുന്ന സംജ്ഞയാണ് പ്രഘോഷണഗ്രന്ഥം എന്നത്. നമ്മുടെ മുമ്പിൽ പ്രഘോഷിക്കപ്പെടുന്ന വചനത്തെ സ്വീകരിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കാൻ നമുക്കു ബാദ്ധ്യതയുണ്ട്. സുവിശേഷകന്മാരും പൗലോസ്ശ്ലീഹായും മറ്റും പ്രഘോഷിച്ചതുപോലെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടവരാണ് എല്ലാ വിശ്വാസികളും.
വചനശുശ്രൂഷയുടെ സമാപനത്തിൽ, ഡീക്കന്റെ ആഹ്വാനമനുസരിച്ച്, കൈവയ്പിനും ദൈവത്തിന്റെ ആശീർവാദത്തിനുമായി എല്ലാവരും തലകുനിക്കുന്നു.
ഒരുക്കശുശൂഷ
കുർബാനയർപ്പണവേളയായ കൂദാശയ്ക്ക് (അനാഫൊറ) വേണ്ടിയുള്ള ഒരുക്കം കുർബാനയിൽ വളരെ പ്രധാന്യമുള്ളതാണ്. ബാഹ്യമായ ഒരുക്കം, ആന്തരികമായ ഒരുക്കം എന്നിങ്ങനെ രണ്ടുതരം ഒരുക്കങ്ങളുണ്ട്. ദിവ്യരഹസ്യങ്ങളായ അപ്പവും വീഞ്ഞും തയ്യാറാക്കി ഉപപീഠങ്ങളിൽ (ബേസ്ഗസ്സകളിൽ) സജ്ജീകരിക്കുന്നതും, തുടർന്ന് പ്രദക്ഷിണമായി ബലിപീഠത്തിലേക്ക് കൊണ്ടുവന്ന് സ്ഥാപിക്കുന്നതും അവയെ ശോശപ്പകൊണ്ട് മൂടുന്നതും ബാഹ്യമായ ഒരുക്കമാണ്. വിശുദ്ധ കുർബാനയ്ക്കാവശ്യമായ ഭൗതികപദാർഥങ്ങൾ സജ്ജമാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
പൗര്യസ്ത്യസുറിയാനി പാരമ്പര്യത്തിൽ കുർബാനയ്ക്കുള്ള അപ്പം ചുട്ടെടുക്കുന്നതുതന്നെ ലിറ്റർജിയോട് ബന്ധപ്പെട്ടകാര്യമായിരുന്നു. പ്രാർത്ഥനകളുടെ അകമ്പടിയോടെയാണ് കുർബാനയ്ക്കുള്ള അപ്പം ചുട്ടിരുന്നത്. അപ്പത്തെയും വീഞ്ഞിനെയും കുർബാനയിൽ ദിവ്യരഹസ്യങ്ങൾ എന്നാണ് വിളിക്കുന്നത്. അപ്പവും വീഞ്ഞും തയ്യാറാക്കി അൾത്താരയിൽ സജ്ജീകരിക്കുന്നതിന് പ്രതികാത്മകമായ അർത്ഥമാണുള്ളത്. അപ്പവും വീഞ്ഞും ഉപപീഠങ്ങളിൽ ഒരുക്കുമ്പോഴും, അൾത്താരയിലേക്ക് സംവഹിക്കുമ്പോഴും, പ്രാർത്ഥന ചൊല്ലി അൾത്താരയിൽ സ്ഥാപിക്കുമ്പോഴും നമ്മുടെ കർത്താവിന്റെ പീഡാനുഭവവും മരണവുമാണ് അനുസ്മരിക്കുന്നത്. ദിവ്യരഹസ്യങ്ങൾ ഒരുക്കുമ്പോഴുള്ള പ്രാർത്ഥനകൾ ഈ പ്രതികാത്മകതയിലേക്ക് വിരൽ ചൂണ്ടുന്നു. ഒരുക്കശുശ്രൂഷയിൽ അപ്പത്തെയും വീഞ്ഞിനെയും ശരീരമെന്നും രക്തമെന്നും വിളിക്കുന്നത് അവ ശരീരരക്തങ്ങളായിതീർന്നു എന്ന അർത്ഥത്തിലല്ല. പ്രത്യുത പെസഹാരഹസ്യത്തിന്റെ അനുസ്മരണത്തിൽ അവ ശരീരരക്തങ്ങളുടെ പ്രതീകങ്ങളാണ് എന്ന അർത്ഥത്തിലാണ്.
വീഞ്ഞ് തയ്യാറാക്കുമ്പോൾ അല്പം വെള്ളം ചേർക്കുന്നത് അതിപുരാതനമായ ക്രമമാണ്. കർത്താവിന്റെ തിരുവിലാവിൽനിന്ന് രക്തവും വെള്ളവും ഒഴുകിയതിനെ അനുസ്മരിക്കുന്ന കർമ്മമാണിത്. മിശിഹായിൽ ദൈവമനുഷ്യസ്വഭാവങ്ങൾ സമ്മേളിച്ചിരുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ കൂട്ടിച്ചേർക്കലെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നു. മിശിഹായും സഭയും തമ്മിലുള്ള ഗാഢമായ ഐക്യത്തെയും സൂചിപ്പിക്കുന്നതാണ് ഈ കൂട്ടിച്ചേർക്കൽ. ദിവ്യരഹസ്യങ്ങൾ ബലിപീഠത്തിലേക്കു സംവഹിക്കുമ്പോൾ ആലപിക്കുന്ന ഗീതത്തെ ദിവ്യരഹസ്യഗീതം (ഓനീസാ ദ്റാസേ) എന്നു വിളിക്കുന്നു. ആരാധനാകാലത്തിനനുസരിച്ച് മാറിവരുന്ന ഗീതമാണിത്.
അപ്പത്തെയും വീഞ്ഞിനെയും വിശ്വാസികളർപ്പിക്കുന്ന കാഴ്ചവസ്തുക്കളായി പുരാതനകാലത്ത് കണക്കാക്കിയിരുന്നു. പില്കാലത്ത് അപ്പത്തിനും വീഞ്ഞിനും പകരം തങ്ങളുടെ പ്രതീകാത്മകസമർപ്പണത്തിന്റെ അടയാളമായി മറ്റു വസ്തുക്കളോ പണമോ സമർപ്പിക്കുന്ന പതിവുണ്ടായി. വിശുദ്ധ കുർബാനയിൽ മിശിഹായുടെ ശരീരരക്തങ്ങളുടെ അർപ്പണമാണ് യഥാർത്ഥ ബലിയർപ്പണം. ഈ അർപ്പണത്തോട് പ്രതീകാത്മകമായി ചേർന്ന് തങ്ങളെത്തന്നെ അർപ്പിക്കുന്നതിന് വിശ്വാസികൾക്ക് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. അദ്ധ്വാന ഫലങ്ങൾ കൂർബാനയ്ക്കു മുമ്പായി ദേവാലയത്തിന്റെ മോണ്ടളത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്ന പതിവാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിലുണ്ടായിരുന്നത്. കുർബാനയ്ക്കിടയിൽ പണം ദാനമായി നല്കുന്നത്, പ്രതീകാത്മകസമർപ്പണത്തിന്റെ ഭാഗമാണ്. ദൈവത്തിന് ബലിയർപ്പിക്കുന്നവൻ തന്റെ സഹോദരങ്ങൾക്കായി അർപ്പിക്കപ്പെടണം എന്ന ചിന്തയുടെ ആരാധനാപരമായ സാക്ഷാത്കാരമാണ് ഈ പങ്കുവയ്ക്കലിലുള്ളത്. വിശക്കുന്നവരും ക്ലേശിക്കുന്നവരുമായ സഹോദരങ്ങൾക്കുവേണ്ടിയുള്ള സ്നേഹപൂർവ്വകമായ പങ്കുവയ്ക്കലാണിത്.
കൂദാശയ്ക്കുള്ള ആന്തരിക ഒരുക്കം മാത്രമായിട്ടുള്ള പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. കാർമ്മികന്റെ കൈകഴുകൽ, മദ്ബഹായുടെ കവാടത്തിങ്കലെ പ്രാർത്ഥന, വിശ്വാസപ്രമാണം, ബലിപീഠത്തിങ്കലേക്കുള്ള കാർമ്മികന്റെ പ്രദക്ഷിണപ്രാർത്ഥന എന്നിവയാണ് ആന്തരിക ഒരുക്കത്തിലെ പ്രധാനഘടകങ്ങൾ. അയോഗ്യരെ പറഞ്ഞയയ്ക്കൽ, റാസക്രമത്തിലെ സാഷ്ടാംഗപ്രണാമം, ശുശ്രൂഷിയുടെ കാറോസൂസ എന്നിവയും ഈ ഒരുക്കശുശ്രൂഷയിലെ മറ്റുഭാഗങ്ങളാണ്.മാമ്മോദീസ സ്വീകരിക്കാത്ത സ്നാനാർത്ഥികൾ, ഗൗരവതരമായ പാപങ്ങൾ ചെയ്ത് ദിവ്യകാരുണ്യസമൂഹത്തിൽ നിന്ന് പറഞ്ഞയയ്ക്കപ്പെട്ടവർ, വിശുദ്ധകുർബാന സ്വീകരിക്കുന്നില്ലാത്തവർ എന്നിങ്ങനെ മൂന്നുകൂട്ടരെ മാറ്റിനിർത്തിക്കൊണ്ട് ആരാധനാസമൂഹത്തെ യോഗ്യതയുള്ള വിശ്വാസികളുടെ മാത്രം സമൂഹമാക്കിത്തീർക്കുന്നു. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ ആദ്ധ്യാത്മികമായ യോഗ്യതയെ സൂചിപ്പിക്കുന്നതാണ് അയോഗ്യരെ പറഞ്ഞയയ്ക്കൽകർമ്മം. ഭക്തിയോടും ശ്രദ്ധയോടും കൂടി ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളാനുള്ള ആഹ്വാനമായി ഇന്ന് ഈ കർമ്മത്തെ മാറ്റിയിരിക്കുന്നു.
കാർമ്മികൻ തന്റെ അയോഗ്യത ഏറ്റുപറഞ്ഞുകൊണ്ട് ബേമ്മയിൽ സാഷ്ടാംഗം പ്രണമിച്ച് നാലുവശങ്ങളിലും മൂന്നുപ്രാവശ്യംവീതം ചുംബിക്കുന്നതാണ് റാസയിലെ സാഷ്ടാംഗപ്രണാമം. പുരാതനകാലത്ത് ഹൈക്കലയുടെ നടുവിലുണ്ടായിരുന്ന ബേമ്മയെ സൂചിപ്പിക്കുന്നതാണ് ഇന്ന് ഹൈക്കലയുടെ നടുവിൽ വിരിക്കുന്ന വിരിപ്പ്. സാഷ്ടാംഗപ്രണാമസമയത്ത് ജനം പാടുന്ന ഓനീസാ, വൈദികൻ ബലിപീഠത്തിങ്കലെത്തി നിർവഹിക്കുന്ന മഹോന്നതകർമ്മമായ കൂദാശയെ ഓർമ്മിപ്പിക്കുന്നതാണ്. തത്സമയം അക്കാര്യം അനുസ്മരിപ്പിച്ച്, കാർമ്മികൻ വിരിപ്പിന്മേൽ ആശീർവദിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഉപകരണമായി കുർബാനയിൽ പ്രവർത്തിക്കുന്നവനാണ് വൈദികൻ എന്ന് ഈ ഓനീസാ വ്യക്തമാക്കുന്നു. മദ്ബഹായിലേക്ക് പുരോഹിതനെ സ്വാഗതം ചെയ്യാനും ആനയിക്കാനുമാണ് മദ്ബഹായിൽ നിന്ന് മ്ശംശാനമാർ ഇറങ്ങിവരുന്നത്. സാഷ്ടാംഗപ്രണാമകർമ്മം പുരോഹിതന്റെ മദ്ബഹാപ്രവേശനത്തിനുള്ള ആദ്ധ്യാത്മികതയ്യാറെടുപ്പാണ്. സാഷ്ടാംഗപണാമത്തിലൂടെ പുരോഹിതനും ആരാധനാസമൂഹം മുഴുവനും ബലിയർപ്പണത്തിനുവേണ്ടി ആദ്ധ്യാത്മികമായി ഒരുങ്ങുന്നു.
കാർമ്മികൻ തന്റെയും സമൂഹത്തിന്റെയും പാപക്കറകൾ കഴുകി ഹൃദയം നിർമ്മലമാക്കുന്നതിന്റെ അടയാളമായിട്ടാണ് മദ്ബഹാപ്രവേശത്തിന് ഒരുക്കമായി ബേമ്മയിൽ വച്ച് കൈകൾ കഴുകുന്നത്. കഴുകി വെടിപ്പാക്കപ്പെട്ട ഹൃദയത്തോടും നിർമ്മലമനസ്സാക്ഷിയോടും കൂടെ ബലിപീഠത്തിങ്കൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനുള്ള യോഗ്യതയ്ക്കായി കാർമ്മികൻ മദ്ബഹായുടെ കവാടത്തിൽ വച്ച് പ്രാർത്ഥിക്കുന്നു. ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷ നിർവഹിക്കുവാനും മിശിഹായുടെ ബലിയർപ്പണത്തിൽ പങ്കുചേരുവാനും യഥാർത്ഥവിശ്വാസം അനിവാര്യമാണ്. വിശ്വാസപ്രമാണം ഉദ്ഘോഷിച്ച്, കാർമ്മികനും സമൂഹം മുഴുവനും തങ്ങളുടെ ഉറച്ചുവിശ്വാസം ഏറ്റുപറയുന്നു. ബലിയർപ്പണത്തിനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിച്ചുകൊണ്ടും ബലിയർപ്പണത്തിനായി തന്നെ തിരഞ്ഞെടുത്ത ദൈവത്തെ സ്തുതിച്ചുകൊണ്ടുമാണ് കാർമ്മികൻ ബലിപീഠത്തെ സമീപിക്കുന്നത്. കർത്താവിന്റെ കബറിടമാകുന്ന ബലിപീഠത്തിലെത്തുന്ന കാർമ്മികൻ ആ ബലിപീഠത്തോട് തനിക്കുള്ള ഭയഭക്ത്യാദരവുകൾ പ്രകടമാക്കിക്കൊണ്ട് മൂന്നുപ്രാവശ്യം ചുംബിക്കുന്നു. തത്സമയം മ്ശംശാന ചൊല്ലുന്ന പ്രഘോഷണ പ്രാർത്ഥനയിലൂടെ (കാറോസൂസ്) സഭയിലെ ജീവിക്കുന്നവരും മരിച്ചവരുമായ പിതാക്കന്മാരെയും പ്രിയപ്പെട്ടവരെല്ലാവരെയും അനുസ്മരിക്കുന്നു. ദിവ്യരഹസ്യങ്ങളുടെ സ്മരണകൊണ്ടാടുന്നതിനുള്ള ഏറ്റവും അടുത്ത ഒരുക്കമാണിത്.
കൂദാശാ ശുശ്രൂഷ (അനാഫൊറ)
കുർബാനയുടെ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. ദൈവത്തിന്റെ സൃഷ്ടികർമ്മത്തെയും രക്ഷാകർമ്മത്തെയുംപ്രതി അവിടുത്തേക്ക് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്ന പ്രാർത്ഥനകളാണ് കൂദാശയിൽ പ്രധാനമായിട്ടുള്ളത്. കൂദാശ എന്ന വാക്കിന് മഹത്ത്വപ്പെടുത്തൽ, പവിത്രീകരിക്കൽ എന്നൊക്കെ അർത്ഥമുണ്ട്. ഒരു തലത്തിൽ, കൂദാശയിലെ പ്രാർത്ഥനകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നവയാണെങ്കിൽ, മറ്റൊരു തലത്തിൽ അവ ദിവ്യരഹസ്യങ്ങളെയും ആരാധനാസമൂഹത്തെയും പവിത്രീകരിക്കുന്നവയാണ്. അനാഫൊറ എന്ന ഗ്രീക്കുപദത്തിന് ഉയർത്തിക്കൊടുക്കുക, അർപ്പിക്കുക എന്നൊക്കെയാണർത്ഥം. ഇതിന് സമാനമായി സുറിയാനി പാരമ്പര്യത്തിലുള്ള വാക്ക് കൂർബാന എന്നതാണ്. കൂദാശാപ്രാർത്ഥനയെ "കുർബാന' എന്നും വിളിക്കാറുണ്ട്. ദിവ്യരഹസ്യങ്ങളുടെ അർപ്പണം എന്ന അർത്ഥത്തിലാണ് കൂദാശാപ്രാർത്ഥനയെ പൊതുവേ അനാഫൊറ അല്ലെങ്കിൽ കൂർബാന എന്നു വിളിക്കുന്നത്.
ദൈവത്തിനർപ്പിക്കുന്ന സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും എന്ന അർത്ഥത്തിൽ കൂദാശയെ കൃത്ജ്ഞതാസ്തോത്രപ്രാർഥന' എന്ന് വിളിക്കുന്നു. ലത്തീൻ പാരമ്പര്യത്തിൽ ഈ പേരിനാണ് പ്രാമുഖ്യം. 'യുക്കരിസ്റ്റ്' എന്ന് വിശുദ്ധ കുർബാനയെ വിളിക്കുന്നത് ഈ അർത്ഥത്തിലാണ്. വിവിധ ആരാധന ക്രമപാരമ്പര്യങ്ങളിൽ വ്യത്യസ്തങ്ങളായ കൂദാശകൾ (അനാഫൊറകൾ) ഇന്ന് ഉപയോഗിച്ചുവരുന്നുണ്ട്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ മൂന്നു കൂദാശകളാണുള്ളത്. ഏറ്റവും പുരാതനമായ കൂദാശ, മാർ അദ്ദായിയുടെയും മാർ മാറിയുടെയും പേരിൽ അറിയപ്പെടുന്നു. രണ്ടാമത്തേത്, മാർ തെയദോറിന്റെയും മൂന്നാമത്തേത്, മാർ നെസ്തോറിയസിന്റെയും പേരിലാണ്.
യഹൂദരുടെ ബൊറാക്കാപ്രാർത്ഥനയുടെ ശൈലിയാണ് അടിസ്ഥാനപരമായി കൂദാശയ്ക്കുള്ളത്. അദ്ദായിയുടെയും മാറിയുടെയും കൂദാശ യഹൂദബൊറാക്കയോട് അടുത്ത സാമ്യം പുലർത്തുന്നു. സൃഷ്ടിയെയും രക്ഷയെയും പ്രതി ദൈവത്തിന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുകയും, ഒടുവിൽ ഇസ്രായേലിന്റെ വിമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് ബെറാക്കയുടെ പ്രധാന ഉള്ളടക്കം. ഇതേഘടന തന്നെയാണ് അദ്ദായിയുടെയും മാറിയുടെയും കൂദാശയ്ക്കുള്ളത്. സൃഷ്ടി, രക്ഷ എന്നിവയെ പ്രതി ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന്, സഭയ്ക്കും ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കുന്നു. സമാപനത്തിൽ പരിശുദ്ധാത്മാവിനെ അയച്ച് പവിത്രീകരിക്കാൻ അപേക്ഷിക്കുന്നു.
നാലു പ്രണാജപവൃത്തങ്ങൾ ചേർന്നതാണ് ഈ കൂദാശ' ഓരോ പ്രണാമജപവൃത്തത്തിലും കാർമ്മികന്റെ രഹസ്യപ്രാർത്ഥന (കൂശാപ്പ), പ്രാർത്ഥനാഭ്യർത്ഥന, പ്രണാമജപം (ഗ്ഹാന്ത), സ്തുതിപ്പ് (കാനോന) എന്നിങ്ങനെ നാലു ഘടകങ്ങളുണ്ട്. പുരോഹിതൻ തന്റെതന്നെയും ആരാധനാസമൂഹത്തിന്റെയും അയോഗ്യത ഏറ്റുപറഞ്ഞ് ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനുള്ള യോഗ്യതയ്ക്കായി പ്രാർത്ഥിക്കുന്നതാണ് കൂശാപ്പ. താഴ്ന്നസ്വരത്തിൽ പുരോഹിതൻ നിർവഹിക്കുന്ന സ്വകാര്യ പ്രാർഥനയാണിത്. യോഗ്യമാംവിധം കുർബാനയർപ്പിക്കുന്നതിനുവേണ്ടി കാർമ്മികൻ ആരാധനാസമൂഹത്തിന്റെ പ്രാർത്ഥനാസഹായം തേടുന്നതാണ് പ്രാർത്ഥനാഭ്യർഥന. രണ്ടാം പ്രണാമജപപ്രവൃത്തത്തിൽ പ്രാർത്ഥനാഭ്യർത്ഥന ഇല്ല. ആ സ്ഥാനത്ത് മറ്റെല്ലാ അനാഫൊറകളിലുമുള്ളതുപോലെ ഭാഷണപ്രാർത്ഥനയാണുള്ളത്. സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രാർത്ഥന ഉൾകൊള്ളുന്നതാണ് 'ഗ്ഹാന്ത' പ്രാർത്ഥന. 'ഗ്ഹാന്ത' എന്ന സുറിയാനി വാക്കിന്റെ അർത്ഥം കുനിഞ്ഞു നില്പ് എന്നാണ്. അതുകൊണ്ട് കുനിഞ്ഞുനിന്ന് സ്വരം താഴ്ത്തിയാണ് ഗ്ഹാന്ത ചൊല്ലുന്നത്. ഗ്ഹാന്തയുടെ സമാപനത്തിൽ നിവർന്നുനിന്ന് സ്വരമുയർത്തി ചൊല്ലുന്ന സ്തുതിവാക്യമാണ് 'കാനോന'.
ദൈവം നല്കിയിട്ടുള്ള അനുഗ്രഹങ്ങളെ പ്രതി പൊതുവായി നന്ദിയർപ്പിക്കുകയാണ് ഒന്നാം ഗ്ഹാന്തായിൽ. 'നന്ദിപറയൽ' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അനുഗ്രഹങ്ങളുടെ ഏറ്റുപറച്ചിൽ എന്നാണ്. കാർമ്മികന്റെയും സമൂഹത്തിന്റെയും അയോഗ്യത പരിഗണിക്കാതെ ബലിയർപ്പണത്തിനായി യോഗ്യത നല്കിയ ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നു. യോഗ്യതയോടുകൂടി ബലിയർപ്പിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സഹോദരങ്ങളുമായി അനുരഞ്ജനപ്പെട്ടിട്ടുവേണം ബലിയർപ്പിക്കാൻ (മത്താ 23-24) എന്ന കർത്താവിന്റെ ആഹ്വാനത്തിന്റെ അനുഷ്ഠാനപരമായ നിറവേറ്റലാണ് കൂദാശയുടെ ആരംഭഭാഗത്തുള്ള സമാധാനം കൊടുക്കൽ. തുടർന്നുവരുന്ന അനുസ്മരണാ പ്രാർത്ഥനയുടെ (ഡിപ്റ്റിക്സിന്റെ) സമയത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ചില സഭാംഗങ്ങളെ പേരെടുത്ത് മ്ശംശാന അനുസ്മരിക്കുന്നു. മരിച്ചവരെ പ്രത്യേകമായി അനുസ്മരിക്കാനും ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകനിയോഗങ്ങൾ സമർപ്പിക്കാനുമുള്ള അവസരമാണിത്. വിശുദ്ധ കുർബാന ജീവിക്കുന്നവരും മരിച്ചവരുമായ എല്ലാവരോടുമുള്ള കൂട്ടായ്മയുടെ ആഘോഷമാണെന്ന് ഡിപ്റ്റിക്സ് വെളിപ്പെടുത്തുന്നു. കുർബാനയുടെ ഫലം ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരുമായ എല്ലാവർക്കും ലഭ്യമാണെന്നും പ്രഖ്യാപിക്കുന്നു. ദൈവം നിർവഹിച്ച മഹനീയകൃത്യങ്ങൾ അനുസ്മരിച്ച്, അവിടത്തെ സ്തുതിക്കുവാനും അവിടുത്തേക്ക് കൃതജ്ഞതയർപ്പിക്കുവാനുമുള്ള ക്ഷണമാണ് ഭാഷണപ്രാർത്ഥനയിലുള്ളത്. 'നമ്മുടെ കർത്താവീശോമിശിഹായുടെ കൂപയും.....' എന്നു തുടങ്ങുന്ന പൗലോസ് ശ്ലീഹായുടെ ആശംസാവാക്യവും (2 കോറി 13:13) നിങ്ങളുടെ വിചാരങ്ങൾ ഉന്നതത്തിലേക്കുയരട്ടെ എന്നു തുടങ്ങുന്ന കാർമ്മികന്റെ ആഹ്വാനങ്ങളും അവയ്ക്ക് സമൂഹം നല്കുന്ന മറുപടികളും ചേർന്നതാണ് ഭാഷണപ്രാർത്ഥന.
ദൈവത്തിന്റെ സൃഷ്ടികർമ്മത്തെപ്രതി സ്വർഗീയഗണങ്ങളോടുചേർന്ന് അവിടത്തെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയുമാണ് രണ്ടാം ഗ്ഹാന്തയിൽ. രണ്ടാം ഗ്ഹാന്തയുടെ കാനോനയും അതിനുള്ള സമൂഹത്തിന്റെ പ്രത്യുത്തരവും ചേർന്നതാണ് പരിശുദ്ധൻ (ഓശാനഗീതം) എന്ന കീർത്തനം. ഏശയ്യായുടെ ദർശനത്തിൽ പാടിപ്പുകഴ്ത്തുന്ന സ്വർഗീയഗണങ്ങളോടു ചേർന്ന് (ഏശ 5:3) ആരാധനാസമൂഹം ദൈവത്തെ പാടിപ്പുകഴ്ത്തുന്നു. 'കർത്താവ് രക്ഷിക്കട്ടെ' എന്ന് അർത്ഥം വരുന്ന ഓശാന പാടിക്കൊണ്ടുള്ളതാണ് ഈ ദൈവസ്തുതി. വിശുദ്ധ കുർബാന സ്വർഗീയഗണങ്ങളോട് ചേർന്നുള്ള ആരാധനയാണെന്ന് 'പരിശുദ്ധൻ' എന്ന കീർത്തനസമയത്ത് കാർമ്മികൻ ചൊല്ലുന്ന കൂശാപ്പപ്രാർത്ഥന വ്യക്തമാക്കുന്നുണ്ട്. “നിസ്സാരരായ ഞങ്ങളുടെ കീർത്തനങ്ങൾ സ്രാപ്പേൻമാരുടെയും മുഖ്യദൂതൻമാരുടെയും സ്തോത്രങ്ങളോടു ചേർക്കണമേ. ഭൂവാസികളെ സ്വർഗവാസികളോടൊന്നിപ്പിച്ച അങ്ങയുടെ കാരുണ്യത്തിന് സ്തുതി".
വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ സ്വർഗീയാരാധനയുടെ മുന്നനുഭവത്തിലാണ് പങ്കുചേരുന്നതെന്ന് സഭ പഠിപ്പിക്കുന്നു (ആരാധനക്രമം 8). നിത്യജീവൻ പ്രാപിച്ച് സ്വർഗസൗഭാഗ്യത്തിൽ എത്തിച്ചേരാൻ വിശുദ്ധ കുർബാന നമ്മെ സജ്ജരാക്കുന്നു. സ്വർഗീയസൗഭാഗ്യത്തിൽ എത്തിച്ചേരുകയാണ് വിശുദ്ധ കുർബാനർപ്പണത്തിന്റെ ആത്യന്തികലക്ഷ്യമെന്ന് വിശുദ്ധകുർബാനയിലെ പ്രാർത്ഥനകൾ വ്യക്തമാക്കുന്നുണ്ട്. റൂഹാക്ഷണപ്രാർത്ഥന ഈ ലക്ഷ്യം സ്പഷ്ടമായി പ്രതിപാദിക്കുന്നു. “ഇതു ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയിർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടുമൊന്നിച്ച് സ്വർഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ". ഇതേ പ്രാർത്ഥന വിഭജനശുശ്രൂഷയിലും വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞുള്ള കാർമ്മികന്റെ കൃതജ്ഞതാപ്രകാശനപ്രാർത്ഥനയിലും ആവർത്തിക്കുന്നുണ്ട്.
വിശുദ്ധ കുർബാനയിലെ അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും മാത്രമല്ല, ദേവാലയഘടനതന്നെയും സ്വർഗീയാനുഭവത്തിന്റെ മൂന്നാസ്വാദനത്തിലേക്ക് സൂചനകൾ തരുന്നവയാണ്. ദേവാലയം സ്വർഗത്തിന്റെയും ഭൂമിയുടെയും സംഗമസ്ഥാനമാണെന്ന് ദേവാലയഘടനയുടെ പ്രതീകാത്മകത വ്യക്തമാക്കുന്നു. സ്വർഗത്തിന്റെയും ഭൂമിയുടെയും സംഗമമാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്. വിശുദ്ധകുർബാനയിൽ നമ്മൾ സ്വർഗവാസികളോടുമൊത്തുചേരുന്നു. പരിശുദ്ധകന്യകാമറിയത്തോടും മാലാഖമാരോടും ശ്ലീഹന്മാരോടും സകല വിശുദ്ധരോടും ചേർന്നാണ് നമ്മൾ വിശുദ്ധകുർബാന അർപ്പിക്കുന്നത്. നമ്മുടെ കുർബാന സ്വർഗീയാരാധനയുമായി ഒന്നായിത്തീരുന്നു. വിശുദ്ധ കുർബാനയുടെ സ്വർഗീയാനുഭവമാനത്തെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭ വിശുദ്ധ കുർബാനയിൽ നിന്ന് (Ecclesia de Eucharistia, 2003) എന്ന ചാക്രികലേഖനത്തിൽ സ്പഷ്ടമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധ കുർബാന ഭൂമിയിൽ പ്രത്യക്ഷമാകുന്ന സ്വർഗീയാരാധനയുടെ മൂന്നാസ്വാദനമാണ്. സ്വർഗീയ ജറുസലേമിലേക്കുള്ള നമ്മുടെ യാത്രയെ പ്രകാശപൂരിതമാക്കുന്ന മഹത്ത്വപൂർണ്ണമായ സ്വർഗ്ഗീയകിരണമാണിത്. (സഭ വിശുദ്ധ കുർബാനയിൽ നിന്ന് 19).
ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകർമ്മമാണ് മൂന്നാം ഗ്ഹാന്തയുടെ വിഷയം. മനുഷ്യാവതാരത്തിലൂടെ മാനവരാശിയെ സമുദ്ധരിക്കുകയും പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടിത്തരുകയും ചെയ്ത രക്ഷാകർമ്മത്തെ അനുസ്മരിച്ച്, ആ അനുഗ്രഹത്തിന് നന്ദി പറയുന്നു. ഈ ഗ്ഹാന്തപ്രാർത്ഥനയിലാണ് കുർബാനസ്ഥാപനവിവരണം ചേർത്തിരിക്കുന്നത്.
നാലാം ഗ്ഹാന്തയ്ക്കു മുമ്പുള്ള കൂശാപ്പപ്രാർത്ഥന പുരോഹിതന്റെ സ്വകാര്യ പ്രാർത്ഥന എന്നതിനെക്കാൾ, സഭയ്ക്കു മുഴുവനും ലോകം മുഴുവനും വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാണ്. ഈ കൂശാപ്പപ്രാർത്ഥനയിലാണ് മാർപാപ്പയെയും മേജർ ആർച്ച് ബിഷപിനെയും രൂപതാധ്യക്ഷനെയും സഭാസമൂഹത്തിലെ വിവിധവിഭാഗങ്ങളെയും അനുസ്മരിക്കുന്നത്. ഇതിന്റെ സമാപനഭാഗത്ത് മറ്റു കൂശാപ്പുകളിലെ പോലെ, പുരോഹിതൻ തന്റെയും സമൂഹത്തിന്റെയും അയോഗ്യത ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നു. സഭയുടെ വിവിധ തലങ്ങളിലുള്ള കൂട്ടായ്മയെ പ്രകാശിപ്പിക്കുന്നതാണ് ഈ പ്രാർത്ഥന.
തിരുശരീരരക്തങ്ങളുടെ ഓർമ്മയാചരിച്ച പിതാക്കന്മാരെ അനുസ്മരിക്കാനുള്ള പ്രാർത്ഥനയാണ് നാലാം ഗ്ഹാന്തയുടെ ആദ്യഭാഗത്ത്. പെസഹാരഹസ്യത്തിന്റെ സ്മരണ ആചരിച്ച് തിരുശരീരരക്തങ്ങളുടെ ബലി അർപ്പിക്കുന്നുവെന്ന് ഈ ഗ്ഹാന്തയിൽ ഏറ്റുപറയുന്നു. ഈശോയിൽ പൂർത്തിയായ രക്ഷാരഹസ്യം ലോകം മുഴുവൻ അറിയട്ടെ എന്ന പ്രേഷിതാശംസ ഈ ഗ്ഹാന്തയുടെ സവിശേഷതയാണ്. ഈശോമിശിഹായുടെ മരണോത്ഥാനങ്ങളിലൂടെ സാധിതമായ രക്ഷാരഹസ്യം ഈ ഗ്ഹാന്തയുടെ അവസാന ഭാഗത്തു സവിശേഷമാംവിധം അനുസ്മരിക്കുന്നു.
ദിവ്യരഹസ്യങ്ങളെയും ആരാധനാസമൂഹത്തെയും പവിത്രികരിക്കുന്നതിനായി പരിശുദ്ധാത്മാവിനെ വിളിച്ചു കൊണ്ടുള്ള പ്രാർത്ഥനയാണ് റൂഹാക്ഷണപ്രാർത്ഥന (epiclesis). അനുസ്മരണത്തിന്റെയും കൃതജ്ഞതയുടെയും സ്വഭാവികപരിണാമമായി വരുന്ന അപേക്ഷയുടെ ഭാഗമായാണ് റൂഹാക്ഷണപ്രാർത്ഥന കൊടുത്തിരിക്കുന്നത്. കുർബാനയിൽ ആവസിച്ച് അതിനെ ആശീർവദിച്ച് പവിത്രീകരിക്കാനും, തത്ഫലമായി സമൂഹത്തെ വിശുദ്ധീകരിക്കാനുമായി പരിശുദ്ധാത്മാവ് എഴുന്നെള്ളിവരട്ടെ എന്ന് പുരോഹിതൻ പ്രാർഥിക്കുന്നു. പരിശുദ്ധാത്മാവാണ് ദിവ്യരഹസ്യങ്ങളെ പവിത്രീകരിക്കുന്നത്. അപ്പത്തെയും വീഞ്ഞിനെയും തിരുശ്ശരീരരക്തങ്ങളാക്കി മാറ്റുക എന്നതാണ് ഇവിടെ പവിത്രീകരിക്കുക എന്നതു കൊണ്ട് അർഥമാക്കുന്നത്.അപ്പത്തെയും വീഞ്ഞിനെയും തിരുശ്ശരീരരക്തങ്ങളാക്കി മാറ്റുന്ന പവിത്രീകരണം പൂർത്തിയാക്കപ്പെടുന്നത് റൂഹാക്ഷണപ്രാർഥനയിലാണ്. പവിത്രീകരിക്കപ്പെട്ട ദിവ്യരഹസ്യങ്ങളിലൂടെ ആരാധനാസമൂഹം വിശുദ്ധീകരിക്കപ്പെടണമെന്ന് റൂഹാക്ഷണപ്രാർത്ഥനയുടെ രണ്ടാം ഭാഗത്ത് പ്രാർത്ഥിക്കുന്നു. കടങ്ങളുടെ പൊറുതിയും പാപങ്ങളുടെ മോചനവും മരിച്ചവരുടെ ഉയിർപ്പും സ്വർഗരാജ്യത്തിലെ നവമായ ജീവിതവുമാണ് ആരാധനാസമൂഹത്തിന്റെ വിശുദ്ധീകരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മാർ അദ്ദായിയുടെയും മാർ മാറിയുടെയും റൂഹാക്ഷണപ്രാർത്ഥനയിൽ ജനത്തിന്റെ പവിത്രീകരണത്തിന് വലിയ ഊന്നൽ നല്കുന്നുണ്ട്. ആരാധനാസമൂഹത്തിനുണ്ടാകുന്ന കൂട്ടായ്മ പവിത്രീകരണത്തിന്റെ അനിവാര്യഫലമാണ്.
ദൈവാത്മാവിന്റെ പ്രവർത്തനം ഏറ്റവും സജീവമായി സാക്ഷാത്കരിക്കപ്പെടുന്നത് വിശുദ്ധ കുർബാനയിലാണ്. പരിശുദ്ധാത്മാവ് ആരാധനാസമൂഹത്തെ മിശിഹായുടെ ശരീരത്തോട് ഐക്യപ്പെടുത്തി ഒറ്റ ശരീരമാക്കിത്തീർക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിക്കുന്നു(സ്നേഹത്തിന്റെ കൂദാശ 13).
വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കം
വിശുദ്ധ കുർബാന സ്വീകരണത്തിലൂടെയുള്ള ദൈവൈക്യശുശ്രൂഷയ്ക്കുവേണ്ടി ആരാധനാസമൂഹം മുഴുവൻ ഒരുങ്ങുന്നു. അനുതാപത്തോടെ ദൈവത്തോടും സഹോദരങ്ങളോടും അനുരജനപ്പെടുന്ന പാപമോചനശുശ്രൂഷ (ഹൂസായ ശുശ്രൂഷ) ഈ ഒരുക്കത്തിലെ പ്രധാന ഘടകമാണ്. സ്വർഗവാസികളുടെ സമാധാനവും എന്ന പ്രാർത്ഥന, 51-ാം സങ്കീർത്തനം അഥവാ 123-ാം സങ്കീർത്തനം, ധൂപശുശ്രൂഷ, അനുരഞ്ജനകാറോസൂസ, അതിന്റെ സമാപനത്തിലുള്ള പാപമോചനപ്രാർത്ഥന എന്നിവ ചേർന്നതാണ് കുർബാനയിലെ പാപമോചനശുശ്രൂഷ. ഇവയിൽ അനുരഞ്ജനകാറോസൂസ സഹോദരനുമായുള്ള അനുരഞ്ജനത്തിന്റെ തിരശ്ചീനമാനവും (Horizontal dimension) മറ്റുള്ളവ ദൈവവുമായുള്ള അനുരജനത്തിന്റെ ലംബമാനവും (Vertical dimension) സൂചിപ്പിക്കുന്നു. അനുരഞ്ജന ശുശ്രൂഷയെന്നും ഇത് അറിയപ്പെടുന്നു. പാപമോചനശുശ്രൂഷയിലെ ധൂപപ്രാർത്ഥന പാപമോചനത്തിന്റെ വ്യത്യസ്ത മാനങ്ങൾ വെളിപ്പെടുത്തുന്നു. ധൂപപ്രാർത്ഥനയിൽ ഉടനീളം വരുന്ന സുഗന്ധപൂരിതമാക്കുക എന്ന പ്രയോഗത്തിന് പാപങ്ങളെ നീക്കം ചെയ്യുക എന്നും പരിശുദ്ധാത്മാവിന്റെ കൃപാവരമാകുന്ന പരിമളത്താൽ നിറയ്ക്കുകയെന്നും അർത്ഥമുണ്ട്. ഒരുവശത്ത് പാപങ്ങളുടെ ഉന്മൂലനവും മറുവശത്ത് ദൈവികകൃപയുടെ നിറയലുമാണ് പാപമോചനശുശ്രൂഷയിൽ നടക്കുന്നത്.
വിശുദ്ധ കുർബാന സ്വീകരണത്തിനുള്ള ഒരുക്കത്തിലെ സുപ്രധാനമായ മറ്റൊരു ഘടകമാണ് വിഭജനശുശ്രൂഷ. തിരുശരീരം വിഭജിച്ച് സമൂഹത്തിന് നല്കാൻ സജ്ജമാക്കുന്നു. തിരുശരീരം വിഭജിക്കുന്നതും തിരുശരീരരക്തങ്ങളെ പരസ്പരം അടയാളപ്പെടുത്തുന്നതും കൂട്ടിയോജിപ്പിക്കുന്നതും കർത്താവിന്റെ പീഡാനുവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും പ്രതീകമാണ്. ഇതിലൂടെ തിരുശരീരരക്തങ്ങളുടെ അവിഭാജ്യതയും ഐക്യവും വ്യക്തമാക്കുന്നു.
ദൈവൈക്യശുശ്രുക്ഷ
ദൈവത്തോടും സഹോദരങ്ങളോടുമുള്ള ഗാഢമായ ഐക്യം സ്ഥാപിക്കുക എന്നതാണ് കൂർബാനയിലൂടെ ലക്ഷ്യമാക്കുന്നത്. ദൈവൈക്യശുശ്രൂഷയിലെ ഏറ്റവും അടുത്ത ഒരുക്കമാണ് കർത്തൃപ്രാർത്ഥന. ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെട്ട് ഗാഢമായ ഐക്യപ്പെടലിന് ഒരുങ്ങിനില്ക്കുന്ന ദൈവമക്കളാണ് ഒരുമിച്ച് സ്വർഗസ്ഥനായ പിതാവിനെ വിളിച്ച് പ്രാർത്ഥിക്കുന്നത്. ദിവ്യരഹസ്യങ്ങളിൽ പങ്കുചേർന്ന് ഈശോമിശിഹായോടും അവിടുന്നിലൂടെ പരിശുദ്ധത്രിത്വത്തോടും വിശ്വാസികൾ ഐക്യപ്പെടുന്നു. അതുപോലെതന്നെ, സഹോദരരോടും ഐക്യപ്പെടുന്നു.
സമാധാനാശംസയെത്തുടർന്ന്, കാർമ്മികൻ 'വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനുള്ളതാകുന്നു' എന്നു പറഞ്ഞ് വിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയെക്കുറിച്ച് ജനത്തെ അനുസ്മരിപ്പിക്കുന്നു. പ്രത്യുത്തരമായി പരിശുദ്ധ ത്രിത്വത്തിന്റെ പരമപരിശുദ്ധിയെ പ്രഘോഷിക്കുന്നതിനൊപ്പം വിശ്വാസികൾ തങ്ങളുടെ അയോഗ്യതയും ഏറ്റുപറയുന്നു. നിശ്ചിത തിരുനാളുകളിൽ വിശുദ്ധ കുർബാനയുടെ മാഹാത്മ്യം ഉദ്ഘോഷിച്ചു കൊണ്ട് ആരാധനാസമൂഹം ദ്ഹീലത്ത് എന്ന പ്രത്യേക ഗീതം ആലപിക്കുന്നു.
തിരുശ്ശരീരത്തിന്റെയും തിരുരക്തത്തിന്റെയും സാദൃശ്യങ്ങളിലാണ് സീറോമലബാർ കുർബാനയിൽ വിശ്വാസികൾ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. മുറിക്കപ്പെടുന്ന ശരീരവും ചിന്തപ്പെടുന്ന രക്തവുമാണ് വിശ്വാസികൾക്ക് നല്കുന്നത്. ഈ ദിവ്യരഹസ്യത്തിൽപങ്കുചേരുന്ന വ്യക്തി കർത്താവിന്റെ മരണത്തിലും ഉത്ഥാനത്തിലുമാണ് പങ്കുചേരുന്നത്.
കാർമ്മികനാണ് ആദ്യം വിശുദ്ധ കുർബാന സ്വീകരിക്കുന്നത്. കാർമ്മികന്റെ കൂർബാന സ്വീകരണസമയത്ത് സമൂഹം പ്രത്യുത്തരഗീതവും (ഊനായാ ദ്വേമ്മ), അതിന്റെ അനുഗീതവും (ബാത്തെ ദ്ഊനായ) അടങ്ങുന്ന ദിവ്യകാരുണ്യഗീതം (ഓനീസാ ദ്വേമ്മ പാടുന്നു). വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കുന്ന പതിവാണ് പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുള്ളത്. കുർബാന സ്വീകരിക്കുവാൻ കരങ്ങൾ നീട്ടിയിരുന്നുവെന്ന് കുർബാനയുടെ വ്യാഖ്യാനങ്ങളിൽ കാണുന്നു. കുരിശാകൃതിയിൽ നീട്ടപ്പെട്ട കരങ്ങളിൽ വിശുദ്ധ കുർബാന സ്വീകരിച്ച് ഉൾക്കൊള്ളുമ്പോൾ നമ്മൾ കർത്താവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സീറോമലബാർ സഭയിൽ വിശുദ്ധകുർബാന നാവിൽ സ്വീകരിക്കുന്ന പാരമ്പര്യവുമുണ്ട്.
കാർമ്മികനും ശുശ്രൂഷികളും ദിവ്യകാരുണ്യം വഹിച്ച് പ്രദക്ഷിണമായി മദ്ബഹയുടെ വാതില്ക്കലേക്കു പോകുന്നു. വിശ്വാസികൾ പ്രദക്ഷിണമായി കാർമ്മികനെ സമീപിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നു. സ്വർഗീയരുടേയും ഭൗമികരുടേതുമായ രണ്ട് പ്രദക്ഷിണങ്ങളുടെ സമ്മേളനമായിട്ടാണ് നർസായി ദിവ്യകാരുണ്യസ്വീകരണസമയത്തെ കാർമ്മികന്റെയും ശുശ്രൂഷികളുടെയും ജനങ്ങളുടെയും പ്രദക്ഷിണങ്ങളെ കാണുന്നത്.
സമാപനശുശ്രൂഷ
സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രകാശനമാണ് സമാപനശുശ്രൂഷയുടെ മുഖ്യപ്രമേയം. വിശുദ്ധ കുർബാന സ്വീകരിച്ച സമൂഹം കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കുകയും കുർബാനയുടെ ഫലങ്ങൾ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും കൈവരട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്ന ഹൃദയാവർജ്ജകമായ അപേക്ഷയാണ് സ്തോത്രപ്രാർത്ഥന (തെശ്ബൊഹ്ത്ത). ഈ പ്രാർത്ഥനയെത്തുടർന്ന് ദൈവത്തിന് സ്തുതിയും കൃതജ്ഞതയുമർപ്പിക്കാനായി മ്ശംശാന എല്ലാവരെയും ക്ഷണിക്കുന്നു. അതിനുശേഷം വരുന്നത് കാർമ്മികന്റെ രണ്ടു കൃതജ്ഞതാപ്രാർത്ഥനകളാണ്. ആദ്യത്തേതിൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യുന്നതിലൂടെ കൈവന്ന മഹാഭാഗ്യത്തിന് കാർമ്മികൻ ത്രിതൈകദൈവത്തിന് സ്തുതിയും ആരാധനയും കൃതജ്ഞതയും അർപ്പിക്കുന്നു. രണ്ടാമത്തെ കൃതജ്ഞതാ പ്രാർത്ഥനയിൽ വിശുദ്ധ കുർബാനയുടെ ഫലങ്ങളായ പാപമോചനവും സ്വർഗത്തിൽ നവമായ ജീവിതവും നേടിത്തരുന്ന ദൈവപുത്രനായ മിശിഹായ്ക്ക് കൃതജ്ഞത അർപ്പിക്കുന്നു.
വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ആരാധനാസമൂഹം കർത്തൃപ്രാർത്ഥന ചൊല്ലുന്നു. സഭയുടെ ശുശ്രൂഷകൾ കർത്തൃപ്രാർത്ഥനകൊണ്ട് അവസാനിപ്പിക്കുന്ന പാരമ്പര്യം സഭയിലുണ്ട്. സമാപനാശീർവാദപ്രാർത്ഥന 'ഹൂത്താമ്മ' എന്നാണറിയപ്പെടുന്നത്. മുദ്രവയ്ക്കൽ എന്നാണ് ഇതിനർത്ഥം. കർമ്മക്രമമനുസരിച്ച് മദ്ബഹായുടെ കവാടത്തിങ്കൽ വലത്തുവശത്തേക്ക് അല്പം മാറിനിന്നുകൊണ്ടാണ് കാർമ്മികൻ ജനത്തെ ആശീർവദിക്കുന്നത്. സ്വർഗത്തിൽ പിതാവിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായ പുത്രന്റെ സ്ഥാനത്തുനിന്ന് പുരോഹിതൻ നല്കുന്ന ആശീർവാദമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. വിശുദ്ധ കുർബാനയുടെ രക്ഷാകരഫലങ്ങളിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടാണ് വൈദികൻ ജനത്തെ ആശീർവദിക്കുന്നത്. വിശുദ്ധ കുർബാന ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്ന സ്വർഗീയസൗഭാഗ്യത്തിന് ഊന്നൽ നല്കി കാർമ്മികൻ സമൂഹത്തെ ആശീർവദിക്കുന്നു. ഹൂത്താമ്മയ്ക്കുശേഷം കാർമ്മികൻ ബലിപീഠം ചുംബിച്ച് ബലിപീഠത്തോട് വിടപറയുന്നു. പവിത്രീകരിക്കുന്ന ബലിപീഠത്തെ സമീപിക്കാനും അതിന്മേൽ ദിവ്യരഹസ്യങ്ങൾ പരികർമ്മം ചെയ്യാനും ഭാഗ്യം സിദ്ധിച്ച കാർമ്മികൻ നന്ദിനിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് സ്തുതിയർപ്പിക്കുന്നതാണ് പ്രതീകാത്മകമായി ബലിപീഠത്തോടുള്ള വിടപറച്ചിലിൽ അടങ്ങിയിരിക്കുന്നത്.
അടിക്കുറിപ്പുകൾ
വിശുദ്ധ കുർബാന വിശുദ്ധ കുർബാന ആദ്യകാലചരിത്രം വിശുദ്ധകുർബാനയും ഞായറാഴ്ചയും വിശുദ്ധ കുർബാന വിശ്വസിക്കേണ്ട രഹസ്യം ആഘോഷിക്കേണ്ട രഹസ്യം ജീവിക്കേണ്ട രഹസ്യം. കുർബാനയുടെ വിവിധ ക്രമങ്ങൾ വിശുദ്ധകുർബാനയുടെ വിവിധഭാഗങ്ങൾ Sacramentum Caritatis Pope Benedict XVI Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206